s9 yt cover

മാനന്തവാടി പടമലയില്‍ റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാന വീടിന്റെ മതില്‍ പൊളിച്ച് അകത്തു കടന്ന് ഒരാളെ ചവിട്ടിക്കൊന്നു. ചീലഗദ്ദ പനച്ചിയില്‍ അജീഷ് എന്ന നാല്‍പത്തേഴുകാരനാണു കൊല്ലപ്പെട്ടത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു വിട്ടുകൊടുക്കാതെ ജനം റോഡുകളെല്ലാം ഉപരോധിച്ചു. ബത്തേരി നഗരസഭയിലെ കുറുക്കന്മൂല, പയ്യമ്പള്ളി, കുറുവ, കാടന്‍കൊല്ലി എന്നീ നാലു വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ആളെക്കൊല്ലിയായ കാട്ടാനയെ വെടിവച്ചു കൊല്ലണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട അജീഷിന്റെ മൃതദേഹവുമായി രാവിലെ മുതല്‍ തെരുവില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍. പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ മൃതദേഹം വിട്ടുകൊടുത്തിട്ടില്ല. സ്ഥലത്തെത്തിയ ജില്ലാ പോലീസ് മേധാവി ടി. നാരായണന്റെ വാഹനം ജനം തടഞ്ഞു. ആശുപത്രിയിലേക്ക് എസ്പി നടന്നു പോയാല്‍ മതിയെന്നു പ്രഖ്യാപിച്ച് ജനം റോഡില്‍ ഉപരോധ സമരം നടത്തി. കോഴിക്കോട്, മൈസൂരു, തലശ്ശേരി റോഡുകളാണ് പ്രതിഷേധക്കാര്‍ ഉപരോധിച്ചത്.

റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാന എത്തി വയനാട്ടില്‍ ഒരാള്‍ കൊല്ലപ്പെടുന്നതുവരെ വനംവകുപ്പ് അധികൃതര്‍ മുന്നറിയിപ്പു നല്‍കിയില്ലെന്ന് നാട്ടുകാര്‍. റേഡിയോ കോളറില്‍നിന്ന് സിഗ്‌നല്‍ ലഭിച്ചില്ലെന്നാണ് കേരള വനംവകുപ്പ് പറയുന്നത്. കര്‍ണാടക റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാനയാണ് കേരളത്തിലെത്തി ഒരാളെ കൊന്നത്. കാട്ടാനയുടെ റേഡിയോ കോളര്‍ സിഗ്നല്‍ കര്‍ണ്ണാടക പങ്കുവച്ചില്ലെന്ന് കേരള വനംവകുപ്പ് ആരോപിച്ചു. പലതവണ കത്തയച്ചിട്ടും ആന്റിനയും, റിസീവറും ലഭ്യമാക്കിയില്ലെന്നും കേരളം കുറ്റപ്പെടുത്തി. എന്നാല്‍ കേന്ദ്രീകൃത സിഗ്‌നല്‍ സംവിധാനത്തില്‍ ആനയുടെ നീക്കം കേരളത്തിനും മനസിലാക്കാമായിരുന്നെന്നാണ് കര്‍ണാടക വനംവകുപ്പ് കുറ്റപ്പെടുത്തുന്നത്.

*കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണ്‍*

കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണില്‍ ഇപ്പോള്‍ സ്വര്‍ണവിലയുടെ 90 ശതമാനവും വായ്പയായി ലഭിക്കുന്നു. ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. മാക്സിമം കയ്യില്‍ കിട്ടുമ്പോള്‍ മറ്റെവിടെ പോകാന്‍.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*

മാനന്തവാടിയിലെ ആളെക്കൊല്ലി കാട്ടാനയെ മയക്കുവെടിവച്ച് പിടുകൂടുമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍. കോടതിയെ സാഹചര്യം അറിയിക്കും. പ്രതിഷേധം കാരണം ഉദ്യോഗസ്ഥര്‍ക്കു നടപടികളെടുക്കാന്‍ സാധിക്കുന്നില്ല. ജനങ്ങള്‍ സംയമനം പാലിക്കണം. സ്ഥിതിഗതികള്‍ മുഖ്യമന്ത്രി വിലയിരുത്തുന്നുണ്ടെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു.

സംസ്ഥാന വനംവകുപ്പും സര്‍ക്കാരും മനുഷ്യരെ കൊല്ലാന്‍ വന്യമൃഗങ്ങള്‍ക്ക് എറിഞ്ഞുകൊടുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വനംമന്ത്രി ശശീന്ദ്രന്‍ രാജിവയ്ക്കണം. നേരത്തെ ഇറങ്ങിയ ആനയെ ട്രാക്ക് ചെയ്യാന്‍ വനംവകുപ്പിനു കഴിയാതിരുന്നതാണ് ഒരു മനുഷ്യ ജീവന്‍ പൊലിയാന്‍ ഇടയാക്കിയതെന്ന് സതീശന്‍ ചൂണ്ടിക്കാട്ടി. ആന ജീവനെടുത്ത അജീഷിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

വിദേശ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കുന്ന കാര്യം ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നു സിപിഐ. ഇടതു വിരുദ്ധ നയം ബജറ്റില്‍ പ്രഖ്യാപിച്ചതിനെതിരേ സിപിഎം നേതാക്കളോടു പ്രതിഷേധം അറിയിക്കണമെന്ന് സിപിഐ എക്സിക്യൂട്ടീവ് യോഗത്തില്‍ നേതാക്കള്‍ നിലപാടെടുത്തു.

പഞ്ചസാര ഫാക്ടറിയിലെ ആക്രി നല്‍കാമെന്നു വാഗ്ദാനം ചെയ്തു മൂന്നര കോടി രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ ആര്‍എസ്എസ് മുന്‍ ദേശീയ നേതാവും ഭാര്യയും അറസ്റ്റില്‍. പട്ടാമ്പി ഞാങ്ങിട്ടിരി സ്വദേശി കെ.സി. കണ്ണന്‍, ഭാര്യ ജീജാ ഭായി എന്നിവരാണ് അറസ്റ്റിലായത്. ആന്ധ്രപ്രദേശ് സ്വദേശി മധുസൂദന റെഡ്ഡിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കര്‍ണാടകയിലെ ഷുഗര്‍ കമ്പനിയിലെ ആക്രിവസ്തുക്കള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.

*മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ സ്‌പെഷ്യല്‍ ന്യൂ ഇയര്‍ കളക്ഷനും*

മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഇനി മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം 299 രൂപ മുതലുള്ള സ്‌പെഷ്യല്‍ ന്യൂ ഇയര്‍

കളക്ഷനും. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

മൂന്നാറിലെ കര്‍ഷകരില്‍നിന്ന് ന്യായവിലയ്ക്കു പച്ചക്കറി വാങ്ങിയെന്ന വ്യാജേന ഹോര്‍ട്ടികോര്‍പ്പ് ഉദ്യോഗസ്ഥര്‍ ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തെന്നു വിജിലന്‍സ് കണ്ടെത്തി. കര്‍ഷകര്‍ ഹോര്‍ട്ടി കോര്‍പില്‍ പച്ചക്കറി നല്‍കാതായതോടെയാണ് അന്വേഷണം ആരംഭിച്ചത്. മരിച്ചയാളുടെ പേരിലും നിലവിലില്ലാത്ത വാഹനത്തിന്റെ പേരിലും വ്യാജ ബില്ലുണ്ടാക്കി മൂന്നു ലക്ഷം രൂപയിലധികം ജില്ലയുടെ ചുമതലയുള്ള ഉദ്യോഗസ്ഥയുടെ അക്കൗണ്ടിലേക്കു പോയിട്ടുണ്ടെന്നാണ് പ്രാഥമിക കണ്ടെത്തല്‍.

സ്വകാര്യ ബസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച കണ്‍സഷന്‍ നിരക്ക് ലഭിക്കുന്നു എന്ന് ഉറപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷന്‍. കണ്‍സഷന്‍ നിരക്ക് നല്‍കാത്ത സ്വകാര്യബസുകളുടെ പെര്‍മിറ്റും കുറ്റം ചെയ്ത ജീവനക്കാരുടെ ലൈസന്‍സും റദ്ദാക്കണമെന്നും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് ബാലാവകാശ കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കി.

എക്സാലോജിക് വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെ ന്യായീകരിച്ചും മുഖ്യമന്ത്രി പിണറായി വിജയനെ ഒറ്റപ്പെടുത്തി ആക്രമിക്കാനാണു നീക്കമെന്നു വിശദീകരിച്ചും സിപിഎം നയരേഖ. സേവനം ചെയ്തതിന് വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാടിനെയാണ് മാസപ്പടിയെന്ന് അധിക്ഷേപിച്ച് അന്വേഷണം നടത്തുന്നതെന്നാണ് നയരേഖയില്‍ സിപിഎം ന്യായീകരിക്കുന്നത്. പണം കൊടുത്ത കമ്പനിക്കു പോലും പരാതിയില്ലാത്ത വിഷയമാണ്. വാദംകേള്‍ക്കാതെയാണ് പ്രചരണമെന്നും നയരേഖയില്‍ വിമര്‍ശിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിരുന്നില്‍ പങ്കെടുത്ത എന്‍.കെ. പ്രേമചന്ദ്രന്‍ ഇന്ത്യാ സഖ്യത്തെ വഞ്ചിച്ചെന്ന് സിപിഎം നേതാവ് എളമരം കരീം. ഇന്ത്യാ സഖ്യത്തിലെ ആരും വിരുന്നില്‍ പങ്കെടുത്തില്ല. പ്രേമചന്ദ്രനെ കൂടെക്കൂട്ടിയ കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യത്തില്‍ മറുപടി പറയണം. പ്രേമചന്ദ്രനെ കണ്ടുകൊണ്ടാണോ കേരളത്തില്‍ ബി.ജെ.പി അക്കൗണ്ട് തുറക്കുന്നതെന്നും എളമരം കരീം ചോദിച്ചു

സംസ്ഥാനത്തെ റേഷന്‍ കടകളിലൂടെ 10 രൂപ 90 പൈസക്കു വിതരണം ചെയ്തിരുന്ന അരി ഭാരത് അരി എന്ന പേരില്‍ കേന്ദ്ര ഗവണ്‍മെന്റ് 29 രൂപയ്ക്കു വിതരണം ചെയ്ത് ജനത്തെ കബളിപ്പിക്കുകയാണെന്ന് ടി.എന്‍.പ്രതാപന്‍ എംപി. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം. മോദി നല്‍കുന്ന അരി എന്നു പ്രചരിപ്പിച്ച് തെരഞ്ഞെടുപ്പ് തട്ടിപ്പ് നടത്തുന്നതു തടയണമെന്നു പ്രതാപന്‍ ആവശ്യപ്പെട്ടു.

നെടുങ്കയത്ത് സ്‌കൗട്സ് ആന്‍ഡ് ഗൈഡ്സ് ക്യാമ്പിന്റെ പ്രകൃതി പഠനത്തിനിടെ രണ്ടു വിദ്യാര്‍ഥിനികള്‍ മുങ്ങി മരിച്ച സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മലപ്പുറം ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്ന് മന്ത്രി വി ശിവന്‍കുട്ടി. സംഭവത്തില്‍ വകുപ്പു തല റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്കും നിര്‍ദ്ദേശം നല്‍കി.

എറണാകുളം ഇടപ്പള്ളി പച്ചാളം ആയുര്‍വേദ മന മസ്സാജ് പാര്‍ലറില്‍ ലഹരി വസ്തുക്കളുമായി മൂന്നു പേര്‍ പിടിയില്‍. 50 ഗ്രാം ഗോള്‍ഡന്‍ മെത്ത് ആണ് പിടികൂടിയത്. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി അഷറഫ്, സഹോദരന്‍ അബൂബക്കര്‍, പറവൂര്‍ സ്വദേശി സിറാജൂദീന്‍ എന്നിവരെയാണു അറസ്റ്റു ചെയ്തത്.

ഗോഡ്സെയെ മഹത്വവല്‍ക്കരിച്ച് കോഴിക്കോട് എന്‍ഐടി അധ്യാപിക ഷൈജ ആണ്ടവന്റെ ഫേസ്ബുക്ക് കമന്റിനെക്കുറിച്ച് അന്വേഷിക്കാന്‍ എന്‍ഐടി കമ്മിറ്റിയെ നിയോഗിച്ചു. ഗാന്ധിയുടെ തത്വങ്ങള്‍ക്കെതിരായ പരാമര്‍ശങ്ങളെ പിന്തുണക്കില്ലെന്ന് എന്‍ഐടി വ്യക്തമാക്കി.

ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പേ പൗരത്വ നിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആരുടേയും പൗരത്വം കളയില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 370 സീറ്റു കിട്ടുമെന്നും എന്‍ഡിഎ നാനൂറിലേറെ സീറ്റു നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകനെ ലഹരിക്കേസില്‍ കുടുക്കാതിരിക്കാനായിരുന്നു 25 കോടി കൈക്കൂലി ആവശ്യപ്പെട്ട നാര്‍കോട്ടിക് കണ്‍ട്രോള്‍ ബോര്‍ഡ് മുംബൈ മുന്‍ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയ്ക്കെതിരെ കള്ളപ്പണക്കേസില്‍ എന്‍ഫോഴ്സ്മെന്റ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തു.

കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ മാറി കോണ്‍ഗ്രസ് ഭരണം വന്നിട്ടും കരാറുകാരില്‍നിന്ന് 40 ശതമാനം കമ്മീഷന്‍ വാങ്ങുന്നുണ്ടെന്ന് കരാറുകാര്‍. ഉദ്യോഗസ്ഥര്‍ പണം പിരിച്ചെടുത്ത് തങ്ങളുടെ രാഷ്ട്രീയ യജമാനന്മാര്‍ക്ക് കൈമാറുകയാണെന്ന് കരാറുകാരുടെ സംഘടനാ നേതാവ് കെമ്പണ്ണ ആരോപിച്ചു.

പ്രശസ്ത ചിത്രകാരന്‍ പത്മഭൂഷണ്‍ എ. രാമചന്ദ്രന്‍ ഡല്‍ഹിയില്‍ അന്തരിച്ചു. 89 വയസായിരുന്നു. ആറ്റിങ്ങല്‍ സ്വദേശിയായ രാമചന്ദ്രന്‍ ഡല്‍ഹി ജാമിയ മിലിയ ഇസ്ലാമിയയില്‍ ചിത്രകലാ വിഭാഗം മേധാവിയായിരുന്നു.

മുന്‍ പ്രധാനമന്ത്രി നരസിംഹറാവുവിനു ഭാരതരത്നം നല്‍കിയ പ്രഖ്യാപനത്തിനു പിറകേ, ഗാന്ധി കുടുംബത്തേയും കോണ്‍ഗ്രസിനേയും ആക്ഷേപിച്ച് നരസിംഹറാവുവിന്റെ ചെറുമകന്‍ എന്‍.വി. സുഭാഷ്. കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് നരസിംഹ റാവുവിനെ ബലിയാടാക്കിയതു ഗാന്ധി കുടുംബമാണെന്നാണ് സുഭാഷിന്റെ വിമര്‍ശനം.

ചിത്രദുര്‍ഗ സര്‍ക്കാര്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്ററില്‍ ശസ്ത്രക്രിയക്കിടെ പ്രതിശ്രുത വധുവിനൊപ്പം ഫോട്ടോ ഷൂട്ട് നടത്തിയ ഡോക്ടറെ പിരിച്ചുവിട്ടു. ഡോ. അഭിഷേകിനെ പിരിച്ചു വിടാന്‍ കര്‍ണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു ഉത്തരവിട്ടു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

പാകിസ്ഥാനില്‍ തൂക്കുസഭ. മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പിടിഐ പാര്‍ട്ടിക്ക് അപ്രതീക്ഷിത മുന്നേറ്റം. ഏറ്റവും വലിയ ഒറ്റകക്ഷിയാണെന്ന് അവകാശപ്പെട്ട് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും രംഗത്തെത്തി. സൈന്യത്തിന്റെ പിന്തുണയുള്ള നവാസ് ഷെരീഫ് മറ്റു പാര്‍ട്ടികളുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കം തുടങ്ങി. ഫലം പ്രഖ്യാപിച്ച 252 സീറ്റുകളില്‍ 96 സീറ്റ് ഇമ്രാന്‍ ഖാന്റെ പിടിഐ സ്വതന്ത്രര്‍ നേടി. നവാസ് ഷെരീഫിന്റെ പാകിസ്ഥാന്‍ മുസ്ലിംലീഗ് 72 സീറ്റും ബിലാവല്‍ ഭൂട്ടോയുടെ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി 52 സീറ്റിലും വിജയിച്ചു. ഭൂരിപക്ഷത്തിന് 133 പേരുടെ പിന്തുണ വേണം. ഇമ്രാന്റെ സ്വതന്ത്രരുമായി കൂട്ടുകൂടില്ലെന്നാണു നവാസ് ഷെരീഫ് പറയുന്നത്.

അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് സായിദ് അന്താരാഷ്ട്ര വിമാനത്താവളം എന്നാക്കി. ശൈഖ് സായിദിനോടുള്ള ആദരസൂചകമായാണ് വിമാനത്താവളത്തിന്റെ പേര് മാറ്റിയത്.

ഇന്‍ഡെല്‍ കോര്‍പറേഷനു കീഴിലെ പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ ഇന്‍ഡെല്‍ മണിക്ക് 2023-24 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 85 ശതമാനം ലാഭ വര്‍ധന. കമ്പനിയുടെ വരുമാനം മൂന്നാം പാദത്തില്‍ 28.59 ശതമാനം ഉയര്‍ന്ന് 128.95 കോടി രൂപയായി. മൊത്ത ലാഭം ഈ പാദത്തില്‍ 36.23 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 19.6 കോടി രൂപയായിരുന്നു ലാഭം. വായ്പാ വിതരണം ഈ വര്‍ഷം ഇതുവരെ 43 ശതമാനം വളര്‍ച്ചയോടെ 2,400 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. മൂന്നാം പാദത്തില്‍ 1,410 കോടി രൂപയുടെ ആസ്തികളാണ് കമ്പനി കൈകാര്യം ചെയ്യുന്നത്. മുന്‍ പാദത്തേക്കാളും കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലുണ്ടായിരുന്നതിനേക്കാളും ഗണ്യമായ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 2024 സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ 36.23 കോടി രൂപയുടെ ലാഭം നേടാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ഇന്‍ഡെല്‍ മണി എക്‌സിക്യൂട്ടീവ് ഡയറക്ടറും സി.ഇ.ഒയുമായ ഉമേഷ് മോഹനന്‍ പറഞ്ഞു.

ഒരു വര്‍ഷക്കാലയളവില്‍ നീക്കം ചെയ്ത വ്യാജ ലോണ്‍ ആപ്പുകളുടെ കണക്കുകള്‍ പുറത്തുവിട്ട് ഗൂഗിള്‍ പ്ലേ സ്റ്റോര്‍. 2022 സെപ്റ്റംബറിനും 2023 ഓഗസ്റ്റിനും ഇടയില്‍ 2200 വ്യാജ ലോണ്‍ ആപ്പുകളാണ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നീക്കം ചെയ്തിട്ടുള്ളത്. ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് കമ്പനിയുടെ നീക്കം. അതേസമയം, 2021 ഏപ്രില്‍ മുതല്‍ 2022 ജൂലൈ വരെ ഏകദേശം 4000 ലോണ്‍ ആപ്പുകളാണ് ഗൂഗിള്‍ റിവ്യൂ ചെയ്തത്. ഇതില്‍ 2500 എണ്ണം നീക്കം ചെയ്തിട്ടുണ്ട്. ലോണ്‍ ആപ്പുകള്‍ക്ക് പ്ലേ സ്റ്റോറില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഗൂഗിള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബാങ്ക് അല്ലെങ്കില്‍, ബാങ്ക് ഇതര സ്ഥാപനങ്ങളോ, അവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്കോ മാത്രമേ ലോണ്‍ ആപ്പുകള്‍ പ്രസിദ്ധീകരിക്കാന്‍ കഴിയുകയുള്ളൂ. ഇതിനോടൊപ്പം കര്‍ശന മാനദണ്ഡങ്ങളും പാലിക്കേണ്ടതുണ്ട്. അതേസമയം, ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മുന്‍പ് ഉപഭോക്താക്കള്‍ കമ്പനിയെ കുറിച്ചുള്ള വിശദാംശങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. കൂടാതെ, ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ നല്‍കുന്ന പെര്‍മിഷനുകളും കൃത്യമായി പരിശോധിക്കണം.

തന്റെ രചനകളിലൂടെ ഒട്ടേറെ സൂപ്പര്‍ഹിറ്റ് സിനിമകള്‍ സമ്മാനിച്ച എസ്.എന്‍. സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ പ്രകാശനം മെഗാ സ്റ്റാര്‍ മമ്മൂട്ടി നിര്‍വഹിച്ചു. മോട്ടിവേഷണല്‍ ഡ്രാമ ജോണറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് ‘സീക്രട്ട്’ എന്നാണ്. ലക്ഷ്മി പാര്‍വതി വിഷന്റെ ബാനറില്‍ രാജേന്ദ്ര പ്രസാദാണ് സീക്രട്ടിന്റെ നിര്‍മ്മാണം. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലില്‍ കൂടെയാണ് റിലീസ് ചെയ്തത്. ധ്യാന്‍ ശ്രീനിവാസന്‍, അപര്‍ണാ ദാസ്, ജേക്കബ് ഗ്രിഗറി, കലേഷ് രാമാനന്ദ്, ആര്‍ദ്രാ മോഹന്‍, രഞ്ജിത്ത്, രഞ്ജി പണിക്കര്‍, ജയകൃഷ്ണന്‍, സുരേഷ് കുമാര്‍, അഭിരാം രാധാകൃഷ്ണന്‍, മണിക്കുട്ടന്‍ എന്നിവരാണ് സീക്രട്ടിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ്.എന്‍ സ്വാമി കഥയും തിരക്കഥയും ഒരുക്കി സംവിധാനം നിര്‍വഹിക്കുന്ന സീക്രട്ടിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ജേക്സ് ബിജോയാണ്. എറണാകുളം, പാലക്കാട്, തമിഴ്നാട് എന്നീ സ്ഥലങ്ങളില്‍ നാല്പത്തി അഞ്ചു ദിവസങ്ങള്‍ കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.

യാമി ഗൗതത്തെ പ്രധാന കഥാപാത്രമാക്കി ആദിത്യ സുഹാസ് സംവിധാനം ചെയ്യുന്ന ‘ആര്‍ട്ടിക്കിള്‍ 370’ സിനിമയുടെ ട്രെയിലര്‍ എത്തി. എന്‍ഐഎ ഏജന്റ് ആയി യാമി ഗൗതം എത്തുന്നു. കശ്മീര്‍ ആണ് സിനിമയുടെ പ്രമേയം. പ്രിയാമണി, അരുണ്‍ ഗോവില്‍, ൈവഭവ്, സ്‌കന്ദ് ഠാക്കൂര്‍, അശ്വിനി കൗള്‍, കിരണ്‍ കര്‍മാര്‍കര്‍, അശ്വനി കുമാര്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ആദിത്യ ധര്‍, മൊണാല്‍ താക്കര്‍ എന്നിവരുെട കഥയ്ക്ക് ആദിത്യ സുഹാസ് തിരക്കഥ എഴുതിയിരിക്കുന്നു. ചിത്രം ഫെബ്രുവരി 23ന് തിയറ്ററുകളിലെത്തും.

വില്‍പ്പനയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ വില്‍പ്പന കമ്പനിയായ മാരുതി സുസുക്കിയുടെ 7 സീറ്റര്‍ എര്‍ട്ടിഗ. ഇന്ത്യയിലുടനീളം 10 ലക്ഷം വില്‍പ്പന നേടിയ ഏറ്റവും വേഗത്തില്‍ എംപിവിയായി വാഹനം മാറി. സെഗ്മെന്റില്‍ റെനോ ട്രൈബര്‍, കിയ കാരെന്‍സ് എന്നിവയ്ക്ക് എതിരാളികളായ എര്‍ട്ടിഗ നിലവില്‍ ഈ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലാണ്. ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ മള്‍ട്ടി പര്‍പ്പസ് വാഹനങ്ങളുടെയും വിപണി വിഹിതത്തിന്റെ മൂന്നിലൊന്ന് എംപിവിയുടെ കൈവശമാണ്. 2012-ലാണ് എര്‍ട്ടിഗ ആദ്യമായി ഇന്ത്യയില്‍ അവതരിപ്പിച്ചത്. 2012 ഏപ്രിലില്‍ ആരംഭിച്ച് വെറും 12 വര്‍ഷത്തിനുള്ളിലാണ് 10 ലക്ഷം വില്‍പ്പന നാഴികക്കല്ല് പൂര്‍ത്തിയാക്കിയത്. 2024 ജനുവരിയില്‍ മാരുതി സുസുക്കി എര്‍ട്ടിഗ മൊത്തം 14,632 യൂണിറ്റ് കാറുകള്‍ വിറ്റു. ഈ കാലയളവില്‍ മാരുതി എര്‍ട്ടിഗ വാര്‍ഷികാടിസ്ഥാനത്തില്‍ 50 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഇന്ത്യയിലെ മാരുതി സുസുക്കി എര്‍ട്ടിഗയുടെ പ്രാരംഭ (എക്സ്-ഷോറൂം) വില 8.69 ലക്ഷം രൂപയില്‍ നിന്ന് ആരംഭിച്ച് മുന്‍നിര മോഡലില്‍ 13.3 ലക്ഷം രൂപ വരെ ഉയരുന്നു. മാരുതി എര്‍ട്ടിഗയില്‍ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് സജ്ജീകരിച്ചിരിക്കുന്നത്, ഇത് പരമാവധി 103 ബിഎച്ച്പി കരുത്തും 137 എന്‍എം പീക്ക് ടോര്‍ക്കും സൃഷ്ടിക്കും.

യുദ്ധഭൂമികളിലും വംശീയകലാപങ്ങള്‍ക്കിടയിലും പ്രകൃതിദുരന്ത മേഖലകളിലും മഹാമാരിയിലും സ്വജീവനു വിലകല്‍പ്പിക്കാതെ വൈദ്യസേവനം നടത്തിയ ഡോ. സന്തോഷ് രേഖപ്പെടുത്തുന്ന അനുഭവങ്ങളില്‍ നരജീവിതമായ വേദനയുടെ ദാരുണദൃശ്യങ്ങളാണ് നാം കാണുക; അമൂല്യമായ മനുഷ്യജീവനുവേണ്ടി ആ കൊലനിലങ്ങളില്‍ പൊരുതുന്ന ഭിഷഗ്വരന്മാരുടെ പവിത്രകര്‍മ്മങ്ങളും. വെറും അനുഭവങ്ങളല്ല, ചിത്തഭേദകങ്ങളായ അനുഭവസാക്ഷ്യങ്ങളാണ് ഈ താളുകളില്‍; ഓരോന്നിലും വേദനയും നിസ്സഹായതയും മരണവും നിറഞ്ഞുനില്‍ക്കുന്നു, പ്രത്യാശയും കാരുണ്യവും കൈമോശംവന്നിട്ടില്ലാത്ത മനുഷ്യരുടെ സമര്‍പ്പിത ജീവിതങ്ങളും. യുദ്ധങ്ങളും ദുരന്തങ്ങളും മഹാമാരികളും നാശം വിതച്ച നാടുകളില്‍ സാന്ത്വനത്തിന്റെ മരുന്നുമായി സഞ്ചരിച്ച ഒരു ആതുരസേവകന്റെ അനുഭവങ്ങള്‍. ‘തോക്കും സിറിഞ്ചും’. സന്തോഷ്‌കുമാര്‍ എം.എസ്. മാതൃഭൂമി. വില 190 രൂപ.

ചില ഭക്ഷണങ്ങള്‍ക്ക് നിങ്ങളുടെ ഈ സ്ട്രെസ് ഹോര്‍മോണുകളെ നിയന്ത്രിക്കാന്‍ കഴിയും. നിങ്ങളുടെ മാനസികനില മെച്ചപ്പെടുത്താന്‍ വാഴപ്പഴത്തിന് കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഫീല്‍ ഗുഡ് ന്യൂറോട്രാന്‍സ്മിറ്റര്‍സ് ആയ ഡോപാമിനും ഡെറാടോണിനും വൈറ്റമിന്‍ ബി6 ഉം പഴത്തിന് ഉത്പാദിപ്പിക്കാന്‍ കഴിയും. കൂടാതെ ഇതില്‍ നിന്നും പഞ്ചസാര വിഘടിക്കുന്നതു വളരെ സാവധാനത്തിലായതു കൊണ്ടുതന്നെ രക്തത്തിലെ പഞ്ചസാര അളവ് വലിയ തോതില്‍ വര്‍ധിക്കില്ല. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറയുന്നത് മാനസിക നിലയില്‍ വ്യതിയാനങ്ങളും അസ്വസ്ഥതകളുമുണ്ടാക്കും. മാത്രമല്ല, പഴത്തില്‍ ധാരാളം പ്രോബിയോട്ടിക്കുകളും അടങ്ങിയിട്ടുണ്ട്. ഇതില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ കുടലിലെ നല്ല ബാക്റ്റീരിയകള്‍ക്കു ഗുണകരമാണ്. ദഹന പ്രക്രിയ സുഗമമാകുകയും ചെയ്യുന്നു. മുട്ടയില്‍ അടങ്ങിയിട്ടുള്ള കോളിന്‍ എന്ന വിറ്റാമിന്‍ നാഡീവ്യൂഹത്തെ പിന്തുണക്കുകയും മനസികനിലയെ ഉന്മേഷകരമായ അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യുന്നു. പഴത്തില്‍ അടങ്ങിയിരിക്കുന്ന സെലെനിയം മുട്ടയിലുമുണ്ട്. ഇതും ഏറെ സഹായകരമാണ്. കൂടാതെ മുട്ടിയില്‍ പ്രോട്ടീന്‍, വൈറ്റമിന്‍ ഡി, ബി 12യും അടങ്ങിയിട്ടുണ്ട്. കുടലിന്റെ ആരോഗ്യം നല്ലതായാല്‍ നമ്മുടെ മാനസികാവസ്ഥയും മെച്ചപ്പെടുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.ഇഡ്ഡലി, ദോശ തുടങ്ങിയ പുളിപ്പിച്ചു തയാറാക്കുന്ന ഭക്ഷണങ്ങളില്‍ പ്രോബിയോട്ടിക്ക് ധാരാളമായി അടങ്ങിയിട്ടുണ്ട്. പ്രോബിയോട്ടിക്ക് നമ്മുടെ മാനസിക നിലയെ മെച്ചപ്പെടുത്താന്‍ സഹായിക്കും. ചിയ വിത്തുകളില്‍ പ്രോട്ടീന്‍, ഫൈബര്‍, കാല്‍സ്യം, ഇരുമ്പ് തുടങ്ങി ധാരാളം ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന മഗ്നീഷ്യവും ഈ വിത്തുകളിലുണ്ട്. ടെന്‍ഷന്‍, അമിതമായ ഉത്കണ്ഠ എന്നിവയ്ക്കെല്ലാം പരിഹാരമാകാന്‍ ഇതിനു കഴിയും. മാനസികനിലയെ നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിയുന്ന പ്രോട്ടീന്‍, ഫൈബര്‍, വിറ്റാമിന്‍ ഇ തുടങ്ങിയ ധാരാളം ഘടകങ്ങള്‍ ബദാമിലുണ്ട്. വൈറ്റമിന്‍ ഇ ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇടനേരങ്ങളില്‍ സ്നാക്കായോ ഓട്സിനൊപ്പമോ ബദാം മില്‍ക്ക് തയാറാക്കിയോ കഴിക്കാവുന്നതാണ്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.01, പൗണ്ട് – 104.84, യൂറോ – 89.49, സ്വിസ് ഫ്രാങ്ക് – 94.88, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.17, ബഹറിന്‍ ദിനാര്‍ – 220.68, കുവൈത്ത് ദിനാര്‍ -270.13, ഒമാനി റിയാല്‍ – 216.02, സൗദി റിയാല്‍ – 22.14, യു.എ.ഇ ദിര്‍ഹം – 22.60, ഖത്തര്‍ റിയാല്‍ – 22.80, കനേഡിയന്‍ ഡോളര്‍ – 61.54.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *