S5 yt cover

https://dailynewslive.in/ നീറ്റ് പി ജി പരീക്ഷ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 11 ന് രണ്ട് ഷിഫ്റ്റുകളായിട്ടാണ് പരീക്ഷ നടത്തുകയെന്ന് നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസ് അറിയിച്ചു.

https://dailynewslive.in/ മാര്‍ക്ക് കുറഞ്ഞതിനോ അച്ചടക്കത്തിന്റെ ഭാഗമായോ ചുമതലപ്പെട്ട അധ്യാപകന്‍ ശിക്ഷിക്കുന്നത് ബാലനീതി നിയമ ലംഘനമാകില്ലെന്ന് ഹൈക്കോടതി. കുട്ടികളുടെ നന്മയെ കരുതി അധ്യാപകര്‍ ശിക്ഷിക്കുന്നത് ക്രിമിനല്‍ കുറ്റമല്ലെന്നും വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അച്ചടക്ക സംരക്ഷണം പ്രധാനമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

https://dailynewslive.in/ കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ച പാര്‍ട്ടിയുടെ അടിസ്ഥാന വോട്ട് ചോര്‍ത്തുന്നുവെന്ന് സിപിഎം പ്രസിദ്ധീകരിച്ച അവലോകന റിപ്പോര്‍ട്ട്. ദേശീയതലത്തില്‍ സംഘടനയെ വന്‍ ദൗര്‍ബല്യം പിടികൂടിയിരിക്കുന്നുവെന്നും സിപിഎം രണ്ട് സീറ്റുകള്‍ നേടിയ തമിഴ്‌നാട്ടില്‍ ഉള്‍പ്പടെ ഇത് പ്രകടമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സംഘടനയെ ശക്തിപ്പെടുത്താനും ആശയ പ്രചാരണത്തിനും പന്ത്രണ്ട് നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര കമ്മിറ്റി തയ്യാറാക്കിയിട്ടുണ്ട്. പാര്‍ട്ടിയില്‍ പാര്‍ലമെന്ററി വ്യാമോഹം കൂടുന്നുവെന്നും ഇത് ചെറുക്കണമെന്നും സി. സി നിര്‍ദ്ദേശിച്ചു.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം ആഘോഷമാക്കൂ…*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ കൂടാതെ 17 ഇന്നോവ കാറുകളും

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 1):*

എപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ ◼️മേഖലാതല സമ്മാനങ്ങള്‍ : 170 ഐഫോണുകള്‍

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ സംസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥ നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. റോഡുകളുടെ അറ്റകുറ്റപ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതും വിവിധ പദ്ധതികളുടെ ഭാഗമായി കുഴിച്ച റോഡുകള്‍ പൂര്‍വസ്ഥിതിയിലാക്കാത്തതും കാരണം റോഡുകള്‍ ഗതാഗത യോഗ്യമല്ലാതാവുകയും അപകടങ്ങള്‍ വര്‍ധിക്കുകയും ചെയ്യുന്ന ഗുരുതര സാഹചര്യം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് അടിയന്തര പ്രമേയത്തിലൂടെ നജീബ് കാന്തപുരം എംഎല്‍എ ആവശ്യപ്പെട്ടു. അതിനു മറുപടിയായി റോഡുകള്‍ മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്നതാണ് പിഡബ്ല്യുഡിക്കുള്ളതെന്നും റോഡ് നിര്‍മ്മാണത്തിനൊപ്പം പരിപാലനത്തിനും പരിഗണന നല്‍കുന്നുണ്ടെന്നും സംസ്ഥാനത്തെ റോഡുകളില്‍ ഭൂരിപക്ഷവും ഗതാഗത യോഗ്യമാണെന്നും മന്ത്രി റിയാസ് പറഞ്ഞു.

https://dailynewslive.in/ വഴി നടക്കാനുള്ള അവകാശം നിഷേധിച്ച സര്‍ക്കാരാണിതെന്നും എത്ര റോഡിലൂടെ എല്ലൊടിയാതെ യാത്ര ചെയ്യാനാകുമെന്നും നജീബ് കാന്തപുരം എം എല്‍ എ നിയമസഭയില്‍ ചോദിച്ചു. കുഴികള്‍ എണ്ണാനായിരുന്നു മന്ത്രി ആദ്യം പറഞ്ഞത്, എന്നാല്‍ ഇപ്പോള്‍ കുളങ്ങള്‍ എണ്ണിയാല്‍ തീരുമോയെന്നും അദ്ദേഹം ചോദിച്ചു. യുദ്ധഭൂമിയിലൂടെ പോകുന്നത് പോലെയാണ് റോഡിലൂടെ പോകേണ്ടിവരുന്നതെന്നും, റോഡില്‍ വീണ് സ്ത്രീകള്‍ക്ക് ഗര്‍ഭം പോലും അലസുന്നുവെന്നും ജനിക്കാതെ പോയ ആ കുഞ്ഞിന്റെ കാലനാണ് പൊതുമരാമത്ത് വകുപ്പെന്നും നജീബ് കാന്തപുരം വിമര്‍ശിച്ചു.

https://dailynewslive.in/ സമീപകാല ചരിത്രത്തിലെ ഏറ്റവും മോശം റോഡുകളാണ് കേരളത്തിലെന്നും മന്ത്രി റിയാസിന്റെ മറുപടി യാഥാര്‍ഥ്യവുമായി ബന്ധം ഇല്ലാത്തതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. വിഷയം അവതരിപ്പിച്ച നജീബ് കാന്തപുരത്തെ ഗംഗയെന്നും നാഗവല്ലി എന്നുമെല്ലാം റിയാസ് പരിഹസിച്ചതിനെ തുടര്‍ന്ന് നജീബ് കാന്തപുരത്തെ വ്യക്തിപരമായി റിയാസ് ആക്ഷേപിച്ചുവെന്നും വിമര്‍ശനങ്ങളെ വ്യക്തിപരമായി എടുക്കേണ്ടെന്നും വിഡി സതീശന്‍ പറഞ്ഞു. മനസ്സില്‍ ഉള്ളത് തുറന്ന് പറയുന്നത് കുഴപ്പം ആയി കാണേണ്ടെന്നും ഇങ്ങോട്ട് നല്ല നിലയില്‍ എങ്കില്‍ അങ്ങോട്ടും നല്ല നിലക്കായിരിക്കുമെന്നും, ഇന്ന് കേരളം യുഡിഎഫ് ആണ് ഭരിച്ചിരുന്നത് എങ്കില്‍ കേരളവും ബിഹാറുമായി പാലം പൊളിയുന്നതില്‍ ഒരു 20-20 മത്സരം നടന്നേനെയെന്നും മന്ത്രി റിയാസ് പരിഹസിച്ചു.

https://dailynewslive.in/ എസ്എഫ്‌ഐക്കെതിരെയുള്ള വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് സംസ്ഥാന പ്രസിഡന്റ് പിഎംആര്‍ഷോ. കേരളത്തിലെ ഒരു ക്യാമ്പസിലും ഇടിമുറിയില്ലെന്നും ഞങ്ങള്‍ മാധ്യമങ്ങളെ ക്യാമ്പസുകളിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും ആര്‍ഷോ പറഞ്ഞു. പരിശോധിക്കാം, വിദ്യാര്‍ത്ഥികളോട് ചോദിക്കാം. ഒരു പ്രസംഗത്തിലെ തെറ്റായ പ്രയോഗം പോലും തിരുത്താന്‍ തയ്യാറാവുകയാണെന്നും ആര്‍ഷോ പറഞ്ഞു.

*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*

മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ എസ്എഫ്‌ഐയുടെ രക്തം കുടിക്കാന്‍ അനുവദിക്കില്ലെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എ കെ ബാലന്‍. മുന്നണിക്കുള്ളിലുള്ള ആളായാലും പുറത്തുള്ള ആളായാലും ശരി, ഒരു വിദ്യാര്‍ഥി സംഘടനയെ പട്ടിയാക്കി പേപ്പട്ടിയാക്കി തല്ലിക്കൊല്ലാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അത് സമ്മതിക്കില്ലെന്നും ബാലന്‍ പറഞ്ഞു. എസ്എഫ്‌ഐയെ വളര്‍ത്തിയത് ഞങ്ങളാണ്. വഴിയില്‍ കെട്ടിയ ചെണ്ടയല്ല എസ്എഫ്‌ഐയും സിപിഎമ്മുമെന്ന് പറഞ്ഞ ബാലന്‍ എസ് എഫ് ഐയെ സംബന്ധിച്ചിടത്തോളം തിരുത്തേണ്ടത് തിരുത്താന്‍ ആ സംഘടനയ്ക്ക് കഴിയുമെന്നും എസ്എഫ്‌ഐയുടെ പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും പിശക് ഉണ്ടായിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്നും പറഞ്ഞു.

https://dailynewslive.in/ സിപിഎം തിരുത്തിയില്ലെങ്കില്‍ ഇടതു മുന്നണി പൊളിയുമെന്നും സിപിഎം കടുംപിടിത്തം തുടരുകയാണെങ്കില്‍ കോണ്‍ഗ്രസുമായി സഖ്യം വേണമെന്നും മലപ്പുറം സിപിഐയുടെ ജില്ലാ ക്യാംപില്‍ പൊന്നാനിയില്‍നിന്നുള്ള ഒരംഗം ആവശ്യപ്പെട്ടെന്ന് റിപ്പോര്‍ട്ടുകള്‍. രാജ്യവ്യാപകമായി കോണ്‍ഗ്രസുമായി സഹകരിക്കുമ്പോള്‍ കേരളത്തില്‍ മാത്രം മറിച്ചൊരു നിലപാട് എടുക്കുന്നത് എന്തിനാണെന്നും അഭിപ്രായം ഉയര്‍ന്നു. അതേസമയം സിപിഎം അവഗണന സഹിക്കാവുന്നതിലും അപ്പുറമാണെന്നു ക്യാംപില്‍ പങ്കെടുത്ത ഭൂരിപക്ഷം പ്രതിനിധികളും അഭിപ്രായപ്പെട്ടു.

https://dailynewslive.in/ പ്ലസ് വണ്‍ പ്രവേശനത്തിലെ പ്രതിസന്ധി മലപ്പുറത്ത് തുടരുന്നതായി റിപ്പോര്‍ട്ട്. സപ്ലിമെന്ററി അലോട്ട്‌മെന്റ് അപേക്ഷകരുടെ എണ്ണം പ്രസിദ്ധീകരിച്ചതോടെ മലപ്പുറത്ത് ഇനിയും സീറ്റ് വേണ്ടത് 16881 പേര്‍ക്കാണെന്നാണ് വിവരം. മലപ്പുറത്തു ഇനി ബാക്കി ഉള്ള സീറ്റുകള്‍ 6937 ആണ്. അതായത് പതിനായിരത്തിലേറെ സീറ്റുകള്‍ ഇനിയും കണ്ടെത്തണം. എന്നാല്‍ 7000 ത്തോളം പേര്‍ക്കാണ് സീറ്റ് വേണ്ടത് എന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി പറഞ്ഞത്.

https://dailynewslive.in/ കോര്‍പ്പറേഷന്റെ വെല്‍നെസ് സെന്ററിന്റെ ഉദ്ഘാടന ചടങ്ങില്‍ പരസ്പരം പ്രശംസിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസും. തന്റെ രാഷ്ട്രീയത്തില്‍ നിന്ന് വ്യത്യസ്തമായ രാഷ്ട്രീയമാണെങ്കിലും ജനങ്ങള്‍ക്കുവേണ്ടി തന്റെ ഫണ്ട് വിനിയോഗിച്ച മേയറെ ആദരിക്കാനും സ്‌നേഹിക്കാനും മാത്രമാണ് തോന്നുന്നതെന്ന് സുരേഷ് ഗോപിയും, തൃശൂരിന് വേണ്ടി സുരേഷ് ഗോപി വന്‍ പദ്ധതികള്‍ കൊണ്ടുവരുമെന്നാണ് പ്രതീക്ഷയെന്നും ജനം സുരേഷ് ഗോപിയെ പ്രതീക്ഷയാടെ കാണുന്നുവെന്നും മേയര്‍ എംകെ വര്‍ഗീസും പ്രസംഗത്തിനിടെ പറഞ്ഞു.

https://dailynewslive.in/ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായിരുന്ന ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി സന്ദീപിന്റെ വിടുതല്‍ ഹര്‍ജി ഹൈക്കോടതി തള്ളി. കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്ന പ്രതിയുടെ ആവശ്യം നേരത്തെ വിചാരണക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയായിരുന്നു ഹൈക്കോടതിയിലെ അപ്പീല്‍. അപ്പീല്‍ തള്ളിയതോടെ വിചാരണയ്ക്കുളള തടസവും നീങ്ങി.

https://dailynewslive.in/ തിരുവനനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനുമായുള്ള കേസ് എങ്ങനെയും തേച്ചുമാച്ച് കളയാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കോടതി ഇടപെടല്‍ ഇല്ലെങ്കില്‍ കേസ് എങ്ങുമെത്താന്‍ പോകുന്നില്ലെന്നും കെ എസ് ആര്‍ടിസി ഡ്രൈവര്‍ യദു. അതുകൊണ്ട് കേസിന്റെ കാര്യത്തില്‍ ഒരു തീരുമാനം ആകുന്നതുവരെ മറ്റ് ജോലിക്ക് പോകേണ്ടതില്ല എന്നാണ് ഇപ്പോഴത്തെ തീരുമാനമെന്നും യദു പറഞ്ഞു.

https://dailynewslive.in/ ഫോറിന്‍ മെഡിക്കല്‍ ഗ്രാജുവേറ്റ് പരീക്ഷയുടെ ചോദ്യപേപ്പറും ഉത്തരങ്ങളും പണം നല്‍കി വാങ്ങാമെന്ന സോഷ്യല്‍ മീഡിയ പ്രചരണത്തിനെതിരെ തിരുവനന്തപുരം സിറ്റി പൊലീസിന്റെ അന്വേഷണം ഊര്‍ജ്ജിതമാക്കി. സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന തരത്തില്‍ ചോദ്യപേപ്പറും ഉത്തരങ്ങളും ആര്‍ക്കെങ്കിലും കിട്ടിയതായി ഇതുവരെ തെളിവ് ലഭിച്ചിട്ടില്ല. ഇത്തരം തട്ടിപ്പുകളില്‍ പെടാതിരിക്കാനും പണം കൈമാറാതിരിക്കാനുമുള്ള ജാഗ്രത പരീക്ഷാര്‍ത്ഥികള്‍ പുലര്‍ത്തണമെന്ന് കേരള പൊലീസ് അഭ്യര്‍ഥിച്ചു.

https://dailynewslive.in/ കേരള സര്‍വകലശാല കാര്യവട്ടം കാമ്പസിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ എസ് എഫ് ഐ ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കത്ത് നല്‍കി. എം.എ മലയാളം വിദ്യാര്‍ത്ഥിയും കെഎസ്യു ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ സാഞ്ചോസിനെ ഹോസ്റ്റല്‍ ഇടിമുറിയില്‍ ക്രൂരമായി മര്‍ദ്ദിച്ച, എസ്.എഫ്.ഐ നേതാക്കളെ കോളജില്‍ നിന്നും പുറത്താക്കണമെന്നും കാമ്പസിലും ഹോസ്റ്റല്‍ പരിസരത്തും സി.സി ടി.വി നിരീക്ഷണം കര്‍ശനമാക്കാനും സുരക്ഷാ ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും സാന്നിധ്യം ഉറപ്പാക്കാനും നടപടി വേണമെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടു.

https://dailynewslive.in/ കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍ക്ക് സബ്സിഡി വിലയ്ക്ക് നല്‍കിയിരുന്ന അരി നിര്‍ത്തലാക്കി സര്‍ക്കാര്‍. ഊണിനു സര്‍ക്കാര്‍ നല്‍കിയിരുന്ന 10 രൂപ സബ്സിഡി നിര്‍ത്തലാക്കിയതിനു പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍ക്ക് സബ്സിഡി വിലയ്ക്ക് നല്‍കിയിരുന്ന അരിയും നിര്‍ത്തലാക്കി. അരിവില ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍ പൂട്ടേണ്ട ഗതിയിലാണെന്നാണ് റിപ്പോര്‍ട്ട്.

https://dailynewslive.in/ എറണാകുളം പനമ്പള്ളി നഗറില്‍ കുഞ്ഞിനെ ഫ്‌ലാറ്റില്‍ നിന്ന് എറിഞ്ഞ് കൊലപെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ യുവതിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ യുവാവ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. തൃശൂര്‍ സ്വദേശിയും ഡാന്‍സ് കൊറിയോഗ്രഫറുമായ യുവാവാണ് ഹര്‍ജി നല്‍കിയത്. തനിക്കെതിരെയുള്ള ആരോപണം തെറ്റാണെന്നും പെണ്‍കുട്ടിയുടെ യഥാര്‍ത്ഥ പങ്കാളി താനല്ലെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. സെഷന്‍സ് കോടതി നേരത്തെ ഇയാളുടെ മുന്‍കൂര്‍ ജാമ്യം തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്താണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

https://dailynewslive.in/ വനംമേധാവിയെ മാറ്റണമെന്ന ആവശ്യപ്പെട്ട് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. വനം വകുപ്പിലെ ഏകോപനത്തിലും കാര്യക്ഷമമായ ഇടപടലിലും പരാജയപ്പെട്ട ഗംഗാസിംഗിനെ മാറ്റണമെന്നാണ് ആവശ്യം. പക്ഷേ പകരം നിയമിക്കാന്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ തസ്തികയിലുള്ള ഉദ്യോഗസ്ഥരില്ലെന്നതാണ് സര്‍ക്കാരിനെ കുഴക്കുന്നത്. പിസിസിഎഫായിരുന്ന അമിത് മല്ലിക്കിന്റെ കാലാവധി നീട്ടി വകുപ്പ് മേധാവിയാക്കണമെന്നായിരുന്നു വനംമന്ത്രിയുടെ ശുപാര്‍ശ.

https://dailynewslive.in/ മദര്‍ഷിപ്പിനെ സ്വീകരിക്കാന്‍ വിഴിഞ്ഞം തുറമുഖം പൂര്‍ണ സജ്ജമായെന്ന് എംഡി ദിവ്യ എസ് അയ്യര്‍ അറിയിച്ചു. ആയിരത്തിലധികം കണ്ടെയ്‌നറുകള്‍ ഉള്ള പടുകൂറ്റന്‍ കപ്പലാണ് ആദ്യം എത്തുന്നത്. സെപ്തംബര്‍ വരെ വിഴിഞ്ഞത്ത് നടക്കുന്നത് ട്രയല്‍ റണ്ണാണ്. വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം സെപ്തംബറിന് ശേഷം നടക്കുമെന്നും ദിവ്യ എസ് അയ്യര്‍ വ്യക്തമാക്കി.

https://dailynewslive.in/ തൃശൂര്‍ മനക്കൊടി ഗീവര്‍ഗീസ് സഹദായുടെ തീര്‍ത്ഥാടന കേന്ദ്രത്തില്‍ മോഷണം. കപ്പേളയുടെ ഒരു വശത്തെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത നിലയിലാണ്. രൂപക്കൂടിന്റെ ഒരു വശവും തകര്‍ത്തിട്ടുണ്ട്. ചില്ല് അടിച്ചുടച്ച മോഷ്ടാവ് രൂപത്തിന്റെ കഴുത്തിലുണ്ടായിരുന്ന കൊന്തമാല അപഹരിച്ചിട്ടുണ്ട്. ഭണ്ഡാരം കോണ്‍ക്രീറ്റ് കട്ട ഉപയോഗിച്ച് തകര്‍ക്കാനുള്ള ശ്രമവും നടന്നിട്ടുണ്ട്. രൂപത്തിന്റെ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണം പൂശിയ 2 മാലകളാണ് നഷ്ടപ്പെട്ടിട്ടുള്ളതെന്ന് പൊലീസ് പറയുന്നു.

https://dailynewslive.in/ കൊച്ചി ചെല്ലാനത്ത് ഇന്ന് ഹര്‍ത്താല്‍. ടെട്രാപോഡ് കടല്‍ഭിത്തി വേണമെന്ന ആവശ്യവുമായി ചെല്ലാനം കണ്ണമാലി പ്രദേശത്ത് തീരദേശപാത ഉപരോധിച്ച് രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താല്‍. ചെല്ലാനം മുതല്‍ പുതിയതോട് വരെ ഏഴ് കിലോമീറ്റര്‍ ദൂരം നിലവില്‍ ടെട്രാപോഡ് ഉണ്ട്. ഇവിടെ കടല്‍ക്ഷോഭത്തിന് വലിയ തോതില്‍ ആശ്വാസമുണ്ട്. ഇതിന് ശേഷമുള്ള കണ്ണമാലി, ചെറിയ കടവ് അടക്കമുള്ള ഭാഗങ്ങളില്‍ കൂടി ടെട്രാപോഡ് വേണമെന്നാണ് ആവശ്യം. ഒരു വശത്ത് മാത്രമായി ടെട്രാപോഡ് വരുമ്പോള്‍ മറുവശത്ത് കടല്‍ക്ഷോഭം രൂക്ഷമാകുന്നുവെന്ന് സമര സമിതി പറയുന്നു.

https://dailynewslive.in/ കോഴിക്കോട് ബാലുശ്ശേരി സഹകരണ ബാങ്കിന്റെ കളക്ഷന്‍ ഏജന്റ് സ്വര്‍ണവും പണവും തട്ടിയെടുത്തതായി പരാതി. കളക്ഷന്‍ ഏജന്റായ എന്‍.കെ. മിനിയാണ് നാട്ടുകാരില്‍ നിന്നും 430 പവന്‍ സ്വര്‍ണവും 80 ലക്ഷം രൂപയും തട്ടിയത്. സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമായ മിനിയെ തട്ടിപ്പ് പുറത്തറിഞ്ഞതോടെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ബാങ്കില്‍ പലരുടേതായി വായ്പ തിരിച്ചടക്കാതെ മുടങ്ങിക്കിടക്കുന്ന ഈട് സ്വര്‍ണ്ണം ലേലത്തില്‍ പിടിക്കാനെന്ന് പറഞ്ഞാണ് തട്ടിപ്പ്. ലേലത്തില്‍ പിടിക്കുന്ന സ്വര്‍ണ്ണം വിറ്റ് ലാഭം കൈമാറാമെന്നുമായിരുന്നു വാഗ്ദാനം. സഹകരണ ബാങ്കില്‍ തന്റെ ജോലി സ്ഥിരപ്പെടുത്താനെന്ന് പറഞ്ഞ് മറ്റു ചിലരില്‍ നിന്നും പണവും സ്വര്‍ണ്ണവും വാങ്ങിയെന്ന ആരോപണവുമുണ്ട്.

https://dailynewslive.in/ ആലപ്പുഴ മാന്നാറിലെ കലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കൂടുതല്‍ സ്ഥലങ്ങളില്‍ പരിശോധന നടത്തും. സെപ്റ്റിക് ടാങ്കില്‍ നിന്ന് ലഭിച്ച വസ്തുക്കള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചെങ്കിലും ഇനിയും മൃതദേഹവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ ഉണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. അനില്‍കുമാറിന്റെ വീടിന്റെ പരിസരത്ത് ഭൂമിക്ക് അടിയില്‍ ടാങ്കോ മറ്റെന്തെങ്കിലും നിര്‍മാണങ്ങളോ ഉണ്ടോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്.

https://dailynewslive.in/ മലമ്പുഴയില്‍ കര്‍ഷകന്‍ ജീവനൊടുക്കി. പച്ചക്കറി കര്‍ഷകനായ പി.കെ വിജയനാണ് കടബാധ്യതയെ തുടര്‍ന്ന് ജീവനൊടുക്കിയത്. കൃഷി ആവശ്യങ്ങള്‍ക്കായി വിവിധ ബാങ്കുകളില്‍ നിന്നായി 10 ലക്ഷം രൂപ വിജയന്‍ കടമെടുത്തിരുന്നു. പച്ചക്കറി കൃഷി നഷ്ടത്തിലായതോടെ തിരിച്ചടവ് പലപ്പോഴും മുടങ്ങി. ഇതിന്റെ മാനസിക പ്രശ്‌നത്തിലാണ് ആത്മഹത്യയെന്ന് ബന്ധുക്കള്‍ പറഞ്ഞു.

https://dailynewslive.in/ ഛത്തിസ്ഗഡിലെ ചമ്പയില്‍ കിണറിനുള്ളിലെ വിഷവാതകം ശ്വസിച്ച് 5 പേര്‍ക്ക് ദാരുണാന്ത്യം. കിണറ്റിലെ തടിക്കഷ്ണം പുറത്തെടുക്കാന്‍ ഇറങ്ങിയവരാണ് മരിച്ചത്. ആദ്യം കിണറില്‍ വീണ് ബോധരഹിതനായ ആളെ രക്ഷിക്കുന്നതിനിടെയാണ് മറ്റു 4 പേരും മരിച്ചത്. രാമചന്ദ്രന്‍ ജെയ്‌സ്വാള്‍, അമീഷ് പട്ടേല്‍, രാജഷ് പട്ടേല്‍, ജിതേന്ദ്ര പട്ടേല്‍, തികേശ്വര്‍ പട്ടേല്‍ എന്നിവരാണ് മരിച്ചത്.

https://dailynewslive.in/ കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും എതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ പ്രകാശ് രാജ്. 2014-ന് ശേഷം ഉദ്ഘാടനം ചെയ്യുകയോ പണികഴിപ്പിക്കുകയോ ചെയ്ത പാലം, കെട്ടിടങ്ങള്‍, വിമാനത്താവളങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയവയുടെ അടുത്തേയ്‌ക്കൊന്നും പോകരുതെന്നാണ് പ്രകാശ് രാജ് കുറിച്ചത്. മണ്‍സൂണ്‍ മുന്നറിയിപ്പ് എന്ന് പറഞ്ഞുകൊണ്ടാണ് താരത്തിന്റെ കുറിപ്പ് ആരംഭിക്കുന്നത്.

https://dailynewslive.in/ ഭാവിയില്‍ ഛിന്നഗ്രഹങ്ങള്‍ ഭൂമിയില്‍ പതിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും അവയെ പ്രതിരോധിക്കാന്‍ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കാന്‍ ലോകം ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. ആര്‍ സോമനാഥ്. ഒരു ഛിന്നഗ്രഹം 2029 ഏപ്രില്‍ 13ന് ഭൂമിക്ക് വളരെ അടുത്തുകൂടെ കടന്നുപോകാനിരിക്കേയാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്റെ വാക്കുകള്‍. 2036ല്‍ ഈ ഛിന്നഗ്രഹം വീണ്ടും ഭൂമിക്ക് അടുത്തെത്തുമെന്നാണ് ശാസ്ത്രലോകം കണക്കാക്കുന്നത്.

https://dailynewslive.in/ ബ്രിട്ടനില്‍ വമ്പന്‍ ഭൂരിപക്ഷത്തോടെ ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തി. 650 അംഗ പാര്‍ലമെന്റില്‍ നാനൂറിലേറെ സീറ്റുകളാണ് ലേബര്‍ പാര്‍ട്ടി നേടിയത്. കെയ്ര്‍ സ്റ്റാര്‍മര്‍ ആണ് പുതിയ പ്രധാനമന്ത്രി. ഈ നിമിഷം മുതല്‍ മാറ്റം ആരംഭിക്കുന്നുവെന്നും, മാറ്റത്തിനായി പൊരുതിയവര്‍ക്ക് നന്ദിയെന്നും വിജയം നേടിയ ശേഷം നിയുക്ത ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയും കുടിയേറ്റവും ആരോഗ്യമേഖലയും മുഖ്യ ചര്‍ച്ചാവിഷയങ്ങളായ തെരഞ്ഞെടുപ്പില്‍ ഋഷി സുനകിന്റെയും കണ്‍സര്‍വേറ്റിവ് സര്‍ക്കാരിന്റെയും നയങ്ങള്‍ ജനം പാടെ തള്ളുകയായിരുന്നു. ഒട്ടേറെ മുതിര്‍ന്ന കണ്‍സര്‍വേറ്റിവ് നേതാക്കള്‍ പരാജയപ്പെട്ടപ്പോള്‍ ഋഷി സുനക്കിന് റിച്ച്മണ്ട് ആന്‍ഡ് നോര്‍തലേര്‍ട്ടന്‍ സീറ്റ് നിലനിര്‍ത്താനായി എന്നത് മാത്രമാണ് ആശ്വാസം. കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ പരാജയത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ഋഷി സുനക് പ്രതികരിച്ചു.

https://dailynewslive.in/ ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗമായി വിജയിച്ചവരില്‍ മലയാളിയും. കോട്ടയം കൈപ്പുഴ സ്വദേശി സോജന്‍ ജോസഫാണ് ആഷ് ഫെഡ് സീറ്റില്‍ നിന്ന് ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി വിജയിച്ചത്. ബ്രിട്ടന്റെ ആരോഗ്യ സര്‍വീസില്‍ മെന്റല്‍ ഹെല്‍ത്ത് നഴ്സിംഗ് മേധാവിയാണ് സോജന്‍ ജോസഫ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സീറ്റ് 1,779 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സോജന്‍ പിടിച്ചെടുത്തത്.

https://dailynewslive.in/ ഹത്രാസ് ദുരന്തത്തില്‍ പരിക്കേറ്റവരെയും മരിച്ചവരുടെ കുടുംബാംഗങ്ങളെയും രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. കൃത്യമായ അന്വേഷണം നടത്തണമെന്നും അപകടത്തില്‍പ്പെട്ടവര്‍ക്കുള്ള ധനസഹായം വര്‍ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹാത്രസ് ദുരന്തത്തിന് ഉത്തരവാദി യുപി സര്‍ക്കാരാണ്. യോഗി സര്‍ക്കാരിന്റെ ഭാഗത്ത് ഉണ്ടായത് ഗുരുതര വീഴ്ചയാണെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

https://dailynewslive.in/ നീറ്റ്, നെറ്റ് പരീക്ഷകളുടെ ചോദ്യ പേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് സംസ്ഥാനങ്ങളുടെ സഹകരണം ആവശ്യപ്പെട്ട് കേന്ദ്രം. പരീക്ഷ കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ രണ്ട് നിരീക്ഷകരെ സംസ്ഥാനങ്ങള്‍ നിയോഗിക്കണമെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചു. ഇതിലൊരാള്‍ പൊലീസ് ഉദ്യോഗസ്ഥനാകണമെന്നും, സംസ്ഥാനതലത്തില്‍ ഏകോപനത്തിന് ഒരാള്‍ക്ക് ചുമതല നല്‍കണമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചു. പരീക്ഷ കേന്ദ്രങ്ങളില്‍ നിലവില്‍ എന്‍ടിഎ തന്നെയാണ് നിരീക്ഷണത്തിന് പ്രതിനിധികളെ നിയോഗിച്ചിരുന്നത്. ഇത് മാറ്റി സംസ്ഥാനങ്ങള്‍ക്ക് കൂടി പങ്കാളിത്തം നല്‍കാനാണ് കേന്ദ്രം ശ്രമിക്കുന്നത്.

https://dailynewslive.in/ വിമാന കമ്പനി നല്‍കിയ പഴകിയ ഭക്ഷണം കഴിച്ച് അവശരായ യാത്രക്കാരുമായി വിമാനം എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തി. ബുധനാഴ്ച പുലര്‍ച്ചെ ഡിട്രോയിറ്റില്‍ നിന്നും ആംസ്റ്റര്‍ഡാമിലേക്ക് പുറപ്പെട്ട ഡെല്‍റ്റ എയര്‍ ലൈനിന്റെ വിമാനമാണ് അടിയന്തരമായി വഴി തിരിച്ച് വിട്ടത്. ഡെല്‍റ്റ 136 എന്ന വിമാനത്തിലുണ്ടായിരുന്ന 277 യാത്രക്കാരില്‍ 70ലേറെ പേര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റതായാണ് റിപ്പോര്‍ട്ട്. ഡെല്‍റ്റ വിമാനകമ്പനി സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

https://dailynewslive.in/ കോപ്പ അമേരിക്കയില്‍ ഇക്വഡോറിനെ തോല്‍പ്പിച്ച് അര്‍ജന്റീന സെമിയിലെത്തി. പെനല്‍റ്റി ഷൂട്ടൗട്ടിലാണ് അര്‍ജന്റീനയുടെ ജയം. നിശ്ചിത സമയത്ത് 1-1ന് സമനിലയിലായ മത്സരത്തില്‍ ഷൂട്ടൗട്ടില്‍ നേടിയ 4-2 ജയത്തോടെയാണ് മെസ്സിയുടെയും സംഘത്തിന്റെയും സെമി പ്രവേശനം. ഷൂട്ടൗട്ടില്‍ ക്യാപ്റ്റന്‍ ലിയോണല്‍ മെസിയുടെ കിക്ക് ബാറിലിടിച്ച് മടങ്ങിയെങ്കിലും ഇക്വഡോറിന്റെ രണ്ട് താരങ്ങളുടെ കിക്കുകള്‍ തടുത്തിട്ട ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിന്റെ കരുത്തിലാണ് അര്‍ജന്റീന സെമിയിലെത്തിയത്. 35-ാം മിനിറ്റില്‍ ഗോള്‍ നേടിയ ്അര്‍ജന്റീന വിജയമുറപ്പിച്ചിരിക്കേ ഇന്‍ജുറി ടൈമിന്റെ ഒന്നാം മിനിറ്റില്‍ നേടിയ ഗോളിലൂടെ ഇക്വഡോര്‍ സമനില പിടിച്ചതോടെയാണ് മത്സരം അധിക സമയത്തേക്കും ഷൂട്ടൗട്ടിലേക്കും നീങ്ങിയത്.

https://dailynewslive.in/ സൊമാറ്റോയ്ക്ക് ശേഷം, ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗിയും സ്വന്തം യുപിഐ സേവനം പുറത്തിറക്കി. ബാഹ്യ ആപ്പുകളെ ആശ്രയിക്കുന്നത് ഒഴിവാക്കാനും പേയ്മെന്റ് തകരാറുകള്‍ കുറയ്ക്കാനുമാണ് സ്വന്തം യുപിഐ സേവനം തുടങ്ങിയതെന്ന് സ്വിഗ്ഗി അറിയിച്ചു. യെസ് ബാങ്കിന്റെയും ജസ്പേയുടെയും പങ്കാളിത്തത്തോടെ യുപിഐ പ്ലഗിന്‍ വഴിയാണ് പുതിയ ഇന്‍-ആപ്പ് പേയ്മെന്റ് സേവനം ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷമാണ് സമാനമായ സേവനം നല്‍കുന്നതിന് തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ പ്രൊവൈഡര്‍ ലൈസന്‍സിന് സൊമാറ്റോ അപേക്ഷിച്ചത്. ആദ്യ ഘട്ടമായി കുറച്ചുപേര്‍ക്ക് മാത്രമാണ് സ്വിഗ്ഗി സേവനം ലഭ്യമാക്കിയത്. തുടര്‍ന്ന് ഘട്ടം ഘട്ടമായി എല്ലാ ഉപയോക്താക്കളിലേക്കും സേവനം വ്യാപിപ്പിക്കുമെന്നും കമ്പനി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ മാസം മുതല്‍ സ്വിഗ്ഗി അവരുടെ ജീവനക്കാരുടെ മേല്‍ ഉല്‍പ്പന്നം പരീക്ഷിച്ചു വരികയാണെന്നും അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഘട്ടം ഘട്ടമായി ഉല്‍പ്പന്നം എല്ലാ ഉപയോക്താക്കളിലേക്കും എത്തിക്കാനുമാണ് ലക്ഷ്യമിടുന്നത്. 2022ല്‍ നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ആരംഭിച്ച ഒരു ഉല്‍പ്പന്നമാണ് യുപിഐ പ്ലഗിന്‍. പേയ്മെന്റ് നടത്താന്‍ ഉപഭോക്താക്കള്‍ മറ്റൊരു ആപ്പിനെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ഇതുവഴി സാധിക്കും. പ്രത്യേകിച്ച് നെറ്റ്വര്‍ക്ക് കണക്റ്റിവിറ്റി നല്ലതല്ലെങ്കില്‍ സംഭവിക്കുന്ന പേയ്മെന്റ് പരാജയങ്ങളുടെ സാധ്യത കുറയ്ക്കാന്‍ യുപിഐ പ്ലഗിന്‍ വഴി സാധിക്കും.

https://dailynewslive.in/ ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ മത്സരം കടുപ്പിക്കാന്‍ ഉറപ്പിച്ചുള്ള മോട്ടോറോളയുടെ റേസര്‍ 50 അള്‍ട്രാ ഫോള്‍ഡബിള്‍ പുറത്തിറങ്ങി. ഹൈ-എന്‍ഡ് ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണ്‍ മാര്‍ക്കറ്റില്‍ സാംസങിന് വലിയ മത്സരം നല്‍കാന്‍ ലക്ഷ്യമിട്ടാണ് മോട്ടോ ഈ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. 50 എംപി പ്രധാന ക്യാമറയും 32 എംപി സെല്‍ഫി ക്യാമറയുമുള്ള ഫോണിന് 4000 എംഎഎച്ചിന്റെ ബാറ്ററിയാണുള്ളത്. 45 വാട്ട്‌സ് ചാര്‍ജിംഗാണ് ഇതിന് വരിക. ഹൈ-എന്‍ഡ് വിഭാഗത്തില്‍പ്പെടുന്ന മോട്ടോ റേസര്‍ 50 അള്‍ട്രാ ഫ്ലിപ് മോഡല്‍ ഫോള്‍ഡബിളിന് 99,999 രൂപയാണ് വില. 4 ഇഞ്ചിന്റെ ഇതുവരെയുള്ള ഏറ്റവും വലിയ ബാഹ്യഡിസ്‌പ്ലെയാണ് ഫോണിനുള്ളത്. എക്‌സ്‌ടേണല്‍ ഡിസ്‌പ്ലെയ്ക്ക് ഗോറില്ല ഗ്ലാസ് വിക്റ്റസിന്റെ സുരക്ഷയുണ്ട്. തുറക്കുമ്പോള്‍ 6.9 ഇഞ്ചിന്റെ പിഒഎല്‍ഇഡി ഡിസ്പ്ലെയാണ് മറ്റൊരു സവിശേഷത. ഒരു കൈ കൊണ്ട് തന്നെ ഫോണ്‍ തുറക്കാം. സ്നാപ്ഡ്രാഗണ്‍ 8എസ് 3 പ്രൊസസറില്‍ വരുന്ന ഫോണിന് 12 ജിബി റാമും 512 ജിബി ഇന്റേണല്‍ മെമ്മറിയുമാണുള്ളത്. പുത്തന്‍ സ്മാര്‍ട്ട്ഫോണ്‍ മോഡലുകളിലെ എഐ ട്രെന്‍ഡ് മോട്ടോയും പിന്തുടരുന്നു. ഗൂഗിളിന്റെ പുതിയ ജെമിനി ചാറ്റ്‌ബോട്ട് ബാഹ്യഡിസ്‌പ്ലെയില്‍ നിന്നുതന്നെ ഉപയോഗിക്കാം. ഗൂഗിള്‍ 1 പ്രീമിയം പ്ലാന്‍ മൂന്ന് മാസത്തേക്ക് സൗജന്യമാണ്. രണ്ട് ടിബി ക്ലൗഡ് സ്റ്റോറേജും ലഭിക്കും.

https://dailynewslive.in/ നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോന്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘ചെക്ക് മേറ്റി’ന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ ശ്രദ്ധേയമാകുന്നു. ചിത്രത്തിന്റെ തിരക്കഥയും സംഗീതവും ഛായാഗ്രഹണവും സംവിധാനവും രതീഷ് ശേഖര്‍ നിര്‍വ്വഹിക്കുന്നു. അനൂപ് മേനോന് പുറമെ ലാല്‍, രേഖ ഹരീന്ദ്രന്‍, രാജലക്ഷ്മി, അഞ്ജലി മോഹനന്‍, വിശ്വം നായര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഒരു മൈന്‍ഡ് ഗെയിം ത്രില്ലറായിരിക്കും ചിത്രം എന്നാണ് പോസ്റ്ററില്‍ നിന്ന് മനസ്സിലാക്കാനാകുന്നത്. അംബരചുംബികളായ കെട്ടിടങ്ങള്‍, അവയ്ക്കിടയിലെ മനുഷ്യ മനസ്സുകള്‍, ചതുരംഗക്കളി പോലെ മാറി മറിയുന്ന സംഭവ വികാസങ്ങള്‍ ഇവയൊക്കെയാണ് സിനിമയുടെ കഥാപശ്ചാത്തലമെന്നാണ് സെക്കന്റ് ലുക്ക് പോസ്റ്റര്‍ നല്‍കുന്ന സൂചനകള്‍. സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും ന്യൂയോര്‍ക്കിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ‘ഓരോ നീക്കവും നിങ്ങളുടെ അവസാന നീക്കമായിരിക്കാം’ എന്ന ടാഗ്ലൈനോടെയാണ് പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഫോര്‍മല്‍ വേഷത്തില്‍ വേറിട്ട ലുക്കിലാണ് ചിത്രത്തില്‍ അനൂപ് മേനോന്‍ എത്തുന്നതെന്നാണ് പോസ്റ്റര്‍ സൂചിപ്പിക്കുന്നത്. ചെസ്സിലെ കരുക്കള്‍ പോലെ മാറി മറിയുന്ന മനുഷ്യ മനസ്സിലെ സങ്കീര്‍ണ്ണതകളിലൂടെയുള്ള സഞ്ചാരമാണ് സിനിമയുടെ കഥാഗതിയെന്നാണ് ലഭിക്കുന്ന സൂചനകള്‍.

https://dailynewslive.in/ തമിഴകത്ത് മിനിമം ഗ്യാരണ്ടിയുള്ള ഒരു താരമാണ് ശിവകാര്‍ത്തികേയന്‍. ശിവകാര്‍ത്തികേയന്‍ നായകനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രത്തിന് ‘ബോസ്’ എന്ന് പേരിട്ടതായിട്ടാണ് റിപ്പോര്‍ട്ട്. എസ്‌കെ 24 എന്ന പേരിലായിരുന്നു ഇത് നേരത്തെ വിശേഷിപ്പിക്കപ്പെട്ടിരുന്നത്. സംവിധായകന്‍ സിബിയുടെ പുതിയ ശിവകാര്‍ത്തികേയന്‍ ചിത്രത്തില്‍ രശ്മിക മന്ദാന നായികയാകുമ്പോള്‍ വില്ലന്‍ കഥാപാത്രമായി എസ് ജെ സൂര്യയുമെത്തും. ശിവകാര്‍ത്തികേയന്‍ നായകനായി വേഷമിടുന്ന ഒരു ചിത്രം അമരന്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്. മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതമാണ് ചിത്രത്തില്‍ പ്രമേയമാകുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മേജര്‍ മുകുന്ദ് വരദരാജനായിട്ടാണ് ശിവകാര്‍ത്തികേയന്‍ ചിത്രത്തില്‍ വേഷമിടുന്നത് എന്നതും ആരാധകരെ ആവേശത്തിലാക്കുന്നതാണ്. ശിവകാര്‍ത്തികേയന്‍ നായകനായ അമരന്റെ റിലീസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നടന്റെ പുതിയ വേറിട്ട കഥാപാത്രമായതിനാല്‍ ചര്‍ച്ചയാകുന്നുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റര്‍ നടരാജന്റെ ജീവചരിത്ര സിനിമയില്‍ ശിവകാര്‍ത്തികേയന്‍ നായകനാകുന്നുവെന്നും അടുത്തിടെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

https://dailynewslive.in/ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ ലോകത്തെ ആദ്യത്തെ സിഎന്‍ജി ബൈക്ക് ഇന്ന് അവതരിപ്പിക്കും. മോട്ടോര്‍ സൈക്കിളിന് ഫ്രീഡം 125 എന്ന് പേരിടാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുചക്രവാഹന വിപണിയില്‍ സിഎന്‍ജി ബൈക്ക് വിപ്ലവമാകും. 125 സിസി എന്‍ജിനുമായി വരുന്ന ബൈക്കിന് സിഎന്‍ജി, പെട്രോള്‍ ഇന്ധന ഓപ്ഷനുകള്‍ ഉണ്ടാവും. എളുപ്പത്തില്‍ ഇന്ധന ഓപ്ഷന്‍ മാറ്റാന്‍ കഴിയുന്ന വിധമായിരിക്കും രൂപകല്‍പ്പന. പെട്രോള്‍ ബൈക്കുകളെ അപേക്ഷിച്ച് സിഎന്‍ജി ബൈക്ക് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, കാര്‍ബണ്‍ മോണോക്‌സൈഡ് എന്നിവ പുറന്തള്ളുന്നത് കുറവായിരിക്കും. അതുകൊണ്ട് സിഎന്‍ജി ബൈക്ക് പരിസ്ഥിതി സൗഹൃദമായിരിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. 80,000 മുതല്‍ 90,000 രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്. സിംഗിള്‍ സീറ്റാണ് ഇതില്‍ ക്രമീകരിക്കുക. സിഎന്‍ജി അധിഷ്ഠിത ഓട്ടോറിക്ഷ വില്‍പ്പനയില്‍ കമ്പനി ഇതിനകം തന്നെ ഗണ്യമായ വിജയം നേടിയിട്ടുണ്ട്. രാജ്യത്തെ മൊത്തം ഓട്ടോ വിപണിയുടെ 60 ശതമാനവും കൈയാളുന്നത് ബജാജ് ഓട്ടോയാണ്. ബജാജ് ഫ്രീഡം 125ന്റെ ലോഞ്ച് ഇരുചക്ര വാഹന വിപണിയില്‍ പുതിയ മാറ്റം കൊണ്ടുവരുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ബജാജ് ഫ്രീഡം 125 ആദ്യം മഹാരാഷ്ട്ര വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

https://dailynewslive.in/ മര്‍ഡര്‍ മിസ്റ്ററി നോവലുകളില്‍ സ്ഥിരമായി കണ്ടുവരുന്ന പാറ്റേണുകള്‍ ഒഴിവാക്കിക്കൊണ്ട് വായനക്കാര്‍ക്ക് പുതിയൊരു അനുഭവം സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുസ്തകം എഴുതിയിരിക്കുന്നത്. പല തരത്തിലുള്ള കോണ്‍സെപ്റ്റുകളിലൂടെയാണ് കഥ വികസിക്കുന്നത് എന്നതുകൊണ്ടുതന്നെ പുസ്തകത്തിന്റെ ആശയങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാവുന്നതിനുവേണ്ടി ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു വലിയ ലോകം തന്നെ ഈ പുസ്തകത്തിനുള്ളില്‍ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. പീറ്ററിനും വിഷ്ണുവിനും നിതിനുമൊപ്പം സഞ്ചരിച്ചുകൊണ്ട് ഈ കേസ് ഫയല്‍സ് അവരെക്കാളും മുമ്പ് സോള്‍വ് ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. ‘കേസ് ഫയല്‍സ്’. ശ്യാം കൃഷ്ണന്‍ സി.യു. കറന്റ് ബുക്സ് തൃശൂര്‍. വില 285 രൂപ.

https://dailynewslive.in/ തൈരില്‍ ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു. ഉച്ചഭക്ഷണത്തില്‍ തൈര് ഉള്‍പ്പെടുത്തുന്നത് വിവിധ രോഗങ്ങളെ അകറ്റി നിര്‍ത്തുന്നതിന് സഹായിക്കുന്നു. പ്രോബയോട്ടിക്സില്‍ (നല്ല ബാക്ടീരിയ) സമ്പന്നമായ തൈര്, ദഹനനാളത്തിലെ എല്ലാ ദോഷകരമായ ബാക്ടീരിയകളെയും കൊല്ലുകയും നല്ല ബാക്ടീരിയകളുടെ വ്യാപനത്തെ സഹായിക്കുകയും ചെയ്യുന്നതിനാല്‍ ദഹനം മെച്ചപ്പെടുത്തുന്നു. ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം മൂലമുണ്ടാകുന്ന മലബന്ധം, വയറുവേദന, വയറുവേദന തുടങ്ങിയ ദഹനപ്രശ്നങ്ങള്‍ തടയാനും പ്രോബയോട്ടിക്സ് സഹായിക്കുന്നു. തൈര് വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കുന്നതിന് ഗുണം ചെയ്യും. സ്ട്രെസ് ഹോര്‍മോണ്‍ എന്ന് വിളിക്കപ്പെടുന്ന കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണ്‍ വയറിന് ചുറ്റുമുള്ള കൂടുതല്‍ കൊഴുപ്പ് ഉത്പാദിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നു. ദിവസവും ഒരു കപ്പ് തൈര് കഴിക്കുന്നത് ശരീരത്തിലെ കാല്‍സ്യത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കും. ഇത് കോര്‍ട്ടിസോളിന്റെ അളവ് പരിമിതപ്പെടുത്തുന്നു. തൈര് രോഗാണുക്കളെ ചെറുക്കുന്നതിന് അത്യന്താപേക്ഷിതമാണ്. രോഗപ്രതിരോധ സംവിധാനത്തെ കൂടുതല്‍ ശക്തവും സ്ഥിരതയുള്ളതുമാക്കുന്നു. തൈര് ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് യീസ്റ്റ് അണുബാധ തടയാന്‍ ഫലപ്രദമാണ്. എല്ലാ പാലുല്‍പ്പന്നങ്ങളെയും പോലെ തൈരിലും കാല്‍സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകള്‍ക്കും പല്ലുകള്‍ക്കും ആവശ്യമാണ്. കാല്‍സ്യം കൂടാതെ, തൈരില്‍ ഫോസ്ഫറസ് ധാരാളമായി അടങ്ങിയിട്ടുണ്ട്. അവ സന്ധിവാതം, ഓസ്റ്റിയോപൊറോസിസ് എന്നിവ തടയാന്‍ സഹായിക്കുകയും ചെയ്യുന്നു. തൈര് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. തൈരില്‍ കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റും ഉയര്‍ന്ന പ്രോട്ടീനും ഉള്ളതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ മികച്ച ഭക്ഷണമാണ്. വായയിലെ അള്‍സര്‍ ചികിത്സിക്കുന്നതിനുള്ള മികച്ച ഭക്ഷണമായി തൈര് കണക്കാക്കപ്പെടുന്നു. കാരണം ഇത് വായയിലെ ബാക്ടീരിയകളെ ചെറുക്കുന്നതിനും സഹായിക്കുന്നു. വായിലെ അള്‍സര്‍ പിടിപെടുമ്പോള്‍ ദിവസവും ഒരു നേരം തൈര് കഴിക്കുക.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.49, പൗണ്ട് – 106.69, യൂറോ – 90.38, സ്വിസ് ഫ്രാങ്ക് – 92.91, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.20, ബഹറിന്‍ ദിനാര്‍ – 221.50, കുവൈത്ത് ദിനാര്‍ -272.77, ഒമാനി റിയാല്‍ – 216.88, സൗദി റിയാല്‍ – 22.26, യു.എ.ഇ ദിര്‍ഹം – 22.73, ഖത്തര്‍ റിയാല്‍ – 22.92, കനേഡിയന്‍ ഡോളര്‍ – 61.34.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *