Franko 2 yt cover

*1985ലെ മികച്ച ജനപ്രിയ ഗാനം?* : https://youtu.be/C9z09QDHHjU | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/

സോളാര്‍ തട്ടിപ്പിലെ ലൈംഗികാരോപണക്കേസില്‍ ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടന്നെന്നു സിബിഐ. ഉമ്മന്‍ ചാണ്ടിയെ കുറ്റവിമുക്തനാക്കി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപെടുത്തിയത്. മുന്‍മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍, ശരണ്യ മനോജ്, വിവാദ ദല്ലാള്‍ നന്ദകുമാര്‍ എന്നിവര്‍ ഗൂഡാലോചന നടത്തിയെന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നത്. പരാതിക്കാരി എഴുതി നല്‍കിയ കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് ഉണ്ടായിരുന്നില്ല. പിന്നീട് എഴുതിച്ചേര്‍ത്തതാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

ജി 20 ഉച്ചകോടി സമാപിച്ചു. ബ്രസീലിന് അധ്യക്ഷ പദവി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കൈമാറി. നവംബര്‍ വരെ ഇന്ത്യക്ക് അധ്യക്ഷസ്ഥാനത്തു തുടരാം. രാവിലെ ലോക നേതാക്കള്‍ രാജ് ഘട്ട് സന്ദര്‍ശിച്ച് ഗാന്ധിജിയുടെ സ്മൃതി കുടീരത്തില്‍ ആദരമര്‍പ്പിച്ചു. ജി 20 വേദിയായ ഭാരത മണ്ഡപത്തില്‍ നേതാക്കള്‍ മരത്തൈ നട്ടു. ഇന്നലെ സംയുക്ത പ്രസ്താവന പുറത്തിറക്കിയ ജി 20 യോഗത്തില്‍ ആഫ്രിക്കന്‍ യൂണിയനും അംഗത്വം നല്‍കാന്‍ തീരുമാനിച്ചിരുന്നു. ലോക നേതാക്കള്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു വിളിച്ച അത്താഴ വിരുന്നിലും പങ്കെടുത്തു.

നിയമസഭ കയ്യാങ്കളി കേസില്‍ എം എ വാഹിദ്, ശിവദാസന്‍ നായര്‍ എന്നീ രണ്ടു കോണ്‍ഗ്രസ് മുന്‍ എംഎല്‍എമാരെ കൂടി പ്രതികളാക്കി ക്രൈം ബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. വനിതാ എംഎല്‍എയെ തടഞ്ഞെന്ന ചുറ്റം ചുമത്തിയാണ് പ്രതി ചേര്‍ക്കുക. ഇതുവരെ വി. ശിവന്‍കുട്ടിയും ഇ.പി. ജയരാജനുമടക്കം ആറ് എല്‍ഡിഎഫ് ഇടതു നേതാക്കള്‍ മാത്രം പ്രതികളായിരുന്ന കേസിലാണ് കോണ്‍ഗ്രസ് നേതാക്കളെ കൂടി പ്രതി ചേര്‍ക്കുന്നത്.

*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ*

ജീവിതം സുന്ദരമാക്കാന്‍ KSFE ഡയമണ്ട് ചിട്ടികള്‍. ബമ്പര്‍ സമ്മാനം : 25 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങള്‍. കൂടാതെ ആയിരം പവന്‍ സ്വര്‍ണ്ണവും.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com , Ph: 0487 – 2332255 , Toll free Helpline: 18004253455*

പട്ടയഭൂമിയിലെ ചട്ടലംഘനങ്ങള്‍ ക്രമപ്പെടുത്തുന്നതിന് സര്‍ക്കാരിന് പരമാധികാരം നല്‍കുന്ന നിയമ ഭേദഗതി 14 ന് നിയമസഭ പാസാക്കും. ഇടുക്കിയില്‍ ഭൂവിനിയോഗ ചട്ടം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി ഓഫീസ് അടക്കം വലുതും ചെറുതുമായ നിര്‍മ്മാണങ്ങള്‍ക്കു സാധൂകരണം ലഭിക്കാന്‍കൂടിയാണ് പുതിയ നിയമം.

ഉമ്മന്‍ ചാണ്ടിയെ ലൈംഗികാരോപണകേസില്‍ കുടുക്കാന്‍ ഗൂഡാലോചന നടത്തിയതിനെക്കുറിച്ച് അന്വേഷണം വേണമെന്നു കെ. മുരളീധരനും ചാണ്ടി ഉമ്മനും. ഗൂഡാലോചനയില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കുണ്ട്. മുഖ്യമന്ത്രിയായി ചുമതലയേറ്റ് മൂന്നാം ദിവസം പരാതിക്കാരിയെ കണ്ടു സംസാരിച്ചയാളാണു പിണറായി വിജയനെന്നും മുരളീധരന്‍. നാളെ ആരംഭിക്കുന്ന നിയമസഭാ യോഗത്തിലും ചൊവ്വാഴ്ച നേതൃയോഗത്തിലും ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും കെ.മുരളീധരന്‍ പറഞ്ഞു.

എറണാകുളം ജനറല്‍ ആശുപത്രിയില്‍ വനിതാ ഡോക്ടറെ ലൈംഗിക അതിക്രമത്തിനിരയാക്കിയ ഡോ. മനോജിനെതിരെ മറ്റൊരു വനിതാ ഡോക്ടര്‍കൂടി പരാതി നല്‍കി. 2018 ല്‍ അതേ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന വനിതാ ഡോക്ടര്‍ ഇമെയില്‍ വഴി നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തു.

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ എ.സി. മൊയ്തീന്‍ എം.എല്‍.എ നാളെ എന്‍ഫോഴ്സ്മെന്റിനു മുന്നില്‍ ഹാജരാകും. രണ്ടു തവണ നോട്ടീസ് നല്‍കിയെങ്കിലും മൊയ്തീന്‍ സാവകാശം തേടിയിരുന്നു. നാളെ മൊയ്തീന്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാതെ എന്‍ഫോഴ്സ്മെന്റിനു മുന്നിലെത്തും. തൃശൂര്‍ കോര്‍പറേഷിലെ സി.പി.എം കൗണ്‍സിലര്‍ അനൂപ് ഡേവിസ് കാട, വടക്കാഞ്ചേരി നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അരവിന്ദാക്ഷന്‍ എന്നിവരേയും നാളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായ അതിക്രമം വര്‍ദ്ധിക്കുമ്പോള്‍ ആഭ്യന്തരവകുപ്പ് നാഥനില്ല കളരി പോലെയാണെന്ന് രമേശ് ചെന്നിത്തല. ആലുവയില്‍ എട്ടു വയസുകാരി പീഡനത്തിന് ഇരയായ സംഭവം ഞെട്ടിക്കുന്നതാണ്. കാട്ടാക്കടയില്‍ കുട്ടിയെ കൊലപ്പെടുത്തി. ആലുവയിലെ കുട്ടിയുടെ കുടുംബത്തിനു താമസിക്കാന്‍ സ്ഥലം കണ്ടെത്തണം. കുട്ടികളുടെ സുരക്ഷയെ കുറിച്ച് ഡിജിപിയോട് സംസാരിക്കും. ചെന്നിത്തല പറഞ്ഞു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ എറണാകുളം പറവൂര്‍ പൊലീസിനെതിരെ പരാതിയുമായി മാതാപിതാക്കള്‍. പൊലീസ് അന്വേഷണത്തിലെ അലംഭാവം തെളിവുകള്‍ നഷ്ടപെടാന്‍ കാരണമായെന്നാണ് ഡിജിപിക്കു നല്‍കിയ പരാതിയില്‍ പറയുന്നത്.

വാഹനത്തിനു സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് കോഴിക്കോട് നടക്കാവ് എസ്ഐ അടക്കമുള്ള സംഘം മര്‍ദിച്ചെന്ന് യുവതിയുടെ പരാതി. അത്തോളി സ്വദേശി അഫ്ന അബ്ദുല്‍ നാഫിക്കിനാണ് മര്‍ദനത്തില്‍ പരിക്കേറ്റത്. മൂന്നു സ്ത്രീകളും നാലു കുട്ടികളും അടങ്ങുന്ന സംഘത്തെ മര്‍ദ്ദിച്ചതിനാണു പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

ജി 20 ഉച്ചകോടിക്കിടെ ക്ഷേത്ര സന്ദര്‍ശനവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനകും ഭാര്യ അക്ഷത മൂര്‍ത്തിയും. രാവിലെ ഋഷി സുനക്, ഭാര്യ അക്ഷത മൂര്‍ത്തിക്കൊപ്പമാണ് ഡല്‍ഹിയിലെ പ്രശസ്തമായ അക്ഷര്‍ധാം ക്ഷേത്രത്തിലെത്തിയത്. ഇരുവരും ക്ഷേത്രത്തിലെത്തി പ്രാര്‍ഥിച്ച് ആരതിയുഴിഞ്ഞു.

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് ആദരമര്‍പ്പിച്ച് ലോകനേതാക്കള്‍. രാജ്ഘട്ടിലെത്തിയാണ് ആദരമര്‍പ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തലവന്മാരെ ഷോള്‍ അണിയിച്ചു സ്വീകരിച്ചു. സബര്‍മതി ആശ്രമത്തെകുറിച്ചും മഹാത്മാഗാന്ധിയുടെ ജീവിതത്തെകുറിച്ചും മോദി വിവരിച്ചു. നേതാക്കള്‍ പുഷ്പ ചക്രം അര്‍പ്പിച്ച ശേഷം ഒരു മിനിറ്റ് മൗനം ആചരിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ അടക്കമുള്ള നേതാക്കളാണ് രാജ്ഘട്ടില്‍ ആദമര്‍പ്പിച്ചത്.

ജി 20 ഉച്ചകോടിക്കിടെ കനത്ത മഴയെ തുടര്‍ന്ന് ഡല്‍ഹിയില്‍ വെള്ളക്കെട്ട്. പ്രഗതിമൈതാനിയിലെ വെള്ളക്കെട്ടിന്റെ വിവിധ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ വെള്ളക്കെട്ടുണ്ടായെന്ന വാര്‍ത്ത ഊതിപ്പെരുപ്പിച്ചതാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. ‘അഞ്ചാമത്തെ ഹാളിനു പുറത്തു വെള്ളക്കെട്ടുണ്ടായിരുന്നു. 20 മിനുറ്റ് കൊണ്ട് വെള്ളക്കെട്ട് ഒഴിവാക്കി. സമ്മേളനത്തിന്റെ പ്രധാനവേദിയില്‍ വെള്ളക്കെട്ടുണ്ടായിട്ടില്ല.’ എന്നാണ് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ വിശദീകരണം.

371 കോടി രൂപയുടെ തട്ടിപ്പു നടത്തിയെന്ന് ആരോപിച്ച് അറസ്റ്റിലായ ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയും തെലുങ്കുദേശം നേതാവുമായ എന്‍. ചന്ദ്രബാബു നായിഡുവിനെ കോടതി റിമാന്‍ഡു ചെയ്തു. നൈപുണ്യ വികസന പരിശീലനത്തിനുള്ള 3,300 കോടി രൂപയുടെ പദ്ധതിയില്‍ പരിശീലനം നല്‍കാന്‍ 371 കോടി രൂപ നല്‍കിയിട്ടും പരിശീലനം നല്‍കാതെ കബളിപ്പിച്ചെന്ന കേസിലാണ് അറസ്റ്റു ചെയ്തത്.

പശ്ചിമബംഗാളില്‍ ഗവര്‍ണര്‍ സര്‍ക്കാര്‍ പോര്. ഗവര്‍ണര്‍ സി.വി ആനന്ദ ബോസിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വിദ്യാഭ്യാസമന്ത്രി കേന്ദ്ര സര്‍ക്കാരിനു കത്തയച്ചു. സര്‍വകലാശാല നിയമനങ്ങളിലും, സര്‍ക്കാര്‍ കാര്യങ്ങളിലും ഗവര്‍ണ്ണര്‍ കൈകടത്തുന്നുവെന്നാണ് സര്‍ക്കാരിന്റെ പരാതി.

ക്ഷേത്ര ശ്രീകോവിലില്‍ പ്രവേശിച്ച രാജകുടുംബാംഗമായ സ്ത്രീ അറസ്റ്റില്‍. മധ്യപ്രദേശിലെ പന്നയിലെ രാജകുടുംബാംഗമായ ജിതേശ്വരി ദേവിയെ ആണ് അറസ്റ്റു ചെയ്തത്. ജന്മാഷ്ടമി ആഘോഷങ്ങള്‍ക്കിടെ ബുന്ദേല്‍ഖണ്ഡിലെ ശ്രീ ജുഗല്‍ കിഷോര്‍ ക്ഷേത്രത്തില്‍ അര്‍ദ്ധരാത്രി പൂജ നടക്കവേ ശ്രീകോവിലിലേക്കു കയറി ആരതിയുഴിയാന്‍ ശ്രമിച്ചതോടെ ക്ഷേത്രം ഭാരവാഹികള്‍ തള്ളി താഴെയിടുകയായിരുന്നു. തര്‍ക്കമായതോടെ പൊലീസ് സ്ഥലത്തെത്തി ജിതേശ്വരി ദേവിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

നടി വിജയലക്ഷ്മി നല്‍കിയ ലൈംഗിക അതിക്രമ പരാതിയില്‍ നാം തമിഴര്‍ കക്ഷി ചീഫ് കോഓഡിനേറ്റര്‍ സീമാനെ ചെന്നൈ സിറ്റി പോലീസ് ചോദ്യം ചെയ്തു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണു പരാതി.

ആഫ്രിക്കന്‍ രാജ്യമായ മൊറോക്കയിലെ ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം രണ്ടായിരം കടന്നു. പരിക്കേറ്റവരുടെ എണ്ണം 1,400 ആണ്. മരണ സംഖ്യ ഇനിയും ഉയരും.

ആലിയ ഭട്ടിന്റെ സംരംഭമായ കുട്ടികളുടെ വസ്ത്ര ബ്രാന്‍ഡ് എഡ്-എ-മമ്മ ഏറ്റെടുത്ത് ഇഷ അംബാനിയുടെ റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്‌സ് ലിമിറ്റഡ് (ആര്‍.ആര്‍.വി.എല്‍). എഡ്-എ-മമ്മയുടെ 51ശതമാനം ഓഹരികള്‍ ഇനി റിലയന്‍സിന്റേതായിരിക്കും. 2-12 വയസ് പ്രായമുള്ള കുട്ടികള്‍ക്കുള്ള വസ്ത്ര ബ്രാന്‍ഡായി 2020-ലാണ് ആലിയ ഭട്ട് സ്ഥാപിച്ച എഡ്-എ-മമ്മ ആരംഭിച്ചത്. പ്രകൃതിദത്ത തുണിത്തരങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി ഓണ്‍ലൈനായി തുടങ്ങി പിന്നീട് ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറുകളിലെ ഓഫ്‌ലൈന്‍ സാന്നിധ്യവും അറിയിച്ച് ഉപയോക്താക്കള്‍ക്കിടയില്‍ പ്രിയപ്പെട്ട ബ്രാന്‍ഡ് ആയി. കഴിഞ്ഞ വര്‍ഷം, ബ്രാന്‍ഡ് ശ്രേണി വിപുലീകരിച്ച് ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള വസ്ത്രങ്ങള്‍ പുറത്തിറക്കി. പാഴ് തുണിത്തരങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതിലൂടെയും പ്ലാസ്റ്റിക് ബട്ടണുകള്‍ ഉപയോഗിക്കാതിരിക്കുക തുടങ്ങിയ നൂതന പരിസ്ഥിതി സംരംഭങ്ങളിലൂടെ എഡ്-എ-മമ്മ ജനപ്രീതി നേടി. വ്യക്തിഗത പരിചരണം, ബേബി ഫര്‍ണിച്ചറുകള്‍ തുടങ്ങിയ പുതിയ മേഖലകളിലേക്ക് ബ്രാന്‍ഡിനെ വളര്‍ത്താനും കുട്ടികളുടെ കഥാ പുസ്തകങ്ങളും അനിമേറ്റഡ് സീരീസും ആരംഭിക്കാന്‍ എഡ്-എ-മമ്മയ്ക്ക് പദ്ധതിയുണ്ട്.

ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പുതിയ പതിപ്പ് അവതരിപ്പിക്കുന്നതിനു മുന്നോടിയായി ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് ലോഗോ പരിഷ്‌കരിച്ചു. ലോഗോയിലുള്ള ബഗ്ഡ്രോയ്ഡിന്റെ 2ഡി ചിത്രം പരിഷ്‌കരിച്ചാണ് പുതിയ 3ഡി ചിത്രം സ്ഥാപിച്ചിരിക്കുന്നത്. ഗൂഗിളിന്റെ ബ്രാന്‍ഡ് പാലറ്റിന് അനുയോജ്യമായി മെറ്റീരിയല്‍ ഡിസൈനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ ലോഗോ രൂപകല്‍പന ചെയ്തതെന്ന് ഗൂഗിള്‍ വ്യക്തമാക്കി. ലോഗോയിലെ ബഗ്ഡ്രോയ്ഡ് രൂപത്തെ പൂര്‍ണമായും 3ഡിയിലേക്ക് മാറ്റി പരിഷ്‌കരിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇത് ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോമുകളില്‍ ദൃശ്യമാകുമെന്നും കമ്പനി അറിയിച്ചു. നിരവധി അപ്ഡേറ്റുകളും വിവിധ ആന്‍ഡ്രോയ്ഡ് ആപ്പുകളില്‍ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ് എന്നിവര്‍ നായകന്മാരാകുന്ന ‘നദികളില്‍ സുന്ദരി യമുന’ ട്രെയിലര്‍ പുറത്തിറങ്ങി. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസര്‍ പോലെ തന്നെ നിരവധി രസകരമായ മുഹൂര്‍ത്തങ്ങള്‍ ഒത്തിണങ്ങിയ ട്രെയിലര്‍ പ്രേക്ഷകര്‍ക്ക് വളരെയേറെ പ്രതീക്ഷ പകരുന്ന ഒന്നാണ്. സെപ്റ്റംബര്‍ പതിനഞ്ചിന് ചിത്രം തിയറ്ററുകളില്‍ എത്തും. കണ്ടത്തില്‍ കണ്ണനായി ധ്യാന്‍ ശ്രീനിവാസനും വിദ്യാധരനായി അജു വര്‍ഗീസുമാണ് ചിത്രത്തിലെ നായകന്‍മാരായി എത്തുന്നത്. സിനിമാറ്റിക് ഫിലിംസ് എല്‍ എല്‍ പിയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരിക്കഞ്ചേരി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളാറ എന്നിവര്‍ ചേര്‍ന്നാണ്. ധ്യാന്‍ ശ്രീനിവാസനാണ് ചിത്രത്തിലെ നായകന്‍. കണ്ണൂരിലെ നാട്ടുമ്പുറങ്ങളാണ് ഈ ചിത്രത്തിന്റെ പശ്ചാത്തലം. ഇവിടുത്തെ സാധാരണക്കാരായ മനുഷ്യര്‍, അവര്‍ക്കിടയിലെ കണ്ണന്‍, വിദ്യാധരന്‍ എന്നീ രണ്ട് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. സുധീഷ്, കലാഭവന്‍ ഷാജോണ്‍, നിര്‍മ്മല്‍ പാലാഴി, നവാസ് വള്ളിക്കുന്ന്, സോഹന്‍ സിനുലാല്‍, രാജേഷ് അഴിക്കോടന്‍, കിരണ്‍ രമേശ്, ഭാനു പയ്യന്നൂര്‍, ശരത് ലാല്‍, ദേവരാജ് കോഴിക്കോട്, അനീഷ്, ആതിര,ആമി, പാര്‍വ്വണ, ഉണ്ണിരാജ, വിസ്മയ ശശികുമാര്‍ എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു.

അമിത് ചക്കാലയ്ക്കല്‍ നായകനാകുന്ന ‘പ്രാവ്’ എന്ന ചിത്രത്തിലെ പുതിയ ഗാനം ആസ്വാദകശ്രദ്ധ നേടുന്നു. ‘അന്തികള്ള് പോലെ’ എന്നു തുടങ്ങുന്ന പാട്ടാണ് പ്രേക്ഷകര്‍ക്കരികിലെത്തിയത്. ബി.കെ.ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാല്‍ ഈണമൊരുക്കി. ജെയ്‌സണ്‍.ജെ.നായര്‍, കെ.ആര്‍.സുധീര്‍, ആന്റണി മൈക്കിള്‍, ബിജിബാല്‍ എന്നിവര്‍ ചേര്‍ന്നു ഗാനം ആലപിച്ചു. പത്മരാജന്റെ കഥയെ അടിസ്ഥാനമാക്കി നവാസ് അലി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ‘പ്രാവ്’. അമിത് ചക്കാലയ്ക്കല്‍, മനോജ് കെ.യു, സാബുമോന്‍, തകഴി രാജശേഖരന്‍, ആദര്‍ശ് രാജ, അജയന്‍ തകഴി, യാമി സോന, ജംഷീന ജമാല്‍, നിഷാ സാരംഗ്, ഡിനി ഡാനിയല്‍, ടീന സുനില്‍, ഗായത്രി നമ്പ്യാര്‍, അലീന എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. സിഇറ്റി സിനിമാസിന്റെ ബാനറില്‍ തകഴി രാജശേഖരന്‍ ആണ് ‘പ്രാവ്’ നിര്‍മിക്കുന്നത്. ആന്റണി ജോ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സെപ്റ്റംബര്‍ 15ന് ചിത്രം തിയറ്ററുകളിലെത്തും.

മിഡ്‌സൈസ് എസ്യുവി ആസ്റ്ററിന് ബ്ലാക്സ്റ്റോം പതിപ്പുമായി എംജി. കറുപ്പില്‍ കുളിച്ച് നില്‍ക്കുന്ന ആസ്റ്റര്‍ ബ്ലാക്സ്റ്റോം 1.5 ലീറ്റര്‍ മാനുവല്‍ പതിപ്പിന് 14.47 ലക്ഷം രൂപയും സിവിടിക്ക് 15.76 ലക്ഷം രൂപയുമാണ് വില. അകത്തും പുറത്തും കറുപ്പിന്റെ അഴക് കൊണ്ടുവരാന്‍ എംജി ശ്രമിച്ചിട്ടുണ്ട്. ഗ്ലോസി ബ്ലാക് ഹണികോമ്പ് ഗ്രില്ല്, ചുവപ്പ് ബ്രേക്ക് കാലിപ്പറുകളുള്ള വീലുകള്‍, ബ്ലാക് ഷെയ്ഡ് എല്‍ഇഡി ഹെഡ്‌ലാപ്, ബ്ലാക് റൂഫ് റെയിലുകള്‍, ഡോര്‍ ഗാര്‍ണിഷ് എന്നിവ നല്‍കിയിട്ടുണ്ട്. വാഹനത്തിന്റെ മുന്‍ ഫെന്‍ഡറുകളില്‍ ബ്ലാക്സ്റ്റോം ബാഡ്ജിങ് നല്‍കിയിട്ടുണ്ട്. ടക്‌സീഡോ ബ്ലാക് ഫിനിഷിങ്ങിലാണ് ഇന്റീരിയര്‍ അപ്‌ഹോള്‍സ്റ്ററി. സ്പോര്‍ട്ടി ഫിനിഷ് തോന്നിക്കാന്‍ ഇരുവശങ്ങളിലേയും എസി വെന്റുകള്‍ക്കു ചുവപ്പ് ഫിനിഷ്. സ്റ്റിച്ചിങ്ങുകള്‍ ചുവപ്പ് നൂലുകള്‍ ഉപയോഗിച്ചാണ്. കറുപ്പ് നിറത്തിലുള്ള ഫ്‌ളോര്‍ കണ്‍സോളും സ്റ്റിയറിങ് വീലും ഒഴികെ മറ്റ് ഡിസൈനുകള്‍ റെഗുലര്‍ പതിപ്പിലേതിനു സമാനമാണ്. 1.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ആസ്റ്റര്‍ ബ്ലാക്സ്റ്റോമില്‍. 110 പിഎസ് കരുത്തും 144 എന്‍എം ടോര്‍ക്കുമുണ്ട് ഈ എന്‍ജിന്. അഞ്ച് സ്പീഡ് മാനുവല്‍, സിവിടി ഗിയര്‍ബോക്സുകള്‍.

പുതിയ ഭാഷ, പുതിയ സമീപനം, പുതിയ ആവിഷ്‌കാരം, പുതിയ ഭാവന എന്നിങ്ങനെ എല്ലാ അര്‍ത്ഥത്തിലും മലയാള കവിതയിലെ ഏറ്റവും പുതിയ കവിതയുടെ ആവിര്‍ഭാവം സോയ ജോസഫിന്റെ കവിതകളില്‍ അനുഭവപ്പെടുന്നു. മലയാളത്തിലെ ഒരു പുതിയ എഴുത്തിന്റെ തിരുപ്പിറവി ഈ വരികളില്‍ സ്പന്ദിക്കുന്നു. സമകാലീന മലയാള കവിതയിലെ നവീനമായ പ്രണയാനുഭവങ്ങളുടെ കാവ്യസാക്ഷാത്ക്കാരം. ഭാഷകൊണ്ടും ഭാവനകൊണ്ടും ആഖ്യാനംകൊണ്ടുംമൗലികമായ ഭാവുകത്വം സൃഷ്ടിക്കുന്ന കവിതകളുടെ സമാഹാരമാണ് ഈ പുസ്തകം. ‘പ്രണയ മാനിഫെസ്റ്റോ’. ഡോ. സോയ ജോസഫ്. മാതൃഭൂമി ബുക്സ്. വില 161 രൂപ.

ഇന്ത്യയില്‍ ഉപയോഗിക്കുന്ന കോവിഡ് വാക്‌സീനുകളായ കോവിഷീല്‍ഡിനും കോവാക്‌സിനും ഹൃദയാഘാത സാധ്യതുമായി ബന്ധമില്ലെന്നു പഠനത്തില്‍ കണ്ടെത്തി. ഇവ ഉപയോഗിക്കുന്നതിനാല്‍ ഹൃദ്രോഗം വരുമെന്ന ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും പഠനം പറയുന്നു. ഡല്‍ഹിയിലെ ജിബി പന്ത് ആശുപത്രിയില്‍ 2021 ഓഗസ്റ്റിനും 2022 ഓഗസ്റ്റിനും ഇടയില്‍ പ്രവേശിപ്പിക്കപ്പെട്ട 1578 പേരിലാണ് പഠനം നടത്തിയത്. ഇതില്‍ 1086 പേര്‍(68.8 ശതമാനം) കോവിഡിനെതിരെ വാക്‌സീന്‍ എടുത്തവരും 492 പേര്‍(31.2 ശതമാനം) വാക്‌സീന്‍ എടുക്കാത്തവരുമാണ്. വാക്‌സീന്‍ എടുത്തവരില്‍ 1047 പേര്‍(96 ശതമാനം) വാക്‌സീന്റെ രണ്ട് ഡോസും എടുത്തവരാണ്. 39 പേരാകട്ടെ(4 ശതമാനം) വാക്‌സീന്റെ ഒരു ഡോസ് മാത്രം എടുത്തവരാണ്. ഈ വാക്‌സീനുകള്‍ ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കുന്നതായി കണ്ടെത്തിയില്ലെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ജി ബി പന്ത് ആശുപത്രിയിലെ മോഹിത് ഗുപ്ത പറയുന്നു. വാക്‌സീന്‍ എടുത്തവരില്‍ ഹൃദയാഘാതത്തിനു ശേഷം മരണസാധ്യത കുറവാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. വാക്‌സീന്‍ എടുത്തവരിലെ മറ്റ് കാരണങ്ങള്‍ മൂലമുള്ള മരണസാധ്യതയും കുറവാണെന്ന് പിഎല്‍ഒഎസ് വണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം കൂട്ടിച്ചേര്‍ത്തു. പ്രായം, പ്രമേഹം, പുകവലി എന്നിവ ഈ രോഗികളില്‍ മരണസാധ്യത വര്‍ധിപ്പിച്ച ഘടകങ്ങളാണെന്നും ഗവേഷകര്‍ പറയുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *