night news hd 22

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സംബന്ധിച്ച് നിയമ കമ്മീഷന്റെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും അഭിപ്രായം തേടാന്‍ കേന്ദ്രം നിയോഗിച്ച എട്ടംഗ സമിതിയുടെ ആദ്യ ഔദ്യോഗിക യോഗത്തില്‍ തീരുമാനം. മുന്‍ രാഷ്ട്രപതി രാംനാഥ് കൊവിന്ദ് അധ്യക്ഷനായ സമിതിയുടെ ഇന്നത്തെ യോഗത്തിലാണീ തീരുമാനം.

മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നേതൃത്വത്തിലുള്ള മേഖലാതല അവലോകന യോഗങ്ങള്‍ക്ക് സെപ്റ്റംബര്‍ 26ന് തിരുവനന്തപുരത്ത് തുടക്കം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ അവലോകന യോഗം 26ന് ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളുടെ അവലോകന യോഗം 28ന് തൃശൂര്‍ ഈസ്റ്റ് ഫോര്‍ട്ട് ലൂര്‍ദ് ചര്‍ച്ച് ഹാളിലും എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളുടെ അവലോകന യോഗം ഒക്ടോബര്‍ മൂന്നിന് എറണാകുളം ബോള്‍ഗാട്ടി പാലസിലും കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളുടെ അവലോകനയോഗം ഒക്ടോബര്‍ അഞ്ചിന് കോഴിക്കോട് മറീന കണ്‍വന്‍ഷന്‍ സെന്ററിലും ചേരും.

ഇഡിക്ക് ബലപ്രയോഗം നടത്താന്‍ അധികാരമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഇഡിയെ ഉപയോഗിച്ച് സിപിഎമ്മിനെ തകര്‍ക്കാന്‍ വച്ച പാത്രം മാറ്റിക്കോളാനും അതിനു വഴങ്ങാന്‍ മനസ്സില്ലെന്നും ജനങ്ങളെ മുന്‍നിര്‍ത്തി പ്രതിരോധിക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു. അതേ സമയം കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് ഒരു തരത്തിലും അംഗീകരിക്കുന്നില്ലെന്നും ഒരു തെറ്റിനെയും പൂഴ്ത്തിവയ്ക്കാനില്ലെന്നും തെറ്റ് തിരുത്തല്‍ നടപടിയെടുത്തുവെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി

നിപ ഭീഷണി മാറിയതോടെ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തിങ്കളാഴ്ച മുതല്‍ പതിവ് പോലെ പ്രവര്‍ത്തിക്കും. അതേസമയം കണ്ടെയിന്‍മെന്റ് സോണിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ ക്ലാസ് തുടരണമെന്നും സ്ഥാപനങ്ങള്‍ പ്രോട്ടോക്കോള്‍ പാലിക്കണമെന്നും ജില്ല കളക്ടര്‍ പറഞ്ഞു.

10 വനിതകളില്‍ കൂടുതല്‍ ജോലിചെയ്യുന്ന സ്ഥാപനങ്ങളില്‍ പോഷ് ആക്ട് പ്രകാരം പരാതി പരിഹാര സെല്ലുകള്‍ രൂപീകരിക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി. നവമാധ്യമശൃംഖലകളിലൂടെ സ്ത്രീകള്‍ക്ക് നേരിടേണ്ടിവരുന്ന ചൂഷണങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സെല്‍ രൂപീകരിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ഉള്‍പ്പെടെയുള്ള കര്‍ശന നടപടി സ്വീകരിക്കുന്നതിന് ജില്ലാ കളക്ടര്‍മാര്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കുമെന്നും സതീദേവി വ്യക്തമാക്കി.

കേന്ദ്ര മന്ത്രിമാരെ കണ്ട് കേരളത്തിന്റെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ്. പഞ്ചായത്തീരാജ്-ഗ്രാമവികസന വകുപ്പ് മന്ത്രി ഗിരിരാജ് സിംഗ്, നഗരവികസന വകുപ്പ് മന്ത്രി ഹര്‍ദീപ് സിംഗ് പുരി, ജലശക്തി വകുപ്പ് മന്ത്രി ഗജേന്ദ്രസിംഗ് ഷെഖാവത്ത് എന്നിവരുമായാണ് ചര്‍ച്ച നടത്തിയത്. കൂടിക്കാഴ്ചകളില്‍ എം പി മാരായ എളമരം കരീം, ജോണ്‍ ബ്രിട്ടാസ്, എ എ റഹീം, വി ശിവദാസന്‍ എന്നിവരും പങ്കെടുത്തു.

മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ ജനാധിപത്യവും മതേതരത്വവും അപ്രസക്തമാകുമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി. ബിജെപി ദേശീയ തലത്തില്‍ ഇന്ത്യ മുന്നണിയെ ഭയപ്പെടുന്നുവെന്നും ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുവെന്നും പ്രേമചന്ദ്രന്‍ വ്യക്തമാക്കി.

മഹാത്മാ ഗാന്ധി സര്‍വകലാശാല സെപ്റ്റംബര്‍ 26, ഒക്ടോബര്‍ നാല്, അഞ്ച്, ആറ് തീയതികളില്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.

അടയ്ക്ക കരാര്‍ എടുത്ത തോട്ടത്തില്‍ പന്നിയെ തുരത്താനായി നിര്‍മിച്ചിരുന്ന വൈദ്യുതി വേലിയില്‍ നിന്നും ഷോക്കേറ്റ് വയോധികന്‍ മരിച്ചു. മണ്ണാര്‍ക്കാട് പുല്ലശ്ശേരി ശ്രാമ്പിക്കല്‍ വീട്ടില്‍ ഹംസപ്പയാണ് മരിച്ചത്. 50 വയസായിരുന്നു.

ഭര്‍ത്താവിനൊപ്പം ഇന്റര്‍വ്യൂ കഴിഞ്ഞ് മടങ്ങുകയായിരുന്ന ബൈക്ക് യാത്രികക്ക് കണ്ടെയ്നര്‍ ലോറിയിടിച്ച് ദാരുണാന്ത്യം. പാലക്കാട് മനിശ്ശേരി സ്വദേശി അമൃതയാണ് മരിച്ചത്.

വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയ പത്തനംതിട്ട റാന്നി താലൂക്ക് ആശുപത്രിയിലെ നഴ്‌സായ ജനിമോള്‍ (43) മരിച്ചു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

മലപ്പുറം പോത്തുകല്ലിനടുത്ത് കാട്ടാന ആക്രമണത്തില്‍ പശുവിനെ മേയ്ക്കാന്‍ പോയ മധ്യവയസ്‌കന് ദാരുണാന്ത്യം. ചെമ്പങ്കൊല്ലി സ്വദേശി പാലക്കാട്ടു തോട്ടത്തില്‍ ജോസാണ് മരിച്ചത്.

പോളണ്ട് സര്‍ക്കാരുമായി രണ്ട് നിര്‍ണ്ണായക കരാറുകളില്‍ ഒപ്പുവച്ച് ലുലു ഗ്രൂപ്പ്. പോളണ്ടില്‍ നിന്നുള്ള പഴങ്ങള്‍, പച്ചക്കറികള്‍, മറ്റ് ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ ശേഖരിച്ച് കയറ്റുമതി ചെയ്യുന്ന ഭക്ഷ്യസംസ്‌കരണ കയറ്റുമതി കേന്ദ്രം ഇവിടെ തുറക്കും. മധ്യയൂറോപ്പ്യന്‍ മേഖലയിലെ ഏറ്റവും സ്വാദിഷ്ഠമായ ബെറി, ആപ്പിള്‍, ചീസ് മുതല്‍ പചക്കറി, ഇറച്ചി ഉല്‍പ്പന്നങ്ങള്‍ വരെ ഈ ഭക്ഷ്യസംസ്‌കാരണ കയറ്റുമതി കേന്ദ്രത്തിലൂടെ ഇന്ത്യ, മിഡില്‍ ഈസ്റ്റ് അടക്കമുള്ള മേഖലയില്‍ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ദൗത്യം.

വര്‍ഗ്ഗീയത, ചങ്ങാത്ത മുതലാളിത്തം, വ്യക്തിഹത്യ, അഴിമതി, വഞ്ചന എന്നിവയാണ് മോദി സര്‍ക്കാരിന്റെ സവിശേഷതകളെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. കോടികള്‍ മുടക്കിയുള്ള പരസ്യത്തിലൂടെയും വ്യാജ പ്രചാരണങ്ങളിലൂടെയും ബിജെപി ഇതിനെ മറച്ചുവയ്ക്കുകയാണെന്നും കേന്ദ്ര സര്‍ക്കാരിലെ അഴിമതിയെ കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ ധൈര്യമുണ്ടോയെന്നും സ്റ്റാലിന്‍ വിമര്‍ശിച്ചു.

മഹാരാഷ്ട്രയിലെ ബിജെപി നേതാവ് കിരിത് സോമയ്യയുടെ അശ്ലീല ദൃശ്യങ്ങള്‍ പുറത്ത് വിട്ട മറാത്തി ചാനലായ ലോക് സാഹി ചാനലിന്റെ സംപ്രേക്ഷണം കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ നോട്ടീസിനെ തുടര്‍ന്ന് 72 മണിക്കൂര്‍ നേരത്തേക്ക് വിലക്കി. ചാനല്‍ സംപ്രേക്ഷണം വിലക്കിയ നടപടിക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി.

കാനഡയില്‍ വെടിവെപ്പില്‍ ജൂണ്‍ 19 ന് കൊല്ലപ്പെട്ട ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജര്‍ ഇന്ത്യയില്‍ തീവ്രവാദി ആക്രമണത്തിന് പദ്ധതിയിട്ടിരുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഹരിയാനയിലെ ദേര സച്ച സൗദ ആക്രമിക്കാനായിരുന്നു നിജ്ജര്‍ പദ്ധതിയിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യന്‍ വാഹന ഭീമനായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ കാനഡ ആസ്ഥാനമായുള്ള ഉപകമ്പനിയായ റെയ്‌സണ്‍ എയ്‌റോസ്‌പേസ് കോര്‍പ്പറേഷനുമായുള്ള പങ്കാളിത്തം അവസാനിപ്പിക്കാന്‍ തീരുമാനിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. കാനഡയും ഇന്ത്യയും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മഹീന്ദ്ര ഈ തീരുമാനമെടുത്തത്.

450 കോടി രൂപ ചെലവ് വരുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സ്വന്തം മണ്ഡലമായ വാരാണസിയില്‍ തറക്കലിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. 30,000 കാണികള്‍ക്ക് ഒരേ സമയം മത്സരങ്ങള്‍ കാണാനുള്ള സൗകര്യമുള്ള സ്റ്റേഡിയം 30 ഏക്കര്‍ സ്ഥലത്താണ് നിര്‍മ്മിക്കുന്നത്. മോദിക്കൊപ്പം വേദി പങ്കിട്ട സച്ചിന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നമോ എന്നെഴുതിയ ജേഴ്‌സി മോദിക്ക് സമ്മാനിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *