◾സംസ്ഥാനങ്ങളുടെ നികുതിപ്പണം വാങ്ങിവയ്ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ബാധ്യത സംസ്ഥാനങ്ങളുടെ ചുമലില്‍ കെട്ടി വയ്ക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സര്‍ക്കാരിനെതിരേ ഡല്‍ഹി ജന്തര്‍ മന്ദറില്‍ കേരളത്തിലെ മന്ത്രിമാരും എംഎല്‍എമാരും നടത്തുന്ന സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡല്‍ഹി, പഞ്ചാബ് മുഖ്യമന്ത്രിമാരും കേരളത്തിന്റെ സമരവേദിയില്‍ എത്തി പിന്തുണ പ്രഖ്യാപിച്ചു. ജനാധിപത്യ രീതിയിലൂടെ അധികാരത്തിലെത്തിയ സര്‍ക്കാരുകളുടെ പ്രവര്‍ത്തനം കേന്ദ്ര സര്‍ക്കാര്‍ തടയുകയാണ്. വായ്പ എടുക്കുന്നത് ഭരണഘടനയെ ദുര്‍വ്യാഖ്യാനം ചെയ്തു തടയുന്നു. 7490 കോടി രൂപ ലഭിക്കാനുണ്ട്. മുഖ്യമന്ത്രി പറഞ്ഞു. ഡിഎംകെ, ആം ആദ്മി പാര്‍ട്ടി, സിപിഎം, സിപിഐ നേതാക്കളും സമരത്തില്‍ പങ്കെടുത്തു.
◾രാജ്യത്തെ പകുതിയിലേറെ ജനങ്ങളെ പ്രതിനിധീകരിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോടു കേന്ദ്ര സര്‍ക്കാര്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. കേരളത്തിന്റെ കേന്ദ്ര വിരുദ്ധ സമരവേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സംസ്ഥാനങ്ങളിലെ ജനങ്ങളെ ഭാരതത്തിലെ ജനങ്ങള്‍ ആയാണോ കേന്ദ്രം കാണുന്നത്. സംസ്ഥാന വിഹിതം കിട്ടാന്‍ സുപ്രീം കോടതിയില്‍ കയറിയിറങ്ങുകയും ജന്തര്‍ മന്തറില്‍ സമരത്തിനിരിക്കുകയും ചെയ്യേണ്ട അവസ്ഥയാണ്. കേജരിവാള്‍ പറഞ്ഞു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും പ്രസംഗിച്ചു.
◾കേരള ഹൗസില്‍നിന്നു മാര്‍ച്ചു നടത്തിയാണ് മുഖ്യമന്ത്രിയും നേതാക്കളും ജന്തര്‍ മന്തറിലേക്ക് എത്തിയത്. ഫെഡറലിസം സംരക്ഷിക്കാന്‍ കേരളത്തിന്റെ പോരാട്ടം എന്ന ബാനറുമായിട്ടായിരുന്നു പ്രതിഷേധം. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കാഷ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള, തമിഴ്നാട് സര്‍ക്കാരിന്റെ പ്രതിനിധി പഴനിവേല്‍ ത്യാഗരാജന്‍, സിപിഐ നേതാവ് ഡി. രാജ തുടങ്ങിയ മുതിര്‍ന്ന നേതാക്കളും പങ്കെടുത്തു.
*കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണ്‍*
കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണില്‍ ഇപ്പോള്‍ സ്വര്‍ണവിലയുടെ 90 ശതമാനവും വായ്പയായി ലഭിക്കുന്നു. ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. മാക്സിമം കയ്യില്‍ കിട്ടുമ്പോള്‍ മറ്റെവിടെ പോകാന്‍.
*കൂടുതല്‍ വിവരങ്ങള്‍ക്ക് : ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*
◾ദേശീയപാതകളിലെ ടോള്‍ ബൂത്തുകള്‍ ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് ഒഴിവാക്കി പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. വാഹനങ്ങളില്‍നിന്നു തന്നെ ടോള്‍ പിരിക്കുന്ന സംവിധാനം നിലവില്‍ വരും. ഉപഗ്രഹത്തിന്റെ സഹായത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുക.
◾കേരളത്തിലെ ധനപ്രതിസന്ധിക്കു കാരണം കേന്ദ്ര സര്‍ക്കാരല്ല, സംസ്ഥാന സര്‍ക്കാര്‍തന്നെയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. 57,800 കോടി രൂപ കേന്ദ്രത്തില്‍നിന്നു കിട്ടാനുണ്ടെന്ന പ്രചാരണം വെറും നുണയാണ്. കേരളത്തില്‍ നികുതി പിരിവ് പരാജയമാണ്. ഒരുപാട് കാര്യങ്ങളില്‍ ഒന്ന് മാത്രമാണ് കേന്ദ്ര അവഗണന. പെന്‍ഷന്‍ പോലും കൊടുക്കാത്ത സര്‍ക്കാരാണിത്. സര്‍ക്കാരിന് പ്രതിപക്ഷം ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നുവെന്നും സതീശന്‍ പറഞ്ഞു.
◾വിദേശ സര്‍വ്വകലാശാലകള്‍ ആരംഭിക്കാമെന്ന ശുപാര്‍ശ ബജറ്റില്‍ നല്‍കിയത് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അല്ലെന്ന് കൗണ്‍സിലിന്റെ വൈസ് ചെയര്‍മാന്‍ ഡോ.രാജന്‍ ഗുരുക്കള്‍. നയരൂപീകരണത്തിനായി കോണ്‍ക്ലേവ് സംഘടിപ്പിക്കുമെന്ന പ്രഖ്യാപനം ഉന്നതവിദ്യാഭ്യാസമന്ത്രി അറിഞ്ഞിട്ടില്ലെന്നും രാജന്‍ ഗുരുക്കള്‍.
◾പി.വി. അന്‍വര്‍ എംഎല്‍എയുടെ കക്കടാംപൊയിലിലുള്ള പിവിആര്‍ പാര്‍ക്കിന് കൂടരഞ്ഞി പഞ്ചായത്ത് ലൈസന്‍സ് നല്‍കി. കേസ് ഇന്നു പരിഗണിക്കാനിരിക്കേയാണ് തിടുക്കത്തില്‍ ലൈന്‍സന്‍സ് നല്‍കിയത്. അപേക്ഷ പൂര്‍ണമല്ലെന്നും വേണ്ട രേഖകള്‍ സമര്‍പ്പിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി ലൈസന്‍സ് നല്‍കാതിരിക്കുകയായിരുന്നു.
*മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ സ്‌പെഷ്യല്‍ ന്യൂ ഇയര്‍ കളക്ഷനും*
മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഇനി മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം 299 രൂപ മുതലുള്ള സ്‌പെഷ്യല്‍ ന്യൂ ഇയര്‍
കളക്ഷനും. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾കൊല്ലം ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെട്ടെന്ന കേസില്‍ പ്രതികള്‍ക്കു വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തി ജില്ലാ റൂറല്‍ ക്രൈംബ്രാഞ്ച് കൊട്ടാരക്കര കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ചാത്തന്നൂര്‍ സ്വദേശി കെ.ആര്‍.പത്മകുമാര്‍, ഭാര്യ എം.ആര്‍.അനിതാകുമാരി, മകള്‍ പി.അനുപമ എന്നിവരാണ് പ്രതികള്‍. 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടെന്നാണ് കുറ്റപത്രത്തിലെ ആരോപണം.
◾കേരളത്തില്‍ ചാവേര്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ട കേസില്‍ പ്രതി റിയാസ് അബൂബക്കറിനുള്ള ശിക്ഷ നാളെ വിധിക്കും. കേസില്‍ ഇരു വിഭാഗങ്ങളുടേയും വാദം പൂര്‍ത്തിയായി. പ്രതി കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസംതന്നെ കോടതി വിധിച്ചിരുന്നു.
◾ലൈംഗികാതിക്രമ കേസില്‍ അഡ്വ.ബി.എ ആളൂരിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി. ജാമ്യമില്ലാ വകുപ്പ് ചുമത്താത്തതിനാലാണു മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്. അഡ്വ. ബിഎ ആളൂരില്‍നിന്ന് ഭീഷണിയുണ്ടെന്ന് പരാതിക്കാരി ഹൈക്കോടതിയെ അറിയിച്ചു. പൊലീസിലോ മജിസ്ട്രേറ്റ് കോടതിയിലോ പരാതി നല്‍കണമെന്നു ഹൈക്കോടതി പരാതിക്കാരിയോട് നിര്‍ദേശിച്ചു.
◾ആറു മാസമായി മുടങ്ങിയ പെന്‍ഷന്‍ ആവശ്യപ്പെട്ട് റോഡിലിരുന്നു പ്രതിഷേധിച്ച് 90 വയസുകാരി. ഇടുക്കി വണ്ടിപ്പെരിയാര്‍ കറുപ്പ് പാലത്താണ് പൊന്നമ്മ എന്ന വയോധിക ഇന്നലെ വൈകിട്ട് ഒരു മണിക്കൂറോളം പ്രതിഷേധിച്ചത്. സ്ഥലത്തെത്തിയ പൊലീസ് പൊന്നമ്മയെ അനുനയിപ്പിച്ച് തിരിച്ചയച്ചു.
◾തമിഴ്‌നാട്ടില്‍നിന്നു ബൈക്കില്‍ അതിരപ്പിള്ളിയിലേക്ക് വിനോദ യാത്രക്കെത്തിയ ദമ്പതിമാരെ കാട്ടാന ആക്രമിച്ചു. കോയമ്പത്തൂരില്‍ കണ്ണിമാര്‍ നഗര്‍ പൊന്നുചാമി മകന്‍ സുരേഷ് (45), ഭാര്യ സെല്‍വി (40)എന്നിവര്‍ക്കു പരിക്കേറ്റു. അതിരപ്പിള്ളിയില്‍നിന്ന് തിരികെ പോകുന്നവഴി ഷോളയാര്‍ വ്യൂ പോയന്റിന് സമീപത്തെ വളവിലായിരുന്നു ബൈക്ക് യാത്രക്കാരെ കാട്ടാന ആക്രമിച്ചത്.
◾ഓടിക്കൊണ്ടിരുന്ന വേണാട് എക്സ്പ്രസില്‍നിന്ന് പുറത്തേക്കു ചാടിയ യുവാവിനെ ഗുരുതര പരിക്കുകളോടെ കണ്ടെത്തി. കൊല്ലം പന്മന സ്വദേശിയായ അന്‍സാര്‍ ഖാനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾കണ്ണൂര്‍ തില്ലങ്കേരിയില്‍ കുട്ടികളെ പേടിപ്പിച്ച് ഓടിച്ച തെയ്യത്തിനു നാട്ടുകാരുടെ വക അടി. പെരിങ്ങാനം ഉദയംകുന്ന് മടപ്പുര ഉത്സവത്തിന് കൈതചാമുണ്ഡി തെയ്യക്കോലം കെട്ടിയ ആളെയാണ് നാട്ടുകാരില്‍ ചിലര്‍ തല്ലിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടില്ല.
◾പലിശ നിരക്കില്‍ മാറ്റമില്ല. റിപ്പോ നിരക്ക് ആറര ശതമാനമായി നിലനിര്‍ത്തുമെന്നു റിസര്‍വ് ബാങ്ക്. ധന നയ യോഗത്തിന് ശേഷം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് തുടര്‍ച്ചയായ ആറാം തവണയും റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുമെന്ന് അറിയിച്ചു. പണപ്പെരുപ്പം കുറയുന്നുണ്ടെന്നും ശക്തികാന്ത ദാസ് പറഞ്ഞു.
◾രാജ്യത്തിനുവേണ്ടി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് നല്‍കിയ സംഭാവനകള്‍ വളരെ വലുതാണെന്നും ദീര്‍ഘകാലം രാജ്യത്തെ നയിച്ച അദ്ദേഹം എക്കാലവും ഓര്‍മ്മിക്കപ്പെടുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യസഭ എംപിമാരുടെ യാത്രയയപ്പ് പ്രസംഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗം ബാധിച്ച് അവശനായിട്ടും മന്‍മോഹന്‍ സിങ് വീല്‍ ചെയറില്‍ രാജ്യസഭയിലെത്തി വോട്ട് ചെയ്തത് പാര്‍ലമെന്റ് അംഗത്തിന്റെ കടമകളെക്കുറിച്ചുള്ള ബോധ്യംകൊണ്ടാണെന്നും മോദി പറഞ്ഞു.
◾മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ബാബ സിദ്ദീഖ് പാര്‍ട്ടിയില്‍നിന്നു രാജിവച്ചു. എന്‍സിപി അജിത് പവാറ് വിഭാഗത്തില്‍ ചേരുമെന്നാണ് വിവരം. 48 വര്‍ഷത്തെ കോണ്‍ഗ്രസ് ജീവിതം അവസാനിപ്പിക്കുകയാണെന്ന് എക്സ് പ്ളാറ്റ്ഫോമില്‍ ബാബ സിദ്ദീഖ് പറഞ്ഞു.
◾സ്ട്രോംഗ് റൂമില്‍നിന്ന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ മോഷ്ടിച്ചുകൊണ്ടുപോയത് വിലപ്പെട്ട എന്തോ സൂക്ഷിച്ച ബ്രീഫ് കെയ്സെന്ന് കരുതിയാണെന്ന് യുവാക്കള്‍. പൂനെയിലെ സസ്വാദില്‍നിന്ന് ഒരു വോട്ടിങ് മെഷീന്‍ മോഷ്ടിച്ച പ്രതികളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ഇങ്ങനെ പ്രതികരിച്ചത്. സ്ട്രോങ് റൂമിന്റെ ചുമതലക്കാരായ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാന ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.
◾ഉത്തര്‍പ്രദേശില്‍ മതപരിവര്‍ത്തനം ആരോപിച്ച് കത്തോലിക്ക പുരോഹിതന്‍ ഉള്‍പ്പെടെ 10 പേരെ അറസ്റ്റു ചെയ്തു. ലക്നോ അതിരൂപതയില്‍ പ്രവര്‍ത്തിക്കുന്ന മംഗലാപുരം സ്വദേശിയായ ഫാ. ഡൊമിനിക് പിന്റുവാണ് അറസ്റ്റിലായ പുരോഹിതന്‍. അദ്ദേഹത്തിന് പുറമെ അഞ്ച് പ്രൊട്ടസ്റ്റന്റ് പാസ്റ്റര്‍മാരും പിടിയിലായി.
◾ഹുക്കയുടെ വില്‍പനയും ഉപയോഗവും കര്‍ണാടക സര്‍ക്കാര്‍ നിരോധിച്ചു. ബാറുകളില്‍ അഗ്നി രക്ഷാ മാനദണ്ഡങ്ങളനുസരിച്ചും ഹുക്ക നിരോധിച്ചിട്ടുണ്ട്.
◾1974 മുതല്‍ 13 ഫിഫ ലോകകപ്പുകളില്‍ അര്‍ജന്റീന ഫുട്ബോള്‍ ടീമിനെ അനുഗമിച്ചിരുന്ന അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കടുത്ത ആരാധകനായ കാര്‍ലോസ് പാസ്‌ക്വല്‍ (83) അന്തരിച്ചു. 2022ല്‍ അര്‍ജന്റീന കിരീടം നേടിയ ഖത്തര്‍ ലോകകപ്പില്‍ മികച്ച ആരാധകര്‍ക്കുള്ള ഫിഫയുടെ പുരസ്‌കാരം അര്‍ജന്റീനയ്ക്ക് വേണ്ടി ഏറ്റുവാങ്ങിയതും പാസ്‌ക്വല്‍ ആയിരുന്നു.
◾ഒരു വര്‍ഷത്തിന് ശേഷം അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനി വീണ്ടും 10,000 കോടി ഡോളര്‍ (100 ബില്യണ്‍ ഡോളര്‍) ക്ലബില്‍ ഇടംനേടി. ബുധനാഴ്ച അദാനിയുടെ ആസ്തി 270 കോടി ഡോളര്‍ കൂടി വര്‍ധിച്ചതോടെയാണ് ഈ നേട്ടം തിരിച്ചുപിടിച്ചത്. നിലവില്‍ 10070 കോടി ഡോളറാണ് ഗൗതം അദാനിയുടെ ആസ്തി. മാസങ്ങള്‍ക്ക് മുന്‍പ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പ് ഓഹരികള്‍ വലിയ നഷ്ടം നേരിട്ടിരുന്നു. ഓഹരി വില പെരുപ്പിച്ച് കാട്ടി എന്നതായിരുന്നു റിപ്പോര്‍ട്ടിലെ മുഖ്യ ആരോപണം. അദാനി ഗ്രൂപ്പ് ആരോപണം നിഷേധിച്ചെങ്കിലും വലിയ നഷ്ടമാണ് അദാനി ഗ്രൂപ്പ് ഓഹരികള്‍ക്ക് സംഭവിച്ചത്. അദാനി ഗ്രൂപ്പിലെ പ്രധാന കമ്പനിയായ അദാനി എന്റര്‍പ്രൈസസ് അടക്കം വലിയ ഇടിവാണ് നേരിട്ടത്. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം അദാനി ഗ്രൂപ്പ് കമ്പനി ഓഹരികള്‍ തിരിച്ചുവരുന്നതാണ് കണ്ടത്. കമ്പനി ഫലം പുറത്തുവന്നതിനെ തുടര്‍ന്ന് തുടര്‍ച്ചയായി എട്ടുദിവസമാണ് അദാനി എന്റര്‍പ്രൈസസ് ഓഹരി മുന്നേറിയത്. അദാനി എന്റര്‍പ്രൈസസിന്റെ ലാഭത്തില്‍ 130 ശതമാനത്തിന്റെ വര്‍ധനാണ് രേഖപ്പെടുത്തിയത്. ഇതിന്റെ ചുവടുപിടിച്ചാണ് ഓഹരി വില കുതിച്ചത്. നിലവില്‍ ലോകത്തെ 12-ാമത്തെ സമ്പന്നനാണ് ഗൗതം അദാനി. മുകേഷ് അംബാനിക്ക് തൊട്ടുതാഴെയാണ് സ്ഥാനം.
◾മെറ്റ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്കായി നിരന്തരം പുതിയ ഫീച്ചറുകള്‍ കൊണ്ടുവരികയാണ്. വാട്‌സ്ആപ്പ് ചാനലുകള്‍, ലോഗിനിന്നായി പാസ്വേഡുകള്‍, ചാറ്റ് ലോക്കിങ് സംവിധാനം എന്നീ അപ്‌ഡേറ്റുകളും കൊണ്ടുവന്നിരുന്നു. ഇപ്പോള്‍ എഐ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന കസ്റ്റമര്‍ സപ്പോര്‍ട്ടും നടപ്പിലാക്കുന്നതായാണ് റിപ്പോര്‍ട്ട്. വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പ്രകാരം ഉപയോക്താക്കളുടെ ചോദ്യങ്ങള്‍ക്ക് എഐ ഉത്തരം നല്‍കും. ആന്‍ഡ്രോയിഡ് ഉപയോക്തക്കള്‍ക്കായാണ് നിലവില്‍ ഈ ഫീച്ചര്‍ കൊണ്ടുവരുന്നതെങ്കിലും ഐഒഎസ് ഉപയോക്താക്കളിലേക്കും ഫീച്ചര്‍ എത്തിയേക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. എഐ കസ്റ്റമര്‍ അസിസ്റ്റുകൊണ്ട് ഉപയോക്താവിന്റെ പരാതി പരിഹരിക്കാനായില്ലെങ്കില്‍ എഐയുടെ സഹായത്തോടെ തന്നെ കസ്റ്റമര്‍ എക്‌സിക്യൂട്ടീവുകളെയും ബന്ധപ്പെടാം. പുതിയ ഫീച്ചര്‍ ഉപയോക്തളുടെ കസ്റ്റമര്‍ അസിസ്റ്റിനായുള്ള കാത്തിരിപ്പ് സമയം കുറയ്ക്കും. എക്‌സിക്യൂട്ടീവുകള്‍ തിരക്കിലാണെങ്കിലും എഐയുടെ സഹായം ലഭ്യമാകും. എന്നാല്‍ ഫീച്ചര്‍ എപ്പോള്‍ ലഭ്യമാകുമെന്നതിനെ കുറിച്ച് ഇപ്പോള്‍ വിവരമില്ല.
◾ജയം രവി നായകനാകുന്ന പുതിയ ചിത്രമാണ് ‘സൈറണ്‍’. അനുപമ പരമേശ്വരനാണ് ജയം രവി ചിത്രത്തില്‍ നായികയായി എത്തുന്നത്. കീര്‍ത്തി സുരേഷ് പൊലീസ് ഓഫീസറാകുന്ന ചിത്രം എന്ന ഒരു പ്രത്യേകതയും സൈറണുണ്ട്. സൈറണ്‍ സിനിമയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നു. ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് ആന്റണി ഭാഗ്യരാജാണ്. ഒരു ആക്ഷന്‍ ഇമോഷണല്‍ ഡ്രാമയായി ചിത്രം ഒരുക്കുമ്പോള്‍ കൊറിയോഗ്രാഫി നിര്‍വഹിക്കുന്നത് ബൃന്ദയാണ്. ജി വി പ്രകാശ് കുമാറാണ് സംഗീതം നിര്‍വഹിക്കുന്നത്. സെല്‍വകുമാര്‍ എസ് കെയാണ് ഛായാഗ്രാഹണം. സൈറണിന്റെ റിലീസ് ഡേറ്റ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി 16നായിരിക്കും ചിത്രം റിലീസ് ചെയ്യുക. ജയം രവി നായകനായി ഒടുവിലെത്തിയ ചിത്രം ഇരൈവന്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
◾അനീഷ് ഉദയ് സംവിധാനം ചെയ്യുന്ന ‘ജെറി’യിലെ ആദ്യ ഗാനം ‘നീ പിണങ്ങല്ലെ’ പുറത്തിറങ്ങി. ഗ്രാമീണതയുടെ പശ്ചാത്തലത്തില്‍ പ്രണയം തുളുമ്പുന്ന ഗാനം വിനീത് ശ്രീനിവാസനും നിത്യ മാമ്മേനും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. അരുണ്‍ വിജയ് സംഗീതം പകര്‍ന്ന ഈ ഹൃദയ സ്പര്‍ശിയായ ഗാനത്തിന് വിനായക് ശശികുമാറാണ് വരികള്‍ ഒരുക്കിയിരിക്കുന്നത്. കോട്ടയം നസീര്‍, സണ്ണി ജോസഫ്, പ്രമോദ് വെളിയനാട് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഫെബ്രുവരി 9ന് തിയറ്ററുകളിലെത്തും. ഒരു എലി ഉണ്ടാക്കുന്ന പൊല്ലാപ്പും നാട്ടുകാരുടെ അടിപിടിയും വീട്ടുകാരുടെ കലപിലയും പ്രമേയമാവുന്ന ‘ജെറി’ പക്കാ കോമഡി-ഫാമിലി എന്റര്‍ടൈനറാണ്. നൈജില്‍ സി മാനുവല്‍ തിരക്കഥ രചിച്ച ‘ജെറി’ ജെ സിനിമാ കമ്പനിയുടെ ബാനറില്‍ ജെയ്‌സണും ജോയ്‌സണും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഇന്ത്യയിലെ പ്രമുഖ മ്യൂസിക്കല്‍ കമ്പനിയായ സരിഗമ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയ ചിത്രത്തിന്റെ ട്രെയിലര്‍, ടീസര്‍, പ്രൊമോ സോങ്ങ് ‘കലപില’ എന്നിവ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചിരുന്നു.
◾ലൂണ ഇലക്ട്രിക്കിന്റെ വില പ്രഖ്യാപിച്ച് കൈനറ്റിക് ഗ്രീന്‍. രണ്ടു മോഡലിലായി ലഭിക്കുന്ന ലൂണയുടെ എക്സ്1 വേരിയന്റിന് 69990 രൂപയും എക്സ്2 വേരിയന്റിന് 74990 രൂപയുമാണ് ഡല്‍ഹി എക്സ്ഷോറൂം വില. 1.7 കിലോവാട്ട്അവര്‍, 2 കിലോവാട്ട്അവര്‍, 3 കിലോവാട്ട്അവര്‍ ബാറ്ററി പായ്ക്കുകളില്‍ ലൂണ ലഭിക്കും. ആദ്യ രണ്ടു ബാറ്ററി പായ്ക്കുകള്‍ക്കും 110 കിലോമീറ്ററും രണ്ടാമത്തെ ബാറ്ററി പായ്ക്കിന് 150 കിലോമീറ്ററുമാണ് റേഞ്ച്. ഒരു കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഇലക്ട്രിക് ലൂണയ്ക്ക് 10 പൈസ മാത്രമേ ചെലവ് വരൂ എന്നാണ് കൈനറ്റിക് പറയുന്നത്. ആമസോണ്‍, ഫ്ലിപ്കാര്‍ട്ട് സൈറ്റുകള്‍ വഴി വാഹനത്തിന്റെ പ്രീബുക്കിങ് കമ്പനി സ്വീകരിച്ചു തുടങ്ങിയിരുന്നു. വൈദ്യുത മോഡലില്‍ പെഡലുകളില്ലെന്നതു മാത്രമാണ് പ്രധാന വ്യത്യാസം. 150 കിലോഗ്രാം വരെ ഭാരം വഹിച്ച് ലൂണയ്ക്ക് കുതിക്കാനാകും. ഉയര്‍ന്ന വേഗം 50 കിലോമീറ്റര്‍. ആവശ്യമുള്ളപ്പോള്‍ എടുത്തുമാറ്റാവുന്ന നിലയിലാണ് പിന്‍ സീറ്റുകള്‍. ഇ ലൂണ മള്‍ബെറി റെഡ്, ഓഷ്യന്‍ ബ്ലൂ എന്നീ നിറങ്ങളില്‍ ലഭ്യമാണ്. രണ്ടു വീലുകളിലും ഡ്രംബ്രേക്കുകളാണ് നല്‍കിയിട്ടുള്ള ഇ ലൂണയില്‍ ടെലസ്‌കോപിക് ഫോര്‍ക്കും ട്വിന്‍ ഷോക്ക് അബ്‌സോര്‍ബറുകളുമാണുള്ളത്. 16 ഇഞ്ച് വീലുകളില്‍ പൊതുവിലുള്ള മറ്റേത് ഇരുചക്രവാഹനത്തേക്കാളും കൂടുതല്‍ മെലിഞ്ഞ ടയറുകളാണുള്ളത്. ചക്രത്തിനോടു ചേര്‍ന്നു ഘടിപ്പിച്ചിട്ടുള്ള ഹബ്ബ് മോട്ടോറാണ് ഇ ലൂണയെ ചലിപ്പിക്കുന്നത്. പരമാവധി ടോര്‍ക്ക് 22എന്‍എം. 2കിലോവാട്ട്അവര്‍ ബാറ്ററി നാലു മണിക്കൂറുകൊണ്ട് പൂര്‍ണമായും ചാര്‍ജാവും. പോര്‍ട്ടബിള്‍ ചാര്‍ജറും ഇ ലൂണക്ക് ലഭ്യമാണ്. 500 രൂപ നല്‍കി ഇ ലൂണ ബുക്കു ചെയ്യാനാവും.
◾‘വൈക്കം ക്ഷേത്രത്തിലെ മതിലുകള്‍ക്കു ചുറ്റുമുള്ള ഒറ്റച്ചാണ്‍വഴിയെ സംബന്ധിക്കുന്ന യുദ്ധമല്ല നടക്കുന്നത്…”കുമാരനാശാന്‍ വൈക്കം സത്യാഗ്രഹത്തെക്കുറിച്ച് അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍നിന്ന്. ജാതീയ ഉച്ചനീചത്വങ്ങള്‍ നല്കിയ ‘ഭ്രാന്താലയം’ എന്ന കുറ്റപ്പേരിനെ നമ്മുടെ നാട്, ഒരര്‍ഥത്തില്‍, വൈക്കം സത്യാഗ്രഹത്തിലൂടെ മായ്ച്ചു കളയുകയായിരുന്നു. സഞ്ചാരസ്വാതന്ത്ര്യത്തിനായുള്ള ആദ്യത്തെ സംഘടിതസമരമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ക്ഷേത്രത്തോടു ചേര്‍ന്ന പൊതുവഴിയില്‍ അയിത്തജാതിക്കാര്‍ക്ക് പ്രവേശനം വിലക്കിയ ‘തീണ്ടല്‍പ്പലകകള്‍’ കടപുഴക്കിയെറിയപ്പെട്ടു. ക്ഷേത്രവഴികള്‍ക്കു പുറമെ ക്ഷേത്രങ്ങള്‍കൂടി അവര്‍ണ/അവശവിഭാഗങ്ങള്‍ക്കു തുറന്നുകൊടുക്കുന്നതിലേക്ക് ഈ പ്രക്ഷോത്തിന്റെ സ്വാധീനം നീണ്ടു. ‘സ്വരാജിനോളം പ്രധാനം” എന്ന് ഗാന്ധിജി വിശേഷിപ്പിച്ച, ‘മതത്തിന്റെ മുഖംമൂടിയണിഞ്ഞ ആഭാസത്തിനെതിരെ” നടന്ന ഐതിഹാസികസമരത്തിന്റെ പോരാട്ടവീഥികളിലൂടെയാണ് ഈ പുസ്തകത്തിന്റെ നടത്തം. ‘വൈക്കം സത്യാഗ്രഹത്തിന്റെ നാളുകള്‍’. എം. കമറുദ്ദീന്‍. എച്ച് & സി ബുക്സ്. വില 60 രൂപ.
◾മരുന്നുകളൊന്നും ഇല്ലാതെ തന്നെ രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ ഭക്ഷണക്രമത്തിലെ ചെറിയൊരു മാറ്റത്തിലൂടെ സാധ്യമാണെന്ന് പുതിയൊരു പഠനം ചൂണ്ടിക്കാണിക്കുന്നു. ഭക്ഷണക്രമത്തില്‍ നിന്ന് ഒരു ടീസ്പൂണ്‍ ഉപ്പ് കുറയ്ക്കാനായാല്‍ ഇത് രക്തസമ്മര്‍ദത്തിനുള്ള മരുന്ന് കഴിക്കുന്നതിന്റെ തുല്യമായ ഫലം ഉളവാക്കുമെന്ന് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം വെളിപ്പെടുത്തുന്നു. 213 പേരിലാണ് പഠനം നടത്തിയത്. ഒരാഴ്ചത്തേക്ക് കുറഞ്ഞ ഉപ്പിന്റെ അംശം അടങ്ങിയ ഭക്ഷണക്രമം പിന്തുടര്‍ന്ന ഇവര്‍ക്ക് ഉപ്പിന്റെ അംശം ഉയര്‍ന്ന ഭക്ഷണക്രമം പിന്തുടര്‍ന്നവരെ അപേക്ഷിച്ച് രക്തസമ്മര്‍ദം ശരാശരി എട്ട് പോയിന്റ് കുറഞ്ഞതായി ഗവേഷകര്‍ നിരീക്ഷിച്ചു. ഉയര്‍ന്ന തോതില്‍ ഉപ്പ് കഴിക്കുമ്പോള്‍ ശരീരത്തിലെ സോഡിയത്തിന്റെ അളവ് വര്‍ധിക്കുകയും ഇതിനെ ബാലന്‍സ് ചെയ്യാനായി കൂടുതല്‍ വെള്ളം ശരീരം നിലനിര്‍ത്തുകയും ചെയ്യും. വര്‍ധിച്ച അളവിലെ ഈ വെള്ളത്തിന്റെ സാന്നിധ്യം രക്തക്കുഴലുകള്‍ക്കു മേല്‍ അമിത സമ്മര്‍ദമേറ്റും. രക്തക്കുഴലുകള്‍ ചുരുങ്ങാനും അമിതമായ തോതിലെ സോഡിയം കാരണമാകും. ഭക്ഷണത്തിലെ ഉപ്പിന്റെ അംശം കുറയ്ക്കാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ സഹായിക്കും. ഫുഡ് ലേബലുകള്‍ വായിച്ച് ഓരോ ഭക്ഷണവിഭവത്തിലെയും സോഡിയത്തിന്റെ അംശം അറിഞ്ഞ ശേഷം ഇതിന്റെ തോത് കുറഞ്ഞ വിഭവങ്ങള്‍ മാത്രം തിരഞ്ഞെടുക്കുക. സംസ്‌കരിച്ചതും പായ്ക്ക് ചെയ്തതുമായ ഭക്ഷണങ്ങളില്‍ സോഡിയത്തിന്റെ അളവ് അധികമായിരിക്കും. ഇതിനാല്‍ ഇവയെല്ലാം കഴിവതും ഒഴിവാക്കണം. വീട്ടില്‍ തന്നെ പാചകം ചെയ്താല്‍ ഭക്ഷണത്തിലെ ഉപ്പിന്റെ അളവ് നിയന്ത്രിക്കാന്‍ നമുക്ക് സാധിക്കും. ഇതിനാല്‍ വീട്ടിലെ ഭക്ഷണത്തിനു മുന്‍തൂക്കം നല്‍കുക. സോഡിയം ക്ലോറൈഡിന് പകരം പൊട്ടാസിയം ക്ലോറൈഡ് പോലുള്ള ബദലുകളും തേടാവുന്നതാണ്. പെട്ടെന്ന് ഒറ്റയടിക്ക് ഉപ്പിന്റെ അളവ് കുറയ്ക്കാതെ പടിപടിയായി കുറച്ചു കൊണ്ട് വരണം. ഇത് രസമുകുളങ്ങള്‍ക്ക് പുതു രുചിയോട് അഡ്ജസ്റ്റ് ചെയ്യാന്‍ സാവകാശം നല്‍കും. സോഡിയം കുറഞ്ഞതും പോഷണങ്ങള്‍ അധികമുള്ളതുമായ പഴങ്ങളും പച്ചക്കറികളും സമൃദ്ധമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താനും ശ്രദ്ധിക്കണം.
രക്തസമ്മര്‍ദം സ്ഥിരമായി 130 /80ന് മുകളില്‍ കാണിക്കുകയും നെഞ്ച് വേദന, അധിക നെഞ്ചിടിപ്പ്, തലകറക്കം പോലുള്ള ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയും ചെയ്താല്‍ ഡോക്ടറെ കാണാനും വൈകരുത്. രക്തസമ്മര്‍ദത്തിന് മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്നവര്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമല്ലാതെ മരുന്ന് നിര്‍ത്തുന്നതും അപടകടകരമാണ്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 82.99, പൗണ്ട് – 104.83, യൂറോ – 89.43, സ്വിസ് ഫ്രാങ്ക് – 95.08, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.06, ബഹറിന്‍ ദിനാര്‍ – 220.17, കുവൈത്ത് ദിനാര്‍ -269.53, ഒമാനി റിയാല്‍ – 215.58, സൗദി റിയാല്‍ – 22.13, യു.എ.ഇ ദിര്‍ഹം – 22.59, ഖത്തര്‍ റിയാല്‍ – 22.80, കനേഡിയന്‍ ഡോളര്‍ – 61.65.