yt cover 18

പ്രതിപക്ഷ കക്ഷി നേതാക്കളുടെ യോഗം ഇന്നു ബംഗളൂരുവില്‍. ആം ആദ്മി പാര്‍ട്ടി അടക്കമുള്ള കക്ഷികളുടെ നേതാക്കള്‍ പങ്കെടുക്കും. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരേ ഒന്നിച്ചു മല്‍സരിക്കുന്നതും വ്യാഴാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ സ്വീകരിക്കേണ്ട അടവു നയങ്ങളും ചര്‍ച്ചയാകും. ഇതേ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ കക്ഷി നേതാക്കളുടെ യോഗം നാളെ ഡല്‍ഹിയില്‍ നടക്കും.

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ 21 പുതിയ ബില്ലുകള്‍ അവതരിപ്പിക്കും. വന സംരക്ഷണം, സഹകരണം തുടങ്ങിയ മേഖലയുമായി ബന്ധപ്പെട്ട ബില്ലുകളുണ്ട്. വ്യാഴാഴ്ച ആരംഭിക്കുന്ന സമ്മേളനം അടുത്ത മാസം ആരംഭത്തോടെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്കു മാറ്റും. ഓഗസ്റ്റ് 11 നു സമ്മേളനം സമാപിക്കും.

മണിപ്പൂരില്‍ വീണ്ടും കലാപം. ബിഷ്ണുപൂര്‍, ചുരാചന്ദ്പൂര്‍ അതിര്‍ത്തി മേഖലയില്‍ വെടിവയ്പ്. താങ്ബുവില്‍ വീടുകള്‍ക്ക് തീ വെച്ചു. മണിപ്പൂരില്‍ ഇംഫാല്‍ ഈസ്റ്റില്‍ സ്ത്രീയെ അക്രമികള്‍ വെടിവച്ചു കൊന്നു. നാഗ വിഭാഗക്കാരിയായ സ്ത്രീയെയാണ് കൊലപ്പെടുത്തിയത്. കുക്കി വിഭാഗക്കാരിയെന്ന് തെറ്റിദ്ധരിച്ചാണ് ഇവരെ വധിച്ചത്. ഇതിനിടെ വെസ്റ്റ് ഇംഫാലില്‍ പാചകവാതക ഗ്യാസ് കൊണ്ടുപോകുന്ന മൂന്നു ട്രക്കുകള്‍ക്കു കലാപകാരികളായ മെയ്ത്തെയ് സ്ത്രീകള്‍ തീയിട്ടു.

അനധികൃത കെട്ടിടങ്ങള്‍ ക്രമപ്പെടുത്തുന്നതിനുള്ള അപേക്ഷകളില്‍ തീരുമാനമെടുക്കുന്നതിനു മുമ്പ് ഉദ്യോഗസ്ഥര്‍ വിസ്തീര്‍ണം അളന്നു തിട്ടപ്പെടുത്തും. അനുമതിയില്ലാതെ വിസ്തീര്‍ണം വര്‍ധിപ്പിച്ചതിന് ഒറ്റത്തവണ 50 ശതമാനം പിഴയ്ക്കു പുറമേ, കെട്ടിട നികുതിയുടെ മൂന്നിരട്ടി ഈടാക്കാനാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്.

1,180 ബസുകള്‍ കട്ടപ്പുറത്താണെന്ന് കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍. 1243 ജീവനക്കാര്‍ മാസം 16 ഡ്യൂട്ടി പോലും ചെയ്യുന്നില്ല. ഫേസ്ബുക്ക് വീഡിയോ പരമ്പരയുടെ രണ്ടാം ഭാഗത്തിലാണ് ഈ വിവരം വെളിപെടുത്തിയത്. ഒരു വിഭാഗം ജീവനക്കാര്‍ കെഎസ്ആര്‍ടിസിയില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നു. ബംഗളൂരു പോലുള്ള സ്ഥലങ്ങളില്‍നിന്ന് പതിനായിരം രൂപ ഫീസ് ഈടാക്കാവുന്ന സാധനങ്ങള്‍ ഡ്രൈവര്‍ രണ്ടായിരം രൂപ കൈപ്പറ്റി കടത്തിക്കൊണ്ടുപോകുന്നുണ്ട്. സിഎംഡി ബിജു പ്രഭാകര്‍ ആരോപിച്ചു.

മലബാറില്‍ 29,000 വിദ്യാര്‍ത്ഥികള്‍ക്കു പ്ലസ് വണ്ണിനു പ്രവേശനം ലഭിച്ചില്ല. ഇതില്‍ പകുതിയോളം പേര്‍ മലപ്പുറം ജില്ലക്കാരാണ്. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരും ഇക്കൂട്ടത്തിലുണ്ട്. മലബാര്‍ എജുക്കേഷനല്‍ മൂവ്മെന്റ് എന്ന സംഘടനയാണ് ഈ കണക്കു പുറത്തുവിട്ടത്.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

ശക്തമായ കാറ്റും മോശം കാലാവസ്ഥയും മൂലം മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദേശം. വ്യാഴാഴ്ച വരെ കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശുമെന്നും തിരമാലകള്‍ ഉയരുമെന്നും മുന്നറിയിപ്പ്.

സെക്രട്ടറിയേറ്റില്‍ ഇനി പാട്ടും കേട്ട് ജോലി ചെയ്യാം. പൊതു ഭരണ വകുപ്പിലെ എഐഎസ് വിഭാഗത്തില്‍ മ്യൂസിക് സിസ്റ്റം വാങ്ങാന്‍ 13,440 രൂപ അനുവദിച്ചു. ആദ്യമായാണ് സെക്രട്ടേറിയറ്റില്‍ ഇത്തരം സംവിധാനം ഏര്‍പ്പെടുത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ കീഴിലുള്ള പൊതുഭരണ വകുപ്പിലാണ് ഈ പരീക്ഷണം.

ഇന്നു കര്‍ക്കിടക വാവ്. രാമായണ മാസത്തിനു തുടക്കം. ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിനും അലുവാ മണപ്പുറം, ശംഖുമുഖം അടക്കമുള്ള കേന്ദ്രങ്ങളില്‍ ബലിതര്‍പ്പണത്തിനും വിശ്വാസികളുടെ തിരക്ക്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ അടുപ്പമുള്ളവരുടെ രൂപത്തില്‍ വീഡിയോ കോളിലൂടെ പ്രത്യക്ഷപ്പെട്ടു പണം തട്ടിയെടുക്കുന്നതിനെതിരേ ജാഗ്രത വേണമെന്നു പോലീസ്. കേരള പോലിസിന്റെ ഫേസ് ബുക്ക് പേജിലൂടെയാണു മുന്നറിയിപ്പു നല്‍കിയത്. കോഴിക്കോട്ട് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴി നാല്‍പതിനായിരം രൂപ തട്ടിയെടുത്തതിന്റെ വിശദാംശങ്ങള്‍ സൈബര്‍ പോലീസ് കണ്ടെത്തി. മഹാരാഷ്ട്ര രത്നാകര്‍ ബാങ്കിലെ അക്കൗണ്ട് കേരളാ പൊലീസ് ബ്ലോക്ക് ചെയ്തു. പ്രതിയെ കണ്ടെത്താന്‍ കോഴിക്കോട് സൈബര്‍ പൊലീസ് അന്വേഷണം തുടങ്ങി.

സിപിഎം കോഴിക്കോട് ജില്ല സെക്രട്ടേറിയേറ്റ് അംഗവും മുന്‍ എംഎല്‍എയുമായ ജോര്‍ജ്ജ് എം തോമസ് പോക്സോ കേസ് പ്രതികളെ രക്ഷിക്കാന്‍ പൊലീസുമായി ഒത്തുകളിച്ചെന്ന് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍. ഗുരുതര സാമ്പത്തിക ക്രമക്കേടുകളെ തുടര്‍ന്ന് ജോര്‍ജ് എം തോമസിനെ സിപിഎം കഴിഞ്ഞ ദിവസം ഒരു വര്‍ഷത്തേക്കു സസ്പെന്‍ഡ് ചെയ്തിരുന്നു.

സ്വന്തം ജോലി ചെയ്ത് തന്റെ പാടു നോക്കി കഴിയുന്ന ഒരു സ്ത്രീയെ വ്യാജ കഥ ചമച്ചു വിവാദത്തിലേയ്ക്കു വലിച്ചിഴക്കുന്നത് കെപിസിസി അധ്യക്ഷനു യോജിച്ചതാണോയെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. ഭാര്യക്കു കെ റെയിലില്‍ ജോലി നേടിയെന്ന കെ സുധാകരന്റെ ആരോപണത്തിനെതിരേയാണ് പ്രതികരണം. വിവാഹത്തിനു മുന്നേ ഭാര്യ റെയില്‍വേ ജോലിക്കാരിയാണ്. ഡെപ്യൂട്ടേഷനില്‍ കെ റെയിലിലേക്കു വന്ന അവര്‍ റെയില്‍വേയിലേക്കു മടങ്ങുകയും ചെയ്തു. ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

സുല്‍ത്താന്‍ ബത്തേരി ആസ്ഥാനമായുള്ള ധനകോടി ചിറ്റ്സ്സ്, ധനനിധി ചിറ്റ്സ് എന്നീ സ്ഥാപനങ്ങളുടെ സാമ്പത്തിക തട്ടിപ്പ് കേസുകളുടെ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. വയനാട് ജില്ലയിലെ 42 കേസുകളും, കണ്ണൂരിലെ 62 കേസുകളുമാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക.

അമിത പലിശ ഈടാക്കിയിരുന്ന സ്വകാര്യ ധനകാര്യ സ്ഥാപനമുടമയ്ക്കെതിരെ കേസ്. പാലക്കാട് ചെര്‍പ്പുളശേരിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനമായ ചൈതന്യ ബാങ്കേഴ്സ് ഉടമ കുലുക്കല്ലൂര്‍ പന്തലിങ്കല്‍ വീട്ടില്‍ മോഹന്‍ദാസിനെ (65) തിരെയാണ് കേസ്. സ്ഥാപനത്തില്‍ നടത്തിയ പരിശോധനയ്ക്കുശേഷം ജീവനക്കാരി നെല്ലായ പൊമ്പിലായ നെച്ചിപ്പുറത്ത് വീട്ടില്‍ ബിന്ദു(42) വിനെ പൊലീസ് അറസ്റ്റു ചെയ്തു.

പ്രതികളുമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു പോയി മടങ്ങിയ പൊലീസ് ബസും ഇന്നോവ കാറും കൂട്ടിയിടിച്ച് മൂന്നു പൊലീസുകാരുള്‍പ്പെടെ എട്ടു പേര്‍ക്കു പരുക്കേറ്റു. ഏഴു പേരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. മലപ്പുറം എ ആര്‍ ക്യാമ്പിലെ ബസാണ് അപകടത്തില്‍ പെട്ടത്.

ക്രിക്കറ്റ് ബാറ്റുകൊണ്ടുള്ള അടിയേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊടുവാക്കരണം എസ്റ്റേറ്റിലെ ജയപാലിന്റെ മകന്‍ ജെ.പി. ജസ്റ്റിനാണ് (38) മരിച്ചത്. തിങ്കളാഴ്ച എസ്റ്റേറ്റ് റോഡിലൂടെ നടന്നു പോയ ജസ്റ്റിന്റ ദേഹത്ത് ക്രിക്കറ്റ് കളിച്ചിരുന്നവര്‍ അടിച്ച പന്തു കൊണ്ടു. ക്ഷുഭിതനായ ജസ്റ്റിന്‍ പന്തുമായി തര്‍ക്കിച്ച് ബന്ധുവായ യുവാവിനെ പന്തുകൊണ്ട് ഇടിച്ചു. ഇയാള്‍ തിരികെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിക്കുകയായിരുന്നു.

മലപ്പുറം തിരൂരങ്ങാടിയില്‍ അമിത വേഗതയില്‍ കാര്‍ ഓടിച്ചത് ചോദ്യം ചെയ്തതിന് വടിവാള്‍കൊണ്ട് അക്രമിച്ചു. ചെറുമുക്ക് ജീലാനി നഗറില്‍ മൂന്നു പേരെ വെട്ടിയ തിരൂരങ്ങാടി സ്വദേശി തടത്തില്‍ കരീമിനെ അറസ്റ്റു ചെയ്തു.

അടിമാലിയില്‍ ഏഴര ലക്ഷം രൂപ തട്ടിയെടുത്ത സഹൃദയ കുടുംബശ്രീ ഭാരവാഹികള്‍ക്കെതിരേ കേസ്. ഒന്‍പതു പേരുടെ കള്ളയൊപ്പിട്ട് വായ്പ എടുത്തെന്നാണ് കുടുംബശ്രീ അംഗങ്ങളിലൊരാളായ മീരാമ്മ മജീദ് പരാതി നല്‍കിയത്. പ്രസിഡന്റായ രേഖാ രാധാകൃഷ്ണന്‍, സെക്രട്ടറി ഷൈമോളും സിഡിഎസ് ചെയര്‍പേഴ്സണ്‍ ജിഷാ സന്തോഷും ചേര്‍ന്ന് വനിത വികസന കോര്‍പ്പറേഷനില്‍നിന്നാണു വായ്പയെടുത്തെന്നാണു പരാതി.

നഴ്സറി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ഓട്ടോ ഡ്രൈവറെ അറസ്റ്റു ചെയ്തു. മൂക്കം കൊടിയത്തൂര്‍ കോട്ടമ്മല്‍ ഹാരിസ് ആണു പിടിയിലായത്.

വാഹന പരിശോധന സമയത്ത് പൊലീസ് ഉദ്യോഗസ്ഥരെ വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയില്‍. എടവനക്കാട് വലിയ പുരയ്ക്കല്‍ വീട്ടില്‍ അക്ഷയ്, കാവില്‍മടത്തില്‍ വീട്ടില്‍ ആധിത്, അഭിജിത്ത്, നായരമ്പലം വിപിന്‍ രാജ് എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രി മുളവുകാട് പൊലീസിന്റെ നേതൃത്വത്തില്‍ നടന്ന വാഹന പരിശോധനയ്ക്കിടെയാണു സംഭവം.

സര്‍ക്കാര്‍ ജോലിക്കു വേണ്ടി വ്യാജരേഖകള്‍ തയാറാക്കിയതിന് അറസ്റ്റിലായ ആര്‍ രാഖിക്ക് കൊല്ലം ജുഡീഷ്യന്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. കൈക്കുഞ്ഞുണ്ടെന്നും പരിചരിക്കാന്‍ താന്‍ അടുത്ത് വേണമെന്നുമുള്ള അപേക്ഷ പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്.

നെടുമ്പാശേരിയില്‍ സിനിമാ നിര്‍മാണ യൂണിറ്റിന്റെ വാന്‍ തടഞ്ഞ് ആക്രമണം. ഫില്‍മാറ്റിക്ക എന്ന സിനിമ യുണിറ്റിന്റെ വാനിന്റെ ഡ്രൈവറെ മര്‍ദ്ദിച്ച് താക്കോല്‍ ഊരിക്കൊണ്ടുപോയി. പോലീസ് അന്വേഷണം ആരംഭിച്ചു.

മഹാരാഷ്ട്രയില്‍ ക്ഷേത്രത്തോടു സാദൃശ്യമുണ്ടെന്നു ചിലര്‍ പ്രചരിപ്പിച്ചതിനു പിറകേ, ജില്ലാ കളക്ടര്‍ പുരാതന മുസ്ലിംപള്ളി അടച്ചു. ജല്‍ഗാവ് ജില്ലയിലെ പള്ളി അടച്ചുപൂട്ടിയതിനെതിരെ ജുമ്മ മസ്ജിദ് ട്രസ്റ്റ് കമ്മിറ്റി ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ചില്‍ ഹര്‍ജി നല്‍കി. ഹര്‍ജി ഇന്നു പരിഗണിക്കും.

എന്‍സിപി പിളര്‍ത്തി മഹാരാഷ്ട്രയില്‍ ധനമന്ത്രിയായ മരുമകന്‍ അജിത് പവാറും സഹമന്ത്രിമാരും ശരത് പവാറിനെ സന്ദര്‍ശിച്ചു. അനുഗ്രഹം തേടാന്‍ എത്തിയതാണെന്നാണ് അജിത് പവാര്‍ പക്ഷത്തെ നേതാവായ പ്രഫൂല്‍ പട്ടേല്‍ പ്രതികരിച്ചത്.

സോണിയാഗാന്ധിയുടെ വസതിയില്‍ രാഹുല്‍ഗാന്ധിയുടെ ക്ഷണമനുസരിച്ച് എത്തിയ ഹരിയാനയിലെ കര്‍ഷക സ്ത്രീകള്‍ക്കൊപ്പം ചുവടുവച്ച് സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. കഴിഞ്ഞയാഴ്ച രാഹുല്‍ ഗാന്ധി ഹരിയാനയിലെ മദിന ഗ്രാമത്തില്‍ പാടത്തു പണിയെടുക്കുന്ന കര്‍ഷകരെ സന്ദര്‍ശിച്ചിരുന്നു. രാഹുലിന്റെ വീട് കാണണമെന്ന് അവര്‍ ആഗ്രഹം പ്രകടിപ്പിച്ചതനുസരിച്ച് അദ്ദേഹം അവരെ വീട്ടിലേക്കു ക്ഷണിക്കുകയായിരുന്നു. സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും ഒപ്പം ഭക്ഷണവും കഴിച്ചശേഷമാണ് അവര്‍ മടങ്ങിയത്.

ബംഗാളില്‍ ബിജെപി പ്രവര്‍ത്തകന്‍ തൂങ്ങിമരിച്ച സംഭവത്തില്‍ മരുമകളും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായിരുന്ന ഷര്‍മിളയെ പോലീസ് അറസ്റ്റു ചെയ്തു. ബുരാന്‍ മുര്‍മു എന്ന 62 കാരനാണു മരിച്ചത്. മുറിയുടെ വാതില്‍ പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. പ്രദേശത്തു സംഘര്‍ഷാവസ്ഥയുണ്ടായിരുന്നു.

അമേരിക്കയിലെ അലാസ്‌കയ്ക്കു സമീപം കടലില്‍ ഭൂചലനം. 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പ്.

2023 ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ 27 മെഡലുകളുമായി ഇന്ത്യ മൂന്നാം സ്ഥാനത്ത്. ആറ് സ്വര്‍ണവും 12 വെള്ളിയും ഒന്‍പത് വെങ്കലവുമാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. 16 സ്വര്‍ണവും 11 വെള്ളിയും 10 വെങ്കലവുമടക്കം 37 മെഡലുകളുമായി ജപ്പാനാണ് പട്ടികയില്‍ ഒന്നാമത്. എട്ട് വീതം സ്വര്‍ണവും വെള്ളിയും ആറ് വെങ്കലവുമുള്ള ചൈന രണ്ടാമതാണ്.

ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് 40 റണ്‍സിന്റെ തോല്‍വി. മഴമൂലം 44 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ബംഗ്ലാദേശ് ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 35.5 ഓവറില്‍ 113 റണ്‍സിന് എല്ലാവരും പുറത്തായി.

എട്ടാം കിരീടവും ഇരുപത്തിനാലാം ഗ്രാന്‍സ്ലാം നേട്ടവും ലക്ഷ്യമിട്ട് വിംബിള്‍ഡണ്‍ ഫൈനലിനിറങ്ങിയ സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ച് ഇരുപതുകാരനായ സ്പാനിഷ് താരം കാര്‍ലോസ് അല്‍ക്കറാസിനു മുന്നില്‍ കീഴടങ്ങി. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് അല്‍ക്കാരസിന്റെ ജയം. ലോക ഒന്നാം നമ്പര്‍ താരമായ അല്‍ക്കറാസിന്റെ രണ്ടാം ഗ്രാന്‍സ്ലാം കിരീടമാണിത്.

ഉപഭോക്താക്കള്‍ കാത്തിരുന്ന ഫീച്ചറുമായി എത്തിയിരിക്കുകയാണ് പ്രമുഖ യുപിഐ സേവന ദാതാക്കളായ ഗൂഗിള്‍ പേ. ഇടപാടുകള്‍ കൂടുതല്‍ എളുപ്പത്തിലും വേഗത്തിലും ആക്കുന്നതിന്റെ ഭാഗമായി യുപിഐ ലൈറ്റ് സേവനങ്ങളാണ് ഇത്തവണ അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ, നിശ്ചിത തുകയ്ക്ക് താഴെ വരെയുള്ള ഇടപാടുകള്‍ക്ക് യുപിഐ പിന്‍ എന്റര്‍ ചെയ്യാതെ ഇടപാടുകള്‍ നടത്താന്‍ സാധിക്കും. ഒറ്റ ക്ലിക്കിലൂടെ ഡിജിറ്റല്‍ പേയ്മെന്റുകള്‍ നടത്താന്‍ സാധിക്കുമെന്നതാണ് യുപിഐ ലൈറ്റ് സേവനങ്ങളുടെ പ്രധാന പ്രത്യേകത. ഇതിലൂടെ ഒരു സമയം പരമാവധി 200 രൂപ വരെയുള്ള ഇന്‍സ്റ്റന്റ് ട്രാന്‍സാക്ഷനുകള്‍ മാത്രമാണ് നടത്താന്‍ സാധിക്കുക. ഗൂഗിള്‍ പേയില്‍ യുപിഐ ലൈറ്റ് ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്യുന്നതിനായി, പ്രൊഫൈല്‍ പേജിലെ ‘ആക്ടിവേറ്റ് യുപിഐ ലൈറ്റ്’ എന്നതില്‍ ക്ലിക്ക് ചെയ്യണം. തുടര്‍ന്ന് അക്കൗണ്ട് ലിങ്കിംഗ് പ്രക്രിയ പൂര്‍ത്തിയായാല്‍, ഉപഭോക്താക്കള്‍ക്ക് 2,000 രൂപ വരെ ഫണ്ട് ചേര്‍ക്കാനാകും. ഒരു ഉപയോക്താവ് 200 രൂപയ്ക്ക് താഴെയുള്ള ഇടപാട് പൂര്‍ത്തിയാക്കിയാല്‍ അത് ഓട്ടോമാറ്റിക്കായി യുപിഐ ലൈറ്റ് അക്കൗണ്ടിലേക്ക് റീഡയറക്ട് ചെയ്യപ്പെടും. കൂടാതെ, ഇടപാടുകള്‍ പൂര്‍ത്തിയാക്കാനായി ഉപയോക്താക്കള്‍ ‘പേ പിന്‍-ഫ്രീ’ ഓപ്ഷനും തിരഞ്ഞെടുക്കണം. ഇതോടെ, യുപിഐ ലൈറ്റ് ഫീച്ചര്‍ ഗൂഗിള്‍ പേയില്‍ ആക്ടീവാകും.

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിക്കുന്ന പുതിയ ചിത്രം ‘വാലാട്ടി’യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. നായകളുടെ പ്രണയവും അവയ്ക്ക് മനുഷ്യരോടും തിരിച്ചുമുള്ള സ്നേഹവും എല്ലാം വെളിവാക്കുന്നൊരു ചിത്രമാകും വാലാട്ടി എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ടോമി- അമാലു എന്നീ നായകളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. പ്രേക്ഷകരെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും വാലാട്ടിക്ക് സാധിക്കുമെന്ന് ട്രെയിലര്‍ ഉറപ്പ് നല്‍കുന്നുണ്ട്. നായ്ക്കള്‍ക്ക് ശബ്ദസാന്നിധ്യമായി മലയാള സിനിമയിലെ താരങ്ങളും ഉണ്ട്. ഇന്ദ്രന്‍സ്, അജു വര്‍?ഗീസ്, സൈജു കുറുപ്പ്, സൗബിന്‍ ഷാഹിര്‍, രഞ്ജിനി ഹരിദാസ്, നസ്ലന്‍, സണ്ണി വെയ്ന്‍ തുടങ്ങിയ താരങ്ങള്‍ ആണ് ശബ്ദം നല്‍കിയിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. ‘വാലാട്ടി-ടെയില്‍ ഓഫ് ടെയില്‍’ എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ പേര്. ദേവന്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്.

അജ്മല്‍ അമീര്‍, രാഹുല്‍ മാധവ്, ജാഫര്‍ ഇടുക്കി എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് ‘അഭ്യൂഹം’. നവാഗതനായ അഖില്‍ ശ്രീനിവാസാണ് സംവിധാനം. അഖില്‍ ശ്രീനിവാസന്റേതാണ് ചിത്രത്തിന്റെ കഥയും. ജൂലൈ 21നാണ് ചിത്രത്തിന്റെ റിലീസ്. കുറ്റവാളിയായി ജയിലില്‍ കഴിയുന്ന പിതാവിന്റെ നിരപരാധിത്വം തെളിയിക്കാന്‍ ശ്രമിക്കുന്ന ഒരു മകനും ആ ശ്രമങ്ങള്‍ക്കിടയിലുണ്ടാകുന്ന പല കണ്ടത്തലുകളുമായി ഒരു സസ്പെന്‍സ് ത്രില്ലര്‍ ആയിട്ടുള്ള ചിത്രത്തിന്റെ തിരക്കഥ ആനന്ദ് രാധാകൃഷ്ണനും നൗഫല്‍ അബ്ദള്ളയും ചേര്‍ന്ന് എഴുതിയിരിക്കുന്നു. മിസ്റ്ററി ത്രില്ലര്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ‘അഭ്യൂഹ’ത്തില്‍ കോട്ടയം നസീര്‍, മാല്‍വി മല്‍ഹോത്ര, ആത്മീയ രാജന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഷമീര്‍ ജിബ്രാനും ബാലമുരുകനുമാണ് ‘അഭ്യൂഹ’മെന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജുബൈര്‍ മുഹമ്മദാണ് ചിത്രത്തിന്റെ സംഗീതം.

രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി, കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ആണ് ഇടത്തരം എസ്യുവിയായ ഗ്രാന്‍ഡ് വിറ്റാര പുറത്തിറക്കിയത്. ഇപ്പോള്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ മിഡ്-സൈസ് എസ്യുവിയായ ഗ്രാന്‍ഡ് വിറ്റാര 2023 ജൂണില്‍ 10,486 യൂണിറ്റുകളുടെ വില്‍പ്പന കണക്ക് രേഖപ്പെടുത്തി. ജനുവരിയില്‍ 8,662 യൂണിറ്റുകള്‍, ഫെബ്രുവരിയില്‍ 9,183 യൂണിറ്റുകള്‍, മാര്‍ച്ചില്‍ 10,045 യൂണിറ്റുകള്‍, ഏപ്രിലില്‍ 7,742 യൂണിറ്റുകള്‍, മേയില്‍ 8,877 യൂണിറ്റുകള്‍, ജൂണില്‍ 10,486 യൂണിറ്റുകള്‍. 2022ല്‍ ഗ്രാന്‍ഡ് വിറ്റാരയുടെ മൊത്തം 23,425 യൂണിറ്റുകളാണ് മാരുതി സുസുക്കി വിറ്റഴിച്ചത്. 2022 മുതലുള്ള വില്‍പ്പന കണക്കുകളും 2023 ജൂണ്‍ വരെയുള്ള വില്‍പ്പനയുമായി ചേര്‍ന്ന് ഗ്രാന്‍ഡ് വിറ്റാരയുടെ മൊത്തം വില്‍പ്പന 69,758 യൂണിറ്റുകളാണ്. ഗ്രാന്‍ഡ് വിറ്റാര എസ്യുവി മോഡല്‍ ലൈനപ്പ് 11 വേരിയന്റുകളിലും ആറ് വകഭേദങ്ങളിലും വരുന്നു – സിഗ്മ, ഡെല്‍റ്റ, സീറ്റ, ആല്‍ഫ, സീറ്റ+, ആല്‍ഫ പ്ലസ് എന്നിവ. ഗ്രാന്‍ഡ് വിറ്റാര മൈല്‍ഡ് ഹൈബ്രിഡ്, ശക്തമായ ഹൈബ്രിഡ് എന്നിങ്ങനെ രണ്ട് പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്.

കള്ളന്റെ മകളായ റോണ്യയ്ക്ക് കാടായിരുന്നു എല്ലാം. അവിടെ കറങ്ങി നടക്കാന്‍ ആയിരുന്നു അവള്‍ക്ക് ഏറ്റവും ഇഷ്ടം. അങ്ങനെ ഒരു ദിവസം അവളുടെ അച്ഛന്റെ ആജന്മശത്രുവായ ബോര്‍കയുടെ മകനായ ബീര്‍ക്കിനെ അവള്‍ പരിചയപ്പെടുന്നു. പെട്ടെന്ന് തന്നെ അവര്‍ അടുത്ത കൂട്ടുകാരായി. അവര്‍ ഒരുമിച്ച് കാടിനെ അറിഞ്ഞു. കാട് അവരെ എന്നും അത്ഭുതപ്പെടുത്തുകയും ചെയ്തു. എന്നാല്‍ അവരുടെ അച്ഛന്മാര്‍ തമ്മിലുള്ള യുദ്ധം അപ്പോഴേക്കും മറ്റൊരു തലത്തിലേക്ക് കടന്നിരുന്നു. പോരടിക്കുന്ന രണ്ട് സംഘങ്ങള്‍ക്കിടയില്‍ കുട്ടികള്‍ വിഷമിച്ചു. എന്നാല്‍, കുസൃതിയോടെയും സാമര്‍ത്ഥ്യത്തോടെയും വിവേകത്തോടെയും അവര്‍ ഈ പ്രതിസന്ധിയെ മറികടക്കുന്നു. ‘കള്ളന്റെ മകള്‍’. ആസ്ത്രിദ് ലിങ്ഗ്രെന്‍. പരിഭാഷ – സംഗീത ശ്രീനിവാസന്‍. സിക്സ് ഇയര്‍ പ്ലാന്‍ ബുക്സ്. വില 851 രൂപ.

നല്ല ഉറക്കം ലഭിക്കാതെ പല പ്രശ്നങ്ങളും അനുഭവിക്കുന്നവര്‍ ഏറെയാണ്. സമ്മര്‍ദം മൂലവും ചുറ്റുപാടുകളിലുണ്ടാകുന്ന മാറ്റം കൊണ്ടുമൊക്കെ ഉറക്കമില്ലായ്മ ഉണ്ടാകാറുണ്ട്. എന്നാല്‍ ദീര്‍ഘകാല ഇന്‍സോമ്നിയ അത്ര നിസാരമായി കരുതരുത്. ആഴ്ചയില്‍ മൂന്നോ അതിലധികമോ രാത്രികളില്‍ ഉറങ്ങാന്‍ സാധിക്കാതെവരുകയോ മൂന്നു മാസത്തിലധികം ഈ അവസ്ഥ നീണ്ടു നില്‍ക്കുകയോ ചെയ്യുന്നത് ഗുരുതരമായ ഉറക്കമില്ലായ്മയായി കരുതണം. മഗ്നീഷ്യം, കാല്‍സ്യം, സിങ്ക്, ചില ബി വൈറ്റമിനുകള്‍ തുടങ്ങിയ പോഷകങ്ങള്‍ ഉറക്കത്തിനു സഹായിക്കും. നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് അറിഞ്ഞിരിക്കുന്നതും നല്ലതാണ്. പാലില്‍ അടങ്ങിയ ട്രിപ്റ്റോഫാന്‍, മെലാടോണിന്‍ എന്നിവ നല്ല ഉറക്കം സമ്മാനിക്കും. ചെറു ചൂട് പാല്‍ കുടിക്കുന്നത് നല്ലതാണ്. വാള്‍നട്ടില്‍ മെലാടോണിന്‍ ധാരാളമുണ്ട്. അതുകൂടാതെ വാള്‍നട്ടിലെ ഫാറ്റി ആസിഡുകളും ഉറക്കത്തിനു സഹായിക്കും. വാള്‍നട്ടിലുള്ള ആല്‍ഫാ ലിനോലെനിക് ആസിഡ് എന്ന ഒമേഗ 3 ഫാറ്റി ആസിഡ് ഡിഎച്ച്എ ആയി മാറും, ഇത് സെറാടോണിന്റെ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ സഹായിക്കും. ബാര്‍ലിച്ചെടിയുടെ ഇലകള്‍ പൊടിച്ചത് ഉറക്കത്തിന് നല്ലതാണ്. കാല്‍സ്യം, ട്രിപ്റ്റോഫാന്‍, സിങ്ക്, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങി ഉറക്കം പ്രോത്സാഹിപ്പിക്കുന്ന നിരവധി സംയുക്തങ്ങള്‍ ഇതിലുണ്ട്. മഗ്നീഷ്യം, ട്രിപ്റ്റോഫാന്‍, വൈറ്റമിന്‍ ബി 6, അന്നജം, പൊട്ടാസ്യം ഇവയെല്ലാം അടങ്ങിയ പഴം ഉറക്കം സമ്മാനിക്കാന്‍ നല്ലതാണ്. ട്രിപ്റ്റോഫാന്‍ ധാരാളം അടങ്ങിയ ചിയ സീഡ്സ് കുതിര്‍ത്ത് കഴിക്കുന്നത് നല്ല ഉറക്കത്തിനും മെച്ചപ്പെട്ട മാനസികാരോഗ്യത്തിനും നല്ലതാണ്. മത്തങ്ങാക്കുരുവില്‍ നിന്ന് ട്രിപ്റ്റോഫാന്‍ ലഭിക്കും. ഉറക്കത്തിനു സഹായിക്കുന്ന അമിനോ ആസിഡ് ആണിത്. കൂടാതെ സിങ്ക്, കോപ്പര്‍, സെലെനിയം എന്നിവയും മത്താങ്ങാക്കുരുവിലുണ്ട്, ഇവയും സുഖകരമായ ഉറക്കം സമ്മാനിക്കും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *