yt cover 1

https://dailynewslive.in/ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം നാളെ അവസാനിക്കാനിരിക്കേ യുപിയിലെ അമേഠി, റായ്ബറേലി മണ്ഡലങ്ങളില്‍ ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. അമേഠിയില്‍ രാഹുല്‍ഗാന്ധിയും റായ്ബറേലിയില്‍ പ്രിയങ്കാ ഗാന്ധിയും സ്ഥാനാര്‍ത്ഥികളായി വരാന്‍ തന്നെയാണ് സാധ്യത. എന്നാല്‍ രണ്ടാമതൊരു സീറ്റില്‍ വിജയിച്ചാലും വയനാട് ഉപേക്ഷിക്കില്ലെന്ന് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയെ അറിയിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേഠി, റായ്ബറേലി മണ്ഡലങ്ങളില്‍ ഗാന്ധി കുടുംബം മത്സരിക്കണമെന്നും ഉത്തരേന്ത്യയിലെ സീറ്റുകളില്‍ മത്സരിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിന്റെയും, ഇന്ത്യ സഖ്യത്തിന്റെയും സാധ്യതകളെ ബാധിക്കുമെന്നും രാഹുല്‍ ഗാന്ധിയെ ഖര്‍ഗെ അറിയിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്.

https://dailynewslive.in/ എസ്എന്‍സി ലാവ്ലിന്‍ കേസ് സുപ്രീം കോടതി ഇന്നലെയും പരിഗണിച്ചില്ല. അന്തിമവാദത്തിനായുള്ള പട്ടികയില്‍ കേസ് ഇന്നലെ ഉണ്ടായിരുന്നുവെങ്കിലും മാറ്റിവെക്കുകയായിരുന്നു. സുപ്രീം കോടതിയുടെ മുമ്പാകെ വന്ന മറ്റു കേസുകള്‍ നീണ്ടുപോയതിനാലാണ് ഇന്നലെ പരിഗണിക്കാതിരുന്നത്. ഇന്നലത്തേതു കൂടി 39 ആം തവണയാണ് ഈ കേസ് മാറ്റിവയ്ക്കുന്നത്.

https://dailynewslive.in/ എസ് എന്‍ സി ലാവ്ലിന്‍ കേസ് ഇന്നത്തേക്ക് വീണ്ടും ലിസ്റ്റ് ചെയ്ത് സുപ്രിം കോടതി. ജസ്റ്റിസ് സൂര്യകാന്തിന്റെ ബെഞ്ചിന് മുമ്പാകെയാണ് ഹര്‍ജി ഇന്ന് പരിഗണനയ്ക്ക് എത്തുക. ഇന്നലെ അന്തിമ വാദം കേള്‍ക്കുമെന്നാണ് കോടതി കഴിഞ്ഞ വാദത്തില്‍ അറിയിച്ചിരുന്നത്. അതുകൊണ്ടാണ് കേസ് ഇന്നത്തേക്ക് സുപ്രീം കോടതി വീണ്ടും ലിസ്റ്റ് ചെയ്തത്.

*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*

മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ സംസ്ഥാനത്ത് ഇന്ന് മുതല്‍ ഡ്രൈവിങ് ലൈസന്‍സ് പരീക്ഷ പരിഷ്‌ക്കരണം നടപ്പാക്കാനുള്ള തീരുമാനവുമായി ഗതാഗത വകുപ്പ്. ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെയും സിഐടിയുവിന്റേയും പ്രതിഷേധത്തിനിടെയാണ് പരിഷ്‌കരണം. പുതിയ ട്രാക്കുകള്‍ ഒരുക്കിയിട്ടില്ലെങ്കിലും ചില മാറ്റങ്ങളോടെയാകും പരീക്ഷ. റോഡ് ടെസ്റ്റിന് ശേഷമാകും ‘ എച്ച്’ ടെസ്റ്റില്‍ പങ്കെടുപ്പിക്കുക. റോഡ് ടെസ്റ്റിലും ഇതുവരെ നടന്നു വന്ന രീതികളില്‍ മാറ്റമുണ്ടാകും.

https://dailynewslive.in/ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ.സി.യു പീഡനക്കേസിലെ അതിജീവിത സമരത്തിനിടയില്‍ കുഴഞ്ഞുവീണു. ഗൈനക്കോളജിസ്റ്റ് ഡോ. കെ.വി. പ്രീതിക്കെതിരായ അന്വേഷണറിപ്പോര്‍ട്ട് നല്‍കുന്നതുമായി ബന്ധപ്പെട്ട് ഉത്തര മേഖല ഐ.ജി. കെ. സേതുരാമന്‍ മറുപടി നല്‍കാത്ത സാഹചര്യത്തിലായിരുന്നു അതിജീവിത തിങ്കളാഴ്ച മുതല്‍ കമ്മിഷണര്‍ ഓഫീസിന് മുന്നില്‍ സമരം പുനരാരംഭിച്ചത്. കുഴഞ്ഞുവീണയുടനെ കോട്ടപ്പറമ്പ് ആശുപത്രിയിലും പിന്നീട് ബീച്ച് ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും വൈകുന്നേരത്തോടെ ഡിസ്ചാര്‍ജ് ചെയ്തു.

https://dailynewslive.in/ വൈക്കം കായലോര ബീച്ചില്‍ ക്രിക്കറ്റ് കളിക്കാനെത്തിയ 35-കാരന്‍ കളി കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞുവീന്ന് മരിച്ചു. തലയോലപ്പറമ്പ് തലപ്പാറ സ്വദേശി ഷെമീര്‍ ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചമുതല്‍ യുവാവും സംഘവും ഇവിടെ ക്രിക്കറ്റ് കളിക്കുന്നുണ്ടായിരുന്നു. വൈകീട്ട് വിശ്രമിക്കുമ്പോഴാണ് കുഴഞ്ഞ് വീണത്. പാലക്കാട്ടെ മണ്ണാര്‍ക്കാട് താലൂക്കില്‍ രണ്ടിടങ്ങളിലായി രണ്ടുപേര്‍ ഇന്നലെ കുഴഞ്ഞുവീണു മരിച്ചിരുന്നു. മണ്ണാര്‍ക്കാട് എതിര്‍പ്പണം ശബരി നിവാസില്‍ പി.രമണിയുടെയും അംബുജത്തിന്റെയും മകന്‍ ആര്‍.ശബരീഷ് (27), തെങ്കര പുളിക്കപ്പാടം വീട്ടില്‍ ഉണ്ണികൃഷ്ണന്റെ ഭാര്യ സരോജിനി (56) എന്നിവരാണ് മരിച്ചത്.

https://dailynewslive.in/ തൃശൂരിലും കണ്ണൂരിലും വയലുകളില്‍ വന്‍ തീപ്പിടുത്തം. ഏക്കറുകണക്കിന് ഭൂമിയിലാണ് തീ പടര്‍ന്നത്. പുല്ല് വളര്‍ന്നുനില്‍ക്കുന്ന വയലുകളില്‍ ഉച്ചയോടെയാണ് തീപ്പിടുത്തമുണ്ടായത്. ഇത് വേഗം തന്നെ പടരുകയായിരുന്നു. പ്രദേശത്താകെ പുക പടര്‍ന്ന് ഒന്നും കാണാനാകാത്ത അവസ്ഥ ആയതോടെയാണ് നാട്ടുകാര്‍ വിവരമറിഞ്ഞത്. കനത്ത ചൂടാണ് വയലുകളില്‍ തീപ്പിടുത്തമുണ്ടാകാന്‍ കാരണമായതെന്നാണ് നിഗമനം. ആളുകള്‍ക്ക് പരുക്കില്ല.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം ആഘോഷമാക്കൂ…*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ കൂടാതെ 17 ഇന്നോവ കാറുകളും

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 1):*

എപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ ◼️മേഖലാതല സമ്മാനങ്ങള്‍ : 170 ഐഫോണുകള്‍

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ പാലക്കാട് ഉയര്‍ന്ന താപനില സാധാരണയെക്കാള്‍ 3.7 ഡിഗ്രി സെല്‍ഷ്യസ് കൂടുതലും കോഴിക്കോട് ഉയര്‍ന്ന താപനില സാധാരണയേക്കാള്‍ 3.6 ഡിഗ്രി സെല്‍ഷ്യസ് കൂടുതലും രേഖപ്പെടുത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. പാലക്കാട് തൃശൂര്‍ കോഴിക്കോട് ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യതയും പ്രവചിച്ചിട്ടുണ്ട്.

https://dailynewslive.in/ സംസ്ഥാനത്ത് അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. ഇടിമിന്നല്‍ അപകടകാരികളായതിനാല്‍ അതീവ ജാഗ്രത വേണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

https://dailynewslive.in/ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്ന് കാണിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. നേരത്തെ ഇരുവര്‍ക്കുമെതിരെ ഇപി, വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.

https://dailynewslive.in/ ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ കെ എസ് ആര്‍ ടി സി എം ഡിക്ക് നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കെ എസ് ആര്‍ ടി സി നല്‍കിയ പരാതിയില്‍ മേയര്‍ ആര്യാ രാജേന്ദ്രനും കെ എസ് ആര്‍ ടി സി ബസ് ഡ്രൈവറും തമ്മിലെ തര്‍ക്കത്തില്‍ നിര്‍ണായകമായ സി സി ടി വി മെമ്മറി കാര്‍ഡ് കാണായതില്‍ പൊലീസ് കേസെടുത്തു. തമ്പാനൂര്‍ പൊലീസാണ് മെമ്മറി കാര്‍ഡ് കാണാതായതില്‍ കേസ് എടുത്തിരിക്കുന്നത്.

https://dailynewslive.in/ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ തടഞ്ഞുനിര്‍ത്തിയ, കെഎസ്ആര്‍ടിസി ബസിലെ സിസിടിവി മെമ്മറി കാര്‍ഡ് കാണായതില്‍ ദുരൂഹതയുണ്ടെന്ന് ഡ്രൈവര്‍ യദു. മെമ്മറി കാര്‍ഡ് പാര്‍ട്ടിക്കാര്‍ എടുത്തുമാറ്റിയതാകാമെന്നും യദു ആരോപിച്ചു. വാഹനം പുറപ്പെട്ടത് മുതല്‍ സിസിടിവി ക്യാമറ പ്രവര്‍ത്തിച്ചിരുന്നു. സ്‌ക്രീനില്‍ ദൃശ്യങ്ങള്‍ തെളിഞ്ഞു വന്നിരുന്നു എന്നും യദു വ്യക്തമാക്കി.

https://dailynewslive.in/ സൈബര്‍ ആക്രമണമുണ്ടായി എന്ന് കാട്ടി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ നല്‍കിയ പരാതിയില്‍ രണ്ട് കേസ്. ഔദ്യോഗിക ഫോണിലേക്ക് മോശം സന്ദേശം അയച്ചതിനാണ് ഒരു കേസ്. നവമാധ്യമങ്ങളിലൂടെ അധിപേക്ഷിച്ചുവെന്നതാണ് രണ്ടാമത്തെ കേസ്. അതേസമയം കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ യദു കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ കന്റോണ്‍മെന്റ് എസിപിക്ക് കൈമാറി. സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ കേസ് എടുക്കാതെ വന്നതോടെയാണ് യദു, സിറ്റി പൊലീസ് കമ്മീഷണര്‍ക്കും മനുഷ്യാവകാശ കമ്മീഷനും ഉള്‍പ്പടെ പരാതി നല്‍കിയത്.

https://dailynewslive.in/ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എക്കും പിന്തുണയുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. മേയര്‍ക്കെതിരെ സൈബര്‍ അതിക്രമം നടക്കുകയാണെന്നും, മേയര്‍ തെറ്റ് ചെയ്തിട്ടില്ലെന്നും കെഎസ്ആര്‍ടിസി ഡ്രൈവറാണ് മോശമായി പെരുമാറിയതെന്നും വികെ സനോജ് പറഞ്ഞു. പെണ്‍കുട്ടികള്‍ ഈ രീതിയില്‍ തന്നെ പ്രതികരിക്കണം. മറ്റേതെങ്കിലും പെണ്‍കുട്ടിയായിരുന്നെങ്കില്‍ വീരവനിതയാകുമായിരുന്നു. ആര്യയ്ക്ക് എതിരായ ആക്രമണം ഡിവൈഎഫ്ഐ ശക്തമായി കൈകാര്യം ചെയ്യുമെന്നും വികെ സനോജ് പറഞ്ഞു.

https://dailynewslive.in/ സമസ്തയും ഇകെ വിഭാഗവുമായുണ്ടായ തര്‍ക്കം പൊന്നാനിയിലും മലപ്പുറത്തും ബാധിച്ചില്ലെന്ന് മുസ്ലീം ലീഗ്. പൊന്നാനിയില്‍ ഭൂരിപക്ഷം കുറയുമെന്നും പതിനായിരത്തോളം വോട്ടുകള്‍ നഷ്ടമാകുമെന്നാണ് കണക്കാക്കല്‍. എന്നാല്‍ വിജയത്തെ ഇത് ബാധിക്കില്ല. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം സമസ്ത നേതാക്കള്‍ക്കെതിരെ പ്രതികരണം നടത്തരുതെന്ന് യോഗത്തില്‍ പാണക്കാട് സാദിഖലി തങ്ങള്‍ മുന്നറിയിപ്പ് നല്‍കി.

https://dailynewslive.in/ കലാകാരന്മാര്‍ക്ക് സ്വതന്ത്രമായി കലാപ്രവര്‍ത്തനം നടത്താനുള്ള സാഹചര്യം ഇന്ത്യയില്‍ ഇല്ലെന്ന് സാഹിത്യകാരന്‍ എന്‍.എസ്. മാധവന്‍. രാഷ്ട്രത്തെ പുനര്‍നിര്‍മിച്ച് ഒരു ഏകശിലാസമൂഹം സൃഷ്ടിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും ഇതിനായി വലതുപക്ഷ കക്ഷികള്‍ ജനങ്ങളുടെ വിനോദോപാധികളായ സാഹിത്യം, നാടകം, സിനിമ എന്നിവയെയാണ് കൂടുതലായി ഉപയോഗിക്കുന്നതെന്നും എന്‍.എസ് മാധവന്‍ പറഞ്ഞു.

https://dailynewslive.in/ ഡ്യൂട്ടിക്ക് പോയ പൊലീസുദ്യോഗസ്ഥനെ കാണാനില്ല. കോതമംഗലം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ പൈങ്ങോട്ടൂര്‍ സ്വദേശി ഷാജി പോളിനെയാണ് കാണാതായത്. ഇന്നലെ ജോലിക്കായി കോതമംഗലം സ്റ്റേഷനിലേക്ക് പുറപ്പെട്ട ഇദ്ദേഹത്തെക്കുറിച്ച് പിന്നീട് വിവരമൊന്നും ലഭിക്കാതാവുകയായിരുന്നു.

https://dailynewslive.in/ പൊലീസ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച് പ്രതികളെ രക്ഷപ്പെടുത്തിയ സംഭവത്തില്‍ കേസെടുത്ത് കഠിനംകുളം പൊലീസ്. അടിപിടിക്കും ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും ഉള്‍പ്പെടെ രണ്ടു കേസുകളാണ് എടുത്തിട്ടുള്ളത്. അടിപിടിക്കേസിലെ പ്രതികളായ നബിന്‍, കൈഫ് എന്നിവരെയാണ് ബന്ധുക്കള്‍ പോലീസിനെ ബന്ദിയാക്കി ജീപ്പില്‍ നിന്നും രക്ഷപ്പെടുത്തിയത്.

https://dailynewslive.in/ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ വീടിനുനേരെ വെടിവെപ്പ് നടന്ന കേസില്‍ അറസ്റ്റിലായ പ്രതികളിലൊരാള്‍ പോലീസ് കസ്റ്റഡിയില്‍ ആത്മഹത്യ ചെയ്തു. ഏപ്രില്‍ 26 ന് പഞ്ചാബില്‍ നിന്നും അറസ്റ്റ് ചെയ്ത അനൂജ് തപന്‍ (32) ആണ് മരിച്ചത്.

https://dailynewslive.in/ ചൈനീസ് ഗവേഷണ കപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്ത് നങ്കൂരമിടാന്‍ അനുമതി തേടി ചൈന. കഴിഞ്ഞ വര്‍ഷം ബഹിരാകാശ പേടകം ട്രാക്ക് ചെയ്യാന്‍ സാധിക്കുന്ന കപ്പല്‍ ശ്രീലങ്കന്‍ തീരത്ത് നങ്കൂരമിട്ടിരുന്നു. ഇന്ത്യയുടെ ആശങ്ക നിലനില്‍ക്കുന്നതിനിടെയാണ് ചൈനയുടെ ഈ ആവശ്യം. ഗവേഷണ കപ്പലാണെന്നാണ് ചൈന പറയുന്നത്. ചാരക്കപ്പലാണെന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ആരോപിക്കുന്നു.

https://dailynewslive.in/ തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനെ പ്രചാരണത്തില്‍ നിന്ന് വിലക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍. 48 മണിക്കൂര്‍ നേരത്തേക്കാണ് വിലക്ക് . മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ നടത്തിയ മോശം പരാമര്‍ശങ്ങളാണ് ചന്ദ്രശേഖര്‍ റാവുവിന് തിരിച്ചടിയായത്. റാവു പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

https://dailynewslive.in/ അശ്ലീല വീഡിയോ വിവാദത്തില്‍ ആദ്യമായി പ്രതികരിച്ച് കര്‍ണാടക ഹാസനിലെ ജെഡിഎസ് സ്ഥാനാര്‍ത്ഥി പ്രജ്വല്‍ രേവണ്ണ. അന്വേഷണവുമായി സഹകരിക്കാന്‍ ബെംഗലൂരുവില്‍ താന്‍ ഇല്ല, ഇക്കാര്യം അന്വേഷണസംഘത്തെ അഭിഭാഷകന്‍ വഴി അറിയിച്ചു, അവസാനം സത്യം തെളിയും- എന്നാണ് എക്സ് പോസ്റ്റ്. വീഡിയോകള്‍ വന്നതോടെ പിടിച്ചുനില്‍ക്കാനാകാത്ത സാഹചര്യം വരികയും ഇതോടെ വിദേശത്തേക്ക് കടക്കുകയുമായിരുന്നു പ്രജ്വല്‍.

https://dailynewslive.in/ കര്‍ണാടകയിലെ പ്രജ്വല്‍ രേവണ്ണ കേസില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ കുറ്റപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോണ്‍ഗ്രസിന് എല്ലാ കാര്യങ്ങളും മാസങ്ങള്‍ക്ക് മുമ്പേ അറിയാമായിരുന്നുവെന്നും എന്നാല്‍, നടപടിയെടുക്കുന്നതിന് വൊക്കലിഗ വിഭാഗത്തില്‍പ്പെട്ടവര്‍ വോട്ടു രേഖപ്പെടുത്തുന്നതുവരെ കോണ്‍ഗ്രസ് കാത്തിരുന്നുവെന്നും അമിത്ഷാ ആരോപിച്ചു.

https://dailynewslive.in/ ഉത്തര്‍പ്രദേശിലെ അമേഠി, റായ്ബറേലി സീറ്റുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതില്‍ പ്രതികരിച്ച് ജയറാം രമേശ്. രണ്ടു സീറ്റിലെയും സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതിന് കോണ്‍ഗ്രസ് അധ്യക്ഷനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും 24 മണിക്കൂറിനുള്ളില്‍ പ്രഖ്യാപനം വരുമെന്നും ജയറാം രമേശ് പറഞ്ഞു.

https://dailynewslive.in/ തൃണമൂല്‍ കോണ്‍ഗ്രസിനെതിരേ നടത്തിയ പ്രസംഗ വിവാദത്തില്‍ കുടുങ്ങി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.പിയുമായ അധീര്‍ രഞ്ജന്‍ ചൗധരി. തൃണമൂലിന് വോട്ടുചെയ്യുന്നതിനേക്കാള്‍ നല്ലത് ബി.ജെ.പിക്ക് വോട്ടുചെയ്യുന്നതാണെന്നുള്ള അധീറിന്റെ പ്രസ്താവനയാണ് വിവാദത്തിലായത്. തൃണമൂല്‍ കോണ്‍ഗ്രസ് ഈ പ്രസ്താവന പ്രചാരണത്തിനുള്ള ഒരു ആയുധമാക്കി മാറ്റിയിരിക്കുകയാണ്.

https://dailynewslive.in/ ബി.ജെ.പി കൊല്‍ക്കത്ത നോര്‍ത്ത് സ്ഥാനാര്‍ഥി തപസ് റെയുമായി, വേദി പങ്കിടുകയും സ്ഥാനാര്‍ഥിയെ പുകഴ്ത്തുകയും ചെയ്തതിന് തൃണമൂല്‍ പശ്ചിമ ബംഗാള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കുനാല്‍ ഘോഷിനെ പാര്‍ട്ടി സ്ഥാനത്തു നീക്കി. പാര്‍ട്ടി നിലപാടുകള്‍ക്ക് എതിരായി നടത്തിയ പ്രസ്താവന കൊണ്ടാണ് പുറത്താക്കിയത്.

https://dailynewslive.in/ ഐപിഎല്ലില്‍ കളിച്ചുകൊണ്ടിരിക്കുന്ന ഇംഗ്ലീഷ് താരങ്ങളെ തിരിച്ചുവിളിക്കാനുള്ള ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനം ഐപിഎല്‍ പ്ലേ ഓഫിനൊരുങ്ങുന്ന ടീമുകള്‍ക്ക് തിരിച്ചടിയായി. ടി 20 ലോകകപ്പ് ഒരുക്കത്തിന്റെ ഭാഗമായി പാകിസ്ഥാനുമായുള്ള ടി20പരമ്പരയില്‍ കളിക്കാനാണ് ബോര്‍ഡ് താരങ്ങളെ തിരിച്ചുവിളിച്ചിരിക്കുന്നത്. പ്ലേ ഓഫ് ഉറപ്പിച്ച സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സിനും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനുമാണ് ഈ തീരുമാനം വലിയ തിരിച്ചടിയാകുക. രാജസ്ഥാന് ഫോമിലുള്ള ഓപ്പണര്‍ ജോസ് ബട്ട്‌ലറേയും കൊല്‍ക്കത്തയ്ക്ക് മികച്ച ഫോമില്‍ കളിക്കുന്ന ഫില്‍ സാള്‍ട്ടിനേയും നഷ്ടമാകും.

https://dailynewslive.in/ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ഏഴ് വിക്കറ്റിന് തോല്‍പിച്ച് പ്ലേഓഫ് സാധ്യത നിലനിര്‍ത്തി പഞ്ചാബ് കിംഗ്‌സ്. 62 റണ്‍സെടുത്ത റിതുരാജ് ഗെയ്ക്കവാദിന്റെ കരുത്തില്‍ ചെന്നൈ 7 വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് 17.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി.

https://dailynewslive.in/ പ്രമുഖ നിക്ഷേപ സേവന സ്ഥാപനമായ ജിയോജിതിന്റെ 2023-24 സാമ്പത്തിക വര്‍ഷത്തിലെ പ്രവര്‍ത്തനഫലം ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ചു. മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 624 കോടി രൂപയാണ് കമ്പനിയുടെ മൊത്തം വരുമാനം. 2022-23 വര്‍ഷത്തിലെ 448 കോടി രൂപയില്‍ നിന്ന് 39 ശതമാനം വര്‍ധന മൊത്തം വരുമാനത്തില്‍ രേഖപ്പെടുത്തി. നികുതിക്ക് മുന്‍പുള്ള ലാഭം മുന്‍ സാമ്പത്തിക വര്‍ഷത്തിലെ 119 കോടിയില്‍ നിന്നും 61 ശതമാനം വര്‍ധിച്ച് 192 കോടി രൂപയായി. അറ്റാദായം 101 കോടി രൂപ ആയിരുന്നത് 48 ശതമാനം ഉയര്‍ന്ന് 149 കോടി രൂപയായി. നാലാം പാദത്തിലെ മൊത്തം വരുമാനം 209 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 79 ശതമാനത്തിന്റെ വര്‍ധനയാണ് വരുമാനത്തില്‍ ഉണ്ടായിരിക്കുന്നത്. 2022-23 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ 117 കോടി രൂപയായിരുന്നു കമ്പനിയുടെ മൊത്തം വരുമാനം. നികുതിക്ക് മുന്‍പുള്ള ലാഭം മുന്‍ വര്‍ഷത്തെ 29 കോടി രൂപയില്‍ നിന്ന് 66 കോടി രൂപയിലെത്തി. 128 ശതമാനത്തിന്റെ വര്‍ധന. അറ്റാദായം 30 കോടി രൂപയില്‍ നിന്ന് 73 ശതമാനം വര്‍ധിച്ച് 52 കോടി രൂപയായി. ഒരു രൂപ മുഖവിലയുള്ള ഒരു ഓഹരിക്ക് 1.50 രൂപ (150 ശതമാനം) എന്ന നിരക്കില്‍ ലാഭവിഹിതം നല്‍കാന്‍ ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തു. കമ്പനിയുടെ ക്യാപിറ്റല്‍ മാര്‍ക്കറ്റ് ബിസിനസ് വിപുലീകരിക്കുന്നതിനായി ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്ററില്‍ 10 ലക്ഷം ഡോളര്‍ നിക്ഷേപിക്കുന്നതിനും ബോര്‍ഡ് അനുമതി നല്‍കി. ജിയോജിത്തിന് നിലവില്‍ 13 ലക്ഷത്തിലധികം ഇടപാടുകാരുണ്ട്. 2024 മാര്‍ച്ച് 31 വരെയുള്ള കണക്ക് പ്രകാരം കമ്പനി കൈകാര്യം ചെയ്യുന്ന ഇടപാടുകാരുടെ ആസ്തി 93,000 കോടി രൂപയാണ്.

https://dailynewslive.in/ ആരാധകരുടെയും സിനിമാപ്രേമികളുടെയും കാത്തിരിപ്പിന് വിരാമമിട്ട് അല്ലു അര്‍ജുന്‍ ചിത്രം ‘പുഷ്പ 2’വിന്റെ ആദ്യ ഗാനം പുറത്തിറങ്ങി. ലോക തൊഴിലാളി ദിനത്തോട് അനുബന്ധിച്ചാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. ‘നിന്റെ കയ്യാണ് നിന്റെ ബ്രാന്‍ഡ്’ എന്ന ടാഗ് ലൈനോടെ എത്തിയ ‘പുഷ്പ പുഷ്പ’ എന്നുതുടങ്ങുന്ന ഗാനത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ദേവി ശ്രീ പ്രസാദാണ്. വിവിധ ഭാഷകളില്‍ പുറത്തിറങ്ങിയ ഗാനം ആലപിച്ചിരിക്കുന്നത് തെലുങ്കിലും തമിഴിലും നകാഷ് അസീസ് & ദീപക് ബ്ലൂ, മലയാളത്തില്‍ രഞ്ജിത്ത് കെ ജി, ഹിന്ദിയില്‍ മിക്കാ സിങ്ങ് & ദീപക് ബ്ലൂ, കന്നഡയില്‍ വിജയ് പ്രകാശ്, ബംഗാളിയില്‍ തിമിര്‍ ബിശ്വാസ് എന്നിവരാണ്. ആരാധകര്‍ക്ക് ആഘോഷിക്കാന്‍ ഉതകുന്ന തരത്തിലുള്ള ഒരു ഗാനമാണ് ദേവി ശ്രീ പ്രസാദ് ഒരുക്കിയിരിക്കുന്നത്. ആഗോള തലത്തില്‍ ഏറെ ശ്രദ്ധ നേടാന്‍ സാധ്യതയുള്ള ചിത്രമാണ് പുഷ്പ 2 എന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. 2024 ഓഗസ്റ്റ് 15നു സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചാണ് പുഷ്പ 2 തീയറ്ററുകളിലെത്തുക. 2021ല്‍ പുറത്തിറങ്ങി എല്ലാ രീതിയിലും ഒരു പാന്‍-ഇന്ത്യന്‍ ചിത്രം എന്ന വിളിപ്പേരിന് അര്‍ഹമായ പുഷ്പയുടെ രണ്ടാം ഭാഗമായാണ് പുഷ്പ 2 എത്തുന്നത്.

https://dailynewslive.in/ തമിഴ്നാട്ടില്‍ റീ റിലീസായി എത്തുന്ന ചിത്രങ്ങളും വന്‍ ഹിറ്റാകുകയാണ്. വിജയ് നായകനായി ഹിറ്റായ ഗില്ലിയും തിയറ്ററുകളിലേക്ക് വീണ്ടുമെത്തിയിരിക്കുകയാണ്. 2004ല്‍ ആഗോളതലത്തില്‍ ഗില്ലി 50 കോടി ക്ലബില്‍ ഇടംനേടിയിരുന്നു. വീണ്ടും എത്തിയപ്പോള്‍ അമ്പരപ്പിക്കുന്ന തിയറ്റര്‍ കളക്ഷനാണ് ഗില്ലിക്ക് ലഭിക്കുന്നത്. വിജയ് നായകനായ ഗില്ലി 20 കോടിയില്‍ അധികം തമിഴ്നാട്ടില്‍ നിന്ന് മാത്രമായി കളക്ഷന്‍ നേടിയിട്ടുണ്ട്. റി റീലീസില്‍ വിജയ്യുടെ ഗില്ലിയുടെ കളക്ഷന്‍ ഇന്ത്യയില്‍ റെക്കോര്‍ഡാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ റീ റിലീസായ ചിത്രങ്ങളില്‍ ഇന്ത്യയില്‍ ടൈറ്റാനിക് ത്രീഡിയേക്കാളും ഗില്ലി കളക്ഷന്‍ നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. എന്തായാലും വമ്പന്‍ വിജയമാണ് ഗില്ലിയുടേതുമെന്നാണ് കളക്ഷന്‍ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നതെന്നാണ് റിപ്പോര്‍ട്ട്. വിജയ് നായകനായ ഗില്ലിയുടെ തിരക്കഥയും സംവിധാനവും ധരണിയായിരുന്നു. തൃഷയാണ് വിജയ് നായകനായ ഗില്ലി സിനിമയില്‍ നായികയായത്. ഛായാഗ്രാഹണം എസ് ഗോപിനാഥായിരുന്നു. വിജയ്യുടെ എക്കാലത്തെയും ഹിറ്റുകളിലൊന്നായ ഗില്ലിയുടെ സംഗീതം വിദ്യാസാഗറായിരുന്നു.

https://dailynewslive.in/ ഇന്ത്യന്‍ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ നാലാം തലമുറയില്‍പ്പെട്ട പുതിയ സ്വിഫ്റ്റിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു. എക്‌സ്‌ചേഞ്ച് ഫയലിങ്ങിലാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. പുതിയ സ്വിഫ്റ്റ് 11,000 രൂപ നല്‍കി ഉപഭോക്താക്കള്‍ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യാമെന്നും മാരുതി അറിയിച്ചു. സ്പോര്‍ട്ടി ഡിസൈനിലാണ് പുതിയ സ്വിഫ്റ്റ് നിര്‍മ്മിക്കുന്നത്. പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റില്‍ വലിയ മാറ്റം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ സ്വിഫ്റ്റ് ഇറക്കുന്നതെന്നും കമ്പനി അറിയിച്ചു. മാരുതി സുസുക്കിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ കയറി ഓണ്‍ലൈനായും അടുത്തുള്ള മാരുതി സുസുക്കി അരീന ഷോറൂമുകള്‍ സന്ദര്‍ശിച്ചും പുതിയ സ്വിഫ്റ്റ് ബുക്ക് ചെയ്യാവുന്നതാണെന്നും കമ്പനി അറിയിച്ചു. ഈ മാസം അവസാനം വാഹനം വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പഴയ സ്വിഫ്റ്റിനെ അപേക്ഷിച്ച് വില അല്‍പ്പം കൂടാന്‍ സാധ്യതയുണ്ട്. നിലവിലുള്ള മോഡലിന് 6.24 ലക്ഷം രൂപ മുതലാണ് എക്‌സ്‌ഷോറൂം വില. ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, 360 ഡിഗ്രി കാമറ, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ എന്നിവയോട് കൂടി യാത്രയ്ക്ക് കൂടുതല്‍ സുരക്ഷിതത്വം ഉറപ്പുനല്‍കുന്ന തരത്തിലായിരിക്കും പുതിയ മോഡല്‍ ഇറങ്ങുക.

https://dailynewslive.in/ ഇളങ്കോഅടികളുടെ തമിഴ് മഹാകാവ്യമായ ‘ചിലപ്പതികാര’ത്തിലും തെക്കന്‍ തിരുവിതാംകൂറിലെ ഭദ്രകാളി മുടിപ്പുരകളില്‍ പാടുന്ന അനുഷ്ഠാനഗാനമായ തോറ്റംപാട്ടിലും പരാമര്‍ശിക്കുന്ന കണ്ണകിയുടെയും ഭര്‍ത്താവിന്റെയും കഥയാണ് ഈ നോവലിന്റെ ഇതിവൃത്തമെന്ന് വിശാലാര്‍ഥത്തില്‍ പറയാം. തന്റെ കാല്‍ച്ചിലമ്പു വില്ക്കാന്‍ മധുരയിലെത്തിയ ഭര്‍ത്താവ് പാലകനെ തെറ്റിദ്ധാരണമൂലം മോഷണക്കുറ്റമാരോപിച്ചു വധിച്ച പാണ്ഡ്യരാജാവിനോടു പ്രതികാരം വീട്ടാന്‍ മുല പറിച്ചെറിഞ്ഞ് ആ നഗരം എരിച്ചുകളഞ്ഞ കണ്ണകിയുടെ പുരാവൃത്തം പ്രാചീന ചേരരാജ്യത്തിന്റെയും തമിഴകത്തിന്റെയും രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക-സാംസ് കാരിക പശ്ചാത്തലത്തിലുള്ള ആഖ്യായികയായി ദീപു വികസിപ്പിക്കുന്നു. പുരാവൃത്തത്തില്‍നിന്ന് ഒരു ഭാവനാലോകം സൃഷ്ടിക്കുന്ന ഈ പുതിയ ചരിത്രനോവല്‍ പുകള്‍പെറ്റ പ്രാചീന നഗരങ്ങളായ പുകാറിന്റെയും വഞ്ചിയുടെയും മധുരയുടെയും കഥയാണ്; ഒപ്പം മറ്റു പല കഥകളും. ‘കണ്ണകി’. ദീപു. ഡിസി ബുക്സ്. വില 342 രൂപ.

https://dailynewslive.in/ ഉയര്‍ന്ന അളവില്‍ അയേണ്‍, കാല്‍സ്യം, പ്രോട്ടീന്‍ എന്നിവ അടങ്ങിയിട്ടുള്ള ഒന്നാണ് മുതിര. കൊഴുപ്പ് തീരെ അടങ്ങിയിട്ടില്ലാത്ത മുതിരയില്‍ ധാരാളം കാര്‍ബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്. കഴിച്ചു കഴിഞ്ഞാല്‍ ദഹിക്കാനായി ഏറെ നേരം വേണ്ടി വരുമെന്നത് കൊണ്ടു തന്നെ വിശപ്പറിയാത്തതിനാല്‍ അമിതവണ്ണമുളളവര്‍ക്കും പ്രമേഹരോഗികള്‍ക്കും ഇടവേളകളില്‍ മുതിര കൊണ്ട് തയ്യാറാക്കിയ ആഹാരം കഴിക്കാം. ധാരാളം ആന്റി ഓക്സിഡന്റ് അടങ്ങിയതിനാല്‍ പ്രായത്തെ ചെറുക്കാനും മുതിര കഴിക്കുന്നത് സഹായിക്കും. കൊളസ്ട്രോളിനെ ചെറുക്കാനും തണുപ്പുളള കാലാവസ്ഥയില്‍ ശരീരത്തിന്റെ ഊഷ്മാവ് നിലനിര്‍ത്താനും മുതിര സഹായിക്കും. ശരീരത്തിനകത്ത് ഊഷ്മാവ് വര്‍ധിക്കാന്‍ കാരണമാകുമെന്നതിനാല്‍ ചൂടുകാലത്ത് മുതിര ഒഴിവാക്കുന്നതാണ് നല്ലത്. ധാരാളമായി കാല്‍സ്യം, ഫോസ്ഫറസ്, അയേണ്‍, അമിനോ ആസിഡ് എന്നിവ അടങ്ങിയിട്ടുളളതിനാല്‍ പുരുഷന്മാരിലെ സ്പേം കൗണ്ട് വര്‍ധിക്കാനും മുതിര സഹായിക്കും. സ്ത്രീകളില്‍ ആര്‍ത്തവപ്രശ്നങ്ങള്‍ പരിഹരിക്കാനും ആര്‍ത്തവകാലത്തുണ്ടാകുന്ന ബ്ലീഡിങ് കാരണമുളള ഹീമോഗ്ലോബിന്റെ കൗണ്ട് കുറയുന്നത് പരിഹരിക്കാനും മുതിര കഴിക്കുന്നത് സഹായിക്കും. ധാരാളം നാര് അടങ്ങിയിട്ടുളളതിനാല്‍ മലബന്ധം പരിഹരിക്കാനും മുതിര സഹായിക്കും. മുതിരയിട്ട് തിളപ്പിച്ച വെള്ളം കഴിക്കുന്നത് പനി നിയന്ത്രിക്കാന്‍ സഹായിക്കും.

*ശുഭദിനം*

*കവിത കണ്ണന്‍*

തന്റെ പുസ്തകം പ്രസിദ്ധീകരിക്കണെന്ന ആശയോടെയാണ് കയ്യെഴുത്തുപ്രതിയുമായി അയാള്‍ പ്രസാധകനെ സമീപിച്ചത്. പ്രസാധകന്‍ ചോദിച്ചു: ഇതിനേക്കാള്‍ നന്നായി നിങ്ങള്‍ക്ക് എഴുതുവാന്‍ സാധിക്കില്ലേ? അയാള്‍ പറഞ്ഞു: തീര്‍ച്ചയായും. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അയാള്‍ പുതിയ കയ്യെഴുത്തുപ്രതിയുമായി തിരിച്ചെത്തി. അതൊന്ന് മറിച്ചുനോക്കിയശേഷം പ്രസാധകന്‍ വീണ്ടും ചോദിച്ചു: ഇതിനേക്കാള്‍ കുറച്ചുകൂടി മെച്ചപ്പെടുത്താന്‍ സാധിക്കില്ലേ? ശ്രമിച്ചുനോക്കാം.. അയാള്‍ പറഞ്ഞു. പിന്നെയും കുറച്ച് നാള്‍കഴിഞ്ഞ് അയാള്‍ വീണ്ടും തിരിച്ചെത്തി. അപ്പോഴും പ്രസാധകന്‍ പഴയ ചോദ്യം ആവര്‍ത്തിച്ചു. ഇത് കേട്ടപ്പോള്‍ അയാള്‍ക്ക് ദേഷ്യം വന്നു. അയാള്‍ പറഞ്ഞു: ഇതെന്റെ ഏറ്റവും മികച്ചതാണ്. ഇതിനേക്കാള്‍ നന്നായി എഴുതാന്‍ എനിക്ക് കഴിയില്ല. അപ്പോള്‍ പ്രസാധകന്‍ പറഞ്ഞു: ഇനി ഞങ്ങള്‍ ഈ പുസ്തകം പ്രസിദ്ധീകരിക്കാം. താങ്കള്‍ അഡ്വാന്‍സ് വാങ്ങിക്കോളൂ… ജീവിതത്തില്‍ രണ്ടുതരത്തിലുളള നിര്‍ബന്ധബുദ്ധി നല്ലതാണ്. ഏററും മികച്ചത് മാത്രമേ സ്വീകരിക്കൂ എന്നതും, ഏറ്റവും മികച്ചത് മാത്രമേ നല്‍കൂ എന്നതും. ഉത്തമമായത് എപ്പോഴും ലഭ്യമാവുകയില്ല. കാത്തിരിക്കേണ്ടി വരും. ദൃശ്യമായ ബലഹീനതകള്‍ക്കുളളില്‍ അദൃശ്യമായ മികവിന്റെ സാധ്യതകള്‍ കണ്ടെത്തുന്നവരാണ് നല്ലത് രൂപപ്പെടുത്തുന്നവര്‍. അത് വേദനാജനകമാകാം, സംഘര്‍ഷഭരിതമാകാം, അഹംബോധത്തെ ഉണര്‍ത്തുന്നതാകാം. പക്ഷേ, ഒരു കാര്യം ഉറപ്പാണ് ശ്രേഷ്ഠമായതിനെ പുറത്തെടുക്കാന്‍ സമയം ചിലവഴിച്ചാല്‍ ആ മികവ് പുറത്ത് വരിക തന്നെ ചെയ്യും.. ഇതു തന്നെയാണ് സ്വയം മെച്ചപ്പെടാനുളള മാര്‍ഗ്ഗവും – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *