◾ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ കൗശലം പ്രയോഗിക്കുകയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ചീഫ് സെക്രട്ടറി വി. വേണു ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് ഈ ആരോപണം. രാജ്യത്തിന്റെ പൊതു കടത്തിന്റെ 60 ശതമാനവും കേന്ദ്ര സര്‍ക്കാരിന്റേതാണ്. ഇതിന്റെ 1.75 ശതമാനം മാത്രമാണ് കേരളത്തിന്റെ കടമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
◾മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണം കുടുംബത്തിനു വേണ്ടി മാത്രമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പിണറായിയുടെ ഏകാധിപത്യത്തിനും നരേന്ദ്രമോദിയുടെ ഫാസിസ്റ്റ് ഭരണത്തിനും എതിരേയാണ് കെപിസിസി സമരാഗ്നി പ്രക്ഷോഭ യാത്ര ആരംഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയനെതിരെയുള്ള കേസുകളെല്ലാം കേന്ദ്ര സര്‍ക്കാര്‍ ഒതുക്കുന്നതു ബിജെപിയുമായുള്ള അന്തര്‍ധാരമൂലമാണെന്നും കെ സുധാകരന്‍ ആരോപിപിച്ചു. കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നയിക്കുന്ന യാത്ര കാസര്‍കോട്ട് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഫ്ളാഗ് ഓഫ് ചെയ്തു. യാത്ര 29 ന് തിരുവനന്തപുരത്തു സമാപിക്കും.
◾വനം മന്ത്രി എ.കെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനവും എംഎല്‍എ സ്ഥാനവും രാജിവയ്ക്കണമെന്ന് കേരളത്തിലെ എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് എന്‍എ മുഹമ്മദ് കുട്ടി. ബിജെപിയുടെ സഖ്യകക്ഷിയായ എന്‍സിപി അജിത് പവാര്‍ പക്ഷത്തെ ഔദ്യോഗിക എന്‍സിപിയായി തെരഞ്ഞെടുപ്പു കമ്മീഷന്‍ പ്രഖ്യാപിച്ചിരിക്കേയാണ് ഈ നീക്കം. കേരള നിയമസഭയിലെ എന്‍സിപി എംഎല്‍എമാര്‍ക്ക് നോട്ടീസ് നല്‍കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനു കത്തു നല്‍കുകയും അയോഗ്യരാക്കാന്‍ നിയമനടപടികള്‍ ആരംഭിക്കുമെന്നും മുഹമ്മദ്കുട്ടി പറഞ്ഞു.
*മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ സ്‌പെഷ്യല്‍ ന്യൂ ഇയര്‍ കളക്ഷനും*
മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഇനി മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം 299 രൂപ മുതലുള്ള സ്‌പെഷ്യല്‍ ന്യൂ ഇയര്‍ കളക്ഷനും. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾എന്‍സിപിക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെട്ടതിനാല്‍ കേരളത്തിലെ എന്‍സിപിക്ക് മഹാരാഷ്ട്രയിലെ എന്‍സിപിയുമായി ഒരു ബന്ധവുമില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് നാഗാലാന്‍ഡ്, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ക്കു മാത്രമാണ് ബാധകമെന്നും എകെ ശശീന്ദ്രന്‍ പറഞ്ഞു.
◾ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വര്‍ധിപ്പിച്ച് 7,000 രൂപയാക്കി. കഴിഞ്ഞ ഡിസംബര്‍ മുതല്‍ പ്രാബല്യത്തില്‍ വരുന്നവിധത്തിലാണ് ഓണറേറിയം വര്‍ധിപ്പിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 26,125 ആശാ വര്‍ക്കര്‍മാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
◾ലോക്സഭാ തെരഞ്ഞെടുപ്പിന് എല്‍ഡിഎഫില്‍ സീറ്റു ധാരണയായി. സിപിഎം 15 സീറ്റില്‍ മല്‍സരിക്കും. സിപിഐക്കു നാലു സീറ്റു നല്‍കും. കോട്ടയം മണ്ഡലം കേരള കോണ്‍ഗ്രസ് എമ്മിനു നല്‍കും. കഴിഞ്ഞ തവണ 20 സീറ്റില്‍ ആലപ്പുഴ മാത്രമാണ് എല്‍ഡിഎഫിനു ജയിക്കാനായത്.
◾ലോക്സഭ തെരഞ്ഞെടുപ്പിനു രാജ്യത്ത് 96.88 കോടി വോട്ടര്‍മാര്‍. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനേക്കാള്‍ 7.2 കോടി വോട്ടര്‍മാര്‍ കൂടുതലാണ്. തെരഞ്ഞെടുപ്പ കമ്മീഷനാണ് ഈ വിവരം പുറത്തുവിട്ടത്. പുരുഷ വോട്ടര്‍മാരാണ് കൂടുതലുള്ളത്. 49.7 കോടി പുരുഷ വോട്ടര്‍മാരും 47.1 കോടി വനിത വോട്ടര്‍മാരുമാണുള്ളത്. 18-19 വയസിലുള്ള 1,84,81,610 വോട്ടര്‍മാരുണ്ട്.
*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ : KSFE ഡയമണ്ട് ചിട്ടികള്‍ 2.0*
ചിട്ടിയില്‍ ചേരുന്ന 30 പേരില്‍ ഒരാള്‍ക്ക് സമ്മാനം ഉറപ്പ്. ഒരു കോടി രൂപയുടെ വജ്രാഭരണങ്ങള്‍ ഉള്‍പ്പെടെ 4 കോടി രൂപയുടെ സമ്മാനങ്ങള്‍. ശാഖാതലത്തിലും മേഖലാതലത്തിലും സംസ്ഥാന തലത്തിലും ഡയമണ്ട് ആഭരണങ്ങള്‍ ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ ഉറപ്പ്. ഈ പദ്ധതി 2024 ജനുവരി 31 വരെ മാത്രം.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 ,
ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455, *www.ksfe.com*
◾മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരായ മാസപ്പടി കേസില്‍ കേന്ദ്ര സര്‍ക്കാരിന്റെ എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എക്സാലോജിക് കമ്പനി നല്‍കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. അന്വേഷണം നടത്തുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമാക്കണമെന്നും തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണമെന്നും റദ്ദാക്കണമെന്നും എക്സാലോജിക്ക് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
◾സപ്ലൈകോയില്‍ കിലോയ്ക്ക് 24 രൂപയ്ക്കു വില്‍ക്കുന്ന അരിയാണ് കേന്ദ്ര സര്‍ക്കാര്‍ 29 രൂപയ്ക്കു വില്‍ക്കുന്നതെന്ന് സംസ്ഥാന ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍. തൃശൂര്‍ ഇപ്പോഴിങ്ങെടുക്കാമെന്നു സ്വപ്നം കണ്ടുകൊണ്ടാണ് തൃശൂരില്‍ അരിക്കച്ചവടം നടത്തുന്നതെന്നും അനില്‍.
◾മൂന്നിരട്ടി തുക ക്വോട്ട് ചെയ്യുന്നവര്‍ക്ക് കരാര്‍ നല്‍കുന്ന രീതി കേരളത്തില്‍ മാത്രമേ കാണാനാകൂവെന്ന് സുപ്രീം കോടതി. കണ്ണൂര്‍ കോടതി സമുച്ചയത്തിന്റെ നിര്‍മാണ കരാര്‍ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്കു നല്‍കിയതിനെതിരായ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം. തങ്ങള്‍ ക്വോട്ടു ചെയ്തതിനേക്കാള്‍ ഒരു കോടി 65 ലക്ഷം രൂപയുടെ അധികത്തുകയ്ക്കു ക്വോട്ട് ചെയ്ത ഊരാളുങ്കലിനു കരാര്‍ നല്‍കിയതു ചോദ്യം ചെയ്ത് നിര്‍മാണ്‍ കണ്‍സ്ട്രക്ഷന്‍സ് ഉടമ മുഹമ്മദ് അലിയാണ് കോടതിയെ സമീപിച്ചത്.
◾ഗുരുവായൂര്‍ ആനക്കോട്ടയിലെ ആനകളുടെ സൗകര്യം പരിശോധിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. ഉല്‍സവകാലത്ത് സാമ്പത്തിക ലാഭത്തിനായി ഇടനിലക്കാരാണ് ആനകളെ കൊണ്ടുനടക്കുന്നതെന്നും പാപ്പാന്മാരുടെ പീഡനം തടയാന്‍ സംവിധാനം വേണമെന്നും കോടതി നിര്‍ദേശിച്ചു.
◾കേന്ദ്ര സര്‍ക്കാരിനെതിരായ കേരളത്തിന്റെ സമരം അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന കണക്കായിപ്പോയെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ധനമന്ത്രി പാര്‍ലമെന്റില്‍ നല്‍കിയ വിവരങ്ങള്‍ കേട്ട എംപിമാര്‍ക്ക് ഉത്തരംമുട്ടിയെന്നും മുരളീധരന്‍ പറഞ്ഞു. ധനമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചെന്നാണു വാദമെങ്കില്‍ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കട്ടെ. എളമരം കരീം രാജ്യസഭയില്‍ ഗുജറാത്തിനെപ്പറ്റിയാണു ചോദിച്ചതെന്നും അദ്ദേഹം പറഞ്ഞു.
◾അഡ്വ. ബി എ ആളൂരിനെതിരെ എറണാകുളം സ്വദേശിനി സാമ്പത്തിക തട്ടിപ്പിനു പുതിയ പരാതി നല്‍കി. സ്ത്രീത്വത്തെ അപമാനിച്ച കേസിന് പിറകേയാണു പുതിയ പരാതി. ബിസിനസ് കണ്‍സള്‍ട്ടേഷനു നല്‍കിയ അഞ്ച് ലക്ഷം രൂപ തിരിച്ചു തന്നില്ലെന്നാണ് പരാതി.
◾ഗതാഗത മന്ത്രിയായിരുന്ന ആന്റണി രാജുവും പ്രൈവറ്റ് സെക്രട്ടറി എസ് അനിലും ഉപയോഗിച്ചിരുന്ന മുപ്പതിനായിരത്തിലേറെ രൂപ വിലയുള്ള മൊബൈല്‍ ഫോണ്‍ ഇരുവര്‍ക്കും നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. മന്ത്രിയുടെ ഫോണിന് 3,600 രൂ ഈടാക്കിയും പിഎസ് അനിലിന്റെ ഫോണിന് 2,800 രൂപ ഈടാക്കിയും ഫോണ്‍ വിട്ടുകൊടുക്കാമെന്നാണു സര്‍ക്കാര്‍ തിരൂമാനിച്ചത്.
◾പിഎസ്സി പരീക്ഷക്ക് ആള്‍മാറാട്ടം നടത്താന്‍ ശ്രമിച്ചെന്ന കേസിലെ പ്രതികള്‍ കോടതിയില്‍ കീഴടങ്ങി. നേമം സ്വദേശികളായ അമല്‍ ജിത്ത്, അഖില്‍ ജിത്ത് എന്നിവരാണ് എസിജെഎം കോടതിയില്‍ കീഴടങ്ങിയത്. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു.
◾ഇടുക്കി ഉടുമ്പന്‍ചോലയിലയില്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. ചെല്ലകണ്ടം പാറക്കല്‍ ഷീലയെയാണ് കൊല്ലാന്‍ ശ്രമിച്ചത്. അയല്‍വാസിയായ ശശികുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
◾തൃശൂര്‍ കല്ലുംപുറം കടവല്ലൂരില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന്റെ പിതാവിനെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. കടവല്ലൂര്‍ കല്ലുംപുറം സ്വദേശി പുത്തന്‍ പീടികയില്‍ വീട്ടില്‍ അബൂബക്കറിനെ (62) ആണ് അറസ്റ്റു ചെയ്തത്.
◾തിരുവനന്തപുരത്തെ ജൈവമാലിന്യം പന്നിഫാമുകള്‍ക്കു കൈമാറാനുള്ള തിരുവനന്തപുരം നഗരസഭയുടെ തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തു. ജില്ലയിലെ അതിര്‍ത്തി പഞ്ചായത്തുകളിലേയും തമിഴ്നാട്ടിലേയും 33 പന്നിഫാമുകളിലേക്ക് മാലിന്യം കൊണ്ടു പോകാനായിരുന്നു കോര്‍പറേഷന്‍ അനുമതി നല്‍കിയത്. ഇതു ചോദ്യം ചെയ്ത് ടെന്‍ഡര്‍ നടപടികളില്‍നിന്നു പുറത്തായ പന്നിഫാം ഉടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍
◾കൊണ്ടോട്ടിയില്‍ പൊലീസുകാരനും യുവാവും തമ്മില്‍ കയ്യാങ്കളി. നൗഫലും സഹോദരി മുഹ്സിനയും ആശുപത്രിയില്‍ പോയി മടങ്ങുന്നതിനിടെ ഭക്ഷണം വാങ്ങാന്‍ റോഡരികിലെ ഹോട്ടലിനു മുന്നില്‍ നിര്‍ത്തിയതു സിപിഒ സദഖത്തുള്ള ചോദ്യം ചെയ്തതോടെ ഉണ്ടായ തര്‍ക്കമാണ് അടിപിടിയില്‍ ലാശിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട നൗഫലിനെയും സഹോദരിയേയും പോലീസ് ആശുപത്രിയിലെത്തിച്ചു. അവര്‍ക്കെതിരേ കേസെടുത്ത് അറസ്റ്റു ചെയ്തു. നൗഫലിനെയും മുഹസിനയേയും പോലീസുകാരന്‍ മര്‍ദിച്ചെന്ന് ആരോപിച്ചു കുടുംബം പരാതി നല്‍കി.
◾വയനാട്ടിലെ തോല്‍പ്പെട്ടിയില്‍ താത്കാലിക വനംവാച്ചറെ പുലി ആക്രമിച്ചു. തലയ്ക്കും കഴുത്തിലും പരിക്കേറ്റ വെങ്കിട്ട ദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾നിലമ്പൂരില്‍ സ്‌കൗട്സ് ആന്‍ഡ് ഗൈഡ്സ് ക്യാമ്പിനെത്തി നെടുങ്കയത്തെ കരിമ്പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് പെണ്‍കുട്ടികള്‍ മുങ്ങി മരിച്ചു. കോട്ടക്കല്‍ എം എസ് എം എച്ച് എസ് എസ് കല്ലിങ്കപ്പറമ്പിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ഫാത്തിമ മുര്‍ഷിന, ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി ആയിഷ റുദ എന്നിവരാണ് മരിച്ചത്.
◾കോഴിക്കോട് നടക്കാവില്‍ കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് രണ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു. അക്കൗണ്ടിങ്ങ് വിദ്യാര്‍ത്ഥികളും മണ്ണാര്‍ക്കാട് സ്വദേശികളുമായ ഫായിസ് അലി (22), ഫര്‍സാന്‍ സലാം (22) എന്നിവരാണ് മരിച്ചത്.
◾കൊല്ലം ആവണീശ്വരത്ത് ദമ്പതികളെ ദുരൂഹ സാഹചര്യത്തില്‍ രണ്ടിടങ്ങളിലായി മരിച്ച നിലയില്‍ കണ്ടെത്തി. പുനലൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ കണ്ടക്ടര്‍ വിജേഷും ഭാര്യ രാജിയുമാണ് മരിച്ചത്. വിജേഷിനെ തൂങ്ങി മരിച്ച നിലയിലും രാജി വാഹനത്തില്‍ മുന്നില്‍ ചാടിയുമാണു മരിച്ചത്.
◾തിരുവനന്തപുരം ഐആര്‍ ബറ്റാലിയനിലെ പോലീസുകാരന്‍ അജയകുമാര്‍ പോത്തന്‍കോട് നേതാജിപുരത്തെ വീട്ടില്‍ മരിച്ചനിലയില്‍.
◾ജയിലുകളില്‍ വനിതാ തടവുകാര്‍ ഗര്‍ഭിണികളാകുകയും പ്രസവിക്കുകയും ചെയ്യുന്ന സംഭവത്തില്‍ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. പശ്ചിമ ബംഗാളിലെ ജയിലുകളില്‍ സ്ത്രീകള്‍ ഗര്‍ഭിണികളായ സംഭവം കൊല്‍ക്കത്ത ഹൈക്കോടതി അന്വേഷണം നടത്തിയിരുന്നു. ജയിലുകളില്‍ 196 കുഞ്ഞുങ്ങളെങ്കിലും ജനിച്ചിട്ടുണ്ടെന്നാണ് അമിക്കസ് ക്യൂറി കല്‍ക്കട്ട ഹൈക്കോടതിക്കു റിപ്പോര്‍ട്ട് നല്‍കിയത്.
◾വിമാന ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിപ്പിച്ച് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കാന്‍ വിമാനക്കമ്പനികളെ അനുവദിക്കാനാവില്ലെന്നും നിരക്കു നിയന്ത്രിക്കാന്‍ സമിതി വേണമെന്നും പാര്‍ലമെന്ററി സമിതി. പ്രത്യേക റൂട്ടുകളിലെ വിമാന നിരക്കിനു പരമാവധി പരിധി നിശ്ചയിക്കണം. പാര്‍ലമെന്റിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചു.
◾പൂനെയില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ നിഖില്‍ വാഗ്ലെയുടെ കാറിനു നേരെ ബിജെപി പ്രവര്‍ത്തകരുടെ ആക്രമണം. കാറിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. മുട്ട എറിയുകയും കരിഓയില്‍ ഒഴിക്കുകയും ചെയ്തു. ഭാരത് രത്ന പ്രഖ്യാപനത്തിനു പിറകേ അദ്വാനിയെയും മോദിയെയും നിഖില്‍ വാഗ്ലെ വിമര്‍ശിച്ചതാണ് ബിജെപി പ്രവര്‍ത്തകരെ ചൊടുപ്പിച്ചത്.
◾പാകിസ്ഥാന്‍ ദേശീയ തെരഞ്ഞെടുപ്പില്‍ വിജയം അവകാശപ്പെട്ട് മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ്. പാകിസ്ഥാനില്‍ സര്‍ക്കാരുണ്ടാക്കാന്‍ ചര്‍ച്ചകള്‍ തുടങ്ങിയെന്നും നവാസ് ഷെരീഫ് അറിയിച്ചു. ഏറ്റവും വലിയ ഒറ്റ കക്ഷി പിഎംഎല്‍എന്‍ ആണെന്നാണ് നവാസ് ഷരീഫ് അവകാശപ്പെട്ടുന്നത്.
◾യുഎസ് സംസ്ഥാനമായ അലബാമയില്‍ ജാസ്പറിലെ ഒരു റേഡിയോ സ്റ്റേഷന്റെ 200 അടി ഉയരമുള്ള റേഡിയോ ടവറും ബ്രോഡ്കാസ്റ്റിംഗ് ഉപകരണങ്ങളും മോഷണം പോയി. റേഡിയോ സ്റ്റേഷന്റെ ഏറ്റവും പ്രധാന ഉപകരണങ്ങള്‍ മോഷണം പോയതോടെ റേഡിയോ സ്റ്റേഷന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു.
◾ഫുട്ബോളില്‍ ഇനി നീല കാര്‍ഡും. ഫുട്ബോള്‍ മത്സരങ്ങളില്‍ ചുവപ്പ്, മഞ്ഞ കാര്‍ഡുകള്‍ക്ക് പിന്നാലെ നീലക്കാര്‍ഡും അവതരിപ്പിക്കുമെന്ന് ഫുട്ബോള്‍ നിയമനിര്‍മാണ സംഘടനയായ രാജ്യാന്തര ഫുട്ബോള്‍ അസോസിയേഷന്‍ ബോര്‍ഡ്. മത്സരത്തില്‍ അനാവശ്യമായി ഫൗളുകള്‍ വരുത്തുകയും മാച്ച് ഓഫീഷ്യല്‍സിനോട് അപമര്യാദയായി പെരുമാറുകയും ചെയ്യുന്ന കളിക്കാര്‍ക്കാണ് നീല കാര്‍ഡ് ലഭിക്കുക. ഈ കാര്‍ഡ് ലഭിച്ചാല്‍ 10 മിനിറ്റ് കളത്തില്‍ നിന്നും മാറി നില്‍ക്കണം. എന്നാല്‍ ഈ നിയമം കൊണ്ടുവരുന്നതിനോട് ഫിഫയ്ക്ക് യോജിപ്പില്ലെന്നാണ് റിപ്പോര്‍ട്ട്.
◾പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍.ഐ.സിയുടെ ലാഭം നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ (2023-24) മൂന്നാംപാദത്തില്‍ 49 ശതമാനം ഉയര്‍ന്ന് 9,441 കോടി രൂപയായി. ഇക്കാലയളവില്‍ കമ്പനിയുടെ പ്രീമിയം വരുമാനം 4.67 ശതമാനം ഉയര്‍ന്ന് 1.17 ലക്ഷം കോടി രൂപയിലെത്തി. കമ്പനി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 11.98 ശതമാനം ഉയര്‍ന്ന് 49,366 ലക്ഷം കോടി രൂപയായി. എല്‍.ഐ.സിയുടെ കിട്ടാക്കടം മുന്‍വര്‍ഷത്തെ 5.02 ശതമാനത്തില്‍ നിന്ന് 2.15 ശതമാനമായി കുത്തനെ കുറഞ്ഞു. 2023-24 സാമ്പത്തിക വര്‍ഷത്തേക്ക് ഓഹരിയൊന്നിന് 4 രൂപ ഇടക്കാല ഡിവിഡന്റും എല്‍.ഐ.സി ബോര്‍ഡ് പ്രഖ്യാപിച്ചു. 30 ദിവസത്തിനുള്ളില്‍ ഇടക്കാല ഡിവിഡന്‍ഡ് വിതരണം ചെയ്യും. പ്രീമിയം വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ 58.80 ശതമാനം വിപണി വിഹിതവുമായി എല്‍.ഐ.സിയാണ് രാജ്യത്തെ ഇന്‍ഷുറന്‍സ് കമ്പനികളില്‍ മുന്നില്‍. എല്‍.ഐസിയുടെ വിപണി മൂല്യം 7 ലക്ഷം കോടിയെന്ന നാഴികക്കല്ല് പിന്നിടുകയും ചെയ്തു. 2022 മെയ് 17ന് ലിസ്റ്റ് ചെയ്തതിനു ശേഷം ഇതു വരെ എല്‍.ഐ.സി ഓഹരികള്‍ 28 ശതമാനത്തോളം ഉയര്‍ന്നിട്ടുണ്ട്. ഇഷ്യു വിലയായ 949 രൂപയേക്കാള്‍ 20 ശതമാനത്തോളം ഉയരത്തിലാണ് ഓഹരി.
◾‘ഭ്രമയുഗം’ കുഞ്ചമന്‍ പോറ്റിയുടെ കഥയല്ലെന്ന് സംവിധായകന്‍ രാഹുല്‍ സദാശിവന്‍. ബ്ലാക്ക് ആന്‍ഡ് വൈറ്റ് കോമ്പോയില്‍ എത്തുന്ന മമ്മൂട്ടി ചിത്രത്തിനായി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകര്‍. ചിത്രത്തിലെ ഗാനങ്ങളുടെ ഓഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് കുഞ്ചമന്‍ പോറ്റി എന്ന കഥാപാത്രത്തെയാകും മമ്മൂട്ടി അവതരിപ്പിക്കുക എന്ന പ്രചരണങ്ങള്‍ ആരംഭിച്ചത്. ഈ പ്രചാരണങ്ങളോടാണ് സംവിധായകന്‍ ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്. ”ഭ്രമയുഗം പൂര്‍ണമായും ഫിക്ഷണല്‍ സ്റ്റോറിയാണ്. വേറെ ഒന്നും ഞങ്ങള്‍ അഡ്രസ് ചെയ്യുന്നില്ല. ഇത് കുഞ്ചമന്‍ പോറ്റിയുടെ കഥയല്ല. പതിമൂന്ന് വയസിന് മുകളിലുള്ള കുട്ടികള്‍ക്കും കാണാന്‍ പറ്റുന്ന സിനിമയാണിത്.” അതേസമയം, ഫെബ്രുവരി 15ന് ആണ് ഭ്രമയുഗം റിലീസിന് ഒരുങ്ങുന്നത്. സിദ്ധാര്‍ത്ഥ് ഭരതന്‍, അര്‍ജുന്‍ അശോകന്‍, മണികണ്ഠന്‍ ആചാരി, അമാല്‍ഡ ലിസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ഷെഹ്നാദ് ജലാല്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ക്രിസ്റ്റോ സേവ്യര്‍ ആണ് സംഗീതം ഒരുക്കിയത്.
◾ലാല്‍ ജോസ് ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ സുബീഷ് സുധി നായകനാകുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കി. ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം എന്ന് പേരിട്ടിരിക്കുന്ന ചിത്രം ടി വി രഞ്ജിത്ത് ആണ് സംവിധാനം ചെയ്യുന്നത്. ഭവാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രഞ്ജിത് ജഗന്നാഥന്‍, ടി വി കൃഷ്ണന്‍ തുരുത്തി, രഘുനാഥന്‍ കെ സി എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. സോഷ്യോ പൊളിറ്റിക്കല്‍ സറ്റയര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഇത്. തിരക്കഥ ഒരുക്കിയിരിക്കുന്നത് നിസാം റാവുത്തര്‍ ആണ്. മിന്നല്‍ മുരളിയിലൂടെ ശ്രദ്ധേയയായ ഷെല്ലിയാണ് നായിക. അജു വര്‍ഗീസ്, ഗൗരി ജി കിഷന്‍, ദര്‍ശന എസ് നായര്‍, ജാഫര്‍ ഇടുക്കി, വിനീത് വാസുദേവന്‍, ലാല്‍ ജോസ്, ഗോകുലന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
◾ടാറ്റ മോട്ടോഴ്‌സ് ഇന്ത്യയിലെ ആദ്യത്തെ സിഎന്‍ജി ഓട്ടോമാറ്റിക് കാര്‍ പുറത്തിറക്കി. സിഎന്‍ജി ടിയാഗോ, ടിഗോര്‍ എഎംടി കാറുകളാണ് ടാറ്റ പുറത്തിറക്കിയത്. 28.06 കിലോമീറ്റര്‍ മൈലേജ് തരാന്‍ കഴിയുന്നതാണ് ഈ കാറെന്ന് കമ്പനി പറയുന്നു. ടിയാഗോ, ടിഗോര്‍ എന്നിവയുടെ സിഎന്‍ജി എഎംടി മോഡലുകള്‍ മൂന്ന് വേരിയന്റുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. പുതിയ ടിയാഗോ ഐസിഎന്‍ജി ഓട്ടോമാറ്റിക് 7.89 ലക്ഷം രൂപ പ്രാരംഭ വിലയിലും ടിഗോര്‍ ഐസിഎന്‍ജി 8.84 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിലും ലഭ്യമാണ്. നിലവിലുള്ള നിറങ്ങള്‍ക്ക് പുറമേ, കമ്പനി ടിയാഗോയില്‍ രസകരമായ പുതിയ ടൊര്‍ണാഡോ ബ്ലൂ നിറവും ചേര്‍ത്തിട്ടുണ്ട്. ഗ്രാസ്ലാന്‍ഡ് ബീജ് ടിയാഗോ എന്‍ആര്‍ജിയിലും മെറ്റിയര്‍ ബ്രോണ്‍സ് ടിഗോറിലും ലഭ്യമാണ്. എന്തായാലും ടാറ്റയുടെ പുത്തന്‍ സിഎന്‍ജി മോഡലുകളുടെ വരവോടെ മാരുതി സുസുക്കിയുടെ സിഎന്‍ജി കോട്ടയില്‍ വിള്ളല്‍ വീഴുമെന്ന് ഉറപ്പായി.
◾സീതയിലും ലീലയിലും നളിനിയിലും സാവിത്രിയിലുമൊക്കെ പ്രബുദ്ധരായ മലയാളിസ്ത്രീകളെ ശക്തമായി അവതരിപ്പിച്ച് സ്ത്രീക്ക് മനുഷ്യപ്രാതിനിദ്ധ്യം നല്‍കിയ കുമാരനാശാന്‍, മാതൃഹത്യാപാപവുമായി ജന്മജന്മാന്തരങ്ങളായി അലഞ്ഞ് ആത്മതാപത്തിനും പാപബോധത്തിനും ചിരകാലമാതൃകയായ പരശുരാമനെ കവിതയിലൂടെയും ചിരഞ്ജീവിയാക്കിയ ബാലാമണിയമ്മ, എണ്ണംകൊണ്ടും ആഴംകൊണ്ടും ഏറ്റവും വലിയ എഴുത്തുകാരനെന്ന് നമുക്ക് അഹങ്കരിക്കാവുന്ന മഹാത്മജി, മനുഷ്യനെ സ്വന്തം ജീവിതംകൊണ്ട് അളന്നെടുത്ത ബഷീര്‍, വായനക്കാരന് അകത്തു കയറാനുള്ള പാസ്വേഡ് കൈക്കലാക്കാന്‍ ഒരേസമയം ഏറെ പ്രയാസവും വളരെ എളുപ്പവുമായ മേതില്‍, ഭൂമിയിലെ ഏറ്റവും ശക്തമായ ഭാഷയായ മാതൃഭാഷ, യുദ്ധങ്ങള്‍, മഹാമാരികള്‍, രാഷ്ട്രീയനുണകള്‍, ആണത്തനാട്യങ്ങള്‍… അങ്ങനെ പലതായി കടന്നുവരുന്ന, പലതിലേക്കും കടന്നുകയറുന്ന ലേഖനങ്ങളുടെ സമാഹാരം. കല്‍പ്പറ്റ നാരായണന്റെ ഏറ്റവും പുതിയ പുസ്തകം. ‘എല്ലാ ചലനങ്ങളും വ്യതിചലനങ്ങള്‍’. മാതൃഭൂമി. വില 306 രൂപ.
◾തലച്ചോറിനെയും നാഡീവ്യൂഹസംവിധാനത്തെയും സംബന്ധിക്കുന്ന രോഗങ്ങളായ അല്‍സ്‌ഹൈമേഴ്‌സിലേക്കും പാര്‍ക്കിന്‍സണ്‍സിലേക്കും നയിക്കുന്നത് പലപ്പോഴും ശരീരത്തിലെ നീര്‍ക്കെട്ടാണ്. ശരീരത്തില്‍ എന്തെങ്കിലും മുറിവോ പരുക്കോ പറ്റുമ്പോള്‍ പ്രവര്‍ത്തനക്ഷമമാകുന്ന നീര്‍വീക്കം പക്ഷേ സ്ഥിരമാകുമ്പോള്‍ മറവിരോഗം മാത്രമല്ല അതെറോസ്‌ക്ലീറോസിസ്, അമിതവണ്ണം പോലുള്ള പ്രശ്‌നങ്ങളും ഉണ്ടാകാം. എന്നാല്‍ ഇടയ്ക്കിടെയുള്ള ഉപവാസങ്ങള്‍ ഇത്തരം നീര്‍ക്കെട്ടിനെ കുറച്ച് അല്‍സ്‌ഹൈമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ് പോലുള്ള രോഗങ്ങളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുമെന്ന് കേംബ്രിജ് സര്‍വകലാശാലയില്‍ നടന്ന പുതിയ പഠനം വെളിപ്പെടുത്തുന്നു. നീര്‍വീക്കത്തെ തടയുന്ന അറക്കിഡോണിക് ആസിഡിന്റെ തോത് ശരീരത്തില്‍ വര്‍ധിപ്പിക്കാന്‍ ഉപവാസം കൊണ്ട് സാധിക്കുമെന്നാണ് കേംബ്രിജിലെ ഗവേഷകര്‍ പറയുന്നത്. പഠനത്തിന്റെ ഭാഗമായി 21 വോളന്റിയര്‍മാരുടെ രക്തസാംപിളുകള്‍ കേംബ്രിജിലെയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിലെയും ശാസ്ത്രജ്ഞര്‍ വിലയിരുത്തി. 500 കാലറി ഭക്ഷണം കഴിച്ച ശേഷം 24 മണിക്കൂര്‍ നേരം ഇവര്‍ ഉപവസിച്ചു. ശേഷം വീണ്ടും 500 കാലറിയുടെ ഭക്ഷണം കഴിച്ചു. ഉപവാസ സമയത്ത് ഇവരുടെ ശരീരത്തിലെ അറക്കിഡോണിക് ആസിഡ് തോത് ഉയരുന്നതായും വീണ്ടും ഭക്ഷണം കഴിക്കുമ്പോള്‍ താഴുന്നതായും ഗവേഷകര്‍ നിരീക്ഷിച്ചു. ആന്റി ഇന്‍ഫ്‌ളമേറ്ററി മരുന്നായ ആസ്പിരിന്‍ പോലുള്ളവ അറക്കിഡോണിക് ആസിഡിന്റെ വിഘടനത്തെ തടയുക വഴിയാണ് ശരീരത്തിലെ നീര്‍ക്കെട്ട് കുറയ്ക്കുന്നതും ഗവേഷകര്‍ കണ്ടെത്തി. അതേ സമയം ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ അത്തരം മരുന്നുകള്‍ കഴിക്കരുതെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
*ശുഭദിനം*
*കവിത കണ്ണന്‍*
ആ ആലയില്‍ ഒരു താഴും താക്കോലും ചുററികയും ഉണ്ടായിരുന്നു. ഒരു ദിവസം ചുറ്റിക താക്കോലിനോട് ചോദിച്ചു: നീ എങ്ങിനെയാണ് ഇത്രനിസ്സാരമായി പൂട്ടുകള്‍ തുറക്കുന്നത്? നിന്നേക്കാള്‍ ശക്തിയുണ്ടെങ്കിലും എനിക്കതിന് കഴിയുന്നില്ലല്ലോ? അപ്പോള്‍ താക്കോല്‍ പറഞ്ഞു: നീ ശക്തിയില്‍ അടിക്കുന്നമ്പോള്‍ അത് തകരുകയാണ് ചെയ്യുന്നത്,. എന്നാല്‍ ഞാന്‍ അവരെ വേദനിപ്പിക്കാതെ അവരുടെ ഹൃദയത്തിലേക്ക് കടന്നുചെല്ലുകയാണ് ചെയ്യുന്നത്. അപ്പോള്‍ അവ തനിയെ തുറക്കും.. നമുക്ക് ചുറ്റുമുളളവരെ രണ്ടുവിധത്തില്‍ കീഴ്‌പെടുത്താം. അക്രമത്തിലൂടെയും ആര്‍ദ്രതയിലൂടെയും. അക്രമത്തിലൂടെ കൈവശമാക്കിയവക്കൊന്നും മനോഹാരിത ഉണ്ടാകില്ല. അറിഞ്ഞും അനുഭവിച്ചും സ്വന്തമാക്കുമ്പോള്‍ അതില്‍ അനുഭൂതിയും ബഹുമാനവും സ്‌നേഹവും ഉണ്ടാകും. അധികാരത്തിലൂടെ തങ്ങളുടെ ചൊല്‍പടിക്കുനിര്‍ത്തുന്ന ഒരാളും ആരുടേയും ഹൃദയത്തില്‍ ഇടംപിടിക്കില്ല. ഹൃദയത്തിന്റെ വാതിലുകള്‍ തുറന്ന് അകത്ത് പ്രവേശിക്കുന്നവര്‍ക്ക് മാത്രമാണ് ഒരാളുടെ ആത്മാവിനെ തൊട്ടറിയാന്‍ കഴിയുക. നമുക്ക് ആത്മാവിനെ തൊട്ടറിയാന്‍ ശീലിക്കാം – ശുഭദിനം.