◾https://dailynewslive.in/ റഷ്യയും യുക്രെയിനും ഉള്‍പ്പെട്ട മേഖലയിലെ സമാധാനം ഉറപ്പാക്കാന്‍ ഇന്ത്യ എല്ലാ പിന്തുണയും നല്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് മോസ്‌കോവിലേക്ക് തിരിക്കും മുമ്പ് നല്കിയ പ്രസ്താവനയിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. റഷ്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ തന്റെ സന്ദര്‍ശനം സഹായിക്കുമെന്നും മോദി അറിയിച്ചു.
◾https://dailynewslive.in/ മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങളിലെത്തി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ജിരിബാമിലെ ക്യാമ്പിലാണ് രാഹുല്‍ ഗാന്ധി ആദ്യമെത്തിയത്. രാവിലെ അസമിലെ കാച്ചാര്‍, സില്‍ച്ചര്‍ എന്നിവിടങ്ങളിലെ പ്രളയ ബാധിതരെ കണ്ട ശേഷമാണ് രാഹുല്‍ മണിപ്പൂരിലെ ജിരിബാമിലെത്തിയത്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അടക്കമുള്ള നേതാക്കള്‍ രാഹുലിനൊപ്പം മണിപ്പൂരിലെ ക്യാമ്പുകളില്‍ സന്ദര്‍ശിക്കുന്നുണ്ട്.
◾
*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*
*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*
മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾https://dailynewslive.in/ പിഎസ്സി അംഗത്വത്തിന് കോഴ വാങ്ങിയ സംഭവത്തില്‍ സിപിഎം കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗവും സിഐടിയു ജില്ലാ സെക്രട്ടറിയുമായ പ്രമോദ് കോട്ടൂളിക്കെതിരെ ഉടന്‍ നടപടി ഉണ്ടാകും. തെരഞ്ഞെടുപ്പിന് മുമ്പ് ജില്ലാ സെക്രട്ടറിയേറ്റ് നിയോഗിച്ച നാലംഗ കമ്മീഷന്‍ അന്വേഷണം പൂര്‍ത്തിയാക്കിയിരുന്നു. വിവാദത്തില്‍ മന്ത്രി റിയാസിന്റെ പേര് ഉയര്‍ന്നുവന്നത് ജില്ലയിലെ പാര്‍ട്ടി ഗ്രൂപ്പിസത്തിന്റെ ഭാഗമാണെന്നാണ് സൂചന. അതേസമയം, പിഎസ്സി അംഗത്വത്തിന് ആരും തന്നെ സമീപിച്ചിട്ടില്ലെന്നും താന്‍ ആരോടും പണം വാങ്ങിയിട്ടില്ലെന്നും പ്രമോദ് കോട്ടൂളി പറഞ്ഞു.
◾https://dailynewslive.in/ പി.എസ്.സി. അംഗത്വം നല്‍കാമെന്ന് വാഗ്ദാനംചെയ്ത് പ്രാദേശിക നേതാവ് കോഴവാങ്ങിയെന്ന ആരോപണത്തില്‍ സി.പി.എമ്മിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍ കുമാര്‍. പി.എസ്.സി. അംഗത്വം സി.പി.എം തൂക്കിവില്‍ക്കുകയാണെന്നും കോഴിക്കോട്ടെ സി.പി.എമ്മില്‍ മാഫിയകള്‍ തമ്മിലുള്ള തര്‍ക്കമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം എല്ലാ ഇടപാടിലും മന്ത്രി മുഹമ്മദ് റിയാസിനും പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
◾https://dailynewslive.in/ പിഎസ്സി അംഗത്തെ നിയമിക്കാന്‍ കോഴ വാങ്ങിയത് ഒതുക്കി തീര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ ആരോപിച്ചു. പിഎസ്സിയില്‍ നിയമന തട്ടിപ്പുകള്‍ നടക്കുന്നുവെന്നും 30 ഉം 50ഉം ലക്ഷം നല്‍കി നിയമനം നേടുന്നവര്‍ നിയമനങ്ങളില്‍ അട്ടിമറി നടത്തുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു. മന്ത്രി മുഹമ്മദ് റിയാസിന്റെ പേര് പറഞ്ഞാണ് പിരിവ് നടത്തുന്നതെന്നും ഇക്കാര്യത്തില്‍ സമഗ്രാന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
◾https://dailynewslive.in/ പിഎസ്സി അംഗത്വം വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന ആരോപണത്തില്‍ നിയമസഭയില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പിഎസ് സി അംഗങ്ങളെ നിയമിക്കുന്നതില്‍ വഴി വിട്ട രീതിയില്‍ ഒന്നും നടക്കാറില്ലെന്നും പിഎസ്സി അംഗങ്ങളെ നിയമിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള അഴിമതിയുടെ ഭാഗമായിട്ടല്ലെന്നും കോഴിക്കോട്ടെ കോഴ വിവാദം ശ്രദ്ധയില്‍പ്പെട്ടിരുന്നോ എന്ന എന്‍.ഷംസുദ്ദീന്റെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി വിശദീകരിച്ചു.
◾https://dailynewslive.in/ തുടര്‍ച്ചയായി നെഗറ്റീവ് പ്രശ്‌നങ്ങളിലേക്ക് തന്നെ വലിച്ചിഴയ്ക്കുകയാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പൊതുമരാമത്ത്- ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. എന്തുകൊണ്ടാണ് തന്നെ ടാര്‍ഗറ്റ് ചെയ്യുന്നതെന്ന് ജനങ്ങള്‍ക്കറിയാമെന്നും താന്‍ പ്രത്യേകിച്ച് പറയേണ്ടകാര്യമില്ലെന്നും റിയാസ് പറഞ്ഞു. പി.എസ്.സി. അംഗത്വം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പ്രാദേശിക നേതാവ് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
◾https://dailynewslive.in/ നിലയ്ക്കല്‍ മുതല്‍ പമ്പ വരെ ശബരിമല തീര്‍ത്ഥാടകര്‍ക്കായി സൗജന്യ വാഹനസൗകര്യം ഒരുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളണമെന്ന് സംസ്ഥാന സര്‍ക്കാര്‍. നിലയ്ക്കല്‍ – പമ്പ റൂട്ടില്‍ ബസ് സര്‍വീസ് നടത്താന്‍ അധികാരം കെ എസ് ആര്‍ ടി സി ക്കാണെന്നും സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
◾https://dailynewslive.in/ വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാകുമ്പോള്‍ വികസനത്തിന് വിപുലമായ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍. എന്നാല്‍ തുറമുഖ നിര്‍മ്മാണം തുടങ്ങി പതീറ്റാണ്ടാകാറായിട്ടും മികച്ച റോഡ് കണക്റ്റിവിറ്റി പൂര്‍ത്തിയാക്കാന്‍ പോലും സര്‍ക്കാരിന് ആയിട്ടില്ലെന്നും അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ കേരളം പിന്നോട്ട് പോയാല്‍ പ്രയോജനം തമിഴ്നാടിനാകുമെന്നും വ്യവസായ സംഘടനകളുടെ മുന്നറിയിപ്പ്.
◾https://dailynewslive.in/ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ഇഡി പിടിച്ചെടുത്ത കേസിന്റെ രേഖകള്‍, കൈമാറണമെന്ന ക്രൈംബ്രാഞ്ചിന്റെ ഹര്‍ജിയില്‍ അനുകൂല ഉത്തരവുമായി കേരളാ ഹൈക്കോടതി. ക്രൈംബ്രാഞ്ചിന് രേഖകള്‍ കൈമാറാന്‍ ഇഡിക്ക് കോടതി നിര്‍ദേശം നല്‍കി. രണ്ട് മാസത്തിനുള്ളില്‍ രേഖകളിന്മേലുള്ള പരിശോധന പൂര്‍ത്തിയാക്കാന്‍ ക്രൈംബ്രാഞ്ചിനും കോടതി നിര്‍ദേശം നല്‍കി.
◾https://dailynewslive.in/ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലും ചട്ട വിരുദ്ധ നിയമനം. ഈ നിയമനത്തില്‍ അക്കൗണ്ട് ജനറല്‍ വിശദീകരണം തേടി. മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസിലെ നിയമനമാണ് വിവാദമാകുന്നത്. കോടതി ഉത്തരവും ചട്ടവും പാലിക്കപ്പെട്ടില്ലെന്ന് അക്കൗണ്ട് ജനറല്‍ വ്യക്തമാക്കി.
◾https://dailynewslive.in/ തിരുവമ്പാടിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവായ അജ്മല്‍ കെഎസ്ഇബി ഓഫിസ് ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ ഇന്ന് പ്രതിഷേധ മാര്‍ച്ച് നടത്തും. തിരുവമ്പാടിയില്‍ വിശദീകരണ യോഗവും നടത്തും. അജ്മലും സഹോദരനും ചേര്‍ന്ന് നടത്തിയ ഓഫീസ് ആക്രമണത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് അടക്കം പരിക്കേല്‍ക്കുകയും ഓഫീസ് തല്ലിത്തകര്‍ക്കുകയും ചെയ്തിരുന്നു. കെഎസ്ഇബിക്കെതിരെ മാനഹനിക്ക് കേസ് കൊടുക്കുമെന്ന് റസാഖിന്റെ കുടുംബം പ്രതികരിച്ചു.
◾https://dailynewslive.in/ മുതലപ്പൊഴിയില്‍ ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളികള്‍ കടലിലേക്ക് വീണു. ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. പെരുമാതുറ സ്വദേശി ഷാക്കിറിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് ഇന്ന് പുലര്‍ച്ചെ അപകടത്തില്‍പ്പെട്ടത്.വള്ളത്തിലെ വലകള്‍ കടലിലേക്ക് പോയതിനെ തുടര്‍ന്ന് അത് എടുക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടം.
◾https://dailynewslive.in/ കൊല്ലം കരുനാഗപ്പള്ളിയില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കെഎസ്ഇബിക്കെതിരെ ബന്ധുക്കള്‍. കെഎസ്ഇബിയുടെ അനാസ്ഥയാണ് അബ്ദുല്‍ സലാമിന്റെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വൈദ്യുതി ലൈനിലെ പ്രശ്നങ്ങള്‍ പ്രദേശവാസികള്‍ മുന്‍പ് തന്നെ കെഎസ്ഇബിയെ അറിച്ചതാണെന്നും പരിഹാരം ഉണ്ടായില്ലെന്നും അവര്‍ പറഞ്ഞു. അതേസമയം ആരും പരാതിയുമായി സമീപിച്ചിട്ടില്ലെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം.
◾https://dailynewslive.in/ കേരളത്തില്‍ മഴ തുടരും. ന്യൂന മര്‍ദ്ദ പാത്തിയും ചക്രവാതചുഴിയും വീണ്ടും രൂപപ്പെട്ട സാഹചര്യത്തില്‍ 4 ദിവസം വടക്കന്‍ കേരളത്തില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മറ്റിടങ്ങളില്‍ മിതമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
◾https://dailynewslive.in/ മൂന്ന് ദിവസം നീളുന്ന സിപിഐയുടെ സംസ്ഥാന നേതൃ യോഗം ഇന്ന് തിരുവനന്തപുരത്ത് ആരംഭിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിലും മുഖ്യമന്ത്രിയുടെ ശൈലിയിലും മുന്നണി നേതൃത്വത്തിന്റെ പിടിപ്പുകേടിലും അതിരൂക്ഷ വിമര്‍ശനങ്ങളാണ് ജില്ലാ നേതൃയോഗങ്ങളില്‍ ഉയര്‍ന്നിരുന്നത്. ബഹുജന സംഘടനകള്‍ ഉണ്ടാക്കുന്ന പ്രതിസന്ധി അടക്കം സംസ്ഥാന നേതൃയോഗത്തില്‍ ചര്‍ച്ചയാകും.
◾https://dailynewslive.in/ ഇന്‍ഷുറന്‍സ് ഇല്ലാതെ ഓടുന്ന വാഹനങ്ങള്‍ പിടികൂടിയാല്‍ പിഴ ഈടാക്കുന്നതിനൊപ്പം ഇന്‍ഷുറന്‍സും എടുപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ഇതു സംബന്ധിച്ച് കര്‍ശന നിര്‍ദ്ദേശം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കണമെന്നും കമ്മിഷന്‍ ഡി ജി പിയോട് ആവശ്യപ്പെട്ടു. 2022 ല്‍ പാലക്കാട് വാഹന പരിശോധനയ്ക്കിടെ ഇന്‍ഷ്വറന്‍സില്ലാത്ത വാഹനം കസ്റ്റഡിയിലെടുക്കാതെ വിട്ടുനല്‍കിയതിനെതിരെ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
◾https://dailynewslive.in/ മാന്നാര്‍ കലയുടെ കൊലപാതകക്കേസില്‍ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഒന്നാംപ്രതി അനിലിനെ ഇസ്രയേലില്‍ നിന്ന് നാട്ടിലെത്തിച്ച ശേഷം ഒന്നിച്ച് തെളിവെടുപ്പ് നടത്തിയാല്‍ മതിയെന്ന തീരുമാനത്തിലാണ് അന്വേഷണസംഘം. അതിനാല്‍ പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് ചെങ്ങന്നൂര്‍ കോടതിയില്‍ അപേക്ഷ നല്‍കും.
◾https://dailynewslive.in/ തൃശ്ശൂര്‍ മേയര്‍ എം കെ വര്‍ഗീസ് സ്ഥാനം ഒഴിയണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്. മുന്‍ധാരണ പ്രകാരം മേയര്‍ സ്ഥാനം രാജി വെച്ച് മുന്നണിയില്‍ തുടരാന്‍ എം കെ വര്‍ഗീസ് തയാറാകണമെന്നാണ് കെ കെ വത്സരാജ് ആവശ്യപ്പെട്ടത്. മേയറുടെ ബിജെപി അനുകൂല നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി വിമര്‍ശിച്ചു. തൃശ്ശൂരിലെ പരാജയത്തിന് മേയറുടെ നിലപാട് ഒരു കാരണമായിയെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷയിളവ് ആവശ്യപ്പെട്ടുള്ള കുറ്റവാളികളുടെ അപ്പീലില്‍ സുപ്രീംകോടതിയുടെ നോട്ടീസ്. സംസ്ഥാന സര്‍ക്കാര്‍, കെ കെ രമ അടക്കമുള്ള എതിര്‍കക്ഷികള്‍ക്കാണ് സുപ്രീംകോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ഇത് രാഷ്ട്രീയ കേസാണെന്ന് പറഞ്ഞ പ്രതികള്‍, അപ്പീല്‍ അംഗീകരിക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടു. എതിര്‍ ഭാഗത്തെ കേള്‍ക്കാതെ ഇത് സാധ്യമല്ലെന്ന് അറിയിച്ചാണ് കോടതി എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചത്.
◾https://dailynewslive.in/ മാത്യു കുഴല്‍നാടന്‍ എംഎല്‍എ മാസപ്പടി കേസില്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടി ഇടപാടില്‍ അന്വേഷണം വേണമെന്ന ആവശ്യം തള്ളിയ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവ് പക്ഷപാതപരമെന്ന് ചൂണ്ടിക്കാട്ടിയാണ് മാത്യു കുഴല്‍നാടന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
◾https://dailynewslive.in/ എടക്കരയില്‍ മര്‍ദനമേറ്റ ഭിന്നശേഷിക്കാരനെതിരെ പൊലീസ് കേസ്. ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ കയറിയ വീട്ടിലെ 6 വയസുള്ള കുട്ടിയെ കയറി പിടിച്ചെന്നാണ് ജിബിനെതിരെ വീട്ടുകാര്‍ പൊലീസില്‍ നല്‍കിയ പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പോക്സോ വകുപ്പ് പ്രകാരം ഭിന്നശേഷിക്കാരനായ ജിബിനെതിരെ കേസെടുത്തത്. ജിബിന്റെ പിതാവ് അലവിക്കുട്ടിയുടെ പരാതിയില്‍ ജിബിനെ മര്‍ദ്ദിച്ച വീട്ടുകാര്‍ക്കെതിരെ ഇന്നലെ പൊലീസ് കേസെടുത്തിരുന്നു.
◾https://dailynewslive.in/ ചേര്‍ത്തല പൂച്ചാക്കലില്‍ നടുറോഡില്‍ ദളിത് പെണ്‍കുട്ടിക്ക് മര്‍ദനമേറ്റ സംഭവത്തില്‍ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്. തൈക്കാട്ടുശ്ശേരി സ്വദേശിയും പ്രാദേശിക സിപിഎം പ്രവര്‍ത്തകനുമായ ഷൈജുവിനും സഹോദരനുമെതിരെ പൊലിസ് പട്ടികജാതി പട്ടിക വര്‍ഗ പീഡന നിരോധന നിയമ ഉള്‍പ്പടെ ഉള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ഇളയ സഹോദരങ്ങളെ മര്‍ദിച്ചത് ചോദ്യം ചെയ്തതിനായിരുന്നു പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ചത്.
◾https://dailynewslive.in/ കോട്ടയത്ത് വിദ്യാര്‍ത്ഥി കണ്‍സെഷനുമായി ബന്ധപ്പെട്ട് സ്വകാര്യ ബസ് കണ്ടക്ടര്‍ക്ക് മര്‍ദ്ദനമെന്ന് പരാതി. വിദ്യാര്‍ത്ഥിനിക്ക് എസ്ടി നല്‍കാത്തതിനെതുടര്‍ന്നുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് മര്‍ദനമേറ്റതെന്നാണ് പരാതി. കണ്ടക്ടറെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. യൂണിഫോമും കണ്‍സെഷന്‍ കാര്‍ഡും ഇല്ലാതെ എസ് ടി ആവശ്യപ്പെട്ട വിദ്യാര്‍ഥിനിയുടെ യാത്ര ചോദ്യം ചെയ്തതിനാണ് മര്‍ദ്ദനമെന്നാണ് ബസ് ജീവനക്കാരുടെ പരാതി.
◾https://dailynewslive.in/ കൊച്ചിയില്‍ തീ തുപ്പുന്ന ബൈക്കില്‍ അഭ്യാസ പ്രകടനം നടത്തിയ യുവാവിനെതിരെ എംവിഡി കേസെടുത്തു. . തിരുവനന്തപുരം സ്വദേശിയായ കിരണ്‍ ജ്യോതിയെന്ന യുവാവിനെതിരെയാണ് കേസെടുത്തത്. ചെന്നൈയില്‍ സ്വകാര്യ സ്ഥാപനത്തില്‍ പഠിക്കുകയാണ് യുവാവ്. വാഹനത്തിന്റെ രജിസ്ട്രേഷന്‍ അച്ഛന്റെ പേരിലാണ്. ഈ സാഹചര്യത്തില്‍ അച്ഛനോടും വ്യാഴാഴ്ച ആര്‍ടിഒയ്ക്ക് മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയതായി എംവിഡി അറിയിച്ചു.
◾https://dailynewslive.in/ ആര്‍ത്തവ അവധിക്ക് നയം രൂപീകരിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. നയം രൂപീകരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നായിരുന്നു ആവശ്യം. ഇത്തരം അവധികള്‍ തൊഴിലുടമക്ക് സ്ത്രീകള്‍ക്ക് ജോലി നല്‍കാന്‍ താല്‍പര്യം ഇല്ലാതെയാക്കുമെന്നും ഇത് വിപരീതഫലം ഉണ്ടാക്കുമെന്നും നയപരമായ കാര്യത്തില്‍ ഇടപെടാനില്ലെന്നും ചീഫ ജസ്റ്റിസ് വ്യക്തമാക്കി.
◾https://dailynewslive.in/ ഭിന്നശേഷിക്കാരുടെ വൈകല്യത്തെ ചലച്ചിത്രങ്ങളിലും, ഡോകുമെന്ററികളിലും ഇകഴ്ത്തുകയോ അവഹേളിക്കുകയോ ചെയ്യരുതെന്ന് സുപ്രീം കോടതി. ഭിന്നശേഷിക്കാരുടെ നേട്ടങ്ങള്‍ ആണ് ചിത്രങ്ങളിലും ഡോകുമെന്ററികളിലും കാണിക്കേണ്ടത് എന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ സിനിമയടക്കമുള്ള ദൃശ്യമാധ്യമങ്ങള്‍ക്ക് സുപ്രീംകോടതി മാര്‍ഗ്ഗ രേഖ പുറത്തിറക്കി.
◾https://dailynewslive.in/ രോഗികളുടെ വിവരങ്ങള്‍ പേപ്പര്‍ പ്ലേറ്റില്‍ അച്ചടിച്ച് വന്ന സംഭവത്തില്‍ മുംബൈ കെഇഎം ആശുപത്രിയിലെ 6 ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. പഴയ സിടി സ്‌കാന്‍ റെക്കോര്‍ഡ് മുറിയിലെ പേപ്പറുകള്‍ ആക്രികാര്‍ക്ക് നല്‍കിയതാണെന്നും ഇത് ഉപയോഗിച്ചുള്ള പ്ലേറ്റുകളാണ് വിതരണത്തിന് എത്തിയതെന്നുമാണ് സംഭവത്തേക്കുറിച്ച് ആശുപത്രി അധികൃതര്‍ വിശദമാക്കുന്നത്. സംഭവത്തില്‍ മുംബൈ കോര്‍പ്പറേഷന്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചിരിക്കുകയാണ്.
◾https://dailynewslive.in/ മാവോയിസ്റ്റ് ഭീഷണി നേരിടുന്ന ദന്തേവാഡയില്‍ സ്ത്രീ ശാക്തീകരണത്തിലൂടെ ഇത് മറികടക്കാനുള്ള ശ്രമത്തില്‍ ഛത്തിസ്ഗഡ് സര്‍ക്കാര്‍. പ്രതിമാസം 15,000 രൂപ മുതല്‍ 20,000 രൂപ വരെ വരുമാനം ലഭിക്കുന്ന കൈത്തറി രംഗത്തേക്ക് കൂടുതല്‍ സ്ത്രീകളെ എത്തിച്ച് സാമ്പത്തികമായി ശാക്തീകരണം ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമം.
◾https://dailynewslive.in/ കൃഷിക്കു വേണ്ടിയുള്ള വെള്ളത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പഞ്ചാബില്‍ നാലുപേര്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. പഞ്ചാബിലെ ഗുരുദാസ്പുരിലാണ് ഇരുവിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായത്. ഗുരുദാസ്പൂരിലെ വിത്വ ഗ്രാമത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് ദാരുണ സംഭവം. കൃഷി സ്ഥലത്തേക്ക് കനാലിലെ വെള്ളം എടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
◾https://dailynewslive.in/ വിനോദ സഞ്ചാരികള്‍ കൂട്ടമായി എത്തുന്നത് മൂലം തദ്ദേശവാസികള്‍ക്ക് കുറഞ്ഞ ചെലവില്‍ താമസിക്കാന്‍ ഇടമില്ലാത്തിനെ തുടര്‍ന്ന് വിനോദ സഞ്ചാരികള്‍ക്കെതിരെ ബാര്‍സിലോണയില്‍ പ്രതിഷേധം. ആയിരക്കണക്കിന് ആളുകളാണ് വാട്ടര്‍ ഗണ്ണുകളുമായി വിനോദ സഞ്ചാരികള്‍ക്കെതിരെ സംഘടിച്ചെത്തിയത്. വാരാന്ത്യത്തില്‍ വിനോദ സഞ്ചാരികള്‍ കൂട്ടമായി എത്തുന്ന ഭക്ഷണ ശാലകളുടെ അടക്കം പുറത്ത് സംഘടിച്ചെത്തിയ തദ്ദേശീയര്‍ പ്ലക്കാര്‍ഡുകളുമായി എത്തിയാണ് പ്രതിഷേധിച്ചത്.
◾https://dailynewslive.in/ ഫ്രാന്‍സില്‍ തീവ്രവലതിന്റെ മുന്നേറ്റം തടഞ്ഞത് ഇടതുസഖ്യവും മധ്യപക്ഷവും. പരാജയകാരണം എതിരാളികള്‍ ഉണ്ടാക്കിയ അവിശുദ്ധ സഖ്യമെന്നാണ് തീവ്രവലത് പക്ഷ പാര്‍ട്ടിയായ നാഷണല്‍ റാലി ആരോപിച്ചു. ഒരു മുന്നണിക്കും ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത സഭയില്‍ ഇടതുപക്ഷം കൂടുതല്‍ സീറ്റ് നേടും.
◾https://dailynewslive.in/ യു.എസ്. തിരഞ്ഞെടുപ്പില്‍ മത്സരരംഗത്തുനിന്ന് ജോ ബൈഡന്‍ പിന്‍മാറാണമെന്ന ആവശ്യം ശക്തമായതോടെ പിന്‍ഗാമിയായി കമല ഹാരിസിനെ മത്സര രംഗത്ത് ഇറക്കുന്നതിനേക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായതായി റിപ്പോര്‍ട്ട്. സ്ഥാനാര്‍ഥിത്വം ഒഴിയില്ലെന്ന കടുംപിടുത്തത്തില്‍ ബൈഡന്‍ നില്‍ക്കുകയാണെങ്കിലും ട്രംപിനെതിരെ കമല ഹാരിസിനുള്ള വിജയസാധ്യത ഏത്രത്തോളമെന്ന ചര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നത്. സ്വതന്ത്രരുടെയും മിതവാദികളുടെയും പിന്തുണ ട്രംപിനേക്കാള്‍ ഹാരിസിനായിരിക്കുമെന്നും സര്‍വേഫലം പറയുന്നു.
◾https://dailynewslive.in/ ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമിന് ബിസിസിഐ നല്‍കിയ സമ്മാനതുകയില്‍ സ്‌ക്വാഡില്‍ ഉള്‍പ്പെട്ട 15 താരങ്ങള്‍ക്കും അഞ്ചു കോടി രൂപ വീതം ലഭിക്കും. സ്‌ക്വാഡില്‍ ഉള്‍പ്പെട്ട, ഒരു മത്സരം പോലും കളിക്കാന്‍ സാധിക്കാതിരുന്ന സഞ്ജു സാംസണും യുസ്വേന്ദ്ര ചെഹലിനും യശസ്വി ജയ്സ്വാളിനും വരെ അഞ്ചു കോടി ലഭിക്കും. റിസര്‍വ് താരങ്ങള്‍ക്ക് 1 കോടി വീതവും പരിശീലക സംഘത്തിന് 2.5 കോടി രൂപ വീതവും ലഭിക്കും. സെലക്ഷന്‍ കമ്മിറ്റി മുതല്‍ മസാജര്‍മാര്‍ക്ക് വരെ സമ്മാനത്തുകയുടെ ഒരു ഭാഗം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
◾https://dailynewslive.in/ പലിശനിരക്ക് കൂടിയിട്ടും ബാങ്കുകളില്‍ നിക്ഷേപത്തിന്റെ അളവ് കുറഞ്ഞു വരുന്നതായി റിപ്പോര്‍ട്ട്. ഏറ്റവും സുരക്ഷിതമായ രീതിയായിട്ടു പോലും നിക്ഷേപകരുടെ എണ്ണം കുറയുന്നത് ബാങ്കുകളെ ആശങ്കയിലാഴ്ത്തുന്നു. സ്വകാര്യ, പൊതുമേഖല ബാങ്കുകളുടെ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഈ വ്യത്യാസം കൂടുതല്‍ തെളിഞ്ഞു. വായ്പകകള്‍ വര്‍ധിക്കുമ്പോഴും വേണ്ടത്ര നിക്ഷേപം ഉയരുന്നില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കേരളം ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്കിന് കഴിഞ്ഞ പാദത്തില്‍ വായ്പകളിലുണ്ടായ വര്‍ധന 11.35 ശതമാനമാണ്. നിക്ഷേപങ്ങളിലും ഉയര്‍ച്ചയുണ്ടെങ്കിലും 8.41 ശതമാനം മാത്രമാണ്. പ്രമുഖ പൊതുമേഖ ബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ നിക്ഷേപം ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 2.67 ലക്ഷം കോടി രൂപയായി കുറഞ്ഞു. മുന്‍ പാദത്തില്‍ ഇത് 2.7 ലക്ഷം കോടിയായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി ബാങ്കിന് പോലും നിക്ഷേപത്തില്‍ കാര്യമായ നേട്ടം ഉണ്ടാക്കാനായില്ല. ജൂണ്‍ പാദത്തില്‍ പ്രമുഖ ബാങ്കുകള്‍ക്ക് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഒന്നര ശതമാനത്തോളം നിക്ഷേപക വളര്‍ച്ചയില്‍ ഇടിവുണ്ടായിട്ടുണ്ട്. ബാങ്ക് നിക്ഷേപങ്ങള്‍ കുറയാനുള്ള കാരണങ്ങളിലൊന്ന് മ്യൂച്ചല്‍ ഫണ്ടുകളിലേക്ക് അടക്കം കൂടുതല്‍ ശ്രദ്ധ പതിയുന്നതാണ്. ബാങ്ക് നിക്ഷേപങ്ങളേക്കാള്‍ കൂടുതല്‍ നേട്ടം ലഭിക്കുമെന്ന പ്രചാരണമാണ് ഓഹരി വിപണിയിലേക്ക് കൂടുതല്‍ പേരെ എത്തിക്കുന്നത്. ബാങ്കുകളിലെ സ്ഥിരനിക്ഷേപങ്ങളില്‍ കൂടുതലും മുതിര്‍ന്ന പൗരന്മാരുടേതാണ്. ഓഹരി വിപണിക്കൊപ്പം കടപ്പത്രങ്ങള്‍, സ്വര്‍ണം എന്നിവ മികച്ച വരുമാനം നല്‍കുന്നതും ബാങ്കുകള്‍ക്ക് തിരിച്ചടിയായി.
◾https://dailynewslive.in/ വാട്‌സ്ആപ്പ് ചില അക്കൗണ്ടുകളുടെ ഗ്രീന്‍ വേരിഫൈഡ് ബാഡ്ജ് ബ്ലൂ ടിക്കാക്കി മാറ്റുന്നു. തെരഞ്ഞെടുത്ത ഉപയോക്താക്കളുടെ വെരിഫൈഡ് ബാഡ്ജാണ് ഇത്തരത്തില്‍ മാറ്റുന്നത്. വാട്‌സ്ആപ്പ് ബീറ്റ ആന്‍ഡ്രോയിഡ് 2.23.20.18 അപ്ഡേറ്റില്‍ മാറ്റം ദൃശ്യമാകുമെന്നാണ് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്. വേരിഫൈഡ് ചാനലുകള്‍ക്കും ബിസിനസ് അക്കൗണ്ടുകള്‍ക്കും നല്‍കിയിരുന്ന ഗ്രീന്‍ വേരിഫിക്കേഷന്‍ ബാഡ്ജിന് പകരം ബ്ലൂ മാര്‍ക്ക് നല്‍കാന്‍ വാട്‌സ്ആപ്പ് പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു. ഫെസ്ബുക്കിലെയും ഇന്‍സ്റ്റാഗ്രാമിലെയും ബ്ലു ടിക്കിന് സമാനമായി എല്ലാ മെറ്റാ പ്ലാറ്റ്ഫോമുകളിലും ബ്ലു ടിക്ക് കൊണ്ടുവരുകയാണ് മെറ്റ ലക്ഷ്യമിടുന്നത്. ചില ബീറ്റ ഉപയോക്താക്കള്‍ക്ക് പുതിയ അപ്ഡേറ്റ് കാണാന്‍ കഴിയുമെന്നും റിപ്പോര്‍ട്ട് പറയുന്നു. പരിശോധിച്ചുറപ്പിച്ച ചാനലുകള്‍ക്കും ബിസിനസ്സ് അക്കൗണ്ടുകള്‍ക്കുമായാണ് ബ്ലു ടിക്ക് കൊണ്ടുവരുന്നത് ഉയോക്തൃ വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും തട്ടിപ്പുകള്‍ കുറയ്ക്കുന്നതിനും ലക്ഷ്യമിടുന്നു. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആന്‍ഡ്രോയിഡിനായി ഏറ്റവും പുതിയ വാട്ട്സ്ആപ്പ് ബീറ്റ ഇന്‍സ്റ്റാള്‍ ചെയ്ത ഏതാനും ബീറ്റ ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ലഭ്യമാക്കിയിട്ടുണ്ട്. വരും ആഴ്ചകളില്‍ ഇത് മറ്റ് ഉപയോക്താക്കള്‍ക്കും ഉടന്‍ ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ട്.
◾https://dailynewslive.in/ നവാഗതരായ യോഹാന്‍ ഷാജോണ്‍, ധനുസ് മാധവ്, ഇര്‍ഫാന്‍, ശ്രീലക്ഷ്മി സന്തോഷ്, ട്രിനിറ്റി, മഹിമ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ രവീഷ് നാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സമാധാന പുസ്തകം’. ചിത്രത്തിലെ പുതിയ പ്രണയ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. ജിസ് ജോയ് എഴുതിയ വരികള്‍ക്ക് ഫോര്‍ മ്യൂസിക്സ് സംഗീതം പകര്‍ന്ന് കാര്‍ത്തിക് ആലപിച്ച ‘ഇവള്‍ അരികേ’ എന്നാരംഭിക്കുന്ന ഗാനമാണ് റിലീസ് ആയത്. സിഗ്മ സ്റ്റോറീസിന്റെ ബാനറില്‍ നിസാര്‍ മംഗലശ്ശേരി നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ പുതുമുഖ താരങ്ങള്‍ക്കൊപ്പം സിജു വില്‍സണ്‍, ജെയിംസ് ഏലിയ, മാത്യു തോമസ്, മേഘനാഥന്‍, വി കെ ശ്രീരാമന്‍, പ്രമോദ് വെളിയനാട്, ദിലീപ് മേനോന്‍, നെബിസ് ബെന്‍സണ്‍, ലിയോണ ലിഷോയ്, വീണ നായര്‍ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ജോ & ജോ, 18 പ്ലസ് എന്നീ ചിത്രങ്ങളുടെ കോ റൈറ്റര്‍ ആയ രവീഷ് നാഥാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍. ജൂലായ് 19ന് തീയറ്റര്‍ റിലീസ് ആയിട്ടാണ് ചിത്രം എത്തുന്നത്. സംവിധായകനായ അരുണ്‍ ഡി ജോസ്, സംവിധായകന്‍ രവീഷ് നാഥ്, സി പി ശിവന്‍ എന്നിവര്‍ ചേര്‍ന്ന് ചിത്രത്തിന്റെ കഥ തിരക്കഥ, സംഭാഷണമെഴുതുന്നത്.
◾https://dailynewslive.in/ ആക്ഷന്‍ വിസ്മയം പീറ്റര്‍ ഹെയ്ന്‍ ഒരുക്കിയ അതിഗംഭീര സംഘട്ടന രംഗങ്ങളും ഒപ്പം നര്‍മ്മവും വൈകാരിക ജീവിത മുഹൂര്‍ത്തങ്ങളുമായി ‘ഇടിയന്‍ ചന്തു’ ഈ മാസം 19ന് തിയേറ്ററുകളില്‍ എത്തും. വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനായെത്തുന്ന ചിത്രം പേര് സൂചിപ്പിക്കും പോലെ ഒരു ആക്ഷന്‍ പാക്ക്ഡ് എന്റര്‍റ്റൈനര്‍ ആയാണ് എത്തുന്നത് എന്നാണ് പുറത്തിറങ്ങിയി ടീസര്‍ നല്‍കുന്ന സൂചന. ക്രിമിനല്‍ പൊലീസുകാരനായ അച്ഛനെ കണ്ടുവളര്‍ന്ന ചന്തു ചെറുപ്പം മുതലേ കലഹപ്രിയനായി വളരുന്നു. അങ്ങനെ ഇടിയന്‍ ചന്ദ്രന്റെ മകന് നാട്ടുകാര്‍ ആ വട്ടപ്പേര് തന്നെ ചാര്‍ത്തിക്കൊടുത്തു ‘ഇടിയന്‍ ചന്തു’. ചന്തുവിന്റെ ഇടിയന്‍ സ്വഭാവം ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ഓരോ ദിവസവും കൂടിക്കൊണ്ടിരുന്നു. ആ സ്വഭാവം തല്‍ക്കാലം മാറ്റിവെച്ച് പ്ലസ് ടു എങ്ങനെയെങ്കിലും പാസായി അച്ഛന്റെ ജോലി വാങ്ങിച്ചെടുക്കാനായി, അമ്മ വീടിനടുത്തുള്ള സ്‌കൂളില്‍ ചന്തുവിനെ പഠിപ്പിക്കാന്‍ വിടുന്നതിന് ശേഷമുള്ള പ്രശ്നങ്ങളും അതെ തുടര്‍ന്ന് ഉണ്ടാകുന്ന പ്രതിസന്ധികളും ത്രില്ലടിപ്പിക്കുന്ന മുഹൂര്‍ത്തങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ചിത്രത്തില്‍ സലിംകുമാറും മകന്‍ ചന്തു സലിംകുമാറും ഒരുമിച്ചെത്തുന്നു. അതോടൊപ്പം ലാലു അലക്സ്, ജോണി ആന്റണി, ലെന, രമേശ് പിഷാരടി, ശ്രീജിത്ത് രവി, ഐ എം വിജയന്‍, ബിജു സോപാനം, സ്മിനു സിജോ, ഗായത്രി അരുണ്‍, ജയശ്രീ,വിദ്യ, ഗോപി കൃഷ്ണന്‍, ദിനേശ് പ്രഭാകര്‍, കിച്ചു ടെല്ലസ്, സോഹന്‍ സീനുലാല്‍, സൂരജ്, കാര്‍ത്തിക്ക്, ഫുക്രു തുടങ്ങിയ വന്‍ താരനിരയും ഒന്നിക്കുന്നു. ശ്രീജിത്ത് വിജയന്‍ എഴുതി സംവിധാനം ചെയ്യുന്ന സിനിമ ഹാപ്പി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബൈര്‍, റയിസ്, ഷഫീക്ക്, വിഷ്ണു ഉണ്ണികൃഷ്ണന്‍, ശ്രീജിത്ത് വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
◾https://dailynewslive.in/ ഇന്ത്യന്‍ കാര്‍ വിപണിയില്‍ ഇവി വിഭാഗത്തിലും ശക്തമായ മത്സരത്തിനൊരുങ്ങുകയാണ് ഹ്യുണ്ടേയ്. പഞ്ച് ഇവിക്കും ഇസി3ക്കും വെല്ലുവിളിയായി ഇന്‍സ്റ്റര്‍ ഇവി 2026ല്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എച്ച്ഇ1ഐ എന്ന കോഡില്‍ അറിയപ്പെടുന്ന ഇന്‍സ്റ്റര്‍ ഇവി ഹ്യുണ്ടേയുടെ ഇന്ത്യയിലെ എന്‍ട്രി ലെവല്‍ ഇവിയായിരിക്കും.അടുത്ത വര്‍ഷം ആദ്യ പാദത്തില്‍ ക്രേറ്റ ഇവി കൂടി എത്തുന്നതോടെ ആരംഭിക്കുന്ന ഹ്യുണ്ടേയുടെ മത്സരം ഇന്‍സ്റ്റര്‍ ഇവി കൂടി വരുന്നതോടെ വേറെ ലെവലാവും. കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കി ഇലക്ട്രിക് വാഹന വിപണിയില്‍ ടാറ്റയോട് മത്സരിക്കാനാണ് ഹ്യുണ്ടേയ്യുടെ നീക്കം. വിദേശ വിപണികളിലെ ബജറ്റ് വാഹനമായ കാസ്പറിനെ അടിസ്ഥാനമാക്കിയാണ് ഇന്‍സ്റ്ററിന്റെ വരവ്. വീല്‍ ബേസില്‍ 180എംഎം വലിപ്പം കൂടുതലുള്ളത് കൂടുതല്‍ വലിയ ബാറ്ററിയെ ഉള്‍ക്കൊള്ളാന്‍ സഹായിക്കും. 3,825എംഎം നീളമുള്ള ഇന്‍സ്റ്റര്‍ ഇവിക്ക് ടാറ്റ പഞ്ച് ഇവിയേക്കാളും(3,857എംഎം) സിട്രോണ്‍ ഇസി3യേക്കാളും(3,981 എംഎം) നീളം കുറവാണ്. 97ബിഎച്ച്പി, 115ബിഎച്ച്പി കരുത്തുകളിലുള്ള രണ്ട് മോട്ടോര്‍ ഓപ്ഷനുകള്‍. രണ്ടും പരമാവധി 147എന്‍എം ടോര്‍ക്കാണ് പുറത്തെടുക്കുക. 42കിലോവാട്ട്അവര്‍, 49കിലോവാട്ട്അവര്‍ എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനുകള്‍. ആദ്യത്തേതിന് 300കിമിയും രണ്ടാമത്തേതിന് 355 കിമിയുമാണ് റേഞ്ച്. ഇന്‍സ്ട്രുമെന്റ് പാനലിനും ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റിനുമായി 10.25 ഇഞ്ച് ഡിസ്‌പ്ലേകള്‍, അഡാസ് സുരക്ഷാ ഫീച്ചറുകള്‍, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, 360 ഡിഗ്രി ക്യാമറ എന്നിവയും പ്രതീക്ഷിക്കാം.
◾https://dailynewslive.in/ പ്രവാസ ജീവിതം നയിക്കുമ്പോഴും തന്റെ നാടും ദേശവും പ്രകൃതിയും വീടും ചെടികളും മനുഷ്യരും ഉള്ളില്‍ നിറഞ്ഞു നില്‍ക്കുന്ന കഥകളാണ് ഈ പുസ്തകത്തിലുള്ളത്. മണലാരണ്യത്തിന്റെ മനോഹരമായ ദൃശ്യങ്ങളില്‍ മനുഷ്യസഹജങ്ങളായ ജീവിതത്തിന്റെ സങ്കീര്‍ണ്ണതകള്‍ ആവിഷ്‌കരിക്കുകയാണ്. ഇതില്‍ ജീവിതത്തിന്റെ പൊള്ളുന്ന ചൂടുണ്ട്, നിശ്വാസമുണ്ട്, സ്വപ്നങ്ങളുണ്ട്. സ്വപ്നങ്ങള്‍ വിടര്‍ത്തുന്ന പൊയ്കയില്‍, സുഗന്ധം പരക്കുന്ന തടാക ത്തില്‍ മുങ്ങിക്കുളിച്ച സുഖമാണ് ഈ കഥകളുടെ വായനാനുഭവം. ‘അക്ഷരാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്’. ജിജോ സെബാസ്റ്റിയന്‍. കറന്റ് ബുക്സ് തൃശൂര്‍. വില 166 രൂപ.
◾https://dailynewslive.in/ എത്ര വയറു നിറച്ച കഴിച്ചാലും രാത്രി ഉണര്‍ന്നിരുന്നാല്‍ വീണ്ടും വിശപ്പ് തോന്നാറുണ്ടോ? ശരീരത്തിലെ കോര്‍ട്ടിസോള്‍ ഹോര്‍മോണിന്റെ തോത് ഉയരുന്നതാണ് അസമയത്ത് ഈ വിശപ്പിന് കാരണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ശരീരത്തെ ജാഗ്രതയോടെ വയ്ക്കാന്‍ കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കപ്പെടും. ഈ ഹോര്‍മോണ്‍ മധുരവും കൊഴുപ്പും അധികമുള്ളതായ ഭക്ഷണത്തോടുള്ള ആസക്തിയുണ്ടാക്കും. ഇതാണ് പലരിലും വിശപ്പിന്റെ രൂപത്തില്‍ എത്തുന്നത്. ഈ വിശപ്പിന് പലപ്പോഴും നമ്മള്‍ കലോറി അധികമായി അടങ്ങിയ സ്നാക്സുകളും അനാരോഗ്യകരമായ ഭക്ഷണവും കഴിക്കുന്നതിലാണ് കലാശിക്കുക. ഇത് ശരീരഭാരം വര്‍ധിക്കാന്‍ കാരണമാക്കുകയും ചെയ്യുന്നു. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്‌നാക്‌സ് കഴിക്കുന്നതിന് പകരം രു കപ്പ് ഗ്രീന്‍ ടീ കുടിച്ചാല്‍ മതിയെന്നാണ് ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. ഒരു കപ്പ് കാപ്പിയില്‍ ഉള്ളതിന്റെ മൂന്നിലൊന്ന് കഫൈന്‍ മാത്രമേ ഗ്രീന്‍ ടീയില്‍ ഉണ്ടാകൂ. ഗ്രീന്‍ ടീ പതിയെ സമയമെടുത്ത് കുടിക്കുന്നതിലൂടെ കഫൈന്‍ പതിയെ ശരീരത്തിലെത്തിച്ച് വിശപ്പിനെ നിയന്ത്രിക്കും. ഇത് കലോറി അകത്താക്കാതെ തന്നെ ഉണര്‍ന്നിരിക്കാന്‍ സഹായിക്കും. എന്നാല്‍ ശരീരത്തില്‍ അയണിന്റെ തോത് കുറവുള്ളവര്‍ ഗ്രീന്‍ ടീ കുടിക്കുമ്പോള്‍ ശ്രദ്ധിക്കണം. അയണിന്റെ തോത് വീണ്ടും കുറയ്ക്കാന്‍ ഗ്രീന്‍ ടീ കാരണമാകാം. ഇത്തരക്കാര്‍ ബിറ്റ് റൂട്ട്, മാതളനാരങ്ങ എന്നിവ നിത്യവും കഴിക്കേണ്ടതാണ്. ശുദ്ധമായ ഗ്രീന്‍ ടീ തന്നെ കുടിക്കാനും ശ്രദ്ധിക്കേണ്ടതാണ്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.47, പൗണ്ട് – 106.97, യൂറോ – 90.45, സ്വിസ് ഫ്രാങ്ക് – 93.20, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.23, ബഹറിന്‍ ദിനാര്‍ – 221.47, കുവൈത്ത് ദിനാര്‍ -272.75, ഒമാനി റിയാല്‍ – 216.84, സൗദി റിയാല്‍ – 22.25, യു.എ.ഇ ദിര്‍ഹം – 22.73, ഖത്തര്‍ റിയാല്‍ – 22.87, കനേഡിയന്‍ ഡോളര്‍ – 61.21.