◾പൊതുമുതല്‍ നശിപ്പിക്കല്‍ തടയല്‍ നിയമം കര്‍ശനമാക്കാന്‍ ദേശീയ നിയമ കമ്മീഷന്‍ കേന്ദ്രസര്‍ക്കാരിന് ശുപാര്‍ശകള്‍ നല്‍കി. പ്രതിഷേധത്തിനിടെ പൊതുമുതല്‍ നശിപ്പിച്ചാല്‍ പ്രതിഷേധം ആഹ്വാനം ചെയ്ത പാര്‍ട്ടിയേയോ സംഘടന ഭാരവാഹികളേയോ പ്രതികളാക്കണം. ഇത്തരം കേസുകളില്‍ അറസ്റ്റിലാകുന്നവര്‍ക്ക് ജാമ്യം തടയണമെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ട്. സുപ്രീം കോടതിയുടെയും വിവിധ ഹൈക്കോടതികളുടെയും വിധികളുടെ പശ്ചാത്തലത്തിലാണ് നിയമ കമ്മീഷന്റെ നടപടി.
◾മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരായ കേന്ദ്ര സര്‍ക്കാരിന്റെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്ഐഒ) അന്വേഷണം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന മുദ്രാവാക്യങ്ങളുമായി നടുത്തളത്തിലിറങ്ങി. തുടര്‍ന്ന് സഭാ നടപടികള്‍ ബഹിഷ്‌കരിച്ച് വാക്കൗട്ട് നടത്തി. നിയമസഭയില്‍ ചോദ്യോത്തര വേള തുടങ്ങിയതിനു പിറകേയാണ് മാത്യു കുഴല്‍നാടന്‍ അടിയന്തര പ്രമേയത്തിനുള്ള നോട്ടീസ് കൊണ്ടുവന്നത്.
◾കേന്ദ്ര സര്‍ക്കാരിനെതിരെ നിയമസഭ പ്രമേയം പാസാക്കി. കേരളത്തിന്റെ വായ്പാപരിധി വെട്ടിക്കുറച്ചും ഗ്രാന്റുകള്‍ തടഞ്ഞുവച്ചും കേരളത്തെ സാമ്പത്തികമായി ശ്വാസംമുട്ടിക്കുന്ന കേന്ദ്രനയങ്ങള്‍ അവസാനിപ്പിക്കണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് ചട്ടം 118 അനുസരിച്ച് പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിലാണ് പ്രമേയം അവതരിപ്പിച്ചത്.
*കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണ്‍*
കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണില്‍ ഇപ്പോള്‍ സ്വര്‍ണവിലയുടെ 90 ശതമാനവും വായ്പയായി ലഭിക്കുന്നു. ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. മാക്സിമം കയ്യില്‍ കിട്ടുമ്പോള്‍ മറ്റെവിടെ പോകാന്‍.
*കൂടുതല്‍ വിവരങ്ങള്‍ക്ക് : ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*
◾തമിഴ് സിനിമാതാരം ഇളയ ദളപതി വിജയ് ‘തമിഴക വെട്രി കഴകം’ എന്ന പേരില്‍ സ്വന്തം രാഷ്ട്രീയപാര്‍ട്ടിക്കു തുടക്കം കുറിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. ആരെയും പിന്തുണക്കുകയുമില്ല. രണ്ടു വര്‍ഷത്തിനു ശേഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ച് ഭരണം പിടിക്കുമെന്നും വിജയ് വ്യക്തമാക്കി. പാര്‍ട്ടിയുടെ ആദ്യ യോഗം നാളെ നടക്കും.
◾വ്യാജ രേഖകളുണ്ടാക്കി വിദേശത്തേക്ക് ആളുകളെ കടത്തുന്ന സംഘത്തിലെ മൂന്നു പേര്‍ 37 വ്യാജ സീലുകളുമായി പിടിയില്‍. കാസര്‍കോട് ബേഡകം പൊലീസാണ് വ്യാജ സീലുകളുമായി മൂന്നുപേരെ അറസ്റ്റ് ചെയ്തത്. കാസര്‍കോട് ഉടുമ്പുതല സ്വദേശികളായ എംഎ അഹമ്മദ് അബ്രാര്‍, എംഎ സാബിത്ത്, പടന്നക്കാട് സ്വദേശി മുഹമ്മദ് സഫ് വാന്‍ എന്നിവരാണ് പിടിയിലായത്. വിവിധ ബാങ്കുകള്‍, ഡോക്ടര്‍മാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ വ്യാജ സീലുകളാണ് പിടിച്ചെടുത്തത്.
◾കോഴിക്കോട് എന്‍ഐടിയിലെ വിദ്യാര്‍ത്ഥി സമരത്തെത്തുടര്‍ന്ന് ക്യാംപസ് അടച്ചു. നാലാം തിയ്യതി വരെ ക്യാംപസ് അടച്ചിടുമെന്ന് റജിസ്ട്രാര്‍ അറിയിച്ചു. ഈ ദിവസങ്ങളില്‍ നടത്താനിരുന്ന പരീക്ഷ, ക്യാംപസ് പ്ലേസ്മെന്റ്, കൂടിക്കാഴ്ച എന്നിവ മാറ്റി. വിദ്യാര്‍ഥികളോട് ഹോസ്റ്റല്‍ പരിസരം വിട്ടുപോകരുതെന്നും നിര്‍ദേശം നല്‍കി.
◾നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ബൈക്ക് പിടികൂടിയ പൊലീസുകാരെ മര്‍ദിച്ചയാളെ പോലീസ് പിടികൂടി. തിരുവനന്തപുരം ബാലരാമപുരം സ്റ്റേഷനിലെ സജിലാല്‍, സന്തോഷ്‌കുമാര്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ ബാലരാമപുരം സ്വദേശി മുഹമ്മദ് അസ്‌ക്കറിനെ പൊലീസ് അറസ്റ്റു ചെയ്തു.
*മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ സ്‌പെഷ്യല്‍ ന്യൂ ഇയര്‍ കളക്ഷനും
മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഇനി മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം 299 രൂപ മുതലുള്ള സ്‌പെഷ്യല്‍ ന്യൂ ഇയര്‍
കളക്ഷനും. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾മാനന്തവാടി നഗരത്തിലിറങ്ങിയ ആനയെ മയക്കുവെടിവച്ച് കാട്ടിലേക്ക് അയക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലത്ത് ആനയെ മയക്കുവെടി വയ്ക്കുന്നതു പ്രയാസമാണ്. ആള്‍ക്കൂട്ടം ഉണ്ടാകാതിരിക്കാന്‍ മാനന്തവാടിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
◾എസ്ഡിപിഐ നേതാവായിരുന്ന അഡ്വ. കെ.എസ് ഷാനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം മടക്കണമെന്ന പ്രതികളുടെ ഹര്‍ജി ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതി തിങ്കളാഴ്ച പരിഗണിക്കും. ഹര്‍ജിയില്‍ പ്രോസിക്യൂഷന്‍ ഭാഗത്തിന്റെ വാദം കേട്ടു. പ്രതിഭാഗത്തിന്റെ വാദം കേട്ട ശേഷമേ വിചാരണ നടപടികള്‍ തുടങ്ങൂ. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ 11 പേരാണ് പ്രതികള്‍.
◾തിരുവനന്തപുരം പാലോട് ബിവറേജസ് മദ്യശാലയില്‍ കവര്‍ച്ച നടത്തിയ പ്രതികള്‍ പിടിയില്‍. സജീര്‍, വിഷ്ണു, ബാബു എന്നിവരാണ് അറസ്റ്റിലായത്. മോഷണ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍നിന്നു പുറത്തിറങ്ങിയ പ്രതികള്‍ മദ്യത്തിനു വേണ്ടി മോഷണം നടത്തുകയായിരുന്നു.
◾ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ജെഎംഎം നേതാവ് ചംപായ് സോറന്‍ സത്യപ്രതിജ്ഞ ചെയ്തു. മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറനെ അഴിമതി കേസില്‍ എന്‍ഫോഴ്സ്മെന്റ് അറസ്റ്റു ചെയ്തതിനെത്തുടര്‍ന്നു രാജിവച്ച ഒഴിവിലാണ് ചംപായ് സോറന്‍ മുഖ്യമന്ത്രിയായത്. ഹേമന്ത് സോറന്‍ മന്ത്രിസഭയില്‍ ഗതാഗത, എസ്സി-എസ്ടി വകുപ്പ് മന്ത്രിയായിരുന്നു ഇദ്ദേഹം.
◾കാശി ഗ്യാന്‍വാപി പള്ളിയില്‍ ഹിന്ദു വിഭാഗത്തിന് പൂജ തുടരാമെന്ന് അലഹബാദ് ഹൈക്കോടതി. പൂജ തടയണമെന്ന മുസ്ലിം വിഭാഗത്തിന്റെ ആവശ്യം കോടതി തള്ളി. കേസില്‍ ജില്ലാ കോടതി ഉത്തരവിനെതിരെയുള്ള അപ്പീല്‍ എന്ന രീതിയില്‍ ഹര്‍ജിയില്‍ ഭേദഗതി വരുത്താന്‍ പള്ളിക്കമ്മറ്റിക്ക് കോടതി നിര്‍ദ്ദേശം നല്‍കി.
◾വാരാണസിയിലെ ഗ്യാന്‍വാപി മസ്ജിദ് വിഷയത്തില്‍ നീതി നടപ്പിലാക്കണമന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് എംപിമാര്‍ പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ ധര്‍ണ നടത്തി. ആരാധനാലയ സംരക്ഷണ നിയമം പരിരക്ഷിക്കണമെന്നും മുസ്ലിം ലീഗ് ആവശ്യപ്പെട്ടു.
◾‘ദക്ഷിണേന്ത്യക്കാര്‍ക്ക് പ്രത്യേക രാജ്യ’മെന്നു പ്രസംഗിച്ചതു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോടു കേന്ദ്ര സര്‍ക്കാരിന്റെ വിവേചനത്തില്‍ പ്രതിഷേധിക്കാനാണെന്നു കോണ്‍ഗ്രസ് എംപിയും ഡികെ ശിവകുമാറിന്റെ സഹോദരനുമായ ഡികെ സുരേഷ്. ഫണ്ട് വിതരണത്തിലെ അനീതി ശ്രദ്ധയില്‍പ്പെടുത്താനാണ് താന്‍ അങ്ങനെ പരാമര്‍ശിച്ചതെന്ന് സുരേഷ് പറഞ്ഞു. പരാമര്‍ശത്തിനെതിരെ കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും രംഗത്തെത്തിയിരുന്നു.
◾നടിയും മോഡലുമായ പൂനം പാണ്ഡേ അന്തരിച്ചു. 32 വയസായിരുന്നു. സെര്‍വിക്കല്‍ കാന്‍സറിനെ തുടര്‍ന്ന് മുംബൈയിലായിരുന്നു അന്ത്യം.
◾തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര അനുവദിക്കുന്ന തെലങ്കാന സര്‍ക്കാരിന്റെ ‘മഹാലക്ഷ്മി’ പദ്ധതിക്കെതിരെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുടെ പ്രതിഷേധ സമരം. സ്വന്തം ഓട്ടോറിക്ഷകള്‍ കത്തിച്ചും ആത്മഹത്യക്ക് ശ്രമിച്ചുമാണ് തൊഴിലാളികള്‍ പ്രതിഷേധം നടത്തിയത്.
◾എയര്‍പോര്‍ട്ടില്‍ നിര്‍മ്മാണത്തിലിരുന്ന ഹാംഗര്‍ തകര്‍ന്നുവീണ് മൂന്നു പേര്‍ മരിച്ചു. ഒന്‍പതു പേര്‍ക്ക് ഗുരുതര പരിക്ക്. അമേരിക്കയിലെ ഇദാഹോയിലെ ബോയിസ് വിമാനത്താവളത്തിലാണ് ഹാംഗര്‍ തകര്‍ന്ന് വീണത്. സ്റ്റീല്‍ ഹാംഗറിന്റെ തൂണുകള്‍ക്കടിയില്‍ കുടുങ്ങിയവരാണ് മരിച്ചത്.
◾ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച തുടക്കം. ഒന്നാം ദിനം ചായക്ക് പിരിയുമ്പോള്‍ ഇന്ത്യ 225 ന് 3 എന്ന നിലയിലാണ്. 125 റണ്‍സ് നേടിയ യശസ്വി ജയ്സ്വാളും 25 റണ്‍സെടുത്ത രജത് പട്ടിദറുമാണ് ക്രീസില്‍. രോഹിത് ശര്‍മയുടേയും ശുഭ്മാന്‍ ഗില്ലിന്റേയും ശ്രേയസ് അയ്യരുടെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്.
◾ഇടക്കാല ബജറ്റിന്റെ ചുവടുപിടിച്ച് ഇന്ത്യന്‍ ഓഹരി വിപണി സര്‍വകാല റെക്കോര്‍ഡില്‍. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ 1400ലധികം പോയിന്റ് മുന്നേറിയ സെന്‍സെക്‌സ് 73,000 എന്ന സൈക്കോളജിക്കല്‍ ലെവല്‍ ഭേദിച്ചു. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ഉണ്ടായി. 400ലധികം പോയിന്റ് മുന്നേറി 22000 കടന്നായിരുന്നു നിഫ്റ്റിയുടെ മുന്നേറ്റം. റിലയന്‍സ്, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക് ഓഹരികള്‍ വാങ്ങി കൂട്ടിയതാണ് റാലിക്ക് കാരണമായത്. റിലയന്‍സ് ഓഹരി വില 2900ലേക്ക് അടുത്തിരിക്കുകയാണ്. ആഗോള വിപണിയില്‍ നിന്നുള്ള അനുകൂല സൂചനകള്‍ക്ക് ഒപ്പം സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടക്കാല ബജറ്റില്‍ നടത്തിയ പ്രഖ്യാപനങ്ങളുമാണ് ഇന്ത്യന്‍ ഓഹരി വിപണിക്ക് കരുത്തുപകര്‍ന്നതെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. റിലയന്‍സ്, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക് ഓഹരികള്‍ക്ക് പുറമേ പവര്‍ ഗ്രിഡ്, എന്‍ടിപിസി, ടെക് മഹീന്ദ്ര ഓഹരികളാണ് പ്രധാനമായി മുന്നേറ്റം ഉണ്ടാക്കിയത്. നിലവില്‍ 72,500 പോയിന്റില്‍ താഴെയാണ് സെന്‍സെക്‌സില്‍ വ്യാപാരം നടക്കുന്നത്. ലാഭമെടുപ്പാണ് സെന്‍സെക്‌സ് താഴാന്‍ ഇടയാക്കിയത്. അതേസമയം എച്ച്ഡിഎഫ്‌സി ലൈഫ്, എച്ച്ഡിഎഫ്‌സി ബാങ്ക്, മാരുതി സുസുക്കി ഓഹരികള്‍ നഷ്ടം നേരിട്ടു.
◾പുതിയ സ്മാര്‍ട്ട്ഫോണില്‍ വാട്സ്ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് പലപ്പോഴും പഴയ ഹാന്‍ഡ്സെറ്റിലെ വാട്സ്ആപ്പ് ചാറ്റുകള്‍ നഷ്ടപ്പെടാറുണ്ട്. എന്നാല്‍, വാട്സ്ആപ്പ് ചാറ്റ് ബാക്കപ്പ് ലഭിക്കാന്‍ ഇനി നേരെ ഗൂഗിള്‍ ഡ്രൈവിലേക്ക് പോയാല്‍ മതിയാകും. വാട്സ്ആപ്പ് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്ന ജിമെയില്‍ അക്കൗണ്ടുമായി ബന്ധപ്പെട്ട സ്റ്റോറേജ് സ്പേസ് ഉപയോഗിച്ചാണ് ഗൂഗിള്‍ ഡ്രൈവിലേക്ക് ചാറ്റുകള്‍ ബാക്കപ്പ് ചെയ്യുന്നത്. ഇതിനായി വാട്സ്ആപ്പും ഉപഭോക്താവിന്റെ ജിമെയില്‍ അക്കൗണ്ടും തമ്മില്‍ കണക്ട് ചെയ്യേണ്ടതുണ്ട്. ഈ പ്രക്രിയ പൂര്‍ത്തിയാക്കിയാല്‍ വാട്സ്ആപ്പിലെ മുഴുവന്‍ വിവരങ്ങളും ഇനി ഗൂഗിള്‍ ഡ്രൈവിലും ഇടം പിടിക്കും. അതേസമയം, ഈ സംവിധാനം ഇഷ്ടമല്ലാത്ത ഉപഭോക്താക്കള്‍ക്ക് അവ ഒഴിവാക്കാനുള്ള ഓപ്ഷനും ലഭ്യമാണ്. പുതിയ സ്മാര്‍ട്ട്ഫോണിലേക്ക് മാറുമ്പോള്‍ ബില്‍റ്റ്-ഇന്‍ വാട്സ്ആപ്പ് ചാറ്റ് ട്രാന്‍സ്ഫര്‍ ഉപയോഗിക്കാനും അവസരമുണ്ട്. ഇതിന് പഴയ ഫോണും പുതിയ ഫോണും വൈഫൈ നെറ്റ്വര്‍ക്കുമായി കണക്ടഡ് ആയിരിക്കണം.
◾തെന്നിന്ത്യന്‍ നടി മീന പ്രധാന വേഷത്തിലെത്തുന്ന മലയാള ചിത്രം ‘ആനന്ദപുരം ഡയറീസി’ന്റെ ടീസര്‍ പുറത്തിറങ്ങി. മുടങ്ങി പോയ പഠനം പൂര്‍ത്തിയാക്കാന്‍ എത്തുന്ന വിദ്യാര്‍ത്ഥിയുടെ കഥാപാത്രത്തെയാണ് മീന സിനിമയില്‍ അവതരിപ്പിക്കുന്നത് എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. കോളേജ് ക്യാമ്പസിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ‘ഇടം’ എന്ന ചിത്രത്തിന് ശേഷം ജയ ജോസ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘ആനന്ദപുരം ഡയറീസ്’. തമിഴ് നടന്‍ ശ്രീകാന്തും മനോജ് കെ ജയനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സിദ്ധാര്‍ത്ഥ് ശിവ, ജാഫര്‍ ഇടുക്കി, സുധീര്‍ കരമന, റോഷന്‍ അബ്ദുള്‍ റഹൂഫ്, മാലാ പാര്‍വ്വതി, സിബി തോമസ്, രാജേഷ് അഴീക്കോടന്‍, അഭിഷേക് ഉദയകുമാര്‍, ശിഖ സന്തോഷ്, നിഖില്‍ സഹപാലന്‍, സഞ്ജന സാജന്‍, രമ്യ സുരേഷ്, ഗംഗ മീര, കുട്ടി അഖില്‍, ആര്‍ജെ അഞ്ജലി, വൃദ്ധി വിശാല്‍ തുടങ്ങിയ പ്രമുഖ താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. മനു മഞ്ജിത്ത്, റഫീഖ് അഹമ്മദ്, സുരേഷ് മാത്യു, സിനാന്‍ എബ്രഹാം എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. ഷാന്‍ റഹ്‌മാന്‍, ആല്‍ബര്‍ട്ട് വിജയന്‍, ജാക്‌സണ്‍ വിജയന്‍ എന്നിവര്‍ ഗാനങ്ങള്‍ക്ക് ഈണമിട്ടിരിക്കുന്നത്. കെ എസ് ചിത്ര, സുജാത, സൂരജ് സന്തോഷ്, ജാക്‌സണ്‍ വിജയന്‍, റാണി സജീവ്, ദക്ഷിണ ഇന്ദു മിഥുന്‍, അശ്വിന്‍ വിജയ്, ശ്രീജിത്ത് സുബ്രഹ്‌മണ്യന്‍, യാസിന്‍ നിസാര്‍, മിഥുന്‍ ജയരാജ് എന്നിവരാണ് ആലപിച്ചിരിക്കുന്നത്. ഫെബ്രുവരി അവസാന വാരത്തോടെ തിയേറ്ററുകളിലെത്തും.
◾ഫൈനല്‍സ്’ എന്ന ചിത്രത്തിന് ശേഷം, പ്രജീവം മൂവിസിന്റെ ബാനറില്‍ പ്രജീവ് സത്യവര്‍ദ്ധന്‍ നിര്‍മ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്’. ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഷാജികൈലാസ് ആനി ദമ്പതികളുടെ ഇളയ മകന്‍ റുഷിന്‍ ഷാജികൈലാസ് ആദ്യമായി നായക വേഷം ചെയ്യുന്ന ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പില്‍ ടൈറ്റില്‍ കഥാപാത്രമായ സുകുമാരക്കുറുപ്പിനെ അബുസലിം അവതരിപ്പിക്കുന്നു. ജോണി ആന്റണി, ടിനി ടോം, ശ്രീജിത്ത് രവി, ഇനിയ തുടങ്ങി നിരവധി പേര്‍ അഭിനയിക്കുന്ന ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പിന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് പുരോഗമിക്കുന്നു. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ കുറുപ്പ് എന്ന ചിത്രത്തിലെ സുകുമാരകുറുപ്പിനെ പോലെ ചില പ്രശ്നങ്ങളും അതിന്റെ ഭാഗമായുള്ള സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
◾സൂപ്പര്‍ ബൈക്ക് നിര്‍മ്മാതാക്കളായ ഓസ്ട്രിയന്‍ കമ്പനി കെടിഎം പുതിയ മോഡല്‍ അവതരിപ്പിച്ചു. ആര്‍സി 200 മോഡലിന്റെ പരിഷ്‌കരിച്ച 2024 വേര്‍ഷനാണ് അവതരിപ്പിച്ചത്. ഇന്ത്യയില്‍ ഉടന്‍ തന്നെ പുതിയ ബൈക്ക് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്ലാക്ക് ആന്റ് വൈറ്റ്, നീലയില്‍ ഓറഞ്ച് എന്നി രണ്ടു കളര്‍ പാറ്റേണുകളിലാണ് ബൈക്ക് ഇറക്കിയത്. ആര്‍സി 8 സിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ബ്ലാക്ക് ആന്റ് വൈറ്റ് സ്‌റ്റൈല്‍ അവതരിപ്പിച്ചത്. ബൈക്കിന്റെ ബാക്കി ഭാഗങ്ങള്‍ പഴയ മോഡലിന് സമാനമാണ്. 200 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ഇത് 10,000 ആര്‍പിഎമ്മില്‍ 25 ബിഎച്ച്പി പവറും 8000 ആര്‍പിഎമ്മില്‍ പരമാവധി 19 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്നു. ഇതില്‍ ആറ് സ്പീഡ് ഗിയര്‍ബോക്‌സ് ആണ് ക്രമീകരിച്ചിരിക്കുന്നത്. മുന്‍വശത്തെ ഡബ്ളിയുപി യുഎസ്ഡി ഫോര്‍ക്കുകള്‍, ബ്രേക്കിംഗ് സിസ്റ്റം, ചക്രങ്ങള്‍, സീറ്റുകള്‍ എന്നിങ്ങനെയുള്ള ബാക്കി ഭാഗങ്ങള്‍ പഴയ മോഡലിന് സമാനമാണ്. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ പോലും മാറ്റം വരുത്തിയിട്ടില്ല. നിലവിലെ മോഡലിനേക്കാള്‍ നേരിയ വില കൂടുതലായിരിക്കും പുതിയ മോഡലിന് എന്നാണ് റിപ്പോര്‍ട്ടുകള്‍.
◾തെരുവില്‍നിന്നു ഭാഷ പഠിച്ച് ഭ്രാന്തമായി വായിച്ച് ഞാന്‍ നേടിയ ആനന്ദങ്ങളെക്കുറിച്ചാണ് ഈ കുറിപ്പുകള്‍. ഇതില്‍ പറയുന്നപുസ്തകങ്ങളെല്ലാം ഞാന്‍ ആവര്‍ത്തിച്ചു വായിച്ചവയാണ്. പുസ്തകങ്ങള്‍ എനിക്കു തന്ന മറുജീവിതത്തെ എഴുതിഫലിപ്പിക്കാനോ പറഞ്ഞുഫലിപ്പിക്കാനോ കഴിയില്ല. എന്നിട്ടും ഞാന്‍ അതിന് ശ്രമിച്ചതിന്റെ സാക്ഷ്യമാണ് നിങ്ങളുടെ കൈയിലിരിക്കുന്നത്. മുഹമ്മദ് അബ്ബാസ് എന്ന വായനക്കാരന്‍ നിത്യജീവിതോപാധിയായ പെയിന്റ് പണിയോടൊപ്പം തന്നെ ജീവിപ്പിച്ച വായനയുടെകാലങ്ങളെ ഓര്‍ത്തെടുക്കുന്നു. ജീവിതത്തിന്റെ നിരാശതയിലൂടെയും ഉന്മാദങ്ങളിലൂടെയും കടന്നുപോയപ്പോള്‍ അയാള്‍ക്ക് താങ്ങായത് പുസ്തകങ്ങളാണ്, അതിലൂടെ സൃഷ്ടിക്കപ്പെട്ട ലോകങ്ങളാണ്. അതില്‍ കൊമാലയുണ്ട്, മക്കൊണ്ടയുണ്ട്, ഖസാക്കുണ്ട്… ഈ ലോകസഞ്ചാരങ്ങളിലൂടെ അയാള്‍ അതിജീവിച്ച യഥാര്‍ത്ഥ ലോകവുമുണ്ട്. ‘ഒരു പെയിന്റ് പണിക്കാരന്റെ ലോകസഞ്ചാരങ്ങള്‍’. മുഹമ്മദ് അബ്ബാസ്. മാതൃഭൂമി ബുക്സ്. വില 209 രൂപ.
◾സ്‌കൂളില്‍ പോയി പഠിച്ചാല്‍ ജീവിതനിലവാരം മാത്രമല്ല ജീവിതദൈര്‍ഘ്യവും വര്‍ധിക്കുമെന്ന് പുതിയ പഠനം. പഠിക്കാന്‍ പോകാതിരിക്കുന്നത് മദ്യപാനം പോലെ തന്നെ ജീവിതദൈര്‍ഘ്യം വെട്ടിക്കുറയ്ക്കുന്ന സംഗതിയാണെന്ന് ദ ലാന്‍സെറ്റ് പബ്ലിക് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. നോര്‍വീജിയന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ സെന്റര്‍ ഫോര്‍ ഗ്ലോബല്‍ ഹെല്‍ത്ത് ഇന്‍ഇക്വാലിറ്റീസ് റിസര്‍ച്ചും വാഷിങ്ടണ്‍ സര്‍വകലാശാലയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്‌സ് ആന്‍ഡ് ഇവാലുവേഷനും ചേര്‍ന്നാണ് ഗവേഷണം നടത്തിയത്. സ്‌കൂളും കോളജും ഉള്‍പ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കൂടുതല്‍ കാലം ചെലവിടുന്നത് കൂടുതല്‍ കാലം ജീവിക്കാന്‍ വഴിയൊരുക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. ആറ് വര്‍ഷത്തെ പ്രൈമറി സ്‌കൂള്‍ കാലഘട്ടമെങ്കിലും പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്‌കൂളില്‍ പോകാത്തവരെ അപേക്ഷിച്ച് അകാല മരണ സാധ്യത 13 ശതമാനം കുറവാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. സെക്കന്‍ഡറി തലം വരെയുള്ള പഠനം അകാല മരണ സാധ്യത 25 ശതമാനം കുറയ്ക്കും. 18 വര്‍ഷത്തെ വിദ്യാഭ്യാസം അകാല മരണ സാധ്യത 34 ശതമാനം കുറയ്ക്കുമെന്നും പഠനം കണ്ടെത്തി. ആരോഗ്യപരമായ വിവരങ്ങള്‍ മനസ്സിലാക്കാനുള്ള വിജ്ഞാനവും ശേഷിയും വിദ്യാഭ്യാസം വ്യക്തികള്‍ക്കു നല്‍കുമെന്നതാണ് ഇതിന് ഒരു കാരണം. ഇത് കൂടുതല്‍ മെച്ചപ്പെട്ട തീരുമാനങ്ങള്‍ ജീവിതശൈലിയെ കുറിച്ച് എടുക്കാനും ആരോഗ്യ സംവിധാനത്തെ മെച്ചപ്പെട്ട രീതിയില്‍ ഉപയോഗിക്കാനും അവരെ സഹായിക്കും. ആരോഗ്യകരമായ പെരുമാറ്റ ശീലങ്ങള്‍ വളര്‍ത്താനും മാറാരോഗങ്ങളെ കൈകാര്യം ചെയ്യാനും രോഗങ്ങളെ നിയന്ത്രിക്കാനും ആരോഗ്യ സാക്ഷരത അനിവാര്യമാണെന്നും ഗവേഷകര്‍ കരുതുന്നു. ഡോക്ടര്‍മാരുടെ ഉപദേശങ്ങള്‍ അനുസരിക്കാനും ചികിത്സ പദ്ധതികളുമായി സഹകരിക്കാനും കൂടുതല്‍ സാധ്യതയുള്ളവരും വിദ്യാഭ്യാസം നേടിയവരാണ്. മരുന്നുകളുടെ പ്രാധാന്യം, ജീവിതശൈലി മാറ്റങ്ങളുടെ അനിവാര്യത, തുടര്‍ച്ചയായ ഫോളോ അപ്പുകളുടെ ആവശ്യകത എന്നിവയും വിദ്യാഭ്യാസമുള്ളവര്‍ തിരിച്ചറിയുന്നു. മികച്ച വിദ്യാഭ്യാസം ലഭിക്കുന്നത് സമ്പത്തും സൗകര്യങ്ങളും ജീവിതനിലവാരവും ഉയര്‍ത്തുന്നതും കൂടുതല്‍ കാലം ജീവിച്ചിരിക്കുന്നതിനുള്ള കാരണങ്ങളില്‍ ഒന്നാണ്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 82.86, പൗണ്ട് – 105.75, യൂറോ – 90.16, സ്വിസ് ഫ്രാങ്ക് – 96.69, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.64, ബഹറിന്‍ ദിനാര്‍ – 219.82, കുവൈത്ത് ദിനാര്‍ -269.60, ഒമാനി റിയാല്‍ – 215.25, സൗദി റിയാല്‍ – 22.10, യു.എ.ഇ ദിര്‍ഹം – 22.56, ഖത്തര്‍ റിയാല്‍ – 22.76, കനേഡിയന്‍ ഡോളര്‍ – 61.94.