p14 yt cover

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കു പകരം പുതിയ പെന്‍ഷന്‍ പദ്ധതി. വിദ്യാഭ്യാസം അടക്കമുള്ള മേഖലകളില്‍ വിദേശ മൂലധനം കൊണ്ടുവരും. മദ്യത്തിനു ലിറ്ററിനു പത്തു രൂപ വര്‍ധിപ്പിച്ചു. റബറിന്റെ താങ്ങുവില പത്തു രൂപ കൂട്ടി 170 രൂപയില്‍നിന്ന് 180 രൂപയാക്കി. ക്ഷേമപെന്‍ഷന്‍ 1600 രൂപയായി തുടരും. കുടിശിക ഏപ്രില്‍ മുതല്‍ കൊടുത്തു തുടങ്ങും. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റിലാണ് ഈ നിര്‍ദേശങ്ങള്‍. 1.38 ലക്ഷം കോടി രൂപ വരവും 1.84 ലക്ഷം കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎയിലെ ആറു ഗഡു കുടിശികയില്‍ ഒരു ഗഡു ഏപ്രില്‍ മാസത്തെ ശമ്പളത്തോടൊപ്പം നല്‍കും. കോടതി ഫീസുകള്‍ വര്‍ധിപ്പിച്ചു. കെ റെയില്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും ധനമന്ത്രി ബജറ്റിലൂടെ പ്രഖ്യാപിച്ചു.

ഭൂമിയുടെ ന്യായവില കൂട്ടി. ആനുപാതികമായി ഭൂനികുതിയും വര്‍ദ്ധിക്കും. വസ്തുവിന്റെ ഉപയോഗം അനുസരിച്ച് പുതിയ ഭൂനികുതി നിര്‍ണയിക്കും. കെട്ടിടങ്ങള്‍ വില്‍ക്കുമ്പോള്‍ പ്ലിന്ത് ഏരിയയുടെ അടിസ്ഥാനത്തില്‍ കെട്ടിടത്തിന്റെ മൂല്യം കണക്കാക്കി നികുതി നിശ്ചയിക്കും. ഭൂമി വാങ്ങാനും വീടോ കെട്ടിടമോ പണിയാനും വായ്പയെടുക്കുമ്പോള്‍ വായ്പകള്‍ ഭൂമി രേഖകളില്‍ വിവരം ഉള്‍പ്പെടുത്താന്‍ ബാങ്കുകളില്‍നിന്ന് 0.1 ശതമാനമോ പതിനായിരം രൂപവരെയോ ഫീസ് ഈടാക്കും. വായ്പകളുടെ 0.1 ശതമാനമാണ് ഇങ്ങനെ ഫീസ് ഈടാക്കുക. ഇത് പരമാവധി 10,000 രൂപയാക്കി നിജപ്പെടുത്തിയിട്ടുണ്ട്. ബാങ്കാണ് ഈ തുക അടയ്ക്കേണ്ടതെങ്കിലും വായ്പയെടുക്കുന്നവക്ക് ഇത് അധികഭാരമാകും. ഫ്ളാറ്റുടമകള്‍ക്കും ഭൂനികുതി ചുമത്തി. ഭൂമിയിലെ വിഭജിക്കപ്പെടാത്ത അവകാശത്തിനുള്ള നികുതിയാണു പുതുതായി ചുമത്തിയത്.

വികസനത്തിന് ചൈനീസ് മോഡല്‍ നടപ്പാക്കുമെന്നും കേന്ദ്ര അവഗണന തുടര്‍ന്നാല്‍ നേരിടാന്‍ കേരളത്തിന്റെ പ്ലാന്‍ ബി നടപ്പാക്കുമെന്നും ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ചൈനയിലെ രീതി പിന്തുടര്‍ന്ന് പ്രവാസി മലയാളികള്‍ അടക്കമുള്ളവരെ ഉള്‍പ്പെടുത്തി സ്പെഷ്യല്‍ ഡെവലപ്മെന്റ് സോണ്‍ കൊണ്ടുവരും. പൊതു സ്വകാര്യ മൂലധനം ഉറപ്പാക്കുന്ന പദ്ധതികള്‍ കൊണ്ടുവരും. മൂന്നു വര്‍ഷത്തിനകം മൂന്നു ലക്ഷം കോടി രൂപയുടെ വികസനം നടപ്പാക്കും. വിഴിഞ്ഞം തുറമുഖം മേയ് മാസത്തില്‍ തുറക്കും. വിഴിഞ്ഞം തുറമുഖത്തെ സ്പെഷല്‍ ഹബാക്കും. സിയാല്‍ മോഡലില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ കൊണ്ടുവരും. കേരളത്തെ മെഡിക്കല്‍ ഹബ്ബ് ആക്കും.

*കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണ്‍*

കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണില്‍ ഇപ്പോള്‍ സ്വര്‍ണവിലയുടെ 90 ശതമാനവും വായ്പയായി ലഭിക്കുന്നു. ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. മാക്സിമം കയ്യില്‍ കിട്ടുമ്പോള്‍ മറ്റെവിടെ പോകാന്‍.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*

സംസ്ഥാന ബജറ്റില്‍ റവന്യൂ കമ്മി 27,846 കോടി രൂപ. മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 2.12 ശതമാനമാണിത്. ധനക്കമ്മി 44,529 കോടി രൂപ. ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 3.4 ശതമാനമാണിത്. നികുതി വരുമാനത്തില്‍ 7845 കോടി രൂപയുടെയും നികുതിയേതര വരുമാനത്തില്‍ 1503 കോടി രൂപയുടെയും വര്‍ദ്ധന ലക്ഷ്യമിടുന്നു. കിഫ്ബി ഉള്‍പ്പടെ മൂലധന നിക്ഷേപ മേഖലയില്‍ 34,530 കോടി രൂപ വകയിരുത്തി.

കാര്‍ഷിക മേഖലയ്ക്ക് ആകെ 1698 കോടി രൂപയാണ് ബജറ്റില്‍ നീക്കിവെച്ചത്. മൃഗസംരക്ഷണത്തിന് 277.14 കോടിരൂപയും നാളികേരം വികസനത്തിന് 65 കോടി രൂപയും സുഗന്ധ വ്യഞ്ജന മേഖലയ്ക്ക് 4.6 കോടി രൂപയും നീക്കിവച്ചു. കുട്ടനാട് പെട്ടിയും പറയും സ്ഥാപിക്കാന്‍ 36 കോടി രൂപ, ക്ഷീര വികസനത്തിന് 109.25 കോടി രൂപ, മൃഗ പരിപാലനത്തിനും വിളപരിപാലനത്തിനും 535.90 കോടി രൂപവീതം, വിഷരഹിത പച്ചക്കറി പദ്ധതിക്ക് 78 കോടി രൂപ, കാര്‍ഷിക സര്‍വ്വകലാശാലക്ക് 75 കോടി രൂപ, ഉള്‍നാടന്‍ മത്സ്യ ബന്ധന മേഖലയ്ക്ക് 80 കോടി രൂപ.

സംസ്ഥാനത്തിന്റെ മൊത്തം ചെലവ് മൂന്നു വര്‍ഷത്തിനിടെ 30,000 കോടി രൂപ വര്‍ധിച്ചു. 2020-21 ല്‍ 1,38,884 കോടി രൂപയായിരുന്ന മൊത്തം ചെലവ് 2022 – 23 ല്‍ 1,58,838 കോടി രൂപയായി വര്‍ധിച്ചു. നടപ്പു സാമ്പത്തിക വര്‍ഷം അത് 1,68,407 കോടി രൂപയായി ഉയരും. വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്താതിരുന്നാല്‍ ഒരു ധന പ്രതിസന്ധിയും ഉണ്ടാകില്ലെന്നും ധനമന്ത്രി പറഞ്ഞു.

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കു പകരം പുതിയ പെന്‍ഷന്‍ പദ്ധതി അവതരിപ്പിക്കും. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനപരിശോധിക്കാന്‍ മൂന്നംഗ പ്രത്യേക സമിതിയെ നിയോഗിക്കും. മറ്റു സംസ്ഥാനങ്ങള്‍ അവതരിപ്പിച്ച പദ്ധതി പഠിക്കും. അടുത്ത സാമ്പത്തിക വര്‍ഷം സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ സമയബന്ധിതമാക്കാന്‍ നടപടി സ്വീകരിക്കും. ക്ഷേമപെന്‍ഷന്‍ സമയബന്ധികമായി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി.

*മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ സ്‌പെഷ്യല്‍ ന്യൂ ഇയര്‍ കളക്ഷനും*

മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഇനി മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം 299 രൂപ മുതലുള്ള സ്‌പെഷ്യല്‍ ന്യൂ ഇയര്‍

കളക്ഷനും. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

തകരില്ല കേരളം, തളരില്ല കേരളം. കേരളത്തെ തകര്‍ക്കാന്‍ കഴിയില്ല’ എന്നു പറഞ്ഞുകൊണ്ടാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റ് അവതരണം ആരംഭിച്ചത്. ഇന്നത്തെ കേരളം മാറി. കേരളത്തിന്റെ സമ്പദ്ഘടന ‘സൂര്യോദയ’ സമ്പദ്ഘടനയായി മാറി. ധനമന്ത്രി പറഞ്ഞു.

കേന്ദ്രത്തിന്റേത് ശത്രുത മനോഭാവമാണ്. കേരളത്തെ സാമ്പത്തിക ഉപരോധത്തിലേക്ക് കേന്ദ്രം തള്ളിവിടുകയാണ്. കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ റെയില്‍ വികസനം അവഗണിച്ചു. വികസന പ്രവര്‍ത്തനങ്ങളില്‍ കേരളം പിന്നോട്ടുപോകില്ല. ക്ഷേമ പെന്‍ഷന്‍കാരെ മുന്‍ നിര്‍ത്തി മുതലെടുപ്പിനു ശ്രമം നടക്കുന്നുണ്ട്. കേരള മാതൃകാ വികസനത്തെ തകര്‍ക്കാനുള്ള ഗൂഡാലോചനകളാണ് നടക്കുന്നത്. പറഞ്ഞും എഴുതിയും കേരളത്തെ തോല്‍പ്പിക്കരുതെന്നും ധനമന്ത്രി സഭയില്‍ പറഞ്ഞു.

സര്‍ക്കാര്‍ പണം ധൂര്‍ത്തടിയിക്കുകയാണെന്ന വിമര്‍ശനത്തിനെതിരെ തുറന്ന ചര്‍ച്ചയ്ക്കു തയ്യാറെന്ന് ധനമന്ത്രി. മന്ത്രിമാരുടെ ചെലവ് അടക്കം എല്ലാ ആരോപണങ്ങളിലും ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ധനമന്ത്രി പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്ന സര്‍ക്കാരിന്റെ പ്രസ്താവനയ്ക്കു മറവില്‍ കേരളത്തില്‍ ഒന്നും നടക്കുന്നില്ലെന്നും സംസ്ഥാനം പാപ്പരാണെന്നും പ്രചരിപ്പിക്കുന്നതു ദുരുദ്ദേശപരമാണ്. ധനമന്ത്രി പറഞ്ഞു.

മദ്യത്തിന് ലിറ്ററിന് 10 രൂപ വിലവര്‍ധന. ഏപ്രില്‍ ഒന്നിനു പ്രാബല്യത്തില്‍ വരും. ഗല്‍വനേജ് ഫീസിനത്തില്‍ ഏര്‍പ്പെടുത്തിയ എക്സൈസ് തീരുവയിലൂടെ 200 കോടി രൂപ കൂടുതല്‍ സമാഹരിക്കും. കോടതി ഫീസുകള്‍ വര്‍ധിപ്പിച്ചതിലൂടെ 50 കോടി രൂപയുടെ അധിക വരുമാനമുണ്ടാകും. നദികളിലെ മണല്‍വാരലിലൂടെ 200 കോടി രൂപയുടെ വരുമാനം പ്രതീക്ഷിക്കുന്നു.

സിപിഎം ദശാബ്ദങ്ങളായി എതിര്‍ത്തിരുന്ന വിദേശ മൂലധനത്തിനും വിദേശ സര്‍വകലാശാലകള്‍ക്കും പച്ചപരവതാനി വിരിച്ച് പിണറായി സര്‍ക്കാരിന്റെ ബജറ്റ്. രണ്ടു വര്‍ഷം മുന്‍പ് എറണാകുളം സമ്മേളനത്തില്‍ പിണറായി വിജയന്‍ അവതരിപ്പിച്ച നവകേരള നയരേഖയിലും ഈ നിര്‍ദേശങ്ങള്‍ ഉണ്ടായിരുന്നു.

കെ റെയില്‍ പദ്ധതികള്‍ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരുമായുള്ള കൂടിയാലോചനകള്‍ നടക്കുന്നുണ്ടെന്നു ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. വന്ദേഭാരത് എക്‌സ്പ്രസുകള്‍ വന്നതോടെ കെ റെയിലിന്റെ പ്രധാന്യം എല്ലാവര്‍ക്കും ബോധ്യമായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയുമായി മുന്നോട്ട് പോകും.

2025 നവംബറോടെ അതിദാരിദ്ര്യരില്ലാത്ത സംസ്ഥാനമായി കേരളം മാറും. നിര്‍മ്മാണ മേഖലയെ സജീവമാക്കാന്‍ 1000 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍. വനം വന്യജീവി മേഖലയ്ക്കായി 232.59 കോടി. കുടുംബശ്രീയ്ക്ക് 265 കോടി. പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് 1736.63 കോടി. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് 456.71 കോടി. പൊതുജനാരോഗ്യ മേഖലയ്ക്ക് 2052.23 കോടി. 2025 മാര്‍ച്ച് 31-നകം ലൈഫ് പദ്ധതിയില്‍ അഞ്ചു ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കാന്‍ അടുത്ത വര്‍ഷത്തേക്ക് 1132 കോടി രൂപ. ശബരിമല മാസ്റ്റര്‍ പ്ലാനിന് 27.60 കോടി.

കെ.എസ്.ആര്‍.ടി.സിയ്ക്ക് 1120.54 കോടി രൂപ ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്. ഗതാഗത മേഖലയ്ക്ക് 1976.04 കോടി. വ്യവസായ- ധാതു മേഖലകള്‍യ്ക്കായി 1729.13 കോടി. ഇടത്തരവും വലുതുമായ വ്യവസായങ്ങള്‍ക്ക് 773.09 കോടി. കൊച്ചി മറൈന്‍ ഡ്രൈവില്‍ 2150 കോടി രൂപയുടെ അന്താരാഷ്ട്ര വാണിജ്യ സമുച്ചയം. നഗര വികസന പരിപാടികള്‍ക്ക് 961.14 കോടി. സഹകരണ മേഖലയ്ക്ക് 134.42 കോടി. ജലസേചനത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനും തീര പരിപാലനത്തിനുമായി 588.85 കോടി. ഊര്‍ജ്ജ മേഖലയ്ക്ക് 1150.76 കോടി.

ടൂറിസ്റ്റ് ബസുകളുടെ നികുതി നിരക്കുകള്‍ കുറച്ചു. നിരക്കുകള്‍ കൂടുതലായതിനാല്‍ മറ്റു സംസ്ഥാനങ്ങളിലാണു രജിസ്ട്രേഷന്‍ നടത്തുന്നത്. ഇതു വന്‍തോതിലുള്ള നികുതി നഷ്ടമുണ്ടാക്കുന്നുണ്ടെന്ന് ധനമന്ത്രി.

കോഴിക്കോട് മെട്രോ പദ്ധതി നടപ്പാക്കും. രണ്ടു റൂട്ടുകളാണു പരിഗണനയിലുള്ളത്. മീഞ്ചന്ത-രാമനാട്ടുകര, ബീച്ച്-മെഡിക്കല്‍ കോളേജ് പാതകളാണ് ലൈറ്റ് മെട്രോയ്ക്കായി ആദ്യ ഘട്ടത്തില്‍ പരിഗണിക്കുന്നത്.

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരായ മാസപ്പടി ആരോപണത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ടീം അന്വേഷണം തുടങ്ങി. കരിമണല്‍ കമ്പനിയായ സിഎംആര്‍എലിന്റെ ആലുവ കോര്‍പറേറ്റ് ഓഫീസില്‍ പരിശോധന ആരംഭിച്ചു. ഡെപ്യൂട്ടി ഡയറക്ടര്‍ അരുണ്‍ പ്രസാദിന്റെ നേതൃത്വത്തിലാണ് പരിശോധന.

ശബരിമലയില്‍ ദര്‍ശനത്തിനു നിര്‍ബന്ധിത രജിസ്ട്രേഷന്‍ വേണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. സുവര്‍ണ ക്ഷേത്രത്തിലും തിരുപ്പതി ക്ഷേത്രത്തിലും തിരക്കു നിയന്ത്രിക്കാനുള്ള സംവിധാനം പഠിച്ചശേഷം വിഷയം കേരള ഹൈക്കോടതിയില്‍ ഉന്നയിക്കൂവെന്ന് സുപ്രീം കോടതി ഹര്‍ജിക്കാരനായ തമിഴ്നാട് സ്വദേശി കെ.കെ. രമേഷിനു നിര്‍ദേശം നല്‍കി.

ചാലക്കുടി വ്യാജ ലഹരിമരുന്നു കേസില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ കുടുക്കാന്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് തെറ്റായ വിവരം നല്‍കിയത് തൃപ്പൂണിത്തുറ ഏരൂര്‍ സ്വദേശി നാരായണദാസാണെന്നു കണ്ടെത്തി. ഷീല സണ്ണിയുടെ അടുത്ത ബന്ധത്തിലുള്ള യുവതിയുടെ സുഹൃത്താണ് ഇയാള്‍. ഇയാളെ പ്രതിയാക്കി തൃശ്ശൂര്‍ സെഷന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഇയാളോട് വ്യാഴാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

തിരക്കഥാകൃത്തും മാധ്യമ പ്രവര്‍ത്തകനുമായിരുന്ന റഹീം പൂവ്വാട്ടുപറമ്പ് കോഴിക്കോട്ട് നിര്യാതനായി. 60 വയസായിരുന്നു.

വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ സ്ഫോടക വസ്തു ശേഖരം കണ്ടെത്തി. കാരശ്ശേരി പഞ്ചായത്തിലെ വലിയ പറമ്പ്-തോണ്ടയില്‍ റോഡില്‍ പഞ്ചായത്ത് റോഡിലാണ് എട്ടു പെട്ടികളിലായി നിരവധി ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയത്.

എറണാകുളം പെരുമ്പാവൂരില്‍ കോളജ് ബസും ലോറിയും കൂട്ടിയിടിച്ച് 20 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. കൊണ്ടോട്ടിയില്‍നിന്നുള്ള ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കാണു പരിക്കേറ്റത്.

രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയുടെ മറുപടി ഇന്ന്. ലോക്സഭയിലെ എല്ലാ ബിജെപി എംപിമാരും സഭയില്‍ ഹാജരുണ്ടാകണമെന്ന് പാര്‍ട്ടി വിപ്പ് നല്‍കി.

കള്ളപ്പണക്കേസില്‍ അറസ്റ്റിലായ എഎപി എംപി സഞ്ജയ് സിംഗ് രാജ്യസഭയില്‍ സത്യപ്രതിജ്ഞ ചെയ്യും. ദില്ലി കോടതിയുടെ അനുമതിയോടെ പൊലീസ് കാവലോടെയാണ് സഞ്ജയ് സിംഗ് സത്യപ്രതിജ്ഞയ്ക്ക് എത്തുക.

ചെന്നൈ – തിരുനെല്‍വേലി വന്ദേഭാരത് ട്രെയിനിനു നേരെ ആക്രമണം. കല്ലേറില്‍ ട്രെയിനിന്റെ ഒമ്പതു കോച്ചുകളുടെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. രാത്രി പത്തരയോടെ തിരുനെല്‍വേലി വാഞ്ചി മണിയാച്ചിയിലാണു കല്ലേറുണ്ടായത്.

ബോളിവുഡ് നടി ശ്രീദേവിയുടെ മരണത്തില്‍ ആരോപണം ഉന്നയിച്ച യുട്യൂബറായ യുവതിക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. പ്രധാനമന്ത്രിയുടെയും പ്രതിരോധ മന്ത്രിയുടെയും വ്യാജ കത്തുകള്‍ യൂട്യൂബിലൂടെ പ്രചരിപ്പിച്ച യുട്യൂബറായ ദീപ്തി ആര്‍ പിന്നിതിക്ക് എതിരേയാണ് കുറ്റപത്രം.

ചിലിയില്‍ കാട്ടുതീയില്‍ 112 പേര്‍ മരിച്ചു. നൂറുകണക്കിന് ആളുകളെ കാണാതായി. നിരവധി പേരെ അഭയാര്‍ത്ഥി ക്യാമ്പുകളിലേക്കു മാറ്റി. 64,000 ഏക്കര്‍ കാട് കത്തിനിശിച്ചെന്നാണു റിപ്പോര്‍ട്ട്. ചിലിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 106 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. 399 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സില്‍ 292-റണ്‍സിന് പുറത്തായി. ഇന്ത്യയ്ക്കായി അശ്വിനും ബുംറയും മൂന്ന് വിക്കറ്റെടുത്തു. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 1-1 ന് സമനിലയിലായി.

2026ലെ ഫുട്‌ബോള്‍ ലോകകപ്പ് ഫൈനല്‍ ജൂലൈ 19 ന് അമേരിക്കയിലെ ന്യൂ ജേഴ്‌സിയില്‍. ലോകകപ്പിലെ ആദ്യ മത്സരം ജൂണ്‍ 11-ന് മെക്‌സിക്കോയിലെ എസ്റ്റാഡിയോ അസ്റ്റെക്ക സ്റ്റേഡിയത്തില്‍ നടക്കും. 48 ടീമുകള്‍ മത്സരിക്കുന്ന ടൂര്‍ണമെന്റിന് യുഎസ്എ, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളാണ് ആതിഥ്യം വഹിക്കുന്നത്.

രാജ്യത്ത് പാമോയില്‍ വിലയില്‍ വന്‍ ഇടിവ്. ഭക്ഷ്യ എണ്ണ ഇറക്കുമതി വെട്ടിക്കുറയ്ക്കുമെന്ന ഇന്ത്യയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് പാമോയില്‍ വില കുത്തനെ കുറഞ്ഞത്. ഇതോടെ, കഴിഞ്ഞ 9 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് പാമോയിലിന്റെ വ്യാപാരം നടക്കുന്നത്. നിലവില്‍, ഇറക്കുമതി നികുതിയില്ലാതെ ക്രൂഡ് പാമോയിലിന്റെ വില ഒരു മെട്രിക് ടണ്ണിന് 77,500 രൂപയാണ്. ലോകത്തിലെ ഏറ്റവും വലിയ സസ്യ എണ്ണ ഇറക്കുമതിക്കാര്‍ കൂടിയാണ് ഇന്ത്യ. 2023 മാര്‍ച്ച് വരെയുള്ള സാമ്പത്തിക വര്‍ഷത്തില്‍ ഭക്ഷ്യ എണ്ണ ഇറക്കുമതിക്ക് മാത്രമായി 20.8 ബില്യണ്‍ ഡോളറാണ് ഇന്ത്യ ചെലവഴിച്ചത്. മൊത്തം സസ്യ എണ്ണ ഇറക്കുമതിയുടെ 60 ശതമാനവും പാമോയിലാണ്. രാജ്യത്ത് ഏകദേശം 23 ദശലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യ എണ്ണയാണ് ഇറക്കുമതി ചെയ്യുന്നത്. പ്രാദേശിക ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ ഇതിനോടകം കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ഇന്‍ഡോനേഷ്യ, മലേഷ്യ, തായ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ പ്രധാനമായും പാമോയില്‍ ഇറക്കുമതി ചെയ്യുന്നത്. അതേസമയം, സൂര്യകാന്തി എണ്ണ, സോയ എണ്ണ എന്നിവയ്ക്കായി അര്‍ജന്റീന, ബ്രസീല്‍, റഷ്യ, യുക്രെയിന്‍ എന്നീ രാജ്യങ്ങളെയാണ് ആശ്രയിക്കുന്നത്.

മെറ്റാ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് വെബ് ഉപയേക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നു. പുതിയ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ചാറ്റുകള്‍ ലോക്ക് ചെയ്യാന്‍ അനുവദിക്കുകയും സംഭാഷണങ്ങള്‍ക്ക് സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കുന്നു. ലോക്ക് ചെയ്ത ചാറ്റുകള്‍ക്ക് വെബില്‍ പ്രത്യേക ടാബ് കാണാമെന്നാണ് ഡിസൈന്‍ സ്‌ക്രീന്‍ ഷോട്ടുകള്‍ നല്‍കുന്ന സൂചന. വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് അനുസരിച്ച് വാട്സ്ആപ്പ്ലെ ചാറ്റ് ലോക്ക് സംവിധാനം, ആപ്പിന്റെ ന്‍ഡ്രോയിഡ്,ഐഓഎസ് പതിപ്പുകളില്‍ കാണുന്ന ഇന്റര്‍ഫെയ്‌സിന് സമാനമായിരിക്കാം, കൂടാതെ ഉപയോക്താക്കള്‍ക്ക് സ്വകാര്യതയും സുരക്ഷാ ആനുകൂല്യങ്ങളും നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. ഫീച്ചര്‍ ഇപ്പോള്‍ പരീക്ഷണ ഘട്ടത്തിലാണ്, സ്വകാര്യതയും സുരക്ഷയും വര്‍ദ്ധിപ്പിക്കുന്ന ഫീച്ചര്‍ ഉപയോക്താക്കളിലേക്ക് ഉടന്‍ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. മൊബൈല്‍ പതിപ്പുകള്‍ക്ക് സമാനമായി, ഒരു പാസ്‌കോഡ് അല്ലെങ്കില്‍ ബയോമെട്രിക് (വിരലടയാളം അല്ലെങ്കില്‍ ഫെയ്‌സ് ഐഡി പോലുള്ളവ) ഉപയോഗിച്ച് വ്യക്തിഗത ചാറ്റുകള്‍ ലോക്ക് ചെയ്യാന്‍ ഇത് ഉപയോക്താക്കളെ അനുവദിക്കും. നിലവില്‍ തേര്‍ഡ്പാര്‍ടി ആപ് ലോക്കിങ്ങ് സംവിധാനം ഇത്തരത്തില്‍ ചാറ്റ് മറയ്ക്കാന്‍ സഹായിക്കുന്നുണ്ട്.

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി വെങ്കി അറ്റ്‌ലൂരി തിരക്കഥ, സംവിധാനം എന്നിവ നിര്‍വഹിക്കുന്ന ‘ലക്കി ഭാസ്‌കര്‍’ന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസിന്റെ ബാനറില്‍ സായ് സൗജന്യയും സിത്താര എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറില്‍ സൂര്യദേവര നാഗ വംശിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി എന്നീ 4 ഭാഷകളിലായ് ഒരുങ്ങുന്ന ഒരു പാന്‍ ഇന്ത്യന്‍ സിനിമയാണ്. ശ്രീകര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്. മികവുറ്റ അഭിനയത്തിലൂടെ പ്രേക്ഷക ഹൃദയത്തിന്റെ തന്റെതായ സ്ഥാനം ഊട്ടിയുറപ്പിച്ച നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖര്‍ സല്‍മാന്റെ അഭിനയ ജീവിതം ആരംഭിച്ച് 12 വര്‍ഷം തികയുന്ന അവസരത്തിലാണ് ‘ലക്കി ഭാസ്‌കര്‍’ന്റെ ഫസ്റ്റ് ലുക്ക് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. മഗധ ബാങ്കില്‍ ജോലി ചെയ്യുന്ന ബാങ്ക് കാഷ്യറുടെ വേഷത്തില്‍ ദുല്‍ഖര്‍ പ്രത്യക്ഷപ്പെടുന്ന ഈ ചിത്രം 90-കളിലെ ബോംബെയിലെ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് ഒരു കാഷ്യറുടെ ജീവിതം കടന്നുപോവുന്ന പ്രതിസന്ധികളെയാണ് ദൃശ്യാവിഷ്‌ക്കരിക്കുന്നത്. മീനാക്ഷി ചൗധരിയാണ് ചിത്രത്തിലെ നായിക. ദേശീയ അവാര്‍ഡ് ജേതാവായ സംഗീത സംവിധായകന്‍ ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം പകരുന്നത്.

കള, ഇബിലീസ്, അഡ്വഞ്ചേഴ്സ് ഓഫ് ഓമനകുട്ടന്‍ എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ രോഹിത് വി. എസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ടിക്കി ടാക്ക’യുടെ സ്പെഷ്യല്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ആസിഫ് അലിയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ആസിഫ് അലിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ സ്പെഷ്യല്‍ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ആസിഫ് അലിയുടെ വ്യത്യസ്തമായൊരു കഥാപാത്രമായിരിക്കും ടിക്കി ടാക്കയില്‍ എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. ആക്ഷന്‍- എന്റര്‍ടൈന്‍മെന്റ് ഴോണറിലാണ് ചിത്രം പുറത്തിറങ്ങുന്നത്. കളക്ക് ശേഷം രോഹിത് വി എസ് സംവിധാനം ചെയ്യുന്ന ചിത്രമായത് കൊണ്ട് തന്നെ വളരെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ പുതിയ ചിത്രത്തെ നോക്കികാണുന്നത്. ഹരിശ്രീ അശോകന്‍, ലുക്മാന്‍ അവറാന്‍, വാമിക ഖബ്ബി, നസ്ലിന്‍ സഞ്ജന നടരാജ്, സന്തോഷ് പ്രതാപ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. നിയോഗ് കൃഷ്ണയാണ് ചിത്രത്തിന്റെ സഹ തിരക്കഥാകൃത്ത്. അഡ്വഞ്ചേഴ്സ് കമ്പനിയുടെ ബാനറില്‍ ജൂവിസ് പ്രൊഡക്ഷന്‍സ് ഒരുക്കുന്ന ചിത്രം സിജു മാത്യുവും നേവിസ് സേവ്യറും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

ചെക്ക് ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് എംഡബ്ല്യു മോട്ടോഴ്‌സ് ഫോഴ്‌സ് ഗൂര്‍ഖ ലൈഫ്‌സ്‌റ്റൈല്‍ എസ്യുവിയെ അടിസ്ഥാനമാക്കി ഒരു ഓള്‍-ഇലക്ട്രിക് എസ്യുവി വെളിപ്പെടുത്തി. സ്പാര്‍ട്ടന്‍ 2.0 എന്ന് വിളിക്കപ്പെടുന്ന പുതിയ ഇവി എസ്യുവി ഒരു പരുക്കന്‍ ലൈഫ്‌സ്‌റ്റൈല്‍ ഓഫ്‌റോഡറാണ്. വാഹനം ഒറ്റ ചാര്‍ജില്‍ 240 കിലോമീറ്ററിലധികം റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്നു. മുമ്പത്തെ സ്പാര്‍ട്ടന്‍ ഇവിയുടെ ഉപഭോക്താക്കളില്‍ നിന്ന് ഫീഡ്ബാക്ക് സ്വീകരിച്ചാണ് പുതിയ സ്പാര്‍ട്ടന്‍ 2.0 ഇവി രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചതെന്ന് കമ്പനി അവകാശപ്പെടുന്നു. സ്പാര്‍ട്ടന്‍ 2.0ഇവിയില്‍ 57.4കിലോവാട്ട്അവര്‍ ബാറ്ററി പായ്ക്ക് സജ്ജീകരിച്ചിരിക്കുന്നു. അത് ബോണറ്റിനടിയില്‍ സ്ഥാപിച്ചിരിക്കുന്നു. ഈ ഇലക്ട്രിക് എസ്യുവി ഒറ്റ ചാര്‍ജില്‍ 240 കിലോമീറ്ററിലധികം റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഗിയര്‍ബോക്‌സിന് പകരം ഒരൊറ്റ മോട്ടോര്‍ ഘടിപ്പിച്ചിരിക്കുന്നു, അത് 176ബിഎച്പി കരുത്തും 1,075എന്‍എം ടോര്‍ക്കും നല്‍കുന്നു. സ്പാര്‍ട്ടന്‍ 2.0 ഇവി യുടെ ക്യാബിന്‍ ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തുന്ന ഫോഴ്‌സ് ഗൂര്‍ഖയോട് സാമ്യമുള്ളതാണ്. ഈ ഇലക്ട്രിക് എസ്യുവി സമീപഭാവിയില്‍ നമ്മുടെ വിപണിയില്‍ എത്താന്‍ സാധ്യതയില്ല. എന്നിരുന്നാലും, മഹീന്ദ്രയും ഥാര്‍ ലൈഫ്‌സ്‌റ്റൈലിന്റെ ഇലക്ട്രിക് പതിപ്പ് ഒരുക്കുന്നതിനാല്‍ ഫോഴ്‌സ് ഇലക്ട്രിക് ഗൂര്‍ഖയെക്കുറിച്ച് ചിന്തിക്കാന്‍ സാധ്യതയുണ്ട്.

കാളിദാസന്‍ മുതല്‍ കുഞ്ഞിരാമന്‍ നായര്‍ വരെയുള്ള മഹാകവികള്‍ ഉള്‍പ്പെടെയുള്ളവരുടെ സ്മരണകളിലും നിത്യജീവിതസന്ദര്‍ഭങ്ങളിലും സാമൂഹികസമസ്യകളിലും കൂടി ജീവന്റെ ലവണലാവാപ്രവാഹങ്ങളെ കനകമാക്കുന്ന കൊന്നയാക്കുന്ന കാല്‍പ്പനികമന്ത്രവാദം ഈ കവിതകളില്‍ കവി സൂക്ഷ്മതയോടെ പ്രയോഗക്ഷമമാക്കുന്നുണ്ട്. മലയാള കവിതയുടെ അനുസ്യൂതവും ബഹുമുഖവുമായ കാവ്യധാരകളെ ആവാഹിച്ച് സ്വതസ്സിദ്ധമായ വഴിയിലൂടെ സഞ്ചരിക്കുന്ന ആലങ്കോട് ലീലാകൃഷ്ണന്റെ കവിതകള്‍. ‘പ്രഭാത നടത്തത്തില്‍ ഒരു നായക്കുട്ടി’. മാതൃഭൂമി. വില 144 രൂപ.

അകാരണമായ ഭാരനഷ്ടം ചിലപ്പോള്‍ അര്‍ബുദം പോലുള്ള മാരക രോഗങ്ങളുടെ ലക്ഷണമാകാം. അകാരണമായി ഭാരക്കുറവ് അനുഭവപ്പെട്ടവര്‍ക്ക് ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ അര്‍ബുദം നിര്‍ണ്ണയിക്കാനുള്ള സാധ്യത അധികമാണെന്ന് ഡാന-ഫാര്‍ബര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നു. അന്നനാളി, വയര്‍, കരള്‍, ബൈലിയറി ട്രാക്ട്, പാന്‍ക്രിയാസ്, ശ്വാസകോശം, വന്‍കുടല്‍, മലാശയം എന്നിവയുമായി ബന്ധപ്പെട്ട അര്‍ബുദങ്ങള്‍, നോണ്‍-ഹോജ്കിന്‍ ലിംഫോമ, മള്‍ട്ടിപ്പിള്‍ മെലനോമ, ലുക്കീമിയ പോലുള്ള അര്‍ബുദങ്ങള്‍ എന്നിവയെല്ലാം ഭാരനഷ്ടവുമായി ബന്ധപ്പെട്ടിരിക്കുന്നതായി പഠനറിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ സ്തനാര്‍ബുദം, ജെനിറ്റോയൂറിനറി അര്‍ബുദം, തലച്ചോറിനെ ബാധിക്കുന്ന അര്‍ബുദം, മെലനോമ എന്നിവയുമായി ഭാരനഷ്ടത്തിനു ബന്ധം കണ്ടെത്താന്‍ സാധിച്ചില്ലെന്ന് ഗവേഷകര്‍ പറയുന്നു. 1976ല്‍ ആരംഭിച്ച നഴ്‌സസ് ഹെല്‍ത്ത് പഠനത്തിലെയും 1986ല്‍ ആരംഭിച്ച ഹെല്‍ത്ത് പ്രഫഷണല്‍സ് ഫോളോ അപ്പ് പഠനത്തിലെയും ഡേറ്റ ഉപയോഗിച്ചാണ് ഗവേഷണം നടത്തിയത്. 30നും 55നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ആദ്യ പഠനത്തിലും 40നും 75നും ഇടയില്‍ പ്രായമുള്ള പുരുഷന്മാര്‍ രണ്ടാം പഠനത്തിലും ഉള്‍പ്പെടുന്നു. പഠനത്തില്‍ ഉള്‍പ്പെട്ട 1,57,474 പേര്‍ 2016 വരെ നിരീക്ഷിക്കപ്പെട്ടു. അര്‍ബുദത്തിന്റെ ആദ്യ ഘട്ടങ്ങളിലും അവസാന ഘട്ടങ്ങളിലും സമാനമായ തോതിലുള്ള ഭാരനഷ്ടം നിരീക്ഷിച്ചതായി ഗവേഷകര്‍ പറയുന്നു. ജേണല്‍ ഓഫ് ദ അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷനില്‍ ഗവേഷണഫലം പ്രസിദ്ധീകരിക്കപ്പെട്ടു. അര്‍ബുദത്തിനു പുറമേ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രശ്‌നങ്ങള്‍, ക്രോണ്‍സ് ഡിസീസ്, ഹൃദയാഘാതം, അഡ്രിനല്‍ ഗ്രന്ഥിയെ ബാധിക്കുന്ന അഡിസണ്‍സ് രോഗം, പാര്‍ക്കിന്‍സണ്‍സ് രോഗം, എയ്ഡ്‌സ്, പെപ്റ്റിക് അള്‍സര്‍, അള്‍സറേറ്റവ് കോളിറ്റിസ്, വിഷാദരോഗം, ദന്തരോഗങ്ങള്‍, സീലിയാക് രോഗം, പ്രമേഹം, പാന്‍ക്രിയാസ് വീര്‍ക്കല്‍, അമിത മദ്യപാനം, ലഹരിമരുന്ന് ഉപയോഗം, മറവിരോഗം, ഡിസ്ഫാജിയ എന്നിവയും ശരീരഭാരം കുറയ്ക്കാം.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.04, പൗണ്ട് – 104.84, യൂറോ – 89.55, സ്വിസ് ഫ്രാങ്ക് – 95.73, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.10, ബഹറിന്‍ ദിനാര്‍ – 220.30, കുവൈത്ത് ദിനാര്‍ -269.89, ഒമാനി റിയാല്‍ – 215.72, സൗദി റിയാല്‍ – 22.14, യു.എ.ഇ ദിര്‍ഹം – 22.61, ഖത്തര്‍ റിയാല്‍ – 22.81, കനേഡിയന്‍ ഡോളര്‍ – 61.63.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *