◾തുര്‍ക്കിയിലെ ഭുകമ്പത്തില്‍ മരിച്ചവരുടെ എണ്ണം അയ്യായിരം കടന്നു. യഥാര്‍ത്ഥ മരണം മൂന്നിരട്ടിയാകുമെന്ന് ലോകാരോഗ്യ സംഘടന. ലോകം കണ്ട ഏറ്റവും വലിയ ഭൂകമ്പത്തില്‍ തകര്‍ന്ന് തുര്‍ക്കിയും സിറിയയും. ഇന്നും തുടര്‍ഭൂചലനം. കനത്ത മഞ്ഞും ശൈത്യവും രക്ഷാപ്രവര്‍ത്തനത്തെ ദുഷ്‌കരമാക്കി. ഇന്ത്യയില്‍നിന്നുള്ള ദുരന്തനിവാരണ സേന രക്ഷാപ്രവര്‍ത്തനത്തിന് തുര്‍ക്കിയിലേക്കു തിരിച്ചു.
◾എല്‍ഡിഎഫ് സര്‍ക്കാരിന്റെ നികുതിക്കൊള്ളയ്ക്കെതിരേ സെക്രട്ടറിയേറ്റിലേക്കും കളക്ടറേറ്റുകളിലേക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മാര്‍ച്ച്. നിയമസഭാ മാര്‍ച്ചുമായി യുവമോര്‍ച്ചാ പ്രവര്‍ത്തകരും. ഇരുവിഭാഗത്തിന്റേയും മാര്‍ച്ചുകളും അക്രമാസക്തമായി. തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോട്ടയം, തൃശൂര്‍ അടക്കം പലയിടത്തും പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ചിലയിടങ്ങളില്‍ പോലീസിനു നേരെ കല്ലേറുണ്ടായി.
◾ന്യൂനപക്ഷ വിരുദ്ധയെന്ന് ആരോപിതയായ വിക്ടോറിയ ഗൗരിയെ ഹൈക്കോടതി ജഡ്ജിയായി നിയമിച്ചതു സുപ്രീം കോടതി ശരിവച്ചു. കൊളീജിയത്തിന്റെ തീരുമാനം റദ്ദാക്കാന്‍ കോടതിക്കാവില്ല. നിയമനത്തിനെതിരെയുള്ള ഹര്‍ജി തള്ളി. ഹര്‍ജി അംഗീകരിച്ചാല്‍ ഇത്തരം പരാതികള്‍ വന്നുകൊണ്ടിരിക്കുമെന്ന് ജസ്റ്റിസ് ബിആര്‍ ഗവായി പറഞ്ഞു. വിക്ടോറിയ ഗൗരി മദ്രാസ് ഹൈക്കോടതിയില്‍ ജഡ്ജിയായി സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു.
*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*
നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്. ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.
*ksfe.com/offers/ksfe-bhadratha-smart-chits-2022*
◾ഇന്ധന സെസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നാല് പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭാ കവാടത്തില്‍ നടത്തുന്ന സത്യഗ്രഹ സമരം രണ്ടാം ദിവസമായ ഇന്നും തുടര്‍ന്നു. സഭാകവാടത്തില്‍ തറയില്‍ കിടക്ക വിരിച്ചു കിടക്കുന്ന നാല് എംഎല്‍എമാരെ കാണാന്‍ നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ എത്തി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും എംഎല്‍എമാരുമായി സംസാരിച്ചു.
◾നാലോ അഞ്ചോ പേരടങ്ങുന്ന കുടുംബത്തിനു ദിവസം നൂറു ലിറ്റര്‍ വെള്ളമേ വേണ്ടിവരൂവെന്ന മണ്ടന്‍ ന്യായീകരണവുമായി മന്ത്രി റോഷി അഗസ്റ്റിന്‍ നിയമസഭയില്‍. വെള്ളക്കരം വര്‍ധിപ്പിച്ചതിനെതിരായ ചര്‍ച്ചയ്ക്കിടെയാണു മന്ത്രി മണ്ടന്‍ കണക്ക് എഴുന്നള്ളിച്ചത്. വെള്ളക്കരം വര്‍ധിപ്പിക്കുന്ന തീരുമാനം ആദ്യം നിയമസഭയിലാണ് പ്രഖ്യാപിക്കേണ്ടിരുന്നതെന്നു സ്പീക്കര്‍ എ.എന്‍. ഷംസീര്‍ മന്ത്രിക്കു റൂളിംഗ് നല്‍കി.
◾വെള്ളക്കരം വര്‍ധിപ്പിച്ച നടപടി സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം. മൂന്നിരട്ടി നിരക്കു വര്‍ധിപ്പിച്ചെന്ന് അഡ്വ എം വിന്‍സന്റ് എംഎല്‍എ അടിയന്തിര പ്രമേയ നോട്ടീസില്‍ കുറ്റപ്പെടുത്തി. എന്നാല്‍ വാട്ടര്‍ അതോറിറ്റിയുടെ നഷ്ടക്കണക്ക് നിരത്തി ഇതിനെ മന്ത്രി റോഷി അഗസ്റ്റിന്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചു. അടിയന്തിര പ്രമേയ നോട്ടീസ് തള്ളിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
◾
◾മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ എത്തിയ മന്ത്രി ഡോക്ടര്‍മാരുമായും സംസാരിച്ചു. മെഡിക്കല്‍ ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ ചികില്‍സ നല്‍കണമെന്നു നിര്‍ദേശിച്ചു. ഉമ്മന്‍ ചാണ്ടിയുടെ ബന്ധുക്കളുമായി ഫോണില്‍ സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശമനുസരിച്ചാണ് മന്ത്രി വീണാ ജോര്‍ജ് എത്തിയത്. ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമെന്നു ഡോക്ടര്‍ മഞ്ജു തമ്പി പറഞ്ഞു. ന്യുമോണിയ മാറിയശേഷം ബെംഗളൂരുവിലേക്കു വിദഗ്ധ ചികില്‍സക്കു കൊണ്ടുപോകും.
◾അഭയ കേസില്‍ സിസ്റ്റര്‍ സെഫിയുടെ കന്യകാത്വ പരിശോധന ഭരണഘടനാ വിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണെന്ന് ഡല്‍ഹി ഹൈക്കോടതി. കന്യകാത്വ പരിശോധനയ്ക്കു നടപടിയെടുത്തവര്‍ക്കെതിരേ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കാവുന്നതാണെന്നും കോടതി.
◾ഭൂപതിവ് ഭേദഗതി ബില്‍ ഈ സമ്മേളനത്തില്‍ നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് റവന്യു മന്ത്രി കെ രാജന്‍. സാധാരണക്കാര്‍ക്ക് ഭൂമി കിട്ടാന്‍ തടസമായ ചട്ടം ഭേദഗതി ചെയ്യും. എന്നാല്‍ ഭൂപരിഷ്‌കരണം അട്ടിമറിക്കുന്ന വിധം ഏക്കറുകള്‍ കൈവശം വയ്ക്കുന്നവരില്‍നിന്ന് തിരിച്ചു പിടിക്കും. മറ്റു വകുപ്പുകളുടെ കൈയില്‍ ഇരിക്കുന്ന ഭൂമി റവന്യൂ വകുപ്പിലേക്ക് തിരിച്ചെടുത്ത് പട്ടയം നല്‍കുന്ന കാര്യവും പരിശോധിക്കുമെന്നു മന്ത്രി സഭയില്‍ പറഞ്ഞു.
◾കേരളത്തില്‍ രണ്ടു ശതമാനം മാത്രമാണ് നികുതി പിരിവെന്നും 20,000 കോടി രൂപയുടെ കുടിശിക പിരിക്കാനുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അതു പിരിച്ചെടുക്കാതെ നാലായിരം കോടി രൂപയുടെ നികുതിയാണു സംസ്ഥാന സര്‍ക്കാര്‍ ചുമത്തിയത്. വെള്ളക്കരം 350 ശതമാനമാണു കൂട്ടിയത്. നിന്നാലും ഇരുന്നാലും കിഴക്കോട്ടും വടക്കോട്ടും നോക്കിയാലുമെല്ലാം നികുതിയെന്ന അവസ്ഥയാണെന്നും അദ്ദേഹം പരിഹസിച്ചു.
◾
◾പത്തനംതിട്ട കോണ്‍ഗ്രസില്‍ മുന്‍ ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് പാര്‍ട്ടി ഓഫീസിന്റെ കതകില്‍ ചവിട്ടിയതിനെതിരെ ജില്ലാ നേതൃത്വം കെപിസിസിക്കു പരാതി നല്‍കി. പുനഃസംഘടന തര്‍ക്കത്തിനിടെയാണ് സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഡിസിസി പുറത്തുവിട്ടതോടെ കെപിസിസി പ്രസിഡന്റ് ജില്ലാ നേതൃത്വത്തില്‍ നിന്ന് വിശദീകരണം തേടി.
◾പ്രവാസി ക്ഷേമബോര്‍ഡ് പെന്‍ഷന്‍ തട്ടിപ്പു കേസില്‍ തട്ടിപ്പു കണ്ടെത്തിയത് 99 പെന്‍ഷന്‍ അക്കൗണ്ടുകളില്‍. കേസിലെ പ്രതിയായ ഏജന്റ് ശോഭ സ്വന്തം പേരിലും പെന്‍ഷന്‍ അക്കൗണ്ട് തുടങ്ങിയതായി കണ്ടെത്തി. രണ്ടു വര്‍ഷമെങ്കിലും പ്രവാസിയായിരുന്നവര്‍ക്കാണ് ക്ഷേമബോര്‍ഡില്‍ അംഗത്വം ലഭിക്കൂ. ആറു മാസത്തെ വിസിറ്റിംഗ് വിസയില്‍ വിദേശത്തു പോയ രേഖയുമായാണ് ശോഭ പെന്‍ഷന്‍ അക്കൗണ്ട് തുടങ്ങിയത്.
◾കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസില്‍ ഉദ്യോഗസ്ഥരുടെ വാട്സ്ആപ് ചാറ്റ് പുറത്ത്. സര്‍ട്ടിഫിക്കറ്റ് തിരുത്താന്‍ മാസങ്ങള്‍ക്കുമുമ്പേ ശ്രമം നടന്നുവെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണു പുറത്തായത്. മെഡിക്കല്‍ റെക്കോര്‍ഡ്സ് വിഭാഗത്തിലെ ഉദ്യോഗസ്ഥ അശ്വനിയും നഗരസഭാ കിയോസ്‌ക്കിലെ ജീവനക്കാരി രഹനയും തമ്മിലുള്ള ചാറ്റാണിത്. ജനന സര്‍ട്ടിഫിക്കറ്റ് രേഖ വേണമെന്ന് അനില്‍കുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കുട്ടിയുടെ വിലാസം രേഖയില്‍ തിരുത്തണമെന്നും സംഭാഷണത്തില്‍ കാണാം.
◾ഗാന്ധി വധവുമായി ബന്ധപ്പെട്ട് ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് സിപിഎം നേതാക്കള്‍ക്കെതിരെ കേസുമായി ബിജെപി സംസ്ഥാന വക്താവ് ആര്‍ സന്ദീപ് വാചസ്പതി. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, ആലപ്പുഴ എംഎല്‍എയും സിപിഎം നേതാവുമായ പി പി ചിത്തരഞ്ജന്‍ എന്നിവര്‍ക്കെതിരെ ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.
◾അമ്മയുടെ മരണത്തിനു കാരണം ചികിത്സാ പിഴവെന്ന് ആരോപിച്ച് കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിക്കു മുന്നില്‍ മകളുടെ നിരാഹാര സമരം. ആലുവ സ്വദേശി സുചിത്രയാണ് സമരം ചെയ്യുന്നത്. ഇവരുടെ അമ്മ സുശീല ദേവി കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മൂന്നിനു മരിച്ചത് ഡോക്ടര്‍മാരുടെ വീഴ്ച മൂലമാണെന്ന് അന്നേ പരാതിപ്പെട്ടിരുന്നു. 2022 ജൂലൈ മാസത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും ഇതുവരെ അന്വേഷണം ആരംഭിച്ചിട്ടില്ല.
◾കുട്ടികള്‍ തമ്മിലുള്ള തര്‍ക്കം രക്ഷിതാക്കള്‍ ഏറ്റെടുത്തുണ്ടായ സംഘര്‍ഷത്തില്‍ ബന്ധുവും അയല്‍വാസിയുമായ വീട്ടമ്മയ്ക്കു വെട്ടേറ്റു. സംഭവത്തില്‍ 47 കാരനായ ഇടയ്ക്കോട് കൊച്ചുപരുത്തി ആറ്റുവിളാകം വീട്ടില്‍ ജി. ഷിബു (47)വിനെ ആറ്റിങ്ങല്‍ പൊലീസ് പിടികൂടി. കൊച്ചുപരുത്തി സ്വദേശി സുജയ്ക്കാണ് വെട്ടേറ്റത്.
◾വടകരക്കു സമീപം ഏറാമലയില്‍ പൊലീസുകാരനു കുത്തേറ്റു. ഏറാമല മണ്ടോള്ളതില്‍ ക്ഷേത്രോത്സവത്തിനിടെ ഇന്നലെ അര്‍ദ്ധ രാത്രിയോടെ എ ആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ അഖിലേഷിനാണ് കുത്തേറ്റത്. ഉത്സവ പറമ്പില്‍ ചീട്ടുകളി സംഘത്തെ പിടികൂടാന്‍ ശ്രമിച്ചപ്പോഴാണ് ആക്രമമുണ്ടായത്.
◾കോട്ടക്കലിലെ കിഴക്കേ കോവിലകത്തിനു കീഴിലുള്ള കോട്ടപ്പടി ശിവക്ഷേത്ര പരിസരത്ത് ആര്‍എസ്എസ് ശാഖ നടത്തുന്നതിനിടെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ. പ്രദേശത്തു സംഘര്‍ഷാവസ്ഥ സംജാതമായതോടെ കനത്ത പോലീസ് സന്നാഹം.
◾ചെന്നിത്തല ചെറുകോലില്‍ കാണാതായ മകളെ തേടി കാമുകന്റെ വീട്ടിലെത്തിയ പിതാവിനെയും സഹോദരനെയും സഹോദരി ഭര്‍ത്താവിനെയും മര്‍ദിച്ച മൂന്നുപേരെ അറസ്റ്റു ചെയ്തു. ചെറുകോല്‍ ഗോകുല്‍(19), ഗ്രാമം ചിറയില്‍ ഉണ്ണി (ഷാനറ്റ്-25) ചെറുകോല്‍ വൈഷ്ണവ് (20)എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ചെറുകോല്‍ മാലിയില്‍ വടക്കേതില്‍ പ്രവീണ്‍ (26) പിതാവ് ഉണ്ണൂണി (48) ഉണ്ണൂണിയുടെ മരുമകന്‍ മാവേലിക്കര മറ്റം വടക്ക് എലിസബത്ത് വില്ലയില്‍ റോജന്‍ (45) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.
◾പെണ്‍കുട്ടിയെ പ്രണയം നടിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു. തിരുവന്‍വണ്ടൂര്‍ വനവാതുക്കര സുജാലയം വീട്ടില്‍ അഭിനവ് (ബാലു-19), തഴക്കര കല്ലുമല വലിയത്തു പറമ്പില്‍ ഷാജി(49) എന്നിവരാണ് അറസ്റ്റിലായത്.
◾കായംകുളത്ത് സ്‌കൂട്ടറില്‍ സഞ്ചരിച്ച വീട്ടമ്മയുടെ മരണത്തിനിടയാക്കി കഴുത്തില്‍ കുരുങ്ങിയ കേബിള്‍ ലോക്കല്‍ കേബിള്‍ ഓപറേറ്ററുടേത്. എരുവ ക്ഷേത്രത്തിലെ ഉത്സവത്തിനു കെട്ടുകാഴ്ച കടന്നു പോയപ്പോള്‍ കേബിള്‍ പൊട്ടിവീണതാണ് അപകടത്തിനു കാരണം.
◾ഇടുക്കിയിലെ ആക്രമണകാരികളായ കാട്ടാനകളെ മയക്കുവെടി വയ്ക്കാന്‍ തടസം പ്രദേശത്തെ ഭൂമി ശാസ്ത്രപരമായ ഘടനയെന്ന് ദൗത്യസംഘം. മയക്കുവെടിവച്ച് ആനകള്‍ക്കു റേഡിയോ കോളര്‍ ഘടിപ്പിക്കാനാണു ശ്രമം. ഒരു കപ്പിന്റെ ആകൃതിയിലുള്ള ചിന്നക്കനാല്‍ മേഖലയുടെ ഏറ്റവും താഴെ ആനയിറങ്കല്‍ ഡാമും ചുറ്റും മലനിരകളുമാണ്. ആവശ്യത്തിനു റോഡുകളുമില്ല. ചെരിഞ്ഞ പ്രദേശത്തും ജലാശയത്തിനടുത്തും മയക്കു വെടി പാടില്ലെന്നാണ് നിയമം.
◾എംബിബിഎസ് പ്രവേശനത്തില്‍ ആദ്യഘട്ട കൗണ്‍സിലിംഗില്‍ പങ്കെടുത്തവര്‍ക്ക് മോപ്പ് അപ്പ് റൗണ്ടില്‍ പങ്കെടുക്കാനാവാത്ത വ്യവസ്ഥക്കെതിരായ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്. സ്വകാര്യ കോളജുകളില്‍ പ്രവേശനം ലഭിച്ചവര്‍ക്കും ഹയര്‍ ഓപ്ഷന്‍ നല്‍കാനാവാത്തത് ദു:ഖകരമെന്ന് കോടതി പറഞ്ഞു. കേന്ദ്രവും സംസ്ഥാനവും മെഡിക്കല്‍ കമ്മീഷനും നിലപാടറിയിക്കണമെന്നു കോടതി നിര്‍ദ്ദേശം നല്‍കി.
◾മംഗളൂരുവിലെ നഴ്സിംഗ് കോളേജില്‍ ഭക്ഷ്യവിഷബാധ. 137 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ ചികിത്സ തേടി. ശക്തി നഗറിലെ സിറ്റി കോളേജ് ഓഫ് നഴ്‌സിംഗിലെ വിദ്യാര്‍ഥികളാണ് ചികിത്സ തേടിയത്.
◾അദാനി വിവാദത്തില്‍ പാര്‍ലമെന്റില്‍ പ്രതിഷേധം. ബഹളംമൂലം ലോക് സഭയും രാജ്യസഭയും പിരിഞ്ഞു. നന്ദി പ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസടക്കം 15 പ്രതിപക്ഷ കക്ഷികള്‍ തീരുമാനിച്ചു. അദാനിയുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ കോണ്‍ഗ്രസ് അതിരൂക്ഷമായി വിമര്‍ശിച്ചു.
◾കഴിഞ്ഞ വര്‍ഷം അമ്പതോളം സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടെന്നു കേന്ദ്ര കമ്മ്യൂണിക്കേഷന്‍സ് മന്ത്രി അശ്വനി വൈഷ്ണവ് രാജ്യസഭയെ അറിയിച്ചു. 2022-23 ലെ കണക്കാണിത്. സിപിഐ അംഗം ബിനോയ് വിശ്വത്തിന്റെ ചോദ്യത്തിന് മറുപടിയായാണ് വിവരങ്ങള്‍ അറിയിച്ചത്.
◾നടപ്പ് സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ 2223.84 കോടി രൂപയുടെ അറ്റ നഷ്ടം രേഖപ്പെടുത്തി ടാറ്റ സ്റ്റീല്‍. കമ്പനി ഒക്ടോബര്‍-ഡിസംബറില്‍ 1699 കോടി രൂപ ലാഭം നേടുമെന്ന് ബ്ലൂംബെര്‍ഗ് പ്രവചിച്ചിരുന്നു. യൂറോപ്യന്‍ വിപണിയിലെ ഉയര്‍ന്ന ചെലവ്, വില്‍പ്പന കുറഞ്ഞത്, സാമ്പത്തിക മാന്ദ്യഭീതി തുടങ്ങിയവ തിരിച്ചടിയായി. മുന്‍വര്‍ഷം ഇക്കാലയളവില്‍ കമ്പനി 9,572.67 കോടി രൂപയുടെ അറ്റാദായം നേടിയിരുന്നു. വരുമാനം 6.2 ശതമാനം ഇടിഞ്ഞ് 56,756.61 കോടിയിലെത്തി. ചെലവ് 8506 കോടി ഉയര്‍ന്ന് 57,172.2 കോടി രൂപയായി. കമ്പനിയുടെ ഇന്ത്യയിലെ ഉല്‍പ്പാദന ക്ഷമത ഉയര്‍ത്താന്‍ മൂന്നാം പാദത്തില്‍ 3632 കോടി രൂപയുടെ മൂലധന നിക്ഷേപമാണ് ടാറ്റ നടത്തിയത്. 2022-23 രണ്ടാം പാദത്തില്‍ 59,512.42 കോടി രൂപയുടെ വരുമാനവും 1514.42 കോടിയുടെ അറ്റാദായവും ടാറ്റ സ്റ്റീല്‍ നേടിയിരുന്നു. നിലവില്‍ 3 ശതമാനത്തോളം നഷ്ടത്തില്‍ 113.85 രൂപയിലാണ് ഓഹരി വിപണിയില്‍ ടാറ്റ സ്റ്റീലിന്റെ വ്യാപാരം. ഇന്ന് രാവിലെ 112 രൂപയില്‍ വ്യാപാരം തുടങ്ങിയ ഓഹരികള്‍ 115.30 രൂപ വരെ ഉയര്‍ന്നെങ്കിലും പിന്നീട് ഇടിയുകയായിരുന്നു. ഇന്നലെ 117.60 രൂപയിലായിരുന്നു ടാറ്റ സ്റ്റീല്‍ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്.
◾ചാറ്റ്ജിപിടിക്ക് മറുപടിയുമായി ഗൂഗിള്‍. തങ്ങള്‍ പുറത്തിറക്കുന്ന ചാറ്റ്ബോട്ടിന്റെ പേര് പ്രഖ്യാപിച്ച് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ. ‘ബാര്‍ഡ്’ എന്ന് പേരിട്ടിരിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ചാറ്റ്ബോട്ടിനെ കുറിച്ചുള്ള വിവരങ്ങള്‍ തന്റെ ബ്ലോഗിലാണ് സുന്ദര്‍ പിച്ചൈ പങ്കുവെച്ചത്. 2021ല്‍ ഗൂഗിള്‍ അവതരിപ്പിച്ച ലാംഡ എന്ന ഡയലോഗ് ആപ്ലിക്കേഷനെ അടിസ്ഥാനമാക്കിയാണ് ബാര്‍ഡ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ ഒരു വിഭാഗം ആളുകള്‍ പരീക്ഷണാര്‍ത്ഥം ബാര്‍ഡ് ഉപയോഗിച്ച് വരുകയാണ്. താമസിയാതെ ആപ്ലിക്കേഷന്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമായേക്കും. ഫെബ്രുവരി എട്ടിന് ഗൂഗിള്‍ നടത്തുന്ന എഐ പരിപാടിയില്‍ ഇതു സംബന്ധിച്ച കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാവും. ചാറ്റ്ജിപിടിക്ക് സമാനമായ ഒരു ചാറ്റ്‌ബോട്ട് തന്നെയാണ് ബാര്‍ഡ് എന്ന് സുന്ദര്‍ പിച്ചൈ ബ്ലോഗില്‍ പങ്കുവെച്ച വീഡിയോയില്‍ നിന്ന് വ്യക്തമാണ്. സമീപ ഭാവിയില്‍ തന്നെ ബാര്‍ഡിനെ ഗൂഗിള്‍ സെര്‍ച്ചുമായി ബന്ധിപ്പിച്ചേക്കും. ഇതു സംബന്ധിച്ച സൂചന നല്‍കുന്ന ഒരു ചിത്രവും സുന്ദര്‍ പിച്ചെയുടെ ബ്ലോഗിലുണ്ട്. എഐ ചാറ്റ് ബോട്ടിന്റെ പേരില്‍ ഇതുവരെ കാണാത്ത മത്സരമാണ് ഗൂഗിളും മൈക്രോസോഫ്റ്റും തമ്മില്‍ നടക്കുന്നത്. 1000 കോടി ഡോളറാണ് ഓപ്പണ്‍ എഐയില്‍ മൈക്രോസോഫ്റ്റ് നിക്ഷേപിക്കുന്നത്. ഓപ്പണ്‍എഐയിലെ ജീവനക്കാരനായിരുന്ന ഡാരിയോ അമോഡിയുടെ എഐ ചാറ്റ്ബോട്ട് കമ്പനിയായ ആന്ത്രോപിക്കില്‍ 30 കോടി ഡോളറിന്റെ നിക്ഷേപമാണ് ഗൂഗിള്‍ നടത്തിയത്.
◾മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം ആക്ഷന്‍ ഹീറോ ജാക്കി ചാന്‍ നായകനായെത്തുന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. ലാറി യങ് സംവിധാനം ചെയ്യുന്ന ‘റൈഡ് ഓണ്‍’ എന്ന കോമഡി ആക്ഷന്‍ ചിത്രത്തിലൂടെയാണ് 68കാരന്റെ തിരിച്ചുവരവ്. 2020 ല്‍ റിലീസ് ചെയ്ത വാന്‍ഗാര്‍ഡ് എന്ന സിനിമയിലാണ് ജാക്കി ചാന്‍ അവസാനം പ്രത്യക്ഷപ്പെട്ടത്. 2021 ല്‍ റിലീസ് ചെയ്ത രണ്ട് സിനിമകളില്‍ അതിഥി വേഷത്തിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നു. 2022ലാകട്ടെ ഒരു സിനിമയില്‍ പോലും അദ്ദേഹം അഭിനയിച്ചിരുന്നില്ല. പുതിയ ചിത്രത്തില്‍ സ്റ്റണ്ട്മാന്റെ വേഷത്തിലാണ് ജാക്കി ചാന്‍ എത്തുന്നത്. സിനിമയില്‍ നിന്നും അകന്നു നില്‍ക്കുന്ന സ്റ്റണ്ട് മാന്റെയും അദ്ദേഹത്തിന്റെ സ്റ്റണ്ട് കുതിരയുടെയും കഥയാണ് റൈഡ് ഓണ്‍. പ്രായം വെറും അക്കം മാത്രമാണെന്ന് തെളിയിക്കുന്ന ചാന്റെ സാഹസിക സ്റ്റണ്ട് രംഗങ്ങള്‍ ഈ ചിത്രത്തിലും കാണാം. ഈ വര്‍ഷം ഏപ്രില്‍ ഏഴിന് ചിത്രം തിയറ്ററുകളിലെത്തും.
◾വര്‍ഷങ്ങള്‍ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരുന്ന ഭാവനയുടെ പുതിയ ചിത്രം ഹണ്ടിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. സംവിധായകന്‍ ഷാജി കൈലാസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഹൊറര്‍ ത്രില്ലര്‍ ആയി ഒരുങ്ങുന്ന ചിത്രം ഭാവനയുടെ മലയാളത്തിലേക്കുള്ള വന്‍ തിരിച്ചുവരവ് കൂടിയാകുമെന്നാണ് വിലയിരുത്തലുകള്‍. മെഡിക്കല്‍ ക്യാമ്പസിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ഹണ്ട്. ‘ഡോ. കീര്‍ത്തി’ എന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിക്കുന്നത്. കീര്‍ത്തിയുടെ മുന്നിലെത്തുന്ന ഒരു കേസിന്റെ ചുരുളുകള്‍ അഴിക്കുന്നിടത്ത് നിന്നാണ് ഈ ചിത്രത്തിന്റെ കഥാവികസനം. ഭാവനയെ കൂടാതെ അതിഥി രവിയുടെ ‘ഡോ. സാറ’ ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമാണ്. അജ്മല്‍ അമീര്‍, രാഹുല്‍ മാധവ്, അനുമോഹന്‍, രണ്‍ജി പണിക്കര്‍ ,ചന്തു നാഥ്, ജി സുരേഷ് കുമാര്‍ നന്ദു ലാല്‍, ഡെയ്ന്‍ ഡേവിഡ്, വിജയകുമാര്‍, ബിജു പപ്പന്‍, കോട്ടയം നസീര്‍, ദിവ്യാ നായര്‍, സോനു എന്നിവരും ഹണ്ടില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നിഖില്‍ എസ് ആനന്ദിന്റേതാണ് രചന. ഹരി നാരായണന്‍, സന്തോഷ് വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് കൈലാസ് മേനോന്‍ ആണ് സം?ഗീതം നല്‍കുന്നത്.
◾ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ ടൊയോട്ട ഗ്ലാന്‍സ പ്രീമിയം ഹാച്ച്ബാക്കിന്റെ വില 12,000 രൂപ വരെ വര്‍ധിപ്പിച്ചു. വില വര്‍ധന മുഴുവന്‍ ശ്രേണിയിലും പ്രാബല്യത്തില്‍ വരും. ടൊയോട്ട ഗ്ലാന്‍സ പെട്രോള്‍ വേരിയന്റിന് 7,000 രൂപ വര്‍ദ്ധിപ്പിച്ചു. അതേസമയം ഹാച്ച്ബാക്കിന്റെ സിഎന്‍ജി വേരിയന്റുകള്‍ക്ക് 2,000 രൂപയായി. കൂടാതെ, കാറിന്റെ ഓട്ടോമാറ്റിക് വേരിയന്റിന് 12,000 രൂപ കൂടി. അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറിന്റെ വില 50,000 രൂപ വര്‍ധിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ടൊയോട്ട ഗ്ലാന്‍സയുടെ വില വര്‍ദ്ധന. ഈ വിലവര്‍ദ്ധനവിന് ശേഷം ഗ്ലാന്‍സയുടെ പ്രാരംഭ എക്സ്-ഷോറൂം വില 6.66 ലക്ഷം രൂപയാണ്. ടൊയോട്ട ഗ്ലാന്‍സ 77 എച്ച്പി പീക്ക് പവറും 113 ബിഎം പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കാന്‍ കഴിവുള്ള 1.2 ലിറ്റര്‍ കെ-സീരീസ് ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനിലാണ് ലഭ്യമാകുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് എഞ്ചിന്‍ ഘടിപ്പിച്ചിരിക്കുന്നത്. പ്രധാന അസംസ്‌കൃത വസ്തുക്കളുടെ വര്‍ദ്ധിച്ചുവരുന്ന വില കാരണം ഉല്‍പ്പാദനച്ചെലവ് വര്‍ധിച്ചതിന്റെ പശ്ചാത്തലത്തിലാണ് ടൊയോട്ട ഗ്ലാന്‍സയുടെ വില വര്‍ദ്ധന.
◾കേരളത്തിലെ ഒരു കൊച്ചുഗ്രാമത്തില്‍ ഒരു സാധാരണ പെണ്‍കുട്ടിയായി ജനിച്ച്, മകളായും ഭാര്യയായും അര്‍ത്ഥപൂര്‍ണ്ണമായ ജീവിതം നയിക്കുകയും അമ്മ, അമ്മൂമ്മ, മുതുമുത്തശ്ശി എന്നീ നിലകളില്‍ ഇന്നും സ്വധര്‍മ്മം അനുഷ്ഠിക്കുകയും ചെയ്യുന്ന ലില്ലി തരൂരിന്റെ ജീവിതകഥ. കരുത്തയായ ഒരു സ്ത്രീയുടെ അനുഭവങ്ങളില്‍നിന്ന് ശേഖരിച്ച ഊര്‍ജ്ജസ്വലമായ ജീവിതത്തിന്റെ പ്രതിഫലനങ്ങള്‍. ‘ധന്യമീ ജീവിതം’. ശോഭ തരൂര്‍ ശ്രീനിവാസന്‍. പരിഭാഷ – ശ്രീകുമാരി രാമചന്ദ്രന്‍. മാതൃഭൂമി ബുക്സ്. വില 187 രൂപ.
◾മത്തി അഥവാ ചാളയുടെ ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. മറൈന്‍ ഓമേഗ-3 ഫാറ്റി ആസിഡിന്റെ കലവറയാണ് മത്തി. ധാരാളം ധാതുക്കള്‍ അടങ്ങിയ ഒന്നാണ് മത്തി. അയേണ്‍, ഫോസ്ഫറസ്, കാല്‍സ്യം, പൊട്ടാസ്യം, വൈറ്റമിന്‍ ഡി എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്. മത്തി കഴിക്കുന്നത് ധമനികളിലും മറ്റും ബ്ലോക്കുകള്‍ ഉണ്ടാകുന്നത് ഒരു പരിധിവരെ തടയുന്നു. ഇതുവഴി ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു.ഒമേഗ-3 ഫാറ്റി ആസിഡ് കൂടുതലായി അടങ്ങിയിട്ടുള്ള മത്തി കഴിയ്ക്കുന്നത് രോഗങ്ങളോടുള്ള ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ഇതിലെ വൈറ്റമിന്‍ ബി 12 കാര്‍ഡിയാക് പ്രവര്‍ത്തനങ്ങളെ നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടുപോകുന്നു. ഒമേഗ-3 ഫാറ്റി ആസിഡ് മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുമെന്നാണ് ഏറ്റവും പുതിയ പഠനങ്ങള്‍ പറയുന്നത്. മത്തിയിലടങ്ങിയ ഒമേഗ-3 ഫാറ്റി ആസിഡ് വിഷാദരോഗത്തിനുള്ള സാധ്യത കുറയ്ക്കുന്നു. ധാരാളം പ്രോട്ടീനും ഒമേഗ-3 ഫാറ്റി ആസിഡും അടങ്ങിയ മത്തി ശീലമാക്കുന്നത് ഇന്‍സുലിന്‍ പ്രതിരോധം കുറയ്ക്കുകയും അതുവഴി ടൈപ്പ്-2 പ്രമേഹത്തിന്റെ സാധ്യത കുറയ്ക്കുകയും ചെയ്യുമെന്ന് പഠനങ്ങള്‍ പറയുന്നു. ഇതില്‍ വൈറ്റമിന്‍ ഡി, കാല്‍സ്യം എന്നിവ അടങ്ങിയിട്ടുണ്ട്. കോളോറെക്ടല്‍ ക്യാന്‍സര്‍ തടയാന്‍ ഇതുകൊണ്ടു സാധിയ്ക്കും. അമിനോ ആസിഡ്, പ്രോട്ടീന്‍ എന്നിവയുടെ കലവറയാണ് മത്തി. ഇത് ശരീരത്തിലെ ഓക്‌സിജന്‍ പ്രവാഹം ശക്തിപ്പെടുത്താന്‍ സഹായിക്കും. ശരീരത്തിന് പ്രതിരോധ ശേഷി നല്‍കും. 50 കഴിഞ്ഞവരില്‍ മക്യൂലര്‍ ഡീജെനറേഷന്‍ എന്നൊരു അവസ്ഥ കാണപ്പെടാറുണ്ട്. കണ്ണിന്റെ കാഴ്ച വര്‍ഷം തോറും കുറയുന്നതാണ് ഇത്. ഇതിനെ ചെറുക്കാന്‍ മത്തി നല്ലതാണ്. ഇവ കറി വച്ചോ എണ്ണ ചേര്‍ക്കാതെ പാകം ചെയ്‌തോ കഴിയ്ക്കുന്നതാണ് കൂടുതല്‍ പ്രയോജനം നല്‍കുക.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 82.77, പൗണ്ട് – 99.22, യൂറോ – 88.55, സ്വിസ് ഫ്രാങ്ക് – 89.10, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 57.22, ബഹറിന്‍ ദിനാര്‍ – 219.49, കുവൈത്ത് ദിനാര്‍ -270.61, ഒമാനി റിയാല്‍ – 214.93, സൗദി റിയാല്‍ – 22.06, യു.എ.ഇ ദിര്‍ഹം – 22.53, ഖത്തര്‍ റിയാല്‍ – 22.73, കനേഡിയന്‍ ഡോളര്‍ – 61.58.