p15 yt cover

സംസ്ഥാന ബജറ്റിനെതിരേ സിപിഐ മന്ത്രിമാര്‍. തങ്ങളുടെ വകുപ്പുകള്‍ക്കുള്ള ബജറ്റ് വിഹിതം വന്‍തോതില്‍ വെട്ടിക്കുറച്ചതിനെതിരേ ഭക്ഷ്യമന്ത്രി ജി.ആര്‍. അനിലും മൃഗസംരക്ഷണ വകുപ്പു മന്ത്രി ജെ. ചിഞ്ചുറാണിയും രംഗത്ത്. ഭക്ഷ്യ വകുപ്പിനും സിവില്‍ സ്പളൈസിനും മതിയായ തുക വകയിരുത്താത്തതിനെക്കുറിച്ച് ചര്‍ച്ച നടത്തുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. അരി അടക്കം എല്ലായിനം ഭക്ഷ്യവസ്തുക്കളുടേയും വില വര്‍ധിക്കുകയാണ്. ഇടപെടേണ്ട ഭക്ഷ്യ വകുപ്പ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. അനുകൂല നടപടി ഉണ്ടാകുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന ബജറ്റില്‍ മൃഗസംരക്ഷണ വകുപ്പിനുള്ള വിഹിതം 40 ശതമാനം വെട്ടിക്കുറച്ചെന്ന് സിപിഐ നേതാവും മന്ത്രിയുമായ ജെ ചിഞ്ചുറാണി. ബജറ്റിലെ അവഗണനക്കെതിരേ മുഖ്യമന്ത്രിയേയും ധനമന്ത്രിയേയും പ്രതിഷേധം അറിയിക്കും. പ്രശ്നം പരിഹരിക്കുമെന്നാണ് പ്രതീക്ഷ. മന്ത്രി പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിനെതിരേ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മന്ത്രിമാരും ഭരണപക്ഷ എംഎല്‍എമാരും വ്യാഴാഴ്ച ഡല്‍ഹിയില്‍ നടത്തുന്ന സമരത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും പങ്കെടുക്കും. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളെ സാമ്പത്തികമായി ഞെരുക്കുന്നതിനും ഗവര്‍ണര്‍മാരെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരുകളെ ദ്രോഹിക്കുന്നതിനും എതിരേയുള്ള സമരത്തിനു തമിഴ്നാട് സര്‍ക്കാരിന്റെ പിന്തുണയുണ്ടെന്ന് സ്റ്റാലിന്‍ അറിയിച്ചു.

*കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണ്‍*

കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണില്‍ ഇപ്പോള്‍ സ്വര്‍ണവിലയുടെ 90 ശതമാനവും വായ്പയായി ലഭിക്കുന്നു. ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. മാക്സിമം കയ്യില്‍ കിട്ടുമ്പോള്‍ മറ്റെവിടെ പോകാന്‍.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*

എസ്.എന്‍.സി. ലാവ്ലിന്‍ കേസ് സുപ്രീംകോടതി മേയ് ഒന്നിലേക്കു മാറ്റി. കേസെടുക്കാന്‍ സിബിഐക്ക് താല്‍പര്യമില്ലെന്നും കേസ് മുപ്പത് തവണ മാറ്റിയെന്നും കക്ഷികളില്‍ ഒരാളുടെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ കോടതി നിര്‍ദേശിച്ചാല്‍ വാദിക്കാന്‍ തയ്യാറാണെന്ന് സിബിഐ കോടതിയില്‍ അറിയിച്ചു. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് മാറ്റിയത്.

വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ നിക്ഷേപവും സ്വകാര്യ സര്‍വ്വകലാശാലകളും ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലവാരം ഉയര്‍ത്തുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു. വിദേശ സര്‍വകലാശാലകളെക്കുറിച്ച് ആലോചിക്കുമെന്നാണ് ബജറ്റില്‍ പറഞ്ഞത്. ഇതിനെതിരേയെല്ലാം പണ്ടു സമരം ചെയ്തത് അന്നത്തെ കാലത്തിനനുസരിച്ചുള്ള നിലപാടാണ്. കമ്പ്യൂട്ടറിനെതിരെയും സമരം ചെയ്തിട്ടുണ്ട്. മന്ത്രി പറഞ്ഞു.

തിരുവനന്തപുരത്തെ സ്മാര്‍ട് സിറ്റി റോഡ് നിര്‍മ്മാണ വിവാദത്തില്‍ മന്ത്രി മുഹമ്മദ് റിയാസിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിമര്‍ശനമുണ്ടായെന്ന മാധ്യമ വാര്‍ത്ത സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നിഷേധിച്ചു. കരാറുകാരെ മാറ്റിയപ്പോള്‍ ചിലര്‍ക്കു പൊള്ളിയെന്നാണു മുഹമ്മദ് റിയാസ് പ്രസംഗിച്ചത്. സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവനക്കെതിരേയാണു മുഹമ്മദ് റിയാസിന്റെ പ്രസംഗമെന്ന് വാര്‍ത്ത വന്നിരുന്നു. എന്നാല്‍ കടകംപള്ളിയെ ഉദ്ദേശിച്ചു പറഞ്ഞതല്ലെന്ന് മന്ത്രി പ്രതികരിച്ചിരുന്നു.

*മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ സ്‌പെഷ്യല്‍ ന്യൂ ഇയര്‍ കളക്ഷനും*

മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഇനി മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം 299 രൂപ മുതലുള്ള സ്‌പെഷ്യല്‍ ന്യൂ ഇയര്‍

കളക്ഷനും. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

മൈക്രോ ഫിനാന്‍സ് തട്ടിപ്പു കേസില്‍ വെള്ളാപ്പള്ളി നടേശനെതിരേ തെളിവില്ലെന്നു വിജിലന്‍സ്. വി.എസ്. അച്യുതാനന്ദന്‍ നല്‍കിയ പരാതിയില്‍ വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി എടുത്ത കേസിലാണ് റിപ്പോര്‍ട്ട് നല്‍കിയത്. കേസ് അവസാനിപ്പിക്കുന്നതില്‍ ആക്ഷേപം ഉണ്ടെങ്കില്‍ അറിയിക്കണമെന്ന് തൃശൂര്‍ വിജിലന്‍സ് കോടതി അച്യുതാനന്ദന് നോട്ടീസ് അയച്ചു.

വിദേശ മദ്യത്തിനു സര്‍ക്കാര്‍ വിലകൂട്ടിയത് സൂത്രവിദ്യയിലൂടെ. ലിറ്ററിന് അഞ്ചു പൈസയായിരുന്ന ഗാലനേജ് ഫീസ് പത്തു രൂപയാക്കി കൂട്ടാനാണു ബജറ്റ് നിര്‍ദ്ദേശം. പത്തു പൈസയാക്കാമെന്നായിരുന്നു ബെവ്ക്കോ നല്‍കിയ നിര്‍ദേശം. അഞ്ചു പൈസ പത്തു രൂപയാക്കി വര്‍ധിപ്പിച്ചതോടെ ബിവറേജസ് കോര്‍പറേഷന്റെ ലാഭം വന്‍തോതില്‍ കുറയും. ഇതോടെ മദ്യവില വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെടേണ്ടിവരും.

ഡോ വന്ദനദാസ് കൊലക്കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഡോ. വന്ദനയുടെ അച്ഛന്‍ മോഹന്‍ദാസ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ അപൂര്‍വ്വമായ സാഹചര്യം ഇല്ലെന്ന് വിലയിരുത്തിയാണ് ഹര്‍ജി തള്ളിയത്. സന്ദീപ് മാത്രമാണ് കേസിലെ ഏക പ്രതി. ഉദ്യോഗസ്ഥര്‍ക്കെതിരെ കണ്ടെത്തലൊന്നും ഇല്ലെന്നും കോടതി നിരീക്ഷിച്ചു.

ചാലക്കുടിയില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ ഷീല സണ്ണിയെ വ്യാജ ലഹരികേസില്‍ കുടുക്കിയ സംഭവത്തിലെ പ്രതി നാരായണദാസ് ഹര്‍ജിയുമായി ഹൈക്കോടതിയില്‍. എക്സൈസ് വ്യാജമായി തന്നെ കേസില്‍ പ്രതിയാക്കിയെന്നും തനിക്ക് കുറ്റകൃത്യത്തില്‍ പങ്കില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

ബജറ്റിലെ വിദേശ സര്‍വകലാശാല പ്രഖ്യാപനത്തില്‍ വലിയ ആശങ്കയുണ്ടെന്ന് എസ്എഫ്ഐ. വിദേശ സര്‍വ്വകലാശാല വേണ്ടെന്നാണ് എസ്എഫ്ഐയുടെ നിലപാടെന്ന് സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ പറഞ്ഞു. എന്‍ഐടി പ്രൊഫസറുടെ ഗോഡ്സെ അനുകൂല പരാമര്‍ശത്തില്‍ കോഴിക്കോട് എന്‍ഐടിയിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ. അനുശ്രീ.

ഹൈക്കോടതി വിമര്‍ശനത്തെ തുടര്‍ന്ന് കെ ഫോണില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ലോകായുക്തക്കെതിരായ പരാമര്‍ശം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പിന്‍വലിച്ചു. കര്‍ത്തവ്യ നിര്‍വഹണത്തില്‍ ലോകായുക്ത പരാജയമാണെന്നായിരുന്നു ഹര്‍ജിയിലെ പരാമര്‍ശം.

റബറിന്റെ താങ്ങുവില പത്തു രൂപ ബജറ്റിലൂടെ വര്‍ധിപ്പിച്ചതിനു ധനമന്ത്രിക്കെതിരെ അധിക്ഷേപവുമായി ബിജെപി നേതാവ് പിസി ജോര്‍ജ്. ‘മന്ത്രി നാണം കെട്ടവനാണ്. പത്തു രൂപ മന്ത്രിയുടെ അപ്പന് കൊടുക്കട്ടെയെന്നും ജോര്‍ജ് പറഞ്ഞു. അടൂരില്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കസ് കുടുംബത്തിലെ കാണാതായ ഭാര്യയും നാലു മക്കളും തിരിച്ചെത്തി. കോഴിക്കോട് കൂരാച്ചുണ്ട് എരപ്പാംതോട് താമസിക്കുന്ന മധുഷെട്ടിയുടെ ഭാര്യ സ്വപ്ന, മക്കളായ പൂജശ്രീ (13) കാവ്യശ്രീ (12) സ്വപ്നയുടെ സഹോദരിയുടെ മക്കളായ ഭാരതി (18) തേജ് (17), എന്നിവരെകഴിഞ്ഞ മാസം 20 മുതല്‍ കാണാനില്ലെന്നു മധു ഷെട്ടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. കുടുംബ വഴക്കിനെ തുടര്‍ന്നാണ് ഇവര്‍ വീടുവിട്ടതെന്നാണ് അറിയുന്നത്.

ഗോവ ഗവര്‍ണറുടെ വാഹനവ്യൂഹത്തിലേക്ക് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ മകന്‍ ജൂലിയസ് നികുതാസ് കാര്‍ ഓടിച്ചു കയറ്റിയ സംഭവത്തില്‍ കേസെടുക്കാതെ പോലീസ്. ഞായറാഴ്ച കോഴിക്കോട് മൊഫ്യൂസല്‍ സ്റ്റാന്‍ഡിനടുത്തായിരുന്നു സംഭവം. കസബ പൊലീസ് ആയിരം രൂപ പിഴയടപ്പിച്ചെങ്കിലും കേസെടുത്തില്ല. കേസെടുത്ത് അറസ്റ്റു ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

താമരശ്ശേരി ചുരത്തില്‍ വലിയ വാഹനങ്ങള്‍ക്ക് അവധി ദിവസങ്ങളില്‍ നിയന്ത്രണം. ബദല്‍പാതയായ പൂഴിത്തോട് പടിഞ്ഞാറത്തറ റോഡ് ഉപയോഗിക്കാം. ഗതാഗതകുരുക്ക് പ്രശ്നത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടലിനെ തുടര്‍ന്നാണ് നടപടി.

കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി തെലങ്കാനയില്‍നിന്നു ലോക്സഭയിലേക്കു മല്‍സരിക്കണമെന്നു ക്ഷണം. റായ്ബറേലി വിട്ട് സോണിയാ ഗാന്ധിയോട് തെലങ്കാനയില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടെന്നു മുഖ്യമന്ത്രി രേവന്ത് റെഡ്ഡി വ്യക്തമാക്കി. റായ്ബറേലിയില്‍ പ്രിയങ്കാ ഗാന്ധി മത്സരിക്കണമെന്നു നിര്‍ദേശിച്ചെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.

റോഡരികില്‍ കാണുന്ന എല്ലാ കല്ലും വിഗ്രഹമാണെന്ന അന്ധവിശ്വാസം വേണ്ടെന്ന് മദ്രാസ് ഹൈക്കോടതി. സ്വകാര്യവസ്തുവിനു മുന്നില്‍ അയല്‍ക്കാരന്‍ സ്ഥാപിച്ച കല്ല് നീക്കണമെന്ന് ആവശ്യപ്പെട്ട് ചെങ്കപ്പേട്ട് സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് ഈ ഉത്തരവ്. ഒരാഴ്ചയ്ക്കകം കല്ല് നീക്കണമെന്ന് പൊലീസിനും റവന്യൂവകുപ്പിനും കോടതി നിര്‍ദേശം നല്‍കി.

വിവാഹമെന്ന സംവിധാനം സംരക്ഷിക്കപ്പെടണമെന്നും വിവാഹിതരല്ലാതെ സ്ത്രീകള്‍ കുട്ടികള്‍ക്കു ജന്മം നല്‍കാന്‍ അനുവദിക്കാനാവില്ലെന്നും സുപ്രീം കോടതി. 44 വയസുള്ള അവിവാഹിതയായ സ്ത്രീയുടെ ഹര്‍ജി തള്ളിക്കൊണ്ടാണ് പശ്ചാത്യ രാജ്യങ്ങളിലെ സംസ്‌കാരം ഇവിടെ വേണ്ടെന്നു സുപ്രീം കോടതി നിലപാടെടുത്തത്. അവിവാഹിതയായ സ്ത്രീയെ വാടക ഗര്‍ഭധാരണത്തിലൂടെ അമ്മയാവാന്‍ അനുവദിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

ഏകീകൃത സിവില്‍ കോഡ് ബില്‍ ഉത്തരാഖണ്ഡ് നിയമസഭയില്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി അവതരിപ്പിച്ചു. ബിജെപി എംഎല്‍എമാരുടെ ജയ് ശ്രീറാം വിളികള്‍ക്കിടയിലാണ് മുഖ്യമന്ത്രി ബില്‍ അവതരിപ്പിച്ചത്.

മധ്യപ്രദേശിലെ ഹാര്‍ദ ജില്ലയിലെ പടക്കനിര്‍മ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ ആറു പേര്‍ മരിച്ചു. 59 പേര്‍ക്ക് പരിക്കേറ്റു. സമീപത്തെ നിരവധി വീടുകള്‍ കത്തി നശിച്ചു.

ബ്രിട്ടനിലെ ചാള്‍സ് മൂന്നാമന്‍ രാജാവിന് ക്യാന്‍സറെന്ന് സ്ഥിരീകരണം. പ്രോസ്റ്റേറ്റ് ചികിത്സയ്ക്കിടയിലാണ് രോഗം സ്ഥിരീകരിച്ചത്.

സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് സ്വര്‍ണ വിപണി. തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ ഇടിവ്. കേരളത്തില്‍ ഇന്നത്തെ സ്വര്‍ണവില പവന് 46,200 രൂപയാണ്. 160 രൂപയാണ് പവന് കുറഞ്ഞത്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 5,775 രൂപയായി.18 കാരറ്റ് സ്വര്‍ണത്തിനും ഗ്രാമിന് 15 രൂപ കുറഞ്ഞ് വില 4,775 രൂപയിലെത്തി. വെള്ളിവില ഇന്ന് ഗ്രാമിന് ഒരു രൂപ താഴ്ന്ന് 76 രൂപയുമായിട്ടുണ്ട്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയില്‍ തുടരുന്നു. അര ലക്ഷത്തോളം രൂപനിലവില്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ പണിക്കൂലിയും ജി.എസ്.ടിയും ചേര്‍ത്ത് അര ലക്ഷത്തോളം രൂപ ചെലവ് വരും. ഡോളര്‍ കരുത്താര്‍ജിക്കുന്നതാണ്. സ്വര്‍ണവില ഇടിയാന്‍ പ്രധാന കാരണം. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍- രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കുന്നത്.

ഉപയോക്താക്കള്‍ക്കായി വാട്‌സ്ആപ്പ് പുതിയ ഫീച്ചര്‍ കൊണ്ടുവരുന്നതായി റിപ്പോര്‍ട്ട്. കോണ്‍ടാക്ടുകള്‍ ഫേവറേറ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്നതാണ് പുതിയ ഫീച്ചര്‍. ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ കോള്‍ ചെയ്യാന്‍ സാധിക്കുമെന്നതാണ് പുതിയ ഫീച്ചറിന്റെ പ്രത്യേകത. ഫേവറേറ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള നമ്പറുകളിലേക്കാണ് എളുപ്പത്തില്‍ കോള്‍ ചെയ്യാന്‍ സാധിക്കുക. അപ്‌ഡേറ്റ് ആദ്യം ആപ്പിള്‍ ഫോണുകളില്‍ മാത്രമാണ് ലഭ്യമാകുക. വാട്‌സ്ആപ്പ് പുതിയ ഫീച്ചര്‍ കൊണ്ടുവരുന്നതായി വാബീറ്റ ഇന്‍ഫോയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആപ്പില്‍ കോള്‍ ടാബിന് മുകളിലായാണ് ഫീച്ചര്‍ കാണാനാകുക. വാട്‌സ്ആപ്പ് കൂടുതല്‍ ഉപഭോക്തൃ സൗഹൃദമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ഫീച്ചര്‍ കൊണ്ടുവരുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഫീച്ചര്‍ നിലവില്‍ പരീക്ഷണ ഘട്ടത്തിലാണെന്നും വാട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേറ്റില്‍ ഫീച്ചര്‍ ലഭ്യമാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

വിഷ്ണു വിശാല്‍, വിക്രാന്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ‘ലാല്‍ സലാം’ സിനിമയുടെ ട്രെയിലര്‍ എത്തി. രജനികാന്ത് ചിത്രത്തില്‍ അതിഥിവേഷത്തിലെത്തുന്നു. ലൈക പ്രൊഡക്ഷന്‍ ആണ് നിര്‍മാണം. ഫെബ്രുവരി 9ന് തിയറ്റര്‍ റിലീസ് ചെയ്യുന്ന ഈ ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി എന്നിങ്ങനെ 5 ഭാഷകളിലായി പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന് എ.ആര്‍. റഹ്‌മാനാണ് സംഗീതം പകരുന്നത്. വിഷ്ണു രംഗസ്വാമി കഥയും സംഭാഷണങ്ങളും ഒരുക്കിയ ചിത്രത്തില്‍ ‘മൊയ്ദീന്‍ ഭായ്’ എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പ്രമേയം ക്രിക്കറ്റാണെങ്കിലും അതിലുപരി മറ്റു ചില വിഷയങ്ങള്‍കൂടി സംസാരിക്കുന്ന സിനിമയാണിത്. സെന്തില്‍, ജീവിത, തമ്പി രാമയ്യ, അനന്തിക സനില്‍കുമാര്‍, വിവേക് പ്രസന്ന, തങ്കദുരൈ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ‘3’, ‘വൈ രാജ വൈ’ എന്നീ ചിത്രങ്ങള്‍ക്കും ‘സിനിമാ വീരന്‍’ എന്ന ഡോക്യുമെന്ററിക്കും പിന്നാലെ 8 വര്‍ഷത്തിനുശേഷം ഐശ്വര്യ രജനികാന്ത് സംവിധാനരംഗത്തേക്ക് തിരിച്ചെത്തുന്ന സിനിമ കൂടിയാണ് ലാല്‍ സലാം.

മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഭ്രമയുഗം’. ബ്ലാക്ക് ആന്റ് വൈറ്റില്‍ പുറത്തിറങ്ങുന്ന ചിത്രം ഹൊറര്‍- ത്രില്ലര്‍ ഴോണറിലാണ് ഒരുങ്ങുന്നത്. ഫെബ്രുവരി 15 നാണ് ചിത്രത്തിന്റെ വേള്‍ഡ് വൈഡ് റിലീസ്. മമ്മൂട്ടിയെ കൂടാതെ അര്‍ജുന്‍ അശോകനും സിദ്ധാര്‍ത്ഥ് ഭരതനും അമല്‍ഡ ലിസും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ബ്ലാക്ക് ആന്റ് വൈറ്റ് ആയതുകൊണ്ട് തന്നെ ആഖ്യാനത്തിലും മറ്റും ഒരു പരീക്ഷണത്തിനായാണ് അണിയറപ്രവര്‍ത്തകര്‍ ഒരുങ്ങുന്നത് എന്നതും ശ്രദ്ധേയമാണ്. നേരത്തെ ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത ‘1956 മധ്യ തിരുവിതാംകൂര്‍’ എന്ന ചിത്രവും ബ്ലാക്ക് ആന്റ് വൈറ്റിലായിരുന്നു പുറത്തിറങ്ങിയത്. വൈ നോട്ട് സ്റ്റുഡിയോസിന്റെയും നൈറ്റ് ഷിഫ്റ്റിന്റെയും ബാനറില്‍ രാമചന്ദ്ര ചക്രവര്‍ത്തിയും ശശി കാന്തും നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പ്രശസ്ത മലയാള സാഹിത്യകാരന്‍ ടി. ഡി രാമകൃഷണനാണ് സംഭാഷണങ്ങള്‍ എഴുതുന്നത്. രാഹുല്‍ സദാശിവന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ. പബ്ലിസിറ്റി ചിലവ് ഉള്‍പ്പെടാതെ ചിത്രത്തിന് 27.73 കോടി രൂപ ബഡ്ജറ്റ് വന്നുവെന്നാണ് എക്സില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിന് താഴെ നിര്‍മാതാക്കളില്‍ ഒരാളായ രാമചന്ദ്ര ചക്രവര്‍ത്തി കമന്റ് ചെയ്തിരിക്കുന്നത്.

വില വരും മുന്‍പ് തന്നെ വില്‍പനയില്‍ തരംഗം സൃഷ്ടിച്ച് ടാറ്റ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര കാര്‍ നിര്‍മാതാക്കളായ ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ ഇലക്ട്രിക് മോഡല്‍. ഡിസംബറില്‍ ആരംഭിച്ച റേഞ്ച് റോവര്‍ ഇലക്ട്രിക്കിന്റെ ബുക്കിങ് 16,000 കടന്നു. റേഞ്ച് റോവര്‍ ഇലക്ട്രിക് മഞ്ഞിലും മഴയിലും മരുഭൂമിയിലും ഒരുപോലെ അനായാസം ഓടിക്കാം. റേഞ്ച് റോവറിന്റെ പൊതു സ്വഭാവങ്ങളായ ആഡംബര സൗകര്യങ്ങളും മിനിമലിസ്റ്റ് ഡിസൈനും ഓഫ്‌റോഡ് ശേഷിയുമെല്ലാമുള്ള വാഹനമായിരിക്കും ഇതിന്റെ ഇലക്ട്രിക്. എന്നാല്‍ ശബ്ദമോ മലിനീകരണമോ ഉണ്ടാവില്ല. പെര്‍ഫോമെന്‍സിന്റെ കാര്യത്തില്‍ റേഞ്ച് റോവര്‍ വി8ന് ഒപ്പമാണ് റേഞ്ച് റോവര്‍ ഇലക്ട്രിക്കിനേയും താരതമ്യപ്പെടുത്തുന്നത്. ബ്രിട്ടനിലെ സൊളിഹള്ളിലുള്ള ഫാക്ടറിയിലാണ് റേഞ്ച് റോവര്‍ ഇലക്ട്രിക് നിര്‍മിക്കുക. ബാറ്ററിയും ഇലക്ട്രിക് ഡ്രൈവ് യൂണിറ്റും ജെഎല്‍ആറിന്റെ വോള്‍വര്‍ഹാംടണിലുള്ള പുതിയ ഫാക്ടറിയിലാകും കൂട്ടിയോജിപ്പിക്കുക. ബുക്കിങ് ആരംഭിച്ച കഴിഞ്ഞ ഡിസംബറില്‍ തന്നെയാണ് റേഞ്ച് റോവര്‍ ഇലക്ട്രിക്കിന്റെ ചിത്രങ്ങള്‍ ആദ്യമായി കമ്പനി പുറത്തുവിട്ടത്. വാഹനത്തിന്റെ ഇന്റീരിയര്‍, എക്സ്റ്റീരിയര്‍ ചിത്രങ്ങള്‍ ഇതിലുണ്ടായിരുന്നു. റോഡ് നോയിസ് ക്യാന്‍സലേഷനും മികച്ച കാബിന്‍ കംഫര്‍ട്ടും റേഞ്ച് റോവര്‍ ഇലക്ട്രിക് വാഗ്ദാനം ചെയ്യുന്നു. ജെഎല്‍ആറിന്റെ മോഡുലാര്‍ ലോങ്കിറ്റിയൂഡിനല്‍ ആര്‍കിടെക്ച്ചറിലാണ് വാഹനം നിര്‍മിക്കുക. റേഞ്ച് റോവര്‍ ഇലക്ട്രിക്കിന്റെ ബുക്കിങ് 16,000 കടന്നുവെന്നത് ഈ ആഡംബര കാറിലുള്ള ഉയര്‍ന്ന ഡിമാന്‍ഡാണ് കാണിക്കുന്നത്.

ആറ്റിറ്റിയൂഡ് ഓഫ് ഗ്രാറ്റിറ്റിയൂഡ്, അനുപമയുടെ മുയല്‍ക്കടുവ, ആനന്ദക്കൂത്തു കണ്ടാടു പാമ്പേ, അരുന്ധതിയുടെ ആദ്യത്തെ ഓര്‍ഗാസം, നെഗറ്റീവ് ബ്ലൂ പ്രിന്റ്, പാരഡൈം ഷിഫ്റ്റ്, ഇന്ന് രാത്രി പതിനൊന്നിന്! തുടങ്ങി പത്തൊമ്പതു കഥകള്‍. വി.എസ്. അജിത്തിന്റെ ഏറ്റവും പുതിയ കഥകളുടെ സമാഹാരം. ‘ഇന്ന് രാത്രി പതിനൊന്നിന്’. മാതൃഭൂമി. വില 153 രൂപ.

തലച്ചോറിന്റെ ഉത്തേജനത്തിനു ടൈപ്പിങ്ങിനേക്കാള്‍ നല്ലത് കൈ കൊണ്ടുള്ള എഴുത്താണെന്ന് പുതിയ പഠനം ചൂണ്ടിക്കാണിക്കുന്നു. 36 വിദ്യാര്‍ഥികളുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ രേഖപ്പെടുത്തുന്ന ഈ പഠനം നടത്തിയത് നോര്‍വീജിയന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയാണ്. പരീക്ഷണത്തിന്റെ ആരംഭത്തില്‍ വിദ്യാര്‍ഥികളോട് ഒന്നുകില്‍ ഡിജിറ്റല്‍ പേന ഉപയോഗിച്ച് ടച്ച് സ്‌ക്രീനില്‍ എഴുതാനോ അല്ലെങ്കില്‍ അതേ വാക്കുകള്‍ കീബോര്‍ഡില്‍ ടൈപ്പ് ചെയ്യാനോ ആവശ്യപ്പെട്ടു. മുന്നിലെ സ്‌ക്രീനില്‍ വരുന്ന വാക്കുകള്‍ വീണ്ടും വീണ്ടും എഴുതാനോ ടൈപ്പ് ചെയ്യാനോ 25 സെക്കന്‍ഡാണ് അവര്‍ക്ക് നല്‍കിയത്. ഈ സമയം ഇവരുടെ തലയില്‍ വച്ച തൊപ്പിയില്‍ ഘടിപ്പിച്ച 256 സെന്‍സറുകള്‍ തലച്ചോറിലെ തരംഗങ്ങളെ അളന്നു കൊണ്ടിരുന്നു. തലച്ചോറിലെ കോശങ്ങള്‍ എവിടെയൊക്കെയാണ് സജീവമായിരുന്നതെന്നും പല ഭാഗങ്ങള്‍ എങ്ങനെയാണ് പരസ്പരം വിനിമയം നടത്തുന്നതെന്നും ഈ സെന്‍സറുകള്‍ രേഖപ്പെടുത്തി. ഇതില്‍ നിന്ന് എഴുതുമ്പോള്‍ തലച്ചോറിലെ ഏതാണ്ട് എല്ലാ ഭാഗങ്ങളും ഉദ്ദീപിക്കപ്പെടുന്നതായി ഗവേഷകര്‍ കണ്ടെത്തി. തലച്ചോറിന്റെ വിഷ്വല്‍, സെന്‍സറി, മോട്ടോര്‍ കേന്ദ്രങ്ങള്‍ തമ്മിലുള്ള വിനിമയം എഴുതുന്ന സമയത്ത് ശക്തമാണെന്നും പഠനറിപ്പോര്‍ട്ട് പറയുന്നു. ഡിജിറ്റല്‍ പേന ഉപയോഗിച്ച് എഴുതുന്നവര്‍ വാക്കുകളെ ഭാവനയില്‍ ചിത്രീകരിക്കുമെന്നും അവരുടെ മോട്ടോര്‍ ശേഷികളും ഉപയോഗപ്പെടുത്തുമെന്നും ഗവേഷകര്‍ കണ്ടെത്തി. ഓരോ അക്ഷരത്തിനും വ്യത്യസ്ത തരം ചലനങ്ങളാണ് കൈകള്‍ക്ക് നടത്തേണ്ടി വരുന്നത്. ഇതെല്ലാം തലച്ചോറിന് ഉത്തേജനം നല്‍കുമെന്ന് ഗവേഷകര്‍ പറയുന്നു. നേരെ മറിച്ച് ഇവ ടൈപ്പ് ചെയ്യുമ്പോള്‍ ഏതക്ഷരമാണെങ്കിലും കംപ്യൂട്ടറിലെ ഒരേ പോലെയുള്ള കീകളിലാണ് അമര്‍ത്തേണ്ടി വരുന്നത്. ഇത് മൂലം തലച്ചോറിന്റെ ഉത്തേജനമോ വിവിധ ഭാഗങ്ങള്‍ തമ്മിലുള്ള വിനിമയമോ നടക്കുന്നില്ല. എന്നാല്‍ എഴുതുകയും ടൈപ്പ് ചെയ്യുന്നവരും തമ്മില്‍ ഓര്‍മ്മശക്തിയിലും അക്കാദമിക പ്രകടനത്തിലും കാര്യമായ വ്യത്യാസമുണ്ടെന്നതിന് കൃത്യമായ തെളിവുകള്‍ ലഭ്യമല്ല. ഫ്രോണ്ടിയേഴ്‌സ് ഇന്‍ സൈക്കോളജി ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.05, പൗണ്ട് – 104.26, യൂറോ – 89.31, സ്വിസ് ഫ്രാങ്ക് – 95.36, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.01, ബഹറിന്‍ ദിനാര്‍ – 220.37, കുവൈത്ത് ദിനാര്‍ -269.76, ഒമാനി റിയാല്‍ – 215.75, സൗദി റിയാല്‍ – 22.15, യു.എ.ഇ ദിര്‍ഹം – 22.61, ഖത്തര്‍ റിയാല്‍ – 22.81, കനേഡിയന്‍ ഡോളര്‍ – 61.42.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *