◾ഇറാനുമായി ബന്ധപ്പെട്ട സിറിയയിലെയും ഇറാഖിലെയും 85 കേന്ദ്രങ്ങളില്‍ അമേരിക്കന്‍ വ്യോമാക്രമണം. 18 പേര്‍ കൊല്ലപ്പെട്ടെന്നാണു പ്രാഥമിക റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ഇറാന്റെ പിന്തുണയുള്ള ഹൂതികളുടെ ആക്രമണത്തില്‍ മൂന്ന് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണം തുടരുമെന്ന് അമേരിക്ക മുന്നറിയിപ്പു നല്‍കി. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കേന്ദ്രങ്ങളിലായിരുന്നു അമേരിക്കയുടെ ആക്രമണം.
◾ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ. അഡ്വാനിക്കു ഭാരതരത്ന. പ്രധാനമന്ത്രി നരേന്ദ്രമോദി എക്സ് പ്ളാറ്റ്ഫോമിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. ഉപപ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, പ്രതിപക്ഷ നേതാവ് തുടങ്ങിയ നിലകളില്‍ അഡ്വാനി രാജ്യത്തിനു നല്‍കിയത് മഹത്തായ സംഭാവനകളാണെന്നും മോദി കുറിച്ചു.
◾
മാനന്തവാടിയില്‍ മയക്കുവെടിവച്ച് പിടികൂടി കര്‍ണാടകയിലെ ബന്ദിപ്പൂരിലെ രാമപുര ആന ക്യാമ്പിലെത്തിച്ച തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞു. വാഹനത്തില്‍നിന്ന് ഇറക്കുന്നതോടെ കുഴഞ്ഞുവീഴുകയായിരുന്നു. വൈകാതെത്തന്നെ ചരിഞ്ഞു. കാരണം വ്യക്തമല്ല. അഞ്ചംഗ ഉന്നത സമിതി സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നു വനം മന്ത്രി എകെ ശശീന്ദ്രന്‍. 20 ദിവസത്തിനിടെ ആന രണ്ടു തവണ മയക്കുവെടിക്കു വിധേയമായിരുന്നു.*കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണ്‍*
കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണില്‍ ഇപ്പോള്‍ സ്വര്‍ണവിലയുടെ 90 ശതമാനവും വായ്പയായി ലഭിക്കുന്നു. ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. മാക്സിമം കയ്യില്‍ കിട്ടുമ്പോള്‍ മറ്റെവിടെ പോകാന്‍.
*കൂടുതല്‍ വിവരങ്ങള്‍ക്ക് : ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*
◾ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം ഏറ്റുവിളിക്കാത്ത സദസിനുനേരെ ക്ഷുഭിതയായി കേന്ദ്ര സഹമന്ത്രി മീനാക്ഷി ലേഖി. കോഴിക്കോട് ‘എവേക്ക് യൂത്ത് ഫോര്‍ നേഷന്‍’ പരിപാടിയിലാണ് കേന്ദ്രമന്ത്രി സദസിനെ ശകാരിച്ചത്. ഭാരത് മാതാ വിളിക്കു സദസില്‍നിന്ന് കാര്യമായ പ്രതികരണം ഉണ്ടാകാതിരുന്നതാണ് മന്ത്രിയെ പ്രകോപിതയാക്കിയത്. .ഭാരത് മാതാ കീ ജയ് വിളിക്കാത്തവര്‍ വീടുവിട്ട് പോകണമെന്നും മന്ത്രി പറഞ്ഞു.
◾വിവരാവകാശ നിയമം നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരെ പിടികൂടാന്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ മിന്നല്‍ പരിശോധന നടത്തുമെന്നു വിവരാവകാശ കമ്മീഷന്‍. അപേക്ഷകള്‍ പരിഗണിക്കുന്നതില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തുവെന്ന വിലയിരുത്തലിലാണ് തീരുമാനം. സര്‍ക്കാരിന്റെ പല വെബ്സൈറ്റുകളിലും അടിസ്ഥാന വിവരങ്ങള്‍ ഇല്ലെന്നും സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എ. അബ്ദുല്‍ ഹക്കീം പറഞ്ഞു.
◾കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച അന്താരാഷ്ട്ര സാഹിത്യോത്സവത്തില്‍ പ്രഭാഷണം നടത്തിയ തനിക്കു തന്നത് വെറും 2400 രൂപയാണെന്നും ടാക്സി വാടക 3,500 രൂപയായെന്നും കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. കുമാരനാശാന്റെ കരുണാകാവ്യത്തെക്കുറിച്ചു രണ്ടു മണിക്കൂര്‍ സംസാരിച്ചു. സീരിയലില്‍ അഭിനയിച്ചു നേടിയ പണത്തില്‍നിന്ന് 1100 രൂപ എടുത്തു നല്‍കേണ്ടിവന്നു. സാഹിത്യ അക്കാദമിയില്‍ അംഗമാകാനോ, കുനിഞ്ഞുനിന്ന് മന്ത്രിമാരില്‍നിന്ന് അവാര്‍ഡും വിശിഷ്ടാംഗത്വവും സ്വീകരിക്കാനോ ഇന്നോളം താന്‍ വന്നിട്ടില്ല, വരികയുമില്ല എന്നും ചുള്ളിക്കാട് കുറിച്ചു.
◾കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിനു മാന്യമായ പ്രതിഫലം നല്‍കാന്‍ നടപടി സ്വീകരിച്ചെന്ന് അക്കാദമി അധ്യക്ഷന്‍ കെ സച്ചിദാനന്ദന്‍. എല്ലാം ക്ലറിക്കല്‍ രീതിയില്‍ കൈകാര്യം ചെയ്ത അഡ്മിനിസ്ട്രേഷന്റെ ഭാഗത്തുനിന്ന് സംഭവിച്ച വീഴ്ചയാണ്. ബാലചന്ദ്രനുണ്ടായ വിഷമത്തില്‍ തങ്ങള്‍ക്ക് സങ്കടമുണ്ട്. പരിമിതമായ ഫണ്ടുകൊണ്ട് നടത്തുന്ന ഉത്സവമാണ്. അദ്ദേഹം പറഞ്ഞു.
*
class="selectable-text copyable-text nbipi2bn">മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ സ്‌പെഷ്യല്‍ ന്യൂ ഇയര്‍ കളക്ഷനും*മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഇനി മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം 299 രൂപ മുതലുള്ള സ്‌പെഷ്യല്‍ ന്യൂ ഇയര്‍
കളക്ഷനും. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾കോഴിക്കോട് വടകര താലൂക്ക് ഓഫീസ് തീവയ്പുകേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു. ഹൈദരാബാദ് സ്വദേശി നാരായണ സതീഷിനെയാണ് വടകര അസിസ്റ്റന്റ് സെഷന്‍സ് കോടതി വെറുതെ വിട്ടത്. സമാനമായ മൂന്ന് കേസുകളിലും പ്രതി കുറ്റക്കാരനാണെന്ന് തെളിയിക്കാന്‍ പ്രൊസിക്യൂഷന് സാധിച്ചില്ല. 2022 ഡിസംബര്‍ 17 നാണ് കേസിനാസ്പദമായ സംഭവം.
◾വനപാലകര്‍ക്ക് കേന്ദ്രസേനയുടെ സംരക്ഷണം ആവശ്യപ്പെട്ട് കേരള ഫോറസ്റ്റ് സ്റ്റാഫ് അസോസിയേഷന്‍ ചീഫ് സെക്രട്ടറിക്ക് എഴുതിയ കത്ത് പിന്‍വലിച്ചു. ഇടുക്കി മാങ്കുളത്ത് വനപാലകര്‍ക്കുനേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്നുണ്ടായ വൈകാരിക പ്രകടനം മാത്രമാണ് കത്തെന്ന് അസോസിയേഷന്‍ വ്യക്തമാക്കി.
◾താന്‍ ബിജെപിയില്‍ ചേര്‍ന്നതുകൊണ്ട് അരമനയിലെ വോട്ടെല്ലാം ബിജെപിയ്ക്കു കിട്ടുമെന്ന് പറയാന്‍ മാത്രം മഠയനല്ല താനെന്ന് പിസി ജോര്‍ജ്ജ്. ക്രിസ്ത്യന്‍ വിഭാഗത്തെ ബിജെപിയോട് അടുപ്പിക്കലാണു തന്റെ ദൗത്യമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ പത്തനംതിട്ടയില്‍ മത്സരിക്കുമെന്നും പിസി ജോര്‍ജ് പറഞ്ഞു.
◾മാഹിയില്‍നിന്ന് കാറില്‍ 96 കുപ്പി മദ്യം കടത്തിയ യുവതിയും യുവാവും എക്സൈസിന്റെ പിടിയില്‍. കോഴിക്കോട് സ്വദേശികളായ ഡാനിയല്‍, സാഹിന എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റു ചെയ്തത്.
◾കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ 1.15 കോടി രൂപ വിലവരുന്ന സ്വര്‍ണം കേരളാ പൊലീസ് പിടികൂടി. കസ്റ്റംസിന്റെയും റവന്യൂ ഇന്റലിജന്‍സിന്റെയും കണ്ണുവെട്ടിച്ച് പുറത്തുകടന്ന പ്രതികളെ കേരളാ പൊലീസ് പിടികൂടുകയായിരുന്നു. യുഎഇയില്‍ നിന്നെത്തിയ തിരൂര്‍ സ്വദേശി റിംനാസ് ഖമറില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്. ഇയാളെ സ്വീകരിക്കാനായി എത്തിയ പാലക്കാട് ആലത്തൂര്‍ സ്വദേശി റിംഷാദിനെയും കസ്റ്റഡിയിലെടുത്തു.
◾പള്ളിപ്പെരുന്നാളിനു പടക്കം പൊട്ടിക്കുന്നതിനിടെ ബൈക്കിന്റെ പെട്രോള്‍ ടാങ്കിലേക്കു പടക്കം പൊട്ടിത്തെറിച്ചു പെട്രോളിനു തീ പിടിച്ചു പൊള്ളലേറ്റ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. തൃശൂര്‍ പരിയാരം മൂലൈക്കുടിയില്‍ ദിവാകരന്റെ മകന്‍ ശ്രീകാന്താണ് (24) മരിച്ചത്.
◾പ്ലാങ്കമണ്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥി ആരോണ്‍ വി വര്‍ഗീസ് മരിച്ചത് ചികിത്സാ പിഴവു മൂലമാണെന്ന് ആരോപിച്ച് റാന്നി മാര്‍ത്തോമാ മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലേക്ക് എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. അനസ്തീഷ്യ കൊടുത്തതിലെ പിഴവാണ് കുഞ്ഞ് മരിക്കാന്‍ കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
◾ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്ന് ഒന്നര വയസുള്ള കുട്ടിയെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ 19 വര്‍ഷത്തിനുശേഷം പൊലീസ് പിടികൂടി. തലപ്പുഴ കൊമ്മയാട് പുല്‍പ്പാറ വീട്ടില്‍ ബിജു സെബാസ്റ്റ്യന്‍ (49) ആണ് കണ്ണൂര്‍ ഉളിക്കലില്‍ തലപ്പുഴ പൊലീസിന്റെ പിടിയിലായത്.
◾താമരശ്ശേരിയില്‍ നിര്‍ത്തിയിട്ട ഇലക്ട്രിക് സ്‌കൂട്ടര്‍ കത്തിനശിച്ചു. പൂനൂര്‍ ചീനി മുക്കില്‍ ഭാരത് മെഡിക്കല്‍സ് ഉടമ മുഹമ്മദ് നിസാമിന്റെ സ്‌കൂട്ടറാണ് കത്തിനശിച്ചത്.
◾ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ സംഘടിപ്പിച്ച രാജ്യത്തെ ഏറ്റവും വലിയ ഓട്ടോമൊബൈല്‍ പ്രദര്‍ശനമായ ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോ 2024 കാണാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലടക്കം വൈറലായിരിക്കുന്നത്. സ്വന്തമായി കാറോ സൈക്കിളോ ഇല്ലാത്ത വ്യക്തിയാണ് താനെന്നും അതുകൊണ്ട് തനിക്ക് ഇവയെല്ലാം അപരിചിതമാണെന്നും എന്നാല്‍, ഇതൊക്കെ നമ്മുടെ നാട്ടില്‍ നടക്കുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍.
◾പൊലീസ് സ്റ്റേഷനില്‍ ശിവസേനാ നേതാവിനെ ബിജെപി എംഎല്‍എ വെടിവച്ചു. ശിവസേനാ നേതാവായ മഹേഷ് ഗെയ്ക്ക്വാദിനാണ് ഹില്‍ ലൈന്‍ പൊലീസ് സ്റ്റേഷനില്‍ വെടിയേറ്റത്. ബിജെപി എംഎല്‍എയായ ഗണ്‍പത് ഗെയ്ക്ക്വാദാണ് വെടിയുതിര്‍ത്തത്. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ക്യാബിനില്‍ വസ്തു തര്‍ക്കം സംബന്ധിച്ച വാക്കേറ്റത്തിനിടെയായിരുന്നു വെടിവയ്പ്.
◾കേന്ദ്ര സര്‍ക്കാരിനെതിരെ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഡല്‍ഹിയില്‍ സമരത്തിലേക്ക്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ എല്ലാ ഭരണകക്ഷി എംഎല്‍എമാരും ഏഴാം തീയതി ജന്തര്‍ മന്ദിറില്‍ നടക്കുന്ന സമരത്തില്‍ പങ്കെടുക്കും. സംസ്ഥാനത്തെ 200 ലധികം താലൂക്കുകള്‍ വരള്‍ച്ചാബാധിതമായി പ്രഖ്യാപിച്ചിട്ടും കേന്ദ്രം സാമ്പത്തിക സഹായം തരുന്നില്ലെന്ന് കുറ്റപ്പെടുത്തിയാണ് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ സമര പ്രഖ്യാപനം നടത്തിയത്.
◾കോടികള്‍ നല്‍കിയും കേസുകളെടുക്കുമെന്നു ഭീഷണിപ്പെടുത്തിയും മറ്റു പാര്‍ട്ടികളിലെ എംഎല്‍എമാരെ തട്ടിയെടുത്ത് അധികാരത്തിലെത്തുന്ന ഓപറേഷന്‍ താമര നടത്താനല്ലാതെ മറ്റൊന്നിനും ബിജെപിക്ക് അറിയില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. മുന്‍മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറിനെ കോണ്‍ഗ്രസ് എംഎല്‍സി സ്ഥാനം രാജി വെപ്പിച്ച് ബിജെപിയിലേക്കു തിരിച്ചെത്തിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
◾നടന്‍ വിജയ് ആരംഭിച്ച രാഷ്ട്രീയ പാര്‍ട്ടിയായ ‘തമിഴക വെട്രി കഴകം’ ഭാരവാഹികള്‍ മാന്യമായി രാഷ്ട്രീയപ്രവര്‍ത്തനം നടത്തണമെന്ന് വിജയ് നിര്‍ദശിച്ചു. വിമര്‍ശകരെയോ മറ്റു രാഷ്ട്രീയനേതാക്കളെയോ അധിക്ഷേപിക്കരുതെന്നാണു നിര്‍ദേശം. നാളെ ആരാധക കൂട്ടായ്മ ഭാരവാഹികളുമായി വിജയ് കൂടിക്കാഴ്ച നടത്തും.
◾താന്‍ മരിച്ചിട്ടില്ലെന്ന് നടിയും മോഡലുമായ പൂനം പാണ്ഡേ. സെര്‍വിക്കല്‍ കാന്‍സറിനെ തുടര്‍ന്ന് പൂനം മരിച്ചെന്ന വാര്‍ത്ത ഒരു ദിവസത്തിനുശേഷമാണ് അവര്‍ നിഷേധിച്ചത്. സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് മരണവാര്‍ത്ത പ്രചരിപ്പിച്ചതെന്ന് പൂനം പറയുന്നു.
◾താജ് മഹലിലെ ഉറൂസ് ആഘോഷം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു മഹാസഭ ആഗ്ര കോടതിയില്‍ ഹര്‍ജി നല്‍കി. ഉറൂസിന് താജ്മഹലില്‍ സൗജന്യ പ്രവേശനം നല്‍കുന്നതു വിലക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി മാര്‍ച്ച് നാലിന് പരിഗണിക്കും.
◾പ്രണയത്തെ എതിര്‍ത്തതിന് മകള്‍ നല്‍കിയ വ്യാജ ബലാത്സംഗ പരാതിയില്‍ 11 വര്‍ഷം ജയിലില്‍ കിടന്ന അച്ഛനെ മധ്യപ്രദേശ് ഹൈക്കോടതി വെറുതെ വിട്ടു. 2012 -ലാണ് കാമുകന്റെ നിര്‍ദ്ദേശപ്രകാരം പെണ്‍കുട്ടി അച്ഛനെതിരെ വ്യാജ പീഡന പരാതി നല്‍കിയത്. 2013 ല്‍ അച്ഛനെ ജീവപര്യന്തം തടവിനും 10,000 രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ചു. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയപ്പോള്‍ പരാതിക്കാരിയായ പെണ്‍കുട്ടി അച്ഛന്‍ ഉപദ്രവിച്ചിട്ടില്ലെന്നു മൊഴി മാറ്റിപ്പറഞ്ഞതോടെയാണ് വെറുതെ വിടാന്‍ ഉത്തരവിട്ടത്.
◾ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ ഒന്നാമിന്നിംഗ്സില്‍ ഇന്ത്യയുടെ യശസ്വി ജയ്സ്വാളിന് ഇരട്ടസെഞ്ച്വറി. 336 ന് 6 എന്ന നിലയില്‍ രണ്ടാം ദിനം പുനരാരംഭിച്ച ഇന്ത്യയുടെ ഒന്നാമിന്നിംഗ്സ് 396 ന് അവസാനിച്ചു. ഇന്നലെ 179 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ജയ്സ്വാള്‍ 209 ന് പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ചായക്ക് പിരിയുമ്പോള്‍ 155 ന് 4 എന്ന നിലയിലാണ്.
◾മികച്ച ഡിമാന്‍ഡിനെ തുടര്‍ന്ന് കഴിഞ്ഞദിവസങ്ങളില്‍ മുന്നേറിയ സ്വര്‍ണവില ഇന്ന് വീണ്ടും നഷ്ടത്തിലേക്ക് മലക്കംമറിഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി 4 ശതമാനത്തിനടുത്തേക്ക് താഴ്ന്ന അമേരിക്കന്‍ സര്‍ക്കാരിന്റെ കടപ്പത്ര ആദായനിരക്ക് (ട്രഷറി ബോണ്ട് യീല്‍ഡ്) വീണ്ടും ഉയര്‍ന്നതും ഡോളറിന്റെ മൂല്യം വര്‍ധിച്ചതുമാണ് സ്വര്‍ണവിലയെ ബാധിച്ചത്. കേരളത്തില്‍ ഇന്ന് ഗ്രാമിന് 20 രൂപ താഴ്ന്ന് വില 5,810 രൂപയായി. പവന് 160 രൂപ കുറഞ്ഞ് 46,480 രൂപയാണ് വില. 18 കാരറ്റ് സ്വര്‍ണത്തിനും ഗ്രാമിന് 15 രൂപ കുറഞ്ഞ് വില 4,800 രൂപയിലെത്തി. ഏറെക്കാലം മാറ്റമില്ലാതെ നിന്ന വെള്ളവില ഇന്ന് ഗ്രാമിന് ഒരു രൂപ താഴ്ന്ന് 77 രൂപയുമായിട്ടുണ്ട്. അമേരിക്കയില്‍ പുതിയ തൊഴിലുകളുടെ എണ്ണം ജനുവരിയില്‍ 3.53 ലക്ഷമായി വര്‍ധിച്ചതാണ് ബോണ്ട് യീല്‍ഡും ഡോളറിന്റെ മൂല്യവും കൂടാന്‍ വഴിയൊരുക്കിയത്. നിരീക്ഷകര്‍ പ്രവചിച്ചിരുന്ന പുതിയ തൊഴിലുകളുടെ എണ്ണം 1.80 ലക്ഷം മാത്രമായിരുന്നു.കഴിഞ്ഞദിവസം ഔണ്‍സിന് 2,055 ഡോളറിനുമേല്‍ എത്തിയ രാജ്യാന്തര സ്വര്‍ണവില ഇതോടെ 2,039 ഡോളറിലേക്ക് താഴ്ന്നു. ഇത് കേരളത്തിലെ വിലയെ സ്വാധീനിക്കുകയായിരുന്നു. നിക്ഷേപകര്‍ സ്വര്‍ണത്തെ കൈവിട്ട് വീണ്ടും ബോണ്ടുകളിലേക്ക് കൂടുമാറിയതാണ് വിലയിടിവിന് കളമൊരുക്കിയത്.
◾ഗൂഗിളിന്റെ എഐ ചാറ്റ്ബോട്ടായ ബാര്‍ഡില്‍ പുതിയ അപ്‌ഗ്രേഡ് എത്തി. നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ ചിത്രങ്ങള്‍ തയാറാക്കാന്‍ കഴിയുന്ന ഫീച്ചര്‍ അടങ്ങുന്നതാണ് പുതിയ അപ്‌ഗ്രേഡ്. ബാര്‍ഡിന്റെ വിവിധ ഭാഷകളിലുള്ള മറുപടികളുടെ വസ്തുത പരിശോധിക്കാനും ഇനി കഴിയും. പുതിയ അപ്ഗ്രേഡില്‍ ലഭിച്ച പ്രധാനപ്പെട്ട സൗകര്യമാണ് ഇമേജ് ജനറേഷന്‍. നിര്‍ദേശങ്ങളില്‍ നിന്ന് ബാര്‍ഡിന് ചിത്രങ്ങള്‍ നിര്‍മിച്ചെടുക്കാനാവും. ഈ സംവിധാനം ഇതിനകം മറ്റ് വിവിധ എഐ മോഡലുകളില്‍ ലഭ്യമാണ്. ഗൂഗിളിന്റെ പരിഷ്‌കരിച്ച ഇമേജന്‍ 2 എഐ മോഡലാണ് ഉന്നത ഗുണമേന്മയിലുള്ളതും ഫോട്ടോറിയലിസ്റ്റിക് ചിത്രങ്ങളും ആവശ്യാനുസരണം നിര്‍മിക്കാനായി ബാര്‍ഡില്‍ ഉപയോഗിക്കുക. ദോഷകരമായ ഉള്ളടക്കങ്ങള്‍ പരിമിതപ്പെടുത്തുന്നതിനുള്ള സാങ്കേതിക സംവിധാനങ്ങളും ഇതിലുണ്ട്. അക്രമാസക്തമായതും, അശ്ലീലവുമായ ഉള്ളടക്കങ്ങള്‍ അവഗണിക്കാനുള്ള പരിശീലനവും നല്‍കിയിട്ടുണ്ട്. ചിത്രനിര്‍മിതിയില്‍ ഗുണമേന്മയും വേഗവും ഒരുപോലെ നല്‍കാന്‍ ഇമേജന്‍ 2 മോഡലിന് സാധിക്കുമെന്ന് ഗൂഗിള്‍ അവകാശപ്പെടുന്നത്. ബാര്‍ഡില്‍ ഗൂഗിളിന്റെ ജനറേറ്റീവ് ഭാഷാ മോഡലായ ജെമിനി പ്രോയുടെ കഴിവുകള്‍ 40 ല്‍ അധികം ഭാഷകളില്‍ ഇപ്പോള്‍ ലഭ്യമാണ്.
◾ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘റൈഫിള്‍ ക്ലബ്ബ്’ എന്ന ചിത്രത്തില്‍ വില്ലനായി ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപ് എത്തുന്നു. മലയാളത്തില്‍ ആദ്യമായിട്ടാണ് അനുരാഗ് കശ്യപ് അഭിനയിക്കുന്നത്. നേരത്തെ നയന്‍താര ചിത്രം ഇമൈക്ക നൊടികളില്‍ വില്ലനായി അനുരാഗ് കശ്യപ് തമിഴില്‍ എത്തിയിരുന്നു. നേരത്തെ ചിത്രത്തിന്റെ കാസ്റ്റിംഗ് കോള്‍ പോസ്റ്ററിന് താഴേ ‘അതിഥി വേഷത്തിന് നിങ്ങള്‍ക്ക് മുംബൈയില്‍ നിന്ന് ഒരു ഉത്തരേന്ത്യന്‍ നടനെ ആവശ്യമുണ്ടോ’ എന്ന് അനുരാഗ് കശ്യപ് കമന്റ് ചെയ്തിരുന്നു. ‘അതെ സര്‍ജി, സ്വാഗതം’ എന്നായിരുന്നു ഇതിന് ആഷിഖ് അബു നല്‍കിയ മറുപടി. ഇതിന് പിന്നാലെയാണ് ചിത്രത്തിലെ വില്ലന്‍ റോളിലേക്ക് അനുരാഗ് കശ്യപിനെ കാസ്റ്റ് ചെയ്തിരിക്കുന്നത്. ദിലീഷ് കരുണാകരനൊപ്പം ഷറഫും സുഹാസുമാണ് റൈഫിള്‍ ക്ലബ്ബിന്റെ തിരക്കഥയൊരുക്കുന്നത്. അനുരാഗ് കശ്യപിനൊപ്പം ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍ തുടങ്ങിയവരും ചിത്രത്തില്‍ ഉണ്ട്. റൈഫിള്‍ ക്ലബിന്റെ സഹ തിരക്കഥാകൃത്തായ ദിലീഷ് കരുണാകരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ലൗലിയില്‍ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ആഷിഖ് അബുവാണ്.
◾തെലുങ്കില്‍ നിന്നുള്ള ഒരു വിസ്മയ ചിത്രമായിരിക്കുകയാണ് ‘ഹനുമാന്‍’. റിലീസായിട്ട് നാളുകളായിട്ടും ഹനുമാന്‍ ആഗോള കളക്ഷനില്‍ കുതിക്കുകയാണ് എന്നാണ് ബോക്ല് ഓഫീസ് റിപ്പോര്‍ട്ട്. ചെറിയ ബജറ്റില്‍ ഒരുങ്ങിയ ഒരു ചിത്രമായിരിക്കേ വമ്പന്‍ ലാഭമാണ് ഹനുമാന്‍ നേടിയിരിക്കുന്നത്. മൂന്നാമാഴ്ച പിന്നിടുമ്പോള്‍ ഹനുമാന്‍ 270 കോടി രൂപയിലധികം നേടിയിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. തിയറ്റര്‍ ബിസിനസില്‍ നിന്ന് 100 കോടി രൂപയിലധികം ടോളിവുഡില്‍ നിന്ന് ലാഭം നേടുന്ന നാലാമത്തെ ചിത്രമായിട്ടുമുണ്ട് ഹനുമാന്‍. തേജ സജജയാണ് ഹനുമാനിലെ നായകന്‍. ഒരു പാന്‍ ഇന്ത്യന്‍ സൂപ്പര്‍ഹീറോ ചിത്രമായിട്ടാണ് ഹനുമാന്‍ പ്രദര്‍ശനത്തിന് എത്തിയത്. അമൃത നായര്‍ തേജയുടെ നായികയായെത്തുന്നു. ‘കല്‍ക്കി’, ‘സോംബി റെഡ്ഡി’ ചിത്രങ്ങളുടെ സംവിധായകന്‍ എന്ന നിലയില്‍ തെലുങ്കില്‍ ശ്രദ്ധയാകര്‍ഷിച്ച ആളാണ് ഹനുമാന്‍ ഒരുക്കിയ പ്രശാന്ത് വര്‍മ. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ശിവേന്ദ്രയാണ്. കെ നിരഞ്ജന്‍ റെഢിയാണ് നിര്‍മാണം.
◾രാജ്യത്തെ വാഹനപ്രേമികള്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ വര്‍ഷത്തെ പ്രധാന കാര്‍ ലോഞ്ചുകളില്‍ ഒന്നാണ് അഞ്ച് ഡോര്‍ മഹീന്ദ്ര ഥാര്‍. കമ്പനി ഈ മോഡല്‍ വിപുലമായി പരീക്ഷിക്കുകയാണ്. വാഹനം ഇപ്പോള്‍ അതിന്റെ വിപണി ലോഞ്ചിനോട് അടുത്തിരിക്കുന്നു. 2024 പകുതിയോടെ ലോഞ്ച് പ്രതീക്ഷിക്കുന്നു. ഈ ലൈഫ്‌സ്‌റ്റൈല്‍ ഓഫ്-റോഡ് എസ്യുവിയുടെ പ്രൊഡക്ഷന്‍-റെഡി പതിപ്പിന് മഹീന്ദ്ര ഥാര്‍ അര്‍മദ എന്ന് പേരിടാന്‍ സാധ്യതയുണ്ട്. മൂന്ന് ഡോര്‍ പതിപ്പിനെ അപേക്ഷിച്ച് ഒരു പ്രീമിയം ഓഫറായിട്ടായിരിക്കും പുത്തന്‍ ഥാര്‍ അര്‍മ്മദ എത്തുക. ക്യാബിനിനുള്ളില്‍, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമായും ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററായും പ്രവര്‍ത്തിക്കുന്ന ഡ്യുവല്‍ 10.25 ഇഞ്ച് ഡിജിറ്റല്‍ സ്‌ക്രീനുകളുമായിട്ടായിരിക്കും അഞ്ച്-ഡോര്‍ ഥാര്‍ അര്‍മദ എത്തുക. സുരക്ഷയുടെ കാര്യത്തില്‍, ആറ് എയര്‍ബാഗുകളും പിന്‍-വീല്‍ ഡിസ്‌ക് ബ്രേക്കുകളും വാഗ്ദാനം ചെയ്യുന്ന 5-ഡോര്‍ ഥാര്‍ അര്‍മദ അതിന്റെ 3-ഡോര്‍ എതിരാളിയെ മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്‌കോര്‍പിയോ ച മായി പങ്കിട്ടിരിക്കുന്ന ലാഡര്‍ ഫ്രെയിം ഷാസിയില്‍ നിര്‍മ്മിച്ച , 5-ഡോര്‍ ഥാര്‍ അര്‍മ്മദ അതിന്റെ സസ്‌പെന്‍ഷന്‍ സജ്ജീകരണം കടമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതില്‍ അഞ്ച്-ലിങ്ക് യൂണിറ്റും വാട്ടിന്റെ ലിങ്കേജും ഉള്‍പ്പെടുന്നു. ഫ്രീക്വന്‍സി ഡിപന്‍ഡന്റ് ഡാംപറുകള്‍ 5-സീറ്റര്‍ മോഡലില്‍ നിന്നും സ്വീകരിക്കാന്‍ സാധ്യതയുണ്ട്.
◾ചലച്ചിത്രകലയിലെ എക്കാലത്തെയും മഹാപ്രതിഭകളിലൊരാളായി ജീവിതകാലത്തുതന്നെ ആദരിക്കപ്പെട്ട സത്യജിത് റായിയെക്കുറിച്ച് ബംഗാളി ഒഴികെയുള്ള ഇന്ത്യന്‍ ഭാഷകളിലെ ആദ്യകൃതിയാണ് വിജയകൃഷ്ണന്റെ ‘സത്യജിത് റായിയുടെ ലോകം.’ യൂറോപ്യന്‍ നിരൂപകരുടെ നിഗമനങ്ങളെ അന്ധമായി പിന്തുടരാതെ സ്വകീയമായ രീതിയില്‍, തികച്ചും ഭാരതീയമായൊരു കാഴ്ചപ്പാടില്‍ എഴുതപ്പെട്ട ഈ പുസ്തകം സത്യജിത് റായിയുടെ ആരാധകര്‍ക്കും ചലച്ചിത്രാസ്വാദകര്‍ക്കുമെന്നപോലെ ചലച്ചിത്രകലയുടെ വിദ്യാര്‍ത്ഥികള്‍ക്കും ഒഴിവാക്കാനാവില്ല. അനശ്വരനായ ഒരിന്ത്യന്‍ ചലച്ചിത്രകാരനുള്ള മലയാളത്തിന്റെ പ്രണാമവും കൂടിയാണ് ഈ പുസ്തകം. ‘സത്യജിത് റായിയുടെ ലോകം’. വിജയകൃഷ്ണന്‍. മാതൃഭൂമി. വില 229 രൂപ.
◾മുന്നോട്ടു നടക്കുന്നതിനു പകരം പിന്നോട്ടു നടക്കുന്ന വ്യായാമമാണ് ഫിറ്റ്‌നസ് ലോകത്തിലെ പുതു ട്രെന്‍ഡ്. പിന്നോട്ടുള്ള ഈ നടത്തത്തിനു ഗുണങ്ങള്‍ പലതാണ്. മുന്നോട്ടു നടക്കുമ്പോഴുള്ളതിനു വ്യത്യസ്തമായി ഇതില്‍ കാലിന്റെ വിരലുകളാണ് ആദ്യം നിലത്ത് പതിയുക. ഇതിന് ശേഷമാണ് ഉപ്പൂറ്റി പതിയുന്നത്. വ്യത്യസ്തമായ തരം പേശികളെ ഉത്തേജിപ്പിക്കുന്ന പിന്നോട്ടു നടത്തം അരക്കെട്ടിലെയും കാല്‍മുട്ടിലെയും ചലനത്തെ ലഘൂകരിക്കുന്നതായി ഫിസിയോതെറാപിസ്റ്റ് ഡോ. ശീതല്‍ കാവ്‌ഡേ പറയുന്നു. പുറം വേദന കുറയ്ക്കാനും മികച്ച ബാലന്‍സും ഏകോപനവും സാധ്യമാക്കാനും ഈ പിന്‍നടത്തം പ്രയോജനകരമാണ്. ഹാംസ്ട്രിങ്ങുകള്‍ക്കു വഴക്കം നല്‍കാനും ക്വാഡ്രിസെപ്‌സ്, ഗ്ലൂട്‌സ്, കാള്‍വ്‌സ് പേശികളെ ബലപ്പെടുത്താനും ഇത് സഹായിക്കും. ഈ പേശികളുടെ വികസനത്തിനും ശരീരത്തിന്റെ ബാലന്‍സിനും ഈ നടത്തം ഗുണം ചെയ്യും. പുതുതായി പിന്നോട്ടു നടക്കാന്‍ ആരംഭിക്കുന്നവര്‍ ട്രെഡ്മില്ലിലോ നിങ്ങള്‍ക്ക് അറിയുന്ന ഇടങ്ങളിലോ ആദ്യ ശ്രമങ്ങള്‍ നടത്തേണ്ടതാണ്. പതിയെ പതിയെ ദൂരവും സമയവും ദീര്‍ഘിപ്പിക്കാം. സ്ഥിരമായി ചെയ്യുന്ന വര്‍ക്ക്ഔട്ടിന്റെ ഇടയിലോ അതിന്റെ ഇടവേളകളിലോ പിന്നോട്ടു നടത്തം പരിശീലിക്കാവുന്നതാണെന്ന് ഫിറ്റ്‌നസ് ട്രെയ്‌നര്‍മാര്‍ അഭിപ്രായപ്പെടുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.00, പൗണ്ട് – 104.85, യൂറോ – 89.69, സ്വിസ് ഫ്രാങ്ക് – 95.73, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.13, ബഹറിന്‍ ദിനാര്‍ – 220.19, കുവൈത്ത് ദിനാര്‍ -269.82, ഒമാനി റിയാല്‍ – 215.61, സൗദി റിയാല്‍ – 22.13, യു.എ.ഇ ദിര്‍ഹം – 22.60, ഖത്തര്‍ റിയാല്‍ – 22.80, കനേഡിയന്‍ ഡോളര്‍ – 61.59.