◾സ്വന്തം മണ്ണില്‍ ലോകകിരീടമെന്ന ഇന്ത്യന്‍ സ്വപ്നം തകര്‍ത്തെറിഞ്ഞ് ഓസീസ്. ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യ ഉയര്‍ത്തിയ 241 റണ്‍സ് വിജയലക്ഷ്യം ഓസ്ട്രേലിയ 43 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഇന്ത്യക്ക് ആറു വിക്കറ്റിന്റെ തോല്‍വി. 120 പന്തില്‍ 137 റണ്‍സെടുത്ത ട്രാവിസ് ഹെഡാണ് ഓസീസിന് ആറാം കിരീടം സമ്മാനിച്ചത്. 58 റണ്‍സുമായി മര്‍നസ് ലബുഷെയ്ന് നിര്‍ണായക പിന്തുണ നല്കി.
◾ഇന്ത്യയിലേക്കുള്ള ചരക്കു കപ്പല്‍ ഹൂതി വിമതര്‍ തട്ടിയെടുത്തു. ഇസ്രയേലിന്റെ കപ്പലാണെന്നു തെറ്റിദ്ധരിച്ചാണ് തുര്‍ക്കിയില്‍നിന്നുള്ള കപ്പല്‍ തട്ടിയെടുത്തത്. കപ്പലില്‍ 52 ജീവനക്കാരുണ്ട്. ചെങ്കടലില്‍ യെമനിലെ ഇറാനിയന്‍ പിന്തുണയുള്ള ഹൂതി വിമതരാണു കപ്പല്‍ റാഞ്ചിയത്.
◾
*കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍*
ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്. *കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 , ടോള്‍ ഫ്രീ ഹെല്പ് ലൈന്‍ : 18004253455*
◾കാസര്‍കോട് ജില്ലയിലെ മൂന്നു മണ്ഡലങ്ങളിലായി നടന്ന നവകേരള സദസില്‍ ലഭിച്ചത് 7500 പരാതികള്‍. കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട് മണ്ഡലങ്ങളിലാണ് ഇത്രയും പരാതികള്‍. കേന്ദ്രം സങ്കുചിത കക്ഷി രാഷ്ട്രീയം കളിച്ച് കേരളത്തെ ദ്രോഹിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നവകേരള സദസില്‍ ആരോപിച്ചു. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടവര്‍ പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും. അതുകൊണ്ട് സര്‍ക്കാര്‍ ഏതെങ്കിലും ഒരു വിഭാഗത്തിന്റേതാണെന്നു കാണുന്നതു ശരിയല്ല. കേന്ദ്ര സര്‍ക്കാരിന്റെ ദ്രോഹത്തിനെതിരേ പ്രതിപക്ഷം പ്രതികരിക്കാത്തത് എന്താണെന്നും മുഖ്യമന്ത്രി ചോദിച്ചു.
◾തമിഴ്നാട് മോട്ടോര്‍വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത റോബിന് ബസിലെ യാത്രക്കാരെ തമിഴ്നാട് ആര്‍ടി ബസില്‍ കേരളത്തിലേക്കു മടക്കിയയച്ചു. ബസുടമ ഗിരീഷും മടങ്ങി. ബസില്‍നിന്ന് ഇറങ്ങാതെ യാത്രക്കാരും ബസുടമയും തമിഴ്നാട് ഗാന്ധിപുരം സെന്‍ട്രല്‍ ആര്‍ടിഒ കാമ്പസിലെ ബസില്‍ വൈകുന്നേരം വരെ കുത്തിയിരുന്നു സമരം നടത്തിയിരുന്നു.
◾സംസ്ഥാനത്ത് 23 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. കന്യാകുമാരിക്കു മുകളില്‍ ചക്രവാതചുഴിയുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍നിന്ന് തെക്കുകിഴക്കന്‍ ഇന്ത്യയിലേക്ക് വീശുന്ന ശക്തമായ വടക്കുകിഴക്കന്‍ കാറ്റിന്റെ സ്വാധീനംമൂലമാണു മഴ സാധ്യത.
◾യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ ആള്‍മാറാട്ടം നടത്തിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പരാതിയില്‍ പോലീസ് കേസെടുത്തു. തന്റെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് മറ്റൊരാള്‍ വോട്ട് ചെയ്തെന്ന് ആരോപിച്ച് അഡ്വ. ജുവൈസ് മുഹമ്മദ് നല്കിയ പരാതിയിലാണ് മൂവാറ്റുപുഴ പൊലീസ് കേസെടുത്തത്.
◾
◾യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ രേഖ പരാതി ഗുരുതരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രാജ്യത്തിന്റെ സ്വകാര്യതയെ അപകടപ്പെടുത്തുന്ന നീക്കമാണ് നടന്നത്. വോട്ടര്‍ പട്ടികയില്‍നിന്നു ഹാക്കര്‍മാരെ ഉപയോഗിച്ച് വ്യാജ ഐ ഡി കാര്‍ഡ് ഉണ്ടാക്കിയവര്‍ പൊതുതെരഞ്ഞെടുപ്പിലും ഇത്തരം കുറ്റകൃത്യങ്ങള്‍ നടത്താന്‍ സാധ്യതയുണ്ട്. മുഖ്യമന്ത്രി പറഞ്ഞു.
◾ജനസമ്പര്‍ക്ക പരിപാടി നടത്തിയ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കല്ലെറിയാനും പരിപാടി തടയാനും ജനങ്ങളെ ഇളക്കിവിട്ട അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് നവകേരള സദസ് ബഹിഷ്കരിച്ച യുഡിഎഫിനെ വിമര്‍ശിക്കാന്‍ എന്ത് അര്‍ഹതയാണുള്ളതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി. പിണറായി രാജാപാര്‍ട്ട് കളിക്കുന്ന കെട്ടുകാഴ്ചയില്‍ പാവപ്പെട്ടവര്‍ക്ക് സ്ഥാനമില്ലാത്തതുകൊണ്ടാണ് യുഡിഎഫ് ബഹിഷ്കരിച്ചത്. ഒരു പരാതി പോലും പരിഹരിക്കുകയോ ഒരു രൂപയുടെ ധനസഹായം നല്‍കുകയോ ചെയ്തില്ല. സുധാകരന് കുറ്റപ്പെടുത്തി.
◾ആലുവ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന ഷെല്‍ന നിഷാദ് അന്തരിച്ചു. 36 വയസായിരുന്നു. മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയയെത്തുടര്‍ന്നു തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ആലുവ എംഎല്‍എ ആയിരുന്ന കെ മുഹമ്മദ് അലിയുടെ മരുമകളാണ് ഷെല്‍ന നിഷാദ്.
◾മലപ്പുറം അരീക്കോട്ടെ തോമസിന്റെ മൃതദേഹം പോലീസ് ഇന്നു പുറത്തെടുത്ത് പരിശോധിക്കും. മരണം ഹൃദയാഘാതം മൂലമെന്നായിരുന്നു ആദ്യം കരുതിയത്. സുഹൃത്തുക്കളുടെ മര്‍ദനമേറ്റാണ് മരണമെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടതോടെയാണ് മൃതദേഹം പുറത്തെടുക്കാന്‍ തീരുമാനിച്ചത്.
◾പത്തനംതിട്ടയില്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനത്തിനുനേരെ കല്ലേറ്. ആന്ധ്രയില്‍ നിന്നുള്ള തീര്‍ഥാടകരുടെ ബസിന്റെ മുന്‍വശത്തെ ചില്ല് തകര്‍ന്നു. പത്തനംതിട്ട അത്തിക്കയത്താണ് സംഭവം. ബൈക്കിലെത്തിയ രണ്ടു പേരാണ് കല്ലെറിഞ്ഞത്.
◾
◾പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര കുളത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മരിച്ചു. ഏഴിലോട് അറത്തിപ്പറമ്പ് സ്വദേശി സനലാണ് (18) മരിച്ചത്.
◾നടിയും പഴയകാല നടി രാധയുടെ മകളുമായ കാര്‍ത്തിക നായര്‍ വിവാഹിതയായി. കാസര്‍കോട് സ്വദേശികളായ രവീന്ദ്രന് മേനോന്റെയും ശര്‍മ്മിളയുടെയും മകന് രോഹിത് മേനോന് ആണ് വരന്. തിരുവനന്തപുരം കവടിയാര്‍ ഉദയപാലസ് കണ്വന്ഷന് സെന്ററില്‍ നടന്ന ചടങ്ങില്‍ മെഗാസ്റ്റാര്‍ ചിരഞ്ജീവിയ കുടുംബസമേതം പങ്കെടുത്തു.
◾അദാനിക്കെതിരായ ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിനെക്കുറിച്ച് അന്വേഷണം പൂര്‍ത്തിയാക്കിയില്ലെന്ന് ആരോപിച്ചു സെബിക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി. വിപണിയില്‍ ഓഹരിമൂല്യത്തില്‍ അദാനി ഗ്രൂപ്പ കൃത്രിമം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഈ വര്‍ഷം ആദ്യമാണ് ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നത്. അന്വേഷണം നടത്താന്‍ മാര്‍ച്ചിലാണ് സുപ്രീംകോടതി സെബിയ്ക്കു നിര്‍ദേശം നല്‍കിയത്.
◾ഉത്തരാഖണ്ഡിലെ ടണലില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ഡ്രില്ലിംഗ് പുനരാരംഭിച്ചു. ടണലിനുള്ളിലുള്ളവര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ പറയുന്നു. ടണലിനു മുകളിലൂടെ തുരക്കാനുള്ള ശ്രവമും പുരോഗമിക്കുന്നതായി സ്ഥലത്തെത്തിയ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമിയും അറിയിച്ചു.
◾കൂറുമാറി ബിജെപിയില്‍ എത്തിയ എംഎല്‍എമാര്‍ക്കുവേണ്ടി മന്ത്രിസഭയില്‍നിന്നു രാജിവച്ച് ഗോവയിലെ മരാമത്ത് മന്ത്രി നിലേഷ് കാബ്രല്‍. കോണ്‍ഗ്രസില്‍നിന്നു ബിജെപിയില്‍ എത്തിയ എട്ട് എംഎല്‍എമാരില്‍ ഒരാള്‍ക്കു മന്ത്രിസഭയില്‍ പ്രാതിനിധ്യം നല്‍കാനാണ് രാജിവച്ചത്. സ്ഥാനത്യാഗം ചെയ്യാന്‍ നേതാക്കള്‍ ആവശ്യപ്പെട്ടതനുസരിച്ചാണു രാജിയെന്ന് അദ്ദേഹം പറഞ്ഞു.
◾രാജസ്ഥാനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു സുരക്ഷ ഒരുക്കാന്‍ പോയ ആറു പോലീസുകാര്‍ വാഹനാപകടത്തില്‍ മരിച്ചു. ചുരു ജില്ലയില്‍ പോലീസ് വാഹനം ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
◾പൊട്ടിക്കിടന്ന വൈദ്യുത കമ്പിയില്‍ അബദ്ധത്തില്‍ ചവിട്ടി യുവതിയും ഒമ്പതു മാസം പ്രായമുള്ള മകളും മരിച്ചു. ബംഗളൂരു സ്വദേശിനിയും 23-കാരിയുമായ സൗന്ദര്യ, ഒന്‍പതു മാസമുള്ള മകള്‍ സുവിക്സ്ലിയ എന്നിവരാണ് മരിച്ചത്.
◾ഒരു വയസുള്ള മകനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ അമ്മയെയും കാമുകനെയും അറസ്റ്റു ചെയ്തു. കന്യാകുമാരിയിലെ അഞ്ചുഗ്രാമത്തില്‍ ഇരയുമന്‍തുറ സ്വദേശി ചീനുവിന്റെ മകന് അരിസ്റ്റോ ബ്യൂലന്‍ ആണ് കൊല്ലപ്പെട്ടത്. ഒളിവിലായിരുന്ന അമ്മ പ്രബിഷ(27), കാമുകനായ നിദ്രവിള സ്വദേശി മുഹമ്മദ് സദാം ഹുസൈന് (32) എന്നിവരാണു പിടിയിലായത്.
◾ഭര്‍ത്താവ് കാമുകിയെ തേടി യുക്രൈനിലേക്ക് പോയെന്ന വിവരമറിഞ്ഞ ഭാര്യ ജീനൊടുക്കി. മുംബൈ കല്യാണില്‍ താമസിക്കുന്ന 25 കാരി കാജള്‍ ആണ് ജീവനൊടുക്കിയത്. മരണവിവരം അറിഞ്ഞ് തിരിച്ചെത്തിയ ഭര്‍ത്താവ് നിതീഷ് നായരെ(26) പൊലീസ് അറസ്റ്റു ചെയ്തു.
◾അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ പ്രായപൂര്‍ത്തിയാകാത്ത 16 ആണ്‍കുട്ടികളെ പീഡിപ്പിച്ച യുവാവിന് 707 വര്‍ഷം തടവുശിക്ഷ. നാനി എന്നറിയപ്പെടുന്ന മാത്യു സക്രസെവ്സ്കി എന്ന 34 കാരനെയാണ് കോടതി ശിക്ഷിച്ചത്. 2014 നും 2019 നും ഇടയിലാണ് അതിക്രമങ്ങള്‍ നടന്നത്.
◾ഗാസയിലെ ജനങ്ങള്‍ക്ക് 1,050 ടണ്‍ വസ്തുക്കളുമായി സൗദി അഫേബ്യയുടെ ആദ്യ കപ്പല്‍ ഈജിപ്തിലെത്തി. 25 വിമാനങ്ങളില്‍ ഉള്‍ക്കൊള്ളാവുന്ന വസ്തുക്കളുമായാണ് ഈജിപ്തിലെ സഈദ് തുറമുഖത്ത് കപ്പല്‍ എത്തിയത്.
◾ലോക കപ്പ് കിരീടം നഷ്ടമായെങ്കിലും പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് പുരസ്കാരം ഇന്ത്യക്കൊപ്പം. 11 ഇന്നിംഗ്സുകളില്‍ നിന്ന് മൂന്ന് സെഞ്ച്വറികളുടേയും ആറ് അര്‍ദ്ധ സെഞ്ച്വറികളുടേയും സഹായത്തോടെ 765 റണ്‍സ് നേടിയ ഇന്ത്യയുടെ വിരാട് കോഹ്ലിയാണ് ടൂര്‍ണമെന്റിന്റെ താരം. 597 റണ്‍സെടുത്ത രോഹിത് ശര്‍മക്കാണ് ഏറ്റവും കൂടുതല്‍ റണ്‍സെടുത്തതില്‍ രണ്ടാം സ്ഥാനം. വിക്കറ്റ് വേട്ടയില്‍ 7 കളികളില്‍ നിന്ന് 24 വിക്കറ്റെടുത്ത ഇന്ത്യയുടെ മുഹമ്മദ് ഷമിയാണ് ഒന്നാമത്. 11 കളികളില്‍ നിന്ന് 23 വിക്കറ്റെടുത്ത ആസ്ട്രേലിയയുടെ ആദം സാംപയാണ് രണ്ടാമത്. 11 കളികളില്‍ നിന്ന് 20 വിക്കറ്റെടുത്ത ഇന്ത്യയുടെ ജസ്പ്രീത് ബുംറ നാലാം സ്ഥാനത്താണ്.
◾ആഗോളതലത്തില്‍ വീണ്ടും മികവിന്റെ പാതയിലേറി ഇന്ത്യന്‍ വ്യോമയാന മേഖല. ടൂറിസം, വ്യവസായം തുടങ്ങിയ മേഖലകളില്‍ കൈവരിച്ച നേട്ടത്തിന് ആനുപാതികമായാണ് വ്യോമയാന രംഗവും മികച്ച വളര്‍ച്ച നേടിയിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, നടപ്പ് സാമ്പത്തിക വര്‍ഷം ആദ്യത്തെ പത്ത് മാസങ്ങളില്‍ വിമാന യാത്രക്കാരുടെ എണ്ണം 27 ശതമാനമാണ് വര്‍ദ്ധിച്ചത്. ഇന്ത്യന്‍ സാമ്പത്തിക മേഖലയിലെ മികച്ച ഉണര്‍വും, വിദേശ ബിസിനസിലും, വിദ്യാഭ്യാസത്തിലും ഉണ്ടാകുന്ന വര്‍ദ്ധനവിന്റെ കരുത്തും ഇന്ത്യന്‍ വിമാന കമ്പനികള്‍ക്ക് വലിയ നേട്ടം കൈവരിക്കാന്‍ സഹായകമായിട്ടുണ്ട്. ആഗോള വ്യോമയാന ഗവേഷണ സ്ഥാപനങ്ങളുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, രാജ്യാന്തര വിമാന സര്‍വീസുകളില്‍ ഗണ്യമായ വളര്‍ച്ചയാണ് ഇന്ത്യ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ, ലോകത്തിലെ തന്നെ മികച്ച വളര്‍ച്ച നേടിയ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടം നേടി. കോവിഡ് കാലയളവിന് മുന്‍പുള്ള നിലയിലേക്ക് വ്യോമയാന മേഖലയ്ക്ക് എത്താന്‍ സാധിച്ചിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം. ഈ വര്‍ഷം സെപ്റ്റംബറിന് ശേഷം വിമാന യാത്രക്കാരുടെ എണ്ണം തുടര്‍ച്ചയായി ഉയരുകയാണ്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കു മുന്‍പ് പൊതുമേഖല എണ്ണ കമ്പനികള്‍ ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവലിന്റെ വില ഏകദേശം 4 ശതമാനത്തോളം കുറച്ചിരുന്നു. ഇത് വിമാനക്കമ്പനികള്‍ക്ക് വലിയ ആശ്വാസമാണ് നല്‍കിയത്.
◾ദിലീപ്, തമന്ന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അരുണ്‍ ഗോപി സംവിധാനം നിര്‍വഹിച്ച ബാന്ദ്ര രണ്ടാം വാരത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇമോഷനും ആക്ഷനും പ്രാധാന്യം നല്കി ഒരുക്കിയ ചിത്രം പ്രേക്ഷകര്‍ക്ക് മികച്ചൊരു ചലച്ചിത്രാനുഭവമാണ് സമ്മാനിച്ചിരിക്കുന്നത്. തിയറ്ററുകളില്‍ പ്രേക്ഷകര്‍ക്ക് ആഘോഷത്തിന്റെ ത്രസിപ്പിക്കുന്ന നിമിഷങ്ങള്‍ സമ്മാനിച്ച ചിത്രത്തിലെ ‘മുഝേ പാലേ’ എന്ന ഐറ്റം സോങ്ങിന്റെ വീഡിയോ ഇപ്പോള്‍ പുറത്തിറങ്ങി യിരിക്കുകയാണ്. സാം സി എസ് ഈണമിട്ട ഗാനത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സായ് ആനന്ദാണ്. പവിത്ര ചാരി, സര്‍ഥക് കല്യാണി എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. അലന് അലക്സാണ്ടര്‍ ഡൊമിനിക്ക് എന്ന നായക കഥാപാത്രമായി ദിലീപ് ചിത്രത്തില്‍ തകര്‍ത്ത് അഭിനയിച്ചപ്പോള്‍ താര ജാനകിയായി തമന്നയും മികച്ച അഭിനയം പങ്ക് വെച്ചിട്ടുണ്ട്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മിക്കുന്ന ചിത്രത്തില്‍ ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്. സിദ്ധിഖ്, മംമ്ത മോഹന്‍ദാസ്, സിദ്ധിഖ്, ഗണേഷ് കുമാര്‍ എന്നിങ്ങനെ ഓരോരുത്തരും മത്സരിച്ചാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. മാസിനൊപ്പം മികച്ചൊരു പ്രണയ കഥയും കുടുംബ ബന്ധങ്ങളും സൗഹൃദവും ചിത്രത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.
◾സമീപകാലത്ത് സൈലന്റായി എത്തി വന്‍ പ്രേക്ഷക പ്രിയം നേടിയ ചിത്രമാണ് ‘കണ്ണൂര്‍ സ്ക്വാഡ്’. മമ്മൂട്ടിയെ നായകനാക്കി റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസ് കീഴടക്കി ഒടിടിയിലും എത്തിക്കഴിഞ്ഞു. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലാണ് സ്ട്രീമിംഗ്. ഈ അവസരത്തില്‍ പുത്തന്‍ നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ് കണ്ണൂര്‍ സ്ക്വാഡ്. ഹോട്സ്റ്റാറിലെ ടോപ് ടെന്‍ ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനം ആണ് കണ്ണൂര്‍ സ്ക്വാഡ് സ്വന്തമാക്കിയിരിക്കുന്നത്. വാലാട്ടി, വെബ്സീരീസ് മാസ്റ്റര്‍ പീസ്, കിംഗ് ഓഫ് കൊത്ത, ഹൃദയം, ലേബല്‍, സ്കാഡ, റോഷാക്ക്, മോണ്‍സ്റ്റര്‍,നെയ്മര്‍ എന്നിവയാണ് യഥാക്രമം രണ്ട് മുതല്‍ പത്തുവരെ സ്ഥാനങ്ങളില്‍. 2023 സെപ്റ്റംബര്‍ 28നാണ് കണ്ണൂര്‍ സ്ക്വാഡ് റിലീസ് ചെയ്തത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ചിത്രം യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുക്കിയത്. അസീസ് നെടുമങ്ങാട്, ശബരീഷ് വര്‍മ, റോണി, വിജയ രാഘവന് തുടങ്ങി നിരവധി പേര് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ജോര്‍ജ് മാര്ട്ടിന് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിച്ചത്. നവംബര്‍ 17ന് മുതല്‍ ഓണ്‍ലൈനില്‍ എത്തിയ ചിത്രത്തിന് പ്രശംസയുമായി ഇതര ഭാഷാ സിനിമാ പ്രേമികളും രംഗത്തെത്തുന്നുണ്ട്. മലയാളത്തിന് പുറമെ, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രത്തിന്റെ സ്ട്രീമിംഗ്.
◾ചൈനീസ് ഇവി നിര്‍മാണ കമ്പനിയായ ചെറി ന്യൂ എനര്‍ജി തങ്ങളുടെ പുതിയ ഇലക്ട്രിക് കാര്‍ ലിറ്റില്‍ ആന്റ് പുറത്തിറക്കി. ഇതൊരു ചെറിയ ഇലക്ട്രിക് കാറാണ്. നിലവില്‍ ചൈനീസ് വിപണിയില്‍ മാത്രമാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. 77,900 യുവാന്‍ (ഏകദേശം 8.92 ലക്ഷം രൂപ) ആണ് ഇതിന്റെ വില നിശ്ചയിച്ചിരിക്കുന്നത്. അതേ സമയം, അതിന്റെ ടോപ്പ് വേരിയന്റിന്റെ വില 82,900 യുവാന്‍ ആണ് (ഏകദേശം 9.49 ലക്ഷം രൂപ). ചെറി ന്യൂ എനര്‍ജി സ്റ്റേറ്റ് ചെറി ഓട്ടോമൊബൈല്‍ കോര്പ്പറേഷന് ലിമിറ്റഡിന്റെ ഭാഗമാണ്. ഈ കാര്‍ ഇന്ത്യയില്‍ വന്നാല്‍, എംജി കോമറ്റ് ഇവി, ടാറ്റാ ടിയാഗോ ഇവി, സിട്രോണ്‍ ഇസി3 തുടങ്ങിയ മോഡലുകളോട് മത്സരിക്കും. ക്ലാസിക് ലിറ്റില്‍ ആന്റിന്റെ പുതുക്കിയ പതിപ്പായും ചെറി ന്യൂ ലിറ്റില്‍ ആന്റിനെ കാണാന്‍ കഴിയും. ഇനി രണ്ട് വാഹനങ്ങളും ഒരുമിച്ച് വില്‍ക്കും. മൊത്തം ഏഴ് കളര്‍ ഓപ്ഷനുകളില്‍ ഈ കാര്‍ വാങ്ങാനാകും. സ്റ്റാന്‍ഡേര്‍ഡ് പവര്‍ട്രെയിന്‍ പരമാവധി 50 എച്പി കരുത്തും 95 എന്‍എം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. മൂന്ന് ബാറ്ററി പാക്ക് ഓപ്ഷനുകള്‍ ഇതില്‍ ലഭ്യമാണ്. ചെറി ന്യൂ ലിറ്റില്‍ ആന്റിനും ക്ലാസിക് ലിറ്റില്‍ ആന്റിനും ഒരേ അളവുകള്‍ ഉണ്ട്. അതേ സമയം 4.55 മീറ്ററാണ് ടേണിംഗ് റേഡിയസ്.
◾പഠിപ്പിന്റെ ഗുണം, അറിവുള്ള അജ്ഞാനി, ഒരുപിടി കടുക്, മനസ്സ് എന്ന പാത്രം, മന്ത്രത്തിന്റെ ശക്തി, ചുവന്ന പുഷ്പങ്ങള്‍, എന്തു ശിക്ഷ?, നിങ്ങളുടെ ഭാര്യ വിധവ, ഈശ്വരകല്പ്പന, ഏല്‍പ്പിച്ച ചുമതല, വിജയവും പരാജയവും, മൗനവ്രതത്തിന്റെ ശക്തി, ഒരുമ ശരീരത്തില്‍, ഒട്ടകഗുരു, ഉത്തമഗുരുനാഥന്, ഹൃദയപുഷ്പം, സുഖമായ ഉറക്കം, ശ്രീബുദ്ധന്, ശ്രീരാമകൃഷ്ണ പരമഹംസര്‍, സ്വാമി വിവേകാനന്ദന്, സ്വാമി ശിവാനന്ദ, സ്വാമി രാമതീര്‍ത്ഥ, ആചാര്യ വിനോബഭാവെ, ഭഗവാന് ശ്രീ സത്യസായിബാബ, ശ്രീ മാതാ അമൃതാനന്ദമയീദേവി, രമണമഹര്‍ഷി, സ്വാമി അഭേദാനന്ദ, ഫിലിപ്പോസ് മാര്‍ക്രിസോസ്റ്റം, സ്വാമി ചിന്മയാനന്ദന് എന്നീ ആത്മജ്ഞാനികള്‍ വിവിധ സന്ദര്‍ഭങ്ങളില്‍ പറഞ്ഞ സന്മാര്ഗ്ഗകഥകളുടെ സമാഹാരം. ആത്മീയചിന്തകള്‍ പ്രസരിപ്പിക്കുന്ന നൂറ്റൊന്നു കഥകള്‍. ‘101 ആത്മീയകഥകള്‍’. കെ.എ ഫ്രാന്‍സിസ്, എന്‍ സോമശേഖരന്‍. മാതൃഭൂമി. വില 204 രൂപ.
◾നമ്മുടെ ശരീരത്തിന്റെ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും പല രോഗങ്ങളെയും തടയാനും വിറ്റാമിന്‍ സി ഏറെ ആവശ്യമാണ്. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യും. വിറ്റാമിന്‍ സിയുടെ കുറവ് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാം. വിറ്റാമിന്‍ സിയുടെ കുറവ് സൂചിപ്പിക്കുന്ന ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. വിറ്റാമിന്‍ സിയുടെ കുറവ് മൂലം രോഗപ്രതിരോധശേഷി ദുര്‍ബലപ്പെടാനും എപ്പോഴും ജലദോഷം, തുമ്മല്‍ പനി തുടങ്ങിയ സീസണല്‍ അണുബാധകള്‍ വരാനും സാധ്യതയുണ്ട്. എപ്പോഴുമുള്ള ഇത്തരം ലക്ഷണങ്ങളെ നിസാരമായി കാണേണ്ട. നിങ്ങളില്‍ കാണുന്ന വിളര്‍ച്ച ചിലപ്പോള്‍ വിറ്റാമിന്‍ സിയുടെ കുറവിനെയാകാം സൂചന നല്‍കുന്നത്. വിറ്റാമിന്‍ സി ഇരുമ്പ് ആഗിരണം ചെയ്യാന്‍ ശരീരത്തെ സഹായിക്കും. ഇത് അനീമിയയെ തടയാന്‍ ഗുണം ചെയ്യും. വിറ്റാമിന്‍ സിയുടെ കുറവ് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തെ മോശമായി ബാധിക്കാം. മുറിവുകള്‍ ഉണങ്ങാന്‍ താമസിക്കുക, പല്ലുകള്‍ക്ക് കേട് വരിക എന്നിവയുള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍ ഇതുമൂലം കാണാം. വിശപ്പ്, അമിത ക്ഷീണം, ശരീരഭാരം കുറയുക, അലസത തുടങ്ങിയവ വിറ്റാമിന്‍ സിയുടെ കുറവിന്റെ ലക്ഷണങ്ങളാകാം. രക്തസ്രാവമുള്ള മോണകളും ഇടയ്ക്കിടെ രോഗബാധിതരാകുകയും ചെയ്യുന്നതും ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. ചര്‍മ്മത്തില്‍ കാണുന്ന ചെറിയ കുരുക്കളും തിണര്‍പ്പും വിറ്റാമിന്‍ സിയുടെ കുറവ് മൂലമാകാം. വിറ്റാമിന്‍ സിയുടെ കുറവു മൂലം ചിലരില്‍ മൂഡ് സ്വിംഗ്സും വരാം. മാനസികാരോഗ്യത്തിനും വിറ്റാമിന്‍ സി പ്രധാനമാണ്. ഓറഞ്ച്, നാരങ്ങ, നെല്ലിക്ക, കിവി, പപ്പായ, സ്ട്രോബെറി, ബ്രോക്കോളി, പൊട്ടറ്റോ, ബെല്‍ പെപ്പര്‍, തക്കാളി, പേരയ്ക്ക, ചീര തുടങ്ങിയവയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്.
*ശുഭദിനം*
കവിത കണ്ണന്
അവള് ആ രാജ്യത്തെ രാജകുമാരിയായിരുന്നു. പക്ഷേ, എല്ലാ സുഖസൗകര്യങ്ങളുമുപേക്ഷിച്ച് ഒരു സാധാരണക്കാരിയായി ജീവിക്കാനായിരുന്നു അവളുടെ ആഗ്രഹം. മകളുടെ ആഗ്രഹം നിറവേറ്റാന്‍ സന്യാസതുല്യമായ ജീവിതം നയിച്ചിരുന്ന ഒരു ദരിദ്രനുമായി അവളുടെ വിവാഹം നടത്തി. അവള് അവിടെ സന്തോഷത്തോടെ ജീവിക്കാന്‍ തുടങ്ങി. ഒരു ദിവസം മുറി വൃത്തിയാക്കുന്നതിനിടെ പാത്രത്തില്‍ റൊട്ടി അടച്ചുവെച്ചിരിക്കുന്നത് കണ്ട് അവള് തന്റെ ഭര്‍ത്താവിനോട് ചോദിച്ചു: എന്തിനാണ് ഇത് അടച്ചുവെച്ചിരിക്കുന്നത്? അയാള്‍ പറഞ്ഞു: അത് നാളേക്ക് വേണ്ടിയാണ്. നാളെ നമുക്കൊന്നും കിട്ടിയില്ലെങ്കില്‍ അതുകഴിക്കാം. അവള് പറഞ്ഞു: നിങ്ങളുടെ പരിത്യാഗപൂര്‍ണ്ണമായ ജീവിതം കണ്ടിട്ടാണ് അച്ഛന് നമ്മുടെ വിവാഹം നടത്തിയത്. എന്നിട്ട് നിങ്ങള്‍ നാളെയുക്കുറിച്ചാണോ ചിന്തിക്കുന്നത്? തന്റെ ഭാര്യയാണ് യഥാര്‍ത്ഥത്തില്‍ സന്യാസിനി എന്ന് അപ്പോള്‍ അയാള്‍ക്ക് തോന്നി. രണ്ട് വിധത്തില്‍ അസ്ഥിത്വം നിര്‍മ്മിക്കുന്നവരുണ്ട്. ആകാരം കൊണ്ടും ആദര്‍ശം കൊണ്ടും. ആകാരവൈവിധ്യങ്ങളിലൂടെ വ്യക്തിത്വം രൂപപ്പെടുത്തുന്നവര്‍ക്ക് പ്രദര്‍ശനശാലകളില്‍ മാത്രമേ പ്രസക്തിയുള്ളൂ. എന്നാല്‍ ആദര്‍ശം കൊണ്ട് അസ്തിത്വം രൂപപ്പെടുത്തുന്നവര്‍ ആള്‍ക്കൂട്ടത്തിനിടയിലും ആരും കാണാത്തയിടങ്ങളിലും ഒരേ നിറമുള്ളവരായിരിക്കും. കാലാവസ്ഥയ്ക്കനുസരിച്ച് നിറംമാറ്റം സംഭവിക്കുന്നവര്‍ക്ക് ഒരിക്കലും സ്ഥായീഭാവമുണ്ടായിരിക്കുകയില്ല. പുഷ്പ്പിക്കുന്നതെല്ലാം അകകാമ്പില്‍ ഉള്ളതുതന്നെയാണ്. സാഹചര്യങ്ങള്‍ക്കനുസരിച്ച് നിറം മാറാതെ അകത്തും പുറത്തും ഒരേ നിറം സ്വീകരിക്കാന്‍ നമുക്കും സാധിക്കട്ടെ – ശുഭദിനം.