P20 yt cover

പേരെഴുതാത്ത 154 ബിരുദ സര്‍ട്ടിഫിക്കറ്റ് ഫോര്‍മാറ്റുകള്‍ എംജി സര്‍വകലാശാലയില്‍നിന്നു കാണാതായി. സെക്ഷനില്‍ വിശദമായ പരിശോധന നടത്താന്‍ വൈസ് ചാന്‍സലര്‍ പരീക്ഷ കണ്‍ട്രോളര്‍ക്കു നിര്‍ദ്ദേശം നല്‍കി. സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്താനായില്ലെങ്കില്‍ പൊലീസില്‍ പരാതി നല്‍കും.

മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പു കേസില്‍ രണ്ടാം പ്രതിയാക്കപ്പെട്ട കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ചോദ്യം ചെയ്യലിനായി 23 ന് കെ സുധാകരന്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണം. അറസ്റ്റു രേഖപ്പെടുത്തുകയാണെങ്കില്‍ അമ്പതിനായിരം രൂപ ബോണ്ടില്‍ ജാമ്യം നല്‍കണമെന്നും ഇടക്കാല ഉത്തരവില്‍ പറഞ്ഞു.

തെരുവുനായയുടെ കടിയേറ്റ് കുട്ടി മരിച്ചത് ഭൗര്‍ഭാഗ്യകരമായ സംഭവമെന്ന് സുപ്രീം കോടതി. അക്രമകാരികളായ തെരുവുനായകളെ കൊല്ലാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നല്‍കിയ ഹര്‍ജി ജൂലൈ 12 ലേക്കു മാറ്റി. ജൂലൈ ഏഴിനകം മറുപടി ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു.

ലോകമാകുന്ന കുടുംബത്തിനു വേണ്ടി യോഗ എന്ന സന്ദേശവുമായി ലോകമെങ്ങും യോഗാദിനം ആചരിച്ചു. സര്‍ക്കാരുകളുടേയും സന്നദ്ധ സംഘടനകളുടേയും നേതൃത്വത്തില്‍ യോഗാ പരിപാടികള്‍ നടത്തി.

മില്‍മയുടേയും സംസ്ഥാന സര്‍ക്കാരിന്റേയും എതിര്‍പ്പു കൂസാതെ നന്ദിനി പാല്‍ ഇറക്കാനുള്ള നീക്കവുമായി കര്‍ണാടക. തുടക്കത്തില്‍ 25 വില്‍പനശാലകള്‍ ആരംഭിക്കാനാണു പരിപാടി. രണ്ടു വര്‍ഷത്തിനകം എല്ലാ താലൂക്കിലും വില്‍പനശാലകളുണ്ടാകും.

ലൈഫ് മിഷന്‍ ഫ്ളാറ്റിലെ ചോര്‍ച്ചയെക്കുറിച്ച് മാധ്യമങ്ങളോടു പറഞ്ഞ വീട്ടമ്മയെ സിപിഎം പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തി. കോട്ടയം വിജയപുരത്തെ ലൈഫ് മിഷന്‍ ഫ്ളാറ്റിലെ താമസക്കാരിയെയാണ് ഗ്രാമപഞ്ചായത്ത് അംഗങ്ങളടക്കം ഇരുപതോളം സിപിഎം പ്രവര്‍ത്തകര്‍ എത്തി ഭീഷണിപ്പെടുത്തിയത്. വീട്ടമ്മ മണര്‍കാട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതേസമയം, നിര്‍മാണത്തിലെ ക്രമക്കേടുകളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പഞ്ചായത്ത് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

വിവാഹബന്ധം വേര്‍പെടുത്തിയ കാമുകിയെ സംശയരോഗംമൂലം എറണാകുളം ചെറായി ബീച്ചില്‍ കുത്തിക്കൊന്ന കേസില്‍ പ്രതിക്കു ജീവപര്യന്തം ശിക്ഷ. കോട്ടയം നെടുംകുന്നം സ്വദേശി പ്രശാന്തിനെയാണ് വടക്കന്‍ പറവൂര്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 2017 ഓഗസ്റ്റ് 11 ന് എറണാകുളം വരാപ്പുഴ സ്വദേശി ശീതളിനെ കുത്തിക്കൊന്ന കേസിലാണ് വിധി.

മോന്‍സന്‍ മാവുങ്കല്‍ ശിക്ഷിക്കപ്പെട്ട പോക്സോ കേസില്‍ കെ സുധാകരനെതിരേ ദേശാഭിമാനി പത്രവും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഉന്നയിച്ച ആരോപണത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് കെപിസിസി. ഈ ആവശ്യം ഉന്നയിച്ച് കെപിസിസി പൊലീസില്‍ പരാതി നല്‍കി.

സംസ്ഥാനത്തെ 14 ഇടങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡില്‍ ഒന്നര കോടി രൂപയുടെ വിദേശ കറന്‍സിയും 1.40 കോടി രൂപയും പിടിച്ചെടുത്തു. ഹവാല കണ്ണികളെയും വിദേശ കറന്‍സികള്‍ മാറ്റി നല്‍കുന്ന അനധികൃത ഇടപാടുകാരെയും കണ്ടെത്താനാണു റെയ്ഡ് നടത്തിയതെന്ന് ഇഡി വ്യക്തമാക്കി.

കാസര്‍കോടും കൊല്ലത്തും തിരുവനന്തപുരത്തും തെരുവ് നായ ആക്രമണം. കാസര്‍കോട് ബേക്കലില്‍ വൃദ്ധയെ തെരുവു നായക്കൂട്ടം കടിച്ചു പറിച്ചു. കൊല്ലം പൊളയത്തോട് പത്ത് വയസുകാരനെയാണ് ആക്രമിച്ചത്. തിരുവനന്തപുരം വിളപ്പിലില്‍ ആടിനെ നായ കടിച്ച് കീറി.

കായംകുളം എംഎസ്എം കോളേജില്‍ എംകോം പ്രവേശനത്തിന് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച എസ്എഫ്ഐ നേതാവ് നിഖില്‍ തോമസ് ഒളിവില്‍. നിഖിലിനെ കണ്ടെത്താന്‍ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. കായംകുളം സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് തെരച്ചില്‍ നടത്തുന്നത്. നിഖിലിന്റെ ഫോണ്‍ സ്വിച്ച് ഓഫാണ്.

ഡെങ്കി പനി ബാധിച്ച് ഒരു മരണംകൂടി. പത്തനംതിട്ട മുണ്ടുകോട്ടക്കല്‍ സ്വദേശി അഖില (32) ആണ് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചത്. സംസ്ഥാനത്ത് പനി വ്യാപിക്കുന്നുണ്ടെന്നും അതീവ ജാഗ്രത വേണമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. എലിപ്പനി പ്രതിരോധ മരുന്നുകള്‍ സജ്ജമാക്കണം. ഡെങ്കി പനി കൂടുതല്‍ വ്യാപിച്ച സ്ഥലങ്ങളില്‍ പ്രത്യേക പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.

കെഎസ്ഇബി വാടകയ്ക്കെടുത്ത ജീപ്പില്‍ ലൈന്‍ വര്‍ക്കിനു തോട്ടി കൊണ്ടുപോയതിനു പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്. വയനാട്ടിലെ എ.ഐ കാമറയില്‍ പതിഞ്ഞജീപ്പിന് 20,500 രൂപയാണ് പിഴ അടയ്ക്കാന്‍ നോട്ടീസ് അച്ചത്. അമ്പലവയല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിനായി വാടകയ്ക്കെടുത്ത ജീപ്പിനാണ് ഫൈന്‍ കിട്ടിയത്.

എഐ ക്യാമറയില്‍നിന്ന് രക്ഷപ്പെടാന്‍ നമ്പര്‍ പ്ലേറ്റുകള്‍ മറച്ചുവച്ച മൂന്ന് ഇരുചക്രവാഹനങ്ങള്‍ കൊല്ലം മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് പിടികൂടി കേസെടുത്തു. കൊല്ലത്ത് ചെമ്മക്കാട് ഓവര്‍ ബ്രിഡ്ജിന് സമീപം വാഹന പരിശോധന നടത്തവെ മുന്‍വശത്ത് നമ്പര്‍ പ്ലേറ്റ് ഇല്ലാതെയും പുറകുവശത്ത് നമ്പര്‍ പ്ലേറ്റ് ഉള്ളിലേക്ക് മടക്കിവെച്ചും നമ്പര്‍ പ്ലേറ്റ് മാസ്‌കുകൊണ്ട് മറച്ചുവച്ച നിലയിലും കണ്ടെത്തിയ ബൈക്ക് കസ്റ്റഡിയിലെടുത്തു.

കിണര്‍ വൃത്തിയാക്കി മുകളിലേക്കു കയറുന്നതിനിടെ കയര്‍ പൊട്ടി 70 അടി ആഴത്തിലേക്കു വീണ യുവതിയെ ഫയര്‍ ഫോഴ്സ് എത്തി പുറത്തെടുത്തു. പാലക്കാട് അകത്തേത്തറ ഗ്രാമപഞ്ചായത്തിലെ പുത്തന്‍ വീട്ടിലെ സുരേഷ്മോന്റെ ഭാര്യ പ്രമീള (38) ആണ് കിണറ്റില്‍ വീണത്. വീഴ്ചയില്‍ പ്രമീളയുടെ കാല് ഒടിഞ്ഞു.

അമേരിക്കയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ടെസ്ല മേധാവി ഇലോണ്‍ മസ്‌കുമായി കൂടിക്കാഴ്ച നടത്തി. മോദിയുടെ ആരാധകനാണ് താനെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം മസ്‌ക് പ്രതികരിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി നടന്നത് വിശിഷ്ടമായ കൂടിക്കാഴ്ചയാണ്. നരേന്ദ്ര മോദിയെ തനിക്കു വളരെ ഇഷ്ടമാണ്. അദ്ദേഹം മുന്‍പ് തന്റെ ഫാക്ടറി സന്ദര്‍ശിച്ചിരുന്നു. മസ്‌ക് പറഞ്ഞു.

അറസ്റ്റിലായ വിശാഖപട്ടത്തെ ജ്ഞാനാനന്ദ ആശ്രമത്തിലെ സ്വാമി പൂര്‍ണാനന്ദ തന്റെ മുറിയില്‍ കെട്ടിയിട്ടാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെപീഡിപ്പിച്ചതെന്ന് പൊലീസ്. 2016 മുതല്‍ ആശ്രമത്തില്‍ താമസിക്കുന്ന പെണ്‍കുട്ടി ഇക്കഴിഞ്ഞ ജൂണ്‍ 13 ന് ഓടി രക്ഷപ്പെട്ടിരുന്നു. പുറത്തുവന്ന പെണ്‍കുട്ടി പരാതിപ്പെടുകയായിരുന്നു.

പതിനൊന്നു മാസം കുടിശികയാക്കിയ അയ്യായിരം രൂപ വീതമുള്ള ജീവനാംശതുക നാണയങ്ങളാക്കി ഏഴു ചാക്കുകളില്‍ എത്തിച്ച മുന്‍ ഭര്‍ത്താവിനു പണി കൊടുത്ത് കോടതി. കോടതി ഉത്തരവിനേയും ഭാര്യയേയും പരിഹസിക്കാനാണു രാജസ്ഥാനിലെ ജയ്പൂര്‍ സ്വദേശിയായ ദശരഥ കുമാര്‍ അഡീഷണല്‍ ജില്ലാ കോടതിയില്‍ നാണയച്ചാക്കുകള്‍ എത്തിച്ചത്. അമ്പത്തയ്യായിരം രൂപ എണ്ണി ആയിരം രൂപയുടെ പാക്കറ്റുകളിലാക്കി മുന്‍ ഭാര്യ സീമയ്ക്കു കൈമാറി പണം കൈപ്പറ്റിയെന്നു രശീതി വാങ്ങിയശേഷമേ കോടതിയില്‍നിന്നു പുറത്തുപോകാവൂവെന്നാണു കോടതി ഉത്തരവിട്ടത്.

ഉത്തര്‍പ്രദേശിലെ ഷംലിയില്‍ ആറാം വിവാഹത്തിനായി 19 കാരിയെ തട്ടിക്കൊണ്ടുപോയെന്ന് പരാതി. യുവതിയെ മതംമാറ്റി ഇസ്ലാമിക ആചാരപ്രകാരം വിവാഹം കഴിച്ചെന്നാണു പരാതി. റാഷിദ് എന്നയാളെ പോലീസ് തെരയുന്നു.

അറ്റ്ലാന്റിക് സമുദ്രത്തില്‍ കാണാതായ അന്തര്‍വാഹിനിയില്‍ ഇനി ഒരു ദിവസത്തേക്കുള്ള ഓക്സിജന്‍ മാത്രമാണ് ശേഷിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. തെരച്ചില്‍ തുടരുകയാണ്. അന്തര്‍വാഹിനിയില്‍ പാകിസ്ഥാനിലെ ഏറ്റവും വലിയ കോടീശ്വരന്മാരായ ഷഹ്‌സാദ ദാവൂദ്, മകന്‍ സുലൈമാന്‍ എന്നിവരും ഉണ്ട്.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മകന്‍ ഹണ്ടര്‍ ബൈഡന്‍ 10 ലക്ഷം ഡോളറിന്റെ വരുമാനത്തിന് രണ്ടുവര്‍ഷം നികുതി നല്‍കിയില്ലെന്ന് കേസ്. മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിയോഗിച്ച അഭിഭാഷകന്‍ ഡേവിഡ് വെയ്സാണ് ഹണ്ടര്‍ ബൈഡെതിരായ ആരോപണം അന്വേഷിച്ചത്.

ഇന്ത്യന്‍ ബാറ്റ്മിന്റണ്‍ ഡബിള്‍സ് ജോടികളായ സാത്വിക്സായ്രാജിനും ചിരാഗ് ഷെട്ടിക്കും ലോകറാങ്കിങ്ങില്‍ മൂന്നാം സ്ഥാനം. ഇന്തൊനീഷ്യ ഓപ്പണ്‍ സൂപ്പര്‍ 1000 ബാറ്റ്മിന്റണ്‍ ഡബിള്‍സ് വിജയത്തിനു പിന്നാലെയാണ് ഈ നേട്ടം.

200 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കുന്ന ആദ്യ പുരുഷ താരമെന്ന നേട്ടം സ്വന്തമാക്കി പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. യൂറോകപ്പ് യോഗ്യതാ റൗണ്ടില്‍ ഐസ്ലന്‍ഡിനെതിരേ കളത്തിലിറങ്ങിയതോടെയാണ് താരത്തിന് ഈ ഗിന്നസ് റെക്കോഡ് സ്വന്തമായത്.

രണ്ടിനെതിരേ നാല് ഗോളുകള്‍ക്ക് ബ്രസീലിനെ തോല്‍പിച്ച് സെനഗല്‍. സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ സാദിയോ മാനെയുടെ ഇരട്ട ഗോളിന്റെ പിന്‍ബലത്തിലാണ് ബ്രസീലിനെ ആഫ്രിക്കന്‍ വമ്പന്മാര്‍ തകര്‍ത്തുവിട്ടത്.

അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ഇന്റര്‍ മയാമി അരങ്ങേറ്റം ജൂലായ് 21-ന് ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. യുഎസ്എയിലെ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിയുടെ ഉടമകളില്‍ ഒരാളായ ജോര്‍ജ് മാസ് മാധ്യമങ്ങളെ അറിയിച്ചതാണ് ഇക്കാര്യം.

രാജ്യത്ത് ഓഹരി വിപണി റെക്കോഡ് ഉയരത്തില്‍. കഴിഞ്ഞവര്‍ഷം ഡിസംബര്‍ ഒന്നിന് സെന്‍സെക്‌സില്‍ രേഖപ്പെടുത്തിയ 63,583 പോയന്റ് എന്ന റെക്കോഡാണ് ഇന്ന് പഴങ്കഥയായത്. വ്യാപാരത്തിനിടെ, 63,588 പോയിന്റ് രേഖപ്പെടുത്തിയതോടെയാണ് ഏഴുമാസം മുന്‍പത്തെ റെക്കോര്‍ഡ് തിരുത്തിയത്. വ്യാപാരത്തിന്റെ തുടക്കത്തില്‍ 260 പോയന്റ് മുന്നേറിയതോടെയാണ് സെന്‍സെക്‌സ് പുതിയ ഉയരം കുറിച്ചത്. എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയുടെ കരുത്തിലാണ് സെന്‍സെക്‌സ് കുതിച്ചത്. ഇതിന് പുറമേ പവര്‍ ഗ്രിഡ്, അള്‍ട്രാടെക്, വിപ്രോ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, എല്‍ ആന്റ് ടി, ടെക് മഹീന്ദ്ര, ബജാജ് തുടങ്ങിയ കമ്പനികളും നേട്ടം ഉണ്ടാക്കി. ടാറ്റ സ്റ്റീല്‍, എന്‍ടിപിസി, ടാറ്റ മോട്ടേഴ്‌സ്, ഏഷ്യന്‍ പെയിന്റ്‌സ് എന്നിവയാണ് നഷ്ടം നേരിട്ട കമ്പനികള്‍. ട്രക്കുകളില്‍ കാബിന്‍ എസി ആക്കുമെന്ന മന്ത്രി ഗഡ്കരിയുടെ പ്രസ്താവനയെ തുടര്‍ന്ന് ഇന്നലെ 20 ശതമാനം ഉയര്‍ന്ന സുബ്രോസ് ഓഹരി ഇന്നു രാവിലെയും 20 ശതമാനം കയറി. ഇതേ ബിസിനസിലുള്ള അംബര്‍ എന്റര്‍പ്രൈസസിന്റെ ഓഹരി രാവിലെ മൂന്നര ശതമാനം ഉയര്‍ന്നു. ശ്രീറാം ഫൈനാന്‍സ് ഓഹരി 14 ശതമാനം ഉയര്‍ന്നു. പിരമള്‍ എന്റര്‍പ്രൈസസിന്റെ ഓഹരിയും 14 ശതമാനം വരെ ഉയര്‍ന്നു. സീ എന്റര്‍ടെയ്ന്‍മെന്റ് ഓഹരികള്‍ ഇന്ന് എട്ടു ശതമാനം ഉയര്‍ന്നു. ഒരു മാസത്തിനിടെ 44 ശതമാനം ഉയര്‍ന്ന എഫ്.എ.സി.ടി ഓഹരി ഇന്നു രാവിലെ നാലര ശതമാനം കയറി. രൂപ ഇന്നു മാറ്റമില്ലാതെ വ്യാപാരം തുടങ്ങി. ഡോളര്‍ 82.12 രൂപയിലാണു രാവിലെ. സ്വര്‍ണം ലോകവിപണിയില്‍ 1936 ഡോളറിലാണ്. കേരളത്തില്‍ പവന് 240 രൂപ കുറഞ്ഞ് 43,760 രൂപയായി. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്.

ഇന്ത്യന്‍ കമ്പനിയായ ലാവയുടെ ‘അഗ്നി2 5ജി’ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്തിയത്. ഗ്ലാസ് വിറിഡിയന്‍ കളര്‍ എന്ന ഒറ്റ നിറഭേദത്തിലാണ് ഫോണ്‍ ഒരുക്കിയിട്ടുള്ളത്. കര്‍വ്ഡ് 3ഡി രൂപകല്‍പനയാണ് ഫോണിനുള്ളത്. 6.78 ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് കര്‍വ്ഡ് അമൊലെഡ് ആണ് സ്‌ക്രീന്‍. 1080ഃ2400 പിക്‌സല്‍ റെസൊല്യൂഷനും 120 ഹെട്‌സ് റീഫ്രഷ് റേറ്റുമുള്ള സ്‌ക്രീനാണിത്. ഒക്ടോ-കോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 7050 ആണ് ചിപ്സെറ്റ്. ഇന്ത്യയില്‍ തന്നെ ഈ പ്രോസസര്‍ ഒരു സ്മാര്‍ട്ട്‌ഫോണില്‍ ആദ്യമാണെന്ന് കമ്പനി പറയുന്നു. റാം എട്ട് ജിബിയാണ്. ഇന്റേണല്‍ സ്റ്റോറേജ് 256 ജിബി. ആന്‍ഡ്രോയിഡ് 13 ആണ് ഒ.എസ്. ആദ്യ രണ്ടുവര്‍ഷം ആന്‍ഡ്രോയിഡ് ഒ.എസ് അപ്‌ഡേറ്റും (ആന്‍ഡ്രോഡ് 14, 15 എന്നിവ) മൂന്നുവര്‍ഷം സെക്യൂരിറ്റി അപ്‌ഡേറ്റും ലാവ വാഗ്ദാനം ചെയ്യുന്നുണ്ട്. ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഡിസ്‌പ്ലേയില്‍ തന്നെയാണ്. ഫേസ് അണ്‍ലോക്ക് സൗകര്യവുമുണ്ട്. നാല് ക്യാമറകള്‍ സംയോജിക്കുന്നതാണ് പിന്നിലെ ക്യാമറ യൂണിറ്റ്. എഫ്/1.88 അപ്പെര്‍ചറോട് കൂടിയ 50 എം.പിയാണ് പ്രധാന ക്യാമറ. ഒപ്പം എട്ട് എം.പി അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സ്, രണ്ട് എം.പിയുടെ വീതം ഡെപ്ത്ത്, മാക്രോ സെന്‍സര്‍ ക്യാമറകളുമുണ്ട്. 16 എം.പിയാണ് സെല്‍ഫി ക്യാമറ. 4700 എം.എ.എച്ച് ബാറ്ററിയാണ് ലാവ അഗ്നി 2 5ജിക്കുള്ളത്. 66 ഡബ്ല്യു ഫാസ്റ്റ് ചാര്‍ജിംഗ് സൗകര്യവുമുണ്ട്. 16 മിനിട്ട് കൊണ്ട് 50 ശതമാനം ചാര്‍ജ് ചെയ്യാമെന്ന് ലാവ അവകാശപ്പെടുന്നു. ഫുള്‍ചാര്‍ജ് ചെയ്യാന്‍ 43 മിനിട്ട് മതി. ടൈപ്പ് സിയാണ് ചാര്‍ജര്‍/യു.എസ്.ബി. ഫോണിന് വില 21,999 രൂപ.

മാത്യു തോമസ്, നസ്ലെന്‍ ഗഫൂര്‍ എന്നിവര്‍ ഒന്നിക്കുന്ന പുതിയ ചിത്രം 18 പ്ലസ് ട്രെയിലര്‍ പുറത്തിറങ്ങി. നസ്ലെന്‍ ആദ്യമായി നായകനാവുന്ന ചിത്രം റൊമാന്റിക് കോമഡി എന്റര്‍ടെയ്നറാണ്. ‘ജോ ആന്‍ഡ് ജോ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം അരുണ്‍ ഡി. ജോസ് സംവിധാനം ചെയ്യുന്ന ചിത്രം കണ്ണൂര്‍ പശ്ചാത്തലമായാണ് ഒരുക്കിയിരിക്കുന്നത്. യുവ മനസ്സുകളുടെ പ്രസരിപ്പാര്‍ന്ന ജീവിതം പറയുന്ന ചിത്രത്തില്‍ സോഷ്യല്‍മീഡിയയിലൂടെ ശ്രദ്ധേയരായ സാഫ് സഹോദരങ്ങള്‍ നസ്ലെന്റെ സുഹൃത്തുക്കളായി എത്തുന്നു. മീനാക്ഷി ദിനേശാണ് നായിക. ബിനു പപ്പു, മാത്യു തോമസ്, രാജേഷ് മാധവന്‍, മനോജ് കെ.യു., ശ്യാം മോഹന്‍, കുമാര്‍ സുനില്‍, ബാബു അന്നൂര്‍, നിഖില വിമല്‍ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. ഫലൂദ എന്റര്‍ടെയ്ന്‍മെന്റ്, റീല്‍സ് മാജിക്ക് എന്നീ ബാനറില്‍ അനുമോദ് ബോസ്, മനോജ് മേനോന്‍, ഡോക്ടര്‍ ജിനി കെ. ഗോപിനാഥ്, ജി. പ്രജിത് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പ് നിര്‍വഹിക്കുന്നു. വിനായക് ശശികുമാര്‍, സുഹൈല്‍, വൈശാഖ് സുഗുണന്‍ എന്നിവരുടെ വരികള്‍ക്ക് ‘മദനോത്സവം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ക്രിസ്റ്റോ സേവ്യര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. എഡിജെ, രവീഷ് നാഥ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്നു.

തിയറ്ററുകളില്‍ പ്രേക്ഷകശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന ‘മധുര മനോഹര മോഹം’ എന്ന ചിത്രത്തിലെ പുതിയ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. ‘കണ്ടു കണ്ടു’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണന്‍ ആണ്. ഹിഷാം അബ്ദുള്‍ വഹാബ് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ചിത്രയും മധു ബാലകൃഷ്ണനുമാണ്. രജിഷയുടെയും സൈജു കുറുപ്പിന്റെയും വിന്റേജ് സ്റ്റൈലിലുള്ള നൃത്തച്ചുവടുകളും പ്രണയരംഗങ്ങളുമാണ് ഗാനത്തില്‍ ദൃശ്യവത്കരിച്ചിരിക്കുന്നത്. കോമഡിക്ക് പ്രാധാന്യമുള്ള ചിത്രത്തില്‍ രജിഷ വിജയന്‍, സൈജു കുറുപ്പ്, ഷറഫുദ്ധീന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. പ്രശസ്ത കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യറിന്റെ സംവിധാന അരങ്ങേറ്റമാണ് ചിത്രം. ചിത്രം എഴുതിയിരിക്കുന്നത് മഹേഷ് ഗോപാല്‍, ജയ് വിഷ്ണു എന്നിവര്‍ ചേര്‍ന്നാണ്. ചിരിയുടെ പശ്ചാത്തലത്തില്‍ ഒരു മുഴുനീള എന്റര്‍ടൈനറാണ് സ്റ്റെഫിയും സംഘവും ഒരുക്കിയിരിക്കുന്നത്. വിജയരാഘവന്‍, ബിന്ദു പണിക്കര്‍, അല്‍ത്താഫ് സലിം, ബിജു സോപാനം, ആര്‍ഷ ബൈജു, സുനില്‍ സുഖദ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

മാരുതി സുസുക്കിയുടെ പ്രീമിയം എംപിവി ഇന്‍വിക്റ്റോയില്‍ ഹൈബ്രിഡ് എന്‍ജിന്‍ മാത്രം. ഇന്നോവ ഹൈക്രോസിനെ അടിസ്ഥാനപ്പെടുത്തിയാണ് വാഹനം നിര്‍മിക്കുന്നതെങ്കിലും ഹൈബ്രിഡ് എന്‍ജിന്‍ മാത്രമാണ് ഉണ്ടാകുക. 183 ബിഎച്ച്പി കരുത്തുള്ള 2 ലീറ്റര്‍ പെട്രോള്‍ ഹൈബ്രിഡ് എന്‍ജിനും ഇ സിവിടി ഗിയര്‍ബോക്സുമാണ് വാഹനത്തിന്. ലിറ്ററിന് 21 കിലോമീറ്ററില്‍ അധികം ഇന്ധനക്ഷമത ഹൈബ്രിഡില്‍ നിന്ന് ലഭിക്കും. ഹൈബ്രിഡ് മാത്രമായിരിക്കു പുതിയ വാഹനത്തിലെന്ന് മാരുതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പെട്രോള്‍ പതിപ്പിന്റെ ബുക്കിങ് നിലവില്‍ സ്വീകരിക്കുന്നില്ല. ജൂലൈ അഞ്ചിന് വാഹനം വിപണിയിലെത്തും. ടൊയോട്ടയുടെ ബെംഗളൂരുവിലെ ബിഡഡി ശാലയിലാണ് വാഹനം നിര്‍മിക്കുന്നത്. മാരുതി നിരയിലെ ഏറ്റവും വില കൂടിയതും ഓട്ടമാറ്റിക് മോഡലില്‍ മാത്രം ലഭിക്കുന്ന ഏക മോഡല്‍ ഇന്‍വിക്റ്റോ ആയിരിക്കും. ഇന്നോവ ഹൈക്രോസിലുള്ള എഡിഎഎസ് ഫീച്ചറുകള്‍ ഇല്ലാതെയായിരിക്കും മാരുതി പതിപ്പ് വിപണിയിലെത്തുക. കൂടാതെ സിയാസ്, എര്‍ട്ടിഗ തുടങ്ങിയ വാഹനങ്ങളുടെ ടൊയോട്ട പതിപ്പും ഉടന്‍ വിപണിയിലെത്തും.

നിക്കോസ് കസാന്‍ദ് സാക്കിന്‍സിന്റെ റിപ്പോര്‍ട്ട് ടു ഗ്രീക്കോ എന്ന പുസ്തകത്തിന്റെ ആരാധകനായ മിഥുന് അപകടം സംഭവിച്ചു എന്ന ഋതു കുര്യന്റെ വാട്‌സ്ആപ്പ് സന്ദേശം സന്ധ്യയുടെ മൊബൈലിലേക്ക് എത്തുന്നു. ദില്ലി എന്ന മഹാനഗരത്തിന്റെ പശ്ചാത്തലത്തില്‍ ജീവിക്കുന്ന ഒരുപാടു പേരുടെ ജീവിതം ആ നിമിഷം മുതല്‍ മാറിമറിയാന്‍ തുടങ്ങുകയായി. ഉദ്വേഗം ജനിപ്പിക്കുന്ന ആഖ്യാനത്തിലൂടെ കഥപറച്ചിലിന്റെ പുതിയ രസതന്ത്രം പരീക്ഷിക്കുന്ന നോവല്‍. മലയാളത്തിന്റെ പ്രിയപ്പെട്ട നോവലിസ്റ്റ് ബെന്യാമിന്റെ വ്യത്യസ്തമായ രചന. ‘ശരീരശാസ്ത്രം’. എട്ടാം പതിപ്പ്. മാതൃഭൂമി. വില 225 രൂപ.

ഇന്ന് ജൂണ്‍ 21. അന്താരാഷ്ട്ര യോഗ ദിനം. ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന അര്‍ത്ഥം വരുന്ന ‘വസുധൈവ കുടുംബത്തിന് യോഗ’ എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. ശരീരത്തിന്റെയും മനസ്സിന്റെയും ശരിയായ പ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ ഒരാളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് യോഗ പ്രയോജനകരമാണ്. എന്നും രാവിലെ ഉറക്കമുണര്‍ന്നയുടന്‍ യോഗ ചെയ്യുകയാണെങ്കില്‍, അതാണ് ഏറ്റവും നല്ലത്. യോഗയ്ക്ക് മുന്‍പ് കട്ടിയുള്ള ഭക്ഷണം ഒഴിവാക്കണം. വയറുനിറച്ച് ആഹാരം കഴിച്ചവര്‍ നാല് മണിക്കൂര്‍ ശേഷം മാത്രമേ യോഗയിലേര്‍പ്പെടാവൂ. ലഘുവായി ഭക്ഷണം കഴിക്കുകയാണെങ്കില്‍ യോഗയ്ക്ക് മുന്‍പ് രണ്ട് മണിക്കൂറെങ്കിലും ഇടവേളവേണം. യോഗയ്ക്ക് അര മണിക്കൂര്‍ മുമ്പ് ജ്യൂസ് കുടിക്കാം. യോഗ ചെയ്യുന്നതിന് 15 മിനിറ്റ് മുന്‍പ് വെള്ളവും കുടിക്കാം. ധാന്യങ്ങള്‍, പാലുല്‍പ്പന്നങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍, നട്‌സ്, തേന്‍ എന്നിവയാണ് യോഗയ്ക്ക് അനുയോജ്യമായ ആഹാരം. കാര്‍ബണേറ്റഡ് പാനീയങ്ങളും എരിവ് കൂടിയതും അമിതമായി ഉപ്പ് ഉപയോഗിച്ച് തയ്യാറാക്കിയതുമായ ഭക്ഷണങ്ങളും ഒഴിവാക്കണം. എണ്ണയില്‍ വറുത്തെടുത്തവയും യോഗ ചെയ്യുന്നവര്‍ക്ക് യോജിച്ചതല്ല. കാരണം, ഇവ പെട്ടെന്ന് ക്ഷീണവും തളര്‍ച്ചയും തോന്നാന്‍ ഇടയാക്കും. യോഗാസനങ്ങള്‍ ചെയ്ത് കഴിയുമ്പോള്‍ വിശപ്പ് വര്‍ദ്ധിച്ചതായി തോന്നുമെങ്കിലും അമിതമായി ഭക്ഷണം കഴിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പകരം, എളുപ്പത്തില്‍ ദഹിക്കുന്ന ആരോഗ്യകരമായ വിഭവങ്ങള്‍ കഴിക്കാം. യോഗ ചെയ്തുകഴിഞ്ഞയുടന്‍ ഭക്ഷണം കഴിക്കുകയും ചെയ്യരുത്. കുറഞ്ഞത് അരമണിക്കൂറെങ്കിലും ഇടവേളയിട്ട ശേഷമേ ഭക്ഷണം കഴിക്കാവൂ. യോഗ ചെയ്യുന്നതിനിടയില്‍ വെള്ളം കുടിക്കാതിരിക്കുന്നതാണ് ഉത്തമം. കാരണം, യോഗാസനങ്ങള്‍ ചെയ്യുമ്പോള്‍ പൂര്‍ണ്ണശ്രദ്ധ നല്‍കാന്‍ കഴിയാതെവരും. അതുപോലെ അമിതമായി തണുത്ത വെള്ളവും ഒഴിവാക്കണം.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.00, പൗണ്ട് – 104.30, യൂറോ – 89.59, സ്വിസ് ഫ്രാങ്ക് – 91.29, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.48, ബഹറിന്‍ ദിനാര്‍ – 217.49, കുവൈത്ത് ദിനാര്‍ -266.83, ഒമാനി റിയാല്‍ – 213.26, സൗദി റിയാല്‍ – 21.86, യു.എ.ഇ ദിര്‍ഹം – 22.32, ഖത്തര്‍ റിയാല്‍ – 22.52, കനേഡിയന്‍ ഡോളര്‍ – 61.97.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *