yt cover 37

കുറ്റപത്രങ്ങള്‍ പൊതുരേഖ അല്ലെന്ന് സുപ്രിം കോടതി. അന്വേഷണ ഏജന്‍സികള്‍ വെബ് സെറ്റില്‍ പ്രസിദ്ധീകരിക്കേണ്ടതില്ല. പ്രസിദ്ധീകരിക്കുന്നതു പ്രതിയുടേയും ഇരയുടെയും അവകാശം ഹനിക്കപ്പെടുമെന്നും കോടതി നിരീക്ഷിച്ചു.

ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചനക്കേസില്‍ മുന്‍ ഡിജിപി സിബി മാത്യൂസ് അടക്കം ആറു പ്രതികള്‍ക്കും മുന്‍കൂര്‍ ജാമ്യം. ഒന്നാം പ്രതി വിജയന്‍, രണ്ടാം പ്രതി തമ്പി എസ് ദുര്‍ഗാദത്ത്, പതിനൊന്നാം പ്രതിയും മുന്‍ ഐബി ഉദ്യോഗസ്ഥനുമായ പി.എസ് ജയപ്രകാശ്, ആര്‍ ബി ശ്രീകുമാര്‍, വി കെ മൈന അടക്കമുള്ളവര്‍ക്കാണ് ജാമ്യം അനുവദിച്ചത്.

ഗുണ്ടകളും മണ്ണ് മാഫിയയുമായി ബന്ധമുള്ള തിരുവനന്തപുരം മംഗലപുരം പോലീസ് സ്റ്റേഷനിലെ എല്ലാ പോലീസുകാരേയും മാറ്റി. അഞ്ചു പൊലീസുകാരെ സസ്പെന്‍ഡു ചെയ്തു. 25 പേരെ സ്ഥലം മാറ്റി. സ്റ്റേഷനിലെ സ്വീപ്പര്‍ തസ്തികയിലുള്ളവരെ മാറ്റിയില്ല. എസ്എച്ച്ഒ സജേഷ് അടക്കമുള്ളവരെയാണ് സസ്പെന്‍ഡു ചെയ്തത്.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്. ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

ഗുജറാത്ത് കലാപത്തെക്കുറിച്ചു സംപ്രേക്ഷണം ചെയ്ത ഡോക്യുമെന്ററിയില്‍ ഇന്ത്യന്‍ സര്‍ക്കാരിനോടു വിശദീകരണം തേടിയിരുന്നെന്നും എന്നാല്‍ സര്‍ക്കാര്‍ പ്രതികരിച്ചില്ലെന്നും ബിബിസി. വിശദമായ ഗവേഷണം നടത്തിയാണ് ഡോക്യുമെന്ററി തയാറാക്കിയത്. ബിജെപി നേതാക്കളുടേതടക്കമുള്ള അഭിപ്രായങ്ങള്‍ ഉള്‍പെടുത്തിയിട്ടുണ്ടെന്നും ബിബിസി. ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു പങ്കുണ്ടെന്നും മോദി വംശഹത്യ കുറ്റവാളിയാണെന്നുമുള്ള ബ്രിട്ടീഷ് സര്‍ക്കാരിന്റെ രഹസ്യ രേഖയെ ആധാരമാക്കിയാണു ബിബിസി പ്രോഗ്രാം അവതരിപ്പിച്ചത്.

വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ പതിനായിരം രൂപ കൈക്കൂലി വാങ്ങിയ തഹസില്‍ദാറെ വിജിലന്‍സ് അറസ്റ്റു ചെയ്തു. ഇടുക്കിയിലെ തഹസില്‍ദാര്‍ ജയേഷ് ചെറിയാനെയാണ് അറസ്റ്റു ചെയ്തത്.

മദ്യപിക്കാന്‍ പണമുണ്ടാക്കാന്‍ ഹോട്ടലില്‍ ഭക്ഷ്യസുരക്ഷാ പരിശോധന നടത്തിയ സസ്പെന്‍ഷനിലുള്ള ആരോഗ്യവകുപ്പ് ജീവനക്കാരനും കൂട്ടുകാരനും പിടിയിലായി. കാഞ്ഞിരംകുളം പാമ്പുകാല ഊറ്റുകുഴി സ്വദേശി ചന്ദ്രദാസ് (42), ഇയാളുടെ സുഹൃത്ത് പരണിയം വഴിമുക്ക് ചെമ്പനാവിള വീട്ടില്‍ ജയന്‍ (47) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. പിഴയായി 500 രൂപയെങ്കിലും അടയ്ക്കണമെന്ന് കാഞ്ഞിരംകുളം ചാവടിയിലെ ഹോട്ടലുടമയോട് ആവശ്യപ്പെട്ട ഇവരെ സംശയംതോന്നി പോലീസില്‍ അറിയിക്കുകയായിരുന്നു.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

കെപിസിസി പുനസംഘടനയ്ക്കു പുറമേ, മഹിളാ കോണ്‍ഗ്രസ് പുനസംഘടനയും അനിശ്ചിതമായി നീളുന്നു. മഹിളാ കോണ്‍ഗ്രസിനു സംസ്ഥാന പ്രസിഡന്റായി ജെബി മേത്തറിനെ പ്രഖ്യാപിച്ച് ഒരു വര്‍ഷമായിട്ടും ഭാരവാഹികളെ തീരുമാനിക്കാന്‍ കഴിഞ്ഞിട്ടില്ല. ഭാരവാഹിത്വം ഗ്രൂപ്പുകള്‍ക്കിടയില്‍ വീതംവയ്ക്കുന്നതു സംബന്ധിച്ച തര്‍ക്കമാണു കാരണം. ഭാരവാഹിത്വം വാഗ്ദാനം ലഭിച്ച വനിതാ നേതാക്കള്‍ നിരാശരായ അവസ്ഥയാണ്.

ശശി തരൂര്‍ വിഷയത്തില്‍ സ്വകാര്യമായി സംസാരിച്ച കാര്യങ്ങളാണു മാധ്യമവാര്‍ത്തയായതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ശശി തരൂരിനോടു നേരിട്ട് കാര്യങ്ങള്‍ സംസാരിച്ചിരുന്നു. ഇനി പ്രതികരണത്തിനില്ലെന്നും സുധാകരന്‍ പറഞ്ഞു.

കെപിസിസി മുന്‍ ട്രഷറര്‍ പ്രതാപചന്ദ്രന്റെ മരണം ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണര്‍ അന്വേഷിക്കും. പ്രതാപചന്ദ്രന്റെ മക്കള്‍ മുഖ്യമന്ത്രിക്കു പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് അന്വേഷണം.

പിവി അന്‍വര്‍ എംഎല്‍എ മൂന്നാം ദിവസവും ഇഡിക്ക് മുന്നില്‍ ഹാജരായി. അന്‍വറിന്റെ പത്തു വര്‍ഷത്തെ സാമ്പത്തിക ഇടപാടുകള്‍ ഇഡി പരിശോധിച്ചു വരികയാണ്.

നെടുകണ്ടം ജോയിന്റ് ആര്‍ടിഒ ഓഫീസ് തല്ലിതകര്‍ത്ത സംഭവത്തില്‍ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമയെ അറസ്റ്റ് ചെയ്തു. മംഗലശേരിയില്‍ ജയചന്ദ്ര (51) നെയാണ് അറസ്റ്റ് ചെയ്തത്. ഒരു വാഹനത്തിനു ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടിവിലാണ് ഡ്രൈവിംഗ് സ്‌കൂള്‍ ഉടമ അക്രമാസക്തനായി ജോയിന്റ് ആര്‍ടിഒ ഓഫീസ് തല്ലിത്തകര്‍ത്തത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അമ്മയുടെ സുഹൃത്തിന് ആറു കൊല്ലം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷ. തൃശൂര്‍ ചിറ്റിലപ്പിള്ളി സ്വദേശി പാട്ടത്തില്‍ വിനയനെയാണ് ശിക്ഷിച്ചത്. അമ്മ പിന്നീട് ആത്മഹത്യ ചെയ്തു.

ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമിതനാകുന്ന കെ വി തോമസ് ശമ്പളമില്ലാതെ ജോലി ചെയ്യുകയാണെങ്കില്‍ സ്വാഗതം ചെയ്യുമെന്ന് എല്‍ ജെ ഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം മടവൂര്‍. വന്‍തുക പെന്‍ഷന്‍ വാങ്ങുന്ന തോമസ് ശമ്പളം വാങ്ങുകയാണെങ്കില്‍ പുച്ഛമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

കമ്പിക്കു പകരം തടി ഉപയോഗിച്ച് കോണ്‍ക്രീറ്റ് ചെയ്ത റാന്നി വലിയപറമ്പടി ബണ്ട് പാലം റോഡിന്റെ സംരക്ഷണ ഭിത്തി പുനര്‍ നിര്‍മ്മിക്കും. തദ്ദേശ വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എന്‍ജിനിയറുടെ നിര്‍ദേശ പ്രകാരമാണ് വീണ്ടും സംരക്ഷണ ഭിത്തി നിര്‍മിക്കുന്നത്. വിവാദമായതോടെ ആ പണി തങ്ങളുടേതല്ലെന്ന് മരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഫേസ് ബുക്കില്‍ കുറിച്ചിരുന്നു.

ഇടുക്കി കൊടികുത്തിക്കു സമീപം വിനോദ സഞ്ചരികള്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 21 പേര്‍ക്കു പരിക്ക്. സാരമായി പരിക്കേറ്റ എട്ടു പേരെ കോട്ടയം മെഡിക്കല്‍ കോളജിലും ബാക്കിയുള്ളവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കൊച്ചി കലൂരിലെ ചെരുപ്പു കമ്പനി കത്തി നശിച്ചു. കമ്പനി കത്തിച്ചതെന്നാണ് ലിബ കമ്പനിയുടെ ഉടമ ബിഹാര്‍ സ്വദേശി മുര്‍ഷിദ് പോലീസില്‍ പരാതി നല്‍കിയത്.

മലക്കപ്പാറയില്‍ അര്‍ധരാത്രിയോടെ കാട്ടാന വീട് തകര്‍ത്തു. തോട്ടം തൊഴിലാളിയുടെ വീടിന്റെ പുറകുവശമാണു തകര്‍ത്തത്. അടുക്കള ഭാഗത്ത് സൂക്ഷിച്ചിരുന്ന ഡ്രമ്മില്‍നിന്ന് വെള്ളം കുടിച്ച ശേഷം ആന സ്ഥലംവിട്ടു.

ത്രിപുരയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സിപിഎമ്മും കോണ്‍ഗ്രസും സംയുക്ത റാലി നടത്തും. പാര്‍ട്ടി പതാകകള്‍ക്കു പകരം ദേശീയ പതാക ഉപയോഗിച്ചാണു റാലി. സീറ്റു വിഭജന ചര്‍ച്ച പൂര്‍ത്തിയായിട്ടില്ല. ഫെബ്രുവരി 16 നാണു പോളിംഗ്.

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജമ്മു കാഷ്മീരില്‍ നടന്നുകൊണ്ടുതന്നെ പൂര്‍ത്തിയാക്കുമെന്നു കോണ്‍ഗ്രസ്. സുരക്ഷാ പ്രശ്നങ്ങളുള്ളതിനാല്‍ വാഹനത്തില്‍ പോകണമെന്ന് കേന്ദ്ര സുരക്ഷാ ഏജന്‍സികള്‍ നിര്‍ദേശിച്ചിരുന്നു. ഹാറ്റ്ലി മോറില്‍ നിന്ന് ആരംഭിച്ച പദയാത്ര ഇന്ന് ചഡ്വാളിയില്‍ അവസാനിക്കും.

ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കില്ലെന്ന് സിപിഎം. കേരള ഘടകത്തിന്റെ എതിര്‍പ്പുമൂലമാണ് യാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചത്. സിപിഐ പങ്കെടുക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.

ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ തെലങ്കാനയിലും പോര്. റിപ്പബ്ലിക്ദിന പരിപാടിയിലെ പ്രസംഗത്തിന്റെ പകര്‍പ്പ് നേരത്തേ വേണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന് കത്തയച്ചു. സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടില്ല.

മുന്‍ ഡിഎംകെ വക്താവ് ശിവാജി കൃഷ്ണമൂര്‍ത്തി അധിക്ഷേപിച്ചെന്ന് ആരോപിച്ച് തമിഴ്നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി കോടതിയെ സമീപിച്ചു. തമിഴ്നാട് സര്‍ക്കാര്‍ തയ്യാറാക്കിയ പ്രസംഗം നിയമസഭയില്‍ വായിക്കാത്ത ഗവര്‍ണര്‍ കാഷ്മീരിലേക്കു പോകണമെന്നും ഭീകരവാദികള്‍ വെടിവച്ച് വീഴ്ത്തുമെന്നും പ്രസംഗിച്ച ശിവാജി കൃഷ്ണമൂര്‍ത്തിയെ ഡിഎംകെ സസ്പെന്‍ഡു ചെയ്തിരുന്നു.

കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പത്തു വര്‍ഷത്തെ തടവുശിക്ഷാവിധി സ്റ്റേ ചെയ്യണമെന്ന ലക്ഷദ്വീപ് മുന്‍ എം പി മുഹമ്മദ് ഫൈസലിന്റെ ഹര്‍ജി തിങ്കളാഴ്ചത്തേക്കു മാറ്റി. വിധി സ്റ്റേ ചെയ്യുന്നതിനെ പറ്റി ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്ന് ഹൈക്കോടതി. സ്റ്റേ ചെയ്യാന്‍ പരിഗണിക്കുന്നുണ്ടെങ്കില്‍ വാദത്തിന് കൂടുതല്‍ സമയം വേണമെന്നു കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ എംപി മുഹമ്മദ് ഫൈസല്‍ സമര്‍പ്പിച്ച ഹര്‍ജി 27 ന് സുപ്രീംകോടതി പരിഗണിക്കും. ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഫെബ്രുവരി ആദ്യവാരം പുറത്തിറങ്ങാനിരിക്കേയാണ് കേസ് ഫയല്‍ ചെയ്തത്.

ഗുസ്തി താരങ്ങള്‍ ആരോപണങ്ങള്‍ ഉന്നയിച്ചു സമരം നടത്തുന്നതിനിടെ ആരോപണ വിധേയനായ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ സിംഗ് ഗുസ്തി താരത്തെ പൊതുവേദിയില്‍ മുഖത്തടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ റാഞ്ചിയില്‍ നടന്ന അണ്ടര്‍ 15 ദേശീയ ഗുസ്തി ചാമ്പ്യന്‍ഷിപ്പിനിടെയാണ് മുഖത്ത് അടിച്ചത്.

ഡല്‍ഹിയില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാളിനു നേരെയുണ്ടായ അതിക്രമം അവരുടെ നാടകമെന്ന് ബിജെപി. എന്നാല്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ വനിതാ കമ്മീഷന്‍ പുറത്തു വിട്ടു. സ്ത്രീകള്‍ക്കെതിരായ അതിക്രമം പരിശോധിക്കാന്‍ വനിതാ കമ്മീഷനിലെ ഉദ്യോഗസ്ഥരുമൊത്തു പുലര്‍ച്ചെ മൂന്നരയോടെ പരിശോധന നടത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. അറസ്റ്റിലായ കാറുടമ കാര്‍ നിര്‍ത്തി സ്വാതി മലിവാളിനോടു കാറില്‍ കയറാന്‍ ആവശ്യപ്പെടുന്നതും അയാളെ പിടികൂടാന്‍ കാറിലേക്കു കൈയിട്ടപ്പോഴേക്കും കാറെടുത്തു പോയതോടെ 15 മീറ്ററോളം വലിച്ചിഴയ്ക്കപ്പെട്ടതുമായ ദൃശ്യമാണ് പുറത്തുവിട്ടത്.

ഡല്‍ഹി ആര്‍എംഎല്‍ ആശുപത്രിയില്‍നിന്ന് പിരിച്ചുവിട്ട മലയാളി നഴ്സുമാര്‍ ജന്തര്‍മന്തറില്‍ പ്രതിഷേധ സമരം നടത്തി. കേന്ദ്രആരോഗ്യമന്ത്രിക്ക് എംപിമാര്‍ അടക്കം നിവേദനം നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ലെന്ന് അവര്‍ ആരോപിച്ചു.

ഡല്‍ഹിയില്‍ പ്രാക്ടിക്കല്‍ പരീക്ഷയ്ക്കിടെ അധ്യാപകനെ പ്ലസ് ടു വിദ്യാര്‍ത്ഥി കത്തികൊണ്ട് കുത്തി വീഴ്ത്തി. ഇന്ദര്‍പുരി മേഖലയിലെ സര്‍ക്കാര്‍ സ്‌ക്കൂളില്‍ ഭൂദേവ് എന്ന അധ്യാപകനെയാണു കുത്തിയത്.

നര്‍മ്മദ താഴ്വരയില്‍നിന്ന് 256 ദിനോസര്‍ മുട്ടകളുടെ ഫോസില്‍ കണ്ടെത്തിയെന്ന് പഠനം. മധ്യപ്രദേശിലെ ബാഗ് കുക്ഷി ഗ്രാമത്തിനടുത്ത് നിന്ന് 2017 നും 2020 നും ഇടയിലാണ് ഇവ കണ്ടെത്തിയത്. 92 ഇടങ്ങളില്‍ നിന്നായാണ് ഇവ കണ്ടെത്തിയതെന്നാണ് ഡല്‍ഹി സര്‍വ്വകലാശാലയിലെ ഗവേഷകരുടെ കണ്ടെത്തല്‍.

കേരളത്തില്‍ ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന വില ഇന്ന് കുതിച്ചുയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 280 രൂപയാണ് ഉയര്‍ന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 41,880 രൂപയായി. ആഗോള വിപണിയിലെ ചാഞ്ചാട്ടങ്ങളാണ് ഇവിടെയും പ്രതിഫലിച്ചത്. രാജ്യാന്തര വിപണിയില്‍ സ്പോട്ട് സ്വര്‍ണവില 1930 ഡോളര്‍ കടന്നു. ഈ റെക്കോര്‍ഡ് വിലയിലേക്ക് എത്തിയതിനെ തുടര്‍ന്നാണ് ആഭ്യന്തര വിപണിയിലും സ്വര്‍ണവില വലിയ ചാഞ്ചാട്ടങ്ങള്‍ക്ക് വിധേയമായത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 35 രൂപ ഉയര്‍ന്ന് 5235 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. 30 രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4330 രൂപയാണ്. 2020 ഓഗസ്റ്റ് 5 ന് ശേഷമുളള ഉയര്‍ന്ന വിലയാണ് ഇന്ന്. ഗ്രാമിന് 5100 രൂപയായിരുന്നു അന്നത്തെ സ്വര്‍ണ വില. 2020 ആഗസ്റ്റ് 7, 8, 9 തിയ്യതികളിലാണ് സ്വര്‍ണത്തിന് റെക്കോര്‍ഡ് വിലയുണ്ടായിരുന്നത്. 5250 രൂപയായിരുന്നു അന്നത്തെ വില. സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില ഇന്നലെ ഒരു രൂപ കുറഞ്ഞിരുന്നു. വിപണി വില 74 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയായി തന്നെ തുടരുന്നു.

അങ്ങനെ വാട്‌സ്ആപ്പില്‍ ‘വോയിസ് നോട്ടുകള്‍’ സ്റ്റാറ്റസാക്കാനുള്ള ഫീച്ചര്‍ എത്തി. ആന്‍ഡ്രോയ്ഡ് യൂസര്‍മാരില്‍ വാട്സ്ആപ്പ് ബീറ്റയുടെ 2.23.2.8 എന്ന പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്തവര്‍ക്ക് പുതിയ ഫീച്ചര്‍ ഉപയോഗിച്ചുതുടങ്ങാം. നിലവില്‍ ടെക്സ്റ്റുകളും വിഡിയോകളും ചിത്രങ്ങളുമാണ് വാട്‌സ്ആപ്പില്‍ സ്റ്റാറ്റസായി വെക്കാനുള്ള സൗകര്യമുള്ളത്. എന്നാല്‍, ഇനി മുതല്‍ നിങ്ങള്‍ക്ക് പറയാനുള്ള കാര്യം ശബ്ദ സന്ദേശങ്ങളായും സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യാം. 30 സെക്കന്‍ഡാണ് റെക്കോഡിങ് സമയം. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡായാണ് വോയിസ് നോട്ടുകള്‍ സ്റ്ററ്റാസായി പങ്കുവെക്കപ്പെടുക. റെക്കോര്‍ഡ് ചെയ്ത ശബ്ദ സന്ദേശങ്ങള്‍ ക്യാന്‍സല്‍ ചെയ്യാനും പിന്നീട് നീക്കം ചെയ്യാനുമൊക്കെ യൂസര്‍മാര്‍ക്ക് കഴിയും. 24 മണിക്കൂറുകള്‍ കഴിഞ്ഞാല്‍ മറ്റ് സ്റ്റാറ്റസുകള്‍ പോലെ വോയിസ് നോട്ടുകള്‍ മാഞ്ഞുപോവുകയും ചെയ്യും. വൈകാതെ തന്നെ ഫീച്ചര്‍ മറ്റ് യൂസര്‍മാരിലേക്ക് എത്തും. എങ്ങനെ വോയിസ് സ്റ്റാറ്റസ് വെക്കാമെന്ന് നോക്കാം. വാട്‌സ്ആപ്പ് തുറന്നാല്‍ കാണുന്ന സ്റ്റാറ്റസുകള്‍ക്കായുള്ള സെക്ഷനിലേക്ക് പോവുക. ടെക്സ്റ്റുകളും ലിങ്കുകളും സ്റ്റാറ്റസായി വെക്കാന്‍ ഏറ്റവും താഴെയായി പെന്‍സിലിന്റെ ചിഹ്നമുള്ള ഒരു ബട്ടണ്‍ നല്‍കിയതായി കാണാം. അതില്‍ ക്ലിക്ക് ചെയ്താല്‍ വലത്തേ അറ്റത്തായി വോയിസ് നോട്ടുകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ പുതിയൊരു ബട്ടണ്‍ വന്നതായി കാണാം.

യാഥാസ്ഥിതിക തമിഴ് കുടുംബത്തിലെ വിദ്യാര്‍ത്ഥിനിയുടെ സ്വപ്നവും അതിലേക്കുള്ള ദൂരവും പ്രമേയമാകുന്ന തമിഴ് വെബ് സീരീസ് ‘അയാലി’ 26ന് പുറത്തിറങ്ങും. മലയാളിയുടെ പ്രിയ നടി അനുമോള്‍ ‘കുറുവമ്മാള്‍’ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘അയാലി’ സീ 5 ഒറിജിനല്‍സിലാണ് എത്തുന്നത്. ‘വീരപ്പണ്ണായി ‘ഗ്രാമത്തിലെ സ്ത്രീകളെ അടിച്ചമര്‍ത്തുന്ന, ഭയാനകമായ പഴക്കമുള്ള ആചാരങ്ങളെയും പാരമ്പര്യങ്ങളെയും ധിക്കരിച്ച് ഡോക്ടറാകാനുള്ള തന്റെ സ്വപ്നത്തിലേക്കുള്ള പെണ്‍കുട്ടിയുടെ ജീവിതമാണ് കഥാ പശ്ചാത്തലം. അഭി നക്ഷത്രയും അനുമോളുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എട്ട് എപ്പിസോഡുകളായി പുറത്തിറങ്ങുന്ന അയാലിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ‘അയാലി’ നവാഗതനായ മുത്തുകുമാറാണ് സംവിധാനം ചെയ്യുന്നത്. മുത്തുകുമാര്‍, വീണൈ മൈന്താന്‍, സച്ചിന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. അതിഥി താരമായി ലക്ഷ്മി പ്രിയ ചന്ദ്രമൗലി, സ്മൃതി വെങ്കട്, ഭഗവതി പെരുമാള്‍ എന്നിവരും എത്തുന്നു.

മാത്യു തോമസും മാളവിക മോഹനനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ക്രിസ്റ്റി. നവാഗതനായ ആല്‍വിന്‍ ഹെന്റിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മാളവിക മോഹനന്‍ നായികയാകുന്ന പുതിയ ചിത്രം ഫെബ്രുവരി റിലീസായിരിക്കും. അക്ഷരങ്ങളുടെ ‘ലോകത്തെ പ്രതിഭാധനന്മാര്‍ എന്നു വിശേഷിപ്പിക്കാവുന്ന ബെന്യാമനും ജി ആര്‍ ഇന്ദുഗോപനും ഒത്തുചേര്‍ന്ന് തിരക്കഥ രചിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. യുവനിരയിലെ ശ്രദ്ധേയരായ നടന്‍ മാത്യു തോമസ് ചിത്രത്തില്‍ ‘ക്രിസ്റ്റി’ എന്ന നായക കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ആനന്ദ് സി ചന്ദ്രന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം. പൂവാര്‍ ഒരു സിനിമയുടെ പശ്ചാത്തലമാകുന്നത് ഇതാദ്യമാണ്. കടലും കായലും ചേരുന്ന പൊഴി പൂവാറിന്റെ മറ്റൊരു പ്രത്യേകതയാണ്. ഈ പ്രദേശത്തിന്റെ സംസ്‌കാരവും, ആചാരവും, ഭാഷയുമൊക്കെ പഞ്ചാത്തലമാക്കിയാണ് ചിത്രത്തിന്റെ അവതരണം. ജോയ് മാത്യു, വിനീത് വിശ്വം രാജേഷ് മാധവന്‍, മുത്തുമണി. ജയാ എസ് കുറുപ്പ് , വീണാ നായര്‍ മഞ്ജു പത്രോസ്, സ്മിനു സിജോ, എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വിപണിയില്‍ എത്തുന്നതിന് മുന്നോടിയായി സി3 ഇലക്ട്രിക് പതിപ്പ് പ്രദര്‍ശിപ്പിച്ച് സിട്രോണ്‍. ഇന്ത്യന്‍ വിപണിയിലുള്ള സി3യുടെ ഇലക്ട്രിക് പതിപ്പിന്റെ ബുക്കിങ് ജനുവരി 22ന് ആരംഭിക്കും എന്നാണ് കമ്പനി അറിയിക്കുന്നത്. വാഹനത്തിന്റെ വില കമ്പനി ഉടന്‍ പ്രഖ്യാപിക്കും. പെട്രോള്‍ പതിപ്പുമായി കാര്യമായ വ്യത്യാസമില്ലാതെയാണ് വാഹനം പുറത്തിറങ്ങിയിരിക്കുന്നത്. ഇന്റീരിയറിനും ബോഡി പാനലുകള്‍ക്കും മാറ്റങ്ങളൊന്നുമില്ല. ഷാസിയില്‍ ഉറപ്പിച്ച ബാറ്ററിയുമായിട്ടാണ് സി3 ഇലക്ട്രിക്കിന്റെ വരവ്. 29.2 കിലോവാട്ട് അവര്‍ ബാറ്ററി പാക്കാണ് വാഹനത്തിന്. ഒറ്റ ചാര്‍ജില്‍ 320 കിലോമീറ്റര്‍ സി3 ഇലക്ട്രിക് സഞ്ചരിക്കും എന്നാണ് എആര്‍എഐ സാക്ഷ്യപ്പെടുത്തുന്നത്. സിസിഎസ് 2 ഫാസ്റ്റ് ചാര്‍ജിങ് കപ്പാസിറ്റിയുള്ള 3.3 കിലോവാട്ട് ചാര്‍ജറാണ് വാഹനത്തിന്. ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ പത്തില്‍ നിന്ന് 80 ശതമാനം ചാര്‍ജ് ആകാന്‍ 57 മിനിറ്റ് മാത്രം മതി. ഹോം ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 100 ശതമാനം ചാര്‍ജ് ചെയ്യാന്‍ 10.5 മണിക്കൂര്‍ മാത്രം മതി. 57 എച്ച്പി കരുത്തും 143 എന്‍എം ടോര്‍ക്കുമുള്ള മോട്ടറാണ് വാഹനത്തിലുള്ളത്. 60 കിലോമീറ്റര്‍ വേഗത്തില്‍ 6.8 സെക്കന്റില്‍ എത്തുന്ന വാഹനത്തിന്റെ ഉയര്‍ന്ന വേഗം 107 കിലോമീറ്റാണ്.

ആരോഗ്യരംഗത്തിന് നമ്മുടെ ദേശം നല്‍കിയ അനര്‍ഘസംഭാവനയാണ് യോഗ. ശാരീരികവും മാനസികവും ആത്മീയവുമായ ഉണര്‍ച്ചയും ഉന്നതിയുമാണ് യോഗയുടെ ഉണ്‍മയും ഉന്നവും. വ്യായാമരീതി എന്നതിലുപരി ഇതൊരു ജീവിതപദ്ധതിയാണ്; ശരീരത്തെ രോഗമുക്തമാക്കുന്ന, മനസ്സിനെ സംഘര്‍ഷരഹിതമാക്കുന്ന സാധന. അവനവനില്‍ കുടികൊള്ളുന്ന ആത്മശക്തിയെ തിരിച്ചറിയുവാനും ജീവിതത്തിന്റെ ശുഭതാളം നിലനിര്‍ത്തുവാനും ഈ സിദ്ധി നിങ്ങളെ സഹായിക്കും. യോഗയുടെ പ്രസക്തി വിശ്വമാകെ ഇന്ന് അംഗീകരിക്കപ്പെടുന്നു. അതിശയകരമായ ഈ ഭാരതീയശാസ്ത്രത്തെ സമഗ്രവും ആധികാരികവുമായി പരിചയപ്പെടുത്തുകയാണ്, യോഗാപരിശീലകന്‍കൂടിയായ ഗ്രന്ഥകാരന്‍ ഇതില്‍. ‘യോഗാമൃതം’. ആചാര്യ സുരേഷ് യോഗി. എച്ച് & സി ബുക്സ്. വില 200 രൂപ.

ഓര്‍മ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന പല മാര്‍ഗങ്ങളുമുണ്ട്. മെഡിറ്റേഷന്‍ അല്ലെങ്കില്‍ യോഗ ചെയ്യുന്നത് മനസിന് എനര്‍ജി സഹായിക്കും. അതുപോലെ ‘സ്‌ട്രെസ്’, ഉത്കണ്ഠ, വിരസത എന്നിവ അകറ്റാനും സഹായിക്കും. ഇവയെല്ലാം ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ശരിയായ ഉറക്കം തലച്ചോറിന് എപ്പോഴും ആവശ്യമാണ്. ഉറക്കക്കുറവ്, ആഴത്തിലുള്ള ഉറക്കം ലഭിക്കാതിരിക്കുക, ഉറക്കം പതിവായി മുറിയുക എന്നിവയെല്ലാം ഓര്‍മ്മയെ ബാധിക്കാം. അതിനാല്‍ കൃത്യമായ-ആഴത്തിലുള്ള ദീര്‍ഘമായ ഉറക്കം എന്നും ഉറപ്പാക്കുക. ശരീരത്തിന് മാത്രമല്ല മനസിനും വ്യായാമം ആവശ്യമാണ്. ചില ഗെയിമുകളിലേര്‍പ്പെടുന്നത് ഇത്തരത്തില്‍ ഓര്‍മ്മ ശക്തിയെ മെച്ചപ്പെടുത്തിയേക്കാം. ചെസ്, സുഡോകോ എല്ലാം ഉദാഹരണങ്ങളാണ്. അതുപോലെ എന്തിനും ഏതിനും ഇന്റര്‍നെറ്റ് വിവരങ്ങളെ ആശ്രയിക്കുന്നതിന് പകരം നമ്മള്‍ തന്നെ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുക. പതിവായി ഒരേ കാര്യങ്ങള്‍ മാത്രം ചെയ്യുകയും ഒരുപോലെ ചിന്തിക്കുകയും ചെയ്യുമ്പോള്‍ തലച്ചോര്‍ പരിമിതമായി പ്രവര്‍ത്തിക്കാന്‍ കാരണമാകും. അതിനാല്‍, പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിനും പരിശീലിക്കുന്നതിനും സമയം കണ്ടെത്തുക. ഇവ ചിന്താശേഷിയെ സ്വാധീനിക്കുകയും ഓര്‍മ്മശക്തി വര്‍ദ്ധപ്പിക്കുകയും ചെയ്യും. പതിവായി വ്യായാമം ചെയ്യുന്നതും ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായകമാണ്. വ്യായാമം ചെയ്യുമ്പോള്‍ ശാരീരികമായ പ്രവര്‍ത്തനങ്ങളെല്ലാം സുഗമമായി പോകുന്നു. ഇത് തലച്ചോറിനെയും നല്ലരീതിയില്‍ സ്വാധീനിക്കുന്നു. പുറംലോകവുമായി കാര്യമായി ബന്ധം പുലര്‍ത്താതെ ജീവിക്കുന്നവരുണ്ട്. ഇവരില്‍ മറവി കൂടുതലായി കാണാം. സ്വയം സമൂഹത്തിലേക്കിറങ്ങി ഇടപെടലുകള്‍ നടത്തുന്നതിലൂടെയും സൗഹൃദങ്ങളിലും മറ്റും സജീവമാകുന്നതിലൂടെയും ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. നാം കഴിക്കുന്ന ഭക്ഷണവും നമ്മുടെ ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യത്തെ സ്വാധീനിക്കുന്നുണ്ട്. പോഷകങ്ങളടങ്ങിയ ഭക്ഷണം കഴിക്കുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ നല്ലരീതിയില്‍ സ്വാധീനിക്കുന്നു. ബദാം, ഡാര്‍ക് ചോക്ലേറ്റ്, മഞ്ഞള്‍ തുടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പ്രത്യേകിച്ചും ഓര്‍മ്മ ശക്തിക്ക് നല്ലതാണ്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 81.17, പൗണ്ട് – 100.30, യൂറോ – 88.04, സ്വിസ് ഫ്രാങ്ക് – 88.33, ഓസ്ട്രേലിയന്‍ ഡോളര്‍ – 56.37, ബഹറിന്‍ ദിനാര്‍ – 215.22, കുവൈത്ത് ദിനാര്‍ -265.68, ഒമാനി റിയാല്‍ – 210.74, സൗദി റിയാല്‍ – 21.60, യു.എ.ഇ ദിര്‍ഹം – 22.09, ഖത്തര്‍ റിയാല്‍ – 22.29, കനേഡിയന്‍ ഡോളര്‍ – 60.30.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *