◾കെ ഫോണ്‍ പദ്ധതിയിലും വന്‍ അഴിമതിയെന്ന് ആരോപണം. ഭാരത് ഇലക്ട്രോണിക്സിന് എസ്റ്റിമേറ്റിനേക്കാള്‍ 520 കോടി രൂപ ടെന്‍ഡര്‍ തുക കൂട്ടി നല്‍കി. അഴിമതിയില്‍ എസ്ആര്‍ഐടിക്കും ബന്ധമുണ്ട്. കെ ഫോണിലും ഉപകരാര്‍ നല്‍കിയത് ചട്ടങ്ങള്‍ ലംഘിച്ചാണ്. എഐ ക്യാമറ ഇടപാടിലെ അഴിമതിക്കു സമാനമായ അഴിമതിയാണെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉന്നയിച്ച ആരോപണം.
◾2018 ന് ശേഷമുള്ള ഐടി, വ്യവസായ വകുപ്പുകളിലെ എല്ലാ ഇടപാടുകളിലും സമഗ്രാന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ശാസ്ത്രീയമായി അഴിമതി നടത്തുന്നതില്‍ ഈ സര്‍ക്കാരിന് ഒന്നാം സ്ഥാനമാണ്. ഐ.ടി. സെക്രട്ടറിയായി ശിവശങ്കര്‍ വന്ന ശേഷം അഴിമതിയുടെ കേന്ദ്രമായി ഡിജിറ്റല്‍ വകുപ്പിനെ മാറ്റിയെന്നും എ ഐ. കാമറ തട്ടിപ്പില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
◾
◾എ ഐ ക്യാമറകള്‍ കണ്ടെത്തുന്ന മോട്ടോര്‍ വാഹന നിയമലംഘനങ്ങളില്‍ പിഴ ഈടാക്കല്‍ നടപടികള്‍ വൈകും. കെല്‍ട്രോണും മോട്ടോര്‍ വാഹന വകുപ്പും തമ്മിലുള്ള ധാരണാ പത്രം വൈകുന്നതാണു കാരണം. അന്വേഷണങ്ങളാണു ധാരണ പത്രം വൈകാന്‍ കാരണം. മെയ് 20 മുതല്‍ പിഴയീടാക്കാമെന്നായിരുന്നു നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്.
*ഉത്സവാഘോഷങ്ങള്‍ ഇനി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ പുതിയ വലിയ ഷോറൂമില്‍ തന്നെ*
പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂരിലെ പുതിയ വലിയ ഷോറൂമില്‍ ഇപ്പോള്‍ ഡിസൈനര്‍ റണ്ണിംഗ് മെറ്റീരിയല്‍സിന്റെ വിപുലീകരിച്ച വമ്പന്‍ ശേഖരം. തൃശ്ശൂരില്‍ ആദ്യമായി ഡൈയ്യിംഗ് ഫാബ്രിക്സിനായി എക്‌സ്‌ക്ലൂസീവ് സെക്ഷന്‍. സില്‍ക്ക്, ഷിഫോണ്‍, കോട്ടണ്‍ മെറ്റീരിയലുകളില്‍ ഉള്ള റെഡിമെഡ് സല്‍വാറുകളുടെ വിപുലീകരിച്ച സെക്ഷന്‍. ബ്രൈഡല്‍ ലെഹംഗ, ഗൗണ്‍, എന്നിവയുടെ ഇന്നോളം കാണാത്ത വലിയ ശേഖരവും. സാരികള്‍ക്ക് മാത്രമായുള്ള അതിവിപുലമായ സാരി ഫ്ലോറില്‍ വെഡ്ഡിംഗ് സാരികള്‍ക്ക് മാത്രമായി തയ്യാറാക്കിയ ബ്രൈഡല്‍ ലൗഞ്ച്. ഡിസൈനര്‍, സില്‍ക്ക്, കോട്ടണ്‍, ജ്യൂട്ട്, ടസ്സര്‍ സാരികളുടെ വേറിട്ട ശേഖരം. പുരുഷന്മാര്‍ക്കുള്ള വിവാഹ തുണിത്തരങ്ങളുടെ പുതുക്കിയ വിപുലമായ കളക്ഷനോടൊപ്പം പ്രത്യേക ഗ്രൂം സ്റ്റുഡിയോയും ബ്രാന്‍ഡഡ് തുണിത്തരങ്ങളുടെ ഏറ്റവും വലിയ ശേഖരവും. കുഞ്ഞുങ്ങളുടെ ആവശ്യങ്ങള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ വസ്ത്രങ്ങളുടെയും കളിപ്പാട്ടങ്ങളുടെയും മായാ പ്രപഞ്ചം.
*ഇനി ആഘോഷങ്ങള്‍ പാലസ് റോഡില്‍ തന്നെ*
◾ഈ വര്‍ഷത്തെ ആദ്യ ചന്ദ്രഗ്രഹണം നാളെ. രാത്രി 8.45 മുതല്‍ പുലര്‍ച്ചെ ഒരു മണിവരെയാണു ചന്ദ്രഗ്രഹണം. യൂറോപ്പ്, ഏഷ്യ, ഓസ്‌ട്രേലിയ, ആഫ്രിക്ക, പസഫിക്, അറ്റ്‌ലാന്റിക്, ഇന്ത്യന്‍ മഹാസമുദ്രം, അന്റാര്‍ട്ടിക്ക് എന്നിവിടങ്ങളില്‍ കാണാന്‍ സാധിക്കും.
◾കൂടത്തായി കൂട്ടക്കൊലക്കേസിലും കൂറുമാറ്റം. നൂറ്റമ്പത്തഞ്ചാം സാക്ഷിയും സിപിഎം പ്രാദേശിക നേതാവുമായ പ്രവീണ്‍ കുമാറാണ് പ്രതികള്‍ക്ക് അനുകൂലമായി കൂറുമാറിയത്. ഒന്നാം പ്രതി ജോളിക്കും നാലാം പ്രതി മനോജ് കുമാറിനും അനുകൂലമായാണ് ഇയാള്‍ കോടതിയില്‍ മൊഴി നല്‍കിയത്.
◾സൈബര്‍ അധിക്ഷേപത്തെ തുടര്‍ന്ന് കോട്ടയം കടുത്തുരുത്തിയില്‍ ആതിര ജീവനൊടുക്കിയ കേസിലെ പ്രതി അരുണ്‍ വിദ്യാധരന്‍ ലോഡ്ജില്‍ ആത്മഹത്യ ചെയ്ത നിലയില്‍. കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരിയിലെ അപ്സര ലോഡ്ജിലാണ് തൂങ്ങി മരിച്ചത്. ഈ മാസം രണ്ടിനാണ് രാകേഷ് കുമാര്‍ പെരിന്തല്‍മണ്ണ എന്ന പേരില്‍ അരുണ്‍ ഇവിടെ മുറിയെടുത്തത്.
◾അരിക്കൊമ്പന്‍ തമിഴ് നാട്ടിലെ ശ്രീവെല്ലി പുത്തൂര്‍ മേഖല കടുവ സങ്കേതത്തില്‍. ഇന്നലെ തമിഴ്നാട് വനത്തിലെ വട്ടത്തൊട്ടി മേഖല വരെ സഞ്ചരിച്ച അരിക്കൊമ്പന്‍ തിരികെ മേദകാനം ഭാഗത്തെ വനമേഖലയിലേക്ക് എത്തി. മംഗളദേവി ഉത്സവം നടക്കുന്നതിനാല്‍ ഈ ഭാഗത്ത് കൂടുതല്‍ വനപാലകരെ നിയോഗിച്ചിട്ടുണ്ട്.
◾വിവാദ സിനിമയായ ദ കേരള സ്റ്റോറിയുടെ പ്രദര്‍ശനം നിരോധിക്കുന്നതു പ്രായോഗികമല്ലെന്നു സംസ്ഥാന സര്‍ക്കാര്‍. സിനിമ ബഹിഷ്‌കരിക്കണമെന്നു പ്രചാരണം നടത്താനാണ് തീരുമാനം.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദര്‍ശനം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയതില്‍ ദുരൂഹതയുണ്ടെന്നും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കേന്ദ്രത്തിന്റെ നിലപാടില്‍ മുഖ്യമന്ത്രി നിശബ്ദനാണ്. മതിയായ കാരണങ്ങളില്ലാതെയാണ് മുഖ്യമന്ത്രിയുടെ വിദേശയാത്രയെ കേന്ദ്രം തടഞ്ഞതെങ്കില്‍ അതു കേരളത്തിനെ അപമാനിക്കുന്നതിനു തുല്യമാണെന്നും സുധാകരന്‍ പറഞ്ഞു.
◾മലപ്പുറം മേലാറ്റൂരില്‍ നാലു യുവാക്കളെ എംഡിഎംഎയുമായി പോലീസ് പിടികൂടിയ കേസില്‍ പിടിക്കപ്പെട്ടത് എംഡിഎംഎയോ മയക്കുമരുന്നോ അല്ലെന്നു റിപ്പോര്‍ട്ട്. രണ്ടു ലാബുകളിലെ പരിശോധനാ ഫലവും മയക്കുമരുന്നല്ലെന്നാണ്. 88 ദിവസം ജയിലില്‍ കിടന്ന നാലു പേര്‍ക്കും ജോലി നഷ്ടമായി. മറ്റൊരാളുടെ ഭാര്യ ഉപേക്ഷിച്ചുപോയി. മലപ്പുറം കരിഞ്ചാംപടി സ്വദേശികളായ ഷഫീഖ്, മുബഷിര്‍, റിഷാദ്, ഉബൈദുള്ള എന്നിവരെയാണ് പോലീസ് കള്ളക്കേസില്‍ കുടുക്കി വഴിയാധാരമാക്കിയത്.
◾പത്തനംതിട്ട മലയാലപ്പുഴയില്‍ മന്ത്രവാദകേന്ദ്രം അടിച്ചു തകര്‍ത്ത സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. മന്ത്രവാദ കേന്ദ്രത്തില്‍ പൂട്ടിയിട്ട മൂന്നു പേരെ മോചിപ്പിക്കാനാണ് സിപിഎം പ്രവര്‍ത്തകര്‍ എത്തിയത്. മന്ത്രവാദിനി ശോഭനയുടെ ബന്ധു രവീന്ദ്രന്റെ പരാതിയിലാണ് കേസെടുത്തത്.
◾കെട്ടിട നികുതി വര്‍ധിപ്പിച്ചതിനെതിരേ മലപ്പുറം ജില്ലയിലെ പകുതിയോളം തദ്ദേശ സ്ഥാപനങ്ങളും പ്രമേയം പാസാക്കി സര്‍ക്കാരിനയച്ചു. യുഡിഎഫിന്റെ നിയന്ത്രണത്തിലുള്ള തദ്ദേശ സ്ഥാപനങ്ങളാണ് സര്‍ക്കാര്‍ തീരുമാനത്തിനെതിരേ പ്രമേയം പാസാക്കിയത്.
◾കൊല്ലം അഞ്ചലില്‍ പൊലീസ് ജീപ്പ് മറിഞ്ഞ് മൂന്നു പൊലീസുകാര്‍ക്കു പരിക്കേറ്റു. ഏരൂര്‍ പൊലീസിന്റെ ജീപ്പാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റ എസ്ഐ വേണു, എഎസ്ഐ ശ്രീകുമാര്‍, സിപിഒ ആരുണ്‍ എന്നിവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾ബ്രിജ് ഭൂഷണെതിരായ ഗുസ്തിതാരങ്ങളുടെ പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ കൂടുതല്‍ ഇടപെടുന്നില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്. പരാതിക്കാര്‍ക്ക് എന്തെങ്കിലും വിഷയം ഉയര്‍ന്നാല്‍ മജിസ്ട്രേറ്റിനെയോ ഹൈക്കോടതിയെയോ സമീപിക്കാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
◾ഇഡി ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി മൂന്നാമതും നീട്ടുന്നതില്‍ കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. ഈ പദവിയിലേക്ക് പരിഗണിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റില്‍ മറ്റ് ഉദ്യോഗസ്ഥരില്ലേയെന്ന് ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. ഒരു പ്രധാനമന്ത്രി കൊല്ലപ്പെട്ടിട്ടുകൂടി മുന്‍പോട്ട് പോയ രാജ്യമാണിതെന്ന് ഓര്‍ക്കണമെന്നും കോടതി കേന്ദ്രത്തോട് പറഞ്ഞു.
◾ഡിഎംകെ എംപി കനിമൊഴിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീം കോടതി തളളി. മദ്രാസ് ഹൈക്കോടതിയിലുള്ള ഹര്‍ജിയില്‍ കനിമൊഴി നല്‍കിയ അപ്പീലിന്മേലാണ് നടപടി. 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ വിദേശിയായ ഭര്‍ത്താവിന്റെ പാന്‍ കാര്‍ഡ് വിവരങ്ങള്‍ മറച്ചുവച്ചെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. ഭര്‍ത്താവിന് പാന്‍ കാര്‍ഡില്ലെന്നും വിവരങ്ങള്‍ മറച്ച് വച്ചിട്ടില്ലെന്നുമുള്ള കനിമൊഴിയുടെ വാദം അംഗീകരിച്ചാണ് കോടതി നടപടി.
◾വിദേശ സര്‍വകലാശാലകളില്‍നിന്ന് വിദ്യാഭ്യാസം നേടിയ അഭിഭാഷകരും ന്യായാധിപരും ഭാരതീയമായി തന്നെ ചിന്തിക്കണമെന്ന് നിയമമന്ത്രി കിരണ്‍ റിജ്ജു. വിദേശ വിദ്യാഭ്യാസം നേടിയവര്‍ ഇംഗ്ലീഷില്‍ ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്നു. അവര്‍ ‘ഇന്ത്യന്‍’ ആയിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
◾ജമ്മു കാഷ്മീരിലെ ബാരാമുള്ളയില്‍ സുരക്ഷാ സേന രണ്ടു ഭീകരരെ വധിച്ചു. വാനിഗാം പയീന്‍ ക്രീരി മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരരില്‍നിന്ന് എകെ 47 തോക്ക് ഉള്‍പ്പടെയുള്ള വെടിക്കോപ്പുകള്‍ കണ്ടെടുത്തു.
◾ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ 45 കോടി ചെലവിട്ട് നവീകരിച്ച ഔദ്യോഗിക വസതി ജനങ്ങള്‍ക്കു കാണിച്ചുകൊടുക്കണമെന്ന് ബിജെപി. കേജരിവാളിനെതിരേ സമരം ശക്തമാക്കാനാണു ബിജെപി തീരുമാനം.
◾ഛത്തീസ്ഗഢിലെ ദാംധാരി ജില്ലയില്‍ എസ് യു വി കാറും ട്രക്കും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 10 പേര്‍ മരിച്ചു. അഞ്ച് സ്ത്രീകളും രണ്ടു കുട്ടികളും അടക്കമുള്ളവരാണു മരിച്ചത്. വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയവരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
◾മധ്യപ്രദേശില്‍ 50 ലക്ഷം രൂപ വിലവരുന്ന 505 ഗ്രാം ബ്രൗണ്‍ ഷുഗറുമായി അമ്മയും മകനും അറസ്റ്റില്‍. മന്ദ്സൗര്‍ ടൗണില്‍നിന്ന് ഇന്‍ഡോറിലേക്കു ബസില്‍ യാത്ര ചെയ്തിരുന്ന 55 കാരിയുടേയും മകനായി 24 കാരന്റേയും കൈയില്‍നിന്നാണ് ബ്രൗണ്‍ ഷുഗര്‍ പിടികൂടിയത്.
◾ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗോശാലയിലെ 17 പശുക്കളെ കശാപ്പു ചെയ്ത നിലയില്‍ കണ്ടെത്തി. രണ്ട് ദിവസങ്ങളിലായാണ് ഇറ്റാ ജില്ലയിലെ രണ്ടു ഗ്രാമങ്ങളില്‍ നിന്ന് 17 പശുക്കളെ അറുത്ത നിലയില്‍ കണ്ടെത്തിയത്.
◾ഷാങ്ഹായ് സഹകരണ സംഘടനാ യോഗത്തില്‍ പങ്കെടുക്കാന്‍ പാക് വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ ഇന്ത്യയിലേക്ക്. ഗോവയിലെ ഉച്ചകോടിയിലാണ് പാക് വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ പങ്കെടുക്കുന്നത്. 2016 നു ശേഷം പാക് വിദേശകാര്യമന്ത്രിമാര്‍ ഇന്ത്യ സന്ദര്‍ശിച്ചിട്ടില്ല.
◾റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിനെ വധിക്കാന്‍ ക്രെംലിനിലില്‍ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന റഷ്യന്‍ ആരോപണം യുക്രൈന്‍ പ്രസിഡന്റ് വൊളാഡിമിര്‍ സെലന്‍സ്‌കി നിഷേധിച്ചു. പുടിനെയോ ക്രെംലിനെയോ ആക്രമിച്ചിട്ടില്ല. യുക്രൈനിലെ നഗരങ്ങളും ഗ്രാമങ്ങളും സംരക്ഷിക്കുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നത്. സെലന്‍സ്‌കി പറഞ്ഞു. തിരിച്ചടി ഉണ്ടാകുമെന്നാണ് റഷ്യയുടെ മുന്നറിയിപ്പ്.
◾ഐപിഎല്ലില്‍ ഇന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമായി ഏറ്റുമുട്ടും. വൈകീട്ട് 7.30 നാണ് മത്സരം.
◾ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയിലേക്ക് കുതിച്ചുയര്‍ന്ന് സ്വര്‍ണവില. ഇന്ന് പവന് 400 രൂപ കൂടി 45,600 രൂപയായതോടെയാണ് പുതിയ ചരിത്രം കുറിച്ചത്. ഗ്രാമിന് 50 രൂപ കൂടി 5,700 രൂപയായി. ഈ വര്‍ഷം ഏപ്രില്‍ 14ന് രേഖപ്പെടുത്തിയ 45,320 രൂപയായിരുന്നു ഇതിന് മുമ്പുള്ള ഏറ്റവും ഉയര്‍ന്ന വില. ഈ റെക്കോഡാണ് ഇന്ന് ഭേദിച്ചത്. ഇന്നലെ പവന് 640 രൂപയും ഗ്രാമിന് 80 രൂപയുമാണ് കൂടിയത്. 45,200 രൂപയായിരുന്നു പവന്‍ വില. 44,560 രൂപയായിരുന്നു തിങ്കള്‍, ചൊവ്വ ദിവസങ്ങളിലെ വില. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് 0.25 ശതമാനം വര്‍ധിപ്പിച്ച് അഞ്ചില്‍ നിന്നും അഞ്ചേകാല്‍ ശതമാനമാക്കി ഉയര്‍ത്തിയതാണ് സ്വര്‍ണ വില പുതിയ റെക്കോഡിലേക്ക് ഉയരാന്‍ ഇടയാക്കിയത്. ഫെഡറല്‍ റിസര്‍വ് പ്രഖ്യാപനങ്ങള്‍ പുറത്തുവന്നതോടെ സ്വര്‍ണ വിലയില്‍ ട്രായ് ഔണ്‍സിന് 50 ഡോളറാണ് വര്‍ധിച്ചത്. അന്താരാഷ്ട്ര വില എക്കാലത്തെയും ഉയര്‍ന്ന വിലയായ 2077 ഡോളറില്‍ എത്തിയ ശേഷം 2045 ഡോളറിലേക്ക് താഴ്ന്നു. ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിന്റെ തകര്‍ച്ചയെ തുടര്‍ന്ന് അമേരിക്കന്‍ സമ്പദ്ഘടനയ്ക്ക് വീണ്ടും തിരിച്ചടി നേരിട്ടതാണ് പ്രതിസന്ധിക്കിടയാക്കിയത്. അടിക്കടിയുള്ള ബാങ്കുകളുടെ തകര്‍ച്ച യു.എസ് സമ്പദ്ഘടനയ്ക്ക് കനത്ത തിരിച്ചടിയാണുണ്ടാക്കുന്നത്.
◾പേടിഎമ്മിന് പിന്നാലെ ഡിജിറ്റല്‍ പേയ്മന്റെ് പ്ലാറ്റ്‌ഫോമായ ഫോണ്‍പേയിലും യുപിഐ ലൈറ്റ് ഫീച്ചര്‍ അവതരിപ്പിച്ചു. ഉപഭോക്താക്കള്‍ക്ക് ഇനി മുതല്‍ പിന്‍ നല്‍കാതെ ഇടപാടുകള്‍ നടത്താവുന്നതാണ്. അതായത് യുപിഐ ലൈറ്റിന്റെ വരവോടെ ചില നിയന്ത്രണങ്ങളോടെ ഉപഭോക്താക്കള്‍ക്ക് ഈസിയായി ഇടപാടുകള്‍ നടത്താന്‍ കഴിയുമെന്ന് ചുരുക്കം. 200 രൂപയില്‍ താഴെ മൂല്യമുള്ള പേയ്‌മെന്റുകളാണ് ഇത് വഴി നടത്താന്‍ കഴിയുക. ഉപഭോക്താക്കളുടെ ബാങ്കുകളുടെ കോര്‍ ബാങ്കിംഗ് സംവിധാനത്തിലേക്ക് പോകാതെ തന്നെ, യുപിഐ ലൈററ് ഫീച്ചര്‍ വഴി, പിന്‍ നമ്പര്‍ നല്‍കാതെ വേഗത്തില്‍ ട്രാന്‍സാക്ഷന്‍ നടത്താം. യുപിഐ ലൈറ്റ് ബാലന്‍സില്‍ നിന്ന് തുക നേരിട്ട് ഡെബിറ്റ് ചെയ്യപ്പെടുന്നതിനാലാണ് ഇടപാടുകള്‍ വേഗത്തിലാകുന്നത്. പിന്‍ നമ്പര്‍ നല്‍കേണ്ടാത്തതിനാല്‍, ഇത് ഇടപാടുകളെ കൂടുതല്‍ തടസ്സങ്ങളില്ലാത്തതും സാധാരണ യുപിഐ ഇടപാടുകളേക്കാള്‍ വേഗമേറിയതുമാക്കുകയും ഇടപാടുകള്‍ പരാജയപ്പെടാതിരിക്കാന്‍ കാരണമാവുകയും ചെയ്യുന്നു. ആദ്യം ഫോണ്‍പേ ആപ്പ് ഓപ്പണ്‍ ചെയ്ത് ഹോം സ്‌ക്രീനില്‍ ലഭ്യമായ യുപിഐ ലൈറ്റ് പ്രവര്‍ത്തനക്ഷമമാക്കുക എന്നതില്‍ ക്ലിക്ക് ചെയ്യുക. യുപിഐ ലൈറ്റില്‍ ചേര്‍ക്കേണ്ട തുക നല്‍കിയതിനുശേഷം ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുക്കുക. നിങ്ങളുടെ യുപിഐ പിന്‍ നല്‍കുക, നിങ്ങളുടെ ലൈറ്റ് അക്കൗണ്ട് പ്രവര്‍ത്തനക്ഷമമാകും.
◾അന്ന ബെനും അര്‍ജുന്‍ അശോകനും കേന്ദ്രകഥാപാത്രങ്ങളാകുന്ന കോമഡി ചിത്രം ‘ത്രിശങ്കു’വിന്റെ ട്രെയ്ലറിന് മികച്ച പ്രേക്ഷക പ്രതികരണം. നവാഗതനായ അച്യുത് വിനായകാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സേതുവും മേഘയും ഒളിച്ചോടി വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്ന അന്നേ ദിവസം സേതുവിന്റെ സഹോദരി മറ്റൊരാളോടൊപ്പം ഒളിച്ചോടുന്നു. പിന്നീടുണ്ടാകുന്ന സംഭവങ്ങളാണ് ‘ത്രിശങ്കു’വില്‍ ചുരുളഴിയുന്നത്. സേതുവിനെ അര്‍ജുന്‍ അശോകനും മേഘയെ അന്ന ബെന്നും അവതരിപ്പിക്കുന്നു. മേയ് 26 ന് ‘ത്രിശങ്കു’ തിയറ്ററുകളിലെത്തും. മാച്ച്ബോക്‌സ് ഷോട്‌സ് മലയാളത്തില്‍ ആദ്യമായി നിര്‍മിക്കുന്ന സിനിമയാണ് ‘ത്രിശങ്കു’. സുരേഷ് കൃഷ്ണ, സെറിന്‍ ഷിഹാബ്, നന്ദു, ഫാഹിം സഫര്‍, ശിവ ഹരിഹരന്‍, കൃഷ്ണകുമാര്‍, ബാലാജി മോഹന്‍ തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
◾ഷമല്‍ സുലൈമാന്‍ സംവിധാനം ചെയ്ത ‘ജാക്സണ്‍ ബസാര്‍ യൂത്ത’് എന്ന ചിത്രത്തിന്റെ റിലീസ് തീയതി അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചു. മെയ് 19 ന് ചിത്രം തിയറ്ററുകളില്‍ എത്തും. ലുക്മാന്‍ അവറാന്‍, ജാഫര്‍ ഇടുക്കി, ഇന്ദ്രന്‍സ്, ചിന്നു ചാന്ദിനി, അഭിരാം രാധാകൃഷ്ണന്‍, ഫാഹിം സഫര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിലെ ‘പള്ളിപെരുന്നാള്‍’ എന്ന ഗാനം ഇതിനോടകം പ്രേക്ഷകരുടെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചിട്ടുണ്ട്. സക്കരിയ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് ഉസ്മാന്‍ മാരാത്ത് ആണ്. കണ്ണന്‍ പട്ടേരി ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് അപ്പു എന്‍ ഭട്ടത്തിരി, ഷൈജാസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.
◾ഇന്നോവ ക്രിസ്റ്റയുടെ ഉയര്‍ന്ന വകഭേദങ്ങളുടെ വില 23.79 ലക്ഷം മുതല്‍ 25.43 ലക്ഷം രൂപ വരെ. വിഎക്സ് 7 സീറ്റ്, മോഡലിന് 23.79 ലക്ഷം രൂപയും വിഎക്സ് എട്ടു സീറ്റ് മോഡലിന് 23.84 ലക്ഷം രൂപയും ഇസഡ് എകസ് 7 സീറ്റ് മോഡലിന് 25.43 ലക്ഷം രൂപയുമാണ് വില. നേരത്തെ ജി, ജിഎക്സ് വകഭേദങ്ങളുടെ വില ടൊയോട്ട പ്രഖ്യാപിച്ചിരുന്നു. യഥാക്രമം 19.13 ലക്ഷം രുപയും 19.99 ലക്ഷം രൂപയുമാണ് ഈ മോഡലുകളുടെ വില. ബുക്കിങ് അധികമായതിനെ തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം ഇന്നോവ ക്രിസ്റ്റ ഡീസലിന്റെ ബുക്കിങ് കമ്പനി നിര്‍ത്തി വച്ചിരുന്നു. തുടര്‍ന്നാണ് ചെറിയ മാറ്റങ്ങളും ഡീസല്‍ എന്‍ജിനുമായി 2023 ക്രിസ്റ്റയെ ടൊയോട്ട വിപണിയില്‍ എത്തിച്ചത്. അടുത്തിടെ പുറത്തിറങ്ങിയ ഇന്നോവ ഹൈക്രോസിനൊപ്പം ഇന്നോവ ക്രിസ്റ്റയും വില്‍പനയ്ക്കുണ്ടാകും. മുന്‍ഭാഗത്ത് ചെറിയ മാറ്റങ്ങളോടെയാണ് പുതിയ ഇന്നോവ എത്തിയിരിക്കുന്നത്. നാലു വകഭേദങ്ങളില്‍ ഏഴ്, എട്ട് സീറ്റ് പതിപ്പുകളാണ് ഇന്നോവ ക്രിസ്റ്റ വില്‍പനയ്ക്ക് എത്തുക. 2.4 ഡീസല്‍ എന്‍ജിനാണ് ക്രിസ്റ്റയില്‍. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് മാത്രമാണ് ലഭിക്കുക. ഇക്കോ, പവര്‍ ഡ്രൈവ് മോഡലുകളും പുതിയ മോഡലിലുണ്ട്.
◾കുട്ടികള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന 24 കഥകളാണ് ഈ പുസ്തകത്തിലുള്ളത്. പുസ്തകങ്ങളില്‍ ആഹ്ലാദമുണ്ട്. പുസ്തകങ്ങളില്‍ കാഴ്ചയുണ്ട്. അത്ഭുതമുണ്ട്. ജ്ഞാനമുണ്ട്. രസിക്കാം. ചിരിക്കാം. ചിന്തിക്കാം. നന്മ ചെയ്യാം. നല്ലവരാകാം. ബാലമനസ്സുകളില്‍ അത്ഭുതവും ആനന്ദവും വിജ്ഞാനവും വിടര്‍ത്തുന്ന ഈ കഥകള്‍ അവരെ രസിപ്പിക്കും. അതുവഴി നന്മയില്‍ വളരാനും നല്ലവരാകാനുമുള്ള വഴി അവര്‍ക്ക് തുറന്നു കിട്ടുകയും ചെയ്യും. ‘തേന്‍കുറിഞ്ഞിയും രാജകുമാരനും’. സിപ്പി പള്ളിപ്പുറം. ഗ്രീന്‍ ബുക്സ്. വില 111 രൂപ.
◾അയണും സിങ്കും ഫൈബറും അധികമുള്ള ഭക്ഷണക്രമവും നിത്യവുമുള്ള ചായ കുടിയും മഞ്ഞളിന്റെ ഉപയോഗവുമെല്ലാം ഇന്ത്യയിലെ കോവിഡ് തീവ്രതയും മരണനിരക്കും കുറച്ചതായി പഠന റിപ്പോര്‍ട്ട്. കോവിഡ് മഹാമാരിക്കാലത്ത് ഉയര്‍ന്ന ജനസംഖ്യയുള്ള ഇന്ത്യയുടെ കോവിഡ് മരണനിരക്ക് ജനസംഖ്യ കുറഞ്ഞ പല പാശ്ചാത്യ രാജ്യങ്ങളെയും അപേക്ഷിച്ച് 5-8 മടങ്ങ് കുറവായിരുന്നു. ഇതിന് പിന്നില്‍ ഇന്ത്യക്കാരുടെ ഭക്ഷണക്രമത്തിന് വലിയ പങ്കുണ്ടെന്ന് ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. ഇന്ത്യയ്ക്കു പുറമേ ബ്രസീല്‍, ജോര്‍ദാന്‍, സ്വിറ്റ്സര്‍ലന്‍ഡ്, സൗദി അറേബ്യ എന്നിവിടങ്ങളിലെയും ശാസ്ത്രജ്ഞര്‍ ഗവേഷണത്തില്‍ പങ്കെടുത്തു. പശ്ചിമ ബംഗാളിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റീവ് ഒമിക്സ് ആന്‍ഡ് അപ്ലൈഡ് ബയോടെക്നോളജിയിലെ സെന്റര്‍ ഫോര്‍ ജീനോമിക്സ് ആന്‍ഡ് അപ്ലൈഡ് ജീന്‍ ടെക്നോളജിയും ട്രാന്‍സ്ലേഷണല്‍ ഹെല്‍ത്ത് സയന്‍സസിലെ പോളിസി സെന്റര്‍ ഫോര്‍ ബയോമെഡിക്കല്‍ റിസര്‍ച്ചും ഗവേഷണത്തിന് നേതൃത്വം നല്‍കി. ഇന്ത്യന്‍ ഭക്ഷണങ്ങളിലെ പലതരം ഘടകങ്ങള്‍ ശരീരത്തിനുള്ളിലെ സൈറ്റോകീന്‍ പ്രവാഹത്തെ അമര്‍ത്തി രോഗതീവ്രത കുറയ്ക്കുന്നുണ്ടാകാമെന്ന് ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. നിത്യവും ചായ കുടിക്കുന്ന ഇന്ത്യന്‍ ശീലം ഇന്ത്യക്കാരുടെ ശരീരത്തിലെ നല്ല കൊളസ്ട്രോളായ എച്ച്ഡിഎല്‍ തോത് ഉയര്‍ത്തുന്നുണ്ടെന്നും ഗവേഷകര്‍ പറയുന്നു. ചായയിലെ കറ്റേച്ചിനുകള്‍ രക്തത്തിലെ ട്രൈഗ്ലിസറൈഡ് തോതും കുറയ്ക്കുന്നു. കറികളിലും മറ്റും മഞ്ഞള്‍ ചേര്‍ക്കുന്ന ശീലം ഇന്ത്യക്കാരുടെ പ്രതിരോധശേഷി ഉയര്‍ത്തുന്നതായും റിപ്പോര്‍ട്ട് അഭിപ്രായപ്പെടുന്നു. ലോകാരോഗ്യ സംഘടനയുടെ 2023 ഏപ്രില്‍ 26 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയില്‍ 4.49 കോടി പേര്‍ക്ക് കോവിഡ് ബാധിക്കുകയും 5,31,369 പേര്‍ മരണപ്പെടുകയും ചെയ്തു. എന്നാല്‍ ജനസംഖ്യാനുപാതികമായി നോക്കുമ്പോള്‍ ഇന്ത്യയിലെ മരണനിരക്ക് പല രാജ്യങ്ങളെയും അപേക്ഷിച്ച് കുറവാണ്. 11,21,819 പേര്‍ മരണപ്പെട്ട അമേരിക്കയാണ് പട്ടികയില്‍ ഒന്നാമത്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 81.78, പൗണ്ട് – 102.74, യൂറോ – 90.34, സ്വിസ് ഫ്രാങ്ക് – 92.21, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.49, ബഹറിന്‍ ദിനാര്‍ – 216.92, കുവൈത്ത് ദിനാര്‍ -266.96, ഒമാനി റിയാല്‍ – 212.45, സൗദി റിയാല്‍ – 21.81, യു.എ.ഇ ദിര്‍ഹം – 22.27, ഖത്തര്‍ റിയാല്‍ – 22.47, കനേഡിയന്‍ ഡോളര്‍ – 60.07.