yt cover 5

തീവെട്ടിക്കൊള്ളയുമായി കേരള ബജറ്റ്. ഡീസല്‍, പെട്രോള്‍ വില രണ്ടു രൂപ വര്‍ധിപ്പിച്ചു. മദ്യത്തിനു വിലകൂട്ടി. വാഹന നികുതിയും വര്‍ധിപ്പിച്ചു. വൈദ്യുതി തീരുവ അഞ്ചു ശതമാനം വര്‍ധിപ്പിച്ചു. വാണിജ്യ- വ്യവസായ ആവശ്യത്തിനുള്ള വൈദ്യുതി തീരുവയും വര്‍ധിപ്പിച്ചു. ഭൂനികുതിയും കെട്ടിട നികുതിയും വിവിധ അപേക്ഷാ ഫീസുകളും കൂട്ടി. വര്‍ധന ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റിലാണ് പെട്രോളിനും ഡീസലിനും ലിറ്ററിനു രണ്ടു രൂപ സെസ് ചുമത്തുന്നത്. കുടുംബ ബജറ്റ് തകര്‍ക്കുന്ന ബജറ്റ്. ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന ഇന്ധന നിരക്കു വര്‍ധനയ്ക്കെതിരേ വ്യാപകമായ പ്രതിഷേധം.

രണ്ടു ലക്ഷം രൂപ വിലയുള്ള പുതിയ മോട്ടോര്‍ വാഹനങ്ങളുടെ ഒറ്റ തവണ നികുതി രണ്ടു ശതമാനം വര്‍ദ്ധിപ്പിച്ചു. ഇതിലൂടെ 92 കോടിയുടെ അധിക വരുമാനമുണ്ടാക്കും. അഞ്ചു മുതല്‍ 15 ലക്ഷം രൂപ വരെയുള്ള വാഹനങ്ങള്‍ക്കു രണ്ടു ശതമാനമാണു നിരക്കു വര്‍ധന. അഞ്ചു ലക്ഷം രൂപ വരെയും 15 ലക്ഷത്തിനു മുകളിലും വിലയുള്ള വാഹനങ്ങള്‍ക്ക് ഒരു ശതമാനമാണു വര്‍ധന. പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ക്കു വാഹനവിലയുടെ ഒറ്റത്തവണ നികുതി അഞ്ചു ശതമാനായി കുറച്ചു. പുതിയ വാഹനങ്ങളുടെ ഒറ്റത്തവണ സെസ് വര്‍ദ്ധിപ്പിച്ചു. ഇരുചക്രവാഹനങ്ങള്‍ക്ക് 100 രൂപ, ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ 200 രൂപ, മീഡിയം മോട്ടോര്‍ വാഹനം 300 രൂപ, ഹെവി മോട്ടോര്‍ വാഹനം 500 രൂപ എന്നീ നിരക്കിലാണു വര്‍ധിപ്പിച്ചത്.

ആയിരം രൂപവരെയുള്ള മദ്യത്തിന് 20 രൂപയും ആയിരം രൂപയ്ക്കു മുകളിലുള്ള മദ്യത്തിന് 40 രൂപയും സെസ്. ഭൂമിയുടെ ന്യായവില 20 ശതമാനം കൂട്ടി. വിപണി മൂല്യം കൂടുതലുള്ള സ്ഥലങ്ങളില്‍ 30 ശതമാനംവരെ കൂട്ടും. കെട്ടിടം നിര്‍മാണത്തിനുള്ള അപേക്ഷയ്ക്കും പെര്‍മിറ്റിനുമുള്ള ഫീസ് വര്‍ധിപ്പിച്ചു. ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ക്കു പ്രത്യേക സെസ്. പണയാധാരങ്ങള്‍ക്ക് നൂറു രൂപ സര്‍ച്ചാര്‍ജ്. കെട്ടിട നികുതി വര്‍ധിപ്പിച്ചു. ഒന്നിലേറെ വീടുള്ളവര്‍ക്ക് അധിക നികുതി. കോടതി ഫീസുകള്‍ വര്‍ധിപ്പിച്ചു.

*ശുഭരാത്രി*

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗീതാ ബക്ഷി അവതരിപ്പിക്കുന്ന ആയിരത്തിനടുത്തുള്ള ശുഭരാത്രി ചിന്തകള്‍ കേള്‍ക്കാന്‍: https://www.youtube.com/watch?v=wteVi1Q40F8&list=PLtul8xTi_mtfPpwDz8JDeNpy-SlhHD2pF

ക്ഷേമപെന്‍ഷനുകള്‍ വര്‍ധിപ്പിച്ചില്ല. 1600 രൂപ വീതം 62 ലക്ഷം പേര്‍ക്കാണ് സാമൂഹിക പെന്‍ഷന്‍ നല്‍കുന്നത്. തദ്ദേശ പദ്ധതി വിഹിതം ഉയര്‍ത്തി 8,828 കോടിയാക്കി ഉയര്‍ത്തി. ലൈഫ് മിഷന്‍ പദ്ധതിക്കായി 1436.26 കോടി രൂപ. ഇതുവരെ 3,22,922 വീടുകള്‍ പൂര്‍ത്തിയാക്കി. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ് പദ്ധതിക്കായി ആറ് മാസത്തിനിടെ 405 കോടി രൂപ അനുവദിച്ചു. 480 ആശുപത്രികളില്‍ സേവനം ലഭിക്കും. തൊഴിലുറപ്പ് പദ്ധതിക്ക് 150 കോടി രൂപ. 10 കോടി തൊഴില്‍ ദിനം ഉറപ്പാക്കും. 260 കോടി രൂപ കുടുംബശ്രീക്ക്. പാവപ്പെട്ടവര്‍ക്ക് സൗജന്യമായി കണ്ണടകള്‍ നല്‍കും.

സംസ്ഥാനത്ത് നിക്ഷേപ സൗഹൃദ പദ്ധതികളുടെ നടത്തിപ്പിനായി 770 കോടി രൂപ. മെയ്ക്ക് ഇന്‍ കേരള പദ്ധതിക്കായി 1000 കോടി രൂപ അധികമായി അനുവദിക്കും. സംസ്ഥാനത്തുടനീളം എയര്‍ സ്ട്രിപ്പ്. ഇതിനായി പിപിപി മോഡല്‍ കമ്പനി രൂപീകരിക്കാന്‍ 50 കോടി രൂപ. വിനോദസഞ്ചാര മേഖലക്ക് 362.15 കോടി രൂപ അനുവദിച്ചു. തൃശൂര്‍ പൂരം അടക്കമുള്ള ഉത്സവങ്ങള്‍ക്കായി എട്ടു കോടി. അന്തര്‍ദേശീയ ടൂറിസം പ്രചാരണത്തിന് 81 കോടി രൂപ. കാപ്പാട് ചരിത്ര മ്യൂസിയം സ്ഥാപിക്കും. ടൂറിസം കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 135.65 കോടി രൂപ. ടൂറിസം ഇടനാഴി വികസനത്തിനായി 50 കോടി രൂപ വകയിരുത്തുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. കോവളം, ആലപ്പുഴ, കുട്ടനാട്, കുമരകം, കൊല്ലം അഷ്ടമുടി, ബേപ്പൂര്‍, ബേക്കല്‍, മൂന്നാര്‍ തുടങ്ങിയ കേന്ദ്രങ്ങളെ ലോകോത്തര വിനോദ സഞ്ചാര കേന്ദ്രങ്ങളായി വികസിപ്പിക്കും.

പ്രവാസികളുടെ പുനരധിവാസത്തിന് 84.6 കോടിരൂപ. കെ ഫോണിന് 100 കോടി രൂപ. സ്റ്റാര്‍ട്ട് അപ്പ് മിഷന് 90.5 കോടി. ടെക്നോ പാര്‍ക്കിന് 26 കോടി രൂപയും ഇന്‍ഫോപാര്‍ക്കിന് 35 കോടി രൂപയും മാറ്റിവച്ചു. വിഴിഞ്ഞം തുറമുഖത്തിനു ചുറ്റും വ്യവസായി ഇടനാഴി. കിഫ്ബി വഴി 1000 കോടി രൂപ വകയിരുത്തി. വന്യ ജീവികള്‍ ജനവാസമേഖലയിലേക്കു കടക്കുന്നത് തടയാന്‍ രണ്ടു കോടി രൂപ. വന്യജീവി ആക്രമണങ്ങളിലെ നഷ്ട പരിഹാര തുക വര്‍ധിപ്പിക്കും.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്. ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

ശബരിമല മാസ്റ്റര്‍ പ്ലാനിനു 30 കോടി. എരുമേലി മാസ്റ്റര്‍ പ്ലാന് അധികമായി 10 കോടിയും കുടിവെള്ള വിതരണത്തിന് 10 കോടിയും നിലക്കല്‍ വികസനത്തിന് രണ്ടര കോടി രൂപയും വകയിരുത്തി.

വിലക്കയറ്റം നിയന്ത്രിക്കാനെന്ന പേരില്‍ 2000 കോടി രൂപ ബജറ്റില്‍ വകയിരുത്തി. തനതു വരുമാനം ഈ വര്‍ഷം 85,000 കോടി ആകും. റബര്‍ കര്‍ഷകര്‍ക്കുള്ള സബ്‌സിഡി വിഹിതം 600 കോടിയാക്കി.

കേരളം കടക്കെണിയില്‍ അല്ലെന്നു ധനമന്ത്രി. കേന്ദ്ര ധന നയം പ്രതികൂലമാണ്. വലിയ ധനഞെരുക്കം പ്രതീക്ഷിക്കുന്നു. കൂടുതല്‍ വായ്പ എടുക്കാനുള്ള ധനസ്ഥിതി കേരളത്തിനുണ്ട്. എന്നാല്‍ കേന്ദ്രം ധന യാഥാസ്ഥികത അടിച്ചേല്‍പ്പിക്കുകയാണ്. സംസ്ഥാനത്തിനു കടമെടുക്കാനുള്ള പരിധി 2700 കോടി രൂപ കേന്ദ്രം വെട്ടിക്കുറച്ചു. നികുതി വര്‍ധിപ്പിക്കാന്‍ സാധിക്കുന്നത് പെട്രോളും മദ്യവുമാണ്. മന്ത്രി പറഞ്ഞു.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍

*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

പെട്രോള്‍, ഡീസല്‍ വില വര്‍ധന സര്‍വ മേഖലയിലും വിലക്കയറ്റത്തിന് വഴിവയ്ക്കും. ഇന്ധന വിലക്കയറ്റത്തില്‍ കേന്ദ്രം നികുതി കുറച്ചിട്ടും കേരളം കുറച്ചിരുന്നില്ല. റോഡ് സെസ് എന്ന പേരില്‍ ഒരു ശതമാനം പിരിക്കുന്നതിനൊപ്പമാണ് രണ്ട് രൂപ അധിക സെസ് ഏര്‍പ്പെടുത്തിയത്.

സര്‍ക്കാര്‍ നികുതിക്കൊള്ള നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അശാസ്ത്രീയമായ നികുതി വര്‍ദ്ധനയാണ് ബജറ്റിലുള്ളത്. വിലക്കയറ്റം രൂക്ഷമായിരിക്കേ പെട്രോളിനും ഡീസലിനും സെസ് ചുമത്തിയത് ജനങ്ങളെ കൊള്ളയടിക്കലാണ്. മദ്യത്തിന് സെസ് കൂട്ടുന്നത് ഗുരുതരമാണ്. നികുതി വര്‍ധനക്കെതിരെ യുഡിഎഫ് പ്രത്യക്ഷസമരം തുടങ്ങുമെന്നും സതീശന്‍.

ഇന്ധനവിലയിലെ വര്‍ദ്ധന വിലക്കയറ്റത്തിന് വഴിവെക്കുമെന്ന് രമേശ് ചെന്നിത്തല. ജനങ്ങളുടെ നടുവൊടിക്കുന്ന ബജറ്റാണിത്. കേന്ദ്രത്തില്‍ നരേന്ദ്ര മോദി ചെയ്യുന്ന അതേ കാര്യങ്ങളാണ് ഇവിടെ പിണറായി സര്‍ക്കാര്‍ ചെയ്യുന്നത്. കിഫ്ബി വായ്പകളുടെ ദുരന്തമാണ് ഇപ്പൊള്‍ സംസ്ഥാനം നേരിടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സാധാരണക്കാരുടെ നടു ഒടിക്കുന്ന ബജറ്റാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സംസ്ഥാനത്ത് മദ്യത്തിനു വില കൂട്ടുന്നത് മയക്കുമരുന്നിലേക്കു ജനങ്ങള്‍ തിരിയാന്‍ ഇടയാക്കും. ഇന്ധനവില വര്‍ധന പൊതു വിപണിയില്‍ വിലക്കയറ്റത്തിന് ഇടയാക്കുമെന്നും കെ സുരേന്ദ്രന്‍ വിമര്‍ശിച്ചു.

അബുദാബിയില്‍നിന്ന് കോഴിക്കോട്ടേക്കു പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. എന്‍ജിനില്‍ തീ പിടിച്ചതിനാലാണ് വിമാനം തിരിച്ചിറക്കിയത്.

സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്. ബജറ്റ് ചര്‍ച്ചയാകും. ആലപ്പുഴയിലെ പാര്‍ട്ടിയിലുള്ള പ്രശ്നങ്ങളും ചര്‍ച്ച ചെയ്യും. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നേതൃത്വത്തില്‍ ആലപ്പുഴ ജില്ലാ കമ്മിറ്റി യോഗം അടുത്ത ദിവസം ചേരാനിരിക്കെയാണ് ഇന്നത്തെ സംസ്ഥാന സെക്രട്ടേറിയറ്റ്. പാലക്കാട്, തൃക്കാക്കര എന്നിവിടങ്ങളിലെ സംഘടനാ വിഷയങ്ങള്‍ അന്വേഷിച്ച കമ്മിഷന്‍ റിപ്പോര്‍ട്ടുകളും പരിഗണിച്ചേക്കും. സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഈ മാസം അവസാനം തുടങ്ങാനിരിക്കുന്ന ജാഥയുടെ ഒരുക്കങ്ങളും വിലയിരുത്തും.

സിപിഐ നിര്‍ണായക നിര്‍വാഹക സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത്. മുന്‍ മന്ത്രി ഇ ചന്ദ്രശേഖരനെ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ച കേസില്‍ സിപിഎം നേതാക്കളുടെ കൂറ് മാറ്റവും പാര്‍ട്ടിക്കുണ്ടായ വീഴ്ചയും യോഗം ചര്‍ച്ച ചെയും.

സ്‌കൂളിലെ അടിപിടിക്കേസില്‍ പ്രതിയായ മകനെ രക്ഷിക്കാമെന്ന വാഗ്ദാനവുമായി വീട്ടമ്മയെ ശല്യം ചെയ്ത പോലീസ് എസ്ഐക്കു സസ്പെന്‍ഷന്‍. തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനിലെ എസ്ഐ എന്‍ അശോക് കുമാറിനെയാണ് സസ്പെന്‍ഡു ചെയ്തത്.

ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണം. ബി എല്‍ റാവില്‍ ഒരു വീട് തകര്‍ത്തു. അതിഥി തൊഴിലാളികള്‍ താമസിച്ചിരുന്ന വീടാണ് അരിക്കൊമ്പന്‍ ആക്രമിച്ചത്.

എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ യുവാവ് കുത്തേറ്റു മരിച്ചു. പാലക്കാട് സ്വദേശി സന്തോഷാണ് മരിച്ചത്.

നാട്ടില്‍നിന്ന് അവധി കഴിഞ്ഞു മടങ്ങിയെത്തിയ പ്രവാസി മലയാളി റിയാദ് എയര്‍പോര്‍ട്ടില്‍ കുഴഞ്ഞുവീണു മരിച്ചു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ കൈപ്പമംഗലം സ്വദേശി കൈപ്പോത്ത് അപ്പു ലാലു (57) ആണ് മരിച്ചത്.

കണ്ണൂരില്‍ ദമ്പതികള്‍ വെന്തുമരിച്ച കാര്‍ പെട്ടെന്ന് ആളിക്കത്തിയത് ഡ്രൈവറുടെ സീറ്റിനടയില്‍ വച്ചിരുന്ന രണ്ടു കുപ്പി പെട്രോളിനു തീപിടിച്ചതിനാലാണെന്ന് മോട്ടോര്‍ വാഹന വകുപ്പ്. ഷോര്‍ട്ട് സര്‍ക്യൂട്ട് വഴിയുണ്ടായ തീ ആളിക്കത്തി. ജെസിബി ഡ്രൈവര്‍ ആയിരുന്ന പ്രജിത്ത് രണ്ടു കുപ്പി പെട്രോള്‍ ഡ്രൈവിംഗ് സീറ്റിനടിയില്‍ സൂക്ഷിക്കാറുണ്ടെന്നാണു റിപ്പോര്‍ട്ട്.

ഇടുക്കിയില്‍ കഞ്ചാവുമായി സിപിഎം പ്രവര്‍ത്തകനടക്കം രണ്ടു പേരെ അറസ്റ്റു ചെയ്തു. കാരീക്കോട് സ്വദേശി മജീഷ് മജീദ്, ഇടവെട്ടി സ്വദേശി അന്‍സല്‍ അഷ്റഫ് എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. മൂന്നു കിലോ കഞ്ചാവും കഠാര അടക്കമുള്ള ആയുധങ്ങളും പിടിച്ചെടുത്തു.

കാസര്‍കോട് ബദിയടുക്ക ഏല്‍ക്കാനത്തെ നീതു കൊലക്കേസില്‍ പ്രതിയും ഭര്‍ത്താവുമായയാള്‍ തിരുവനന്തപുരത്ത് പിടിയില്‍. വയനാട് പുല്‍പ്പള്ളി സ്വദേശി ആന്റോ സെബാസ്റ്റ്യനെയാണ് കസ്റ്റഡിയിലെടുത്തത്.

ആറ്റിങ്ങലില്‍ 15 കിലോ കഞ്ചാവുമായി ആറ്റിങ്ങല്‍ ചെമ്പൂരില്‍ താമസിക്കുന്ന ജയേഷിനെ എക്സൈസ് പിടികൂടി.

അയോധ്യയില്‍ നിര്‍മാണത്തിലിരിക്കുന്ന രാമജന്മഭൂമി കോംപ്ലക്സ് ബോംബിട്ട് തകര്‍ക്കുമെന്ന് അജ്ഞാതന്റെ ഭീഷണി സന്ദേശം. രാംകോട്ട് സ്വദേശിയായ മനോജ് എന്നയാള്‍ക്കാണ് ഫോണില്‍ ഭീഷണി സന്ദേശം വന്നതെന്ന് പൊലീസ് പറഞ്ഞു. പൊലീസ് സുരക്ഷ ശക്തമാക്കി.

‘ശങ്കരാഭരണം’ ഫെയിം തെലുങ്ക് സംവിധായകന്‍ കാശിനാധുണി വിശ്വനാഥ് എന്ന കെ. വിശ്വനാഥ് ഹൈദരാബാദിലെ വസതിയില്‍ അന്തരിച്ചു. 91 വയസായിരുന്നു.

അദാനിക്കെതിരേ അന്വേഷണത്തിന് ഉത്തരവിടുന്നതുവരെ പ്രതിഷേധം തുടരുമെന്നു പ്രതിപക്ഷം. പാര്‍ലമെന്റ് രണ്ടാം ദിനവും സ്തംഭിച്ചു. ബജറ്റ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട സമയം പ്രതിപക്ഷം പാഴാക്കുകയാണെന്ന് ലോക്സഭ സ്പീക്കര്‍ കുറ്റപ്പെടുത്തി.

ഗൗതം അദാനി ഫോബ്സിന്റെ സമ്പന്നരുടെ പട്ടികയില്‍ ആദ്യ ഇരുപതില്‍നിന്ന് പുറത്ത്. അദാനിയുടെ മൂല്യത്തിലുണ്ടായ ഇടിവ് 10 ലക്ഷം കോടി രൂപയിലേക്ക് അടുക്കുന്നു.

ബിബിസി ഡോക്യുമെന്ററി നിരോധനത്തിനെതിരായ ഹര്‍ജികളില്‍ കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്. നിരോധനത്തിന്റെ രേഖകള്‍ കോടതി വിളിച്ചു വരുത്തി. മൂന്നാഴ്ച്ചയ്ക്കകം കേന്ദ്രം മറുപടി നല്‍കണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. നിരോധിച്ചെങ്കിലും ജനങ്ങള്‍ വീഡിയോ കാണുന്നുണ്ടെന്ന വസ്തുതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

മധ്യപ്രദേശ് നിവാരി ജില്ലയിലെ ഓര്‍ച്ചയില്‍ മദ്യഷോപ്പുകള്‍ക്കു മുന്നില്‍ പശുക്കളെ കെട്ടി ബിജെപി വനിതാ നേതാവ് ഉമാ ഭാരതിയുടെ സമരം. മദ്യം വര്‍ജിച്ച് പാല്‍ കുടിയ്ക്കൂവെന്നും ഉമാ ഭാരതി ആഹ്വാനം ചെയ്തു.

മഹാരാഷ്ട്ര നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന്റെയും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെയും ആര്‍എസ്എസിന്റേയും തട്ടകമായ നാഗ്പൂരിലെ അഞ്ചിടത്തു നടന്ന തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷമായ മഹാവികാസ് അഘാഡി സഖ്യത്തിനാണ് വിജയം.

രണ്ടര മാസത്തിനിടെ ഡല്‍ഹിയിലെ വിവിധ ജയിലുകളില്‍നിന്ന് കണ്ടെത്തിയത് 348 മൊബൈല്‍ ഫോണുകള്‍. ജയില്‍ അധികൃതര്‍ നടത്തിയ പരിശോധനകളിലാണ് ഇത്രയും ഫോണുകള്‍ കണ്ടെടുത്തത്.

മദ്ധ്യ അമേരിക്കന്‍ രാജ്യമായ എല്‍ സാല്‍വഡോറിലെ ടെകോളൂക്കയില്‍ 40,000 പേരെ പാര്‍പ്പിക്കാവുന്ന ജയില്‍ ആരംഭിച്ചു. ലോകത്തെ ഏറ്റവും വലിയ ജയിലാണ് ഇത്. രാജ്യത്തെ ശക്തമായ മയക്കുമരുന്ന് കള്ളക്കടത്ത് ലോബികളുടെ പ്രവര്‍ത്തനമാണ് രാജ്യത്തെ കുറ്റവാളികളുടെ വര്‍ദ്ധനവിന് കാരണം. നിലവില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ തടവുകാരുള്ള രാജ്യമാണ് എല്‍ സാല്‍വദോര്‍. കഴിഞ്ഞ ഏഴു മാസത്തിനിടെ സൈന്യവും പൊലീസും ഏതാണ്ട് 62,000 ത്തിലധികം പേരെയാണ് അറസ്റ്റ് ചെയ്തത്.

സാമ്പത്തിക മാന്ദ്യത്തെ പിടിച്ചുകെട്ടാന്‍ പലിശ നിരക്കില്‍ പുതിയ മാറ്റങ്ങളുമായി യുഎസ് ഫെഡറല്‍ റിസര്‍വ്. യുഎസ് സെന്‍ട്രല്‍ ബാങ്കിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പോളിസി മീറ്റിംഗ് സമാപിച്ചതിനെ തുടര്‍ന്നാണ് പലിശ നിരക്കില്‍ മാറ്റങ്ങള്‍ വരുത്തിയത്. ഇതോടെ, പലിശ നിരക്ക് 0.25 ശതമാനമായാണ് ഉയര്‍ത്തിയത്. രണ്ട് ദിവസമാണ് പോളിസി മീറ്റിംഗ് സംഘടിപ്പിച്ചത്. നിരക്കുകള്‍ പുതുക്കിയതോടെ പലിശ നിരക്ക് 4.75 ശതമാനമായാണ് വര്‍ദ്ധിച്ചത്. യുഎസില്‍ നിലനില്‍ക്കുന്ന പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കാന്‍ പലിശ നിരക്ക് വിവിധ ഘട്ടങ്ങളിലായി ഉയര്‍ത്തിയിരുന്നു. 2022 മാര്‍ച്ച് മുതലാണ് പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചത്. ഇതോടെ, 8 തവണയാണ് നിരക്കുകള്‍ പുതുക്കിയത്. ഇവയില്‍ കഴിഞ്ഞ നാല് തവണയുമുളള നിരക്ക് വര്‍ദ്ധനവ് 0.75 ശതമാനമാണ്. പണപ്പെരുപ്പം കുറയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ പലിശ നിരക്ക് വീണ്ടും ഉയര്‍ത്തേണ്ടി വരുമെന്ന മുന്നറിയിപ്പ് യുഎസ് സെന്‍ട്രല്‍ ബാങ്ക് നല്‍കിയിട്ടുണ്ട്.

ഇനി ഓരോ തവണയും കോണ്‍ടാക്റ്റ് ലിസ്റ്റില്‍ പോയി വ്യക്തികളുടെ നമ്പര്‍ തെരഞ്ഞ് ബുദ്ധിമുട്ടേണ്ടെന്ന് വാട്‌സാപ്പ്. കോളിങ് ഷോട്ട്കട്ട് ഫീച്ചര്‍ അപ്‌ഡേറ്റ് ചെയ്ത് വാട്‌സാപ്പ്. ഈ ഫീച്ചര്‍ പ്രകാരം, സ്ഥിരമായി വിളിക്കുന്ന വ്യക്തിയുടെ നമ്പര്‍ നിങ്ങള്‍ക്ക് കോളിങ് ഷോട്ട്കട്ട് ഓപ്ഷനില്‍ ഉള്‍പ്പെടുത്തിയാല്‍ ആ വ്യക്തിയുടെ നമ്പര്‍ സ്വമേധയ നിങ്ങളുടെ ഹോം സ്‌ക്രീനില്‍ സേവ് ആകും. ഇതിലൂടെ ആവര്‍ത്തിച്ച് കോണ്‍ടാക്റ്റ് ലിസ്റ്റില്‍ പോയി നമ്പര്‍ എടുക്കുന്ന രീതിയില്‍ നിന്നു അനായാസം കോള്‍ ചെയ്യാന്‍ കഴിയും. പുതിയ ഫീച്ചര്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആപ്പിന്റെ അടുത്ത അപ്ഡേറ്റഡ് വേര്‍ഷനില്‍ ഉപഭോക്താക്കള്‍ക്ക് പുതിയ ഫീച്ചര്‍ അസ്വദിക്കാം. നേരത്തെ ഒര്‍ജിനല്‍ ക്വാളിറ്റിയില്‍ തന്നെ ചിത്രങ്ങള്‍ വാട്‌സാപ്പിലൂടെ അയക്കാനുള്ള ഓപ്ഷനും ആപ്ലിക്കേഷന്‍ കൊണ്ടുവന്നിരുന്നു.

ചിമ്പുവിന്റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘പത്ത് തല’. ഒബേലി എന്‍ കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘പത്തു തല’യുടെ റിലീസ് മാര്‍ച്ച് 30ന് ആയിരിക്കും. തിയറ്റര്‍ റിലീസിന് തയ്യാറായിരിക്കുന്ന ചിമ്പു ചിത്രത്തിലെ ഒരു ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. ഒബേലി എന്‍ കൃഷ്ണ തന്നെ തിരക്കഥയും എഴുതുകയും എ ആര്‍ റഹ്‌മാന്‍ സംഗീത സംവിധാനം നിര്‍വഹിക്കുകയും ചെയ്യുന്ന ‘പത്ത് തല’യുടെ ഓഡിയോ റ്റൈറ്റ്സ് സോണി മ്യൂസിക് സ്വന്തമാക്കിയിരുന്നു. അനു സിത്താര, പ്രിയാ ഭവാനി ശങ്കര്‍, കാര്‍ത്തിക്, ഗൗതം വാസുദേവ് മേനോന്‍, എന്നിവര്‍ കഥാപാത്രങ്ങളാകുന്ന ചിത്രത്തിനായി എ ആര്‍ റഹ്‌മാന്‍ സ്വന്തം സംഗീതത്തില്‍ ആലപിച്ച ഗാനത്തിന്റെ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. ‘പത്ത് തല’യുടെ ഒടിടി റൈറ്റ്സ് വന്‍ തുകയ്ക്ക് വിറ്റുപോയതിനെ കുറിച്ചും വാര്‍ത്തകള്‍ വന്നിരുന്നു. ചിത്രത്തിന്റെ തിയറ്റര്‍ റിലീസിന് ശേഷമുള്ള ഒടിടി റൈറ്റ്സ് ആമസോണ്‍ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയിരിക്കുന്നത് എന്നായിരുന്നു റിപ്പോര്‍ട്ട്. എന്തായാലും ചിമ്പുവിന് വലിയ പ്രതീക്ഷകളുള്ള ചിത്രമാണ് ‘പത്ത് തല’.

കിംഗ് ഓഫ് കൊത്ത’ സെക്കന്റ് ലുക്ക് പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കറുത്ത വേഷത്തില്‍ യുപി9 0009 എന്ന വാഹനത്തില്‍ ചാരി നില്‍ക്കുന്ന ദുല്‍ഖറാണ് ഫസ്റ്റ്ലുക്കില്‍ ഉള്ളത്. 2023 ഓണം റിലീസായി പടം ഇറങ്ങും എന്നാണ് പോസ്റ്റര്‍ സൂചിപ്പിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷയില്‍ മാസ് ഗ്യാങ്സ്റ്റര്‍ ചിത്രമായി ഒരുക്കുന്ന ചിത്രത്തില്‍ നടി ശാന്തി കൃഷ്ണയും ഒരു പ്രധാന കഥാപാത്രമായി എത്തും. തമിഴ് നടന്‍ പ്രസന്നയും ‘കിംഗ് ഓഫ് കൊത്ത’യുടെ സെറ്റില്‍ ജോയിന്‍ ചെയ്തു. പൊലീസ് ഓഫീസറായിട്ടായിരിക്കും ദുല്‍ഖര്‍ നായകനാകുന്ന ചിത്രത്തില്‍ പ്രസന്ന അഭിനയിക്കുക എന്നാണ് സൂചന. ‘പൊറിഞ്ചു മറിയം ജോസി’ന്റെ തിരക്കഥാകൃത്ത് അഭിലാഷ് എന്‍ ചന്ദ്രനാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. ഐശ്വര്യ ലക്ഷ്മി ചിത്രത്തില്‍ നായികയാകുന്നു എന്നും റിപ്പോര്‍ട്ടുണ്ട്.

കേരളത്തില്‍ നിന്നും 2022- ല്‍ 59 ശതമാനം വില്‍പ്പന വളര്‍ച്ചയാണ് മെഴ്സിഡെസ്- ബെന്‍സ് നേടിയിരിക്കുന്നത്. ഇത്തവണ ദേശീയ വില്‍പ്പനയുടെ 6 ശതമാനത്തോളം നടന്നിരിക്കുന്നത് കേരളത്തിലാണ്. 2022-ല്‍ ദേശീയതലത്തിലെ വില്‍പ്പന 41 ശതമാനമായാണ് ഉയര്‍ന്നത്. ഇതോടെ, കഴിഞ്ഞ വര്‍ഷം മാത്രം 15,822 യൂണിറ്റുകള്‍ വിറ്റഴിക്കാന്‍ സാധിച്ചിട്ടുണ്ട്. ഇത് മൂന്ന് ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കണക്കാണ്. കൊച്ചി നെട്ടൂരില്‍ കമ്പനിയുടെ ആദ്യത്തെ അത്യാധുനിക ഇന്റഗ്രേറ്റഡ് കാര്‍ സര്‍വീസ് സെന്ററായ ‘കോസ്റ്റല്‍ സ്റ്റാര്‍ മാര്‍20 എക്സ് സെയില്‍’ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. 70 ശതമാനവും സൗരോര്‍ജ്ജത്തിലാണ് ഇവയുടെ പ്രവര്‍ത്തനം. വാഹന വില്‍പ്പന, സര്‍വീസ്, വാഹന ഭാഗങ്ങള്‍, യൂസ്ഡ് കാര്‍ വില്‍പ്പന, ആഡംബര ഇ.വി തുടങ്ങിയവയെ ഒറ്റക്കുടക്കീഴില്‍ ആക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. 50,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമാണ് കെട്ടിടത്തിന് നല്‍കിയിരിക്കുന്നത്. ഇത്തരം സെന്റര്‍ ഉടന്‍ തന്നെ തിരുവനന്തപുരത്തും പ്രവര്‍ത്തനമാരംഭിക്കുന്നതാണ്.

മഹാരാജാസ് കോളജും ആഷിഖ് അബുവും സലീം കുമാറും മണിയന്‍പിള്ള രാജുവും പൃഥ്വിരാജും പ്രണയവും അണി ചേരുന്ന ഓര്‍മ്മകളുടെ ഘോഷയാത്ര. ‘വായനക്കാരെ പൂവിട്ട് തൊഴണം എന്ന വാചകം ആത്മാവില്‍ ലാമിനേറ്റ് ചെയ്തു വച്ചിരിക്കുന്ന ഒരുത്തനാണ് ഞാന്‍. എന്റെ എഴുത്തുകളുടെ വായനയ്ക്കായി സമയം ചെലവഴിക്കുന്ന എല്ലാ മനുഷ്യര്‍ക്കും നേരേ കൈകള്‍ കൂപ്പിക്കൊണ്ട് ചന്ദ്രഹാസം’ സമര്‍പ്പിക്കട്ടെ. ‘ചന്ദ്രഹാസം’. ബിപിന്‍ ചന്ദ്രന്‍. ഡിസി ബുക്സ്. വില 171 രൂപ.

നാരുകളും അമിനോ ആസിഡുകളും അടങ്ങിയിരിക്കുന്നതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും മുരിങ്ങയില സഹായിക്കും. അതുകൊണ്ട് പ്രമേഹരോഗികള്‍ക്ക് ഭക്ഷണത്തില്‍ മുരിങ്ങയില ഉള്‍പ്പെടുത്താം. ഇതിനായി വെള്ളത്തില്‍ മുരിങ്ങയില ഇട്ട് കുടിക്കുന്നതും നല്ലതാണ്. ആന്റി ഓക്സിഡന്റുകള്‍ മറ്റും ധാരാളം അടങ്ങിയ മുരിങ്ങയില രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും. വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ രോഗ പ്രതിരോധശേഷി കൂട്ടാനും മുരിങ്ങയില ഗുണം ചെയ്യും. അതിനാല്‍ ദിവസവും ഊണിനൊപ്പം മുരിങ്ങയില തോരന്‍ കഴിക്കുന്നത് നല്ലതാണ്. ദഹനസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാനും മുരിങ്ങയില സഹായിക്കും. മലബന്ധം, വയറിളക്കം, ഗ്യാസ് തുടങ്ങിയവ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ മുരിങ്ങയില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്. അതുപോലെ തന്നെ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും മുരിങ്ങയില ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ കാത്സ്യം, ഫോസ്ഫറസ് എന്നിവ മുരിങ്ങയിലയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ മുരിങ്ങയില ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ആന്റി ഓക്സിഡന്റുകളുടെ കലവറയാണ് മുരിങ്ങയില. ഒപ്പം ആന്റി- ഇന്‍ഫ്ലമേറ്ററി സ്വഭാവമുള്ളതിനാലും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും മുരിങ്ങയില ഡയറ്റില്‍ ഉള്‍പ്പെടുത്താം എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. കൂടാതെ പ്രോട്ടീന്‍, കാത്സ്യം, അയേണ്‍, വിറ്റാമിന്‍ ബി6, വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, ഇരുമ്പ്, അമിനോ അസിഡുകള്‍ തുടങ്ങിയ അവശ്യ പോഷകങ്ങള്‍ മുരിങ്ങയിലയില്‍ അടങ്ങിയിരിക്കുന്നു. പല രോഗങ്ങളും ഇല്ലാതാക്കാനുള്ള കഴിവ് മുരിങ്ങയിലയ്ക്കുണ്ടെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.25, പൗണ്ട് – 100.29, യൂറോ – 89.58, സ്വിസ് ഫ്രാങ്ക് – 89.85, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 58.07, ബഹറിന്‍ ദിനാര്‍ – 218.19, കുവൈത്ത് ദിനാര്‍ -269.53, ഒമാനി റിയാല്‍ – 213.64, സൗദി റിയാല്‍ – 21.92, യു.എ.ഇ ദിര്‍ഹം – 22.39, ഖത്തര്‍ റിയാല്‍ – 22.59, കനേഡിയന്‍ ഡോളര്‍ – 61.62.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *