◾തങ്ങളുടെ കൈവശമുള്ള എല്ലാ രാസായുധങ്ങളും നശിപ്പിച്ചെന്ന് അമേരിക്ക. ഒന്നാം ലോക മഹായുദ്ധം മുതല്‍ ശേഖരിച്ച 30,000 ടണ്‍ ആയുധ ശേഖരം ഇല്ലാക്കിയെന്നാണ് അമേരിക്ക അറിയിച്ചത്.
◾ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ പ്രദീപ് കുരുല്‍ക്കര്‍ ഇന്ത്യയുടെ മിസൈല്‍ രഹസ്യങ്ങള്‍ പാക് ചാരവനിതയ്ക്കു ചോര്‍ത്തിയെന്ന് കുറ്റപത്രം. സാറാ ദാസ് ഗുപ്ത എന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ നടത്തിയ ചാറ്റിംഗിലൂടെയാണ് ഇന്ത്യയുടെ മിസൈല്‍ രഹസ്യങ്ങള്‍ വിശദീകരിച്ചത്. പൂനെയിലെ ഡിആര്‍ഡിഒ ലാബിന്റെ ഡയറക്ടറായിരുന്ന പ്രദീപിനെ മേയ് മൂന്നിനാണ് അറസ്റ്റു ചെയ്തത്.
◾ഗുജറാത്ത് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റീസ് ആശിഷ് ജെ. ദേശായി കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസാകും. നിയമനത്തിന് സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ ഉടനേ ഉത്തരവിറക്കും.
◾കാലഹരണപ്പെട്ടതും അനാവശ്യമെന്നു നിയമപരിഷ്‌കരണ കമ്മിഷന്‍ കണ്ടെത്തിയ 116 നിയമങ്ങള്‍ കൂടി സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കാന്‍ നീക്കം. ഇതിനുള്ള കരട് ബില്ലില്‍ ബന്ധപ്പെട്ട എല്ലാ വകുപ്പുകളോടും നിയമവകുപ്പ് അഭിപ്രായം തേടി. ഏതെങ്കിലും നിയമം ഒഴിവാക്കുന്നതില്‍ വകുപ്പുകള്‍ എതിര്‍പ്പറിയിച്ചാല്‍ പുനഃപരിശോധിക്കും.
◾സാമൂഹികസുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ എണ്ണം മൂന്നു വര്‍ഷത്തിനിടെ 11 ലക്ഷം പേരെ വെട്ടിക്കുറച്ചു. ബയോമെട്രിക് മസ്റ്ററിങ്, വരുമാനപരിധി നിബന്ധന എന്നിവയിലൂടെയാണ് ഇത്രയും പേരെ ഒഴിവാക്കിയത്.
◾ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള നീക്കത്തിനെതിരേ തുടര്‍സമര പരിപാടികള്‍ ആലോചിക്കാന്‍ സമസ്തയുടെ സ്പെഷല്‍ കണ്‍വന്‍ഷന്‍ ഇന്ന് കോഴിക്കോട് ചേരും. ഏക സിവില്‍ കോഡ് നടപ്പാക്കുന്നത് ഒരു മതത്തിനും അംഗീകരിക്കാന്‍ ആകില്ലെന്നാണ് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
◾ഏക സിവില്‍ കോഡ് പ്രമേയമാക്കി സിപിഎം ഈ മാസം 15 നു കോഴിക്കോട് സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിന്റെ സംഘാടക സമിതിയില്‍ സമസ്ത അംഗവും. സമസ്ത നേതാവ് മുസ്തഫ മുണ്ടുപാറയെയാണ് വൈസ് ചെയര്‍മാന്‍മാരുടെ പട്ടികയില്‍ സിപിഎം ഉള്‍പ്പെടുത്തിയത്. കെപി രാമനുണ്ണിയാണ് സംഘാടക സമിതി ചെയര്‍മാന്‍.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾ഏക സിവില്‍ കോഡ് സംവാദത്തിലേക്കു പ്രശ്നാധിഷ്ഠിതമായാണു മുസ്ലിം ലീഗിനെ ക്ഷണിച്ചതെന്നും അതൊരു രാഷ്ട്രീയ ക്ഷണമല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കോണ്‍ഗ്രസ് നിലപാടില്‍ വ്യക്തതയില്ല. ലീഗിന്റെ നിലപാടിനെ സ്വാഗതം ചെയ്യും. ലീഗുമായി തൊട്ടു കൂട്ടായ്മയില്ല. സുന്നി ഐക്യത്തില്‍ ഇടതു പക്ഷത്തിന് ആശങ്കയില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.
◾സിപിഎം സംഘടിപ്പിക്കുന്ന ഏക സിവില്‍കോഡ് സെമിനാറില്‍ പങ്കെടുക്കണോയെന്നു തീരുമാനിക്കേണ്ടത് മുസ്ലിം ലീഗാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. അവര്‍ നേരത്തെ നിലപാട് വ്യക്തമാക്കിയതാണ്. അതില്‍ കോണ്‍ഗ്രസിന് തൃപ്തിയാണ്. വേണുഗോപാല്‍ പറഞ്ഞു.
◾പ്രമുഖ സിനിമാ നിര്‍മ്മാതാവും ജനറല്‍ പിക്‌ചേഴ്‌സ് ഉടമയും കശുവണ്ടി വ്യവസായിയുമായിരുന്ന കെ രവീന്ദ്രനാഥന്‍ നായര്‍ (90) അന്തരിച്ചു.
◾തലസ്ഥാനം കൊച്ചിയിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ടു ലോക്സഭയില്‍ അവതരിപ്പിച്ച സ്വകാര്യ ബില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ചോര്‍ത്തി വിവാദമുണ്ടാക്കിയതില്‍ ദുരൂഹതയുണ്ടെന്ന് ഹൈബി ഈഡന്‍ എംപി. ബില്‍ പിന്‍വലിക്കാന്‍ എഐസിസി തന്നോട് ഔദ്യോഗികകമായി ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
◾വിരമിച്ച വില്ലേജ് ഓഫീസറില്‍നിന്ന് ആയിരം രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് അസിസ്റ്റന്റ് അറസ്റ്റിലായി. തിരുവനന്തപുരം മുട്ടത്തറ വില്ലേജ് ഓഫീസിലെ ജീവനക്കാരന്‍ ഉമാനുജനാണ് അറസ്റ്റിലായത്.
◾കോഴിക്കോട് ബാലുശ്ശേരിക്കു സമീപം പൊലീസ് ജീപ്പ് മറിഞ്ഞു. വാഹനത്തില്‍ ഉണ്ടായിരുന്ന എസ് ഐ രമ്യ, ഡ്രൈവര്‍ രജീഷ്, പിആര്‍ഒ ഗിരീഷ്, എന്നിവര്‍ക്ക് പരിക്കേറ്റു.
◾ഇടുക്കി വണ്ടിപ്പെരിയാറില്‍ യുവതി വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചത് സുഹൃത്തിന്റെയും ഭാര്യയുടെയും ഭീഷണിയെ തുടര്‍ന്നാണെന്ന ആരോപണവുമായി ഭര്‍ത്താവും ബന്ധുക്കളും. വണ്ടിപ്പെരിയാര്‍ സ്വദേശിയായ ശ്രീദേവിയുടെ മരണത്തില്‍ ബന്ധുക്കള്‍ അന്വേഷണം ആവശ്യപ്പെട്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി.
◾ബിഷപ്പ് സ്ഥാനം രാജിവച്ച ഫ്രാങ്കോ മുളക്കലിന് ഇന്ന് ജലന്ധറില്‍ യാത്രയയപ്പ്. രൂപതയിലെ സെന്റ് മേരിസ് കത്തീഡ്രലിലാണ് യാത്രയപ്പ്. യാത്രയയപ്പു ചടങ്ങില്‍ പങ്കെടുക്കണമെന്ന് രൂപതയിലെ എല്ലാവരോടും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായ ബിഷപ്പ് അഗ്നേലോ ഗ്രേഷ്യസ് ആവശ്യപ്പെട്ടിട്ടുണ്ട്. കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തെന്ന കേസില്‍ കുറ്റമുക്തനാക്കപ്പെട്ട ബിഷപ്പിനെതിരേ ഹൈക്കോടതിയില്‍ അപ്പീല്‍ നിലവിലുണ്ട്.
◾മേലുദ്യോഗസ്ഥന്‍ മര്‍ദിച്ചെന്ന് ആരോപിച്ച് കോട്ടയം മരങ്ങാട്ടുപള്ളിയില്‍ കെഎസ്ഇബി ജീവനക്കാരന്‍ ബിജുമോന്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു. സ്വന്തം നാടായ കുറവിലങ്ങാട്ടേയ്ക്ക് ചീഫ് എന്‍ജിനീയര്‍ സ്ഥലംമാറ്റ ഉത്തരവ് നല്കിയിട്ടും പാലാ എക്‌സിക്യൂട്ട് എന്‍ജിനീയര്‍ ബാബുജാന്‍ സ്ഥലംമാറ്റം അനുവദിച്ചില്ലെന്നാണു ബിജുമോന്റെ പരാതി. തന്റെ മുഖത്തടിച്ചതിനാല്‍ ആത്മഹത്യ ചെയ്യുകയാണെന്നു സുഹൃത്തുക്കള്‍ക്കു വാട്സ്ആപ് സന്ദേശം അയച്ച് ഉറക്കഗുളിക കഴിച്ച ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ നേതൃത്വം നല്‍കുന്ന ശിവസേനയ്ക്കു പുറമേ ബിജെപിയിലും വിമതര്‍ തലപൊക്കുന്നു. അജിത് പവാറിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം എന്‍സിപിയെ ഭരണ മുന്നണിയില്‍ ചേര്‍ത്തതിനെതിരേയാണു പ്രതിഷേധം. ഉപമുഖ്യമന്ത്രി സ്ഥാനം അടക്കം ഒമ്പതു മന്ത്രി സ്ഥാനം എന്‍സിപിക്കു നല്‍കിയത് ഇരു പാര്‍ട്ടികളിലേയും മന്ത്രിക്കസേര മോഹിച്ചിരുന്ന നേതാക്കളെ നിരാശരാക്കി. എംഎല്‍എമാരില്‍ പലരും രണ്ടു മാസത്തെ അവധിയെടുത്തതായി ബിജെപി അഖിലേന്ത്യ സെക്രട്ടറി പങ്കജ് മുണ്ടെ സമ്മതിച്ചു. ഇതേസമയം, മുഖ്യമന്ത്രി സ്ഥാനത്തുനിന്നു രാജിവയ്ക്കാന്‍ ഷിന്‍ഡെയോട് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് ആദിത്യ താക്കറെ പറഞ്ഞു.
◾ലോക്സഭാ തെരഞ്ഞെടുപ്പിനു കളമൊരുക്കാന്‍ രാജ്യത്തെ മൂന്ന് മേഖലകളില്‍ നേതൃയോഗങ്ങളുമായി ബിജെപി. കിഴക്കന്‍ മേഖലയിലെ സംസ്ഥാനങ്ങളുടെ യോഗം ഗോഹട്ടിയിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ യോഗം ഡല്‍ഹിയിലും ചേര്‍ന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ നേതൃയോഗം ഹൈദരാബാദില്‍ നടക്കും. മോദി സര്‍ക്കാരിന്റെ ഒന്‍പത് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനായി നടത്തിയ പ്രചാരണ പരിപാടികളുടെ വിലയിരുത്തലും പ്രചാരണങ്ങളും ആസൂത്രണങ്ങളുമാണ് ഈ യോഗങ്ങളില്‍.
◾ഏക സിവില്‍ കോഡില്‍ വിദഗ്ധ സമിതി കരട് റിപ്പോര്‍ട്ട് 15 ന് കൈമാറുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി. വിദഗ്ധ സമിതി നാളെ ഡല്‍ഹിയില്‍ യോഗം ചേരും. പ്രത്യേക നിയമസഭ സമ്മേളനം വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.
◾കര്‍ണാടകയില്‍ വിദേശ മദ്യത്തിന് ഇരുപത് ശതമാനം അധിക എക്‌സൈസ് നികുതി ചുമത്തി. ക്ഷേമ പദ്ധതികള്‍ക്ക് കൂടുതല്‍ പണം കണ്ടെത്താനാണ് മദ്യത്തിന് നികുതി വര്‍ധിപ്പിച്ചത്.
◾ഹരിയാനയിലെ കര്‍ഷകര്‍ക്കൊപ്പം ഞാറു നട്ടും ട്രാക്ടറോടിച്ചും രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍നിന്ന് ഷിംലയിലേക്കുള്ള യാത്രയ്ക്കിടെ സോനിപ്പത്തിലെ മദിന ഗ്രാമത്തിലാണ് രാഹുല്‍ കര്‍ഷകര്‍ക്കൊപ്പം കൂടിയത്.
◾ഡല്‍ഹി- ഷിംല ഹൈവേയിലെ മണ്ണിടിച്ചിലില്‍ ഗതാഗതം തടസപ്പെട്ടു. ഹിമാചല്‍ പ്രദേശിലെ സോളനില്‍ ദേശീയപാത – 5 ല്‍ കൂറ്റന്‍ പാറകള്‍ റോഡിലേക്കു വീഴുകയായിരുന്നു. തലനാരിഴയ്ക്കാണ് കാറുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളിലെ യാത്രക്കാര്‍ രക്ഷപ്പെട്ടത്.
◾ചെന്നൈയില്‍ മദ്യലഹരിയില്‍ പോലീസ് ജീപ്പ് ഓടിച്ച് അപകടമുണ്ടാക്കിയ രണ്ടു പോലീസുകാര്‍ തടവില്‍. റാണിപ്പെട്ട് ജില്ലയിലെ കോണ്‍സ്റ്റബിളുമാരായ ശ്രീധര്‍, അരുള്‍ മണി എന്നിവരെയാണ് അറസ്റ്റു ചെയ്തത്. അശോക് നഗറില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന അഞ്ചു ടൂ വീലറുകളും ഒരു കാറും ഇവര്‍ ഓടിച്ച പോലീസ് ജീപ്പ് ഇടിച്ചുതെറിപ്പിച്ചു.
◾ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ വ്യാപക അക്രമം. ബിജെപി, കോണ്‍ഗ്രസ്, സിപിഎം, തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ആക്രമണങ്ങളില്‍ തങ്ങളുടെ മൂന്നു പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പറഞ്ഞു.
◾യുക്രെയ്‌നിലെ ഭക്ഷണശാലയില്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ പരുക്കേറ്റ പ്രമുഖ സാഹിത്യകാരി വിക്ടോറിയ അമെലിന (37) മരിച്ചു. കഴിഞ്ഞ മാസം 27 നു നടന്ന ആക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടിരുന്നു. 61 പേര്‍ക്കു പരുക്കേറ്റു.
◾റിലയന്‍സ് ഇന്‍ഡസ്ട്രീസിന് കീഴിലെ റീട്ടെയില്‍ വിഭാഗമായ റിലയന്‍സ് റീട്ടെയില്‍ പൊതു നിക്ഷേപകരുടെ കൈവശമുള്ള ഓഹരികള്‍ മുഴുവന്‍ തിരികെ വാങ്ങുന്നു. കമ്പനിക്ക് മൊത്തം 14,900 കോടി ഡോളര്‍ (ഏകദേശം 12.31 ലക്ഷം കോടി രൂപ) വിപണിമൂല്യം വിലയിരുത്തി ഓഹരി ഒന്നിന് 1,362 രൂപ നിരക്കിലാണ് തിരികെ വാങ്ങല്‍. റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്സാണ് റിലയന്‍സ് റീട്ടെയിലിനെ നിയന്ത്രിക്കുന്ന കമ്പനി. റിലയന്‍സ് റീട്ടെയിലിന്റെ 99.91 ശതമാനം ഓഹരികളും ആര്‍.ആര്‍.വി.എല്ലിന്റെ കൈവശമാണ്. ബാക്കി 0.09 ശതമാനമാണ് പൊതു നിക്ഷേപകരുടെ കൈവശമുള്ളത്. ഇതുകൂടി തിരിച്ചെടുത്ത്, 100 ശതമാനം ഓഹരി പങ്കാളിത്തവും കൈവശം ഉറപ്പാക്കാനാണ് ആര്‍.ആര്‍.വി.എല്‍ ഒരുങ്ങുന്നത്. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാത്ത കമ്പനിയാണ് റിലയന്‍സ് റീട്ടെയില്‍. എച്ച്.ഡി.എഫ്.സി സെക്യൂരിറ്റീസ്, ജെ.പി. മോഗര്‍ഗന്‍, ജെ.എം ഫൈനാന്‍ഷ്യല്‍, ഡോലറ്റ് കാപ്പിറ്റല്‍ എന്നിവ വിലയിരുത്തുന്ന ഓഹരി വില 859 രൂപ മുതല്‍ 1,073 രൂപവരെയാണ്. ബാഹ്യവിപണിയില്‍ 2,700-2,800 രൂപ നിരക്കില്‍ റിലയന്‍സ് റീട്ടെയില്‍ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നുണ്ട്. റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് നിലവില്‍ ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള ലിസ്റ്റഡ് കമ്പനി. 18.01 ലക്ഷം കോടി രൂപയാണ് മൂല്യം. റിലയന്‍സ് റീട്ടെയിലിന് കല്‍പ്പിക്കുന്ന മൂല്യം 12.31 ലക്ഷം കോടി രൂപ. ടാറ്റാ ഗ്രൂപ്പിന്റെ വിപണിമൂല്യം 12.23 ലക്ഷം കോടി രൂപയാണ്. എച്ച്.ഡി.ഫ്.സിയും എച്ച്.ഡി.എഫ്.സി ബാങ്കും ലയിച്ചൊന്നായ കമ്പനിക്ക് മൂല്യം 14.04 ലക്ഷം കോടി രൂപയാണ്.
◾50എംപി ക്യാമറയും 6000 എംഎഎച്ച് ബാറ്ററിയുമായി ‘മോണ്‍സ്റ്റര്‍’ എന്നു സാംസങ് വിശേഷിപ്പിച്ച ഗ്യാലക്‌സി എം34 ഇന്ത്യയില്‍ അവതരിപ്പിച്ചു. 16999 രൂപയാണ് വില. ഫുള്‍ എച്ച്ഡി പ്ലസ് റസല്യൂഷനോടുകൂടിയ 6.5 ഇഞ്ച്ഫുള്‍ എച്ച്ഡി + എസ്അമോലെഡ് സ്‌ക്രീന്‍ ഉണ്ടായിരിക്കും. 120 ഹെര്‍ട്‌സ് പുതുക്കല്‍ നിരക്കും ഈ എം സീരീസ് ഫോണിനു ഉണ്ടായിരിക്കും. നേരിട്ടുള്ള സൂര്യപ്രകാശത്തില്‍ പോലും സ്‌ക്രീന്‍ റീഡുചെയ്യാന്‍ ‘വിഷന്‍ ബൂസ്റ്റര്‍’ എന്ന സാങ്കേതികവിദ്യ സഹായിക്കും. 1000 നിറ്റ്സ് ആണ് ബ്രൈറ്റ്‌നസ്. ഡിസ്പ്ലേ ഗോറില്ല ഗ്ലാസ് 5 ഉപയോഗിച്ച് പരിരക്ഷിച്ചിരിക്കുന്നു. ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ ഉള്ള 50എംപി പ്രൈമറി നോ ഷേക് ക്യാമറയാണ് ഗ്യാലക്‌സി എം 34ല്‍ അവതരിപ്പിക്കുന്നത്. ഒറ്റ ഷോട്ടില്‍ 4 ഫോട്ടോകളും 4 വിഡിയോകളും പകര്‍ത്താന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന സാംസങിന്റെ മോണ്‍സ്റ്റര്‍ ഷോട്ട് 2.0 സവിശേഷതയും 16 വ്യത്യസ്ത ലെന്‍സ് ഇഫക്റ്റുകളുള്ള ഒരു ഫണ്‍ മോഡും ഇതിലുണ്ടത്രെ. എക്‌സിനോസ് 1280 ചിപ്സെറ്റാണ് വരുന്നത്. 5ജിയുടെ വേഗതയും കണക്റ്റിവിറ്റിയും ഉപയോഗിച്ച്, ഉപയോക്താക്കള്‍ക്ക് അവര്‍ പോകുന്നിടത്തെല്ലാം പൂര്‍ണ്ണമായി നെറ്റ്‌വര്‍ക്ക് നിലനിര്‍ത്താന്‍ കഴിയുമെന്നു കമ്പനി പറയുന്നു. ഡോള്‍ബി അറ്റ്മോസ് നല്‍കുന്ന മികച്ച ഓഡിയോ സംവിധാനവും സ്മാര്‍ട്ട്ഫോണില്‍ ഉണ്ട്. നാല് തലമുറ ഒഎസ് അപ്ഡേറ്റുകളും അഞ്ച് വര്‍ഷം വരെയുള്ള സുരക്ഷാ അപ്ഡേറ്റുകളും നല്‍കുന്നു. മിഡ്നൈറ്റ് ബ്ലൂ, പ്രിസം സില്‍വര്‍, വാട്ടര്‍ഫാള്‍ ബ്ലൂ എന്നീ നിറങ്ങളില്‍ ജൂലൈ 15 മുതല്‍ ലഭ്യമാണ്.
◾‘നദികളില്‍ സുന്ദരി യമുന’ എന്ന ചിത്രത്തിലെ പുതിയ ഗാനം അണിയറക്കാര്‍ പുറത്തിറക്കി. ‘പുതുനാമ്പുകള്‍’ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത് ആണ്. സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത് അരുണ്‍ മുരളീധരന്‍. ‘വെള്ളം’ സിനിമയ്ക്ക് ആസ്പദമായ ജീവിതത്തിന് ഉടമ മുരളി അവതരിപ്പിക്കുന്ന ഈ പുതിയ ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസനാണ് നായകന്‍. സിനിമാറ്റിക്ക ഫിലിംസ് എല്‍എല്‍പിയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരളി എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളാറ എന്നിവര്‍ ചേര്‍ന്നാണ്. കണ്ണൂരിലെ നാട്ടിന്‍പുറങ്ങളാണ് ഈ ചിത്രത്തിന്റെ പശ്ചാത്തലം. ഇവിടുത്തെ സാധാരണക്കാരായ മനുഷ്യര്‍, അവര്‍ക്കിടയിലെ കണ്ണന്‍, വിദ്യാധരന്‍ എന്നീ രണ്ട് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. കണ്ണനെ ധ്യാന്‍ ശ്രീനിവാസനും വിദ്യാധരനെ അജു വര്‍ഗീസും അവതരിപ്പിക്കുന്നു. സുധീഷ്, നിര്‍മല്‍ പാലാഴി, കലാഭവന്‍ ഷാജോണ്‍, നവാസ് വള്ളിക്കുന്ന്, അനീഷ്, പാര്‍വ്വണ, ആമി, ഉണ്ണിരാജ, ഭാനു പയ്യന്നൂര്‍ ദേവരാജ് കോഴിക്കോട്, രാജേഷ് അഴീക്കോടന്‍, സോഹന്‍ സിനുലാല്‍, ശരത് ലാല്‍, കിരണ്‍ രമേശ്, വിസ്മയ ശശികുമാര്‍ എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. മനു മഞ്ജിത്തിന്റെയും ഹരിനാരായണന്റെയും വരികള്‍ക്ക് അരുണ്‍ മുരളീധരന്‍ ഈണം പകര്‍ന്നിരിക്കുന്നു.
◾കൊറോണക്കാലത്തെ രസകരമായൊരു കഥ പറയുന്ന ചിത്രമാണ് നവാഗതനായ സി.സി സംവിധാനം ചെയ്ത ‘കൊറോണ ജവാന്‍’. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ആയപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ചെറുതായൊന്നു മാറ്റാന്‍ ഇപ്പോഴിതാ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുകയാണ്. ചില സാങ്കേതികകാരണങ്ങളാല്‍ ചിത്രത്തിന്റെ പുതിയ പേര് ‘കൊറോണ ധവാന്‍’ എന്ന് മാറ്റിയതായി അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ചിത്രം ഉടന്‍തന്നെ തിയറ്ററുകളിലെത്തും. ജെയിംസ് & ജെറോം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജെയിംസും ജെറോമും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരു മുഴുനീളന്‍ കോമഡി എന്റര്‍ടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സുജയ് മോഹന്‍രാജ് ആണ്. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് ചിത്രം തിയറ്ററുകളിലേക്ക് എത്തിക്കുന്നത്. ലുക്മാന്‍, ശ്രീനാഥ് ഭാസി എന്നിവര്‍ക്കൊപ്പം ജോണി ആന്റണി, ശരത് സഭ, ഇര്‍ഷാദ് അലി, ബിറ്റോ, ശ്രുതി ജയന്‍, സീമ ജി. നായര്‍, ഉണ്ണി നായര്‍, സിനോജ് അങ്കമാലി, ധര്‍മജന്‍ ബോല്‍ഗാട്ടി, വിജിലേഷ്, അനീഷ് ഗോപാല്‍, സുനില്‍ സുഗത, ശിവജി ഗുരുവായൂര്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
◾കഴിഞ്ഞ ആറുമാസം കൊണ്ട് ഇന്ത്യയിലെ കാര്‍ വില്‍പന വില്‍പന 20 ലക്ഷം യൂണിറ്റ് പിന്നിട്ടു. ജൂണ്‍ മാസത്തെ മാത്രം വില്‍പന നോക്കിയാല്‍ 327544 പാസഞ്ചര്‍ കാറുകളാണ് നിരത്തിലെത്തിയത്. കഴിഞ്ഞ വര്‍ഷം ജൂണിനെ അപേക്ഷിച്ച് 2.2 ശതമാനം വളര്‍ച്ചയും 2023 മെയ്യെ അപേക്ഷിച്ച് 2.1 ശതമാനം വില്‍പനക്കുറവുമാണ് ഇത്. ജൂണ്‍ മാസത്തെ വില്‍പന കണക്കുകള്‍ പ്രകാരം പാസഞ്ചര്‍ കാര്‍ വിപണിയിലെ 40.6 ശതമാനം വിഹിതവും മാരുതിയുടെ കൈവശമാണ്. ഏറ്റവും അധികം വില്‍പനയുള്ള ആദ്യ പത്തു കാറുകളില്‍ ആറും മാരുതിയാണ്. ഒന്നാം സ്ഥാനത്ത് 17481 യൂണിറ്റ് വില്‍പനയുമായി മാരുതിയുടെ വാഗണ്‍ആറാണ്. കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തെ അപേക്ഷിച്ച് വില്‍പനയില്‍ 9 ശതമാനം ഇടിവ്. രണ്ടാം സ്ഥാനം സ്വിഫ്റ്റിന്. വില്‍പന 16213 യൂണിറ്റ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2 ഇടിവ്. മൂന്നാം സ്ഥാനത്ത് ഹ്യുണ്ടേയ്യുടെ ചെറു എസ്‌യുവി ക്രേറ്റ, 14447 ശതമാനമാണ് വില്‍പന. 14077 യൂണിറ്റുമായി മാരുതി പ്രീമിയം ഹാച്ച്ബാക്ക് ബലേനോയാണ് നാലാമത്. കഴിഞ്ഞ വര്‍ഷം ജൂണിനെ അപേക്ഷിച്ച് വില്‍പനയില്‍ 13 ശതമാനം കുറവ്. അഞ്ചാം സ്ഥാനത്ത് ടാറ്റ നെക്‌സോണ്‍. വില്‍പന 13827 യൂണിറ്റ്. ആറാം സ്ഥാനത്ത് ഹ്യുണ്ടേയ് കോംപാക്റ്റ് എസ്‌യുവി വെന്യു. വില്‍പന 11606 യൂണിറ്റ്. ഏഴാം സ്ഥാനത്ത് 11323 യൂണിറ്റ് വില്‍പനയുമായി മാരുതി സുസുക്കി ഓള്‍ട്ടോ. 10990 യൂണിറ്റ് വില്‍പനയുമായി ടാറ്റ പഞ്ച് എട്ടാം സ്ഥാനത്തും 10578 യൂണിറ്റ് വില്‍പനയുമായി വിറ്റാര ബ്രെസ ഒമ്പതാം സ്ഥാനത്തുമുണ്ട്. പത്താമത് എത്തിയത് ഗ്രാന്‍ഡ് വിറ്റാരയാണ് 10486 യൂണിറ്റാണ് വില്‍പന.
◾മലയാളത്തിന്റെ സ്വന്തം ചിത്രകാരനായ നമ്പൂതിരി വിവിധ കാലങ്ങളിലായി വെവ്വേറെ ദേശങ്ങളിലേക്ക് എന്‍.പി. വിജയകൃഷ്ണനൊപ്പം നടത്തിയ യാത്രകളുടെ അനുഭവവിവരണങ്ങളാണ് ഈ പുസ്തകം. ഓരോ യാത്രയിലും സന്ദര്‍ശിച്ച സ്ഥലങ്ങള്‍, അവിടെ കണ്ട കാഴ്ചകള്‍, സവിശേഷതകള്‍, വ്യക്തികള്‍, ഓര്‍മകള്‍, അനുഭവങ്ങള്‍, സംഭവങ്ങള്‍ എന്നിവയെല്ലാം വരകളായും വരമൊഴികളായും തെളിയുന്നു. നമ്പൂതിരിയുടെ ചിത്രകലാജീവിതത്തിലെ ഈ വിശേഷയാത്രകളില്‍ നാടും വീടും ഓര്‍മകളും മനസ്സും ഈ പുസ്തകത്തില്‍ മുദ്രിതമാകുന്നു. നമ്പൂതിരിയുടെ ജീവിതയാത്രയുടെ ചിത്രവര്‍ത്തമാനങ്ങള്‍. ‘ചിത്രയാത്രകള്‍’. മാതൃഭൂമി. വില 68 രൂപ.
◾മഴക്കാലമായതിനാല്‍ പകര്‍ച്ചപ്പനികള്‍ക്കെതിരെ ജാഗ്രത പാലിക്കേണ്ട സമയമാണ്. ഡെങ്കിപ്പനി, എലിപ്പനി എന്നിവബാധിക്കാതിരിക്കാന്‍ എല്ലാവരും ഒരുപോലെ ജാഗ്രത പാലിക്കേണ്ടതാണ്. ഏത് തരം പനിയാണ് നിങ്ങളെ ബാധിച്ചിരിക്കുന്നതെന്ന് മനസിലാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. സ്വയം ചികിത്സ പാടില്ല എന്നതാണ് പ്രധാനപ്പെട്ട മറ്റൊരു കാര്യം. പനിയോടൊപ്പം ശക്തമായ തലവേദന, ദേഹവേദന, അമിതമായ ക്ഷീണം എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കണ്ട് പരിശോധന നടത്തുക. കാരണം ഡെങ്കിപ്പനി, എലിപ്പനി എന്നിവയില്‍ രോഗനിര്‍ണയവും ചികിത്സയും വൈകിയാല്‍ രോഗം സങ്കീര്‍ണമാവാം. പ്രമേഹബാധിതര്‍, ഹൃദ്രോഗ പ്രശ്നമുള്ളവര്‍, പ്രായമായവര്‍, കുട്ടികള്‍, രോഗപ്രതിരോധശക്തി കുറഞ്ഞവര്‍ എന്നിവരില്‍ പകര്‍ച്ചപ്പനികള്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാം. പനിയുണ്ടെങ്കില്‍ കുട്ടികളെ സ്‌കൂളില്‍ വിടരുത്. പനിയും ക്ഷീണവും നന്നായി മാറിയിട്ട് സ്‌കൂളില്‍ വിടുക. പനിയുള്ളപ്പോള്‍ അമിത ഭക്ഷണം കഴിക്കരുത്. ദഹിക്കാന്‍ എളുപ്പമുള്ള ലഘു ഭക്ഷണങ്ങള്‍ കഴിക്കുക. മത്സ്യം, മാംസം, മുട്ട എന്നിവ ഒഴിവാക്കി പഴവര്‍ഗങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുക. കുട്ടികളില്‍ പനി വരുമ്പോള്‍ നനഞ്ഞ തുണികൊണ്ട് ശരീരം തുടയ്ക്കുന്നത് ചൂട് കൂടാതിരിക്കാന്‍ സഹായിക്കും. കുട്ടികളില്‍ പനിയുണ്ടാവുമ്പോള്‍ നനഞ്ഞ പഞ്ഞികൊണ്ട് നെറ്റിയും മറ്റും തുടയ്ക്കുന്നത് ശരീരത്തിന്റെ താപനില പെട്ടെന്ന് കുറയ്ക്കാന്‍ സഹായിക്കും. തുമ്മുമ്പോഴോ ചുമയ്ക്കുമ്പോ തൂവാല ഉപയോഗിക്കുക. സാധിക്കുമെങ്കില്‍ മാസ്‌ക് ഉപയോഗിക്കുന്നതും രോഗം പകരാതിരിക്കാന്‍ സഹായിക്കും.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 82.62, പൗണ്ട് – 106.07, യൂറോ – 90.63, സ്വിസ് ഫ്രാങ്ക് – 92.96, ഓസ്ട്രേലിയന്‍ ഡോളര്‍ – 55.17, ബഹറിന്‍ ദിനാര്‍ – 221.10, കുവൈത്ത് ദിനാര്‍ -271.34, ഒമാനി റിയാല്‍ – 214.75, സൗദി റിയാല്‍ – 22.03, യു.എ.ഇ ദിര്‍ഹം – 22.49, ഖത്തര്‍ റിയാല്‍ – 22.69, കനേഡിയന്‍ ഡോളര്‍ – 62.12.