yt cover 29

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികളുടെ ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലുംപെട്ട് മൂന്നു വിദ്യാര്‍ത്ഥികളടക്കം നാലു പേര്‍ മരിച്ചു. 64 പേര്‍ക്ക് പരിക്കേറ്റു. നാലു പേരുടെ നില ഗുരുതരമാണ്. കുസാറ്റിലെ എന്‍ജിനീയറിംഗ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ അതുല്‍ തമ്പി, സാറാ തോമസ്, ആന്‍ റുഫ്തോ എന്നിവരും പാലക്കാട് മുണ്ടൂര്‍ സ്വദേശി ആല്‍ബിന്‍ ജോസഫുമാണ് മരിച്ചത്. ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനമേള കാണാനെത്തിയ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ പെട്ടത്.

കുസാറ്റിലെ ടെക് ഫെസ്റ്റിനു ഗാനമേള തുടങ്ങാനിരിക്കേ മഴ പെയ്തപ്പോള്‍ പുറത്തുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ ആംഫി തിയേറ്ററിലേക്ക് തള്ളിക്കയറിയതാണ് ദുരന്തത്തിനു കാരണം. ആംഫി തിയേറ്ററിന്റെ താഴോട്ടുള്ള പടികളില്‍ ഇരുന്നിരുന്ന വിദ്യാര്‍ത്ഥികള്‍ക്കു മുകളിലേക്ക് തള്ളിക്കയറിയ വിദ്യാര്‍ത്ഥികള്‍ വീണു. വീണുകിടന്ന വിദ്യാര്‍ത്ഥികളെ പിന്നാലെയെത്തിയവര്‍ ചവിട്ടിയതാണ് ദുരന്തമായി മാറിയത്. വിദ്യാര്‍ത്ഥികള്‍ തന്നെ വോളണ്ടിയര്‍മാരായി നടത്തിയ പരിപാടിയായിരുന്നു.

കുസാറ്റ് ദുരന്തത്തിന്റെ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കോഴിക്കോട് അടിയന്തര മന്ത്രിസഭാ യോഗം ചേര്‍ന്നു. ദുഃഖ സൂചകമായി ഇന്നു നവകേരള സദസിന്റെ ആഘോഷ പരിപാടികളും കലാപരിപാടികളും റദ്ദാക്കി. മന്ത്രിമാരായ പി. രാജീവും ആര്‍ ബിന്ദുവും കൊച്ചിയിലെത്തി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ദുരന്തസ്ഥലവും ആശുപത്രിയും സന്ദര്‍ശിച്ചു.

*കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍*

ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്. *കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 , ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്നു കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികളെ രക്ഷിക്കാന്‍ ഇനി ഒരു മാസത്തെ സാവകാശം വേണമെന്ന് ടണല്‍ വിദഗ്ധന്‍ അര്‍ണോള്‍ഡ് ഡിക്സ്. കമ്പികളും ഇരുമ്പുമെല്ലാം മൂടിക്കിടക്കുന്നതിനാല്‍ ഡ്രില്ലിംഗ് മെഷീന്‍ ഉപയോഗിച്ചുള്ള തുരക്കല്‍ നിര്‍ത്തിവച്ചു. ഇനി മാനുവലായി തുരക്കാനേ സാധിക്കൂ. തുരക്കല്‍ ഇന്നാരംഭിക്കും. തൊഴിലാളികള്‍ക്കു ഭക്ഷണവും വെള്ളവും കുഴല്‍മാര്‍ഗം എത്തിക്കുന്നുണ്ട്.

കോണ്‍ഗ്രസിനെ കൂട്ടുപിടിച്ച് എല്‍ഡിഎഫിനെ തകര്‍ക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്റെ വികസനത്തെയാണ് ഇവര്‍ തടയാന്‍ ശ്രമിക്കുന്നത്. എല്‍ഡിഎഫിനെ നേരിടാനല്ല അവര്‍ ഇതു ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

നവകേരള സദസിന്റെ പിന്തുണ പറവൂരില്‍ കാണാമെന്ന മുഖ്യമന്ത്രിയുടെ വെല്ലുവിളി ഭരണത്തിന്റെ തണലില്‍ പാര്‍ട്ടിക്കാര്‍ നടത്തുന്ന പരിപാടിയായതിനാല്‍ പ്രത്യേകിച്ചു കാണാനൊന്നുമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നവകേരള സദസിന്റെ പേരില്‍ മുഖ്യമന്ത്രി നടത്തുന്നത് വെല്ലുവിളിയും കലാപാഹ്വാനവുമാണ്. രണ്ട് സ്‌കൂളിന്റെ മതില്‍ പരിപാടിക്കു വേണ്ടി പൊളിച്ചെന്നും അദ്ദേഹം പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനു വ്യാജ തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കിയെന്ന കേസില്‍ തന്നെ ചോദ്യം ചെയ്യാനല്ല മൊഴിയെടുക്കാനാണു പോലീസ് വിളിപ്പിച്ചതെന്ന് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍. അറസ്റ്റിലായ പ്രതികളുമായി അടുപ്പമുണ്ടെങ്കിലും അവര്‍ വ്യാജ രേഖയുണ്ടാക്കിയതായി അറിയില്ലെന്നും വ്യാജവോട്ടുകള്‍ ലഭിച്ചിട്ടില്ലെന്നും രാഹുല്‍ പോലീസിനു മൊഴി നല്‍കി. ഇനിയും വിളിപ്പിച്ചാല്‍ പോയി മൊഴി നല്‍കുമെന്നും രാഹുല്‍ പറഞ്ഞു.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

മസാല ബോണ്ട് സമാഹരണത്തിലെ വിദേശനാണ്യ വിനിമയ നിയന്ത്രണ നിയമം ലംഘിച്ചെന്ന കേസില്‍ മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് പുതിയ സമന്‍സ് അയക്കാന്‍ ഹൈക്കോടതി എന്‍ഫോഴ്സ്മെന്റിന് അനുമതി നല്‍കി. സമന്‍സ് അയക്കുന്നത് ഹൈക്കോടതി നേരത്തെ തടഞ്ഞിരുന്നു. മസാല ബോണ്ട് സമാഹരിച്ചതില്‍ കിഫ്ബി വിദേശ നാണ്യ ചട്ടം ലംഘിച്ചെന്നും റിസര്‍വ് ബാങ്കിന്റെ അനുമതി വാങ്ങിയില്ലെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വാദിച്ചു.

മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍ കൊലക്കേസില്‍ നാലു പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. അഞ്ചാം പ്രതിക്ക് മൂന്നു വര്‍ഷം തടവും ഏഴു ലക്ഷം രൂപ പിഴയും ശിക്ഷ. ഡല്‍ഹി സാകേത് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി രവീന്ദ്രകുമാര്‍ പാണ്ഡേയാണ് വിധി പ്രസ്താവിച്ചത്. 2008 സെപ്റ്റംബര്‍ 30 നാണ് സൗമ്യയെ കൊലപ്പെടുത്തിയത്. പ്രതികളായ രവി കപൂര്‍, അമിത് ശുക്ല, ബല്‍ജിത് സിംഗ്, അജയ് കുമാര്‍ എന്നീ നാലു പ്രതികളെയാണ് ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. നാലു പ്രതികളും ഒന്നേകാല്‍ ലക്ഷം രൂപവീതം പിഴയും അടയ്ക്കണം. അഞ്ചാം പ്രതി അജയ് സേത്തിയെ മൂന്നുവര്‍ഷം തടവിനു ശിക്ഷിച്ചു.

സൗമ്യ വിശ്വനാഥന്‍ കൊലക്കേസ് വിധിയില്‍ ഏറെ ആശ്വാസമെന്ന് സൗമ്യയുടെ അമ്മ മാധവി. തങ്ങള്‍ അനുഭവിച്ച വേദന പ്രതികളും അനുഭവിക്കണം. എന്തായാലും മകളെ തിരികെ കിട്ടില്ലല്ലോയെന്നും അവര്‍ പ്രതികരിച്ചു.

ഹൈക്കോടതി വിലക്കിയിട്ടും കോഴിക്കോട്ടെ ബാലുശേരിയില്‍ നവകേരള സദസിന് ആളെയെത്തിക്കാന്‍ വീണ്ടും സ്‌കൂള്‍ ബസുകള്‍. നാലു ബസുകളാണ് ആളുകളെ കൊണ്ടുവരാന്‍ ഓടിച്ചത്.

കേരള പോലീസ് വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിനു ജീവന്റെ വിലയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഹൃദയമാറ്റ ശസ്ത്രക്രിയക്കായി തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്കു ഹൃദയം കൊണ്ടുപോയത് ഈ ഹെലികോപ്റ്ററിലായിരുന്നു. ഫേസ് ബുക്കിലൂടെയാണു മുഖ്യമന്ത്രിയുടെ പ്രതികരണം.

കോഴിക്കോട് ജില്ലയില്‍ നാലിടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി പ്രതിഷേധം. എരഞ്ഞിപ്പലം, തിരുവങ്ങൂര്‍, വേങ്ങേരി എന്നിവിടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ്, കെഎസ് യു പ്രവര്‍ത്തകരും കോഴിക്കോട് ബീച്ചില്‍ യുവമോര്‍ച്ച പ്രവര്‍ത്തകരുമാണ് കരിങ്കൊടി കാണിച്ചു പ്രതിഷേധിച്ചത്. കരിങ്കൊടി സമരക്കാരെ പൊലീസ് അറസ്റ്റു ചെയ്തു.

കോട്ടയത്ത് വനിതാ മജിസ്ട്രേറ്റിനെതിരെ അഭിഭാഷകര്‍ അസഭ്യ മുദ്രാവാക്യങ്ങള്‍ മുഴക്കിയ സംഭവം ബാര്‍ കൗണ്‍സില്‍ സമിതി അന്വേഷിക്കും. അഡ്വ കെപി ജയചന്ദ്രന്റെ നേതൃത്വത്തിലാണ് അന്വേഷണ സമിതി. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കും.

തിരുവനന്തപുരം കണ്ടല സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ പ്രതിയായ സിപിഐ നേതാവും മുന്‍ ബാങ്ക് പ്രസിഡന്റുമായ ഭാസുരാംഗനെ നെഞ്ചുവേദനമൂലം എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാസുരാംഗനെ കോടതി റിമാന്‍ഡ് ചെയ്ത്. ജയിലിലാക്കിയിരുന്നു.

ശ്രീധന്യ കണ്‍സ്ട്രക്ഷനില്‍ കണ്ടെത്തിയ ക്രമക്കേടുകളുടെ വിവരങ്ങള്‍ ആദായ നികുതി വകുപ്പ് എന്‍ഫോഴ്സ്മെന്റിനു കൈമാറും. കണക്കില്‍പെടാത്ത 360 കോടി രൂപയുടെ ഇടപാടുകളാണ് ആദായനികുതി വകുപ്പിന്റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്.

മണ്ഡലകാലത്ത് സന്നിധാനത്തും പമ്പയിലും ജലക്ഷാമം അനുഭവപെടാതിരിക്കാന്‍ വാട്ടര്‍ അതോറിറ്റി രണ്ടു ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള സ്റ്റീല്‍ ടാങ്ക് സ്ഥാപിച്ചു. നിലവില്‍ നാലു ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള പമ്പയിലെ പ്രധാന ടാങ്കിനരികിലാണ് പുതിയ സ്റ്റീല്‍ ടാങ്ക് സ്ഥാപിച്ചത്.

തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഭരണസമിതി തീരുമാനത്തിനു വിരുദ്ധമായി നവകേരള സദസിനു പണം നല്‍കിയ പഞ്ചായത്ത് സെക്രട്ടറിമാര്‍ രണ്ടര വര്‍ഷം കഴിഞ്ഞാല്‍ അഴിയെണ്ണുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ എംപി. പഞ്ചായത്ത് രാജ് നിയമത്തിന്റെ ലംഘനമാണ് സെക്രട്ടറിമാര്‍ നടത്തിയതെന്നും മുരളീധരന്‍ പറഞ്ഞു.

നേതൃഗുണത്തിന്റെ മികച്ച പാഠമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നു കോഴിക്കോട് ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍. മുഖ്യമന്ത്രിയുമൊത്തുള്ള പ്രഭാത ഭക്ഷണ യോഗത്തിലാണ് ബിഷപ്പിന്റെ പുകഴ്ത്തല്‍. നവകേരള സദസ് ചരിത്ര സംഭവമാണെന്നും വര്‍ഗീസ് ചക്കാലക്കല്‍ അഭിപ്രായപ്പെട്ടു.

യാക്കോബായ സഭ അദ്ധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയെ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി സന്ദര്‍ശിച്ചു. സഭാ ആസ്ഥാനമായ എറണാകുളം പുത്തന്‍കുരിശ് പാസ്റ്ററല്‍ സെന്ററിലായിരുന്നു കൂടിക്കാഴ്ച. മെത്രാപൊലീത്ത ജോസഫ് മാര്‍ ഗ്രിഗോറിയോസ്, കുര്യോക്കോസ് മാര്‍ തെയോഫിലോസ് എന്നിവരും ബാവയ്ക്കൊപ്പം ഉണ്ടായിരുന്നു.

സിപിഎം മണ്‍വിള ബ്രാഞ്ചംഗമായ മുരളീധരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി 17 വര്‍ഷത്തിനുശേഷം സൗദിയില്‍ പിടിയില്‍. കൊലപാതകം നടത്തിയശേഷം മുങ്ങിയ പ്രതി കിഴക്കുംകര സ്വദേശി ബൗഡന്‍ എന്ന സുധീഷിനെ(36) യാണ് അറസ്റ്റു ചെയ്തത്.

ഓണ്‍ലൈന്‍ വഴി സൗഹൃദം സ്ഥാപിച്ച് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചയാളെ വട്ടിയൂര്‍ക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പെരുമാതുറ ബീച്ച് റോഡ് തെരുവില്‍വീട്ടില്‍ സുനിലാണ് (33) കൊല്ലം സ്വദേശിനിയുടെ പരാതിയില്‍ പിടിയിലായത്.

കൊച്ചിയില്‍ ഫുഡ് വ്ളോഗിനായി വീഡിയോ ചിത്രീകരിക്കവേ, മിക്സി പൊട്ടിത്തെറിച്ച് നടിയും ഗായികയുമായ അഭിരാമി സുരേഷിന് പരിക്ക്. മിക്സിയുടെ പല്ല് കൈയ്യില്‍ തട്ടി അഭിരാമിയുടെ അഞ്ച് വിരലുകള്‍ക്കും പരിക്കുണ്ട്.

എറണാകുളം ചെറായിയില്‍ ഓടിക്കൊണ്ടിരുന്ന ലോറിക്കു തീപിടിച്ചു. റേഡിയേറ്ററില്‍നിന്ന് പുക വന്നതിനു പിറകേ ലോറി ഡ്രൈവറും സഹായിയും വാഹനത്തില്‍നിന്ന് ഇറങ്ങി ഓടി. തൊടുപുഴയില്‍നിന്നു കേരള ഫീഡ്സിന്റെ കാലിതീറ്റയുമായി വൈപ്പിന്‍ മാലിപ്പുറത്തേക്ക് പോകുകയായിരുന്നു ലോറി.

പഞ്ചാബില്‍ കഴിഞ്ഞ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യാത്രക്കിടെ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തില്‍ ബത്തിന്‍ഡ എസ്പിയെ സസ്പെന്‍ഡ് ചെയ്തു. ഫിറോസ്പൂര്‍ എസ് പിയായിരുന്ന ഗുര്‍വീന്ദര്‍ സിംഗ് സാംഗയെയാണ് പഞ്ചാബ് ഡിജിപി സസ്പെന്‍ഡ് ചെയ്തത്. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം പ്രതിഷേധക്കാര്‍ 20 മിനിറ്റോളം തടഞ്ഞിട്ടിരുന്നു.

ഡീപ്പ് ഫേക്ക് ഉള്ളടക്കങ്ങള്‍ തടയാന്‍ ഉള്ളടക്ക പരിശോധനയ്ക്കായി പ്രത്യേക ഓഫീസറെ നിയമിക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുമായി കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ചര്‍ച്ച നടത്തിയ ശേഷമാണ് തീരുമാനം.

മോദി സര്‍ക്കാരിനെതിരേ പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിക്കാന്‍ കോഴ വാങ്ങിയെന്ന കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മുഹവ മൊയ്ത്രക്കെതിരേ സിബിഐ അന്വേഷണം. ലോക്പാല്‍ നിര്‍ദേശപ്രകാരമാണ് അന്വേഷണം.

ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ലൈറ്റ് കോംബാറ്റ് ഫൈറ്റര്‍ എയര്‍ക്രാഫ്റ്റായ തേജസില്‍ പറന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അവിശ്വസനീയമായ അനുഭവമെന്നാണ് മോദി യാത്രയ്ക്കുശേഷം പ്രതികരിച്ചത്. ബംഗളൂരു ആസ്ഥാനമായുള്ള പ്രതിരോധ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് സന്ദര്‍ശിച്ചശേഷമാണ് പ്രധാനമന്ത്രി തേജസില്‍ കയറിയത്.

കേന്ദ്ര സര്‍ക്കാരിന്റെ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം വിഭാഗത്തെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കി. സൈബര്‍ ആക്രമണങ്ങളും സുരക്ഷയുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്ന കേന്ദ്ര ഐടി മന്ത്രാലയത്തിനു കീഴിലുളള ഏജന്‍സിയാണ് കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം. രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ ആപ്പിള്‍ ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട അന്വേഷണം തുടരുന്നതിനിടെയാണ് ഈ നടപടി.

ഐ എസ് എല്ലിലെ അഞ്ചാം ജയവുമായി കേരളാ ബ്ലാസ്റ്റേഴ്സ് പോയന്റ് പട്ടികയില്‍ ഒന്നാമത്. ഹൈദരാബാദ് എഫ് സിയെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തിയാണ് ബ്ലാസ്റ്റേഴ്സ് ഒന്നാമതെത്തിയത്. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ആദ്യ പകുതിക്ക് തൊട്ടുമുമ്പ് മിലോസ് ഡ്രിന്‍സിച്ചാണ് ബ്ലാസ്റ്റേഴ്‌സിന്റെ വിജയഗോള്‍ നേടിയത്. ഏഴുകളികളില്‍ നിന്ന് അഞ്ചുജയമടക്കം 16 പോയന്റുള്ള ബ്ലാസ്റ്റേഴ്‌സ് ഇപ്പോള്‍ പട്ടികയില്‍ ഒന്നാമതാണ്. അഞ്ച് കളിയില്‍ നിന്ന് നാല് ജയമുള്ള എഫ്.സി. ഗോവയാണ് രണ്ടാം സ്ഥാനത്ത്.

ഓസ്ട്രേലിയക്കെതിരായ രണ്ടാം ടി20 മത്സരം ഇന്ന് തിരുവനന്തപുരത്ത് വൈകീട്ട് 7 മണിക്ക്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ഒന്നാമത്തെ മത്സരത്തില്‍ വിജയം ഇന്ത്യക്കൊപ്പമായിരുന്നു.

ഇന്ത്യയിലെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം റെക്കോഡ് ഉയരത്തിലെത്തി. റിസര്‍വ് ബാങ്കിന്റെ കണക്കുകളനുസരിച്ച് ഒക്ടോബറില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ മുന്‍മാസത്തേക്കാള്‍ 25.35 ശതമാനം വര്‍ദ്ധിച്ച് 1.78 ലക്ഷം കോടി രൂപയിലെത്തി. സെപ്തംബറില്‍ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ 1.42 ലക്ഷം കോടി രൂപയായിരുന്നു. സൈ്വപിംഗ് മെഷീന്‍ ഉപയോഗിക്കുന്ന പോയിന്റ് ഒഫ് കോണ്ടാക്ട് ഇടപാടുകള്‍ കഴിഞ്ഞ മാസം 57,774.35 കോടി രൂപയായി ഉയര്‍ന്നു. ഇ കൊമേഴ്സ് ഇടപാടുകള്‍ 120,794.40 കോടി രൂപയിലെത്തി. രാജ്യത്തെ മൊത്തം ക്രെഡിറ്റ് കാര്‍ഡ് ഉടമകളുടെ എണ്ണം ഒക്ടോബറില്‍ 16.9 ലക്ഷം വര്‍ദ്ധിച്ച് 9.47 കോടിയിലെത്തി. ബാങ്കുകളുടെ കൈവശമുള്ള പണത്തിലുണ്ടായ വര്‍ദ്ധനയും ഉപഭോക്താക്കളുടെ വാങ്ങല്‍ശേഷി മെച്ചപ്പെട്ടതും ക്രെഡിറ്റ് കാര്‍ഡ് വിപണിക്ക് നേട്ടമാകുകയാണ്. ഒക്ടോബറില്‍ രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്. ഡി. എഫ്. സി ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡുകളുടെ ഉപയോഗം 6,511 കോടി രൂപ വര്‍ദ്ധിച്ച് 45,173.23 കോടി രൂപയിലെത്തി. ക്രെഡിറ്റ് കാര്‍ഡ് വിപണിയില്‍ 25 ശതമാനത്തിനടുത്ത് വിഹിതമാണ് എച്ച്.ഡി.എഫ്.സി ബാങ്കിനുള്ളത്. ഐ.സി.ഐ.സി.ഐ ബാങ്കുകളുടെ ഇടപാടുകള്‍ 34,158 കോടി രൂപയായും ആക്സിസ് ബാങ്കിന്റെ ഇടപാടുകള്‍ 21,728.93 കോടി രൂപയായും ഉയര്‍ന്നു. എസ്. ബി. ഐ കാര്‍ഡില്‍ ഉപഭോക്താക്കള്‍ കഴിഞ്ഞ മാസം 35,406.01 കോടി രൂപയാണ് ചെലവഴിച്ചത്.

ദേവ് മോഹന്‍ നായകനായെത്തുന്ന ജിജു അശോകന്‍ ചിത്രം ‘പുള്ളി’യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ഇന്ദ്രന്‍സിന്റെ വോയിസ് ഓവറോടെ ആരംഭിക്കുന്ന ട്രെയിലര്‍ പ്രേക്ഷക സിരകളില്‍ ആവേശം പകരുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. ജയില്‍ പുള്ളിയുടെ വേഷത്തില്‍ ദേവ് മോഹന്‍ പ്രത്യക്ഷപ്പെടുന്ന ട്രെയിലര്‍ താരത്തിന്റെ കഥാപാത്രത്തിന്റെ സ്വഭാവ സവിശേഷതകള്‍ വെളിപ്പെടുത്തുന്നുണ്ട്. അതോടൊപ്പം ഇതൊരു മാസ്സ് ആക്ഷന്‍ ചിത്രമാണെന്ന സൂചന നല്‍കുന്നുണ്ട്. എന്നാല്‍ ട്രെയിലറില്‍ പ്രധാനമായും പ്രകടമാവുന്നത് പകയും പ്രതികാരവുമാണ്. കമലം ഫിലിംസിന്റെ ബാനറില്‍ ടി ബി രഘുനാഥന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം ഡിസംബര്‍ 1നാണ് തിയറ്റര്‍ റിലീസ് ചെയ്യുന്നത്. ഇന്ദ്രന്‍സ്, കലാഭവന്‍ ഷാജോണ്‍, ശ്രീജിത്ത് രവി, വിജയകുമാര്‍, വെട്ടുകിളി പ്രകാശ്, രാജേഷ് ശര്‍മ്മ, സെന്തില്‍, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രതാപന്‍, മീനാക്ഷി, അബിന്‍, ബിനോ, ഉണ്ണിരാജ്, ഇന്ദ്രജിത് ജഗന്‍, ടീന ഭാട്ടിയ, ഭാനുമതി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തില്‍ നിരവധി പുതുമുഖങ്ങളും നാടക കലാകാരന്മാരും അണിനിരക്കുന്നു.

തമിഴ് നടന്‍ സതീഷിനെ നായകനാക്കി നവാഗതനായ സെല്‍വിന്‍ രാജ് സേവ്യര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കോമഡി ഹൊറര്‍ ത്രില്ലര്‍ ചിത്രം ‘കോണ്‍ജറിങ് കണ്ണപ്പന്‍’ ഡിസംബര്‍ 8ന് തിയറ്റര്‍ റിലീസ് ചെയ്യും. എജിഎസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ കല്‍പാത്തി എസ് അഘോരം, കല്‍പാത്തി എസ് ഗണേഷ്, കല്‍പാത്തി എസ് സുരേഷ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തില്‍ വിതരണത്തിക്കുന്നത്. ‘ദളപതി68’ എന്ന് താല്‍ക്കാലികമായ് പേരിട്ടിരിക്കുന്ന വിജയിയുടെ 68ആമത്തെ സിനിമ നിര്‍മ്മിക്കുന്നത് എജിഎസ് എന്റര്‍ടെയ്ന്‍മെന്റ്സാണ്. ഈ പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന 24ആമത്തെ സിനിമയാണ് ‘കോണ്‍ജറിങ് കണ്ണപ്പന്‍’. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിട്ടുണ്ട്. സതീഷിന് പുറമെ റെജിന കസാന്ദ്ര, നാസര്‍, ആനന്ദ് രാജ്, ശരണ്യ പൊന്‍വണ്ണന്‍, വിടിവി ഗണേഷ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം പ്രേക്ഷകര്‍ക്ക് വ്യത്യസ്തമായൊരു കാഴ്ചാനുഭവമായിരിക്കും സമ്മാനിക്കുക. യുവ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം പകരുന്നത്.

ഇലക്ട്രിക് ഇരുചക്ര വാഹന കമ്പനിയായ ഒഡീസ് തങ്ങളുടെ ഒഡീസി വാഡര്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ഡിസംബര്‍ മുതല്‍ വാങ്ങാന്‍ ലഭ്യമാകുമെന്ന് പ്രഖ്യാപിച്ചു. വിജയകരമായ നിരവധി പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് ഇത് ഉപയോഗിച്ചതെന്ന് കമ്പനി പറയുന്നു. ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഓട്ടോമോട്ടീവ് ടെക്നോളജി സാക്ഷ്യപ്പെടുത്തിയതാണ്. ഐഒടി കണക്റ്റിവിറ്റിയും ഒടിഎ അപ്‌ഡേറ്റുകളും വാഗ്ദാനം ചെയ്യുന്ന ഏഴ് ഇഞ്ച് ആന്‍ഡ്രോയിഡ് ഡിസ്‌പ്ലേയുമായാണ് ഒഡീസി വാഡര്‍ വരുന്നത്. 3000 വാട്ട്സ് ഇലക്ട്രിക് മോട്ടോറാണ് ഇതിന് കരുത്തേകുന്നത്. ഇതിന് പരമാവധി വേഗത മണിക്കൂറില്‍ 85 കിലോമീറ്ററാണ്. ഒറ്റ ചാര്‍ജില്‍ 125 കിലോമീറ്റര്‍ റേഞ്ചും ഉണ്ട്. ഈ അഡ്വാന്‍സ്ഡ് മോട്ടോര്‍ബൈക്കിന് 128 കിലോഗ്രാം ഭാരം ഉണ്ട്. ഇതിന് കോമ്പി ബ്രേക്കിംഗ് സിസ്റ്റം ഉണ്ട്. മുന്നില്‍ 240 എംഎം ഡിസ്‌ക് ബ്രേക്കും പിന്നില്‍ 220 എംഎം ഡിസ്‌ക് ബ്രേക്കും ഉണ്ട്. ചാര്‍ജ് ചെയ്യാനുള്ള എളുപ്പത്തിനായി, കമ്പനി ഐപി67 എഐഎസ് 156 അംഗീകൃത ലിഥിയം-അയണ്‍ ബാറ്ററി ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. അത് നാല് മണിക്കൂറിനുള്ളില്‍ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യപ്പെടും. ഈ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ഫിയറി റെഡ്, വെനം ഗ്രീന്‍, മിസ്റ്റി ഗ്രേ, മിഡ്‌നൈറ്റ് ബ്ലൂ, ഗ്ലോസി ബ്ലാക്ക് എന്നീ അഞ്ച് നിറങ്ങളില്‍ വാങ്ങാനാകും. ബൈക്ക് 2023 ഡിസംബര്‍ ഒന്നുമുതല്‍ വിതരണം ചെയ്യും.

ആകാശത്തിനുചോട്ടില്‍ നഗ്‌നപാദനായിനിന്ന്, പുല്‍നാമ്പിറുത്തപ്പോള്‍ ഉലഞ്ഞ നക്ഷത്രത്തോടു ക്ഷമ യാചിക്കുകയാണ്; ശലഭച്ചിറകുകളില്‍ എഴുതപ്പെട്ട ധ്യാനലിഖിതങ്ങള്‍ വിവര്‍ത്തനം ചെയ്യുകയാണ്; ജലമര്‍മരങ്ങളിലെ ദൈവമൊഴികള്‍ വ്യാഖ്യാനിക്കുകയാണ് എഴുത്തുകാരന്‍ ഇവിടെ. ജീവന്റെ വിത്തുകളാല്‍ തരിശിടങ്ങളെ ഉര്‍വരമാക്കുന്ന പ്രകൃതിപാഠങ്ങള്‍ ഉരുവിട്ടുറപ്പിക്കുന്ന ഹരിതവിദ്യാലയമാണ് ഇത്. മണ്ണിന്റെ മാറില്‍ കാതുചേര്‍ത്ത് ഭൂമിയുടെ നിലവിളി കേള്‍ക്കുന്ന ഈ കഥകള്‍, ദുരയുടെ മണ്ണുമാന്തിയന്ത്രത്തിനുമുന്നില്‍ തുമ്പച്ചെടികള്‍ പോലെ പ്രാര്‍ഥനയോടെ നില്‍ക്കുന്നു. ‘നഗ്നപാദങ്ങള്‍’. പി സുരേന്ദ്രന്‍. എച്ച്ആന്‍ഡ്സി ബുക്സ്. വില 209 രൂപ.

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ജീരകം. ജീരകത്തില്‍ പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. രാവിലെ വെറുംവയറ്റില്‍ ജീരക വെള്ളം കുടിക്കുന്നത് വയര്‍ വീര്‍ത്തിരിക്കുന്നത് തടയാനും ഗ്യാസ് കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയാനും ജീരക വെള്ളം സഹായിക്കും. പൊട്ടാസ്യം ധാരാളം അടങ്ങിയ ജീരക വെള്ളം കുടിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തടയാനും സഹായിക്കും. ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ ജീരകം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. മഗ്നീഷ്യം ധാരാളം അടങ്ങിയ ജീരക വെള്ളം കുടിക്കുന്നത് നല്ല ഉറക്കത്തിന് സഹായിക്കും. അതുപോലെ ജീരക വെള്ളം കുടിക്കുന്നത് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നല്ലതാണ്. ജീരകത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഈ നാരുകള്‍ വിശപ്പ് കുറയ്ക്കാനും ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് ചെറുക്കാനും സഹായിക്കുന്നു. ജീരക വെള്ളത്തില്‍ കലോറിയും കുറവാണ്. നീര്‍ജ്ജലീകരണത്തിന് ഏറ്റവും മികച്ചതാണ് ജീരകവെളളം. ശരീരത്തില്‍ ആവശ്യത്തിന് ജലം ഇല്ലാത്ത അവസ്ഥയ്ക്ക് ജീരകവെള്ളം കുടിക്കുന്നതിലൂടം പരിഹാരം കണ്ടെത്താം. ഇരുമ്പിന്റെ കുറവ് മൂലമാണ് വിളര്‍ച്ച ഉണ്ടാകുന്നത്. ഈ പ്രശ്‌നം പരിഹരിക്കാനും ജീരക വെള്ളം പതിവാക്കാം. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ജീരക വെള്ളം കുടിക്കുന്നത് നല്ലതാണ്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *