◾സംസ്ഥാനത്തു മാലിന്യം തള്ളുന്ന 5567 കേന്ദ്രങ്ങളില്‍ 4711 സ്പോട്ടുകളിലേയും മാലിന്യം നീക്കം ചെയ്തെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം ബി രാജേഷ്. വീണ്ടും അവിടെ മാലിന്യം തള്ളുന്നവരെ പിടികൂടാനും വാഹനങ്ങള്‍ പിടിച്ചെടുക്കാനും നടപടിയെടുത്തെന്നും മന്ത്രി. 84.89 ശതമാനം മാലിന്യവും നീക്കി. ശേഷിക്കുന്നവ ഉടനേ നീക്കും. പകര്‍ച്ചപ്പനി പ്രതിരോധത്തിന്റെ പശ്ചാത്തലത്തിലാണു നടപടി. തദ്ദേശസ്വയംഭരണ, ആരോഗ്യ, പൊതുവിദ്യാഭ്യാസ വകുപ്പുകളുടെ മന്ത്രിമാരുടെ നേതൃത്വത്തില്‍ സംയുക്ത യോഗവും ചേര്‍ന്നു.
◾തൊപ്പി എന്നറിയപ്പെടുന്ന യൂ ട്യൂബര്‍ നിഹാലിനെ എറണാകുളത്തുനിന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അര്‍ധരാത്രിയോടെ നിഹാല്‍ താമസിച്ചിരുന്ന സുഹൃത്തിന്റെ വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിന്റെ വീഡിയോ തൊപ്പി പോസ്റ്റ് ചെയ്തു. പൊതുസ്ഥലത്ത് അശ്ലീല പാട്ടു പാടിയതിനും ഗതാഗത തടസമുണ്ടാക്കിയതിനും പിടികൂടിയ നിഹാലിനെ വളാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. ലാപ്ടോപ്പ് ഉള്‍പ്പെടെ കസ്റ്റഡിയില്‍ എടുത്തു. ഒരു മണിക്കൂറോളം കാത്തുനിന്നശേഷമാണ് വാതില്‍ പൊളിച്ചതെന്ന് പൊലീസ്. കംപ്യൂട്ടറിലെ തെളിവുകള്‍ നശിപ്പിക്കാതിരിക്കാനാണ് പെട്ടെന്ന് കസ്റ്റഡിയിലെടുത്തതെന്നും പോലീസ്.
◾ഒളിവില്‍ പോയിട്ടില്ലെന്ന് വ്യാജ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റു കേസില്‍ അറസ്റ്റിലായ മുന്‍എസ്എഫ്ഐ നേതാവ് കെ വിദ്യ. നോട്ടീസ് കിട്ടിയിരുന്നെങ്കില്‍ ഹാജരാകുമായിരുന്നുവെന്നും വിദ്യ പറയുന്നു. അട്ടപ്പാടി കോളജിന്റെ പ്രിന്‍സിപ്പലും മഹാരാജാസ് കോളജിലെ ചില അധ്യാപകരും ഗൂഢാലോചന നടത്തിയാണു തന്നെ കള്ളക്കേസില്‍ കുടുക്കിയതെന്നും വിദ്യ ആരോപിച്ചു. അതേ സമയം ചോദ്യം ചെയ്യലിനു വിദ്യ വ്യക്തമായ മറുപടി തരുന്നില്ലെന്ന് പൊലീസ്.
◾വ്യാജ രേഖ കേസില്‍ അറസ്റ്റിലായ മുന്‍ എസ്എഫ്ഐ നേതാവ് കെ വിദ്യയെ കുടുക്കിയത് കൂട്ടുകാരിക്കൊപ്പമുള്ള സെല്‍ഫി. സ്വന്തം ഫോണ്‍ സ്വിച്ചോഫ് ചെയ്ത് ഒളിവിലായിരുന്ന വിദ്യ വിവരങ്ങള്‍ അറിഞ്ഞിരുന്നത് സുഹൃത്തിന്റെ ഫോണിലൂടെയായിരുന്നു. ഈ ഫോണിന്റെ ലൊക്കേഷന്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്.
◾നായര്‍ സര്‍വീസ് സൊസൈറ്റിയയുടെ പ്രതിനിധി സഭയില്‍ നിന്ന് ആറു പേര് ഇറങ്ങിപ്പോയി. കലഞ്ഞൂര്‍ മധു, പ്രശാന്ത് പി കുമാര്‍, മാനപ്പള്ളി മോഹന്‍ കുമാര്‍, വിജയകുമാരന്‍ നായര്‍, രവീന്ദ്രന് നായര്‍, അനില്‍കുമാര്‍ എന്നിവരാണ് 300 അംഗ പ്രതിനിധി സഭയില്‍നിന്ന് ഇറങ്ങിപ്പോയത്. ധനമന്ത്രി കെ. എന്‍. ബാലഗോപലിന്റെ സഹോദരനായ കലഞ്ഞൂര്‍ മധു 26 വര്‍ഷമായി ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്. മധുവിനെ ഡയറക്ടര്‍ ബോര്‍ഡില്‍നിന്ന് നീക്കം ചെയ്യാന്‍ നേതൃത്വം തീരുമാനിച്ചതില്‍ പ്രതിഷേധിച്ചാണ് പ്രതിനിധി സഭയില്‍നിന്ന് ഇറങ്ങിപ്പോയത്.
◾ലൈഫ് മിഷന് കോഴക്കേസില്‍ സ്വപ്ന സുരേഷിന്റെ ജാമ്യം കോടതി ഉപാധികളോടെ നീട്ടി. എന്‍ഫോഴ്സ്മെന്റ് അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നാണ് ഉപാധി. ഇതേസമയം, ശിവശങ്കറിന്റെ റിമാന്‍ഡ് ഓഗസ്റ്റ് അഞ്ചുവരെ കോടതി നീട്ടി. ശിവശങ്കര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് എന്‍ഫോഴ്സ്മെന്റ് കോടതിയില്‍ പറഞ്ഞു.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾പനി ബാധിച്ച് തൃശൂര്‍ ചാഴൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. കുണ്ടൂര്‍ വീട്ടില്‍ ധനിഷ്ക്കാണ് (13) മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
◾
◾ഹോം സ്റ്റേയ്ക്കു ലൈസന്‍സ് നല്കുന്നതിനു രണ്ടായിരം രൂപ കൈക്കൂലി വാങ്ങിയ ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ജെ. ഹാരിസണ്‍ വിജിലന്‍സിന്റെ പിടിയിലായി. ആലപ്പുഴ സ്വദേശി യു മണിയില്‍നിന്ന് പതിനായിരം രൂപ കൈക്കൂലിയിലെ ആദ്യഗഡു വാങ്ങുന്നതിനിടെയാണ് പിടികൂടിയത്.
◾കോട്ടയം വിജയപുരത്തെ ലൈഫ് ഫ്ളാറ്റില്‍ ചോര്‍ച്ചയെ ന്യായീകരിച്ച് ലൈഫ് മിഷന്. പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചപ്പോഴുണ്ടായ പ്രശ്നങ്ങളാണ് ചോര്‍ച്ചയ്ക്കു കാരണം. തൊഴിലാളികളുടെ പിഴവുകളും കാരണമായെന്നു സ്ഥലം സന്ദര്‍ശിച്ച ലൈഫ് മിഷന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
◾മ്ലാവിനെ വേട്ടയാടിയെന്ന കേസ് തലയില്‍ കെട്ടിവയ്ക്കുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ഭീഷണിയെത്തുടര്‍ന്നു കര്ഷകന് ആത്മഹത്യ ചെയ്ത സംഭവം വനം വിജിലന്‍സ് അന്വേഷിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്. സംഭവത്തെ പത്തനംതിട്ട കോന്നി പൂച്ചക്കുളം സ്വദേശി രാധാകൃഷ്ണനെയാണു വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഫോറസ്റ്റ് സ്റ്റേഷനില്‍ തോക്കുമായി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രാധാകൃഷ്ണനെ ഭീഷണിപ്പെടുത്തിയിരുന്നു.
◾ചിന്നക്കനാല്‍ ഗ്രാമപഞ്ചായത്തിലെ ആനത്താരകളില്‍ അടക്കം വിനോദസഞ്ചാരികളെ പാര്‍പ്പിക്കാന്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ടെന്റ് ക്യാമ്പുകള്‍ക്കെതിരേ നടപടി. ഇരുപത്തഞ്ചിലേറെ ടെന്റ് ക്യാമ്പുകള്‍ ഇവിടെയുണ്ട്. ഇവിടങ്ങളില്‍ അടിയന്തിരമായി സംയുക്ത പരിശോധന നടത്തണമെന്ന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് ഉത്തരവിട്ടു.
◾മോന്സന് മാവുങ്കലിന്റെ തട്ടിപ്പു കേസില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരന് ക്രൈംബ്രാഞ്ചിനു മുന്നില്‍ ഹാജരായി. എത്ര ചോദ്യങ്ങള്‍ ക്രൈംബ്രാഞ്ച് തയ്യാറാക്കിയാലും അതിനെല്ലൊം ഉത്തരം നല്‍കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സുധാകരനു ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
◾
◾വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തതിന്റെ പേരില്‍ തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കളളക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഏഷ്യനെറ്റ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാര്‍ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.
◾പട്ടി റോഡിനു കുറുകെ ചാടിയതുമൂലം നിയന്ത്രണം വിട്ട ബൈക്ക് ടിപ്പറിനടിയില്‍ അകപ്പെട്ട് യുവാവ് മരിച്ചു. എറണാകുളം കോതാടുണ്ടായ അപകടത്തില്‍ മൂലമ്പള്ളി സ്വദേശി സാള്‍ട്ടന്‍(24) ആണ് മരിച്ചത്.
◾മലയിന്‍കീഴ് ശങ്കരമംഗലം റോഡിലെ വീട്ടില്‍ ചോരയില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയ ഭാര്യ വിദ്യ മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് പ്രശാന്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭര്‍ത്താവും മൂത്തമകനും വീട്ടിലുണ്ടായിരുന്നു. ശുചിമുറിയില്‍ വീണ് പരിക്കേറ്റെന്നായിരുന്നു ഭര്‍ത്താവിന്റെ മൊഴി.
◾പിണങ്ങിപ്പിരിഞ്ഞതിന്റെ വൈര്യാഗ്യത്തില്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ ദമ്പതികളെ ആക്രമിച്ച രണ്ടു പേര് പിടിയില്‍. തൃശൂര്‍ പട്ടിക്കാട് കല്ലിടുക്ക് ഓലിയാനിക്കല്‍ വിഷ്ണു, മാരായ്ക്കല്‍ പടിഞ്ഞാറയില്‍ പ്രജോദ് എന്നിവരെയാണ് പീച്ചി പൊലീസ് പിടികൂടിയത്. വിലങ്ങന്നൂരിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ അഭിജിത്തിനെയും ഭാര്യയെയും അഭിജിത്തിന്റെ മുന്‍കാല സുഹൃത്തുക്കളാണ് ആക്രമിച്ചത്.
◾മാന്‍ കൊമ്പുകളുമായി രണ്ടു പേര് വണ്ടൂരില്‍ പിടിയില്‍. നിലമ്പൂര്‍ രാമന്‍കുത്ത് സ്വദേശി ചെറുതോടിക മുഹമ്മദാലി (34), അമരമ്പലം ചെറായി സ്വദേശി മലയില്‍ ഹൗസില്‍ ഉമ്മര്‍ (44) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
◾തിരുപ്പതി ക്ഷേത്ര ദര്‍ശനത്തിനെത്തിയ അഞ്ചു വയസുകാരനെ പുലി കടിച്ചുപറിച്ചു. ക്ഷേത്രത്തിലേക്കുള്ള നടപ്പാതയിലാണ് കൗശിക് എന്ന ബാലനെ പുലി ആക്രമിച്ചത്. കൗശിക്കിന്റെ കഴുത്തില്‍ കടിച്ച പുലി കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചു. സുരക്ഷാ ജീവനക്കാര്‍ അലാറം മുഴക്കുകയും കല്ലെറിയുകയും ചെയ്തതോടെ പുലി കുട്ടിയെ ഉപേക്ഷിച്ചു കാട്ടിലേക്ക് ഓടിപ്പോകുകയായിരുന്നു. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്ലാ പ്രതിപക്ഷ കക്ഷികളും ഒറ്റക്കെട്ടായി ബിജെപിയെ പരാജയപ്പെടുത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. പാറ്റ്നയില്‍ പ്രതിപക്ഷകക്ഷി നേതാക്കളുടെ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ രാഹുല്‍ പാര്‍ട്ടി ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു. പ്രതിപക്ഷ കക്ഷി നേതാക്കളുടെ യോഗം രാവിലെ 11 ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറിന്റെ വസതിയില്‍ ആരംഭിച്ചു.
◾പാറ്റ്നയില്‍ പ്രതിപക്ഷ നേതാക്കള്‍ ഒത്തുകൂടിയിരിക്കുന്നത് ഒന്നിച്ചിരുന്നു ഫോട്ടോയെടുക്കാനാണെന്നു പരിഹസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞടുപ്പില്‍ മുന്നൂറു സീറ്റോടെ റിക്കാര്‍ഡ് ഭൂരിപക്ഷവുമായി മോദിതന്നെ അധികാരത്തിലെത്തുമെന്നും അമിത് ഷാ.
◾കൊവിന്‍ ആപ്പിലെ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ പ്രധാന പ്രതി 22 കാരന് ബിടെക് വിദ്യാര്‍ത്ഥി. ബീഹാറില്‍ നിന്ന് അറസ്റ്റിലായ സഹോദരങ്ങളെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് പൊലീസ്. ഇവര്‍ ഡേറ്റ ആര്‍ക്കും വിറ്റിട്ടില്ലെന്നാണു പോലീസ് പറയുന്നത്.
◾ടൈറ്റാനിക്കിന്റെ തകര്‍ന്ന ഭാഗങ്ങള്‍ കാണാന്‍ യാത്ര തിരിച്ച ഓഷ്യന്‍ഗേറ്റ് ടൈറ്റന് അന്തര്‍വാഹിനിയിലെ അഞ്ചു യാത്രക്കാരും മരിച്ചെന്നു സ്ഥിരീകരിച്ചു. അന്തര്‍വാഹിനിയുടെ അവശിഷ്ടങ്ങള്‍ ഉത്തര അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടില്‍ നിന്ന് അന്വേഷണ സംഘം കണ്ടെടുത്തു. അമേരിക്കന്‍ കോസ്റ്റ്ഗാര്‍ഡ് റിയര്‍ അഡ്മിറല്‍ ജോണ്‍ മൊഗര്‍ ആണ് ഈ വിവരം സ്ഥിരീകരിച്ചത്. കടലിനടിയിലുണ്ടായ ശക്തമായ മര്‍ദത്തില്‍ പേടകം ഉള്‍വലിഞ്ഞ് പൊട്ടിയതാണെന്നാണ് നിഗമനം.
◾സാമ്പത്തിക പ്രതിസന്ധിയില്‍പെട്ട പ്രമുഖ എഡ്ടെക് സ്ഥാപനമായ ബൈജൂസിന് വീണ്ടും തിരിച്ചടി. കമ്പനിയുടെ ഓഡിറ്റര്‍ സ്ഥാനത്ത് നിന്ന് ബഹുരാഷ്ട്രാ ധനകാര്യ സ്ഥാപനമായ ഡിലോയിറ്റ് ഹസ്കിന്‍സ് ആന്‍ഡ് സെല്‍സ് പിന്മാറി. കഴിഞ്ഞ രണ്ടു സാമ്പത്തിക വര്‍ഷങ്ങളിലെ ഓഡിറ്റ് റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്നതിനാലാണ് രാജിയെന്ന് ഡിലോയിറ്റിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 2025 മാര്‍ച്ച് വരെയായിരുന്നു ഡിലോയിറ്റിന്റെ കാലാവധി. ഡിലോയിറ്റ് പിന്മാറിയതോടെ 2022 സാമ്പത്തിക വര്‍ഷം മുതലുള്ള ഓഡിറ്ററായി പ്രൊഫഷണല്‍ സര്‍വീസ് സ്ഥാപനമായ ബിഡിഒയെ നിയമിച്ചിട്ടുണ്ട്. 2022 സാമ്പത്തിക വര്‍ഷം മുതല്‍ അഞ്ച് വര്‍ഷത്തേക്കാണ് കാലാവധി. ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡ്, ഉപകമ്പനിയായ ആകാശ് ഫൗണ്ടേഷന് സര്‍വീസസ് ലിമിറ്റഡ് എന്നിവയുള്‍പ്പെടെയുള്ള കമ്പനികളുടെ സംയോജിത പ്രവര്‍ത്തനഫലങ്ങള്‍ ബി.ഡി.ഒ തയ്യാറാക്കും. ബൈജൂസ് ഡയറക്ടര്‍ ബോര്‍ഡിലെ മൂന്നു പേരും രാജിവച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പീക്ക് എക്സ് വി പാര്‍ട്ണേഴ്സ് എം.ഡി ജി.വി രവിശങ്കര്‍, ഇന്‍വെസ്റ്റ്മെന്റ് കമ്പനി പ്രോസസിന്റെ പ്രതിനിധി റസല്‍ ഡ്രീസെന്‍സ്റ്റോക്, ചാന് സക്കര്‍ബര്‍ഗില്‍ നിന്നുള്ള വിവിയന്‍ വു എന്നിവരാണ് രാജിവച്ചത് എന്നാണ് അറിയുന്നത്. എന്നാല്‍ കമ്പനി ഇത് സ്ഥിരീകരിച്ചിട്ടില്ല. ബൈജൂസ് 2021 സാമ്പത്തിക വര്‍ഷത്തില്‍ 4,564 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. വരുമാനം 3.3 ശതമാനം ഇടിഞ്ഞ് 2,428 കോടി രൂപയുമായിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ബൈജൂസ് 1,000 ത്തോളം ജീവനക്കാരെ ഒഴിവാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്.
◾സ്പാം കോളുകളെ പേടിക്കാതെ ഇനി വാട്ട്സാപ്പ് ഉപയോഗിക്കാം. വാട്ട്സാപ്പില്‍ സ്പാം കോളുകള്‍ നിറയുന്നത് സംബന്ധിച്ച് നിരവധി പരാതികളാണ് ഉയരുന്നത്. ഇപ്പോഴിതാ അത്തരത്തിലുള്ള കോളുകള്‍ സ്വയം മ്യൂട്ട് ചെയ്യാനുള്ള ഫീച്ചറാണ് വാട്ട്സാപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലെ മെറ്റാ ചാനല്‍ അനുസരിച്ച് പുതിയ ഫീച്ചര്‍ വാട്ട്സാപ്പിനെ കൂടുതല്‍ സ്വകാര്യമാക്കാന്‍ സഹായിക്കുന്നു. ബീറ്റ വേര്‍ഷനിലാണ് നിലവില്‍ ഇത് ലഭ്യമാകുന്നത്. ആന്‍ഡ്രോയിഡ് ,ഐഒഎസ് വേര്‍ഷനില്‍ ഈ ഫീച്ചര്‍ ലഭ്യമാണ്. പ്രൈവസി സെറ്റിങ്സ് മെനു വഴി ഉപയോക്താവിന് അജ്ഞാത നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ ഓട്ടോമാറ്റിക്കലി മ്യൂട്ടാക്കാനാകും. ഇതിനായി വാട്ട്സാപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. അല്ലെങ്കില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറോ, ആപ്പിള്‍ ആപ്പ് സ്റ്റോറോ വഴി അപ്ഡേറ്റ് ചെയ്യാം. ഗ്യാലക്സി ട23 അള്‍ട്രാ, റിയല്‍മീ 11 പ്രൊ+ എന്നിവ പോലുള്ള ഫോണുകളില്‍ ഈ ഫീച്ചര്‍ ലഭ്യമാണ്. ഇതിനായി മെനുവില്‍ ക്ലിക്ക് ചെയ്യുക. അതിനു ശേഷം സെറ്റിങ്സില്‍ പ്രൈവസി ക്ലിക്ക് ചെയ്യുക. അതില്‍ നിന്ന് ‘അജ്ഞാത കോളര്‍മാരെ മ്യൂട്ടാക്കുക’ എന്ന ഓപ്ഷന് ഓണാക്കണം.
◾ടൊവിനൊ തോമസ് നായകനാകുന്ന പുതിയ ചിത്രമാണ് ‘അന്വേഷിപ്പിന്‍ കണ്ടെത്തും’. ഡാര്വിന് കുര്യാക്കോസാണ് ചിത്രത്തിന്റെ സംവിധായകന്. തിരക്കഥ സംഭാഷണം ജിനു വി എബ്രാഹാം എഴുതുന്നു. ‘അന്വേഷിപ്പിന്‍ കണ്ടെത്തു’മിന്റെ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. ചിത്രത്തിന്റെ രണ്ട് ഷെഡ്യുളുകളായി 75 ദിവസങ്ങള്‍ നീണ്ടുനിന്ന ചിത്രീകരണമാണ് അവസാനിച്ചത്. കോട്ടയത്തും, കട്ടപ്പനയിലും തൊടുപുഴയിലുമായിട്ടാണ് ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായത്. ടൊവിനൊയോടൊപ്പം സിദ്ദിഖ്, ഹരിശ്രീ അശോകന്, പി പി കുഞ്ഞികൃഷ്ണന്, പ്രമോദ് വെളിയനാട്, വിനീത് തട്ടില്‍, രാഹുല്‍ രാജഗോപാല്‍, ഇന്ദ്രന്‍സ്, സിദ്ദിഖ്, കോട്ടയം നസീര്‍, അസീസ് നെടുമങ്ങാട്, വെട്ടുകിളി പ്രകാശന്, സാദിഖ്, ബാബുരാജ്, അര്‍ത്ഥന ബിനു, രമ്യ സുവി, ശരണ്യ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അന്വേഷകരുടെ കഥ പറയുന്ന ഒരു ചിത്രമാണ് ‘അന്വേഷിപ്പിന്‍ കണ്ടെത്തും’. വമ്പന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രമായ ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ ടൊവിനോയുടെ കരിയറിലെ തന്നെ വലിയ പ്രൊജക്റ്റുകളിലൊന്നാണ്. ദക്ഷിണേന്ത്യയിലെ മികച്ച സംഗീത സംവിധായകരിലൊരാളായ സന്തോഷ് നാരായണന് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്ന ആദ്യ മലയാളസംരഭമാണിത്.
◾വിദ്യാ ബാലന് നായികയാകുന്ന പുതിയ ചിത്രമാണ് ‘നീയത്’. വിദ്യയുടെ ‘നീയത്’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ഒരു മര്‍ഡര്‍ മിസ്റ്ററി ഴോണറിലുള്ള ചിത്രമാണ് ഇത്. ജൂലൈ ഏഴിനാണ് ചിത്രത്തിന്റെ റിലീസ്. ‘ശകുന്തളാ ദേവി’ സംവിധായിക അനു മേനോന് ആണ് ‘നീയത്’ ഒരുക്കുന്നത്. അദ്വൈത കല, ഗിര്‍വാണി ധയാനി എന്നിവര്‍ക്കൊപ്പം അനുവിന്റേതുമാണ് ‘നീയതി’ന്റെ കഥ. ഒരു ഡിറ്റക്ടീവായിട്ടാണ് ചിത്രത്തില്‍ വിദ്യാ ബാലന് വേഷമിടുന്നത്. രാം കപൂര്‍, രാഹുല്‍ ബോസേ, മിത വസിഷ്ഠ്, നീരജ കബി, ഷഹാന ഗോസ്വാമി, അമൃത പുരി, ശശാങ്ക് അറോറ, പ്രജക്ത കോലി, ഡാനേഷ് റസ്വി എന്നിവരും ‘നീയതി’ല്‍ വേഷമിടുന്നു. വിദ്യാ ബാലന്റേതായി ‘ജല്‍സ’ എന്ന ചിത്രമാണ് ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. സുരേഷ് ത്രിവേണിയാണ് ചിത്രത്തിന്റെ സംവിധാനം.
◾ജര്‍മ്മന്‍ ആഡംബര വാഹന ബ്രാന്‍ഡായ മെഴ്സിഡസ് എഎംജി എസ്എല്‍ 55 റോഡ്സ്റ്റര്‍ ഒടുവില്‍ ഇന്ത്യയിലെത്തി. സിബിയു യൂണിറ്റായി ഇവിടെ എത്തിക്കുന്ന മോഡലിന് 2.35 കോടി രൂപ എക്സ് ഷോറൂം പ്രാരംഭ വിലയുണ്ട്. ഫാബ്രിക് റൂഫുള്ള നാല് സീറ്റുള്ള പെര്‍ഫോമന്‍സ് ഓറിയന്റഡ് കാറാണിത്. മോണ്‍സ ഗ്രേ മാഗ്നോ, ഒബ്സിഡിയന്‍ ബ്ലാക്ക്, ആല്‍പൈന്‍ ഗ്രേ, സെലനൈറ്റ് ഗ്രേ, പാറ്റഗോണിയ റെഡ് ബ്രൈറ്റ്, സ്പെക്ട്രല്‍ ബ്ലൂ മാംഗോ, ഒപാലൈറ്റ് വൈറ്റ് ബ്രൈറ്റ്, ഹൈപ്പര്‍ ബ്ലൂ എന്നിങ്ങനെ എട്ട് എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളില്‍ നിന്ന് വാങ്ങുന്നവര്‍ക്ക് തിരഞ്ഞെടുക്കാം. തുണികൊണ്ടുള്ള മേല്‍ക്കൂര ഗ്രേ, കറുപ്പ്, കടും ചുവപ്പ് എന്നിങ്ങനെ മൂന്ന് നിറങ്ങളില്‍ ലഭ്യമാണ്. 476 കുതിരശക്തിയും 700എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്ന 4.0ലി വി8 ട്വിന്‍-ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് എഎംജി എസ്എല്‍ 55ന്റെ ഹൃദയം. ട്രാന്സ്മിഷന് ചുമതലകള്‍ക്കായി, 9-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ്.
◾ഹോമോസാപിയന്‍ എന്ന ആധുനികമനുഷ്യന്റെ പരിണാമവും ജീവിതവും, യുക്ത്യാധിഷ്ഠിതമായി വിശദീകരിച്ചിരിക്കുന്ന കൃതിയാണ് മര്‍ത്യഗാഥ. മനുഷ്യജീവിതത്തെ സ്വാധീനിക്കുന്ന കുടുംബം, ഗോത്രം, ഭാഷ, സംസ്കാരം, സമൂഹം, രാജ്യം, മതം, ദൈവം, ഫ്യൂഡലിസം, മുതലാളിത്തം, കമ്മ്യൂണിസം തുടങ്ങിയ മുഴുവന്‍ പ്രക്രിയകളേയും അതിശയോക്തികളില്‍നിന്നും മുക്തമാക്കി, യഥാതഥമായും വസ്തുനിഷ്ഠമായും വിവരിക്കുന്ന ഗ്രന്ഥം. ഇന്ത്യന്‍ ഭാഷകളില്‍ ഇങ്ങനെയൊരു പുസ്തകം ആദ്യമാണ്. വിദേശഭാഷകളിലും ഇത്തരമൊരു ഉദ്യമം ഇല്ലെന്നു തോന്നുന്നു. ബൗദ്ധികവും സാമൂഹികവും സാംസ്കാരികവുമായ ജീവിതാവബോധത്തിന്റെ ഔന്നത്യത്തിലേക്ക് വായനക്കാരെ നയിക്കുന്ന കൃതി. ലോകോത്തര നിലവാരമുള്ള വൈജ്ഞാനിക ഗ്രന്ഥം. ‘മര്‍ത്യഗാഥ’. കെ.എ രാജന്. ഗ്രീന്‍ ബുക്സ്. വില 760 രൂപ.
◾സന്തോഷം വന്നാലും സങ്കടമാണെങ്കിലും നിരാശ തോന്നിയാലുമൊക്കെ ഭക്ഷണം കഴിക്കും എന്ന് പറയുന്നവരെ കണ്ടിട്ടില്ലേ, ഇതാണ് ഇമോഷണല്‍ ഈറ്റിങ്. മാനസിക സമ്മര്‍ദം, ഉത്കണ്ഠ, വിരസത തുടങ്ങിയ പ്രതികൂല വികാരങ്ങളിലൂടെ കടന്നുപോകുമ്പോഴും സന്തോഷം നിറയുമ്പോഴുമെല്ലാം ഇവയെ ഭക്ഷണം കഴിച്ച് നേരിടുന്ന രീതിയാണിത്. എന്നാല്‍ ഈ ശീലം നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കും. വിശപ്പില്ലാത്തപ്പോഴും ഭക്ഷണം കഴിക്കാറുണ്ടോ? ഇമോഷണല്‍ ഈറ്റിങ്ങിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണിത്. ശരീരത്തിന് ഊര്‍ജ്ജം ലഭിക്കാനായി ഭക്ഷണം കഴിക്കുന്നതിന് പകരം വൈകാരികമായ ആഗ്രഹം കൊണ്ടുമാത്രമാണ് ഈ സാഹചര്യങ്ങളില്‍ നമ്മള് ആഹാരം കളിക്കുന്നത്. വൈകാരികമായി ഭക്ഷണം കഴിക്കുന്ന ആളുകള്‍ക്ക് അവരുടെ വികാരങ്ങളെ അടിസ്ഥാനമാക്കി പ്രത്യേക തരം ഭക്ഷണത്തിനോട് കൊതി തോന്നും. ഉദാഹരണത്തിന്, സമ്മര്‍ദ്ദം തോന്നുമ്പോള്‍ ഐസ്ക്രീം അല്ലെങ്കില്‍ പിസ കഴിക്കണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്. വികാരങ്ങള്‍ പ്രകടിപ്പിക്കാതെ മറച്ചുപിടിക്കാനായും ചിലര്‍ ഭക്ഷണത്തെ ആയുധമാക്കാറുണ്ട്. ഭക്ഷണം കഴിക്കുമ്പോള്‍ ഇവര്‍ക്ക് ഉത്കണ്ഠ, വിഷാദം മുതലായ വികാരങ്ങളില്‍ നിന്ന് താത്കാലിക ആശ്വാസം തോന്നും. വൈകാരികമായി ഭക്ഷണം കഴിക്കുമ്പോള്‍ പലരും ഒറ്റയ്ക്കിരുന്ന് ഭക്ഷണം കഴിക്കാനാണ് ആഗ്രഹിക്കുന്നത്. ഭക്ഷണം കഴിച്ച് വയറ് നിറഞ്ഞാലും വീണ്ടും കഴിച്ചുകൊണ്ടിരിക്കും. എത്രമാത്രം ഭക്ഷണം കഴിക്കുന്നു എന്നതിനുപരി ഭക്ഷണം കഴിക്കുന്നതുവഴി ലഭിക്കുന്ന ആശ്വാസവും സംതൃപ്തിയുമാണ് ഇവരുടെ ലക്ഷ്യം. ഒരുപാട് ഭക്ഷണം കഴിച്ചതിനുശേഷം പലര്‍ക്കും കുറ്റബോധവും അപമാനവും തോന്നാറുണ്ട്.അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനോ ഭക്ഷണരീതി നിയന്ത്രിക്കാനോ ഒന്നും ഇവര്‍ക്ക് കഴിയില്ല. ഭക്ഷണത്തെ ആശ്വാസം, സുരക്ഷിതത്വം മുതലായ അനുഭവങ്ങള്‍ക്കായി ഉപയോഗിക്കുകയാണ് ഇവര്‍. ഈ സ്വഭാവം പലപ്പോഴും കുട്ടിക്കാലത്തെ അനുഭവങ്ങളും ട്രോമയും മൂലമാകാം. ഇത് വിദഗ്ധ സഹായമില്ലാതെ മറികടക്കാന്‍ പ്രയാസമായിരിക്കും.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 82.04, പൗണ്ട് – 104.26, യൂറോ – 89.16, സ്വിസ് ഫ്രാങ്ക് – 91.20, ഓസ്ട്രേലിയന്‍ ഡോളര്‍ – 54.91, ബഹറിന്‍ ദിനാര്‍ – 217.64, കുവൈത്ത് ദിനാര്‍ -266.84, ഒമാനി റിയാല്‍ – 213.10, സൗദി റിയാല്‍ – 21.87, യു.എ.ഇ ദിര്‍ഹം – 22.33, ഖത്തര്‍ റിയാല്‍ – 22.53, കനേഡിയന്‍ ഡോളര്‍ – 62.18.