S5 yt cover

*1985 മികച്ച ജനപ്രിയ ഗായിക?* : https://youtu.be/fqkXbWDkauU | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/

പുതുപ്പള്ളിയില്‍ ചാണ്ടിപ്പെരുന്നാള്‍. 37,719 വോട്ടിന്റെ ഭൂരിപക്ഷം. വോട്ടുനില: യുഡിഎഫ്- 80,144, എല്‍ഡിഎഫ്-42,425, ബിജെപി- 6554. പുതുപ്പള്ളിയെ 53 വര്‍ഷം നിയമസഭയില്‍ പ്രതിനിധീകരിച്ച ഉമ്മന്‍ ചാണ്ടിയുടെ റെക്കോര്‍ഡ് ഭൂരിപക്ഷം മറികടന്നാണ് ചാണ്ടി ഉമ്മന്റെ ജയം. 2011 ല്‍ സിപിഎമ്മിന്റെ സുജ സൂസന്‍ ജോര്‍ജിനെതിരെ ഉമ്മന്‍ചാണ്ടി നേടിയ 33,255 വോട്ടുകളുടെ റിക്കാര്‍ഡ് ഭൂരിപക്ഷത്തെ മകന്‍ ചാണ്ടി മറികടന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം 9,044 വോട്ടാക്കി കുറച്ച ജെയ്ക്ക് സി തോമസിനെയും എല്‍ഡിഎഫിനേയും ചാണ്ടി ഉമ്മന്‍ ഞെട്ടിച്ചു.

താക്കോല്‍ വൈകിയതുമൂലം പുതുപ്പള്ളിയിലെ വോട്ടെണ്ണല്‍ 15 മിനിറ്റു വൈകി. വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ച കോട്ടയം ബസേലിയസ് കോളജിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിലെ സ്ട്രോംഗ് റൂമിന്റെ താക്കോലുകള്‍ മാറിയതാണ് വോട്ടെണ്ണല്‍ വൈകാന്‍ കാരണം. എട്ടിന് ആരംഭിക്കേണ്ടിയിരുന്ന വോട്ടെണ്ണല്‍ എട്ടേകാലോടെയാണ് തുടങ്ങിയത്. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യമെണ്ണിയത്.

പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്റെ ചരിത്ര വിജയം ആഘോഷിച്ച് യുഡിഎഫ്. ചാണ്ടി ഉമ്മനെ കെട്ടിപിടിച്ചും ഉമ്മവെച്ചും റോഡ് ഷോ നടത്തിയും പൂത്തിരി കത്തിച്ചും വിജയം ആഘോഷിച്ചു. പുതുപ്പള്ളിയിലെ വീട്ടുമുറ്റത്ത് ഉമ്മന്‍ ചാണ്ടിയുടെ ഫ്ളെക്സുമായാണ് പ്രവര്‍ത്തകര്‍ ആഹ്ലാദം പ്രകടിപ്പിച്ചത്. സംസ്ഥാനത്തുടനീളം യുഡിഎഫ് പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ച് ആഹ്ലാദം പ്രകടിപ്പിച്ചു.

*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ*

ജീവിതം സുന്ദരമാക്കാന്‍ KSFE ഡയമണ്ട് ചിട്ടികള്‍. ബമ്പര്‍ സമ്മാനം : 25 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങള്‍. കൂടാതെ ആയിരം പവന്‍ സ്വര്‍ണ്ണവും.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com , Ph: 0487 – 2332255 , Toll free Helpline: 18004253455*

ഉമ്മന്‍ചാണ്ടിയോട് കൊടുംക്രൂരത കാണിച്ചവര്‍ക്ക് പുതുപ്പള്ളിയിലെ ജനകീയ കോടതി നല്‍കിയ ശിക്ഷയാണ് ചാണ്ടി ഉമ്മന്റെ മഹാഭൂരിപക്ഷമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. പുതുപ്പള്ളിക്കാര്‍ക്ക് ഉമ്മന്‍ ചാണ്ടിയോടുളളത് വൈകാരിക ബന്ധമാണ്. പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിനെ പൈശാചികമായാണ് ഇടതുപക്ഷം വേദനിപ്പിച്ചത്. എത്ര ഉറക്കമില്ലാത്ത രാത്രിയിലൂടെയാണ് ഉമ്മന്‍ചാണ്ടിയും കുടുംബവും കടന്നു പോയത്. ആന്റണി അനുസ്മരിച്ചു.

ഉമ്മന്‍ചാണ്ടിയെ അതിക്രൂരമായി വേട്ടയാടിയവരുടെ മുഖത്തേറ്റ അടിയാണ് ചാണ്ടി ഉമ്മന്റെ വിജയമെന്ന് അച്ചു ഉമ്മന്‍. ഉമ്മന്‍ചാണ്ടി പിന്നില്‍ നിന്നും നയിച്ച തെരഞ്ഞെടുപ്പാണിത്. 53 കൊല്ലം ഉമ്മന്‍ചാണ്ടി എന്തു ചെയ്തെന്നു ചോദ്യം ചെയ്തും തന്റെ ചെരിപ്പും ഉടുപ്പും ഉയര്‍ത്തിക്കാണിച്ചും പ്രചാരണം നടത്തിവര്‍ക്കുളള മറുപടിയാണ് ഈ വിജയം. അച്ചു ഉമ്മന്‍ പറഞ്ഞു.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ വിലയിരുത്തലല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ആയിരത്തിലധികം വോട്ടേ കുറഞ്ഞിട്ടുള്ളൂ. അതു പരിശോധിക്കും. യുഡിഎഫിനു സഹതാപ വിജയമാണ്. എല്‍ഡിഎഫിന്റെ പുതുപ്പള്ളിയിലെ അടിത്തറയില്‍ ഒരു കോട്ടവും വന്നിട്ടില്ല. ഗോവിന്ദന്‍ പറഞ്ഞു. പുതുപ്പള്ളിയില്‍ ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസ് വാങ്ങിയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ വികസനത്തേക്കാള്‍, സ്ഥാനാര്‍ഥികളുടെയും നേതാക്കളുടേയും ബന്ധുക്കളായ സ്ത്രീകള്‍ക്കെതിരെ സൈബര്‍ അധിക്ഷേപങ്ങളാണു കൂടുതല്‍ ചര്‍ച്ചയായത്. ഉമ്മന്‍ ചാണ്ടിക്ക് ഉചിതമായ ചികില്‍സ നല്‍കിയില്ലെന്ന ആരോപണം അടക്കമുള്ളവ തള്ളിയാണു ജനം വിധിയെഴുതിയത്. അച്ചു ഉമ്മന്റെ ചെരിപ്പിന്റെയും ഉടുപ്പിന്റെയും വില ചര്‍ച്ചയാക്കിയപ്പോള്‍ പ്രചാരണത്തിനിറങ്ങിയ ജെയ്കിന്റെ പൂര്‍ണ ഗര്‍ഭിണിയായ ഭാര്യ ഗീതു തോമസിനെതിരേയും അധിക്ഷേപമുണ്ടായി. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ ധരിച്ച ടീഷര്‍ട്ടിന്റെ വിലയും ചര്‍ച്ചയായി. അച്ചു ഉമ്മനും ഗീതുവും നല്‍കിയ പരാതികളില്‍ കേസെടുത്തിട്ടുണ്ട്.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

പുതുപ്പള്ളിയില്‍ ബിജെപി വോട്ടുകള്‍ പകുതിയോളമായി ചുരുങ്ങി. കഴിഞ്ഞ തവണ എന്‍. ഹരി നേടിയത് 11,694 വോട്ടായിരുന്നു. 2016 ല്‍ 15,993 വോട്ടാണു ബിജെപി നേടിയത്. ഇത്തവണ 6,554 വോട്ടായി കുറഞ്ഞു. കഴിഞ്ഞ തവണ എല്‍ഡിഎഫിനു 54,328 വോട്ടു ലഭിച്ച സ്ഥാനത്താണ് ഇത്തവണ 42,425 വോട്ടായി കുറഞ്ഞത്.

കൂടുതല്‍ പെന്‍ഷനും ആനുകൂല്യങ്ങളും നല്‍കാന്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കരുതെന്ന് കെ എസ് ഇ ബിക്കു ഹൈക്കോടതിയുടെ നിര്‍ദേശം. ഇതുസംബന്ധിച്ച താരിഫ് റെഗുലേഷനിലെ വ്യവസ്ഥ റദ്ദാക്കുകയും ചെയ്തു. കേരള ഹൈ ടെന്‍ഷന്‍ ആന്‍ഡ് എക്സ്ട്രാ ടെന്‍ഷന്‍ ഇന്‍ഡസ്ട്രിയില്‍ ഇലക്ടിസിറ്റി കണ്‍സ്യൂമേഴ്സ് അസോസിയേഷന്‍ ഉള്‍പ്പെടെയുളളവര്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.

കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിയായ എസ്എന്‍സി ലാവ്ലിന്‍ കേസ് സുപ്രീം കോടതി ഈ മാസം 12 ന് പരിഗണിക്കും. ജസ്റ്റിസ് സുര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. നേരത്തെ മലയാളിയായ ജസ്റ്റിസ് സി. ടി രവികുമാര്‍ പിന്‍മാറിയതോടെയാണ് പുതിയ ബെഞ്ചിലേക്ക് കേസെത്തിയത്.

പുരാവസ്തു തട്ടിപ്പ് കേസില്‍ മുന്‍ ഡിഐജി എസ് സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. കേസില്‍ ബിന്ദുലേഖക്കു കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു.

മെഡിക്കല്‍ കോളേജ് ഐസിയു പീഡനക്കേസിലെ പ്രതി എംഎം ശശീന്ദ്രന്‍ അതിജീവിതയുടെ ശരീരത്തില്‍ സ്പര്‍ശിച്ചെന്ന് അന്വേഷണ റിപ്പോര്‍ട്ട്. മെഡിക്കല്‍ കോളേജ് നിയോഗിച്ച മൂന്നംഗ അന്വേഷണ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരം.

ആലുവായില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിന് ഇരയാക്കിയയാള്‍ മോഷണത്തിനാണ് വീട്ടിലേക്കു കയറിയതെന്ന് പോലീസ്. പ്രതി ക്രിസ്റ്റല്‍ രാജിനെ ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരം ലഭിച്ചത്.

മലക്കപ്പാറ ഹില്‍ സ്റ്റേഷനില്‍ വിനോദ സഞ്ചാരത്തിനെത്തിയ മലപ്പുറം ജില്ലാ കളക്ടര്‍ പ്രേംദാസും ഉദ്യോഗസ്ഥ സംഘവും സഞ്ചരിച്ച കെഎസ്ആര്‍ടിസി ബസ് രാത്രി ഒറ്റയാന്‍ റോഡില്‍ തടഞ്ഞിട്ടു. ഷോളയാര്‍ ആനക്കയത്താണ് ആന വഴി തടഞ്ഞത്. ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരെത്തി ആനയെ നീക്കിയാണ് ബസുകള്‍ കടത്തിവിട്ടത്. ഫയല്‍ അദാലത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തിയതിന് 72 സഹപ്രവര്‍ത്തകരെ രണ്ടു ബസുകളിലായി ഉല്ലാസ യാത്രയ്ക്കു കൊണ്ടുപോയതായിരുന്നു.

ത്രിപുരയിലെ രണ്ടു നിയമസഭാ സീറ്റിലും ബിജെപിക്ക് വിജയം. കോണ്‍ഗ്രസ് പിന്തുണയോടെ മല്‍സരിച്ച സിപിഎം സ്ഥാനാര്‍ത്ഥികളാണു തോറ്റത്. യുപിയിലെ ഒരു സീറ്റില്‍ സമാജ് വാദി പാര്‍ട്ടിയും ഉത്തരാഖണ്ഡിലെയും ബംഗാളിലേയും ഒരോ സീറ്റില്‍ ബിജെപിയും മുന്നേറുകയാണ്.

രാവണന്റെ ധാര്‍ഷ്ട്യത്തേയും കംസന്റെ ഗര്‍ജനത്തേയും ബാബറിന്റെയും ഔറംഗസേബിന്റെയും ക്രൂരതകളേയും തോല്‍പിച്ച സനാതന ധര്‍മത്തെ നിസാര അധികാര മോഹികളായ പരാന്നഭോജികള്‍ക്ക് ഉന്മൂലനം ചെയ്യാനാവില്ലെന്ന് യോഗി ആദിത്യനാഥ്. ജന്മാഷ്ടമിയോടനുബന്ധിച്ചുള്ള സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിമാചല്‍ പ്രദേശില്‍ മേഘ വിസ്ഫോടനവും മണ്ണിടിച്ചിലിനും കാരണം മനുഷ്യര്‍ മാംസം ഭക്ഷിക്കുന്നത് മൂലമാണെന്ന മണ്ടന്‍ വാദവുമായി മണ്ടി ഐഐടി ഡയറക്ടര്‍ ലക്ഷ്മിധര്‍ ബെഹ്റ. ഓഡിറ്റോറിയത്തില്‍ വിദ്യാര്‍ഥികളോടു സംസാരിക്കുന്ന ലക്ഷ്മിധറിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഗ്രാമത്തില്‍ ഫാക്ടറി സ്ഥാപിച്ച് തൊഴില്‍ തരുമോയെന്ന് ചോദിച്ച യുവതിയെ ചന്ദ്രയാന്‍ 4 ല്‍ കയറ്റി ചന്ദ്രനിലേക്ക് അയക്കുമെന്നു ഭീഷണിപ്പെടുത്തി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍. സ്ത്രീകള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ അയല്‍ ഗ്രാമമായ ഭട്ടോല്‍ ജട്ടനില്‍ ഒരു ഫാക്ടറി സ്ഥാപിക്കാമോ എന്നായിരുന്നു യുവതി ചോദിച്ചത്. ചോദ്യവും ഉത്തരവുമെല്ലാം സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞു.

ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേ ഈ വര്‍ഷം അവസാനത്തോടെ സജ്ജമാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. 285.3 കിലോമീറ്റര്‍ നീളമുള്ള ഗ്രീന്‍ഫീല്‍ഡ് നാലുവരി പാത 17,000 കോടി രൂപ ചെലവിട്ടാണ് നിര്‍മ്മിക്കുന്നത്. ചെന്നൈയില്‍ അശോക് ലെയ്‌ലാന്‍ഡിന്റെ 75-ാം വാര്‍ഷിക ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു നിതിന്‍ ഗഡ്കരി. രണ്ട് മെട്രോ നഗരങ്ങള്‍ക്കിടയിലുള്ള യാത്രാ സമയം വെറും രണ്ട് മണിക്കൂറായി ചുരുക്കുന്ന എക്സ്പ്രസ് വേ പദ്ധതിയാണിത്.

മോദി ഭരണത്തെ പ്രശംസിച്ച് ലോകബാങ്ക് റിപ്പോര്‍ട്ട്. ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥ വമ്പന്‍ കുതിച്ചു ചാട്ടമാണ് നടത്തിയതെന്നും 50 വര്‍ഷം കൊണ്ട് നേടേണ്ട പുരോഗതി, മോദി ഭരണത്തിന് കീഴില്‍ ആറു വര്‍ഷംകൊണ്ട് നേടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയിലെ ആദ്യത്തെ യുപിഐ എടിഎം അവതരിപ്പിച്ച് ഹിറ്റാച്ചി പേയ്മെന്റ് സര്‍വീസസ്. വ്യത്യസ്ഥവും നൂതനവുമായ ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്ന ഈ അത്യാധുനിക എടിഎം മെഷീനിന് ‘ഹിറ്റാച്ചി മണി സ്പോട്ട് യുപിഐ എടിഎം’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് പുതിയ നീക്കം. കാര്‍ഡ്‌ലെസ് സംവിധാനമാണ് യുപിഐ എടിഎം. ഉപഭോക്താക്കള്‍ക്ക് യുപിഐ എടിഎമ്മില്‍ പണം പിന്‍വലിക്കാന്‍ എടിഎം കാര്‍ഡിന്റെ ആവശ്യമില്ല. എടിഎമ്മിന്റെ സ്‌ക്രീനില്‍ തെളിയുന്ന ക്യുആര്‍ കോഡ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്ത് പിന്‍ നമ്പര്‍ എന്റര്‍ ചെയ്താല്‍ പണം പിന്‍വലിക്കാന്‍ കഴിയും. ബാങ്കുകളുടെ പിന്തുണയില്ലാതെ പ്രവര്‍ത്തിക്കുന്ന വൈറ്റ് ലേബല്‍ എടിഎം എന്ന സവിശേഷതയും ഇവയ്ക്കുണ്ട്. പരമ്പരാഗത ബാങ്കിംഗ് സേവനങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ഉപഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കുക എന്നതാണ് ഈ പുതിയ നീക്കത്തിലൂടെ ഹിറ്റാച്ചി പേയ്മെന്റ് സര്‍വീസസ് ലക്ഷ്യമിടുന്നത്. പ്രമുഖ ജാപ്പനീസ് കമ്പനിയായ ഹിറ്റാച്ചി ലിമിറ്റഡിന്റെ സഹോദര സ്ഥാപനമാണ് ഹിറ്റാച്ചി പേയ്മെന്റ് സര്‍വീസസ്.

ഇന്ത്യന്‍ ഉപഭോക്താക്കളെ മാത്രം ലക്ഷ്യമിട്ട് പുതിയൊരു ഹാന്‍ഡ്സെറ്റ് വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ടെക്നോ. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ടെക്നോ സ്പാര്‍ക്ക് 10 പ്രോ മൂണ്‍ എക്സ്പ്ലോറര്‍ എഡിഷനാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. ടെക്നോ സ്പാര്‍ക്ക് 10 പ്രോ ഈ വര്‍ഷം മാര്‍ച്ചില്‍ പുറത്തിറക്കിയതിന് പിന്നാലെയാണ് ടെക്നോ മൂണ്‍ എക്സ്പ്ലോറര്‍ എഡിഷനും എത്തുന്നത്. 6.78 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡോട്ട്-ഇന്‍ ഡിസ്പ്ലേയാണ് ഈ സ്മാര്‍ട്ട്ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നത്. 90 ഹെര്‍ട്സ് റിഫ്രഷ് റേറ്റും, 270 ഹെര്‍ട്സ് ടച്ച് സാംപ്ലിംഗ് റേറ്റും ലഭ്യമാണ്. മീഡിയടെക് ഹീലിയോ ജി66 പ്രോസസറാണ് ഈ സ്മാര്‍ട്ട്ഫോണുകള്‍ക്ക് കരുത്ത് പകരുന്നത്. 50 മെഗാപിക്സല്‍ ഡ്യുവല്‍ ക്യാമറ പിന്നിലും, 32 മെഗാപിക്സല്‍ ക്യാമറ മുന്നിലും സജ്ജീകരിച്ചിട്ടുണ്ട്. ആകര്‍ഷകമായ ഡിസൈനില്‍ എത്തുന്ന ടെക്നോ സ്പാര്‍ക്ക് 10 പ്രോ മൂണ്‍ എക്സ്പ്ലോറര്‍ 11,999 രൂപയ്ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.

മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്ന ‘കണ്ണൂര്‍ സ്‌ക്വാഡ്’ ചിത്രത്തിന്റെ ട്രെയ്‌ലര്‍ ശ്രദ്ധ നേടുന്നു. 14 മണിക്കൂറിനുള്ളില്‍ 1.3 മില്യണ്‍ വ്യൂസ് ആണ് ട്രെയ്‌ലര്‍ നേടിയിരിക്കുന്നത്. ഗ്രേറ്റ് ഫാദര്‍, പുതിയ നിയമം എന്നീ ചിത്രങ്ങളുടെ ഛായാഗ്രഹനായിരുന്ന റോബി രാജിന്റെ ആദ്യ സംവിധാന സംരംഭമാണ് കണ്ണൂര്‍ സ്‌ക്വാഡ്. എസ്. ജോര്‍ജാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. മുഹമ്മദ് ഷാഫിയുടേതാണ് ചിത്രത്തിന്റെ കഥ. അദ്ദേഹത്തിനോടൊപ്പം ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നത് നടന്‍ റോണി ഡേവിഡ് രാജാണ്. കുറ്റാന്വേഷണ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണിത്. മുഹമ്മദ് റാഹില്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് സുഷിന്‍ ശ്യാമും എഡിറ്റര്‍ പ്രവീണ്‍ പ്രഭാകറുമാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേയര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണം നിര്‍വഹിക്കുന്നത്. പാലാ, കൊച്ചി, കണ്ണൂര്‍, വയനാട്, അതിരംപള്ളി, പൂനെ, മുംബൈ എന്നീ സ്ഥലങ്ങളാണ് പ്രധാന ലൊക്കേഷന്‍സ്.

മുന്‍വിധികളെ മാറ്റി മറിച്ച് പ്രതീക്ഷയ്‌ക്കൊത്ത് വളര്‍ന്ന് ഷാരൂഖ് ചിത്രം ‘ജവാന്‍’. ഓപ്പണിംഗ് കളക്ഷനില്‍ ‘പഠാന്‍’ ചിത്രത്തെ വെട്ടിച്ചാണ് ‘ജവാന്‍’ മുന്നിലെത്തിയിരിക്കുന്നത്. അറ്റ്‌ലീ സംവിധാനം ചെയ്ത ചിത്രത്തിന്റെ ബോക്‌സോഫീസ് കണക്കുകള്‍ സൂചിപ്പിക്കുന്നത് പ്രേക്ഷകര്‍ ജവാന്‍ ഏറ്റെടുത്തു കഴിഞ്ഞു എന്നാണ്. 72.46 കോടിയാണ് ജവാന്‍ ആദ്യ ദിനം നേടിയിരിക്കുന്നത്. ഹിന്ദിയില്‍ 16,157 ഷോകള്‍ ആണ് ആദ്യ ദിനം നടന്നത്. ഇവിടെ നിന്നുമാത്രം 60.76 കോടി ഷാരൂഖ് ചിത്രം നേടി. തമിഴില്‍ 1,238 ഷോകളിലായി 6.41 കോടി നേടിയപ്പോള്‍ 810 ഷോകളിലായി തെലുങ്കില്‍ നിന്നും 5.29 കോടിയും ജവാന്‍ നേടി. അങ്ങനെ ആകെ മൊത്തം 72 കോടി എന്നാണ് ട്രേഡ് അനലിസ്റ്റ് ആയ മനോബാല വിജയബാലന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ മാത്രമാണിത്. ഈ കണക്കുകള്‍ അനുസരിച്ചാണെങ്കില്‍ സ്വന്തം സിനിമയായ പഠാന്റെ ആദ്യദിന കളക്ഷനെയാണ് ഷാരൂഖ് മറികടന്നിരിക്കുന്നത്. റിലീസ് ദിവസം പഠാന്‍ ഇന്ത്യയില്‍ 55 കോടിയാണ് നേടിയത്. നയന്‍താരയാണ് ചിത്രത്തില്‍ നായികയായത്. നയന്‍താരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ജവാന്‍.

ടര്‍ബോ ഡീസല്‍ എന്‍ജിനുകളില്‍ ഉപയോഗിക്കാവുന്ന 48 വോട്ട് മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റവുമായി ടൊയോട്ട എത്തിയിരിക്കുന്നു. ഹൈടെക്സ്, ലാന്‍ഡ് ക്രൂസര്‍ പ്രാഡോ തുടങ്ങിയ വാഹനങ്ങളിലായിരിക്കും ഈ ഹൈബ്രിഡ് സിസ്റ്റം ആദ്യം ഉപയോഗിക്കുക. തുടര്‍ന്ന് ഫോര്‍ച്യൂണറിലും എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് മോട്ടര്‍ ജനറേറ്ററും ഒരു പവര്‍ സ്പ്ലിറ്റിങ് ഡിവൈസുമായാണ് ഈ ഹൈബ്രിഡ് സാങ്കേതിക വിദ്യ എത്തിയത്. വലുപ്പവും ഭാരവും കുറഞ്ഞ ഈ സിസ്റ്റം നിലവിലെ പവര്‍ട്രെനിലേക്ക് എളുപ്പം ഘടിപ്പിക്കാന്‍ സാധിക്കും. ബെല്‍റ്റ് ഡ്രിവണ്‍ ഇലക്ട്രിക് മോട്ടര്‍ ഉപയോഗിക്കുന്ന ഈ സിസ്റ്റം വാഹനം ശബ്ദം കുറച്ച് എന്‍ജിന്‍ റീസ്റ്റാര്‍ട്ട് ചെയ്യാന്‍ സഹായിക്കുന്നു. കൂടാതെ സ്മൂത്തര്‍ റെസ്പോണ്‍സും കുറച്ചു വൈബ്രേഷനുമായിരിക്കും ഉയര്‍ന്ന് ഇന്ധനക്ഷമതയുമായിരിക്കും പുതിയ വാഹനത്തിന്. വാഹനത്തിന് കൂടുതല്‍ ടോര്‍ക്കും ഈ സിസ്റ്റം നല്‍കും. റീജനറേറ്റീവ് ബ്രേക്കിങ്ങിലൂടെ ചാര്‍ജാകുന്ന ബാറ്ററിയില്‍ നിന്ന് വേണ്ടിവന്നാല്‍ ഇലക്ട്രോണിക് പവര്‍ സ്റ്റിയറിങ്ങിനും പമ്പുകള്‍ക്കും ഫാനുകള്‍ക്കും കരുത്ത് എടുക്കാം. 700 എംഎം ആഴത്തില്‍ വരെ വാട്ടര്‍ വെയ്ഡിങ്ങില്‍ ഈ ഹൈബ്രിഡ് സിസ്റ്റം പ്രവര്‍ത്തിക്കും.

രാജീവ് ഒതയമംഗലത്തിന്റെ ഈ കുട്ടിക്കഥാസമാഹാരം നമ്മുടെ വീട്ടിലെ ഏറ്റവും ഇളയകുഞ്ഞുങ്ങളെ സംബോധന ചെയ്യുന്നവയാണ്. സ്വയം വായിക്കാന്‍ പ്രാപ്തരാകുന്ന കാലത്തിനും മുമ്പ് മുതിര്‍ന്നവരുടെ സഹായത്തോടെ അക്ഷരപ്പിച്ച നടക്കാന്‍ സഹായിക്കുന്ന പുസ്തകം. കഥ മാത്രമല്ല, താളത്തില്‍ ചൊല്ലാവുന്ന പാട്ടുകളും കുഞ്ഞുങ്ങളെ രസിപ്പിക്കും. കുഞ്ഞുങ്ങളുടെ മനസ്സില്‍ തങ്ങിനില്‍ക്കാനുതകുന്ന കുഞ്ഞുകുഞ്ഞു സന്ദര്‍ഭങ്ങളാണ് ഓരോ കഥയുടെയും പ്രമേയം. വായിച്ചുതുടങ്ങുന്ന കുട്ടികള്‍ക്ക് വായിച്ചുരസിക്കാനും അക്ഷരം പഠിച്ചുതുടങ്ങുന്ന കുഞ്ഞുങ്ങള്‍ക്ക് ചൊല്ലിക്കൊടുക്കാനും ലളിതമായ കുട്ടിക്കഥകള്‍. ‘ഉണ്ണിക്കുട്ടന്‍ അക്ഷരം പഠിച്ചേ ..’. രാജീവ് ഒതയമംഗലത്ത്. മാതൃഭൂമി ബുക്സ്. വില 93 രൂപ.

ശരീരത്തിനാവശ്യമായ പോഷകങ്ങള്‍, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി 6 എന്ന് തുടങ്ങി നമ്മുടെ ശരീരത്തിന് വേണ്ട ധാതുക്കള്‍, ഫോളേറ്റ് തുടങ്ങി പല ഘടകങ്ങള്‍ കൊണ്ടും സമ്പുഷ്ടമാണ് നേന്ത്രപ്പഴം. ദിവസവും ഓരോ നേന്ത്രപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. ധാരാളം ഫൈബര്‍ അടങ്ങിയ നേന്ത്രപ്പഴം പതിവായി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ഉദര സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമേകാനും സഹായിക്കും. കൂടാതെ മലബന്ധത്തെ പ്രതിരോധിക്കാനും ഇവ സഹായിക്കും. അസിഡിറ്റിയെ തടയാന്‍ രാവിലെ നേന്ത്രപ്പഴം കഴിക്കുന്നത് നല്ലതാണ്. ഇതില്‍ നിന്നുള്ള ആസിഡ് റിഫ്‌ളക്‌സ് വളരെ കുറവാണ്. അതിനാല്‍ നേന്ത്രപ്പഴം അസിഡിറ്റിയെ തടയാന്‍ സഹായിക്കും. പൊട്ടാസ്യം ധാരാളം അടങ്ങിയ നേന്ത്രപ്പഴം പതിവായി കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. ദിവസവും ഒരു നേന്ത്രപ്പഴം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊളസ്‌ട്രോളിനെ അകറ്റി നിര്‍ത്താന്‍ സഹായിക്കും. നേന്ത്രപ്പഴത്തില്‍ പെക്റ്റിന്‍ എന്ന ജലത്തില്‍ ലയിക്കുന്ന തരം നാരുകളുണ്ട്. ഇവ ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎലിന്റെ തോതു കുറയ്ക്കുന്നതിനെ സഹായിക്കും. തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും നേന്ത്രപ്പഴം കഴിക്കുന്നത് നല്ലതാണ്. കൂടാതെ നിങ്ങളുടെ മാനസികാവസ്ഥ മികച്ചതാക്കാനും ഇവ സഹായിക്കും. കാത്സ്യം, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയ നേന്ത്രപ്പഴം അടങ്ങിയ നേന്ത്രപ്പഴം കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.98, പൗണ്ട് – 103.69, യൂറോ – 88.89, സ്വിസ് ഫ്രാങ്ക് – 93.14, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.03, ബഹറിന്‍ ദിനാര്‍ – 220.15, കുവൈത്ത് ദിനാര്‍ -269.07, ഒമാനി റിയാല്‍ – 215.56, സൗദി റിയാല്‍ – 22.13, യു.എ.ഇ ദിര്‍ഹം – 22.59, ഖത്തര്‍ റിയാല്‍ – 22.79, കനേഡിയന്‍ ഡോളര്‍ – 60.71.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *