◾ക്ഷേത്ര ഭരണ സമിതികളില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെ ഉള്‍പ്പെടുത്തുന്നത് ഹൈക്കോടതി വിലക്കി. മലബാര്‍ ദേവസ്വത്തിനു കീഴിലെ കാളിക്കാവ് ക്ഷേത്ര ഭരണ സമിതിയില്‍ സിപിഎം പ്രാദേശിക നേതാക്കളെ ഉള്‍പ്പെടുത്തിയതിനെതിരായ ഹര്‍ജിയിലാണ് ഉത്തരവ്. മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഇനി മുതല്‍ ക്ഷേത്ര ഭരണ സമിതികളില്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തകരെ നിയമിക്കരുതെന്നും ഉത്തരവിട്ടു.
◾മുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി കാണിക്കുന്നവരെ പൊലീസ് വേട്ടയാടുന്ന നടപടി നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. പാലാരിവട്ടത്ത് നേരത്തെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന് അറസ്റ്റിലായവര്‍ നല്‍കിയ ഹര്‍ജിയാണ് കോടതി തളളിയത്.
◾സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ഗ്രേഡിംഗ് സംവിധാനം നടപ്പാക്കാന്‍ അധ്യാപക സംഘടനാ നേതാക്കള്‍, വിദ്യാഭ്യാസ വിദഗ്ധര്‍ തുടങ്ങിയവരുമായി ചര്‍ച്ച നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഓരോ സ്‌കൂളിനെയും വിലയിരുത്തി ഗ്രേഡിംഗ് രേഖപ്പെടുത്താനും ഭാവി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനും കഴിയണം. കാഞ്ഞങ്ങാട് കെ എസ് ടി എ സംസ്ഥാന സമ്മേളനത്തിന്റെ വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി വി ശിവന്‍കുട്ടി.
*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*
നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്. ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.
*ksfe.com/offers/ksfe-bhadratha-smart-chits-2022*
◾ഡ്രൈവിംഗ് ലൈസന്‍സും ആര്‍ സി ബുക്കും സ്മാര്‍ട്ടാകും. പിവിസി പെറ്റ്ജി കാര്‍ഡില്‍ ലൈസന്‍സ് നല്‍കാനുള്ള നടപടിയുമായി സര്‍ക്കാരിന് മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ചിപ്പ് ഘടിപ്പിച്ച സ്മാര്‍ട്ട് കാര്‍ഡില്‍ ലൈസന്‍സ് നല്‍കാനുള്ള മുന്‍ തീരുമാനം മാറ്റിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതോടെ പിവിസി കാര്‍ഡ് നിര്‍മിക്കാന്‍ കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഐ ടി ഐ ബാംഗ്ളൂരുമായി സര്‍ക്കാരിന് ചര്‍ച്ച തുടരാനും കോടതി അനുമതി നല്‍കി.
◾കോഴിക്കോട് നഴ്സിംഗ് വിദ്യാര്‍ഥിനിയെ മദ്യപിപ്പിച്ചു കുട്ടബലാത്സംഗം ചെയ്ത കേസില്‍ രണ്ടു പ്രതികള്‍ കസ്റ്റഡിയില്‍. പെണ്‍കുട്ടിയുടെ സുഹൃത്തുക്കളായ അമല്‍ (21), അമ്പാടി (19) എന്നിവരാണു പിടിയിലായത്.
◾നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യരെ രണ്ടാം വട്ടവും വിസ്തരിച്ചു. കൊച്ചിയിലെ കോടതിയില്‍ പ്രോസിക്യൂഷന്‍ സാക്ഷിയായിട്ടാണ് നടി എത്തിയത്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റൈ വെളിപ്പെടുത്തലുകളില്‍ ലഭിച്ച വിവരങ്ങളെ ആസ്പദമാക്കിയാണ് മഞ്ജുവിനെ വിസ്തരിച്ചത്.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
◾
◾തൊഴിലാളി യൂണിയന്‍ നേതാക്കള്‍ കൂലി തട്ടിയെടുത്തെന്നു പരാതി. ചേളാരിയിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ പ്ലാന്റിലെ കരാര്‍ തൊഴിലാളികളാണു പരാതിക്കാര്‍. 17 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ആരോപണം. 36 കരാര്‍ തൊഴിലാളികള്‍ക്ക് 750 രൂപയാണു പ്രതിദിന വേതനം. പക്ഷെ കിട്ടിയത് 700 രൂപ മാത്രം. അമ്പതു രൂപ വീതം കുറച്ചു. 2019 മുതല്‍ 2022 വരെ മൂന്ന് വര്‍ഷം 50 രൂപ നിരക്കില്‍ ഒരു തൊഴിലാളിക്ക് നഷ്ടമായത് 46,800 രൂപ. കൂലി തിരിച്ചു പിടിച്ചു തരണമെന്ന് തൊഴിലാളികള്‍ പ്ലാന്റ് മാനേജരോട് ആവശ്യപ്പെട്ടു.
◾കോടതിയലക്ഷ്യക്കേസില്‍ വിഫോര്‍ കൊച്ചി നേതാവ് നിപുണ്‍ ചെറിയാന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും കോടതിയില്‍ നേരിട്ട് ഹാജരാക്കാത്തതിനാണ് നടപടി. ഇന്ന് ഹാജരാകണമെന്ന് നിപുണ്‍ ചെറിയാന് കോടതി അന്ത്യശാസനം നല്‍കിയിരുന്നു.
◾തിരുവനന്തപുരം പാറശാലയിലെ മൃഗ സംരക്ഷണ വകുപ്പിന്റെ ചെക്ക് പോസ്റ്റില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി വാങ്ങിയ കോഴികളേയും പണവും കണ്ടെടുത്തു.
◾കോട്ടക്കല്‍ ശിവക്ഷേത്രമായ വെങ്കിട തേവര്‍ ക്ഷേത്ര പരിസരത്ത് ആര്‍എസ്എസ് ശാഖ നിര്‍ത്തിവയ്ക്കാന്‍ തീരുമാനം. കോട്ടക്കല്‍ പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിരൂര്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് സബ് കളക്ടര്‍ സച്ചിന്‍ കുമാര്‍ യാദവ് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം.
◾കൊച്ചി എംജി റോഡില്‍ ബൈക്ക് യാത്രക്കാരനായ അഭിഭാഷകന്റെ കഴുത്തില്‍ കേബിള്‍ കുരുങ്ങി അപകടം. പരിക്കേറ്റ കുര്യനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾പത്തനംതിട്ട എനാദിമംഗലത്ത് വീട്ടില്‍ കയറി വീട്ടമ്മയെ തലക്കടിച്ചു കൊന്ന കേസിലെ മുഖ്യപ്രതിയെ പിടികൂടി. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കേസില്‍ പതിനഞ്ചോളം പ്രതികളാണുള്ളത്. ഇവരില്‍ 12 പ്രതികളെ തിരിച്ചറിഞ്ഞെന്നു പോലീസ് പറയുന്നു.
◾വണ്ടിയിടിച്ചു വീഴ്ത്തി പഞ്ഞിക്കിട്ടിട്ടും പരാതിയില്ലെന്ന് എസ്എഫ്ഐ വനിതാ നേതാവ്. ഹരിപ്പാട് എസ്എഫ്ഐ വനിതാ നേതാവ് ചിന്നു പരാതിയില്ലെന്നും കേസെടുക്കേണ്ടെന്നും പറഞ്ഞതിനാലാണു കേസെടുക്കാത്തതെന്ന് പോലീസ്. അമ്പാടി ഉണ്ണിക്കെതിരേ ഡിവൈഎഫ്ഐ നടപടിയെടുത്തെങ്കിലും സിപിഎം ഇടപെട്ട് ആക്രമണകേസ് ഒത്തുതീര്‍പ്പാക്കി.
◾കോഴിക്കോട് പോക്സോ കേസിലെ പ്രതിയായ റിട്ടയേഡ് പോലീസ് ഉദ്യോഗസ്ഥന്‍ രാത്രി ഇരയുടെ വീടിന്റെ കാര്‍പോര്‍ച്ചില്‍ തൂങ്ങി മരിച്ചു. 2021 ലാണ് പോക്സോ കേസിനാസ്പദമായ സംഭവമുണ്ടായത്. എട്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെവന്നായിരുന്നു കേസ്.
◾ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തില്‍ പ്രതികളെ കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് മനുഷ്യാവകാശ കമ്മീഷനു റിപ്പോര്‍ട്ട് നല്‍കി. അന്വേഷണ ഉദ്യോഗസ്ഥനായ എസിപി കെ സുദര്‍ശനാണു റിപ്പോര്‍ട്ട് നല്‍കിയത്. കുടുംബം ഉന്നയിച്ച പരാതികളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
◾കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്കു തെരഞ്ഞെടുപ്പു വേണമെന്ന് പി. ചിദംബരം. യുവാക്കളെയും പരിഗണിക്കണം. വ്യക്തിപരമായ താല്‍പര്യങ്ങളില്ലെന്നും ചിദംബരം പറഞ്ഞു.
◾പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നരേന്ദ്ര ഗൗതം ദാസ് മോദി എന്നു ഗൗതം അദാനിയുടെ പേരുമായി ചേര്‍ത്തു പരിഹസിച്ചതിന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരക്കെതിരെ പൊലീസ് കേസെടുത്തു. ബി ജെ പി പ്രവര്‍ത്തകന്റെ പരാതിയില്‍ ഹസ്രത് ഗഞ്ച് പൊലീസാണ് കേസെടുത്തത്.
◾ഗായകന്‍ സോനു നിഗമിനും സംഘത്തിനുമെതിരെ മുംബൈയിലെ ചെമ്പൂരില്‍ ആക്രമണം. ശിവസേന എംഎല്‍എ പ്രകാശ് ഫതര്‍പേക്കറിന്റെ മകനാണ് അക്രമത്തിനു പിന്നിലെന്നു സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ചെമ്പൂര്‍ പൊലീസ് കേസെടുത്തു.
◾ഡിഎംകെ മുന്‍ എംപി ഡി. മസ്താനെ (66) കൊലപ്പെടുത്തിയതിന് സഹോദര പുത്രിയും അറസ്റ്റിലായി. മുഖ്യപ്രതിയായ ഇളയ സഹോദരന്‍ ഗൗസ് പാഷയുടെ മകള്‍ ഹരീദ ഷഹീനയെ (26) ആണ് അറസ്റ്റു ചെയ്തത്. ഹരീദയുടെ പിതാവും മസ്താന്റെ സഹോദരനുമായ ഗൗസ് പാഷയെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിനു കാരണം. ഇയാളുടെ മരുമകനും മസ്താന്റെ കാര്‍ ഡ്രൈവറുമായിരുന്ന ഇമ്രാന്‍ പാഷയുടെ സഹായത്തോടെയായിരുന്നു കൊലപാതകം.
◾സെല്‍ഫി എടുക്കാന്‍ വിസമ്മതിച്ചതിന് ആക്രമിച്ചെന്ന കേസില്‍ അറസ്റ്റിലായ ഭോജ്പൂരി നടി സപ്ന ഗില്ലിന്റെ പരാതിയില്‍ ഇന്ത്യന്‍ ഓപ്പണര്‍ പൃഥ്വി ഷായ്ക്കെതിരേ സ്ത്രീത്വത്തെ അപമാനിച്ചതിനു കേസ്. സെല്‍ഫി എടുക്കാന്‍ വിസമ്മതിച്ചതിന് പൃഥ്വി ഷായെ ആക്രമിക്കുകയും സുഹൃത്തിന്റെ കാര്‍ അടിച്ചു തകര്‍ക്കുകയും ചെയ്തതിന് അറസ്റ്റിലായി രണ്ടു ദിവസം റിമാന്‍ഡിലായിരുന്ന സപ്ന പുറത്തിറങ്ങിയ ഉടനേ നല്‍കിയ പരാതിയിലാണു കേസ്.
◾സര്‍വകലാശാലയില്‍ ‘മഹാമൃത്യുഞ്ജയ ശാന്തി ഹോമം’ നടത്താന്‍ ജീവനക്കാരില്‍നിന്നു പണപ്പിരിവ്. ആന്ധ്രയിലെ അനന്തപൂരിലുള്ള ശ്രീ കൃഷ്ണദേവരായ സര്‍വകലാശാലയിലാണ് ഹോമപ്പിരിവ്. ഏതാനും ജീവനക്കാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ചതിനാലാണ് ഹോമം നടത്തുന്നത്. അധ്യാപകര്‍ 500 രൂപയും അനധ്യാപകര്‍ നൂറു രൂപയും വീതം സംഭാവന നല്‍കണമെന്നാണ് സര്‍വകലാശാല സര്‍ക്കുലര്‍ പുറത്തിറക്കിയത്.
◾തമിഴ്നാട്ടിലെ ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിന് അനുമതി നല്‍കിയ ഹൈക്കോടതി നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. റൂട്ട് മാര്‍ച്ച് നടത്തിയാല്‍ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നടപടി.
◾അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള അദാനി പോര്‍ട്ട്‌സ് അടുത്ത മാസം കാലാവധി പൂര്‍ത്തിയാകുന്ന വാണിജ്യ പേപ്പറുകളില്‍ 1,000 കോടി രൂപ മുന്‍കൂട്ടി അടയ്ക്കും. അദാനി ഗ്രൂപ്പിന്റെ കൈവശമുള്ള ക്യാഷ് ബാലന്‍സില്‍നിന്നും ബിസിനസില്‍നിന്ന് ലഭിക്കുന്ന ഫണ്ടുകളില്‍നിന്നുമാണ് ഇതിനുവേണ്ട പണം സ്വരൂപിക്കുന്നത്. മാര്‍ച്ച് മാസത്തില്‍ അദാനി പോര്‍ട്ട്സിന് കാലാവധി പൂര്‍ത്തിയാകുന്ന 2000 കോടി രൂപയുടെ വാണിജ്യ പേപ്പറുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
◾പശുക്കടത്ത് ആരോപിച്ച് യുവാക്കളെ ചുട്ടുകൊന്ന കേസിലെ പ്രതികള്‍ പൊലീസിന്റെ വിവരദാതാക്കളാണെന്നു റിപ്പോര്‍ട്ട്. പോലീസുമായി പ്രതികള്‍ക്കുള്ള ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. പ്രതികള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഹരിയാന പൊലീസ് നിരവധി പേര്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം നടന്ന കൊലപാതകത്തില്‍ എട്ടു പേരെ കൂടി പ്രതിചേര്‍ത്തു.
◾ബ്ളൂംബെര്‍ഗിന്റെ ആഗോള അതിസമ്പന്നരുടെ പട്ടികയില്‍ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി 25-ാം സ്ഥാനത്തേക്ക് വീണു. അദാനി ഗ്രൂപ്പിനെതിരെ അമേരിക്കന്‍ നിക്ഷേപഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ക്രമക്കേട് ആരോപണങ്ങള്‍ ഉന്നയിക്കും മുമ്പ് അദാനി പട്ടികയില്‍ രണ്ടാം സ്ഥാനത്തായിരുന്നു. തുടര്‍ന്ന്, അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരിവില കൂപ്പുകുത്തിയതാണ് അദ്ദേഹത്തിന് തിരിച്ചടിയായത്. ഈവര്‍ഷം മാത്രം 7,150 കോടി ഡോളറിന്റെ ഇടിവ് അദ്ദേഹത്തിന്റെ ആസ്തിയിലുണ്ടായി. ഇപ്പോള്‍ ആസ്തി 4,910 കോടി ഡോളറാണ്. 8,360 കോടി ഡോളര്‍ ആസ്തിയുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി 11-ാം സ്ഥാനത്തുണ്ട്. 19,200 കോടി ഡോളര്‍ ആസ്തിയുമായി ഫ്രഞ്ച് ശതകോടീശ്വരന്‍ ബെര്‍ണാഡ് അര്‍ണോയാണ് ലോകത്തെ ഏറ്റവും സമ്പന്നന്‍. ടെസ്ല സി.ഇ.ഒ എലോണ്‍ മസ്‌കാണ് രണ്ടാമത്; ആസ്തി 18,700 കോടി ഡോളര്‍. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് (12,100 കോടി ഡോളര്‍), മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് (11,700 കോടി ഡോളര്‍), ബെര്‍ക്ഷെയര്‍ ഹാത്തവേ മേധാവി വാറന്‍ ബഫറ്റ് (10,700 കോടി ഡോളര്‍) എന്നിവരാണ് യഥാക്രമം മൂന്നുമുതല്‍ അഞ്ചുവരെ സ്ഥാനങ്ങളിലുള്ളത്.
◾ജനപ്രിയ സോഷ്യല്‍ മീഡിയ ആപ്പായ ഇന്‍സ്റ്റഗ്രാം തങ്ങളുടെ പ്ലാറ്റ്ഫോമില്‍ ടെലഗ്രാമിലുള്ളതിന് സമാനമായ ഒരു ഫീച്ചര്‍ അവതരിപ്പിക്കാന്‍ പോവുകയാണ്. ‘ബ്രോഡ്കാസ്റ്റ് ചാനല്‍’ എന്ന പേരില്‍ ഇന്‍സ്റ്റയില്‍ ‘പുതിയ ബ്രോഡ്കാസ്റ്റിങ് ചാറ്റ് ഫീച്ചര്‍’ ആരംഭിക്കാനാണ് മെറ്റ തയ്യാറെടുക്കുന്നത്. മെറ്റയുടെ കീഴിലുള്ള പ്രോഡക്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ അതിലൂടെ ആദ്യം അറിയിക്കും. അതിന്റെ ഭാഗമായി മെറ്റയുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകള്‍ അറിയാന്‍ സാധിക്കുന്ന മെറ്റാ ബ്രോഡ്കാസ്റ്റ് ചാനലും പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ ചാനല്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ഇന്‍സ്റ്റയിലെ ബ്രോഡ്കാസ്റ്റ് ചാനലുകളുടെ പ്രവര്‍ത്തനം ടെലഗ്രാമില്‍ നിലവിലുള്ള ചാനലുകള്‍ക്ക് സമാനമായിരിക്കും. ക്രിയേറ്റേഴ്‌സിന് തങ്ങളുടെ ഫോളോവേഴ്സുമായി പ്രധാനപ്പെട്ട അപ്ഡേറ്റുകളും വാര്‍ത്തകളും ബ്രോഡ്കാസ്റ്റ് ചാനലുകള്‍ വഴി പങ്കിടാന്‍ സാധിക്കും. ഒരു പൊതു ചാറ്റായാണ് ഇന്‍സ്റ്റാഗ്രാമിലെ ബ്രോഡ്കാസ്റ്റ് ചാനലുകള്‍ പ്രവര്‍ത്തിക്കുക. അതില്‍ ടെലഗ്രാമിലുള്ളത് പോലെ ടെക്സ്റ്റുകള്‍, വീഡിയോകള്‍, വോയ്സ് നോട്ടുകള്‍, ഫോട്ടോകള്‍ എന്നിവ ഉപയോക്താക്കള്‍ക്ക് പങ്കുവെക്കാവുന്നതാണ്. അതേസമയം, നിങ്ങള്‍ക്ക് ഒരു ചാനലിന്റെ ഭാഗമാകാനും ആവശ്യമായ അപ്‌ഡേറ്റുകള്‍ അറിയാന്‍ സാധിക്കുമെങ്കിലും മറുപടി നല്‍കാനുള്ള ഓപ്ഷന്‍ ലഭ്യമല്ല.
◾അജയ് ദേവ്ഗണ്‍ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ‘ഭോലാ’. അജയ് ദേവ്ഗണിന്റെ ‘ഭോലാ’ എന്ന ചിത്രത്തിലെ ഗാനം പുറത്തുവിട്ടു. അജയ് ദേവ്ഗണ്‍ ആണ് നായകന്‍’. ലോകേഷ് കനകരാജ് സംവിധാനത്തിലുള്ള കാര്‍ത്തി നായകനായ ഹിറ്റ് തമിഴ് ചിത്രം ‘കൈതി’യാണ് റീമേക്കായി ഹിന്ദിയില്‍ എത്തുന്നത്. അമലാ പോളിന്റെ ബോളിവുഡ് അരങ്ങേറ്റത്തില്‍ തബുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ടി സീരിസ്, റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ്, ഡ്രീം വാരിയേഴ്സ് പിക്ചേഴ്സ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. 2023 ഓഗസ്റ്റ് 30ന് ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. 3 ഡിയിലാണ് ചിത്രം ഒരുങ്ങുന്നത്. അജയ് ദേവ്ഗണിനറെ സംവിധാനത്തിലുള്ള പുതിയ ചിത്രവും വന്‍ വിജയമാകും എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ‘യു മേം ഓര്‍ ഹം’, ‘ശിവായ്’, ‘റണ്‍വേ 34’ എന്നിവയാണ് അജയ് ദേവ്ഗണ്‍ സംവിധാനം നിര്‍വ്വഹിച്ച മറ്റു ചിത്രങ്ങള്‍. ‘ദൃശ്യം 2’വാണ് അജയ് ദേവ്ഗണ്‍ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം. ‘ദൃശ്യം’ ആദ്യ ഭാഗത്തിന്റെ റീമേക്കിലും അജയ് ദേവ്ഗണ്‍ തന്നെയായിരുന്നു നായകന്‍.
◾റിലീസ് ചെയ്ത് 27-ാം ദിവസം ആയിരം കോടി ക്ലബ്ബില്‍ ഇടംപിടിച്ച് ഷാറുഖ് ഖാന്‍ ചിത്രം പഠാന്‍. ഏറ്റവും വരുമാനം നേടിയ ഇന്ത്യന്‍ ചിത്രങ്ങളില്‍ അഞ്ചാം സ്ഥാനത്താണ് പഠാനിപ്പോള്‍. ഇന്ത്യയില്‍ നിന്നു മാത്രം പഠാന്‍ വാരിയത് 620 കോടിയാണ്. ഓവര്‍സീസ് കളക്ഷന്‍ 380 കോടിയും. ഒട്ടേറെ എതിര്‍പ്പുകളും ബഹിഷ്‌കരണാഹ്വാനവും ഉണ്ടായിട്ടും ലോകവ്യാപകമായി റിലീസ് ചെയ്ത ചിത്രം ആദ്യദിനം മാത്രം 106 കോടിയോളമാണ് നേടിയത്. ഇന്ത്യയില്‍ ആദ്യദിനം 57 കോടിയായിരുന്നു കളക്ഷന്‍. ഒരു ഹിന്ദി ചിത്രം ഇന്ത്യയില്‍നിന്ന് സ്വന്തമാക്കുന്ന ഏറ്റവുമുയര്‍ന്ന ആദ്യദിന കളക്ഷന്‍ കൂടിയായിരുന്നു ഇത്. റിലീസ് ചെയ്ത് ഒമ്പത് ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ആഗോളതലത്തില്‍ 700 കോടി രൂപയാണ് ചിത്രം നേടിയത്. പഠാന്റെ ഒടിടി സ്ട്രീമിങ് അവകാശം ആമസോണ്‍ പ്രൈം ആണ് സ്വന്തമാക്കിയിരിക്കുന്നത്. 100 കോടി രൂപയ്ക്ക് ഒടിടിയില്‍ വിറ്റുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 250 കോടിയാണ് ചിത്രത്തിന്റെ മുതല്‍മുടക്ക്. ഏപ്രില്‍ മാസത്തില്‍ ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യും. കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ പണം വാരുന്ന ബോളിവുഡ് ചിത്രമായും ‘പഠാന്‍’ മാറി.
◾ഒറ്റ ചാര്‍ജില്‍ 125 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്ന ആര്യ കമാന്‍ഡര്‍ ഇ-മോട്ടോര്‍ സൈക്കിള്‍ അടുത്തമാസം അവതരിപ്പിക്കാനൊരുങ്ങി ഗുജറാത്ത് ആസ്ഥാനമായുള്ള ഓട്ടോമൊബൈല്‍ നിര്‍മ്മാതാക്കളായ ആര്യ ഓട്ടോമൊബൈല്‍സ് 4.4 കിലോവാട്ട് അവര്‍ ലിഥിയം-അയണ്‍ ബാറ്ററി പാക്കിലാണ് ആര്യ കമാന്‍ഡര്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ എത്തുന്നത്. ഇത് 3 കിവാട്ട് ഇലക്ട്രിക് മോട്ടോറുമായി ഘടിപ്പിക്കുകയും മണിക്കൂറില്‍ 90 കിമി വേഗത വാഗ്ദാനം ചെയ്യുകയും ചെയ്യും. സാധാരണ ചാര്‍ജര്‍ ഉപയോഗിച്ച് അഞ്ച് മണിക്കൂറിനുള്ളില്‍ ആര്യ കമാന്‍ഡര്‍ പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യാമെന്ന് കമ്പനി പറയുന്നു. ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകളും പിന്നില്‍ ഡ്യുവല്‍ സ്പ്രിംഗ് ലോഡഡ് ഷോക്ക് അബ്‌സോര്‍ബറുകളുമായാണ് ആര്യ കമാന്‍ഡര്‍ ഇലക്ട്രിക് ബൈക്ക് എത്തുന്നത്. ബ്ലൂടൂത്ത് കണക്റ്റിവിറ്റി, യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ട് തുടങ്ങിയവയുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുമുണ്ട്. ആര്യ കമാന്‍ഡറിന് ഏകദേശം 1.60 ലക്ഷം രൂപയായിരിക്കും എക്‌സ് ഷോറൂം വില. സംസ്ഥാന സര്‍ക്കാര്‍ സബ്‌സിഡികള്‍ ഒഴികെയാണിത്. 2,500 രൂപയ്ക്ക് ഈ ബൈക്കിന്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ഈ വര്‍ഷം ഏപ്രിലില്‍ ഡെലിവറികള്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
◾അയോധ്യാനന്തരമുള്ള പ്രക്ഷുബ്ധമായ രാഷ്ട്രീയാന്തരീക്ഷത്തില്‍ കേരള ടൈംസ് പത്രത്തിന്റെ അസോസിയേറ്റ് എഡിറ്റര്‍ എന്ന് നിലയില്‍ സെബാസ്റ്റ്യന്‍ പോള്‍ എഴുതിയ മുഖപ്രസംഗങ്ങളില്‍ നിന്ന് തെരെഞ്ഞെടുത്തവയുടെ സമാഹാരമാണ് ഈ ഗ്രന്ഥം. വൈവിധ്യമാര്‍ന്ന വിഷയങ്ങളെ അടിസ്ഥാനമാക്കി അക്കാലത്തെ സമഗ്രമായ ലോകവീക്ഷണത്തിന് ഈ പുസ്തകം സഹായകമാകും. പോത്തന്‍ ജോസഫ്, ഫ്രാങ്ക് മൊറെയ്സ്, ബി ജി. വര്‍ഗീസ് എന്നിവരുടെ പ്രസിദ്ധമായ മുഖപ്രസംഗങ്ങള്‍ അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്. ‘എന്റെ മുഖ പ്രസംഗങ്ങള്‍’. സെബാസ്റ്റ്യന്‍ പോള്‍. ലാവണ്യ ബുക്സ്. വില 375 രൂപ.
◾ആഴ്ചയില്‍ അഞ്ചോ അതിലധികമോ മുട്ട കഴിക്കുന്നത് ഹൃദ്രോഗത്തിന്റെയും പ്രമേഹത്തിന്റെയും ഉയര്‍ന്ന രക്ത സമ്മര്‍ദത്തിന്റെയും സാധ്യത കുറയ്ക്കുമെന്ന് പുതിയ ചില പഠനങ്ങള്‍ അവകാശപ്പെടുന്നു. ന്യൂട്രിയന്റ്സ് ജേണലില്‍ പ്രസിദ്ധീകരിച്ച ഇത്തരമൊരു പഠനം പറയുന്നത് അഞ്ചോ അതിലധികമോ മുട്ട കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയെയോ രക്തസമ്മര്‍ദത്തെയോ പ്രതികൂലമായി ബാധിക്കുന്നില്ല എന്നാണ്. ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയിലെ പ്രിവന്റീവ് മെഡിസിന്‍ & എപ്പിഡമോളജിയിലെ വിദഗ്ധരാണ് പഠനത്തിന് പിന്നില്‍. ഗ്രീസിലെയും ഓസ്ട്രേലിയയിലെയും സര്‍വകലാശാലകളിലെ ഗവേഷകര്‍ നടത്തിയ മറ്റൊരു പഠനവും ഇതിനെ ശരിവയ്ക്കുന്നു. കുറഞ്ഞ സാച്ചുറേറ്റഡ് കൊഴുപ്പുള്ള സസ്യാധിഷ്ഠിത ഭക്ഷണക്രമം പിന്തുടരുന്നവര്‍ക്ക് ആഴ്ചയില്‍ നാലു മുട്ടയില്‍ അധികം കഴിക്കാമെന്ന് ഇവരുടെ ഗവേഷണ റിപ്പോര്‍ട്ടും ശുപാര്‍ശ ചെയ്യുന്നു. പ്രോട്ടീന്‍, വൈറ്റമിന്‍ ഡി, കോളൈന്‍ പോലുള്ള പോഷണങ്ങള്‍ അടങ്ങിയ സമീകൃത ആഹാരമാണ് മുട്ട. പ്രായഭേദമെന്യേ എല്ലാവരും മുട്ട കഴിയ്ക്കണമെങ്കിലും 40 കഴിഞ്ഞവര്‍ ദിവസവും മുട്ട കഴിയ്ക്കണമെന്ന് മറ്റൊരു പഠനവും പറയുന്നു. അതായത്, വാര്‍ദ്ധക്യ പ്രശ്നങ്ങളെ മറികടക്കാന്‍ മുട്ട വളരെ ഉപയോഗപ്രദമാണ് എന്നാണ് ഇവര്‍ പറയുന്നത്. പ്രായം മുന്നോട്ടു പോകുന്നതനുസരിച്ച് നമ്മുടെ ശരീരം പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങും. ഇത്തരം ആരോഗ്യ പ്രശ്‌നങ്ങളില്‍ ഏറ്റവും ഗുരുതരമായത് സന്ധി വേദനയാണ്. ദിവസവും മുട്ട കഴിയ്ക്കുന്നതുവഴി എല്ലുകള്‍ക്ക് ബലം ലഭിക്കുകയും ഇതിലെ വിറ്റാമിന്‍ ഡിയും കാല്‍സ്യവും എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യും.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 82.78, പൗണ്ട് – 99.48, യൂറോ – 88.35, സ്വിസ് ഫ്രാങ്ക് – 89.41, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.98, ബഹറിന്‍ ദിനാര്‍ – 219.62, കുവൈത്ത് ദിനാര്‍ -270.05, ഒമാനി റിയാല്‍ – 215.28, സൗദി റിയാല്‍ – 22.07, യു.എ.ഇ ദിര്‍ഹം – 22.54, ഖത്തര്‍ റിയാല്‍ – 22.74, കനേഡിയന്‍ ഡോളര്‍ – 61.42.