yt cover 16

*1985ലെ മികച്ച ജനപ്രിയ ഗാനം?* : https://youtu.be/C9z09QDHHjU | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/

മന്ത്രിസഭ പുന:സംഘടനയ്ക്കു സാധ്യത തെളിഞ്ഞതോടെ മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് എല്‍ഡിഎഫിലെ വിവിധ ഘടകകക്ഷികളും നേതാക്കളും. എം.വി. ശ്രേയാംസ്‌കുമാറിന്റെ നേതൃത്വത്തിലുള്ള ലോക്താന്ത്രിക് ജനതാദള്‍, ആര്‍എസ്പി എല്‍ എംഎല്‍എ കോവൂര്‍ കുഞ്ഞുമോന്‍, എന്‍സിപി എംഎല്‍എ തോമസ് കെ. തോമസ് എന്നിവരാണ് മന്ത്രിസ്ഥാനം ആവശ്യപ്പെടുന്നത്. മന്ത്രിസഭയില്‍ പ്രാതിനിധ്യം വേണമെന്ന് മുന്നണി യോഗത്തില്‍ ആവശ്യപ്പെടാന്‍ എല്‍ജെഡി തീരുമാനിച്ചു. ഇടതുമുന്നണിക്കു കത്ത് നല്‍കിയെന്ന് കോവൂര്‍ കുഞ്ഞുമോന്‍ പറഞ്ഞു. സ്പീക്കര്‍ ഷംസീറിനേയും കെ.ബി ഗണേഷ്‌കുമാറിനേയും കടന്നപ്പള്ളി രാമചന്ദ്രനേയും മന്ത്രിമാരാക്കുമെന്നാണു സൂചനകള്‍.

ലോണ്‍ ആപ്പുകളെ നിയന്ത്രിക്കാന്‍ നിയമ നിര്‍മ്മാണം നടത്തുമെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഡിജിറ്റല്‍ ഇന്ത്യ ആക്ടിനായുള്ള നടപടികള്‍ ഉടന്‍ തുടങ്ങുമെന്നും രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു. പ്ലേ സ്റ്റോറിലും, ആപ്പ് സ്റ്റോറിലുമുള്ള നിയമവിരുദ്ധമായ ആപ്പുകള്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കുന്നതടക്കം നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിപ വ്യാപനം തടയാന്‍ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒരാഴ്ചകൂടി അടച്ചിടും. ക്ലാസുകള്‍ ഓണ്‍ലൈനായി നടത്തും. പ്രഫഷണല്‍ കോളജുകള്‍ക്കും അവധിയാണ്. നിപ അവലോകന യോഗത്തിനുശേഷം മന്ത്രി വീണ ജോര്‍ജ് അറിയിച്ചതാണ് ഇക്കാര്യം.

*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ*

ജീവിതം സുന്ദരമാക്കാന്‍ KSFE ഡയമണ്ട് ചിട്ടികള്‍. ബമ്പര്‍ സമ്മാനം : 25 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങള്‍. കൂടാതെ ആയിരം പവന്‍ സ്വര്‍ണ്ണവും.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com , Ph: 0487 – 2332255 , Toll free Helpline: 18004253455*

ബേപ്പൂര്‍, കൊച്ചി തുറമുഖങ്ങളില്‍ നിന്ന് ദുബൈയിലെ മിന അല്‍ റാഷിദ് തുറമുഖം വരെ പതിനായിരം രൂപയ്ക്കു കപ്പല്‍ യാത്രാ സൗകര്യം ഒരുക്കുന്നു. മൂന്നു ദിവസത്തെ യാത്രക്കിടെ ഭക്ഷണം അടക്കമാണു നിരക്ക്. ഒരു ട്രിപ്പില്‍ 1250 പേര്‍ക്ക് വരെ യാത്ര ചെയ്യാം. 200 കിലോ ലഗേജു കൊണ്ടുപോകാം. കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ ഡിസംബറില്‍ കപ്പല്‍ സര്‍വീസ് ആരംഭിക്കും. ഷിപ്പിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ അടക്കമുള്ള വിവിധ പങ്കാളികളുമായി മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ ചര്‍ച്ചകള്‍ നടത്തിവരികയാണ്.

സംസ്ഥാനത്തിന്റെ ധനസ്ഥിതി സംബന്ധിച്ചു സിഎജി റിപ്പോര്‍ട്ടിലുള്ള നികുതി കുടിശിക കേരളം ഉണ്ടായ കാലം മുതലുള്ളതാണെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കുടിശികയില്‍ 420 കോടി രൂപ പിരിച്ചെടുത്തത് ചരിത്ര നേട്ടമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. 2020-21 ല്‍ നിന്നും 2021 – 22 ല്‍ 6400 കോടി രൂപ നികുതി കുടിശ്ശിക കൂടിയെന്നാണ് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിനു കാരണം പൊതുമേഖലാ സ്ഥാപനങ്ങളുടെ വായ്പാ സഹായം പുതിയ ഇനമാക്കി ചേര്‍ത്തതാണ്. 1970 മുതല്‍ 5,980 കോടി രൂപ വരും ഈ തുകയെന്നും ധനമന്ത്രി പറഞ്ഞു.

നിപ നിയന്ത്രണങ്ങളുടെ സാഹചര്യത്തില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കണമെന്ന് ഹൈക്കോടതി. കന്നിമാസ പൂജക്കായി നാളെ നട തുറക്കാനിരിക്കെയാണ് കോടതിയുടെ നിര്‍ദേശം. ദേവസ്വം കമ്മീഷണറുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കാന്‍ ഹൈക്കോടതി ആരോഗ്യ സെക്രട്ടറിക്കു നിര്‍ദേശം നല്‍കി. കോഴിക്കോട് ജില്ലയില്‍ നിയന്ത്രണമുണ്ടെന്നും സമ്പര്‍ക്കപ്പട്ടികയിലുള്ളവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കിയെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

കോഴിക്കോട് ജില്ലയില്‍ നിപ ജാഗ്രതയുടെ ഭാഗമായി കോഴിക്കോട് ബീച്ചില്‍ സന്ദര്‍ശക വിലക്ക്. പൊലീസ് ആളുകളെ ഒഴിപ്പിച്ചു. കോര്‍പറേഷന്‍ പരിധിയില്‍ രണ്ടു പേര്‍ക്കു നിപ സ്ഥിരീകരിച്ചിരിക്കേയാണു നടപടി.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശിക്കു കൂടി നിപാ ബാധിച്ചതോടെ രോഗബാധിതരുടെ എണ്ണം നാലായി. രോഗം സ്ഥിരീകരിച്ച 39 വയസുകാരന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു. സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ നിരീക്ഷണത്തിലാണ്.

ഒരു കോടിയോളം രൂപയുടെ ക്രമക്കേടു നടത്തിയെന്ന് ആരോപിച്ച് ഇടുക്കി നെടുംകണ്ടം മുന്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ സസ്പെന്‍ഡു ചെയ്തു. ആലപ്പുഴ വെണ്മണി പഞ്ചായത്ത് സെക്രട്ടറി എ വി അജികുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ മറവില്‍ 16. 56 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയെന്നും രേഖകളില്ലാതെ 74 ലക്ഷം രൂപ ചെലവഴിച്ചെന്നുമാണ് ആരോപണം.

എംഡിഎംഎ മയക്കുമരുന്നു കേസിലെ പ്രതിയെ കേസില്‍നിന്ന് ഒഴിവാക്കാന്‍ കൈക്കൂലി വാങ്ങിയെന്ന കേസില്‍ സിഐക്ക് സസ്പെന്‍ഷന്‍. വയനാട് വൈത്തിരി എസ്എച്ച്ഒ ജെ.ഇ. ജയനെയാണ് സസ്പെന്‍ഡു ചെയ്തത്. ഡിജെ പാര്‍ട്ടിക്ക് എംഡിഎംഎ ഉപയോഗിച്ച കേസില്‍ പ്രതിയായ ഹോം സ്റ്റേ ഉടമയില്‍നിന്ന് 1.25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണു കേസ്.

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ സദസിലെ ഇരിപ്പിടത്തില്‍നിന്ന് എഴുന്നേറ്റുനിന്ന് ആദരം പ്രകടിപ്പിച്ച് നടന്‍ ഭീമന്‍ രഘു. മറ്റെല്ലാവരും സദസിലെ കസേരകളില്‍ ഇരിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ പ്രസംഗത്തിന്റെ പതിനഞ്ചു മിനിറ്റും ഭീമന്‍ രഘു യാതൊരു ഭാവവ്യത്യാസവും ഇല്ലാതെ എഴുന്നേറ്റുനിന്നു. ഭീമന്‍ രഘുവിന്റെ വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി.

ഉമ്മന്‍ ചാണ്ടിയെ മരണശേഷവും കോണ്‍ഗ്രസ് വേട്ടയാടുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. നിയമസഭയില്‍ അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിനു പിന്നിലും വേട്ടയാടലായിരുന്നെന്ന് ഗോവിന്ദന്‍ ആരോപിച്ചു.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട നാലു വിമാനങ്ങള്‍ പ്രതികൂല കാലാവസ്ഥ കാരണം കൊച്ചി വിമാനത്താവളത്തിലേക്കു തിരിച്ചുിവിട്ടു. ഗള്‍ഫില്‍ നിന്നുള്ള സര്‍വീസുകളാണ് കൊച്ചിയിലേക്ക് മാറ്റിയത്.

കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക തള്ളിയതിന് പത്തനംതിട്ട കടമ്മനിട്ട മൗണ്ട് സിയോണ്‍ ലോ കോളജിലെ പ്രസിന്‍സിപ്പല്‍ രാജനേയും അഞ്ചു അധ്യാപകരേയും എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു. ഇന്നലെ രാത്രി വളരെ വൈകിയും ഇവരെ മോചിപ്പിച്ചില്ല.

മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയതിന് നടന്‍ അലന്‍സിയറിനെതിരെ പോലീസില്‍ പരാതി. ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ അലന്‍സിയറിന്റെ വിവാദ പ്രസ്താവനയില്‍ പ്രതികരണം ചോദിച്ചപ്പോള്‍ അലന്‍സിയര്‍ അപമര്യാദയായി പെരുമാറിയെന്നാണ് റിപ്പോര്‍ട്ടര്‍ ചാനലിലെ വനിത മാധ്യമ പ്രവര്‍ത്തകയുടെ പരാതി.

വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കരിപ്പൂര്‍ പൊലീസ് സ്റ്റേഷന്‍ ഉള്‍പെടുന്ന ഭൂമിക്കു ജപ്തി ഭീഷണി. പതിനേഴര സെന്റ് സ്ഥലം ഈടുവച്ച് അഞ്ചര കോടി രൂപ വായ്പയെടുത്ത സ്ഥലമുടമ തിരിച്ചടവു മുടക്കിയതോടെയാണ് ബാങ്ക് ജപ്തി നടപടികള്‍ ആരംഭിച്ചത്.

ആറ്റിങ്ങലില്‍ ഒന്നിച്ചു മദ്യപിച്ചശേഷം സുഹൃത്തുക്കള്‍ ഒരാളെ വെട്ടി കൊലപ്പെടുത്തി. ആറ്റിങ്ങല്‍ സ്വദേശി സുജിയെ കൊലപ്പെടുത്തി വാമനപുരം നദിക്കരികിലെ റബ്ബര്‍ തോട്ടത്തില്‍ തള്ളി. സുഹൃത്തുക്കളായ കീഴാറ്റിങ്ങല്‍ സ്വദേശി ബിജു, കരിച്ചയില്‍ സ്വദേശി അനീഷ് എന്നിവരെ കടയ്ക്കാവൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

തിരുവനന്തപുരം പാലോട് പെരിങ്ങമ്മലയില്‍ യുവാവ് കെട്ടിടത്തില്‍നിന്നു വീണു മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. ജില്ലാ കൃഷിത്തോട്ടത്തിലെ ജീവനക്കാരന്‍ സുഭാഷാണ് മരിച്ചത്. മദ്യപിച്ചിരിക്കേ, സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തുക്കളായ രണ്ട് പ്രതികള്‍ ചേര്‍ന്ന് സുഭാഷിനെ കെട്ടിടത്തിനു മുകളില്‍നിന്നു തള്ളിയിട്ടതാണെന്ന് പാലോട് പൊലീസ് പറഞ്ഞു. ലോറി ഡ്രൈവര്‍ ബിജുവിനെയും കൂട്ടുപ്രതി സബിനെയും അറസ്റ്റു ചെയ്തു

പാറശാല ഷാരോണിനെ കഷായത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയെന്ന കേസിലെ പ്രതി ഗ്രീഷ്മയെ അട്ടക്കുളങ്ങര വനിതാ ജയിലില്‍നിന്ന് മാവേലിക്കര സ്പെഷ്യല്‍ ജയിലിലേക്കു മാറ്റി. ഗ്രീഷ്മയടക്കം മൂന്നു തടവുകാരെയാണു മാറ്റിയത്.

യുദ്ധവിമാനങ്ങളടക്കമുള്ള യുദ്ധസാമഗ്രികള്‍ വാങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ 45,000 കോടി രൂപ അനുവദിച്ചു. 12 സുഖോയ്-30, എംകെഐ യുദ്ധവിമാനങ്ങളും ധ്രുവസ്ത്ര എയര്‍ ടു സര്‍ഫേസ് മിസൈലുകളും വാങ്ങാനും ഡോര്‍ണിയര്‍ വിമാനങ്ങളുടെ നവീകരണത്തിനുമാണ് അംഗീകാരം നല്‍കിയത്. വ്യോമസേനയ്ക്കുള്ള സുഖോയ് വിമാനങ്ങള്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡാണ് നിര്‍മിക്കുന്നത്.

ഇന്ത്യയുടെ കന്നി ബഹിരാകാശ ദൗത്യമായ ഗഗന്‍യാനിന്റെ ആദ്യ പരീക്ഷണ പേടകം രണ്ടു മാസത്തിനകം ഐഎസ്ആര്‍ഒ വിക്ഷേപിച്ചേക്കും. ഗഗന്‍യാന്‍ പദ്ധതിയുടെ നാല് അബോര്‍ട്ട് ദൗത്യങ്ങളില്‍ ആദ്യത്തേതായിരിക്കും ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചന്ദ്രനില്‍ സൂര്യന്‍ ഉദിക്കുന്നതും കാത്ത് ചന്ദ്രയാന്‍. രണ്ടാഴ്ചത്തെ സ്ലീപിങ് മോഡില്‍ നിന്ന് ചാന്ദ്രയാന്‍-3 വീണ്ടും ആക്ടീവ് മോഡിലേക്ക്. സെപ്റ്റംബര്‍ മൂന്നിനാണ് ചന്ദ്രയാന്‍ സ്ലീപിങ് മോഡിലേക്ക് മാറിയത്. നാളെ ചന്ദ്രയാന്‍ വീണ്ടും പ്രവര്‍ത്തന സജ്ജമാകുമെന്ന് ഐഎസ്ആര്‍ഒ.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആക്ടിംഗ് ഡയറക്ടറായി രാഹുല്‍ നവീനെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. 1993 ബാച്ച് ഐആര്‍എസ് ഉദ്യോഗസ്ഥനാണ്. ആദായനികുതി വിഭാഗത്തിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ബിഹാര്‍ സ്വദേശിയാണ്. 2018 ല്‍ എന്‍ഫോഴ്സ്മെന്റ് മേധാവിയായ സഞ്ജയ്കുമാര്‍ മിശ്രയെ കാലാവധി കഴിഞ്ഞ് മൂന്നാം തവണയും നിയമിച്ചതു സുപ്രീം കോടതി തടഞ്ഞിരുന്നു.

ഹരിയാനയിലെ നൂഹില്‍ ജൂലൈ 31 നുണ്ടായ കലാപത്തിന്റെ പേരില്‍ കോണ്‍ഗ്രസ് എംഎല്‍എ മമ്മന്‍ ഖാനെ അറസ്റ്റു ചെയ്തു. പ്രകോപനപരമായ പ്രസ്താവനകളിലൂടെ നൂഹില്‍ അക്രമത്തിനു പ്രേരിപ്പിച്ചെന്ന് ആരോപിച്ചാണ് അറസ്റ്റ്.

കോള്‍ സെന്ററുകളിലൂടെ ഓണ്‍ലൈനായി സാങ്കേതിക സഹായം വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പു നടത്തിയ സംഘത്തിലെ 191 പേരെ ആസാം പോലീസ് പിടികൂടി. തട്ടിപ്പിനായി ഉപയോഗിച്ചിരുന്ന എട്ട് അനധികൃത കാള്‍ സെന്ററുകളും പോലീസ് കണ്ടെത്തി. തട്ടിപ്പിന്റെ മുഖ്യപ്രതികളായ മൂന്നുപേരെ അറസ്റ്റ് ചെയ്തു.

ആജ് തക് അവതാരകന്‍ സുധീര്‍ ചൗധരി പ്രകോപനപരമായാണ് വാര്‍ത്ത അവതരിപ്പിച്ചതെങ്കിലും അറസ്റ്റു ചെയ്യരുതെന്നു കര്‍ണാടക ഹൈക്കോടതി. ന്യൂനപക്ഷങ്ങള്‍ക്കുള്ള ക്ഷേമപദ്ധതിയുടെ പേരില്‍ പ്രകോപന പരാമര്‍ശങ്ങള്‍ നടത്തിയതിനാണ് ബെംഗളുരു പൊലീസ് ചൗധരിക്കെതിരെ കേസെടുത്തത്. കേസുമായി മുന്നോട്ടു പോകാമെന്നു കോടതി പോലീസിനു നിര്‍ദേശം നല്‍കി.

അന്താരാഷ്ട്ര ജനാധിപത്യ ദിനത്തില്‍ സംഘടിപ്പിച്ച ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം വായിക്കല്‍ പരിപാടിയില്‍ രണ്ട് കോടിയിലധികം പേര്‍ പങ്കെടുത്തെന്ന് കര്‍ണാടക സര്‍ക്കാര്‍. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ എന്നിവരടക്കം പരിപാടിയില്‍ പങ്കെടുത്തു. നിയമസഭയായ വിധാന്‍ സൗധയിലാണ് പരിപാടി സംഘടിപ്പിച്ചത്. ഓണ്‍ലൈനിലും ഓഫ് ലൈനിലുമായാണ് ഇത്രയും പേര്‍ പങ്കെടുത്തത്.

വര്‍ഷങ്ങളായി ഭാര്യയില്‍നിന്നും അകന്നുകഴിയവേ വിവാഹമോചന കേസ് നീണ്ടുപോകുന്നതിനിടെ മറ്റൊരു സ്ത്രീക്കൊപ്പം ഭര്‍ത്താവ് താമസം തുടങ്ങിയത് വിവാഹമോചനത്തിനുള്ള അയോഗ്യതയല്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ഭാര്യ നിരന്തരമായി ഉപദ്രവിക്കുന്നുവെന്ന് ആരോപിച്ച് ഭര്‍ത്താവ് നല്‍കിയ കേസ് അനുവദിച്ചുകൊണ്ടുള്ള കുടുംബ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് ഭാര്യ നല്‍കി ഹര്‍ജി കോടതി തള്ളി.

മധ്യപ്രദേശില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നിപാ രോഗബാധയില്ലെന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ഇന്ദിരാഗാന്ധി സര്‍വകലാശാല പുറത്തിറക്കിയ സര്‍ക്കുലര്‍ പിന്‍വലിച്ചു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ അധികൃതര്‍ സംസാരിച്ചെന്നും വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്ക വേണ്ടെന്നും ഇന്ദിരാഗാന്ധി സര്‍വകലാശാലയിലെ അധികൃതര്‍ അറിയിച്ചു.

ജമ്മു കാഷ്മീരിലെ അനന്തനാഗില്‍ ഒരു സൈനികനു കൂടി വീരമൃത്യു. ഇന്നലെ മുതല്‍ ഈ സൈനികനെ കാണാതായിരുന്നു. അനന്തനാഗില്‍ ഇതുവരെ നാല് സുരക്ഷാസേന ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. അതിനിടെ, ഭീകരരുടെ ഒളിത്താവളമെന്ന് സംശയിക്കുന്ന സ്ഥലങ്ങളില്‍ സുരക്ഷ സേന ഡ്രോണ്‍ ഉപയോഗിച്ച് ഗ്രനേഡ് ആക്രമണം നടത്തി.

ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നുമായുള്ള റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ കൂടിക്കാഴ്ചയെ വിമര്‍ശിച്ച അമേരിക്കയോട് ഉപദേശം വേണ്ടെന്നു റഷ്യ. ‘എങ്ങനെ ജീവിക്കണമെന്ന് ഞങ്ങളെ പഠിപ്പിക്കാന്‍ അമേരിക്കയ്ക്ക് അവകാശമില്ലെ’ന്ന് അമേരിക്കയിലെ റഷ്യന്‍ അംബാസഡര്‍ അനറ്റോലി അന്റനോവ് പ്രസ്താവനയില്‍ പറഞ്ഞു.

ചൈനീസ് പ്രതിരോധ മന്ത്രി ലി ഷാങ്ഫുവിനെ കാണാനില്ലെന്നു റിപ്പോര്‍ട്ട്. അഴിമതി ആരോപണത്തെതുടര്‍ന്ന് ലി ഷാങ്ഫു അന്വേഷണം നേരിടുകയാണെന്നും മന്ത്രിസ്ഥാനത്തുനിന്നു നീക്കി വീട്ടുതടങ്കലിലാക്കിയെന്നും റിപ്പോര്‍ട്ടുണ്ട്.

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ഇന്ത്യയെ ആറ് റണ്‍സിന് പരാജയപ്പെടുത്തി ബംഗ്ലാദേശ്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 80 റണ്‍സ് നേടിയ ഷാക്കിബ് അല്‍ ഹസന്റെ മികവില്‍ 8 വിക്കറ്റിന് 265 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 121 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലിന്റെയും 42 റണ്‍സെടുത്ത അക്ഷര്‍ പട്ടേലിന്റെയും പോരാട്ടത്തിലൂടെ തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും 49.5 ഓവറില്‍ 259 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. സൂപ്പര്‍ ഫോറില്‍ പാകിസ്താനെയും ശ്രീലങ്കയേയും പരാജയപ്പെടുത്തി ഇന്ത്യ നേരത്തേ തന്നെ ഫൈനല്‍ ഉറപ്പിച്ചതിനാല്‍ ഇന്നലത്തെ മത്സരഫലം അപ്രസക്തമായിരുന്നു. നാളെ നടക്കുന്ന ഫൈനലില്‍ ഇന്ത്യ ശ്രീലങ്കയെ നേരിടും.

ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താന്‍ നിരവധി തരത്തിലുള്ള ഫീച്ചറുകള്‍ അവതരിപ്പിക്കുന്ന സ്വകാര്യ മേഖലാ ബാങ്കാണ് ഫെഡറല്‍ ബാങ്ക്. ഇത്തവണ ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ വളരെ ലളിതമായി അടയ്ക്കാവുന്ന സംവിധാനമാണ് ഫെഡറല്‍ ബാങ്ക് വികസിപ്പിച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ഭാരത് ബില്‍ പേയ്മെന്റ് സിസ്റ്റം മുഖാന്തരമാണ് ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ എളുപ്പത്തില്‍ അടയ്ക്കാന്‍ സാധിക്കുക. ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് നെറ്റ് ബാങ്കിംഗ്, യുപിഐ ഡെബിറ്റ് കാര്‍ഡ് സൗകര്യം എന്നിവ ഉപയോഗിച്ച് ബില്‍ പേയ്മെന്റുകള്‍ നടത്താന്‍ കഴിയുന്നതാണ്. ഇതിനോടൊപ്പം ഫെഡറല്‍ ബാങ്കിന്റെ ഫെഡ് മൊബൈല്‍, ഫെഡ് നെറ്റ് ആപ്പുകള്‍, മറ്റു യുപിഐ ആപ്പുകള്‍ മുഖേനയും ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ അടയ്ക്കാന്‍ സാധിക്കും. ഉപഭോക്താക്കള്‍ക്ക് ഭാരത് ബില്‍ പേയ്മെന്റ് ആപ്ലിക്കേഷനിലെ ഡെസിഗ്നേറ്റഡ് ബില്ലറായി ‘ഫെഡറല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്’ തിരഞ്ഞെടുത്ത് ക്രെഡിറ്റ് കാര്‍ഡ് രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടെ ആവശ്യമായ വിവരങ്ങള്‍ നല്‍കി പുതിയ സേവനം ഉപയോഗിക്കാവുന്നതാണ്. ഇതില്‍ ക്രെഡിറ്റ് കാര്‍ഡ് ബില്‍ വിവരങ്ങള്‍, അടയ്ക്കേണ്ട തുക, ബില്‍ തീയതി, അവസാന തീയതി തുടങ്ങിയ വിവരങ്ങള്‍ ലഭിക്കുന്നതാണ്. കൂടാതെ, ഓട്ടോപേ സൗകര്യവും ഉണ്ട്.

നയന്‍താരയ്ക്ക് പിന്നാലെ സായ് പല്ലവിയും ബോളിവുഡിലേക്ക് എത്തുന്നു. ആമിര്‍ ഖാന്റെ മകന്‍ ജുനൈദ് ഖാന്‍ നായകനാകുന്ന പുതിയ ചിത്രത്തിലായിരിക്കും സായ് പല്ലവി നായികയാകുക എന്നാണ് റിപ്പോര്‍ട്ട്. ഇത് ഒരു പ്രണയ കഥയായിരിക്കും. സായ് പല്ലവിയുടെ നായികാ വേഷമാണ് ചിത്രത്തില്‍ പ്രധാനമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംവിധാനം സുനില്‍ പാണ്ഡെ ആണ്. സായ് പല്ലവി നായികയാകുന്ന ചിത്രത്തില്‍ ആരൊക്കെ മറ്റ് വേഷത്തില്‍ എത്തുമെന്ന കാര്യം പുറത്തുവിട്ടിട്ടില്ല. ആദ്യമായിട്ടാണ് സായ് പല്ലവി ബോളിവുഡ് ചിത്രത്തില്‍ നായികയാകാന്‍ ഒരുങ്ങുന്നത്. സായ് പല്ലവി നായികയായി ഒടുവിലെത്തിയ ചിത്രം ഗാര്‍ഗി ആണ്. ഗാര്‍ഗി എന്ന ടൈറ്റില്‍ റോളിലായിരുന്നു ചിത്രത്തില്‍ സായ് പല്ലവി വേഷമിട്ടത്. ശിവകാര്‍ത്തികേയന്റെ നായികയായും സായ് പല്ലവിയെത്തുന്നുണ്ട്. എസ്‌കെ 21 എന്ന് വിശേഷണമുള്ള ചിത്രത്തിലാണ് സായ് പല്ലവി വേഷമിടുന്നത്. ഇത് ഒരു യുദ്ധ സിനിമയായിരിക്കും.

നസ്ലിന്‍, മാത്യു തോമസ്, നിഖില വിമല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ഡി ജോസ് സംവിധാനം ചെയ്ത 18 പ്ലസ് എന്ന ചിത്രം ഒടിടിയില്‍ എത്തി. തിയറ്റര്‍ റിലീസിന് ശേഷമുള്ള ഒടിടി റിലീസ് ആണ് ഇത്. പ്രമുഖ പ്ലാറ്റ്ഫോം ആയ സോണി ലിവിലൂടെയാണ് ചിത്രം എത്തിയിരിക്കുന്നത്. തിയറ്ററുകളില്‍ നിരവധി ചിരിനിമിഷങ്ങള്‍ സമ്മാനിച്ച ചിത്രം ടീനേജിന്റെ സൌഹൃദവും പ്രണയുമൊക്കെ നിറയുന്ന ചിത്രമാണ്. ബിനു പപ്പു, സാഫ് ബ്രോസ്, മീനാക്ഷി, മനോജ് കെ യു, ശ്യാം മോഹന്‍, കുമാര്‍ സുനില്‍, ബാബു അന്നൂര്‍, ഉണ്ണിരാജ, പ്രിയ എന്നിവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഫലൂദ എന്റര്‍ടെയ്ന്‍മെന്റും റീല്‍സ് മാജിക്കും ചേര്‍ന്നു നിര്‍മ്മിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പ് നിര്‍വ്വഹിച്ചിരിക്കുന്നു. സംഗീതം, പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യര്‍, എ ഡി ജെ, രവീഷ് നാഥ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ, സംഭാഷണം എഴുതിയിരിക്കുന്നു.

റേഞ്ച് റോവര്‍ വേലറിന്റെ പുതിയ പതിപ്പ് അവതരിപ്പിച്ച് ജെഎല്‍ആര്‍ ഇന്ത്യ. ഏറ്റവും പുതിയ സാങ്കേതിക മുന്നേറ്റത്തോടുകൂടി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ആഡംബരകാറിന്റെ പ്രാരംഭ വില 94.3 ലക്ഷം രൂപയാണ്. ജൂലൈയില്‍ വാഹനത്തിന്റെ പ്രീ-ബുക്കിംഗ് കമ്പനി ആരംഭിച്ചിരുന്നു. ഡയനാമിക് എച്ച്എസ്ഇയോടു കൂടിയ രണ്ട് എഞ്ചിനുകളിലാണ് പുതിയ റേഞ്ച് റോവര്‍ വേലര്‍ ഉപഭോക്താക്കളിലേക്കെത്തുന്നത്. 184 കിലോവാട്ട് കരുത്തും 365 എന്‍ എം ടോര്‍ക്കും നല്‍കുന്ന 2.0 പെട്രോള്‍ എഞ്ചിനിലും 150 കെ ഡബ്ലിയു കരുത്തും 430 എന്‍ എം ടോര്‍ക്കും നല്‍കുന്ന 2.0 ഇങ്കേനിയം ഡീസല്‍ എഞ്ചിനിലും വാഹനം ലഭ്യമാകും. കസ്റ്റമൈസ് ചെയ്യാവുന്ന ആംബിയന്റ് ലൈറ്റ്, പവര്‍ഡ് ടെയില്‍ഗേറ്റ്, പനോരമിക് സണ്‍റൂഫ്, 360-ഡിഗ്രി സറൗണ്ട് ക്യാമറ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന സ്റ്റിയറിംഗ് വീല്‍, അഡ്വാന്‍സ്ഡ് എയര്‍ പ്യൂരിഫയര്‍ തുടങ്ങിയ ഫീച്ചറുകളും ഓഫറിലുണ്ട്.

കുടുംബജീവിതത്തിന്റെ താളപ്പിഴകള്‍ക്ക് സ്ത്രീ ഉത്തരവാദിയാവുന്ന വ്യത്യസ്തമായ പ്രമേയവുമായി ഒരു നോവല്‍. നുണയും പൊങ്ങച്ചവും കള്ളത്തരവും മാത്രം കൈമുതലായ റഹ്യ എന്ന പെണ്‍കുട്ടിയിലൂടെ ഒരു ദാമ്പത്യജീവിതത്തിന്റെ തകര്‍ച്ച ചിത്രീകരിക്കുന്ന ഈ നോവലിന്റെ ഒടുവില്‍ ഇവര്‍ക്കൊക്കെ എന്തു സംഭവിച്ചു എന്നൊരാകാംക്ഷ വായനയെ രസകരവും ചിന്തോദ്ദീപകവുമാക്കുന്നുണ്ട്. ‘മേഘങ്ങള്‍ പറഞ്ഞത്’. കെ എം ജമീല. ഗ്രീന്‍ ബുക്സ്. വില 199 രൂപ.

ധാരാളം പോഷകങ്ങളും നാരുകളുമൊക്കെ അടങ്ങിയ പഴം ആരോഗ്യഗുണങ്ങള്‍ ഒരുപാടുള്ളതാണ്. അതേസമയം പ്രമേഹവും അമിതവണ്ണവുമൊക്കെയുള്ളവര്‍ കലോറി ഭയന്ന് പഴം ഡയറ്റില്‍ നിന്ന് ഒഴിവാക്കാറുമുണ്ട്. എന്നാല്‍ മറ്റുചിലര്‍ ചുമയും ജലദോഷവും വരുമെന്ന് പറഞ്ഞും പഴം ഒഴിവാക്കും. ആയുര്‍വേദമനുസരിച്ച് പഴം ശരീരത്തെ തണുപ്പിക്കുന്ന ഒന്നാണ്. ശരീരത്തെ തണുപ്പിക്കന്ന ഭക്ഷണങ്ങള്‍ പനി, ചുമ എന്നിവ ഇടയ്ക്കിടെ അലട്ടാന്‍ കാരണമായേക്കാം. എന്നാല്‍ അമിതമായ അളവില്‍ കഴിക്കുമ്പോള്‍ മാത്രമാണ് ഇത്തരം പ്രശ്‌നങ്ങളുണ്ടാകുന്നത്. മിഷിഗണ്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ അടുത്തിടെ നടത്തിയ പഠനത്തില്‍ പഴത്തില്‍ ബനാന ലെക്റ്റിന്‍ എന്ന ഒരുതരം പ്രോട്ടീന്‍ കണ്ടെത്തി, ഇത് വൈറസുകളെ ചെറുക്കാനും അവ കോശങ്ങളില്‍ കടക്കുന്നത് തടയാനും ശക്തിയുള്ളതാണ്. ഈ കണ്ടെത്തല്‍ ജലദേഷവും പനിയുമടക്കമുള്ള രോഗങ്ങള്‍ക്ക് പുതിയ ആന്റിവൈറല്‍ പ്രതിവിധികള്‍ കണ്ടെത്താന്‍ സഹായിച്ചേക്കുമെന്നാണ് ഗവേഷകര്‍ കരുതുന്നത്. രാത്രിയില്‍ പഴം കഴിക്കുന്നത് ഒഴിവാക്കണമെന്നാണ് പലരും പറയാറുള്ളത്, പ്രത്യേകിച്ച് തണുപ്പുള്ള രാത്രികളില്‍. രാത്രിയില്‍ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകുമെന്നതുകൊണ്ടും അണുബാധയേല്‍ക്കാന്‍ സാധ്യത കൂടുതലാണെന്നതുകൊണ്ടുമാണ് ഇങ്ങനെ പറയുന്നത്. പക്ഷെ, രാത്രിയില്‍ പഴം കഴിക്കുന്നത് സുരക്ഷിതമല്ലെന്ന് കരുതേണ്ടതില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതേസമയം രാത്രി ഏറെ വൈകി പഴം കഴിക്കുന്നത് ഒഴിവാക്കണമെന്നും വളരെയധികം കലോറി അടങ്ങിയതിനാല്‍ ഇവ ദഹിക്കാന്‍ സമയമെടുക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

*ശുഭദിനം*

*കവിത കണ്ണന്‍*

അവന് അന്ന് കോളേജ് ഉണ്ടായിരുന്നില്ല. അതുകൊണ്ട് അവന്‍ തൂമ്പയുമായി പറമ്പില്‍ ഇറങ്ങി. കഴിഞ്ഞദിവസം ക്യാമ്പിന്റെ ഭാഗമായി മഴക്കുഴിയെകുറിച്ച് ക്ലാസ്സുണ്ടായിരുന്നു. വേനല്‍ തീരാറായി. തന്റെ പറമ്പിലും ഒരു മഴക്കുഴി ഉണ്ടാക്കണം എന്നലക്ഷ്യത്തിലാണ് അവന്‍ പറമ്പിലേക്ക് വന്നത്. കുറെ മണിക്കൂറിന്റെ അധ്വാനം കൊണ്ട് കിണറിനടുത്ത് തന്നെ ഒരു വലിയ കുഴിയെടുക്കാന്‍ ആയി. ഇനി വീട്ടിലെ ടെറസില്‍ വീഴുന്ന വെള്ളം ഈ കുഴിയിലേക്കെത്തിക്കണം. അതിനുളള പരിശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് ആ നാട്ടിലെ വയസ്സായ ഒരു പുറംപണിക്കാരന്‍ ആ വഴി വന്നത്. അയാള്‍ അവനെ നോക്കി പറഞ്ഞു: നിനക്ക് വേറെ പണിയൊന്നുമില്ലേ.. എന്ത് മണ്ടത്തരമാണ് കാണിച്ചുവെച്ചിരിക്കുന്നത്. അയാളുടെ പരിഹാസം അവനില്‍ ദേഷ്യമുണ്ടാക്കി. അവന്‍ ഈ വിവരം വീട്ടില്‍ പറഞ്ഞു. വീട്ടുകാരും അയാളുടെ സ്വഭാവത്തെ കുററപ്പെടുത്തി. ഈ കുഴി കാണുമ്പോഴെല്ലാം അവന്‍ അയാളെ മനസ്സില്‍ ചീത്തപറഞ്ഞുകൊണ്ടേയിരുന്നു. ഏകദേശം ഒരുമാസത്തിന് ശേഷമാണ് അവന്‍ വീണ്ടും അയാളെ കാണുന്നത്. കണ്ടപ്പോള്‍ തന്നെ അവന്‍ നീരസത്തോടെ അയാളോട് ചോദിച്ചു: ഇയാളെന്തിനാ അന്ന് ഞാന്‍ കുഴികുത്തിയതിന് എന്നെ പരിഹസിച്ചുകൊണ്ട് പോയത്? അയാള്‍ പറഞ്ഞു: അല്ല, കുഞ്ഞ് ആ കുഴി മൂടിയില്ലേ.. വാര്‍ക്കപ്പുറത്ത് വീഴുന്ന വെള്ളം കിണറിന്റെ അടുത്തുളള കുഴിയിലേക്ക് തട്ടിയാല്‍ കിണറിന്റെ കല്‍കെട്ട് ഇടിഞ്ഞുപോകും.. ഏററവും ചുരുങ്ങിയത് പതിനഞ്ച് മീറ്റര്‍ അകലത്തിലേ കുഴിയെടുക്കാന്‍ പാടുള്ളൂ.. അയാള്‍ ചിരിച്ചുകൊണ്ട് അവന്റെ തോളില്‍ തട്ടി. ഇതുകേട്ടപ്പോള്‍, ഒരുമാസം കൊണ്ട് അവന്‍ മനസ്സില്‍ പണിതുയര്‍ത്തിയ വിദ്വേഷത്തിന്റെ കല്‍ക്കെട്ടുകള്‍ അവിടെ തകര്‍ന്നുവീണു.. തെറ്റിദ്ധാരണകളാണ് പലപ്പോഴും നമുക്കിടയില്‍ മതിലുകള്‍ ഉയരാന്‍ കാരണം. തെറ്റിദ്ധാരണകള്‍ മാറ്റാന്‍ നാം തന്നെ മുന്‍കൈയ്യെടുക്കുക. മറ്റുള്ളവരെ സ്‌നേഹിക്കാന്‍ നമുക്ക് പണമോ സൗന്ദര്യമോ അധികാരമോ ഒന്നും വേണമെന്നില്ല..സ്വയം തയ്യാറായ ഒരു മനസ്സുമാത്രം മതി.. ആ മനസ്സ് നമുക്ക് സ്വന്തമാകട്ടെ – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *