yt cover 25

ഇന്ത്യക്ക് ഇരട്ട ഓസ്‌കര്‍. എസ്എസ് രാജമൗലി സംവിധാനം ചെയ്ത തെലുങ്കു ചിത്രം ‘ആര്‍ആര്‍ആറി’ലെ ‘നാട്ടു നാട്ടു’ ഗാനം ഒറിജിനില്‍ സോംഗ് വിഭാഗത്തിലും ‘ദ എലഫന്റ് വിസ്പറേഴ്സ്’ ഡോക്യുമെന്ററി ഷോര്‍ട് ഫിലിം വിഭാഗത്തിലും ഓസ്‌കര്‍ നേടി. എം.എം കീരവാണിയുടെ സംഗീത സംവിധാനത്തില്‍ മകന്‍ കൈലഭൈരവും രാഹുല്‍ സിപ്ലിഗുഞ്ജും ചേര്‍ന്ന് ആലപിച്ച ഗാനത്തിന് ഒറിജിനല്‍ സോംഗ് വിഭാഗത്തിലാണ് പുരസ്‌കാരം. കനുകുന്താള സുഭാഷ്ചന്ദ്രബോസിന്റേതാണ് ഗാനരചന. ആല്ലൂരി സീതരാമരാജു, കൊമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയില്‍ ഇരുവരുടേയും വേഷം അഭിനയിച്ചത് രാം ചരണ്‍തേജയും ജൂനിയര്‍ എന്‍ടിആറുമാണ്.

ബെസ്റ്റ് ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിമിനുള്ള ഓസ്‌കര്‍ നേടിയ ‘എലിഫന്റ് വിസ്പേറേഴ്സ്’ മനുഷ്യനും മൃഗങ്ങളുമായുള്ള ആത്മബന്ധത്തിന്റെ കഥയാണ് പറയുന്നത്. കാര്‍ത്തികി ഗോണ്‍സാല്‍വെസ് സംവിധാനം ചെയ്ത ഹ്രസ്വചിത്രമാണിത്. തമിഴ്‌നാട്ടിലെ ഗോത്രവിഭാഗത്തില്‍പെട്ട ബൊമ്മന്‍, ബെല്ല ദമ്പതികളുടെയും രഘു എന്ന ആനക്കുട്ടിയുടെയും ജീവിതം ഹൃദയത്തില്‍ തൊടുന്ന രീതിയില്‍ അവതരിപ്പിക്കുന്ന 40 മിനിറ്റുള്ള ആവിഷ്‌കാരമാണിത്.

ഒരു റാങ്ക് ഒരു പെന്‍ഷന്‍ കേസില്‍ പെന്‍ഷന്‍ കുടിശ്ശിക നാല് തവണകളായി നല്‍കാനുള്ള പ്രതിരോധ മന്ത്രാലയത്തിന്റെ ഉത്തരവ് പിന്‍വലിക്കണമെന്ന് സുപ്രീം കോടതി. ഈ മാസം പതിനഞ്ചിനകം കുടിശ്ശിക ഒറ്റതവണയായി നല്‍കണം. പെന്‍ഷന്‍ കുടിശ്ശികയുടെ വിശദാംശങ്ങള്‍ അടുത്ത തിങ്കളാഴ്ചക്കകം നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു.

*പുളിമൂട്ടില്‍ സില്‍ക്‌സിന്റെ വിപുലീകരിച്ച തൃശ്ശൂര്‍ ഷോറൂമിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തേടുന്നു*

1.ഫ്‌ലോര്‍ മാനേജര്‍ /ഫ്‌ലോര്‍ സൂപ്പര്‍വൈസര്‍(F): പ്രായം: 40 ന് താഴെ, ശമ്പളം:15-20k

2. സീനിയര്‍ സെയില്‍സ് എക്‌സിക്യൂട്ടീവ് (M/F): പ്രായം: 40 ന് താഴെ, ശമ്പളം:15-20k

3.സെയില്‍സ് എക്‌സിക്യൂട്ടീവ്(F): പ്രായം :35 ന് താഴെ, ശമ്പളം :12-18k

4. ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍(M): പ്രായം :40 ന് താഴെ, ശമ്പളം:17-25k

5. ഇലക്ട്രീഷന്‍(M) : പ്രായം: 35 ന് താഴെ, ശമ്പളം : 12-18k

മേല്‍പ്പറഞ്ഞ ശമ്പളം കൂടാതെ പി എഫ്, ഇ എസ് ഐ ആനുകൂല്യങ്ങളും സെയില്‍സ് ഇന്‍സെന്റീവും നല്‍കുന്നു | ആവശ്യമുള്ളവര്‍ക്ക് ഹോസ്റ്റല്‍ താമസവും ഭക്ഷണവും സൗജന്യം | താല്പര്യമുള്ളവര്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ബയോഡേറ്റ, ആധാര്‍ കാര്‍ഡിന്റെ ഒറിജിനല്‍ എന്നിവയുമായി പുളിമൂട്ടില്‍ സില്‍ക്സ് തൃശ്ശൂര്‍ ഷോറൂമില്‍ നേരിട്ട് എത്തിച്ചേരുക.

*HR : 7034443839, Email : customercare@pulimoottilonline.com*

വാഴക്കാലയില്‍ ശ്വാസകോശ രോഗിയുടെ മരണം ബ്രഹ്‌മപുരത്തു തീപിടിത്തത്തെ തുടര്‍ന്നുണ്ടായ വിഷപ്പുക മൂലമെന്ന ആരോപണവുമായി ബന്ധുക്കള്‍. വാഴക്കാല സ്വദേശി ലോറന്‍സ് ജോസഫ് ആണ് മരിച്ചത്. പുകയുടെ മണം കടുത്ത ശ്വാസ തടസ്സമുണ്ടാക്കിയെന്നു ലോറന്‍സിന്റെ ഭാര്യ ലിസി പറഞ്ഞു.

ഈ മാസം പതിനാറാം തീയതി ബ്രഹ്‌മപുരത്ത് കെ പി സി സി സത്യഗ്രഹം സംഘടിപ്പിക്കുമെന്നു കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. ബ്രഹ്‌മപുരത്ത് നടന്നത് ഗുരുതരമായ അഴിമതിയും സ്വജനപക്ഷപാതവുമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ വേസ്റ്റായി മാറി. പിണറായി വിദേശത്ത് പോയതും വേസ്റ്റാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

ബ്രഹ്‌മപുരത്തെ തീപ്പിടിത്തം അടക്കമുള്ള വിഷയങ്ങളില്‍ സിബിഐ അന്വേഷണം വേണമെന്നു പ്രതിപക്ഷം. ഡയോക്സിന്‍ വിഷപ്പുക കൊച്ചിയിലാകെ വ്യാപിച്ചിട്ടും മുഖ്യമന്ത്രിയും ആരോഗ്യമന്ത്രി അടക്കമുള്ള മന്ത്രിമാരും എന്തു ചെയ്തെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിയമസഭയില്‍. ഒരു പ്രശ്നവുമില്ലെന്നാണ് ആരോഗ്യമന്ത്രി പറഞ്ഞത്. തദ്ദേശ മന്ത്രി കരാര്‍ കമ്പനിയെ ന്യായീകരിക്കുന്നു. ഇപ്പോഴും തീയണഞ്ഞിട്ടില്ല. അയല്‍ ജില്ലകളിലേക്കും വിഷപ്പുക വ്യാപിച്ചു. വിഷപ്പുക ശ്വസിച്ചു രാസാംശങ്ങള്‍ രക്തത്തില്‍ കലര്‍ന്നാല്‍ കാന്‍സര്‍, ശ്വാസകോശ രോഗങ്ങള്‍, വന്ധ്യത തുടങ്ങിയ രോഗങ്ങളുണ്ടാകുമെന്നാണു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. സതീശന്‍ പറഞ്ഞു. പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭാ നടപടികള്‍ ബഹിഷ്‌കരിച്ചു.

തീപിടിത്തത്തിനു ശേഷം ഏഴാം തീയതി കൊച്ചിയിലെ വായുവിന്റെ ഗുണനിലവാരം 259 പിപിഎം ആയിരുന്നെന്നും ഇപ്പോള്‍ 138 പിപിഎം ആണെന്നും മന്ത്രി എം.ബി. രാജേഷ്. ഡല്‍ഹിയില്‍ 223 പിപിഎം ആണ്. നല്ല ശുദ്ധവായു കിട്ടാന്‍ കേരളത്തിലേക്കു വരേണ്ട സ്ഥിതിയാണ്. കരാര്‍ കമ്പനിയെ ന്യായീകരിച്ച തദ്ദേശമന്ത്രി എം ബി രാജേഷ് മാധ്യമങ്ങള്‍ ദുഷ്പ്രചാരണം നടത്തുകയാണെന്നും കുറ്റപ്പെടുത്തി.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

കേരള തീരത്ത് ഉയരത്തിലുള്ള തിരമാലക്കും കടലാക്രമണത്തിനും സാധ്യത. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം. നാളെ മുതല്‍ 16 വരെ രണ്ടു മീറ്ററോളം ഉയരത്തില്‍ തിരമാലയുണ്ടാകും. ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം ഇരിങ്ങാലക്കുട മുന്‍ ഏരിയ സെക്രട്ടറി പ്രേംരാജിനെ ഇഡി ചോദ്യം ചെയ്യുന്നു. പരാതിക്കാരനായ എം വി സുരേഷും ഇഡി ഓഫീസിലുണ്ട്.

സോണ്‍ട ഇന്‍ഫ്രാടെക് ബയോ മൈനിംഗിനായി അഡ്വാന്‍സ് നല്‍കിയ 68 ലക്ഷം തിരിച്ചു നല്‍കണമെന്ന് കണ്ണൂര്‍ കോര്‍പറേഷന്‍. പ്രവര്‍ത്തിയുടെ മുന്നൊരുക്കത്തിനായി 60 ലക്ഷം ചെലവായതായി സോണ്‍ട. എന്നാല്‍ സോണ്‍ടക്ക് ചെലവായത് 7.5 ലക്ഷം മാത്രമെന്നാണ് നഗരസഭ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ വെളിപ്പെടുത്തല്‍.

ചൈനയുടെ പ്രസിഡന്റായി മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ട ഷി ജിന്‍ പിംഗിന് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആഗോള രാഷ്ട്രീയത്തിലെ പ്രധാന ശബ്ദമായി ചൈന ഉയര്‍ന്നുവന്നത് പ്രശംസനീയമാണെന്നും കൂടുതല്‍ സമ്പന്നരാകാനുള്ള തുടര്‍ച്ചയായ ശ്രമങ്ങള്‍ക്ക് ആശംസകളെന്നും പിണറായി.

ബ്രഹ്‌മപുരത്ത് തീപിടിത്തമുണ്ടായി 12 ദിവസമായിട്ടും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സഹായം തേടാത്തത് എന്തുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ആവശ്യപ്പെട്ടാല്‍ ഒരു മണിക്കൂറിനകം ദേശീയ ദുരന്ത നിവാരണ സേനയുടെ സേവനം ലഭ്യമാക്കുമെന്ന് അമിത് ഷാ പറഞ്ഞു. പക്ഷേ സംസ്ഥാനം കേന്ദ്ര സഹായം ആവശ്യപ്പെട്ടില്ല. സുരേന്ദ്രന്‍ പറഞ്ഞു.

ജനപക്ഷം പാര്‍ട്ടി നേതാവ് പി സി ജോര്‍ജ് കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തി. സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ കേസുകളില്‍ തെളിവുകള്‍ കൈമാറാനാണ് വന്നതെന്നു പി സി ജോര്‍ജ് പറഞ്ഞു. ഇ ഡി ആവശ്യപ്പെട്ടതനുസരിച്ചാണ് വന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇനി മത്സരിക്കാനില്ലെന്ന് കെ മുരളീധരന്‍ എംപി. തന്നെ അപമാനിക്കാനാണ് നേതൃത്വം കത്തു തന്നത്. തെരഞ്ഞെടുപ്പിനു മുന്‍പ് രണ്ട് എം പിമാരെ പിണക്കിയതിന്റെ ഭവിഷത്ത് നല്ലതാകില്ല. തന്റെ സേവനം വേണോ വേണ്ടയോയന്നു പാര്‍ട്ടി തീരുമാനിക്കട്ടെയെന്നും മുരളീധരന്‍.

എംപിമാരായ കെ മുരളീധരനും എം കെ രാഘവനുമെതിരായ കെപിസിസി നീക്കം തള്ളി രമേശ് ചെന്നിത്തലയും എം എം ഹസ്സനും. എഐസിസി അംഗങ്ങളില്‍ നിന്ന് കെപിസിസി വിശദീകരണം തേടാറില്ല. രണ്ട് പേരും എം പിമാരാണെന്നും ഐക്യത്തോടെ പോകേണ്ട സമയമാണെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. കെ മുരളീധരന്‍ ഇനിയും മത്സരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മാനദണ്ഡം പാലിച്ചല്ല നടപടിയെന്ന് എം എം ഹസനും പറഞ്ഞു.

സംസ്ഥാനത്തെ ഏക കന്റോണ്‍മെന്റായ കണ്ണൂര്‍ കന്റോണ്‍മെന്റ് തെരഞ്ഞെടുപ്പ് ഏപ്രില്‍ മുപ്പതിന്. യുഡിഎഫ് അനുകൂല ബോര്‍ഡായിരുന്നു നിലവിലുണ്ടായിരുന്നത്. കണ്ണൂര്‍ നഗരത്തോടു ചേര്‍ന്നുള്ള ബര്‍ണശേരിയിലാണ് സൈനിക ഭരണ പ്രദേശമായ കന്റോണ്‍മെന്റ്. ആറു വാര്‍ഡുകളിലേക്കാണു തെരഞ്ഞെടുപ്പ്. നാമനിര്‍ദേശ പത്രിക ഈ മാസം 22 വരെ സമര്‍പ്പിക്കാം. ആര്‍മി ഉദ്യോഗസ്ഥരും പ്രദേശത്തെ താമസക്കാരുമടക്കം 2500 വോട്ടര്‍മാരാണുള്ളത്.

അണുമുക്തമാക്കിയ ശസ്ത്രക്രിയ ഉപകരണങ്ങളില്‍ ട്രോളി തട്ടിയതില്‍ രോഷാകുലനായ ഡോക്ടര്‍ ഓപറേഷന്‍ തിയറ്ററിലെ നഴ്സിങ് അസിസ്റ്റന്റിനെ ചവിട്ടിയ സംഭവത്തില്‍ അന്വേഷണം. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗത്തിലെ ഡോ. പ്രമോദിന് എതിരെയാണ് നഴ്സിങ് അസിസ്റ്റന്റായ വിജയകുമാരി ആരോപണം ഉന്നയിച്ചത്. നഴ്‌സിങ് ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രി സൂപ്രണ്ട് അന്വേഷണത്തിന് ഉത്തരവിട്ടത്.

കള്ളനോട്ടു കേസില്‍ പിടിയിലായ എടത്വ കൃഷി ഓഫീസര്‍ എം. ജിഷമോള്‍ക്കു കള്ളനോട്ടു നല്‍കിയ കളരിയാശാന്‍ പിടിയിലായി. ഹൈവേ കവര്‍ച്ചാ സംഘത്തിലെ രണ്ടു പേര്‍ക്കും കള്ളനോട്ടുകേസില്‍ ബന്ധമുണ്ടെന്നു വിവരം ലഭിച്ചിട്ടുണ്ട്. ജിഷമോള്‍ പേരുര്‍ക്കടയിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികില്‍സയിലാണ്.

സിപിഎം പ്രവര്‍ത്തകരെ അന്തം കമ്മികളേയെന്നും ചൊറിയന്‍ മാക്രികളേയെന്നും പരിഹസിച്ച് സുരേഷ് ഗോപി. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടന്ന ബിജെപി സമ്മേളനത്തില്‍ പ്രസംഗിക്കവേയാണ് മാക്രിക്കൂട്ടങ്ങളേ നിങ്ങള്‍ വന്നു ട്രോളിക്കോളൂവെന്നു പരിഹസിച്ചത്.

പാലാരിവട്ടത്ത് കുരുമുളക് സ്പ്രേ തളിച്ച് പൊലീസുദ്യോഗസ്ഥരെ ആക്രമിച്ച പ്രതിയെ പിടികൂടി. പാലാരിവട്ടം മണപ്പുറക്കല്‍ അഗസ്റ്റിന്റെ മകന്‍ മില്‍കി സദേഖിനെയാണ് പൊലീസ് പിടികൂടിയത്.

ഇടുക്കി വാത്തിക്കുടി പഞ്ചായത്തിലെ മാലിക്കുത്തില്‍ പുലി ഭീഷണി. പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി. പ്രദേശത്തു ക്യാമറ ട്രാപ്പ് സ്ഥാപിക്കുമെന്നു വനംവകുപ്പ്. മാലിക്കുത്തിലെ മൂലയില്‍ വീട്ടില്‍ ചിന്നമ്മ വീടിനു സമീപം പുലിയെ കണ്ടെന്നു പരാതിപ്പെട്ടിരുന്നു.

ഇരിട്ടി കാക്കയങ്ങാട് വീടിനുള്ളില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ദമ്പതികള്‍ക്ക് പരിക്ക്. ആയിച്ചോത്ത് സ്വദേശി എം കെ സന്തോഷ് (35), ഭാര്യ ലസിത (30) എന്നിവര്‍ക്കാണ് പരുക്കേറ്റത്.

രാഹുല്‍ഗാന്ധി ലോക്സഭയില്‍ മാപ്പു പറയണമെന്ന് ബിജെപി. പ്രധാനമന്ത്രിയെയും രാജ്യത്തെയും രാഹുല്‍ അപമാനിച്ചു. രാഹുലിനെതിരെ നടപടി വേണമെന്ന് രാജ് നാഥ് സിംഗ് ആവശ്യപ്പെട്ടു. രാജ്യസഭയിലും രാഹുല്‍ വിഷയത്തില്‍ ബഹളം. വിദേശത്ത് ഇന്ത്യയെ അപമാനിച്ച രാഹുലിനെതിരെ നടപടി വേണമെന്ന് പിയൂഷ് ഗോയല്‍ ആവശ്യപ്പെട്ടു. പാര്‍ലമെന്റില്‍ നിശബ്ദരാക്കുന്നു, പെഗാസെസ് ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ചു ഫോണ്‍ ചോര്‍ത്തുന്നു, ഭരണഘടനാ സ്ഥാപനങ്ങളെ ആര്‍എസ്എസ് പിടിച്ചെടുക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് രാഹുല്‍ഗാന്ധി ലണ്ടനിലെ പ്രസംഗത്തില്‍ ഉന്നയിച്ചത്.

വികസനത്തെക്കുറിച്ച് പ്രസംഗിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി, കര്‍ണാടകത്തിലെ ബിജെപി എംഎല്‍എ കോടികളുടെ കൈക്കൂലി വാങ്ങിയതിനെക്കുറിച്ച് മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. കൈക്കൂലിയുടെ ഒരു പങ്ക് മോദിക്കും കിട്ടുന്നുണ്ടോയെന്നും അദ്ദേഹം പരിഹസിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ബെംഗളുരു -മൈസൂരു അതിവേഗപാതയ്ക്കെതിരെ കര്‍ഷകരും പ്രദേശവാസികളും നടത്തുന്ന പ്രതിഷേധസമരം തുടരും. സര്‍വീസ് റോഡുകള്‍ വേണമെന്നും ഏറ്റെടുത്ത സ്ഥലത്തിനുള്ള നഷ്ടപരിഹാരം വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് സമരം. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് അതിവേഗപാത അതിവേഗം ഉദ്ഘാടനം ചെയ്തതെന്നും കര്‍ഷകസംഘടനകള്‍ പറഞ്ഞു.

ലണ്ടനില്‍നിന്ന് ഇന്ത്യന്‍ ജനാധിപത്യത്തിനെതിരേ ചോദ്യമുയരുന്നത് നിര്‍ഭാഗ്യകരമാണെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. ഭഗവാന്‍ ബസവേശ്വരയേയും ഇന്ത്യന്‍ ജനങ്ങളേയുമാണ് അപമാനിക്കുന്നതെന്ന് ബംഗളൂരുവില്‍ ബിജെപി സമ്മേളനത്തില്‍ പ്രസംഗിക്കവേ മോദി പറഞ്ഞു.

വീണ്ടും കൂട്ടബലാത്സംഗം. സ്‌കൂള്‍ വിദ്യര്‍ഥിനിയെ പീഡിപ്പിച്ച രണ്ടു സഹപാഠികളെ ഹരിയാനയിലെ ഗുരുഗ്രാമില്‍ പോലീസ് തെരയുന്നു. വീഡിയോ പകര്‍ത്തി പ്രചരിപ്പിച്ചെന്നും പോലീസ്.

11 നോമിനേഷനുകളുമായി എത്തിയ ‘എവരതിങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്’ ഓസ്‌കറില്‍ മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച തിരക്കഥ അടക്കം ഏഴ് പുരസ്‌കാരങ്ങള്‍ ഈ സിനിമ വാരിക്കൂട്ടി. ഡ്വാനിയേല്‍ ക്വാന്‍, ഡാനിയല്‍ ഷൈനേര്‍ട്ട് സഖ്യത്തിനാണ് സംവിധാനത്തിനും തിരക്കഥയ്ക്കുമുള്ള പുരസ്‌കാരം. മികച്ച നടിയായി ‘എവരതിങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്’ ലെ അഭിനയത്തിന് മിഷേല്‍ യോയും മികച്ച നടനായി ‘ദ വെയ്ല്‍’ ലെ വേഷത്തിന് ബ്രെന്‍ഡന്‍ ഫ്രേസറും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള അവാര്‍ഡ് ‘വുമണ്‍ ടോക്കിംഗി’ലൂടെ സാറാ പോളി നേടി.

അമേരിക്കയിലെ സാന്‍ ഡിയേഗോ തീരത്തിനടുത്ത് രണ്ടു ബോട്ടുകള്‍ മറിഞ്ഞ് എട്ടു പേര്‍ മരിച്ചു. മനുഷ്യക്കടത്തുമായി വന്ന രണ്ടു ബോട്ടുകളാണു മറിഞ്ഞത്. ഏഴു പേരെ കാണാതായി. രണ്ടു ബോട്ടുകളിലായി 23 പേരുണ്ടായിരുന്നു.

ബോര്‍ഡര്‍ – ഗാവസ്‌കര്‍ ട്രോഫിയിലെ നാലാമത്തെ ടെസ്റ്റ് സമനിലയിലേക്ക്. അഞ്ചാം ദിനം ചായക്ക് പിരിയുമ്പോള്‍ പിരിയുമ്പോള്‍ ഓസ്ട്രേലിയ രണ്ടാമിന്നിംഗ്സില്‍ 162 ന് 2 എന്ന നിലയിലാണ്.

ലോക ക്രിക്കറ്റ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ ഉറപ്പിച്ച് ഇന്ത്യന്‍ ടീം. ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്ക രണ്ട് വിക്കറ്റിന് തോറ്റതോടെയാണ് ഇന്ത്യ ഔദ്യോഗികമായി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഉറപ്പിച്ചത്. ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ട് മത്സരങ്ങളും ജയിച്ചെങ്കില്‍ മാത്രമേ ശ്രീലങ്കയ്ക്ക് ഫൈനല്‍ പ്രതീക്ഷ ഉണ്ടായിരുന്നുള്ളൂ. ജൂണ്‍ ഏഴ് മുതല്‍ 11 വരെ ലണ്ടനിലെ ഓവലില്‍ നടക്കുന്ന ഫൈനലില്‍ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍.

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 42,000ലേക്ക്. തുടര്‍ച്ചയായ ദിവസങ്ങളില്‍ പടിപടിയായി ഉയര്‍ന്നുവന്ന സ്വര്‍ണവില ഇന്നും വര്‍ധിച്ച് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. ഇന്ന് 240 രൂപയാണ് ഉയര്‍ന്നത്. 41,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 30 രൂപയാണ് ഉയര്‍ന്നത്. 5245 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 41,280 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. തുടര്‍ന്ന് തുടര്‍ച്ചയായ ദിവസങ്ങളില്‍ വില താഴ്ന്ന് 9ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. 40,720 രൂപയായാണ് സ്വര്‍ണവില താഴ്ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് ദൃശ്യമായത്. സംസ്ഥാനത്ത് വെള്ളി വിലയും ഉയര്‍ന്നു. ഒരു ഗ്രാം വെള്ളിക്ക് 69.50 രൂപയാണ് വില. എട്ട് ഗ്രാം വെള്ളിക്ക് 556 രൂപയും ഒരു കിലോഗ്രാം വെള്ളിക്ക് 69,500 രൂപയുമാണ് വില.

ഉപഭോക്താക്കള്‍ക്കായി മള്‍ട്ടി സെലക്ഷന്‍ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. ഡെസ്‌ക് ടോപ്പില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചത്. ചാറ്റില്‍ ഒരേസമയം ഒന്നിലധികം മെസേജുകള്‍ ഒറ്റയടിക്ക് സെലക്ട് ചെയ്യാന്‍ കഴിയുന്നതാണ് ഫീച്ചര്‍. മെസേജുകള്‍ സെലക്ട് ചെയ്ത ശേഷം മൊത്തമായി ഡിലീറ്റ് ചെയ്യുകയോ ഫോര്‍വേര്‍ഡ് ചെയ്യുകയോ ചെയ്യാന്‍ സാധിക്കുന്നതാണ് ഫീച്ചറിന്റെ സവിശേഷത. ചാറ്റില്‍ കോണ്‍ടെക്സ്റ്റ് മെനുവില്‍ കയറി സെലക്ടില്‍ ക്ലിക്ക് ചെയ്യാന്‍ കഴിയുന്നവിധമാണ് ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്. ചാറ്റില്‍ എവിടെ വേണമെങ്കിലും ക്ലിക്ക് ചെയ്ത് സന്ദേശങ്ങള്‍ സെലക്ട് ചെയ്യാനും കഴിയുന്നവിധവുമാണ് ഫീച്ചര്‍. ക്ലിക്ക് ചെയ്യുന്ന വേളയില്‍ തന്നെ സെലക്ട് മെസേജ് ഓപ്ഷന്‍ പ്രത്യക്ഷപ്പെടുന്ന വിധമാണ് ക്രമീകരണം. നിലവില്‍ മെസേജുകള്‍ ഓരോന്ന് ഓരോന്നായി തെരഞ്ഞെടുക്കേണ്ടതുണ്ട്. എന്നാല്‍ മള്‍ട്ടിപ്പിള്‍ മെസേജ് വരുന്നതോടെ സമയം ലാഭിക്കാന്‍ സാധിക്കും. മൈക്രോസോഫ്റ്റ് സ്റ്റോറില്‍ കയറി വാട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേറ്റ് വേര്‍ഷനിലേക്ക് മാറുന്നതോടെ പുതിയ സേവനം ലഭ്യമാകും.

കള എന്ന ചിത്രത്തിന് ശേഷം രോഹിത്ത് വി.എസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. ‘ടിക്കി ടാക്ക’ എന്ന പേരില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ആസിഫ് അലിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആക്ഷന്‍ എന്റര്‍ടൈനര്‍ ജോണറില്‍ ഒരുങ്ങുന്ന ചിത്രം ആസിഫ് അലിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ആണ് ഒരുങ്ങുന്നത്. അതേസമയം ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഒന്നും അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടട്ടില്ല. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്ലീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആസിഫ് അലിയും രോഹിത്ത് വിഎസും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും സിനിമക്ക് ഉണ്ട്. ആസിഫ് അലിക്കൊപ്പം ഹരിശ്രീ അശോകന്‍, ലുക്മാന്‍ അവറാന്‍, വാമിക ഖബ്ബി, നസ്ലിന്‍ സഞ്ജന നടരാജ്, സന്തോഷ് പ്രതാപ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഇവര്‍ക്കൊപ്പം മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നുമായി ഒട്ടേറെ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നതായി റിപോര്‍ട്ടുകള്‍ ഉണ്ട്. ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം ഈ വര്‍ഷം തന്നെ തിയേറ്ററുകളില്‍ എത്തും.

തിയേറ്ററില്‍ ആവേശ ചിരിപടര്‍ത്തിയ ‘രോമാഞ്ചം’ ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു. ഡിസ്‌നിപ്ലസ് ഹോട്ട്സ്റ്റാര്‍ ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചിത്രത്തിന്റെ റിലീസ് ഡേറ്റ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഏകദേശം മൂന്നു കോടി ബജറ്റില്‍ നിര്‍മിച്ച ചിത്രം ഒരു മാസം കൊണ്ട് ബോക്‌സോഫീസില്‍ നിന്നും 62 കോടി രൂപയാണ് കളക്റ്റ് ചെയ്തത്. ‘എലോണ്‍’, ‘ക്രിസ്റ്റഫര്‍’ തുടങ്ങിയ സൂപ്പര്‍സ്റ്റാര്‍ പടങ്ങളേക്കാളും കളക്ഷന്‍ ഇതിനകം തന്നെ രോമാഞ്ചം നേടികഴിഞ്ഞു. ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത് ജോണ്‍ പോള്‍ ജോര്‍ജ്, ഗിരീഷ് ഗംഗാധരന്‍ എന്നിവരാണ്. സൗബിന്‍ ഷാഹീര്‍, അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് തുടങ്ങിയവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ബാംഗ്ലൂരില്‍ ബാച്ച്‌മേറ്റ്‌സ് ആയി കഴിയുന്ന ഒരു പറ്റം വിദ്യാര്‍ത്ഥികള്‍ ഓജോ ബോര്‍ഡ് കളിക്കുകയും തുടര്‍ന്ന് അവര്‍ക്കുണ്ടാവുന്ന ചില അസാധാരണമായ അനുഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഗപ്പി പ്രോഡക്ഷന്റെയും, ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്‍സിന്റെയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

ബിഎംഡബ്ല്യുവിന്റെ ചെറു എസ്യുവി എക്സ് വണ്‍ സ്വന്തമാക്കി ലുക്മാന്‍ അവറാന്‍. സൗദി വെള്ളയ്ക്ക, ഉണ്ട, തല്ലുമാല, ഓപ്പറേഷന്‍ ജാവ തുടങ്ങിയ സിനിമകളിലെ കരുത്തുള്ള കഥാപാത്രങ്ങള്‍ നമുക്ക് സമ്മാനിച്ച നടനാണ് ലുക്മാന്‍ അവറാന്‍. മലപ്പുറത്തെ സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ ഡീലര്‍മാരായ കല്ലിങ്കല്‍ മോട്ടോഴ്സില്‍ നിന്നാണ് ലുക്മാന്‍ ബിഎംഡബ്ല്യു ഗാരിജിലെത്തിച്ചത്. പെട്രോള്‍, ഡീസല്‍ വകഭേദങ്ങളുള്ള വാഹനത്തിന്റെ ഏതു മോഡലാണെന്ന് വ്യക്തമല്ല. എക്സ് 1 ബിഎംഡബ്ല്യുവിന്റെ ലൈനപ്പിലെ മികച്ച വാഹനങ്ങളില്‍ ഒന്നാണ്. 2016 മുതല്‍ 2020 വരെ വിപണിയിലുണ്ടായിരുന്ന മോഡലാണ് ഇത്. 2 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന വാഹനത്തിന് 192 ബിഎച്ച്പി കരുത്തും 280 എന്‍എം ടോര്‍ക്കുമുണ്ട്. 2 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന വാഹനത്തിന്റെ കരുത്ത് 190 ബിഎച്ച്പിയും ടോര്‍ക്ക് 400 എന്‍എമ്മുമാണ്. പൂജ്യത്തില്‍ നിന്ന് 100 കടക്കാന്‍ 7.6 സെക്കന്റുകള്‍ മതി ഈ കരുത്തന്‍ എസ്യുവിക്ക്. പുതിയ എക്സ് വണ്ണിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത് ഏകദേശം 45 ലക്ഷം രൂപ മുതലാണ്.

”ഞങ്ങളൊക്കെ മാതൃഭൂമിയുടെ ബാലപംക്തിയിലെങ്കിലും ഒരു കഥയോ കവിതയോ പ്രസിദ്ധീകരിക്കണമെന്ന് കൊതിച്ചുനടന്ന കാലത്താണ് ഗിരിജ വാര്യരുടെ കഥകള്‍ ആഴ്ചപ്പതിപ്പില്‍ വന്നിരുന്നത്. ഗൃഹലക്ഷ്മി കിട്ടിയാല്‍ ആദ്യം വായിക്കുക ഗിരിജ വാര്യരുടെ കോളമാണെന്ന് ഇപ്പോള്‍ പലരും പറയാറുണ്ട്. പതിരില്ലാത്ത എഴുത്താണ് അതിനു കാരണം. ഒരു കാപട്യവുമില്ലാത്ത ഭാഷ. നമ്മളും ഈ വഴിയിലൂടെയാണല്ലോ സഞ്ചരിക്കുന്നത് എന്നു തോന്നിപ്പിക്കുന്ന അനുഭവങ്ങള്‍. വീട്ടുകോലായിലിരുന്ന് ഗിരിജ വാര്യര്‍ നമ്മളോട് നേരിട്ട് സംസാരിക്കുകയാണെന്നേ തോന്നൂ. അതുതന്നെയാണ് നിലാവെട്ടത്തിന്റെ ഭംഗിയും പ്രത്യേകതയും”.- സത്യന്‍ അന്തിക്കാട്. വേരുകള്‍ മറന്നുകൊണ്ടുള്ള മലയാളിയുടെ യാന്ത്രികപ്പാച്ചിലില്‍ എവിടെയോ നഷ്ടപ്പെട്ടുപോയ ഗ്രാമീണജീവിതത്തിന്റെയും

നാട്ടുനന്മകളുടെയും വെളിച്ചം വീണ്ടെടുക്കുന്ന ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരം. ‘നിലാവെട്ടം’. ഗിരിജ വാര്യര്‍. ചിത്രീകരണം-മദനന്‍. മാതൃഭൂമി. വില 280 രൂപ.

കൊറോണ വൈറസ് ബാധിച്ചാലും ഇല്ലെങ്കിലും കോവിഡ്19 മഹാമാരി ജനങ്ങള്‍ക്കിടയിലെ വിഷാദരോഗ ലക്ഷണങ്ങള്‍ വര്‍ധിപ്പിച്ചതായി ഗവേഷണ പഠനം ചൂണ്ടിക്കാട്ടി. ക്വാറന്റീനും രോഗഭീതിയും സാമൂഹിക അകലവും നിരന്തരം മാറുന്ന കോവിഡ് നിയന്ത്രണ ചട്ടങ്ങളും ഒറ്റപ്പെടലുമെല്ലാം ദശലക്ഷണക്കണക്കിന് പേരുടെ മാനസികാരോഗ്യത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചതായി അമേരിക്കയിലെ സാള്‍ട്ട് ലേക്ക് സിറ്റിയില്‍ നടന്ന ഗവേഷണം വെളിപ്പെടുത്തുന്നു. സാള്‍ട്ട്ലേക്കിലെ ഇന്റര്‍മൗണ്ടന്‍ ഹെല്‍ത്തിലെത്തിയ 1,36,000 ഓളം രോഗികളിലാണ് ഗവേഷണം നടത്തിയത്. കോവിഡ് പോസിറ്റീവാണോ നെഗറ്റീവ് ആണോ എന്ന വ്യത്യാസമില്ലാതെ ഏറെക്കുറെ എല്ലാ രോഗികളിലും വിഷാദരോഗ ലക്ഷണങ്ങള്‍ കണ്ടതായും വിഷാദത്തിന്റെ തീവ്രത ഗണ്യമായിരുന്നതായും ഗവേഷണത്തിന് നേതൃത്വം നല്‍കിയവര്‍ പറയുന്നു. മോശം മാനസികാരോഗ്യം ഹൃദ്രോഗപ്രശ്നങ്ങള്‍ അടക്കമുള്ള രോഗ സങ്കീര്‍ണതകള്‍ ഉണ്ടാക്കുമെന്നതിനാല്‍ ഇവ പരിശോധിക്കേണ്ടതും ചികിത്സ തേടേണ്ടതും അത്യാവശ്യമാണെന്നും ഗവേഷണറിപ്പോര്‍ട്ട് നിര്‍ദേശിച്ചു. മഹാമാരിക്ക് മുന്‍പ് 45 ശതമാനം രോഗികള്‍ ഏതെങ്കിലും തരത്തിലുള്ള വിഷാദരോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നത് 2021 മുതല്‍ 55 ശതമാനമായി ഉയര്‍ന്നതായും റിപ്പോര്‍ട്ട് അടിവരയിടുന്നു. അമേരിക്കന്‍ കോളജ് ഓഫ് കാര്‍ഡിയോളജിയുടെ 2023ലെ സയന്റിഫിക്ക് സെഷനില്‍ ഗവേഷണ റിപ്പോര്‍ട്ട് അവതരിപ്പിച്ചിരുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 81.95, പൗണ്ട് – 99.28, യൂറോ – 87.89, സ്വിസ് ഫ്രാങ്ക് – 89.52, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.71, ബഹറിന്‍ ദിനാര്‍ – 217.39, കുവൈത്ത് ദിനാര്‍ -267.14, ഒമാനി റിയാല്‍ – 212.85, സൗദി റിയാല്‍ – 21.83, യു.എ.ഇ ദിര്‍ഹം – 22.31, ഖത്തര്‍ റിയാല്‍ – 22.51, കനേഡിയന്‍ ഡോളര്‍ – 59.72.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *