◾കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്ടറെ പോലീസ് കസ്റ്റഡിയിലെ പ്രതി കുത്തിക്കൊന്നു. ഹൗസ് സര്‍ജന്‍ കോട്ടയം മാഞ്ഞൂര്‍ സ്വദേശിനി ഡോ. വന്ദനദാസ് (25) ആണു കൊല്ലപ്പെട്ടത്. പ്രതി പൂയപ്പള്ളി സ്വദേശി കുടവെട്ടൂര്‍ ശ്രീനിലയത്തില്‍ എസ്. സന്ദീപിനെ (42) അറസ്റ്റു ചെയ്തു. മയക്കുമരുന്നിന് അടിമയും നെടുമ്പന യുപി സ്‌കൂള്‍ അധ്യാപകനുമായ ഇയാളെ പൊലീസ് പരിശോധനയ്ക്കും ചികില്‍സയ്ക്കും എത്തിച്ചതായിരുന്നു. ഇയാളുടെ കാലിലെ മുറിവിനു ചികില്‍സ നല്‍കുമ്പോഴാണ് സര്‍ജിക്കല്‍ കത്രിക കൈക്കലാക്കി ഡോക്ടറെ കുത്തിയത്. ആറു കുത്തേറ്റ ഡോക്ടറെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചതെങ്കിലും രക്ഷിക്കാനായില്ല. മുട്ടുചിറ നമ്പിച്ചിറക്കാലായില്‍ കെ.ജി. മോഹന്‍ദാസിന്റേയും വസന്തകുമാരിയുടേയും ഏകമകളാണ് കൊല്ലപ്പെട്ട വന്ദന.
◾കൊട്ടാരക്കരയിലെ ആശുപത്രിയില്‍ ഡോക്ടറെ രോഗി കുത്തിക്കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ എല്ലാ ഡോക്ടര്‍മാരും പണിമുടക്കി. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരെല്ലാം നാളെ രാവിലെവരെ പണിമുടക്കും. എല്ലാ ആശുപത്രികളും കേന്ദ്രീകരിച്ചും നഗരങ്ങളിലും ഡോക്ടര്‍മാരുടെ സംഘടനകളുടേയും ഐഎംഎയുടേയും നേതൃത്വത്തില്‍ പ്രതിഷേധ റാലികള്‍ നടത്തി. ഡോക്ടര്‍മാരുടെ മിന്നല്‍ പണിമുടക്കുമൂലം രോഗികള്‍ വലഞ്ഞു. ആശുപത്രികളിലെ അത്യാഹിത വിഭാഗം മാത്രമാണു പ്രവര്‍ത്തിച്ചത്.
◾ലഹരിക്ക് അടിമയായി അക്രമാസക്തനായ പ്രതിയെ പോലീസ് ഒരു സുരക്ഷാ ക്രമീകരണവുമില്ലാതെയാണ് ആശുപത്രിയില്‍ എത്തിച്ചത്. വീട്ടില്‍ അക്രമങ്ങള്‍ക്കിടെ പരിക്കേറ്റ ഇയാളെ വിലങ്ങുവയ്ക്കാതെയാണ് പോലീസ് ആശുപത്രിയില്‍ എത്തിച്ചത്. പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് സംഭവം. വീട്ടില്‍ ആക്രമണത്തില്‍ പൊറുതിമുട്ടി ബന്ധുക്കളുടെ പരാതിയിലാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രതിയുടെ ആക്രമണത്തില്‍ ആശുപത്രിയിലെ ഹോംഗാര്‍ഡ് അലക്സ് കുട്ടി, കൊട്ടാരക്കര പോലീസ് സ്റ്റേഷനിലെ എസ്ഐ മണിലാല്‍ എന്നിവര്‍ക്കും കുത്തേറ്റു.
*ഉത്സവാഘോഷങ്ങള്‍ ഇനി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ പുതിയ വലിയ ഷോറൂമില്‍ തന്നെ*
പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂരിലെ പുതിയ വലിയ ഷോറൂമില്‍ ഇപ്പോള്‍ ഡിസൈനര്‍ റണ്ണിംഗ് മെറ്റീരിയല്‍സിന്റെ വിപുലീകരിച്ച വമ്പന്‍ ശേഖരം. തൃശ്ശൂരില്‍ ആദ്യമായി ഡൈയ്യിംഗ് ഫാബ്രിക്സിനായി എക്‌സ്‌ക്ലൂസീവ് സെക്ഷന്‍. സില്‍ക്ക്, ഷിഫോണ്‍, കോട്ടണ്‍ മെറ്റീരിയലുകളില്‍ ഉള്ള റെഡിമെഡ് സല്‍വാറുകളുടെ വിപുലീകരിച്ച സെക്ഷന്‍. ബ്രൈഡല്‍ ലെഹംഗ, ഗൗണ്‍, എന്നിവയുടെ ഇന്നോളം കാണാത്ത വലിയ ശേഖരവും. സാരികള്‍ക്ക് മാത്രമായുള്ള അതിവിപുലമായ സാരി ഫ്ലോറില്‍ വെഡ്ഡിംഗ് സാരികള്‍ക്ക് മാത്രമായി തയ്യാറാക്കിയ ബ്രൈഡല്‍ ലൗഞ്ച്. ഡിസൈനര്‍, സില്‍ക്ക്, കോട്ടണ്‍, ജ്യൂട്ട്, ടസ്സര്‍ സാരികളുടെ വേറിട്ട ശേഖരം. പുരുഷന്മാര്‍ക്കുള്ള വിവാഹ തുണിത്തരങ്ങളുടെ പുതുക്കിയ വിപുലമായ കളക്ഷനോടൊപ്പം പ്രത്യേക ഗ്രൂം സ്റ്റുഡിയോയും ബ്രാന്‍ഡഡ് തുണിത്തരങ്ങളുടെ ഏറ്റവും വലിയ ശേഖരവും. കുഞ്ഞുങ്ങളുടെ ആവശ്യങ്ങള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ വസ്ത്രങ്ങളുടെയും കളിപ്പാട്ടങ്ങളുടെയും മായാ പ്രപഞ്ചം.
*ഇനി ആഘോഷങ്ങള്‍ പാലസ് റോഡില്‍ തന്നെ*
തൃശ്ശൂരിലെ പുളിമൂട്ടിൽ സിൽക്സിലെ വിശേഷങ്ങളറിയാം:
https://youtu.be/4-sqhUbTNeU
◾താനൂര്‍ ബോട്ട് അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജസ്റ്റിസ് വി കെ മോഹനന്റെ നേതൃത്വത്തിലുള്ള ജുഡീഷ്യല്‍ കമ്മീഷനെ സര്‍ക്കാര്‍ നിയമിച്ചു. സംസ്ഥാനത്തെ മുഴുവന്‍ യാനങ്ങളിലും സ്പെഷ്യല്‍ സ്‌ക്വാഡ് പരിശോധന നടത്താന്‍ തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ബോട്ടുകളില്‍ കയറ്റാവുന്ന പരമാവധി യാത്രക്കാരുടെ എണ്ണം പൊതുജനങ്ങള്‍ക്ക് കാണാവുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കും. തദ്ദേശസ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ ജാഗ്രതാ സമിതികള്‍ രൂപീകരിക്കും.
◾താനൂര്‍ ബോട്ട് ദുരന്തത്തില്‍ ബോട്ട് ഡ്രൈവര്‍ ദിനേശന്‍ താനൂരില്‍ പൊലീസിന്റെ പിടിയില്‍. ഡ്രൈവര്‍ക്ക് ലൈസന്‍സ് ഉണ്ടായിരുന്നില്ല. 22 പേര്‍ക്ക് സഞ്ചരിക്കാന്‍ ശേഷിയുള്ള ബോട്ടിലാണ് 37 പേരെ കയറ്റിയത്. കൂടുതല്‍ യാത്രക്കാരെ കുത്തിനിറച്ചതാണ് അപകട കാരണമെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
◾
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾ലോക്സഭയിലേക്ക് ഇനി മല്‍സരിക്കാനില്ലെന്ന് കെ. മുരളീധരനും ടി.എന്‍. പ്രതാപനും കോണ്‍ഗ്രസ് ലീഡേഴ്സ് മീറ്റില്‍. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ബെന്നി ബഹനാനും ഇടപെട്ടതോടെ നേതൃത്വം നിര്‍ബന്ധിച്ചാല്‍ മല്‍സരിക്കാമെന്ന് ഇരുവരും തിരുത്തുകയും ചെയ്തു.
◾കെ. മുരളീധരന്‍ എംപിയുടെ കാര്‍ ഡ്രൈവറും മകനും കോഴിക്കോട് ബൈക്കും കാറും കൂട്ടിയിടിച്ച് മരിച്ചു. വെസ്റ്റ് ഹില്‍ സ്വദേശി അതുല്‍ (24), രണ്ടു വയസുള്ള മകന്‍ അന്‍വിഖ് എന്നിവരാണ് മരിച്ചത്. അതുലിന്റെ ഭാര്യ മായയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെ മുരളീധരന്‍ എംപിയുടെ ഡ്രൈവറാണ് മരിച്ച അതുല്‍. കോരപ്പുഴ പാലത്തിന് സമീപം ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ കാര്‍ ഇടിക്കുകയായിരുന്നു.
◾ആശുപത്രിയില്‍ വനിതാ ഡോക്ടറെ കുത്തിക്കൊന്ന സംഭവത്തില്‍ പൊലീസിനു വീഴ്ചയില്ലെന്ന അവകാശവാദവുമായി എഡിജിപി എംആര്‍ അജിത് കുമാര്‍. മയക്കുമരുന്നിന് അടിമയായ സന്ദീപിനെ ആശുപത്രിയില്‍ എത്തിച്ചത് പ്രതി എന്ന നിലയിലല്ല, പരാതിക്കാരനെന്ന നിലയിലായിരുന്നെന്നാണ് പോലീസ് പറയുന്നത്. തന്നെ ആക്രമിക്കുന്നെന്ന് സന്ദീപാണ് പോലീസില്‍ വിളിച്ച് അറിയിച്ചതെന്നാണു പോലീസ് പറയുന്നത്. ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോള്‍ ഇയാള്‍ അക്രമാസക്തനായിരുന്നില്ലെന്നാണ് പൊലീസിന്റെ വിശദീകരണം.
◾യുവ വനിതാ ഡോക്ടര്‍ വന്ദനദാസ് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട സംഭവത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സമഗ്ര അന്വേഷണം നടത്തുമെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും കിംസ് ആശുപത്രിയിലെത്തി വന്ദന ദാസിന്റെ മാതാപിതാക്കളെ കണ്ടു.
◾കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ വൈദ്യ പരിശോധനക്കിടെ ഡോ. വന്ദനദാസ് കുത്തേറ്റു മരിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം. ഇന്ന് ഉച്ചക്ക് ഹൈക്കോടതി പ്രത്യക സിറ്റിംഗ് നടത്തും. ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ ജസ്റ്റീസ് കൗസര്‍ എടപ്പഗത്ത് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്.
◾ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമത്തിനെതിരെ നിയമം ശക്തമാക്കുമെന്നും അതിക്രമം തടയാന്‍ ഓര്‍ഡിനന്‍സ് ഇറക്കുമെന്നും മന്ത്രി വീണാ ജോര്‍ജ്ജ്. പരിചയക്കുറവുള്ള ഡോ. വന്ദനദാസ് ആക്രമണത്തില്‍ ഭയന്നുപോയെന്നാണു ലഭിച്ച വിവരമെന്നും മന്ത്രി വീണ. മന്ത്രി വീണയുടെ പ്രതികരണത്തിനെതിരേ സാമൂഹ്യ മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനവും ഉയര്‍ന്നു.
◾പോലീസിന്റെ അനാസ്ഥമൂലമാണ് യുവഡോക്ടര്‍ പോലീസിന്റെ സാന്നിധ്യത്തില്‍ കൊല്ലപ്പെട്ടതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സംസ്ഥാനത്ത് ഏറ്റവും അന്വേഷണങ്ങള്‍ക്ക് ഉത്തരവിടുന്നത് ആരോഗ്യ മന്ത്രിയാണ്. ഗിന്നസ് ബുക്കില്‍ ഇടം നേടുമെന്നും അദ്ദേഹം പരിഹസിച്ചു.
◾കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ അക്രമിയുടെ കുത്തേറ്റ് വനിതാഡോക്ടര്‍ മരിച്ച സംഭവത്തില്‍ ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഫേസ് ബുക്ക് കുറിപ്പിലൂടെയായിരുന്നു ആവശ്യം ഉന്നയിച്ചത്.
◾പൊലീസിന്റെ അനാസ്ഥയാണ് ഡോ വന്ദനദാസിന്റെ മരണത്തിനു കാരണമായതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മയക്കുമരുന്നിന് അടിമയായ അക്രമാസക്തനായ പ്രതിയെ കൊണ്ടുപോകേണ്ട രീതിയിലല്ല രോഗിയെ കൊണ്ടുപോയതെന്നും ചെന്നിത്തല ആരോപിച്ചു.
◾കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള സൗജന്യ മരുന്നു വിതരണം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ ആഭിമുഖ്യത്തില്‍ ഡിഎംഒ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. നീതി മെഡിക്കല്‍ സ്റ്റോറുകള്‍ വഴിയാണു സൗജന്യ മരുന്നുകള്‍ വിതരണം ചെയ്തിരുന്നത്. എന്നാല്‍ ലക്ഷങ്ങള്‍ കുടിശിക വന്നതോടെ അവര്‍ വൗജന്യ വിതരണം നിര്‍ത്തി.
◾റോഡ് ക്യാമറ എടുത്ത ചിത്രം നോട്ടീസായതോടെ തിരുവനന്തപുരത്ത് കുടുംബ കലഹവും കേസും. ഇരുചക്ര വാഹന ഉടമയായ ഭാര്യയുടെ ഫോണിലേക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ ക്യാമറയില്‍ പതിഞ്ഞ ചിത്രമെത്തിയതാണ് കാരണം. പിന്നിലിരുന്നയാള്‍ ഹെല്‍മറ്റ് ധരിക്കാത്തതിനു പിഴയടയക്കാന്‍ ചിത്രമടക്കം ആര്‍സി ഉടമയായ ഭാര്യക്കു സന്ദേശം എത്തി. എന്നാല്‍ ഭര്‍ത്താവ് ഓടിച്ച വാഹനത്തിനു പിറകില്‍ ഇരുന്നത് മറ്റൊരു യുവതിയാണെന്നു മനസിലായതോടെ കുടുംബ കലഹമായി. തര്‍ക്കത്തിനിടെ തന്നെയും മൂന്നു വയസുള്ള കുഞ്ഞിനെയും ഭര്‍ത്താവ് മര്‍ദ്ദിച്ചെന്ന് യുവതി കരമന പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇടുക്കി സ്വദേശിയായ ഭര്‍ത്താവിനെ അറസ്റ്റു ചെയ്തതോടെയാണ് വിവരം പുറത്തറിഞ്ഞത്.
◾ഒന്നരകോടി രൂപ മൂല്യമുള്ള വിദേശ കറന്‍സി തരാമെന്ന് പറഞ്ഞ് 50 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ അഭിഭാഷക ചമഞ്ഞ യുവതി അടക്കം എട്ടു പേര്‍ അറസ്റ്റില്‍. തൃശൂര്‍ അരിമ്പൂര്‍ പരക്കാട് ചെങ്ങേക്കാട്ട് വീട്ടില്‍ ലിജി ബിജു (35), എടക്കഴിയൂര്‍ നന്ദകുമാര്‍ (26), അരിമ്പൂര്‍ സ്വദേശി ബിജു, വാടാനപ്പള്ളി സ്വദേശി ഫവാസ് (28), പാടൂര്‍ പണിക്കവീട്ടില്‍ റിജാസ് (28), വെങ്കിടങ്ങ് കണ്ണോത്ത് സ്വദേശികളായ തയ്യില്‍ വീട്ടില്‍ യദുകൃഷ്ണന്‍ (27), നെല്ലിപ്പറമ്പില്‍ വീട്ടില്‍ ജിതിന്‍ ബാബു (25), തച്ചപ്പിള്ളി വീട്ടില്‍ ശ്രീജിത്ത് (22) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. 2023 ജനുവരിയില്‍ എറണാകുളം നായത്തോട് സ്വദേശിയായ 62 കാരനില്‍ നിന്നാണ് പണം തട്ടിയെടുത്തത്.
◾ബോട്ടിന്റെ എന്‍ജിന്‍ കേടായി ആഴക്കടലില്‍ കുടുങ്ങിക്കിടക്കവേ വിദേശ കപ്പല്‍ രക്ഷപ്പെടുത്തിയ വിഴിഞ്ഞം സ്വദേശികളായ മത്സ്യ തൊഴിലാളികള്‍ മടങ്ങിയെത്തി. ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടു കൂടി മടങ്ങിയെത്തിയ മത്സ്യ തൊഴിലാളികള്‍ക്ക് ഇടവ വികാരിയുടെയും വാര്‍ഡ് കൗണ്‍സിലറിന്റെയും നേതൃത്വത്തില്‍ നാട്ടുകാരും കുടുംബാംഗങ്ങളും സ്വീകരണം നല്‍കി.
◾പത്തു വയസുള്ള രണ്ടു കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്കു നാല്‍പതു വര്‍ഷം കഠിന തടവും പത്തു ലക്ഷം രൂപ പിഴയും ശിക്ഷ. നടുവണ്ണൂര്‍ മലപ്പാട്ട് കരുവടിയില്‍ പുഷ്പരാജനെയാണ് (63)കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്. രണ്ടു കേസുകളിലായി ഇരുപതു വര്‍ഷം വീതം കഠിന തടവും അഞ്ചു ലക്ഷം രൂപ വീതം പിഴയുമാണ് വിധിച്ചത്.
◾ഐസിയുവില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന നടന്‍ ഹരീഷ് പേങ്ങന്റെ ചികിത്സയ്ക്കായി ധനസഹായം തേടി സുഹൃത്തുക്കള്‍. വയറുവേദനയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഗുരുതര കരള്‍ രോഗമാണെന്ന് കണ്ടെത്തിയിരുന്നു.
◾കോഴിക്കോട് ചേമഞ്ചേരിയില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍. ചേമഞ്ചേരി തുവ്വക്കോട് മാവിള്ളി വീട്ടില്‍ പ്രജിത്തിന്റെ ഭാര്യ ധന്യ(35), ഒന്നര വയസ്സുള്ള മകള്‍ പ്രാര്‍ത്ഥ എന്നിവരാണു മരിച്ചത്.
◾ദി കേരള സ്റ്റോറി സിനിമയെ എതിര്‍ക്കുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തീവ്രവാദ സംഘടനകള്‍ക്കൊപ്പം നില്‍ക്കുന്നവരാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ബംഗാള്‍, തമിഴ്‌നാട് സര്‍ക്കാരുകള്‍ ‘ദി കേരള സ്റ്റോറി’ പ്രദര്‍ശനം നിരോധിച്ചതിന് ശേഷമാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന.
◾ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെതിരായ മയക്കുമരുന്ന് കള്ളക്കേസ് കെട്ടിച്ചമച്ച ഉദ്യോഗസ്ഥനെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കി. നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ രജിസ്റ്റര്‍ ചെയ്ത കേസ് ആദ്യം അന്വേഷിച്ച വിശ്വ വിജയ് സിംഗ് എന്ന ഉദ്യോഗസ്ഥനെയാണ് പിരിച്ചുവിട്ടത്. ആഡംബര കപ്പലില്‍ ലഹരി വസ്തുക്കളുമായി ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്തതു കള്ളക്കേസാണെന്ന് പിന്നീടു കണ്ടെത്തിയിരുന്നു.
◾പീഡന കേസില്‍ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് 50 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കണമന്ന് കോടതി ശിക്ഷിച്ചു. മുപ്പതു വര്‍ഷം മുമ്പ് എഴുത്തുകാരി ജീന്‍ കാരളിനെ പീഡിപ്പിച്ച കേസില്‍ ട്രംപ് കുറ്റക്കാരനെന്ന് കണ്ടെത്തിയ മാന്‍ഹാട്ടനിലെ ഫെഡറല്‍ കോടതിയാണു ശിക്ഷിച്ചത്. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ട്രംപ്.
◾മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അറസ്റ്റിന് പിന്നാലെ പാകിസ്ഥാനില്‍ കലാപം. പാക്കിസ്ഥാനില്‍ നിരോധനാജ്ഞയും ഇന്റര്‍നെറ്റ് നിരോധനവും. പോലീസ് വെടിവയ്പില്‍ ഇമ്രാന്റെ പാര്‍ട്ടിയായ പാകിസ്ഥാന്‍ തെഹ്രി ഇ-ഇന്‍സാഫ് പ്രവര്‍ത്തകരായ രണ്ടു പേര്‍ കൊല്ലപ്പെട്ടു. റാവല്‍പിണ്ടിയിലെ സൈനിക കേന്ദ്രം പ്രതിഷേധക്കാര്‍ കയ്യേറി. സൈനിക മേധാവിയുടെ വീട് കൊള്ളയടിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍ പ്രതിഷേധക്കാര്‍ കൈയ്യേറി.
◾ഐപിഎല്ലില്‍ ഇന്ന് ഈ സീസണിലെ രണ്ടാം സ്ഥാനക്കാരായ ചെന്നൈ സൂപ്പര്‍ കിംഗ്സ് അവസാന സ്ഥാനക്കാരായ ഡല്‍ഹി കാപ്പിറ്റല്‍സുമായി ഏറ്റുമുട്ടും. വൈകീട്ട് 7.30 നാണ് മത്സരം.
◾പ്രമുഖ ടയര്‍ നിര്‍മ്മാതാക്കളായ അപ്പോളോ ടയേഴ്സിന് മാര്‍ച്ച് 31ന് അവസാനിച്ച നാലാം പാദത്തില്‍ 427 കോടിരൂപയുടെ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് നാലിരട്ടിയാണ് (276 ശതമാനം )വര്‍ധന. 113 കോടി രൂപയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ലാഭം. പ്രവര്‍ത്തന വരുമാനം 12 ശതമാനം ഉയര്‍ന്ന് 6,247 കോടി രൂപയായി. മുന്‍വര്‍ഷം 5,587.3 കോടി രൂപയായിരുന്നു. നാലാം പാദത്തില്‍ മൊത്ത വരുമാനം മുന്‍വര്‍ഷത്തെ 5,615 കോടിയില്‍ നിന്ന് 6,264 കോടി രൂപയിലെത്തി. നികുതിക്കും പലിശയ്ക്കും മുന്‍പുള്ള വരുമാനം 626 കോടി രൂപയില്‍ നിന്ന് 59 ശതമാനം വര്‍ധിച്ച് 9,99 കോടി രൂപയായി. വാണിജ്യ വാഹന വിപണി വിഭാഗത്തില്‍ മികച്ച വില്‍പ്പനയുണ്ടായതാണ് കമ്പനിക്ക് ഗുണമായത്. ഏഷ്യാ പസഫിക്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നീ മേഖലകളിലെ വില്‍പ്പന 10ശതമാനം വര്‍ധനയോടെ 4,443 കോടി രൂപയായി. യൂറോപ് വിപണിയില്‍ വില്‍പ്പന 9 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 1,839 കോടി രൂപയുമായി. പ്രത്യേക ലാഭവിഹിതവും ഓഹരിയൊന്നിന് നാലു രൂപ ഡിവിഡന്‍ഡും ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തു. കൂടാതെ കമ്പനിയുടെ അമ്പതാം ജനറല്‍ മീറ്റിങ്ങിനോട് അനുബന്ധിച്ച് 0.50 ശതമാനം പ്രത്യേക ഡിവിഡന്‍ഡിനും ശുപാര്‍ശ ചെയ്തിട്ടുണ്ട്.
◾ലോകത്തിന്റെ സോഷ്യല്‍ മീഡിയ തലസ്ഥാനമെന്ന പട്ടം സ്വന്തമാക്കി യു.എ.ഇ. വേള്‍ഡ് പോപ്പുലേഷന്‍ റിവ്യൂവിന്റെ ഡേറ്റയെ അടിസ്ഥാനമാക്കി പ്രോക്‌സിറാക്ക് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ രാജ്യത്തെ ജനസംഖ്യയേക്കാള്‍ കൂടുതല്‍ ഫേസ്ബുക്ക് ഉപയോക്താക്കള്‍ യു.എ.ഇയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി. പത്തില്‍ 9.55 സ്‌കോറോടെയാണ് യു.എ.ഇ ഈ നേട്ടം സ്വന്തമാക്കിയത്. 45 രാജ്യങ്ങളുടെ പട്ടികയാണ് പ്രോക്‌സിറാക്ക് പറത്തുവിട്ടത്. യു.എ.ഇക്ക് പിന്നാലെ 8.75 സ്‌കോറോടെ മലേഷ്യയും ഫിലിപ്പീന്‍സും രണ്ടാം സ്ഥാനം പങ്കിട്ടു. തുടര്‍ന്ന് സൗദി അറേബ്യ (8.41), സിംഗപ്പൂര്‍ (7.96), വിയറ്റ്നാം (7.62), ബ്രസീല്‍ (7.62), തായ്‌ലന്‍ഡ് (7.61), ഇന്തോനേഷ്യ (7.5), ഹോങ്കോങ് (7.27) എന്നിങ്ങനെ നീളുന്നു ഈ പട്ടിക. പത്തില്‍ 7.53 സ്‌കോറോടെ യു.എ.ഇ തന്നെയാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് കണക്ഷനുള്ള രാജ്യമായും പഠനം വിലയിരുത്തിയത്. ഹോങ്കോംഗ്, മലേഷ്യ, തായ്‌ലന്‍ഡ്, ചിലി, സൗദി അറേബ്യ, സിംഗപ്പൂര്‍, അര്‍ജന്റീന, വിയറ്റ്നാം, തായ്വാന്‍ എന്നീ രാജ്യങ്ങളും പിന്നാലെയുണ്ട്. എന്നാല്‍ മികച്ച ഇന്റര്‍നെറ്റ് ലഭ്യതയുള്ള രാജ്യങ്ങളില്‍ ദക്ഷിണ കൊറിയ, ഹോങ്കോംഗ്, ഡെന്മാര്‍ക്ക് എന്നിവയ്ക്ക് പിന്നാലെ നാലാം സ്ഥാനത്താണ് യു.എ.ഇയുള്ളത്. ദക്ഷിണാഫ്രിക്കയാണ് ഒന്നാം സ്ഥാനത്ത്. പ്രോക്‌സിറാക്ക് റിപ്പോര്‍ട്ട് പ്രകാരം 45 രാജ്യങ്ങളുടെ പട്ടികയില്‍ സമൂഹ മാധ്യമ ഉപയോഗത്തില്‍ ഇന്ത്യയുടെ സ്ഥാനം 19 ആണ്. ഇന്റര്‍നെറ്റ് കണക്ഷന്റെ കാര്യത്തില്‍ ഇത് 42-ാം സ്ഥാനവും. ഇന്റര്‍നെറ്റ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നവരുടെ പട്ടികയില്‍ 24-ാം സ്ഥാനം ഇന്ത്യക്കുണ്ട്. എന്നാല്‍ മികച്ച ഇന്റര്‍നെറ്റ് ലഭ്യതയുടെ കാര്യത്തില്‍ 45-ാം സ്ഥാനത്തോടെ 45 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം ഏറ്റവും ഒടുവിലാണ്.
◾19 വര്‍ഷങ്ങള്‍ക്കു ശേഷം മീര ജാസ്മിനും മാധവനും വീണ്ടും ഒന്നിക്കുന്നു. യൈ നോട്ട് സ്റ്റുഡിയോസ് സംവിധാനം ചെയ്യുന്ന ‘ടെസ്റ്റ്’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് രണ്ട് പതിറ്റാണ്ടുകള്‍ക്കു ശേഷം ഈ ഹിറ്റ് ജോഡികള്‍ വീണ്ടും ഒന്നിക്കുന്നത്. 2002ല്‍ പുറത്തിറങ്ങിയ ‘റണ്‍’, ആയുധ എഴുത്ത് (2004) എന്നീ സൂപ്പര്‍ഹിറ്റ് സിനിമകളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. എസ്. ശശികാന്ത് സംവിധാനം ചെയ്യുന്ന ‘ടെസ്റ്റി’ല്‍ നയന്‍താരയും സിദ്ധാര്‍ഥും കാളി വെങ്കട്ടും അഭിനയിക്കുന്നുണ്ട്. ഗായിക ശക്തിശ്രീ ഗോപാലന്‍ സംഗീത സംവിധായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രീകരണം പുരോഗമിക്കുന്ന സിനിമ അടുത്ത വര്‍ഷം തിയറ്ററുകളിലെത്തും. ഒരിടവേളയ്ക്കു ശേഷം സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് മീര ജാസ്മിന്‍. മലയാളത്തിലും തമിഴിലുമായി നിരവധി പ്രോജക്ടുകളാണ് നടിയെ തേടിയെത്തുന്നത്. 2014ല്‍ പുറത്തിറങ്ങിയ വിംഗ്യാനിയാണ് മീര അവസാനമായി അഭിനയിച്ച തമിഴ് ചിത്രം. എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ‘ക്വീന്‍ എലിസബത്ത്’ ആണ് മലയാളത്തില്‍ മീരയുടെ പുതിയ ചിത്രം.
◾ദിലീഷ് പോത്തനെ നായകനാക്കി രഞ്ജന്‍ പ്രമോദ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന് ഒ ബേബി എന്ന് പേരിട്ടു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കിയാണ് അണിയറ പ്രവര്‍ത്തകര്‍ പേര് പ്രഖ്യാപിച്ചത്. ത്രില്ലര്‍ സ്വഭാവം നല്‍കുന്നതാണ് പോസ്റ്റര്‍. ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളിയുമാണ് ദിലീഷ് പോത്തന്‍. രഞ്ജന്‍ പ്രമോദും ദിലീഷ് പോത്തനും ആദ്യമായാണ് ഒരുമിക്കുന്നത്. രഘുനാഥ് പലേരി, സജി സോമന്‍, ഡോ. ഷിനു ശ്യാമളന്‍, അതുല്യ ഗോപാലകൃഷ്ണന്‍, വിഷ്ണു അഗസ്ത്യ എന്നിവരാണ് മറ്റു താരങ്ങള്‍. ദിലീപ് പോത്തന്‍, അഭിഷേക് ശശിധരന്‍, പ്രമോദ് തേവര്‍പള്ളി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് അരുണ്‍ ചാലില്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എഡിറ്റര്‍ സംജിത് മുഹമ്മദ്. ചിത്രം ഉടന്‍ റിലീസ് ചെയ്യും.
◾വാഹന വിപണിയിലെ ഏപ്രില്‍ മാസത്തെ വില്‍പന കണക്കുകള്‍ പുറത്തുവന്നപ്പോള്‍ മാരുതി സുസുക്കി തന്നെ ഒന്നാമന്‍. മാരുതി 1,37,320 കാറുകള്‍ വിറ്റപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള ഹ്യുണ്ടേയ് വിറ്റത് 49,701 വാഹനങ്ങള്‍. മൂന്നാം സ്ഥാനത്തുള്ള ടാറ്റ 47,010 കാറുകളും നാലാം സ്ഥാനത്തുള്ള മഹീന്ദ്ര 34,694 കാറുകളും അഞ്ചാം സ്ഥാനത്തുള്ള കിയ 23,216 വാഹനങ്ങളും വിറ്റു. വിപണിയെ മാരുതി മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ഏറ്റവും അധികം വില്‍പനയുള്ള ആദ്യ പത്തു കാറുകളില്‍ ആറും മാരുതി തന്നെ. ഒന്നാം സ്ഥാനത്ത് മാരുതിയുടെ ടോണ്‍ബോയ് ഹാച്ച് വാഗണ്‍ആറാണ്. 20,879 യൂണിറ്റാണ് വില്‍പന. കഴിഞ്ഞ വര്‍ഷം ഏപ്രിലിനെ അപേക്ഷിച്ച് 18 ശതമാനമാണ് വളര്‍ച്ച. 2023 ഏപ്രിലില്‍ 17,776 യൂണിറ്റായിരുന്നു വില്‍പന. രണ്ടാം സ്ഥാനം സ്വിഫ്റ്റിന്. വില്‍പന 18,753 യൂണിറ്റ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 111 ശതമാനം വളര്‍ച്ച. മൂന്നാം സ്ഥാനത്ത് 16,180 യൂണിറ്റുമായി മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്ക് ബലേനോയാണ്. കഴിഞ്ഞ വര്‍ഷം ഏപ്രിലിനെ അപേക്ഷിച്ച് വില്‍പനയില്‍ 48 ശതമാനം വളര്‍ച്ച. നാലാം സ്ഥാനത്ത് ടാറ്റയുടെ കോംപാക്റ്റ് എസ്യുവി നെക്സോണാണ്. മാര്‍ച്ചിലെ വില്‍പന 15,002 യൂണിറ്റ്. അഞ്ചാം സ്ഥാനത്ത് ഹ്യുണ്ടേയ് എസ്യുവി ക്രേറ്റ. വില്‍പന 14,186 യൂണിറ്റ്. ബ്രെസ, ഓള്‍ട്ടോ, ടാറ്റ പഞ്ച്, ഇക്കോ, വെന്യു എന്നിവയാണ് ആറു മുതല്‍ പത്തു വരെയുള്ള സ്ഥാനങ്ങളില്‍.
◾ഓരോ വ്യക്തിയും വ്യത്യസ്തനാണ്; അവരുടെ ആഹാരം ആഗിരണം ചെയ്യാനുള്ള കഴിവും. കാലാവസ്ഥയ്ക്കനുസരിച്ച് ഓരോ സ്ഥലത്തും ഓരോ ആഹാരരീതിയാണ്. നമ്മുടെ കാലാവസ്ഥയ്ക്കും ശരീരത്തിനും അനുയോജ്യമായ ആഹാരം ആവശ്യത്തിന് കഴിച്ചുകൊണ്ട് വണ്ണം കുറയ്ക്കാനും ആരോഗ്യം നിലനിര്‍ത്താനും ഉള്ള നിര്‍ദ്ദേശങ്ങളാണ് ഈ പുസ്തകത്തില്‍. സമീകൃത ആഹാരവും മെഡിറ്റേഷനും ബന്ധപ്പെടുത്തി ഒരു ഡയറ്റ്പ്ലാനും ഇതിലുണ്ട്. ‘ആഹാരം കഴിക്കൂ വണ്ണം കുറയും’. ഗായത്രി വി. ഡിസി ബുക്സ്. വില 108 രൂപ.
◾രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണാതീതമായി കൂടുന്നത് ചര്‍മ്മത്തെയും ബാധിക്കും. തൊലിപ്പുറത്തെ ചില ലക്ഷണങ്ങള്‍ പ്രമേഹത്തിന്റെ സൂചനയായി കണക്കാക്കാവുന്നതാണ്. അതുപോലെതന്നെ നിലവില്‍ ചര്‍മ്മരോഗം ഉണ്ടെങ്കില്‍ ഇത് വഷളാകാനും പ്രമേഹം കാരണമാകും. കണ്ണും ചര്‍മവുമെല്ലാം ചുവന്ന് തടിക്കാന്‍ കാരണമാകുന്ന ബാക്ടീരിയല്‍ അണുബാധയ്ക്ക് പ്രമേഹം കാരണമാകും. കണ്‍പോളകളിലും നഖത്തിലും ചര്‍മത്തിലും ബാക്ടീരിയല്‍ അണുബാധ ദൃശ്യമാകും. ചര്‍മത്തില്‍ തിണര്‍പ്പുകളുണ്ടാകുന്നതും പ്രമേഹം കാരണമാണ്. ചെറിയ കുരു പോലെ തുടങ്ങി മഞ്ഞ, ചുവപ്പ്, തവിട്ട് നിറങ്ങളിലെ തിണര്‍പ്പുകളായി ഇവ മാറും. ഇതുമുലം ചൊറിച്ചിലും വേദനയുമൊക്കെ അനുഭവപ്പെട്ടേക്കാം. ഇരുണ്ട നിറത്തില്‍ വെല്‍വെറ്റ് പോലെ ചര്‍മത്തില്‍ തിണര്‍പ്പുണ്ടാകുന്നത് പ്രമേഹത്തിന് മുന്‍പെയുള്ള പ്രീഡയബറ്റിക് ഘട്ടത്തില്‍ പ്രത്യക്ഷപ്പെടുന്ന ലക്ഷണമാണ്. അതുപോലെതന്നെ ചര്‍മത്തില്‍ പലയിടത്തും വേദനയില്ലാത്ത കുമിളകള്‍ പ്രത്യക്ഷപ്പെടുന്നതും പ്രമേഹം മൂലമാകാം. കൈകാലുകളിലും കാല്‍പാദത്തിലും വിരലിന്റെ പിന്‍ഭാഗത്തുമൊക്കെ ഇത് കാണപ്പെടാം. രക്തത്തില്‍ പഞ്ചസാരയുടെ തോത് ഉയരുമ്പോള്‍ ചര്‍മത്തിലെ സ്വാഭാവിക ജലാംശം നഷ്ടപ്പെട്ട് തൊലി വരണ്ടതും ചൊറിച്ചിലുള്ളതായും മാറും. മുട്ടിന് താഴെ കാലിന്റെ മുഖഭാഗത്ത് പ്രത്യക്ഷമാകുന്ന പാടുകളും വരകളുമാണിത്. വേദന അനുഭവപ്പെടില്ലെങ്കിലും ഇത് പ്രമേഹത്തിന്റെ ലക്ഷണമാണ്. അതുപോലെതന്നെ കാല്‍മുട്ടിലും കാല്‍മുട്ടിന് പിന്നിലുമായി പ്രമേഹം മൂലം ചുവപ്പ്, മഞ്ഞ നിറത്തിലുള്ള ചെറിയ മുഴകള്‍ പ്രത്യക്ഷപ്പെടാം. ഇത് പെട്ടെന്ന് പ്രത്യക്ഷപ്പെടുകയും അപ്രത്യക്ഷമാകുകയും ചെയ്യുന്ന ലക്ഷണമാണ്. കൈകാല്‍ വിരലുകളും സന്ധികളും അനക്കാനുള്ള ബുദ്ധിമുട്ട് പ്രമേഹ ലക്ഷണമാണ്. ഈ അവസ്ഥ ചര്‍മം വലിഞ്ഞു മുറുകുന്നത് മൂലം സംഭവിക്കുന്നതാണ്. തോളുകള്‍, കഴുത്ത്, മുഖം, നെഞ്ച് എന്നിവിടങ്ങളിലൊക്കെ ചര്‍മ്മം വലിഞ്ഞുമുറുകി മെഴുക് പോലെ അനുഭവപ്പെടാം.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 82.00, പൗണ്ട് – 103.49, യൂറോ – 89.94, സ്വിസ് ഫ്രാങ്ക് – 92.11, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.46, ബഹറിന്‍ ദിനാര്‍ – 217.52, കുവൈത്ത് ദിനാര്‍ -267.51, ഒമാനി റിയാല്‍ – 213.00, സൗദി റിയാല്‍ – 21.87, യു.എ.ഇ ദിര്‍ഹം – 22.33, ഖത്തര്‍ റിയാല്‍ – 22.52, കനേഡിയന്‍ ഡോളര്‍ – 61.27.