◾പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധികാരത്തില്‍നിന്ന് പുറത്താക്കണമെന്നു ഡല്‍ഹിയില്‍ പോസ്റ്ററുകള്‍ പതിച്ചതിന് ആറുപേരെ ഡല്‍ഹി പൊലീസ് അറസ്റ്റു ചെയ്തു. രണ്ടുപേര്‍ അച്ചടിശാല നടത്തിപ്പുകാരാണ്. സംഭവവുമായി ബന്ധപ്പെട്ട് 44 കേസുകളിലായി നൂറിലേറെ പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. പൊതുസ്ഥലം വൃത്തികേടാക്കിയതിനും പോസ്റ്ററില്‍ അച്ചടിശാലയുടേയും പ്രസാധകരുടേയും പേരും വിലാസവും പൂര്ണമല്ലാത്തതിനുമാണ് കേസ്. രണ്ടായിരം പോസ്റ്ററുകള്‍ പിടിച്ചെടുത്തിട്ടുമുണ്ട്.
◾സംസ്ഥാനത്ത് ഖരമാലിന്യ സംസ്കരണ ചട്ടങ്ങള്‍ നടപ്പാക്കാന്‍ ഹൈക്കോടതി സമയക്രമം പ്രഖ്യാപിച്ചു. ചട്ടങ്ങള്‍ നടപ്പാക്കുന്നതിനും പുരോഗതി വിലയിരുത്തുന്നതിനും കോടതി മേല്‍നോട്ടം വഹിക്കും. ബ്രഹ്മപുരം തീപിടിത്തം സംസ്ഥാനത്ത് പതിയിരിക്കുന്ന ദുരന്തങ്ങളുടെ മുന്നറിയിപ്പാണെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്.
◾സെക്രട്ടറിയേറ്റില്‍ അടുത്ത മാസം ഏര്‍പ്പെടുത്തുന്ന ആക്സസ് കണ്ട്രോള് സംവിധാനത്തെ പഞ്ചിംഗുമായി ബന്ധിപ്പിക്കരുതെന്ന് ജീവനക്കാരുടെ സംഘടനകള്‍. ജീവനക്കാരെ മുറിയില്‍ അടച്ചിടാനുളള ഐഎഎസ് ലോബിയുടെ നീക്കം അനുവദിക്കില്ലെന്ന് ഭരണാനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയ്സ് അസോസിയേഷന് മുന്നറിയിപ്പു നല്കി.
*വരുന്നൂ, തൃശ്ശൂരിന്റെ ഹൃദയത്തില്‍ പുളിമൂട്ടില്‍ സില്‍ക്സിന്റെ പുതിയ വലിയ ഷോറൂം*
കെട്ടിടത്തിന്റെ മുന്‍ഭാഗം ഉള്‍പ്പെടെ മൊത്തത്തില്‍ നവീകരിച്ച പുളിമൂട്ടില്‍ സില്‍ക്സിന്റെ പുതിയ വലിയ ഷോറൂമിന് പുതിയ മുഖം. നിലവിലുള്ള ഷോറൂമിനെക്കാള്‍ പകുതിയിലധികം വലുപ്പ കൂടുതലുള്ള പുതിയ കെട്ടിടം പുളിമൂട്ടില്‍ സില്‍ക്സിനെ ഏറെ ഇഷ്ടപ്പെടുന്ന പ്രിയപ്പെട്ട കസ്റ്റമേഴ്സിന് ഒരു പുതുപുത്തന്‍ അനുഭവം തന്നെ ആയിരിക്കും. ജയന്റ് വീല്‍, വാലറ്റ്, അണ്ടര്‍ഗ്രൗണ്ട് പാര്‍ക്കിംഗുകളിലൂടെ വിശാലമായ പാര്‍ക്കിംഗ് സൗകര്യം. കൂടാതെ, ഉദ്ഘാടനം പ്രമാണിച്ച് വിവാഹ പര്‍ച്ചേസുകള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും സൗകര്യങ്ങളും. പുളിമൂട്ടില്‍ സില്‍ക്സിന്റെ ഏറ്റവും ഉയര്‍ന്ന മൂല്യങ്ങളായ ഗുണമേന്മ, അതിവിപുലമായ സെലക്ഷനുകള്‍, ഉപഭോക്തൃ സംതൃപ്തി, ന്യായമായ വില എന്നിവ ഇനി കൂടുതല്‍ മേന്മയോടെ തൃശ്ശൂരിലെ ജനങ്ങള്‍ക്ക് ആസ്വദിക്കാം.
*ഇനി ആഘോഷങ്ങള്‍ പാലസ് റോഡില്‍ തന്നെ*
◾നിയമസഭയിലെ സംഘര്‍ഷത്തില്‍ എംഎല്‍എമാര്‍ക്കെതിരായ കേസില്‍ തുടര്‍ നടപടി വിശദമായ പരിശോധനക്കുശേഷം മതിയെന്ന് നിയമസഭ സെക്രട്ടറിയേറ്റ് തീരുമാനം. തുടര്‍നടപടിക്ക് അനുമതി തേടിയുള്ള പൊലീസ് അപേക്ഷ ഉടന്‍ പരിഗണിക്കില്ല.
◾ബ്രഹ്മപുരത്തെ ബയോമൈനിംഗ് വിവാദ കമ്പനിയായ സോണ്ട ഇന്‍ഫ്രാടെക്ക് കൊച്ചി കോര്‍പറേഷന്റെ അനുമതിയില്ലാതെ മറ്റൊരു കമ്പനിക്ക് പകുതി തുകയ്ക്കു ഉപകരാര്‍ നല്‍കിയതിന്റെ രേഖകള്‍ പുറത്ത്. ആരഷ് മീനാക്ഷി എന്‍വയറോകെയര്‍ എന്ന സ്ഥാപനത്തിനാണ് 2021 നവംബറില്‍ ഉപകരാര്‍ നല്‍കിയത്. 54 കോടിയുടെ കരാറില്‍ 22 കോടി രൂപക്കായിരുന്നു ഉപകരാര്‍. ഈ സ്ഥാപനത്തിനും ബയോമൈനിംഗില്‍ പരിചയമില്ലായിരുന്നു.
◾ജില്ലാ ജഡ്ജി റാങ്കിലുളള ഏഴുപേരെ ഹൈക്കോടതി ജഡ്ജിമാരാക്കാന്‍ കൊളീജിയം ശുപാര്‍ശ ചെയ്തു. ഹൈക്കോടതി റജിസ്ട്രാര്‍ ജനറല്‍ കൃഷ്ണകുമാര്‍, വിജിലന്‍സ് റജിസ്ട്രാര്‍ ജയകുമാര്‍, ഹൈക്കോടതിയിലെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി വിന്‍സെന്റ്, കൊല്ലം ജില്ലാ ജഡ്ജി എം.ബി സ്നേഹലത, തലശ്ശേരി ജില്ലാ ജഡ്ജി എസ്.ഗിരീഷ്, കാസര്‍ഗോഡ് ജില്ലാ ജഡ്ജി കൃഷ്ണകുമാര്‍, അഡിഷണല്‍ ജില്ലാ ജഡ്ജി പ്രദീപ് കുമാര്‍ എന്നിവരാണ് പരിഗണനയിലുളളത്.
◾ലൈഫ് മിഷന് അഴിമതിക്കേസില്‍ മുന്‍ സിഇഒ യു.വി ജോസിനും കോഴപ്പണത്തിന്റെ വിഹിതം നല്‍കിയിട്ടുണ്ടെന്ന് കരാറുകാരന് സന്തോഷ് ഈപ്പന്റെ മൊഴി. യു.വി ജോസ് മുഖേന ചില രേഖകള്‍ തങ്ങള്‍ക്കു ചോര്‍ന്നു കിട്ടിയെന്നും സന്തോഷ് ഈപ്പന് എന്ഫോഴ്സ്മെന്റിനോട് പറഞ്ഞിട്ടുണ്ട്. ജോസിനെ വീണ്ടും ചോദ്യം ചെയ്യുന്നുണ്ട്.
◾
◾സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ നിയമനങ്ങളിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം. സ്പേസ് പാര്‍ക്കിലെ സ്വപ്നയുടെ നിയമനത്തെക്കുറിച്ച് ഇഡി വിശദാംശങ്ങള്‍ തേടി. സ്പേസ് പാര്‍ക്ക് സ്പെഷ്യല്‍ ഓഫീസറായിരുന്ന സന്തോഷ് കുറുപ്പിന്റെ മൊഴിയെടുത്തു. പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേര്‍സ് പ്രതിനിധികള്‍ക്കും ഇഡി നോട്ടീസ് അയച്ചു. ശിവശങ്കര്‍ ഇടപെട്ടാണ് നിയമനം നടത്തിയിരുന്നത്.
◾വിവാദ വ്യവസായി ഫാരിസ് അബൂബക്കറിന്റെ ഭൂമി ഇടപാടുകള്‍ ആദായ നികുതിവകുപ്പ് വിശദമായി പരിശോധിക്കുന്നു. ഫാരിസിന്റെ റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ കണ്‍സല്‍ട്ടന്റായിരുന്ന സുരേഷിന്റെ തിരുവനന്തപുരത്തെ വീട്ടില്‍നിന്ന് ഭൂമി ഇടപാടിന്റെ രേഖകള്‍ ആദായനികുതിവകുപ്പ് പിടിച്ചെടുത്തു. ഡിസിസി സെക്രട്ടറി നാദിറ സുരേഷിന്റെ ഭര്‍ത്താവാണ് സുരേഷ്.
◾സര്‍വകലാശാല ഭേദഗതി ബില്‍ ഉള്‍പ്പെടെ ഒപ്പിടാനുള്ള ബില്ലുകളില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. തെലങ്കാന സര്‍ക്കാര്‍ ഗവര്‍ണര്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചതുപോലെ കേരളവും കോടതിയെ സമീപിച്ചാലോ എന്നു മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ കോടതിയെ സമീപിക്കാന്‍ അവകാശമുണ്ടെന്നാണ് ഗവര്‍ണര്‍ പ്രതികരിച്ചത്.
◾കൊച്ചി മെട്രോ രണ്ടാം ഘട്ട നിര്‍മാണത്തിനു മുന്നോടിയായി കെഎംആര്‍എല്‍ ജനപ്രതിനിധികളുമായി അവലോകന യോഗം ചേര്‍ന്നു. മെട്രോ അലൈന്മെന്റ് വരുന്ന റൂട്ടില്‍ ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ ബദല്‍ റൂട്ടുകള്‍ നിശ്ചയിക്കാനായിരുന്നു യോഗം. ബദല്‍ റൂട്ടുകളുടെ പട്ടിക ജനപ്രതിനിധികള്‍ക്കു കൈമാറി.
◾യുവകഥാകൃത്തും വിവര്‍ത്തകനുമായ എസ് ജയേഷ് അന്തരിച്ചു. 39 വയസായിരുന്നു. പനിയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജയേഷ് ആശുപത്രിയില്‍ തലചുറ്റി വീണ് തലയ്ക്കു ഗുരുതരമായി പരിക്കേറ്റിരുന്നു.
◾
◾പാലക്കാട് നഗരസഭയില്‍ ബജറ്റ് അവതരണത്തിനിടെ പ്രതിപക്ഷ പ്രതിഷേധം. ബജറ്റ് അവലോകന റിപ്പോര്‍ട്ട് മുന്‍കൂറായി നല്‍കിയില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷ ബഹളം. ബജറ്റ് കീറിയെറിഞ്ഞും കത്തിച്ചും പ്രതിഷേധിച്ചു.
◾ഏകീകൃത കുര്‍ബാന തര്‍ക്കത്തില്‍ സര്‍ക്കാരോ മറ്റാരെങ്കിലുമോ മധ്യസ്ഥത വഹിക്കേണ്ടെന്ന് സിറോ മലബാര്‍ സഭ ഹൈക്കോടതിയില്‍. ഏകീകൃത കുര്‍ബാന സിനഡ് ഏകകണ്ഠമായി തീരുമാനിച്ചതാണ്. എറണാകുളം – അങ്കമാലി അതിരൂപതയിലെ ചില ഇടവകകള്‍ മാത്രമാണ് തീരുമാനം നടപ്പാക്കാത്തത്. സഭ ഹൈക്കോടതിയെ അറിയിച്ചു.
◾റിപ്പര്‍ ജയാനന്ദന്റെ മകളുടെ വിവാഹം കനത്ത പോലീസ് സന്നാഹങ്ങളോടെ തൃശൂര്‍ വടക്കുംന്നാഥ ക്ഷേത്രത്തില്‍ നടന്നു. ഹൈക്കോടതിയിലെ അഭിഭാഷകയായ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ജയാനന്ദന് കോടതി പരോള്‍ അനുവദിച്ചിരുന്നു. ഒറ്റപ്പാലം സ്വദേശിയാണു വരന്.
◾സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട് പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്ന കേസില്‍ ദന്ത ഡോക്ടര്‍ അറസ്റ്റില്‍. ആറ്റിങ്ങല്‍ ബോയ്സ് സ്കൂളിന് സമീപം സുബിനം ഹൗസില്‍ സുബി എസ് നായര്‍ (32) ആണ് അറസ്റ്റിലായത്. 28 കാരിയായ വിദ്യാര്‍ഥിനിയെ വിഴിഞ്ഞം, കോവളം ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണു കേസ്.
◾ചിന്നക്കനാല്‍ ബിഎല്‍ റാമില്‍ വാക്കുതര്‍ക്കത്തെത്തുടര്‍ന്നു സുഹൃത്ത് തള്ളി വീഴ്ത്തി പരിക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. മറയൂര്‍ കോവില്‍ക്കടവ് സ്വദേശി ചന്ദ്രബോസ് (42) ആണു മരിച്ചത്. സുഹൃത്ത് കൊല്ലം അഞ്ചല്‍ സ്വദേശി എആര്‍ മന്‍സിലില്‍ റിയാസ് ഇബ്രാഹിംകുട്ടിയെ (39) പൊലീസ് കസ്റ്റഡിയിലെടുത്തു.
◾വനത്തില്‍ വിറക് ശേഖരിക്കാന്‍ പോകുന്നതിനിടെ ആനയുടെ മുമ്പിലകപ്പെട്ട് ഭയന്നോടി കുഴിയില്‍ വീണ് ആദിവാസിക്ക് ഗുരുതരപരിക്ക്. വനത്തില്‍ കണ്ട തീ അണക്കുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണം. പുല്‍പ്പള്ളി പഞ്ചായത്തിലെ ഉദയക്കര കാട്ടുനായ്ക്ക കോളനിയിലെ മാസ്തി (48) ക്കാണ് പരിക്കേറ്റത്.
◾മദ്യ വില്പനക്ക് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ പശുസംരക്ഷണ സെസ് ഏര്‍പ്പെടുത്തി. ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡ് സര്‍ക്കാരിനു മുമ്പ് കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍ പ്രദേശ് സര്‍ക്കാരും മദ്യത്തിന് പശുസെസ് ഏര്‍പ്പെടുത്തിയിരുന്നു. ഉത്തരാഖണ്ഡില്‍ മൂന്ന് രൂപയാണ് സെസ്. പശു സംരക്ഷണം, സ്ത്രീ ക്ഷേമം, കായികം എന്നിവക്ക് ഓരോ രൂപ വീതമാണ് സെസായി ഈടാക്കുന്നത്.
◾തെരഞ്ഞെടുപ്പിനു കളമൊരുങ്ങുന്ന കര്‍ണാടകയില്‍ 16 ദളിത് നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പട്ടികജാതി വിഭാഗത്തിനുള്ള സംവരണത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന 16 പ്രമുഖ നേതാക്കളാണ് കോണ്‍ഗ്രസിലെത്തിയത്.
◾ചികിത്സാ ചെലവ് താങ്ങാനാകുന്നില്ലെന്ന് ആത്മഹത്യാ കുറിപ്പ് എഴുതിവച്ച് ഹോട്ടലില്‍ മുറിയെടുത്ത് ഓക്സിജന്‍ സിലിണ്ടറില്‍ നിന്ന് അമിതമായി ഓക്സിജന്‍ ശ്വസിച്ച് യുവാവ് ആത്മഹത്യ ചെയ്തു. ഡല്‍ഹിയിലെ അദര്‍ശ് നഗറില്‍ 24 കാരനായ നിതേഷ് എന്ന യുവാവാണ് ജീവനൊടുക്കിയത്. പ്ലാസ്റ്റിക് ബാഗില്‍നിന്ന് ചെറിയ ഓക്സിജന്‍ സിലിണ്ടറുമായി ബന്ധിപ്പിച്ച ട്യൂബ് കണ്ടെടുത്തു.
◾ഭൂകമ്പത്തില്‍ പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമായി ഒന്‍പത് മരണം. മൂന്നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. നിരവധി വീടുകള്‍ തകര്‍ന്നു. വടക്കന്‍ അഫ്ഗാന് പ്രവശ്യയായ ബദക്ഷന് സമീപം ഹിന്ദുകുഷ് പര്‍വത മേഖലയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.
◾യുഎഇയിലെ 1025 തടവുകാരെ മോചിപ്പിക്കുന്നു. റമദാന് മാസം ആരംഭിക്കുന്നതിന് മുന്നോടിയായാണ് കഴിഞ്ഞ ദിവസം യുഎഇ പ്രസിഡന്റ് ഇത് സംബന്ധിച്ച ഉത്തരവിട്ടത്.
◾ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ തിരഞ്ഞെടുത്തു. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം.
◾ആഗോള തലത്തില്‍ വിവിധ രാജ്യങ്ങള്‍ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലും ഇന്ത്യ മുന്നേറ്റം കൈവരിക്കുമെന്ന് ധനമന്ത്രാലയം. റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2023 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 7 ശതമാനം വളര്‍ച്ചയാണ് കൈവരിക്കുക. കൂടാതെ, രാജ്യത്തെ റീട്ടെയില്‍ പണപ്പെരുപ്പം മൊത്ത വിലക്കയറ്റത്തിന് അനുസൃതമായി 25 മാസത്തെ താഴ്ന്ന നിലയില്‍ എത്തുമെന്നും ധനമന്ത്രാലയം അറിയിച്ചിട്ടുണ്ട്. 2022 ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 4.4 ശതമാനം വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ വിവിധ മേഖലകള്‍ നേട്ടം കൈവരിച്ചതിനാല്‍ നാലാം പാദത്തിലും വളര്‍ച്ച നിലനിര്‍ത്താന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. ഉയര്‍ന്ന സേവന കയറ്റുമതി, എണ്ണവിലയിലെ മിതത്വം, ഇറക്കുമതി- ഉപഭോഗ ആവശ്യകതയിലെ ഇടിവ് തുടങ്ങിയവ സാമ്പത്തിക വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന പ്രധാന ഘടകങ്ങളാണ്. രാജ്യത്ത് ഇറക്കുമതി കുറയ്ക്കാന്‍ സാധിക്കുന്നതോടെ കറന്റ് അക്കൗണ്ട് കമ്മി 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ആനുപാതികമായി കുറയുമെന്നാണ് സൂചന. ഇത് രൂപയ്ക്ക് ബലം നല്കാന് സഹായിക്കുന്നതാണ്. നിലവില്‍, ഫെഡ് റിസര്‍വ് റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തുന്നുണ്ട്. ഇത് ആഗോള വിപണിയില്‍ ചലനങ്ങള്‍ സൃഷ്ടിച്ചേക്കാമെങ്കിലും ഇന്ത്യയെ ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍.
◾നോക്കിയ സി12 സീരീസ് കൂടുതല്‍ ആകര്‍ഷകമാക്കിക്കൊണ്ട് എച്ച്എംഡി ഗ്ലോബല്‍ നോക്കിയ സി12 പ്രോ അവതരിപ്പിച്ചു. ഒക്ടാകോര്‍ പ്രോസസര്‍, 2 ജിബി വെര്‍ച്വല്‍ റാം, സ്ട്രീംലൈന്‍ഡ് ഒഎസ്, നൈറ്റ്, പോര്‍ട്രെയിറ്റ് മോഡുകളുമായി മുന്‍, പിന് ക്യാമറകള്‍ക്ക് മെച്ചപ്പെടുത്തിയ ഇമേജിങ് തുടങ്ങിയ സവിശേഷതകളുമായാണ് സി12 പ്രോ എത്തുന്നത്. 8 എംപി റിയര്‍, 5 എംപി ഫ്രണ്ട് ക്യാമറകള്‍, ആകര്‍ഷകമായ 6.3 എച്ച്ഡി പ്ലസ് ഡിസ്പ്ലേ എന്നിവയും ഇതിലുണ്ട്. ആന്‍ഡ്രോയ്ഡ് 12 ഗോ എഡിഷനുമായി ശരാശരി 20 ശതമാനം അധിക സ്റ്റോറേജും ഇത് ലഭ്യമാക്കും. 2 ജിബി അധിക വെര്‍ച്വല്‍ റാം, ബാക്ക്ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ആപ്പുകള്‍ ക്ലീന്‍ ചെയ്യുന്ന പെര്‍ഫോമന്‍സ് ഒപ്റ്റിമൈസര്‍ തുടങ്ങിയവയും മറ്റ് സവിശേഷതകളാണ്. നോക്കിയ സ12 പ്രോ റീട്ടെയില്‍ സ്റ്റോറുകളിലും പ്രമുഖ ഇ-കൊമേഴ്സ് വെബ്സൈറ്റുകളിലും നോക്കിയ വെബ്സൈറ്റിലും ലൈറ്റ് മിന്റ്, ചാര്‍ക്കോള്‍, ഡാര്‍ക്ക് സിയാന് നിറങ്ങളില്‍ ലഭ്യമാണ്. 4/64 ജിബി (2 ജിബി റാം + 2 ജിബി വെര്‍ച്വല്‍ റാം) എന്നിവയോടെ എത്തുന്ന നോക്കിയ സി12 പ്രോ 6,999 രൂപയ്ക്കും, 5/64 ജിബി ( 3 ജിബി റാം + 2 ജിബി വെര്‍ച്വല്‍ റാം) എന്നിവയോടെ എത്തുന്ന വേരിയന്റ് 7499 രൂപയ്ക്കും ലഭിക്കും.
◾ലോകമെമ്പാടുമുള്ള, സിനിമയെ ഗൗരവമായി കാണുന്ന പ്രേക്ഷകരുടെ സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സര്‍വ്വീസാണ് ലെറ്റര്‍ബോക്സ്ഡ്. ഇപ്പോഴിതാ 2023 ല്‍ അന്തര്‍ദേശീയ തലത്തില്‍ ഇതുവരെയിറങ്ങിയ സിനിമകളില്‍ റേറ്റിംഗില്‍ മുന്നിലെത്തിയ 50 ചിത്രങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് ലെറ്റര്‍ബോക്സ്ഡ്. നിലവിലെ സ്റ്റാന്‍ഡിംഗ് അനുസരിച്ച് മലയാള ചിത്രം ‘നന്‍പകല്‍ നേരത്ത് മയക്കം’ അഞ്ചാം സ്ഥാനത്താണ് ഉള്ളത്. നവാഗതനായ ജിത്തു മാധവന്റെ സംവിധാനത്തിലെത്തിയ ഹൊറര്‍ കോമഡി ചിത്രം ‘രോമാഞ്ചം’, ജോജു ജോര്‍ജ് ഇരട്ട വേഷത്തിലെത്തിയ രോഹിത്ത് എം ജി കൃഷ്ണന് ചിത്രം ‘ഇരട്ട’ എന്നിവയാണ് ലെറ്റര്‍ബോക്സ്ഡ് ടോപ്പ് റേറ്റഡ് ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുന്ന മറ്റ് രണ്ട് ചിത്രങ്ങള്‍. ഇതില്‍ രോമാഞ്ചം 30-ാം സ്ഥാനത്തും ഇരട്ട 48-ാം സ്ഥാനത്തുമാണ്. തമിഴ് ചിത്രം ദാദ 40-ാം സ്ഥാനത്തും ഇടംപിടിച്ചു.
◾കെജിഎഫ് സംവിധായകന് പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പ്രഭാസ് ചിത്രം സലാര്‍ ഇംഗ്ളീഷിലും ഒരുങ്ങുന്നു. ഇന്ത്യന്‍ ഭാഷാ പതിപ്പുകള്‍ക്കൊപ്പം സലാറിന്റെ ഇംഗ്ലീഷ് മൊഴിമാറ്റ പതിപ്പും അണിയറയില്‍ തയ്യാറാവുകയാണ്. കെജിഎഫ്, കാന്താര തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ ഹൊംബാലെ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ പൃഥ്വിരാജ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വരദരാജ മന്നാര്‍ എന്നാണ് പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേര്. ശ്രുതി ഹാസന്, ജഗപതി ബാബു, മധു ഗുരുസ്വാമി, ഈശ്വരി റാവു, ശ്രിയ റെഡ്ഡി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രശാന്ത് നീല്‍ തന്നെയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ഭുവന് ഗൗഡ, എഡിറ്റിംഗ് ഉജ്വല്‍ കുല്‍ക്കര്‍ണി, സംഗീതം രവി ബസ്രൂര്, ഈ വര്‍ഷം സെപ്റ്റംബര്‍ 28 ന് ചിത്രം തിയേറ്ററുകളില്‍ എത്തും.
◾മാരുതി സുസുക്കി ഇന്ത്യ, ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ മുന്‍നിര കമ്പനികള്‍ മാര്‍ച്ചില്‍ തങ്ങളുടെ കാറുകള്‍ക്ക് മികച്ച കിഴിവുകള്‍ നല്‍കുന്നുണ്ട്. മാരുതി സുസുക്കി ഇഗ്നിസിന് മാര്‍ച്ചില്‍ 52,000 രൂപ വരെ കിഴിവുണ്ട്. സിയാസിന് 28,000 രൂപ വരെയും കിഴിവ് ലഭിക്കും. ആള്‍ട്ടോയ്ക്ക് 38,000 രൂപ വരെയും, ആള്‍ട്ടോ കെ10, എസ്-പ്രസ്സോ എന്നിവയ്ക്ക് 49,000 രൂപ വരെയും, വാഗണ്‍ആറിന് 64,000 രൂപ വരെയും, മാരുതി സുസുക്കി 40,000 രൂപ വരെയും വിലക്കിഴിവാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. സ്വിഫ്റ്റ് 54,000 രൂപ വരെയും ഡിസയര്‍ 10,000 രൂപ വരെയും കഴിവ് ലഭിക്കും. ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 നിയോസിന് 38,000 രൂപ വരെ കിഴിവുണ്ട്. ഐ20 യില്‍ 20,000 രൂപ വരെയും ഓറയില്‍ 33,000 രൂപ വരെയും കിഴിവ് ലഭിക്കും. ടാറ്റ നെക്സോണിന് മാര്‍ച്ചില്‍ 3,000 രൂപ കോര്‍പ്പറേറ്റ് കിഴിവുണ്ട്. ടാറ്റ ഹാരിയറിനും, ടാറ്റ സഫാരിക്കും 45,000 രൂപ വരെ കിഴിവുണ്ട്. ടാറ്റ ടിയാഗോയ്ക്ക് 28,000 രൂപ വരെയും ടാറ്റ ടിഗോറിന് 30,000 രൂപ വരെയും കിഴിവാണുള്ളത്. ടാറ്റ ആള്‍ട്രോസിന് 28,000 രൂപ വരെ കിഴിവ് ലഭിക്കും.
◾ഉറൂബിന്റെ കഥാമലയാളം സമ്പന്നമാണ്; നല്ല വൈവിധ്യമുള്ളതുമാണ്. നന്മയിലുള്ള പര്യവസാനം എന്നുള്ള ഒറ്റക്കാര്യംവെച്ച് ഉറൂബിന്റെ കഥകളെ സര്‍ഗ്ഗാത്മകമായി മനസ്സിലാക്കാന്‍ പറ്റില്ല. പല പല അവസ്ഥകളും വികാരവഴികളും വിചാരതലങ്ങളും ആ കഥകള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകം തൊട്ട് തന്റെ ജീവിതം തീരുന്ന കാലംവരെയുള്ള കേരള ജീവിതത്തിന്റെ കലാരേഖകള്‍ ഉറൂബ് കഥകളില്‍ സൂക്ഷ്മമായി നിര്‍മ്മിച്ചിട്ടുണ്ട്. അക്കാലത്തെ മലയാളികളുടെ ചില പുറംനാട് പാര്പ്പുകളെയും ഈ കഥകള്‍ സ്ഥാനപ്പെടുത്തിവെച്ചിട്ടുണ്ട്. ജീവിതത്തിന്റെ നാടകീയതയെയും മനുഷ്യാവസ്ഥ എന്ന നിര്‍മ്മിതിയിലെ അസാധാരണഭാവങ്ങളെയും സവിശേഷമായ ആഖ്യാനകൗശലത്തോടെ അവതരിപ്പിക്കുകയായിരുന്നു ഉറൂബ്. ‘അനശ്വര ഉറൂബ്’. തിരഞ്ഞെടുപ്പ് / പഠനം: ഇ.പി. രാജഗോപാലന്‍. ഡിസി ബുക്സ്. വില 351 രൂപ.
◾ചുട്ടുപൊള്ളുന്ന വേനലില്‍ ഒരു ഗ്ലാസ് നാരങ്ങാവെള്ളം കിട്ടിയാല്‍ കുടിക്കാത്തവരാരുണ്ട്? എന്നാല്‍ ഇത് അമിതമായി കുടിക്കുന്നത് അത്ര നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. നാരങ്ങാവെള്ളം കൂടുതല്‍ കുടിച്ചാല്‍ ഉണ്ടാകാവുന്ന പാര്‍ശ്വഫലങ്ങള്‍ എന്തൊക്കെയെന്ന് അറിയാം. ദിവസവും വെറും വയറ്റില്‍ നാരങ്ങാവെള്ളം തേന്‍ ചേര്‍ത്ത് കുടിക്കുന്നത് ദഹനത്തിന് സഹായിക്കും. എന്നിരുന്നാലും ഉദരത്തിന്റെ പാളിയെ ഇത് ദിവസം മുഴുവന്‍ അസ്വസ്ഥപ്പെടുത്തുകയും ദഹനം സാവധാനത്തിലാക്കുകയും ചെയ്യും. നെഞ്ചെരിച്ചില്‍, വയറുവേദന, ഓക്കാനം വായുക്ഷോഭം ഇവയ്ക്കും കാരണമാകും. അമ്ലത വളരെ കൂടുതലായതിനാല്‍ കുടല്‍വ്രണം ഉണ്ടാകാനും കാരണമാകാം. നാരങ്ങാവെള്ളം ഡൈയൂററ്റിക് ആണ്. വൃക്കകളില്‍ കൂടുതല്‍ മൂത്രം ഉല്പാദിപ്പിക്കുന്നതിലേക്ക് ഇത് നയിക്കും. മൂത്രമൊഴിക്കുമ്പോള്‍ വെള്ളത്തോടൊപ്പം ശരീരം ഇലക്ട്രോലൈറ്റുകളെയും ശരീരത്തില്‍ നിന്ന് പുറന്തള്ളുന്നു. ഇത് നിര്‍ജലീകരണത്തിനു കാരണമാകുന്നു. കൂടാതെ ക്ഷീണം, ചുണ്ടുകള്‍ വരളുക, അമിതദാഹം എന്നിവയ്ക്കും കാരണമാകും. ദിവസവും കൂടിയ അളവില്‍ നാരങ്ങാവെള്ളം കുടിക്കുന്നത് കടുത്ത തലവേദനയ്ക്കും മൈഗ്രേനും കാരണമാകും. അങ്ങേയറ്റം അസിഡിക് ആയതു കൊണ്ട് നാരങ്ങാവെള്ളം കൂടുതല്‍ കുടിക്കുന്നത് പല്ലിന് പുളിപ്പ് ഉണ്ടാക്കുകയും പല്ലിന്റെ ഇനാമല്‍ ദ്രവിക്കാന്‍ ഇടയാക്കുകയും ചെയ്യും. അനിയന്ത്രിതമായി നാരങ്ങ ഉപയോഗിക്കുന്നത് മുടികൊഴിച്ചിലിനു കാരണമാകും. കവിളിനുള്ളിലും നാവിനടിയിലും വ്രണങ്ങള്‍ വരാന്‍ നാരങ്ങാവെള്ളത്തിന്റെ അമിതോപയോഗം കാരണമാകും. ദിവസവും രണ്ടു ഗ്ലാസ് വരെ നാരങ്ങാവെള്ളം കുടിക്കാമെന്ന് ആരോഗ്യവിദഗ്ധര്‍. ഒരു ലിറ്റര്‍ വെള്ളത്തില്‍ നാലു കഷണം നാരങ്ങ ചേര്‍ക്കാം. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ നാരങ്ങാവെള്ളം സഹായിക്കും. ദിവസവും നാരങ്ങാവെള്ളം കുടിക്കുന്നത് പ്രായം, ആരോഗ്യാവസ്ഥ തുടങ്ങിയ ഘടകങ്ങളെ ബാധിക്കുമെന്നും വിദഗ്ധര്‍ പറയുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 82.69, പൗണ്ട് – 101.50, യൂറോ – 89.10, സ്വിസ് ഫ്രാങ്ക് – 89.70, ഓസ്ട്രേലിയന്‍ ഡോളര്‍ – 55.34, ബഹറിന്‍ ദിനാര്‍ – 219.28, കുവൈത്ത് ദിനാര്‍ -269.78, ഒമാനി റിയാല്‍ – 214.81, സൗദി റിയാല്‍ – 22.00, യു.എ.ഇ ദിര്‍ഹം – 22.52, ഖത്തര്‍ റിയാല്‍ – 22.71, കനേഡിയന്‍ ഡോളര്‍ – 60.30.