◾https://dailynewslive.in/ സംസ്ഥാനത്തെ 31 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കനത്ത തിരിച്ചടി. നേട്ടമുണ്ടാക്കി യു.ഡിഎഫ്. 17 ഇടത്ത് യുഡിഎഫും 11 ഇടത്ത് എല്‍ഡിഎഫും മൂന്ന് വാര്‍ഡില്‍ ബിജെപിയും വിജയിച്ചു. എല്‍ഡിഎഫ് 15, യുഡിഎഫ് 13, ബിജെപി മൂന്ന് എന്നിങ്ങനെയായിരുന്നു തിരഞ്ഞെടുപ്പിനുള്ള മുമ്പുള്ള സ്ഥിതി. യുഡിഎഫ് സീറ്റ് പിടിച്ചെടുത്തതോടെ തൃശൂര്‍ ജില്ലയിലെ നാട്ടിക, പാലക്കാട് ജില്ലയിലെ തച്ചമ്പാറ, ഇടുക്കി ജില്ലയിലെ കരിമണ്ണൂര്‍ പഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് ഭരണവും നഷ്ടമാകും. തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേടിയ ഉജ്ജ്വല വിജയം അതിശക്തമായ ഭരണവിരുദ്ധ വികാരത്തിന്റെ തെളിവാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വ്യക്തമാക്കി.
◾https://dailynewslive.in/ നോര്‍ക്ക റൂട്ട്സിലെ ജീവക്കാരുടെ പെന്‍ഷന്‍ പ്രായം 58 വയസ്സില്‍ നിന്നും 60 വയസ്സായി ഉയര്‍ത്തുമെന്ന് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഇതിന് പുറമെ പാലക്കാട് ജില്ലയില്‍ കൊച്ചി-ബാംഗ്ലൂര്‍ വ്യവസായ ഇടനാഴി പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി പാലക്കാട് താലൂക്കിലെ പുതുശ്ശേരിയിലെ 105.2631 ഏക്കര്‍ ഭൂമി സംസ്ഥാന ഓഹരി ആയി കേരള ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന് കൈമാറാനും ഇന്നത്തെ യോഗം അനുമതി നല്‍കി.
*കെ.എസ്.എഫ്.ഇ*
*സ്‌ക്രീന്‍ ഷോട്ട് മത്സരം*
സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*ഡിസംബര്‍ 10 ലെ വിജയി : അബ്ദുള്‍ കലാം ആസാദ്, കല്ലായ് പോസ്റ്റ്, കോഴിക്കോട്*
◾https://dailynewslive.in/ മാടായി കോളേജ് നിയമനവുമായി ബന്ധപ്പെട്ട് എംകെ രാഘവന്‍ എം പിയും പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വവും തമ്മിലുളള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കെപിസിസി മൂന്നംഗ സമിതിയെ നിയോഗിക്കും. ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ള സമിതി അംഗങ്ങളെ ഇന്നുതന്നെ തീരുമാനിക്കും. കണ്ണൂരിലെ പ്രശ്നങ്ങള്‍ അതീവ ഗുരുതരമെന്നാണ് കെപിസിസിയുടെ വിലയിരുത്തല്‍. വിഷയം ഇനിയും നീട്ടിക്കൊണ്ടു പോകാനാകില്ലെന്നും മുതിര്‍ന്ന നേതാക്കള്‍ വിലയിരുത്തി.
◾https://dailynewslive.in/ കെപിസിസി അദ്ധ്യക്ഷ സ്ഥനത്ത് നിന്ന് പാര്‍ട്ടി പറഞ്ഞാല്‍ മാറുമെന്നും എന്നാല്‍ ഇപ്പോള്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും കെ സുധാകരന്‍. ചര്‍ച്ചയുണ്ടാക്കുന്നത് മാധ്യമങ്ങള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കെ പി സിസി നേതൃ മാറ്റം വേണോ വേണ്ടയോ എന്നത് പൊതുവേദിയില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമാണെന്ന് തോന്നുന്നില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന്‍ പറഞ്ഞു.
◾https://dailynewslive.in/ സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ വിമര്‍ശനമെന്ന് റിപ്പോര്‍ട്ട്. തൊഴിലാളി വര്‍ഗ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി ജാഥ നടത്തിയപ്പോള്‍ എം വി ഗോവിന്ദന്‍ മൈക്ക് ഓപ്പറേറ്ററോട് തട്ടിക്കയറിയത് ശരിയായില്ലെന്നും എ കെ ബാലന്റെ മരപ്പട്ടി പ്രയോഗം ഒഴിവാക്കേണ്ടതായിരുന്നുവെന്നും വിമര്‍ശനമുണ്ട്. കൂടാതെ പദവികള്‍ നല്‍കുന്നതില്‍ പാര്‍ട്ടിയില്‍ രണ്ട് നീതിയാണെന്നും ആരോപണമുയര്‍ന്നുവെന്നും റിപ്പോര്‍ട്ടുകള്‍
*‘Unskippable’ കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ X’mas, New Year Celebrations*
പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.
*പുളിമൂട്ടില്‍ സില്‍ക്‌സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ രജിസ്റ്റര്‍ ചെയ്ത 32 കേസുകളില്‍ അന്വേഷണം തുടരുന്നതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. നാല് കേസുകളില്‍ തെളിവില്ലാത്തതിനാല്‍ അന്വേഷണം അവസാനിപ്പിച്ചുവെന്നും ഒരു അതിജീവിതയുടെ പരാതിയില്‍ മാത്രം 11 കേസുകളെടുത്തിട്ടുണ്ടെന്നും എസ് ഐ ടി ഡിവിഷന്‍ ബെഞ്ചിനെ അറിയിച്ചു. ഹര്‍ജികള്‍ ഈ മാസം 19ന് വീണ്ടും പരിഗണിക്കും.
◾https://dailynewslive.in/ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരായ തുറന്ന് പറച്ചില്‍ വിവാദം അടഞ്ഞ അധ്യായമായെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. ഉപതെരഞ്ഞെടുപ്പിന് ചുമതലകള്‍ തരാത്തതില്‍ പരാതി ഇല്ലെന്ന് ചാണ്ടി ഉമ്മന്‍ വിശദീകരിച്ചു. കെപിസിസി പ്രസിഡന്റ് വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചുവെന്നും ഇനി പറയാനുള്ളതെല്ലാം പാര്‍ട്ടി വേദിയില്‍ മാത്രമേ പറയുവെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ സിപിഎം വഞ്ചിയൂര്‍ ഏരിയാ സമ്മേളനത്തിനായി റോഡ് തടഞ്ഞ് പന്തല്‍ കെട്ടിയ സംഭവത്തില്‍ ഏരിയ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. പാളയം ഏരിയ സെക്രട്ടറി വഞ്ചിയൂര്‍ ബാബു അടക്കം 31 പേരെയാണ് പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. നേരത്തെ കണ്ടാലറിയുന്ന 500 ഓളം ആളുകള്‍ എന്നായിരുന്നു പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*
2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ സിപിഎമ്മിനു പിന്നാലെ റോഡ് കയ്യേറി സിപിഐ സംഘടനയും. ജോയിന്റ് കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് സര്‍വീസ് ഓര്‍ഗനൈസേഷന്‍സ് സമ്മേളനത്തിന്റെ വേദിയാണ് സെക്രട്ടറിയേറ്റിന് മുന്നിലെ റോഡ് കയ്യേറി പന്തല്‍ കെട്ടിയത്. നടപ്പാത കെട്ടി അടച്ചതോടെ കാല്‍നടയാത്രക്കാര്‍ വലഞ്ഞു. സിപിഐയുടെ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രനാണ് സമരം ഉദ്ഘാടനം ചെയ്തത്. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതീയിലാണ് സമരം നടത്തേണ്ടതെന്നും ഭാവിയില്‍ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രനെതിരായ മാനനഷ്ടക്കേസില്‍ നടപടി വൈകുന്നതിനെതിരെ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എത്രയും വേഗം കേസില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ മജിസ്‌ട്രേറ്റ് കോടതിയോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ജസ്റ്റിസ് വി.ജി. അരുണ്‍ ആണ് പരിഗണിക്കുന്നത്.
◾https://dailynewslive.in/ കേരളത്തിലെ രണ്ട് ഹോമിയോ കോളജുകളിലെ അഡ്മിഷന്‍ നടപടികള്‍ റദ്ദാക്കി. എറണാകുളം പടിയാര്‍ മെമ്മോറിയല്‍ കോളജ്, തിരുവനന്തപുരം ശ്രീ വിദ്യാധിരാജ ഹോമിയോപ്പതിക് കോളജുകള്‍ക്കെതിരെയാണ് നടപടി. നാഷണല്‍ കമ്മീഷന്‍ ഫോര്‍ ഹോമിയോപ്പതിയാണ് ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. ബിഎച്ച്എംഎസ് കോഴ്സിലേക്ക് രണ്ട് കോളജുകളും നടത്തിയ അഡ്മിഷനുകളാണ് റദ്ദാക്കിയത്. പൊതുവായ കൗണ്‍സിലിങ് മാനദണ്ഡങ്ങള്‍ക്ക് വിപരീതമായി പ്രവര്‍ത്തിച്ചെന്ന് കണ്ടെത്തിയാണ് നടപടി.
◾https://dailynewslive.in/ നടിയെ ആക്രമിച്ച കേസില്‍ മുന്‍ ഡിജിപി ആര്‍.ശ്രീലേഖയ്ക്കെതിരെ അതിജീവിതയായ നടി കോടതി അലക്ഷ്യ ഹര്‍ജി നല്‍കി. കേസില്‍ ദിലീപിനെതിരെ തെളിവില്ലെന്ന ശ്രീലേഖയുടെ പ്രസ്താവനക്കെതിരെയാണ് അതിജീവിതയായ നടിയുടെ ഹര്‍ജി. നിരവധി തെളിവുകള്‍ ഉള്ള കേസില്‍ തെളിവില്ലെന്ന് പറയുന്നത് കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരുമെന്നാണ് ഹര്‍ജിയിലെ വാദം.
◾https://dailynewslive.in/ മുനമ്പത്തേത് വഖഫ് ഭൂമി ആണെന്നും, പ്രതിപക്ഷ നേതാവ് പറഞ്ഞാല്‍ അത് വഖഫ് ഭൂമി അല്ലാതാകില്ലെന്നുമുള്ള കെ.എം. ഷാജിയുടെ നിലപാടിനെ പിന്തുണച്ച് കോഴിക്കോട്ടെ മുസ്ലീംലീഗ് സംസ്ഥാന കമ്മറ്റി ഓഫീസിന് മുന്നില്‍ പോസ്റ്ററുകള്‍. കെ.എം. ഷാജിയെ പിന്തുണച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ക്കൊപ്പം കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ചും പോസ്റ്ററുകളുണ്ട്.
◾https://dailynewslive.in/ എസ്ഡിപിഐ നേതാവ് ഷാന്‍ വധക്കേസിലെ നാലു പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരായ പ്രതികളുടെ ജാമ്യമാണ് റദ്ദാക്കിയത്. പ്രതികള്‍ക്ക് ജാമ്യം നല്‍കിയ സെഷന്‍സ് കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് തീരുമാനം. എന്നാല്‍ മറ്റ് 5 പ്രതികള്‍ക്ക് ജാമ്യം നല്‍കിയത് ഹൈക്കോടതി ശരിവെച്ചു.
◾https://dailynewslive.in/ ലൈംഗികാതിക്രമ കേസില്‍ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. നവംബര്‍ 21 വരെ ഇടക്കാല മുന്‍കൂര്‍ ജാമ്യം അദ്ദേഹത്തിന് നേരത്തെ അനുവദിച്ചിരുന്നു. ഇതേ ഹര്‍ജിയിലാണ് ഇപ്പോള്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലെടുത്ത കേസിലാണ് മുന്‍കൂര്‍ ജാമ്യം.
◾https://dailynewslive.in/ കണ്ണൂര്‍ തോട്ടട ഐടിഐയില്‍ കെ എസ് യു – എസ് എഫ് ഐ സംഘര്‍ഷം. കെഎസ്‌യു പ്രവര്‍ത്തകര്‍ ക്യാമ്പസിനുള്ളില്‍ കെട്ടിയ കൊടി എസ്എഫ്ഐ പ്രവര്‍ത്തകര്‍ തകര്‍ത്തതോടെയാണ് സംഘര്‍ഷമുണ്ടായത്. ക്യാമ്പസിനുളളില്‍ പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടി. സംഘര്‍ഷം കനത്തതോടെ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.
◾https://dailynewslive.in/ ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഏകാദശി ദിനത്തിലെ ഉദയാസ്തമയ പൂജ മാറ്റിയതിനെതിരായ ഹര്‍ജിയില്‍ ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിക്ക് നോട്ടീസ്. വൃശ്ചിക മാസത്തിലെ പൂജ തുലാമാസത്തിലേക്ക് മാറ്റിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നോട്ടീസ് നല്‍കിയത്. വെബ്‌സൈറ്റിലെ പൂജ പട്ടിക അത് പോലെ നിലനിറുത്തണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. ആചാരങ്ങള്‍ അതേപടി തുടരേണ്ടതായിരുന്നുവെന്നും കോടതി വിലയിരുത്തി.
◾https://dailynewslive.in/ കരിങ്ങാലി വെള്ളകുപ്പി കാണുമ്പോള്‍ ബിയറാണെന്നു തോന്നുന്നവരുടെ മനോനില പരിശോധിക്കണമെന്ന് സിപിഎം വനിതാ നേതാവ് ചിന്ത ജെറോം. കൊല്ലം ജില്ലാ സമ്മേളനത്തിനിടെ പ്രചരിച്ച ചിത്രങ്ങള്‍ക്ക് മറുപടിയായിട്ടാണ് ചിന്ത ഫേസ്ബുക്കില്‍ കുറിപ്പെഴുതിയത്. ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചതിന്റെ ഭാഗമായാണ് പ്ലാസ്റ്റിക്ക് കുപ്പിവെള്ളം ഉപേക്ഷിച്ച് പുനരുപയോഗിക്കാന്‍ കഴിയുന്ന കുപ്പിയില്‍ കരിങ്ങാലി വെള്ളം സമ്മേളന നഗരിയില്‍ വിതരണം ചെയ്തത്.
◾https://dailynewslive.in/ സ്വന്തമായി അരവണ കണ്ടെയ്നര്‍ നിര്‍മ്മിക്കാനുളള പ്ലാന്റിന് ഈ സീസണൊടുവില്‍ തന്നെ തുടക്കമാകുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്. ചെലവ് ചുരുക്കി ഗുണനിലവാരം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നിലക്കലില്‍ അരവണ കണ്ടെയ്നര്‍ പ്ലാന്റ് എന്ന ആശയത്തിലേക്ക് ദേവസ്വം ബോര്‍ഡ് എത്തിയത്. നിലയ്ക്കലില്‍ ഉപയോഗ ശൂന്യമായിക്കിടക്കുന്ന ഭൂമിയിലാകും മൂന്നുകോടി മുതല്‍മുടക്ക് പ്രതീക്ഷിക്കുന്ന പ്ലാന്റ് വരികയെന്നും അദ്ദേഹം വ്യക്തമാക്കി.
◾https://dailynewslive.in/ കോഴിക്കോട് ബീച്ച് റോഡില്‍ പ്രമോഷന്‍ വീഡിയോ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കും. തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് ആല്‍വിന്റെ മരണ കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. വീഡിയോ എടുക്കുന്നതിനിടെ യുവാവിനെ ഇടിച്ചത് ബെന്‍സ് കാര്‍ തന്നെയാണെന്നും പൊലീസ് സ്ഥിരീകരിച്ചു.
◾https://dailynewslive.in/ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു. തൃശൂര്‍ വെള്ളിക്കുളങ്ങര സ്വദേശിയായ ആദിവാസി സ്ത്രീ മീനാക്ഷി (70)യാണ് കാട്ടാനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടത്. വെള്ളിക്കുളങ്ങര ശാസ്താംപൂവം വനമേഖലയില്‍ പടിഞ്ഞാക്കരപ്പാറയില്‍ വനത്തിനുള്ളിലാണ് സംഭവം നടന്നത്.
◾https://dailynewslive.in/ തൃശൂര്‍ കൊട്ടേക്കാട് മറിഞ്ഞ ബൈക്ക് വീണ്ടും ഓണ്‍ ചെയ്യുന്നതിനിടെ തീപിടിച്ച് പൊള്ളലേറ്റ യുവാവ് മരിച്ചു. പേരാമംഗലം സ്വദേശി വിഷ്ണു (26) ആണ് മരിച്ചത്. ബൈക്ക് മറിഞ്ഞ ശേഷം വീണ്ടും ഓണ്‍ ചെയ്തപ്പോള്‍ ടാങ്കില്‍ നിന്ന് ചോര്‍ന്ന ഇന്ധനത്തിന് തീ പിടിക്കുകയായിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
◾https://dailynewslive.in/ ചോലനായിക്ക വിഭാഗത്തിലെ സ്ത്രീയുടെ മരണം കൊലപാതകമെന്ന് ശബ്ദസന്ദേശം. കുപ്പമലയിലെ ഷിബുവിന്റെ ഭാര്യ മാതി (27)ആണ് കഴിഞ്ഞ മാസം 30ന് പാറയില്‍ നിന്ന് വീണ് മരിച്ചത്. എന്നാല്‍ ഈ മാസം രണ്ടിനാണ് വിവരം പുറത്തറിയുന്നത്. ശബ്ദസന്ദേശത്തെ തുടര്‍ന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്തു. നെടുങ്കയം ഉള്‍വനത്തിലാണ് സംഭവം. എന്നാല്‍ മരണത്തില്‍ അസ്വാഭാവികത ഒന്നുമില്ലെന്നും പാറയില്‍നിന്നുള്ള വീഴ്ചയുടെ ആഘാതത്തിലാണ് മരണം സംഭവിച്ചതെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ തെളിഞ്ഞിട്ടുണ്ട്.
◾https://dailynewslive.in/ ഇന്ത്യാ സഖ്യ നേതൃതര്‍ക്കത്തില്‍ കോണ്‍ഗ്രസ്സിന് പിന്തുണ അറിയിച്ച് ഡിഎംകെ. മമമതയുടെ പാര്‍ട്ടിയെ തമിഴ്നാട്ടില്‍ ആര്‍ക്കും അറിയില്ലെന്ന് ഡിഎംകെ വക്താവ് ടി കെ എസ് ഇളങ്കോവന്‍ പറഞ്ഞു. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ കോണ്‍ഗ്രസിന്റെ ശക്തമായ സാന്നിധ്യമുണ്ടെന്നും സഖ്യത്തെ ആര് നയിക്കണമെന്ന് ഒരു പാര്‍ട്ടിക്ക് തനിച്ച് തീരുമാനിക്കാനാകില്ലെന്നും ഇളങ്കോവന്‍ പറഞ്ഞു.
◾https://dailynewslive.in/ കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിങ് കാറില്‍ നിന്നിറങ്ങി ലോക്സഭയിലേക്ക് കയറി വരുമ്പോള്‍ പ്രതിഷേധ സൂചകമായി റോസാപ്പൂവും ത്രിവര്‍ണ പതാകയും നല്‍കി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. നവംബര്‍ 20 ന് ലോക്സഭാ സെഷന്‍ ആരംഭിച്ചതു മുതല്‍ അദാനി വിഷയമാണ് കോണ്‍ഗ്രസ് നിരന്തരം ഉന്നയിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും യുഎസ് വിവാദ വ്യവസായി ജോര്‍ജ് സോറോസുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് ബി ജെ പി പ്രതിരോധം തീര്‍ക്കുന്നത്.
◾https://dailynewslive.in/ മുര്‍ഷിദാബാദ് ജില്ലയിലെ ബെല്‍ദംഗയില്‍ ബാബറി മസ്ജിദ് പുനര്‍നിര്‍മിക്കുമെന്ന തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ ഹുമയൂണ്‍ കബീറിന്റെ പ്രസ്താവന വീണ്ടും വിവാദത്തില്‍. ബാബ്റി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികത്തിലായിരുന്നു എംഎല്‍എയുടെ പ്രസംഗം. ബെല്‍ദംഗയിലെ ഒരു മദ്രസയിലായിരുന്നു പരിപാടി.
◾https://dailynewslive.in/ ദക്ഷിണകൊറിയന്‍ മുന്‍ പ്രതിരോധ മന്ത്രി അറസ്റ്റിന് തൊട്ടുമുമ്പ് ആത്മഹത്യക്ക് ശ്രമിച്ചതായി റിപ്പോര്‍ട്ട്. പട്ടാളനിയമം നടപ്പാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചതായി ആരോപിക്കപ്പെടുന്ന പ്രതിരോധ മന്ത്രി കിം യോങ്-ഹ്യുന്‍ ആണ് ഔദ്യോഗികമായി അറസ്റ്റ് ചെയ്യപ്പെടുന്നതിന് മുമ്പ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാജിവച്ച പ്രതിരോധമന്ത്രി ഞായറാഴ്ച മുതല്‍ കസ്റ്റഡിയിലാണ്.
◾https://dailynewslive.in/ ഉത്തര്‍പ്രദേശിലെ 185 വര്‍ഷം പഴക്കമുള്ള മുസ്ലീം പള്ളിയുടെ ഒരു ഭാഗം പൊളിച്ചുനീക്കി. ഫത്തേപൂര്‍ ജില്ലയില്‍ ബന്ദ-ബഹ്‌റൈച്ച് ഹൈവേക്ക് സമീപത്ത് കൈയേറ്റമാരോപിച്ചാണ് പള്ളിയുടെ ഒരുഭാഗം അധികൃതര്‍ പൊളിച്ചത്. പൊളിച്ച ഭാഗം നിയമവിരുദ്ധമായി സ്ഥലം കൈയേറി നിര്‍മിച്ചതാണെന്ന് രേഖയുണ്ടെന്നും കഴിഞ്ഞ മൂന്ന് വര്‍ഷമായി പരാതി ഉയര്‍ന്നുവന്നതാണെന്നും ജില്ലാ ഭരണകൂടം അവകാശപ്പെട്ടു.
◾https://dailynewslive.in/ സിറിയയില്‍ നിന്ന് 75 ഇന്ത്യക്കാരെ ഒഴിപ്പിച്ചുവെന്നും എല്ലാവരും ലെബനണ്‍ അതിര്‍ത്തി കടന്നുവെന്നും വിദേശകാര്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഇവരെ വിമാനങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് ഇന്ത്യയിലേക്ക് എത്തിക്കുമെന്നും സിറിയയില്‍ ഇനിയുള്ളവര്‍ ജാഗ്രത പാലിക്കാനും എംബസിയുമായി സമ്പര്‍ക്കത്തിലിരിക്കാനും വിദേശകാര്യമന്ത്രാലയം നിര്‍ദേശിച്ചു.
◾https://dailynewslive.in/ സംസ്ഥാനത്ത് സ്വര്‍ണ വില വന്‍ കുതിപ്പില്‍. ഇന്ന് ഒറ്റ ദിവസം കൊണ്ട് പവന്‍ വില 640 രൂപ വര്‍ധിച്ച് 58,280 രൂപയിലെത്തി. ഗ്രാം വില 80 രൂപ ഉയര്‍ന്ന് 7,285 രൂപയുമായി. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണ വിലയില്‍ മുന്നേറ്റമുണ്ടാകുന്നത്. ഇതോടെ ഈ ആഴ്ചയിലെ മാത്രം വര്‍ധന 1,360 രൂപയാണ്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഉയരുന്നുണ്ട്. ഗ്രാമിന് 65 രൂപ ഉയര്‍ന്ന് 6,015 രൂപയിലാണ് ഇന്നത്തെ വ്യാപാരം. വെള്ളി വില ഇന്ന് മാറ്റമില്ല. ഗ്രാമിന് 101 രൂപയില്‍ തുടരുന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 31ന് രേഖപ്പെടുത്തിയ ഗ്രാമിന് 7,455 രൂപയും പവന് 59,640 രൂപയുമാണ് കേരളത്തിലെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വില. നിലവിലെ കുതിപ്പ് തുടര്‍ന്നാല്‍ അധികം വൈകാതെ സ്വര്‍ണം കേരളത്തില്‍ പുതിയ റെക്കോഡ് കുറിച്ചേക്കും. രാജ്യാന്തര സ്വര്‍ണ വില വീണ്ടും 2,700 ഡോളറിനു മുകളിലെത്തി.
◾https://dailynewslive.in/ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളായ വാട്ട്‌സ്ആപ്പ്, ടെലിഗ്രാം, സിഗ്നല്‍ തുടങ്ങിയവ വഴി സ്പാം തട്ടിപ്പുകളും ഓണ്‍ലൈന്‍ തട്ടിപ്പുകളും വര്‍ധിക്കാനിടയുണ്ടെന്ന മുന്നറിയിപ്പുമായി എയര്‍ടെല്‍. ഇതിനെ നേരിടാന്‍ സ്‌ക്രബ്ബിംഗ്, യൂസര്‍ വെരിഫിക്കേഷന്‍ തുടങ്ങിയ നടപടികള്‍ വേഗത്തിലാക്കാന്‍ എയര്‍ടെല്‍ ടെലികോം റെഗുലേറ്ററി അതോറിറ്റിയായ ട്രായിയോട് ആവശ്യപ്പെട്ടു. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്കായി സ്‌ക്രബ്ബിംഗ് അടിയന്തിരമായി നിര്‍ബന്ധമാക്കണം. ഇന്റര്‍നെറ്റ് വഴി ഉപയോക്താക്കള്‍ക്ക് വാണിജ്യ സന്ദേശങ്ങള്‍ അയയ്ക്കുന്ന കമ്പനികള്‍ സമര്‍പ്പിക്കുന്ന മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത ടെംപ്ലേറ്റുമായി ഒ.ടി.ടി ഉള്ളടക്കങ്ങള്‍ പൊരുത്തപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുന്ന പ്രക്രിയയെയാണ് സ്‌ക്രബ്ബിംഗ് എന്നു പറയുന്നത്. ബ്ലാക്ക്‌ലിസ്റ്റ് ചെയ്ത സ്പാമര്‍മാരുടെ ഡാറ്റാബേസ് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ ടെലികോം കമ്പനികളുമായി നിര്‍ബന്ധമായും പങ്കിടണമെന്ന് ട്രായ് ആവശ്യപ്പെടണം. ഒ.ടി.ടി കളും ടെലികോം കമ്പനികളും യോജിച്ച് ആന്റി-സ്പാം ഇക്കോസിസ്റ്റം സൃഷ്ടിക്കുന്നത് സ്പാമര്‍മാര്‍ കമ്മ്യൂണിക്കേഷന്‍ പ്ലാറ്റ്‌ഫോമുകള്‍ മാറുന്നത് തടയുന്നതിന് സഹായകരമാണെന്നും എയര്‍ടെല്‍ നിര്‍ദ്ദേശിക്കുന്നു.
◾https://dailynewslive.in/ ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 20ന് തിയേറ്ററുകളിലേക്കെത്തുന്ന വെഞ്ഞാറമ്മൂട് നായകനാകുന്ന ഇ ഡി (എക്സ്ട്രാ ഡീസന്റ്) ചിത്രത്തിന്റെ ട്രെയ്ലര്‍ പത്തു ലക്ഷത്തില്‍പ്പരം കാഴ്ചക്കാരുമായി സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. ഇ ഡിയുടെ പ്രൊമോ സോങ് നരഭോജി പന്ത്രണ്ട് ലക്ഷത്തില്‍പ്പരം കാഴ്ചക്കാരുമായി ഇപ്പോഴും യൂട്യൂബ് മ്യൂസിക്കില്‍ ട്രെന്‍ഡിങ്ങിലാണ്. ആമിര്‍ പള്ളിക്കാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ആഷിഫ് കക്കോടിയാണ്. പ്രമുഖ നിര്‍മ്മാതാവായ ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുരാജ് വെഞ്ഞാറമ്മൂടിന്റെ വിലാസിനി സിനിമാസും ചേര്‍ന്നാണ് ഇ ഡി ചിത്രത്തിന്റെ നിര്‍മ്മാണം. സുരാജ് വെഞ്ഞാറമൂട് , ഗ്രേസ് ആന്റണി, പ്രേമലു ഫെയിം ശ്യാം മോഹന്‍ എന്നിവരുടെ ഫണ്‍ കോമ്പോയാണ് സിനിമയുടെ ഹൈലൈറ്റ്.സഹ അഭിനേതാക്കളും മികച്ച പ്രകടനമാണ് ഇ ഡി യില്‍ കാഴ്ചവയ്ക്കുന്നത്. വിനയപ്രസാദ്, റാഫി, സുധീര്‍ കരമന, ദില്‍ന പ്രശാന്ത്,അലക്‌സാണ്ടര്‍, ഷാജു ശ്രീധര്‍,സജിന്‍ ചെറുകയില്‍,വിനീത് തട്ടില്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
◾https://dailynewslive.in/ 2024 അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ ഇന്ത്യന്‍ സിനിമ ലോകത്തെ ടോപ്പ് സെര്‍ച്ചുകള്‍ പുറത്തുവിട്ട് ഗൂഗിള്‍. രണ്ട് മലയാള ചിത്രങ്ങള്‍ ടോപ്പ് 10 മൂവി ലിസ്റ്റിലുണ്ട്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം സിനിമകള്‍ ഒരുപോലെ നിറഞ്ഞുനില്‍ക്കുന്ന ഈ പട്ടികയില്‍ ബോളിവുഡിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായ ‘സ്ത്രീ 2’വാണ് ഒന്നാം സ്ഥാനത്തുള്ളത്. പ്രഭാസിന്റെ ‘കല്‍ക്കി’ രണ്ടാം സ്ഥാനത്തും ‘സലാര്‍’ ഒന്‍പതാം സ്ഥാനത്തുമാണ്. 12ത്ത് ഫെയില്‍ ആണ് മൂന്നാം സ്ഥാനത്ത്. ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായ കിരണ്‍ റാവു സംവിധാനം ചെയ്ത ‘ലാപത്ത ലേഡീസ്’ ആണ് നാലാം സ്ഥാനത്ത്. ലിസ്റ്റില്‍ രണ്ട് മലയാള ചിത്രങ്ങള്‍ ഇടം പിടിച്ചിട്ടുണ്ട്. ‘മഞ്ഞുമ്മല്‍ ബോയ്സ്’ ഏഴാം സ്ഥാനത്തും ആവേശം പത്താം സ്ഥാനത്തുമാണ് ഉള്ളത്. തെലുങ്ക് ചിത്രം ഹനുമാന്‍ അഞ്ചാം സ്ഥാനത്തും, വിജയ് സേതുപതി നായകനായ തമിഴ് ചിത്രം മഹാരാജ ആറാം സ്ഥാനത്തും വിജയ് നായകനായ ഗോട്ട് എട്ടാം സ്ഥാനത്തുമാണ്.
◾https://dailynewslive.in/ ഇന്ത്യന്‍ വിപണിയില്‍ ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ സിട്രോണിന്റെ വില്‍പ്പന കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് കണക്കുകള്‍. കഴിഞ്ഞ 3 മാസമായി തുടര്‍ച്ചയായി കാര്‍ വില്‍പ്പനയില്‍ ഇടിവുണ്ടായി. കഴിഞ്ഞ മാസം, അതായത് 2024 നവംബറിലെ സിട്രോണ്‍ കാറുകളുടെ മൊത്തം വില്‍പ്പന കണക്ക് 509 യൂണിറ്റായിരുന്നു. ഇത് 2024 ഒക്ടോബറില്‍ വിറ്റുപോയ 717 യൂണിറ്റിലും താഴെയാണ്. കമ്പനിയുടെ കഴിഞ്ഞ മാസത്തെ വില്‍പ്പന റിപ്പോര്‍ട്ട് നോക്കാം. 2024 നവംബര്‍ മാസത്തിലെ സിട്രോണിന്റെ വില്‍പ്പന കണക്കുകള്‍ നോക്കിയാല്‍ 201 യൂണിറ്റുകള്‍ വിറ്റഴിച്ച എയര്‍ക്രോസാണ് ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ മോഡല്‍. ഇതിനുശേഷം, സി3 മോഡലിന്റെ വില്‍പ്പന 200 യൂണിറ്റായി. അതേസമയം, സി5 എയര്‍ക്രോസിന്റെ അക്കൗണ്ട് പോലും തുറന്നിട്ടില്ല. അതിന്റെ പൂജ്യം യൂണിറ്റുകള്‍ മാത്രമാണ് വിറ്റുപോയത്. ബസാള്‍ട്ട് – 47, ഇസി3 – 61, എയര്‍ക്രോസ് – 201, സി5 എയര്‍ക്രോസ് – 0 എന്നിങ്ങനെയാണ് വില്‍പന കണക്കുകള്‍.
◾https://dailynewslive.in/ ലിംഗനീതിയില്‍ അനീതി കലര്‍ത്തുന്ന സമകാലിക സമൂഹത്തില്‍, ആക്ഷേപങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും നടുവിലൂടെ വിജയത്തിലേക്കു നടന്നുകയറിയ വരദ എന്ന ട്രാന്‍സ്ജന്‍ഡറുടെ പച്ചയായ ജീവിതം. അസമത്വങ്ങളും വെല്ലുവിളികളും നേരിടേണ്ടിവരുന്ന ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തെ ഈ നോവലില്‍ വരച്ചിടുന്നു. അവഗണനയുടെയും അധിക്ഷേപത്തിന്റെയും പടുകുഴിയില്‍നിന്നും വിജയത്തിന്റെ കൊടുമുടികളിലേക്ക് ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ ഏതൊരാള്‍ക്കും പ്രചോദനമാകുന്ന നോവല്‍. ‘ഡമരു’. ദേവിക വാര്യത്ത്. മാതൃഭൂമി. വില 187 രൂപ.
◾https://dailynewslive.in/ പ്രായമായാല്‍ ഓര്‍മക്കുറവും വൈജ്ഞാനിക തകര്‍ച്ചയും സാധാരണമാണ്. എന്നാല്‍ പതിവ് വ്യായാമം ഇതിന്റെ തോത് കുറയ്ക്കാന്‍ സഹായിക്കും. ദിവസവും രാവിലെ 30 മിനിറ്റ് വ്യായാമം അല്ലെങ്കില്‍ വേഗത്തിലുള്ള നടത്തവും രാത്രി കുറഞ്ഞത് ആറ് മണിക്കൂര്‍ ഉറങ്ങുന്നതും അടുത്ത ദിവസം വൈജ്ഞാനിക പ്രകടനം മെച്ചപ്പെട്ടതാക്കുമെന്ന് യൂണിവേഴ്‌സിറ്റി കോളജ് ലണ്ടന്‍ നടത്തിയ പഠനത്തില്‍ പറയുന്നു. ശാരീരിക വ്യായാമം തലച്ചോറിന് ഏറ്റവും മികച്ചതാണ്. ഉറക്കം അതിനെ സഹായിക്കുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. പ്രായമാകുമ്പോള്‍ മനുഷ്യന്റെ തലച്ചോറിനെ എങ്ങനെ സംരക്ഷിക്കാം എന്നതിനെ കുറിച്ചായിരുന്നു പഠനം. ശാരീരിക പ്രവര്‍ത്തനങ്ങള്‍ തലച്ചോറിലേക്കുള്ള രക്തയോട്ടം വര്‍ധിപ്പിക്കുക മാത്രമല്ല, മറിച്ച് അവയുടെ ആഘാതം പ്രതീക്ഷിച്ചതിലും ദീര്‍ഘനേരം നീണ്ടുനില്‍ക്കുമെന്നും പഠനത്തില്‍ കണ്ടെത്തിയതായി ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ബിഹേവിയറല്‍ ന്യൂട്രീഷന്‍ ആന്റ് ഫിസിക്കല്‍ ആക്ടിവിറ്റിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. വൈജ്ഞാനിക വൈകല്യമോ ഡിമെന്‍ഷ്യയോ അനുഭവിക്കാത്ത 50 നും 83നും ഇടയില്‍ പ്രായമായ 76 പേരാണ് പഠനത്തിന്റെ ഭാഗമായത്. ശാരീരിക പ്രവര്‍ത്തനം ഓരോ 30 മിനിറ്റ് വര്‍ധിക്കുമ്പോഴും അടുത്ത ദിവസം വര്‍ക്കിങ്, എപ്പിസോഡിക് മെമ്മറി സ്‌കോറുകളില്‍ രണ്ടു മുതല്‍ അഞ്ച് ശതമാനം വരെ വര്‍ധനവ് കണ്ടെത്തിയതായി ഗവേഷകര്‍ പറഞ്ഞു. നേരിയ വൈജ്ഞാനിക വൈകല്യം നേരിടുന്നവരില്‍ ദൈംദിന അടിസ്ഥാനത്തില്‍ വൈജ്ഞാനിക പ്രകടത്തില്‍ വളരെ ചെറിയ ഉത്തേജനം വലിയ മാറ്റമുണ്ടാക്കുമെന്നും പഠനം വിശദീകരിക്കുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 84.87, പൗണ്ട് – 108.09. യൂറോ – 89.06, സ്വിസ് ഫ്രാങ്ക് – 95.90, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.91, ബഹറിന്‍ ദിനാര്‍ – 225.00, കുവൈത്ത് ദിനാര്‍ -275.90, ഒമാനി റിയാല്‍ – 220.42, സൗദി റിയാല്‍ – 22.58, യു.എ.ഇ ദിര്‍ഹം – 23.10, ഖത്തര്‍ റിയാല്‍ – 23.29, കനേഡിയന്‍ ഡോളര്‍ – 59.82.