◾നിയമസഭ പാസാക്കിയ ബില്ലുകള്‍ പിടിച്ചുവയ്ക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നു സുപ്രീംകോടതി. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളുടെ അവകാശം ഗവര്‍ണര്‍ക്ക് അട്ടിമറിക്കാനാവില്ല. എന്നാല്‍ ഏഴു ബില്ലുകള്‍ രാഷ്ട്രപതിക്കയച്ച ഗവര്‍ണറുടെ നടപടിയില്‍ തല്ക്കാലം ഇടപെടാന്‍ കഴിയില്ല. രണ്ടു വര്‍ഷം ബില്ലുകളില്‍ ഗവര്‍ണര്‍ എന്തെടുക്കുകയായിരുന്നു. സുപ്രീം കോടതി ചോദിച്ചു.
◾രാജ്യത്തിനാകെ സന്തോഷം നല്കിയ ദിനമാണ് ഇന്നലെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തൊഴിലാളികളെ തുരങ്കത്തില്‍നിന്ന് രക്ഷിച്ചു. കൊല്ലത്ത് തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ കണ്ടെത്തിയതാണ് മറ്റൊരു സന്തോഷം. മലപ്പുറത്തു നവകേരള സദസിന്റെ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കുട്ടിയെ കണ്ടെത്താന്‍ ശ്രമിച്ച പൊലീസിനും നാട്ടുകാര്‍ക്കും അഭിനന്ദനം. കുട്ടിയുടെ സഹോദരന് പ്രത്യേക അഭിനന്ദനം. മാധ്യമങ്ങളും മികച്ച പങ്ക് വഹിച്ചു. അതേ സമയം മാധ്യമങ്ങള്‍ ഔചിത്യമില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
◾
*കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍*
ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്. *കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 , ടോള്‍ ഫ്രീ ഹെല്പ് ലൈന്‍ : 18004253455*
◾കോട്ടയത്തെ ചീഫ് ജൂഡിഷ്യല്‍ മജിസ്ട്രേറ്റിനെതിരേ അസഭ്യ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും കോടതി നടപടികള്‍ തടസപ്പെടുത്തുകയും ചെയ്തതിന് 29 അഭിഭാഷകര്‍ക്കെതിരെ ഹൈക്കോടതി കോടതിയലക്ഷ്യ കേസെടുത്തു. കോട്ടയം ബാര്‍ അസോസിയേഷന് പ്രസിഡന്റ് അടക്കമുള്ള അഭിഭാഷകര്‍ക്കെതിരെയാണ് നടപടി.
◾വയനാട് തനിക്ക് കുടുംബം പോലെയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി എം.പി. തനിക്ക് ഇവിടെ രാഷ്ട്രീയ വിവേചനമില്ല. എതിരഭിപ്രായങ്ങള്‍ ഉള്ളവരേയും ഉള്‍ക്കൊള്ളുകയും അവരുമായി സംവദിക്കാനും തയ്യാറാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മലപ്പുറം വണ്ടൂരില്‍ ബ്ലോക് പഞ്ചായത്ത് ഭിന്ന ശേഷി തെറാപ്പി സെന്റര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഹുല്‍. മൂന്നു ദിവസം രാഹുല്‍ഗാന്ധി നാലു ജില്ലകളിലെ പരിപാടികളില്‍ പങ്കെടുക്കും.
◾രാഹുല്‍ ഗാന്ധി എംപി ഇന്നു വൈകുന്നേരം നിര്‍മ്മാണോദ്ഘാടനം ചെയ്യാനിരുന്ന റോഡുകള്‍ പി വി അന്‍വര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. എംഎല്‍എയുടെ നടപടി വിവാദമായി. നിലമ്പൂരിലെ പി എം ജി എസ് വൈ റോഡുകളുടെ നിര്‍മ്മാണോദ്ഘാടനമാണ് എം എല്‍ എ നിര്‍വഹിച്ചത്.
◾നിലമ്പൂരിലെ റോഡ് നിര്‍മാണം ഉദ്ഘാടനം ചെയ്യാന്‍ രാഹുല്‍ ആരാണെന്നു ചോദിച്ച മുഖ്യമന്ത്രിക്ക് അധികാരത്തിന്റെ മത്തു പിടിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ എപി അനില്‍കുമാര്‍. മുഖ്യമന്ത്രി ഇതിനപ്പുറവും പറയും. പി എം ജി എസ് വൈ എക്സിക്യൂട്ടീവ് എന്‍ജിനീയറെ അറിയിച്ചാണ് ഉദ്ഘാടനം നിശ്ചയിച്ചത്. അനില്‍കുമാര്‍ പറഞ്ഞു.
◾
◾നര്‍ത്തകി മന്‍സിയ നവകേരള സദസിന്റെ പ്രഭാത സദസില്‍. ക്ഷേത്ര കലകള്‍ പഠിച്ചതിന്റെ പേരില്‍ വിലക്ക് നേരിട്ട മലപ്പുറം ജില്ലയിലെ വളളുമ്പ്രം സ്വദേശിയായ മന്‍സിയ ഇന്ന് പ്രഭാതസദസില്‍ എത്തിയെന്ന് മന്ത്രി വിഎന്‍ വാസവന് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അറിയിച്ചത്.
◾ആലപ്പുഴ കരുവാറ്റയില്‍ നാലു വീപ്പകള്‍ ചേര്‍ത്തുവച്ച് പ്ലാറ്റ്ഫോം കെട്ടിയുണ്ടാക്കിയ ചങ്ങാടം ഉദ്ഘാടന യാത്രയില്‍ മറിഞ്ഞു. ചെമ്പുതോട്ടിലെ കടവില്‍ കരുവാറ്റ പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും നാട്ടുകാരും വെള്ളത്തില്‍ വീണു. ആര്‍ക്കും പരിക്കില്ല.
◾ഓയൂരിലെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പങ്കില്ലെന്ന് കഞ്ചാവ്, മോഷണകേസുകളിലെ പ്രതി കൊല്ലം ചന്ദനത്തോപ്പ് സ്വദേശി ഷാജഹാന് പോലീസ് സ്റ്റേഷനില്‍ അറിയിച്ചു. പൊലീസ് പുറത്തുവിട്ട രേഖാചിത്രം കണ്ട് താനാണ് പ്രതിയെന്ന് പ്രചാരണമുണ്ടായതിനാലാണ് തനിക്കു പങ്കില്ലെന്ന് സ്റ്റേഷനില്‍ എത്തി പറഞ്ഞതെന്ന് ഷാജഹാന്.
◾കുട്ടിയെ തട്ടിക്കൊണ്ടുപോയ വാഹനത്തില്‍ ഉപയോഗിച്ചിരുന്നത് നിലമ്പൂരിലെ മറ്റൊരു വാഹനത്തിന്റെ നമ്പറാണെന്ന് മോട്ടോര്‍ വാഹന വകുപ്പ്. ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെയാണ് എംവിഡി ഇക്കാര്യം സ്ഥരീകരിച്ചത്.
◾ലോക്സഭ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍തന്നെ മത്സരിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. ഉത്തരേന്ത്യയില്‍ രാഹുല്‍ മത്സരിക്കില്ലെന്നും താരിഖ് വ്യക്തമാക്കി.
◾നവകേരള സദസിന് പന്തലിടാന്‍ കോട്ടയം പൊന്‍കുന്നം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പഴയ കെട്ടിടം ഇടിച്ചു നിരത്തി. ഉപയോഗിക്കാതെയും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കിട്ടാതെയും ഉപയോഗശൂന്യമായി കിടന്നിരുന്ന കെട്ടിടമാണ് പൊളിച്ചതെന്നാണ് ജില്ലാ പഞ്ചായത്തിന്റെ വിശദീകരണം.
◾കൊല്ലത്ത് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയവരെ കണ്ടെത്താന്‍ പോലീസിനു കഴിയാത്തത് വലിയ വീഴ്ചയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്. ജനങ്ങളും മാധ്യമങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിച്ചതാണ് കുട്ടിയെ കിട്ടാന്‍ കാരണം. പട്ടാപ്പകല്‍ നഗരമധ്യത്തില്‍ കുട്ടിയെ ഇറക്കിവിട്ടപ്പോള്‍ പോലീസ് എന്തു ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹം ചോദിച്ചു.
◾നവ വൈദികര്‍ ഏകീകൃത കുര്‍ബാന മാത്രമേ അര്‍പ്പിക്കാവൂവെന്ന കത്തുമായി ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. എറണാകുളം അങ്കമാലി അതിരൂപതയില്‍ വൈദിക പട്ടത്തിനു തയ്യാറെടുക്കുന്നവര്‍ക്കാണ് കത്ത് നല്‍കിയത്. സിനഡ് അംഗീകരിച്ച കുര്‍ബാന അര്‍പ്പിക്കാമെന്ന സമ്മതപത്രം ഒപ്പിട്ടു നല്‍കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
◾സുല്‍ത്താന്‍ ബത്തേരിയില്‍ വീടിനു സമീപമുള്ള കടയിലേക്ക് പോയ വയോധികനെ കാണാതായെന്നു പരാതി. മണിച്ചിറ സ്വദേശി ചന്ദ്രനെയാണ് കാണാതായത്. 75 വയസുള്ള ചന്ദ്രനെ ഇക്കഴിഞ്ഞ 27 മുതലാണ് കാണാതായത്.
◾ആലുവ പുളിഞ്ചോടില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവതി മരിച്ചു. ചാലക്കുടി മേലൂര്‍ സ്വദേശി ലിയ ജിജി (22) ആണു മരിച്ചത്. പരിക്കേറ്റ കൊരട്ടി സ്വദേശി ജിബിന്‍ ജോയിയെ (23) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾സില്‍ക്യാര തുരങ്കത്തില്‍നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ച 41 തൊഴിലാളികളും ഇന്നും ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരും. ഓരോ തൊഴിലാളിക്കും ഒരു ലക്ഷം രൂപ വീതം സംസ്ഥാന സര്‍ക്കാര്‍ നല്‍കും. തൊഴിലാളികളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ രാത്രി ടെലിഫോണില്‍ സംസാരിച്ചു.
◾പാക്കിസ്ഥാനി കലാകാരന്മാര് ഇന്ത്യയില്‍ പരിപാടികള്‍ അവതരിപ്പിക്കുന്നതും സിനിമയില്‍ ജോലി ചെയ്യുന്നതും വിലക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. സിനിമാ പ്രവര്ത്തകന് ഫായിസ് അന്‍വര്‍ ഖുറേഷി സമര്‍പ്പിച്ച ഹര്‍ജി തള്ളിയ ബോംബെ ഹൈക്കോടതി ഉത്തരവില്‍ ഇടപെടില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ് വി എന്‍ ഭട്ടി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
◾ഭാരത് ഗൗരവ് സ്പെഷ്യല്‍ ട്രെയിനിലെ 80 യാത്രക്കാര്‍ക്ക് ഭക്ഷ്യവിഷബാധ. ചെന്നൈയില്‍നിന്ന് പുറപ്പെട്ട യാത്രക്കാര്‍ക്കാണ് വയറുവേദനയും ഛര്‍ദിയും അടക്കമുള്ള രോഗങ്ങള്‍ പിടിപെട്ടത്.
◾ടെക്സ്റ്റൈല്‍സ് ഷോറൂമിലെ ചില്ലുവാതില്‍ തകര്‍ന്നുവീണ് മൂന്നു വയസുകാരി മരിച്ചു. കുട്ടി ഗ്ലാസ് ഡോറില്‍ പിടിച്ചു കളിക്കുന്നതിനിടെ അത് തകര്‍ന്നു വീഴുകയായിരുന്നു. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. മാതാപിതാക്കള്‍ക്കൊപ്പം കടയിലെത്തിയ കുട്ടിയാണു മരിച്ചത്.
◾എബിവിപി സ്ഥാപക നേതാവ് ദത്താജി ഡിഡോല്‍ക്കറിന്റെ ജന്മവാര്ഷിക പരിപാടിയില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കണമെന്ന യുജിസി നിര്‍ദ്ദേശം വിവാദമായി. മഹാരാഷ്ട്രയിലെ കോളേജുകള്‍ക്കും യൂണിവേഴ്സിറ്റികള്‍ക്കുമാണ് യുജിസി നിര്‍ദ്ദേശം.
◾അമേരിക്ക കഴിഞ്ഞ വര്‍ഷം 1,40,000 ലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു വിസ നല്കി. അമേരിക്ക ആകെ ആറു ലക്ഷത്തിലധികം സ്റ്റുഡന്റ് വിസകളാണ് അനുവദിച്ചത്. ഇന്ത്യയുമായുള്ള ബന്ധം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ബൈഡന് ഭരണകൂടത്തിന്റെ നടപടിയെന്ന് അമേരിക്ക വ്യക്തമാക്കി.
◾ദമ്പതികളുടെ കലഹംമൂലം ബാങ്കോക്കില്‍നിന്നു മ്യൂണിക്കിലേക്കു പോവുകയായിരുന്ന വിമാനം ഡല്‍ഹിയില്‍ അടിയന്തരമായി നിലത്തിറക്കി. ലുഫ്താന്‍സ എയര്‍വേഴ്സിലെ ജര്‍മ്മന്‍ സ്വദേശിയായ ഭര്‍ത്താവും തായ്ലാന്റ് സ്വദേശിയായ യുവതിയും തമ്മിലായിരുന്നു കലഹം. ഭര്‍ത്താവിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു.
◾ദുബായില്‍ നടക്കുന്ന ആഗോള കാലാവസ്ഥ ഉച്ചകോടിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കെടുക്കില്ല. ശ്വാസകോശസംബന്ധമായ അസുഖം മൂലമാണ് 86 കാരനായ മാര്‍പാപ്പ ദുബായ് യാത്ര ഒഴിവാക്കിയത്.
◾ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ ധനികനായ വാറന്‍ ബഫറ്റ് മരണശേഷം സ്വത്തുക്കള്‍ കുടുംബവുമായി ബന്ധപ്പെട്ട നാല് ചാരിറ്റി ട്രസ്റ്റുകള്‍ക്ക് ദാനം ചെയ്യുന്നു. തന്റെ മള്‍ട്ടിനാഷണല്‍ കമ്പനിയായ ബെര്‍ക് ഷയര്‍ ഹാത്ത്വേയുടെ ശതകോടിക്കണക്കിനുള്ള ഓഹരികളാണു 93 കാരനായ അദ്ദേഹം നല്‍കുന്നത്. 1,600 ക്ലാസ് എ ഓഹരികള്‍ 24,00,000 ക്ലാസ് ബി ഓഹരികളാക്കി മാറ്റി. ഈ ഓഹരികളില്‍, ഹോവാര്‍ഡ് ജി. ബഫറ്റ് ഫൗണ്ടേഷന്, ഷെര്‍വുഡ് ഫൗണ്ടേഷന്, നോവോ ഫൗണ്ടേഷന് എന്നിവയ്ക്ക് 300,000 ഓഹരികള്‍ നല്കി. സൂസന് തോംസണ്‍ ബഫറ്റ് ഫൗണ്ടേഷന് 15,00,000 ഓഹരികള്‍ നല്കി.
◾രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലക സ്ഥാനത്ത് തുടരും. ബിസിസിഐ ദ്രാവിഡിനും സപ്പോര്‍ട്ട് സ്റ്റാഫിനും കരാര്‍ നീട്ടി നല്കി. 2023 ലോകകപ്പോടെ രാഹുലിന്റെ കരാര്‍ അവസാനിച്ചിരുന്നു.
◾സര്‍വകാല റെക്കോഡില്‍ കേരളത്തിലെ സ്വര്‍ണ വില. ആഗോള വിലയ്ക്കൊപ്പമാണ് കേരളത്തിലും സ്വര്‍ണം പുതിയ ഉയരങ്ങള്‍ കീഴടക്കിയത്. പവന് ഇന്ന് 600 രൂപ വര്‍ധിച്ച് 46,480 രൂപയായി. ഗ്രാമിന് 75 രൂപയുടെ വര്‍ധനയോടെ 5,810 രൂപയിലെത്തി. ആദ്യമായാണ് സ്വര്‍ണ വില 46,000 പിന്നിടുന്നത്. പവന് വില ഇന്ന് 46,480 രൂപയാണ്. ഇതിന്റെ കൂടെ പണിക്കൂലിയും ജി എസ് ടിയും കൂടി വരുമ്പോള്‍ ഒരു പവന് വാങ്ങണമെങ്കില്‍ അരലക്ഷത്തിലധികം കൊടുക്കേണ്ടി വരും. അന്താരാഷ്ട്ര സ്വര്‍ണ്ണവില ട്രോയ് ഔണ്‍സിന് 2045 ഡോളറും, ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 83.29 ലുമാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4820 രൂപയുമാണ്. വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 82 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്. പശ്ചിമേഷ്യയിലെ വെടിനിര്‍ത്തല്‍ സ്വര്‍ണ്ണ വിലയില്‍ കുറവ് വരുമെന്ന് പ്രതീക്ഷയിലായിരുന്നു വിപണി. എന്നാല്‍ അമേരിക്ക പലിശ നിരക്ക് ഇനി ഉടനെ ഉയര്‍ത്തില്ലന്നും, കുറയ്ക്കാനുള്ള സാധ്യതകളാണെന്നുമുള്ള ഫെഡറല്‍ റിസര്‍വിന്റെ സൂചനകളും, ചൈനയില്‍ പുതിയ പനി പുറപ്പെട്ടു എന്നുള്ള വാര്‍ത്തയും സ്വര്‍ണ്ണവില കുതിക്കുന്നതിന് കാരണമായി.
◾ലോകമെമ്പാടുമായി രണ്ട് ബില്ല്യണിലധികം ഉപയോക്താക്കളുള്ള മെറ്റയുടെ ഇന്‍സ്റ്റന്റ് മെസ്സേജിങ് പ്ലാറ്റ്ഫോമായ വാട്ട്സ്ആപ്പ് ‘ചാറ്റ് വിന്‍ഡോ’യില്‍ തന്നെ കോണ്ടാക്റ്റിന്റെ പ്രൊഫൈല്‍ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന പുതിയ സവിശേഷത പരീക്ഷിക്കുന്നു. പ്രമുഖ വാട്സ്ആപ്പ് ട്രാക്കറായ വാബീറ്റഇന്‍ഫോ ആണ് ആന്‍ഡ്രോയ്ഡിനായുള്ള വാട്സ്ആപ്പ് ബീറ്റയുടെ ഏറ്റവും പുതിയ പതിപ്പായ ്2.23.25.11ല്‍ പുതിയ ഫീച്ചര്‍ കണ്ടെത്തിയത്. ഇനിമുതല്‍ ചാറ്റ് വിന്‍ഡോയിലുള്ള കോണ്ടാക്റ്റിന്റെ പേരിന് കീഴില്‍ സ്റ്റാറ്റസും ലാസ്റ്റ് സീനും കാണാന്‍ സാധിക്കും. അതായത്, നിങ്ങളുടെ സുഹൃത്ത് പങ്കുവെച്ച സ്റ്റാറ്റസും ലാസ്റ്റ് സീനും കോണ്ടാക്റ്റ് നെയിമിന് താഴെയായാണ് കാണുക. സുഹൃത്ത് ലാസ്റ്റ് സീന്‍ ആക്റ്റിവേറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അയാളുടെ സ്റ്റാറ്റസും ലാസ്റ്റ് സീനും മാറി മാറി പ്രദര്‍ശിപ്പിക്കും. നിലവില്‍ സ്റ്റാറ്റസ് അപ്ഡേറ്റുകള് കാണാന്‍ വാട്സ്ആപ്പിലെ അതിനായുള്ള വിന്ഡോയിലേക്കോ, പ്രൊഫൈല്‍ ഇന്ഫോയിലേക്കോ പോകണം. എന്നാല്‍, പുതിയ ഫീച്ചര്‍ വരുന്നതോടെ, സുഹൃത്തിന്റെ സ്റ്റാറ്റസുകള്‍ കാണുന്നത് വളരെ എളുപ്പമാകും. ബീറ്റ ടെസ്റ്റിങ്ങിലുള്ള ഫീച്ചര്‍, വൈകാതെ എല്ലാവരിലേക്കും എത്തും.
◾ദൈര്‍ഘ്യത്തിന്റെ പേരില്‍ രണ്‍ബിര്‍ കപൂറിന്റെ ‘അനിമല്‍’ ചിത്രം ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു. ഡിസംബര്‍ ഒന്നിന് റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ ദൈര്‍ഘ്യം 3 മണിക്കൂറും 21 മിനിറ്റുമാണ്. എ സര്‍ട്ടിഫിക്കറ്റ് ആണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. അഞ്ച് പ്രധാന മാറ്റങ്ങളാണ് ചിത്രത്തില്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരിക്കുന്നത്. അതിലൊന്ന് ചിത്രത്തിലെ രണ്‍ബിര്‍-രശ്മിക എന്നിവര്‍ അഭിനയിച്ച അത്യാവശ്യം ദൈര്‍ഘ്യമുള്ള ഇന്റിമേറ്റ് സീനിന്റെ സമയം കുറയ്ക്കുക എന്നതാണ്. ഓണ്‍ലൈനില്‍ ചോര്‍ന്ന സര്‍ട്ടിഫിക്കറ്റ് വിവരങ്ങള്‍ പ്രകാരം ”ടിസിആര്‍ 02:28:37-ലെ ക്ലോസപ്പ് ഷോട്ടുകള്‍ ഒഴിവാക്കണം വിജയിന്റെയും സോയയുടെയും ഇന്റിമേറ്റ് ദൃശ്യങ്ങള്‍ മാറ്റണം” എന്നാണ് പറയുന്നത്. വിജയ്, സോയ എന്നാണ് രണ്‍ബിറിന്റെയും രശ്മികയുടെയും കഥാപാത്രങ്ങളുടെ പേര്. ഇരുവരുടെയും ചുംബന രംഗങ്ങള്‍ നേരത്തെ ഹുവാ മെയ്ന്‍ എന്ന ഗാനം പുറത്തിറങ്ങിയപ്പോള്‍ ചര്‍ച്ചയായിരുന്നു. അര്ജുന് റെഡ്ഡി’ എന്ന ചിത്രത്തിന് ശേഷം സന്ദീപ് റെഡ്ഡി വംഗയുടേതായി എത്തുന്ന ചിത്രമാണ് അനിമല്‍. അനില്‍ കപൂര്‍, ബോബി ഡിയോള്‍, ത്രിപ്തി ദിമ്രി, ശക്തി കപൂര്‍, സുരേഷ് ഒബ്റോയ്, ബാബ്ലൂ, സിദ്ധാന്ത് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ടോക്സിക് പാരന്റിങ് അടക്കം പ്രമേയമാകുന്ന ചിത്രത്തില്‍ രണ്‍ബിറിന്റെ അച്ഛനായാണ് അനില്‍ കപൂര്‍ വേഷമിടുന്നത്.
◾ഓള്‍ഗ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സോഹന്‍ സീനുലാല്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘ഡാന്‍സ് പാര്‍ട്ടി’യിലെ പുതിയ ഗാനം പ്രേക്ഷകര്‍ക്കരികില്‍. ‘കൂകി പായും’ എന്നു തുടങ്ങുന്ന ആഘോഷപ്പാട്ടാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരിക്കുന്നത്. എ.കെ.മേനോനും സോഹന്‍ സീനുലാലും ചേര്‍ന്നു വരികള്‍ കുറിച്ച ഗാനം ജാസി ഗിഫ്റ്റ്, മോഹ, വി3കെ എന്നിവര്‍ ചേര്‍ന്ന് ആലപിച്ചു. വി3കെ ആണ് ഈണമൊരുക്കിയത്. പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. ‘ഡാന്‍സ് പാര്‍ട്ടി’യിലെ നാലാമത്തെ ഗാനമാണിത്. നേരത്തേ പുറത്തിറങ്ങിയ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബിജിബാലും രാഹുല്‍ രാജും ചിത്രത്തിനു വേണ്ടി പാട്ടുകളൊരുക്കുന്നുണ്ട്. റാപ്പര്‍ ഫെജോ, നിഖില്‍.എസ്.മറ്റത്തില്‍, സന്തോഷ് വര്‍മ എന്നിവരാണ് ചിത്രത്തിനു വേണ്ടി മറ്റു ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണന്, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, പ്രയാഗ മാര്ട്ടിന്, ജൂഡ് ആന്തണി, ശ്രദ്ധ ഗോകുല്‍, പ്രീതി രാജേന്ദ്രന്, തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ‘ഡാന്‍സ് പാര്‍ട്ടി’.
◾ബജാജ് ഓട്ടോ പള്‍സര്‍ എന്‍160 സിംഗിള്‍-ചാനല്‍ എബിഎസ് വേരിയന്റ് രാജ്യത്ത് നിര്‍ത്തലാക്കി. മേല്‍പ്പറഞ്ഞ വകഭേദങ്ങള്‍ക്ക് ഡിമാന്‍ഡ് കുറവായതാണ് കാരണം. ബജാജ് പള്‍സര്‍ എന്‍160 ഇപ്പോള്‍ ഡ്യുവല്‍-ചാനല്‍ എബിഎസ് വേരിയന്റില്‍ മാത്രമേ ലഭ്യമാകൂ. അതിന്റെ ദില്ലി എക്സ്-ഷോറൂം വില 1.31 ലക്ഷം രൂപയാണ്. കൂടുതല്‍ ഉപഭോക്താക്കള്‍ ബജാജ് പള്‍സര്‍ എന്‍160 ന്റെ ഡ്യുവല്‍ ചാനല്‍ എബിഎസ് വേരിയന്റ് വാങ്ങാന്‍ താല്‍പ്പര്യപ്പെടുന്നു. രണ്ട് വേരിയന്റുകള്‍ തമ്മിലുള്ള വില വ്യത്യാസം 5,000 മാത്രമായിരുന്നു, പള്‍സര്‍ എന്‍160 ഒരൊറ്റ ചാനല്‍ എബിഎസ് വേരിയന്റില്‍ ലഭ്യമാണ്, അതിനാലാണ് വാങ്ങുന്നവര്‍ അതിന്റെ ഡ്യുവല്‍ ചാനലിനെ തിരഞ്ഞെടുത്തത്. ബജാജ് പള്‍സര്‍ എന്‍160 കഴിഞ്ഞ വര്‍ഷം ലോഞ്ച് ചെയ്തപ്പോള്‍ ഡ്യുവല്‍-ചാനല്‍ എബിഎസ് ഓപ്ഷനായി ലഭിച്ച സെഗ്മെന്റിലെ ആദ്യത്തെ മോട്ടോര്‍സൈക്കിളായിരുന്നു. ബ്രൂക്ലിന്‍ ബ്ലാക്ക്, റേസിംഗ് റെഡ്, കരീബിയന്‍ ബ്ലൂ എന്നീ മൂന്ന് കളര്‍ വേരിയന്റുകളില്‍ ബജാജ് പള്‍സര്‍ എന്‍160 ലഭ്യമാണ്. ഡ്യുവല്‍-ചാനല്‍ എബിഎസ് വേരിയന്റ് മുമ്പ് ബ്രൂക്ക്ലിന്‍ ബ്ലാക്ക് പെയിന്റ് സ്കീമില്‍ മാത്രമാണ് വാഗ്ദാനം ചെയ്തിരുന്നത്.
◾അടുക്കളക്കോണിലും കിടപ്പറമൂലയിലും ജീവപര്യന്തത്തടവിനു വിധിക്കുന്ന ശാസനകളുടെയും ശകാരങ്ങളുടെയും പേരില്‍, ഇല-മുള്ള് കഥയുടെ പേരില്‍, തോരാനിട്ട ഒരു കഷണം തുണിയുടെ ശുദ്ധാശുദ്ധികളുടെ പേരില്‍ ഒക്കെ കലഹത്തിന് ഒരുമ്പെട്ടിറങ്ങിയിരിക്കുകയാണ് ഇതിലെ അക്ഷരങ്ങള്‍. സദാചാരഘോഷണങ്ങളെ ഈ നിഷേധികള്‍, ഉപയോഗംകഴിഞ്ഞ പാഡിനെ ഇന്‍സിനറേറ്ററിലേക്കെന്നപോലെ തള്ളുന്നു. പെണ്‍നെഞ്ചിനു മീതെ കയറ്റിവെച്ച കല്ലുകളുടെ ഭാരംകൊണ്ട് ഈ താളുകള്‍ക്ക് ഗുരുത്വസ്വഭാവമേറുന്നു. ലോകം മ്യൂട്ട് ചെയ്തുകളയുന്ന ചില ജന്മങ്ങള്‍ക്ക് ശബ്ദമേകുകകൂടിയാണ് ഇവിടെ എഴുത്തുകാരി. ‘ലീലവിലോലം’. ശ്രീലത. എച്ആന്‍ഡ്സി ബുക്സ്. വില 90 രൂപ.
◾ഡിസംബര്‍ മാസം തുടങ്ങുകയാണ്, മഞ്ഞുപെയ്യുന്ന പുലര്‍ച്ചയും ക്രിസ്മസ് രാവുകളുമൊക്കെ നമ്മളില്‍ പലര്‍ക്കും ഈ മഞ്ഞുകാലം മധുരമുള്ളതാക്കും. എന്നാല്‍ മഞ്ഞുകാലം ഒരു പേടി സ്വപ്നം പോലെ കരുതുന്നവരും ഉണ്ട്. മഞ്ഞുകാലം വരുന്നതോടെ ഇത്തരക്കാരുടെ ഊര്‍ജ്ജവും ചോര്‍ന്നു തുടങ്ങും. എപ്പോഴും അലസമായി ഒരു മൂലയ്ക്ക് കൂടും. സീസണല്‍ അഫക്റ്റീവ് ഡിസോഡര്‍ അഥവാ എസ്എഡി (സാഡ്) എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. പ്രത്യേക കാലാവസ്ഥകളില്‍ തോന്നുന്ന വിഷാദ അവസ്ഥയാണിത്. ദിവസം മുഴുന്‍ അലസത തോന്നുക, മുന്‍പ് ആസ്വദിച്ച് ചെയ്തിരുന്ന കാര്യങ്ങളില്‍ താല്‍പര്യമില്ലാതെയിരിക്കുക. മന്ദത അനുഭവപ്പെടുക, നിരാശ, ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ എന്നിവയാണ് എസ്എഡിയുടെ പ്രധാന ലക്ഷണങ്ങള്‍. ഈ അവസ്ഥയെ നിയന്ത്രിച്ച് മാനസികാവസ്ഥയെ മെച്ചപ്പെടുത്താന്‍ മനസിനെ പാകപ്പെടുത്തുക എന്നതാണ് ചെയ്യേണ്ട ഏറ്റവും പ്രധാന കാര്യം. മഞ്ഞുകാലം തുടങ്ങിയാല്‍ മുറിയും ജനലും അടച്ചിരിക്കാതെ രാവിലത്തെയും വൈകുന്നേരത്തെയും ഇളം വെയില് ഏല്ക്കാം. സൂര്യപ്രകാശം ഏല്‍ക്കുന്നതിലൂടെ വിറ്റാമിന്‍ ഡി മാത്രമല്ല മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന സെറോടോണിന്‍ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കാന്‍ തലച്ചോറിനെ സഹായിക്കും. മടുപ്പ് തോന്നുന്ന സമയം ഏറ്റവും അടുത്ത സുഹൃത്തുക്കളെയോ ബന്ധുക്കളെയോ വിളിച്ച് സംസാരിക്കാം. ആളുകളുമായി ഇടപഴകുന്നത് ഈ അവസ്ഥയെ മെച്ചപ്പെടുത്താന്‍ സഹായിക്കും. മാനസികാരോഗ്യം മെച്ചപ്പെടുത്തുന്ന പല ശീലങ്ങള്‍ക്ക് ഈ സമയം തുടക്കമിടാം. വായന, സെല്‍ഫ് കെയര്‍, ശേഖരണം തുടങ്ങിയ ശീലങ്ങള്‍ നിങ്ങളെ കൂടുതല്‍ തിരക്കിലാക്കുകയും വിഷാദഭാവത്തില്‍ നിന്നും പുറത്തു കടക്കുകയും ചെയ്യാം. ആരോഗ്യകരമായ ഭക്ഷണം കഴിക്കാം. എത്ര നിരാശ തോന്നിയാലും വ്യായാമം ചെയ്യുന്നത് മുടക്കരുത്. വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തിലെ ഹാപ്പി ഹോര്‍മോണുകളെ ഉത്പാദിക്കാന്‍ സാധിക്കും. അതിലൂടെ മെച്ചപ്പെട്ട മാനസികാവസ്ഥ ഉണ്ടാക്കാന്‍ സാധിക്കും.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.29, പൗണ്ട് – 105.82, യൂറോ – 91.56, സ്വിസ് ഫ്രാങ്ക് – 95.03, ഓസ്ട്രേലിയന്‍ ഡോളര്‍ – 55.24, ബഹറിന്‍ ദിനാര്‍ – 220.95, കുവൈത്ത് ദിനാര്‍ -270.07, ഒമാനി റിയാല്‍ – 216.34, സൗദി റിയാല്‍ – 22.21, യു.എ.ഇ ദിര്‍ഹം – 22.68, ഖത്തര്‍ റിയാല്‍ – 22.88, കനേഡിയന്‍ ഡോളര്‍ – 61.40.