◾ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് അടുത്ത മാസം തെരഞ്ഞെടുപ്പ്. ഫെബ്രുവരി 16 ന് ത്രിപുരയിലും ഫെബ്രുവരി 27 ന് മേഘാലയിലും നാഗാലാന്‍ഡിലും വോട്ടെടുപ്പ് നടക്കും. മാര്‍ച്ച് രണ്ടിനു വോട്ടെണ്ണും. മൂന്നിടത്തും മാതൃകാ പെരുമാറ്റ ചട്ടം നിലവില്‍ വന്നു. ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയതിനാല്‍ ലക്ഷ ദ്വീപ് ലോക്സഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തിയതിയും പ്രഖ്യാപിച്ചു. ഫെബ്രുവരി 27 നാണു ലക്ഷദ്വീപില്‍ തെരഞ്ഞെടുപ്പ്.
◾ലക്ഷദീപില്‍ തിരക്കിട്ട് തെരഞ്ഞെടുപ്പു നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍. വധശ്രമക്കേസില്‍ മുന്‍ എംപി ജയിലില്‍ ആയതോടെയാണ് ലക്ഷദ്വീപില്‍ അപ്രതീക്ഷിത തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചത്. ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് ഫൈസല്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അംഗീകരിച്ചാല്‍ അയോഗ്യത ഇല്ലാതാകും. വിജ്ഞാപനം വരുംമുമ്പേ ഹൈക്കോടതി ഉത്തരവുണ്ടാകുമോയെന്നാണു കണ്ടറിയേണ്ടത്. ക്രിമിനല്‍ കേസില്‍ രണ്ടു വര്‍ഷത്തിലേറെ ശിക്ഷിക്കപ്പെട്ടാല്‍ അംഗത്വത്തില്‍നിന്ന് അയോഗ്യനാക്കാമെന്നാണ് ചട്ടം. 10 വര്‍ഷത്തെ തടവിനു ശിക്ഷിച്ചതിനാലാണ് ലോകസഭ സെക്രട്ടറി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയത്.
◾മൂന്നാം മുന്നണി നീക്കവുമായി തെലുങ്കാനയിലെ ഖമ്മത്ത് മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തില്‍ വമ്പന്‍ റാലി. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാനും പങ്കെടുത്തു. ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരേ പോരാട്ടം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു സമ്മേളനം. കേരളത്തിലെ ജനങ്ങള്‍ തെലുങ്കാന മുഖ്യമന്ത്രി കെസിആറിനൊപ്പമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിച്ചു. സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ തുടങ്ങിയവര്‍ പങ്കെടുത്തു.
*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*
നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്. ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.
*ksfe.com/offers/ksfe-bhadratha-smart-chits-2022*
◾സംസ്ഥാനത്തെ ഭക്ഷ്യവിഷബാധ കേസുകളില്‍ എന്തെല്ലാം നടപടിയെടുത്തെന്ന് ഹൈക്കോടതി. ആരോഗ്യ കുടുംബ ക്ഷേമ സെക്രട്ടറിയോട് ചീഫ് ജസ്റ്റിസ് റിപ്പോര്‍ട്ട് തേടി. രണ്ടാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് വേണമെന്നാണു നിര്‍ദ്ദേശം.
◾കെപിസിസി ട്രഷററായിരുന്ന വി പ്രതാപചന്ദ്രന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു പരാതി നല്‍കി. കോണ്‍ഗ്രസ് നേതാക്കളുടെ മാനസിക പീഡനമാണ് മരണത്തിന് ഇടയാക്കിയതെന്നാണ് ആരോപണം. പരാതിയില്‍ രണ്ടു പേര്‍ക്കെതിരേ പരാമര്‍ശങ്ങളുണ്ട്. നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നിര്‍ദേശപ്രകാരം പിന്‍വലിച്ചിരുന്നു.
◾പൊതുവഴിയില്‍ മദ്യപിച്ചു കലഹിച്ച പത്തനംതിട്ടയിലെ സിപിഎം മുനിസിപ്പല്‍ കൗണ്‍സിലര്‍ അടക്കം ഏഴു പേര്‍ അറസ്റ്റില്‍. കൗണ്‍സിലര്‍ വി ആര്‍ ജോണ്‍സന്‍, ശരത് ശശിധരന്‍, സജിത്ത്, അരുണ്‍ ചന്ദ്രന്‍, ഷിബന്‍, ശിവ ശങ്കര്‍, അര്‍ജുന്‍ മണി എന്നിവരാണ് അറസ്റ്റിലായത്.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
◾ആലപ്പുഴ നഗരസഭയിലെ സിപിഎം കൗണ്‍സിലര്‍ ഷാനവാസിനു ലഹരി, ക്വട്ടേഷന്‍ ബന്ധങ്ങളുണ്ടെന്നു പൊലിസിന്റെ രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഷാനവാസിന്റെ ബിനാമിയാണു കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസില്‍ പിടിയിലായ ഇജാസ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
◾സേഫ് ആന്റ് സ്ട്രോംഗ് നിക്ഷേപത്തട്ടിപ്പു കേസിലെ മുഖ്യപ്രതി പ്രവീണ്‍ റാണയെ നായകനാക്കി ‘ചോരന്‍’ എന്ന സിനിമ സംവിധാനം ചെയ്ത എഎസ്ഐക്ക് സസ്‌പെന്‍ഷന്‍. എഎസ്ഐ സാന്റോ അന്തിക്കാടിനെയാണ് തൃശൂര്‍ റേഞ്ച് ഡിഐജി സസ്‌പെന്‍ഡ് ചെയ്തത്.
◾കോട്ടയം തെളളകത്തെ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ഓഫിസിലെ മൂന്നു വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ പ്രതിമാസം മൂന്നു ലക്ഷം രൂപ വരെ ടിപ്പര്‍ ലോറി ഉടമകളില്‍നിന്ന് കൈക്കൂലി വാങ്ങുന്നുണ്ടെന്നു വിജിലന്‍സ് റിപ്പോര്‍ട്ട്. ഇടനിലക്കാരന്റെ ഫോണില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എഎംവിഐമാരായ ഷാജന്‍, അജിത് ശിവന്‍, അനില്‍ എന്നിവര്‍ക്കെതിരെ വകുപ്പുതല നടപടിക്കു വിജിലന്‍സ് ശുപാര്‍ശ ചെയ്തു. ഇടനിലക്കാരന്‍ ഉദ്യോഗസ്ഥരുടെ ബന്ധുക്കളുടെ അക്കൗണ്ടിലേക്കാണു പണം കൈമാറിയിരുന്നതെന്ന് വിജിലന്‍സ് പറഞ്ഞു.
◾അമിത ഭാരം കയറ്റിയും നികുതി വെട്ടിച്ചും ചരക്കുകള്‍ കടത്തിയ 270 വാഹനങ്ങള്‍ക്കെതിരെ വിജിലന്‍സ് നടപടി. ഓപ്പറേഷന്‍ ഓവര്‍ ലോഡ് എന്ന പേരില്‍ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 70 ലക്ഷം രൂപ പിഴ ഈടാക്കി. ജി.എസ്.ടി വെട്ടിച്ച് ചരക്കുകള്‍ കടത്ത്, ക്വാറികളില്‍നിന്ന് അമിത ഭാരം കയറ്റല്‍ തുടങ്ങിയവയാണു പിടികൂടിയത്.
◾സിബിഐ അന്വേഷണവും ശരിയായ ദിശയില്‍ അല്ലെന്നു വാളയാറില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയില്‍. അന്വേഷണത്തിന് കോടതിയുടെ മേല്‍നോട്ടം വേണം. മക്കളുടെ മരണം കൊലപാതകമാണോയെന്നും പ്രതികളായ രണ്ടു പേരുടെ ദുരൂഹ മരണവും അശ്ലീലചിത്ര മാഫിയയുടെ പങ്കും അന്വേഷിക്കണമെന്നാണ് ആവശ്യം.
◾കൊല്ലത്ത് അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ മുഹമ്മദ് സാദിഖ് നിരോധിത സംഘടനയുടെ റിപ്പോര്‍ട്ടറെന്ന് എന്‍ഐഎ. അക്രമിക്കേണ്ട ഇതര സമുദായക്കാരുടെ പേര് ശേഖരിക്കുന്നത് സാദിഖാണ്. ഇതനുസരിച്ചാണ് ഹിറ്റ് സ്‌ക്വാഡ് ആക്രമണം നടത്തുന്നത്. സാദിഖിന്റെ കൊല്ലത്തെ വീട്ടില്‍നിന്ന് രേഖകളും ഡിജിറ്റല്‍ തെളിവുകളും പിടികൂടിയിരുന്നു.
◾സിറോ മലബാര്‍ സഭ ഭൂമിയിടപാട് സംബന്ധിച്ച ഹര്‍ജികള്‍ സുപ്രീം കോടതി വിധി പറയാന്‍ മാറ്റി. പള്ളികളുടെ ഭൂമിയും ആസ്തിയും വില്‍ക്കാന്‍ ബിഷപ്പുമാര്‍ക്ക് അധികാരമില്ലെന്ന ഹൈക്കോടതി ഉത്തരവിലും തുടര്‍നടപടികളിലും സുപ്രീംകോടതി വാക്കാല്‍ അതൃപ്തി രേഖപ്പെടുത്തി.
◾രഞ്ജിത്ത് ശ്രീനിവാസന്‍ കൊലക്കേസിന്റെ വിചാരണ ഹൈക്കോടതി ഒരു മാസത്തേക്കു നീട്ടി. കേസ് കോട്ടയത്തേക്ക് മാറ്റണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി. പ്രതികളുടെ അഭിഭാഷകര്‍ക്കു കോടതിയില്‍ എത്താന്‍ ഭയമാണെന്ന പരാതിയില്‍ അവര്‍ക്കു മാവോലിക്കര കോടതിയില്‍ സുരക്ഷ ഉറപ്പാക്കണമെന്നു കോടതി നിര്‍ദേശിച്ചു.
◾ശബരിമലയില്‍ എണ്ണി തിട്ടപ്പെടുത്താനാകാത്തത്രയും കാണിക്ക എണ്ണുന്നതിന്റെ പുരോഗതി അറിയിക്കണമെന്നു ഹൈക്കോടതി. റിക്കാര്‍ഡ് വരുമാനമാണ് ഇത്തവണ എത്തിയതെന്ന് ദേവസ്വം കമ്മീഷണര്‍ കോടതിയെ അറിയിച്ചു. അന്നദാന മണ്ഡപത്തിലും പണം കൂനയായി കൂട്ടിയിട്ടിരിക്കുകയാണ്. വ്യാഴാഴ്ച വരെ 310.40 കോടി രൂപയാണ് കാണിക്കയായി കിട്ടിയത്. അപ്പം അരവണ വില്‍പനയിലൂടെ 141 കോടി രൂപയും കിട്ടി.
◾വെള്ളക്കരം ഉയര്‍ത്തി ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കരുതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കെടുകാര്യസ്ഥത കൊണ്ട് ഖജനാവ് കാലിയാക്കിയശേഷം ജനത്തെ പിഴിഞ്ഞ് പള്ളവീര്‍പ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
◾സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേനെ കടയുടമയായ അറുപതുകാരിയുടെ കഴുത്തില്‍ കിടന്ന മാല പൊട്ടിച്ചോടിയ രണ്ട് യുവാക്കളെ മകനും നാട്ടുകാരും ഓടിച്ചിട്ടു പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. കേണിച്ചിറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഇരുളം ചുണ്ടക്കൊല്ലിയിലാണ് സംഭവം. കാപ്പി എസ്റ്റേറ്റിനു സമീപം വീടിനോടു ചേര്‍ന്ന് പലച്ചരക്കു കട നടത്തുന്ന സരോജിനി അമ്മയുടെ മാലയാണ് രണ്ടു പേര്‍ പൊട്ടിച്ചോടിയത്. മീനങ്ങാടിക്കടുത്ത കുമ്പളേരി മുണ്ടക്കല്‍ വീട്ടില്‍ ഡെല്ലസ് (27), മീനങ്ങാടി 54-ലെ കോര്‍ട്ടേഴ്‌സിലെ ആലുക്കല്‍ വീട്ടില്‍ റഫീഖ് (38) എന്നിവരാണ് പിടിയിലായത്.
◾തിരുവനന്തപുരത്തെ ഗുണ്ടാ ആക്രമണക്കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറി. പാറ്റൂരിലെ ഗുണ്ടാ ആക്രമണം, മേട്ടു കടയില്‍ ഗുണ്ടാ നേതാവിന്റെ വീട് കയറി ആക്രമണം എന്നീ കേസുകളാണ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്.
◾സിനിമാ ചിത്രീകരണത്തിനിടെ ബോട്ടുകള്‍ കൂട്ടിയിടിച്ച് നടന്‍ വിജയ് ആന്റണിക്ക് ഗുരുതര പരിക്ക്. വിജയ് ആന്റണിയുടെ സംവിധാന അരങ്ങേറ്റം കൂടിയായ പിച്ചൈക്കാരന്‍ 2 എന്ന ചിത്രത്തിന്റെ മലേഷ്യയിലെ ചിത്രീകരണത്തിനിടെ തിങ്കളാഴ്ചയാണ് സംഭവം. നടി കാവ്യ ഥാപ്പറും അപകടം നടന്ന ബോട്ടില്‍ ഉണ്ടായിരുന്നെങ്കിലും അവരുടെ പരിക്ക് ഗുരുതരമല്ല.
◾കേന്ദ്ര ധനമന്ത്രാലയത്തില്‍ ചാരപ്രവര്‍ത്തനം നടത്തിയതിന് ഒരാള്‍ പിടിയില്‍. താല്‍കാലിക ജീവനക്കാരനാണ് അറസ്റ്റിലായത്. വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
◾കത്വ കേസിലെ അഭിഭാഷകയും ജമ്മുകാഷ്മീരിലെ കോണ്‍ഗ്രസ് വക്താവുമായ ദീപിക രജാവത്ത് കോണ്‍ഗ്രസില്‍ നിന്ന് രാജി വച്ചു. ആരോപണ വിധേയനായ മുന്‍ മന്ത്രി ചൗധരി ലാല്‍ സിംഗിനെ ഭാരത് ജോഡോ യാത്രയില്‍ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് ദീപിക രജാവത്തിന്റെ രാജി.
◾കാറുമായി കൂട്ടിയിടിച്ചതു ചോദ്യം ചെയ്ത വയോധികനായ കാര്‍ ഡ്രൈവറെ സ്‌കൂട്ടറിനു പിന്നില്‍ റോഡിലൂടെ വലിച്ചിഴച്ചു. ഒരു കിലോമീറ്റര്‍ ദൂരം റോഡിലൂടെ വലിച്ചിഴച്ചതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍. ബംഗളൂരുവിലെ മഗഡി റോഡിലാണ് സംഭവം.
◾തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചപ്പോഴേക്കും ത്രിപുരയില്‍ സംഘര്‍ഷം. കോണ്‍ഗ്രസ് – ബി ജെ പി പ്രവര്‍ത്തകര്‍ തെരുവില്‍ ഏറ്റുമുട്ടി. നിരവധി വാഹനങ്ങള്‍ കത്തിച്ചു. എഐസിസി അംഗവും ത്രിപുരയുടെ ചുമതലയുള്ള നേതാവുമായ അജോയ് കുമാറിനടക്കം പരിക്കേറ്റു.
◾യുക്രൈനിലെ കീവില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ആഭ്യന്തര മന്ത്രിയും സെക്രട്ടറിയും അടക്കം 18 പേര്‍ കൊല്ലപ്പെട്ടു. ശിശു പരിപാലന കേന്ദ്രത്തിനു സമീപമാണ് കോപ്റ്റര്‍ തകര്‍ന്നു വീണത്.
◾ലോകത്തിലെ ഏറ്റവും പ്രായം കൂടിയയാള്‍ 118ാം വയസില്‍ അന്തരിച്ചു. ഫ്രാന്‍സില്‍ ലൂസൈല്‍ റാന്‍ഡന്‍ എന്ന കന്യാസ്ത്രീയാണ് അന്തരിച്ചത്. ഒന്നാം ലോകമഹായുദ്ധം ആരംഭിക്കുന്നതിനു പത്തു വര്‍ഷം മുമ്പ് 1904 ഫെബ്രുവരി 11 ന് തെക്കന്‍ ഫ്രാന്‍സിലാണ് അവര്‍ ജനിച്ചത്.
◾ടിക്കറ്റ് എടുക്കുമ്പോള്‍ സൗജന്യമായി ടൂറിസ്റ്റ് വിസ നല്‍കുമെന്നു സൗദി എയര്‍ലൈന്‍സ്. ‘ടിക്കറ്റ് തന്നെയാണ് വിസ’ എന്ന ഓഫറുമായി സൗദി എയര്‍ലൈന്‍സ്. സൗദിയില്‍ 96 മണിക്കൂര്‍ (നാലു ദിവസം) ചെലവഴിക്കാവുന്ന വിസയാണ് ലഭിക്കുക. ഏതാനും ദിവസത്തിനകം ഈ സേവനം ആരംഭിക്കുമെന്നാണ് അറിയിപ്പ്.
◾റസലിംഗ് ഫെഡറേഷനെതിരെ ലൈംഗിക ചൂഷണം അടക്കമുള്ള ആരോപണങ്ങളുമായി താരങ്ങള്‍. ബിജെപി എംപിയും ഫെഡറേഷന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണും പരിശീലകരും അടക്കമുള്ളവര്‍ക്കെതിരേയാണ് വനിതാ താരങ്ങള്‍ പരാതിപ്പെട്ടത്. ഒളിമ്പിക്സ് മെഡല്‍ ജേതാവ് സാക്ഷി മാലിക്, വിനേഷ് ഫോഗത്, ബജരംഗ് പുനിയ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് റസ്ലിംഗ് താരങ്ങളുടെ പരാതി.
◾തട്ടികൊണ്ടുപോകല്‍, പിടിച്ചുപറി എന്നീ കുറ്റങ്ങള്‍ ആരോപിച്ച് മുന്‍ ഇന്ത്യന്‍ അണ്ടര്‍ 19 ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിജയ് സോളിനെതിരെ കേസ്. സഹോദരന്‍ വിക്രം സോള്‍ ഉള്‍പ്പെടെ ഇരുപതു പേര്‍ക്കെതിരെയാണ് ജല്‍ന പൊലീസ് കേസെടുത്തത്. ക്രിപ്‌റ്റോ കറന്‍സി ഇന്‍വെസ്റ്റ്‌മെന്റ് മാനേജര്‍ നല്‍കിയ പരാതിയിലാണ് കേസ്.
◾മത്സരം കൈപ്പിടിയിലൊതുക്കുമെന്നു കരുതിയ ന്യൂസിലാണ്ടിനെ പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ ഇന്ത്യ വീഴ്ത്തിയത് 12 റണ്‍സിന്. ഏകദിന കരിയറിലെ ആദ്യ ഇരട്ടസെഞ്ചറി കുറിച്ച ശുഭ്മന്‍ ഗില്ലിന്റെ മികവില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തില്‍ 349 റണ്‍സെടുത്തു. ശുഭ്മാന്‍ ഗില്‍ 149 പന്തില്‍ നിന്ന് 9 സിക്സറുകളുടേയും 19 ബൗണ്ടറികളുടേയും അകമ്പടിയോടെ 208 റണ്‍സെടുത്തു. കൂറ്റന്‍ സ്‌കോര്‍ ലഷ്യമിട്ടിറങ്ങിയ ന്യൂസിലാണ്ടിന് 131 റണ്‍സെടുക്കുന്നതിനിടയില്‍ 6 വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ മൈക്കേല്‍ ബ്രേസ്വെല്ലും മിച്ചല്‍ സാന്റനറും ചേര്‍ന്നെടുത്ത 162 റണ്‍സ് ന്യൂസിലാണ്ടിനെ വിജയപ്രതീക്ഷ നല്‍കി. മിച്ചല്‍ സാന്റനര്‍ പുറത്തായിട്ടും മൈക്കേല്‍ ബ്രേസ്വെല്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടം ന്യൂസിലാണ്ടിനെ വിജയത്തിനടുത്തെത്തിച്ചെങ്കിലും ഒടുവില്‍ വിജയം ഇന്ത്യക്കൊപ്പം നിന്നു. മൈക്കേല്‍ ബ്രേസ്വെല്‍ 78 പന്തില്‍ നിന്ന് 10 സിക്സറുകളുടേയും 12 ഫോറുകളുടേയും അകമ്പടിയോടെ 140 റണ്‍സെടുത്തു. ഈ ജയത്തോടെ ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ മുന്നിലെത്തി.
◾ലോകത്തിലെ ഏറ്റവും മൂല്യമുള്ള ബ്രാന്‍ഡ് എന്ന നേട്ടം കരസ്ഥമാക്കി ആഗോള ഭീമനായ ആമസോണ്‍. ഗ്ലോബല്‍ 500 2023 റിപ്പോര്‍ട്ട് പ്രകാരം, ലോകത്തിലെ മൂല്യമുള്ള ബ്രാന്‍ഡുകളില്‍ ഒന്നാം സ്ഥാനത്താണ് ആമസോണ്‍ എത്തിയിരിക്കുന്നത്. ബ്രാന്‍ഡ് മൂല്യം 15 ശതമാനം ഇടിഞ്ഞിട്ടും ഏറ്റവും മൂല്യമുള്ള കമ്പനി എന്ന നേട്ടം നിലനിര്‍ത്താന്‍ ആമസോണിന് സാധിച്ചിട്ടുണ്ട്. ഇത്തവണ ആപ്പിളിനെ മറികടന്നാണ് ആമസോണിന്റെ മുന്നേറ്റം. വിതരണ ശൃംഖലയില്‍ ഉണ്ടായ തടസങ്ങള്‍, വരുമാനത്തിലെ ഇടിവ് തുടങ്ങിയവയാണ് ആപ്പിള്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടാന്‍ ഉണ്ടായ പ്രധാന കാരണങ്ങള്‍. ആപ്പിളിന്റെ ബ്രാന്‍ഡ് മൂല്യം 16 ശതമാനം ഇടിഞ്ഞ് 355.1 ബില്യണ്‍ ഡോളറില്‍ നിന്ന് 297.5 ബില്യണ്‍ ഡോളറായിരിക്കുകയാണ്. അതേസമയം, ആമസോണിന്റെ ബ്രാന്‍ഡ് മൂല്യം 299.3 ബില്യണ്‍ ഡോളറാണ്. ഇത്തവണ ഇന്‍സ്റ്റഗ്രാമിന്റെ ബ്രാന്‍ഡ് മൂല്യം 42 ശതമാനം ഉയര്‍ന്ന് 47.4 ബില്യണ്‍ ഡോളറിലെത്തി. ലിങ്ക്ഡ്ഇന്‍ കമ്പനിയുടെ മൂല്യവും 49 ശതമാനം ഉയര്‍ന്നിട്ടുണ്ട്. ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്ലയുടെ ബ്രാന്‍ഡ് മൂല്യം 44 ശതമാനം ഉയര്‍ന്ന് 66.2 ബില്യണ്‍ ഡോളറിലെത്തി.
◾സാമന്ത ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന തെലുങ്ക് ചിത്രം ‘ശാകുന്തള’ത്തിലെ ലിറിക് വീഡിയോ റിലീസ് ചെയ്തു. ശകുന്തളയുടെ കഥപറയുന്ന ‘മല്ലികാ മല്ലികാ’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് രമ്യ ബെഹറ ആണ്. മണി ശര്‍മ്മ സംഗീതം നല്‍കിയ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ചൈതന്യ പ്രസാദ് ആണ്. ചിത്രം ഫെബ്രുവരി 17ന് തിയറ്ററുകളില്‍ എത്തും. മലയാളത്തിന്റെ യുവ താരം ദേവ് മോഹന്‍ ‘ദുഷ്യന്തനാ’യി വേഷമിടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഗുണശേഖര്‍ ആണ്. ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നടനാണ് ദേവ് മോഹന്‍. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉള്‍പ്പടെ അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന ‘ശാകുന്തളം’ ത്രീഡിയില്‍ ആണ് റിലീസ് ചെയ്യുക. ‘ശകുന്തള’യുടെ വീക്ഷണകോണില്‍ നിന്നുള്ളതായിരിക്കും ചിത്രം. അല്ലു അര്‍ഹ, സച്ചിന്‍ ഖേഡേക്കര്‍, കബീര്‍ ബേദി, ഡോ. എം മോഹന്‍ ബാബു, പ്രകാശ് രാജ്, മധുബാല, ഗൌതമി, അദിതി ബാലന്‍, അനന്യ നാഗല്ല, ജിഷു സെന്‍ഗുപ്ത തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
◾മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ‘ആയിഷ’യുടെ അറബിക് ട്രെയ്ലര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. മലയാളത്തിനു പുറമെ ഇംഗ്ലീഷ്, അറബി, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലുമായി പ്രദര്‍ശനത്തിനെത്തുന്ന ചിത്രമാണിത്. നവാഗതനായ ആമിര്‍ പള്ളിക്കല്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണിത്. മലയാളത്തില്‍ ഇത്രയും വലിയ കാന്‍വാസില്‍ ഒരു സ്ത്രീ കേന്ദ്രീകൃത സിനിമ ആദ്യമായി ആവും. മഞ്ജു വാര്യരുടെ അഭിനയ ജീവിതത്തിലെ ശ്രദ്ധേയ കഥാപാത്രങ്ങളില്‍ ഒന്നുമാവും ഇതെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ. ചിത്രത്തിനുവേണ്ടി വേണ്ടി മഞ്ജു വാര്യര്‍ അറബി ഭാഷ പഠിച്ചിരുന്നു. ചിത്രത്തിന്റെ രചന ആഷിഫ് കക്കോടിയാണ് നിര്‍വഹിച്ചിരിക്കുന്നത്. മഞ്ജു വാര്യര്‍ക്ക് പുറമെ രാധിക, സജ്‌ന, പൂര്‍ണിമ, ലത്തീഫ, സലാമ, ജെന്നിഫര്‍, സറഫീന, സുമയ്യ, ഇസ്ലാം തുടങ്ങിയവരും ചിത്രത്തിലുണ്ട്. ചിത്രം ജനുവരി 20ന് തീയറ്ററുകളില്‍ എത്തും.
◾നെക്സോണ്‍ ഇവിയുടെ വില കുറച്ച് ടാറ്റ മോട്ടോഴ്സ്. നെക്സോണ്‍ ഇവിയുടെ വിവിധ വേരിയന്റുകളിലായി 85,000 രൂപ വരെ കമ്പനി കുറച്ചിട്ടുണ്ട്. ഇതോടെ ഇതിന്റെ പ്രൈം വേരിയന്റുകളുടെ വില ഇനി 14.49 ലക്ഷം രൂപയിലും മാക്സ് 18.99 ലക്ഷം രൂപയിലും ആരംഭിക്കും. നെക്സോണ്‍ ഇവി പ്രൈം എക്‌സ് എം വേരിയന്റിന് 50,000 രൂപ കുറച്ചതോടെ മുമ്പുള്ള വിലയായ 14.99 ലക്ഷം രൂപയില്‍ നിന്നും 14.49 ലക്ഷം രൂപയായി കുറഞ്ഞു. പ്രൈം എക്‌സ് പ്ലസിന് 31,000 രൂപ കുറച്ചതോടെ മുമ്പുള്ള വിലയായ 16.30 ലക്ഷം രൂപയില്‍ 15.99 ലക്ഷം രൂപയായി കുറഞ്ഞു. ഇത്തരത്തില്‍ നെക്സോണ്‍ ഇവിയുടെ വിവിധ മാക്‌സ് വേരിയന്റുകള്‍ക്ക് 85,000 രൂപ കുറച്ചിട്ടുണ്ട്. കൂടാതെ ടാറ്റയുടെ നെക്സോണ്‍ ഇവിയുടെ മാക്‌സ് വേരിയന്റുകളുടെ പരിധി 2023 ജനുവരി 25 മുതല്‍ 453 കിലോമീറ്ററായി ഉയര്‍ത്തും. 2023 ഫെബ്രുവരി 15 മുതല്‍ ഡീലര്‍ഷിപ്പുകളില്‍ സോഫ്റ്റ് വെയര്‍ പുതുക്കുന്നതിലൂടെ നിലവിലെ നെക്സോണ്‍ ഇവിയുടെ മാക്‌സ് ഉടമകള്‍ക്ക് ഈ ശ്രേണി മെച്ചപ്പെടുത്താന്‍ കഴിയും. മാത്രമല്ല പുതിയ വേരിയന്റായ നെക്സോണ്‍ ഇവിയുടെ മാക്‌സ് എക്‌സ്എമ്മിന്റെ വില്‍പ്പന 2023 ഏപ്രില്‍ മുതല്‍ ആരംഭിക്കുമെന്നും ടാറ്റ മോട്ടോഴ്സ് അറിയിച്ചു.
◾ജയന്ത് കാമിച്ചേരില്‍ എഴുതിയ ‘വേമ്പനാടന്‍ ബ്വാന’ എന്ന ഈ കൃതിയുടെ വിവരണരീതിയാണ് ഏറ്റവും കൗതുകം. സാഹിത്യം തീണ്ടാത്ത ഭാഷയിലാണ് ഈ നോവല്‍ എഴുതപ്പെട്ടിട്ടുള്ളത്. ഇന്നു കേരളത്തിലുപയോഗിക്കാത്ത അനേകം നാട്ടുപദങ്ങള്‍ ഈ എഴുത്തില്‍ കണ്ടപ്പോള്‍ വലിയ സന്തോഷം തോന്നിയെന്ന് അവതാരികയില്‍ പി.എഫ് മാത്യൂസ് എഴുതിയിരിക്കുന്നു. ചില നേരങ്ങളില്‍ സംസാരഭാഷയില്‍ മാത്രം ഉപയോഗിക്കുന്ന പദങ്ങള്‍ കൊണ്ടാണ് വിവരണം നിറവേറ്റിയിരിക്കുന്നതുതന്നെ. കുമരകം കരയുടെ ഭാഷയും സംസ്‌കാരവും ജീവിതവും തെളിമയോടെ അവതരിപ്പിക്കുന്ന നോവല്‍. മാതൃഭൂമി ബുക്സ. വില 212 രൂപ.
◾ഫാസ്റ്റ് ഫുഡ് പതിവായി കഴിക്കുന്നത് കരളില്‍ അമിതമായി കൊഴുപ്പ് അടിയുന്ന നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ എന്ന രോഗത്തിന് കാരണമാകുമെന്ന് പഠനം. ആരോഗ്യമുള്ള കരളില്‍ അഞ്ച് ശതമാനത്തിന് താഴെയാണ് സാധാരണ കൊഴുപ്പ് കാണാറുള്ളത്. കൊഴുപ്പിന്റെ തോത് ചെറുതായി വര്‍ധിച്ചാല്‍ പോലും നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവറിനു സാധ്യതയുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. ഭക്ഷണത്തിന്റെ അഞ്ചിലൊന്ന് ഫാസ്റ്റ് ഫുഡ് ആക്കിയാല്‍ അമിതവണ്ണമോ പ്രമേഹമോ ഇല്ലാത്തവരില്‍ പോലും കരളിലെ കൊഴുപ്പ് മിതമായ തോതില്‍ ഉയരുമെന്ന് ഗവേഷകര്‍ പറയുന്നു. ഒരു നേരമൊക്കെ ഫാസ്റ്റ് ഫുഡ് കഴിച്ചാലും കുഴപ്പമില്ലെന്നാണ പലരും കരുതുന്നത്. എന്നാല്‍ ഇത് പ്രതിദിന കലോറിയുടെ അഞ്ചിലൊന്നാണെങ്കില്‍ കരള്‍ അപകടത്തിലാണെന്നു കരുതണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രതിദിനം ശരീരത്തിന് വേണ്ട കലോറി ആവശ്യത്തിന്റെ 20 ശതമാനമോ അതിന് മുകളിലോ ഫാസ്റ്റ് ഫുഡിലൂടെ കണ്ടെത്തുന്ന അമിതവണ്ണക്കാരിലും പ്രമേഹ രോഗികളിലും കരളിലെ കൊഴുപ്പിന്റെ തോത് മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലായിരിക്കുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ലൊസാഞ്ചലസിലുള്ള യൂണിവേഴ്സിറ്റി ഓഫ് സതേണ്‍ കലിഫോര്‍ണിയയിലെ കെക് സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകരാണ് പഠനം നടത്തിയത്. അമേരിക്കയിലെ 2017-18ലെ നാഷനല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂട്രീഷന്‍ എക്സാമിനേഷന്‍ സര്‍വേയിലെ വിവരങ്ങളാണ് പഠനത്തിനായി ഉപയോഗിച്ചത്.
*ശുഭദിനം*
*കവിത കണ്ണന്‍*
അയാള്‍ സത്യസന്ധനായിരുന്നു. എല്ലാവര്‍ക്കും അയാളെക്കുറിച്ച് നല്ലതുമാത്രമേ പറയാന്‍ ഉണ്ടായിരുന്നുള്ളൂ. ഒരു ദിവസം യാദൃശ്ചികമായി ചിലരുടെ സംഭാഷണങ്ങള്‍ ശ്രദ്ധിച്ചപ്പോള്‍ അവര്‍ തന്നെ കുറ്റംപറയുകയാണെന്ന് അയാള്‍ക്ക് മനസ്സിലായി. ഇതയാളുടെ ഉറക്കം കെടുത്തി. ജോലിയില്‍ ശ്രദ്ധിക്കാന്‍ പറ്റാതായി. അദ്ദേഹം തന്റെ ഗുരുവിനെ കാണാന്‍ എത്തി. കാര്യങ്ങള്‍ അറിഞ്ഞപ്പോള്‍ തന്റെ കൂടെ കുറച്ച് ദിവസം താമസിക്കാന്‍ ഗുരു ആവശ്യപ്പെട്ടു. അന്ന് രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ തൊട്ടടുത്ത കുളത്തില്‍ നിന്ന് തവളകള്‍ കരയുന്ന ശബ്ദം. ഈ ശബ്ദം വീണ്ടും അയാളുടെ ഉറക്കം നഷ്ടപ്പെടുത്തി. നേരം വെളുത്തപ്പോള്‍ അയാള്‍ ഗുരുവിനോട് ചോദിച്ചു. ആ കുളത്തില്‍ നിറയെ തവളകളാണെന്ന് തോന്നുന്നു. ഞാന്‍ അവയെ പിടിച്ചോട്ടെ. ഗുരു സമ്മതിച്ചു. അയാള്‍ കുളത്തിലിറങ്ങി തപ്പിയപ്പോള്‍ ആകെ നാല് തവളകളെ മാത്രമേ കിട്ടിയുള്ളൂ. അയാള്‍ ഗുരുവിന്റെ അടുക്കല്‍ ഈ തവളകളെ കാണിച്ചിട്ട് പറഞ്ഞു: ഈ നാല് തവളകളാണോ ഇത്രയധികം ശബ്ദമുണ്ടാക്കിയത്? ഗുരു പറഞ്ഞു: നിന്റെ കാര്യത്തിലും ഇങ്ങനെതന്നെയല്ലേ.. നാലാള്‍ കുറ്റം പറഞ്ഞതിന്റെ പേരിലല്ലേ നിന്റെ ഉറക്കം നഷ്ടപ്പെട്ടത്. മ്ലാനമായിരുന്ന അയാളുടെ മുഖം വിടര്‍ന്നു. വിമര്‍ശനങ്ങളെ വിലക്കാനോ അപവാദങ്ങളെ നിരോധിക്കാനോ ആര്‍ക്കും കഴിയില്ല. വിശുദ്ധരും വിമര്‍ശിക്കപ്പെടും. കാരണം, ആര്‍ക്കും ആരേയും പൂര്‍ണ്ണമായും വിശ്വസിക്കാന്‍ സാധിക്കില്ല. തങ്ങള്‍ ബന്ധപ്പെടുന്ന സാഹചര്യത്തിന്റെയും സമയത്തിന്റെയും പരിമിതികള്‍ക്കുള്ളില്‍ നിന്നാണ് ഓരോരുത്തരും മറ്റുളളവരെ അളക്കുന്നത്. പല കുറ്റപ്പെടുത്തലുകള്‍ക്കും അജ്ഞതയുടേയും അസൂയയുടേയും അകമ്പടിയുണ്ടാകും. അത്തരം പ്രചരണങ്ങള്‍ക്ക് ചെവികൊടുക്കാതിരിക്കുന്നതാണ് കര്‍മനിരതരുടെ ആത്മവീര്യത്തിന് നല്ലത്. എല്ലാ വെള്ളക്കെട്ടിലും തവളകള്‍ ഉണ്ടാകും. നമുക്ക് എല്ലാ വെള്ളക്കെട്ടുകളും നികത്താനോ അവയെ കൊന്നൊടുക്കാനോ നമുക്കാവില്ല. സ്വയം പരിസരം മാറുകയോ, ചെയ്യുന്നപ്രവൃത്തിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയോ നമുക്ക് ചെയ്യാം – ശുഭദിനം.