◾ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി ആയിരുന്ന അഡ്വ. രഞ്ജിത്ത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികളും കുറ്റക്കാരാണെന്ന് മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി. പ്രതിഭാഗത്തിന്റെ വാദം തിങ്കളാഴ്ച കേട്ടശേഷം ശിക്ഷ വിധിക്കും. ഒന്നു മുതല്‍ എട്ടുവരെയുള്ള പ്രതികളായ നൈസാം, അജ്മല്‍, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുല്‍ കലാം, സഫറുദീന്‍, മുന്‍ഷാദ് എന്നിവര്‍ക്കെതിരേ കൊലക്കുറ്റം തെളിഞ്ഞതായി കോടതി വിധിച്ചു.
◾മന്ത്രി പി. രാജീവ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കളമശേരിയിലെ അദ്ദേഹത്തിന്റെ എംഎല്‍എ ഓഫീസിലേക്കു മാര്‍ച്ചു നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരെ ജലപീരങ്കി പ്രയോഗിച്ചു. പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ തള്ളിമാറ്റാന്‍ ശ്രമിച്ചപ്പോഴാണു ജലപീരങ്കി പ്രയോഗിച്ചത്. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ രാജീവ് അനധികൃത ഇടപെടല്‍ നടത്തിയെന്ന എന്റഫോഴ്സ്മെന്റിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മാര്‍ച്ച് നടത്തിയത്.
◾എറണാകുളത്തെ സിപിഐ നേതാവ് പി രാജുവും സുഹൃത്തുക്കളും 45 ലക്ഷം രൂപ തട്ടിയെടുത്തെന്ന് പരാതി. പച്ചക്കറി കച്ചവടത്തില്‍ പങ്കാളിയാക്കാമെന്നു പറഞ്ഞ് കബളിപ്പിച്ചെന്ന് ആരോപിച്ച് കൊടുങ്ങല്ലൂര്‍ സ്വദേശി അഹമ്മദ് റസീനാണു പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കിയത്.
*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ : KSFE ഡയമണ്ട് ചിട്ടികള്‍ 2.0*
ചിട്ടിയില്‍ ചേരുന്ന 30 പേരില്‍ ഒരാള്‍ക്ക് സമ്മാനം ഉറപ്പ്. ഒരു കോടി രൂപയുടെ വജ്രാഭരണങ്ങള്‍ ഉള്‍പ്പെടെ 4 കോടി രൂപയുടെ സമ്മാനങ്ങള്‍. ശാഖാതലത്തിലും മേഖലാതലത്തിലും സംസ്ഥാന തലത്തിലും ഡയമണ്ട് ആഭരണങ്ങള്‍ ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ ഉറപ്പ്. ഈ പദ്ധതി 2024 ജനുവരി 31 വരെ മാത്രം.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 ,
ടോള്‍ ഫ്രീ ഹെല്പ് ലൈന്‍ : 18004253455, *www.ksfe.com*
◾കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസുകള്‍ നിര്‍ത്തലാക്കുമെന്ന ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാറിന്റെ പ്രഖ്യാപനം എയറിലായി. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും വി കെ പ്രശാന്ത് എംഎല്‍എയും മേയര്‍ ആര്യ രാജേന്ദ്രനും ഗണേഷ്കുമാറിന്റെ പ്രഖ്യാപനം തള്ളി. ഇലക്ട്രിക് ബസുകള്‍ നിലനിര്‍ത്തണമെന്ന അഭിപ്രായമാണ് സിപിഎം നേതാക്കള്‍ മുന്നോട്ടുവച്ചത്. കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ ഇലക്ട്രിക് ബസുകളുടെ വരുമാനം സംബന്ധിച്ച റിപ്പോര്‍ട്ട് ബുധനാഴ്ച മന്ത്രിക്കു നല്‍കും.
◾ഇലക്ട്രിക് ബസിനെതിരേ പ്രഖ്യാപനം നടത്തിയ ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍ ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ഡബിള്‍ ഡക്കര്‍ ബസിന്റെ ട്രയല്‍ റണ്‍ തിരുവനന്തപുരത്തു നടത്തി. കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസത്തിനായി സ്മാര്‍ട്ട് സിറ്റി പദ്ധതി വഴി വാങ്ങിയതാണ് ഈ ബസ്. ബസില്‍ കെഎസ്ആര്‍ടിസി ചെയര്മാന് ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ബിജു പ്രഭാകര്‍, ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ പി എസ് പ്രമോജ് ശങ്കര്‍ തുടങ്ങിയവര്‍ യാത്രക്കാരായി.
◾ശബരിമല മണ്ഡല- മകരവിളക്ക് സീസണില്‍ ലഭിച്ച ആകെ വരുമാനം 357.47 കോടി രൂപയെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത് അറിയിച്ചു. കഴിഞ്ഞ വര്‍ഷം 347.12 കോടി രൂപയായിരുന്നു വരുമാനം. ഈ വര്‍ഷം 10.35 കോടി രൂപയുടെ (10,35,55,025 രൂപ) വര്‍ധന. അരവണ വില്പനയിലൂടെ 146.99 കോടി രൂപയും അപ്പം വില്പനയിലൂടെ 17.64 കോടി രൂപയും ലഭിച്ചു. കാണിക്ക ഇനിയും എണ്ണിക്കഴിഞ്ഞിട്ടില്ല. 10 കോടിയെങ്കിലും ഉണ്ടാകും. 50 ലക്ഷം ഭക്തരാണ് ഇത്തവണ ശബരിമലയിലെത്തിയത്. കഴിഞ്ഞ സീസണില്‍ 44 ലക്ഷം പേരാണു ശബരിമലയില്‍ എത്തിയത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു.
◾ശബരിമല തീര്‍ഥാടന കാലത്ത് ചില ക്ഷുദ്രശക്തികള്‍ വ്യാജപ്രചാരണങ്ങള്‍ നടത്തിയെങ്കിലും അതെല്ലാം അതിജീവിച്ച് തീര്‍ഥാടനം സുഗമമാക്കിയെന്ന് ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്ത്. നിലയ്ക്കലില്‍ 1100 ഉം പമ്പയില്‍ 500 ഉം കണ്ടെയ്നര്‍ ടോയ്ലറ്റുകള് സ്ഥാപിച്ചു. പമ്പ മുതല്‍ സന്നിധാനം വരെയുള്ള പാതയില്‍ 1200 ടോയ്ലറ്റുകളും സജ്ജമാക്കി. അദ്ദേഹം പറഞ്ഞു.
*മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്സില്‍ സ്പെഷ്യല്‍ ന്യൂ ഇയര്‍ കളക്ഷനും*
മലയാളികളുടെ വിവാഹ സങ്കല്പങ്ങള്ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്സില്‍ ഇനി മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം 299 രൂപ മുതലുള്ള സ്പെഷ്യല്‍ ന്യൂ ഇയര്‍
കളക്ഷനും. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾മലപ്പുറം ചങ്ങരംകുളം മൂക്കുതല കണ്ണേങ്കാവ് പൂരത്തിന് അനുമതി ഇല്ലാതെ വെടിക്കെട്ട് നടത്തിയതിന് സംഘാടകര്‍ക്കെതിരെ കേസ്. വടക്കുമുറി, കാഞ്ഞിയൂര്‍, പിടവാന്നൂര്‍ എന്നീ മൂന്ന് ദേശക്കാരുടെ വെടിക്കെട്ട് ആയിരുന്നു നടന്നത്. ഉത്സവ ദിവസം ഇവിടെ ആനയും ഇടഞ്ഞിരുന്നു.
◾തൃശൂര്‍ മണലി മടവാക്കരയില്‍ പാചകവാതക സിലിണ്ടറുകള്‍ കയറ്റിയ വാഹനത്തിന് തീപിടിച്ചു. ഉടന്‍ തന്നെ തീ അണച്ചു. 40 ഗാര്‍ഹിക പാചക വാതക സിലിണ്ടറുകളുണ്ടായിരുന്ന ടെംപോ ഗുഡ്സ് വാഹനത്തിനാണ് തീപിടിച്ചത്. പുതുക്കാട് വിഷ്ണു ഗ്യാസ് ഏജന്‍സിയുടെ വാഹനമാണ് കത്തിയത്.
◾കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനു സമീപം കണ്ണൂര്‍ ആലപ്പുഴ എക്സിക്യൂട്ടീവിന്റെ രണ്ട് ബോഗികള്‍ പാളം തെറ്റി. പുലര്‍ച്ചെ 4.40 ന് ട്രെയിന്‍ പുറപ്പെടാനായി പ്ലാറ്റ്ഫോമിലേക്ക് എത്തിച്ചപ്പോഴാണ് അപകടമുണ്ടായത്. ഇതേതുടര്‍ന്ന് ട്രെയിന്‍ ഒരു മണിക്കൂര്‍ വൈകി. ട്രെയിനില്‍ യാത്രക്കാരുണ്ടായിരുന്നില്ല.
◾
◾തൃശൂര്‍ നഗരത്തില്‍ 150 ബസ് ഷെല്‍റ്ററുകള്‍ ഒരുക്കുന്നു. ആദ്യഘട്ടമായി ഏഴെണ്ണം സ്വരാജ് റൗണ്ടില്‍ തുറക്കും. പരസ്യ വരുമാനവും കിട്ടുമെന്ന് മേയര്‍ എം.കെ. വര്‍ഗീസ് പറഞ്ഞു. പരസ്യ വരുമാനത്തില്‍ തട്ടിപ്പു നടത്താനാണ് ഭരണപക്ഷം ശ്രമിക്കുന്നതെന്നു പ്രതിപക്ഷമായ കോണ്‍ഗ്രസ് ആരോപിച്ചു.
◾മലപ്പുറം മഞ്ചേരി പന്തല്ലൂരിലെ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍തൃപിതാവ് അറസ്റ്റില്‍. മഞ്ചേരി വെള്ളില സ്വദേശിനി തഹ്ദിലയുടെ ഭര്‍തൃപിതാവ് പന്തല്ലൂര്‍ കിഴക്കുപറമ്പ് സ്വദേശി അബൂബക്കറാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രിയാണ് തഹ്ദിലയെ ഭര്‍ത്താവ് നിസാറിന്റെ പന്തല്ലൂരിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നാലു മക്കളുണ്ട്.
◾രാമജന്മഭൂമി- ബാബറി മസ്ജിദ് കേസില്‍ 2019 ല്‍ വിധി പ്രസ്താവിച്ച സുപ്രീം കോടതി ജഡ്ജിമാരെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിലേക്കു ക്ഷണിച്ചു. അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, എസ്എ ബോബ്ഡെ, ജഡ്ജിമാരായ അശോക് ഭൂഷണ്, എസ് അബ്ദുള്‍ നസീര്‍ എന്നിവര്‍ക്കാണ് ക്ഷണം. നിലവിലെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ബെഞ്ചില്‍ അംഗമായിരുന്നു. ഒമ്പത് മുന്‍ സിജെഐമാരും ജഡ്ജിമാരും അഭിഭാഷകരും ഉള്‍പ്പെടെ അമ്പതിലധികം നിയമജ്ഞരേയും ക്ഷണിച്ചിട്ടുണ്ട്.
◾രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനിടെ വിതരണം ചെയ്യാന്‍ 1,265 കിലോ ലഡു ഹൈദരാബാദില്‍നിന്ന് അയോധ്യയില്‍ എത്തിച്ചു. അലിഗഡില്‍ നിര്‍മിച്ച 400 കിലോ തൂക്കമുള്ള ലോകത്തെ ഏറ്റവും വലിയ താഴും അയോധ്യയില്‍ എത്തിച്ചു.
◾ശ്രീരാമമന്ദിര്‍ പ്രസാദം എന്ന പേരില്‍ മധുരപലഹാരങ്ങള്‍ വിറ്റതിന് ആമസോണിനെതിരെ സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി നോട്ടീസ് അയച്ചു.
◾അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ സംബന്ധിച്ചു പാര്‍ട്ടി നിലപാടില്‍ വിയോജിപ്പു പ്രകടിപ്പിച്ച് ഗുജറാത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിജെ ചാവ്ദ എംഎല്‍എ സ്ഥാനം രാജിവച്ചു. വിജാപൂര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് മൂന്ന് തവണ എംഎല്‍എയായ അദ്ദേഹം സ്പീക്കര്‍ ശങ്കര്‍ ചൗധരിക്കു രാജിക്കത്തു നല്കി.
◾ഡല്‍ഹിയിലെ പ്രധാനമന്ത്രി മ്യൂസിയത്തില്‍ നരേന്ദ്ര മോദി ഗ്യാലറി തുറന്നു. മോദി ഉപയോഗിച്ച വസ്ത്രങ്ങളും ലഭിച്ച സമ്മാനങ്ങളും വരെ പ്രദര്‍ശിപ്പിക്കുന്ന മ്യൂസിയമാണിത്. ആദ്യ സന്ദര്‍ശകയായി എത്തിയത് രാഷ്ട്രപതി ദ്രൗപദി മുര്‍മു ആണ്.
◾കമ്പനിയുടെ രജത ജൂബിലി ആഘോഷങ്ങള്‍ക്കിടെ കമ്പനി മേധാവി മുകളില്‍നിന്ന് ഇരുമ്പുകൂടില്‍ സ്റ്റേജിലേക്കിറങ്ങവേ ഇരുമ്പു ചങ്ങല പൊട്ടിവീണ് മരിച്ചു. അമേരിക്കന്‍ കമ്പനിയായ വിസ്ടെക്സ് ഏഷ്യ-പസിഫിക് പ്രൈവറ്റ് ലിമിറ്റഡിന്റെ സിഇഒ സഞ്ജയ് ഷാ (56)ആണ് മരിച്ചത്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിലാണ് കമ്പനിയുടെ രജതജൂബിലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. അപകടത്തില്‍ കമ്പനിയുടെ പ്രസിഡന്റ് വിശ്വനാഥ രാജ് ദത്തിയയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾കഴിഞ്ഞ വര്‍ഷം ചൈന സന്ദര്‍ശിച്ചത് 1,80,000 ഇന്ത്യക്കാരാണെന്ന് ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ് വാങ് സിയോജിയാന്‍. ഇന്ത്യന്‍ പൗരന്മാര്ക്ക് ചൈനയിലേക്കുള്ള യാത്ര സുഗമമാക്കുന്നതിന് നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
◾നൈറ്റ് ക്ലബ്ബില്‍ ബ്രിട്ടീഷ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇന്ത്യക്കാരന് സിംഗപ്പൂര്‍ കോടതി നാലു വര്‍ഷം തടവും ആറു തവണ ചൂരല്‍ പ്രയോഗവും ശിക്ഷ വിധിച്ചു. വിദ്യാര്‍ത്ഥി വിസയില്‍ സംഗപ്പൂരിലെത്തിയ 25 വയസുകാരനായ എരുഗുല ഈശ്വര റെഡ്ഡി എന്നയാളാണ് ശിക്ഷിക്കപ്പെട്ടത്.
◾മുന്‍ ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുമായി വേര്‍പിരിയുകയാണെന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ പാകിസ്ഥാന് ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക് വീണ്ടും വിവാഹിതനായി. ചലച്ചിത്രതാരം സന ജാവേദിനെയാണ് ഷൊയ്ബ് മാലിക് വിവാഹം കഴിച്ചത്. വിവാഹ ചടങ്ങിന്റെ ഫോട്ടോകള്‍ മാലിക്ക് തന്നെയാണ് സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ടത്.
◾അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള ഐപിഎല്ലിന്റെ സ്പോണ്‍സര്‍ഷിപ്പ് കരാര്‍ നിലനിര്‍ത്തി ടാറ്റ ഗ്രൂപ്പ്. പുതുക്കിയ കരാര്‍ പ്രകാരം 2028 വരെ ഐപിഎല്ലിന്റെ മുഖ്യ സ്പോണ്‍സറായി ടാറ്റ തുടരും.
◾മെസ്സിക്ക് 2023ലെ ഫിഫ ദി ബെസ്റ്റ് പുരസ്കാരം നല്‍കിയതിനെതിരേ മുന്‍ ജര്‍മന്‍ ഫുട്ബോള്‍ താരം ലോതര്‍ മത്തേയോസ്. കഴിഞ്ഞ 20 വര്‍ഷക്കാലയളവില്‍ നാം കണ്ട ഏറ്റവും മികച്ച ഫുട്ബോള്‍ കളിക്കാരനാണ് മെസ്സിയെന്ന് വിശ്വസിക്കുന്നയാളാണ് താനെന്നും എന്നാല്‍ 2023 കലണ്ടര്‍ വര്‍ഷത്തിലെ മെസ്സിയുടെ പ്രകടനങ്ങള്‍ അവാര്‍ഡിന് അര്‍ഹതപ്പെട്ടതല്ലെന്നും മത്തേയോസ് വ്യക്തമാക്കി.
◾ശതകോടീശ്വരന്‍ മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ലാഭം 2023 – 34 സാമ്പത്തിക വര്‍ഷം ഡിസംബര്‍ പാദത്തില്‍ 10.9 ശതമാനം വര്‍ധനയോടെ 19,641 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 17,706 കോടി രൂപയായിരുന്നു. കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 3.2 ശതമാനം വളര്‍ച്ചയോടെ 2,48,160 കോടി രൂപയായി. ഡിസംബര്‍ പാദത്തിലെ മൂലധന ചെലവ് 30,102 കോടി രൂപയായിരുന്നു. കമ്പനിയുടെ മൊത്തം കടം 1,19,372 കോടി രൂപയാണ്. പ്രധാനമായും റീറ്റെയ്ല്‍, ഓയില്‍, ഗ്യാസ് വിഭാഗങ്ങളാണ് വളര്‍ച്ചയെ നയിച്ചത്. അതേസമയം, ഓയില്‍-ടു-കെമിക്കല്‍സ് വിഭാഗത്തിന്റെ വരുമാനം കുറഞ്ഞു. പലചരക്ക്, ഫാഷന്‍ ആന്‍ഡ് ലൈഫ്സ്റ്റൈല്‍, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ബിസിനസുകളുടെ നേതൃത്വത്തില്‍ റിലയന്‍സ് റീറ്റെയ്ലിന്റെ വരുമാനം ഡിസംബര്‍ പാദത്തില്‍ 22.8 ശതമാനം ഉയര്‍ന്ന് 83,063 കോടി രൂപയായി. ഡിസംബര്‍ പാദത്തിലെ റിലയന്‍സ് റീറ്റെയ്ലിന്റെ ലാഭം 31.9 ശതമാനം വര്‍ധിച്ച് 3,165 കോടി രൂപയായി. 252 പുതിയ സ്റ്റോര്‍ തുറന്നുകൊണ്ട് കമ്പനിയുടെ സ്റ്റോര്‍ ശൃംഖല വിപുലീകരിച്ചു. മൊത്തം സ്റ്റോറുകളുടെ എണ്ണം 18,774 എണ്ണമായി ഉയര്‍ത്തി. ജിയോ പ്ലാറ്റ്ഫോംസിന്റെ ലാഭം 2023-24 ഡിസംബര്‍ പാദത്തില്‍ 12 ശതമാനം തുടര്‍ച്ചയായി വര്‍ധിച്ച് 5,545 കോടി രൂപയായി. റിലയന്‍സ് ഓയില്‍ & ഗ്യാസ് , ഓയില്‍ ടു കെമിക്കല്റിലയന്സിന്റെ ഓയില്‍ & ഗ്യാസ് വിഭാഗത്തിന്റെ ഡിസംബര്‍ പാദ വരുമാനം 50.2 ശതമാനം ഉയര്‍ന്ന് 6,719 കോടി രൂപയായി. റിലയന്‍സിന്റെ ഓയില്‍ ടു കെമിക്കല്‍ വിഭാഗത്തിന്റെ ഡിസംബര്‍ പാദ വരുമാനം 2.4 ശതമാനം കുറഞ്ഞ് 1.41 ലക്ഷം കോടി രൂപയിലെത്തി.
◾ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ഇന്റര്‍നെറ്റില്‍ തിരയാനുള്ള സംവിധാനങ്ങളുമായി ഗൂഗിള്‍. ഗൂഗിളിന്റെ ‘സര്‍ക്കിള്‍ ടു സെര്‍ച്ച്’ എന്ന പുതിയ ഫീച്ചറാണ് അതിലൊന്ന്. അതായത്, ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ‘ഗൂഗിള്‍ സെര്‍ച്ച്’ ചെയ്യാനുള്ള പുതിയൊരു മാര്‍ഗവുമായിട്ടാണ് സെര്‍ച്ച് എന്ജിന് ഭീമന് എത്തിയത്. നിങ്ങളുടെ ഫോണിന്റെ സ്ക്രീനില്‍ ഗെസ്ചറുകള് ഉപയോഗിച്ച് തിരയാനുള്ള ഓപ്ഷനാണ് നല്‍കുന്നത്. നിങ്ങള്‍ ഏത് ആപ്പില്‍ വേണമെങ്കിലുമായിക്കോട്ടെ, സ്ക്രീനില്‍ കാണുന്ന എഴുത്തിലോ, ചിത്രത്തിലോ ഒരു വട്ടം വരച്ചോ, എഴുതിയോ, ഹൈലൈറ്റ് ചെയ്തോ, ടാപ് ചെയ്തോ നിങ്ങള്‍ക്ക് ഗൂഗിള്‍ സെര്‍ച് ചെയ്യാം. ഗൂഗിള്‍ ലെന്‍സ് സെര്‍ച്ചിന്റെ മറ്റൊരു പതിപ്പാണിത്. ഉദാഹരണത്തിന് നിങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ഒരു ബാഗിന്റെ ചിത്രം കാണുന്നു. അത് ഏത് ബ്രാന്‍ഡ് പുറത്തിറക്കിയ ബാഗ് ആണെന്ന് നിങ്ങള്‍ക്കറിയില്ല, അതറിയാനായി ബാഗിന് ചുറ്റും ഒരു വര വരച്ച് ഗൂഗിളില്‍ തിരയാം. അതിന് സമാനമായ ഫലങ്ങള്‍ ഗൂഗിള്‍ സെര്‍ച് എന്ജിന് മുന്നിലെത്തിക്കും. പക്ഷെ, ഗൂഗിളിന്റെ പിക്സല്‍ 8, പിക്സല്‍ 8 പ്രോ, പുതിയ സാംസങ് ഗാലക്സി എസ് 24 സീരീസ് അടക്കം തെരഞ്ഞെടുത്ത ചില പ്രീമിയം ആന്‍ഡ്രോയിഡ് ഫോണുകളില്‍ മാത്രമാണ് നിലവില്‍ ഈ സേവനം ലഭ്യമാവുക. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പിന്തുണയോടെയുള്ള അപ്ഗ്രേഡുകളിലൂടെയും ഒരേ സമയം ടെക്സ്റ്റും ചിത്രങ്ങളും ഉപയോഗിച്ചുള്ള മള്‍ട്ടി സെര്‍ച്ചുകളിലൂടെയും ഉപഭോക്താക്കള്‍ക്ക് വെബില്‍ കൂടുതല്‍ വ്യക്തമായി കാര്യങ്ങള്‍ അറിയാനാകുമെന്നാണ് ഗൂഗിള്‍ പറയുന്നത്.
◾ഷെയ്ന് നിഗം ആദ്യമായി തമിഴില്‍ അഭിനയിക്കുന്ന ‘ മദ്രാസ്കാരന്’ എന്ന ചിത്രത്തിന്റെ പ്രൊമോ വീഡിയോ പുറത്തിറങ്ങി. സോഷ്യല്‍ മീഡിയയിലൂടെ നടന് ദുല്‍ഖര്‍ സല്‍മാനാണ് വീഡിയോ പുറത്തു വിട്ടത്. വളരെ വ്യത്യസ്തമായ ഒരു പ്രൊമോ വീഡിയോ ആയതിനാല്‍ തന്നെ നിരവധി പേരാണ് ആശംസകളുമായി വീഡിയോയ്ക്ക് താഴെ എത്തിയത്. മലയാള സിനിമയിലെ മികച്ച നടന്മാരില് ഒരാളായ ഷെയ്ന് നിഗം ഒടുവില്‍ തമിഴ് സിനിമാ ലോകത്തേക്കും എത്തുകയാണ്. കുമ്പളങ്ങി നെറ്റ്സ്, ഇഷ്ക്ക്, ഭൂതകാലം, ആര്. ഡി. എക്സ് തുടങ്ങിയ നിരവധി ചിത്രങ്ങള്‍ ഷെയ്നിന്റെ കരിയറില്‍ മികച്ചതായുണ്ട്. ഈ ചിത്രവും കരിയറില്‍ ഒരു നാഴികക്കലാകും എന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. കലൈയരസന്‍, നിഹാരിക കൊനിഡേല തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ എത്തുന്നുണ്ട്. വാലി മോഹന്‍ദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എസ്.ആര് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബി. ജഗദീഷ് നിര്‍മ്മിക്കുന്ന ആദ്യചിത്രമാണ് ‘മദ്രാസ്കാരന്’.
◾വാസുദേവ് സനല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘അന്ധകാരാ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ചോരയില്‍ കുളിച്ചിരിക്കുന്ന ദിവ്യ പിള്ളയെയാണ് പോസ്റ്ററില്‍ കാണാന്‍ കഴിയുന്നത്. ചിത്രം ഫെബ്രുവരിയില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ ഒരു ഡാര്‍ക്ക് വൈലന്റ് ത്രില്ലര്‍ ചിത്രമാണ് ‘അന്ധകാരാ’. നടി ദിവ്യാ പിള്ള പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ ഒരുപിടി ശ്രദ്ധേരായ താരങ്ങളും അണിനിരക്കുന്നുണ്ട്. ചന്തുനാഥ്, ധീരജ് ഡെന്നി, വിനോദ് സാഗര്‍, ആന്റണി ഹെന്റി, മറീന മൈക്കല്‍, അജിഷ പ്രഭാകരന്, സുധീര്‍ കരമന, കെ ആര് ഭരത് ,ജയരാജ് കോഴിക്കോട് തുടങ്ങിയവരാണ് മറ്റുള്ള മുഖ്യ വേഷങ്ങളില്‍ എത്തുന്നത്. ഏറെ വ്യത്യസ്തമായ ടൈറ്റിലാണ് ചിത്രത്തിന്റെത്. എയ്സ് ഓഫ് ഹെര്‍ട്ട് സിനി പ്രൊഡക്ഷന്റെ ബാനറില്‍ സജീര്‍ ഗഫൂര്‍ ആണ് അന്ധകാരാ നിര്‍മ്മിക്കുന്നത്. എ എല്‍ അര്ജുന് ശങ്കറും പ്രശാന്ത് നടേശനും ചേര്‍ന്നു തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ചായാഗ്രാഹകന് മനോ വി നാരായണനാണ്. അനന്ദു വിജയ് എഡിറ്റിംഗ് നിര്‍വഹിക്കുന്നു.
◾റോള്‍സ്-റോയ്സ് കമ്പനിയുടെ ആദ്യ ഇലക്ട്രിക് കാറായ ‘സ്പെക്ടര്’ ഇന്ത്യന്‍ വിപണിയിലും എത്തി. എക്സ്ഷോറൂം വില തന്നെ 7.5 കോടി രൂപയാണ്. 577 ബി.എച്ച്.പി കരുത്തും പരമാവധി 900 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് സ്പെക്ടറിന്റെ ഹൃദയം. ഓരോ ആക്സിലിലും ഒന്ന് വീതം ഘടിപ്പിച്ചിരിക്കുന്നു. 2,890 കിലോഗ്രാം ഭാരമുണ്ട് ഈ കാറിന്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ സ്പെക്ടറിന് വെറും 4.5 സെക്കന്‍ഡ് മതി. 195 കിലോ വാട്ട് ഡി.സി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് വെറും 34 മിനിറ്റിനുള്ളില്‍ 10-80 ശതമാനം ചാര്‍ജ് ചെയ്യാനും കഴിയും. റോള്‍സ് റോയ്സിന്റെ ഓള്-അലൂമിനിയം സ്പേസ് ഫ്രെയിം പ്ലാറ്റ്ഫോമിലാണ് സ്പെക്ടര് നിര്‍മ്മിച്ചിരിക്കുന്നത്. ഫോര്‍ വീല്‍ സ്റ്റിയറിംഗും ആക്ടീവ് സസ്പെന്ഷന് സംവിധാനവും ഇതിലുണ്ട്. സ്പെക്ടറിന്റെ ഇന്റീരിയറില്‍ വിപുലമായ ഫീച്ചറുകളാണുള്ളത്. കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യയായ പുതിയ ഡിജിറ്റല്‍ ഇന്റര്‍ഫേസ് ‘സ്പിരിറ്റ്’ എന്ന സോഫ്റ്റ്വെയര് പ്ലാറ്റ്ഫോമാണ് ശ്രദ്ധേയമായ ഘടകം. ഡോര്‍ പാഡുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സ്റ്റാര്‍ലൈറ്റ് ലൈനര്‍ യാത്രകളെ കൂടുതല്‍ പ്രീമിയമാക്കും. ഡാഷ്ബോര്‍ഡിലെ സ്പെക്ടര് നെയിംപ്ലേറ്റ് 5,500ല്‍ അധികം നക്ഷത്രങ്ങള്‍ പോലെയുള്ള ഇല്യൂമിനേഷനുകളുടെ ഒരു ക്ലസ്റ്റര്‍ ഉപയോഗിച്ച് പ്രകാശിപ്പിക്കുന്നു. ഡയലുകളുടെ നിറം പോലും മാറ്റാനുള്ള കഴിവ് ഉള്‍പ്പെടെയുള്ള കസ്റ്റമൈസേഷന് ഓപ്ഷനുകളുള്ള സ്പിരിറ്റ് യു.ഐ ബെസ്പോക്ക് സേവനങ്ങളും കാറിനൊപ്പം വാഗ്ദാനം ചെയ്യും.
◾ചൈനീസ്ജീവിതത്തിന്റെ, സംസ്കൃതിയുടെ, നാഗരികതയുടെ സൂക്ഷ്മങ്ങളായ പാളികള്‍ അതീവ ഹൃദ്യമായ രീതിയില്‍ വിടര്‍ത്തിക്കാട്ടുന്ന ഖയാല്‍ സവിശേഷമായ ഒരു വായനാനുഭവം പകരുന്നു. പ്രിയസ്മൃതികളുടെ സുഗന്ധം നിറഞ്ഞുനില്‍പ്പുണ്ട് ഇതിലെങ്ങും. വ്യക്തിഗതങ്ങളായ ഓര്‍മ്മകള്‍ ചരിത്രപരവും സാമൂഹ്യവുമായ മാനം കൈവരിക്കുന്നതിനാല്‍ അങ്ങേയറ്റം മൂല്യവത്താണ്. വ്യത്യസ്തവും അപരിചിതവു മായ ഒരു ജീവിതമേഖലയെ സ്നിഗ്ദ്ധ മധുരമായി ആവിഷ്കരിക്കാന്‍ ഫര്‍സാനയ്ക്കു സാധിച്ചിട്ടുണ്ട്. അത്യാകര്‍ഷകമായ ഒരു വസന്തകാല ഉദ്യാനശോഭ ഖയാലിലാകെ കാണാം. ‘ഖയാല്‍’. ഫര്‍സാന. ഡിസി ബുക്സ്. വില 189 രൂപ.
◾അമിത മദ്യപാനം കരളിന്റെ ആരോഗ്യത്തിന് ഹാനികരമാണെന്ന് എല്ലാവര്ക്കും അറിയാം. എന്നാല്‍ മദ്യം പോലെ തന്നെ കരളിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന മറ്റു ചില ഭക്ഷണങ്ങളുണ്ട്. വിപണിയില്‍ പല നിറത്തിലും രുചി ലഭ്യമാകുന്ന റെഗുലര്‍, ഡയറ്റ് ശീതളപാനീയങ്ങള്‍ നിരന്തരം കുടിക്കുന്നത് കരള്‍ തകരാറിലാക്കും. ഇവയില്‍ ഉയര്‍ന്ന തോതില്‍ പഞ്ചസാരയോ കൃത്രിമ മധുരമോ അടങ്ങിയിട്ടുണ്ട്. ഇവ ശരീരഭാരം കൂട്ടാനും കരളില്‍ കൊഴുപ്പടിയാന്‍ കാരണമാകും. ഇത് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗങ്ങള്ളിലേക്ക് നിങ്ങളെ നയിക്കും. എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണം കഴിക്കുന്നത് കരളിന് ഹാനികരമാണ്. ഇത്തരം ഭക്ഷണത്തില്‍ നിന്നും ഉണ്ടാകുന്ന കൊഴുപ്പ് കരളില്‍ അടിഞ്ഞു കൂടാം. ഇത് കരള്‍ വീക്കത്തിനും ഫാറ്റി ലിവര്‍ രോഗത്തിനും കാരണമാകും. വിപണിയില്‍ വളരെ എളുപ്പത്തില്‍ കിട്ടാവുന്ന സംസ്കരിച്ച മാംസങ്ങളുടെ ഉപയോഗവും കരളിന്റെ ആരോഗ്യം മോശമാക്കും. ഇവയില്‍ ഉയര്‍ന്ന അളവില്‍ അഡിറ്റീവുകള്‍, പ്രിസര്‍വേറ്റീവുകള്‍, അനാരോഗ്യകരമായ കൊഴുപ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയുടെ നിരന്തര ഉപയോഗം കരള്‍ അര്‍ബുദത്തിനും നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗത്തിനും കാരണമാകും. ഫാസ്റ്റ് ഫുഡ്, റെഡി മേയ്ഡ് സൂപ്പ്, സംസ്കരിച്ച സ്നാക്സ് തുടങ്ങിയവയില്‍ ഉയര്‍ന്ന തോതില്‍ സോഡിയം അടങ്ങിയിട്ടുണ്ട്. അമിതമായി സോഡിയം ശരീരത്തില്‍ ചെല്ലുന്നത് രക്തസമ്മര്‍ദ്ദം വര്‍ധിപ്പിക്കുകയും കരളിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടമുള്ള പേസ്ട്രികള്‍, ഉരുളക്കിഴങ്ങ് ചിപ്സ്, കുക്കീസ് തുടങ്ങിയ ബേക്ക് ചെയ്തെടുക്കുന്ന ഭക്ഷണങ്ങളില്‍ കാണപ്പെടുന്ന കൃത്രിമമായി ഉല്പാദിപ്പിക്കുന്ന കൊഴുപ്പാണ് ട്രാന്‍സ് ഫാറ്റുകള്‍. ഇവ കരള്‍ വീക്കത്തിന് കാരണമാകുന്നു. കരള്‍ സംബന്ധ രോഗമുള്ളവര്‍ മദ്യപാനം പൂര്‍ണമായും ഒഴിവാക്കുന്നതിനൊപ്പം ഭക്ഷണ ശൈലിയിലും ശ്രദ്ധിക്കണം. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തണം.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.12, പൗണ്ട് – 105.60, യൂറോ – 90.73, സ്വിസ് ഫ്രാങ്ക് – 95.73, ഓസ്ട്രേലിയന്‍ ഡോളര്‍ – 54.86, ബഹറിന്‍ ദിനാര്‍ – 220.56, കുവൈത്ത് ദിനാര്‍ -270.04, ഒമാനി റിയാല്‍ – 215.95, സൗദി റിയാല്‍ – 22.16, യു.എ.ഇ ദിര്‍ഹം – 22.63, ഖത്തര്‍ റിയാല്‍ – 22.83, കനേഡിയന്‍ ഡോളര്‍ – 61.74.