s10 yt cover

കരിങ്കൊടി കാണിച്ച എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കിടയിലേക്ക് ഇറങ്ങിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ റോഡരികില്‍ രണ്ടു മണിക്കൂര്‍ കുത്തിയിരിപ്പു സമരം നടത്തി. തനിക്കെതിരേ കരിങ്കൊടിയുമായി എത്തിയവര്‍ക്കെതിരേ ഗുരുതര വകുപ്പുകള്‍ ചുമത്തി കേസെടുത്തെന്ന് എഫ്ഐആര്‍ കൈമാറിയശേഷമാണ് ഗവര്‍ണര്‍ കുത്തിയിരിപ്പു സമരം അവസാനിപ്പിച്ചത്. കൊല്ലം നിലമേലിലാണ് ഗവര്‍ണര്‍ അത്യപൂര്‍വവും നാടകീയവുമായ നീക്കങ്ങള്‍ നടത്തിയത്. എഫഐആറിന്റെ പകര്‍പ്പു ഹാജരാക്കാതെ സ്ഥലത്തുനിന്ന് മാറില്ലെന്ന് ഗവര്‍ണര്‍ നിലപാടെടുത്തു. കുത്തിയിരിപ്പു സമരത്തിനിടെ ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് സെക്രട്ടറിയുമായി ഫോണില്‍ വിളിച്ചു സംസാരിച്ചു. പോലീസിനെ ശകാരിക്കുകയും ചെയ്തു. കരിങ്കൊടി കാണിച്ച എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.

തന്നെ ആക്രമിക്കാന്‍ എസ്എഫ്ഐക്കാരെ അയച്ചത് മുഖ്യമന്ത്രിയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അവര്‍ തന്റെ കാറിലിടിച്ചു. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണ് അവര്‍. അവരെ ദിവസക്കൂലിക്കെടുത്താണ് ഈ അതിക്രമങ്ങള്‍ ചെയ്യിക്കുന്നത്. അനുനയിപ്പിക്കാന്‍ ഫോണിലൂടെ ശ്രമിച്ച ഡിജിപിയെ അദ്ദേഹം ശകാരിച്ചു. മുഖ്യമന്ത്രിക്കു നിങ്ങള്‍ ഇങ്ങനെയുള്ള സുരക്ഷയാണോ നല്‍കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

പുഞ്ചിരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണര്‍ റോഡിലിരുന്നു പ്രതിഷേധിച്ച സംഭവത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോഴാണ് മറുപടിയൊന്നും പറയാതെ ചിരിച്ചുകൊണ്ട് പ്രതികരിച്ചത്.

*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ : KSFE ഡയമണ്ട് ചിട്ടികള്‍ 2.0*

ചിട്ടിയില്‍ ചേരുന്ന 30 പേരില്‍ ഒരാള്‍ക്ക് സമ്മാനം ഉറപ്പ്. ഒരു കോടി രൂപയുടെ വജ്രാഭരണങ്ങള്‍ ഉള്‍പ്പെടെ 4 കോടി രൂപയുടെ സമ്മാനങ്ങള്‍. ശാഖാതലത്തിലും മേഖലാതലത്തിലും സംസ്ഥാന തലത്തിലും ഡയമണ്ട് ആഭരണങ്ങള്‍ ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ ഉറപ്പ്. ഈ പദ്ധതി 2024 ജനുവരി 31 വരെ മാത്രം.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 ,

ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455, *www.ksfe.com*

ഗവര്‍ണറെ കായികമായി ആക്രമിച്ച് വരുതിയില്‍ കൊണ്ടുവരാനാണ് മുഖ്യമന്ത്രി എസ്എഫ്ഐ പ്രവര്‍ത്തകരെ ഇറക്കിവിട്ടതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ഭരണഘടനപരമായ ഉത്തരവാദിത്വം പാലിക്കുന്നതില്‍ ആഭ്യന്തര വകുപ്പ് പരാജയപ്പെട്ടു. ഇത് തീക്കളിയാണെന്ന് മുഖ്യമന്ത്രി മനസിലാക്കണം. പൊലീസിന് നേരത്തെ അറിയാമായിരുന്നിട്ടും മുന്‍കരുതല്‍ എടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗവര്‍ണറെ കരിങ്കൊടി കാണിച്ചതിന് 17 എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരേ എഫഐആര്‍. പതിനേഴു പേരല്ല, അമ്പതോളം പേരുണ്ടെന്നാണ് ഗവര്‍ണറുടെ ആരോപണം.

വഴിയോരത്തെ കടയില്‍നിന്ന് വെള്ളം വാങ്ങിക്കുടിച്ച് അവിടെനിന്ന് കസേര പുറത്തെടുത്തു വയ്പിച്ചാണ് ഗവര്‍ണര്‍ രണ്ടു മണിക്കൂര്‍ കുത്തിയിരിപ്പു സമരം നടത്തിയത്. പ്രതിഷേധം അവസാനിപ്പിച്ചു സ്ഥലംവിടുമ്പോള്‍ ‘രണ്ടു മണിക്കൂര്‍ കച്ചവടം മുടങ്ങിയതല്ലേ, ഇതു കൈയിലിരിക്കട്ടെ’ എന്നു പറഞ്ഞ് ആയിരം രൂപ കടയുടമയ്ക്കു നല്‍കുകയും ചെയ്തു. വേണ്ടെന്നു പറഞ്ഞെങ്കിലും പേഴ്സണല്‍ സ്റ്റാഫ് നിര്‍ബന്ധിച്ചതുകൊണ്ടു പണം വാങ്ങിയെന്ന് കടയുടമ ഫിറോസ് പറഞ്ഞു.

കേരളത്തിനു ക്ഷീണമുണ്ടായാലേ മലയാള മാധ്യമങ്ങളില്‍ വാര്‍ത്തയുള്ളൂവെന്നും നല്ല കാര്യങ്ങള്‍ വാര്‍ത്തയാക്കുന്നില്ലെന്നും മാധ്യമങ്ങളെ വിമര്‍ശിച്ച് മന്ത്രി എംബി രാജേഷ്. കേരളത്തിന്റെ മുന്നേറ്റം അറിയണമെങ്കില്‍ ഇംഗ്ലീഷ് പത്രം വായിക്കണം. കേരളത്തില്‍ 91,000 കോടി രൂപയുടെ നിക്ഷേപം വന്നെന്ന വാര്‍ത്ത മാധ്യമങ്ങള്‍ തമസ്‌കരിച്ചു. തമിഴ്നാട്ടില്‍ ഒരു ലക്ഷം കോടിയുടെ നിക്ഷേപം വരുമെന്ന വാര്‍ത്ത ഒന്നാം പേജിലാണ് വന്നത്. രാജേഷ് പറഞ്ഞു.

*മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ സ്‌പെഷ്യല്‍ ന്യൂ ഇയര്‍ കളക്ഷനും*

മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഇനി മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം 299 രൂപ മുതലുള്ള സ്‌പെഷ്യല്‍ ന്യൂ ഇയര്‍

കളക്ഷനും. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

റിപ്പബ്ലിക് ദിന പരേഡില്‍ സല്യൂട്ട് സ്വീകരിക്കാന്‍ കരാറുകാരന്റെ വാഹനമാണോ അധോലോക രാജാവിന്റെ വാഹനമാണോയെന്നു പരിശോധിക്കേണ്ടതു മന്ത്രിയാണോയെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. മന്ത്രിയുടെ ഉത്തരവാദിത്തമാകുന്നത് എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു.

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ നയിക്കുന്ന എന്‍ഡിഎ കേരള പദയാത്ര ഇന്ന് കാസര്‍കോട്ടുനിന്ന് തുടങ്ങും. കാസര്‍കോട്, താളിപ്പടപ്പ് മൈതാനിയില്‍ ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ പദയാത്ര ഉദ്ഘാടനം ചെയ്യും. കേന്ദ്ര സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ പ്രചരിപ്പിക്കാനാണ് ഒരു മാസത്തെ പര്യടനം.

ബാങ്ക് അക്കൗണ്ടുകള്‍ വാടകക്കെടുത്ത് സംസ്ഥാനത്ത് ഓണ്‍ ലൈന്‍ തട്ടിപ്പ്. 22 അക്കൗണ്ടുകളെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. വിദേശത്തു നിന്നാണ് തട്ടിപ്പ് സംഘം ഈ അക്കൗണ്ടുകള്‍ നിയന്ത്രിക്കുന്നത്. തട്ടിപ്പു നടന്ന ഒരു അക്കൗണ്ടിലൂടെ പത്തു ദിവസം കൊണ്ട് അഞ്ചരക്കോടി രൂപയുടെ ഇടപാടുകളാണ് നടന്നത്. അക്കൗണ്ട് ഉടമ മുഹമ്മദ് സോജിന്‍ ഇപ്പോള്‍ അറസ്റ്റിലാണ്. ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നാലര ലക്ഷം രൂപ നഷ്ടമായ തിരുവനന്തപുരം മണക്കാടുള്ള ഒരു വീട്ടമ്മയുടെ പരാതിയിലെ അന്വേഷണമാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്.

കൊച്ചി കണ്ടെയ്നര്‍ റോഡില്‍ അപകടാവസ്ഥയിലായ പാലങ്ങളില്‍ അടുത്ത ആഴ്ച അറ്റകുറ്റപ്പണി ആരംഭിക്കുമെന്ന് ദേശീയപാത അതോറിറ്റി. ഒരു മാസത്തിനകം ജോലികള്‍ പൂര്‍ത്തിയാക്കും.

ഗവര്‍ണറുടെ നാലാമത്തെ റോഡ്ഷോ ആണെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി. ‘റോഡിലെ ചൂടിന് സോഡാ നാരങ്ങ ബെസ്റ്റാ’ എന്നാണ് ഗവര്‍ണറുടെ റോഡിലെ പ്രതിഷേധത്തിന് പിന്നാലെ മന്ത്രി ഫേസ് ബുക്കില്‍ കുറിച്ചത്.

സുല്‍ത്താന്‍ ബത്തേരി നഗരത്തില്‍ കരടി ഇറങ്ങി. കോടതി വളപ്പില്‍ രാത്രി 11 മണിയോടെയാണ് കരടിയെ കണ്ടത്. കോളിയാടിയിലും കരടിയെത്തി. കരടി ഇറങ്ങിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

സുല്‍ത്താന്‍ ബത്തേരി കൊളഗപ്പാറയ്ക്കടുത്ത് ചൂരിമലയില്‍ സ്ഥാപിച്ച കെണിയില്‍ കടുവ കുടുങ്ങി. വയനാട് സൗത്ത് 09 എന്ന കടുവയാണു പിടിയിലായതെന്ന് അധികൃതര്‍ അറിയിച്ചു. ഇതേ കടുവ തന്നെയാണ് സിസിയിലും ഇറങ്ങിയതെന്നും വനംവകുപ്പ്.

മലപ്പുറം വണ്ടൂരില്‍ പിതാവിനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച മകനെ അറസ്റ്റു ചെയ്തു. വണ്ടൂര്‍ സ്വദേശി വാസുദേവനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. മകന്‍ സുദേവിനെ അറസ്റ്റ് ചെയ്തു.

അങ്കമാലി പുളിയിനത്ത് ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് പിടിയില്‍. അറുപത്തിരണ്ടുകാരിയായ ലളിതയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് ബാലനാണ് പിടിയിലായത്.

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇന്നു വൈകുന്നേരം രാജിവച്ചേക്കും. നാളത്തന്നെ ബിജെപി പിന്തുണയോടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനാണു നീക്കം. ഇന്നു വൈകുന്നേരം നിയമസഭാ കക്ഷി യോഗം ചേരുന്നുണ്ട്. ഏതാനും കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി വശത്താക്കിയിട്ടുണ്ടെന്നാണു റിപ്പോര്‍ട്ട്.

ബിഹാറില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റേയും ബിജെപിയുടേയും നീക്കങ്ങളെ അട്ടിമറിക്കാന്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ നേതൃത്വത്തില്‍ ആര്‍ജെഡിയുടെ അണിയറ നീക്കം. പത്ത് ജെഡിയു എംഎല്‍എമാരുമായി ലാലു പ്രസാദ് യാദവ് ചര്‍ച്ച നടത്തി. എന്‍ഡിഎയിലെ ഒരു ഘടകകക്ഷിയെ അടര്‍ത്തിയെടുക്കാനുള്ള ചര്‍ച്ചകളും നടന്നിട്ടുണ്ടെന്നാണു റിപ്പോര്‍ട്ട്.

ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഏഴ് എംഎല്‍എമാര്‍ക്ക് 25 കോടി രൂപ വീതം വാഗ്ദാനം ചെയ്ത് ബിജെപി ഗൂഢാലോചന നടത്തിയെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. മദ്യനയ കേസില്‍ തന്നെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് എഎപി എംഎല്‍എമാരെ ബിജെപി ഭീഷണിപ്പെടുത്തിയെന്നും കെജ്രിവാള്‍ ആരോപിച്ചു.

കേന്ദ്ര സര്‍ക്കാര്‍ 18,000 കോടി രൂപ പിടിച്ചുവച്ചെന്ന് ആരോപിച്ച് കേന്ദ്രത്തിനെതിരേ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ സമരത്തിന്. കേന്ദ്ര ഫണ്ടിലെ കുടിശ്ശിക ഒരാഴ്ചയ്ക്കകം തന്നില്ലെങ്കില്‍ കടുത്ത സമരം തുടങ്ങുമെന്നു മുഖ്യമന്ത്രി മമത ബാനര്‍ജി മുന്നറിയിപ്പു നല്‍കി.

ഡല്‍ഹി പൊലീസ് അസി. കമ്മീഷണറുടെ മകന്‍ കൊല്ലപ്പെട്ട നിലയില്‍. എസിപി യശ്പാല്‍ സിംഗിന്റെ മകന്‍ ലക്ഷ്യ ചൗഹാന്‍ (24) ആണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കളായ രണ്ടുപേര്‍ക്കൊപ്പം വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി പോയതായിരുന്നു ചൗഹാന്‍.

കര്‍ണാക മുന്‍ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ മകനും ബിജെപി എംപിയുമായ ബി വൈ രാഘവേന്ദ്രയെ വീണ്ടും തെരഞ്ഞെടുക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ ഷാമനൂര്‍ ശിവശങ്കരപ്പ. ബെക്കിന കല്‍മറ്റയില്‍ സംഘടിപ്പിച്ച ഗുരു ബസവശ്രീ അവാര്‍ഡ് പ്രധാന്‍ ആധ്യാത്മിക സമ്മേളനത്തില്‍ പുരസ്‌കാരം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു ശിവശങ്കരപ്പ.

മെക്സിക്കോയില്‍ വിമാനത്തിന്റെ ടേക്ക് ഓഫ് വൈകിയതോടെ യാത്രക്കാരന്‍ എമര്‍ജന്‍സി വാതില്‍ തുറന്ന് ചിറകില്‍ കയറി. ഗ്വാട്ടിമാല സിറ്റിയിലേക്കുള്ള എയ്‌റോമെക്‌സിക്കോ വിമാനം നാലു മണിക്കൂര്‍ വൈകിയതോടെയാണ് യാത്രക്കാരന്‍ ഇങ്ങനെ പ്രതിഷേധിച്ചത്. ഇയാളെ പോലീസ് അറസ്റ്റുചെയ്തു.

ചൊവ്വയില്‍ പുരാതന തടാകത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. നാസയുടെ ചൊവ്വാദൗത്യത്തിന്റെ ഭാഗമായുള്ള പെര്‍സെവറന്‍സ് റോവറാണ് ജല സാന്നിധ്യമുണ്ടായിരുന്ന തടാകം കണ്ടെത്തിയത്. ജെറെസോ ഗര്‍ത്തമെന്ന് പേരിട്ട തടാകത്തില്‍ ഒരു കാലത്ത് വെള്ളമുണ്ടായിരുന്നുവെന്നും സൂക്ഷ്മജീവികളുണ്ടായിരുന്നുവെന്നും സംശയിക്കുന്ന സൂചനകളാണ് പുറത്തുവന്നത്.

ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് വിജയപ്രതീക്ഷ. മൂന്നാം ദിനമായ ഇന്ന് ചായക്ക് പിരിയുമ്പോള്‍ ഇംഗ്ലണ്ട് രണ്ടാമിന്നിംഗ്സില്‍ 172 ന് 5 എന്ന നിലയിലാണ്. 421 ന് 7 എന്ന നിലയില്‍ മൂന്നാം ദിനം കളി ആരംഭിച്ച ഇന്ത്യയുടെ ഇന്ത്യയുടെ 436 ല്‍ അവസാനിച്ചിരുന്നു. 190 റണ്‍സിന്റെ ഒന്നാമിന്നിംഗ്സ് ലീഡ് ലഭിച്ച ഇന്ത്യ രണ്ട് ദിവസത്തിലധികം മത്സരം ബാക്കി നില്‍ക്കുമ്പോള്‍ ഏറെ വിജയപ്രതീക്ഷയിലാണ്.

2023 ഡിസംബര്‍ 31ന് അവസാനിച്ച കാലയളവില്‍ 26,000 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയം നേടി എസ്.ബി.ഐ ലൈഫ് ഇന്‍ഷുറന്‍സ്. 2022 ഡിസംബര്‍ 31-ന് അവസാനിച്ച കാലയളവില്‍ ഇത് 21,512 കോടി രൂപയായിരുന്നു. ഒറ്റത്തവണ പ്രീമിയത്തിന്റെ കാര്യത്തില്‍ 25 ശതമാനം വര്‍ധനയും ഉണ്ടായിട്ടുണ്ട്. പരിരക്ഷാ വിഭാഗത്തില്‍ 17 ശതമാനം വര്‍ധനയോടെ 2,972 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയമാണ് നേടാനായതെന്നും 2023 ഡിസംബര്‍ 31ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. പുതിയ വ്യക്തിഗത ബിസിനസ് പ്രീമിയം 17 ശതമാനം വര്‍ധിച്ച് 17,762 കോടി രൂപയിലും എത്തി.2023 ഡിസംബര്‍ 31ന് അവസാനിച്ച കാലയളവില്‍ എസ്.ബി.ഐ ലൈഫിന്റെ അറ്റാദായം 1,083 കോടി രൂപയാണ്. ആകെ കൈകാര്യം ചെയ്യുന്ന ആസ്തികള്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 24 ശതമാനം വര്‍ധനയോടെ 3,71,410 കോടി രൂപയിലെത്തിയതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.

തേര്‍ഡ് പാര്‍ട്ടി ചാറ്റുകളില്‍ നിന്നുള്ള സന്ദേശങ്ങളും വാട്‌സ്ആപ്പ് വഴി സ്വീകരിക്കാന്‍ കഴിയുന്ന പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്. ഈ സേവനം നല്‍കുന്ന ഫീച്ചര്‍ വാട്‌സ് ആപ്പ് വികസിപ്പിച്ച് വരുന്നതായാണ് റിപ്പോര്‍ട്ട്. ടെലിഗ്രാം, സിഗ്നല്‍ പോലെ വ്യത്യസ്ത മെസേജിങ് ആപ്പുകള്‍ ഉപയോഗിച്ചും വാട്‌സ്ആപ്പ് ഉപയോക്താക്കളുമായി ആശയവിനിമയം നടത്താന്‍ കഴിയുന്നതാണ് പുതിയ ഫീച്ചര്‍. അതായത് വാട്‌സ്ആപ്പ് അക്കൗണ്ട് ഇല്ലാതെ തന്നെ മറ്റൊരു മെസേജിങ് ആപ്പ് ഉപയോഗിച്ച് വാട്‌സ്ആപ്പ് ഉപയോക്താവുമായി ആശയവിനിമയം നടത്താനുള്ള സൗകര്യമാണ് വരാന്‍ പോകുന്നത്. ഇതിനായി ചാറ്റ് ഇന്റര്‍ഓപ്പറബിലിറ്റി ഫീച്ചര്‍ വികസിപ്പിക്കുന്ന തിരക്കിലാണ് വാട്‌സ്ആപ്പ്. യൂറോപ്യന്‍ യൂണിയന്റെ വ്യവസ്ഥകള്‍ അനുസരിച്ചാണ് പുതിയ ഫീച്ചര്‍ ഒരുക്കുന്നത്. ഐഒഎസ് ബീറ്റാ വേര്‍ഷനില്‍ തേര്‍ഡ് പാര്‍ട്ടി ചാറ്റ്‌സ് എന്ന പേരില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. മാനുവല്‍ ആയി ചാറ്റ് ഇന്റര്‍ഓപ്പറബിലിറ്റി ഫീച്ചര്‍ എനേബിള്‍ ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍ കൊണ്ടുവരിക.

പറവ ഫിലിംസിന്റെ ബാനറില്‍ ചിദംബരം ഒരുക്കുന്ന പുതിയ ചിത്രമാണ് ‘മഞ്ഞുമ്മല്‍ ബോയ്സ് ‘. ബാബു ഷാഹിര്‍, സൗബിന്‍ ഷാഹിര്‍,ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിച്ച ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ പ്രോമോ സോങ് ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്. സുഷിന്‍ ശ്യാംമും, വേടനും ഒന്നിക്കുന്ന കുതന്ത്രം എന്ന ഈ ട്രാക്ക് വളരെ വേഗത്തില്‍ ശ്രദ്ധ നേടുകയാണ്. ടൈറ്റില്‍ അനൗണ്‍സ്മെന്റ് മുതല്‍ തന്നെ ചിത്രം പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചകള്‍ സൃഷ്ടിച്ചിരുന്നു. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്‌മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്. നടന്‍ സലിംകുമാറിന്റെ മകന്‍ ചന്ദു ചിത്രത്തിന്റെ മുഖ്യ താര നിരയിലൊരു ഭാഗമാകുന്നുണ്ട്. കൊച്ചിയിലെ മഞ്ഞുമ്മലില്‍ നിന്നൊരു സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് യാത്ര പോകുന്നതും അവിടെ വച്ചു അവര്‍ക്ക് ആഭിമുഖികരിക്കേണ്ടി വരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് മഞ്ഞുമ്മല്‍ ബോയ്സ് പറയുന്നത്.

മമ്മൂട്ടി എന്ന മെഗാസ്റ്റാറിന്റെ കട്ട വില്ലനിസം കണ്ട സിനിമയാണ് ‘പലേരി മാണിക്യം: ഒരു പാതിരാ കൊലപാതകത്തിന്റെ കഥ’. ചിത്രത്തില്‍ മൂന്ന് കഥാപാത്രങ്ങളായി എത്തി ആ വര്‍ഷത്തെ ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് മമ്മൂട്ടി നേടിയിരുന്നു. ഹരിദാസ്, മുരിക്കും കുന്നത്ത് ഹാജി, ഖാലിദ് അഹമ്മദ് എന്നീ കഥാപാത്രങ്ങളായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തിയത്. രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രം വീണ്ടും തിയേറ്ററുകളിലേക്ക് എത്തുകയാണ്. സിനിമയുടെ ഏറ്റവും പുതിയശബ്ദ സാങ്കേതിക മികവോടെ 4കെ പതിപ്പാണ് നിര്‍മ്മാതാക്കള്‍ വീണ്ടും തിയേറ്ററില്‍ എത്തിക്കുന്നത്. 2009ല്‍ ഗോവന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ആ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും മമ്മൂട്ടിയെ തേടിയെത്തിയിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിലൂടെ നടി ശ്വേത മേനോന്‍ മികച്ച നടിക്കുള്ള തന്റെ ആദ്യ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സ്വന്തമാക്കുകയും ചെയ്തു. മൈഥിലി, ശ്രീനിവാസന്‍, സിദ്ദിഖ്,സുരേഷ് കൃഷ്ണ, മുഹമ്മദ് മുസ്തഫ, ശശി കലിംഗ, ടി ദാമോദരന്‍, വിജയന്‍ വി നായര്‍, ഗൗരി മുഞ്ജല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

2024 റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 പുതിയ നിറങ്ങളില്‍ പുറത്തിറക്കി . മിലിട്ടറി സില്‍വര്‍റെഡ്, മിലിട്ടറി സില്‍വര്‍ബ്ലാക്ക് എന്നീ രണ്ട് പുതിയ കളര്‍ ഓപ്ഷനുകളിലാണ് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 അവതരിപ്പിച്ചിരിക്കുന്നത്. 1,79,000 രൂപ (എക്സ്-ഷോറൂം, ഡല്‍ഹി) വിലയുള്ള ഈ പുതിയ ഷേഡ് മോഡലുകള്‍ മിലിട്ടറി, ബ്ലാക്ക് ഗോള്‍ഡ് വേരിയന്റുകള്‍ക്ക് ഇടയിലാണ്. 300എംഎം ഫ്രണ്ട് ഡിസ്‌ക്, 153എംഎം പിന്‍ ഡ്രം ബ്രേക്കുകള്‍, സിംഗിള്‍-ചാനല്‍ എബിഎസ് എന്നിവയാണ് ബുള്ളറ്റിന്റെ പുതിയ വര്‍ണ്ണ വകഭേദങ്ങള്‍. കൂടാതെ, ഈ മോഡലുകളില്‍ ടാങ്കിലും വശങ്ങളിലും കൈകൊണ്ട് വരച്ച വെള്ളി പിന്‍ വരകളും സൈഡ് പാനലുകളില്‍ പിന്‍സ്ട്രിപ്പുകളും ഉണ്ട്. എന്‍ട്രി ലെവല്‍ മിലിട്ടറി റെഡ്, മിലിട്ടറി ബ്ലാക്ക് വേരിയന്റുകള്‍ക്ക് നിലവില്‍ 1,73,562 രൂപയും സ്റ്റാന്‍ഡേര്‍ഡ് ബ്ലാക്ക്, മെറൂണ്‍ എന്നിവയ്ക്ക് 1,97,436 രൂപയുമാണ് വില. ഏറ്റവും ഉയര്‍ന്ന ബ്ലാക്ക് ഗോള്‍ഡ് കളര്‍ മോഡലിന് 2,15,801 രൂപയാണ് വില. സൂചിപ്പിച്ച എല്ലാ വിലകളും ഡല്‍ഹി എക്സ്-ഷോറൂം ആണ്. 20 ബിഎച്ച്പിയും 27 എന്‍എമ്മും നല്‍കുന്ന 349 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എഞ്ചിനിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ഈ മോട്ടോര്‍ ക്ലാസിക് 350-ലും ഫീച്ചര്‍ ചെയ്തിട്ടുണ്ട്.

എല്ലാ കാലവും നമ്മുടെ കവികള്‍ പുതിയ നീതിബോധവും പുതിയ ലാവണ്യബോധവും സമന്വയിപ്പിക്കാന്‍ ശ്രമിച്ചിരുന്നു എന്നതിന്റെ പ്രതിഫലനമാണ് ഈ കൃതി. രൂപങ്ങളും ഘടനകളും മാറി മാറി വരുമ്പോഴും അവ എന്നും അനീതികളെയും അസമത്വങ്ങളെയും ചോദ്യം ചെയ്തുകൊണ്ടിരുന്നു. ഈ തുടര്‍ച്ച അടയാളപ്പെടുത്താനുള്ള ഒരു പരിശ്രമംകൂടിയാണ് ഈ സമാഹാരം. ഭക്തി / സൂഫി കവിതകള്‍, വിഭജനത്തിന്റെ കവിതകള്‍, സമകാലീന കവിതകള്‍ എന്നിങ്ങനെ മൂന്നു ഭാഗങ്ങളായി തരംതിരിച്ച ഇന്ത്യന്‍ കവിതാപരിഭാഷകള്‍. കാലവും ചരിത്രവും ഓര്‍മ്മകളും രാഷ്ട്രീയവും അടരടരുകളായി നിക്ഷേപിക്കപ്പെട്ട ഒരു സ്വപ്നഖനി. ‘സ്വരങ്ങള്‍’. പരിഭാഷ – കെ.സച്ചിദാന്ദന്‍. ഡിസി ബുക്സ്. വില 117 രൂപ.

എത്ര ഓടിയിട്ടും ചാടിയിട്ടും ഡയറ്റ് നിയന്ത്രിച്ചിട്ടും വണ്ണം മാത്രം കുറയുന്നില്ലെന്ന് പരാതിപ്പെടുന്ന നിരവധി ആളുകളുണ്ട്. എന്നാല്‍ ഇത്തരക്കാര്‍ക്ക് പ്രയോഗിക്കാവുന്ന ഒരു ബദല്‍ മര്‍ഗത്തെ കുറിച്ചാണ് ചൈനയില്‍ നിന്നുള്ള ഗവേഷകരുടെ പഠനം. മറ്റൊന്നുമല്ല നൃത്തത്തിലൂടെ ഫലപ്രദമായി ശരീരഭാരത്തെ നിയന്ത്രിക്കാന്‍ കഴിയുമെന്ന് ചൈനയിലെ ഹൂനാന്‍ സര്‍വകലാശാല നടത്തിയ പഠനത്തില്‍ പറയുന്നത്. നൃത്തം ചെയ്യുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുമെന്ന് പഠനത്തില്‍ പറയുന്നു. ശരീരികാരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും നൃത്തം വലിയ പങ്കുവഹിക്കുന്നതായി പ്ലോസ് വണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യായാമം ചെയ്യാത്തവരെ അപേക്ഷിച്ച് നൃത്തം ചെയ്യുന്നവരില്‍ രക്തസമ്മര്‍ദം നിയന്ത്രണവിധേയമാവുകയും ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ കഴിയുകയും വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുകയും ചെയ്യുമെന്ന് ഗവേഷകര്‍ പറയുന്നു. 45 വയസിനു താഴെയുള്ളവരിലാണ് നൃത്തം കൂടുതല്‍ ഫലപ്രദമാവുകയെന്നും പഠനത്തില്‍ പറയുന്നു. നൃത്തത്തിന്റെ പലവിഭാഗങ്ങള്‍ എങ്ങനെയാണ് വണ്ണം കുറയ്ക്കുന്നതില്‍ ഗുണം ചെയ്യുകയെന്നും പഠനത്തില്‍ വിശദീകരിക്കുന്നു. പരമ്പരാഗത നൃത്തങ്ങളെ അപേക്ഷിച്ച് സുംബ പോലുള്ളവയാണ് വണ്ണം കുറയ്ക്കാന്‍ കൂടുതല്‍ സഹായിക്കുകയെന്നും പഠനത്തില്‍ ചൂണ്ടികാണിക്കുന്നു. എന്ത് തരം വ്യായാമം ആണെങ്കിലും സ്ഥിരത നിലനിര്‍ത്തുകയാണ് പ്രധാനം. ഇഷ്ടമുള്ളതാകുമ്പോള്‍ ചെയ്യാനുള്ള താല്‍പര്യവും കൂടും. അതിനാല്‍ നൃത്തം ഇഷ്ടമുള്ളവര്‍ ഈ മാര്‍ഗം തെരഞ്ഞെടുക്കുന്നത് ഏറെഗുണം ചെയ്യുമെന്നാണ് പഠനം പറയുന്നത്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.12, പൗണ്ട് – 105.64, യൂറോ – 90.30, സ്വിസ് ഫ്രാങ്ക് – 96.25, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.65, ബഹറിന്‍ ദിനാര്‍ – 220.54, കുവൈത്ത് ദിനാര്‍ -270.19, ഒമാനി റിയാല്‍ – 215.98, സൗദി റിയാല്‍ – 22.15, യു.എ.ഇ ദിര്‍ഹം – 22.63, ഖത്തര്‍ റിയാല്‍ – 22.83, കനേഡിയന്‍ ഡോളര്‍ – 61.83.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *