S7 yt cover 1

https://dailynewslive.in/ സൈനിക അഭ്യാസത്തിനിടെ ലഡാക്കില്‍ ഉണ്ടായ അപകടത്തില്‍ അഞ്ചു സൈനികര്‍ക്ക് വീരമൃത്യു. ടാങ്ക് ഉപയോഗിച്ച് നദി കടക്കുന്നതിനിടെയാണ് സൈനികര്‍ അപകടത്തില്‍ പെട്ടത്. ജലനിരപ്പ് ഉയര്‍ന്നതോടെ ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. കരസേനയുടെ ടി 72 ടാങ്കാണ് മുങ്ങിയത്. അപകടത്തില്‍പെട്ട 5 സൈനികരുടേയും മൃതദേഹം കണ്ടെത്തി.

https://dailynewslive.in/ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി പ്രതിയാകും. സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എന്ന നിലയ്ക്കാണ് പ്രതിയാവുക. കളളപ്പണം ഉപയോഗിച്ചാണ് പൊറത്തുശേരിയില്‍ പാര്‍ട്ടിക്കായി സ്ഥലം വാങ്ങിയതെന്നാണ് ഇഡി കണ്ടെത്തല്‍. എം എം വര്‍ഗീസിന്റെ പേരിലുളള പാര്‍ട്ടി ഭൂമി ഇഡി കണ്ടുകെട്ടിയിരുന്നു.

https://dailynewslive.in/ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎമ്മിനെ പ്രതി ചേര്‍ത്ത ഇഡി നടപടിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഇഡി നടപടി തോന്നിവാസമെന്നും കേന്ദ്ര സര്‍ക്കാര്‍ ശൈലി മാറ്റുന്നില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. ലോക്കല്‍ കമ്മറ്റിയോ ബ്രാഞ്ച് കമ്മറ്റിയോ സ്ളം വാങ്ങിയാല്‍ അത് ജില്ല കമ്മിറ്റിയുടെ പേരിലാണ് രജിസ്റ്റ് ചെയ്യുകയെന്നും അതിന്റെ പേരില്‍ പ്രതി ചേര്‍ക്കാനുള്ള നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും ഇഡി ഇതുവരെ പാര്‍ട്ടിയെ ഔദ്യോഗികമായി ഒന്നും അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം ആഘോഷമാക്കൂ…*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ കൂടാതെ 17 ഇന്നോവ കാറുകളും

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 1):*

എപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ ◼️മേഖലാതല സമ്മാനങ്ങള്‍ : 170 ഐഫോണുകള്‍

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ കത്വ ഫണ്ട് തട്ടിപ്പ് കേസില്‍ പി കെ ഫിറോസിനും, സി കെ സുബൈറിനുമെതിരെയുള്ള കേസിലെ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി. ഇരുവരും നേരത്തെ കുന്നമംഗലം മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങി ജാമ്യം എടുത്തിരുന്നു. കത്വ പെണ്‍കുട്ടിക്കായി ശേഖരിച്ച തുകയില്‍ 15 ലക്ഷം രൂപ പി കെ ഫിറോസും സി കെ സുബൈറും വകമാറ്റി ചിലവഴിച്ചെന്നായിരുന്നു പരാതി.

https://dailynewslive.in/ പൂക്കോട് സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രതിപ്പട്ടികയിലുള്ളവരെ പരീക്ഷയെഴുതാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് സിദ്ധാര്‍ത്ഥന്റെ മാതാപിതാക്കള്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കി. പ്രതികള്‍ പ്രാക്ടിക്കല്‍ പരീക്ഷയെഴുതിയത് ചട്ടം ലംഘിച്ചാണെന്നും വെറ്ററിനറി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചട്ടം മറികടന്നുവെന്നും സിദ്ധാര്‍ത്ഥന്റെ മാതാപിതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ഇന്നലെ വൈകീട്ട് രാജ്ഭവനിലെത്തിയാണ് ഇരുവരും പരാതി നല്‍കിയത്. പരിശോധിച്ച് വേണ്ട നടപടിയെടുക്കുമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായി മാതാപിതാക്കള്‍ അറിയിച്ചു.

https://dailynewslive.in/ പൂക്കോട് വെറ്ററിനറി കോളേജ് അധികൃതര്‍ക്ക് സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷന്‍. മുന്‍ ഡീന്‍ എംകെ നാരായണന്‍, മുന്‍ അസി. വാഡന്‍ പ്രൊഫസര്‍ കാന്തനാഥന്‍ എന്നിവര്‍ക്ക് ജാഗ്രതക്കുറവുണ്ടായെന്നാണ് കണ്ടെത്തല്‍. അതിക്രൂര മര്‍ദനം സിദ്ധാര്‍ത്ഥന്‍ നേരിട്ടിട്ടും ഡീന്‍ കാര്യക്ഷമമായി ഇടപെട്ടില്ല എന്നാണ് പ്രൊഫ എംകെ നാരായണനെതിരായ കണ്ടെത്തല്‍. റിപ്പോര്‍ട്ട് അന്വേഷണ കമ്മീഷന്‍ വൈസ് ചാന്‍സലര്‍ക്ക് കൈമാറി.

https://dailynewslive.in/ വിസി നിയമനത്തിനുള്ള ഗവര്‍ണറുടെ നീക്കം ജനാധിപത്യത്തിന്റെ മീതെയുള്ള കടന്നുകയറ്റമാണെന്ന് മന്ത്രി ആര്‍ ബിന്ദു. ഉന്നത വിദ്യാഭ്യാസ രംഗത്തെ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നില്‍ക്കുന്നതാണ് ചാന്‍സലറുടെ ഭാഗത്ത് നിന്നുള്ള ഇടപെടലുകളെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*

മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ മലബാര്‍ മേഖലയില്‍ ജനങ്ങള്‍ അനുഭവിക്കുന്ന വിവേചനം തുറന്ന് പറയുന്നവരെ സിപിഎം മതരാഷ്ട്ര വാദികളാക്കുന്നുവെന്ന് മുസ്ലിംലീഗ് മുഖപത്രം. ബിജെപിയുടെ പണി എളുപ്പമാക്കുകയാണ് സിപിഎം ചെയ്യുന്നത്. മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയുടെ മുഖപത്രത്തിലാണ് ലേഖനം. സി പി എം മുഖപത്രമായ ദേശാഭിമാനി ഈ വിഷയത്തില്‍ പ്രകടിപ്പിച്ച അഭിപ്രായത്തിന് മറുപടിയായാണ് ചന്ദ്രിക ലേഖനം പ്രസിദ്ധീകരിച്ചത്.

https://dailynewslive.in/ സിനിമകളുടെ ലാഭവിഹിതം പെരുപ്പിച്ചുകാട്ടാന്‍ മലയാള സിനിമയില്‍ ഇടനില സംഘങ്ങള്‍ സജീവം എന്ന് ഇഡി നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു. ആളില്ലാത്ത സിനിമകള്‍ക്ക് കാണികളെ എത്തിക്കാനും, തിയേറ്റര്‍ ബുക്കിങ് ആപ്പുകളില്‍ റേറ്റിങ് വ്യാജമായി കൂട്ടുന്നതും ഇടനിലക്കാരാണ്. മഞ്ഞുമ്മല്‍ ബോയ്സ് സിനിമാ നിര്‍മാതാക്കള്‍ക്കെതിരെ ഇഡി അന്വേഷണം നടക്കുന്നതിനിടെയാണ് ഇത്തരം ഇടപാടുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്.

https://dailynewslive.in/ എല്‍പിജി ഗ്യാസ് സിലിണ്ടര്‍ യഥാര്‍ത്ഥ ഉപഭോക്താവിന് ലഭിക്കുന്നുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പിക്കാന്‍ മസ്റ്ററിംഗ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. ഇന്ധന വിതരണ കമ്പനികളുടെ ആപ്പിലൂടെയും മസ്റ്ററിംഗ് നടത്താം. മസ്റ്ററിംഗ് ഇല്ലെങ്കില്‍ സിലിണ്ടര്‍ ബുക്ക് ചെയ്യാനാകില്ലെന്ന മുന്നറിയിപ്പുകളും പുറത്ത് വരുന്നു.

https://dailynewslive.in/ പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ജില്ലയ്ക്കകത്ത് നിന്നുള്ള സ്ഥാനാര്‍ഥി മതിയെന്ന നിലപാടില്‍ ഡിസിസി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനായി ഒരു വിഭാഗം കരുക്കള്‍ നീക്കുന്നുണ്ടെന്നാണ് സൂചന. എ ഐസിസി നേതൃത്വത്തെ നേരിട്ട് താത്പര്യമറിയിക്കാന്‍ യുവനേതാക്കള്‍ ദില്ലിയിലെത്തി . ആര് സ്ഥാനാര്‍ഥിയാവണമെന്ന കാര്യത്തില്‍ പാലക്കാട്ടെ ജനങ്ങള്‍ക്ക് കൃത്യമായ ബോധ്യമുണ്ടെന്ന് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ ഡോ പി സരിന്‍ പറഞ്ഞു.

https://dailynewslive.in/ അങ്കമാലി താലൂക്കാശുപത്രിയിലെ സിനിമാ ചിത്രീകരണം വിവാദമായതോടെ രണ്ടാം ദിവസത്തെ ഷൂട്ടിങ് ഉപേക്ഷിച്ചു. ഫഹദ് ഫാസില്‍ നിര്‍മിക്കുന്ന പൈങ്കിളിയെന്ന സിനിമയുടെ ചിത്രീകരണമാണ് താലൂക്കാശുപത്രി ക്വാഷ്വാലിറ്റിയില്‍ നടന്നത്. ആദ്യദിവസത്തെ രാത്രിയിലെ ചിത്രീകരണത്തിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിരുന്നു. ഇതോടെയാണ് രണ്ടാം ദിവസത്തെ ഷൂട്ടിങ് ഉപേക്ഷിച്ചത്.

https://dailynewslive.in/ മന്ത്രി വീണ ജോര്‍ജിന്റെ ഭര്‍ത്താവിന്റെ കെട്ടിടത്തിന് മുന്നില്‍ പൊലീസ് കാവലില്‍ ഓട നിര്‍മാണം തുടങ്ങിയതില്‍ പ്രതിഷേധ മാര്‍ച്ചുമായി കോണ്‍ഗ്രസ്. മാര്‍ച്ച് പൊലീസ് ബാരിക്കേട് വെച്ച് തടഞ്ഞു. നിര്‍മാണം തടഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഏഴംകുളം – കൈപ്പട്ടൂര്‍ റോഡ് നിര്‍മ്മാണത്തില്‍ കൊടുമണ്‍ സ്റ്റേഡിയം ഭാഗത്താണ് ഓടയുടെ അലൈന്‍മെന്റില്‍ തര്‍ക്കം വന്നത്.ഓടയുടെ അലൈന്‍മെന്റ് മാറ്റാന്‍ ഒരുഘട്ടത്തിലും ഇടപെട്ടിട്ടില്ലെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് മന്ത്രി വീണ ജോര്‍ജ്ജിന്റെ ഭര്‍ത്താവ് ജോര്‍ജ്ജ് ജോസഫ്.

https://dailynewslive.in/ സംസ്ഥാനത്ത് നാല് വര്‍ഷ ബിരുദ കോഴ്സുകള്‍ നടപ്പാക്കുമ്പോള്‍ അധ്യാപക തസ്തികകള്‍ അതേപടി നിലനിര്‍ത്തും. ധനകാര്യ ഉന്നത വിദ്യാഭ്യസ മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ആദ്യ ബാച്ച് പൂര്‍ത്തിയാക്കും വരെ നിലവിലെ സ്ഥിതി തുടരും. നാല് വര്‍ഷ ബിരുദ കോഴ്സുകള്‍ നടപ്പാക്കുമ്പോള്‍ അധ്യാപക തസ്തിക നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകുമോ എന്ന ആശങ്ക നിലനില്‍ക്കെയാണ് മന്ത്രിതല ചര്‍ച്ചയും തുടര്‍ തീരുമാനവും.

https://dailynewslive.in/ കക്കൂസ് മാലിന്യം പുഴയിലേക്ക് ഒഴുക്കിയ മൂന്നാറിലെ ഹോട്ടലും റിസോര്‍ട്ടും പൂട്ടിച്ചു. മൂന്നാര്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന അല്‍ ബുഹാരി ഹോട്ടല്‍, തങ്കം ഇന്‍ റിസോര്‍ട്ട് എന്നിവയാണ് ആരോഗ്യ വകുപ്പ് അടപ്പിച്ചത്. നല്ലതണ്ണിയാറിലേക്കാണ് കക്കൂസ് മാലിന്യം ഒഴുക്കിയത്. സ്ഥാപനങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം പിഴയും ചുമത്തി.

https://dailynewslive.in/ യൂട്യൂബ് വ്ലോഗേഴ്സായ ഇ ബുള്‍ ജെറ്റ് സഹോദരന്മാരുടെ വാഹനം അപകടത്തില്‍പ്പെട്ടു. ഇ ബുള്‍ ജെറ്റ് സഹോദരങ്ങളായ എബിന്റെയും ലിബിന്റെയും കാര്‍, എതിര്‍ ദിശയില്‍ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. വ്ലോഗ്ര്മാര്‍ ഉള്‍പ്പെടെ മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളും ഒരു കുട്ടിയുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

https://dailynewslive.in/ തായ്ലാന്‍ഡില്‍ വിസിറ്റ് വിസയിലെത്തിയവരെ അതിര്‍ത്തി കടത്താന്‍ കമ്പോഡിയന്‍ പൊലീസിന് കൈക്കൂലി നല്‍കുന്നതായി വെളിപ്പെടുത്തല്‍. കേസിലെ മുഖ്യകണ്ണികളായ ആലപ്പുഴ സ്വദേശി ജയിംസും പ്രവീണും ആണ് പൊലീസിന് നിര്‍ണായക വിവരം കൈമാറിയത്. ചൈനീസ് കോള്‍ സെന്ററില്‍ ആളുകളെ എത്തിക്കാനാണ് സഹായം നല്‍കുന്നതെന്നാണ് ഇവരില്‍ നിന്നറിയുന്നത്.

https://dailynewslive.in/ കേരളത്തില്‍ ബി.ജെ.പിയിലേക്ക് പോകുന്ന സി.പി.എമ്മിന്റെ പരമ്പരാഗത വോട്ടുകള്‍ ആകര്‍ഷിക്കാനുള്ള രൂപരേഖ കോണ്‍ഗ്രസ് തയ്യാറാക്കി . ജൂലൈ 15, 16 തീയതികളില്‍ വയനാട്ടില്‍ ചേരുന്ന പാര്‍ട്ടിയുടെ ലീഡേഴ്സ് കോണ്‍ക്ലേവില്‍ ഇത് സംബന്ധിച്ച് വിശദമായ ചര്‍ച്ച നടക്കും. കേരളത്തിലെ ബി.ജെ.പിയുടെ വളര്‍ച്ചയെ കോണ്‍ഗ്രസ് ദേശിയ നേതൃത്വം ഗൗരവത്തോടെയാണ് കാണുന്നത്.

https://dailynewslive.in/ ബിഎസ് യെദിയൂരപ്പയ്ക്ക് എതിരായ പോക്സോ കേസില്‍ കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്ത്. 81-കാരനായ യെദിയൂരപ്പയ്ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് കുറ്റപത്രത്തിലുള്ളത്. ഇരയായ പെണ്‍കുട്ടിയുടെ കയ്യില്‍ നിന്ന് കണ്ടെടുത്ത വീഡിയോ ദൃശ്യമാണ് പ്രധാന തെളിവായി കുറ്റപത്രത്തില്‍ പറയുന്നത്.

https://dailynewslive.in/ കഴിഞ്ഞ ദിവസം ഡല്‍ഹി വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം ഉണ്ടായതിനെതുടര്‍ന്ന് വിമാനത്താവളത്തിലെ ഒന്നാം ടെര്‍മിനലിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ടെര്‍മിനല്‍ തുറക്കില്ല. അപകടത്തില്‍ ഒരാള്‍ മരിക്കുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ശക്തമായ മഴയെ തുടര്‍ന്നാണ് മേല്‍ക്കൂര തകര്‍ന്ന് വീണത് എന്നാണ് പ്രാഥമിക നിഗമനം. കൃത്യമായ അന്വേഷണം ഉണ്ടാകുമെന്നും,മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം നഷ്ടപരിഹാരം നല്‍കുമെന്നും വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡു വ്യക്തമാക്കുകയും ചെയ്തു.

https://dailynewslive.in/ ദില്ലിയില്‍ കനത്ത മഴ. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴക്കെടുതിയില്‍ മൂന്ന് മരണം സ്ഥിരീകരിച്ചതായി അധികൃതര്‍. കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ റിപ്പോര്‍ട്ട്. ഇന്നലെ പെയ്ത കനത്ത മഴയില്‍ രൂക്ഷമായ വെള്ളക്കെട്ടാണ് നഗരത്തില്‍ അനുഭവപ്പെട്ടത്.

https://dailynewslive.in/ ഗ്രേറ്റര്‍ നോയിഡയില്‍ നിര്‍മ്മാണത്തിലിരുന്ന മതില്‍ തകര്‍ന്നു വീണ് മൂന്ന് കുട്ടികള്‍ മരിച്ചു. 5 പേര്‍ക്ക് പരിക്കേറ്റു. മഴ സാഹചര്യം കണക്കിലെടുത്ത് ദില്ലിയില്‍ അവധിയില്‍ പോയ മുതിര്‍ന്ന ഉദ്യോഗസ്ഥരോട് തിരികെ എത്താന്‍ ലഫ് ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കി. രണ്ട് മാസത്തേക്ക് ദീര്‍ഘ അവധികള്‍ നല്‍കില്ലെന്ന് ലഫ് ഗവര്‍ണര്‍ അറിയിച്ചു.

https://dailynewslive.in/ കര്‍ണാടകയില്‍ പൊലീസുകാര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ സിനിമാ സ്റ്റൈല്‍ ആക്രമണം. അജ്ഞാതസംഘം വാഹനം ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി കൊണ്ടുപോയി. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് ആക്രമണമുണ്ടായത്. നാല് പൊലീസുകാരെ സാരമായ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

https://dailynewslive.in/ കര്‍ണാടകയിലെ ഹാവേരിയില്‍ അപകടത്തില്‍ മരിച്ചവരില്‍ ഇന്ത്യന്‍ ബ്ലൈന്‍ഡ് ഫുട്ബോള്‍ ദേശീയ താരവും. ദേശീയ ബ്ലൈന്‍ഡ് ഫുട്ബോള്‍ വനിതാ ടീമംഗം എ എസ് മാനസയാണ് മരിച്ചത്. കര്‍ണാടക ബ്ലൈന്‍ഡ് ഫുട്ബോള്‍ ടീം ക്യാപ്റ്റനുമായിരുന്നു ഇരുപത്തിയഞ്ചുകാരിയായ മാനസ.അപകടത്തില്‍ മാനസയുടെ അമ്മ ഭാഗ്യയും മരിച്ചു. തീര്‍ത്ഥാടനത്തിന് പോയി വരവേ മിനി ബസ് നിര്‍ത്തിയിട്ട ട്രക്കിലിടിച്ച് മരിച്ചത് 13 പേരാണ്.

https://dailynewslive.in/ നീറ്റ് പരീക്ഷ ക്രമക്കേടില്‍ സിബിഐ മാധ്യമപ്രവര്‍ത്തകനെ അറസ്റ്റുചെയ്തു. ഹിന്ദി ദിനപത്രത്തിന്റെ ലേഖകന്‍ ജമാലുദ്ദീനെ ഝാര്‍ഖണ്ഡിലെ ഹസാരിബാഗില്‍നിന്നാണ് പിടികൂടിയത്.നീറ്റ് ചോദ്യക്കടലാസ് ചോര്‍ച്ചക്കേസിലെ രണ്ടുപേരെ കഴിഞ്ഞദിവസം സി.ബി.ഐ അറസ്റ്റുചെയ്തിരുന്നു. ഇവരെ ജമാലുദ്ദീന്‍ സഹായിച്ചെന്നാണ് വിവരം.

https://dailynewslive.in/ രാമക്ഷേത്രത്തിലെ മേല്‍ക്കൂരച്ചോര്‍ച്ചയ്ക്ക് പിന്നാലെ രാംപഥ് റോഡിന്റെ 14 കിലോമീറ്റര്‍ ദൂരത്ത് വിവിധ ഭാഗങ്ങളില്‍ മഴ ശക്തമായതോടെ കുഴികള്‍ രൂപപ്പെട്ടത് ബിജെപിയെ വെട്ടിലാക്കുന്നു. റോഡിനോട് ചേര്‍ന്നുള്ള ചെറുവഴികളിലും തെരുവുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. വീടുകളിലും വെള്ളം കയറി.. നിര്‍മ്മാണത്തിലെ അനാസ്ഥ ചൂണ്ടികാട്ടി പൊതുമരാമത്ത് വകുപ്പിലെയും ഉത്തര്‍പ്രദേശ് ജല്‍ നിഗമിലെയും ആറ് ഉദ്യോഗസ്ഥരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. വിഷയത്തില്‍ ബി.ജെ.പിക്കെതിരേ അഴിമതിയാരോപണമുയര്‍ത്തി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.

https://dailynewslive.in/ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെതിരേ ദുര്‍മന്ത്രവാദം നടത്തിയെന്ന കേസില്‍ വനിതാ മന്ത്രിയും മുന്‍ ഭര്‍ത്താവും ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. മാലദ്വീപ് പരിസ്ഥിതി മന്ത്രിയായ ഫാത്തിമ ഷംനാസ് അലി സലീം, ഇവരുടെ മുന്‍ഭര്‍ത്താവും പ്രസിഡന്റ് ഓഫീസിലെ കാബിനറ്റ് റാങ്കിലുള്ള ആദം റമീസ് എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കൊപ്പം മറ്റു രണ്ടുപേര്‍ കൂടി അറസ്റ്റിലായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പ്രസിഡന്റ് മുഹമ്മദ് മുയിസുവോ അദ്ദേഹത്തിന്റെ ഓഫീസോ ഇതുവരെ പ്രതികരിച്ചിട്ടുമില്ല.

https://dailynewslive.in/ സൂപ്പര്‍ ലീഗ് കേരളയുടെ ഭാഗമായ കൊച്ചി എഫ്.സിയുടെ ഉടമയായി നടന്‍ പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും. ഈ വര്‍ഷം ഓഗസ്റ്റ് അവസാനം മുതല്‍ ആരംഭിക്കുന്ന 60 ദിവസം നീണ്ടുനില്‍ക്കുന്ന സൂപ്പര്‍ ലീഗ് കായിക കേരളത്തിന് ആവേശമാകുമെന്ന് കേരളത്തിന്റെ പ്രഥമ ഫുട്ബോള്‍ ലീഗായ സൂപ്പര്‍ ലീഗ് കേരളയുടെ സിഇഒ മാത്യു ജോസഫ് പറഞ്ഞു. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍, മലപ്പുറം എന്നിവിടങ്ങളിലെ ആറ് ടീമുകളാണ് ആദ്യ സീസണില്‍ സൂപ്പര്‍ ലീഗില്‍ മാറ്റുരയ്ക്കുകയെന്ന് സൂപ്പര്‍ ലീഗ് കേരള മാനേജിംഗ് ഡയറക്ടര്‍ ഫിറോസ് മീരാന്‍ പറഞ്ഞു.

https://dailynewslive.in/ കോപ്പ അമേരിക്കയില്‍ പരഗ്വായ്ക്കെതിരെ ബ്രസീലിന് തകര്‍പ്പന്‍ ജയം. പരഗ്വായെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ബ്രസീല്‍ കീഴടക്കിയത്. ഗ്രൂപ്പ് ഡിയിലെ മറ്റൊരു മത്സരത്തില്‍ കോസ്റ്റാറിക്കക്കെതിരെ കൊളംബിയക്ക് എതിരില്ലാത്ത മൂന്ന് ഗോളിന്റെ വിജയം. ഇതോടെ കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച കൊളംബിയ ക്വാര്‍ട്ടര്‍ ഉറപ്പിച്ചു.

https://dailynewslive.in/ ഭവിഷ് അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഓല പലചരക്ക് വിതരണ രംഗത്തേക്കും കടക്കുന്നു. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്‌സ് (ഒ.എന്‍.ഡി.സി) വഴി വരും ദിവസങ്ങളില്‍ ഓല ഈ രംഗത്തേക്ക് ചുവടുവെയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ മാജിക്പിന്‍ കഴിഞ്ഞാല്‍ ഒ.എന്‍.ഡി.സിയില്‍ ഏറ്റവും വലിയ രണ്ടാമത്തെ ബയര്‍ സൈഡ് പ്ലാറ്റ്‌ഫോമാണ് ഓല. പ്രതിദിനം 15,000 മുതല്‍ 20,000 വരെ ഫുഡ് ഓര്‍ഡറുകളാണ് ഡല്‍ഹി, ബംഗളൂരൂ പോലുള്ള വിപണികളിലായി ഓല നേടുന്നത്. ആദ്യമായല്ല ഓല പലചരക്ക് വിതരണ രംഗത്തേക്ക് കടക്കുന്നത്. 2015ല്‍ ബംഗളൂരുവില്‍ ഓണ്‍ലൈന്‍ ഗ്രോസറി സ്റ്റോര്‍ തുറന്നിരുന്നു. എന്നാല്‍ ഒമ്പതു മാസമായപ്പോള്‍ തന്നെ കമ്പനി സേവനം നിറുത്തലാക്കി. 2021ല്‍ ഓല ഡാഷ് എന്ന പേരില്‍ വീണ്ടും ഗ്രോസറി വിഭാഗത്തിലേക്ക് തിരിച്ചുവരവ് നടത്തിയിരുന്നു. പക്ഷെ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഇതും അടച്ചു പൂട്ടി. പിന്നീട് കഴിഞ്ഞ വര്‍ഷമാണ് ഓല ഒ.എന്‍.ഡി.സി പ്ലാറ്റ്‌ഫോമിലൂടെ ഭക്ഷണ വിതരണ രംഗത്തേക്ക് കടന്നത്. ഇത് വിജയകരമായതിനെ തുടര്‍ന്നാണ് ഇപ്പോള്‍ പലചരക്ക് വിതരണത്തിലേക്കും കടക്കുന്നത്. സര്‍ക്കാരിന്റെ ഒ.എന്‍.ഡി.സി പ്ലാറ്റ്‌ഫോം വഴിയുള്ള മൊബിലിറ്റി, റീറ്റെയ്ല്‍ ഇടപാടുകള്‍ ജൂണില്‍ ആദ്യമായി 100 കോടി കടക്കുമെന്നാണ് കരുതുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് അഞ്ച് ഇരട്ടി വളര്‍ച്ചയാണ് കണക്കാക്കുന്നത്. മേയിലാണ് റീറ്റെയ്ല്‍ ഓര്‍ഡറുകള്‍ ആദ്യമായി 5 കോടി കടന്നത്. തൊട്ടു മുന്‍ മാസത്തിലിത് 3.59 കോടിയായിരുന്നു. ഈ മാസമാണ് ഒറ്റ ദിനത്തില്‍ രണ്ട് ലക്ഷം റീറ്റെയ്ല്‍ ട്രാന്‍സാക്ഷനുകള്‍ എന്ന നാഴികക്കല്ല് ഒ.എന്‍.ഡി.സി പിന്നിട്ടത്.

https://dailynewslive.in/ ഇന്ത്യയില്‍ മൂന്ന് ഫീച്ചര്‍ ഫോണുകള്‍ പുറത്തിറക്കി നോക്കിയ. നോക്കിയ 3210, നോക്കിയ 220 4ജി, നോക്കിയ 235 4ജി എന്നീ മോഡലുകളാണ് ഫിന്നിഷ് മൊബൈല്‍ നിര്‍മാതാക്കളായ ഹ്യൂമന്‍ മൊബൈല്‍ ഡിവൈസ് ഇന്ത്യന്‍ വിപണിയിലെത്തിച്ചത്. യൂട്യൂബ്, യൂട്യൂബ് മ്യൂസിക്ക്, യു.പി.ഐ ആപ്പുകള്‍ എന്നിവ പ്രീ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. എച്ച്.എം.ഡിയുടെ വെബ്‌സൈറ്റ് വഴിയും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളായ ആമസോണിലൂടെയുമാണ് വില്‍പ്പന. 90കളില്‍ പുറത്തിറങ്ങിയ നോക്കിയയുടെ 3210 എന്ന മോഡലിനെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് നോക്കിയ 3210 ഫോണിന്റെ ഡിസൈന്‍. 1450 എം.എ.എച്ച് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ ഒമ്പതര മണിക്കൂര്‍ തുടര്‍ച്ചയായ സംസാര സമയം ലഭിക്കും. 2എംപി ക്യാമറ, ഫ്‌ളാഷ് ടോര്‍ച്ച്, സ്‌നേക്ക് ഗെയിം എന്നിവയുമുണ്ടാകും. നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ അംഗീകരിച്ച യു.പി.ഐ ആപ്ലിക്കേഷനും ഫോണിലുണ്ട്. ഇതിലൂടെ ക്യൂ.ആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യാനും പണമിടപാട് നടത്താനും കഴിയും. വെതര്‍, ന്യൂസ്, സോകോബാന്‍, ക്രിക്കറ്റ് സ്‌കോര്‍, 2048 ഗെയിംസ് തുടങ്ങി എട്ട് ആപ്പുകളാണ് ഫോണിലുണ്ടാവുക. 3999 രൂപയാണ് വില. സ്‌കൂബ ബ്ലൂ, ഗ്രഞ്ച് ബ്ലാക്ക്, വൈ2കെ ഗോള്‍ഡ് എന്നീ നിറങ്ങളിലാണ് ഫോണ്‍ ലഭിക്കുക. 2.8 ഇഞ്ച് ഐ.പി.എസ് ഡിസ്‌പ്ലേയാണ് നോക്കിയ 220 4ജി ഫോണിനുള്ളത്. 2 എംപി ക്യാമറയുള്ള ഫോണ്‍ ബ്ലൂ, ബ്ലാക്ക്, പര്‍പ്പിള്‍ എന്നിങ്ങനെ മൂന്ന് നിറങ്ങളില്‍ ലഭിക്കും. 3749 രൂപയാണ് വില. മോഡേണ്‍ ലുക്കിലെത്തുന്ന നോക്കിയ 235 4ജി ഫോണില്‍ നിരവധി ഫീച്ചറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പീച്ച്, ബ്ലാക്ക് എന്നീ നിറങ്ങളില്‍ ലഭ്യമാകും. 3249 രൂപയാണ് വില.മൂന്ന് ഫോണുകളിലും യു.എസ്.ബി സി ചാര്‍ജിംഗ് പോര്‍ട്ട്, ഹെഡ്‌ഫോണ്‍ ജാക്ക്, മ്യൂസിക്ക് പ്ലെയര്‍, റേഡിയോ തുടങ്ങിയ ഫീച്ചറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

https://dailynewslive.in/ വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയാ പോള്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ് ചെയ്തു. ആന്റണി വര്‍ഗീസ് പെപ്പെ നായകനാകുന്ന ചിത്രത്തിന് ‘കൊണ്ടല്‍’ എന്നാണ് പേരിട്ടിരിക്കുന്നത്. ആഞ്ഞടിക്കുന്ന കടലില്‍ ആടിയുലയുന്ന കപ്പലില്‍ വമ്പന്‍ ആക്ഷന്‍ രംഗങ്ങളോടെയാണ് ആന്റണിയെ ടീസറില്‍ അവതരിപ്പിക്കുന്നത്. നടുക്കടലിന്റെ ആഴത്തെക്കാള്‍ ഭയപ്പെടുത്തുന്ന, ഓരോ ദിക്കുകളില്‍ നിന്നും വീശിയടിക്കുന്ന കാറ്റിനെക്കുറിച്ച് പറഞ്ഞു തുടങ്ങുന്ന ടീസര്‍, അവസാനിക്കുന്നത് കൊണ്ടല്‍ എന്ന പേരിലാണ്. കടലില്‍ നിന്നും കരയിലേക്ക് വീശിയടിക്കുന്ന നാലാം കാറ്റാണ് കൊണ്ടല്‍. കാറ്റ് തിരിച്ചടിക്കാന്‍ അധികനേരം വേണ്ട എന്ന മുന്നറിയിപ്പോടെയാണ് ടീസര്‍ അവസാനിക്കുന്നത്. ഓണം റിലീസായി ചിത്രം തിയറ്ററുകളില്‍ എത്തും. ഷബീര്‍ കല്ലറയ്ക്കല്‍, രാജ് ബി ഷെട്ടി തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പെപ്പെയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന സോളോ ചിത്രം കൂടിയാണിത്. കടലിന്റെ പശ്ചാത്തലത്തില്‍ പൂര്‍ണ്ണമായും ഒരു റിവഞ്ച് ആക്ഷന്‍ ഡ്രാമയാണ് കൊണ്ടലിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്. പുതുമുഖം പ്രതിഭയാണ് നായിക. ഗൗതമി നായര്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നന്ദു, മണികണ്ഠന്‍ ആചാരി, പ്രമോദ് വലിയനാട്, ശരത് സഭ, അഭിറാം രാധാകൃഷ്ണന്‍, പി എന്‍ സണ്ണി, സിറാജുദ്ദീന്‍ നാസര്‍, നെബിഷ് ബെന്‍സണ്‍, ആഷ്ലീ, രാഹുല്‍ രാജഗോപാല്‍, അഫ്‌സല്‍ പി എച്ച്, റാം കുമാര്‍, സുനില്‍ അഞ്ചുതെങ്ങ്, രാഹുല്‍ നായര്‍, ഉഷ, കനക കൊനശനദ്, ജയ കുറുപ്പ്, പുഷ്പകുമാരി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റോയ്ലിന്‍ റോബര്‍ട്ട്, സതീഷ് തോന്നക്കല്‍, അജിത് മാമ്പള്ളി എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

https://dailynewslive.in/ ഈസ്റ്റ് കോസ്റ്റ് വിജയന്‍ നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം ‘ചിത്തിനി’യുടെ പ്രൊമോ സോംഗ് പുറത്തിറങ്ങി. ചിത്രത്തിലെ നായികാ വേഷം ചെയ്യുന്ന മോക്ഷയും സംഘവും അവതരിപ്പിക്കുന്ന ലേ ലേ ലേ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. രഞ്ജിന്‍ രാജിന്റേതാണ് സംഗീതം. ഗാനരചന സുരേഷ് പൂമല, സുഭാഷ് കൃഷ്ണയും കെ എസ് അനവദ്യയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ബിജു ധ്വനിതരംഗ് ആണ് പ്രൊമോ സോംഗ് ഡയറക്ടര്‍. ജിഷ്ണു- വിഷ്ണു, ബിജു ധ്വനിതരംഗ് എന്നിവരാണ് നൃത്തസംവിധാനം. ഹൊറര്‍ ഫാമിലി ഇന്‍വെസ്റ്റിഗേഷന്‍ ജോണറില്‍ പെട്ടതാണ് ചിത്രം. അമിത് ചക്കാലയ്ക്കല്‍ നായകനായി എത്തുന്ന ചിത്രത്തില്‍ വിനയ് ഫോര്‍ട്ടും പ്രധാന വേഷത്തിലുണ്ട്. ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്ത കള്ളനും ഭഗവതിയും എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ബംഗാളി താരം മോക്ഷ വീണ്ടും നായിക ആയി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ആരതി നായര്‍, എനാക്ഷി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ജോണി ആന്റണി, ജോയ് മാത്യൂ, സുധീഷ്, ശ്രീകാന്ത് മുരളി, ജയകൃഷ്ണന്‍, മണികണ്ഠന്‍ ആചാരി, സുജിത്ത് ശങ്കര്‍, പ്രമോദ് വെളിയനാട്, രാജേഷ് ശര്‍മ്മ, ഉണ്ണിരാജ, അനൂപ് ശിവസേവന്‍, കൂട്ടിക്കല്‍ ജയചന്ദ്രന്‍, ജിബിന്‍ ഗോപിനാഥ്, ജിതിന്‍ ബാബു, ശിവ ദാമോദര്‍, വികാസ്, പൗളി വത്സന്‍, അമ്പിളി അംബാലി തുടങ്ങിയ വന്‍ താരനിരയും അണിനിരക്കുന്നു.

https://dailynewslive.in/ ഹിമാലയന്‍ 450നെ അടിസ്ഥാനമാക്കി റോയല്‍ എന്‍ഫീല്‍ഡ് ഗറില്ല എന്ന പേരില്‍ ഒരു റോഡ്സ്റ്റര്‍ ബൈക്ക് ഇറക്കുമെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറേകാലമായി. എന്നാല്‍ ഗറില്ലയുടെ ലോഞ്ചിംഗ് അടുത്ത മാസം 17നുണ്ടാകുമെന്ന് കമ്പനി തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. ബൈക്കിന്റ അന്താരാഷ്ട്ര ലോഞ്ചിംഗ് ബാഴ്‌സലോണയില്‍ നടക്കും. റൗണ്ട് എല്‍.ഇ.ഡി ഹെഡ്‌ലൈറ്റും വലിയ ഇന്ധനടാങ്കും സിംഗിള്‍ പോഡ് ഇന്‍സ്ട്രുമെന്റ് കണ്‍സോളും അടങ്ങിയ വാഹനം പരീക്ഷണയോട്ടം നടത്തുന്ന നിരവധി ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. പുതിയ ഹിമാലയന്‍ 450നോട് സാദൃശ്യം തോന്നുന്ന പല ഭാഗങ്ങളം ഗറില്ലയിലും കാണാന്‍ കഴിയും. ഹിമാലയന്‍ 450ല്‍ സ്‌പോക്ക് വീലുകളാണ് നല്‍കിയിരുന്നതെങ്കില്‍ ഗറില്ലയില്‍ അലോയ് വീലുകളാണുള്ളത്. ഇരുവാഹനങ്ങളിലും ഷെര്‍പ്പ സീരീസിലുള്ള എഞ്ചിന്‍ തന്നെയായിരിക്കും ഉപയോഗിക്കുക. 452 സിസി സിംഗിള്‍ സിലിണ്ടര്‍ 6 സ്പീഡ് എഞ്ചിന്‍ 39.47 ബി.എച്ച്.പി കരുത്തും 40 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കും. എല്‍.ഇ.ഡി ലൈറ്റുകള്‍, ഇരട്ട ചാനല്‍ എ.ബി.എസ്, ബ്ലൂടൂത്ത് കണക്ടിവിറ്റി തുടങ്ങിയ ഫീച്ചറുകളും വാഹനത്തില്‍ ഉള്‍പ്പെടുത്തും. 2.5 ലക്ഷം മുതലായിരിക്കും വാഹനത്തിന്റെ എക്‌സ്‌ഷോറൂം വിലയെന്നാണ് സൂചന.

https://dailynewslive.in/ മനുഷ്യജീവിതത്തിന്റെ വൈകാരികചരിത്രമായി സാഹിത്യത്തെ പ്രതിഫലിപ്പിക്കുന്ന ഇരുപതു ലേഖനങ്ങളുടെ സമാഹാരം. എഴുത്തിലൂടെ, വായനയിലൂടെ, സഞ്ചാരങ്ങളിലൂടെയുമെല്ലാം ഓര്‍മകളുടെ ചില മുനമ്പുകളില്‍ വീണ്ടും വന്നുനില്ക്കുമ്പോഴുണ്ടാവുന്ന ഗൃഹാതുരത്വത്തെ ആവിഷ്‌കരിക്കുന്ന രചനകള്‍. ‘ഭൂതനഗരം’. ഇ സന്തോഷ് കുമാര്‍. എച്ച്ആന്‍ഡ്സി ബുക്സ്. വില 228 രൂപ.

https://dailynewslive.in/ ശരീരത്തിന്റെ മൊത്തം ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് കൃത്യമായ ദന്തസംരക്ഷണവും അത്യന്താപേക്ഷിതമാണ്. ആരോഗ്യമുള്ള പല്ലുകളുടെ ആവശ്യകത മനുഷ്യന് ഏറെയാണ്. ഭക്ഷണങ്ങള്‍ ചവച്ചരയ്ക്കാനും ശാരീരിക സൗന്ദര്യം നിലനിര്‍ത്താനും മാത്രമല്ല അത്. ശരിയായ വാക് പ്രയോഗത്തിനും പല്ലുകള്‍ അത്യന്താപേക്ഷിതമാണ്. പല്ല് പലരുടെയും ആത്മവിശ്വാസത്തിന്റെയും കൂടി ഭാഗമാണ്. കൃത്യമായ രീതിയില്‍ വായ വൃത്തിയാക്കാത്തതുകൊണ്ടാണ് പല്ല് ദ്രവിക്കല്‍, പുളിപ്പ്, മോണരോഗങ്ങള്‍ എന്നിവ കൂടുതലായും ഉണ്ടാകുന്നത്. അതിനാല്‍, രണ്ട് നേരവും പല്ല് തേക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്. പല്ലിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് ഇനി പറയാം. പഞ്ചസാര ക്രമാതീതമായ അളവില്‍ അടങ്ങിയിട്ടുള്ള ഭക്ഷണസാധനങ്ങള്‍ പല്ലുകളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. അതിനാല്‍, അവയുടെ അമിത ഉപയോഗം ഒഴിവാക്കുകയാണ് ഉത്തമം. ഐസ് വായിലിട്ട് ചവയ്ക്കുന്നത് പലര്‍ക്കുമുള്ള ശീലമാണ്. പല്ലിന്റെ ആരോഗ്യത്തെ കാര്യമായി ഈ ദുശ്ശീലം ബാധിക്കാം എന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത്. മിഠായി കഴിച്ചതിന് ശേഷം വായ് നന്നായി കഴുകുക. ഇല്ലെങ്കില്‍ അത് പല്ലിന്റെ ഇനാമലിനെ ബാധിക്കാം. ടൂത്ത്ബ്രഷിന്റെ നാരുകള്‍ വളയാന്‍ തുടങ്ങിക്കഴിഞ്ഞാല്‍ ആ ബ്രഷ് ഉപയോഗിക്കാതിരിക്കുക. മൂന്ന് മാസം കഴിയുമ്പോള്‍ ടൂത്ത് ബ്രഷുകള്‍ മാറ്റുക. പല്ല് കൊണ്ട് എന്തെങ്കിലും കടിച്ച് തുറക്കാന്‍ ശ്രമിക്കുന്നത് പല്ലില്‍ പൊട്ടല്‍ വരാന്‍ കാരണമാകും. ദിവസവും രണ്ട് നേരം പ്ലല് തേയ്ക്കുന്നത് ശീലമാക്കുക. ഇത് പല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.36, പൗണ്ട് – 105.45, യൂറോ – 89.37, സ്വിസ് ഫ്രാങ്ക് – 92.30, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.74, ബഹറിന്‍ ദിനാര്‍ – 221.43, കുവൈത്ത് ദിനാര്‍ -272.06, ഒമാനി റിയാല്‍ – 216.79, സൗദി റിയാല്‍ – 22.22, യു.എ.ഇ ദിര്‍ഹം – 22.70, ഖത്തര്‍ റിയാല്‍ – 22.90, കനേഡിയന്‍ ഡോളര്‍ – 60.87.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *