അരിക്കൊമ്പനെ വനത്തില്‍ തുറന്നുവിടാതെ വനംവകുപ്പ് കസ്റ്റഡിയില്‍ സൂക്ഷിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. വനത്തില്‍ തുറന്നുവിടുമെന്ന് വനംവകുപ്പ്. ഹൈക്കോടതിയുടെ ഉത്തരവിനെക്കുറിച്ച് അറിയില്ലെന്നും കാട്ടാനയെ സൂക്ഷിക്കാനാവില്ലെന്നും തമിഴ്‌നാട് വനംവകുപ്പ്. മണിമുത്തുരു വനത്തില്‍ തുറന്നുവിടുമെന്ന് വനംമന്ത്രി മതിവേന്തന്‍. ആനയെ കാട്ടില്‍ തുറന്നുവിടുന്നതു തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി നാളെ പരിഗണിച്ചശേഷം എന്തു ചെയ്യണമെന്ന് അറിയിക്കാമെന്നാണു കോടതി ഉത്തരവിട്ടത്. ആനയെ കാട്ടില്‍ തുറന്നുവിടരുതെന്ന് ആവശ്യപ്പെട്ട് എറണാകുളം സ്വദേശി റബേക്ക ജോസഫാണ് ഹര്‍ജി നല്‍കിയത്.
അരിക്കൊമ്പനെ തിരുനെല്‍വേലി കളക്കാട് കടുവാ സങ്കേതത്തിലേക്ക് എത്തിക്കുന്നതിനെതിരേ എസ്ഡിപിഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ പ്രതിഷേധം. അരിക്കൊമ്പനെ കളക്കാട് പ്രവേശിപ്പിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍.
കെ ഫോണ്‍ ജനകീയ ബദലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ ഫോണ്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ആദ്യമായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആദ്യ ബ്രോഡ് ബാന്‍ഡ് കണക് ഷനാണ് കെ ഫോണ്‍ എന്നും മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ രാജ്യത്ത് ഇന്റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ച ഒരു നാടേ ഉള്ളു അത് കേരളം ആണ്. വാഗ്ദാനം നടപ്പാക്കുക ഉത്തരവാദിത്തമുള്ള സര്‍ക്കാരിന്റെ ജോലിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസില്‍ ലോകായുക്ത മൂന്നംഗ ബെഞ്ച് വാദം കേള്‍ക്കുന്നത് ജൂലൈ 10 ലേക്ക് മാറ്റി. അപേക്ഷ നിരസിക്കുക വഴി കുഴിയാനയെ അരിക്കൊമ്പനാക്കാന്‍ ശ്രമിക്കരുതെന്നു പരാമര്‍ശിച്ചുകൊണ്ടാണ് ലോകയുക്ത ജസ്റ്റിസ് സിറിയക് ജോസഫ് കേസ് മാറ്റിയത്. കേസ് മൂന്നംഗ ബെഞ്ചിനു വിട്ട ലോകായുക്ത നടപടിക്കെതിരായ പരാതിക്കാരനായ ആര്‍എസ് ശശികുമാറിന്റെ ഹര്‍ജി ഹര്‍ജി ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കുന്ന തിനാലാണു കേസ് മാറ്റിവച്ചത്.
മലയാളം സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. എല്‍. സുഷമയെ നിയമിച്ചു. എംജി സര്‍വകലാശാല വൈസ് ചാന്‍സലറുടെ ചുമതല സി.ടി. അരവിന്ദകുമാറിനു നല്‍കി. സര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍നിന്നാണ് ഗവര്‍ണര്‍ നിയമനം നടത്തിയത്. ശ്രീ ശങ്കാരാചാര്യ സര്‍വകലാശാലയിലെ മലയാളം പ്രഫസറാണ് സുഷമ.
കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരെ നിയമിച്ചത് അര്‍ധരാത്രി വാട്‌സ്ആപിലൂടെയാണെന്ന് എ ഗ്രൂപ്പ് നേതാവ് ബെന്നി ബഹനാന്‍. സമവായത്തിലൂടെ പുനഃസംഘടനയെന്ന നിര്‍ദേശം നടപ്പായില്ല. ഈ പുനഃസംഘടന ജനാധിപത്യ പാര്‍ട്ടിക്കു യോജിച്ചതല്ലെന്നും ബെന്നി ബഹനാന്‍ പറഞ്ഞു. കെപിസിസി പുനസംഘടനയില്‍ അതൃപ്തി അറിയിച്ച് കേന്ദ്ര നേതൃത്വത്തിന് പരാതി അയച്ചെന്ന് എം.എം ഹസന്‍.
കാമുകിക്കൊപ്പം ഭര്‍ത്താവിനെയും നാലു വര്‍ഷത്തിനുശേഷം കാമുകിയേയും കൊലപ്പെടുത്തിയ കേസിലെ പ്രതി ജയിലില്‍ കുഴഞ്ഞുവീണു മരിച്ചു. മലപ്പുറം താനൂര്‍ തെയ്യാല ഓമച്ചപ്പുഴ കൊളത്തൂര്‍ ബഷീര്‍ (44) ആണ് മരിച്ചത്. കാമുകി സൗജത്തിന്റെ ഭര്‍ത്താവ് സവാദിനെ 2018 ലും കഴിഞ്ഞ നവംബറില്‍ സൗജത്തിനേയും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്.
നഗ്നതയെ ലൈംഗികതയായി മാത്രം കാണാനാവില്ലെന്നു ഹൈക്കോടതി. തന്റെ നഗ്ന ശരീരത്തില്‍ മക്കളെകൊണ്ടു ചിത്രം വരപ്പിച്ച ആക്ടിവിസ്റ്റ് രഹന ഫാത്തിമക്കെതിരായ കേസ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് ഈ നിരീക്ഷണം. സമൂഹത്തിന്റെ ധാര്‍മികതയോ ചിലരുടെ വികാരമോ ഒരു വ്യക്തിക്കെതിരേ കുറ്റം ചുമത്തി വിചാരണ നടത്താനാവില്ലെന്നും കോടതി.
വീടിന്റെ ഉടമസ്ഥാവകാശം മാറ്റാന്‍ രണ്ടായിരം രൂപ കോഴ വാങ്ങിയ തൃശൂര്‍ കോര്‍പറേഷനിലെ റവന്യൂ ഇന്‍സ്‌പെക്ടര്‍ കെ നാദിര്‍ഷയെ വിജിലന്‍സ് അറസ്റ്റു ചെയ്തു. പനമുക്ക് സ്വദേശി സന്ദീപിന്റെ കൈയില്‍നിന്നാണു കോഴ വാങ്ങിയത്.
തിരുവനന്തപുരം ആര്യശാലയില്‍ തീപിടുത്തം. കെമിക്കല്‍ സൂക്ഷിച്ച കടയിലാണ് തീപിടുത്തമുണ്ടായത്.
എം.എഡി.എം.എയും ത്രാസുമായി യുവാവിനെ പൊലീസ് പിടികൂടി. കമ്പളക്കാട് സ്വദേശിയായ മുണ്ടോളന്‍ വീട്ടില്‍ അര്‍ഷല്‍ അമീന്‍ (26) ആണ് പിടിയിലായത്.
ബാങ്ക് ജപ്തി ചെയ്ത വീട്ടില്‍നിന്നു പട്ടാപ്പകല്‍ ഓട്ടുരുളി ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ മോഷ്ടിച്ച നാലംഗ സംഘത്തെ പിടികൂടി. മുട്ടം മണിണ്ഠന്‍ (27), ഇയാളുടെ സഹോദരന്‍ കണ്ണന്‍ (37), മണ്ണാര്‍ക്കാട് ഷെമീര്‍ (31), വെങ്ങല്ലൂര്‍ അനൂപ് (38) എന്നിവരാണ് അറസ്റ്റിലായത്. മദ്യപിക്കാനുള്ള പണത്തിനായാണു മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു..
ലൈംഗിക പീഡന പരാതി ഉന്നയിച്ചു സമരം നടത്തിയിരുന്ന ഗുസ്തി താരങ്ങള്‍ ജോലിയില്‍ പ്രവേശിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ശനിയാഴ്ച രാത്രി കൂടിക്കാഴ്ചയോടെയാണ് താരങ്ങള്‍ ജോലിക്കു ഹാജരാകാന്‍ തീരുമാനിച്ചത്. എന്നാല്‍ സമരത്തില്‍നിന്നു പിന്മാറില്ലെന്നാണു റെയില്‍വേയില്‍ ഉദ്യോഗസ്ഥയായ സാക്ഷി മാലിക് പ്രതികരിച്ചത്. വിനേഷ് ഫോഗട്ടും, ബജ്‌റംഗ് പൂനിയയും ജോലിക്കു കയറിയെങ്കിലും സമരം തുടരുമെന്ന് ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ട് പറഞ്ഞു.
വിദേശകാര്യ മന്ത്രാലയത്തിലെ ആസ്ഥാന കെട്ടിടത്തില്‍ തീപിടുത്തം. ജവഹര്‍ലാല്‍ നെഹ്‌റു ഭവനിലാണ് തീപിടുത്തം ഉണ്ടായത്. രണ്ടാം നിലയിലെ ബി സെക്ഷനിലുള്ള സെര്‍വര്‍ റൂമിലാണ് തീപിടിച്ചത്.