yt cover 23

സംരക്ഷിത വനത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ നടപ്പാക്കുമ്പോള്‍ ജനങ്ങളെ കുടിയിറക്കില്ലെന്നും കൃഷിക്കു വിലക്ക് ഏര്‍പ്പെടുത്തില്ലെന്നും കേന്ദ്ര സര്‍ക്കാര്‍. കോണ്‍ഗ്രസ് നേതാവ് കെ മുരളിധരന്‍ എംപിക്കു നല്‍കിയ കത്തിലാണ് വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിശദീകരണം. സംരക്ഷിത വനമേഖലയിലും ബഫര്‍സോണിലും ഖനനം, ക്വാറി, വന്‍കിട നിര്‍മ്മാണങ്ങള്‍ എന്നിവയ്ക്കു മാത്രമാണ് നിരോധനം ഏര്‍പ്പെടുത്തുക. അടിസ്ഥാന സൗകര്യത്തിനുള്ള നിര്‍മ്മാണങ്ങള്‍ക്ക് ഉപാധികളോടെ അനുമതി നല്‍കാന്‍ സംവിധാനമുണ്ടാക്കുമെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി.

വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ കര്‍ഷകന്‍ മരിച്ചു. പുതുശ്ശേരി വെള്ളാരംകുന്ന് സ്വദേശി തോമസ് എന്ന സാലുവാണ് മരിച്ചത്. 50 വയസായിരുന്നു. കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായത്തിന്റെ ആദ്യ ഗഡു അഞ്ചു ലക്ഷം രൂപ ഉടന്‍ നല്‍കുമെന്നു വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ പ്രഖ്യാപിച്ചു.

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും നല്‍കാന്‍ 121 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. രണ്ടു ദിവസത്തിനകം ശമ്പള വിതരണം പൂര്‍ത്തിയാക്കും. വിരമിച്ചവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാന്‍ രണ്ടു വര്‍ഷത്തെ സാവകാശം വേണമെന്ന കെഎസ്ആര്‍ടിസിയുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ആനുകൂല്യങ്ങള്‍ നല്‍കാന്‍ 83.1 കോടി രൂപ വേണമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചിരുന്നു.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്. ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

നിയമസഭ തെരെഞ്ഞെടുപ്പിനെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ചകള്‍ വേണ്ടെന്ന് കെപിസിസി. ലോക്സഭാ തെരഞ്ഞെടുപ്പു മാത്രമാകണം ഇനിയുള്ള അജണ്ടയെന്ന് കെപിസിസി യോഗത്തില്‍ സംസാരിച്ച എ.കെ. ആന്റണി ആവശ്യപ്പെട്ടു. സ്ഥാനാര്‍ത്ഥിത്വം തീരുമാനിക്കുന്നത് പാര്‍ട്ടിയാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതികരിച്ചു. എം പിമാര്‍ക്ക് മടുത്തെങ്കില്‍ മാറിനില്‍ക്കാമെന്ന് എം.എം ഹസ്സന്‍ പറഞ്ഞു.

സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിട്ടില്ലെന്ന് ശശി തരൂര്‍ എംപി. കേരളം എന്റെ കര്‍മ്മഭൂമിയാണെന്നേ പറഞ്ഞിട്ടുള്ളൂ. പാര്‍ട്ടിയില്‍ എല്ലാവരും സജീവമായി പ്രവര്‍ത്തിക്കുകയാണ് ഇപ്പോള്‍ വേണ്ടത്. അടുത്ത തെരഞ്ഞെടുപ്പില്‍ പഴയതുപോലെ ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാന്‍ കഴിയില്ല. പ്രതിപക്ഷം ഒന്നിച്ചാല്‍ മുന്നിലെത്താം. പര്യടനമല്ല, ക്ഷണമുള്ള പരിപാടികളില്‍ പങ്കെടുക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മധുവിനെ മുക്കാലിയില്‍നിന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുമ്പോള്‍ പരിക്കുള്ളതായി സാക്ഷിമൊഴികളില്ലെന്നു മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ട് തയാറാക്കിയ മുന്‍ ഒറ്റപ്പാലം സബ് കളക്ടര്‍ ജെറോമിക് ജോര്‍ജ്. എന്നാല്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ പരിക്കുണ്ടായിരുന്നെന്നു പ്രതിഭാഗത്തിന്റെ ചോദ്യത്തിനു ജെറോമിക് ജോര്‍ജ് മറുപടി നല്‍കി. പോലീസ് പ്രതികളാകുന്ന അവസ്ഥയാണിപ്പോള്‍. കേസിന്റെ സാക്ഷി വിസ്താരം പൂര്‍ത്തിയായി. ആകെയുള്ള 127 സാക്ഷികളില്‍ 24 പേര്‍ കുറുമാറി. 24 പേരെ വിസ്തരിച്ചില്ല. 77 പേര്‍ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

വൈപ്പിന്‍ ഞാറക്കലില്‍ ഒന്നര വര്‍ഷം മുമ്പു കാണാതായ രമ്യയെ ഭര്‍ത്താവ് സജീവന്‍ കൊലപ്പെടുത്തിയതാണെന്ന് പോലീസ്. വാച്ചാക്കലില്‍ വാടകക്കു താമസിക്കവേ രമ്യക്കു മറ്റാരെങ്കിലുമായി ബന്ധമുണ്ടെന്നു സംശയിച്ച് വഴക്കുണ്ടാക്കാറുണ്ട്. 2021 ഒക്ടോബര്‍ 16 നു വഴക്കിനിടെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തി. മക്കള്‍ ബന്ധുവീട്ടിലായിരുന്നു. മുറ്റത്തു കുഴിയെടുത്ത് മൃതദേഹം കുഴിച്ചിട്ടു. രമ്യ കാമുകനൊപ്പം ഒളിച്ചോടിയെന്നു മക്കളോടു പറഞ്ഞു. നാണക്കേടുണ്ടാകാതിരിക്കാന്‍ ബംഗ്ലൂരുവില്‍ ജോലിക്കു പോയെന്ന് എല്ലാവരോടും പറഞ്ഞാല്‍ മതിയെന്ന് സജീവന്‍ മക്കളെ ശട്ടംകെട്ടി. രമ്യയുടെ സഹോദരന്‍ പരാതി നല്‍കിയതോടെയാണ് സജീവന്‍ ഭാര്യയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കിയത്. പത്തനംതിട്ടയിലെ നരബലി കേസുകളെത്തുടര്‍ന്ന് കാണാനില്ലെന്ന പരാതികളെല്ലാം ഗൗരവമായി അന്വേഷിച്ചതോടെയാണ് ഭര്‍ത്താവിനെ പിടികൂടിയത്. തെളിവെടുപ്പു നടത്തിയ പോലീസ് രമ്യയുടെ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു.

നരകത്തിലാണ് നമ്മള്‍ ജീവിക്കുന്നതെന്നും ജനാധിപത്യമല്ല, ഇവിടെ നടക്കുന്നത് തെമ്മാടിപധ്യമാണെന്നും നടനും സംവിധായകനുമായ ശ്രീനിവാസന്‍. രാഷ്ട്രീയത്തിലെ പെരുംകള്ളന്മാര്‍ക്ക് അഴിമതി ചെയ്യാനുള്ള സംവിധാനമാണ് ഇന്നത്തെ ജനാധിപത്യം. അതിനെ തെമ്മാടിപധ്യമെന്നാണ് വിളിക്കേണ്ടതെന്നും ശ്രീനിവാസന്‍ പറഞ്ഞു. ‘ലവ്ഫുള്ളി യുവേഴ്സ് വേദ’ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു ശ്രീനിവാസന്‍.

ഹെവി ലൈസന്‍സില്ലാതെ ബസ് ഓടിച്ചെന്ന് ആരോപിച്ച് ടി.എന്‍ പ്രതാപന്‍ എംപിക്കെതിരെ പരാതി. എംപി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ബസ് ഉദ്ഘാടനം ചെയ്തത് വാഹനം ഓടിച്ചാണെന്നാണു മാടായിക്കോണം സ്വദേശിയുടെ പരാതി. ബസ് ഓടിച്ചിട്ടില്ലെന്നും സ്റ്റാര്‍ട്ടാക്കി മുന്നോട്ടെടുക്കുക മാത്രമാണ് ചെയ്തതെന്നുമാണു പ്രതാപന്റെ വിശദീകരണം.

ലഹരിക്കടത്തില്‍ പ്രതിയായ ഷാനവാസ് കുറ്റക്കാരനല്ലെന്നു മന്ത്രി സജി ചെറിയാന്‍ പറഞ്ഞിട്ടില്ലെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍. മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്നാണ് സജി ചെറിയാന്‍ പറഞ്ഞത്. ഷാനവാസിനെതിരെ തെളിവില്ലെന്ന് സജി ചെറിയാന്‍ പറഞ്ഞിട്ടില്ല. അന്വേഷണത്തിനായാണ് പാര്‍ട്ടി കമ്മീഷനെ നിയോഗിച്ചത്. നാസര്‍ പറഞ്ഞു.

കലോത്സവ ഭക്ഷണ വിവാദത്തിനിടെ പഴയിടം മോഹനന്‍ നമ്പൂതിരിയെ കുറിച്ചിത്താനത്തെ വീട്ടില്‍ചെന്നു സന്ദര്‍ശിച്ച് മന്ത്രി വി.എന്‍. വാസവന്‍. കലോത്സവ വേദിയില്‍ ഇനി ഭക്ഷണം പാകം ചെയ്യില്ലെന്ന നിലപാടില്‍നിന്ന് പഴയിടം പിന്മാറുമെന്നാണ് പ്രതീക്ഷയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കൂടിയായ വി എന്‍ വാസവന്‍ പറഞ്ഞു.

സിപിഎം ഗൃഹ സന്ദര്‍ശന പരിപാടിയുടെ ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം.

തലശ്ശേരി ലോട്ടസ് ടാക്കീസിനു സമീപത്ത വീട്ടില്‍ സ്ഫോടനം. പരിക്കേറ്റ് നടമ്മല്‍ ഹൗസില്‍ ജിതിനെ മെഡിക്കല്‍ കോളജ് ആശുപതിയില്‍ പ്രവേശിപ്പിച്ചു.

കടുവ സാന്നിധ്യം സ്ഥിരീകരിച്ച വയനാട്ടിലെ തൊണ്ടര്‍നാട്, തവിഞ്ഞാല്‍ പഞ്ചായത്തിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. രാത്രി വീടിനു പുറത്തിറങ്ങരുതെന്നും നിര്‍ദ്ദേശമുണ്ട്. തൊണ്ടര്‍നാട് പഞ്ചായത്തില്‍ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ടോറസ് ഇടിച്ച് ആലപ്പുഴ എടത്വായില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയായ ബാങ്ക് ഉദ്യോഗസ്ഥ മരിച്ചു. എടത്വാ ചങ്ങങ്കരി മുരളീസദനത്തില്‍ മുരളിധരന്‍ നായരുടെ മകള്‍ മഞ്ജുമോള്‍ ആണ് മരിച്ചത്. രാവിലെ 11-ന് നീരേറ്റുപുറം ക്ഷേത്രത്തിനു സമീപമാണ് അപകടം നടന്നത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും നഗ്‌ന ഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ യുവാവിന് 12 വര്‍ഷം തടവും 70,000 രൂപ പിഴയും ശിക്ഷ. കളത്തിങ്ങല്‍ തണ്ടുപാറയ്ക്കല്‍ അബ്ദുല്‍ഷുക്കൂറി(34)നെയാണ് പെരിന്തല്‍മണ്ണയിലെ കോടതി ശിക്ഷിച്ചത്.

ലോകകപ്പ് ടൂര്‍ണമെന്റിനോടനുബന്ധിച്ച് ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ എത്തിക്കാന്‍ ഖത്തറില്‍നിന്ന് ടെണ്ടര്‍ കിട്ടിയെന്നു വിശ്വസിപ്പിച്ച് സുഹൃത്തുക്കളില്‍നിന്ന് 10 കോടി രൂപ തട്ടി യുവാവ് മുങ്ങിയ യുവാവിനെതിരേ കേസ്. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി റിഷാബ് എന്നയാള്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.

കൊച്ചിയില്‍ മയക്കുമരുന്ന് വില്‍പന നടത്തിയ 20 കാരിയായ വിദ്യാര്‍ത്ഥിനി അറസ്റ്റില്‍. കൊല്ലം തൃക്കടവൂര്‍ കുരീപ്പുഴ സ്വദേശിനി ബ്ലെയ്‌സിയെയാണ് (20) എക്‌സൈസ് അറസ്റ്റ് ചെയ്തത്. ഏവിയേഷന്‍ കോഴ്സ് വിദ്യാര്‍ത്ഥിനിയാണ്.

പട്ടാമ്പി കൂറ്റനാട് പാതയില്‍ വാവനൂര്‍ പെട്രോള്‍ പമ്പിനു മുന്നില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷ കത്തിനശിച്ചു. കാഞ്ഞിരത്താണി സ്വദേശിയുടെ ടാറ്റ എയ്‌സ് വാഹനമാണ് അഗ്നിക്കിരയായത്.

കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോക്കിടെ സുരക്ഷാ വീഴ്ച. ആള്‍ക്കൂട്ടത്തില്‍ നിന്നു യുവാവ് പൂമാലയുമായി ബാരിക്കേഡ് മറികടന്ന് പ്രധാനമന്ത്രിക്ക് അരികിലേക്ക് ഓടിയെത്തി. സുരക്ഷാ ജീവനക്കാര്‍ ഇയാളെ ബലം പ്രയോഗിച്ച് നീക്കി.

മുന്‍ കേന്ദ്ര മന്ത്രിയും ജെഡിയു മുന്‍ പ്രസിഡന്റുമായ ശരദ് യാദവ് അന്തരിച്ചു. 75 വയസായിരുന്നു. രാഷ്ട്രീയ ജനതാദള്‍ നേതാവായിരുന്നു. ഏഴു തവണ ലോക്‌സഭയിലേക്കും മൂന്നു തവണ രാജ്യസഭയിലേക്കും ജെഡിയുവില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2003 ല്‍ ജനതാദള്‍ (യുണൈറ്റഡ്) രൂപീകരിച്ചശേഷം 2016 വരെ ദേശീയ പ്രസിഡന്റായിരുന്നു.

തെരഞ്ഞെടുപ്പുകളിലെ പണമൊഴുക്കു തടയാന്‍ ശക്തമായ നടപടികളുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയില്‍. 2010 ല്‍ ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് മുതല്‍ തെരഞ്ഞെടുപ്പു ചെലവുകള്‍ നിരീക്ഷിക്കാന്‍ ഏര്‍പ്പെടുത്തിയ പ്രത്യേക സംവിധാനങ്ങള്‍ തുടരുമെന്നും കോടതിയെ അറിയിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പുകളില്‍ ഭീമമായി പണമൊഴുക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രിക്കാന്‍ നടപടിയെടുത്തതെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചു.

തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവിയെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ ജനപ്രതിനിധികളുടെ സംഘം രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കണ്ടു. ഡിഎംകെ സര്‍ക്കാരിനെതിരേ പരാതിയുമായി ഗവര്‍ണറും അടുത്ത ദിവസം രാഷ്ട്രപതിയെ കാണും. തമിഴ്നാട് നിയമമന്ത്രി എസ് രഘുപതിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രാഷ്ട്രപതിയെ കണ്ടത്. സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ നിയമസഭയില്‍ പൂര്‍ണമായി വായിച്ചില്ല, ചില ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്തു, സഭവിട്ട് ഇറങ്ങിപ്പോയി എന്നീ ആരോപണങ്ങളാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്.

തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച ആറ് യൂട്യൂബ് ചാനലുകളെ നിരോധിച്ചു. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ പിഐബി ഫാക്റ്റ് ചെക്ക് യൂണിറ്റാണു നടപടിയെടുത്തത്. 20 ലക്ഷം വരിക്കാര്‍ ഉണ്ടായിരുന്ന ഈ ആറ് യൂട്യൂബ് ചാനലുകളിലെ വീഡിയോകള്‍ക്കെല്ലാം കൂടി 51 കോടിയിലധികം കാഴ്ചക്കാരാണ് ഉണ്ടായിരുന്നത്.

അയ്യായിരം കോടിയോളം രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയ മുംബൈയിലെ പ്രതിഭാ ഇന്‍ഡസ്ട്രീസിനെതിരേ സിബിഐ കേസെടുത്തു. ബാങ്ക് ബാങ്ക് ഓഫ് ബറോഡയുടെ നേതൃത്വത്തിലുള്ള 17 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്നാണ് 4957 കോടി രൂപ കമ്പനി വായ്പ എടുത്തത്. നാലു വര്‍ഷമായി തിരിച്ചടവു മുടങ്ങിയതോടെയാണ് കേസെടുത്തത്.

സെക്സ് വീഡിയോ കോളിലൂടെ ഗുജറാത്തിലെ വ്യവസായിയെ ബ്ലാക്ക് മെയില്‍ ചെയ്ത് 2.69 കോടി രൂപ തട്ടി. മോര്‍ബി സ്വദേശിനി റിയ ശര്‍മ്മ എന്നു പറഞ്ഞ് യുവതി ഇയാളെ ഫോണ്‍ ചെയ്തു. രണ്ടു ദിവസംകൊണ്ട് ഇരുവരും അടുപ്പക്കാരായി. അടുത്ത ദിവസം വീഡിയോ കോളില്‍ കണ്ടു. യുവതി ഇയാളോടു വസ്ത്രങ്ങള്‍ അഴിയ്ക്കാന്‍ ആവശ്യപ്പെട്ടു. വസ്ത്രമഴിച്ചു സംസാരിച്ചതിന് പിറകേ ബ്ലാക്ക് മെയില്‍ ആരംഭിച്ചു. നഗ്ന വീഡിയോ യുട്യൂബിലൂടേയും മെസഞ്ചറിലൂടേയും പ്രചരിപ്പിക്കാതിരിക്കാന്‍ 50,000 രൂപ വേണമെന്ന് യുവതി ആവശ്യപ്പെട്ടു. വ്യവസായി പണം നല്‍കി. മൂന്നു ദിവസം കഴിഞ്ഞപ്പോഴേക്കും ഡല്‍ഹി പൊലീസില്‍നിന്നാണെന്നു പറഞ്ഞ് ഒരാള്‍ വിളിച്ചു. നഗ്ന വീഡിയോ ക്ലിപ്പില്‍ കേസെടുക്കാതിരിക്കാന്‍ മൂന്ന് ലക്ഷം രൂപ നല്‍കി. സൈബര്‍ പോലീസ്, സിബിഐ എന്നീ പേരുകളിലും പണം തട്ടിയെടുത്തു. വ്യവസായിയുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴുത്തില്‍ കത്തിവച്ച് ഒന്നേകാല്‍ കോടി രൂപ തട്ടിയെടുത്ത 24 വയസുള്ള മകനെ അറസ്റ്റു ചെയ്തു. മുംബൈയിലെ ബാന്ദ്രയില്‍ രാഹുല്‍ ദോന്ദ്കര്‍ എന്ന യുവാവിനെയാണു സ്വന്തം മാതാപിതാക്കളുടെ പരാതിയില്‍ പൊലീസ് അറസ്റ്റു ചെയ്തത്.

ഓസ്‌ട്രേലിയയിലെ ഹിന്ദു ക്ഷേത്രത്തിനു നേരെ ആക്രമണം. മെല്‍ബണിലെ സ്വാമി നാരായണ ക്ഷേത്രത്തിന്റെ ചുവരുകളില്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ എഴുതി. അക്രമം നടത്തിയതു ഖാലിസ്ഥാന്‍ വാദികളാണെന്ന് മെല്‍ബണ്‍ പൊലീസ്.

ലോകകപ്പ് ഹോക്കിക്ക് ഇന്ന് ഒഡിഷയില്‍ തുടക്കം. ഇന്ന് രാത്രി ഏഴുമണിക്ക് നടക്കുന്ന പോരാട്ടത്തില്‍ സ്പെയിനാണ് ഇന്ത്യയുടെ എതിരാളി. ഹര്‍മന്‍പ്രീത് സിങ് നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ മലയാളി താരം പി.ആര്‍. ശ്രീജേഷുമുണ്ട്. 1975-ല്‍ കിരീടം നേടിയതിനുശേഷം ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്താന്‍ ഇന്ത്യന്‍ ടീമിനായിട്ടില്ല.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന്‍ എഫ്‌സി – ഹൈദരാബാദ് എഫ് സി മത്സരം സമനിലയില്‍. ഇരുടീമുകളും ഓരോ ഗോള്‍ വീതമടിച്ചാണ് സമനിലയില്‍ പിരിഞ്ഞത്.

ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 4 വിക്കറ്റിന്റെ വിജയം, ഒപ്പം പരമ്പര വിജയവും. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 39.4 ഓവറില്‍ 215 റണ്‍സെടുക്കിന്നതിനിടയില്‍ എല്ലാവരും പുറത്തായി. ശ്രീലങ്ക ഉയര്‍ത്തിയ 216 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 43.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. മുന്‍ നിര ബാറ്റ്സ്മാന്‍മാര്‍ തിളങ്ങാതെ പോയ മത്സരത്തില്‍ 64 റണ്‍സെടുത്ത രാഹുലാണ് ഇന്ത്യയുടെ വിജയശില്‍പി.

സൂപ്പര്‍ താരം ലയണല്‍ മെസിയെ സ്വന്തമാക്കാന്‍ സൗദി അറേബ്യന്‍ ക്ലബായ അല്‍ ഹിലാല്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. പ്രതിവര്‍ഷം 300 മില്യണ്‍ ഡോളര്‍, ഏകദേശം 2445 കോടി രൂപ പ്രതിഫലമാണ് അല്‍ ഹിലാല്‍ വാഗ്ദാനം ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകത്തില്‍ ഒരു ഫുട്‌ബോള്‍ താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണിത്. നിലവില്‍ സൗദി ടൂറിസത്തിന്റെ അംബാസഡര്‍ കൂടിയാണ് മെസ്സി. മെസ്സി കരാറിന് സമ്മതം മൂളിയാല്‍ ക്രിസ്റ്റ്യാനോയുടെ പേരിലുള്ള ഉയര്‍ന്ന ട്രാന്‍സ്ഫര്‍ തുകയുടെ റെക്കോഡ് അര്‍ജന്റീന നായകന്‍ സ്വന്തമാക്കും. പ്രതിവര്‍ഷം ഏകദേശം 200 മില്യണ്‍ യൂറോയ്ക്ക് മുകളില്‍ പ്രതിഫലം നല്‍കിയാണ് സൗദി അറേബ്യന്‍ ക്ലബായ അല്‍ നസര്‍ റൊണാള്‍ഡോയെ തട്ടകത്തിലെത്തിച്ചത്.

രാജ്യത്തെ സ്വര്‍ണ്ണ ഇറക്കുമതിയില്‍ വന്‍ കുറവ്. രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ കുറവാണ് ഡിസംബര്‍ മാസത്തില്‍ ഇറക്കുമതിയില്‍ രേഖപ്പെടുത്തിയത്. സ്വര്‍ണവില വന്‍തോതില്‍ കുതിച്ചതോടെ ആവശ്യകതയില്‍ കുറവ് വന്നതാണ് ഇറക്കുമതിയേയും ബാധിച്ചതെന്നാണ് സൂചന. കഴിഞ്ഞ ഡിസംബറുമായി താരതമ്യം ചെയ്യുമ്പോള്‍ ഇറക്കുമതിയില്‍ 79 ശതമാനത്തിന്റെ കുറവുണ്ടായി. 2022 ഡിസംബറില്‍ 20 ടണ്‍ സ്വര്‍ണമാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ 95 ടണ്‍ സ്വര്‍ണം ഇറക്കുമതി ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ 4.73 ബില്യണ്‍ ഡോളറിന്റെ സ്വര്‍ണമാണ് ഇറക്കുമതി ചെയ്തതെങ്കില്‍ ഈ വര്‍ഷം 1.18 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള സ്വര്‍ണമാണ് ഇറക്കുമതി ചെയ്തത്. 2022ല്‍ 706 ടണ്‍ സ്വര്‍ണമാണ് ഇറക്കുമതി ചെയ്തതെങ്കില്‍ കഴിഞ്ഞ വര്‍ഷം ഇത് 1068 ടണ്ണായിരുന്നു. രൂപ ദുര്‍ബലമായതും ആഗോള വിപണിയിലെ വില വര്‍ധനവും കാരണം സ്വര്‍ണവില വന്‍തോതില്‍ ഉയര്‍ന്നിരുന്നു. ഇതോടെ സ്വര്‍ണ ആവശ്യകതയില്‍ കുറവുണ്ടായി എന്നാണ് നിഗമനം. ഇതും ഇറക്കുമതി കുറയുന്നതിന് ഇടയാക്കിയിരുന്നു.

തെലുങ്കില്‍ വന്‍ വിജയം നേടിയ ‘അല വൈകുണ്ഠപുരമുലോ’യുടെ ബോളിവുഡ് റീമേക്കാണ് ‘ഷെഹ്സാദ’. കാര്‍ത്തിക് ആര്യന്‍ നായകനായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ആക്ഷന്‍-ഡ്രാമ ചിത്രമാണെങ്കിലും കോമഡിയും റൊമാന്‍സുമൊക്കെ അടങ്ങിയ ഫുള്‍ എന്റര്‍ടെയ്നറാണ് ചിത്രം. രോഹിത് ധവാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കൃതി സനോണ്‍ ആണ് നായിക. മനീഷ കൊയ്രാള, പരേഷ് റാവല്‍, സച്ചിന്‍ ഖഡേക്കര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അല്ലു എന്റര്‍ടെയ്ന്‍മെന്റ്, ടി സിരീസ് ഫിലിംസ്, അല്ലു അരവിന്ദ് പ്രൊഡക്ഷന്‍ എന്നീ ബാനറുകളില്‍ ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, എസ് രാധാകൃഷ്ണ, അമന്‍ ഗില്‍ എന്നിവര്‍ക്കൊപ്പം കാര്‍ത്തിക് ആര്യന്‍ കൂടി ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. നിര്‍മ്മാതാവ് എന്ന നിലയില്‍ കാര്‍ത്തിക് ആര്യന്റെ അരങ്ങേറ്റ ചിത്രം കൂടിയാണ് ഷെഹ്സാദ. കഥ, തിരക്കഥ ത്രിവിക്രം. രോഹിത് ധവാന്റേതാണ് അഡാപ്റ്റഡ് സ്‌ക്രീന്‍പ്ലേ. ഫെബ്രുവരി 10ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

‘സ്ഫടികം’ 4 കെ റീമാസ്റ്ററിംഗ് നടത്തി എത്തുന്ന ചിത്രത്തിന്റെ റിലീസ് ഫെബ്രുവരി 9 ന് ആണ്. റിലീസിന് മുന്നോടിയായുള്ള പ്രൊമോഷന്റെ ഭാഗമായി ചിത്രത്തിലെ ക്യാരക്റ്റര്‍ പോസ്റ്ററുകള്‍ അണിയറക്കാര്‍ പുറത്തുവിടുന്നുണ്ട്. ഇപ്പോഴിതാ രണ്ടാമത്തെ പോസ്റ്റര്‍ എത്തിയിരിക്കുകയാണ്. ആടുതോമയുടെ കൗമാരകാലത്തിന്റേതായിരുന്നു ആദ്യ ക്യാരക്റ്റര്‍ പോസ്റ്റര്‍. സംവിധായകന്‍ രൂപേഷ് പീതാംബരനാണ് അന്ന് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇന്ന് പുറത്തെത്തിയിരിക്കുന്ന രണ്ടാമത്തെ പോസ്റ്റര്‍ ഇന്ദ്രന്‍സിന്റെ കഥാപാത്രത്തിന്റേതാണ്. ഗഫൂര്‍ എന്നാണ് ആ കഥാപാത്രത്തിന്റെ പേര്. മോഹന്‍ലാല്‍ അവതരിപ്പിച്ച ആടുതോമയെ വലിയ ഹീറോ ആയി കാണുന്ന ഗഫൂര്‍ മറ്റുള്ളവരോട് തോമയുടെ വീരശൂര പരാക്രമങ്ങളെക്കുറിച്ച് വിശദീകരിക്കാറുള്ള ആളുമാണ്. പുതിയ സാങ്കേതിക സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി, സംഭാഷണത്തിലും കഥാഗതിയിലും മാറ്റങ്ങള്‍ വരുത്താതെ സിനിമ പുനര്‍നിര്‍മ്മിക്കുകയാണ്. 25 വര്‍ഷങ്ങള്‍ക്ക് ശേഷം നിര്‍ണ്ണായക രംഗങ്ങള്‍ക്കായി ക്യാമറ ചലിപ്പിക്കുന്നു എന്നതും പ്രത്യേകതയാണ്. രണ്ട് കോടിയോളം മുതല്‍മുടക്കിലാണ് റീ റിലീസിംഗ്.

ഫ്രോങ്ക്‌സ് എസ്യുവിയെ ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച് മാരുതി സുസുക്കി. മാരുതി സുസുക്കി ഫ്രോങ്ക്‌സ് എന്നു പേരിട്ട ഈ വാഹനം നെക്സ ഡീലര്‍ഷിപ്പുകളിലൂടെയാവും ലഭിക്കുക. ഗ്രാന്‍ഡ് വിറ്റാരയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട മുന്‍ഭാഗം സ്‌പോര്‍ട്ടിയും സ്റ്റൈലിഷും ആണ്. ഫ്രോങ്ക്‌സിനെ കഴിയുന്നത്ര മസ്‌കുലര്‍ ആക്കി മാറ്റാന്‍ മാരുതി സുസുക്കി പരിശ്രമിച്ചിട്ടുണ്ട്. ഫ്ലോട്ടിങ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീല്‍, 360-ഡിഗ്രി ക്യാമറ, ക്രൂയിസ് കണ്‍ട്രോള്‍, ആറ് എയര്‍ബാഗുകള്‍ എന്നിവയും വാഹനത്തില്‍ വരുന്നുണ്ട്. ഐഡില്‍സ്റ്റാര്‍ട് സ്റ്റോപ്പുള്ള 1.2 എല്‍ ഡ്യുവല്‍-ജെറ്റ് ഡ്യുവല്‍ വിവിടി പെട്രോള്‍ എഞ്ചിനും 1.0ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ബൂസ്റ്റര്‍ജെറ്റ് പെട്രോള്‍ എഞ്ചിനും വാഹനത്തില്‍ വരുന്നുണ്ട്. ഹാര്‍ടെക് പ്ലാറ്റ്‌ഫോമിലാണ് വാഹനം നിര്‍മിച്ചിരിക്കുന്നത്, മാരുതി സുസുക്കി ഫ്രോങ്‌സില്‍ ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേയും വയര്‍ലെസ് ചാര്‍ജിംഗ് സവിശേഷതകളും സജ്ജീകരിച്ചിരിക്കുന്നു. മാരുതി സുസുക്കി ഡീലര്‍ഷിപ്പുകളില്‍ ഫ്രോങ്‌സിന്റെ ബുക്കിംഗ് ഇന്ന് മുതല്‍ ആരംഭിച്ചു.

ബ്രാഹ്‌മണികമൂല്യങ്ങള്‍ കെട്ടിപ്പൊക്കുന്ന അധികാരസ്ഥാപനങ്ങള്‍ നിലനില്‍ക്കുന്നിടത്തോളംകാലം പ്രസക്തമാണ് ‘തൊട്ടുകൂടായ്മയുടെ കഥ’. സവര്‍ണ്ണജാതിമത ബോധങ്ങള്‍ ഇല്ലായ്മ ചെയ്യുന്ന ബഹുസ്വരസമൂഹങ്ങളെ അടയാളപ്പെടുത്തുന്ന നോവല്‍. ശരണ്‍കുമാര്‍ ലിംബാളെയുടെ ‘ഓ’ എന്ന മറാത്തി നോവലിന്റെ പരിഭാഷ. പരിഭാഷ ഷൈമ പി. മാതൃഭൂമി ബുക്സ്. വില 221 രൂപ.

വെണ്ടയ്ക്ക ഇട്ടുവെച്ച വെള്ളം പതിവായി കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. നാലോ അഞ്ചോ ചെറിയ വെണ്ടയ്ക്ക കീറി രണ്ടു ഗ്ളാസ് വെള്ളത്തില്‍ രാത്രി മുഴുവന്‍ കുതിര്‍ത്ത് വെക്കുകയാണ് വേണ്ടത്. ശേഷം രാവിലെ ഈ വെണ്ടയ്ക്ക നന്നായി ഞരടി ഇതിലെ കൊഴുപ്പ് വെള്ളത്തിലേക്ക് പകര്‍ത്തിയെടുത്ത് ഈ വെള്ളമാണ് കുടിക്കേണ്ടത്. ഇത് പതിവായി കുടിക്കുന്നത് കൊണ്ട് ധാരാളം ഗുണങ്ങളുണ്ട്. വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അവരുടെ ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന മികച്ച ഒരു പാനീയമാണിത്. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ബി, സി, ഫോളിക് ആസിഡ്, ഫൈബര്‍ എന്നിവയെ വിശപ്പിനെ അടക്കാനും, ദഹനം മെച്ചപ്പെടുത്താനുമെല്ലാം സഹായിക്കുന്നു. ഇതിലൂടെയാണ് വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങളെ ഈ പാനീയം ത്വരിതപ്പെടുത്തുന്നത്. പ്രമേഹ രോഗികള്‍ക്കും പാനീയം ഏറെ സഹായകരമാണ്. ഭക്ഷണങ്ങളില്‍ നിന്ന് കാര്‍ബോ ഹൈഡ്രേറ്റ് എടുക്കുന്നതിനെ പരിമിതപ്പെടുത്താന്‍ വെണ്ടയ്ക്ക സഹായിക്കുന്നു. ഇതിലൂടെ ഗ്ളൂക്കോസ് നില നിയന്ത്രിച്ചു നിര്‍ത്താനുമാകുന്നു. ഇങ്ങനെയാണ് പ്രമേഹരോഗികള്‍ക്ക് പാനീയം ഗുണം ചെയ്യുന്നത്. ഇത് രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും ചര്‍മ്മത്തിന്റെ ആരോഗ്യം പരിപാലിക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനുമെല്ലാം സഹായിക്കുന്നു. ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ദഹനത്തിന് വളരെ നല്ലതാണ്. ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ ഉള്ളതിനാല്‍ ഫ്രീ റാഡിക്കല്‍ നാശത്തില്‍ നിന്ന് കരളിനെ സംരക്ഷിക്കുന്നു. ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാനും ഈ പാനീയം വളരെ നല്ലതാണ്. ഇതിലുള്ള വിറ്റാമിന്‍ സി, ഇ, സിങ്ക് എന്നിവ കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. എന്നാല്‍, വൃക്ക സംബന്ധമായ പ്രശ്‌നമുള്ളവര്‍ വെണ്ടയ്ക്ക അധികം കഴിക്കുന്നത് നന്നല്ല. ഇതിലെ ഓക്‌സലേറ്റുകളുടെ സാന്നിധ്യം വൃക്കയിലും പിത്താശയത്തിലും കല്ല് രൂപപ്പെടാന്‍ കാരണമാകും.

*ശുഭദിനം*

*കവിത കണ്ണന്‍*

ആ രാജ്യത്തെ ഒരു മന്ത്രി കുട്ടികളുമായി സംസാരിക്കുകയാണ്. ഒരു പെണ്‍കുട്ടി എഴുന്നേറ്റ് നിന്ന് പറഞ്ഞു : എനിക്കു രണ്ട് ചോദ്യം ചോദിക്കാന്‍ ഉണ്ട്. ഒന്ന് : നമ്മള്‍ എന്തിനാണ് അയല്‍ രാജ്യത്തെ ആക്രമിക്കുന്നത്? രണ്ട് : അവര്‍ക്കും നമ്മെപ്പോലെ ജീവിക്കാന്‍ ഉള്ള അവകാശം ഇല്ലേ? അദ്ദേഹം ഉത്തരം പറയാന്‍ ശ്രമിച്ചപ്പോഴേക്കും ഇടവേളക്കുള്ള ബെല്ലടിച്ചു. പത്തു മിനിറ്റിനു ശേഷം എല്ലാവരും തിരിച്ചെത്തിയപ്പോള്‍ ഒരാണ്‍കുട്ടി എഴുന്നേറ്റു നിന്ന് പറഞ്ഞു : എനിക്ക് നാല് ചോദ്യങ്ങള്‍ ഉണ്ട്. ഒന്ന് : നമ്മള്‍ എന്തിനാണ് അയല്‍ രാജ്യത്തെ ആക്രമിക്കുന്നത്? രണ്ട് : അവര്‍ക്കും ജീവിക്കാനുള്ള അവകാശമില്ലേ? മൂന്ന് : എന്തിനാണ് ഇടവേളക്കുള്ള ബെല്ല് 15 മിനിറ്റ് നേരത്തെ അടിച്ചത്? നാല് : മുന്‍പ് ചോദ്യം ചോദിച്ച പെണ്‍കുട്ടിയെവിടെ? ചോദ്യങ്ങളോടുള്ള പ്രതികരണമാണ് ചോദ്യം ചോദി ക്കുന്നതിന്റെ പ്രസക്തി തീരുമാനിക്കുന്നത്. ചോദ്യങ്ങള്‍ക്കു മറുപടി ഇല്ലാതെ വരുകയോ ചോദ്യകര്‍ത്താക്കള്‍ അപ്രത്യക്ഷമാകുകയോ ചെയ്യുന്നുണ്ടെങ്കില്‍ അവിടെ പ്രതികരണശേഷിക്ക് എന്ത് അര്‍ത്ഥമാണ് ഉള്ളത്. എല്ലാവരും വിമര്‍ശിക്കപ്പെടേണ്ടവരാണെന്നും വിമര്‍ശനങ്ങള്‍ക്ക് അവയര്‍ഹിക്കുന്ന മറുപടി ലഭിക്കണമെന്നുമുള്ള അടിസ്ഥാന മര്യാദ നിലനില്‍ക്കുന്നിടത്തു മാത്രമേ ക്രിയാത്മകമായ തര്‍ക്കവിഷയങ്ങള്‍ ഉയരൂ. അല്ലാത്തയിടങ്ങളില്‍ ഭയത്തിന്റെ അടിത്തറയില്‍ രൂപം കൊള്ളുന്ന അന്ധമായ അനുസരണം മാത്രമേ കാണൂ. ഓരോ ചോദ്യവും ബഹുമാനിക്കപ്പെടണം. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരവും നല്‍കണം. തനിക്കിഷ്ടപ്പെടാത്ത ചോദ്യങ്ങളോട് ഒരാള്‍ എങ്ങിനെ പ്രതികരിക്കുന്നു എന്നതില്‍ ഒരാളുടെ സ്വഭാവം നമുക്ക് വിലയിരുത്താന്‍ സാധിക്കും. ചോദ്യങ്ങളോട് നമുക്ക് ക്രിയാത്മകമായി പ്രതികരിക്കാന്‍ ശീലിക്കാം – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *