p1 yt cover 1

സര്‍ക്കാര്‍ ആശുപത്രികളുടെ പേര് ‘ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍’ എന്നാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ ഉള്‍പെടെയുള്ളവയുടെ പേരു മാറ്റണമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. ‘ആരോഗ്യം പരമം ധനം’ എന്ന ടാഗ് ലൈനും ഉള്‍പെടുത്താനും നിര്‍ദേശമുണ്ട്.

ഉത്തരാഖണ്ഡിലെ സില്‍ക്യാര ടണലില്‍ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ഡ്രില്ലിംഗ് പുനരാരംഭിക്കുന്നു. ഡ്രില്ലിംഗിനിടെ പൈപ്പിനകത്ത് കുടുങ്ങിയ ഓഗര്‍ മെഷീന്റെ യന്ത്രഭാഗം പുറത്തെടുത്തു. ഓഗര്‍ മെഷീന്‍ കുടുങ്ങിയതോടെ രക്ഷാദൗത്യം പ്രതിസന്ധിയിലായിരുന്നു. ഡ്രില്ലിംഗ് ഇന്നുതന്നെ പൂര്‍ത്തിയാക്കാനാണു ശ്രമം.

കുസാറ്റ് ദുരന്തത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ള രണ്ടു പേരുടെ നില ഗുരുതരം. ആലപ്പുഴ സ്വദേശി ഗീതാഞ്ജലി, മലപ്പുറം സ്വദേശി ഷെബ എന്നിവരാണ് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിലെ അത്യാഹിത വിഭാഗത്തിലുള്ളത്. ഇവരുടെ നില മെച്ചപ്പെട്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 34 പേര്‍ ചികിത്സയിലുണ്ട്. മരിച്ചവര്‍ക്ക് സര്‍വകലാശാല ഓഡിറ്റോറിയത്തില്‍ അനുശോചന യോഗം ചേര്‍ന്നു.

*കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍*

ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്. *കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 , ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*

കേരളത്തിനു കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യാര്യമൊന്നും വേണ്ട, ന്യായമായ അവകാശങ്ങളാണു ചോദിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ തെറ്റായ വിവരങ്ങളാണു പ്രചരിപ്പിക്കാന്‍ ശ്രമിച്ചത്. മലപ്പുറം തിരൂരില്‍ നവകേരള സദസിന്റെ പ്രഭാത യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇങ്ങനെ പ്രതികരിച്ചത്.

വിലക്കു മറികടന്ന് കോണ്‍ഗ്രസ്, മുസ്ലിം ലീഗ് നേതാക്കള്‍ മലപ്പുറത്തെ നവ കേരള സദസിനെത്തി. പാണക്കാട് ഹൈദരലി തങ്ങളുടെ മരുമകന്‍ ഹസീബ് സഖാഫ് തങ്ങള്‍ തിരൂരില്‍ നവകേരള സദസിന്റെ പ്രഭാത യോഗത്തില്‍ പങ്കെടുത്തു. കോണ്‍ഗ്രസ് നേതാവ് സി മൊയ്തീനും നവകേരള സദസിനെത്തി.

നവ കേരള സദസില്‍ പങ്കെടുക്കുന്നവരോടു യുഡിഎഫ് പ്രതികാരം കാണിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവര്‍ നാടിന്റെ പൊതുവികാരത്തിനൊപ്പം ചേര്‍ന്നവരാണ്. ഇന്ന് ഒരു തങ്ങള്‍ പരിപാടിയില്‍ പങ്കെടുത്ത് അഭിപ്രായം പറഞ്ഞു. നാടിന്റെ പൊതുവികാരമാണ് അത്. അതിന്റെ പേരില്‍ പകപോക്കല്‍ അരുതെന്നും മുഖ്യമന്ത്രി പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു.

നവകേരള സദസില്‍ പ്രധാന യുഡിഎഫ് നേതാക്കള്‍ പങ്കെടുത്തിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പങ്കെടുക്കരുതെന്നത് യുഡിഎഫിന്റെ തീരുമാനമാണ്. ലംഘിച്ചാല്‍ നടപടിയെടുക്കും. നവകേരള സദസ് നടക്കുന്ന ജില്ലകളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് കരുതല്‍ തടങ്കലിലെടുക്കുകയാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎമ്മുകാരും പോലീസും ചേര്‍ന്ന് ആക്രമിക്കുകയാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

നവകേരള സദസ് നടന്ന കോഴിക്കോട് ജില്ലയില്‍നിന്നു മൂന്നു ദിവസംകൊണ്ടു ലഭിച്ചത് 45,897 പരാതികള്‍. 12 വേദികളിലായി 13 നിയോജകമണ്ഡലങ്ങളിലെ പരാതികളാണു സ്വീകരിച്ചത്.

നവകേരള സദസിനോടനുബന്ധിച്ച് കരിങ്കൊടി സമരത്തിനെത്തിയ കെ എസ് യു ജില്ലാ പ്രസിഡന്റ് വി ടി സൂരജിന്റെ കഴുത്തില്‍ പിടിച്ചു ഞെരിച്ച ഡിസിപി കെ ഇ ബൈജുവിനെ സസ്പെന്‍ഡു ചെയ്യണമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍. സൂരജിന് വെള്ളം കുടിക്കാന്‍പോലും കഴിയുന്നില്ല. ഡിവൈഎഫ്ഐ നടത്തിയ അക്രമത്തിനെതിരെ പൊലീസ് നടപടിയെടുക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കണ്ണൂര്‍ കണിച്ചാറില്‍ ക്ഷീര കര്‍ഷകന്‍ ജീവനൊടുക്കി. 20 വര്‍ഷത്തോളം കൊളക്കാട് ക്ഷീര സഹകരണ സംഘം പ്രസിഡന്റായിരുന്ന കൊളക്കാട് സ്വദേശി ആല്‍ബര്‍ട്ട് (68) ആണ് മരിച്ചത്. സഹകരണ ബാങ്കിലെ രണ്ടു ലക്ഷം രൂപയുടെ ബാധ്യതയ്ക്കു ബാങ്കില്‍നിന്ന് നോട്ടീസ് ലഭിച്ചിരുന്നെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.

കുസാറ്റിലെ പരിപാടിക്കു പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് സ്‌കൂള്‍ ഓഫ് എന്‍ജിനീയറിംഗ് പ്രിന്‍സിപ്പാള്‍ രജിസ്ട്രാര്‍ക്ക് നല്‍കിയ കത്ത് പുറത്ത്. രജിസ്ട്രാര്‍ ഗൗരവത്തോടെ നടപടി എടുത്തില്ലെന്നാണ് ആരോപണം. എന്നാല്‍ അപകട സമയത്ത് ആറു പോലീസുകാര്‍ സ്ഥലത്തുണ്ടായിരുന്നുവെന്ന് മന്ത്രി ആര്‍. ബിന്ദു വ്യക്തമാക്കി.

കുസാറ്റ് ദുരന്തത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ഉത്തരവാദി വൈസ് ചാന്‍സലറാണെന്നും വിസിയെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്കു പരാതി. സേവ് യൂണിവേഴ്സിറ്റ് കാംപെയിന്‍ കമ്മിറ്റിയാണ് പരാതി നല്‍കിയത്. വിസിക്കെതിരേ അഭിഭാഷകന്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

നവകേരളാ സദസില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കണമെന്ന വിദ്യാഭ്യാസ വകുപ്പ് മലപ്പുറം ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ പുറത്തിറക്കിയ ഉത്തരവ് പിന്‍വലിച്ചെന്നു സംസ്ഥാന സര്‍ക്കാര്‍. കേരളാ ഹൈക്കോടതിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുട്ടികളെ ചൂഷണം ചെയ്യുന്ന നടപടികള്‍ അംഗീകരിക്കില്ലെന്ന് കോടതി വ്യക്തമാക്കി.

ശബരിമല ഭക്തര്‍ ജാഗ്രത പാലിക്കണമെന്നും കറുത്ത വസ്ത്രം ധരിച്ചവരെ കണ്ടാല്‍ പിണറായി വിജയന്റെ പോലീസും സിപിഎമ്മുകാരും ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. അയ്യപ്പഭക്തരെപോലും കരുതല്‍ തടങ്കലില്‍ അടയ്ക്കുന്നുണ്ടെന്നും സതീശന്‍ ആരോപിച്ചു.

ഓണ്‍ലൈനിലൂടെ പാര്‍ട്ട് ടൈം ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഒരാള്‍ പിടിയില്‍. ബംഗളൂരു വിദ്യാര്‍ണപുര സ്വാഗത് ലേഔട്ട് ശ്രീനിലയത്തില്‍ മനോജ് ശ്രീനിവാസി (33) നെയാണ് അറസ്റ്റു ചെയ്തത്. പറവൂര്‍ സ്വദേശികളില്‍ നിന്ന് പതിനെട്ട് ലക്ഷത്തോളം രൂപയാണ് ഇയാള്‍ തട്ടിയത്. നാല്‍പ്പഞ്ചോളം അക്കൗണ്ടുകളില്‍നിന്ന് 250 കോടി രൂപ തട്ടിയെടുത്തെന്നാണു പോലീസ് പറയുന്നത്.

പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഓക്സിജന്‍ പ്ലാന്റില്‍ പൊട്ടിത്തെറി. പ്ലാന്റിലെ സിലിണ്ടറാണു പൊട്ടിത്തെറിച്ചത്. ആര്‍ക്കും പരിക്കില്ല.

അതിരപ്പിള്ളി മലക്കപ്പാറയിലെ ആദിവാസി ഊരില്‍ ചികില്‍സ കിട്ടാതെ വയോധിക പുഴുവരിച്ച നിലയില്‍. വീരന്‍കുടി ഊരിലെ കമലമ്മ പാട്ടിയാണ് അവശനിലയിലായത്. ഊരിലെത്തി ചികിത്സ നല്‍കാന്‍ ആദിവാസി ക്ഷേമ വകുപ്പിലേയും ആരോഗ്യ വകുപ്പിലേയും അധികൃതര്‍ തയാറായില്ലെന്നു പരാതി. വിവാദമായതോടെ ജില്ലാ കളക്ടര്‍ കൃഷ്ണതേജ ഇടപെട്ട് മെഡിക്കല്‍ സംഘത്തെ അയച്ചു.

പോക്സോ കേസില്‍ സിപിഎം പ്രാദേശിക നേതാവ് അറസ്റ്റില്‍. ചെര്‍പ്പുളശ്ശേരി പന്നിയം കുറുശ്ശിയിലെ കെ അഹമ്മദ് കബീര്‍ ആണ് അറസ്റ്റിലായത്. പതിനാറുകാരിയുടെ പരാതിയിലാണ് അറസ്റ്റ്.

പിക്കപ്പ് വാനിന്റെ ഡ്രൈവര്‍ ക്യാബിനു മുകളിലെ രഹസ്യ അറയില്‍ കടത്തിക്കൊണ്ടുവന്ന 42 കിലോ കഞ്ചാവ് വാളയാറില്‍ പിടികൂടി. പ്രതി മലപ്പുറം എ ആര്‍ നഗര്‍ സ്വദേശിയായ നൗഷാദ് എന്നയാളെ എക്സൈസ് സംഘം അറസ്റ്റു ചെയ്തു.

ഏഴു വയസുകാരിയായ മകളെ പീഡിപ്പിക്കാന്‍ കൂട്ടുനിന്ന അമ്മയ്ക്ക് 40 വര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം പോക്സോ കോടതിയാണ് ശിക്ഷിച്ചത്. കേസില്‍ പ്രതിയായിരുന്ന കാമുകന്‍ ശിശുപാലന്‍ നേരത്തെ ആത്മഹത്യ ചെയ്തിരുന്നു.

തെലങ്കാനയില്‍ കെസിആറിനെതിരായ ഭരണവിരുദ്ധ വികാരം കോണ്‍ഗ്രസിന് അനുകൂലമായ തരംഗമായി മാറുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. തെലങ്കാന സംസ്ഥാനം രൂപീകരിച്ചത് കോണ്‍ഗ്രസും സോണിയാഗാന്ധിയുമാണെന്ന വികാരം ജനങ്ങളിലുണ്ടെന്നും ഈ വൈകാരികത തങ്ങള്‍ക്ക് അനുകൂലമാണെന്നും വേണുഗോപാല്‍ പറഞ്ഞു.

തെലങ്കാനയില്‍ പരസ്യപ്രചാരണം നാളെ അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയും എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഇന്ന് റാലികളിലും റോഡ് ഷോകളിലും പങ്കെടുക്കും. ഹൈദരാബാദിലടക്കം മൂന്നിടങ്ങളിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം.

കോണ്‍ഗ്രസ് ഭരിച്ചിരുന്ന രാജസ്ഥാനില്‍ ശനിയാഴ്ച നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 75.45 ശതമാനം പോളിംഗ്. 2018 ല്‍ 74.71 ശതമാനമായിരുന്നു.

ശ്രീലങ്കയിലെ കൊല്ലപ്പെട്ട തമിഴ്പുലി നേതാവ് വേലുപിള്ള പ്രഭാകരന്റെ മകള്‍ ദ്വാരകയുടെ പ്രസംഗം സംപ്രേക്ഷണം ചെയ്യാനുള്ള നീക്കമുണ്ടെന്ന മുന്നറിയിപ്പുമായി രഹസ്യാന്വേഷണ ഏജന്‍സികള്‍. വീരന്മാരുടെ ദിനമെന്ന പേരില്‍ ഇന്ന് പ്രസംഗം പുറത്തുവിട്ടു ചര്‍ച്ചയാക്കാന്‍ നീക്കമുണ്ടെന്നാണ് റിപ്പോര്‍ട്ടുണ്ടായിരുന്നത്. ദ്വാരകയും പ്രഭാകരനോടൊപ്പം കൊല്ലപ്പെട്ടിരുന്നു.

ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ തിരിച്ചുപിടിച്ച് ഐപിഎല്‍ ടീം മുംബൈ ഇന്ത്യന്‍സ്. ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് 15 കോടി രൂപയുടെ താരക്കൈമാറ്റത്തിലൂടെയാണ് മുംബൈ ഹാര്‍ദിക്കിനെ തിരിച്ചുപിടിച്ചത്. ഹാര്‍ദിക്കിന്റെ കൈമാറ്റം ഐപിഎല്‍ അധികൃതര്‍ സ്ഥിരീകരിച്ചു. അതേസമയം മുംബൈ, ഗുജറാത്ത് ടീമുകള്‍ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ നടത്തിയിട്ടില്ല.

ആഗോള വിപണിയിലെ ഘടകങ്ങള്‍ അനുകൂലമായി മാറിയതോടെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ വീണ്ടും വിദേശ നിക്ഷേപകരുടെ തേരോട്ടം. ലോകമെമ്പാടും നാണയപ്പെരുപ്പ ഭീഷണി കുറഞ്ഞതോടെയാണ് ഇന്ത്യന്‍ വിപണിയിലേക്ക് വീണ്ടും വിദേശ നിക്ഷേപകര്‍ തിരിച്ചെത്തിയത്. സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച്, നവംബറില്‍ ഇതുവരെ വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ 378 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിയത്. ഇത് ഇന്ത്യന്‍ വിപണിക്ക് വീണ്ടും പുത്തന്‍ ഉണര്‍വ് പകര്‍ന്നിട്ടുണ്ട്. ആഗോള മേഖലയില്‍ ധന പ്രതിസന്ധി അതിരൂക്ഷമാകുമ്പോഴും രാജ്യത്തെ സാമ്പത്തിക രംഗം ഉയര്‍ന്ന വളര്‍ച്ച നേടുന്നതിനാല്‍, മികച്ച വളര്‍ച്ചാ സാധ്യതയുള്ള നിക്ഷേപ കേന്ദ്രമെന്ന നിലയില്‍ ഇന്ത്യയ്ക്ക് പ്രാധാന്യം വര്‍ദ്ധിക്കുകയാണ്. അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് സാമ്പത്തിക വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കുന്ന സമീപനത്തിലേക്ക് മാറിയേക്കുമെന്ന പ്രതീക്ഷ ശക്തമായതിനാല്‍ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് വരെ യു.എസിലെ കടപ്പത്രങ്ങളുടെ മൂല്യത്തിലും ഡോളറിന്റെ കരുത്തിലും ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഈ നഷ്ടം ഇന്ത്യന്‍ വിപണിയിലും വലിയ തോതിലാണ് പ്രകടമായത്. ഇതിനെ തുടര്‍ന്ന് ഒക്ടോബറില്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നും 24,548 കോടി രൂപയാണ് പിന്‍വലിച്ചത്. കൂടാതെ, സെപ്റ്റംബറിലും സമാനമായ രീതിയില്‍ 14,767 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചിരുന്നു.

ഉപയോക്താക്കളുടെ സുരക്ഷയെ മുന്‍നിര്‍ത്തി മുന്‍പ് പിന്‍വലിച്ച ഫീച്ചര്‍ വീണ്ടും അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സ്ആപ്പ്. ഡെസ്‌ക് ടോപ്പ് ഉപയോക്താക്കള്‍ക്കായാണ് ഫോട്ടോയും വീഡിയോയും ഒറ്റത്തവണ മാത്രം കാണാന്‍ കഴിയുന്ന വ്യൂ വണ്‍സ് ഫീച്ചര്‍ അവതരിപ്പിച്ചത്. മുന്‍പ് ഈ ഫീച്ചര്‍ പിന്‍വലിച്ചതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് വാട്‌സ്ആപ്പ് ഈ ഫീച്ചര്‍ വീണ്ടും കൊണ്ടുവന്നത്. താത്കാലികമായി മീഡിയ ഫയലുകള്‍ അയക്കാന്‍ കഴിയുന്നവിധമാണ് ഫീച്ചര്‍. അതായത് മീഡിയ ഫയലുകള്‍ സ്വീകരിക്കുന്നയാളുടെ ഗ്യാലറിയില്‍ ഇത്തരം ഫയലുകള്‍ സേവ് ആകില്ല. രഹസ്യ സ്വഭാവമുള്ള ഫയലുകള്‍ അയക്കുമ്പോഴാണ് ഇത് കൂടുതല്‍ പ്രയോജനം ചെയ്യുക. കൂടാതെ സ്വകാര്യത നിലനിര്‍ത്താനും ഇത് ഏറെ സഹായകരമാണ്. മീഡിയ ഫയലുകള്‍ സ്വീകരിക്കുന്നയാള്‍ കണ്ടു ഉടന്‍ തന്നെ അപ്രത്യക്ഷമാകുന്ന തരത്തിലാണ് ഈ ഫീച്ചര്‍. അതായത് ഒരു തവണ മാത്രമാണ് കാണാന്‍ സാധിക്കുക. സ്വകാര്യത സംരക്ഷണത്തിന് പ്രാധാന്യം നല്‍കി കൊണ്ടാണ് ഈ ഫീച്ചര്‍. ലഭിച്ച മീഡിയ ഫയലുകള്‍ മറ്റുള്ളവര്‍ക്ക് ഫോര്‍വേര്‍ഡ് ചെയ്യാനോ, സേവ് ചെയ്ത് സൂക്ഷിക്കാനോ, ഷെയര്‍ ചെയ്യാനോ സാധിക്കില്ല. 14 ദിവസത്തിനകം മീഡിയ ഫയല്‍ ഓപ്പണ്‍ ചെയ്തില്ലെങ്കില്‍ ഓട്ടോമാറ്റിക്കായി അപ്രത്യക്ഷമാകും. വ്യൂ വണ്‍സ് ഓപ്ഷന്‍ അനുസരിച്ചാണ് മീഡിയ ഫയലുകള്‍ അയക്കാന്‍ സെന്‍ഡര്‍ ഉദ്ദേശിക്കുന്നതെങ്കില്‍, ഓരോ തവണയും വ്യൂ വണ്‍സ് ഓപ്ഷന്‍ തെരഞ്ഞെടുക്കേണ്ടതാണ്.

കന്നട സിനിമ മേഖലയുടെ ചരിത്രത്തില്‍ നാഴികക്കല്ലായി മാറിയ ‘കാന്താര’യുടെ രണ്ടാം ഭാഗം ആദ്യ ടീസര്‍ എത്തി. ആദ്യ ഭാഗത്തില്‍ പ്രേക്ഷകര്‍ കണ്ട കഥയുടെ മുന്‍പ് നടന്ന സംഭവങ്ങളാകും കാന്താരയുടെ തുടര്‍ച്ചയില്‍ കാണാന്‍ കഴിയുക. ‘കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ വണ്‍’ എന്നാണ് പ്രീക്വലിന് നല്‍കിയിരിക്കുന്ന പേര്. റിഷഭ് ഷെട്ടിയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്ത കാന്താരയില്‍ റിഷഭ് ഷെട്ടി അവതരിപ്പിച്ച ശിവ എന്ന കഥാപാത്രത്തിന്റെ ഭൂതക്കോലം കെട്ടുന്ന പിതാവിന്റെ കഥയായിരിക്കും വരാനിരിക്കുന്ന ചിത്രമെന്നാണ് റിപ്പോര്‍ട്ട്. ഹോംബാലെ ഫിലിംസ് നിര്‍മിക്കുന്ന ചിത്രം റിഷഭ് ഷെട്ടിയാണ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. അനിരുദ്ധ് മഹേഷ്, ഷാനില്‍ ഗുരു എന്നിവരാണ് സഹ എഴുത്തുകാര്‍. ഛായാഗ്രഹം അരവിന്ദ് എസ്. കശ്യപ്. സംഗീതം ബി. അജനീഷ് ലോക്നാഥ്. പ്രൊഡക്ഷന്‍ ഡിസൈന്‍ ബംഗ്ലാന്‍. ആദ്യ ഭാഗം 16 കോടിയാണ് ബജറ്റെങ്കില്‍ രണ്ടാം ഭാഗം മൂന്നിരട്ടി ബജറ്റിലാണ് ഒരുങ്ങുന്നത്. ഡിസംബര്‍ ആദ്യ വാരം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.

പൃഥ്വിരാജ് സുകുമാരന്‍, ബേസില്‍ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ദാസ് സംവിധാനം ചെയ്യുന്ന ‘ഗുരുവായൂരമ്പലനടയില്‍’ ചിത്രീകരണം പുരോഗമിക്കുകയാണ്. ജയ ജയ ജയ ജയ ഹേ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍, ഇഫോര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍. മേത്ത, സി.വി. സാരഥി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്നു. ചിത്രത്തില്‍ പൃഥ്വിരാജ് ജോയിന്‍ ചെയ്തു എന്നതാണ് പുതിയ വാര്‍ത്ത. സിനിമയില്‍ പൃഥ്വിയുടേത് നെഗറ്റിവ് റോളാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ‘കുഞ്ഞിരാമായണം’ എന്ന ചിത്രത്തിനു ശേഷം ദീപു പ്രദീപ് രചന നിര്‍വഹിക്കുന്ന ചിത്രമാണ് ഗുരുവായൂരമ്പലനടയില്‍. തമിഴ് നടന്‍ യോഗി ബാബു ചിത്രത്തിലൊരു പ്രധാന വേഷം ചെയ്യുന്നു. നിഖില വിമല്‍, അനശ്വര രാജന്‍, ജഗദീഷ്, രേഖ, ഇര്‍ഷാദ്, സിജു സണ്ണി, സഫ്വാന്‍, കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, മനോജ് കെ.യു. തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. മുഴുനീള കോമഡി എന്റര്‍ടെയ്നറായാണ് സിനിമ ഒരുങ്ങുന്നത്.

ഓസ്ട്രിയന്‍ ടൂവീലര്‍ കമ്പനിയായ കെടിഎം മൊത്ത വില്‍പ്പനയില്‍ വളര്‍ച്ച രേഖപ്പെടുത്തി. അതേസമയം ആഭ്യന്തര വിപണികളില്‍ വര്‍ഷാവര്‍ഷം വില്‍പ്പന കുറഞ്ഞിട്ടുണ്ടെങ്കിലും, പ്രതിമാസം അടിസ്ഥാനത്തില്‍ വില്‍പ്പന കണക്കുകള്‍ വര്‍ദ്ധിച്ചു. കെടിഎം 200 സിസി ശ്രേണിയാണ് ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ ഡിമാന്‍ഡ് ഉള്ളത്, അതേസമയം കെടിഎം 390 ശ്രേണി കയറ്റുമതി പട്ടികയില്‍ ഒന്നാമതെത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍. കെടിഎം അടുത്തിടെ 2023 ഇഐസിഎംഎ ഷോയില്‍ പുതിയ കെടിഎം 990 ഡ്യൂക്ക് അവതരിപ്പിച്ചിരുന്നു. ഇന്ത്യയിലെ കമ്പനിയുടെ നിലവിലെ ലൈനപ്പില്‍ ഡ്യൂക്ക് സീരീസ് (125, 200, 250, 390), ആര്‍സി സീരീസ് (125, 200, 390), അഡ്വഞ്ചര്‍ സീരീസ് (അഡ്വഞ്ചര്‍ 250, 390) എന്നിവ ഉള്‍പ്പെടുന്നു. എല്ലാം ബജാജ് ഓട്ടോ പ്ലാന്റുകളില്‍ നിര്‍മ്മിക്കുന്നു. 2023 ഒക്ടോബറില്‍ കെടിഎം ഇന്ത്യയുടെ ആഭ്യന്തര വില്‍പ്പന 7,241 യൂണിറ്റായി, 2022 ഒക്ടോബറില്‍ വിറ്റ 8,333 യൂണിറ്റുകളില്‍ നിന്ന് 13.10 ശതമാനം കുറഞ്ഞു. കെടിഎം 390 ഒഴികെയുള്ള ലിസ്റ്റിലെ എല്ലാ മോഡലുകളും വര്‍ഷാവര്‍ഷം ഇടിവ് രേഖപ്പെടുത്തി. 2023 സെപ്റ്റംബറില്‍ കെടിഎം 390-ന്റെ പ്രതിമാസ വില്‍പ്പന 54.39 ശതമാനം വര്‍ധിച്ച് 4,690 യൂണിറ്റിലെത്തി. കമ്പനി ലൈനപ്പിന്റെ 46 ശതമാനത്തിലധികം കെടിഎം 200 (ഡ്യൂക്ക് , ആര്‍സി) ആണ്. കഴിഞ്ഞ മാസം 3,391 യൂണിറ്റുകള്‍ വിറ്റഴിച്ചു. കെടിഎം ഇന്ത്യയുടെ 390 സീരീസിന് നല്ല ഡിമാന്‍ഡാണ് ലഭിക്കുന്നത്. അതിന്റെ വില്‍പ്പന 25.76 ശതമാനം വര്‍ധിച്ച് 40.86 ശതമാനം മൊഎം 1,572 യൂണിറ്റുകളായി.

സ്നേഹവും കരുതലും നിറയുന്ന കുഞ്ഞുമ്മകള്‍ ചരാചരങ്ങള്‍ക്കേകുന്ന മിടുമിടുമിടുക്കി തകരക്കുട്ടിയുടെ കഥയാണിത്. അമ്പേറ്റു പിടഞ്ഞ മയിലമ്മയെ ആ തങ്കക്കുട്ടി രക്ഷിക്കുന്നു; വെയിലേറ്റുവാടിയ സൂര്യകാന്തിച്ചെടിയോട് ആ അരുമക്കുട്ടി കരുണകാണിക്കുന്നു; കാക്കച്ചുണ്ടില്‍നിന്നും കഴുകന്‍ചുണ്ടില്‍നിന്നും പുലിക്കുഞ്ഞിനെ ആ ആനന്ദക്കുട്ടി കാക്കുന്നു. കുറത്തിയമ്മൂമ്മ അവള്‍ക്കു വാത്സല്യസമ്മാനമായി നല്കിയത് ഒരു വൈക്കോല്‍ത്തൊട്ടി നിറയെ നെല്ലിക്കകളാണ്: സ്വര്‍ണനെല്ലിക്കകള്‍! ആര്‍ത്തിയുടെ ചവര്‍പ്പും നന്മയുടെ മധുരവും രുചിക്കുവാനാകുന്ന ഒരുപിടി നെല്ലിക്കകള്‍ കൂട്ടുകാര്‍ക്കും ആ തൊട്ടിയില്‍നിന്നും വാരിയെടുക്കാം, ഈ കുഞ്ഞിപ്പുസ്തകത്തിലൂടെ. ‘സ്വര്‍ണനെല്ലിക്ക’. സിപ്പി പള്ളിപ്പുറം. എച്ആന്‍ഡ്സി ബുക്സ്. വില 95 രൂപ.

കുട്ടികള്‍ മുതല്‍ മുതിര്‍ന്നവരില്‍ വരെ പ്രീഡയബെറ്റിസ് എന്ന അവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഭാവിയില്‍ ഡയബറ്റിസ് രോഗിയാവാനുള്ള സാധ്യത ഇവരില്‍ കൂടുതലായിരിക്കും. ഇത്തരക്കാര്‍ ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ മനസിലാക്കി ഉടന്‍ തന്നെ ഡോക്ടറെ സമീപിച്ച് ശരീരത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കണം. നേരത്തെ നിയന്ത്രിച്ചാല്‍ നിങ്ങള്‍ക്ക് നീണ്ടകാല ഡയബറ്റിസ് രോഗാവസ്ഥയില്‍ നിന്നും രക്ഷപ്പെടുകയും ചെയ്യാം. ‘പ്രീഡയബറ്റിസ്’ അവസ്ഥയില്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവ് വര്‍ധിക്കുന്നതിനാല്‍ പഞ്ചസാര മൂത്രത്തിലൂടെ പുറന്തള്ളാന്‍ ശരീരം ശ്രമിക്കും. ഇതാണ് ശരീരത്തില്‍ ജലാംശം കുറയുന്നതിലേക്ക് നയിക്കുന്നത്. ഇങ്ങനെ വരുമ്പോള്‍ കൂടെക്കൂടെ ദാഹം തോന്നുകയും മൂത്രശങ്കയുണ്ടാവുകയും ചെയ്യും. നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നുമാണ് ഗ്ലൂക്കോസിന്റെ അളവ് കൂടുതലായും ശരീരത്തില്‍ ഉണ്ടാവുന്നത്. പാന്‍ക്രിയാസ് ഉല്‍പാദിപ്പിക്കുന്ന ഇന്‍സുലിന്‍ ആണ് ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത്. എന്നാല്‍ ഈ പ്രവര്‍ത്തനം നന്നായി നടക്കാതെ വരുമ്പോഴാണ് പ്രീഡയബറ്റിസ് എന്ന അവസ്ഥ ഉണ്ടാകുന്നത്. അത് ഭാവിയില്‍ ടൈപ്പ് 2 ഡയബറ്റിസ് ആയി മാറുകയും ചെയ്യുന്നു. ദാഹം, മൂത്രാശങ്ക, കഠിനമായ വിശപ്പ്, തൊണ്ട വരള്‍ച്ച, കാഴ്ച മങ്ങല്‍, നിരന്തരമായി ഉണ്ടാകുന്ന അണുബാധ, മുറിവുണ്ടായാല്‍ ഉണങ്ങാന്‍ താമസം, ശരീരഭാരം കുറയുക എന്നിവയൊക്കെ പ്രീഡയബെറ്റിസിന്റെ ലക്ഷണങ്ങളാണ്. ആരോഗ്യകരമായ ജീവിത ശൈലി നയിക്കുന്നതിലൂടെ പ്രീഡയബറ്റിസ് എന്ന അവസ്ഥയെയും അതിലൂടെ ഡയബറ്റിന്റെ സാധ്യതയെയും മറികടക്കാന്‍ സാധിക്കും. അതു ഒരു പക്ഷേ പാരമ്പര്യമായുള്ളതാണങ്കില്‍ പോലും. പോഷക ഗുണമുള്ള ഭക്ഷണം കഴിക്കുക, വ്യായാമം ചെയ്യുക, അമിതവണ്ണം ഒഴിവാക്കുക, രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളും നിയന്ത്രിച്ചു നിര്‍ത്തുക, പുകവലി ഒഴിവാക്കുക.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.40, പൗണ്ട് – 105.22, യൂറോ – 91.30, സ്വിസ് ഫ്രാങ്ക് – 94.68, ഓസ്ട്രേലിയന്‍ ഡോളര്‍ – 54.91, ബഹറിന്‍ ദിനാര്‍ – 221.30, കുവൈത്ത് ദിനാര്‍ -270.58, ഒമാനി റിയാല്‍ – 216.65, സൗദി റിയാല്‍ – 22.24, യു.എ.ഇ ദിര്‍ഹം – 22.71, ഖത്തര്‍ റിയാല്‍ – 22.91, കനേഡിയന്‍ ഡോളര്‍ – 61.17.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *