◾യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പുലര്‍ച്ചെ അടൂരിലെ വീടു വളഞ്ഞ് പോലീസ് അറസ്റ്റു ചെയ്തു. അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. മലപ്പുറം, കൊല്ലം, കണ്ണൂര്‍, തൃശൂര്‍ എന്നിവിടങ്ങളില്‍ പോലീസുമായി സംഘര്‍ഷം. കൊല്ലത്ത് ലാത്തിച്ചാര്‍ജ്. സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ അക്രമങ്ങള്‍ നടത്തിയെന്ന കേസിലാണ് കന്റോണ്‍മെന്റ് പൊലീസ് രാഹുലിനെ അറസ്റ്റു ചെയ്തത്. ഭീകരവാദിയെന്ന പോലെയാണ് പൊലീസ് രാഹുലിനെ കൈകാര്യം ചെയ്തതെന്നും വീട് വളഞ്ഞാണ് അറസ്റ്റുചെയ്തതെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. പൊലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ്.
◾ഹര്‍ത്താല്‍ ഭീഷണിയെ കൂസാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തൊടുപുഴയില്‍. വ്യാപാരികളുടെ കാരുണ്യ പദ്ധതി അദ്ദേഹം ഉദ്ഘാടനം ചെയ്തു. കരിങ്കൊടി കാണിച്ച എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പോലീസ് തടഞ്ഞില്ല. 1985 മുതല്‍ തനിക്കെതിരേ അഞ്ചു തവണ വധശ്രമമുണ്ടായെന്നും 35 ാം വയസില്‍ തോന്നാത്ത പേടി ഇപ്പോഴില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. ഗവര്‍ണറുടെ സന്ദര്‍ശനത്തിനെതിരേ ഇടുക്കിയില്‍ രാവിലെ മുതല്‍ എല്‍ഡിഎഫ് ഹര്‍ത്താലാണ്.
◾ഇടുക്കിയിലെ ജനങ്ങളുടെ ഭൂമിപ്രശ്നം പരിഹരിക്കാനുള്ള നിയമത്തില്‍ ഒപ്പുവയ്ക്കാത്ത ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധമാണ് ഹര്‍ത്താലെന്ന് എല്‍ഡിഎഫ്. നിയമസഭ സെപ്റ്റംബറില്‍ ഐകകണ്ഠ്യേനെ പാസാക്കിയ ഭൂമി പതിവ് നിയമഭേദഗതി ബില്ലാണ് ഒപ്പിടാതെ മാറ്റിവച്ചിരിക്കുന്നത്. കയ്യേറ്റക്കാര്‍ക്ക് നിയമസാധുത നല്‍കുമെന്നു പരാതികളുള്ളതിനാലാണ് ഒപ്പിടാത്തത്. മൂന്നു തവണ വിശദീകരണം തേടിയെങ്കിലും മറുപടി ലഭിച്ചില്ലെന്ന് ഗവര്‍ണര്‍.
*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ : KSFE ഡയമണ്ട് ചിട്ടികള്‍ 2.0*
ചിട്ടിയില്‍ ചേരുന്ന 30 പേരില്‍ ഒരാള്‍ക്ക് സമ്മാനം ഉറപ്പ്. ഒരു കോടി രൂപയുടെ വജ്രാഭരണങ്ങള്‍ ഉള്‍പ്പെടെ 4 കോടി രൂപയുടെ സമ്മാനങ്ങള്‍. ശാഖാതലത്തിലും മേഖലാതലത്തിലും സംസ്ഥാന തലത്തിലും ഡയമണ്ട് ആഭരണങ്ങള്‍ ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ ഉറപ്പ്. ഈ പദ്ധതി 2024 ജനുവരി 31 വരെ മാത്രം.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 ,
ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455, *www.ksfe.com*
◾ആറു വയസുകാരിയെ പീഡിപ്പിച്ചു കൊന്നവനെ രക്ഷപ്പെടാന്‍ സഹായിച്ച പോലീസില്‍നിന്ന് ആര്‍ഷോ മോഡല്‍ ‘വാ മോനേ’ എന്ന ഓമനിക്കല്‍ പ്രതീക്ഷിച്ചല്ല യൂത്ത് കോണ്‍ഗ്രസുകാര്‍ സമരത്തിനിറങ്ങുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. നവഗുണ്ടാ സദസു നയിച്ച പിണറായി വിജയനെതിരേ കരിങ്കൊടി കാണിച്ചതിന്റെ അസ്വസ്ഥതയുടെ തുടര്‍ച്ചയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റെന്നു ഷാഫി പറമ്പില്‍ എംഎല്‍എയും പ്രതികരിച്ചു.
◾പോലീസിനെ മുഖ്യമന്ത്രിയുടെ ഓഫീസ് തെരുവു ഗുണ്ടകളാക്കി മാറ്റിയെന്ന് കെ. മുരളീധരന്‍. ഡിജിപിയെ ബന്ദിയാക്കിയിരിക്കുന്നു. കൊലയാളികളേയും പീഡകരേയും സംരക്ഷിക്കുന്ന പോലീസാണ് രാഹുലിനെ അറസ്റ്റു ചെയ്തതെന്നും നിയമം കൈയിലെടുക്കേണ്ടിവരുമെന്നും മുരളീധരന്‍.
◾സിറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച്ബിഷപ്പിനെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പു നടപടികള്‍ മെത്രാന്മാരുടെ സിനഡില്‍ ആരംഭിച്ചു. സ്ഥാനാര്‍ത്ഥി ഇല്ലാതെ രഹസ്യബാലറ്റ് ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ്. കഴിഞ്ഞ തവണ തലനാരിഴയ്ക്കു സ്ഥാനം നഷ്ടപ്പെട്ട സീനിയര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനാണു സാധ്യതകള്‍ കൂടുതല്‍. സിബിസിഐ പ്രസിഡന്റായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് തൃശൂര്‍ ആര്‍ച്ച്ബിഷപ്പാണ്. 65 മെത്രാന്മാരില്‍ 53 പേര്‍ക്കാണു വോട്ടാവകാശമുള്ളത്.
◾
*മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ സ്‌പെഷ്യല്‍ ന്യൂ ഇയര്‍ കളക്ഷനും*
മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഇനി മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം 299 രൂപ മുതലുള്ള സ്‌പെഷ്യല്‍ ന്യൂ ഇയര്‍
കളക്ഷനും. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾ഗവര്‍ണര്‍ക്കെതിരേ അസഭ്യ മുദ്രാവാക്യങ്ങളുമായി സിപിഎം പ്രവര്‍ത്തകര്‍ തൊടുപുഴയില്‍ മാര്‍ച്ച് നടത്തി. ‘തെമ്മാടി, താന്തോന്നി, എച്ചില്‍ പട്ടി’ എന്നിങ്ങനെയുള്ള അസഭ്യ മുദ്രാവാക്യങ്ങളാണ് സിപിഎം പ്രവര്‍ത്തകര്‍ മുഴക്കിയത്.
◾ശബരിമല സന്നിധാനത്ത് ഫ്ളൈ ഓവറില്‍നിന്ന് ശ്രീകോവിലിനു മുന്നിലേക്ക് ഇറങ്ങുന്ന ഭാഗത്തെ കൈവരി തകര്‍ന്നു. തീര്‍ടത്ഥാടകരുടെ തിരക്ക് മൂലമാണ് കൈവരി തകര്‍ന്നത്. നേരത്തെ തന്നെ കൈവരിക്ക് ബലക്ഷയം ഉണ്ടായിരുന്നു.
◾വിരിപ്പൂ കൃഷി കഴിഞ്ഞ് മാസങ്ങളായിട്ടും സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില കിട്ടാതെ കര്‍ഷകര്‍ ദുരിതത്തില്‍. പത്താം തിയ്യതി കോട്ടയം സപ്ലൈകോ ഓഫീസിന് മുന്നില്‍ സമരം നടത്തുമെന്നു കര്‍ഷകര്‍.
◾പത്തനംതിട്ടയിലെ ജഡ്ജിയാണെന്നു ചമഞ്ഞ് ഹോസ്ദുര്‍ഗ് പൊലീസിനെ കബളിപ്പിച്ചയാള്‍ പിടിയില്‍. തിരുവനന്തപുരം തോന്നയ്ക്കല്‍ സ്വദേശി ഷംനാദ് ഷൗക്കത്താണ് പിടിയിലായത്. ജഡ്ജിയായ തന്റെ വാഹനം കേടായെന്ന് ഇയാള്‍ ഫോണ്‍ വിളിച്ചു പറഞ്ഞതിനെത്തുടര്‍ന്ന് പൊലീസ് വാഹനത്തില്‍ ഹോട്ടലില്‍ എത്തിക്കുകയായിരുന്നു. പൊലീസ് സുരക്ഷയും ഏര്‍പ്പെടുത്തി. പിന്നീട് പുലര്‍ച്ചെ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചു. സംശയം തോന്നി തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചപ്പോഴാണ് കള്ളി വെളിച്ചത്തായത്. സബ് കളക്ടറാണെന്നു പറഞ്ഞു ഹോട്ടലില്‍ മുറിയെടുത്ത ഇയാള്‍ ഹോട്ടല്‍ ബില്ലും നല്‍കിയിരുന്നില്ല.
◾തമിഴ്നാട്ടില്‍ ബസ് ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി. സിഐടിയു, എഐഎഡിഎംകെ യൂണിയന്‍ ആയ എടിപി തുടങ്ങിയവരാണ് പണിമുടക്കുന്നത്. ശമ്പളം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു സമരം തുടങ്ങിയതോടെ യാത്രക്കാര്‍ വലഞ്ഞു.
◾ഇന്ത്യ മുന്നണിയിലെ സഖ്യകക്ഷികള്‍ തമ്മിലുള്ള സീറ്റു വിഭജന ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ഡല്‍ഹിയിലെ ഏഴു സീറ്റില്‍ മൂന്നെണ്ണവും പഞ്ചാബിലെ 13 ല്‍ ആറെണ്ണവും കോണ്‍ഗ്രസിനു വിട്ടുകൊടുക്കാമെന്നാണ് ആം ആദ്മി പാര്‍ട്ടി നിലപാടെടുത്തത്. ഗുജറാത്തിലും ഹരിയാനയിലും ഗോവയിലും ആം ആദ്മി പാര്‍ട്ടിക്കു സീറ്റുകള്‍ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
◾പത്താമത് വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റില്‍ പങ്കെടുക്കാന്‍ യുഎഇ പ്രസിഡന്റ് ഷെയ്ക് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇന്നെത്തും. വൈകുന്നേരം അഹമ്മദാബാദ് വിമാനത്താവളത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഷെയ്ക് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ സ്വീകരിക്കും. തുടര്‍ന്ന് റോഡ് ഷോയുമുണ്ട്. മൂന്നു ദിവസത്തെ വൈബ്രന്റ് സമ്മിറ്റ് നാളെ ആരംഭിക്കും. മൂന്നു ദിവസം സംസ്ഥാനത്തുള്ള പ്രധാനമന്ത്രി വിവിധ രാഷ്ട്രത്തലവന്‍മാരുമായും വ്യവസായ പ്രമുഖരുമായും കൂടിക്കാഴ്ച നടത്തും.
◾നാലു വയസുള്ള സ്വന്തം മകനെ കൊന്നു പെട്ടിയിലാക്കിയ മൃതദേഹവുമായി ഗോവയില്‍നിന്നു കാറില്‍ ബംഗളൂരുവിലേക്കു പോകുന്നതിനിടെ യുവതി അറസ്റ്റിലായി. ബംഗളുരുവിലെ ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ സിഇഒയായ 39 വയസുകാരി സുചാന സേഥാണ് അറസ്റ്റിലായത്. ഗോവയിലെ ഹോട്ടല്‍ മുറി ശുചീകരിച്ച ജീവനക്കാര്‍ രക്തക്കറ കണ്ടതോടെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
◾തമിഴ്നാട്ടില്‍ ദുരഭിമാനക്കൊല. തഞ്ചാവൂര്‍ സ്വദേശി ദളിത് യുവാവായ നവീനിനെ വിവാഹം ചെയ്ത 19 കാരി ഐശ്വര്യയെ ചുട്ടുകൊന്ന അച്ഛന്‍ പെരുമാളിനേയും നാലു ബന്ധുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു.
◾അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസിന്റെ ഗേറ്റിലേക്ക് കാര്‍ ഇടിച്ചുകയറി. കാര്‍ ഓടിച്ച ഡ്രൈവറെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് ഡൗണ്‍ ടൗണ്‍ വാഷിംഗ്ടണ്‍ ഡിസി ഏരിയയിലെ വൈറ്റ് ഹൗസിന് സമീപമുള്ള റോഡുകള്‍ അടച്ചു. സംഭവസമയത്ത് പ്രസിഡന്റ് ജോ ബൈഡന്‍ സ്ഥലത്തുണ്ടായിരുന്നില്ല.
◾വാടക ഗര്‍ഭധാരണം നിരോധിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. അമ്മയുടെയും കുഞ്ഞിന്റെയും അന്തസിനെതിരാണ് വാടക ഗര്‍ഭധാരണം. വാടക ഗര്‍ഭധാരണം ആഗോളതലത്തില്‍ നിരോധിക്കണമെന്ന് മാര്‍പാപ്പ ആവശ്യപ്പെട്ടു.
◾തമിഴ്നാട്ടില്‍ വിവിധ മേഖലകളിലായി 42,700 കോടി രൂപയുടെ വമ്പന്‍ നിക്ഷേപ പദ്ധതികളുമായി അദാനി ഗ്രൂപ്പ്. 24,500 കോടിയുടെ നിക്ഷേപം നടത്തുന്നത് അദാനി ഗ്രീന്‍ എനര്‍ജിയാണ്. ഗ്രീന്‍ എനര്‍ജിക്കൊപ്പം സിറ്റി ഗ്യാസ്, അംബുജ സിമന്റ്സ് എന്നീ കമ്പനികള്‍ ബാക്കി നിക്ഷേപം നടത്തും. അടുത്ത അഞ്ച് മുതല്‍ ഏഴ് വര്‍ഷത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമാകുന്ന പമ്പ് സ്റ്റോറേജ് പദ്ധതികള്‍ക്കായിട്ടാണ് അദാനി ഗ്രീന്‍ എനര്‍ജിയുടെ 24,500 കോടി രൂപയുടെ നിക്ഷേപം നടത്തുന്നത്. സംസ്ഥാനത്ത് അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍ 13,200 കോടി രൂപ ഹൈപ്പര്‍സ്‌കെയില്‍ ഡേറ്റാ സെന്ററിനായും നിക്ഷേപിക്കും. ചെന്നൈയിലെ സിപ്‌കോട്ട് ഐ.ടി പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന 33 മെഗാവാട്ട് ശേഷിയുള്ള നൂതന ഡേറ്റാ സെന്റര്‍ 200 മെഗാവാട്ടായി ഉയര്‍ത്താനും പദ്ധതിയുണ്ട്. അംബുജ സിമന്റ്‌സ് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ മൂന്ന് സിമന്റ് ഗ്രൈന്‍ഡിംഗ് യൂണിറ്റുകളിലായി 3,500 കോടി രൂപ നിക്ഷേപിച്ച് ഉത്പാദനം 14 ദശലക്ഷം മെട്രിക് ടണ്ണായി ഉയര്‍ത്തും. അദാനി ടോട്ടല്‍ ഗ്യാസ് എട്ട് വര്‍ഷത്തിനുള്ളില്‍ സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി 1,568 കോടി രൂപ നിക്ഷേപിക്കും. 180 കോടി രൂപ മുതല്‍മുടക്കില്‍ 100 കിലോമീറ്ററിലധികം പൈപ്പ് ലൈനുകള്‍ സ്ഥാപിച്ച് നിലവില്‍ 5,000 വീടുകളില്‍ പൈപ്പ് ഗ്യാസ് ഉപയോഗിച്ച് സേവനം നല്‍കിവരുന്നുണ്ട്. വിവിധ മേഖലകളിലായി ഒട്ടനേകം ബഹുരാഷ്ട്ര കമ്പനികള്‍ മൊത്തം 6.64 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് തമിഴ്നാട്ടില്‍ നടത്താനൊരുങ്ങുന്നത്. ഈ നിക്ഷേപം സംസ്ഥാനത്ത് 26.90 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.
◾കേരളത്തിലെ ഉപഭോക്താക്കള്‍ക്കിടയില്‍ വീണ്ടും തരംഗമായി പ്രമുഖ സ്വകാര്യ ടെലികോം സേവന ദാതാക്കളായ റിലയന്‍സ് ജിയോ. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, കഴിഞ്ഞ ഒക്ടോബര്‍ വരെ ജിയോ വരിക്കാരുടെ എണ്ണത്തില്‍ 9.22 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. കേരളത്തില്‍ മാത്രം 1.09 ലക്ഷം പുതിയ വരിക്കാരെ നേടാന്‍ ജിയോയ്ക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവിനുള്ളില്‍ വരിക്കാരുടെ എണ്ണത്തില്‍ 9 ലക്ഷം പേരുടെ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. അതേസമയം, കേരളത്തിലെ മൊത്തം കണക്കുകള്‍ പരിഗണിക്കുമ്പോള്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മൊബൈല്‍ വരിക്കാരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി. ജിയോ അതിവേഗം മുന്നേറിയപ്പോള്‍, കേരളത്തില്‍ ഏറ്റവും കൂടുതല്‍ കിതച്ചത് വോഡഫോണ്‍-ഐഡിയയാണ്. വിഐയുടെ വരിക്കാരുടെ എണ്ണം 7.07 ശതമാനമാണ് കുറഞ്ഞത്. അതായത്, ഏകദേശം 10 ലക്ഷത്തിലധികം പേരുടെ കുറവ്. പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്ലിന്റെ വയര്‍ലെസ് ഉപഭോക്താക്കളുടെ എണ്ണത്തിലും 4.41 ശതമാനം കുറവുണ്ടായി. അതേസമയം, വയര്‍ലൈന്‍ വിഭാഗത്തില്‍ മൊത്തം വരിക്കാരുടെ എണ്ണം 4.97 ശതമാനമായാണ് വര്‍ദ്ധിച്ചത്.
◾യുവനായകന്‍ ഷൈന്‍ ടോം ചാക്കോയെ കേന്ദ്ര കഥാപാത്രമാക്കി മലയാളികളുടെ പ്രിയങ്കരനായ സംവിധായകന്‍ കമല്‍ ഒരുക്കുന്ന ‘വിവേകാനന്ദന്‍ വൈറലാണ്’ എന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ജനുവരി 19 ന് ചിത്രം തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്. നെടിയത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നെടിയത്ത് നസീബും പി എസ് ഷെല്ലി രാജും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ രചനയും കമല്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. നര്‍മ്മത്തില്‍ പൊതിഞ്ഞ് എത്തുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോയാണ് നായകന്‍. ഏറെ നായികാപ്രാധാന്യം കൂടിയുള്ള ചിത്രമാണ് ഇതെന്ന് ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറും ഉറപ്പ് തരുന്നുണ്ട്. സ്വാസിക, ഗ്രേസ് ആന്റണി എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. മെറീന മൈക്കിള്‍, ജോണി ആന്റണി, മാലാ പാര്‍വതി, മഞ്ജു പിള്ള, നീന കുറുപ്പ്, ആദ്യാ, സിദ്ധാര്‍ത്ഥ ശിവ, ശരത് സഭ, പ്രമോദ് വെളിയനാട്, ജോസുകുട്ടി, രമ്യ സുരേഷ്, നിയാസ് ബക്കര്‍, സ്മിനു സിജോ, വിനീത് തട്ടില്‍, അനുഷാ മോഹന്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
◾പാട്ടുപ്രേമികളുടെ ഗൃഹാതുരസ്മരണകളെ ഉണര്‍ത്താന്‍ പുതിയ തുടക്കം കുറിച്ച് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. ‘എംജി സോളിലോക്കീസ്’ എന്ന പേരില്‍ പുതിയ യൂട്യൂബ് ചാനല്‍ തുടങ്ങിയിരിക്കുകയാണ് അദ്ദേഹം. പഴയ ക്ലാസിക് ഹിന്ദി ഗാനങ്ങളാണ് മുരളി ഗോപി ഈ ചാനലിലൂടെ ആരാധകര്‍ക്കു മുന്നിലെത്തിക്കുന്നത്. താന്‍ ഒരു കേള്‍വിക്കാരനായി വളര്‍ന്ന പാട്ടുകളിലേക്ക് ഒന്ന് യാത്ര പോകാനും അവയെ സ്നേഹിക്കാനുമാണ് ഈ ചാനല്‍ തുടങ്ങിയതെന്ന് മുരളി ഗോപി പറയുന്നു. ആ പാട്ടുകളെ അനുകരിക്കാനോ അവയുമായി മത്സരിക്കാനോ ഉള്ള ശ്രമം താന്‍ നടത്തുന്നില്ലെന്നും ഒരു കടുത്ത ആരാധകന് മാത്രം സാധ്യമാവുന്ന രീതിയില്‍ അവയെ ധ്യാനലീനമായി സമീപിക്കുക മാത്രമാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇത് വരെ ആറു പാട്ടുകളാണ് മുരളി ഗോപി തന്റെ യൂട്യൂബ് ചാനലില്‍ പാടി അപ്ലോഡ് ചെയ്തിരിക്കുന്നത്. 60 കളിലെയും 70 കളിലെയും ഹിന്ദി ക്ലാസ്സിക്കുകള്‍ ആണ് അദ്ദേഹം തിരഞ്ഞെടുത്തിരിക്കുന്നത്.
◾യൂട്ടിലിറ്റി വാഹനങ്ങളുടെ വിപണിയില്‍ പിടിമുറക്കാന്‍ മാരുതി സുസുക്കി. ജപ്പാനീസ് വിപണിയിലുള്ള സ്പാസിയയെ അടിസ്ഥാനപ്പെടുത്തി നിര്‍മിക്കുന്ന എംപിവി 2026ല്‍ വിപണിയില്‍ എത്തിക്കാനാണ് മാരുതിയുടെ ശ്രമം. വൈഡിബി എന്ന കോഡ് നാമത്തില്‍ വികസിപ്പിക്കുന്ന വാഹനം സ്പാസിയയുടെ ജാപ്പനീസ് മോഡലിനേക്കാള്‍ വലുപ്പം കൂടിയ വാഹനമായിരിക്കും. ജാപ്പനീസ് വിപണിയിലെ സ്പേസിയയ്ക്ക് 3395 എംഎം ആണ് നീളം. ഇന്ത്യന്‍ മോഡലിന് നീളം വര്‍ധിക്കുമെങ്കിലും നികുതി ഇളവുകള്‍ക്കായി നാലു മീറ്ററില്‍ താഴെ നീളം ഒതുക്കാനാണ് സാധ്യത. ജാപ്പനീസ് വിപണിയിലെ വാഹനത്തിന് രണ്ടു നിര സീറ്റുകളാണെങ്കില്‍ ഇന്ത്യന്‍ മോഡലിന് മൂന്നു നിര സീറ്റുകളായിരിക്കും. റെനോയുടെ ഏഴു സീറ്റ് വാഹനം ട്രൈബറുമായിട്ടാകും മാരുതിയുടെ പുതിയ വാഹനം മത്സരിക്കുക. സ്പാസിയയുടെ ബോക്സി ടൈപ്പ് ഡിസൈനില്‍ തന്നെയാണ് പുതിയ മോഡലും. പുതിയ സ്വിഫ്റ്റിലൂടെ അരങ്ങേറ്റം കുറിക്കുന്ന 1.2 ലീറ്റര്‍ ഇസഡ് സീരിസ് എന്‍ജിനാകും പുതിയ മോഡലില്‍. എര്‍ട്ടിഗ, എക്സ്എല്‍ 6 തുടങ്ങിയ എംപിവികളുടെ താഴെ പ്ലെസ് ചെയ്യുന്ന വാഹനം വില്‍ക്കുന്നത് പ്രീമിയം ഡീസല്‍ഷിപ്പായ നെക്സ വഴിയായായിരിക്കും.
◾ചില ബാല്യകാലസ്മരണകള്‍ ഭൂപ്രകൃതികള്‍ക്കതീതമായി സാര്‍വത്രികമാണ്. ‘ഡി’ യുടെ ജീവിതത്തിലെ കാലങ്ങളിലൂടെയും സ്ഥലങ്ങളിലൂടെയും കടന്നുപോകുന്ന നോവലില്‍ ഓരോ അദ്ധ്യായവും ഒരു ഏടാണ്. ഷില്ലോങ്ങിലെ കോച്ചുന്ന തണുപ്പിലും കത്തുന്ന രാഷ്ട്രീയാന്തരീക്ഷത്തിലും, ഒരു കുട്ടിയുടെ കണ്ണിലൂടെ ബാല്യത്തിന്റെയും യൗവനത്തിന്റെയും ഓര്‍മ്മകള്‍ തിരതല്ലുന്ന ഏടുകള്‍. ‘നെയിം പ്ലെയ്സ് ആനിമല്‍ തിങ്’. ദരിഭ ലിന്‍ഡെം. വിവര്‍ത്തനം: റൗഫ് റൂമി. ഡിസി ബുക്സ്. വില 262 രൂപ.
◾ഒരു ലിറ്റര്‍ കുപ്പിവെള്ളത്തില്‍ ശരാശരി 2,40,000 നാനോപ്ലാസ്റ്റിക് അടങ്ങിയിരിക്കുന്നതായി പഠനറിപ്പോര്‍ട്ട്. ഇതില്‍ പലതും വര്‍ഷങ്ങളായി കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പ്ലാസ്റ്റിക് മാലിന്യത്തിന്റെ ആശങ്കകള്‍ വിലകുറച്ച് കാണുന്നതിന്റെ ആപത്തും നാഷണല്‍ അക്കാദമി ഓഫ് സയന്‍സസിന്റെ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു ലിറ്റര്‍ കുപ്പിവെള്ളമാണ് പഠനവിധേയമാക്കിയത്. കുപ്പിവെള്ളത്തിലെ നാനോപ്ലാസ്റ്റിക് സാന്നിധ്യം സംബന്ധിച്ചാണ് ഗവേഷണം നടത്തിയത്. മനുഷ്യന്റെ മുടിയുടെ ഏഴില്‍ ഒരു ഭാഗം വരുന്ന നാനോ പ്ലാസ്റ്റിക് ആണ് കണ്ടെത്തിയത്. മുന്‍പത്തെ കണ്ടെത്തലുകളെ അപേക്ഷിച്ച് കുപ്പിവെള്ളത്തിലെ പ്ലാസ്റ്റിക് അംശം നൂറ് ശതമാനം വരെ വര്‍ധിച്ചിരിക്കാമെന്നും പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മുന്‍പത്തെ പഠനറിപ്പോര്‍ട്ടുകളില്‍ 5000 മൈക്രോമീറ്റര്‍ വരെ പ്ലാസ്റ്റിക് അംശം കുപ്പിവെള്ളത്തില്‍ അടങ്ങിയിരിക്കുന്നതായാണ് കണ്ടെത്തല്‍. മനുഷ്യന്റെ കോശങ്ങള്‍ക്ക് വലിയ ഭീഷണി സൃഷ്ടിക്കുന്നതാണ് നാനോപ്ലാസ്റ്റിക്. കോശങ്ങളില്‍ തുളച്ചുകയറാന്‍ വരെ ഇവയ്ക്ക് സാധിച്ചേക്കാം. രക്തത്തില്‍ കലര്‍ന്നാല്‍ അവയവങ്ങളെ വരെ തകരാറിലാക്കാം. പൊക്കിള്‍കൊടി വഴി ഗര്‍ഭസ്ഥശിശുവില്‍ വരെ എത്താന്‍ സാധ്യതയുള്ളതിനാല്‍ ഗൗരവത്തോടെ വിഷയത്തെ കാണണമെന്നും പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കുപ്പിവെള്ളത്തിലെ പ്ലാസ്റ്റിക് അംശം സംബന്ധിച്ചുള്ള സംശയം ശാസ്ത്രജ്ഞര്‍ ഉന്നയിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. എന്നാല്‍ നാനോപ്ലാസ്റ്റിക് കണ്ടെത്താന്‍ ആവശ്യമായ സാങ്കേതികവിദ്യയുടെ അപര്യാപ്തതയാണ് ഇപ്പോഴും സംശയമായി നില്‍ക്കാന്‍ കാരണം. ഇതിന് പരിഹാരമെന്നോണം പുതിയ മൈക്രോസ്‌കോപ്പി സാങ്കേതികവിദ്യ കണ്ടെത്തിയതായും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഡേറ്റയെ അടിസ്ഥാനമാക്കിയുള്ള അല്‍ഗോരിതം ഉപയോഗിച്ചാണ് ഈ സാങ്കേതികവിദ്യ പ്രവര്‍ത്തിക്കുന്നത്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.10, പൗണ്ട് – 105.92, യൂറോ – 91.06, സ്വിസ് ഫ്രാങ്ക് – 98.04, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.70, ബഹറിന്‍ ദിനാര്‍ – 220.45, കുവൈത്ത് ദിനാര്‍ -270.34, ഒമാനി റിയാല്‍ – 215.86, സൗദി റിയാല്‍ – 22.16, യു.എ.ഇ ദിര്‍ഹം – 22.62, ഖത്തര്‍ റിയാല്‍ – 22.82, കനേഡിയന്‍ ഡോളര്‍ – 62.20.