◾https://dailynewslive.in/ സംസ്ഥാനത്ത് ശക്തമായ കാറ്റിലും മഴയിലും കനത്ത നാശനഷ്ടം. വിവിധ അപകടങ്ങളില്‍ 4 പേര്‍ മരിച്ചു. കണ്ണൂര്‍ കൂത്തുപറമ്പില്‍ വീടിന് മുകളില്‍ മരം വീണ് വയോധികന്‍ മരിച്ചു. ചുട്ടാട് അഴിമുഖത്ത് ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളിക്ക് ജീവന്‍ നഷ്ടമായി. ഇടുക്കിയില്‍ മരം വീണ് തോട്ടം തൊഴിലാളിയായ മധ്യവയസ്‌കയും മരിച്ചു. മൂന്നാറിലുണ്ടായ മണ്ണിടിച്ചിലില്‍ നിര്‍ത്തിയിട്ട ലോറിക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണാണ് ഒരാള്‍ മരിച്ചത്. നിരവധി പ്രദേശങ്ങളില്‍ വീടിന് മുകളിലേക്ക് മരമൊടിഞ്ഞ് വീണ് നാശനഷ്ടമുണ്ടായി. എറണാകുളം ജില്ലയില്‍ ശക്തമായ മഴ തുടരുമെന്ന സാഹചര്യം നിലവിലുള്ളതിനാല്‍ മലയോര പ്രദേശങ്ങളിലൂടെയുള്ള രാത്രികാല യാത്ര നിരോധിച്ചതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ആലുവ പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു തുടങ്ങി. ഇന്നലെ രാവിലെ മുതല്‍ നഗരത്തില്‍ പെയ്യുന്ന കനത്ത മഴയ്ക്ക് പുറമേ അണക്കെട്ടുകളുടെ ഷട്ടറുകള്‍ കൂടി തുറന്നതോടെ ആലുവ പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. വയനാട് 9 പഞ്ചായത്തുകളില്‍ റിസോര്‍ട്ടുകള്‍ ഹോംസ്റ്റേകള്‍ എന്നിവയുടെ പ്രവര്‍ത്തനം നിരോധിച്ചു. മാനന്തവാടി, വൈത്തിരി താലൂക്കുകളിലെ പഞ്ചായത്തുകളിലാണ് നിരോധനം. മുണ്ടക്കൈ-ചൂരല്‍മല ദുരന്ത പ്രദേശത്ത് നോ ഗോ സോണ്‍ മേഖലയിലേക്കുള്ള പ്രവേശനം നിര്‍ത്തിവെച്ചു. പാലക്കാട് നെല്ലിയാമ്പതിയില്‍ ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിനോദസഞ്ചാരികള്‍ക്ക് പ്രവേശനമുണ്ടാകില്ല. ഇടുക്കി മൂന്നാര്‍ ഗ്യാപ് റോഡ് വഴിയുള്ള രാത്രി യാത്ര പൂര്‍ണമായി നിരോധിച്ചു. ആലപ്പുഴ ആറാട്ടുപുഴ പെരുമ്പള്ളിയില്‍ കടലാക്രമണം. ഒരു വീട് തകര്‍ന്നു. 30 ഓളം വീടുകള്‍ കടലാക്രമണ ഭീഷണിയിലാണ്. പാലക്കാട് നെന്മാറ പോത്തുണ്ടിയില്‍ പുഴ കരകവിഞ്ഞൊഴുകി. പേഴുംപാറ-ചാത്തമംഗലം റോഡില്‍ വെള്ളം കയറി. റോഡിലൂടെയുള്ള ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തി.
◾https://dailynewslive.in/ തിരുവനന്തപുരം ഡിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് പാലോട് രവി രാജിവെച്ചു. വിവാദ ഫോണ്‍ സംഭാഷണത്തിലാണ് രാജി. പകരം ചുമതല ആര്‍ക്കും നല്‍കിയില്ല. പാലോട് രവി സമര്‍പ്പിച്ച രാജി സ്വീകരിച്ചതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് പ്രഥമദൃഷ്ടിയാല്‍ ബോധ്യപ്പെട്ടതിനാല്‍ വിവാദ ഫോണ്‍ സംഭാഷണം പുറത്തുവിട്ട വാമനപുരം ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ.ജലീലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി സണ്ണി ജോസഫ് അറിയിച്ചു.
◾https://dailynewslive.in/ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷ വിമര്‍ശനവും അധിക്ഷേപവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വി.ഡി. സതീശന്‍ ഈഴവ വിരോധിയാണെന്ന് പറഞ്ഞ വെള്ളാപ്പള്ളി നടേശന്‍ സതീശന്‍ ഒരു ചുക്കും ചുണ്ണാമ്പും അറിയാത്ത നേതാവാണെന്നും പരിഹസിച്ചു. മുസ്ലിം വിഭാഗത്തിന് കൂടുതല്‍ പരിഗണന ലഭിക്കുന്നുവെന്ന ആരോപണം വെള്ളാപ്പള്ളി വീണ്ടും ആവര്‍ത്തിക്കുകയും ചെയ്തു.
◾https://dailynewslive.in/ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മറുപടി പറയാനില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ശ്രീനാരായണ ഗുരു പറയാന്‍ പാടില്ലെന്ന് പറഞ്ഞത് എന്താണോ, അതാണ് വെള്ളാപ്പള്ളി പറയുന്നതെന്നും വി.ഡി. സതീശന്‍ പറഞ്ഞു. ആര് കേരളത്തില്‍ വര്‍ഗീയത പറഞ്ഞാലും അതിനെ എതിര്‍ക്കുമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ്*
(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)
സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ് സീരീസ്-2*
(2025 ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ)
ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 10 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 2000 രൂപയുടെ 26,000 ഫ്യുവല്‍ കാര്‍ഡുകള്‍
*TOLL FREE HELPLINE : 1800-425-3455*
◾https://dailynewslive.in/ ഗോവിന്ദച്ചാമി ജയില്‍ചാടാന്‍, സെന്‍ട്രല്‍ ജയിലിലെ ജീവനക്കാരുടെ കുറവ് പ്രധാനകാരണമായെന്ന് ജയില്‍ ഉദ്യാഗസ്ഥരുടെ മൊഴി. പല ഡ്യൂട്ടികള്‍ ചെയ്യേണ്ടി വരുന്നതിനാല്‍ ശ്രദ്ധക്കുറവുണ്ടായെന്ന് അന്വേഷണസംഘത്തോട് ഉദ്യോഗസ്ഥര്‍ വിവരിച്ചു. കഞ്ചാവുള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ യഥേഷ്ടം കിട്ടുന്നുണ്ടെന്ന ഗോവിന്ദച്ചാമിയുടെ മൊഴിയിലും കണ്ണൂര്‍ ടൗണ്‍ പൊലീസ് അന്വേഷണം തുടങ്ങി.
◾https://dailynewslive.in/ കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ യൂണിയന്‍ നിലനിര്‍ത്തി യുഡിഎസ്എഫ്. എല്ലാ ജനറല്‍ സീറ്റും യുഡിഎസ്എഫിന് ലഭിച്ചു. ഷിഫാന പികെയാണ് ചെയര്‍പേഴ്സണ്‍. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എംഎസ്എഫിന് ചെയര്‍പേഴ്സണ്‍ സ്ഥാനം ലഭിക്കുന്നത്. 5 ജനറല്‍ സീറ്റില്‍ 4 സീറ്റ് എംഎസ്എഫിനും ഒരു സീറ്റ് കെഎസ്യുവിനും ലഭിച്ചു.
◾https://dailynewslive.in/ മനുഷ്യ വിസര്‍ജ്യം അടങ്ങിയ മാലിന്യം ടാങ്കര്‍ ലോറി ഉപയോഗിച്ച് പൊതുസ്ഥലത്ത് തള്ളിയ കേസില്‍ രണ്ട് പേരെ മാരാരിക്കുളം പൊലീസ് അറസ്റ്റ് ചെയ്തു. ചേര്‍ത്തല ദേശീയപാതയില്‍ ഓട്ടോകാസ്റ്റിന് സമീപം കഴിഞ്ഞദിവസം വെളുപ്പിന് 5.45 ഓടെ ടാങ്കര്‍ ലോറിയില്‍ ശേഖരിച്ച മാലിന്യം തള്ളിയ കേസിലാണ് നടപടി.
◾https://dailynewslive.in/ കാനഡയില്‍ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് മരിച്ച തൃപ്പൂണിത്തുറ സ്വദേശി ശ്രീഹരി സുകേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്നലെ രാവിലെ 8.30ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി.
*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .
കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.
ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!
Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.
Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:
amrutveni.com
Amazon | Meesho | Smytten
കൂടുതൽ വിവരങ്ങൾക്ക് :
✆ https://wa.me/+917559003888
◾https://dailynewslive.in/ കനത്ത മഴയെ തുടര്‍ന്ന് കൊച്ചിയില്‍ ഇറങ്ങാന്‍ കഴിയാതെ 3 വിമാനങ്ങള്‍ സമീപ വിമാനത്താവളങ്ങളിലേയ്ക്ക് തിരിച്ചു വിട്ടു. രാവിലെ 11.15 ന് മുംബൈയില്‍ നിന്നെത്തിയ ആകാശ എയര്‍ വിമാനം, 11.45 ന് അഗത്തിയില്‍ നിന്നെത്തിയ അലയന്‍സ് എയര്‍ വിമാനം, 12.50 ന് മുംബൈയില്‍ നിന്നെത്തിയ ഇന്‍ഡിഗോ വിമാനം എന്നിവയാണ് തിരിച്ചു വിട്ടത്.
◾https://dailynewslive.in/ സ്‌കൂളുകളില്‍ സുരക്ഷാ പരിശോധന നിര്‍ബന്ധമാക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ദേശീയ സുരക്ഷാ നിര്‍ദ്ദേശങ്ങളും ദുരന്തനിവാരണ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അനുസരിച്ചുള്ള സുരക്ഷാപരിശോധനങ്ങള്‍ കര്‍ശനമാക്കണമെന്നാണ് നിര്‍ദ്ദേശം. രാജസ്ഥാനിലെ ജലാവറില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് ഏഴു കുട്ടികള്‍ മരിക്കാനിടയായ സംഭവത്തിന് പിന്നാലെയാണ് കേന്ദ്ര നിര്‍ദ്ദേശം.
◾https://dailynewslive.in/ കേരള ടൂറിസത്തിന്റെ അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങ് മത്സരമായ മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ ഇന്ന് സമാപിക്കും. കോടഞ്ചേരി പഞ്ചായത്തിലെ പുലിക്കയത്ത് ആരംഭിച്ച മൂന്ന് ദിവസത്തെ ഫെസ്റ്റിവലിന് പുല്ലൂരാംപാറയിലാണ് സമാപനം കുറിക്കുക.
◾https://dailynewslive.in/ തീവണ്ടിയിറങ്ങി റെയില്‍പ്പാളം മുറിച്ചുകടക്കുന്നതിനിടെ മറ്റൊരു തീവണ്ടിയിടിച്ച് ബി-ടെക് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. വള്ളിക്കുന്ന് നോര്‍ത്ത് ഒഴുകില്‍ തട്ടയൂര്‍ ഇല്ലത്ത് ‘ശ്രേയസ്സ്’ വീട്ടില്‍ രാജേഷിന്റെ മകള്‍ സൂര്യാ രാജേഷ് (21) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം.
◾https://dailynewslive.in/ കോഴിക്കോട് മാറാട് ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയ ഷിംനയുടെ ബന്ധുക്കള്‍ ഭര്‍ത്താവിനെചിരെ ആരോപണവുമായി രംഗത്ത്. ഷിംനയെ ഭര്‍ത്താവ് മദ്യപിച്ച് നിരന്തരം മര്‍ദിച്ചിരുന്നുവെന്ന് ഷിംനയുടെ അമ്മാവന്‍ രാജു പറഞ്ഞു. പലതവണ ബന്ധം ഉപേക്ഷിക്കാന്‍ ഷിംനയോട് ആവശ്യപ്പെട്ടിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.
◾https://dailynewslive.in/ കണ്ണൂര്‍ പാലക്കോട് ചൂട്ടാട് അഴിമുഖത്ത് ഫൈബര്‍ ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. കന്യാകുമാരി സ്വദേശി ആന്റണിയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിലേക്ക് മാറ്റി. രാവിലെ ഒമ്പത് പേരുമായി മീന്‍ പിടിക്കാന്‍ പോയ ഫൈബര്‍ ബോട്ട് വൈകീട്ട് മൂന്നുമണിയോടെയാണ് അപകടത്തില്‍പ്പെട്ടത്. തിരികെ എത്തുമ്പോള്‍ അഴിമുഖത്തെ മണല്‍ത്തിട്ടയില്‍ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.
◾https://dailynewslive.in/ ആശാ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് പ്രതിമാസം 3,500 രൂപയാക്കി ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍ വാക്ക് പാലിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഇനിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ആശാ വര്‍ക്കര്‍മാരുടെ വേതനം വര്‍ധിപ്പിക്കാന്‍ തയ്യാറാവണം എന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ വയനാട് യൂത്ത് കോണ്‍ഗ്രസിലെ രണ്ട് മണ്ഡലം പ്രസിഡന്റുമാരെയും 14 നിയോജകമണ്ഡലം ഭാരവാഹികളെയും സസ്പെന്‍ഡ് ചെയ്തതായി സംസ്ഥാന നേതൃത്വം അറിയിച്ചു. ‘സത്യസേവ സംഘര്‍ഷം’ പരിപാടിയില്‍ പങ്കെടുക്കാത്തവരും സംഘടനയില്‍ സജീവമല്ലാത്തവരുമാണ് സസ്പെന്‍ഷന്‍ നേരിട്ടതെന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണം.
◾https://dailynewslive.in/ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഢിലെ ദുര്‍ഗില്‍ അറസ്റ്റിലായ രണ്ട് മലയാളി കന്യാസ്ത്രീകളെ റിമാന്‍ഡ് ചെയ്തു. അസീസി സിസ്റ്റേഴ്‌സ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നിവരെയാണ് കഴിഞ്ഞ ദിവസം ദുര്‍ഗില്‍ വെച്ച് അറസ്റ്റ് ചെയ്തത്.
◾https://dailynewslive.in/ ജോലി ചെയ്ത മുഴുവന്‍ തുകയും ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് പെയിന്റിങ് തൊഴിലാളി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കക്കട്ട് കൈവേലി കുമ്പളച്ചോല സ്വദേശി തറോല്‍ വിജിത്ത്(45) ആണ് തീകൊളുത്തി ആത്മഹത്യ ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് 1.15ഓടെ പൂവത്തിങ്കല്‍ മുഹമ്മദ് എന്നയാളുടെ വീടിന് മുന്‍പില്‍ വച്ചാണ് ദാരുണ സംഭവമുണ്ടായത്. സംഭവത്തില്‍ കുറ്റ്യാടി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
◾https://dailynewslive.in/ കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന യുവതി ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയില്‍. സുല്‍ത്താന്‍ ബത്തേരി സ്വദേശി പ്രഷീന (43), കോഴിക്കോട് കുരുവട്ടൂര്‍ സ്വദേശി ഷാജില്‍ എന്നിവരാണ് പിടിയിലായത്. ഇരുവരും ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന കാരിയര്‍മാരാണെന്ന് പൊലീസ് പറഞ്ഞു. എംഡിഎംഎയുമായി പിടിയിലായ പ്രതിയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുന്ദമംഗലം പൊലീസാണ് ഇരുവരെയും പിടികൂടിയത്.
◾https://dailynewslive.in/ എറണാകുളത്ത് സ്വകാര്യ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. തേവര എസ്എച്ച് കോളേജിലെ ഒന്നാം വര്‍ഷ വിദ്യര്‍ത്ഥി കൊച്ചി ടിഡി റോഡില്‍ താമസിക്കുന്ന ഗോവിന്ദ് സുധീന്ദ്രനാഥ ഷേണായി (18) ആണ് മരിച്ചത്. ഏരുര്‍ റൂട്ടിലോടനുന്ന നന്ദനം എന്ന ബസാണ് വിദ്യാര്‍ത്ഥിയെ ഇടിച്ചത്.
◾https://dailynewslive.in/ മുംബൈ-പൂണെ എക്‌സ്പ്രവേയിലുണ്ടായ കൂട്ടിയിടിയില്‍ തകര്‍ന്നത് ഇരുപതോളം വാഹനങ്ങള്‍. കണ്ടെയ്‌നര്‍ ട്രെയിലര്‍ ട്രക്ക് നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. ട്രക്ക് മുന്നില്‍ പോയ വാഹനങ്ങളില്‍ ഇടിക്കുകയും തുടര്‍ന്ന് വാഹനങ്ങള്‍ പലതും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഒരാള്‍ മരിക്കുകയും 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
◾https://dailynewslive.in/ ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് കേന്ദ്ര മന്ത്രിയും ലോക് ജനശക്തി പാര്‍ട്ടി (റാം – വിലാസ്) നേതാവുമായ ചിരാഗ് പാസ്വാന്‍. കുറ്റകൃത്യങ്ങള്‍ തടയാന്‍ കഴിവില്ലാത്ത ഒരു സര്‍ക്കാരിനെ പിന്തുണയ്ക്കുന്നതില്‍ തനിക്ക് ദുഃഖമുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു.
◾https://dailynewslive.in/ റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ തുടര്‍ച്ചയായ മൂന്നാംദിവസവും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) പരിശോധനതുടരുന്നു. മൂന്നുദിവസമായി തുടരുന്ന റെയ്ഡില്‍ പലയിടങ്ങളില്‍നിന്നായി നിരവധി രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും കണ്ടെടുത്തതായാണ് റിപ്പോര്‍ട്ട്
◾https://dailynewslive.in/ ബിഹാറില്‍ ഹോംഗാര്‍ഡ് റിക്രൂട്ട്‌മെന്റിനെത്തി തളര്‍ന്നു വീണ യുവതിയെ ഓടിക്കൊണ്ടിരുന്ന ആംബുലന്‍സില്‍വെച്ച് കൂട്ടബലാത്സംഗംചെയ്‌തെന്ന് പരാതി. ബിഹാറിലെ ഗയ ജില്ലയില്‍ വ്യാഴാഴ്ചയായിരുന്നു ഞെട്ടിക്കുന്ന സംഭവം. ഹോംഗാര്‍ഡ് റിക്രൂട്ട്‌മെന്റിനെത്തിയ 26-കാരിയാണ് അതിക്രമത്തിനിരയായത്. സംഭവത്തില്‍ രണ്ടുപേരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ്‌ചെയ്തു.
◾https://dailynewslive.in/ തിരക്കേറിയ ദേശീയപാതയിലേക്ക് കുത്തനെ വീണ് ചെറുവിമാനം, പൊട്ടിത്തെറിച്ചു. പൈലറ്റും ഒപ്പമുണ്ടായിരുന്നയാള്‍ക്കും ദാരുണാന്ത്യം. ദേശീയപാതയിലുണ്ടായിരുന്ന വാഹനങ്ങള്‍ക്ക് അഗ്നിബാധയില്‍ തകരാറുണ്ടായി. ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. ഇറ്റലിയിലെ ബ്രെസിയയിലെ അസാനോ മെല്ല എന്നയിടത്തെ കോര്‍ഡ മോല്ലെ മോട്ടോര്‍വേയിലാണ് ചെറുവിമാനം മൂക്കും കുത്തി വീണ് കത്തിനശിച്ചത്.
◾https://dailynewslive.in/ പലസ്തീന്‍ വിഷയത്തില്‍ നിര്‍ണായക തീരുമാനവുമായി ഫ്രാന്‍സ്. സ്വതന്ത്ര പലസ്തീന്‍ രാജ്യത്തെ അംഗീകരിക്കുന്നതായി പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രഖ്യാപിച്ചു. തീരുമാനത്തെ സൗദി അറേബ്യ സ്വാഗതം ചെയ്യുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
◾https://dailynewslive.in/ ലൈസന്‍സില്ലാത്ത വെടിക്കോപ്പുകളും മദ്യവും കൈവശം വെച്ച എയര്‍ലൈന്‍ ജീവനക്കാരായ ഡോക്ടറും പൈലറ്റും കുവൈത്തില്‍ അറസ്റ്റില്‍. കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള നിരന്തരമായ സുരക്ഷാ ശ്രമങ്ങളുടെ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയം രണ്ട് പേരെ അറസ്റ്റ് ചെയ്തത്.
◾https://dailynewslive.in/ നിരവധി കേസുകളില്‍ പിടികിട്ടാപ്പുള്ളികളായ രണ്ട് കൊടും കുറ്റവാളികളെ ഫ്രാന്‍സ് അധികൃതര്‍ക്ക് കൈമാറി ദുബൈ പൊലീസ്. ജനറല്‍ ഡിപാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്റെ സഹകരണത്തോടെ നടത്തിയ അന്വേഷണത്തിലാണ് രണ്ടു പേരും ദുബൈ പൊലീസിന്റെ പിടിയാലാവുന്നത്. തട്ടിപ്പും മയക്കുമരുന്ന് കള്ളക്കടത്തും ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയായ ഈ രണ്ട് പേര്‍ക്കെതിരെയും ഇന്റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
◾https://dailynewslive.in/ ഹമാസ് യുഎന്‍ സഹായം മോഷ്ടിക്കുന്നു എന്ന ആരോപണത്തിന് തെളിവില്ലെന്ന് ഇസ്രായേല്‍ സൈനിക ഉദ്യോഗസ്ഥര്‍ സമ്മതിച്ചതായി റിപ്പോര്‍ട്ട്. ഹമാസ് ജനങ്ങളെ നിയന്ത്രിക്കാന്‍ സഹായം ആയുധമായി ഉപയോഗിക്കുന്നു എന്ന വാദം ഉന്നയിച്ച് ഇസ്രായേല്‍ ഗാസയിലേക്കുള്ള സഹായം ദീര്‍ഘകാലമായി തടസ്സപ്പെടുത്തുകയും നിരോധിക്കുകയും ചെയ്തിരുന്നു.
◾https://dailynewslive.in/ ഇസ്രായേല്‍ ഉപരോധം കടുപ്പിച്ചതോടെ ഗാസ കൊടും പട്ടിണിയുടെ പിടിയിലെന്ന് റിപ്പോര്‍ട്ടുകള്‍. പോഷകാഹാരക്കുറവ് മൂലം ഒരു ലക്ഷത്തോളം സ്ത്രീകളും കുട്ടികളും മരണത്തിന്റെ വക്കിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കഴിഞ്ഞ ദിവസം ഭക്ഷണമില്ലാതെ ഒമ്പത് പേര്‍ നഗരത്തില്‍ മരിച്ചുവീണു. ഒരു നേരത്തെ ഭക്ഷണത്തിനായി ക്യൂ നിന്ന് കരയുന്ന പലസ്തീനിയന്‍ കുഞ്ഞുങ്ങളുടെ കാഴ്ച ഹൃദയഭേദകമാണ്.
◾https://dailynewslive.in/ വാകോ ഇന്ത്യ ദേശീയ കിക്ക് ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി മലയാളി താരം ആര്‍ രാകേഷ്. റായ്പൂരില്‍ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ 86 കിലോ ഗ്രാം ലോ കിക്ക് വിഭാഗത്തിലാണ് തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിയായ രാകേഷ് ജേതാവായത്. ഫൈനലില്‍ ഉത്തര്‍പ്രദേശിന്റെ ഗുപ്ത ആരവിനെ 3-0ന് വീഴ്ത്തിയാണ് രാകേഷ് സ്വര്‍ണം നേടിയത്.
◾https://dailynewslive.in/ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ മുഖ്യ പരിശീലകനാകാന്‍ സ്പാനിഷ് ഇതിഹാസം സാവി ഹെര്‍ണാണ്ടസ് അപേക്ഷ നല്‍കിയെന്ന വാര്‍ത്തയില്‍ നാടകീയ വഴിത്തിരിവ്. സാവിയുടേതെന്ന പേരില്‍ വന്ന ഇ-മെയില്‍ ഒരു 19-കാരനായ ഇന്ത്യന്‍ യുവാവിന്റെ വ്യാജസൃഷ്ടിയാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഇതില്‍ വീണുപോയതെന്നുമാണ് വിശദീകരണം.
◾https://dailynewslive.in/ ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ സമനിലക്കായി പൊരുതുന്നു. ഒന്നാം ഇന്നിംഗ്സില്‍ 311 റണ്‍സിന്റെ ലീഡ് വഴങ്ങിയ ഇന്ത്യ നാലാം ദിനം അവസാനിക്കുമ്പോള്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 174 റണ്‍സെടുത്തിട്ടുണ്ട്. ഇപ്പോഴും 137 റണ്‍സ് പിറകിലാണ് ഇന്ത്യ. റണ്ണൊന്നുമെടുക്കുന്നതിന് മുമ്പ് യശസ്വി ജയ്സ്വാളിനേയും സായ് സുദര്‍ശനേയും നഷ്ടപ്പെട്ട് ഇന്ത്യയെ കരകയറ്റിയത് പുറത്താകാതെ 87 റണ്‍സെടുത്ത കെ എല്‍ രാഹുലും 78 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലും ചേര്‍ന്നാണ്. നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 358നെതിരെ ഇംഗ്ലണ്ട് 669 റണ്‍സാണ് അടിച്ചെടുത്തത്. 150 റണ്‍സെടുത്ത ജോ റൂട്ടിന് പുറമെ 141 റണ്‍സെടുത്ത ബെന്‍ സ്റ്റോക്സിന്റെ പ്രകടനവും ഇംഗ്ലണ്ടിനെ കൂറ്റന്‍ സ്‌കോര്‍ നേടുന്നതിന് സഹായിച്ചു.
◾https://dailynewslive.in/ സെപ്റ്റംബര്‍ ഒന്ന് മുതല്‍ 28 വരെ നടക്കുന്ന ഏഷ്യാ കപ്പിന് യുഎഇ വേദിയാകും. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അധ്യക്ഷനും പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനുമായ മുഹ്സിന്‍ നഖ്വി എക്സിലൂടെയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിതയത്. ആരാധകര്‍ ഉറ്റുനോക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ മത്സരം സെപ്റ്റംബര്‍ 14-നാണ്. അടുത്തവര്‍ഷം ടി20 ലോകകപ്പ് നടക്കുന്നതിനാല്‍ ഇത്തവണ ടി20 ഫോര്‍മാറ്റിലാണ് ടൂര്‍ണമെന്റ്. ഇന്ത്യയുള്‍പ്പെടെ എട്ട് ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. ദുബായ്, അബുദാബി എന്നിവിടങ്ങളിലായിരിക്കും മത്സരങ്ങള്‍ നടക്കുക. ഇന്ത്യക്ക് പുറമെ പാകിസ്ഥാന്‍, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, യുഎഇ, ഒമാന്‍, ഹോങ്കോംഗ് എന്നീ ടീമുകളായിരിക്കും ടൂര്‍ണമെന്റില്‍ പങ്കെടുക്കുക.
◾https://dailynewslive.in/ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഇക്കഴിഞ്ഞ ജൂണ്‍പാദത്തിലെ ഡേറ്റ അനുസരിച്ച് നിക്ഷേപം നടത്തിയിരിക്കുന്നത് 277 കമ്പനികളില്‍. മൊത്തം പോര്‍ട്ട്‌ഫോളിയോ മൂല്യമാകട്ടെ 15.5 ലക്ഷം കോടിയും. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ജനപ്രിയ ഓഹരികളായ 81 ലിസ്റ്റഡ് കമ്പനികളിലെ നിക്ഷേപത്തില്‍എല്‍.ഐ.സി മാറ്റം വരുത്തി. ജൂണ്‍ പാദത്തില്‍ നാല് പൊതുമേഖല പ്രതിരോധ ഓഹരികള്‍ക്കാണ് എല്‍.ഐ.സി പ്രാധാന്യം കൊടുത്തിരിക്കുന്നത്. എല്‍.ഐ.സിക്ക് നിലവില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികളിലാണ്. കഴിഞ്ഞ പാദത്തില്‍ 0.19 ശതമാനം ഓഹരികള്‍ കൂടി സ്വന്തമാക്കി. ഇതോടെ 1.3 ലക്ഷം രൂപ മൂല്യം വരുന്ന 6.93 ശതമാനം ഓഹരികളാണ് എല്‍.ഐ.സിക്ക് രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് സാമ്രാജ്യമായ റിലയന്‍സിലുള്ളത്. രണ്ടാം സ്ഥാനത്ത് എഫ്.എം.സി.ജി കമ്പനിയായ ഐ.ടി.സിയാണ്. കഴിഞ്ഞ പാദത്തില്‍ 0.28 ശതമാനം ഓഹരികള്‍ കൂടിവാങ്ങിയതോടെ മൊത്തം നിക്ഷേപ വിഹിതം 15.8 ലക്ഷവും നിക്ഷേപ മൂല്യം 82,200 കോടി രൂപയുമായി. എച്ച്.ഡി.എഫ്.സി ബാങ്ക് (68,600 കോടി രൂപ), എസ്.ബി.ഐ (66,300 കോടി രൂപ), എല്‍ ആന്‍ഡ് ടി (64,100 കോടി രൂപ) എന്നിവയാണ് തൊട്ടു പിന്നില്‍. എല്‍.ഐ.സിയുടെ പോര്‍ട്ട്‌ഫോളിയോയിലെ ആദ്യ പത്ത് ഓഹരികളുടെ മാത്രം മൂല്യം ആറ് ലക്ഷം കോടി രൂപയ്ക്ക് മുകളിലാണ്.
◾https://dailynewslive.in/ തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാര്‍ത്തിക് ഘട്ടമനേനി സംവിധാനം ചെയ്യുന്ന ‘മിറൈ’ യിലെ ആദ്യ ഗാനം പുറത്ത്. ‘വൈബ് ഉണ്ട് ബേബി’ എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. ഗൗര ഹരി സംഗീതം പകര്‍ന്ന ഗാനം ആലപിച്ചത് അര്‍മാന്‍ മാലിക്, രചിച്ചത് കൃഷ്ണകാന്ത്. സെപ്റ്റംബര്‍ അഞ്ചിനാണ് ചിത്രത്തിന്റെ ആഗോള റിലീസ്. ഹനു-മാന്‍ എന്ന ചിത്രത്തിന്റെ വമ്പന്‍ വിജയത്തിന് ശേഷം വീണ്ടുമൊരു പാന്‍-ഇന്ത്യ ആക്ഷന്‍-സാഹസിക സിനിമയില്‍ നായകനായി എത്തുകയാണ് തേജ സജ്ജ. പീപ്പിള്‍ മീഡിയ ഫാക്ടറിയുടെ ബാനറില്‍ ടി ജി വിശ്വ പ്രസാദും കൃതി പ്രസാദും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അള്‍ട്രാ-സ്റ്റൈലിഷ് ആയി തേജയും ഗ്ലാമറസായി റിതികയും ഗാനത്തില്‍ പ്രത്യക്ഷപ്പെടുന്നു. ഒരു സൂപ്പര്‍ യോദ്ധാവായാണ് തേജ സജ്ജ ഈ ചിത്രത്തില്‍ വേഷമിടുന്നത്. ആക്ഷന്‍, ഫാന്റസി, മിത്ത് എന്നിവ കോര്‍ത്തിണക്കിയാണ് ചിത്രം കഥ പറയുന്നത്. മനോജ് മഞ്ചു ആണ് ചിത്രത്തിലെ വില്ലനായി എത്തുന്നത്. ശ്രിയ ശരണ്‍, ജയറാം, ജഗപതി ബാബു, രാജേന്ദ്രനാഥ് സ്യൂച്ഷി, പവന്‍ ചോപ്ര, തന്‍ജ കെല്ലര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
◾https://dailynewslive.in/ സഖാവ് പി.കൃഷ്ണപിള്ളയുടെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും ത്യാഗോജ്ജ്വലമായ പോരാട്ടചരിത്രം പ്രമേയമാക്കി അനില്‍ വി നാഗേന്ദ്രന്‍ സംവിധാനം ചെയ്ത ‘വീരവണക്കം’ എന്ന തമിഴ് ചിത്രത്തിലെ ടൈറ്റില്‍ ഗാനം തൊഴിലാളി വര്‍ഗ്ഗത്തിന്റെ പ്രിയപ്പെട്ട നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്റെ സ്മരണകള്‍ക്കു മുന്നില്‍ സമര്‍പ്പിച്ചു കൊണ്ട് ചെന്നൈയില്‍ പ്രകാശനം ചെയ്തു. പുന്നപ്ര – വയലാര്‍ സമരം ഉള്‍പ്പെടെയുള്ള തൊഴിലാളിവര്‍ഗ്ഗ പോരാട്ടങ്ങളെയും അതിനു നേതൃത്വം നല്‍കിയവരെയും അനുസ്മരിക്കുന്ന ‘വീരവണക്ക’ത്തിലെ ഈ പ്രധാനഗാനം, വി.എസ്സിനോടുള്ള ആദരസൂചകമായിട്ടാണ് ചെന്നൈയില്‍ പുറത്തിറക്കിയത്. തമിഴ്നാട്ടിലെ ദ്രാവിഡ കഴകം പ്രസിഡന്റും പെരിയാറുടെ പിന്‍ഗാമിയുമായ കെ. വീരമണിയാണ് ഗാനം റിലീസ് ചെയ്തത്. ദക്ഷിണേന്ത്യയുടെയും തമിഴ്നാടിന്റെയും ഇതിഹാസ ഗായകന്‍ ടി. എം. സൗന്ദര്‍ രാജന്റെ മകന്‍ ടി.എം.എസ്. സെല്‍വകുമാറിനെ ചലച്ചിത്ര ഗാനലോകത്ത് അവതരിപ്പിക്കുന്ന ഗാനം കൂടിയാണിത്.
◾https://dailynewslive.in/ ഇന്ത്യന്‍ വിപണിയില്‍ റോഡ്സ്റ്ററിന്റെ പുതുക്കിയ പതിപ്പ് പുറത്തിറക്കാന്‍ ഒരുങ്ങി പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ്. പുതിയ പതിപ്പ് ഓഗസ്റ്റ് 12 ന് വിപണിയില്‍ അവതരിപ്പും. ഡിസൈനിന്റെ കാര്യത്തില്‍ ഒന്നിലധികം അപ്ഡേറ്റുകളുമായാണ് പുതിയ പതിപ്പ് വരുന്നത്. യെസ്ഡി റോഡ്സ്റ്ററിന്റെ നിലവിലെ പതിപ്പില്‍ 29 എച്ച്പിയും 29.4 എന്‍എം പരമാവധി ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 334 സിസി സിംഗിള്‍-സിലിണ്ടര്‍ ലിക്വിഡ്-കൂള്‍ഡ് എന്‍ജിന്‍ ആണ് സജ്ജീകരിച്ചിരിക്കുന്നത്. ഈ എന്‍ജിനെ ആറ് സ്പീഡ് ട്രാന്‍സ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു. മുന്‍വശത്തെ സസ്‌പെന്‍ഷനില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകളുമാണ് ഉപയോഗിച്ചിരിക്കുന്നത്. മുന്നിലും പിന്നിലും ഫ്‌ലോട്ടിങ് കാലിപ്പറുള്ള ഒരു ഡിസ്‌ക് ആണ് ബ്രേക്കിങ് കൈകാര്യം ചെയ്യുന്നത്. മുന്നില്‍ 320 എംഎം ഡിസ്‌ക്കും പിന്നില്‍ 240 എംഎം ഡിസ്‌ക്കും ഉണ്ട്. നിലവില്‍, യെസ്ഡി റോഡ്സ്റ്ററിന്റെ പ്രാരംഭ വില 2.10 ലക്ഷം രൂപയാണ് (എക്‌സ്-ഷോറൂം).
◾https://dailynewslive.in/ ഉപ്പയും ഉമ്മയും ഉണ്ടായിട്ടും അനാഥനെപ്പോലെ മറ്റൊരു വീട്ടില്‍ പത്താംവയസ്സു മുതല്‍ പണിയെടുക്കേണ്ടി വന്ന ഒരു ബാലന്റെ കഥ. അവന്റെ മനസ്സിലെ ആശങ്കയും ദുഃഖവും ദുരിതവും വായനക്കാരുടെ കണ്ണിനെ ഈറനണിയിക്കും. എന്താണ് സംഭവിച്ചതെന്നറിയാത്ത ഒരു കാലത്തിലൂടെ കടന്നുപോകേണ്ടിവന്ന നിസ്സഹായമായ ഒരു ജന്മത്തിന്റെ കഥയാണിത്. എഴുത്തുകാരന്റെ ആത്മഭാവത്തിന്റെ വ്യത്യസ്ത കാലങ്ങള്‍. ‘വില്‍ക്കപ്പെട്ടവന്‍’. അസ്ലം ചാലില്‍. ഗ്രീന്‍ ബുക്സ്. വില 123 രൂപ.
◾https://dailynewslive.in/ ദി ലാന്‍സെറ്റ് പബ്ലിക് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച ഒരു പ്രധാന പുതിയ പഠനം സൂചിപ്പിക്കുന്നത് ഒരു ദിവസം വെറും 7,000 ചുവടുകള്‍ നടക്കുന്നത് ഹൃദ്രോഗം, പ്രമേഹം, ഡിമെന്‍ഷ്യ, അല്ലെങ്കില്‍ വിഷാദം എന്നിവ മൂലമുള്ള അകാല മരണ സാധ്യത കുറയ്ക്കുമെന്നാണ്. നിങ്ങളുടെ ചുവടുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കുന്നതിനായി, ലോകമെമ്പാടുമുള്ള 35-ലധികം ജനസംഖ്യാ ഗ്രൂപ്പുകളെ ഉള്‍പ്പെടുത്തി 57 പഠനങ്ങള്‍ ഗവേഷകര്‍ അവലോകനം ചെയ്തു. പ്രതിദിനം ഏകദേശം 2,000 ചുവടുകള്‍ മാത്രം നടന്ന ആളുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍, 7,000 ചുവടുകള്‍ എത്തിയവര്‍ക്ക് ഏതെങ്കിലും കാരണത്താല്‍ അകാല മരണത്തിനുള്ള സാധ്യത 47% കുറവാണ്. ഹൃദ്രോഗ സാധ്യത 25% കുറവ്, ഹൃദ്രോഗം മൂലമുള്ള മരണ സാധ്യത 47% കുറവ്, കാന്‍സര്‍ മൂലമുള്ള മരണ സാധ്യത 37% കുറവ്, ഡിമെന്‍ഷ്യ വരാനുള്ള സാധ്യത 38% കുറവ്, വിഷാദ ലക്ഷണങ്ങളുടെ സാധ്യത 22% കുറവ്, ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത 14% കുറവ്, അപകടകരമായ വീഴ്ചകള്‍ക്കുള്ള സാധ്യത 28% കുറവ്. ഹൃദയാഘാതം, പക്ഷാഘാതം, കാന്‍സര്‍ എന്നിവയുള്‍പ്പെടെയുള്ള സാംക്രമികേതര രോഗങ്ങളില്‍ 8% വരെ ചലനമില്ലായ്മയുമായി ബന്ധപ്പെട്ടിരിക്കുന്നു. നടത്തം ഏറ്റവും ലളിതവും എളുപ്പത്തില്‍ ചെയ്യാവുന്നതുമായ പ്രവര്‍ത്തന രീതികളില്‍ ഒന്നാണ്. എത്ര നടന്നാലും അത് ഒന്നിനും നടക്കാത്തതിനേക്കാള്‍ നല്ലതാണ്.
*ശുഭദിനം*
*കവിത കണ്ണന്‍*
സ്വത്ത് സമ്പാദിക്കുക എന്നതാണ് തന്റെ ജീവിതലക്ഷ്യം എന്നാണ് അയാളുടെ വിശ്വാസം. അതുകൊണ്ട് തന്നെ ധാരാളം സ്വത്ത് സമ്പാദിച്ചുകൂട്ടിയിരുന്നു. എന്നാലും അയാള്‍ക്ക് ഒരു സന്തോഷവും ഉണ്ടായിരുന്നില്ല. താന്‍ ആഗ്രഹിച്ചത്ര തനിക്ക് സമ്പാദിക്കാനാകാത്തതില്‍ അയാള്‍ ദുഃഖിതനുമായിരുന്നു. യാത്രയ്ക്കിടയില്‍ കണ്ട യോഗി അദ്ദേഹത്തോട് ചോദിച്ചു: എന്താണ് താങ്കളുടെ പ്രശ്‌നം? എനിക്ക് ധാരാളം സമ്പത്തുണ്ടെങ്കിലും സന്തോഷമില്ല. യോഗി പറഞ്ഞു: നാളെ സൂര്യോദയത്തിന് മുമ്പ് കാടിനുള്ളില്‍ വരിക. കൃത്യസമയത്ത് തന്നെ അയാള്‍ എത്തി. യോഗി ഒരു ഗുഹയുടെ മുന്‍പിലെത്തിയിട്ട് പറഞ്ഞു: ഈ ഗുഹക്കുളളില്‍ ധാരാളം രത്‌നങ്ങളും സ്വര്‍ണ്ണവുമുണ്ട്. ആദ്യം കാണുന്ന രത്‌നം നിനക്കെടുക്കാം. പക്ഷേ, സൂര്യനുദിക്കുന്നതിന് മുമ്പ് ഇറങ്ങിവരണം. പക്ഷേ, ഗുഹക്കുളളിലെ നിധിക്കൂമ്പാരം കണ്ട് അയാളുടെ കണ്ണുമഞ്ഞളിച്ചു. ഏതെടുക്കണം എന്ന ചിന്താക്കുഴപ്പത്തിനിടയില്‍ സമയം കഴിഞ്ഞു. ഗുഹയുടെ വാതിലടഞ്ഞു. യോഗി പുറത്തുനിന്ന് വിളിച്ചു പറഞ്ഞു: ഇവിടെ നിന്റെ യഥാര്‍ത്ഥ സമ്പത്ത് സമയമായിരുന്നു. അത് നീ തിരിച്ചറിഞ്ഞില്ല. എന്തിനും സമയക്രമമുണ്ട്. അതുനുള്ളിലാണ് എല്ലാം വിലയിരുത്തപ്പെടുന്നതും വില തീരുമാനിക്കപ്പെടുന്നതും. എന്തൊക്കെ അറിയാം എന്നതിലല്ല, നിശ്ചിത സമയത്തിനുളളില്‍ അറിവ് പ്രദര്‍ശിപ്പിക്കുന്നതാണ് മത്സരക്ഷമത തീരുമാനിക്കുന്നത്. എത്രകാലം ജീവിച്ചു എന്നതിലല്ല, ജീവിതം എങ്ങിനെ അടയാളപ്പെടുത്തി എന്നതാണ് ഈ ജീവിതത്തിന്റെ ശ്രേഷ്ഠത – ശുഭദിനം.