◾സംരക്ഷിത വനങ്ങളുടെ ഒരു കിലോമീറ്റര്‍ ബഫര്‍ സോണായി പ്രഖ്യാപിച്ച സുപ്രീം കോടതി വിധിയില്‍ കരട് വിജ്ഞാപനമിറങ്ങിയ മേഖലകള്‍ക്കും ഇളവ് അനുവദിക്കാമെന്ന് സുപ്രീം കോടതി. വിധിയില്‍ വ്യക്തത തേടി കേന്ദ്രവും കേരളവും കര്‍ഷക സംഘടനകളും അടക്കം നല്കിയ ഹര്‍ജികള്‍ തിങ്കളാഴ്ച പരിഗണിക്കും. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനങ്ങളില്‍ ഉള്‍പ്പെടുന്ന മേഖലകളെ വിധിയില്‍നിന്ന് ഒഴിവാക്കണമെന്നായിരുന്നു കേന്ദ്രത്തിന്റെ പ്രധാന ആവശ്യം.
◾എസ്എസ് രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ സിനിമയിലെ ഗാനമായ ‘നാട്ടു നാട്ടു’വിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം. ഒറിജിനല്‍ സോംഗ് വിഭാഗത്തിലാണ് പുരസ്കാരം. എം.എം കീരവാണിയും മകന് കാലഭൈരവയും ചേര്‍ന്ന് സംഗീതം നിര്‍വഹിച്ച ഗാനമാണിത്. റിഹാന, ലേഡിഗാഗ, ടെയ്ലര് സ്വിഫ്റ്റ് എന്നിവര്‍ക്കൊപ്പമാണ് കീരവാണിയുടെ ഹിറ്റ് ഗാനം മത്സരിച്ചത്. എ.ആര് റഹ്മാന് പുരസ്കാരം നേടി 14 വര്‍ഷത്തിനുശേഷമാണ് ഗോള്‍ഡന്‍ ഗ്ലോബ് ഇന്ത്യയിലെത്തുന്നത്. ഗോള്‍ഡന്‍ ഗ്ലോബ് നേടിയ ആര്‍ആര്‍ആര്‍ ടീമിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെ അഭിനന്ദിച്ചു.
◾ഒന്നര കോടി രൂപയുടെ ലഹരിക്കടത്തില്‍ പ്രതിയായ ആലപ്പുഴയിലെ സിപിഎം നഗരസഭാ കൗണ്‍സിലര്‍ എ ഷാനവാസിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയ്റക്ടറേറ്റിന് പരാതി. മൂന്ന് സിപിഎം പ്രവര്‍ത്തകരാണ് പരാതി നല്‍കിയത്. അനധികൃത സ്വത്ത് സമ്പാദനം, സാമ്പത്തിക ഇടപാടുകള്‍ എന്നിവ അന്വേഷിക്കണം എന്നാണ് ആവശ്യം.
*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*
നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്. ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.
*ksfe.com/offers/ksfe-bhadratha-smart-chits-2022*
◾കുണ്ടംകുഴിയില്‍ കാറില്‍ കടത്തുകയായിരുന്ന 1.14 കിലോ കഞ്ചാവുമായി രണ്ടു ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ ബേഡകം പൊലീസ് അറസ്റ്റ് ചെയ്തു. കുണ്ടംകുഴി കുമ്പാറത്തോട് എ ജെ ജിതിന് (29), ബീംബുങ്കാല്‍ കെ വി മിഥുന് (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജിതിന് എസ് എഫ് ഐ ബേഡകം മുന്‍ ഏരിയാ സെക്രട്ടറിയാണ്.
◾ആലപ്പുഴയില്‍ പാര്‍ട്ടി നേതാവ് ഷാനവാസിനെതിരെ തെളിവില്ലെന്ന് മന്ത്രി സജി ചെറിയാന്. എന്നാല്‍ അദ്ദേഹം വേണ്ടത്ര ജാഗ്രത പാലിച്ചില്ല. സി പി എം പ്രവര്‍ത്തകര്‍ പ്രതിയാകുമ്പോള്‍ വാര്‍ത്തയാക്കുന്ന മാധ്യമങ്ങള്‍ മറ്റ് പാര്‍ട്ടി പ്രവര്‍ത്തകരുടെ കാര്യത്തില്‍ ഇത് കാണിക്കുന്നില്ലെന്നും മന്ത്രി സജി ചെറിയാന്.
◾ലഹരിക്കടത്ത് വിവാദത്തില്‍ പാര്‍ട്ടി അംഗം ഷാനവാസിനെതിരായ നടപടിയെച്ചൊല്ലി ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റില്‍ അഭിപ്രായ ഭിന്നത. പുകയില കടത്തിയ കേസില്‍ ഷാനവാസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന ജില്ലാ സെക്രട്ടറിയുടെ നിര്‍ദേശത്തെ ഒരു വിഭാഗം തള്ളി. ഇതോടെ തീരുമാനമെടുക്കാനായിട്ടില്ല.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
◾
◾തമിഴ്നാട്ടില്‍നിന്ന് കേരളത്തിലേക്കു കൊണ്ടുവന്ന ഹൈഡ്രജന്‍ പെറോക്സൈഡ് കലര്‍ത്തിയ 15,300 ലിറ്റര്‍ പാല് പിടികൂടി. ടാങ്കറില്‍ കൊണ്ടുവന്ന പാലാണ് കൊല്ലം ആര്യങ്കാവില്‍ പിടികൂടിയത്.
◾ലോക്സഭ തെരെഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന ശശി തരൂര്‍ അടക്കമുള്ള എംപിമാരുടെ പരസ്യ പ്രസ്താവനകള്‍ അച്ചടക്ക ലംഘനമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടരി താരിഖ് അന്‍വര്‍. മത്സരിക്കുന്ന കാര്യം ഹൈക്കമാന്‍ഡാണ് തീരുമാനിക്കേണ്ടത്. ആര്‍ക്കും പദവികള്‍ ആഗ്രഹിക്കാം. പക്ഷെ പാര്‍ട്ടി രീതികള്‍ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
◾ആര്‍ക്കും മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കാമെന്ന് കോണ്‍ഗ്രസ് നേതാവ് ഹൈബി ഈഡന് എം പി. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നത് പാര്‍ട്ടിയാണ്. ഇപ്പോള്‍ അഭിപ്രായം പറയാന്‍ സമയം ആയില്ലെന്നും ഹൈബി പറഞ്ഞു.
◾തൃശൂരിലെ സേഫ് ആന്റ് സ്ട്രോംഗ് നിക്ഷേപത്തട്ടിപ്പു കേസിലെ പ്രതി പ്രവീണ്‍ റാണയ്ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. റാണ നേപ്പാള്‍ വഴി വിദേശത്തേയ്ക്കു കടക്കുന്നത് തടയാനുള്ള നീക്കത്തിലാണു പൊലീസ്.
◾തൃശൂരില്‍ മറ്റൊരു നിക്ഷേപത്തട്ടിപ്പുകടി. ധനവ്യവസായ എന്ന ധനകാര്യ സ്ഥാപനത്തില്‍ പണം നിക്ഷേപിച്ച മുന്നൂറിലേറെ പേര് കബളിപ്പിക്കപ്പെട്ടു. നൂറു കോടിയിലേറെ നിക്ഷേപവുമായി ദമ്പതികള്‍ മുങ്ങിയെന്നാണ് പരാതി.
◾പേരാമ്പ്രയിലെ ബിജെപി യോഗത്തിനിടെ ഉണ്ടായ കയ്യാങ്കളിയെക്കുറിച്ച് അന്വേഷണം നടത്താന്‍ ബിജെപി സമിതിയെ നിയോഗിച്ചു. ഫണ്ട് പിരിവുമായി ബന്ധപ്പെട്ട പരാതികളും പരിശോധിക്കും. കയ്യാങ്കളി നടന്നിട്ടില്ലെന്നും യോഗത്തിലേക്കെത്തിയ കമ്മിറ്റി അംഗങ്ങളല്ലാത്തവരെ തിരിച്ചയക്കുകയാണു ചെയ്തതെന്ന് ബിജെപി നേതൃത്വത്തിന്റെ വിശദീകരണം.
◾
◾കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ബോംബു വെച്ചെന്ന് ഫോണിലൂടെ വിളിച്ചു പറഞ്ഞയാള്‍ അറസ്റ്റില്‍. കണ്ണൂര്‍ സിറ്റി നാലു വയലിലെ പി എ റിയാസാണ് പിടിയിലായത്. ഇന്നലെ രാത്രിയാണ് റെയില്‍വേ സ്റ്റേഷനില്‍ ബോംബ് വെച്ചതായി ഇയാള്‍ വിളിച്ച് പറഞ്ഞത്.
◾തൃശൂര്‍ പൂരം പാറമേക്കാവ് വിഭാഗത്തിന്റെ മേള പ്രമാണി സ്ഥാനത്തുനിന്ന് തന്നെ നീക്കിയതില്‍ പരിഭവമില്ലെന്ന് പെരുവനം കുട്ടന് മാരാര്‍. പൂരത്തിന്റെ വലിപ്പമാണ് തന്റെ വലിപ്പം. 25 വര്‍ഷം മേള പ്രമാണിയായി തുടര്‍ന്നത് ഈശ്വരാനുഗ്രഹംകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം പാറമേക്കാവ് വേലയ്ക്ക് മേളപ്രമാണിയായിരുന്ന കുട്ടന് മാരാരുടെ മകനെ മേളത്തിന്റെ മുന്‍നിരയില്‍ നിര്‍ത്തിയിരുന്നു. ദേവസ്വം ഭാരവാഹികള്‍ പിന്‍നിരയിലേക്കു മാറ്റിയതോടെ കുട്ടന്മാരാര് നീരസം പ്രകടിപ്പിച്ചു. ഇതേത്തുടര്‍ന്നാണ് മേളപ്രമാണി സ്ഥാനത്തുനിന്നു മാറ്റിയത്.
◾വളാഞ്ചേരിയില്‍ ഷെയര്‍ ചാറ്റ് വഴി പരിചയപ്പെട്ട യുവതിയെ കാണാനെത്തിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. പിന്നീട് ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു. പരിചയപ്പെട്ട 18 കാരിയെ തേടിയാണ് കൊല്ലം നെടുമ്പന സ്വദേശിയായ 27 കാരന് വളാഞ്ചേരിയില്‍ രാത്രി പത്തരയോടെ എത്തിയത്. കുളമംഗലത്തെ വീടിന്റെ പരിസരത്ത് പതുങ്ങി നിന്ന ഇയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിക്കുകയായിരുന്നു.
◾കുന്നംകുളത്ത് പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് 90 പവന് സ്വര്‍ണം മോഷ്ടിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. കണ്ണൂര്‍ സ്വദേശിയായ ഇസ്മായിലിനെയാണ് പിടികൂടിയത്. കുന്നംകുളത്ത് രാജന് – ദേവി ദമ്പതികളുടെ വീട്ടിലാണ് മോഷണം നടന്നത്.
◾അതിരപ്പിള്ളി പ്ലാന്റേഷന് എണ്ണപ്പന തോട്ടത്തിനുള്ളില്‍ തുമ്പികൈ ഇല്ലാത്ത ആനക്കുട്ടി. ഏഴാറ്റുമുഖം മേഖലയില്‍ ചൊവ്വാഴ്ച വൈകീട്ടോടെ ഇറങ്ങിയ ആനക്കൂട്ടത്തിലാണ് തുമ്പികൈ ഇല്ലാത്ത ആനക്കുട്ടിയെ കണ്ടത്. അമ്മയാനയും ഒപ്പമുണ്ട്.
◾വണ്ടന്മേടിനു സമീപം ആമയാറില്‍ പൂച്ചപ്പുലി ചത്തനിലയില്‍. ഇരട്ടപ്പാലത്തിനു സമീപം റോഡരികിലാണ് ജഡം കണ്ടെത്തിയത്. വാഹനം ഇടിച്ചാണ് പൂച്ചപ്പുലി ചത്തത്.
◾ഭാരത് ജോഡോ യാത്ര പഞ്ചാബില്‍. ഗുരുദ്വാര ഫത്തേഗഡ് സാഹിബില്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തി. കടുത്ത ശൈത്യത്തെ അതിജീവിച്ച് നിരവധി പാര്‍ട്ടി പ്രവര്‍ത്തകരാണ് രാഹുലിനൊപ്പം നടക്കുന്നത്. പഞ്ചാബിലെ സുവര്‍ണ ക്ഷേത്രത്തിലും അദ്ദേഹം പ്രാര്‍ത്ഥന നടത്തിയിരുന്നു.
◾ത്രിപുരയില്‍ ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസുമായി ധാരണയോടെ പ്രവര്‍ത്തിക്കുമെന്ന് സിപിഎം. ബിജെപി വിരുദ്ധ വോട്ട് ഭിന്നിക്കാതിരിക്കാനാണു ധാരണ. എന്നാല്‍ സഖ്യമുണ്ടാകില്ല. ത്രിപുര സി പി എം സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം.
◾തമിഴ്നാട്ടിലെ ഗവര്‍ണര്‍ രവിയെ നീക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിമാരടങ്ങുന്ന അഞ്ചംഗ ഡിഎംകെ സംഘം രാഷ്ട്രപതിയെ കാണും. ഇന്നലെ ഡിഎംകെയും സഖ്യകക്ഷികളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗവര്‍ണറുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു.
◾ചെന്നൈയിലെ സിനിമ തീയറ്ററിന് മുന്നില്‍ വിജയിന്റേയും അജിത്തിന്റേയും ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടി. ഇരുവിഭാഗവും സ്ഥാപിച്ച ഫ്ളെക്സ് ബോര്‍ഡുകള്‍ നശിപ്പിച്ചു. ഇന്ന് റിലീസായ ഇരുവരുടേയും ചിത്രങ്ങള്‍ കാണാന്‍ അതിരാവിലെ ഫാന്‍സ് ഷോയ്ക്ക് എത്തിയ ആരാധകരാണ് ഏറ്റുമുട്ടിയത്.
◾ജോഷിമഠില്‍ വിള്ളല്‍ രൂപപ്പെട്ട വീടുകളുടെയും കെട്ടിടങ്ങളുടെയും എണ്ണം 723 ആയി. 86 കെട്ടിടങ്ങള്‍ അപകടകരമായ അവസ്ഥയിലാണ്. 131 കുടുംബങ്ങളിലെ നാനൂറിലധികം പേരെ മാറ്റി താമസിപ്പിച്ചു. അപകടാവസ്ഥയിലുള്ള കെട്ടിടങ്ങള്‍ പൊളിക്കാനാണ് സര്‍ക്കാര്‍ നീക്കം. നഷ്ടപരിഹാരം വേണമെന്നു നാട്ടുകാര്‍.
◾വധശ്രമ കേസില്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനു 10 വര്‍ഷം തടവുശിക്ഷ. കവരത്തി ജില്ലാ സെഷന്‍സ് കോടതിയാണു ശിക്ഷിച്ചത്. എം പി മുഹമ്മദ് ഫൈസലിന്റെ സഹോദരങ്ങള്‍ അടക്കം നാലുപേര്‍ക്കാണ് ശിക്ഷ. 2009 ലെ തെരഞ്ഞെടുപ്പിന് ഇടയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ മുഹമ്മദ് സാലിഹ് എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ആക്രമിച്ചതിനാണ് ശിക്ഷ. മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി എം സയ്യിദിന്റെ മകളുടെ ഭര്‍ത്താവാണ് മുഹമ്മദ് സാലിഹ്.
◾മിക്ക രാജ്യങ്ങളുടെയും വളര്‍ച്ചാ പ്രവചനങ്ങള്‍ കുറയുമെന്ന് ലോകബാങ്ക്. ആഗോള സമ്പദ്വ്യവസ്ഥ മാന്ദ്യത്തിലേക്കു നീങ്ങുകയാണ്. യുക്രെയിന് യുദ്ധവും പണപ്പെരുപ്പവും ഉയര്‍ന്ന പലിശനിരക്കുമാണു മാന്ദ്യത്തിന്റെ പ്രധാന കാരണം. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച നേരത്തെ പ്രഖ്യാപിച്ച 6.9 ശതമാനത്തിനു പകരം 6.6 ശതമാനമേ ഉണ്ടാകൂവെന്നാണു പ്രവചനം.
◾അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിശ്വസ്തനെ നികുതിവെട്ടിപ്പിനു ശിക്ഷിച്ചു. ട്രംപ് ഓര്‍ഗനൈസഷന്റെ ചീഫ് ഫൈനാന്‍ഷ്യല്‍ ഓഫീസറായിരുന്ന അലന് വൈസല്‍ബെര്‍ഗി (75) നെയാണ് ന്യൂയോര്‍ക്ക് കോടതി അഞ്ച് മാസത്തെ തടവു ശിക്ഷക്ക് വിധിച്ചത്.
◾ലണ്ടനില്‍ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ക്ക് ലൈംഗിക പീഡനക്കേസില്‍ ഇരട്ട ജീവപര്യന്തം ശിക്ഷ. നിലവില്‍ മൂന്നു ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ഡോ. മനീഷ് ഷായ്ക്കാണ് വീണ്ടും ജീവപര്യന്തം ശിക്ഷ വിധിച്ചത്. 115 കേസുകളാണ് മനീഷ് ഷായ്ക്ക് എതിരെയുള്ളത്.
◾സൗദി അറേബ്യയിലേക്കുള്ള നിയുക്ത ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന് ഈ മാസം 15ന് റിയാദിലെത്തി ചുമതലയേല്‍ക്കും.
◾ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ്. 908 റേറ്റിംഗ് പോയന്റ് നേടിയാണ് സൂര്യ ഒന്നാമതെത്തിയത്. ടി20 റാങ്കിംഗ് ചരിത്രത്തില്‍ ഇംഗ്ലണ്ടിന്റെ ഡേവിഡ് മലനും ഓസ്ട്രേലിയയുടെ ആരോണ്‍ ഫിഞ്ചും മാത്രമാണ് സൂര്യക്ക് മുമ്പ് 900 റേറ്റിംഗ് പോയന്റ് പിന്നിട്ടിട്ടുള്ളു. ടി20യില്‍ ആദ്യ പത്തില്‍ മറ്റ് ഇന്ത്യന്‍ ബാറ്റര്‍മാരാരും ഇല്ല. ബൗളിംഗ് റാങ്കിംഗിലും ആദ്യ ഇരുപതില്‍ ഒറ്റ ഇന്ത്യന്‍ ബൗളര്‍മാരുമില്ല. അതേസമയം ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി കോലി ആറാം സ്ഥാനത്തെത്തി. രോഹിതും രണ്ട് സ്ഥാനം മെച്ചപ്പെടുത്തി എട്ടാം സ്ഥാനത്തെത്തി. പാക് നായകന് ബാബര്‍ അസമാണ് ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാമത്. ഏകദിന ബൗളിംഗില്‍ ആദ്യ പത്തില്‍ ഇന്ത്യന്‍ ബൗളര്‍മാരുമില്ല. ന്യൂസിലന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ടാണ് ഒന്നാം സ്ഥാനത്ത്.
◾പല രാജ്യങ്ങളുടെയും വളര്‍ച്ചാ പ്രവചനം വെട്ടിക്കുറച്ച് ലോകബാങ്ക്. സ്ഥിരമായ പണപ്പെരുപ്പവും, ഉയര്‍ന്ന പലിശനിരക്കും, ഉക്രെയ്നിലെ റഷ്യയുടെ അധിനിവേശത്തിന്റെ ആഘാതവും നിക്ഷേപത്തിലെ ഇടിവുമെല്ലാം ആഗോള സമ്പദ് വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് നയിക്കുമെന്നും ലോകബാങ്ക് മുന്നറിയിപ്പ് നല്കി. ആഗോള മൊത്ത ആഭ്യന്തര ഉല്‍പ്പാദനം 2023 ല്‍ 1.7 ശതമാനം വര്‍ധിക്കുമെങ്കിലും 2009-ലെയും 2020-ലെയും മോശം സാമ്പത്തിക അവസ്ഥയ്ക്ക് ശേഷം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെയുള്ള മൂന്നാമത്തെ മോശം പ്രകടനമായിരിക്കും. 2024 ലെയും വളര്‍ച്ചാ പ്രവചനം ലോകബാങ്ക് വെട്ടിക്കുറച്ചിട്ടുണ്ട്. അടുത്ത വര്‍ഷം അവസാനത്തോടെ വളര്‍ന്നുവരുന്ന വിപണികളിലെയും വികസ്വര സമ്പദ് വ്യവസ്ഥകളിലെയും ജിഡിപി കോവിഡിന് മുമ്പ് പ്രതീക്ഷിച്ചിരുന്ന നിലവാരത്തേക്കാള്‍ 6 ശതമാനം കുറവായിരിക്കും. യുഎസ്, ചൈന, യൂറോപ്യന്‍ യൂണിയന് എന്നിവിടങ്ങളില്‍ സ്ഥിതി മോശമാകും. യുണൈറ്റഡ് സ്റ്റേറ്റ്സ് പോലുള്ള വികസിത സമ്പദ് വ്യവസ്ഥകളില്‍, വളര്‍ച്ച 2023 ല്‍ 0.5 ശതമാനമായി കുറയും. ഈ വര്‍ഷം ചൈന 4.3 ശതമാനം വികസിക്കും. ഇത് നേരത്തെ പ്രവചിച്ചതിനേക്കാള്‍ 0.9 പോയിന്റ് കുറവാണ്. 1.5 ദശലക്ഷമോ അതില്‍ താഴെയോ ജനസംഖ്യയുള്ള ചെറിയ പ്രദേശങ്ങള്‍ വെല്ലുവിളികള്‍ അഭിമുഖീകരിക്കേണ്ടി വരും.
◾കാത്തിരിപ്പിനൊടുവില്‍ ഐക്യൂ 11 ഇന്ത്യയിലെത്തി. വ്യത്യസ്ഥവും നൂതനവുമായ നിരവധി സവിശേഷതകള്‍ ഐക്യൂ 11 ഹാന്‍ഡ്സെറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 6.78 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാര്‍ട്ട്ഫോണുകള്‍ക്ക് നല്‍കിയിട്ടുള്ളത്. 144 ഹെര്‍ട്സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. ക്വാല്‍ക്കം സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 പ്രോസസറിലാണ് ഐക്യൂ 11 സ്മാര്‍ട്ട്ഫോണുകളുടെ പ്രവര്‍ത്തനം. ക്വാല്‍ക്കം സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 പ്രോസസറുമായി ഇറങ്ങുന്ന ഇന്ത്യയിലെ ആദ്യത്തെ മുന്‍നിര ഹാന്‍ഡ്സെറ്റാണ് ഐക്യൂ 11. 50 മെഗാപിക്സല്‍ സാംസംഗ് ജിഎന്‍ 5 ലെന്‍സ്, 13 മെഗാപിക്സല്‍ ടെലിഫോട്ടോ ലെന്‍സ്, 8 മെഗാപിക്സല്‍ അള്‍ട്രാവൈഡ് സെന്‍സര്‍ എന്നിങ്ങനെയുള്ള ട്രിപ്പിള്‍ ക്യാമറ സജ്ജീകരണമാണ് പിന്നില്‍ നല്‍കിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെല്‍ഫി ക്യാമറ. 120 വാട്സ് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയും, 5,000 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്. 8 ജിബി റാം പ്ലസ് 256 ജിബി ഇന്റേണല്‍ സ്റ്റോറേജ് ഉളള മോഡലിന് 59,999 രൂപയും, 16 ജിബി റാം പ്ലസ് 256 ജിബി ഇന്റേണല്‍ സ്റ്റോറേജ് ഉളള മോഡലിന് 64,999 രൂപയുമാണ് വില.
◾തെലുങ്കില്‍ പുതുവര്‍ഷത്തില്‍ ആദ്യമെത്തുന്ന വന്‍ റിലീസുകളില്‍ ഒന്നാണ് നന്ദമുറി ബാലകൃഷ്ണ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘വീര സിംഹ റെഡ്ഡി’. ജനുവരി 12 ന് ആണ് ചിത്രത്തിന്റെ റിലീസ്. റിലീസിന് മുന്നോടിയായുള്ള പ്രൊമോഷന്റെ ഭാഗമായി ചിത്രത്തിലെ ഒരു ഗാനം അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. ‘മാസ് മൊഗുഡു’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് രാമജോഗയ്യ ശാസ്ത്രിയാണ്. തമന് എസ് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചത് മനോയും രമ്യ ബെഹറയും ചേര്‍ന്നാണ്. ബാലയ്യ സ്റ്റൈല്‍ ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് സമ്പന്നമായ ചിത്രത്തിന് യു/ എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ശ്രുതി ഹാസന് നായികയാവുന്ന ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് ഹണി റോസും ലാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വരലക്ഷ്മി ശരത്കുമാര്, ദുനിയ വിജയ്, പി രവി ശങ്കര്‍, ചന്ദ്രികാ രവി, അജയ് ഘഓഷ്, മുരളി ശര്‍മ്മ തുടങ്ങിയവരും താരനിരയിലുണ്ട്.
◾വലിയൊരു ഇടവേളക്കുശേഷം സൈജു കുറുപ്പ് വീണ്ടും നായകസ്ഥാനത്തെത്തുന്നു. നവാഗതനായ സിന്റോ സണ്ണി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സൈജു കുറുപ്പ് നായകനായി എത്തുന്നത്. ഒരു നാട്ടില്‍ നടന്ന യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഈ ചിത്രത്തിന്റെ അവതരണം. സിനിമക്ക് ആവശ്യമായ മാറ്റങ്ങളും ചേരുവകളും ചേര്‍ത്തുകൊണ്ട് തികഞ്ഞ ഫാമിലി കോമഡി ഡ്രാമയായിട്ടാണ് ഈ ചിത്രം എത്തിക്കുക. ജിബു ജേക്കബ് ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു കഥാപാത്രമായി അഭിനയിക്കുന്നു. ചിത്രത്തിലെ നായികയായി ദര്‍ശനയാണ് എത്തുക. ജഗദീഷ്, ജോണി ആന്റണി, കോട്ടയം നസീര്‍, ശ്രിന്ധ, ജോളി ചിറയത്ത്, ശരണ്‍ രാജ് എന്നിവര്‍ക്കൊപ്പം ‘കടത്തല്‍ക്കാരന്‍’ എന്ന തമിഴ് സിനിമയിലൂടെ ശ്രദ്ധേയനായ ഷിജു മാടക്കരയും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. ഔസേപ്പച്ചന്- എം ജി ശ്രീകുമാര്‍- സുജാത ടീം വീണ്ടും ഒന്നിക്കുന്നുവെന്ന് പ്രത്യേകതയുമുണ്ട്. വിനീത് ശ്രീനിവാസന്, വൈക്കം വിജയലക്ഷ്മി, ഫ്രാങ്കോ, അമല്‍ ആന്റിണി, സിജോ സണ്ണി എന്നിവരും ഗായകരായുണ്ട്.
◾റോള്‍സ് റോയ്സ് കമ്പനിയുടെ 118 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും അധികം വാഹനങ്ങള്‍ വിറ്റ വര്‍ഷമായി 2022. 6,021 റോള്‍സ് റോയ്സുകളാണ് കഴിഞ്ഞ വര്‍ഷം നിരത്തുകളിലെത്തിയത്. ആറുകോടി രൂപയ്ക്ക് മുകളിലാണ് റോള്‍സ് റോയ്സ് മോഡലുകളുടെ വില ആരംഭിക്കുന്നത്. പടിഞ്ഞാറന്‍ ഏഷ്യ, ഏഷ്യ പസഫിക്, യുഎസ്എ, യൂറോപ്പ് ഉള്‍പ്പടെയുള്ള വിപണികളില്‍ വില്‍പ്പന ഉയര്‍ന്നു. എട്ട് ശതമാനമാണ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വില്‍പ്പനയില്‍ നേടിയ വളര്‍ച്ച. 2022ല്‍ കമ്പനി വിറ്റതില്‍ പകുതിയും കള്ളിനന് എന്ന എസ്യുവി മോഡലാണ്. വില്‍പ്പനയില്‍ ഗോസ്റ്റിന്റെ വിഹിതം 30 ശതമാനവും ഫാന്റത്തിന്റെ വിഹിതം 10 ശതമാനവുമാണ്. 10 മാസം മുതല്‍ ഒരു വര്‍ഷം വരെയാണ് റോള്‍സ് റോയ്സ് മോഡലുകളുടെ ബുക്കിംഗ് കാലയളവ്. റോള്‍സ് റോയ്സിന്റെ ആദ്യത്തെ സമ്പൂര്‍ണ ഇലക്ട്രിക് മോഡല്‍ സ്പെക്ടര് അവതരിപ്പിച്ച വര്‍ഷം കൂടിയായിരുന്നു 2022. മോഡലിന് ഇതുവരെ 300ല്‍ അധികം പ്രീബുക്കിംഗ് ആണ് ലഭിച്ചത്. 2030ഓടെ പൂര്‍ണമായും ഇലക്ട്രിക്കിലേക്ക് മാറാന്‍ ഒരുങ്ങുകയാണ് കമ്പനി.
◾ഒരു പാതിയില്‍ നിലാവു വീഴുന്നു. മറുപാതി നീലനിറം പൂശി രാത്രിയാവുന്നു. കടലും കായലും ഒന്നായിത്തീര്‍ന്ന ജലത്തിന്റെ വീട് പ്രപഞ്ചമഹാകാശമായി ചുരുക്കിക്കൊണ്ട് ആഴി കടന്നുവരുന്നു. ജീവന്റെ പ്രവാചക അവളുടെ മാന്ത്രികവടിയില്നിന്ന് പ്രാവുകള്‍ പറന്നുപോകുന്നു… പ്രചോദിത, അഘോരി, അവസാനവാക്ക്. പ്രവാചക ആവഹനം, എഴുതുന്നവള്‍, നിയോഗം, വിരുദ്ധം, പ്രേതഭാഷണം, അമലസാന്ത്വനം, സ്വപ്നം തുടങ്ങിയ 40 കവിതകള്‍. എമിലി ഡിക്കന്‍സണ്‍, അന്ന എക്മതോവ എന്നിവരുടെ അഞ്ചു വിവര്‍ത്തന കവിതകളും. ‘പ്രവാചക’. ഇന്ദിര അശോക്. ഡിസി ബുക്സ്. വില 104 രൂപ.
◾സുരക്ഷിതമായ മദ്യപാനം എന്നൊന്നില്ലെന്ന് ലോകാരോഗ്യസംഘടന. എത്ര അളവ് മദ്യം അകത്താക്കുന്നു എന്നതിലല്ല മറിച്ച് ആല്‍ക്കഹോള്‍ അടങ്ങിയ ഏതൊരു പാനീയവും ആദ്യതുള്ളി കുടിക്കുന്നതില്‍ തുടങ്ങി ആരോഗ്യം പ്രശ്നമായി തുടങ്ങുമെന്നാണ് ഡബ്യൂഎച്ച്ഒ പറയുന്നത്. മദ്യപാനം കൂടുന്നതിനൊപ്പം കാന്‍സര്‍ സാധ്യതയും വര്‍ദ്ധിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി. അമിത മദ്യപാനം മൂലം യൂറോപ്പില്‍ 200 മില്യണ്‍ ആളുകള്‍ കാന്‍സര്‍ സാധ്യതാ പട്ടികയിലുണ്ടെന്നാണ് കണക്കുകള്‍. മിതമായി മദ്യം ഉപയോഗിക്കുന്നതുപോലും യൂറോപ്യന്‍ മേഖലയില്‍ കാന്‍സര്‍ സാധ്യത വര്‍ധിപ്പിച്ചിട്ടുണ്ടെന്നാണ് ലാന്‍സെറ്റ് പബ്ലിക് ഹെല്‍ത്തിലെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ആഴ്ച്ചയില്‍ 1.5ലിറ്ററില്‍ കുറവ് വൈനോ 3.5 ലിറ്ററില്‍ കുറച്ച് ബിയറോ 450 മില്ലിലിറ്ററില്‍ കുറവ് സ്പിരിറ്റോ കഴിക്കുന്നതുപോലും ആരോഗ്യത്തിന് ഹാനികരമാണെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. ആല്‍ക്കഹോള്‍ അടങ്ങിയ ഏത് പാനീയവും കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. എഥനോള്‍ ശരീരത്തിലെത്തുമ്പോള്‍ പല പ്രവര്‍ത്തനങ്ങളും തകരാറിലാവുകയും അതുവഴി കാന്‍സര്‍ പിടിമുറുക്കുകയും ചെയ്യും. കുടലിലെ കാന്‍സറും സ്തനാര്‍ബുദവും അടക്കം ഏഴോളം കാന്‍സറുകള്‍ക്ക് മദ്യപാനം കാരണമാകും. വൈന്‍ ഉള്‍പ്പെടെ ആല്‍ക്കഹോള്‍ അംശമുള്ള പാനീയങ്ങളെല്ലാം കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്ന് നേരത്തേ മദ്യപാനവും കാന്‍സര്‍ സാധ്യതയും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പഠനത്തില്‍ വ്യക്തമാക്കിയിരുന്നു. കാന്‍സറിന്റെ പ്രധാന കാരണങ്ങളിലൊന്ന് മദ്യപാനമാണെന്നും ഭൂരിഭാഗം ആളുകളും ഇത് അറിയാതെ മദ്യം ഗുണം ചെയ്യുമെന്ന് കരുതുന്നവരാണെന്നും പഠനത്തില്‍ പറയുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 81.60, പൗണ്ട് – 99.20, യൂറോ – 87.66, സ്വിസ് ഫ്രാങ്ക് – 88.50, ഓസ്ട്രേലിയന്‍ ഡോളര്‍ – 56.34, ബഹറിന്‍ ദിനാര്‍ – 216.47, കുവൈത്ത് ദിനാര്‍ -266.83, ഒമാനി റിയാല്‍ – 212.23, സൗദി റിയാല്‍ – 21.73, യു.എ.ഇ ദിര്‍ഹം – 22.21, ഖത്തര്‍ റിയാല്‍ – 22.41, കനേഡിയന്‍ ഡോളര്‍ – 60.77.