yt cover 38

പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. ഹര്‍ത്താല്‍ അക്രമങ്ങളിലെ നാശനഷ്ടങ്ങള്‍ക്കു നഷ്ടപരിഹാരം ഈടാക്കാന്‍ ഹൈക്കോടതി ഉത്തരവനുസരിച്ചാണ് നടപടി. ഇന്നു വൈകുന്നേരം അഞ്ചിനു മുമ്പായി സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്ന് ലാന്‍ഡ് റവന്യു കമ്മിഷണര്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് കത്തയച്ചിരുന്നു. തൃശൂര്‍, വയനാട്, കാസര്‍കോട്, തിരുവനന്തപുരം, കോട്ടയം, കൊല്ലം, എറണാകുളം ജില്ലകളിലെ പ്രതികളുടെ സ്വത്തുവകകളാണ് കണ്ടുകെട്ടിയത്. സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന കൊല്ലത്തെ അബ്ദുള്‍ സത്താറിന്റെ കരുനാഗപ്പള്ളിയിലെ വീടും, വസ്തുക്കളും ഉച്ചയോടെ ജപ്തി ചെയ്തു.

സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 93,014 ഫയലുകള്‍. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ഡിസംബര്‍ 15 വരെയുള്ള കണക്കാണിത്. ഇക്കാലത്ത് ഒന്നേമുക്കാല്‍ ലക്ഷം ഫയലുകളില്‍ 82,401 ഫയലുകളാണു തീര്‍പ്പാക്കിയത്. സെക്രട്ടേറിയറ്റിനു പുറത്ത് 47 വകുപ്പുകളിലായി 15 ലക്ഷം ഫയലുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ 6.90 ലക്ഷം ഫയലുകളാണു തീര്‍പ്പാക്കിയത്. തദ്ദേശ സ്വയംഭരണ വകുപ്പ് 2,36,000 ഫയലുകള്‍ തീര്‍പ്പാക്കി.

കേരള ഹൈക്കോടതിയിലെ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം അറുപതാക്കി. 2013 ഏപ്രില്‍ ഒന്നിനു ശേഷം ജോലിയില്‍ പ്രവേശിച്ചവരുടെ പെന്‍ഷന്‍ പ്രായമാണ് 56 ല്‍ നിന്ന് 60 ആക്കിയത്. 2013 ഏപ്രില്‍ ഒന്നിനു മുമ്പ് സര്‍വീസില്‍ പ്രവേശിച്ചവരുടെ പെന്‍ഷന്‍ പ്രായം 56 ആയി തുടരും.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്. ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

ഗവര്‍ണറെ മറികടന്ന് മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമന നടപടികളുമായി സര്‍ക്കാര്‍. നിയമസഭ പാസാക്കിയിട്ടും ഗവര്‍ണര്‍ ഒപ്പുവയ്ക്കാത്ത സര്‍വ്വകലാശാല നിയമഭേദഗതി അനുസരിച്ച് വിസി നിയമനത്തിന് സര്‍ക്കാര്‍ സര്‍ച്ച് കമ്മിറ്റിയുണ്ടാക്കുന്നു. കമ്മിറ്റിയിലേക്ക് രാജ്ഭവന്‍ പ്രതിനിധിയെ ആവശ്യപ്പെട്ട് സര്‍ക്കാര്‍ കത്ത് നല്‍കി. സര്‍ക്കാരിന്റെയും യുജിസിയുടേയും ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെയും സിന്‍ഡിക്കേറ്റിന്റെയും പ്രതിനിധികള്‍ സര്‍ച്ച് കമ്മിറ്റിയിലുണ്ടാകുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

കേന്ദ്ര സര്‍വീസുകളിലെ 30 ലക്ഷം തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണെന്നും നിയമനം നടത്തണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പ്രധാനമന്ത്രി നരേന്ദ്രമോദി വാഗ്ദാനം ചെയ്ത എട്ടു വര്‍ഷത്തിനകം 16 കോടി തൊഴിലവസരങ്ങള്‍ എവിടെയാണ്? പ്രധാനമന്ത്രി വിതരണം ചെയ്ത 71,000 നിയമന കത്തുകള്‍ തുച്ഛമാണെന്നും ഖാര്‍ഗെ പറഞ്ഞു.

പത്തനംതിട്ട നഗരത്തില്‍ സിവില്‍ സ്റ്റേഷനു സമീപത്തെ വ്യാപാര സ്ഥാപനങ്ങളില്‍ തീപിടിത്തം. നമ്പര്‍ വണ്‍ ചിപ്സ് കടയില്‍ നിന്നാണ് തീ പടര്‍ന്നത്. തുടര്‍ന്ന് എ വണ്‍ ചിപ്സ്, ഹാശിം ചിപ്സ്, അഞ്ജന ഷൂ മാര്‍ട്ട്, സെല്‍ ടെക് മൊബൈല്‍ ഷോപ്പ് എന്നിവയിലേക്കും തീ പടര്‍ന്നു. അഗ്നിശമനസേന തീയണക്കുന്നതിനിടെ ചിപ്സ് കടകളിലെ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചു. ഇതോടെ തീ കൂടുതല്‍ പടര്‍ന്നു. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരടക്കം തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

കെഎസ്ആര്‍ടിസി ബസില്‍ പരസ്യം നല്‍കാനുള്ള പുതിയ സ്‌കീം തയാറാക്കാന്‍ നാല് ആഴ്ചത്തെ സാവകാശം സുപ്രീം കോടതി അനുവദിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. പരസ്യം നല്‍കുന്നത് വിലക്കിയ ഹൈക്കോടതി ഉത്തരവിന് സ്റ്റേ തുടരുമെന്ന് കോടതി വ്യക്തമാക്കി.

സംസ്ഥാനത്തെ ഏറ്റവും വലിയ സംരംഭക സമ്മേളനം ഇന്നു കൊച്ചിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യം. കലൂര്‍ സ്റ്റേഡിയത്തിലാണ് സമ്മേളനം. എട്ടു മാസത്തിനകം ലക്ഷം സംരംഭങ്ങള്‍ ആരംഭിച്ചെന്ന് അവകാശപ്പെട്ട വ്യവസായ വകുപ്പു ദേശീയ അംഗീകാരം നേടിയിരുന്നു.

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്കായി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ടാസ്‌ക് ഫോഴ്സ് സംസ്ഥാനത്തെ ഭക്ഷ്യ വിഷബാധ പോലുള്ള അടിയന്തിര ഘട്ടങ്ങളില്‍ അന്വേഷിച്ച് ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കും.

ഹൈക്കോടതി ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങള്‍ മാറ്റി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബഞ്ചില്‍നിന്ന് കെഎസ്ആര്‍ടിസി, സര്‍വകലാശാല വിഷയങ്ങള്‍ മാറ്റി. ജസ്റ്റിസ് സതീഷ് നൈനാന്‍ ആണ് ഈ വിഷയങ്ങള്‍ ഇനി പരിഗണിക്കുക. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന് അപ്പീല്‍, കമ്പനി കേസുകളുടെ ചുമതല നല്‍കി.

തൃശൂരില്‍ നിക്ഷേപത്തട്ടിപ്പു നടത്തിയെന്നു പരാതികളുള്ള ധന വ്യവസായ ബാങ്കേഴ്സ് ഉടമ ജോയ് പാണഞ്ചേരി, ഭാര്യ കൊച്ചു റാണി എന്നിവരുടെ അറസ്റ്റ് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ജാമ്യ ഹര്‍ജിയില്‍ ഈ മാസം 30 ന് വീണ്ടും വാദം കേള്‍ക്കും. അതുവരെയാണ് അറസ്റ്റ് തടഞ്ഞത്.

ഗുണ്ടകളും ക്രിമിനലുകളും നിറഞ്ഞ പോലീസ് ജനമൈത്രി പോലീസല്ല, ഗുണ്ടാപോലീസാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. ജനമൈത്രി പോലീസ് എന്ന ബോര്‍ഡു മാറ്റി ഗുണ്ടാപോലീസ് എന്ന ബോര്‍ഡു സ്ഥാപിക്കണം. പോലീസിലെ ക്രിമിനലുകളായ പരല്‍ മീനുകളെ മാത്രമല്ല ഉന്നതരായ കൊമ്പന്‍ സാവ്രുകള്‍ക്കെതിരെയും നടപടി വേണമെന്ന് സുധാകരന്‍.

മകളെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ നാലു വയസുള്ള മകളുടെ പിതാവായ പോലീസുകാരനെ അറസ്റ്റ് ചെയ്ത് റിമാന്‍ഡു ചെയ്തു. എറണാകുളം ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനില്‍ കമാന്‍ഡറും മങ്കട കൂട്ടില്‍ ചേരിയം സ്വദേശിയുമായ മുണ്ടേടത്ത് അബ്ദുല്‍വാഹിദി(33) നെയാണ് മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടില്‍ താമസിക്കുന്ന ഭാര്യയുടെ പരാതിയിലാണ് അറസ്റ്റ്. മകളെ സ്‌കൂളില്‍നിന്ന് ബലമായി പിടിച്ചുകൊണ്ടുപോയതിനാണ് കേസ്.

നാട്ടുവൈദ്യന്‍ ഷാബാ ഷെരീഫ് കൊലകേസിലെ വിചാരണ അടുത്തയാഴ്ച ആരംഭിക്കും. മുഖ്യപ്രതി ഷൈബിന്‍ അഷറഫ് ഉള്‍പ്പെടെയുള്ളവരെ വിഡീയോ കോണ്‍ഫറന്‍സിലൂടെ മഞ്ചേരി ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി നസീറ മുമ്പാകെ ഹാജരാക്കി.

കാറില്‍ അമിതവേഗത്തിലെത്തി സ്‌കൂട്ടറിലിടിച്ചത് ചോദ്യം ചെയ്ത നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചോദ്യം ചെയ്ത യുവാവിനെ കൈ തല്ലി ഒടിക്കുകയും ചെയ്ത സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍. ആദിക്കാട്ടുകുളങ്ങരയിലാണു സംഭവം. അടൂര്‍ സ്വദേശി ഷൈജു (35), ഭരണിക്കാവ് നസീം (21), കരുനാഗപ്പള്ളി ഷിഹാബ് (36) എന്നിവരെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. പരിക്കേറ്റ ആദ്ദിക്കാട്ടുകുളങ്ങര തുണ്ടില്‍ ദാവൂദ് മൊയ്തീ (40) നെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആര്യങ്കാവില്‍ ക്ഷീരവികസന വകുപ്പ് പിടികൂടിയ പാല്‍ നശിപ്പിച്ചു. പത്തു ദിവസമായിട്ടും പാല്‍ കേടായിട്ടില്ലെന്നും മായം കലര്‍ന്നിട്ടുണ്ടെന്നുമാണ് ക്ഷീരവികസന വകുപ്പിന്റെ പുതിയ വാദം. എന്നാല്‍ ലാബിലെ വിദഗ്ധ പരിശോധനയില്‍ മായം കണ്ടെത്താനായിട്ടില്ല. ആര്യങ്കാവില്‍ നിന്ന് പിടിച്ചെടുത്ത 15,300 ലിറ്റര്‍ പാല്‍ പാല്‍ നശിപ്പിച്ചത്. ലോറി ഉടമയ്ക്കു വിട്ടുകൊടുക്കാനാണ് നിര്‍ദേശം.

ആലപ്പുഴ അരൂരില്‍ മൂവായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് ആരോപിതയായ പഞ്ചായത്തിലെ വനിതാ ഓവര്‍സിയര്‍ ആത്ഹമത്യക്കു ശ്രമിച്ചു. ചേര്‍ത്തലയിലെ വീട്ടില്‍ തൂങ്ങിയ അപര്‍ണയെ കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിനു പെര്‍മിറ്റിനായി കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് അപര്‍ണക്കെതിരെ ഭരണസമിതി കഴിഞ്ഞ ദിവസം പ്രമേയം പാസാക്കിയിരുന്നു.

തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ പതിനാലുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് എട്ടു വര്‍ഷം കഠിന തടവ്. വട്ടിയൂര്‍ക്കാവ് നെട്ടയം സ്വദേശി ലാല്‍ പ്രകാശിനെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്.

ഗുണ്ടാ ബന്ധത്തിന്റെ പേരില്‍ സസ്പെന്‍ഷനിലായ മംഗലപുരം എഎസ്ഐ ജയന്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ സാജിദിനെതിരേ വധഭീഷണി മുഴക്കി. സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ കഴക്കൂട്ടം പൊലീസില്‍ പരാതി നല്‍കി.

നാട്ടിലേക്കുള്ള യാത്രയ്ക്കിടെ മലയാളി യുവാവ് ഷാര്‍ജ വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു. കണ്ണൂര്‍ പള്ളിക്കര വി.പി ഹൗസില്‍ മുനീര്‍ അബ്ദുല്ല (33) ആണ് മരിച്ചത്.

ജോഷിമഠില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന മലയാളി വൈദികന്‍ അപകടത്തില്‍ മരിച്ചു. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശി ഫാ. മെല്‍വിന്‍ പി എബ്രഹാമാണ് മരിച്ചത്. ദുരിതമേഖലകളില്‍ ഭക്ഷണം എത്തിച്ച് മടങ്ങുകയായിരുന്നു മെല്‍വിന്‍.

ന്യൂയോര്‍ക്കില്‍നിന്നു ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരിയുടെ ദേഹത്ത് സഹ യാത്രികന്‍ മൂത്രമൊഴിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യയ്ക്ക് ഡിജിസിഎ 30 ലക്ഷം രൂപ പിഴ ചുമത്തി. പരാതിയില്‍ നടപടിയെടുക്കാന്‍ വൈകിയതിനാണ് പിഴ. വിമാന സര്‍വീസുകളുടെ ഡയറക്ടര്‍ വസുധ ചന്ദ്രയ്ക്കു മൂന്നു ലക്ഷം രൂപ പിഴയും ചുമത്തി. പൈലറ്റിന്റെ ലൈസന്‍സ് മൂന്നു മാസത്തേക്കു റദ്ദാക്കി.

ഐസിഐസിഐ ബാങ്ക് വായ്പ തട്ടിപ്പു കേസില്‍ വീഡിയോകോണ്‍ ചെയര്‍മാന്‍ വേണുഗോപാല്‍ ധൂതിന് ഇടക്കാല ജാമ്യം. സിബിഐ അറസ്റ്റ് ചെയ്ത ധൂതിന് ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.

ക്രമസമാധാന പാലനത്തില്‍ ശ്രദ്ധിക്കണമെന്നു ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ സക്സേനയ്ക്ക് മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ഉപദേശം. ഗവര്‍ണറുടെ കത്തിന് അദ്ദേഹം മറുപടി നല്‍കുകയും ചെയ്തു. കെജ്രിവാളിനെയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും കാണാന്‍ സമ്മതമാണെന്ന് ഗവര്‍ണര്‍ കത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍, എല്ലാ എംഎല്‍എമാരുമായും കാണണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം ഗവര്‍ണര്‍ നിരാകരിച്ചു.

റോഡിലുണ്ടായ അപകടത്തെച്ചൊല്ലി തര്‍ക്കിച്ച് കാറിന്റെ ബോണറ്റില്‍ കയറിയിരുന്ന യുവാവുമായി ഒരു കിലോമീറ്ററോളം കാറോടിച്ച് യുവതി. ബെംഗളുരുവിലാണു സംഭവം. മാരുതി സ്വിഫ്റ്റ് കാര്‍ ഓടിച്ചിരുന്ന ദര്‍ശന്‍ എന്ന യുവാവും ടാറ്റ നിക്സണ്‍ കാര്‍ ഓടിച്ചിരുന്ന ശ്വേത എന്ന യുവതിയും തമ്മിലാണ് തര്‍ക്കമുണ്ടായത്. സംഭവത്തില്‍ ഇരുവരും അടക്കം അഞ്ചു പേരെ അറസ്റ്റ് ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ ‘ഇന്ത്യ ദി മോദി ക്വസ്റ്റ്യന്‍’ ഡോക്യുമെന്റെറിയില്‍ ബിബിസിക്കെതിരെ പരാതി. സുപ്രീം കോടതി അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ വിനീത് ജിന്‍ഡാലാണ് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ സഞ്ജയ് അറോറ ഐപിഎസിന് പരാതി നല്‍കിയത്. രാജ്യത്തെ ജനങ്ങളാണ് പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തത്. ഇവിടെ ഒരു ഗവണ്‍മെന്റുണ്ട്. ബിബിസിയുടെ ഡോക്യുമെന്ററി ലോകമെങ്ങുമുള്ള ഹിന്ദുക്കള്‍ക്കെതിരെ മുസ്ലിംകളെ ഇളക്കി വിടാനുള്ള ഗൂഢാലോചനയാണെന്നും വിനീത് പരാതി പങ്കുവച്ച് ട്വീറ്റ് ചെയ്തു.

ഭാരത് ജോഡോ യാത്രക്കിടെ ആദ്യമായി ടീഷര്‍ട്ടിനു മുകളില്‍ ജാക്കറ്റ് ധരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഉത്തരേന്ത്യയിലെ കൊടും തണുപ്പിലും ജാക്കറ്റ് ധരിക്കാതെ ടീ ഷര്‍ട്ട് മാത്രം ധരിച്ചായിരുന്നു രാഹുലിന്റെ പര്യടനം. ജമ്മു കാഷ്മീരിന്റെ പല ഭാഗങ്ങളിലും ചാറ്റല്‍ മഴ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ജാക്കറ്റുകൂടി ധരിച്ചത്.

ജമ്മുവില്‍ പര്യടനം നടത്തുന്ന രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്രയില്‍ സിയാച്ചിന്‍ ഹീറോയും പരംവീര്‍ ചക്ര ജേതാവുമായ ക്യാപ്റ്റന്‍ ബാനാ സിംഗും. ഒപ്പം നടക്കുന്ന ബാനാസിംഗിന്റെ ചിത്രം രാഹുല്‍ ട്വിറ്ററില്‍ പങ്കുവച്ചു.

റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയുടെ മുഖ്യാത്ഥിയായി ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുള്‍ ഫത്താ അല്‍ സിസി പങ്കെടുക്കും. 24 ന് അദ്ദേഹം ഇന്ത്യയിലെത്തും. അദ്ദേഹത്തോടൊപ്പം എത്തുന്ന 180 പേരടങ്ങുന്ന ഈജിപ്ഷ്യന്‍ സൈന്യവും റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കും.

മക്കളുണ്ടാകാന്‍ മനുഷ്യന്റെ അസ്ഥി പൊടിപ്പിച്ചു യുവതിയെക്കൊണ്ടു കഴിപ്പിച്ച ഭര്‍ത്താവിനേയും ദുര്‍മന്ത്രവാദിയേയും ഭര്‍ത്താവിന്റെ മാതാപിതാക്കളേയും അറസ്റ്റു ചെയ്തു. പൂനെയിലെ സിന്‍ഹാദ് പോലീസാണ് പ്രതികളെ പിടികൂടിയത്.

തമിഴ്നാട് ചെങ്കല്‍പേട്ടില്‍ പതിനേഴുകാരനെ കറക്ഷന്‍ ഹോമില്‍ മര്‍ദ്ദിച്ചു കൊന്ന കേസില്‍ ആറു ജീവനക്കാര്‍ അറസ്റ്റില്‍. ഗോകുല്‍ശ്രീ എന്ന പതിനേഴുകാരനാണ് കഴിഞ്ഞ മാസം 31 ന് മരിച്ചത്.

ഷാരൂഖ് ഖാനും ദീപിക പദുക്കോണും അഭിനയിച്ച ‘പഠാന്‍’ സിനിമ പ്രദര്‍ശിപ്പിച്ചാല്‍ തിയേറ്ററുകള്‍ ബോംബുവച്ച് തകര്‍ക്കുമെന്നു ഭീഷണിപ്പെടുത്തിയയാള്‍ അറസ്റ്റിലായി. തൗജി എന്ന് വിളിപ്പേരുന്ന സണ്ണി ഷാ എന്ന 33 കാരനെയാണ് അഹമ്മദാബാദ് സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെയും മുകുള്‍ റോയിയെയും കുറിച്ച് അപകീര്‍ത്തികരമായ കാര്‍ട്ടൂണ്‍ അയച്ചതിന് 11 വര്‍ഷം മുമ്പ് അറസ്റ്റിലായ ജാദവ്പൂര്‍ സര്‍വകലാശാലയിലെ പ്രൊഫ. അംബികേഷ് മഹാപാത്ര കുറ്റവിമുക്തനായി. കോടതി കുറ്റമുക്തനായി പ്രഖ്യാപിക്കുകയായിരുന്നു.

കാറില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ യാത്ര ചെയ്ത ഇന്ത്യന്‍ വംശജനായ ബ്രീട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന്റെ വീഡിയോ ബ്രിട്ടനില്‍ വൈറലായി. സംഭവത്തെ ‘വിധിയിലെ പിഴ’വെന്ന് പറഞ്ഞ് ഋഷി സുനക്ക് ക്ഷമാപണം നടത്തി. ബ്രിട്ടനില്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ 500 പൗണ്ടാണ് പിഴ.

ഹിന്ദു ദൈവങ്ങളെയും സംസ്‌കാരത്തെയും അവഹേളിക്കുന്ന സിനിമകളെ തടയാന്‍ ധര്‍മ്മ (മതം) സെന്‍സര്‍ ബോര്‍ഡ് രൂപീകരിച്ചെന്ന് പ്രമുഖ സന്ന്യാസി ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദ സരസ്വതി. താന്‍തന്നെയാണ് സെന്‍സര്‍ ബോര്‍ഡിന്റെ അധ്യക്ഷനെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഗൂഗിളിലും കൂട്ട പിരിച്ചുവിടല്‍. ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റില്‍ 12,000 പേരെ പിരിച്ചുവിടും. ആറു ശതമാനം ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ജീവിച്ചിരിപ്പുണ്ടോയെന്ന് അറിയില്ലെന്നു പരിഹസിച്ച് യുക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കി. ദാവോസില്‍ വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു സെലന്‍സ്‌കി. റഷ്യ- യുക്രൈന്‍ സമാധാന ചര്‍ച്ച എപ്പോള്‍ ആരംഭിക്കുമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനെതിരായ ലൈംഗികാരോപണം അന്വേഷിക്കാന്‍ ഒളിമ്പിക് അസോസിയേഷന്‍ ഏഴംഗ സമിതി നിയോഗിച്ചു. മേരി കോം, ഡോല ബാനര്‍ജി, അളകനന്ദ അശോക്, യോഗേശ്വര്‍ ദത്ത്, സഹദേവ് യാദവ് എന്നിവരും രണ്ട് അഭിഭാഷകരും സമിതിയിലുണ്ട്. ഫെഡറേഷന്‍ പിരിച്ചുവിടുന്നതുവരെ സമരം ശക്തമായി തുടരുമെന്നാണ് ഗുസ്തി താരങ്ങളുടെ നിലപാട്.

ഇന്ത്യാ ന്യൂസിലാണ്ട് രണ്ടാം ഏകദിനം ഇന്ന് ഇന്‍ഡോറില്‍. ഉച്ചക്ക് 1.30 മുതലാണ് മത്സരം ആരംഭിക്കുക. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യം മത്സരം വിജയിച്ച ഇന്ത്യ പരമ്പരയില്‍ മുന്നിലാണ്.

ബാഴ്‌സലോണയുടെയും ബ്രസീലിന്റേയും ഫുട്ബോള്‍ ഇതിഹാസമായ ഡാനി ആല്‍വസ് ലൈംഗികാതിക്രമ കേസില്‍ അറസ്റ്റിലായി. കഴിഞ്ഞ ഡിസംബറില്‍ ഒരു നൈറ്റ് ക്ലബില്‍ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് അറസ്റ്റ്.

ലോകത്തിലെ ഏറ്റവും മികച്ച സിഇഒ മാരുടെ പട്ടിക പുറത്തുവിട്ടു. ഇത്തവണ ഇന്ത്യന്‍ ശതകോടീശ്വരനായ മുകേഷ് അംബാനി രണ്ടാം സ്ഥാനമാണ് കരസ്ഥമാക്കിയിരിക്കുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാന്‍ കൂടിയാണ് മുകേഷ് അംബാനി. ബ്രാന്‍ഡ് മൂല്യനിര്‍ണയ കണ്‍സള്‍ട്ടന്‍സി ബ്രാന്‍ഡ് ഫിനാന്‍സിന്റെ 2023- ലെ ബ്രാന്‍ഡ് ഗാര്‍ഡിയന്‍ഷിപ്പ് സൂചിക പ്രകാരമാണ് അന്തിമ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. റിലയന്‍സിന്റെ ഗ്രീന്‍ എനര്‍ജിയിലേക്കുള്ള മാറ്റത്തിനും, ടെലികോം, റീട്ടെയില്‍ ശാഖകളുടെ വൈവിധ്യവല്‍ക്കരണത്തിനും മേല്‍നോട്ടം വഹിക്കുന്നത് മുകേഷ് അംബാനിയാണ്. ഇത്തരം ഘടകങ്ങള്‍ പരിഗണിച്ചതിനുശേഷമാണ് അന്തിമ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. പട്ടികയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് എന്‍വിഡിയ സിഇഒ ആയ ജെന്‍സന്‍ ഹുവാങ് ആണ്. ഇന്ത്യന്‍ വംശജരായ സിഇഒമാരില്‍ മൈക്രോസോഫ്റ്റിന്റെ സത്യ നാദെല്ല, ഗൂഗിളിന്റെ സുന്ദര്‍ പിച്ചൈ എന്നിവരെ പിന്തള്ളിയാണ് മുകേഷ് അംബാനി രണ്ടാം സ്ഥാനത്തേക്ക് കുതിച്ചത്. അതേസമയം, ഏറ്റവും ഉയര്‍ന്ന റാങ്കുള്ള വനിതാ സിഇഒ ലീന നായരാണ്. ആഡംബര ഫാഷന്‍ ബ്രാന്‍ഡായ ചാനലിന്റെ മേധാവിയാണ് ലീന നായര്‍.

അനില്‍ കപൂറും ആദിത്യ റോയി കപൂറും പ്രധാന വേഷത്തില്‍ എത്തുന്ന വെബ് സീരിസ് ‘ദ നൈറ്റ് മാനേജര്‍’ ട്രെയിലര്‍ ഇറങ്ങി. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ഈ ബിഗ് ബജറ്റ് സീരിസ് സ്ട്രീം ചെയ്യുക. ഫെബ്രുവരി 17 നാണ് സീരിസ് സ്ട്രീം ചെയ്യുക. ശാന്താനു സെന്‍ഗുപത എന്ന വേഷത്തിലാണ് സീരിസില്‍ ആദ്യത്യ റോയി കപൂര്‍ എത്തുന്നത്. സീരിസിലെ പ്രധാന വില്ലനാണ് അനില്‍ കപൂര്‍ ശൈലേന്ദ്ര രണ്‍ഗാല ‘ഷെല്ലി’ എന്നാണ് പേര്. ഷെല്ലിയുടെ കുറ്റകൃത്യ നെറ്റ്വര്‍ക്ക് ഒരു ഏജന്‍സിക്ക് വേണ്ടി തകര്‍ക്കാന്‍ എത്തുന്ന അണ്ടര്‍കവര്‍ ഏജന്റാണ് ആദ്യത്യ റോയി കപൂര്‍ സീരിസില്‍. 2016 ല്‍ ബിബിസി എയര്‍ ചെയ്ത ദ നൈറ്റ് മാനേജര്‍ എന്ന ഇംഗ്ലീഷ് സീരിസിന്റെ ഇന്ത്യന്‍ റീമേക്കാണ് ഇത്. ടോം ഹിഡില്‍സ്റ്റണും, ഹഗ് ലോറിയുമാണ് ഇതില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നത്. സൂസന്ന ബെയര്‍ ആണ് ഈ സീരിസ് ഡയറക്ട് ചെയ്തത്. ഗോള്‍ഡന്‍ ഗ്ലോബ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ഈ സീരിസ് നേടിയിരുന്നു. ശോഭിത ധൂളിപാലയാണ് സീരിസില്‍ നായിക കഥാപാത്രമായി എത്തുന്നത്. വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ് ഇത്.

വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിന് ശേഷം അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തുന്നു. ചിത്രത്തില്‍ ശോഭനയായിരിക്കും നായിക കഥാപാത്രത്തെ അവതരിപ്പിക്കുക എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മോഹന്‍ലാലിനൊപ്പം നിരവധി ഹിറ്റ് ചിത്രങ്ങളില്‍ ജോഡിയായിട്ടുള്ള ശോഭന വീണ്ടും നായികയാകും എന്ന വാര്‍ത്ത ആരാധകരില്‍ ഏറെ ആവേശമുണ്ടാക്കുന്നുണ്ട്. 2009-ല്‍ അമല്‍ നീരദിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘സാഗര്‍ എലിയാസ് ജാക്കി റീലോഡഡ്’ എന്ന സിനിമയിലാണ് ഇരുവരും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്. ബോളിവുഡ് താരം നസീറുദ്ദീന്‍ ഷാ, ഷെയിന്‍ നിഗം, മുകേഷ് എന്നിവരും ചിത്രത്തിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഷെയിന്‍ നിഗം മോഹന്‍ലാലിന്റെ മകന്റെ വേഷത്തിലാകുമെത്തുക എന്നും സൂചനകളുണ്ട്.

മാരുതി സുസുക്കി തങ്ങളുടെ പുതിയ പ്രീമിയം എസ്യുവിയായ ഗ്രാന്‍ഡ് വിറ്റാരയുടെ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി ആരംഭിച്ചു. കാമരാജര്‍ തുറമുഖത്ത് നിന്ന് ലാറ്റിനമേരിക്കയിലേക്കുള്ള ആദ്യ ബാച്ചുമായാണ് കമ്പനി പുത്തന്‍ കാല്‍വെപ്പ് നടത്തിയത്. ലാറ്റിനമേരിക്ക, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, ആസിയാന്‍ മേഖല എന്നിവയുള്‍പ്പെടെ വിവിധ പ്രദേശങ്ങളിലായി 60ലധികം രാജ്യങ്ങളിലേക്ക് വാഹനം കയറ്റുമതി ചെയ്യാനാണ് കമ്പനി പദ്ധതിയിടുന്നത്. 2022 ജൂലൈയില്‍ ലോഞ്ച് ചെയ്ത മോഡലാണ് ഗ്രാന്‍ഡ് വിറ്റാര. മാരുതി സുസുക്കി ഇന്ത്യ 2022ല്‍ തങ്ങളുടെ ഏറ്റവും ഉയര്‍ന്ന കയറ്റുമതി കണക്കുകള്‍ കൈവരിച്ചിരുന്നു. 2022ല്‍ കമ്പനി 2.6 ലക്ഷം വാഹനങ്ങളാണ് കയറ്റുമതി നടത്തിയത്. മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാരയുടെ അടിസ്ഥാന നോണ്‍-ഹൈബ്രിഡ് വേരിയന്റിന് 10.45 ലക്ഷം രൂപയിലാണ് (എക്‌സ്-ഷോറൂം) വില ആരംഭിക്കുന്നത്. ഇന്റലിജന്റ് ഇലക്ട്രിക് ഹൈബ്രിഡ് വേരിയന്റിന് 17.99 ലക്ഷം രൂപയാണ് (എക്‌സ്-ഷോറൂം) വില. മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാരയെ കൂടാതെ രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സബ്-ഫോര്‍ മീറ്റര്‍ എസ്യുവി ബ്രെസ്സയും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

പ്രേതനഗരങ്ങള്‍പോലെയാണ് പുസ്തകങ്ങള്‍ പലതും. വായിച്ചുതീര്‍ത്താലും താളുകളില്‍നിന്ന് ഭൂതാവിഷ്ടരുടെ വിലാപങ്ങള്‍ കണക്കെ ഓര്‍മ്മകള്‍ ഉതിര്‍ന്നുകൊണ്ടിരിക്കും. പ്രണയജിന്നുകളുടെ താളുകളില്‍നിന്നും അങ്ങനെ ഉയരുന്നുണ്ട്. ഉന്മാദത്തിന്റെയും വിഷാദത്തിന്റെയും നിഗൂഢതയുടെയും ആവിച്ചുരുളുകള്‍… ഭ്രമത്തിന്റെയും ഭയത്തിന്റെയും അടരുകള്‍ക്കിടയിലൂടെ കഥപ്രണയം വച്ചുനീട്ടുമ്പോഴും മനസ്സ് ഉടക്കിപ്പോകുന്നത് വിഭ്രാന്തിയുടെ ആ കെണിത്തുഞ്ചത്താകാം. വായനയുടെ വഴിയില്‍ കഥ കൈയേറുകയാണ് ജിന്നുകള്‍… കാലത്തിന്റെ പെരുങ്കടല്‍ കടന്നുവന്നവര്‍. ‘പ്രണയ ജിന്നുകള്‍’. റിഹന്‍ റഷീദ്. ഡിസി ബുക്സ്. വില 332 രൂപ.

ആരോഗ്യത്തോടൊപ്പം തന്നെ നമ്മുടെ മനസിനെയും സ്വഭാവത്തെയും ഭക്ഷണം സ്വാധീനിയ്ക്കും. ദേഷ്യം, കോപം എന്നിവ വര്‍ദ്ധിപ്പിക്കുന്ന പലതരം ഭക്ഷണങ്ങളുണ്ട്. എരിവും മസാലയുമുള്ള ഭക്ഷണങ്ങളാണ് ദേഷ്യം പിടിയ്ക്കാനുള്ള പ്രധാന കാരണം. പ്രത്യേകിച്ച് സ്‌ട്രെസ്സ് അനുഭവപ്പെടുന്ന സമയത്ത് ഇത്തരം ഭക്ഷണം കഴിയ്ക്കുമ്പോള്‍ ഇവ ദഹിയ്ക്കാന്‍ ബുദ്ധിമുട്ടുമാണ്. ഇവ നമ്മുടെ ശരീരത്തില്‍ ചൂടുണ്ടാക്കുകയും ദേഷ്യം വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യും. അതുപോലെ, ട്രാന്‍സ്ഫാറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ ദേഷ്യം വരുത്താന്‍ കാരണമാണ്. ഇവ ശരീരം ബാലന്‍സ് ചെയ്ത് നിര്‍ത്തുന്ന ഒമേഗ ത്രീ ഫാറ്റി ആസിഡ് സന്തുലനത്തെ ദോഷകരമായി ബാധിയ്ക്കുന്നു. ച്യൂയിംഗം, കൃത്രിമമധുരങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ സ്‌ട്രെസ് സംബന്ധമായ ദഹനപ്രശ്‌നങ്ങള്‍ വരുത്തും. ഇത് നമ്മളില്‍ അസ്വസ്ഥതയും ദേഷ്യവും ഉണ്ടാക്കും. കഫീന്‍ കൂടുതലായി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങള്‍ നമ്മുടെ ഉറക്കത്തെ ബാധിയ്ക്കുന്നവയാണ്. ഇത്തരം ഭക്ഷണങ്ങള്‍ ഹോര്‍മോണ്‍ ബാലന്‍സിനെ ബാധിയ്ക്കുകയും ദേഷ്യം വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യും. ചിപ്‌സ്, പിസ്ത, കുക്കീസ് തുടങ്ങിയ റിഫൈന്‍ഡ്, പ്രോസസ്ഡ് ഭക്ഷണങ്ങള്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വര്‍ദ്ധിപ്പിയ്ക്കും. ഇത് നമ്മുടെ മൂഡുമാറ്റവും ഇതിലൂടെ ദേഷ്യവും വരുത്തും. മറ്റൊരു പ്രധാന വില്ലനാണ് മദ്യം. ഇതിന്റെ അമിതമായ ഉപയോഗം തലച്ചോറിനെ ബാധിയ്ക്കുകയും തലച്ചോറിന്റെ സന്തുലിതാവസ്ഥയെ തകിടം മറിയ്ക്കുകയും ചെയ്യും. ഇതുമൂലം ദേഷ്യവും അസ്വസ്ഥതയും ഉണ്ടാകുന്നു.

*ശുഭദിനം*

*കവിത കണ്ണന്‍*

അശുദ്ധാത്മാക്കള്‍ ദൈവത്തോട് പരാതി പറഞ്ഞു. ഞങ്ങളുടെ വീട് വളരെ ചെറുതാണ്. എന്നാല്‍ വിശുദ്ധാത്മാക്കളുടെ ആകട്ടെ വലിയ വീടും. ദൈവം അതിന് പരിഹാരം കണ്ടെത്തി. രണ്ടുപേരും പുതിയ വീട് പണിയുക. അതിനുള്ള ഇഷ്ടികകള്‍ ഇവിടെ തന്നെയാണ് നിര്‍മ്മിക്കുക. ലോകത്തിലൊരാള്‍ നുണ പറയുമ്പോഴും സത്യം പറയുമ്പോഴും ഇവിടെ ഓരോ ഇഷ്ടികകള്‍ രൂപം കൊള്ളും. നിങ്ങള്‍ക്ക് ഏതാണ് വേണ്ടത്. നുണയാണ് കൂടുതല്‍ പറയപ്പെടാന്‍ സാധ്യത എന്ന് മനസ്സിലാക്കി അശുദ്ധാത്മാക്കള്‍ അത് തിരഞ്ഞെടുത്തു. അവരുടെ കൊട്ടാരത്തിന്റെ നിര്‍മ്മാണം കഴിഞ്ഞപ്പോഴും വിശുദ്ധാത്മാക്കളുടെ വീടിന്റെ അടിത്തറ പോലും തീര്‍ന്നിരുന്നില്ല. പക്ഷേ, ഒരു ദിവസം അശുദ്ധാത്മാക്കളുടെ വീട് കാണാതായി. കാരണമന്വേഷിച്ചെത്തിയ അവരോട് ദൈവം പറഞ്ഞു: നിങ്ങളുടെ ആളുകള്‍ പറഞ്ഞ കള്ളമെല്ലാം ഇന്നലെ പിടിക്കപ്പെട്ടു… പ്രവര്‍ത്തികളിലൂടെയാണ് വേര്‍തിരിക്കപ്പെടേണ്ടത്. ജനനത്തില്‍ ഇതിന് യാതൊരു പങ്കുമില്ല. പക്ഷേ, മരണം വരെയുള്ള കര്‍മ്മങ്ങള്‍ നോക്കി വിധിയെഴുതിയാല്‍ അവഗണിക്കപ്പെട്ട പലരും വിശിഷ്ടരാകുകയും വിശുദ്ധപദവി കല്‍പിച്ച പലരും അധമരാകുന്നതും കാണാം. അശുദ്ധവഴികളിലൂടെ സഞ്ചരിക്കുന്നവര്‍ അതിവേഗം ലക്ഷ്യത്തിലെത്തും. ഒപ്പുമുണ്ടായിരുന്നവര്‍ വേഗത്തില്‍ ഉയരുന്നത് കാണുമ്പോള്‍ അതേ വഴി പിന്തുടരാനുളള വശീകരണത്തെ അതിജീവിക്കുക എന്നതാണ് ശരിയായ വഴിയിലൂടെ സഞ്ചരിക്കുന്നവരുടെ ഏറ്റവും വലിയ വെല്ലുവിളി. അടിത്തറകള്‍ക്ക് ആത്മബലം നഷ്ടപ്പെട്ടാല്‍ പിന്നെ മേല്‍ക്കൂരകള്‍ പൊളിഞ്ഞുവീഴാന്‍ അധികസമയം വേണ്ടി വരില്ല. അതിനാല്‍ അടിത്തറകളുടെ ആത്മബലം കൂട്ടാന്‍ നമുക്ക് സാധിക്കട്ടെ – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *