yt cover 2 1

സംസ്ഥാനത്ത് അറുപത് ജിഎസ്എമ്മിനു മുകളിലുളള പ്ലാസ്റ്റിക് ബാഗുകളെ നിരോധിച്ച നടപടി ഹൈക്കോടതി റദ്ദാക്കി. വീണ്ടും ഉപയോഗിക്കാവുന്ന ബാഗുകള്‍ക്ക് അനുമതി നല്‍കിക്കൊണ്ടുള്ള കേന്ദ്ര നിയമം നിലനില്‍ക്കെ നിരോധനം സാധുവല്ലന്ന സംസ്ഥാന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് സിംഗിള്‍ ബെഞ്ചിന്റെ നടപടി. എന്നാല്‍ അറുപത് ജി എസ് എമ്മിന് താഴെയുളള ഒറ്റത്തവണ ഉപയോഗത്തിനുളള പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ നിരോധനം തുടരും. തുണിക്കടകളിലും മറ്റും ഉപയോഗിച്ചിരുന്ന ക്യാരി ബാഗുകള്‍ക്കു നിരോധനം ബാധകമാകില്ല.

താല്‍ക്കാലിക ജീവനക്കാരെ ജോലിയില്‍നിന്നു പിരിച്ചുവിടുന്നതിനു മുന്‍പ് നോട്ടീസ് നല്‍കണമെന്ന് ഹൈക്കോടതി. ജോലി തൃപ്തികരമല്ലെങ്കിലും നോട്ടീസ് നല്‍കിയശേഷമേ പിരിച്ചുവിടാവൂവെന്ന് ജസ്റ്റിസ് അനു ശിവരാമന്‍ ഉത്തരവിട്ടു. മാനന്തവാടി മുനിസിപ്പാലിറ്റിയിലെ ആയുഷ് ഹോമിയോപതിയില്‍ താത്കാലിക ജീവനക്കാരായ സ്ത്രീകളെ പിരിച്ചുവിട്ട നടപടി റദ്ദാക്കിയാണ് ഉത്തരവ്.

ബീഡി തെറുത്തും ഹോട്ടലില്‍ തൂപ്പുകാരനായും ജോലി ചെയ്തുകൊണ്ടു കേരളത്തില്‍ പഠിച്ച മലയാളി അമേരിക്കയിലെ ടെക്സാസില്‍ ജില്ലാ ജഡ്ജിയായി. ആ വിശേഷം ഇങ്ങനെ https://dailynewslive.in/sweeper-turned-judge-in-us/

വിഴിഞ്ഞത്ത് തീരശോഷണം പഠിക്കാനുള്ള വിദഗ്ധ സമിതിയുടെ പരിഗണനാ വിഷയങ്ങള്‍ സര്‍ക്കാര്‍ നിശ്ചയിച്ചു. തുറമുഖ നിര്‍മാണം മൂലം ഏതൊക്കെ പ്രദേശങ്ങളില്‍ തീരശോഷണമുണ്ടായി, പരിഹാര മാര്‍ഗങ്ങള്‍ തുടങ്ങിയവയാണ് സമിതി പരിശോധിക്കുക. എന്നാല്‍ തീരശോഷണം പഠിക്കേണ്ട പ്രദേശങ്ങള്‍ അടയാളപ്പെടുത്താതെയാണ് സര്‍ക്കാര്‍ ഉത്തരവ്. സമരം തീര്‍ന്ന് ഒരു മാസം കഴിഞ്ഞാണ് ഈ തീരുമാനം. നാലു മാസത്തിനകം ഇടക്കാല റിപ്പോര്‍ട്ടും ആറു മാസത്തിനകം അന്തിമ റിപ്പോര്‍ട്ടും സമര്‍പ്പിക്കണം.

ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്ത 58 പോലീസ് ഉദ്യോഗസ്ഥരെ ഒരു വര്‍ഷത്തിനകം പിരിച്ചുവിടും. രണ്ടു മാസത്തിനകം നാലു പോലീസുകാരെ പിരിച്ചുവിടാനുള്ള നടപടികള്‍ ആരംഭിച്ചു.

ആലപ്പുഴയിലെ സിപിഎം നഗരസഭാ കൗണ്‍സിലര്‍ ഷാനവാസിന്റെ വാഹനത്തില്‍ ഒരു കോടി രൂപയുടെ ലഹരി വസ്തുക്കള്‍ കടത്തിയ സംഭവത്തില്‍ പാര്‍ട്ടി ജില്ലാ നേതൃത്വം അച്ചടക്ക നടപടിയെടുക്കും. ഇന്നലെ വൈകിട്ട് ചേര്‍ന്ന ആലപ്പുഴ ഏരിയാ കമ്മറ്റി യോഗത്തില്‍ കൗണ്‍സിലര്‍ എ ഷാനവാസ് വിശദീകരണം നല്‍കിയിരുന്നു.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്. ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കാനില്ലെന്ന് ടി.എന്‍. പ്രതാപന്‍ എംപി. ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചെന്നും പ്രതാപന്‍ പറഞ്ഞു. എംഎല്‍എയായി പ്രവര്‍ത്തിക്കാനാണ് താല്‍പര്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍. ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായി സാമൂഹികാഘാത പഠനം തുടങ്ങി. ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റടക്കം 2,570 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്.

സംസ്ഥാന സ്‌കൂള്‍ കലോത്സവ സ്വാഗതഗാനം അവതരിപ്പിച്ച പേരാമ്പ്ര മാതാ കേന്ദ്രത്തിന് കലോത്സവത്തില്‍ ഇനി അവസരം നല്‍കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. വേദിയില്‍ അവതരിപ്പിക്കുന്നതിന് മുന്‍പ് ദൃശ്യാവിഷ്‌കാരം പരിശോധിച്ചിരുന്നു. വിവാദമുണ്ടാക്കിയ വേഷം ഉണ്ടായിരുന്നില്ലെന്നും വിദ്യാഭ്യാസ മന്ത്രി വിശദീകരിച്ചു.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

കലോത്സവത്തിന്റെ വിവാദമായ സ്വാഗതഗാന ദൃശ്യാവിഷ്‌കാരം തയാറാക്കിയവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ്. ഭീകരവാദിയെ ചിത്രീകരിക്കാന്‍ മുസ്ലീം വേഷധാരിയെ അവതരിപ്പിച്ചത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയത്തിനു വിരുദ്ധമാണെന്നു പ്രസ്താവനയില്‍ പറഞ്ഞു.

സിപിഎമ്മും സര്‍ക്കാരും ഒരു മതത്തിനും എതിരല്ലെന്നും കലോത്സവത്തിലെ സ്വാഗതഗാനം സംബന്ധിച്ച് വിവാദമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സര്‍ക്കാരിന്റെ ഈ നിലപാടിനെതിരെ ആരെങ്കിലും ഇടപെട്ടിട്ടുണ്ടെങ്കില്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരെ ഉയര്‍ന്ന അവിഹിത സ്വത്ത് സമ്പാദന ആരോപണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിനു മുന്നില്‍ യുഡിഎഫ് ധര്‍ണ. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. 100 കോടി രൂപയുടെ നിക്ഷേപമുള്ള റിസോര്‍ട്ടിലാണു ജയരാജന്റെ നിക്ഷേപമെന്ന് വിഡി സതീശന്‍ ആരോപിച്ചു. ക്വാറി, റിസോര്‍ട്ട് മാഫിയകളെല്ലാം നിക്ഷേപകരാണ്. ജയരാജന്‍ എങ്ങനെ എല്‍ഡിഎഫ് കണ്‍വീനറായി തുടരുമെന്നും അദ്ദേഹം ചോദിച്ചു.

താരസംഘടനയായ അമ്മ ജിഎസ്ടി ഇനത്തില്‍ നാലു കോടി 36 ലക്ഷം രൂപ അടയ്ക്കണമെന്ന് ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം. നവംബറില്‍ നോട്ടീസ് നല്‍കിയിട്ടും സംഘടന പണം അടച്ചിട്ടില്ല. അടുത്ത നടപടികളിലേക്കു കടക്കാനാണ് ജിഎസ്ടി വകുപ്പിന്റെ നീക്കം. ജിഎസ്ടി നിലവില്‍ വന്ന 2017 മുതല്‍ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ വരെ അമ്മ ജിഎസ്ടി രജിസ്ട്രേഷന്‍ എടുത്തിട്ടില്ല. സംഘടന ചാരിറ്റബിള്‍ സൊസൈറ്റിയാണെന്നാണ് അമ്മയുടെ വാദം. എന്നാല്‍, ഇക്കാലത്തു സ്റ്റേജ് ഷോകളിലൂടെ 15 കോടി രൂപ ലഭിച്ചെന്നാണ് ജിഎസ്ടി ഇന്റലിജന്‍സ് പറയുന്നത്.

എറണാകുളം വൈപ്പിനില്‍നിന്നുള്ള സ്വകാര്യ ബസുകള്‍ക്ക് നഗരത്തിലേക്കു പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു ഹൈബി ഈഡന്‍ എംപി നിരാഹാര സമരം തുടങ്ങി. കെ. മുരളീധരന്‍ എംപി ഉദ്ഘാടനം ചെയ്തു. കമ്മ്യൂണിസ്റ്റ്കാര്‍ കേരളം ഭരിക്കുമ്പോള്‍ സാധാരണക്കാര്‍ സഞ്ചരിക്കുന്ന ബസിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. സമ്പന്നരുടെ കാറുകള്‍ക്കു വിലക്കൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന നിലക്കലില്‍ പാര്‍ക്കിങ് ഫീസ് കരാര്‍ റദ്ദാക്കി. കൊല്ലം ശൂരനാട് സ്വദേശി സജീവന്‍ മൂന്നര കോടി രൂപയ്ക്ക് എടുത്ത കരാറാണ് റദ്ദാക്കിയത്. 1.30 കോടി രൂപയാണ് ഇനി സജീവന്‍ അടക്കേണ്ടിയിരുന്നത്.

നാഗര്‍കോവിലിലെ ഇരട്ടക്കൊലക്കേസില്‍ ജയിലില്‍നിന്നു ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 17 വര്‍ഷങ്ങള്‍ക്കു ശേഷം പൊലീസിന്റെ പിടിയില്‍. തമിഴ്നാട് തിരുനെല്‍വേലി അഴകിയപാണ്ടിപുരം സ്വദേശി റഷീദി(48)നെയാണ് പൂക്കോട്ടുംപാടം ചുള്ളിയോടുനിന്ന് പൊലീസ് പിടികൂടിയത്.

കോഴിക്കോട് മിഠായിത്തെരുവിലെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കി. കോഴിക്കോട് കോര്‍പറേഷന്റെ നേതൃത്വത്തിലാണ് നടപടി. താല്‍ക്കാലിക നിര്‍മാണത്തിനു പകരം സ്ഥിരം നിര്‍മാണം നടത്തിയ കടമുറികളാണ് പൊളിച്ചത്.

കോട്ടയം മാങ്ങാനാത്തെ മന്ദിരം ആശുപത്രിയിലെ നഴ്സിംഗ് ഹോസ്റ്റലില്‍ അറുപതോളം പേര്‍ക്കു ഭക്ഷ്യവിഷബാധ. ആശുപത്രി കാന്റീനില്‍നിന്നുള്ള ഭക്ഷണമാണ് കുഴപ്പമുണ്ടാക്കിയത്. ഭക്ഷ്യസുരക്ഷ വിഭാഗം പരിശോധന നടത്തി കാന്റീന്‍ അടപ്പിച്ചു.

പുതുവത്സരദിനത്തില്‍ പെരിന്തല്‍മണ്ണ അരക്കുപറമ്പ് കരിങ്കാളിക്കാവില്‍ പോലീസ് വാഹനം കല്ലെറിഞ്ഞ് തകര്‍ത്ത കേസില്‍ ഏഴു പേര്‍ പോലീസില്‍ കീഴടങ്ങി. അരക്കുപറമ്പ് കരിങ്കാളികാവ് സ്വദേശികളായ രതീഷ്‌കുമാര്‍ (37), ബാബുമണി (39), പ്രേംപ്രകാശ് (45), മഹേഷ് (31), പ്രമോദ് (39), മജുമോന്‍ (38), അനൂപ്(41) എന്നിവരാണ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.

നടി മോളി കണ്ണമാലി ആശുപത്രിയില്‍. ഫോര്‍ട്ട് കൊച്ചിയിലെ ഗൗതം ആശുപത്രിയിലെ വെന്റിലേറ്ററിലാണ്. മൂന്നു ദിവസം മുന്‍പ് വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു.

ഹണിട്രാപ് കേസില്‍ വിദേശത്ത് ഒളിവില്‍പോയ പ്രതി പിടിയില്‍. തൃശൂര്‍ കീഴ്പ്പുള്ളിക്കര സ്വദേശി കല്ലിങ്ങല്‍ വീട്ടില്‍ സല്‍മാനാണ് (28) പിടിയിലായത്. പത്തുലക്ഷം രൂപ ആവശ്യപ്പെട്ട് മാരാരിക്കുളം വാറാന്‍ കവല ഭാഗത്തെ ഹോം സ്റ്റേ ഉടമയെ തൃശൂര്‍ ജില്ലയിലെ മാള, ചെറുതുരുത്തി എന്നിവിടങ്ങളില്‍ താമസിപ്പിച്ച് മര്‍ദിച്ച കേസിലെ രണ്ടാം പ്രതിയാണ്. ഇയാള്‍ക്കെതിരേ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ഹൈക്കോടതി ജഡ്ജിമാരില്‍ 79 ശതമാനം പേരും ഉയര്‍ന്ന ജാതിക്കാരാണെന്നു കേന്ദ്ര നിയമ മന്ത്രാലയം. 2018 മുതല്‍ 2022 ഡിസംബര്‍ 19 വരെയുള്ള കാലയളവില്‍ 537 ജഡ്ജിമാരാണ് ഹൈക്കോടതികളില്‍ നിയമിതരായത്. ഇതില്‍ 79 ശതമാനം പേരും ജനറല്‍ വിഭാഗത്തിലുള്ളവരാണ്. 11 ശതമാനം മറ്റു പിന്നാക്ക വിഭാഗങ്ങളില്‍നിന്നും 2.6 ശതമാനം ന്യൂനപക്ഷങ്ങളില്‍ നിന്നുമാണ്. പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ യഥാക്രമം 2.8, 1.3 ശതമാനം മാത്രമാണ്.

അടുത്ത വര്‍ഷം നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിനു പൊതു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോണ്‍ഗ്രസ് മൂന്നക്കം കടന്നാല്‍ 2004, 2009 മാതൃകയില്‍ മുന്നണി ഉണ്ടായേക്കാം. ഭാരത് ജോഡോ യാത്ര ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസിനെ സഹായിച്ചു. എന്നാല്‍ അത് എത്രത്തോളം സംഘടനപരമായി ഗുണമാകുമെന്നു കാത്തിരുന്നു കാണണം. യെച്ചൂരി പറഞ്ഞു.

ഉത്തരാഖണ്ഡിലെ ജോഷിമഠിനു സമീപമുള്ള ശങ്കരാചാര്യ മഠത്തിലും വിള്ളല്‍. ജല വൈദ്യുത പദ്ധതി തന്നെയാണ് പ്രശ്നങ്ങള്‍ക്കു കാരണമെന്നാണ് മഠത്തിലുള്ളവരും വിശ്വസിക്കുന്നത്. കഴിഞ്ഞ 15 ദിവസങ്ങള്‍ക്കുള്ളിലാണ് ഈ വിള്ളലുകളുണ്ടായതെന്നാണ് മഠ് അധികാരികള്‍ പറയുന്നത്. അതേസമയം ജോഷിമഠില്‍ ഇതുവരെ 81 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചത്.

പശ്ചിമ ബംഗാളിലെ സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉച്ചഭക്ഷണത്തില്‍ ചത്ത പാമ്പ്. ഉച്ചഭക്ഷണം കഴിച്ച 32 വിദ്യാര്‍ത്ഥികളെ ഛര്‍ദ്ദിച്ച് അവശതയിലായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിര്‍ഭും ജില്ലയിലെ മയൂരേശ്വര്‍ ബ്ലോക്കിലെ പ്രൈമറി സ്‌കൂളിലാണ് സംഭവം. പരിപ്പ് കറിയുണ്ടായിരുന്ന പാത്രത്തിലാണു ചത്ത പാമ്പിനെ കണ്ടത്തിയത്.

അമ്പത്തഞ്ചു യാത്രക്കാരെ വിമാനത്തില്‍ കയറ്റാതെ ഗോ ഫസ്റ്റ് വിമാനം പറന്ന സംഭവത്തില്‍ കേന്ദ്ര വ്യോമയാ ഡയറക്ടറേറ്റ് ജനറല്‍ റിപ്പോര്‍ട്ടു തേടി. ബംഗളൂരുവില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനമാണ് യാത്രക്കാര്‍ കയറുന്നതിനു മുമ്പ് പറന്നുയര്‍ന്നത്.

തമിഴ്നാട്ടില്‍ ഡിഎംകെയുടെ സ്റ്റാലിന്‍ സര്‍ക്കാരും ഗവര്‍ണര്‍ രവിയും തമ്മില്‍ പോര്. ഡിഎംകെ പ്രവര്‍ത്തകര്‍ ചെന്നൈ നഗരത്തില്‍ ‘ഗെറ്റ് ഔട്ട് രവി’ എന്നെഴുതിയ ബാനറുകള്‍ സ്ഥാപിച്ചു. പൊങ്കല്‍ വിരുന്നിന്റെ ക്ഷണക്കത്തില്‍ തമിഴ്നാട് എന്നതിനു പകരം ‘തമിഴക ഗവര്‍ണര്‍’ എന്നാണ് രവി എഴുതിയത്. നിയമസഭയില്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലും തമിഴകം വാദം ഗവര്‍ണര്‍ ഉന്നയിച്ചത് വിവാദമായിരുന്നു.

പെറുവില്‍ മുന്‍ പ്രസിഡന്റ് പെട്രേ്യാ കാസ്റ്റിനോയെ ജയില്‍ മോചിതനാക്കണമെന്ന് ആവശ്യപ്പെട്ടുളള പ്രക്ഷോഭത്തില്‍ 12 മരണം. സുരക്ഷാ സേനയും പ്രക്ഷോഭകരും തമ്മിലുളള ഏറ്റുമുട്ടലിലാണ് മരണം. ജുലിയാക്കയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ അമ്പതോളം പേര്‍ക്ക് പരിക്കേറ്റു.

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അവസാന വിവരം ലഭിക്കുമ്പോള്‍ 18 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 118 റണ്‍സെടുത്തിട്ടുണ്ട്. രോഹിത് ശര്‍മയ്ക്കൊപ്പം ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിച്ചത്.

ഫ്രാന്‍സിന്റെ ഇതിഹാസ താരം സിനദിന്‍ സിദാനെ അപമാനിച്ച സംഭവത്തില്‍ ഫ്രഞ്ച് ഫുട്ബോള്‍ പ്രസിഡന്റ് നോയല്‍ ലെ ഗ്രായെറ്റ് മാപ്പു പറഞ്ഞു. ലെ ഗ്രായെറ്റിന്റെ പ്രസ്താവനക്കെതിരെ ഫ്രാന്‍സ് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയും മുന്‍ കാല താരങ്ങളും രാഷ്ട്രീയ നേതാക്കളും പരസ്യമായി രംഗത്തെത്തിയതോടെയാണ് ലെ ഗ്രായെറ്റ് മാപ്പു പറഞ്ഞത്.

നടപ്പ് സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ അറ്റാദായം 10.98 ശതമാനം ഉയര്‍ത്തി ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്. 10,883 കോടി രൂപയാണ് ടിസിഎസിന്റെ അറ്റാദായം. മുന്‍വര്‍ഷം ഇതേ കാലയളവില്‍ അറ്റാദായം 9,806 കോടി രൂപയായിരുന്നു. അതേ സമയം പ്രതീക്ഷിച്ചതിനെക്കാള്‍ കുറവാണ് അറ്റാദായത്തിലെ വളര്‍ച്ച. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കമ്പനിയുടെ ഏകീകൃത വരുമാനം 19.11 ശതമാനം ഉയര്‍ന്ന് 58,229 കോടി രൂപയിലെത്തി. രണ്ടാംപാദത്തെ അപേക്ഷിച്ച് അറ്റാദായം വര്‍ധിച്ചത് 4 ശതമാനം ആണ്. 7.5 ബില്യണ്‍ ഡോളറിന്റെ ഡീലുകളാണ് മൂന്നാംപാദത്തില്‍ കമ്പനി നേടിയത്. ടിസിഎസിന്റെ നോര്‍ത്ത് അമേരിക്ക, യുകെ വിപണികളില്‍ 15 ശതമാനത്തോളം വളര്‍ച്ചയാണ് സെയില്‍സില്‍ ഉണ്ടായത്. ആകെ വരുമാനത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും ഈ വിപണികളില്‍ നിന്നാണ്. ഏഷ്യ-പസഫിക് മേഖലയിലെ വളര്‍ച്ച 8-9 ശതമാനം ആണ്. കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് മീഡിയ വെര്‍ട്ടിക്കിള്‍-13.5%, ടെക്‌നോളജി & സര്‍വീസസ് -13.6%, മാനുഫാക്ചറിംഗ്- 12.5% എന്നിങ്ങനെയാണ് വിവിധ മേഖലകളില്‍ നേടിയ വളര്‍ച്ച. 67 രൂപയുടെ പ്രത്യേക ഡിവിഡന്റും 8 രൂപയുടെ ഇടക്കാല ഡിവിഡന്റും ടിസിഎസ് പ്രഖ്യാപിച്ചിട്ടുണ്ട്. അതായത് നിക്ഷേപകര്‍ക്ക് ഓഹരി ഒന്നിന് 75 രൂപ ലാഭവിഹിതമായി ലഭിക്കും.

റിയല്‍മിയുടെ ഏറ്റവും പുതിയ ഹാന്‍ഡ്സെറ്റായ റിയല്‍മി 10 4ജി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. റിയല്‍മി.കോം, ഫ്ലിപ്കാര്‍ട്ട്, റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവയില്‍ നിന്ന് ജനുവരി 15 മുതല്‍ ഈ സ്മാര്‍ട്ട്ഫോണ്‍ വാങ്ങാന്‍ സാധിക്കും. 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഇതിന് നല്‍കിയിട്ടുള്ളത്. 90 ഹെര്‍ട്സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. മീഡിയടെക് ഹീലിയോ ജി99 പ്രവര്‍ത്തിക്കുന്ന ഈ സ്മാര്‍ട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയ്ഡ് 13 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. 4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റിലാണ് ഇവ അവതരിപ്പിച്ചിരിക്കുന്നത്. 50 മെഗാപിക്സല്‍, 2 മെഗാപിക്സല്‍ ക്യാമറയാണ് പിന്നില്‍ നല്‍കിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെല്‍ഫി ക്യാമറ. 33 വാട്സ് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയും 5,000 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്. 64 ജിബി ഇന്റേണല്‍ സ്റ്റോറേജ് ഉളള മോഡലിന് 13,999 രൂപയും, 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് ഉളള മോഡലിന് 16,999 രൂപയുമാണ് വിപണി വില.

ഷാറുഖ് ഖാനെ നായകനാക്കി സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘പഠാന്‍’ ട്രെയ്‌ലര്‍ എത്തി. ഷാറുഖ് ഖാന്റെയും ജോണ്‍ അബ്രഹാമിന്റെയും സ്‌ക്രീന്‍ പ്രസന്‍സും അതി ഗംഭീര ആക്ഷന്‍ രംഗങ്ങളുമായി ട്രെയ്‌ലറിന്റെ ഹൈലൈറ്റ്. ജോണ്‍ ഏബ്രഹാമും ദീപിക പദുക്കോണുമാണ് ചിത്രത്തില്‍ ഷാറുഖിനൊപ്പം പ്രധാനവേഷങ്ങളില്‍ എത്തുന്നത്. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രം ജനുവരി 25 ന് തിയറ്ററുകളില്‍ എത്തും. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക് പതിപ്പുകളിലും പഠാന്‍ തിയറ്ററുകളിലെത്തും. ആമസോണ്‍ പ്രൈം വീഡിയോ പഠാന്റെ ഒടിടി അവകാശം സ്വന്തമാക്കിയത് 100 കോടി രൂപയ്ക്കാണെന്നാണ് വിവരം. പഠാന്‍ ഒരു ഹൈ-ഒക്ടെയ്ന്‍ ആക്ഷന്‍ ചിത്രമാണെന്നാണ് സൂചന. പഠാനിലെ ബെഷറം രംഗ് എന്ന ഗാനം വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു.

ആര്‍ആര്‍ആര്‍, ദ കാശ്മീര്‍ ഫയല്‍സ്, കന്താര, ഗംഗുഭായ് കത്തിയാവാഡി, വിക്രാന്ത് റോണ എന്നീ ചിത്രങ്ങള്‍ 95-ാമത് ഓസ്‌കര്‍ അവാര്‍ഡിനുള്ള ഷോര്‍ട്ട് ലിസ്റ്റില്‍ ഇടം നേടി. ഇന്ത്യയില്‍ നിന്നുള്ള അഞ്ച് സിനിമകള്‍ ഷോര്‍ട്ട് ലിസ്റ്റില്‍. 301 സിനിമകള്‍ക്കൊപ്പം ആണ് ഓസ്‌കറിനായി ഈ ഇന്ത്യന്‍ സിനിമകള്‍ മത്സരിക്കാന്‍ ഒരുങ്ങുന്നത്. ഋഷഭ് ഷെട്ടിയുടെ ‘കാന്താര’ മികച്ച ചിത്രം, മികച്ച നടന്‍ എന്നീ വിഭാഗങ്ങളില്‍ ആണ് മത്സരിക്കുന്നത്. അന്തിമ നോമിനേഷനുകള്‍ ജനുവരി 24 ന് പുറത്തിറങ്ങും. കഴിഞ്ഞ വര്‍ഷം രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ച സിനിമയാണ് കാന്താര. ഋഷഭ് ഷെട്ടി സ്വന്തം സംവിധാനത്തില്‍ നായകനായ ‘കാന്താര’ മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, ഭാഷകളിലും മൊഴി മാറ്റി പ്രദര്‍ശനത്തിന് എത്തിയിരുന്നു. 2022ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു റിഷബ് ഷെട്ടിയുടെ കാന്താര. ആഗോളതലത്തില്‍ 400 കോടിയിലധികം കളക്ഷന്‍ നേടിയ ചിത്രം അടുത്തിടെ തിയേറ്ററുകളില്‍ 100 ദിവസം പൂര്‍ത്തിയാക്കി.

ഹൈലക്സിന്റെ ബുക്കിങ് പുനരാരംഭിച്ച് ടൊയോട്ട. വില പ്രഖ്യാപിക്കുന്നതിന് മുമ്പേ മികച്ച പ്രതികരണം ലഭിച്ചതിന്റെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഹൈലക്സിന്റെ ബുക്കിങ് ടൊയോട്ട താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. മാര്‍ച്ചിലായിരുന്നു വാഹനത്തിന്റെ വില ടൊയോട്ട ഇന്ത്യ പ്രഖ്യാപിച്ചത്. മൂന്ന് വകഭേദങ്ങളില്‍ വിപണിയിലെത്തുന്ന വാഹനത്തിന്റെ അടിസ്ഥാന വകഭേദം സ്റ്റാന്റേര്‍ഡിന് 33.99 ലക്ഷം രൂപയും ഹൈ വകഭേദത്തിന് 35.80 ലക്ഷം രൂപയും ഹൈ ഓട്ടമാറ്റിക്കിന് 36.80 ലക്ഷം രൂപയുമാണ് വില. ഇമോഷണല്‍ റെഡ്, വൈറ്റ് പേള്‍, സില്‍വ്വര്‍ മെറ്റാലിക്ക്, സൂപ്പര്‍ വൈറ്റ്, ഗ്രേ മെറ്റാലിക് എന്നീ നിറങ്ങളില്‍ പുതിയ വാഹനം ലഭിക്കും. ഐ എം വി- ടു പ്ലാറ്റ്ഫോമാണ് ടൊയോട്ട ഹൈലക്സിന്റെ അടിസ്ഥാനം. 2.8 ലീറ്റര്‍ ഡീസല്‍ എന്‍ജിനാണ് വാഹനത്തില്‍. ഓട്ടമാറ്റിക്, മാനുവല്‍ ഗിയര്‍ബോക്സുകളില്‍ ലഭിക്കും. ആറു സ്പീഡ് ഓട്ടോമാറ്റിക് വകഭേദത്തിന് 204 ബി എച്ച് പി വരെ കരുത്തും 500 എന്‍ എം ടോര്‍ക്കും ആറു സ്പീഡ് മാനുവല്‍ വകഭേദത്തിന് 204 ബിഎച്ച്പി കരുത്തും 420 എന്‍എം ടോര്‍ക്കുമുണ്ട്. ഫോര്‍ വീല്‍ ഡ്രൈവ് ലേഔട്ട് സഹിതമാണ് ഹൈലക്സ് എത്തിയത്.

അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ ലൈബ്രറികളിലൊന്നിലെ ക്യാബിനില്‍ ഒരു സ്ത്രീ കൊല്ലപ്പെടുന്നു. കൊലയ്ക്കു പിന്നിലെ ഉദ്ദേശ്യങ്ങളെക്കുറിച്ച് ക്രൈം റിപ്പോര്‍ട്ടര്‍ കാര്‍ത്തിയും പോലീസ് ചീഫ് റോഗനും വ്യത്യസ്ത നിഗമനങ്ങള്‍ വച്ചുപുലര്‍ത്തുമ്പോള്‍, പ്രധാന ലൈബ്രേറിയന്‍ കൂടി കൊല്ലപ്പെടുന്നു. വിലപിടിച്ച പുസ്തകങ്ങളാണോ, മറ്റെന്തെങ്കിലുമാണോ കൊലയാളിയുടെ ലക്ഷ്യം? വിഷയം സങ്കീര്‍ണ്ണമായിത്തീര്‍ന്നതോടെ പ്രശസ്ത മനശ്ശാസ്ത്ര വിദഗ്ദ്ധന്‍ പ്രൊഫ. ഹാര്‍ളി അന്വേഷണത്തിന്റെ നേതൃത്വമേറ്റെടുക്കുന്നു. തുടര്‍ന്നും ദുരൂഹതയാര്‍ന്ന ആക്രമണങ്ങളും വിലയേറിയ പുസ്തകങ്ങള്‍ നഷ്ടപ്പെടുന്നതും തുടരുമ്പോള്‍ ഗ്രന്ഥാലയവും അതിനെ വലയംചെയ്യുന്ന ഭീതിദമായ അന്തരീക്ഷവും വളരുന്നു. ചാള്‍സ് ജെ. ഡട്ടണിന്റെ പ്രശസ്ത രചനയുടെ പരിഭാഷ. ‘ലൈബ്രറിയിലെ കൊലപാതകം’. പരിഭാഷ- കെ.കെ ഭാസാകരന്‍ പയ്യന്നൂര്‍. മാതൃഭൂമി ബുക്സ്. വില 238 രൂപ.

ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നത് പല വിധത്തിലുള്ള ശരീര പ്രശ്നങ്ങള്‍ ഉണ്ടാക്കും. ശരീരത്തിലെ ദ്രാവകങ്ങളുടെ തോത് താഴുമ്പോള്‍ സെറം സോഡിയം തോത് മുകളിലേക്ക് പോകുമെന്നും ഇത് മാറാരോഗങ്ങള്‍ക്കും അകാല മരണത്തിനും കാരണമാകാമെന്നും ഇബയോമെഡിസിനില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം ചൂണ്ടിക്കാട്ടുന്നു. അമേരിക്കയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്സ് ഓഫ് ഹെല്‍ത്ത് നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തല്‍. പ്രായപൂര്‍ത്തിയായ മനുഷ്യന്‍ ഒരു ദിവസം കുറഞ്ഞത് രണ്ട് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം. സാധാരണ വെള്ളവും ജ്യൂസ് പോലുള്ള പാനീയങ്ങളും കുടിച്ചും വെള്ളത്തിന്റെ അംശം അധികമുള്ള പഴങ്ങളും പച്ചക്കറികളും കഴിച്ചും ശുപാര്‍ശ ചെയ്യപ്പെടുന്ന അളവില്‍ ദ്രാവകങ്ങള്‍ ശരീരത്തിലെത്തിക്കാന്‍ സാധിക്കുമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയവര്‍ പറയുന്നു. ഉയര്‍ന്ന സെറം സോഡിയം തോത് ഉള്ളവരില്‍ ശ്വാസകോശവും ഹൃദയവുമായി ബന്ധപ്പെട്ട രോഗ സാധ്യതയും, കോശങ്ങള്‍ക്ക് പ്രായമേറി പെട്ടെന്ന് മരണപ്പെടാനുള്ള സാധ്യതയും കുറഞ്ഞ സോഡിയം തോതുള്ളവരെ അപേക്ഷിച്ച് വളരെ കൂടുതലാണെന്ന് ഗവേഷകര്‍ പറയുന്നു. 11,000 ലധികം പേരുടെ 30 വര്‍ഷത്തിലധികം കാലയളവിലെ ആരോഗ്യ ഡേറ്റ ഗവേഷണത്തിനായി ഉപയോഗപ്പെടുത്തി. ലിറ്ററിന് 135-146 മില്ലി ഇക്വലന്റ്സ് ആണ് സാധാരണ സെറം സോഡിയം തോത്. 142 ന് മുകളില്‍ സെറം സോഡിയം തോതുള്ളവര്‍ക്കാണ് ഹൃദയാഘാതം, പക്ഷാഘാതം, രക്തധമനികളുമായി ബന്ധപ്പെട്ട രോഗങ്ങള്‍, ശ്വാസകോശരോഗം, പ്രമേഹം, മറവിരോഗം എന്നിവയുടെ സാധ്യത അധികമായി കാണപ്പെട്ടത്. ഇവരെ അപേക്ഷിച്ച് 138-140 തോതില്‍ സെറം സോഡിയം തോതുള്ളവര്‍ക്ക് മാറാ രോഗങ്ങള്‍ക്കുള്ള സാധ്യത കുറവായിരുന്നു. പ്രായം, ലിംഗപദവി, വംശം, പുകവലി, ഉയര്‍ന്ന രക്തസമ്മര്‍ദം തുടങ്ങി സെറം സോഡിയം തോതിനെ ബാധിക്കുന്ന മറ്റ് ഘടകങ്ങളും ഗവേഷകര്‍ വിലയിരുത്തി.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 81.90, പൗണ്ട് – 99.59, യൂറോ – 87.95, സ്വിസ് ഫ്രാങ്ക് – 88.98, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.43, ബഹറിന്‍ ദിനാര്‍ – 217.05, കുവൈത്ത് ദിനാര്‍ -267.50, ഒമാനി റിയാല്‍ – 212.51, സൗദി റിയാല്‍ – 21.79, യു.എ.ഇ ദിര്‍ഹം – 22.28, ഖത്തര്‍ റിയാല്‍ – 22.47, കനേഡിയന്‍ ഡോളര്‍ – 61.12.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *