മോദി സര്‍ക്കാരിനെതിരെ ന്യൂഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ നടന്ന ഇന്ത്യ സഖ്യം പ്രഖ്യാപിച്ച ലോകതന്ത്ര് ബചാവോ മഹാറാലിയില്‍ അണി നിരന്ന് 28 പ്രതിപക്ഷ പാര്‍ട്ടികള്‍. സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, മല്ലികാര്‍ജുന ഖര്‍ഗെ, സിതാറാം യെച്ചൂരി, ശരദ് പവാര്‍, ഉദ്ധവ് താക്കറേ, അഖിലേഷ് യാദവ്, തേജസ്വി യാദവ്, ഫറൂഖ് അബ്ദുള്ള, മെഹ്ബൂബ മുഫ്തി അടക്കം പ്രധാന നേതാക്കളെല്ലാം രാം ലീല മൈതാനിയിലെത്തി. ഇവര്‍ക്കൊപ്പം ബിജെപി സര്‍ക്കാര്‍ ജയിലിലടച്ച കെജ്രിവാളിന്റെ ഭാര്യ സുനിതയും ഹേമന്ത് സോറന്റെ ഭാര്യ കല്പനയും വേദിയില്‍ സന്നിഹിതരായി.
ക്രിക്കറ്റിലെ ‘മാച്ച് ഫിക്‌സിങ്’ ലോക്‌സഭാ തിരഞ്ഞെടുപ്പിലും നടത്താന്‍ നരേന്ദ്ര മോദി ശ്രമിക്കുകയാണെന്ന് ഇന്ത്യ സഖ്യ റാലിയില്‍ രാഹുല്‍ ഗാന്ധി. അമ്പയര്‍മാരെ മോദി വശത്താക്കിക്കഴിഞ്ഞു. രണ്ട് കളിക്കാരെ ഇതിനകം ജയിലഴിയ്ക്കുള്ളിലാക്കി. വോട്ടിങ് മെഷീനും മാച്ച് ഫിക്‌സിങ്ങും സാമൂഹിക മാധ്യമങ്ങളും ഇല്ലാതേയോ മാധ്യമങ്ങളെ സമ്മര്‍ദത്തിലാക്കാതേയോ അവര്‍ക്ക് 180-ല്‍ അധികം സീറ്റ് നേടാനാകില്ലെന്നും രാഹുല്‍ പറഞ്ഞു.
കേജ്രിവാള്‍ സിംഹമാണെന്നും ബിജെപിക്ക് ദീര്‍ഘകാലം അദ്ദേഹത്തെ ജയിലില്‍ വയ്ക്കാന്‍ സാധിക്കില്ലെന്നും കോടിക്കണക്കിന് ആളുകളുടെ ഹൃദയത്തിലാണ് അദ്ദേഹമുള്ളതെന്നും ഇന്ത്യ സഖ്യ റാലിയില്‍ കേജ്രിവാളിന്റെ ഭാര്യ സുനിത കേജ്രിവാള്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകാധിപത്യം ഇഷ്ടപ്പെടുന്നയാളാണെന്നും ബിജെപിയും ആര്‍എസ്എസും വിഷം പോലെയാണെന്നും ഇന്ത്യാ സഖ്യ റാലിയില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. ജനാധിപത്യമാണോ ഏകാധിപത്യമാണോ വേണ്ടതെന്ന് നിങ്ങള്‍
തീരുമാനിക്കണമെന്നും സ്വേഛാധിപത്യത്തെ പിന്തുണയ്ക്കുന്നവരെ രാജ്യത്തുനിന്ന് ചവിട്ടി പുറത്താക്കണമെന്നും ഖാര്‍ഗെ പറഞ്ഞു.
ഭഗവാന്‍ രാമന്‍ സത്യത്തിനു വേണ്ടി പോരാടുമ്പോള്‍ അദ്ദേഹത്തിനു പണമോ അധികാരമോ ഉണ്ടായിരുന്നില്ലെന്നും എന്നാല്‍ രാവണന് പണവും അധികാരവും സൈന്യവുമുണ്ടായിരുന്നുവെന്നും ഇന്ത്യാ സഖ്യ റാലിയില്‍ പ്രിയങ്ക ഗാന്ധി. സത്യം, പ്രതീക്ഷ, വിശ്വാസം, ക്ഷമ, ധൈര്യം എന്നിവയായിരുന്നു ഭഗവാന്‍ രാമനുണ്ടായിരുന്നതെന്ന് പ്രിയങ്ക പറഞ്ഞു.
അയോധ്യയില്‍ ഇക്കുറി രാംലല്ലയും ഹോളി ആഘോഷിച്ചുവെന്നും മുത്തലാഖ് നിരോധിച്ച് മുസ്ലീം സ്ത്രീകളുടെ അവകാശം സംരക്ഷിച്ചുവെന്നും ഉത്തര്‍പ്രദേശിലെ മീററ്റില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ നരേന്ദ്ര മോദി. ഇന്ത്യയെ വികസിത രാജ്യമാക്കാനുള്ള തെരഞ്ഞെടുപ്പാണിതെന്നും അഴിമതിക്കാരെ ഇല്ലാതാക്കമെന്നും മോദി പറഞ്ഞു. അഴിമതിക്കാരില്‍ നിന്ന് ഇഡി പിടിച്ചെടുത്ത പണം രാജ്യത്തെ സാധാരണക്കാര്‍ക്ക് തിരിച്ചുനല്‍കുമെന്നും മോദി ആവര്‍ത്തിച്ചു. അഴിമതിക്കാരെ സംരക്ഷിക്കാനാണ് പ്രതിപക്ഷ നീക്കമെന്നും അഴിമതിക്കാരുടെ ഇന്ത്യ സഖ്യത്തെ ഭയമില്ലെന്നും മോദി വ്യക്തമാക്കി.
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഫോണിന്റ പാസ്വേര്‍ഡ് നല്‍കണമെന്നാവശ്യപ്പെട്ട് ആപ്പിള്‍ കമ്പനിയെ സമീപിച്ച് ഇഡി. ഫോണിന്റെ പാസ്വേര്‍ഡ് നല്‍കാന്‍ കെജ്രിവാള്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് ഇഡിയുടെ നീക്കം.എന്നാല്‍, പാര്‍ട്ടി വിവരങ്ങള്‍ ചോര്‍ത്താനാണ് ഇഡിയുടെ ശ്രമമെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു.
പൂക്കോട് ഗവ. വെറ്ററിനറി കോളേജിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്‍ മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പറഞ്ഞുപറ്റിച്ചെന്നും അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിച്ചെന്നും സിദ്ധാര്‍ഥന്റെ പിതാവ് ജയപ്രകാശ്. അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ക്ളിഫ് ഹൗസിനു മുന്നില്‍ സമരം നടത്തുമെന്നും ജയപ്രകാശ് പറഞ്ഞു. നിരന്തമായി കോളേജില്‍ എത്തിയിരുന്ന അര്‍ഷോയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യണമെന്നും സിദ്ധാര്‍ഥനെതിരെ പരാതി കൊടുത്ത പെണ്‍കുട്ടിയേയും കേസില്‍ പ്രതി ചേര്‍ക്കണമെന്നും എം.എം,മണിയുടെ ചിറകിനകത്തിരിക്കുന്ന അക്ഷയിനെ അറസ്റ്റ് ചെയ്യണമെന്നും ജയപ്രകാശ് ആവശ്യപ്പെട്ടു.
ന്യുനപക്ഷ വിഷയങ്ങള്‍ ഇടത് പക്ഷം കാണുന്നത് വോട്ട് വിഷയമായല്ല,ജനാധിപത്യ വിഷയമാണ് കാണുന്നതെന്നും വലിയ തോതിലുള്ള ന്യുന പക്ഷ മുന്നേറ്റം കോണ്‍ഗ്രസിനെയും ബിജെപിയെയും ഭയപ്പെടുത്തുന്നുവെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ലോക്സഭ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് അനുകൂല കാറ്റാണ് സംസ്ഥാനത്തെന്നും ബിനോയ് വിശ്വം അവകാശപ്പെട്ടു.
സംസ്ഥാനത്ത് ആലപ്പുഴ, തൃശൂര്‍, തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തീരപ്രദേശങ്ങളില്‍ കടലാക്രമണം. തിരുവനന്തപുരത്ത് പുല്ലുവിള, അടിമലത്തുറ, പുതിയതുറ, പൂന്തുറ, തൂമ്പ എന്നിവിടങ്ങളിലെല്ലാം കടല്‍ കയറി. ആലപ്പുഴയില്‍ പുറക്കാട്, വളഞ്ഞ വഴി, ചേര്‍ത്തല, പള്ളിത്തോട് ഭാഗങ്ങളിലാണ് കടലാക്രമണം അനുഭവപ്പെട്ടത്. തൃശൂരില്‍ പെരിഞ്ഞനത്തും കൊല്ലത്ത് മുണ്ടയ്ക്കലിലാണ് കടലാക്രമണം. ഇനിയും ഉയര്‍ന്ന ശക്തമായ തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
വടക്കഞ്ചേരി-മണ്ണുത്തി ആറുവരി പാതയില്‍ ഇന്ന് മുതല്‍ പുതിയ നിരക്ക്. കുതിരാന്‍ ഇരട്ട തുരങ്കങ്ങളില്‍ ഒന്ന് താല്‍ക്കാലികമായി അടച്ച സാഹചര്യത്തില്‍ നിരക്ക് ഉയര്‍ത്തുന്നത് പരസ്യമായ വെല്ലുവിളി ആണെന്നാണ് യാത്രക്കാരുടെ പരാതി. പണി പൂര്‍ത്തിയാക്കാതെ ടോള്‍ പിരിക്കരുതെന്ന പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി പരിഗണിക്കാന്‍ ഇരിക്കെ ആണ് നിരക്ക് വര്‍ദ്ധന.
റിയാസ് മൗലവി കേസില്‍ ഒത്തുകളി നടന്നിട്ടില്ലെന്നും അപ്പീലില്‍ പൂര്‍ണ്ണമായും നീതി ലഭിക്കുമെന്നും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ടി. ഷാജിത്ത്.
അതേസമയം വിചാരണ കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിക്കെതിരായ തുടര്‍ നിയമനടപടികള്‍ക്ക് എജിയെ ചുമതലപ്പെടുത്തി. വേഗത്തില്‍ അപ്പീല്‍ നല്‍കാനാണ് എജിക്ക് നല്‍കിയ നിര്‍ദ്ദേശം.
കര്‍ണാടകയിലെ ബിജെപിയുടെ പോസ്റ്ററില്‍ ചിത്രങ്ങള്‍ വന്നതില്‍ വിശദീകരണവുമായി ജെഡിഎസിന്റെ സംസ്ഥാന അധ്യക്ഷന്‍ മാത്യു ടി തോമസും മന്ത്രി കെ കൃഷ്ണന്‍ കുട്ടിയും. പോസ്റ്റര്‍ വ്യാജമായി നിര്‍മ്മിച്ചതെന്ന് ഇരുവരും പറഞ്ഞു. എന്‍ഡിഎയുമായുള്ള ബന്ധം പണ്ടേ ഉപേക്ഷിച്ചതാണെന്നും വ്യാജ പോസ്റ്റര്‍ ഇറക്കിയതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഇരുവരും പറഞ്ഞു.
പെന്‍ഷന്‍ വാങ്ങാന്‍ ഇനി പൊന്നമ്മയില്ല. പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ഇടുക്കി വണ്ടിപ്പെരിയാറില്‍ റോഡില്‍ കസേരയിട്ട് പ്രതിഷേധിച്ച 90കാരി പൊന്നമ്മ മരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്നലെയായിരുന്നു അന്ത്യം.
തിരുവല്ല ചാത്തങ്കരയിലുള്ള ഭിന്നശേഷിക്കാരനായ 16കാരന് സംരക്ഷണകേന്ദ്രത്തില്‍ വെച്ച് ക്രൂരമായി മര്‍ദ്ദനമേറ്റെന്ന പരാതിയില്‍ തിരുവനന്തപുരം വെള്ളറട സ്നേഹഭവന്‍ സ്പെഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഷീജ, ജീവനക്കാരി സിസ്റ്റര്‍ റോസി എന്നിവരെയാണ് പ്രതിചേര്‍ത്ത് തിരുവല്ല പൊലീസ് കേസെടുത്തു. ജുവനൈല്‍, ഭിന്നശേഷി സംരക്ഷണ നിയമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് എഫ്ഐആര്‍.
മാര്‍ച്ച് 12ന് മരിച്ച നിലയില്‍ കണ്ടെത്തിയ പത്തനംതിട്ട കടമ്പനാട് വില്ലേജ് ഓഫീസര്‍ മനോജിന്റെ ആത്മഹത്യയ്ക്ക് കാരണം രാഷ്ട്രീയ സമ്മര്‍ദ്ദമെന്ന് വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട്. അടൂര്‍ ആര്‍ഡിഒ ആണ് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. സമ്മര്‍ദം ഏത് രാഷ്ട്രീയ കക്ഷിയുടേതെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ഭരണകക്ഷി നേതാക്കളുടെ ഭീഷണി ഉണ്ടായിരുന്നുവെന്ന് കുടുംബം ആരോപിച്ചിരുന്നു.
പിതാവിനെ കാണാന്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെത്തിയ യുവതിയെ സുഹൃത്ത് കുത്തിക്കൊന്നു. മൂവാറ്റുപുഴ നിരപ്പ് സ്വദേശിനി സിംന ഷക്കീറാണ് കൊല്ലപ്പെട്ടത്. പ്രതി പുന്നമറ്റം സ്വദേശി ഷാഹുല്‍ അലിയെ പൊലീസ് പിടികൂടി. സിംനയുടെ കഴുത്തിലും പുറത്തും കത്തി ഉപയോഗിച്ച് കുത്തിയാണ് കൊലപ്പെടുത്തിയത്.
വ്യാജ റിക്രൂട്ട്മെന്റ് ഏജന്‍സിയുടെ ചതിയില്‍പെട്ട് റഷ്യയിലെ യുദ്ധമുഖത്ത് കുടുങ്ങിയ മലയാളി ഡേവിഡ് മുത്തപ്പന്‍ ഇന്നലെ രാത്രി ദില്ലിയില്‍ തിരിച്ചെത്തി. മൊഴി രേഖപ്പെടുത്തിയ ശേഷം രണ്ട് ദിവസം കഴിഞ്ഞ് ഇവരെ കേരളത്തിലെത്തിക്കുമെന്നാണ് സി.ബി.ഐ ബന്ധുക്കളെ അറിയിച്ചിരിക്കുന്നത്.
കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് കൈമാറിയ കോണ്‍ഗ്രസ് നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും കച്ചത്തീവിനെ കോണ്‍ഗ്രസ് നിസ്സാരമായി വിട്ടുകൊടുക്കുകയായിരുന്നുവെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. അതേസമയം. തമിഴ്നാട്ടില്‍ ബിജെപി തകരുമെന്നുള്ള സര്‍വേ ഫലത്തില്‍ ഭയപ്പെട്ടാണ് മോദി പുതിയ പ്രചാരണവുമായി രംഗത്തെത്തിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
പരമോന്നത സിവിലിയന്‍ പുരസ്‌ക്കാരമായ ഭാരതരത്ന എല്‍ കെ അദ്വാനിക്ക് സമ്മാനിച്ചു. രാഷ്ട്രപതി ദ്രൗപദി മുര്‍മു എല്‍ കെ അദ്വാനിയുടെ വീട്ടിലെത്തിയാണ് സമ്മാനിച്ചത്. ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
വിശാഖപട്ടണത്തെ ഒരു പോളിടെക്‌നിക് കോളേജിലെ 17 കാരിയായ വിദ്യാര്‍ത്ഥിനി കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. മരിക്കുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് താന്‍ കോളേജില്‍ വച്ച് ലൈംഗികമായി ഉപദ്രവിക്കപ്പെട്ടുവെന്നും ഉപദ്രവിച്ചവര്‍ തന്റെ ഫോട്ടോയെടുക്കുകയും അവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിനാല്‍ പരാതിപ്പെടാന്‍ കഴിയില്ലെന്നും സഹോദരിക്ക് സന്ദേശമയച്ചാണ് പെണ്‍കുട്ടി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയത്.
ഇന്ത്യന്‍ നാവികസേന സോമാലിയന്‍ കടല്‍ക്കൊള്ളക്കാരില്‍ നിന്ന് രക്ഷപ്പെടുത്തിയ 23 പാകിസ്ഥാന്‍ മത്സ്യത്തൊഴിലാളികള്‍ ഇന്ത്യക്ക് നന്ദി പറയുകയും ഇന്ത്യ സിന്ദാബാദ് മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്ന വീഡിയോ വൈറലായി. മാര്‍ച്ച് 29 ന് അറബിക്കടലില്‍ നടന്ന ഓപ്പറേഷനിലൂടെയാണ് പാക് പൗരന്മാരെ മോചിപ്പിച്ചത്. ഇന്ത്യന്‍ നാവികസേനയുടെ സ്പെഷ്യലിസ്റ്റ് ടീമാണ് ഒമ്പത് സായുധ കടല്‍ക്കൊള്ളക്കാരില്‍ നിന്ന് പാക് പൗരന്മാരെ മോചിപ്പിച്ചത്.
വടക്കന്‍ സിറിയയിലെ തിരക്കേറിയ മാര്‍ക്കറ്റിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ 7 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്കേറ്റു. തുര്‍ക്കിയുടെ അതിര്‍ത്തി പ്രദേശത്തുള്ള ആലപ്പോ പ്രവിശ്യയിലെ അസാസ് നഗരത്തിലാണ് സ്ഫോടനം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഇനിയും ഏറ്റെടുത്തില്ല.
ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് ഏഴ് വിക്കറ്റ് ജയം. 163 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.