S10 yt cover 2

https://dailynewslive.in/ കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്തകളുടെയും ഉള്ളടക്കങ്ങളുടെയും വസ്തുത പരിശോധിക്കാന്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ കീഴില്‍ തുടങ്ങിയ ഫാക്ട് ചെക്ക് യൂണിറ്റിന്റെ പ്രവര്‍ത്തനം സ്റ്റേ ചെയ്ത് സുപ്രീംകോടതി. പിഐബിക്ക് കീഴില്‍ ഫാക്ട് ചെക്ക് യൂണിറ്റ് ആരംഭിക്കുന്നതിന് കഴിഞ്ഞ ദിവസമാണ് കേന്ദ്രം വിജ്ഞാപനം ഇറക്കിയത്. ഐടി ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ബോംബെ ഹൈക്കോടതിയുടെ അന്തിമ വിധി വരെയാണ് സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുന്നത്. സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളെ തടയാനാണ് ഇത്തരമൊരു ഫാക്ട് ചെക്ക് യൂണിറ്റ് കേന്ദ്രം തുടങ്ങിയതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.

https://dailynewslive.in/ കേന്ദ്രവും ബിജെപിയും സാമ്പത്തികമായി തകര്‍ക്കുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതൃത്വം. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചെന്നും പ്രചാരണത്തിനു പണമില്ലാത്ത അവസ്ഥയാണെന്നും രാജ്യത്ത് ബിജെപിയുടെ സാമ്പത്തിക ഏകാധിപത്യമാണു നടക്കുന്നതെന്നും കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോണ്‍ഗ്രസിനെ സാമ്പത്തികമായി തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണ് പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് നടക്കുന്നതെന്നും സോണിയ ഗാന്ധി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് പറഞ്ഞ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സ്വതന്ത്രമായ തിരഞ്ഞെടുപ്പ് എങ്ങനെ നടത്താനാകുമെന്നും ചോദിച്ചു. ഇന്ത്യയില്‍ ഇന്ന് ജനാധിപത്യമില്ലെന്നും ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്ന ധാരണ കള്ളമായി മാറിയെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

https://dailynewslive.in/ വെറുപ്പിന്റെ അസുരശക്തിക്കെതിരായാണ് കോണ്‍ഗ്രസിന്റെ പോരാട്ടമെന്ന് രാഹുല്‍ ഗാന്ധി. രാഹുലിന്റെ മഹാരാഷ്ട്രയിലെ ശക്തി പരാമര്‍ശം ബിജെപി ആയുധമാക്കുമ്പോഴാണ് രാഹുലിന്റെ പ്രതികരണം. മഹാരാഷ്ട്രയിലെ രാഹുലിന്റെ ശക്തി പരാമര്‍ശം ഹിന്ദു വിരുദ്ധമാണെന്നും സ്ത്രീ വിരുദ്ധമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി കുറ്റപ്പെടുത്തിയിരുന്നു. പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി പരാതിയും നല്‍കിയിരുന്നു. മോദിക്ക് പിന്നിലുള്ള ശക്തിക്കെതിരെയാണ് തങ്ങളുടെ പോരാട്ടമെന്നായിരുന്നു രാഹുലിന്റെ ഭാരത് ജോഡോ ന്യായ് യാത്രയിലെ പരാമര്‍ശം.

*കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണ്‍*

കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണില്‍ ഇപ്പോള്‍ സ്വര്‍ണവിലയുടെ 90 ശതമാനവും വായ്പയായി ലഭിക്കുന്നു. ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. മാക്സിമം കയ്യില്‍ കിട്ടുമ്പോള്‍ മറ്റെവിടെ പോകാന്‍.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*

https://dailynewslive.in/ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കൂലി വര്‍ദ്ധിപ്പിച്ച് വിജ്ഞാപനമിറക്കാന്‍ കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കി. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നതിനാലാണ് കേന്ദ്രം കമ്മീഷന്റെ അനുമതി തേടിയത്. ഏഴ് ശതമാനം വരെ കൂലി കൂട്ടി ഒരാഴ്ചയ്ക്കകം കേന്ദ്രം വിജ്ഞാപനം ഇറക്കിയേക്കും. ഏപ്രില്‍ ഒന്നു മുതലാകും കൂലി വര്‍ദ്ധനവ് നിലവില്‍ വരിക. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ കേരളത്തിലെ തൊഴിലുറപ്പ് കൂലി 311 രൂപയില്‍നിന്നും 22 രൂപ കൂട്ടി 333 രൂപയാക്കി കേന്ദ്രം ഉയര്‍ത്തിയിരുന്നു.

https://dailynewslive.in/ വിഴിഞ്ഞത്ത് ടിപ്പറില്‍ നിന്ന് കല്ലുതെറിച്ച് വീണുണ്ടായ അപകടത്തില്‍ ബിഡിഎസ് വിദ്യാര്‍ത്ഥിയായ അനന്തു മരിച്ച സംഭവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം തീരുമാനമാകാതെ പിരിഞ്ഞു. അനന്തുവിന്റെ കുടുംബത്തിന് ആര് നഷ്ടപരിഹാരം നല്‍കും എന്നതില്‍ യോഗത്തില്‍ വ്യക്തതയുണ്ടായില്ല. നഷ്ടപരിഹാരം സംബന്ധിച്ച് അദാനി ഗ്രൂപ്പും യോഗത്തില്‍ നിലപാട് അറിയിച്ചില്ല. ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്. കൂടാതെ മുന്‍പ് അപകടത്തില്‍ പരിക്ക് പറ്റിയ സന്ധ്യറാണിക്കും നഷ്ടപരിഹാരം നല്‍കണം എന്നാവശ്യപ്പെട്ടു. എന്നാല്‍, ഇക്കാര്യങ്ങളിലൊന്നും തീരുമാനം ഉണ്ടായില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എം വിന്‍സെന്റ് പറഞ്ഞു. അതേസമയം പൊലീസ്, എക്സൈസ്, എം വി ഡി എന്നിവര്‍ ചേര്‍ന്നുള്ള സംയുക്ത പരിശോധന ശക്തമാക്കുമെന്നും, അപകടം ഒഴിവാക്കാന്‍ മാര്‍ഗരേഖ തയ്യാറാക്കുമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

https://dailynewslive.in/ ഡോക്ടര്‍മാര്‍ക്ക് സാമൂഹ്യമാധ്യമങ്ങളിലുള്ള വിലക്കിനെതിരെ പ്രതിഷേധവുമായി ഐഎംഎയും കെജിഎംഒഎയും. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ഇടുന്നതും ചാനല്‍ തുടങ്ങുന്നതും വിലക്കി കൊണ്ട് ഡിഎച്ച്എസ് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ട ലംഘനം ചൂണ്ടിക്കാട്ടിയായിരുന്നു വിലക്ക്. എന്നാല്‍ സര്‍ക്കുലര്‍ പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ അറിയിച്ചു.

https://dailynewslive.in/ പ്രധാനമന്ത്രി നരേന്ദ്ര മോദി കോയമ്പത്തൂരില്‍ നടത്തിയ റോഡ് ഷോയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത സംഭവത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് രമേശ് കുമാറിന് കോയമ്പത്തൂര്‍ മണ്ഡലത്തിലെ ഉപവരണാധികാരി പി സുരേഷ് നോട്ടീസ് അയച്ചു. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കാന്‍ ഇടയായ കാരണം വിശദീകരിക്കണമെന്നാണ് ആവശ്യം. സംഭവത്തില്‍ ഇന്നലെ സായ് ബാബ വിദ്യാലയം സ്‌കൂള്‍ മാനേജ്മെന്റിനെതിരെ സായ് ബാബ കോളനി പൊലീസ് കേസെടുത്തിരുന്നു. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ പരാതിയിലാണ് നടപടി. ജില്ലാ കളക്ടറും സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉചിതമായ നടപടി ഉണ്ടാകുമെന്ന് കളക്ടര്‍ വ്യക്തമാക്കി.

*തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്സില്‍ മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവല്‍*

മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്സിലെ മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലില്‍ 299 രൂപ മുതലുള്ള സ്പെഷ്യല്‍ കളക്ഷന്‍. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ കേരളത്തില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം നിലവില്‍ വരുന്ന 28 മുതല്‍ കളളപ്പണ പരിശോധന ശക്തമാക്കുമെന്ന് ആദായ നികുതി വകുപ്പ്. ലോക്സഭാ മണ്ഡലത്തില്‍ 95 ലക്ഷം രൂപയാണ് ഒരു സ്ഥാനാര്‍ഥിക്ക് പ്രചാരണത്തിന് ചെലവാക്കാനാകുക. നിരീക്ഷണത്തിനായി സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലായി 160 സ്‌ക്വാഡുകളെ സജജമാക്കിയതായി ആദായ നികുതി വകുപ്പ് അറിയിച്ചു.

https://dailynewslive.in/ ലോക്സഭാ തെരഞ്ഞെടുപ്പിലെ കളളപ്പണ ഒഴുക്ക് തടയാന്‍ സ്വീകരിച്ച നടപടികളെപ്പററി വിശദമാക്കുന്നതിനിടെ കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പ് കാലത്തെ കൊടകര കുഴല്‍പ്പണക്കേസിനെപ്പറ്റി അന്വേഷിച്ച മാധ്യമ പ്രവര്‍ത്തകരോട് സംഭവത്തില്‍ കേട്ടുകേള്‍വിയേ ഉള്ളുവെന്നും പണം തങ്ങള്‍ക്ക് കൈമാറിയിട്ടില്ലെന്നും കൂടുതല്‍ ഒന്നും അറിയില്ലെന്നും ഇന്‍കം ടാക്സ് ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ ജനറല്‍ ദേബ് ജ്യോതി ദാസ് വ്യക്തമാക്കി. എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിയുടെ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി 41 കോടി രൂപ കര്‍ണാടകയില്‍ നിന്ന് കുഴല്‍പ്പണമായി എത്തിയതായി ആദായനികുതി വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നെന്നാണ് പൊലീസ് കേന്ദ്രങ്ങള്‍ പറയുന്നത്.

https://dailynewslive.in/ കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ഡോ. ആര്‍എല്‍വി രാമകൃഷ്ണനുനേരെ ജാതി അധിക്ഷേപവുമായി കലാമണ്ഡലം സത്യഭാമ. യൂട്യൂബ് ചാനല്‍ അഭിമുഖത്തിനിടെ രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു അവരുടെ പരാമര്‍ശം. അതേസമയം പലവിധ അധിക്ഷേപങ്ങളെയും അതിജീവിച്ചാണ് മുന്നോട്ട് പോകുന്നതെന്നും വിഷയത്തില്‍ നിയമ നടപടി സ്വീകരിക്കുമെന്നും ഡോ. ആര്‍എല്‍വി രാമകൃഷ്ണന്‍ പറഞ്ഞു. സാംസ്‌കാരിക രംഗത്ത് ഇത്തരം സവര്‍ണ ചിന്തയുള്ളവര്‍ നിലയുറപ്പിച്ചാല്‍ വലിയ ഭീകര അവസ്ഥയാണുണ്ടാകുകയെന്നും കലാഭവന്‍ മണിയടക്കമുള്ള ആളുകള്‍ ഇത്തരം അധിക്ഷേപം നേരിട്ടിരുന്നുവെന്നും രാമകൃഷ്ണന്‍ പറഞ്ഞു.

https://dailynewslive.in/ താന്‍ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും പറഞ്ഞ കാര്യങ്ങളില്‍ ഒട്ടും കുറ്റബോധമില്ലെന്നും കലാമണ്ഡലം സത്യഭാമ. മോഹിനിയാട്ടത്തിന് സൗന്ദര്യം വേണമെന്നും കറുത്തവര്‍ മേക്കപ്പിട്ട് വൃത്തിയാകണമെന്നും, നേരത്തെ നടത്തിയ പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നതായും സത്യഭാമ വ്യക്തമാക്കി. മോഹിനിയാട്ടം നടത്തുന്നത് മോഹിനിയാകണം. കലോത്സവത്തില്‍ പല കുട്ടികളും മേക്കപ്പിന്റെ ബലത്തിലാണ് രക്ഷപ്പെടുന്നതെന്നും സത്യഭാമ പറഞ്ഞു.

https://dailynewslive.in/ ആര്‍എല്‍വി രാമകൃഷ്ണന് നേരെ ജാതി അധിക്ഷേപം നടത്തിയ കലാമണ്ഡലം സത്യഭാമയ്ക്കുനേരെ വ്യാപക പ്രതിഷേധം. മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ളവര്‍ ആര്‍എല്‍വി രാമകൃഷ്ണന് പിന്തുണയുമായി രംഗത്തെത്തി. കറുപ്പ് താന്‍ എനക്ക് പുടിച്ച കളറ് എന്നാണ് വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്. ജാതി വര്‍ണ്ണവിവേചനം കേരളത്തിലെ കലാരംഗത്ത് ലജ്ജാ ഹീനമായി നിലനില്‍ക്കുന്നുവെന്ന് കേരള സാഹിത്യ അക്കാദമി അധ്യക്ഷന്‍ കെ.സച്ചിദാനന്ദനും വ്യക്തമാക്കി. രാമകൃഷ്ണന്റെ കൂടെനില്‍ക്കുവാന്‍ കലാലോകം ബാദ്ധ്യസ്ഥമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ മുന്‍ ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ സിപിഎം വിട്ട് പോകില്ലെന്നാണ് കരുതുന്നതെന്ന് എം എം മണി. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കാണ് പ്രകാശ് ജാവേദക്കറെ കണ്ടതെന്നും, രാജേന്ദ്രന്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും എം എം മണി പറഞ്ഞു.

https://dailynewslive.in/ ഡീന്‍ കുര്യാക്കോസിനെതിരായ പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുകയാണെന്ന് എം എം മണി. എം പി ആയിരുന്നപ്പോള്‍ ഒന്നും ചെയ്യാത്തത് കൊണ്ടാണ് അങ്ങനെ പറഞ്ഞത്. കടുത്ത ഭാഷയില്‍ പറഞ്ഞു എന്നേയുള്ളൂവെന്നും എം എം മണി വിശദീകരിച്ചു. ഡീന്‍ കുര്യാക്കോസിനെതിരായ എം എം മണിയുടെ പരാമര്‍ശം സ്വാഭാവിക സംസാരത്തില്‍ നിന്നും ഉണ്ടായതാണെന്ന് സിപിഎം ഇടുക്കി ജില്ല സെക്രട്ടറി സി വി വര്‍ഗീസ് പറഞ്ഞു. തങ്ങള്‍ ആരെയും വ്യക്തിഹത്യ നടത്തുന്ന പാര്‍ട്ടി അല്ലെന്നും, നാടന്‍ ഭാഷ പ്രയോഗം മാത്രമാണതെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ ഹേബിയസ് കോര്‍പ്പസ് ഹര്‍ജികളിലും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികളിലും കൗണ്‍സിലിങ് നല്‍കി പങ്കാളികളുടെ കാഴ്ച്ചപ്പാട് മാറ്റുന്നതിന് ജഡ്ജിമാര്‍ ശ്രമിക്കരുതെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്. ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കവെ ലെസ്ബിയന്‍ പങ്കാളിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കാന്‍ നിര്‍ദേശിച്ച കേരള ഹൈക്കോടതി ഉത്തരവിനെതിരെ ആയിരുന്നു ഹര്‍ജി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്.

https://dailynewslive.in/ ക്രിസ്ത്യന്‍ വിഭാഗത്തിനെതിരെയ ആക്രമണം രാജ്യത്ത് വര്‍ധിക്കുന്നുവെന്ന ആരോപണവുമായി യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം. ജനുവരിമുതല്‍ മാര്‍ച്ച് 15 വരെ 161 അതിക്രമ സംഭവങ്ങള്‍ ഉണ്ടായതായും, ഛത്തീസ്ഗഡില്‍ 47 അതിക്രമങ്ങളും യുപിയില്‍ 36 അതിക്രമങ്ങളും ക്രിസ്ത്യന്‍ വിഭാഗത്തിന് നേരെയുണ്ടായെന്നും സംഘടന ആരോപിച്ചു. അതിക്രമങ്ങള്‍ തടയാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

https://dailynewslive.in/ കോട്ടയം പാലായില്‍ സ്വകാര്യ ടര്‍ഫിലെ കായിക പരിശീലനത്തിന് ശേഷം വിശ്രമിക്കുകയായിരുന്ന പെണ്‍കുട്ടി കുഴഞ്ഞ് വീണ് മരിച്ചു. പാലാ കടപ്പാട്ടൂര്‍ തൊമ്മനാമറ്റത്തില്‍ റെജിയുടെ മകള്‍ ഗൗരി കൃഷ്ണയാണ് മരിച്ചത്.

https://dailynewslive.in/ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പൊലീസെത്തിച്ച പ്രതി നഴ്സിനെ ആക്രമിച്ചു. വനിതാ സിവില്‍ പൊലീസ് ഓഫീസറെ ക്രൂരമായി മര്‍ദ്ദിച്ച കേസിലെ പ്രതിയായ മാധവന്‍ എന്നയാളെ പൊലീസ് ആശുപത്രിയിലെത്തിച്ചപ്പോള്‍ പരിചരിക്കുന്നതിനിടെ നഴ്സിനെയും ആക്രമിക്കുകയായിരുന്നു. സിവില്‍ പൊലീസ് ഓഫീസറടക്കം രണ്ട് വനിതകളെ മര്‍ദ്ദിച്ച സംഭവത്തിലെ പ്രതിയെയാണ് കൊണ്ടുവന്നിരിക്കുന്നതെന്ന് പൊലീസ് തങ്ങളെ അറിയിച്ചില്ലെന്നും നഴ്സ് പറഞ്ഞു. ജോലിസ്ഥലത്തെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഇതിന് പിന്നാലെ ആരോഗ്യ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

https://dailynewslive.in/ വയനാട് മുളള്ളന്‍കൊല്ലിയില്‍ വീണ്ടും കടുവയുടെ ആക്രമണം. കബനിഗിരിയില്‍ കടുവ പശുക്കിടാവിനെ കൊന്ന് ഭക്ഷിച്ചു. പൂഴിപുറത്ത് മാത്യുവിന്റെ പശുകിടാവിനെയാണ് കടുവ പിടികൂടിയത്. ബഹളം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോഴേക്കും കിടാവിനെ കൊണ്ടുപോയിരുന്നു. തൊഴുത്തിലുണ്ടായിരുന്ന മറ്റൊരു പശുവിനെയും കടുവ ആക്രമിച്ചു. രാവിലെ നടത്തിയ തിരച്ചിലില്‍ തൊഴുത്തില്‍ നിന്ന് 100 മീറ്റര്‍ അകലെ പാതി തിന്ന നിലയില്‍ പശുക്കിടാവിന്റെ ജഡം കണ്ടെത്തുകയായിരുന്നു.

https://dailynewslive.in/ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ പരാതിയെ തുടര്‍ന്ന് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതിന് നിരുപാധികം മാപ്പ് പറഞ്ഞ് പതഞ്ജലി. അവകാശവാദങ്ങള്‍ അശ്രദ്ധമായി ഉള്‍പ്പെട്ടതാണെന്നും തെറ്റായ പരസ്യങ്ങള്‍ നല്‍കിയതില്‍ ഖേദിക്കുന്നുവെന്നും, കോടതി ഉത്തരവിനെക്കുറിച്ച് പരസ്യ വിഭാഗത്തിന് അറിയില്ലായിരുന്നുവെന്നും സത്യവാങ്ങ്മൂലത്തില്‍ പറയുന്നു. പതഞ്ജലി എംഡി ആചാര്യ ബാല്‍ കൃഷ്ണയാണ് മാപ്പ് പറഞ്ഞത്.

https://dailynewslive.in/ തമിഴ്നാട്ടില്‍ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ ആദ്യ പ്രചാരണ യോഗം തിരുച്ചിറപ്പള്ളിയില്‍ നടക്കും. 2021ല്‍ ഡിഎംകെ വന്‍ ജയം നേടിയ നിയമസഭ തെരഞ്ഞെടുപ്പിലും സ്റ്റാലിന്‍ പ്രചാരണം തുടങ്ങിയത് തിരുച്ചിറപ്പള്ളിയില്‍ നിന്നായിരുന്നു. വൈക്കോയുടെ മകന്‍ ദുരൈ ആണ് ഇവിടെ ഡിഎംകെ സഖ്യത്തിന്റെ സ്ഥാനാര്‍ഥി. അടുത്ത മാസം 17 വരെ ആകെ 20 ദിവസം ആണ് സ്റ്റാലിന്‍ പ്രചാരണം നടത്തുന്നത്.

https://dailynewslive.in/ മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സദാനന്ദഗൗഡ ബിജെപി വിടില്ലെന്ന് വ്യക്തമാക്കി. ബിജെപിയില്‍ ഉറച്ച് മുന്നോട്ട് പോകുമെന്നും ഒരു കാരണവശാലും കോണ്‍ഗ്രസില്‍ ചേരില്ലെന്നും പാര്‍ട്ടിയെ ശുദ്ധീകരിക്കാനുള്ള ശ്രമമാണ് താനിനി നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി. മോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്നതാണ് തന്റെ ലക്ഷ്യമെന്നും അതിന് എല്ലാ പിന്തുണയും നല്‍കി ബിജെപിക്കൊപ്പം താനുണ്ടാകുമെന്നും കുടുംബാധിപത്യത്തിനെതിരെ ഒറ്റയാള്‍പ്പോരാട്ടം നടത്തുമെന്നും സദാനന്ദഗൗഡ അറിയിച്ചു

https://dailynewslive.in/ ആസാമിലെ ബിജെപിയുടെ ഉന്നത ന്യൂനപക്ഷ നേതാവും ആദ്യ ന്യൂനപക്ഷ എംഎല്‍എയുമായ അമിനുള്‍ ഹഖ് ലാസ്‌കര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് അസം പ്രസിഡന്റ് ജിതേന്ദ്ര സിംഗ് അല്‍വാറിന്റെ സാന്നിധ്യത്തില്‍ ഇന്നലെയാണ് അമിനുള്‍ കോണ്‍ഗ്രസില്‍ നിന്ന് അംഗത്വം സ്വീകരിച്ചത്.

https://dailynewslive.in/ സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. ഈ മാസം 19ന് കുറിച്ച ഗ്രാമിന് 6,080 രൂപയും പവന് 48,640 രൂപയുമെന്ന റെക്കോഡാണ് ഇന്ന് പഴങ്കഥയായത്. കഴിഞ്ഞ ഒരുമാസത്തിനിടെ കേരളത്തില്‍ പവന്‍വിലയിലുണ്ടായ കുതിപ്പ് 3,920 രൂപയാണ്. ഗ്രാമിന് ഇക്കാലയളവില്‍ 490 രൂപയും ഉയര്‍ന്നു. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങാന്‍ 53,525 രൂപയെങ്കിലും കൊടുക്കേണ്ട സ്ഥിതിയാണ് കേരളത്തിലുള്ളത്. അതായത് 49,440 രൂപയ്‌ക്കൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി., 45 രൂപ ഹോള്‍മാര്‍ക്ക് ഫീസും അതിന്റെ 18 ശതമാനം ജി.എസ്.ടിയും, കുറഞ്ഞത് 5 ശതമാനം പണിക്കൂലിയും ചേര്‍ത്തുള്ള തുകയാണ്. ഫലത്തില്‍ 4,100 രൂപയെങ്കിലും അധികമായി കൊടുത്താലേ ഒരു പവന്‍ ആഭരണമെങ്കിലും വാങ്ങാനാകൂ. ഇന്നലെ ഔണ്‍സിന് 2,150 ഡോളര്‍ നിലവാരത്തിലായിരുന്ന രാജ്യാന്തര സ്വര്‍ണവില റെക്കോഡുകള്‍ തകര്‍ത്ത് 2,219 ഡോളര്‍ വരെ മുന്നേറി. ഇപ്പോള്‍ വിലയുള്ളത് 2,203 ഡോളറില്‍. രാജ്യാന്തരവില വര്‍ദ്ധനയാണ് കേരളത്തിലെ വിലയെയും സ്വാധീനിച്ചത്.

https://dailynewslive.in/ ഉപയോക്താക്കള്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ട സ്റ്റാറ്റസ് അപ്‌ഡേറ്റ് ഫീച്ചര്‍ വാട്‌സ്ആപ്പ് പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. സ്റ്റാറ്റസില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള വിഡിയോ ഉള്‍പ്പെടുത്തുന്നതാണ് പുതിയ അപ്‌ഡേറ്റ്. 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോ മാത്രമേ സ്റ്റാറ്റസായി നിലവില്‍ അപ് ലോഡ് ചെയ്യാന്‍ കഴിയുകയുള്ളു. എന്നാല്‍ ഒരു മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള സ്റ്റാറ്റസ് പങ്കിടാനുള്ള ഫീച്ചറാണ് പരീക്ഷിക്കുന്നത്. പുതിയ അപ്‌ഡേറ്റില്‍ ഈ ഫീച്ചര്‍ പരീക്ഷിക്കുമെന്നാണ് റിപ്പോര്‍ട്ട്. വാബീറ്റ ഇന്‍ഫോയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, പുതിയ ആന്‍ഡ്രോയിഡ് 2.24.6.19 അപ്ഡേറ്റിലാണ് ഫീച്ചര്‍ പരീക്ഷിക്കുന്നത്. ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനാണ് കൂടുതല്‍ ദൈര്‍ഘ്യമുള്ള വിഡിയോ സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ കൊണ്ടുവരുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. റിപ്പോര്‍ട്ടില്‍ പങ്കുവെച്ച സ്‌ക്രീന്‍ഷോട്ടില്‍, വാട്‌സ്ആപ്പ് ഇപ്പോള്‍ വിഡിയോ സ്റ്റാറ്റസുകളുടെ ദൈര്‍ഘ്യം 30 സെക്കന്‍ഡില്‍ നിന്ന് 1 മിനിറ്റായി നീട്ടിയതായി കാണാം. ഈ ഫീച്ചര്‍ നിലവില്‍ തെരഞ്ഞെടുത്ത ബീറ്റ ഉപയോക്താക്കള്‍ക്ക് മാത്രമാണുള്ളത്. വരും ആഴ്ചകളില്‍ ഇത് എല്ലാവര്‍ക്കുമായി അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ.

https://dailynewslive.in/ കരീന കപൂര്‍, തബു, കൃതി സനോണ്‍ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി രാജേഷ് എ കൃഷ്ണ സംവിധാനം ചെയ്യുന്ന ‘ക്രൂ’ സിനിമയുടെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ഇന്ത്യന്‍ സിനിമയെ ഒരുകാലത്ത് ഇളക്കി മറിച്ച ‘ചോളി കേ പീച്ചേ’- എന്ന പാട്ടിന്റെ റീമിക്സാണ് ഗാനം. ദില്‍ജിത് ദോസഞ്ചിനൊപ്പം ഇള അരുണും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മാര്‍ച്ച് 29നാണ് ചിത്രം റിലീസ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച ആരാധക പ്രശംസയാണ് ലഭിച്ചത്. ഒരു പാര്‍ട്ടി മോഡില്‍ ചിത്രീകരിച്ചിരിക്കുന്ന ഗാന രംഗങ്ങളുടെ നൃത്ത സംവിധാനം ഫറാ ഖാന്‍ ആണ്. ഏയര്‍ ഹോസ്റ്റസുമാരായാണ് കരീനയും തബുവും കൃതിയും ചിത്രത്തില്‍ എത്തുന്നത്. തങ്ങളുടെ ശമ്പളത്തിന് പുറമേ കൂടുതല്‍ പണമുണ്ടാന്‍ ശ്രമിക്കുന്നതും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം. ഒരു കോമഡി ത്രില്ലറാണ് ചിത്രം. ദില്‍ജിത് ദോസഞ്ജ്, കപില്‍ ശര്‍മ്മ, രാജേഷ് ശര്‍മ്മ, സസ്വത ചാറ്റര്‍ജി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 1993 ല്‍ പുറത്തിറങ്ങിയ ഖല്‍ നായക് എന്ന ചിത്രത്തില്‍ ലക്ഷ്മി കാന്ത് പ്യാരിലാല്‍ സംഗീതം ചെയ്ത ‘ചോളി കേ പീച്ചേ’ എന്ന ഗാനം പാന്‍ ഇന്ത്യ തലത്തില്‍ തന്നെ വന്‍ ഹിറ്റായിരുന്നു.

https://dailynewslive.in/ തെലുങ്ക് സൂപ്പര്‍താരം രാം ചരണിന്റെ പുതിയ പടം ആരംഭിച്ചു. ചിത്രത്തിന്റെ ലോഞ്ചിംഗ് കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ നടന്നു. രാം ചരണിന്റെ പിതാവും തെലുങ്ക് മെഗാതാരവുമായ ചിരഞ്ജീവിയാണ് ചിത്രത്തിന് ആദ്യ ക്ലാപ്പ് അടിച്ചത്. ‘ആര്‍സി 16’ എന്ന് താല്‍കാലിക ടൈറ്റില്‍ നല്‍കിയിരിക്കുന്ന ചിത്രം ബുച്ചി ബാബു സനയാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ലോഞ്ചിംഗ് ചിത്രങ്ങള്‍ ചിത്രത്തിലെ നായികയായ ജാന്‍വി കപൂര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ചിത്രത്തിന്റെ ലോഞ്ചിംഗ് ചടങ്ങില്‍ ചിരഞ്ജീവിയും രാം ചരണിന്റെ ഭാര്യ ഉപാസനയും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും പങ്കെടുത്തു. ഓസ്‌കാര്‍ ജേതാവായ എആര്‍ റഹ്‌മാനാണ് ചിത്രത്തിന്‍ സംഗീതസംവിധായകന്‍. എആര്‍ റഹ്‌മാനും ചടങ്ങില്‍ പങ്കെടുത്തു. ജാന്‍വി കപൂറിന്റെ 27-ാം ജന്മദിനത്തിലാണ് നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് ജാന്‍വി കപൂര്‍ ചിത്രത്തിലെ നായികയാണെന്ന് വെളിപ്പെടുത്തിയത്. രംഗസ്ഥലം, ഉപ്പണ്ണ പോലുള്ള ചിത്രങ്ങളുടെ രചിതാവാണ് ബുച്ചി ബാബു സന. വലിയ ബജറ്റിലാണ് ചിത്രം ഒരുക്കുന്നത് എന്നാണ് വിവരം.

https://dailynewslive.in/ ഫെബ്രുവരിയിലെ ഇന്ത്യന്‍ ഇരുചക്ര വാഹന വില്‍പനയുടെ കണക്കുകളില്‍ വില്‍പനയില്‍ മുന്നിലുള്ളത് ഹോണ്ട ആക്ടിവയാണെങ്കില്‍ അമ്പരപ്പിച്ചത് ഒല എസ് 1 ആണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2024 ഫെബ്രുവരിയില്‍ 36.32 ശതമാനം വളര്‍ച്ചയാണ് ഇന്ത്യയിലെ സ്‌കൂട്ടര്‍ വിപണി രേഖപ്പെടുത്തിയത്. ഹോണ്ട, ടിവിഎസ്, ഹീറോ മോട്ടോകോര്‍പ്, സുസുക്കി, ബജാജ് എന്നിങ്ങനെ പ്രമുഖ ബ്രാന്‍ഡുകളെല്ലാം ആദ്യ പത്ത് സ്‌കൂട്ടറുകളുടെ വില്‍പനയുടെ പട്ടികയിലുണ്ട്. ആകെ 4,78,414 സ്‌കൂട്ടറുകളാണ് 2024 ഫെബ്രുവരിയില്‍ വിറ്റത്. 2023 ഫെബ്രുവരിയില്‍ ഇത് 3,50,941 ആയിരുന്നു. 4,48,087 ലക്ഷം സ്‌കൂട്ടറുകള്‍ വിറ്റ ജനുവരിയെ അപേക്ഷിച്ച് ഇന്ത്യന്‍ സ്‌കൂട്ടര്‍ വിപണി 6.77 ശതമാനത്തിന്റെ പ്രതിമാസ വില്‍പന വളര്‍ച്ചയും നേടിയിട്ടുണ്ട്. പട്ടികയില്‍ നാലാമതുള്ള സ്‌കൂട്ടറാണ് ഞെട്ടിക്കുന്ന പ്രകടനങ്ങളിലൊന്ന് നടത്തിയിരിക്കുന്നത്. ഒല എസ്1 ആണ് ഫെബ്രുവരി വില്‍പന പട്ടികയില്‍ 33,846 സ്‌കൂട്ടറുകളോടെ നാലാം സ്ഥാനത്തെത്തിയിരിക്ുകന്നത്. ഹോണ്ട ഡിയോ, ടി വി എസ് എന്‍ടോര്‍ക്ക്, സുസുക്കി ബര്‍ഗ്മാന്‍, ഹീറോ ഡെസ്റ്റിനി ടിവിഎസ് ഐക്യൂബ്, ബജാജ് ചേതക്ക് എന്നിവരെല്ലാം ഇന്ത്യയിലെ വില്‍പനയില്‍ ഈ വൈദ്യുത സ്‌കൂട്ടറിനു പിന്നിലേ വരൂ. 2023 ഫെബ്രുവരിയില്‍ 17,773 ഒല എസ് 1 വിറ്റിരുന്നതാണ് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ 90.43% വാര്‍ഷിക വില്‍പന വളര്‍ച്ച നേടിയിരിക്കുന്നത്. 16,073 സ്‌കൂട്ടറുകള്‍ ഒലക്ക് കഴിഞ്ഞ വര്‍ഷത്തെ ഫെബ്രുവരിയെ അപേക്ഷിച്ച് ഈ ഫെബ്രുവരിയില്‍ കൂടുതല്‍ വില്‍ക്കാനായെന്നത് ചെറിയ നേട്ടമല്ല.

https://dailynewslive.in/ അക്ഷരങ്ങളുടെയും വാക്കുകളെയും പറ്റിയുള്ള ഏത് അറിവുമുണ്ട് ഒരു കഥയുടെ ചന്തം. സംസാരത്തിലും എഴുത്തിലും നാം ഉപയോഗിക്കുന്ന പല വാക്കുകളും എങ്ങനെ ഉണ്ടായി എന്നറിയാന്‍ കൗതുകമില്ലേ ? മലയാളം, കേരളം, കാക്ക , ഭാര്യ തുടങ്ങി ഏതുവാക്കിനു പിന്നിലുമുണ്ട് ഒരു കഥയും കാര്യവും. അത്തരം ഒട്ടേറെ വാക്കുകളുടെ ഉറവിടം തേടുന്ന പുസ്തകമാണിത്. രസകരമായി വായിക്കാം. അധ്യാപര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മാത്രമല്ല ഭാഷ ഉപയോഗിക്കുന്നവര്‍ക്കെല്ലാം പ്രയോജനപ്രദം. ‘വാക്കേ വാക്കേ കൂടെവിടെ’. പി പ്രകാശ്. മനോരമ ബുക്സ്. വില 171 രൂപ.

https://dailynewslive.in/ പ്രായമാകുംതോറും പെരുമാറ്റത്തില്‍ ഉണ്ടാകുന്ന വ്യത്യാസത്തെ നിസ്സാരമാക്കരുത്. ഇത് ഒരുപക്ഷേ ഫ്രണ്ടോ ടെംപറല്‍ ഡിമന്‍ഷ്യ എന്ന മറവി രോഗത്തിന്റെ ലക്ഷണമാകാം. സാധാരണ 50 മുകളില്‍ പ്രായമായവരിലാണ് ഈ രോഗം കണ്ടുവരുന്നത്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരെയാണ് ഫ്രണ്ടോ ടെംപറല്‍ ഡിമന്‍ഷ്യ കൂടുതലായും ബാധിക്കുക. തലച്ചോറിന്റെ മുന്‍ഭാഗത്തുള്ള ഫ്രണ്ടല്‍ ദളത്തിലെയും തലച്ചോറിന്റെ പാര്‍ശ്വഭാഗങ്ങളിലുള്ള ടെംപറല്‍ ദളത്തിലെയും കോശങ്ങള്‍ക്കുണ്ടാകുന്ന തകരാറാണ് ഫ്രണ്ടോ ടെംപറല്‍ ഡിമന്‍ഷ്യ സംഭവിക്കാനുള്ള പ്രധാന കാരണം. പ്രായമായവര്‍ക്ക് നല്‍കാവുന്ന മികച്ച പരിചരണമാണ് ഈ രോഗാവസ്ഥ വഷളാകാതിരിക്കാന്‍ നമ്മുക്ക് ചെയ്യാന്‍ കഴിയുന്നത്. പെരുമാറ്റത്തിലെ വ്യത്യാസമാണ് ഈ രോഗത്തിന്റെ ആദ്യ ലക്ഷണം. മുന്‍പ് എത്ര നന്നായി ഇടപെട്ടിരുന്നോ അതിന് നേരെ വിപരീതമായി പ്രിയപ്പെട്ടവരോട് പോലും കരുണയില്ലാത്ത പെരുമാറും. നിര്‍ബന്ധ ബുദ്ധി, അമിതമായി ഭക്ഷണം കഴിക്കുക, സംസാരിക്കുന്നതിനിടെ തപ്പലുണ്ടാവുക ഇവയൊക്കെയാണ് ആദ്യ ഘട്ടത്തിലെ ലക്ഷണങ്ങള്‍. തലച്ചോറിലെ ഡോപമിന്റെ അളവ് ക്രമീകരിക്കാന്‍ സഹായിക്കുന്ന മരുന്നുകള്‍, സിറട്ടോണില്‍ എന്ന രാസവസ്തുവിന്റെ അളവ് ക്രമീകരിക്കാന്‍ സഹായിക്കുന്ന വിഷാദവിരുദ്ധ ഔഷധങ്ങള്‍ എന്നിവ പ്രയോജനപ്രദമാണ്. ചിട്ടയായ ശാരീരിക വ്യായാമവും ഓര്‍മകള്‍ മെച്ചപ്പെടുത്താനുള്ള പരിശീലനവും വഴി കുറെയധികം നാള്‍ ഈ അവസ്ഥ വഷളാകാതെ പ്രതിരോധിക്കാന്‍ കഴിയും.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.13, പൗണ്ട് – 106.19, യൂറോ – 90.64, സ്വിസ് ഫ്രാങ്ക് – 92.87, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.98, ബഹറിന്‍ ദിനാര്‍ – 220.57, കുവൈത്ത് ദിനാര്‍ -270.50, ഒമാനി റിയാല്‍ – 215.98, സൗദി റിയാല്‍ – 22.17, യു.എ.ഇ ദിര്‍ഹം – 22.64, ഖത്തര്‍ റിയാല്‍ – 22.83, കനേഡിയന്‍ ഡോളര്‍ – 61.61.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *