◾കോയമ്പത്തൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ആലുവയിലും പറവൂരിലും മട്ടാഞ്ചേരിയിലും അടക്കം വിവിധ സംസ്ഥാനങ്ങളിലെ 60 ഇടങ്ങളില്‍ എന്‍ഐഎ റെയ്ഡ്. കേരളത്തിനു പുറമേ, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലും പുലര്‍ച്ചെ മുതല്‍ റെയ്ഡ്. ഐഎസുമായി ബന്ധമുണ്ടെന്നു സൂചനയുള്ളവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ്.
◾ആലുവയില്‍ സ്വകാര്യ പണമിടപാട് നടത്തുന്ന അശോകനെ ദേശീയ അന്വേഷണ ഏജന്‍സി കസ്റ്റഡിയിലെടുത്തു. ഇയാളുടെ വീട്ടില്‍നിന്നു ബാങ്ക് രേഖകളും സാമ്പത്തിക ഇടപാടുകള്‍ രേഖപ്പെടുത്തിയ ഡയറികളും പിടിച്ചെടുത്തു. ആലുവയില്‍ വാടകയ്ക്കു താമസിക്കുന്ന സീനു മോന്‍ എന്ന സൈനുദ്ദീന്റെ വീട്ടിലും എന്‍ഐഎ റെയ്ഡ് നടത്തി.
◾മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യയും മകളും മകനും ചേര്‍ന്ന് കേരളം വിറ്റുതുലയ്ക്കാന്‍ ശ്രമിച്ചെന്ന് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ്. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായ സി.എം രവീന്ദ്രനെ ചോദ്യം ചെയ്താല്‍ സത്യം പുറത്തുവരും. എല്ലാ വമ്പന്‍ സ്രാവുകളുടെയും പങ്ക് പുറത്തെത്തിക്കും. നിയമ പോരാട്ടം തുടരും. സ്വപ്ന പറഞ്ഞു.
*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*
നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്. ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.
*ksfe.com/offers/ksfe-bhadratha-smart-chits-2022*
◾ലൈഫ് മിഷന്‍ കോഴയില്‍ 33.38 കോടി രൂപയുടെ കള്ളപ്പണ ഇടപാടുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡിപ്പാര്‍ട്ടുമെന്റ്. കേസില്‍ ഇതുവരെ പ്രതി ചേര്‍ത്തത് ആറുപേരെയാണ്. എം ശിവശങ്കര്‍ അഞ്ചാം പ്രതിയാണ്. സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ പ്രതി ചേര്‍ത്തത്. ഒരു കോടി രൂപ ശിവശങ്കരനു നല്‍കിയെന്നാണു സ്വപ്നയുടെ മൊഴി.
◾ആലപ്പുഴയില്‍ സിപിഎം ഏരിയാ കമ്മിറ്റി അംഗം എ പി സോണ്ക്കെതിരേ നഗ്നവീഡിയോ പരാതി താന്‍ ഉന്നയിച്ചിട്ടില്ലെന്നു പരാതിക്കാരി. സാമ്പത്തിക ഇടപാടിനെക്കുറിച്ചു നല്‍കിയ പരാതിയില്‍ ലൈംഗിക വിഷയംകൂടി എഴുതിച്ചേര്‍ത്തു നേതൃത്വത്തിനു നല്‍കിയത് പാര്‍ട്ടിക്കാരായ ചിലരാണ്. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് വി ജി വിഷ്ണു, ഭാര്യ നിഷ, ബ്രാഞ്ച് സെക്രട്ടറി മാവോ എന്നിവര്‍ക്കു പങ്കുണ്ടെന്ന് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പാര്‍ട്ടിയിലെ വിഭാഗീയയ്ക്കു തന്നേയും പ്രായപൂര്‍ത്തിയാകാത്ത മകളെയും കരുവാക്കി. സോണയുടെ രണ്ടു സഹോദരിമാര്‍ക്കൊപ്പമാണു പരാതിക്കാരി വാര്‍ത്താസമ്മേളനം നടത്തിയത്.
◾സിപിഎമ്മിലെ ഗൂഢാലോചനമൂലമാണ് തനിക്കെതിരേ ലഹരിക്കടത്ത് ആരോപണം ഉയര്‍ന്നതെന്ന് ആലപ്പുഴയിലെ സിപിഎം കൗണ്‍സിലര്‍ എ. ഷാനവാസ്. തനിക്കെതിരേ എന്‍ഫോഴ്സ്മെന്റ്, ജിഎസ്ടി, ഡിജിപി എന്നിവര്‍ക്ക് പരാതി നല്‍കിയതിലും ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ചു പാര്‍ട്ടിക്ക് പരാതി നല്‍കിയെന്നും ഷാനവാസ്.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
◾
◾ജഡ്ജിമാര്‍ക്കു നല്‍കാനെന്ന പേരില്‍ കൈക്കൂലി വാങ്ങിയെന്ന കേസില്‍ അഡ്വ. സൈബി ജോസിന്റെ ഓഫിസില്‍ ക്രൈം ബ്രാഞ്ച് പരിശോധന. എസ്പി കെ.എസ്. സുദര്‍ശന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ലാപ്ടോപ് അടക്കമുള്ള രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്.
◾ആലപ്പുഴയില്‍ കലക്ടറേറ്റ് മാര്‍ച്ചിനിടെ തല്ലിത്തകര്‍ത്ത ബാരിക്കേഡുകള്‍ നന്നാക്കിത്തന്നില്ലെങ്കില്‍ പൊതുമുതല്‍ നശിപ്പിച്ചതിനു കേസെടുക്കുമെന്ന് യൂത്ത് കോണ്‍ഗ്രസുകാര്‍ക്കു പോലീസിന്റെ താക്കീത്. ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിര്‍ദേശപ്രകാരമാണ് പോലീസ് നേതാക്കളോടു വിവരം ധരിപ്പിച്ചത്.
◾മുഖ്യമന്ത്രിയുടെ ഓഫീസില്‍ സര്‍വ്വാധികാരത്തോടെ പ്രവര്‍ത്തിച്ച പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് കോഴക്കേസില്‍ അറസ്റ്റിലായതെന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കണം. എന്തുകൊണ്ട് മുഖ്യമന്ത്രിയും സര്‍ക്കാരും സിബിഐ അന്വേഷണത്തെ ഭയക്കുന്നുവെന്നും സതീശന്‍ ചോദിച്ചു.
◾ലൈഫ് മിഷന്‍ കോഴകേസ് സ്വര്‍ണപാത്രം കൊണ്ട് മൂടിയാലും സത്യം പുറത്തുവരുമെന്ന് രമേശ് ചെന്നിത്തല. കൂടുതല്‍ വമ്പന്‍ സ്രാവുകള്‍ പിടിയിലാകുമെന്നും ചെന്നിത്തല പറഞ്ഞു.
◾എം ശിവശങ്കറിന്റെ അറസ്റ്റ് അന്വേഷണത്തിന്റെ ഭാഗമായുളള സ്വാഭാവിക നടപടിയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അറസ്റ്റ് സംസ്ഥാന സര്‍ക്കാരിനെ ബാധിക്കില്ല. ശിവശങ്കര്‍ ഇടതു മുന്നണിയുടെ ഭാഗമല്ലെന്നും രാജേന്ദ്രന്‍ പറഞ്ഞു.
◾ശിവശങ്കറിന്റെ അറസ്റ്റ് കൊണ്ട് സംസ്ഥാന സര്‍ക്കാരില്‍ കരിനിഴല്‍ വീഴില്ലെന്നു തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ്. പാവപ്പെട്ടവര്‍ക്കു പാര്‍പ്പിടം നല്‍കുന്ന ലൈഫ് മിഷന്‍ പദ്ധതി ഇല്ലാതാക്കാന്‍ ശ്രമിച്ചവരാണ് ഇതിനെല്ലാം പിറകിലെന്നും രാജേഷ്.
◾ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ എം ശിവശങ്കറിന്റെ അറസ്റ്റിലൂടെ സംശയം മുഖ്യമന്ത്രിയിലേക്കു നീളുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. അന്വേഷണം തടസപ്പെടുത്താന്‍ മുഖ്യമന്ത്രി സര്‍ക്കാര്‍ ഏജന്‍സികളെ ചുമതലപ്പെടുത്തി. വസ്തുതകള്‍ പുറത്തു വരാതിരിക്കാന്‍ ആദ്യമേ ശ്രമിച്ചത് മുഖ്യമന്ത്രിയാണ്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആട്ടിമറിക്കാന്‍ ശ്രമിച്ചത് എന്തിനാണെന്ന് മുഖ്യമന്ത്രി തുറന്നു പറയണം. സുരേന്ദ്രന്‍ പറഞ്ഞു.
◾ലൈഫ് മിഷന്‍ കേസിലെ ഇഡി നടപടി കേന്ദ്രഏജന്‍സികളുടെ വിശ്വാസ്യത വെളിപ്പെടുത്തുന്നതാണെന്ന് കേന്ദ്രമന്ത്രി വി മരുളീധരന്‍ പറഞ്ഞു. അഴിമതിയും കള്ളപ്പണ ഇടപാടും നടത്തിയാല്‍ എത്ര ഉന്നതരായാലും അഴിയെണ്ണുമെന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ നിലപാടു ബോധ്യപ്പെടുന്ന നടപടിയാണിതെന്നും മുരളീധരന്‍.
◾തൃശൂരിലെ കാറളത്ത് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ച നിലയില്‍. കാറളം ഹരിപുരം സ്വദേശി കുഴുപുള്ളി പറമ്പില്‍ മോഹനന്‍, ഭാര്യ മിനി, മകന്‍ ആദര്‍ശ് എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
◾കാഞ്ഞിരപ്പള്ളിയിലെ പച്ചക്കറികടയില്‍നിന്ന് മാങ്ങ മോഷ്ടിച്ച പൊലീസുകാരനെ പിരിച്ചുവിടാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടിസ് നല്‍കി. ഇടുക്കി എആര്‍ ക്യാംപിലെ സിപിഒ കൂട്ടിക്കല്‍ പുതുപ്പറമ്പില്‍ പി.വി. ഷിഹാബിനെതിരെയാണു ഇടുക്കി എസ്പി വി.യു. കുര്യാക്കോസ് നോട്ടീസ് നല്‍കിയത്.
◾കോഴിക്കോട് എന്‍ഐടിയില്‍ പശ്ചിമ ബംഗാള്‍ സ്വദേശിയായ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. രണ്ടാം വര്‍ഷ ഇലക്ട്രിക്കല്‍ എന്‍ജിനയറിംഗ് വിദ്യാര്‍ഥി നിധിന്‍ ശര്‍മ്മ (22) ആണ് കെട്ടിടത്തിനു മുകളില്‍നിന്ന് ചാടി ജീവനൊടുക്കിയത്.
◾ക്ഷേമ പെന്‍ഷന്‍, ആരോഗ്യ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ വിഷയങ്ങളില്‍ മനുഷ്യത്വപരമായ ഇടപെടല്‍ ആവശ്യപ്പെട്ട് ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ നാളെ സെക്രട്ടേറിയറ്റിലേക്കു മാര്‍ച്ചു ചെയ്യും. രക്ഷിതാക്കളുടെ സംഘടനയായ കേരള പരിവാറിന്റെ നേതൃത്വത്തിലാണു മാര്‍ച്ച്.
◾പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ ശരീരത്തില്‍ ഒളിപ്പിച്ചു കടത്തിയ ഒരു കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. രണ്ട് തമിഴ്നാട് സ്വദേശികളെ ആര്‍പിഎഫ് അറസ്റ്റ് ചെയ്തു. ഐലന്‍ഡ് എക്സ്പ്രസിലാണ് മധുര സ്വദേശികളായ ബാലകൃഷ്ണന്‍, ഗണേശന്‍ എന്നിവരെ പണം സഹിതം പിടികൂടിയത്.
◾ഇന്‍സ്റ്റഗ്രാമിലൂടെ പരിചയത്തിലായ പതിനഞ്ചുകാരിയുമൊത്ത് ബീച്ചില്‍ കറങ്ങിയ ഇരുപതുകാരന്‍ പോക്‌സോ കേസില്‍ റിമാന്‍ഡില്‍. നിലമ്പൂര്‍ മണലോടി കറുത്തേടത്ത് വീട്ടില്‍ രാജേഷ് (20)നെയാണ് റിമാന്‍ഡു ചെയ്തത്.
◾ബിബിസിക്കു പല തവണ നോട്ടീസ് നല്‍കിയിട്ടും മറുപടി തരാത്തതിനാലാണ് പരിശോധന നടത്തിയതെന്ന് ആദായനകുതി വകുപ്പ്. ഇന്നും പരിശോധന തുടരുകയാണ്. ഉദ്യോഗസ്ഥരോടു സഹകരിക്കണമെന്ന് ജീവനക്കാര്‍ക്കു ബിബിസി നിര്‍ദേശം നല്‍കി. വ്യക്തിപരമായ ചോദ്യങ്ങള്‍ക്കു മറുപടി പറയേണ്ടതില്ലെന്നും ശമ്പളത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു മറുപടി പറയണമെന്നും ബിബിസി നിര്‍ദേശിച്ചു.
◾ത്രിപുരയില്‍ നാളെ നിയമസഭാ തെരഞ്ഞെടുപ്പ്. ഇന്ന് നിശബ്ദ പ്രചാരണം. അക്രമ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.
◾രാജ്യത്ത് വിവിധ ആശയങ്ങള്‍ക്ക് ഇടമുണ്ടെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ഒരൊറ്റ വ്യക്തിക്കോ ഒരൊറ്റ ആശയത്തിനോ രാജ്യത്തെ നിര്‍മ്മിക്കാനോ നശിപ്പിക്കാനോ കഴിയില്ല. ലോകത്തെ മികച്ച രാജ്യങ്ങളില്‍ പല ആശയങ്ങള്‍ക്ക് ഇടമുണ്ടെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
◾ഇന്ത്യന്‍ സൈന്യത്തില്‍ മുസ്‌ളീങ്ങള്‍ക്ക് 30 ശതമാനം സംവരണം വേണമെന്ന് ജെഡിയു നേതാവ് ഗുലാം റസൂല്‍ ബാലിവായ്. സ്വന്തം കുറ്റം മറച്ചുവക്കാന്‍ ബിജെപി സൈന്യത്തെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
◾ലിവിംഗ് ടുഗെതര്‍ പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം വാടക വീട്ടിലെ കട്ടിലിന്റെ അറയില്‍ ഒളിപ്പിച്ച യുവാവ് പിടിയില്‍. വജ്രവ്യാപാരിയുടെ മകനായ ഹാര്‍ദിക് ഷായാണ് (27) അറസ്റ്റിലായത്. മലയാളി നഴ്സ് 37 കാരി മേഘയാണ് കൊല്ലപ്പെട്ടത്.
◾ഒന്നിച്ചു താമസിച്ചിരുന്ന പങ്കാളിയെ കെന്ന് മൃതദേഹം സ്വന്തം ധാബയിലെ ഫ്രിഡ്ജില്‍ ഒളിപ്പിക്കുകയും അന്നുതന്നെ മറ്റൊരു യുവതിയെ വിവാഹം കഴിയ്ക്കുകയും ചെയ്ത 24 കാരന്‍ അറസ്റ്റില്‍. സഹില്‍ ഗെലോട്ട് എന്ന യുവാവാണ് പിടിയിലായത്. നിക്കി യാദവ് (24) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.
◾വീട്ടുകാരെ അറിയിക്കാതെ വാലന്റൈന്‍സ് ഡേ ആഘോഷിക്കാന്‍ ഗോവയിലെത്തിയ കമിതാക്കള്‍ കടലില്‍ മുങ്ങിമരിച്ചു. പാലോലം ബീച്ചിലാണ് സംഭവം. സുപ്രിയ ദുബെ (26), വിഭു ശര്‍മ (27) എന്നിവരാണ് മരിച്ചത്.
◾ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജിക്ക് തുടര്‍ച്ചയായ മൂന്നാം തോല്‍വി. ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ മുന്‍ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കാണ് ഏകപക്ഷീയമായ ഒരുഗോളിന് പിഎസ്ജിയെ പരാജയപ്പെടുത്തിയത്.
◾നടപ്പ് സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ വോഡാഫോണ്‍ ഐഡിയയുടെ (വിഐ) നഷ്ടം 7990 കോടി രൂപ. വായ്പ തിരിച്ചടവ്, മാര്‍ക്കറ്റിംഗ് ചെലവുകള്‍ തുടങ്ങിയവയാണ് രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ വിഐക്ക് നഷ്ടം ഉയരാന്‍ കാരണം. വിഐയുടെ ആകെ കടബാധ്യത 2.23 ലക്ഷം കോടി രൂപയാണ്. കമ്പനി 7440 കോടി രൂപയായി നഷ്ടം കുറയ്ക്കുമെന്നായിരുന്നു ബ്ലൂംബെര്‍ഗിന്റെ വിലയിരുത്തല്‍. രണ്ടാം പാദത്തില്‍ 1,595.5 കോടി രൂപയായിരുന്നു വിഐയുടെ നഷ്ടം. ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ വരുമാനം നേരിയ തോതില്‍ ഉയര്‍ന്ന് 10,620 കോടി രൂപയിലെത്തി. മൂന്ന് മാസത്തിനിടെ 58 ലക്ഷം വരിക്കാരെയാണ് വിഐയ്ക്ക് നഷ്ടമായത്. ഡിസംബറിലെ കണക്കുകള്‍ അനുസരിച്ച് 22.8 കോടിയാണ് ആകെ വരിക്കാരുടെ എണ്ണം.ശരാശരി വരുമാനം കുറവ് ഒരു ഉപഭോക്താവില്‍ നിന്ന് വിഐയ്ക്ക് മാസം ലഭിക്കുന്ന ശരാശരി വരുമാനം 135 രൂപയാണ്. എയര്‍ടെല്ലിന് 193 രൂപയും ജിയോയ്ക്ക് 178.2 രൂപയും ലഭിക്കുന്ന സ്ഥാനത്താണിത്. ശരാശരി ഇന്റര്‍നെറ്റ് ഉപയോഗത്തിലും വിഐ വരിക്കാര്‍ പിന്നിലാണ്. ഈ വര്‍ഷം ഡിസംബറിനുള്ളില്‍ 8,032.8 കോടി രൂപയുടെ ബാധ്യതയാണ് വിഐയ്ക്ക് വീട്ടാനുള്ളത്.
◾ഫയര്‍-ബോള്‍ട്ടിന്റെ 240ഃ240 പിക്‌സല്‍ റെസലൂഷനുള്ള 1.28 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ ഫീച്ചര്‍ ചെയ്യുന്ന പുതിയ സ്മാര്‍ട് വാച്ച് പുറത്തിറങ്ങി. പുതിയ ‘ക്വാണ്ടം’ സ്മാര്‍ട് വാച്ച് ഫെബ്രുവരി 14 മുതല്‍ ആമസോണിലും ഫയര്‍ബോള്‍ട്ട് ഡോട്ട് കോമിലും 2,999 രൂപയ്ക്ക് ലഭ്യമായിത്തുടങ്ങി. കറുപ്പ്, ചുവപ്പ്, പച്ച, നീല എന്നീ നാല് നിറങ്ങളിലാണ് ഇത് വരുന്നത്. ഐപി67 വാട്ടര്‍ റെസിസ്റ്റന്‍സ്, വോയ്‌സ് അസിസ്റ്റന്റ്, ടിഡബ്ല്യുഎസ് കണക്ട്, ഒന്നിലധികം സ്‌പോര്‍ട്‌സ് മോഡുകള്‍ തുടങ്ങിയ ഫീച്ചറുകളോടെയാണ് സ്മാര്‍ട് വാച്ച് വരുന്നത്. 350 എംഎഎച്ച് ആണ് ബാറ്ററി. ഒറ്റ ചാര്‍ജില്‍ ഏഴ് ദിവസം വരെ ഉപയോഗിക്കാം. ബ്ലൂടൂത്ത് കോളിങ്ങിന് രണ്ട് ദിവസം വരെയും ബാറ്ററി ലഭിക്കും. ഹൃദയമിടിപ്പ്, ഉറക്കം, ശരീരത്തിലെ ഓക്‌സിജന്റെ അളവ് തുടങ്ങിയ ആരോഗ്യ കാര്യങ്ങളും പുതിയ സ്മാര്‍ട് വാച്ച് നിരീക്ഷിക്കുന്നു. ഇത് 128 എംബി ഇന്‍-ബില്‍റ്റ് സ്റ്റോറേജുമായാണ് വരുന്നത്. പുതിയ വാച്ചില്‍ ഇന്‍-ബില്‍റ്റ് സ്പീക്കറും മൈക്കും ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ ഉപയോക്താക്കള്‍ക്ക് വാച്ചില്‍ നിന്ന് നേരിട്ട് വോയ്‌സ് കോളുകള്‍ ചെയ്യാനും കോളുകള്‍ സ്വീകരിക്കാനും കഴിയും. അലാം, ടൈമര്‍, സ്റ്റോപ്പ് വാച്ച് തുടങ്ങി ഫീച്ചറുകളും ഈ വാച്ചിലുണ്ട്.
◾നീണ്ട ഇടവേളയ്ക്ക് ശേഷം നടി ഭാവന മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രം എന്ന നിലയില്‍ ഏറെ ശ്രദ്ധനേടിക്കഴിഞ്ഞു ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’. ആദില്‍ മൈമൂനത്ത് അഷ്റഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷറഫുദ്ധീനാണ് നായകന്‍. ഇപ്പോഴിതാ ചിത്രത്തിലെ മനോഹരമായൊരു പ്രണയഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ‘കൂടെ നിന്‍ കൂടെ’ എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ഹരിശങ്കറും സിത്താരയും ചേര്‍ന്ന് ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത് വിനായക് ശശികുമാറാണ്. ചിത്രം ഈ മാസം 17ന് റിലീസ് ചെയ്യും. ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ റെനീഷ് അബ്ദുള്‍ഖാദര്‍ ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രം നിര്‍മ്മിക്കുന്നു. സംവിധായകന്‍ ആദില്‍ മൈമൂനാഥ് അഷ്റഫ് തന്നെയാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ന്റെ രചനയും. സംവിധായകന്‍ തന്നെയാണ് എഡിറ്റിംഗും.
◾ബോളിവുഡ് പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളായ പ്രിയങ്ക ചോപ്ര അഭിനയിക്കുന്ന പുതിയ ഹോളിവുഡ് ചിത്രമാണ് ‘ലവ് എഗെയ്ന്‍’. ജെയിംസ് സ്ട്രൗസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജെയിംസ് സി സ്ട്രൗസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. ‘ലവ് എഗെയ്ന്‍ എന്ന പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. സാം ഹ്യൂഗനാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു റൊമാന്റിക് ചിത്രമാണ് ഇത്. ആന്‍ഡ്യൂ ഡ്യൂണ്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. 2023 മെയ് 12ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. പ്രിയങ്ക ചോപ്രയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തതും ഒരു ഹോളിവുഡ് ചിത്രമാണ്. ‘ദ മട്രിക്സ് റിസറക്ഷന്‍’ എന്ന ചിത്രം 2021 ഡിസംബറ് 22നായിരുന്നു തിയറ്ററുകളില്‍ എത്തിയത്. മോശമല്ലാത്ത പ്രതികരണമായിരുന്നു ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്.
◾മാരുതിയുടെ കാറുകള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ക്ക് സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്നതിനായി ഇന്ത്യയിലെ മുന്‍നിര ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്കുമായി ധാരണപത്രം ഒപ്പിട്ട് രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി. ഡീലര്‍ഷിപ്പ് തലത്തിലുള്ള ഫിനാന്‍സ് സൗകര്യങ്ങളും ഓട്ടോ റീട്ടെയ്ല്‍ ഫിനാന്‍സിങ്ങ് സംവിധാനവും ഒരുക്കുന്നതിനാണ് ഈ സഹകരണം പ്രഖ്യാപിച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. ഡീലര്‍മാരുടെ വാഹന ഇന്‍വെന്ററി ഫണ്ടിങ്ങ് കാര്യക്ഷമമാക്കുന്നതിനും മാരുതി ഉപയോക്താക്കള്‍ക്ക് മികച്ച റീട്ടെയില്‍ ഫിനാന്‍സിങ്ങ് നല്‍കാനാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് ലക്ഷ്യമിടുന്നത്. മാരുതി സുസുക്കിയുടെ ഡീലര്‍മാര്‍ക്കും ഉപയോക്താക്കള്‍ക്കും ഒരുപോലെ നേട്ടം ലഭിക്കാന്‍ സൗത്ത് ഇന്ത്യന്‍ ബാങ്കുമായുള്ള സഹകരണം സഹായിക്കും.
ഈ കൂട്ടുകെട്ടിലൂടെ ഏറ്റവും സൗകര്യപ്രദവും സമഗ്രവുമായ സാമ്പത്തിക ഓപ്ഷനുകള്‍ നല്‍കാനാണ് ബാങ്ക് പദ്ധതി ഒരുക്കുന്നതെന്നും, ഈ പങ്കാളിത്തത്തിലൂടെ രണ്ട് കമ്പനികള്‍ക്കും ബിസിനസ് വളര്‍ച്ച ഉറപ്പാക്കാന്‍ സാധിക്കുമെന്നും ഇരു കൂട്ടരും അഭിപ്രായപ്പെട്ടു.
◾എക്കാലവും പുരുഷാധികാരത്തിന്റെ കീഴില്‍ കഴിയേണ്ടവളാണ് സ്ത്രീ എന്ന വിചാരത്തെ ആര്‍ജ്ജവത്തോടെ കുടഞ്ഞുകളയുന്നവളാണ് ഈ വിപ്ലവത്തിലെ നായിക ഡോറാമ്മ. വാഗമണ്ണില്‍ നിന്ന് തുടങ്ങി നോര്‍വേ ചുറ്റി കോവിഡ് കാലത്ത് നാട്ടിലെത്തുന്ന ഈ നോവല്‍ എഴുപതുകളിലെ കേരളീയ ജീവിതവും മലയോര നായാട്ട് കഥകളും നമ്മുടെ മുന്നില്‍ വരച്ചിടുന്നു. വ്യത്യസ്ത ഭൂമികകളിലെ വ്യത്യസ്തരായ മനുഷ്യരിലൂടെ നമ്മുടെയൊക്കെ ജീവിതങ്ങളെ തന്നെ ഇഴകീറി പരിശോധിക്കുകയാണ് ഈ നോവല്‍ ചെയ്യുന്നത്. ‘ഡോറാമ്മ വിപ്ലവം’. തോമസ് സാജന്‍. ചിന്ത പബ്ളിക്കേഷന്‍സ്. വില 161 രൂപ.
◾കൂര്‍ക്കംവലി ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ അകല്‍ച്ചയുണ്ടാക്കുന്നുവെന്ന ഒരു പഠനമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. അമേരിക്കയിലെ ഇന്റര്‍നാഷണല്‍ ഹൗസ്വെയര്‍ അസോസിയേഷന്‍ നടത്തിയ ഒരു സര്‍വേയില്‍ 20% ഭാര്യാഭര്‍ത്താക്കന്മാരും വെവ്വേറെ കിടപ്പുമുറികളിലാണ് ഉറങ്ങുന്നത്. 31% ദമ്പതികള്‍ വെവ്വേറെ ഉറങ്ങുന്നത് തങ്ങളുടെ ബന്ധത്തെ ബാധിച്ചിട്ടില്ലെന്നും 21% ഇത് തങ്ങളുടെ ബന്ധം മെച്ചപ്പെടുത്തിയെന്നും പറഞ്ഞു. അതേസമയം പങ്കാളിയുടെ കൂര്‍ക്കംവലി കാരണം പ്രത്യേക മുറിയില്‍ കിടക്കാന്‍ തീരുമാനിച്ചതായി 46% പേര്‍ സമ്മതിച്ചു. കൂര്‍ക്കം വലി ഭാര്യഭര്‍ത്താക്കന്മാര്‍ക്കിടയില്‍ അകലം ഉണ്ടാക്കിയതായി സര്‍വേ പറയുന്നു. ഭാര്യാഭര്‍ത്താക്കന്മാര്‍ ഒരുമിച്ച് ഉറങ്ങുകയാണെങ്കില്‍, അവരുടെ ബന്ധം ശക്തമായി നിലനില്‍ക്കുകയും മെച്ചപ്പെടുകയും ചെയ്യുമെന്ന് വിദഗ്ധര്‍ വിശ്വസിക്കുന്നു. അതിനാല്‍ കൂര്‍ക്കംവലി ഒഴിവാക്കാനുളള ചില പരിഹാരങ്ങളും അവര്‍ നിര്‍ദ്ദേശിക്കുന്നു. ഇതില്‍ ആദ്യത്തേതാണ് ഒരു വശം ചേര്‍ന്ന് ഉറങ്ങുക എന്നത്. മലര്‍ന്ന് കിടന്ന് ഉറങ്ങുമ്പോള്‍ ചിലപ്പോള്‍ നിങ്ങളുടെ നാവ് തൊണ്ടയുടെ പിന്‍ഭാഗത്തേക്ക് നീങ്ങാന്‍ ഇടയാക്കും ഇത് നിങ്ങളുടെ തൊണ്ടയിലൂടെയുള്ള വായുപ്രവാഹത്തെ ഭാഗികമായി തടയുന്നു. ഒരു വശത്ത് ഉറങ്ങുകയാണെങ്കില്‍ വായു കൂടുതല്‍ സുഗമമായി ഒഴുകാന്‍ അനുവദിക്കുകയും നിങ്ങളുടെ കൂര്‍ക്കംവലി കുറയ്ക്കാനാകുകയും ചെയ്യും. അമേരിക്കന്‍ അക്കാദമി ഓഫ് സ്ലീപ്പ് മെഡിസിന്‍ ആന്‍ഡ് സ്ലീപ്പ് റിസര്‍ച്ച് സൊസൈറ്റിയുടെ അഭിപ്രായത്തില്‍, മുതിര്‍ന്നവര്‍ക്ക് രാത്രിയില്‍ 7-9 മണിക്കൂര്‍ ഉറക്കം ആവശ്യമാണ്. ഉറക്കക്കുറവ് നിങ്ങളുടെ കൂര്‍ക്കംവലി സാധ്യത വര്‍ദ്ധിപ്പിക്കും. നിങ്ങളുടെ മൂക്കില്‍ സ്റ്റിക്ക്-ഓണ്‍ നാസല്‍ സ്ട്രിപ്പുകള്‍ വെച്ചാല്‍ മൂക്കിന്റെ ശ്വസന ഭാഗങ്ങളില്‍ സ്ഥലം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ഇത് നിങ്ങളുടെ ശ്വസനം കൂടുതല്‍ ഫലപ്രദമാക്കുകയും കൂര്‍ക്കംവലി കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യും. ഉറക്കത്തിന് മുമ്പുളള മദ്യപാനം പരിമിതപ്പെടുത്തുക അല്ലെങ്കില്‍ ഒഴിവാക്കുക. തൊണ്ടയിലെ പേശികളെ മദ്യം റിലാക്‌സാക്കും, ഇത് കൂര്‍ക്കംവലിയിലേക്ക് നയിച്ചേക്കാം. നിങ്ങളുടെ കൂര്‍ക്കംവലിയെ കൂടുതല്‍ വഷളാക്കുന്ന മറ്റൊരു ഒരു ശീലമാണ് പുകവലി.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 82.84, പൗണ്ട് – 100.14, യൂറോ – 88.80, സ്വിസ് ഫ്രാങ്ക് – 89.75, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 57.23, ബഹറിന്‍ ദിനാര്‍ – 219.77, കുവൈത്ത് ദിനാര്‍ -270.55, ഒമാനി റിയാല്‍ – 215.18, സൗദി റിയാല്‍ – 22.07, യു.എ.ഇ ദിര്‍ഹം – 22.55, ഖത്തര്‍ റിയാല്‍ – 22.75, കനേഡിയന്‍ ഡോളര്‍ – 61.86.