P14 yt cover

https://dailynewslive.in/ സംസ്ഥാനത്ത് മഴ ശക്തം. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയത്തും എറണാകുളത്തും റെഡ് അലര്‍ട്ടും, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചു. വയനാടും കാസര്‍കോടും കണ്ണൂരുമൊഴികെ മറ്റ് 11 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. കേരളത്തില്‍ ഇത്തവണ അതിവര്‍ഷത്തിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

https://dailynewslive.in/ കൊല്ലത്തും തിരുവനനന്തപുരത്തും റോഡുകളിലെ വെള്ളക്കെട്ടുകള്‍ ഗതാഗതത്തിന് തടസ്സമായി. കൊല്ലത്ത് കാവനാട്, പറക്കുളം ഭാഗങ്ങളിലെ വീടുകളില്‍ വെള്ളം കയറി. ദേശീയപാതയില്‍ ചാത്തന്നൂര്‍ മുതല്‍ പാരിപ്പള്ളി വരെ വെള്ളക്കെട്ടില്‍ ഗതാഗതം തടസപ്പെട്ടു. കുണ്ടറ ചീരങ്കാവിന് സമീപം രാത്രി മരം വീണ് വൈദ്യുതി ലൈനുകള്‍ തകര്‍ന്നു. തിരുവനന്തപുരത്ത് വര്‍ക്കല പാപനാശത്ത് കനത്ത മഴയെ തുടര്‍ന്ന് കുന്നിടിഞ്ഞു. കോട്ടണ്‍ഹില്‍ സ്‌കൂളില്‍ ബസിന് മുകളിലേക്ക് മരം കടപുഴകി വീണു. നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രമതില്‍ തകര്‍ന്ന് ആറ്റിലേക്ക് പതിച്ചു.

https://dailynewslive.in/ കൊച്ചിയില്‍ ഒന്നര മണിക്കൂറില്‍ പെയ്തത് 98 മില്ലീമീറ്റര്‍ മഴ. മേഘവിസ്‌ഫോടനം ആകാമെന്നാണ് സൂചന. എന്നാല്‍ ഇതുസംബന്ധിച്ച് കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. കാക്കനാട് ഇന്‍ഫോ പാര്‍ക്കില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് വാഹനങ്ങള്‍ കുടുങ്ങി. ആലുവ ഇടക്കാളി റോഡിലും, സഹോദരന്‍ അയ്യപ്പന്‍ റോഡിലും വെള്ളം കയറി. വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടതോടെ നഗരത്തില്‍ പലയിടത്തും രൂക്ഷമായ ഗതാഗത കുരുക്കാണ്. ആലപ്പുഴ ചേര്‍ത്തല റെയില്‍വേ സ്റ്റേഷന് സമീപത്ത് മരം കടപുഴകി വീണ് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. കളമശേരിയില്‍ വെളളം ഉയര്‍ന്നതോടെ ഒറ്റപ്പെട്ടുപോയവരെ ഫയര്‍ ഫോഴ്‌സ് എത്തി രക്ഷപെടുത്തി.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം ആഘോഷമാക്കൂ…*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ കൂടാതെ 17 ഇന്നോവ കാറുകളും

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 1):*

എപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ ◼️മേഖലാതല സമ്മാനങ്ങള്‍ : 170 ഐഫോണുകള്‍

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ ശക്തമായ മഴ കാരണം ജില്ലാ ദുരന്ത നിവാരണ സമിതിയുടെ നിര്‍ദേശ പ്രകാരം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തിരുവനന്തപുരം പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു. കൂടാതെ അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ നിലവില്‍ 90 സെ.മീ ഉയര്‍ത്തി. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഷട്ടറുകള്‍ ഇനിയും ഉയര്‍ത്തുമെന്നും പരിസരവാസികള്‍ ജാഗ്രത പാലിയ്ക്കണമെന്നും തിരുവനന്തപുരം ജില്ലാ കളക്ടര്‍ അറിയിച്ചു.

https://dailynewslive.in/ കനത്ത മഴയില്‍ സംസ്ഥാനത്ത് ഇന്ന് മാത്രം മൂന്ന് മരണം. ശക്തമായ മഴയിലും കാറ്റിലും വീട്ട് മുറ്റത്ത് നിന്ന തെങ്ങ് ദേഹത്തേക്ക് വീണ് യുവാവ് മരിച്ചു. ആലപ്പുഴ കുളങ്ങര ധര്‍മ്മപാലന്റെ മകന്‍ അരവിന്ദ് ആണ് മരിച്ചത്. മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി എബ്രഹാമാണ് മരിച്ചത്. എറണാകുളം വേങ്ങൂരില്‍ കുളിക്കാന്‍ ഇറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥി തോട്ടില്‍ മുങ്ങി മരിച്ചു. ഐക്കരക്കുടി ഷൈബിന്റെ മകന്‍ എല്‍ദോസാണ് മരിച്ചത്.

https://dailynewslive.in/ മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയുന്നതിന്റെ പരിസ്ഥിതി ആഘാത പഠനവുമായി ബന്ധപ്പെട്ട് ഇന്ന് ദില്ലിയില്‍ നടക്കാനിരുന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വിളിച്ച യോഗം മാറ്റി. പഠനത്തിന് കേരളത്തിനെ അനുവദിക്കരുതെന്ന് തമിഴ്‌നാട് ആവശ്യപ്പെട്ടിരുന്നു. യോഗം മാറ്റിയതിന്റെ കാരണം കേന്ദ്രം വ്യക്തമാക്കിയിട്ടില്ല.

https://dailynewslive.in/ എക്‌സൈസ് വകുപ്പിന്റെ അധികാരം ടൂറിസം വകുപ്പ് തട്ടിയെടുത്തുവെന്നും എക്‌സൈസ് വകുപ്പ് കയ്യിലുണ്ടോ എന്ന് മന്ത്രി രാജേഷ് പരിശോധിക്കണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പരിഹാസം. മദ്യനയത്തില്‍ ചര്‍ച്ച നടന്നില്ലെന്നാണ് ടൂറിസം മന്ത്രി പറയുന്നത്. പക്ഷേ പ്രതിപക്ഷം തെളിവ് ഹാജരാക്കി. വിഷയത്തില്‍ ടൂറിസം വകുപ്പ് അനാവശ്യ തിടുക്കം കാട്ടിയെന്നും വിഷയത്തില്‍ വകുപ്പ് മന്ത്രി രാജേഷ് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*

മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ സ്മാര്‍ട്ട് റോഡ് നിര്‍മ്മാണം നടക്കുന്ന വഴുതക്കാട് ജങ്ഷനിലെ ജലവിതരണപൈപ്പ് സ്ഥാപിക്കാനുള്ള കുഴികള്‍ കൗണ്‍സിലര്‍മാരായ ബിജെപി നേതാക്കള്‍ മണ്ണിട്ട് മൂടിയെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍. തിങ്കളാഴ്ച മഴ ശമിച്ചതോടെ അതിവേഗം നിര്‍മാണം നടക്കുകയായിരുന്നു. ഇതിനിടെയാണ് ബിജെപി കൗണ്‍സിലര്‍മാര്‍ കൂട്ടത്തോടെ എത്തി കുഴി മണ്ണിട്ട് മൂടിയതെന്ന് ആര്യ പറഞ്ഞു. സംഭവത്തില്‍ ബിജെപി നേതാക്കള്‍ക്കെതിരെ കെആര്‍എഫ്ബി അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും മേയര്‍ അറിയിച്ചു.

https://dailynewslive.in/ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒന്നാം തീയതി തന്നെ ശമ്പളം നല്‍കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. ഗഡുക്കളായി ശമ്പളം നല്‍കുന്ന രീതി ഒഴിവാക്കാന്‍ ഫോര്‍മുല കണ്ടെത്തി. ധനമന്ത്രിയെയും ഗതാഗത മന്ത്രിയെയും മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസി യുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഗണേഷ് കുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

https://dailynewslive.in/ മുട്ടില്‍ മരംമുറിക്കേസ് കുറ്റപത്രത്തെ കുറിച്ച് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഉന്നയിച്ച കാര്യങ്ങള്‍ തെറ്റെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ക്രൈംബ്രാഞ്ച് എഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി. പ്രതികള്‍ക്ക് എതിരെ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നും കുറ്റപത്രം ദുര്‍ബലമാണെന്നുമായിരുന്നു പ്രോസിക്യൂട്ടറുടെ വാദം. നിലവിലെ സാഹചര്യത്തില്‍ പ്രോസിക്യൂട്ടറെ മാറ്റിയേക്കുമെന്നാണ് സൂചന.

https://dailynewslive.in/ താമരശ്ശേരിയില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് നേരെ അഞ്ചംഗ സംഘത്തിന്റെ ആക്രമണം. ഡ്രൈവറെ ഭീഷണിപ്പെടുത്തിയ സംഘം യാത്രക്കാരനെ കയ്യേറ്റം ചെയ്തു. കോഴിക്കോട് നിന്നും ബംഗളൂരുവിലേക്ക് പോകുന്ന ബസ്സിന് നേരെയാണ് ആക്രമണമുണ്ടായത്. ബംഗളൂരുവിലേക്ക് യാത്ര ചെയ്യാന്‍ എത്തിയ ഒരാളെ സീറ്റില്ലെന്ന് പറഞ്ഞ് ജീവനക്കാര്‍ മടക്കിയിരുന്നു. ഇതില്‍ പ്രകോപിതരായി എത്തിയ സംഘമാണ് ആക്രമണം നടത്തിയത് എന്ന് ജീവനക്കാര്‍ പറയുന്നു.

https://dailynewslive.in/ നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് കസ്റ്റഡിയിലിരിക്കെ പരിശോധിച്ചതില്‍ പുനരന്വേഷണം വേണമെന്നാവശ്യപ്പെട്ടുളള ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ ബദറുദ്ദീന്‍ പിന്‍മാറി. ഇതേതുടര്‍ന്ന് ഹര്‍ജി ജസ്റ്റിസ് പിജി അജിത് കുമാര്‍ പിന്നീട് പരിഗണിക്കും. വിചാരണ കോടതി നടത്തിയ അന്വേഷണം ശരിയായ രീതിയിലല്ലെന്ന് ചൂണ്ടികാട്ടിയാണ് അതിജീവിത ഹര്‍ജി നല്‍കിയിരുന്നത്.

https://dailynewslive.in/ രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി. തങ്ങളോട് ആലോചിച്ച ശേഷമാണ് ഈ കാര്യം പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പല വിധ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍, രാജ്യസഭ സംബന്ധിച്ച ചര്‍ച്ചകള്‍ ലീഗില്‍ തുടങ്ങിയിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

https://dailynewslive.in/ പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ പ്രതിയുടെ അമ്മയ്ക്കും സഹോദരിയ്ക്കും കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ ഹാജരാകണമെന്നും, അറസ്റ്റ് രേഖപ്പെടുത്തിയാല്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ തന്നെ വിട്ടയക്കണം എന്നും കോടതി നിര്‍ദേശിച്ചു.

https://dailynewslive.in/ നിലമ്പൂര്‍ -ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ വച്ച് യുവതിയെ പാമ്പ് കടിച്ചതായി സംശയം. ആയുര്‍വേദ ഡോക്ടര്‍ ഗായത്രിക്കാണ് പാമ്പ് കടിയേറ്റതായി സംശയിക്കുന്നത്. പാമ്പിനെ കണ്ടതായി യാത്രക്കാര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ റെയില്‍വേ പരിശോധനയും അന്വേഷണവും ആരംഭിച്ചു. യുവതിയെ പെരുന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

https://dailynewslive.in/ എസ്പിയായി സ്ഥാനക്കയറ്റം കിട്ടാത്തതിന്റെ നീരസത്തില്‍ ഔദ്യോഗിക യാത്രയയപ്പ് വേണ്ടെന്ന് വെച്ച് പത്തനംതിട്ട അഡീഷണല്‍ എസ്പി ആര്‍. പ്രദീപ്കുമാര്‍. ജില്ലാ പൊലീസ് മേധാവി ഒരുക്കിയ യാത്രയപ്പ് ബഹിഷ്‌കരിച്ച അഡീഷണല്‍ എസ്പി നാളെ പൊലീസ് അസോസിയേഷന്‍ നടത്തുന്ന യാത്രയയപ്പ് ചടങ്ങിലും പങ്കെടുക്കുന്നില്ലെന്നാണ് സൂചന.

https://dailynewslive.in/ തൃശൂര്‍ പെരിഞ്ഞനത്ത് ഹോട്ടലില്‍നിന്നു കുഴിമന്തി കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. കുറ്റിലക്കടവ് സ്വദേശിനി ഉസൈബ (56) ആണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ഉസൈബ ഇന്നു പുലര്‍ച്ചെയാണ് മരിച്ചത്. പെരിഞ്ഞനം മൂന്നുപീടികയിലെ സെയിന്‍ ഹോട്ടലില്‍ നിന്നുള്ള ഭക്ഷണം കഴിച്ചതിനെ തുടര്‍ന്നാണ് വിഷബാധയുണ്ടായത്. നിലവില്‍ ഈ ഹോട്ടലിന് ലൈസന്‍സില്ലെന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച വൈകിട്ട് വിറ്റ കുഴി മന്തി കഴിച്ച 180 പേരാണ് ഛര്‍ദ്ദിയും വയറിളക്കവുമായി വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്.

https://dailynewslive.in/ മുംബൈ ധാരാവിയിലുണ്ടായ തീപ്പിടിത്തത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ നാലു മണിയോടെ ധാരാവി അശോക് മില്‍ കോംമ്പൗണ്ടിലാണ് തീപടര്‍ന്നത്. ചെറുകിട വ്യവസായങ്ങള്‍ ഏറെയുളള മേഖലയിലെ വസ്ത്ര നിര്‍മ്മാണ ശാലയ്ക്കാണ് ആണ് ആദ്യം തീപിടിച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും സംഭവത്തെകുറിച്ച് അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കി.

https://dailynewslive.in/ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട പ്രചാരണം സമാപിക്കാനിരിക്കെ കോണ്‍ഗ്രസ് പാര്‍ട്ടി എണ്‍പതിലധികം സീറ്റു നേടുമെന്ന് ഉറപ്പാണെന്ന് പാര്‍ട്ടി നേതാക്കള്‍ അവകാശപ്പെട്ടു. എണ്‍പതിനും നൂറിനും ഇടയ്ക്ക് സീറ്റ് കിട്ടും എന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.

https://dailynewslive.in/ ജൂണ്‍ നാലിന് പുതിയ കാലഘട്ടത്തിന് തുടക്കമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസിന്റെ പ്രകടന പത്രിക മുസ്ലീംലീഗിന്റേതാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. വോട്ട് ബാങ്കിന് വേണ്ടി ഭരണഘടനയെ അട്ടിമറിക്കുന്നുവെന്നും ഇതിനെതിരായ പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും പ്രതിപക്ഷത്തിന്റെ പദ്ധതികളെ കുറിച്ച് താന്‍ ജനങ്ങളെ ബോധവാന്മാരാക്കുകയാണ് ചെയ്യുന്നതെന്നും മോദി പറഞ്ഞു.

https://dailynewslive.in/ മിസോറാമില്‍ ദുരന്തം വിതച്ച് റേമല്‍ ചുഴലിക്കാറ്റ്. ഐസ്വാളില്‍ കനത്ത മഴയെ തുടര്‍ന്ന് കരിങ്കല്‍ ക്വാറി തകര്‍ന്ന് 10 തൊഴിലാളികള്‍ മരിച്ചു. നിരവധി പേര്‍ ഇപ്പോഴും ക്വാറിയില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നും കുടുങ്ങി കിടക്കുന്നവരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നതായും പൊലീസ് അറിയിച്ചു. സമീപത്തെ ധാരാളം വീടുകളും ചുഴലിക്കാറ്റില്‍ തകര്‍ന്നിട്ടുണ്ട്. കൂടാതെ മിസോറാമില്‍ പലയിടത്തും മണ്ണിടിച്ചിലും സംഭവിച്ചിട്ടുണ്ട്.

https://dailynewslive.in/ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിലെ വിവേകാനന്ദ പാറയില്‍ രണ്ടു ദിവസത്തെ ധ്യാനമിരിക്കുമെന്ന് സൂചന. അദ്ദേഹം 2019ല്‍ അദ്ദേഹം കേദാര്‍നാഥില്‍ ധ്യാനമിരുന്നിരുന്നു.

https://dailynewslive.in/ ഗുജറാത്തിലെ രാജ്‌കോട്ടില്‍ ഗെയിമിംഗ് സെന്ററിലുണ്ടായ തീപിടുത്തത്തിലെ മുഖ്യപ്രതിയും ഗെയ്മിങ് സെന്റര്‍ സഹഉടമയുമായ ധവാല്‍ താക്കര്‍ രാജസ്ഥാനില്‍ നിന്നും പിടിയില്‍. അപകടം നടന്നതിന് പിന്നാലെ രാജസ്ഥാനിലെ ബന്ധു വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു പ്രതി.

https://dailynewslive.in/ മണ്‍സൂണ്‍ സീസണില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ ഗോവയില്‍ നീന്തലിന് വിലക്ക് ഏര്‍പ്പെടുത്തി. വെള്ളച്ചാട്ടം, പ്രവര്‍ത്തനം അവസാനിപ്പിച്ച ക്വാറി, പുഴ, മറ്റു ജലാശയങ്ങള്‍ എന്നിവിടങ്ങളില്‍ നീന്തുന്നതിനാണ് വിലക്ക്. കലക്ടര്‍മാര്‍ ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കി. ഉത്തരവ് പാലിച്ചില്ലെങ്കില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 188-ാം വകുപ്പിന്റെ ലംഘനമാകുമെന്ന് കലക്ടര്‍മാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

https://dailynewslive.in/ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തേക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്നലെ അവസാനിച്ചപ്പോള്‍ ആകെ ലഭിച്ചത് 3000ത്തോളം അപേക്ഷകളെന്ന് റിപ്പോര്‍ട്ട് . പ്രധാനമന്ത്രി നരേന്ദ്ര മോദി മുതല്‍ എം എസ് ധോണി വരെയുള്ള പ്രമുഖരുടെ പേര് വ്യാജമായി ഉപയോഗിച്ച് അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

https://dailynewslive.in/ കേന്ദ്ര പൊതുമേഖലാ സ്ഥാപനവും രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷ്വറന്‍സ് കമ്പനിയുമായ എല്‍.ഐ.സി ഇക്കഴിഞ്ഞ മാര്‍ച്ച് 31ന് സമാപിച്ച 2023-24 സാമ്പത്തിക വര്‍ഷത്തെ അന്തിമ ലാഭവിഹിതമായി ഓഹരിക്ക് 6 രൂപ വീതം പ്രഖ്യാപിച്ചു. കമ്പനിയുടെ ഏറ്റവും വലിയ ഓഹരി ഉടമകളായ കേന്ദ്രസര്‍ക്കാരിന് ഇതുപ്രകാരം 3,662 കോടി രൂപ ലഭിക്കും. എല്‍.ഐ.സിയില്‍ കേന്ദ്രസര്‍ക്കാരിനുള്ളത് 96.50 ശതമാനം ഓഹരി പങ്കാളിത്തമാണ്. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ അവസാനപാദമായ ജനുവരി-മാര്‍ച്ചില്‍ 13,782 കോടി രൂപയുടെ ലാഭമാണ് എല്‍.ഐ.സി നേടിയത്. മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 13,191 കോടി രൂപയേക്കാള്‍ 4.5 ശതമാനം മാത്രം അധികം. ഇന്‍ഷ്വറന്‍സ് കമ്പനികളുടെ മുഖ്യ വരുമാനസ്രോതസ്സുകളിലൊന്നായ ആദ്യവര്‍ഷ പ്രീമിയത്തില്‍ 58.87 ശതമാനം വിപണിവിഹിതവുമായി എല്‍.ഐ.സി തന്നെയാണ് ഒന്നാംസ്ഥാനത്ത്. വ്യക്തിഗത പ്രീമിയം ബിസിനസില്‍ 38.44 ശതമാനവും ഗ്രൂപ്പ് പ്രീമിയം ബിസിനസില്‍ 72.30 ശതമാനവും വിപണിവിഹിതം എല്‍.ഐ.സിക്കുണ്ട്. എല്‍.ഐ.സിയുടെ മൊത്തം പ്രീമിയം വരുമാനം കഴിഞ്ഞവര്‍ഷം 4.74 ലക്ഷം കോടി രൂപയില്‍ നിന്ന് നേരിയ വളര്‍ച്ചയുമായി 4.75 ലക്ഷം കോടി രൂപയായി. മൊത്തം വ്യക്തിഗത പ്രീമിയം വരുമാനം 2.92 ലക്ഷം കോടി രൂപയായിരുന്നത് 3.03 ലക്ഷം കോടി രൂപയായി മെച്ചപ്പെട്ടു. ഗ്രൂപ്പ് ബിസിനസ് ടോട്ടല്‍ പ്രീമിയം പക്ഷേ 1.81 ലക്ഷം കോടി രൂപയില്‍ നിന്ന് 1.71 ലക്ഷം കോടി രൂപയിലേക്ക് കുറഞ്ഞു. എല്‍.ഐ.സി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി മാര്‍ച്ച് 31ലെ കണക്കുപ്രകാരം 51.21 ലക്ഷം കോടി രൂപയാണ്. തൊട്ടുമുന്‍ സാമ്പത്തികവര്‍ഷത്തെ 43.97 ലക്ഷം കോടി രൂപയേക്കാള്‍ 16.48 ശതമാനം വളര്‍ച്ച. വ്യക്തിഗത വിഭാഗത്തില്‍ 2.03 കോടി പോളിസികള്‍ കഴിഞ്ഞവര്‍ഷം കമ്പനി വിതരണം ചെയ്തു. 2022-23ല്‍ ഇത് 2.04 കോടിയായിരുന്നു. പുതിയ ബിസിനസ് മൂല്യം 9,156 കോടി രൂപയില്‍ നിന്ന് 9,583 കോടി രൂപയായി മെച്ചപ്പെട്ടു; വര്‍ധന 4.66 ശതമാനം. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ (2023-24) മൊത്തം കണക്കെടുത്താല്‍ എല്‍.ഐ.സിയുടെ ലാഭം 36,397 കോടി രൂപയില്‍ നിന്ന് 40,676 കോടി രൂപയായി മെച്ചപ്പെട്ടിട്ടുണ്ട്.

https://dailynewslive.in/ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കാന്‍ ഒരുക്കി പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ്. ഗാലക്‌സി എഫ്55 ഫൈവ് ജി എന്ന പേരില്‍ പുതിയ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. ക്വാല്‍ക്കം സ്‌നാപ്ഡ്രാഗണ്‍ 7 Gen 1 ചിപ്സെറ്റ്, 12GB വരെയുള്ള റാം, 120Hz AMOLED ഡിസ്പ്ലേ, ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണം, 45w ഫാസ്റ്റ് ചാര്‍ജിംഗിനുള്ള പിന്തുണ എന്നിവയുമായാണ് സ്മാര്‍ട്ട്ഫോണ്‍ വരുന്നതെന്ന് കമ്പനി അറിയിച്ചു. ഈ മിഡ് റേഞ്ച് സ്മാര്‍ട്ട്ഫോണ്‍ ഫ്‌ലിപ്കാര്‍ട്ടില്‍ നിന്ന് വാങ്ങാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കുന്നത്. ആപ്രിക്കോട്ട് ക്രഷ്, റെയ്സിന്‍ ബ്ലാക്ക് എന്നി രണ്ട് കളര്‍ വേരിയന്റുകളിലാണ് ഫോണ്‍ പുറത്തിറങ്ങുക. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 26,999 രൂപയും 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 29,999 രൂപയും 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 32,999 രൂപയുമാണ് വില വരിക. വീഡിയോ കോളുകള്‍ക്കും സെല്‍ഫികള്‍ക്കുമായി 50 എംപി ഫ്രണ്ട് ഫേസിങ് ക്യാമറയുമായി സ്മാര്‍ട്ട്ഫോണ്‍ വരുമെന്നാണ് പ്രതീക്ഷ. 45w ഫാസ്റ്റ് ചാര്‍ജിങ്ങിനെ പിന്തുണയ്ക്കുന്ന 5000mah ബാറ്ററിയാണ് ഇതില്‍ ഉണ്ടാവുക. ഇന്‍ ബില്‍റ്റ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍, വെള്ളത്തില്‍ നിന്നും പൊടിയില്‍ നിന്നും പ്രതിരോധം തുടങ്ങിയ ഫീച്ചറുകളും ഇതില്‍ ഉണ്ടാവും.

https://dailynewslive.in/ മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ റാഫിയുടെ തിരക്കഥയില്‍ നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി’ റിലീസിനൊരുങ്ങുന്നു. മേയ് 31 നാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. അര്‍ജുന്‍ അശോകന്‍, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തില്‍ റാഫിയുടെ മകന്‍ മുബിന്‍ എം. റാഫിയാണ് നായകനായെത്തുന്നത്.’ഞാന്‍ പ്രകാശന്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ദേവിക സഞ്ജയ് ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്. കോമഡി- എന്റര്‍ടെയ്നര്‍ ജോണറില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ഹിഷാം അബ്ദുള്‍ വഹാബ് ആണ്.കലന്തൂര്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ കലന്തൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ഷാജി കുമാറാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. പ്രോജക്ട് ഡിസൈനര്‍ സൈലക്സ് എബ്രഹാം, പ്രൊഡക്ഷന്‍ ഡിസൈനിങ് സന്തോഷ് രാമന്‍, മേക്കപ്പ് റോണെക്സ് സേവ്യര്‍, കോസ്റ്റ്യൂം അരുണ്‍ മനോഹര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ശ്രീകുമാര്‍ ചെന്നിത്തല, ചീഫ് അസോ. ഡയറക്ടര്‍ ദീപക് നാരായണ്‍, പിആര്‍ഒ മഞ്ജു ഗോപിനാഥ്, സ്റ്റില്‍സ് യൂനസ് കുണ്ടായ്, ഡിസൈന്‍സ് മാക്ഗുഫിന്‍.

https://dailynewslive.in/ വിനായകനും സുരാജ് വെഞ്ഞാറമ്മൂടും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ‘തെക്ക് വടക്ക്’. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാമത്തെ ക്യാരക്ടര്‍ ടീസര്‍ പുറത്തുവന്നിരിക്കുകയാണ്. മുഖത്തോടു മുഖം നോക്കി കടിപിടി കൂടുന്ന വിനായകനേയും സുരാജിനേയുമാണ് ടീസറില്‍ കാണാനാവുക. എഞ്ചിനീയര്‍ മാധവനെന്ന കഥാപാത്രമായി വിനായകനും അരിമില്‍ ഉടമ ശങ്കുണ്ണിയായി സുരാജും ചിത്രത്തിലെത്തുന്നു. പ്രേം ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം എസ്. ഹരീഷിന്റെ ”രാത്രി കാവല്‍” എന്ന കഥയെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ഹരീഷ് തന്നെയാണ് രചന നിര്‍വഹിച്ചിരിക്കുന്നതും. ഓഗസ്റ്റിലാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. മെല്‍വിന്‍ ജി ബാബു, ഷമീര്‍ ഖാന്‍, കോട്ടയം രമേഷ്, മെറിന്‍ ജോസ്, വിനീത് വിശ്വം, ബാലന്‍ പാലക്കല്‍, ജെയിംസ് പാറക്കല്‍ തുടങ്ങി നൂറോളം അഭിനേതാക്കളാണ് തെക്ക് വടക്കില്‍ അണിനിരക്കുന്നത്. പ്രശസ്ത സംഗീത സംവിധായകന്‍ സാം സി എസ് ആണ് ചിത്രത്തിനായി സംഗീതമൊരുക്കുന്നത്. അഞ്ജന ഫിലിപ്പിന്റേയും വി. എ ശ്രീകുമാറിന്റെയും നേതൃത്വത്തിലുള്ള അഞ്ജന- വാര്‍സ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കിസ്മത്ത്, വലിയപെരുന്നാള്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുരേഷ് രാജനാണ് ഡിഒപി ഒരുക്കുന്നത്. രോമാഞ്ചം, റോഷാക്ക് അടക്കമുള്ള സിനിമകളുടെ എഡിറ്ററായ കിരണ്‍ ദാസാണ് ചിത്രസംയോജനം.

https://dailynewslive.in/ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് XUV700ന് പുതിയ AX5 സെലക്ട് വേരിയന്റ് പുറത്തിറക്കി. ഈ പുതിയ വേരിയന്റുകളുടെ എക്സ്-ഷോറൂം വില 16.89 രൂപ മുതല്‍ 18.99 ലക്ഷം രൂപ വരെയാണ്. 10.24-ഇഞ്ച് സൂപ്പര്‍ ഡ്യുവല്‍ എച്ച്ഡി സ്‌ക്രീന്‍, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, 7-സീറ്റര്‍ സീറ്റിംഗ് ലേഔട്ട് എന്നിവയുള്‍പ്പെടെയുള്ള നൂതന സവിശേഷതകളോടെ ഈ വേരിയന്റ് താങ്ങാനാവുന്ന ആഡംബരങ്ങള്‍ നല്‍കുന്നു. കൂടുതല്‍ വിലയുള്ള കാറുകളില്‍ മാത്രം ലഭ്യമായിരുന്ന പൊതുവെ ബന്ധപ്പെട്ടിരിക്കുന്ന ഈ പുതിയ ഫീച്ചറുകള്‍, താങ്ങാനാവുന്ന വിലയില്‍ ആഡംബരം ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് AX5 ടനെ നല്ലൊരു തിരഞ്ഞെടുപ്പാക്കി മാറ്റുന്നു. AX5 S ലൈനപ്പിലെ AX3, AX5 ട്രിമ്മുകള്‍ക്കിടയില്‍ സ്ഥാനംപിടിക്കുന്നു. ആന്‍ഡ്രോയിഡ് ഓട്ടോ, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, അഡ്രിനോ എക്സ് കണക്ട്, ആമസോണ്‍, അലക്‌സ, എല്‍ഇഡി ഡിആര്‍എല്ലുകളുള്ള ഫോളോ-മീ-ഹോം ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ലൈറ്റുകള്‍, ഫുള്‍ സൈസ് വീല്‍ കവറുകള്‍ തുടങ്ങിയ സവിശേഷതകള്‍ AX5 S ട്രിമ്മില്‍ വാഗ്ദാനം ചെയ്യുന്നു. മെക്കാനിക്കലായി, XUV700ന് കരുത്തേകുന്നത് 197 എച്ച്പിയും 380 എന്‍എമ്മും ഉത്പാദിപ്പിക്കുന്ന 2.0-ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനും 153-182 എച്ച്പിയും 360-420 എന്‍എമ്മും പുറപ്പെടുവിക്കുന്ന 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനുമാണ്. ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ 6-സ്പീഡ് മാനുവലും 6-സ്പീഡ് ഓട്ടോമാറ്റിക്കും ഉള്‍പ്പെടുന്നു.

https://dailynewslive.in/ സുന്ദരമായ ചെറുവള്ളിക്കാട്ടിന്റെ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്ക് വേണ്ടി രചിക്കപ്പെട്ട മനോഹരമായ നോവല്‍. കുട്ടികളില്‍ ഒരാളായി കഥ പറഞ്ഞ് പോകുന്ന കഥന രീതിയിലൂടെ വളരെ ലളിതമായ ഭാഷയില്‍ കാടിനെയും കാട്ടിലെ നമ്മുടെ സഹജീവികളുടെയും കഥ ആവിഷ്‌കരിച്ചിരിക്കുന്നു. ‘ചെറുവള്ളിക്കാട്ടിലെ ചെങ്ങായിമാര്‍’.

പി ഐ മിനി. കൈരളി ബുക്സ്. വില 123 രൂപ.

https://dailynewslive.in/ ജീവിതശൈലിയിലെ മാറ്റങ്ങള്‍ പലപ്പോള്‍ ആദ്യം ബാധിക്കുക ഉറക്കത്തെയാണ്. ഉറക്കക്കുറവ് പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന് നേരത്തെ പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്. എന്നാല്‍ ഒരു മണിക്കൂര്‍ ഉറക്കം നഷ്ടപ്പെടുന്നതു കൊണ്ട് ഉണ്ടാവുന്ന ആരോഗ്യപ്രശ്നങ്ങള്‍ മറികടക്കാന്‍ നാല് ദിവസം വരെ വേണ്ടി വരുമെന്ന് പ്രശസ്ത ന്യൂറോളജിസ്റ്റ് ആയ ഡോ. സുധീര്‍ കുമാര്‍ ചൂണ്ടികാട്ടുന്നു. എക്‌സിലൂടെ അദ്ദേഹം പങ്കുവെച്ച് ട്വീറ്റാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ഉറക്കനഷ്ടം ഒരു മണിക്കൂര്‍ മാത്രമാണെങ്കില്‍ പോലും അത് മറികടക്കാന്‍ നാല് ദിവസങ്ങള്‍ വരെ വേണ്ടി വരുമെന്ന് അദ്ദേഹം ട്വീറ്റില്‍ പറയുന്നു. തലവേദന, ശ്രദ്ധക്കുറവ്, അസ്വസ്ഥത, തീരുമാനങ്ങളെടുക്കാന്‍ ബുദ്ധിമുട്ട്, ഉറക്കച്ചടവ് തുടങ്ങിയവ ഉറക്കക്കുറവിന്റെ ലക്ഷണങ്ങളാണ്. ട്വീറ്റിന് താഴെ ഒരാള്‍ എത്ര മണിക്കൂളുകളാണ് ഉറങ്ങേണ്ടതെന്ന ചോദ്യത്തിന് പ്രായമനുസരിച്ച് ഡോക്ടര്‍ വിശദീകരിക്കുന്നുണ്ട്. മൂന്നുമാസം വരെ പ്രായമുള്ള കുട്ടികള്‍ 14 മുതല്‍ 17 മണിക്കൂറോളവും നാലു മുതല്‍ 12 മാസം വരെ പ്രായമുള്ള കുട്ടികള്‍ 12 മുതല്‍ 16 മണിക്കൂറോളവും ഒന്നു മുതല്‍ അഞ്ചു വയസ്സു വരെയുള്ള കുട്ടികള്‍ 10 മുതല്‍ 14 മണിക്കൂറോളവും ഉറങ്ങണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ആറു മുതല്‍ 12 വയസ്സു വരെയുള്ളവര്‍ 9 മുതല്‍ 12 മണിക്കൂര്‍ വരെയും 13 മുതല്‍ 18 വയസ്സു വരെയുള്ളവര്‍ എട്ടു മുതല്‍ 10 മണിക്കൂര്‍ വരെയും 18 വയസ്സിന് മുകളിലുള്ളവര്‍ 7 മുതല്‍ 9 മണിക്കൂര്‍ വരെയും ഉറങ്ങണം. അതേസമയം ജോലിത്തിരക്കോ മറ്റ് കാരണത്താലോ രാത്രി ഉറക്കം നഷ്ടമായാല്‍ പകല്‍ ഉറങ്ങുന്നത് നല്ലതാണെന്നും അദ്ദേഹം കമന്റില്‍ മറുപടി നല്‍കുന്നുണ്ട്. സ്ഥിരമായുള്ള ഉറക്കക്കുറവു ഹൈപ്പര്‍ടെന്‍ഷന്‍, ഹൃദ്രോഗം, പക്ഷാഘാതം, കാന്‍സര്‍ തുടങ്ങിയ ഗുരുതര രോഗങ്ങളിലേക്ക് നയിച്ചേക്കാം.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.17, പൗണ്ട് – 106.24, യൂറോ – 90.45, സ്വിസ് ഫ്രാങ്ക് – 91.23, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.41, ബഹറിന്‍ ദിനാര്‍ – 220.62, കുവൈത്ത് ദിനാര്‍ -271.12, ഒമാനി റിയാല്‍ – 216.10, സൗദി റിയാല്‍ – 22.17, യു.എ.ഇ ദിര്‍ഹം – 22.64, ഖത്തര്‍ റിയാല്‍ – 22.84, കനേഡിയന്‍ ഡോളര്‍ – 61.04.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *