◾ഇന്ത്യയില്‍ വാര്‍ത്താ നിരോധനം. ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ആരോപണം ഉന്നയിച്ച ബിബിസി വാര്‍ത്തകള്‍ ഇന്ത്യയില്‍ നിരോധിച്ചു. ബിബിസിയുടെ വിവാദ ഡോക്യുമെന്ററിയുടെ ലിങ്ക് നീക്കം ചെയ്യണമെന്ന് യൂട്യൂബിനും ട്വിറ്ററിനും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ബിബിസിയുടെ ഡോക്യുമെന്ററി ഷെയര്‍ ചെയ്തുള്ള ട്വീറ്റുകള്‍ ട്വിറ്റര്‍ നീക്കം ചെയ്തു.
◾കേരളത്തിന് എയിംസ് അനുവദിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ളോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രധാനമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചതാണ്. എന്നാല്‍ ലിസ്റ്റ് വന്നപ്പോള്‍ കേരളത്തിന്റെ പേരില്ല. കാലതാമസം വരുത്താതെ എയിംസ് അനുവദിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
◾
*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*
നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്. ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.
*ksfe.com/offers/ksfe-bhadratha-smart-chits-2022*
◾മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തെ മികച്ച ഗവേഷണത്തിന് സര്‍ക്കാര്‍ പുരസ്‌കാരം നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളജുകളിലെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ മേല്‍നോട്ടത്തില്‍ സംസ്ഥാനതല ഓഫീസ് ആരംഭിക്കും. സ്റ്റേറ്റ് ബോര്‍ഡ് ഓഫ് മെഡിക്കല്‍ റിസര്‍ച്ച് വിപുലീകരിക്കും. 10 മെഡിക്കല്‍ കോളജുകളില്‍ പാലിയേറ്റീവ് കെയര്‍ പദ്ധതി ആരംഭിക്കും. ഇതിനായി ഓരോ മെഡിക്കല്‍ കോളജിനും 10 ലക്ഷം രൂപ വീതം അനുവദിക്കും. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍മാരുടേയും സൂപ്രണ്ടുമാരുടേയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
◾നാളെ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിനു ഗവര്‍ണര്‍ അംഗീകാരം നല്‍കി. കേന്ദ്ര സര്‍ക്കാരിനെ അമിതമായി വിമര്‍ശിക്കാത്ത പ്രസംഗമാണ് ഇടതു സര്‍ക്കാര്‍ തയാറാക്കിയത്.
◾ലൈംഗിക അതിക്രമങ്ങള്‍ തടയാന്‍ സ്‌കൂള്‍തലം മുതല്‍ നടപടികള്‍ വേണമെന്ന് ഹൈക്കോടതി. മൂല്യവര്‍ധിത വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കണം. യുജിസിയും ഇക്കാര്യത്തില്‍ ഉചിതമായ മേല്‍നോട്ടം വഹിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
◾കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അഞ്ചു വര്‍ഷം മുമ്പു നടന്ന ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറില്‍ കത്രിക ഉപേക്ഷിച്ച സംഭവത്തില്‍ ശാസ്ത്രീയ അന്വേഷണം. കത്രിക ഫോറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കും. ഇതിനായി ആഭ്യന്തര വകുപ്പിനു കത്രിക കൈമാറും.
◾ഒമ്പതു മാസം മുമ്പു പാര്‍ട്ടി കോണ്‍ഗ്രസിനായി സ്ഥാപിച്ച കൊടിമരം നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് സിപിഎമ്മിന് കണ്ണൂര്‍ കോര്‍പറേഷന്റെ നോട്ടീസ്. ജവഹര്‍ സ്റ്റേഡിയത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കു തടസമായി നില്‍ക്കുന്ന കൊടിമരം മാറ്റണമെന്നാണ് കോര്‍പറേഷന്റെ നിര്‍ദ്ദേശം.
◾സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐയെ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയെന്ന പരാതിയില്‍ നേരത്തെ സസ്പെന്‍ഷനിലായിരുന്ന മംഗലപുരം എഎസ്ഐ എസ് ജയനെ അറസ്റ്റു ചെയ്തു. ഇയാളെ ജാമ്യത്തില്‍ വിട്ടു.
◾സംസ്ഥാനത്തു ലഹരിക്കടത്ത്, ഗുണ്ടാ ക്രമിനല്‍ സംഘങ്ങള്‍ക്കു സിപിഎം നേതാക്കളും പോലീസുമാണു കുടപിടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പോലീസിലേയും പാര്‍ട്ടിയിലേയും ക്രമിനലുകള്‍ക്കെതിരേ നടപടിയെടുത്തില്ലെന്നു മാത്രമല്ല അവരെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിച്ചതെന്നും സതീശന്‍ കുറ്റപ്പെടുത്തി.
◾ലഹരിക്കേസില്‍ ആരോപണ വിധേയനായ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസിനെതിരെ നടപടി ആവശ്യപ്പെട്ട് ആലപ്പുഴ നഗരസഭയിലേക്കു നടന്ന യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. നിരവധി പേരെ അറസ്റ്റു ചെയ്തു.
◾പടയപ്പയെ പ്രകോപിച്ചെന്ന് ആരോപിച്ച് ഡ്രൈവര്‍ക്കെതിരെയുള്ള കേസ് പിന്‍വലിച്ചില്ലെങ്കില്‍ വനംവകുപ്പിന്റെ വാഹനങ്ങള്‍ റോഡില്‍ തടയുമെന്ന് സിപിഎം ഏരിയ സെക്രട്ടറി കെ കെ വിജയന്‍. എസിഎഫ് അടക്കമുള്ള വനപാലകര്‍ പങ്കെടുത്ത സര്‍വ്വകക്ഷിയോഗത്തിലാണ് ഏരിയ സെക്രട്ടറി മുന്നറിയിപ്പു നല്‍കിയത്. വൈകുന്നേരം സ്‌കൂള്‍ വിട്ടുവന്ന വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള വാഹനങ്ങള്‍ക്കു തടസമുണ്ടാക്കി റോഡില്‍ നിന്ന കാട്ടാനയെ അകറ്റാന്‍ ജീപ്പ് ഡ്രൈവര്‍ ഹോണ്‍ മുഴക്കിയതിനെതിരേ വനംവകുപ്പ് കേസെടുത്തത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
◾പൂരത്തിന് കരിങ്കാളി വേഷം കെട്ടി ആടിയ ഭക്തന്റെ ദേഹത്തേക്ക് തീ ആളിപടര്‍ന്നു. പൊള്ളലേറ്റ തൃത്താല കോട്ടപ്പാടം സ്വദേശി വാസുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചങ്ങരംകുളം കണ്ണേങ്കാവ് പൂരത്തിനിടെയാണ് നിലവിളക്കില്‍നിന്നു വേഷങ്ങളിലേക്ക് തീ പടര്‍ന്ന് പൊള്ളലേറ്റത്.
◾മകളോടു മോശമായി പെരുമാറിയതു ചോദ്യം ചെയ്തതിന് നാലംഗ മദ്യപ സംഘത്തിന്റെ മര്‍ദ്ദനമേറ്റ അച്ഛന്‍ ജീവനൊടുക്കി. ആയൂര്‍ സ്വദേശി അജയകുമാറാണ് ആത്മഹത്യ ചെയ്തത്.
◾തൃശൂരില്‍ ഒന്നരക്കോടി രൂപ വിലയുള്ള ഏഴു കിലോഗ്രാം ഹാഷിഷ് ഓയില്‍ പിടികൂടി. മയക്കുമരുന്നു കടത്തുകയായിരുന്ന കൂരിക്കുഴി സ്വദേശി ലസിത് റോഷനെ കൈപ്പമംഗലം കോപ്രക്കുളത്തുനിന്ന് അറസ്റ്റു ചെയ്തു.
◾രാജിവച്ച കോട്ടയം കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹനെതിരെ ഉയര്‍ന്ന ജാതി വിവേചന ആരോപണത്തെക്കുറിച്ചു പ്രതികരിക്കാതെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. പരാതി അന്വേഷിച്ച രണ്ടു സമിതികളും നല്‍കിയ റിപ്പോര്‍ട്ടുകളുടെയും ഉള്ളടക്കം ഒന്നായിരുന്നുവെന്നു മന്ത്രി പറഞ്ഞു.
◾ഇലന്തൂര്‍ നരബലിയിലെ റോസിലി കൊലക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കൊലക്കുറ്റത്തിനു പുറമെ മനുഷ്യക്കടത്ത്, കൂട്ട ബലാത്സംഗം, മൃതദേഹത്തോട് അനാദരവ് തുടങ്ങിയ കുറ്റങ്ങളും മൂന്ന് പ്രതികള്‍ക്കെതിരെയും ചുമത്തി. ഇരട്ട നരബലി കേസില്‍ വിചാരണക്കായി സ്പെഷ്യല്‍ പ്രോസിക്യൂട്ടറെയും നിയമിച്ചു.
◾തിരുവനന്തപുരം പാറ്റൂര്‍ ഗുണ്ടാ ആക്രമണക്കേസില്‍ ഗുണ്ടാനേതാവ് ഓം പ്രകാശിന്റെ വീട്ടില്‍ പൊലിസ് റെയ്ഡ്. കവടിയാറിലെ ഫ്ളാറ്റിന്റെ വാതില്‍ തകര്‍ത്താണ് പൊലീസ് അകത്തു കടന്നത്. കസ്റ്റഡിയിലുള്ള ഓം പ്രകാശിന്റെ ഡ്രൈവര്‍ ഇബ്രാഹിം റാവുത്തര്‍, സല്‍മാന്‍ എന്നിവരെയും തെളിവെടുപ്പിന് എത്തിച്ചിരുന്നു.
◾എറണാകുളം കോതമംഗലത്ത് ബന്ധുക്കളായ രണ്ടു കുട്ടികള്‍ പൂയംകുട്ടി പുഴയില്‍ മുങ്ങിമരിച്ചു. പൂയംകുട്ടിക്ക് സമീപം കണ്ടന്‍പാറ ഭാഗത്താണ് അപകടം ഉണ്ടായത്. കുട്ടമ്പുഴ കൂവപ്പാറ സ്വദേശി അലി (17), വണ്ണപ്പുറം സ്വദേശി ആബിദ് (14) എന്നിവരാണ് മുങ്ങി മരിച്ചത്.
◾വീട്ടമ്മയുടെ നഗ്നചിത്രങ്ങള്‍ വ്യാജ അക്കൗണ്ടുകള്‍ വഴി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച ചങ്ങനാശ്ശേരി സ്വദേശികളായ രണ്ടു പേരെ വള്ളികുന്നം പൊലീസ് അറസ്റ്റു ചെയ്തു. ചങ്ങനാശ്ശേരി കങ്ങഴ മുടന്താനം മണിയന്‍കുളം വീട്ടില്‍ സിയാദ് (35), ഇയാളുടെ കൂട്ടുകാരനും അയല്‍വാസിയുമായ പദലില്‍ അബ്ദുള്‍ സലാം (39) എന്നിവരാണ് പ്രതികള്‍.
◾പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ‘ഇന്ത്യ ദി മോദി ക്വസ്റ്റ്യന്‍’ ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്ത ബിബിസിക്കെതിരെ 302 പ്രമുഖര്‍ ഒപ്പിട്ട് കത്ത്. റിട്ടയേഡ് ജഡ്ജിമാരും റോ ഉദ്യോഗസ്ഥരും അംബാസിഡര്‍മാരും ഒപ്പിട്ടിട്ടുണ്ട്. ‘നമ്മുടെ നേതാവിനൊപ്പം, ഇന്ത്യക്കൊപ്പം ഇപ്പോഴല്ലെങ്കില്‍ പിന്നെയില്ല’ എന്ന തലക്കെട്ടോടെയാണ് കുറിപ്പ്. സ്വതന്ത്ര്യ സമര കാലത്തെ ബ്രിട്ടീഷ് രീതിപോലെ ഭിന്നിപ്പിച്ച് ഭരിക്കാനാണു ബിബിസിയുടെ ശ്രമമെന്നും കത്തില്‍ ആരോപിക്കുന്നു.
◾ഇന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സെന്‍സര്‍ഷിപ്പ് ആരംഭിച്ചെന്ന് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ്. 2002 ല്‍ മോദിക്കെതിരേ മുന്‍പ്രധാനമന്ത്രി വാജ്പേയി രാജധര്‍മത്തെക്കുറിച്ച് ഓര്‍മിപ്പിച്ച പഴയ വീഡിയോ പങ്കുവച്ചുകൊണ്ടാണ് പ്രതികരണം. വിമര്‍ശനങ്ങളെ നിരോധനത്തിലൂടെയല്ല നേരിടേണ്ടതെന്നും ജയറാം രമേശ്.
◾നായയെ പട്ടിയെന്നു വിളിച്ചതിന് തമിഴ്നാട്ടില്‍ വൃദ്ധനെ നായയുടെ ഉടമയായ ബന്ധു കുത്തിക്കൊന്നു. ദിണ്ടിഗല്‍ ജില്ലയിലെ മരവപ്പട്ടിയിലാണ് സംഭവം. കൃഷി സ്ഥലത്തുനിന്ന് മടങ്ങുകയായിരുന്ന വൃദ്ധന്‍ ആക്രമിക്കാന്‍ വന്ന നായകളെ പട്ടി എന്ന് വിളിച്ച് ആട്ടിയോടിച്ചതായിരുന്നു. ഇതുകണ്ട നായയുടെ ഉടമ ദാനിയേല്‍ ആക്രമിക്കുകയായിരുന്നു. മരവപ്പട്ടിക്കു സമീപമുള്ള ഉലഗപട്ടിയാറിലെ രായപ്പനാണു കൊല്ലപ്പെട്ടത്. ബന്ധുവായ ശവരിയമ്മാളിന്റെ മകന്‍ ദാനിയേലിനെ അറസ്റ്റു ചെയ്തു.
◾കാഷ്മീര്‍ ‘പാകിസ്ഥാന്റെ ദേശീയ പ്രശ്നം’ ആണെന്ന് ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിച്ച ലഷ്‌കര്‍-ഇ-തൊയ്ബ ഭീകരന്‍ അബ്ദുള്‍ റഹ്‌മാന്‍ മക്കി. ലാഹോറിലെ കോട് ലഖ്പത് ജയിലില്‍ കഴിയുകയാണ് ഇയാള്‍. അല്‍-ഖ്വയ്ദയുമായോ ഇസ്ലാമിക് സ്റ്റേറ്റുമായോ യാതൊരു ബന്ധവും തനിക്കില്ലെന്നും ഇയാളുടെ വീഡിയോയില്‍ പറയുന്നു.
◾ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരായ ലൈംഗിക അതിക്രമ ആരോപണങ്ങള്‍ നിഷേധിച്ച് ദേശീയ ഗുസ്തി ഫെഡറേഷന്‍. ലൈംഗിക അതിക്രമം നടന്നിട്ടില്ലെന്ന് ഫെഡറേഷന്‍ കായിക മന്ത്രാലയത്തിന് വിശദീകരണം നല്‍കി. പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ വ്യക്തിതാല്‍പര്യങ്ങളാണെന്നാണ് ഫെഡറേഷന്‍ നിലപാട്.
◾ദേശീയ ഗുസ്തി ഫെഡറേഷന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചു. ഗുസ്തി ഫെഡറേഷന്‍ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറെ സസ്പെന്‍ഡു ചെയ്തു. പ്രതിഷേധക്കാര്‍ക്കെതിരേ വിമര്‍ശിച്ചതിനാണ് നടപടി. ലൈംഗിക അതിക്രമ ആരോപണത്തിന് തെളിവില്ലെന്നും വ്യക്തിവിരോധമാണെന്നുമാണ് തോമര്‍ വിമര്‍ശിച്ചത്.
◾ന്യൂസിലാണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് അനായാസ ജയം, ഒപ്പം പരമ്പര വിജയവും. രണ്ടാം ഏകദിനത്തില്‍ എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 109 റണ്‍സ് വിജയലക്ഷ്യം 20.1 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. നേരത്തെ ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ഇന്ത്യ 34.3 ഓവറില്‍ ന്യൂസീലന്‍ഡിനെ വെറും 108 റണ്‍സിന് പുറത്താക്കിയിരുന്നു.
◾യെസ് ബാങ്കിന്റെ അറ്റാദായത്തില്‍ 81 ശതമാനം ഇടിവ്. നടപ്പ് സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ 52 കോടി രൂപയാണ് ബാങ്കിന്റെ അറ്റാദായം. മുന്‍വര്‍ഷം ഇതേകാലയളവില്‍ 266 കോടി രൂപയായിരുന്നു അറ്റാദായം. രണ്ടാം പാദത്തെ അപേക്ഷിച്ച് അറ്റാദായം ഇടിഞ്ഞത് 66 ശതമാനം ആണ്. ജൂലൈ-ഓഗസ്റ്റ് കാലയളവില്‍ അറ്റാദായം 153 കോടിയായിരുന്നു. അതേ സമയം ബാങ്കിന്റെ അറ്റ പലിശ വരുമാനം 12 ശതമാനം ഉയര്‍ന്ന് 1971 കോടിയിലെത്തി. 1143 കോടി രൂപയാണ് ബാങ്കിന്റെ പലിശേതര വരുമാനം. അറ്റ വരുമാനം 24 ശതമാനം ഉയര്‍ന്ന് 1143 കോടിയിലെത്തി. പ്രവര്‍ത്തന ചെലവുകള്‍ 24.5 ശതമാനം ഉയര്‍ന്ന് 2200 കോടിയായി. യെസ് ബാങ്കിലെ ആകെ നിക്ഷേപങ്ങള്‍ 2,13,608 കോടി രൂപയുടേതാണ്. ഇക്കാലയളവില്‍ മൊത്തം നിഷ്‌ക്രിയ ആസ്തികളുടെ തോത് 14.7ല്‍ നിന്ന് 2 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ ഡിസംബറില്‍ 48,000 കോടിയുടെ കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കാനായി ജെ.സി ഫ്ലവേഴ്‌സ് അസറ്റ് റീകണ്‍സ്ട്രക്ഷന് ബാങ്ക് കൈമാറിയിരുന്നു. 11,183 കോടി രൂപയാണ് ഈ വകയില്‍ ബാങ്കിന് ലഭിക്കുന്നത്.
◾ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ‘മാളികപ്പുറം’ 50 കോടി ക്ലബ്ബില്‍. 2022 ഡിസംബര്‍ 30ന് തിയേറ്ററുകളിലെത്തിയ ചിത്രം, മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ആഗോള തലത്തില്‍ 50 കോടി കടക്കുന്ന ആദ്യ ഉണ്ണി മുകുന്ദന്‍ ചിത്രം കൂടിയാണിത്. കാവ്യ ഫിലിം കമ്പനിയുടെയും ആന്‍ മെഗാ മീഡിയയുടെയും ബാനറില്‍ പ്രിയ വേണുവും നീത പിന്റോയും ചേര്‍ന്നാണ് ‘മാളികപ്പുറം’ നിര്‍മ്മിച്ചിരിക്കുന്നത്. ഫാമിലി ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അഭിലാഷ് പിള്ളയാണ്. ബാലതാരങ്ങളായ ശ്രീപഥ്, ദേവനന്ദ എന്നിവര്‍ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. സന്തോഷ് വര്‍മ, ബി കെ ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് രഞ്ജിന്‍ രാജാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി പതിപ്പുകള്‍ അടുത്ത വാരം തിയറ്ററുകളില്‍ എത്തുകയാണ്. ഇതരഭാഷാ പതിപ്പുകള്‍ക്കും പ്രേക്ഷകരെ നേടാനായാല്‍ ഇന്ത്യന്‍ സിനിമയിലെ തന്നെ ഈ വര്‍ഷത്തെ വലിയ വിജയങ്ങളില്‍ ഒന്നായി മാറും മാളികപ്പുറം. ജനുവരി 26 ന് ആണ് ഇതര ഭാഷാ പതിപ്പുകളുടെ റിലീസ്.
◾ജോജു ജോര്‍ജ് ഇരട്ടവേഷത്തിലെത്തുന്ന ഇരട്ട എന്ന സിനിമയുടെ ട്രെയിലര്‍ എത്തി. ആക്ഷനും സസ്‌പെന്‍സും നിറഞ്ഞ ഗംഭീര സിനിമ തന്നെയാകും ഇരട്ടയെന്ന് ട്രെയിലര്‍ ഉറപ്പുനല്‍കുന്നു. ജോജുവിന്റെ അഭിനയ പ്രകടനം തന്നെയാണ് പ്രധാന ആകര്‍ഷണം. വിനോദ്, പ്രമോദ് എന്നീ ഇരട്ട സഹോദരന്മാരായാണ് ജോജു ഈ ചിത്രത്തില്‍ എത്തുന്നത്. ഇരട്ട സഹോദരങ്ങളായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതം പറയുന്ന ചിത്രം, തികച്ചും വ്യത്യസ്തരായ ഈ രണ്ടു മനുഷ്യര്‍ക്കിടയില്‍ ഉള്ള പകയുടെ കൂടെ കഥയാണ് പറയുന്നത്. ഈ ഇരട്ടകള്‍ക്കിയില്‍ അവിചാരിതമായി ഉണ്ടാകുന്ന ചില സംഭവ വികാസങ്ങള്‍ ചിത്രത്തെ കൂടുതല്‍ ആകാംഷനിറഞ്ഞതാക്കുന്നു. ജോജുവിനോപ്പം അഞ്ജലി അവതരിപ്പിക്കുന്ന നായികാ കഥാപാത്രവും പ്രതീക്ഷ നല്‍കുന്നതാണ്. സ്രിന്ധ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോന്‍, അഭിരാം എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജേക്സ് ബിജോയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ലിറിക്‌സ് അന്‍വര്‍ അലി.
◾സൂപ്പര്‍ഹിറ്റായ 3 ഡോര്‍ ജിംനിക്ക് പിന്നാലെ അഞ്ചു ഡോര്‍ വകഭേദവും പുറത്തിറക്കുമെന്ന് സുസുക്കി ഓസ്ട്രേലിയ. സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് സുസുക്കി ഓസ്ട്രേലിയ 5 ഡോര്‍ ജിംനി വിപണിയിലെത്തിക്കുമെന്ന വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍ വിലയോ എന്നു പുറത്തിറങ്ങുമെന്നോ സുസുക്കി പ്രഖ്യാപിച്ചിട്ടില്ല. മാരുതി സുസുക്കി തങ്ങളുടെ വരാനിരിക്കുന്ന ജിംനി 5-ഡോര്‍ എസ്യുവി ഇന്ത്യന്‍ വിപണിയില്‍ പ്രദര്‍ശിപ്പിച്ചിട്ട് ഏതാനും ദിവസമേ ആയിട്ടുള്ളൂ. 25,000 രൂപ ടോക്കണ്‍ തുകയില്‍ വാഹനത്തിന്റെ ബുക്കിംഗും ആരംഭിച്ചു. പുതിയ മാരുതി ജിംനി അഞ്ച് ഡോര്‍ അതിന്റെ വില പ്രഖ്യാപനത്തിന് മുമ്പ് തന്നെ 5,000-ത്തിലധികം പ്രീ-ഓര്‍ഡറുകള്‍ ശേഖരിച്ചു എന്നാണ് പുതിയ കണക്കുകള്‍. വാഹനത്തിന്റെ വിപണി ഏപ്രില്‍ മാസത്തില്‍ നടക്കാന്‍ സാധ്യതയുണ്ട്. ഏകദേശം 10 ലക്ഷം രൂപ മുതല്‍ വില പ്രതീക്ഷിക്കുന്നു. നെക്സ ഡീലര്‍ഷിപ്പ് നെറ്റ്വര്‍ക്ക് വഴി റീട്ടെയില്‍ ചെയ്യുന്ന എസ്യുവി മോഡല്‍ ലൈനപ്പ് സെറ്റ, ആല്‍ഫ ട്രിമ്മുകളില്‍ വരും.
◾സര്‍ഗ്ഗാത്മകതയുടെ അനിതരസാധാരണമായ ഒരു സിദ്ധിവിശേഷം തന്നെയാണ് നാടകരചന. പഴയ, പുതിയകാല പ്രശ്നങ്ങളെ കൂട്ടിയിണക്കി ആണ്‍കോയ്മയുടെ സദാചാരവ്യവസ്ഥകളെ അതിലംഘിക്കുമ്പോള്‍ നാടകങ്ങള്‍ വരുംകാലത്തിന്റെ പ്രവചനങ്ങളായി മാറുന്നു. സാറാ ജോസഫിന്റെ രചനകള്‍ കാലം ആവശ്യപ്പെടുന്ന മറുലോകത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. അന്നുള്ള സ്ത്രീക്ക് ഭിന്നമായ ഒരു അര്‍ത്ഥം നല്‍കലാണത്. നിലനില്‍ക്കുന്ന സാമൂഹിക അസമത്വങ്ങളെ വലിച്ചെറിയുന്ന അപാരശക്തിയുള്ള വഴക്കം. സ്ത്രീശരീരത്തിന്റെ താളപൂര്‍ണതയെയും വേഗവ്യത്യസ്തതയേയും പുരുഷക്കാഴ്ചകളെ തകര്‍ത്തെറിയാനുള്ള തിരിച്ചറിവുകളും ഭാഷണവും ഈ നാടകത്തിലൂടെ അരങ്ങിലെത്തുമ്പോള്‍ സ്ത്രൈണ നാടക ജീവിതമാണ് സാര്‍ത്ഥകമാകുന്നത്. പുതിയൊരു സ്ത്രീ അരങ്ങാണ് കാഴ്ചപ്പെടുന്നത്. സാറാ ജോസഫ് എന്ന എഴുത്തുകാരിയുടെ കൈകളില്‍ അത് സുഭദ്രമായിരിക്കുന്നു എന്നതിന്റെ നാണയപ്പെടുത്തലാണ് ഭൂമിരാക്ഷസം, സ്ത്രീ, ചാത്തുമ്മാന്റെ ചെരുപ്പുകള്‍ എന്നീ മൂന്നു നാടകങ്ങളുടെ സമാഹാരം. ‘ഭൂമിരാക്ഷസം’. സാറാ ജോസഫ്. ഗ്രീന്‍ ബുക്സ്. വില 123 രൂപ.
◾ഉറക്കത്തില്‍ നിങ്ങള്‍ സ്ഥിരമായി ഉറക്കെ അട്ടഹസിക്കുകയോ നിലവിളിക്കുകയോ ചവിട്ടുകയോ ഒക്കെ ചെയ്യാറുണ്ടോ? ഇത് മറവിരോഗത്തിന്റെ പ്രാരംഭ ലക്ഷണമാകാമെന്ന് ചില പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. തലച്ചോറിന്റെ ഓര്‍മയും ധാരണാശേഷിയുമെല്ലാം ക്രമമായി കുറഞ്ഞ് വരുന്നതുമായി ബന്ധപ്പെട്ട ഒരു കൂട്ടം രോഗലക്ഷണങ്ങളെയാണ് ഡിമന്‍ഷ്യ അഥവാ മറവിരോഗം എന്ന് വിളിക്കുന്നത്. ഡിമന്‍ഷ്യ ഉള്ളവര്‍ക്ക് സങ്കീര്‍ണമായ വികാരങ്ങളെയോ മുന്‍ സംഭവങ്ങളില്‍ നിന്നുള്ള അനുഭവപരിചയത്തെയോ വിലയിരുത്താനോ ബുദ്ധിമുട്ട് നേരിടാറുണ്ട്. ഇത്തരം ഓര്‍മകള്‍ ഉറക്കത്തിന്റെ റാപ്പിഡ് ഐ മൂവ്മെന്റ് സ്ലീപ് ഘട്ടത്തില്‍ പ്രകടമാകുന്നതാണ് അട്ടഹാസത്തിലേക്കും നിലവിളിയിലേക്കും ചവിട്ടിലേക്കുമൊക്കെ നയിക്കുന്നത്. ഉറക്കത്തിന്റെ അഞ്ച് ഘട്ടങ്ങളില്‍ ഒന്നാണ് ആര്‍ഇഎം സ്ലീപ്. ഉറക്കം തുടങ്ങി ഒരു 90 മിനിറ്റ് കഴിയുമ്പോഴാണ് ഈ ഘട്ടം പൊതുവേ ആരംഭിക്കുന്നത്. ഈ ഘട്ടത്തില്‍ ഗാഢമായ നിദ്രയിലേക്ക് നാം പ്രവേശിച്ച് തുടങ്ങിയിട്ടുണ്ടാകില്ല. മാത്രമല്ല തലച്ചോറിന്റെ പ്രവര്‍ത്തനം ഒന്ന് വര്‍ധിക്കുകയും ചെയ്യും. ഉണര്‍ന്നിരിക്കുന്ന സമയത്തിന് സമാനമായ പ്രവൃത്തികളുടെ തോത് ഈ ഘട്ടത്തില്‍ കാണാം. ഈ സമയത്താണ് സാഹസികവും വിചിത്രവുമായ സ്വപ്നങ്ങള്‍ പലപ്പോഴും കാണുക. ഇതിന്റെ പ്രതിഫലനമാണ് ഉറക്കത്തിലെ ശരീരത്തിന്റെ കായികമായ പ്രതികരണങ്ങളെന്ന് ഗവേഷകര്‍ പറയുന്നു. പ്രായമായവര്‍ക്ക് പൊതുവേ ഉറക്കം കുറവാണെങ്കിലും മറവിരോഗികള്‍ക്ക് ഉറക്കപ്രശ്നങ്ങള്‍ അധികമായിരിക്കും. മിതമായ മറവിരോഗമുള്ള മുതിര്‍ന്നവരില്‍ 25 ശതമാനത്തിനും കടുത്ത മറവിരോഗം ഉള്ളവരില്‍ 50 ശതമാനത്തിനും ഉറക്കം തടസ്സപ്പെടാറുണ്ട്. ഡിമന്‍ഷ്യ വഷളാകുന്നതിനൊപ്പം ഉറക്കത്തിലെ ബുദ്ധിമുട്ടുകളും വര്‍ധിച്ചു വരും.
*ശുഭദിനം*
*കവിത കണ്ണന്‍*
ഒരിക്കല്‍ ഒരാള്‍ സന്യാസിയുടെ അടുത്തെത്തി പറഞ്ഞു: എനിക്ക് സത്യം എന്തെന്നറിയണം. അപ്പോള്‍ സന്യാസി ചോദിച്ചു: താങ്കള്‍ ആരാണ്? എനിക്ക് താങ്കളെ അറിയില്ലല്ലോ.. അപ്പോള്‍ അയാള്‍ പറഞ്ഞു: അങ്ങേക്ക് എന്നെ അറിയില്ലേ.. ഞാന്‍ ലോകമറിയുന്ന പണ്ഡിതനാണ്. എങ്കിലും എനിക്ക് സത്യം കണ്ടെത്താനായിട്ടില്ല. എന്നാല്‍ താങ്കള്‍ക്ക് അറിയുന്ന കാര്യങ്ങളെല്ലാം എഴുതിക്കൊണ്ടുവരൂ.. സന്യാസി പറഞ്ഞു. മൂന്ന് വര്‍ഷം കഴിഞ്ഞ് കുറെ വലിയ സഞ്ചികളില്‍ നിറയെ കടലാസ്സുകളുമായി അയാള്‍ എത്തി. സന്യാസി പറഞ്ഞു: ഇതുമുഴുവന്‍ എനിക്ക് വായിക്കാന്‍ കഴിയില്ല. കുറച്ചുകൂടി ചുരുക്കി എഴുതിക്കൊണ്ടുവരൂ.. വീണ്ടും നാല് മാസം കഴിഞ്ഞപ്പോള്‍ പണ്ഡിതനെത്തി. അപ്പോഴും നൂറ് കണക്കിന് പേജുകള്‍ അയാളുടെ കൈവശമുണ്ടായിരുന്നു. വീണ്ടും പലതവണ വെട്ടിക്കുറയ്ക്കാന്‍ സന്യാസി ആവശ്യപ്പെട്ടു. അവസാനം പണ്ഡിതന് കാര്യം മനസ്സിലായി. അയാള്‍ ഒന്നുമെഴുതാതെ ഒരു കടലാസ്സ് നല്‍കിയിട്ട് പറഞ്ഞു: ഇപ്പോള്‍ ഞാന്‍ ശൂന്യമാണ്. സന്യാസി പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു: അപ്പോള്‍ വരൂ.. നമുക്ക് പഠനമാരംഭിക്കാം… ! എന്തിനെക്കുറിച്ചാണോ നാം പഠിക്കാന്‍ ആഗ്രഹിക്കുന്നത് അതിന്റെ ശൂന്യതയില്‍ നിന്നുവേണം പഠനമാരംഭിക്കാന്‍. മുന്‍വിധികളും പാതി അറിവുകളുമായി എന്തിനെ സമീപിച്ചാലും സമ്പൂര്‍ണ്ണജ്ഞാനം ഒരിക്കലും സാധ്യമാകില്ല. ഒന്നും അറിയാത്ത ആളുകളെ പഠിപ്പിക്കാനാണ് എളുപ്പം. ഒന്നും എഴുതാത്ത പലകയില്‍ എന്തും എഴുതാം. എന്തെങ്കിലും എഴുതിയിട്ടുള്ള പലകയില്‍ എഴുതിയത് മാച്ചുകളഞ്ഞേ പുതിയത് എഴുതാനാകൂ. അറിഞ്ഞതിന്റെ ബാക്കി അറിയാനുള്ള ശ്രമമല്ല വേണ്ടത്, ആത്യന്തികമായി എന്ത് എന്നറിയാനുള്ള ശ്രമമാണ് യഥാര്‍ത്ഥപഠനം. വേരൂന്നിയ തെറ്റുകള്‍ പിഴുതെറിഞ്ഞാല്‍ മാത്രമേ പുതിയ ശരികള്‍ അവിടെ മുളപ്പിക്കാനാകൂ. അതിനാല്‍ നമുക്ക് പഠിക്കാന്‍ പഠിക്കാം – ശുഭദിനം.