yt cover 15

താനൂര്‍ ബോട്ട് അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അപകടത്തില്‍ 22 പേരാണ് മരണപ്പെട്ടത്. അപകട സ്ഥലത്ത് എത്തിയ മുഖ്യമന്ത്രിയാണ് മന്ത്രിസഭയുടെ തീരുമാനം അറിയിച്ചത്. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ചികിത്സാ ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. സംഭവത്തില്‍ മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു.

താനൂരില്‍ ബോട്ട് മുങ്ങി മരിച്ച 22 പേരില്‍ 15 പേരും കുട്ടികള്‍. അഞ്ച് സ്ത്രീകളും രണ്ട് പുരുഷന്മാരും മരിച്ചവരില്‍ പെടുന്നു. മരിച്ചവരുടെ താലൂക്ക് തിരിച്ചുള്ള പട്ടിക സര്‍ക്കാര്‍ പുറത്തുവിട്ടു.

ബോട്ടപകടത്തില്‍ മരിച്ച ഇരുപത്തിരണ്ട് പേരില്‍ 11 പേര്‍ ഒരു കുടുംബത്തിലെ അംഗങ്ങള്‍. കുന്നുമ്മല്‍ സെതലവിയുടെ ഭാര്യ സീനത്ത്, മക്കളായ ഷംന, ഹസ്‌ന, സഫ്‌ന, സെയ്തലിയുടെ സഹോദരന്‍ സിറാജിന്റെ ഭാര്യ റസീന, മക്കളായ നൈറ, റുഷ്ദ, സഹറ, സെയ്തലിയുടെ അകന്ന ബന്ധു കുന്നുമ്മല്‍ ജാബിറിന്റെ ഭാര്യ ജല്‍സിയ, മകന്‍ ജരീര്‍ എന്നിവരാണ് മരിച്ചത്. പെരുന്നാള്‍ അവധിയോടനുബന്ധിച്ച് കുന്നുമ്മല്‍ സെതലവിയുടെ കുടുംബ വീട്ടില്‍ ഒത്തുചേര്‍ന്നതായിരുന്നു ഇവര്‍. പരപ്പനങ്ങാടി പുത്തന്‍ കടപ്പുറം സ്വദേശികളായ ഈ 11 പേര്‍ക്കും അന്ത്യവിശ്രമം ഒരുക്കിയത് ഒരേ സ്ഥലത്താണ്.

താനൂരിലുണ്ടായത് മനുഷ്യ നിര്‍മ്മിതമായ ദുരന്തമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ബോട്ടിന് ലൈസന്‍സുണ്ടോയെന്ന് പോലും ബന്ധപ്പെട്ടവര്‍ക്ക് അറിയില്ല. വൈകിട്ട് ഏഴ് മണിക്ക് ശേഷവും വെളിച്ചം പോലും ഇല്ലാത്ത സ്ഥലത്താണ് ബോട്ട് സര്‍വീസ് നടത്തിയത്. മത്സ്യബന്ധന ബോട്ടിനെ യാത്രാ ബോട്ടാക്കി മാറ്റിയതും നിയമാനുസൃതമായല്ല. ഇത്തരം ദുരന്തങ്ങള്‍ സംസ്ഥാനത്ത് ഒരിടത്തും ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടതെന്നും സതീശന്‍ പറഞ്ഞു.

താനൂരിലെ ബോട്ടപകടത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അപകടത്തിന്റെ ഉത്തരവാദി ടൂറിസം വകുപ്പും മന്ത്രി പിഎ മുഹമ്മദ് റിയാസുമാണെന്നും വകുപ്പുകളുടെ ഗുരുതര അശ്രദ്ധയും അലംഭാവവുമാണ് അപകടത്തിലേക്ക് നയിച്ചതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയാണ് താനൂര്‍ ബോട്ട് അപകടത്തിന് കാരണമായതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. അല്‍പ്പം ഉളുപ്പുണ്ടെങ്കില്‍ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് രാജിവയ്ക്കണമെന്നു പറഞ്ഞ സുരേന്ദ്രന്‍ തട്ടേക്കാട്, തേക്കടി ബോട്ടപകടങ്ങളെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അവഗണിച്ചതാണ് വീണ്ടും ദുരന്തങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്നും ആരോപിച്ചു.

താനൂരില്‍ 22 പേരുടെ മരണത്തിന് ഇടയാക്കിയ ബോട്ടിന്റെ ഉടമ നാസറിന്റെ വാഹനം എറണാകുളത്ത് പിടികൂടി. നാസറിന്റെ ബന്ധുക്കളും വാഹനത്തില്‍ ഉണ്ടായിരുന്നു. നാസര്‍ എറണാകുളത്തെ ഏതെങ്കിലും സ്റ്റേഷനില്‍ കീഴടങ്ങിയേക്കും എന്നാണ് കരുതുന്നത്. നാസറിനെതിരെ നരഹത്യാ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ക്കു പിന്നില്‍ കേന്ദ്ര സര്‍ക്കാരുമായി ബന്ധമുള്ള ബജ്‌റംഗദള്‍, വി എച് പി, ആര്‍ എസ് എസ് ഉള്‍പ്പെട്ട സംഘടനയില്‍ പെട്ടവരാണെന്ന് ആര്‍ച്ച് ബിഷപ് പീറ്റര്‍മച്ചാഡോ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. ആക്രമണത്തിന് ഇരയാകുന്നവരെ ജയിലില്‍ അടക്കുകയും അക്രമികള്‍ക്കെതിരെ എഫ് ഐ ആര്‍ പോലും ഇടാതെ സംരക്ഷിക്കുകയും ചെയ്യുന്നുവെന്നും ആര്‍ച്ച് ബിഷപ് പീറ്റര്‍മച്ചാഡോ സത്യവാങ്മൂലത്തില്‍ കുറ്റപ്പെടുത്തി.

പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന. എഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ടുള്ള കരാര്‍, ഉപകരാര്‍ ഇടപാടുകളില്‍ ക്രമക്കേട് നടന്നിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നത്. നികുതി ഈടാക്കിയതുമായി ബന്ധപ്പെട്ട കാര്യങ്ങളെ കേന്ദ്രീകരിച്ചാണ് പരിശോധന.

റോഡ് ക്യാമറ വിവാദം അന്വേഷിക്കുന്ന വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷിനെ ആദ്യം റവന്യു വകുപ്പിലേക്കും മണിക്കൂറുകള്‍ക്കകം ആരോഗ്യ വകുപ്പിലേക്കും സ്ഥലം മാറ്റി . റോഡ് ക്യാമറ വിവാദം അന്വേഷണത്തിന്റെ അവസാന ഘട്ടത്തിലാണ് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ സ്ഥാനമാറ്റം.

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വൈകുന്നത് നടന്‍ ദിലീപിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന വീഴ്ചയെന്ന് സംസ്ഥാനം സുപ്രീം കോടതിയെ അറിയിച്ചു. അതേ സമയം വിചാരണ ജൂലായ് 31 ന് ഉള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിച്ചു. കേസ് വീണ്ടും ഓഗസ്റ്റ് നാലിന് പരിഗണിക്കും.

ലൈഫ് മിഷന്‍ കോഴക്കേസില്‍ ജാമ്യം തേടി എം ശിവശങ്കര്‍. ലൈഫ് മിഷന്‍ കേസ് രാഷ്ട്രീയലക്ഷ്യത്തോടെ എടുത്തതാണെന്നാണ് ജാമ്യഹര്‍ജിയില്‍ പറയുന്നത്. ശിവശങ്കര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇഡിക്ക് സുപ്രീം കോടതി നോട്ടീസയച്ചു. കേസിലെ പ്രതിയായ സ്വപ്നയെ ഇതുവരെ അറസ്റ്റ് ചെയ്തില്ലെന്നും മറ്റൊരു പ്രതിയായ സന്തോഷ് ഈപ്പന്റെ ജാമ്യാപേക്ഷയെ ഇഡി എതിര്‍ത്തില്ലെന്നും ഈ നിലപാടിന് പിന്നില്‍ മറ്റു ലക്ഷ്യങ്ങളുണ്ടെന്നുമാണ് ശിവശങ്കറിന്റെ വാദം.

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴിയാണ് ന്യൂനമര്‍ദ്ദമായി രൂപപ്പെട്ടത്. നാളെയോടെ ഇത് തീവ്ര ന്യൂനമര്‍ദ്ദമായി മാറും. ഇതിന് ശേഷം ആന്‍ഡമാന്‍ കടലിന് സമീപത്തായി രൂപപ്പെടുന്ന മോക്ക ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ല. എങ്കിലും മഴയ്ക്ക് കാരണമായേക്കും.

അരിക്കൊമ്പന്‍ തമിഴ്നാട് മേഘമലയിലെ ജനവാസ മേഖലയില്‍. ചിന്നമന്നൂര്‍ നിന്നും മേഘമലക്ക് പോകുന്ന വഴിയിലാണ് അരിക്കൊമ്പന്‍ ഇറങ്ങിയത്. ഇന്നലെ രാത്രി വഴിയില്‍ ഇറങ്ങിയ അരിക്കൊമ്പന്‍ രാത്രി തന്നെ തിരികെ കാട്ടിലേക്ക് മടങ്ങി.

കര്‍ണ്ണാടകയുടെ പരമാധികാരത്തിനോ സല്‍പ്പേരിനോ അഖണ്ഡതക്കോ കളങ്കം ചാര്‍ത്താന്‍ ആരേയും അനുവദിക്കില്ലെന്ന സോണിയാഗാന്ധിയുടെ പരാമര്‍ശം വിഭജനം ലക്ഷ്യമിട്ടുള്ളതാണെന്ന് ആരോപിച്ച് സോണിയ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ബിജെപി. കര്‍ണ്ണാടകയില്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗം കമ്മീഷന്‍ നിര്‍ദ്ദേശങ്ങളെ അട്ടിമിറിച്ചുള്ളതാണെന്ന് കാട്ടിയാണ് പരാതി. കേന്ദ്രമന്ത്രി ഭൂപേന്ദ്രയാദവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തെത്തി പരാതി നല്‍കിയത്.

രാജസ്ഥാനിലെ ഹനുമാന്‍ഗഡില്‍ വ്യോമസേനയുടെ മിഗ് 21 വിമാനം തകര്‍ന്ന് വീണ് രണ്ട് പേര്‍ കൊല്ലപ്പെട്ടു. പൈലറ്റുമാര്‍ സുരക്ഷിതരാണ്. വിമാനം തകര്‍ന്നതിന്റെ കാരണം ഇനിയും വ്യക്തമല്ല.

ഐപിഎല്ലില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും പഞ്ചാബ് കിംഗ്സും തമ്മില്‍ ഏറ്റുമുട്ടും. വൈകീട്ട് 7.30 നാണ് മത്സരം.

മുത്തൂറ്റ് മൈക്രോഫിന്‍ മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 155 ശതമാനം വര്‍ധനയോടെ 203.31 കോടി രൂപ ലാഭം നേടി. മുന്‍ സാമ്പത്തിക വര്‍ഷം 79.7 കോടി രൂപയായിരുന്നു ലാഭം. 2023 മാര്‍ച്ച് 31-ലെ കണക്കു പ്രകാരം 9,209 കോടി രൂപയുടെ ആസ്തിയാണ് മുത്തൂറ്റ് മൈക്രോഫിന്‍ കൈകാര്യം ചെയ്യുന്നത്. 46 ശതമാനം വര്‍ധനയാണ് ഇക്കാര്യത്തില്‍ കൈവരിച്ചിട്ടുള്ളത്. കമ്പനിയുടെ ആസ്തി നിലവാരവും മെച്ചപ്പെട്ടിട്ടുണ്ട്. മൊത്ത നിഷ്‌ക്രിയ ആസ്തി 6.26 ശതമാനത്തില്‍ നിന്ന് 2.97 ശതമാനമായി കുറഞ്ഞു. 2023 സാമ്പത്തിക വര്‍ഷത്തെ അറ്റ നിഷ്‌ക്രിയ ആസ്തി 0.60 ശതമാനമാണ്. കമ്പനിയുടെ ഉപയോക്താക്കളുടെ എണ്ണം 20.5 കോടിയായിരുന്നത് 35 ശതമാനം ഉയര്‍ന്ന് 27.7 കോടിയായി. വായ്പ വിതരണം 68 ശതമാനം വര്‍ധിച്ച് 8,104 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വായ്പാ വിതരണം 4,800 കോടി രൂപയായിരുന്നു. 5 സ്റ്റാര്‍ ഇ.എസ്.ജി റേറ്റിംഗും മുത്തൂറ്റ് മൈക്രോഫിന്‍ കൈവരിച്ചിട്ടുണ്ട്.

ആഗോള തലത്തില്‍ വരിക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് മുന്നേറ്റവുമായി സ്റ്റാര്‍ലിങ്ക്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, 15 ലക്ഷം വരിക്കാരാണ് സ്റ്റാര്‍ലിങ്കിന് ഉള്ളത്. കഴിഞ്ഞ ഡിസംബറില്‍ വരിക്കാരുടെ എണ്ണം 10 ലക്ഷം കവിഞ്ഞിരുന്നു. വെറും മൂന്ന് മാസം കൊണ്ടാണ് 5 ലക്ഷത്തിലധികം ഉപഭോക്താക്കളെ നേടിയെടുത്തതെന്ന് സ്റ്റാര്‍ലിങ്ക് വ്യക്തമാക്കി. സ്പേസ് എക്സിന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനമാണ് സ്റ്റാര്‍ലിങ്ക്. സ്റ്റാര്‍ലിങ്കിന്റെ നേട്ടം അറിയിച്ചുകൊണ്ട് ട്വിറ്ററില്‍ ഇലോണ്‍ മസ്‌ക് ഒരു വീഡിയോ പങ്കുവെച്ചിട്ടുണ്ട്. പരമ്പരാഗത ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് എത്തിച്ചേരാന്‍ കഴിയാത്ത ഭൂപ്രദേശങ്ങളില്‍ സ്റ്റാര്‍ലിങ്ക് ഉപകരണങ്ങളുടെ സഹായത്തോടെ തടസ്സമില്ലാത്ത ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ഉപഭോക്താക്കളുടെ ദൃശ്യമാണ് വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. സ്പേസ് എക്സിന്റെ നേതൃത്വത്തില്‍ കമ്പനി ഇതിനോടകം 3,000- ത്തിലധികം ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചിട്ടുണ്ട്. 42,000 ഉപകരണങ്ങള്‍ വിക്ഷേപിക്കാനാണ് പദ്ധതിയിടുന്നത്.

തമിഴകത്തിന്റെ സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ മകള്‍ ഐശ്വര്യ ഒരുക്കുന്ന പുതിയ പ്രൊജക്റ്റാണ് ‘ലാല്‍ സലാം’. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി.ചിത്രത്തില്‍ രജനികാന്ത് അതിഥി വേഷത്തില്‍ എത്തുന്നു എന്നത് നേരത്തെ തന്നെ വന്ന വാര്‍ത്തയാണ്. ഇപ്പോള്‍ രജനിയുടെ ക്യാരക്ടറിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ എത്തി. മൊയ്തീന്‍ ഭായി എന്ന ക്യാര്ടറാണ് ചിത്രത്തില്‍ രജനി അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. മുംബൈയിലെ എല്ലാവരുടെയും പ്രിയപ്പെട്ട ഭായി മൊയ്തീന്‍ ഭായി എത്തുന്നു എന്നാണ് പോസ്റ്ററിന്റെ ക്യാപ്ഷന്‍. അതേ സമയം ‘ലാല്‍ സലാം’ സിനിമയില്‍ വിഷ്ണു വിശാലും വിക്രാന്തുമാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. ധനുഷ് നായകനായി ‘3’ഉം ‘വെയ് രാജ വെയ്’ എന്ന സിനിമയും ഐശ്വര്യ രജനികാന്ത് നേരത്തെ സംവിധാനം ചെയ്തിട്ടുണ്ട്. ‘സിനിമ വീരന്‍’ എന്ന ഡോക്യുമെന്ററിയും സംവിധാനം ചെയ്തു. ഐശ്വര്യ രജനികാന്ത് ‘സ്റ്റാന്‍ഡിംഗ് ഓണ്‍ ആന്‍ ആപ്പിള്‍ ബോക്സ്: ദ സ്റ്റോറി ഓഫ് എ ഗേള്‍ എമംഗ് ദ സ്റ്റാര്‍’ എന്ന പുസ്തകവും ഐശ്വര്യ രജനികാന്ത് എഴുതിയിട്ടുണ്ട്.

വിക്രത്തിന്റെ വിജയത്തിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം ‘ലിയോ’യില്‍ നിരവധി മലയാളി താരങ്ങളാണ് ഉള്ളത്. മാസ്റ്ററിനു ശേഷം വിജയ്യും ലോകേഷും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ബാബു ആന്റണി, മാത്യു എന്നിവര്‍ ഇതിനകം ചിത്രത്തില്‍ ചേര്‍ന്നിട്ടുണ്ട്. ദൃശ്യം 2 എന്ന ചിത്രത്തില്‍ വക്കീലായി എത്തിയ നടി ശാന്തി മായാദേവി ചെന്നൈയില്‍ ലിയോയുടെ സെറ്റില്‍ ജോയിന്‍ ചെയ്തു എന്നതാണ് ഏറ്റവും പുതിയ വിവരം. ലോകേഷ് കനകരാജുമൊത്തുള്ള ഒരു സെല്‍ഫിയും അവര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. ഓണ്‍ ലിയോ സെറ്റ് എന്നാണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്. 2021 ല്‍ ഒടിടി റിലീസായി എത്തിയ ദൃശ്യം 2വില്‍ ശാന്തി മായാദേവി ചെയ്ത വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജ്ജ്കുട്ടിക്കായി കോടതിയില്‍ വാദിക്കുന്ന വക്കീലായിരുന്നു ഇവരുടെ വേഷം. ഈ വക്കീല്‍ ജീവിതത്തിലും വക്കീലാണ്. ദൃശ്യം എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം എന്ന ചിത്രത്തിലും ശാന്തി മായാദേവി പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സഞ്ജയ് ദത്ത്, തൃഷ, പ്രിയ ആനന്ദ്, സാന്‍ഡി, സംവിധായകന്‍ മിഷ്‌കിന്‍, മന്‍സൂര്‍ അലി ഖാന്‍, ഗൌതം വസുദേവ് മേനോന്‍, അര്‍ജുന്‍ എന്നിവരും ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്. സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദര്‍ ആണ്. ഈ വര്‍ഷം ഒക്ടോബര്‍ 19 ന് ചിത്രം തിയറ്ററുകളില്‍ എത്തും.

എക്സ്റ്ററിന്റെ ബുക്കിങ് ആരംഭിച്ച് ഹ്യുണ്ടേയ്. മൈക്രോ എസ്യുവി വിപണിയില്‍ ടാറ്റ പഞ്ച്, മാരുതി ഇഗ്‌നിസ് എന്നിവയുമായി മത്സരിക്കുന്ന വാഹനം ഉടന്‍ വിപണിയിലെത്തും. ഇഎക്സ്, എസ്, എസ്എക്സ്, എസ്എക്സ്(ഒ), എസ്എക്സ് (ഒ) കണക്റ്റ് തുടങ്ങിയ വകഭേദങ്ങളില്‍ ആറു നിറങ്ങളിലായാണ് എക്സ്റ്റര്‍ വിപണിയിലെത്തുക. 1.2 ലിറ്റര്‍ കാപ്പ പെട്രോള്‍ എന്‍ജിനാണ് വാഹനത്തില്‍. ഇ20 ഫ്യൂവല്‍ റെഡി എന്‍ജിനൊടൊപ്പം 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനും സ്മാര്‍ട്ട് ഓട്ടോ എഎംടിയുമുണ്ട്. എക്സ്റ്ററിന്റെ കൂടുതല്‍ വിവരങ്ങള്‍ ഹ്യുണ്ടേയ് പുറത്തുവിട്ടിട്ടില്ല. 3.8 മീറ്റര്‍ നീളമുണ്ടാകും, പ്രതീക്ഷിക്കുന്ന വീതി 1,595 എംഎം, ഉയരം 1,575 എംഎം എന്നിങ്ങനെയാണ്. ഹ്യുണ്ടേയ് വാഹനങ്ങളില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത തരം മുന്‍ഭാഗമാണ് എക്സ്റ്ററിന്. ജൂലൈയില്‍ നിര്‍മാണം ആരംഭിക്കുന്ന മൈക്രോ എസ്യുവി ഓഗസ്റ്റില്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. ഇന്ത്യയില്‍ നിര്‍മിച്ച് രാജ്യാന്തര വിപണികളിലേക്കു വാഹനം കയറ്റുമതി ചെയ്യാനാണ് ഹ്യുണ്ടേയ് പദ്ധതി. ഹ്യുണ്ടേയ് ഗ്രാന്‍ഡ് ഐ10 നിയോസിന്റെ അതേ പ്ലാറ്റ്ഫോം തന്നെയായിരിക്കും എക്സ്റ്ററിനും. ഹ്യുണ്ടേയ് വെന്യു, വെന്യു എന്‍ലൈന്‍, ക്രേറ്റ, അല്‍കസാര്‍, കോന ഇലക്ട്രിക്, ട്യൂസോണ്‍, അയോണിക് 5 എന്നീ എസ്യുവികളുടെ നിരയിലേക്ക് എട്ടാമത്തെ മോഡലായാണ് മൈക്രോ എസ്യുവി എക്സ്റ്റര്‍ എത്തുന്നത്

സാമൂഹിക-സാംസ്‌കാരിക പ്രശ്‌നങ്ങള്‍, കക്ഷിരാഷ്ട്രീയം, കല, സാഹിത്യം, മതം, കുടുംബബന്ധങ്ങള്‍, ചരിത്രം, മനശ്ശാസ്ത്രം, ആരോഗ്യം, പരിസ്ഥിതി, ധനതത്വശാസ്ത്രം, തത്ത്വചിന്ത, ആത്മീയത… തുടങ്ങി ജീവിതത്തിന്റെ സര്‍വ്വമേഖലകളെയും സ്പര്‍ശിക്കുന്ന, പലപല ജീവിതസന്ധികളിലുള്ളവരുടെ ചോദ്യങ്ങള്‍ക്ക് എം.പി. നാരായണപിള്ളയ്ക്കു മാത്രം സ്വന്തമായ ശൈലിയിലുള്ള മൗലികവും ലളിതവും നര്‍മ്മംനിറഞ്ഞതുമായ ഉത്തരങ്ങള്‍. എം.പി. നാരായണപിള്ളയുടെ ശ്രദ്ധേയമായ പുസ്തകത്തിന്റെ പുതിയ പതിപ്പ്. ‘ഉരുളയ്ക്ക് ഉപ്പേരി’. എം.പി നാരായണപിള്ള, മാതൃഭൂമി. വില 212 രൂപ.

ആഴ്ചയില്‍ അരമണിക്കൂറില്‍ കൂടുതല്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് രക്തസമ്മര്‍ദ്ദം കൂടാന്‍ കാരണമാകുമെന്ന് പഠനം. ആളുകള്‍ മൊബൈലില്‍ എത്രനേരം സംസാരിക്കുന്നു എന്നത് ഹൃദയത്തിന്റെ ആരോഗ്യത്തെ ബാധിക്കും. കൂടുതല്‍ മിനിറ്റ് സംസാരിക്കുന്നുണ്ടെങ്കില്‍ ഹൃദ്രോഗ സാധ്യത കൂടുതലാണെന്നാണ് അര്‍ത്ഥം, ഗവേഷകര്‍ പറഞ്ഞു. 30നും 79വയസ്സിനും ഇടയില്‍ പ്രായമുള്ള ഏകദേശം 130 കോടി ആളുകള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടെന്നാണ് കണക്കുകള്‍. ഹൃദയാഘാതം, സ്‌ട്രോക്ക് തുടങ്ങിയ പല ഗുരുതര രോഗങ്ങള്‍ക്കും പ്രധാന കാരണമാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം. മൊബൈല്‍ ഫോണുകള്‍ കുറഞ്ഞ അളവില്‍ റേഡിയോ ഫ്രീക്വന്‍സി റേഡിയേഷന്‍ പുറപ്പെടുവിക്കുന്നതിനാല്‍ ഇതുമായി തുടര്‍ച്ചയായി ബന്ധപ്പെട്ടിരിക്കുന്നത് രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കാന്‍ കാരണമാകും. 37നും 73നും ഇടയില്‍ പ്രായമുള്ള രണ്ട് ലക്ഷത്തിലധികം ആളുകളിലാണ് പഠനം നടത്തിയത്. എത്ര വര്‍ഷം ഫോണ്‍ ഉപയോഗിച്ചു, ആഴ്ചയില്‍ എത്ര മണിക്കൂര്‍ ഉപയോഗിച്ചു തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ചാണ് പഠനം നടത്തിയത്. ആഴ്ചയില്‍ ഒരു തവണയെങ്കില്‍ മൊബൈല്‍ ഉപയോ?ഗിച്ച് ഫോണ്‍ വിളിക്കുകയോ സ്വീകരിക്കുകയോ ചെയ്തവരെ മൊബൈല്‍ ഉപയോഗിക്കുന്നവരായി കണക്കാക്കിയാണ് പഠനം നടത്തിയത്. ആഴ്ചയില്‍ ഒരു മണിക്കൂറില്‍ താഴെ മൊബൈലില്‍ സംസാരിക്കുന്നവരില്‍ രക്തസമ്മര്‍ദ്ദം കൂടാന്‍ എട്ട് ശതമാനമാണ് സാധ്യതയെങ്കില്‍ ഒന്ന് മുതല്‍ മൂന്ന് മണിക്കൂര്‍ വരെ സംസാരിക്കുന്നവരില്‍ ഇത് 13 ശതമാനമാണ്. നാല് മുതല്‍ ആറ് മണിക്കൂര്‍ വരെ ഫോണില്‍ സംസാരിക്കുന്നവര്‍ക്ക് രക്തസമ്മര്‍ദ്ദം കൂടാന്‍ 16 ശതമാനം സാധ്യതയുണ്ട്. ആറ് മണിക്കൂറില്‍ കൂടുതല്‍ ഫോണ്‍ ഉപയോഗിക്കുന്നവരില്‍ ഇത് 25 ശതമാനമാണ്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 81.78, പൗണ്ട് – 103.36, യൂറോ – 90.34, സ്വിസ് ഫ്രാങ്ക് – 92.14, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.48, ബഹറിന്‍ ദിനാര്‍ – 216.93, കുവൈത്ത് ദിനാര്‍ -266.88, ഒമാനി റിയാല്‍ – 212.69, സൗദി റിയാല്‍ – 21.80, യു.എ.ഇ ദിര്‍ഹം – 22.27, ഖത്തര്‍ റിയാല്‍ – 22.46, കനേഡിയന്‍ ഡോളര്‍ – 61.23.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *