P8 yt cover

മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരേ കേസെടുത്ത ക്രൈംബ്രാഞ്ച് മുന്‍ ഐജി ലക്ഷ്മണനേയും മുന്‍ ഡിഐജി സുരേന്ദ്രനേയും കേസിലെ പ്രതികളാക്കി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. മുന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും വഞ്ചനാക്കുറ്റമാണ് ചുമത്തിയത്.

മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പു കേസില്‍ ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിനു നാളെ ഹാജരാകില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. കേസില്‍ തനിക്ക് ഒരു പങ്കുമില്ല. ആദ്യ സ്റ്റേറ്റ്മെന്റില്‍ പരാതിക്കാര്‍ തനിക്കെതിരെ മൊഴി നല്‍കിയിരുന്നില്ല. കണ്ണിന്റെ ചികിത്സക്കാണ് മോന്‍സന്റെ വീട്ടില്‍ പോയത്. മോണ്‍സനൊപ്പം ഫോട്ടോ എടുത്തവര്‍ക്കെതിരേയെല്ലാം കേസെടുക്കാമെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നതെന്നും സുധാകരന്‍.

കെപിസിസി പ്രസിഡന്റ് കെ. സുധാകരനു കേസുമായി ഒരു ബന്ധവുമില്ലെന്ന് മോന്‍സന്‍ മാവുങ്കല്‍. മുഖ്യമന്ത്രിയുടെ പിഎസിനുവരെ നേരിട്ടു ബന്ധമുള്ള കേസാണിത്. ശരിയായി അന്വേഷിച്ചാല്‍ ഡിജിപിവരെ അകത്താകും. എല്ലാ വിവരങ്ങളും എന്‍ഫോഴ്സ്മെന്റിനു നല്‍കിയിട്ടുണ്ടെന്നും മോന്‍സന്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കുന്നതിനിടെയാണ് മോന്‍സന്റെ പ്രതികരണം.

ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരായ ലൈംഗിക അതിക്രമ പരാതികളില്‍ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് രാജ്യാന്തര മല്‍സരങ്ങള്‍ നടന്ന അഞ്ചു രാജ്യങ്ങളിലെ ഗുസ്തി ഫെഡറേഷനുകള്‍ക്കു ഡല്‍ഹി പോലീസ് നോട്ടീസ് അയച്ചു. ഇന്തോനേഷ്യ, ബള്‍ഗേറിയ, കിര്‍ഗിസ്ഥാന്‍, മംഗോളിയ, കസഖിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ഫെഡറേഷനുകള്‍ക്കാണു നോട്ടീസ് അയച്ചത്. ഈ രാജ്യങ്ങളിലെ മല്‍സരങ്ങള്‍ക്കിടെ തങ്ങളെ ഉപദ്രവിച്ചെന്നാണ് ഗുസ്തി താരങ്ങള്‍ പരാതിപ്പെട്ടിരുന്നത്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് എ ഗ്രൂപ്പു സ്ഥാനാര്‍ത്ഥിയായി രാഹുല്‍ മാങ്കൂട്ടം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. അബിന്‍ വര്‍ക്കിയാണ് ഐ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥി. പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനമാണ് ഇന്ന്. വിഡി സതീശനോട് അടുപ്പം പുലര്‍ത്തുന്ന രാഹുലിനെ അംഗീകരിക്കാന്‍ എ ഗ്രൂപ്പ് അല്‍പം മടിച്ചിരുന്നു.

താനൂര്‍ ബോട്ട് ദുരന്തത്തില്‍ രണ്ടു തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരെ കൊലക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തു. പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ പ്രസാദ്, സര്‍വേയര്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ക്കെതിരേയാണ് കൊലക്കേസ്. ബോട്ടുടമ നാസറിനെതിരേയും കൊലക്കുറ്റമാണു ചുമത്തിയത്. ചട്ടങ്ങള്‍ ലംഘിച്ചു സര്‍വീസ് നടത്താന്‍ വഴിവിട്ട് സഹായിച്ചെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണു കൊലക്കുറ്റം ചുമത്തിയത്.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഇടിമിന്നലും കാറ്റും സഹിതം ശക്തമായ മഴ പെയ്യും. പത്തു ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലെര്‍ട്ട്.

കെപിസിസി പ്രസിഡന്റ് സുധാകരനെതിരായ വഞ്ചാനാക്കേസില്‍ ശക്തമായ തെളിവുകളുണ്ടെന്ന് ക്രൈംബ്രാഞ്ച്. മോന്‍സന്‍ മാവുങ്കലിന്റെ പക്കല്‍നിന്ന് പത്തുലക്ഷം വാങ്ങിയതിന് തെളിവുകളും സാക്ഷിമൊഴികളുമുണ്ടെന്നാണ് അന്വേഷണസംഘം കോടതിയെ അറിയിച്ചത്.

വ്യാജരേഖ ചമച്ചു ജോലി നേടാന്‍ ശ്രമിച്ച എസ്എഫ്ഐ നേതാവ് കെ വിദ്യക്കു വ്യാജരേഖ ചമയ്ക്കാന്‍ സഹായങ്ങള്‍ നല്‍കിയത് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയാണെന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വെറും പത്ത് മിനിറ്റു പരീക്ഷയെഴുതി പാസായ ആളാണ് ആര്‍ഷോയെന്നും ഇക്കാര്യത്തിലൊന്നും അന്വേഷണം ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മോന്‍സന്‍ മാവുങ്കലിന് എതിരായ സാമ്പത്തിക തട്ടിപ്പു കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ രാഷ്ട്രീയ പകപോക്കലിനാണു കേസെടുത്തതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍. കോണ്‍ഗ്രസിലെ സംഘടനാ പരാതികളില്‍ നേതാക്കളുമായി ചര്‍ച്ച നടത്തും. നേതാക്കള്‍ക്ക് അച്ചടക്കം പ്രധാനമാണ്. അത് ലംഘിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മോന്‍സന്‍ മാവുങ്കലിന്റെ കൈയില്‍നിന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പണം കൈപറ്റിയിട്ടുണ്ടെന്ന് പരാതിക്കാരന്‍ ഷെമീര്‍. പണം നല്‍കിയ അനൂപുമായി കെ സുധാകരന്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും ഷെമീര്‍ പറഞ്ഞു.

മോദി തെളിച്ച വഴിയിലൂടെയാണ് പിണറായി പോകുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. മോദി ചെയ്യുന്നതെന്താണോ അതാണ് പിണറായിയും ചെയ്യുന്നത്. പാവപ്പെട്ടവര്‍ക്ക് വീടു നിര്‍മിച്ചു കൊടുത്തതിന്റെ പേരിലാണ് സതീശനെതിരെ കേസെടുത്തതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ വഞ്ചനാ കുറ്റം ചുമത്തി കേസെടുത്ത നടപടി തികച്ചും രാഷ്ടിയ പ്രേരിതമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാക്കളെ പിണറായി ഓല പാമ്പ് കാട്ടി വിരട്ടണ്ട. ചെന്നിത്തല പറഞ്ഞു. സുധാകരനെ വെറുതെ ഉപദ്രവിച്ചാല്‍ നോക്കിയിരിക്കുമെന്ന് കരുതേണ്ടെന്ന് കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു. കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും എതിരെയുള്ള പ്രതികാര കേസുകളെ പാര്‍ട്ടി ഒറ്റക്കെട്ടായി നേരിടുമെന്ന് കെ സി ജോസഫ്.

വ്യാജ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് വിവാദ കേസില്‍ കുറ്റാരോപിതയായ കെ വിദ്യയെ കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് തൃശൂരിലെ മലയാള വേദി. വിദ്യയെ കണ്ടെത്തുന്നവര്‍ക്ക് പതിനായിരം രൂപയും വിവരം നല്‍കുന്നവര്‍ക്ക് അയ്യായിരം രൂപയുമാണ് പാരിതോഷികം.

കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരായ കേസ് രാഷ്ട്രീയ പക പോക്കലല്ലെന്ന് ഇടത് മുന്നണി കണ്‍വീനറും പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗവുമായ ഇപി ജയരാജന്‍. തെളിവുകളുടെ അടിസ്ഥാനത്തിലാണ് പരാതിക്കാരന്‍ പരാതി നല്‍കിയത്. അങ്ങനെ വരുമ്പോള്‍ കേസെടുക്കാതിരിക്കാന്‍ കഴിയില്ല. കുറ്റം ചെയ്ത ഒരാളെയും സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു.

സര്‍ക്കാരിനും എസ്എഫ്ഐക്കും വിരുദ്ധമായ പ്രചാരണം ഉണ്ടായാല്‍ ഇനിയും കേസെടുക്കുമെന്നു താന്‍ പറഞ്ഞിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. തെറ്റായി വ്യാഖാനിച്ചതാണെന്നും അദ്ദേഹം പാലക്കാട് പ്രതികരിച്ചു.

തെരുവുനായ ആക്രമണങ്ങളുമായി ബന്ധപ്പെട്ടുള്ള ഹര്‍ജിയില്‍ അടിയന്തര വാദം കേള്‍ക്കില്ലെന്ന് സുപ്രീം കോടതി അവധിക്കാല ബഞ്ച്. അത്യാവശ്യമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി.

ഈ വര്‍ഷം ഇതുവരെ പേവിഷ ബാധയേറ്റ് മരിച്ചത് ഏഴു പേര്‍. കഴിഞ്ഞ വര്‍ഷം പേവിഷ ബാധയേറ്റ് മരിച്ചത് 22 പേരാണ്. കഴിഞ്ഞ വര്‍ഷം തെരുവു നായയുടെ കടിയേറ്റത് രണ്ടു ലക്ഷത്തോളം പേര്‍ക്കാണ്. സംസ്ഥാനത്ത് ആകെ 170 ഹോട്ട്സ്പോട്ട് നിലവിലുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക്.

ആള്‍മറാട്ടം നടത്തി സ്ത്രീക്കൊപ്പം ഹോട്ടലില്‍ മുറിയെടുത്ത് വിവാദത്തിലായ കോഴിക്കോട് സിറ്റി ട്രാഫിക്കിലെ ഗ്രേഡ് എസ്ഐ ജയരാജനെ സസ്പെന്‍ഡു ചെയ്തു. മൂന്നാം സ്ഥലമാറ്റത്തിനു പിറകേയാണ് സസ്പെന്‍ഡു ചെയ്തത്.

നാളെ ലോക രക്തദാന ദിനം. രക്തദാന ദിനത്തോടനുബന്ധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പുകളും സെമിനാറുകളും പ്രചാരണ പരിപാടികളും നടക്കും.

കോഴിക്കോട് വെള്ളിമാടുകുന്ന് ജെ.ഡി.ടി കോളജിനു മുന്നില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം. ദേശീയപാതയിലെ ഗതാഗതം തടസപ്പെട്ടു. മുപ്പതോളം പേര്‍ക്കെതിരെ കേസെടുത്തു.

ഹോമിയോ ഡിസ്പെന്‍സറിയില്‍ കോണ്‍ക്രീറ്റ് സീലിംഗ് അടര്‍ന്നുവീണ് ഫാര്‍മസിസ്റ്റിനു തലയ്ക്കുു പരിക്കേറ്റു. കടമ്പൂര്‍ സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറിയിലാണ് സംഭവം. ഫാര്‍മസിസ്റ്റ് കല്ലുവഴി പുത്തന്‍വീട്ടില്‍ ശ്യാമസുന്ദരിക്കാണ് (53) പരിക്കേറ്റത്.

നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ സണ്‍ഷെയ്ഡ് ഇളകിവീണ് അതിഥി തൊഴിലാളി മരിച്ചു. പശ്ചിമബംഗാള്‍ ജല്‍പായ്ഗുരി ചുരഭന്ദറിലെ ഭങ്കമാലി സ്വപന്‍ റോയ് (23) ആണ് മരിച്ചത്. വെണ്‍മണിയിലെ പാറയ്ക്കല്‍ വത്സലയ്ക്കു വേണ്ടി നിര്‍മിക്കുന്ന വീടിന്റെ സണ്‍ ഷെയ്ഡാണ് തകര്‍ന്നുവീണത്.

ഒഡീഷ ട്രെയിന്‍ ദുരന്തവുമായി ബന്ധപ്പെട്ട് സിബിഐ അഞ്ചു പേരെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തു. ബെഹനഗ റെയില്‍വേ സ്റേഷനിലെ സ്റ്റേഷന്‍ മാസ്റ്ററേയും സിഗ്നലിംഗ് ഓഫീസറേയുമാണ് കസ്റ്റഡിയിലെടുത്തത്. അതേസമയം 81 മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.

ഇന്ത്യയുടെ റീട്ടെയില്‍ പണപ്പെരുപ്പം മെയ് മാസത്തില്‍ 25 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ നാലേകാല്‍ ശതമാനമായി കുറഞ്ഞു. പണപ്പെരുപ്പം ഏപ്രിലില്‍ 4.7 ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ പണപ്പെരുപ്പം 7.04 ശതമാനമായിരുന്നു.

ബിപോര്‍ ജോയ് ചുഴലിക്കാറ്റിനു ശക്തി കുറഞ്ഞെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ദ്വാരകയില്‍നിന്ന് 280 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റുള്ളത്. വ്യാഴാഴ്ച സൗരാഷ്ട്ര തീരത്തേക്ക് ചുഴലിക്കാറ്റ് എത്തും.

തമിഴ്‌നാടിനേയും തമിഴ്നാട്ടുകാരേയും ആദ്യം അംഗീകരിക്കാന്‍ തയാറാകണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് കനിമൊഴി എംപി. തമിഴ്നാട്ടുകാരന്‍ പ്രധാനമന്ത്രിയാകുന്നത് ഡിഎംകെ മുടക്കിയെന്ന അമിത് ഷായുടെ ആരോപണം ചരിത്രത്തെ വളച്ചൊടിക്കുന്ന ബിജെപിയുടെ വ്യാജ പ്രചാരണമാണെന്നും കനിമൊഴി പറഞ്ഞു.

തമിഴ്നാട്ടില്‍ മന്ത്രി വി സെന്തില്‍ ബാലാജിയുടെ ഔദ്യോഗിക വസതിയില്‍ എന്‍ഫോഴ്സ്മെന്റ് പരിശോധന. കരൂറിലെ ബാലാജിയുടെ സഹോദരന്റെ വീട്ടിലും റെയ്ഡ് നടന്നു. കഴിഞ്ഞ മാസം വൈദ്യുതി എക്സൈസ് മന്ത്രി വി. സെന്തില്‍ ബാലാജിയുമായി ബന്ധപ്പെട്ടയിടങ്ങളില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന നടന്നിരുന്നു.

മധ്യപ്രദേശിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളുള്ള സത്പുര ഭവനില്‍ വന്‍ തീപിടുത്തം. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീ നിയന്ത്രണവിധേയമായിട്ടുണ്ടെന്ന് ഭോപ്പാല്‍ ജില്ലാ കളക്ടര്‍ ആശിഷ് സിങ് അറിയിച്ചു. അഴിമതി ഫയലുകള്‍ കത്തിച്ചതാണെന്ന് പ്രതിപക്ഷമായ കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

ജീവനക്കാര്‍ക്ക് ഹിന്ദി ഭാഷ അറിഞ്ഞിരിക്കണമെന്ന ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുടെ സര്‍ക്കുലറിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. സര്‍ക്കുലര്‍ ഉടന്‍ പിന്‍വലിക്കണമെന്നും ഹിന്ദി ഇതര ഭാഷകള്‍ സംസാരിക്കുന്നവരോട് മാപ്പ് പറയണമെന്നും സ്റ്റാലിന്‍.

ആസാമില്‍ ബിജെപി വനിതാ നേതാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കാമുകന്‍ അറസ്റ്റില്‍. ജൊനാലി നാഥ് ബെയ്ഡോയെ കൊലപ്പെടുത്തിയതിന് ഹസന്‍സൂര്‍ ഇസ്ലാം ആണ് അറസ്റ്റിലായത്. ഇയാള്‍ക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

കര്‍ഷക പ്രതിഷേധത്തിനു നേതൃത്വം നല്‍കിയവരുടേയും സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെയും അക്കൗണ്ടുകള്‍ ബ്ലാക്ക് ഔട്ട് ചെയ്യാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടെന്ന മുന്‍ ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സിയുടെ വെളിപ്പെടുത്തല്‍ നുണയാണെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഡോര്‍സിയും സംഘവും ഇന്ത്യന്‍ നിയമങ്ങള്‍ ലംഘിച്ചെന്നും അദ്ദേഹം പറഞ്ഞു.

ഫിഫ അണ്ടര്‍ 20 ഫുട്ബോള്‍ കിരീടം യുറഗ്വായ്ക്ക്. ഇറ്റലിയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് യുറുഗ്വായ് കപ്പില്‍ മുത്തമിട്ടത്.

ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജി.ഡി.പി) 2023 ല്‍ 3.75 ട്രില്യണ്‍ ഡോളറിലെത്തി. 2014 ല്‍ ജി.ഡി.പി 2 ട്രില്യണ്‍ ഡോളറായിരുന്നു. ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണ് ഇന്ത്യ. കഴിഞ്ഞ വര്‍ഷം യു.കെയെ ഇന്ത്യ മറികടന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറിയിരുന്നു, ഇപ്പോള്‍ ഇന്ത്യ ഐ.എം.എഫ് പ്രവചനങ്ങള്‍ പ്രകാരം യുഎസ്, ചൈന, ജപ്പാന്‍, ജര്‍മ്മനി എന്നിവയ്ക്ക് പിന്നിലാണ്. ലോകത്തിലെ ഏറ്റവും വലിയ 10-ാമത്തെ സമ്പദ് വ്യവസ്ഥയില്‍ നിന്ന് അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയിലേക്ക് നീങ്ങുകയാണെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ സൂചിപ്പിച്ചു. രാജ്യത്തിന്റെ ജി.ഡി.പി വിലയുടെ അടിസ്ഥാനത്തില്‍ 3,737 ബില്യണ്‍ ഡോളറാണ്. യുഎസ്എ (26,854 ഡോളര്‍), ചൈന (19,374 ബില്യണ്‍ ഡോളര്‍), ജപ്പാന്‍ (4.904 ബില്യണ്‍ ഡോളര്‍), ജര്‍മ്മനി (4,309 ബില്യണ്‍ ഡോളര്‍) എന്നിവയ്ക്ക് താഴെയാണ് ഇന്ത്യയെന്നും ധനമന്ത്രാലയം വ്യക്തമാക്കി. അതേസമയം യുകെ (3,159 ബില്യണ്‍ ഡോളര്‍), ഫ്രാന്‍സ് (2,924 ബില്യണ്‍ ഡോളര്‍), കാനഡ (2,089 ബില്യണ്‍ ഡോളര്‍), റഷ്യ (1,840 ബില്യണ്‍ ഡോളര്‍), ഓസ്‌ട്രേലിയ (1,550 ബില്യണ്‍ ഡോളര്‍) എന്നിവയ്ക്ക് മുകളിലാണ് ഇന്ത്യ.

താക്കോലും പഴ്സുമൊക്കെ വീട്ടിലും ഓഫീസിലും മറന്നു വയ്ക്കാത്തവര്‍ വിരളമായിരിക്കും. ഇങ്ങനെയുള്ളവര്‍ക്ക് ഏറെ ഉപകാരപ്പെടുന്ന ചെറിയൊരു ഉത്പന്നവുമായി എത്തിയിരിക്കുകയാണ് റിലയന്‍സ് ജിയോ. ജിയോ ടാഗ് എന്ന ബ്ലൂടൂത്ത് ട്രാക്കറാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. നിങ്ങളുടെ പേഴ്സിലും കീചെയിനിലും ബാഗിലുമൊക്കെ ജിയോ ടാഗ് ഇട്ടുവെച്ചാല്‍, അവ ഏതെങ്കിലും സാഹചര്യത്തില്‍ കാണാതാവുകയാണെങ്കില്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച് എളുപ്പം കണ്ടെത്താം. ആപ്പിളിന്റെ എയര്‍ടാഗുമായി മത്സരിക്കുന്ന ജിയോ ടാഗ് അതേ ഫീച്ചറുകളാണ് നല്‍കുന്നത്, അതും കുറഞ്ഞ വിലയ്ക്ക്. നഷ്ടപ്പെട്ട സാധനങ്ങള്‍ കണ്ടെത്തുന്നതിനൊപ്പം മറന്നുവെക്കാതിരിക്കാനും ജിയോ ടാഗ് ഓര്‍മിപ്പിക്കും. ഉപകരണം ബന്ധിപ്പിച്ച ഫോണില്‍ സന്ദേശമയക്കുകയാണ് ചെയ്യുക. 9.5 ഗ്രാം മാത്രം ഭാരമുള്ള ജിയോ ടാഗ് കാണാതായ നിങ്ങളുടെ വസ്തുക്കള്‍ അതിവേഗം ട്രാക്ക് ചെയ്ത് കണ്ടുപിടിക്കാന്‍ സഹായിക്കുമെന്നും ഒരു വര്‍ഷത്തോളം അതിന് ബാറ്ററി ലൈഫുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു. വെള്ള നിറത്തില്‍ ചതുരാകൃതിയിലാണ് ഉപകരണത്തിന്റെ നിര്‍മാണം. ജിയോ ടാഗിന് കെട്ടിടങ്ങള്‍ക്കുള്ളില്‍ 20 മീറ്ററും, പുറത്ത് 50 മീറ്ററും റേഞ്ചും ലഭിക്കും. ടാഗിന്റെ അവസാന ലൊക്കേഷന്‍ തിരിച്ചറിയാനായി കമ്മ്യൂണിറ്റി ഫൈന്റ് നെറ്റ്വര്‍ക്ക് ഓപ്ഷനും നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 749 രൂപയാണ് ജിയോ ടാഗിന്റെ വില. ഇത് ആപ്പിള്‍ എയര്‍ടാഗിനേക്കാള്‍ (3000 രൂപ) ഏറെ കുറവാണ്.

സംവിധായകന്‍ ഷാജി കൈലാസിന്റെ മകന്‍ ജഗന്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ആദ്യ സിനിമയുടെ ചിത്രീകരണത്തിന് തുടക്കമായി. പാലക്കാട് പോത്തുണ്ടി ഡാമിന് അരികെയുള്ള ഇറിഗേഷന്‍ ഗസ്റ്റ് ഹൗസില്‍ വച്ചായിരുന്നു ആദ്യ ദിവസത്തെ ചിത്രീകരണം. തികച്ചും ലളിതമായ ചടങ്ങില്‍ രണ്‍ജി പണിക്കര്‍ സ്വിച്ചോണ്‍ കര്‍മം നിര്‍വഹിച്ചു. നായകനായ സിജു വില്‍സണ്‍ ഫസ്റ്റ് ക്ലാപ്പും നല്‍കി. ഇവിടെ ഒരുക്കിയ പൊലീസ് സ്റ്റേഷന്‍ സെറ്റിലായിരുന്നു ചിത്രീകരണം. സിജു വില്‍സന്‍, രണ്‍ജി പണിക്കര്‍, ശ്രീജിത്ത് രവി, ഗൗരി നന്ദ എന്നിവരടങ്ങിയ ഒരു രംഗമായിരുന്നു ഇവിടെ ചിത്രീകരിച്ചത്. വനാതിര്‍ത്തിയിലുള്ള ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ തികഞ്ഞ ക്രൈം ത്രില്ലറായാണ് സിനിമ ഒരുങ്ങുന്നത്. ജോയ് മാത്യു, ശ്രീകാന്ത് മുരളി, കണ്ണൂര്‍ ശിവാനന്ദന്‍, ധന്യാ മേരി വര്‍ഗീസ്, മാലാ പാര്‍വതി, ശാരി, കാവ്യാ ഷെട്ടി(കന്നഡ ഫെയിം) തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. രണ്‍ജി പണിക്കര്‍, ഷാജി കൈലാസ്, നിഥിന്‍ രണ്‍ജി പണിക്കര്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ച പരിചയസമ്പത്തുമായാണ് ജഗന്‍ സംവിധാന രംഗത്തേക്ക് ചുവടുവയ്ക്കുന്നത്. ജഗന് ആദ്യാക്ഷരം കുറിച്ചിരിക്കുന്നതും രണ്‍ജി പണിക്കരാണ്.

ദുല്‍ഖര്‍ സല്‍മാന്റെ ബിഗ് ബജറ്റ് ചിത്രമായ കിംഗ് ഓഫ് കൊത്ത വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. കൊച്ചിയില്‍ വെച്ച് ചിത്രീകരിച്ച സിനിമയുടെ ക്ലൈമാക്സില്‍ ദുല്‍ഖര്‍ സല്‍മാനും ടീമും തൃപ്തരല്ലെന്നും അതിനാലാണ് റീഷൂട്ട് ചെയ്യാനൊരുങ്ങുന്നതെന്നും റിപ്പോര്‍ട്ട്. ചിത്രീകരിച്ച പുതിയ ക്ലൈമാക്സ് മെയ് മാസത്തിലെ യഥാര്‍ത്ഥ ചിത്രത്തേക്കാള്‍ തീവ്രവും ശക്തവുമാണെന്ന് പറയപ്പെടുന്നു. 45 കോടി രൂപ ബജറ്റിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നതെന്നും പുതിയ ക്ലൈമാക്സ് റീഷൂട്ട് ചെയ്യുന്നതോടെ ഈ ബജറ്റ് കുറഞ്ഞത് അഞ്ച് കോടി രൂപയെങ്കിലും ഉയരാന്‍ സാധ്യതയുണ്ടെന്നും വൃത്തങ്ങള്‍ പറഞ്ഞു. ഐശ്വര്യ ലക്ഷ്മി, പ്രസന്ന, ഗോകുല്‍ സുരേഷ്, ചെമ്പന്‍ വിനോദ് ജോസ്, ഷമ്മി തിലകന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ദുല്‍ഖര്‍ സല്‍മാന്റെ ഹോം ബാനറായ വേഫെറര്‍ ഫിലിംസും സീ സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷാന്‍ റഹ്‌മാനും ജേക്‌സ് ബിജോയും ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

ലക്ഷ്വറി എസ്യുവിയായ കൊഡിയാക്കിന്റെ അധികവിഹിതം ഇന്ത്യയ്ക്കായി പ്രഖ്യാപിച്ച് ചെക്ക് ആഡംബര വാഹന ബ്രാന്‍ഡായ സ്‌കോഡ ഇന്ത്യ. രാജ്യത്ത് ഇറക്കുമതി ചെയ്ത എല്ലാ കാറുകളും രണ്ടാഴ്ചയ്ക്കുള്ളില്‍ വിറ്റുതീര്‍ന്നതിനെ തുടര്‍ന്നാണ് ഈ നടപടി. കഴിഞ്ഞ മാസമാണ് കമ്പനി ബിഎസ് 6 രണ്ടാം ഘട്ടത്തിലേക്ക് അപ്‌ഡേറ്റ് ചെയ്ത കൊഡിയാക് ഇന്ത്യയില്‍ അവതരിപ്പിച്ചത്. സ്‌കോഡയുടെ മോഡലുകള്‍ക്ക് വന്‍ ഡിമാന്‍ഡാണ് ഇന്ത്യന്‍ വിപണിയില്‍ ഇപ്പോള്‍. ജര്‍മ്മനിക്കും ചെക്ക് റിപ്പബ്ലിക്കിനും ശേഷം ചെക്ക് ബ്രാന്‍ഡിന്റെ മൂന്നാമത്തെ വലിയ വിപണിയാണ് ഇവിടെയുള്ളത്. കുഷാക്ക് മിഡ്-സൈസ് എസ്യുവി, സ്ലാവിയ മിഡ്-സൈസ് സെഡാന്‍ തുടങ്ങിയ മോഡലുകളാണ് കമ്പനിയുടെ ആക്കം കൂട്ടുന്നത്. അതേസമയം സിബിയു റൂട്ടിലൂടെ വരുന്ന മുന്‍നിര മോഡലാണ് കൊഡിയാക്. അപ്‌ഡേറ്റ് ചെയ്ത കൊഡിയാക് മെയ് മാസത്തില്‍ 38 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയിലാണ് അവതരിപ്പിച്ചത്. വെറും 20 ദിവസത്തിനുള്ളില്‍ അത് വിറ്റുതീര്‍ന്നതായി കമ്പനി പറയുന്നു. 187 ബിഎച്പി കരുത്തും 320 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്ന അതേ 2.0 ടിഎസ്ഐ ഇവോ എഞ്ചിനാണ് 2023 സ്‌കോഡ കൊഡിയാക്കിന്റെ ഹൃദയം. ഈ എഞ്ചിന്‍ ഇപ്പോള്‍ ബിഎസ് 6 എമിഷന്‍ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നു. 41.39 ലക്ഷം രൂപ എക്സ്-ഷോറൂം വിലയുള്ള ഏറ്റവും ഉയര്‍ന്ന വേരിയന്റിനൊപ്പം കൊഡിയാക്കിന് മൂന്ന് വേരിയന്റുകള്‍ സ്‌കോഡ വാഗ്ദാനം ചെയ്യുന്നു.

കോഗ്‌നിറ്റിവ് ന്യൂറോളജിയുടെ പരമോന്നത തലങ്ങളിലുള്ള വിഷയങ്ങളായ മുഖമറിയായ്മയും ചിന്തകളും സ്വപ്നങ്ങളും വാക്കുകളും എഴുത്തും വായനയും സര്‍ഗ്ഗാത്മകതയുമൊക്കെയാണ് ഈ പുസ്തകത്തില്‍. ഭാരതത്തിലെ വേറൊരു ഭാഷയിലും ഇവയെക്കുറിച്ച് ഇത്തരത്തിലുള്ള ഒരു പുസ്തകവും ഇതുവരെ ഉണ്ടായിട്ടില്ല. അടുത്തകാലം വരെ തത്ത്വചിന്തകന്മാരുടെയും സൈദ്ധാന്തികന്മാരുടെയും മാത്രം മേഖലയായിരുന്ന ഈ വിഷയങ്ങളുടെ വിശദമായ, ശാസ്ത്രീയമായ അടിസ്ഥാനങ്ങള്‍ കണ്ടുപിടിക്കുന്നത് കഴിഞ്ഞ കുറെ പതിറ്റാണ്ടുകള്‍ മുതലാണ്. അവ മുഴുവനും ന്യൂറോസയന്‍സിന്റെ ഉന്നതമായ തലങ്ങളില്‍ മാത്രമാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. ആ വിഷയങ്ങളുടെ പഥികൃത്തുകളുടെ ആദ്യകാല പഠനങ്ങള്‍ മുതല്‍ ഇന്നുവരെയുള്ള അവയുടെ വികാസപരിണാമങ്ങള്‍ സാധാരണക്കാര്‍ക്കു മനസ്സിലാവുന്ന ഭാഷയില്‍ ലളിതമായ കഥകള്‍ പോലെയാണ് ഇതില്‍ ആഖ്യാനം ചെയ്തിരിക്കുന്നത്. മലയാള ശാസ്ത്രസാഹിത്യത്തിന് കഴിഞ്ഞ ആറു പതിറ്റാണ്ടായി വൈദ്യം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ഒരു വൈദ്യാധ്യാപകന്റെ ആദരോപഹാരമാണ് ഈ കൃതി. ‘ചിരിയും ചിന്തയും സര്‍ഗ്ഗാത്മകതയും’. ഡോ. കെ രാജശേഖരന്‍ നായര്‍. ഡിസി ബുക്സ്. വില 315 രൂപ.

അത്താഴവും ഉച്ചഭക്ഷണവും കഴിഞ്ഞാല്‍ കുറച്ച് നടക്കണം. 100 സ്റ്റെപ്പ് നടക്കണമെന്ന് ആയുര്‍വേദത്തിലും പറയുന്നു. പുതിയ ഗവേഷണങ്ങളും ഇതിന്റെ ഗുണങ്ങളെ ശരിവയ്ക്കുന്നതാണ്. ഭക്ഷണത്തിന് ശേഷം നടക്കുമ്പോള്‍ വയര്‍ വേദനയോ ക്ഷീണമോ മറ്റ് അസ്വസ്ഥതകളോ ഇല്ലാത്ത പക്ഷം അര മണിക്കൂര്‍ വളരെ വേഗം നടക്കുന്നത് ഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് ജേണല്‍ ഓഫ് ജനറല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം ചൂണ്ടിക്കാട്ടുന്നു. ഭക്ഷണശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞുള്ള നടത്തത്തേക്കാള്‍ കൂടുതല്‍ ഭാരം കുറയാന്‍ ഈ നടപ്പ് സഹായിക്കുമെന്നും പഠനം കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ ആയുര്‍വേദം ഈ വേഗ നടത്തത്തെ പിന്തുണയ്ക്കുന്നില്ല. പകരം ഭക്ഷണശേഷമുള്ള 100 സ്റ്റെപ്പ് നടത്തത്തെയാണ് ശതപാവലി എന്ന ആയുര്‍വേദ സങ്കല്‍പം അനുകൂലിക്കുന്നത്. പല തരത്തിലുള്ള രസങ്ങളും എന്‍സൈമുകളും ദഹനപ്രക്രിയയില്‍ പങ്കാളികളാകുന്നുണ്ട്. ഭക്ഷണം കഴിഞ്ഞയുടനെ നടക്കുന്നത് ഈ പ്രക്രിയയെ മെച്ചപ്പെടുത്തും. അസിഡിറ്റി, ദഹനക്കേട് പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇത് നല്ലതാണ്. ശരീരത്തിന്റെ ചയാപചയ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനും വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനത്തെ പോസിറ്റീവായി സ്വാധീനിക്കുന്നതിനും നടത്തം സഹായിക്കും. ഭക്ഷണശേഷം എവിടെയെങ്കിലും ചാഞ്ഞിരുന്ന് ഉറങ്ങാനുള്ള മടിയും ആലസ്യവും എല്ലാവര്‍ക്കും ഉണ്ടാകുന്നതാണ്. കാര്‍ബോഹൈഡ്രേറ്റും പ്രോട്ടീനും ദഹിപ്പിക്കുന്നതിന്റെ ഭാഗമായി ശരീരം കൂടുതല്‍ സെറോടോണിന്‍ ഉത്പാദിപ്പിക്കുന്നതാണ് ഈ മടിക്ക് കാരണമാകുന്നത്. ഇതകറ്റാനും നടപ്പ് സഹായിക്കും. കാലറി കത്തിക്കുക വഴി ശരീരഭാരം കുറയ്ക്കാനും ഭക്ഷണശേഷമുള്ള നടപ്പ് സഹായിക്കും. കഴിച്ച ഭക്ഷണമെല്ലാം കൊഴുപ്പായി ശേഖരിക്കപ്പെടാതിരിക്കാനും നടപ്പ് നല്ലതാണ്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.37, പൗണ്ട് – 103.43, യൂറോ – 88.97, സ്വിസ് ഫ്രാങ്ക് – 91.06, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.81, ബഹറിന്‍ ദിനാര്‍ – 218.54, കുവൈത്ത് ദിനാര്‍ -268.03, ഒമാനി റിയാല്‍ – 213.95, സൗദി റിയാല്‍ – 21.96, യു.എ.ഇ ദിര്‍ഹം – 22.43, ഖത്തര്‍ റിയാല്‍ – 22.63, കനേഡിയന്‍ ഡോളര്‍ – 61.67.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *