yt cover 3

സര്‍ക്കാര്‍ ആശുപത്രികളില്‍ പഞ്ചിംഗ് സംവിധാനം വരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസുകള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍, ജില്ലാ, ജനറല്‍ ആശുപത്രികള്‍ എന്നിവിടങ്ങളിലാണ് പഞ്ചിംഗ് നടപ്പാക്കുന്നത്. ആരോഗ്യ സ്ഥാപനങ്ങളെ ആധുനികവത്ക്കരിക്കാന്‍ 7.85 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആധാര്‍ അധിഷ്ഠിത പഞ്ചിംഗ് സംവിധാനം സ്ഥാപിക്കുന്നതിന് 5.16 കോടി രൂപയാണ് അനുവദിച്ചത്.

കൊല്ലം ഓയൂരില്‍ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളായ കുടുംബത്തെ 14 ദിവസത്തേക്കു റിമാന്‍ഡു ചെയ്തു. കുട്ടിക്കടത്തിനാണ് കേസ്. ജീവപര്യന്തം തടവു ശിക്ഷ വരെ കിട്ടാവുന്ന വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. തട്ടിക്കൊണ്ടു പോകല്‍, തടവിലാക്കല്‍, ദേഹോപദ്രവമേല്‍പിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ജൂവൈനല്‍ ജസ്റ്റീസ് നിയമപ്രകാരമുള്ള വകുപ്പുകളുമുണ്ട്. പണം നേടാന്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

സിപിഎം നേതാക്കളായ എ എ റഹീം എംപിക്കും എം സ്വരാജിനും ഒരു വര്‍ഷം തടവും അയ്യായിരം രൂപ പിഴയും ശിക്ഷ. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 2010 ല്‍ നടന്ന നിയമസഭാ മാര്‍ച്ചിനിടെ പൊതുമുതല്‍ നശിപ്പിച്ചെന്ന കേസിലാണ് ശിക്ഷ. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണു ശിക്ഷ വിധിച്ചത്.

*മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലുമായി തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്സ്*

വിവാഹം ഇനി ഉത്സവമാകും. മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്സില്‍ ഇനി മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവല്‍. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

മുഖ്യമന്ത്രി നയിക്കുന്ന നവ കേരള സദസിനെതിരെ ഹൈക്കോടതിയുടെ നാല് ഉത്തരവുകള്‍ വന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സംസ്ഥാന സര്‍ക്കാരിനെതിരെ യുഡിഎഫ് നടത്തുന്ന കുറ്റ വിചാരണ സദസിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് ഫറോക്കില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങളെല്ലാം ഹൈക്കോടതി വിധിയായെന്നും സതീശന്‍ പറഞ്ഞു. ഇടതുപക്ഷത്തിന് ധനകാര്യ മാനേജ്മെന്റ് അറിയില്ലെന്ന് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു. പിണറായി സര്‍ക്കാരിന്റെ പദ്ധതികള്‍ എല്ലാം ചാപിള്ളയെന്നായിരുന്നു കെ മുരളീധരന്റെ വിമര്‍ശനം.

കേരളവര്‍മ്മ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള റീ കൗണ്ടിംഗില്‍ എസ്എഫ്ഐ സ്ഥാനാര്‍ത്ഥി അനിരുദ്ധന് മൂന്നു വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയം. കെഎസ് യു സ്ഥാനാര്‍ത്ഥി എസ്. ശ്രീക്കുട്ടന്‍ 889 വോട്ടും എസ്എഫ്ഐ സ്ഥാനാര്‍ത്ഥി കെ.എസ് അനിരുദ്ധന്‍ 892 വോട്ടും നേടി. കെഎസ്യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് വീണ്ടും വോട്ടെണ്ണിയത്.

കേരള വര്‍മ കോളേജ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് റീ കൗണ്ടിംഗില്‍ അന്ധവിദ്യാര്‍ത്ഥികളുടെ വോട്ടുകള്‍ അസാധുവാക്കിയെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷി സേവ്യര്‍. ശ്രീക്കുട്ടന്‍ ഒരു വോട്ടിന് ജയിച്ച വോട്ടെണ്ണലില്‍ 23 വോട്ടായിരുന്നു അസാധു. രാത്രി റീ കൗണ്ടിംഗില്‍ അത് 27 ആയി. ഇന്ന് അസാധുവോട്ടുകള്‍ 34 ആയി വര്‍ധിച്ചു. 10 വോട്ടുകള്‍ കൈവിരല്‍ പതിപ്പിച്ചതിനാലാണ് അസാധുവായത്. ഇതില്‍ എട്ടെണ്ണം കെഎസ് യുവിനാണു കിട്ടിയത്. ഈ വോട്ടുകള്‍ അന്ധ വിദ്യാര്‍ഥികളുടേതാണ്. നിയമ പോരാട്ടം വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

*കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍

*

ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്. *കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 , ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*

മിഷോംഗ് ചുഴലിക്കാറ്റുമൂലം കേരളത്തില്‍ അടുത്ത രണ്ടു ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്കു സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.

മിഷോംഗ് ചുഴലിക്കാറ്റുമൂലം വിവിധ സംസ്ഥാനങ്ങളിലെ 118 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. കേരളത്തില്‍ സര്‍വീസ് നടത്തുന്ന 35 ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. റദ്ദാക്കിയ ട്രെയിനുകളുടെ പട്ടിക ഏറ്റവും താഴെ.

കളമശേരി സ്‌ഫോടനത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. തൊടുപുഴ വണ്ടമറ്റം സ്വദേശി കെ വി ജോണാണ് മരിച്ചത്. 78 വയസായിരുന്നു. ഇതോടെ ആകെ മരണം ഏഴായി. ഇദ്ദേഹത്തിന്റെ ഭാര്യ ലില്ലി ജോണും സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചകിത്സയിലാണ്.

ഭീഷണിപ്പെടുത്തി കാര്യങ്ങള്‍ ചെയ്യിപ്പിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമം നടക്കില്ലെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കണ്ണൂര്‍ വിസി നിയമന വിവാദത്തിലെ മുഖ്യമന്ത്രിയുടെ പരാമര്‍ശം നിരുത്തരവാദപരമെന്ന് ഗവര്‍ണര്‍ കൊച്ചിയില്‍ വിമര്‍ശിച്ചു. രാജാവിനോടോ വ്യക്തികളോടോ അല്ല, ഭരണഘടനയോടാണ് വിധേയത്വം കാണിക്കേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു.

39 മാസത്തെ ശമ്പള പരിഷ്‌കരണ കുടിശിക ആവശ്യപ്പെട്ട് കോളജ് അധ്യാപക സംഘടനയായ എകെപിസിടിഎ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിയ സമരത്തിന് ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ ഭാര്യ ഡോ. ആശയും. എകെപിസിടിഎയുടെ വനിതാ വിഭാഗം കണ്‍വീനറാണ് ഡോ. ആശ.

നവകേരളയാത്രമൂലം സംസ്ഥാനത്ത് ഭരണസ്തംഭനമാണെങ്കിലും സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. 1986 ന് മുമ്പേ സ്ഥലം രജിസ്റ്റര്‍ ചെയ്ത രണ്ടു ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ ജപ്തി നോട്ടീസ് അയച്ചിരിക്കുകയാണ്. പച്ചയായ കൊള്ളയാണിതെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി പത്മകുമാറിന്റേതെന്നു പോലീസ് പറയുന്ന മൊഴി വിശ്വസനീയമല്ലെന്ന് കെ.ബി. ഗണേഷ്‌കുമാര്‍ എഎല്‍എ. രണ്ടു കോടി രൂപയുടെ ബാധ്യതയുണ്ടെന്നു പറയുന്നയാള്‍ സാധാരണക്കാരന്റെ മകളെ തട്ടിക്കൊണ്ടുപോയി പത്തു ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന കഥ വിശ്വസിക്കാന്‍ പ്രയാസമാണെന്ന് ഗണേഷ്‌കുമാര്‍ പറഞ്ഞു. എന്നാല്‍ പോലീസിന്റെ അന്വേഷണത്തേയും ഇടപെടലിനേയും ഗണേഷ്‌കുമാര്‍ പ്രശംസിച്ചു.

മകളെ തട്ടിക്കൊണ്ടുപോയ പ്രതികളെ പിടികൂടിയതില്‍ സന്തോഷമെന്ന് കുട്ടിയുടെ അച്ഛന്‍ റെജി. അന്വേഷണ സംഘത്തിന് അഭിനന്ദനം. ചില മാധ്യമങ്ങളില്‍ തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ വന്നതില്‍ വേദനയുണ്ടെന്നും റെജി പറഞ്ഞു. മകള്‍ സാധാരണ നിലയിലായി. ഹോം വര്‍ക്കുകള്‍ ചെയ്തു തീര്‍ത്തു. തിങ്കളാഴ്ച മുതല്‍ സ്‌കൂളില്‍ പോകുമെന്നും റെജി പറഞ്ഞു.

രണ്ടു കൈകളും ഇല്ലാത്ത ഭിന്ന ശേഷിക്കാരിയായ പെണ്‍കുട്ടിക്ക് ഡ്രൈവിംഗ് ലൈസന്‍സ്. ഇടുക്കി സ്വദേശിനി ജിലുമോള്‍ മേരിയറ്റ് തോമസിനാണ് കാര്‍ ഓടിക്കാനുള്ള ലൈസന്‍സ് നല്‍കിയത്. അഞ്ചു വര്‍ഷത്തെ പോരാട്ടത്തിനൊടുവിലാണ് മോട്ടോര്‍ വാഹന വകുപ്പ് തടസങ്ങള്‍ നീക്കി ലൈസന്‍സ് നല്‍കിയത്. ജിലുമോള്‍ക്കു കാലുകൊണ്ടും ശബ്ദസന്ദേശംകൊണ്ടും നിയന്ത്രിക്കാവുന്ന കാര്‍ രൂപപ്പെടുത്തി. രൂപമാറ്റത്തിന് മോട്ടോര്‍ വാഹനവകുപ്പ് അംഗീകാരം നല്‍കുകയും ചെയ്തു. നവംബര്‍ മുപ്പതിന് ഡ്രൈവിംഗ് ടെസ്റ്റ് പാസായി ലൈസന്‍സ് നല്‍കി. ഇരു കൈകളുമില്ലാത്തയാള്‍ക്കു രാജ്യത്തു ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്ന ആദ്യ വ്യക്തിയാകും ജിലുമോള്‍. ജിലുമോള്‍ കാലുകൊണ്ടു വരച്ച മുഖ്യമന്ത്രിയുടെ ചിത്രം നവകേരള സദസ് വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനു സമ്മാനിച്ചു.

യെമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു ജയിലില്‍ കഴിയുന്ന മലയാളി വനിത നിമിഷപ്രിയയുടെ അമ്മ വീണ്ടും ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. യമന്‍ യാത്രക്ക് അനുമതി നിഷേധിച്ച കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടി ചോദ്യം ചെയ്താണ് ഹര്‍ജി.

ഇടുക്കി നെല്ലിപ്പാറയില്‍ സ്വകാര്യ ഫാമിലെ സ്വിമ്മിംഗ് പൂളില്‍ വീട്ടമ്മയുടെ ജഡം കത്തിക്കരിഞ്ഞ നിലയില്‍. വാഴവര മോര്‍പ്പാളയില്‍ എം ജെ എബ്രഹാമിന്റെ ഭാര്യ ജോയ്‌സിന്റെ(52) മൃതദേഹമാണ് കണ്ടെത്തിയത്. നാലു മാസം മുന്‍പാണ് ജോയ്സും ഭര്‍ത്താവ് ജെ എബ്രഹാമും കാനഡയില്‍നിന്ന് നാട്ടിലെത്തിയത്. ഇവരുടെ വീടും സ്ഥലവും പാട്ടത്തിനു കൊടുത്തതിനാല്‍ ഫാം സ്ഥിതി ചെയ്യുന്ന തറവാട് വീട്ടില്‍ ഇളയ അനുജന്‍ ഷിബുവിനൊപ്പമാണ് താമസിച്ചിരുന്നത്.

കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശ് പിടിയില്‍. ഗോവയില്‍നിന്നാണ് തിരുവനന്തപുരം സിറ്റി പൊലീസ് ഓംപ്രകാശിനെ പിടികൂടിയത്. പാറ്റൂര്‍ ഗുണ്ടാ ആക്രമണ കേസില്‍ പ്രതിയായ ഓം പ്രകാശ് ഒളിവിലായിരുന്നു.

കണ്ണൂര്‍ പയ്യാവൂര്‍ ചീത്തപ്പാറയില്‍ കട ബാധ്യത മൂലം വ്യാപാരി ജീവനൊടുക്കി. ചീത്തപ്പാറ മറ്റത്തില്‍ ജോസഫാണ് മരിച്ചത്. 12 വര്‍ഷം മുന്‍പ് മികച്ച ക്ഷീര കര്‍ഷകനുള്ള ബ്ലോക്ക് തല അവാര്‍ഡ് നേടിയിരുന്നു.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മിഷോംഗ് ചുഴലിക്കാറ്റ് മണിക്കൂറില്‍ 100 കിലോമീറ്ററിലധികം വേഗത്തില്‍ ആഞ്ഞടിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അതിശക്ത മഴക്കും സാധ്യത. തമിഴ്നാട്ടിലെ ചെന്നൈക്ക് സമീപത്തായി നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയിലാകും മിഷോങ് ചുഴലിക്കാറ്റ് കര തൊടുക. ചെന്നൈ അടക്കം നാലു ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തമിഴ്നാട് സര്‍ക്കാര്‍ നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

തെലുങ്കാന, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് സംസ്ഥാന നിയമസഭകളിലേക്കു നടന്ന തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ ഇന്ന്. മിസോറാമിലെ വോട്ടെടുപ്പ് നാളത്തേക്കു മാറ്റിയിട്ടുണ്ട്.

സമരം ചെയ്ത കര്‍ഷക നേതാക്കളെ വേട്ടയാടുകയും അറസ്റ്റു ചെയ്യുകയും ചെയ്യുന്നതില്‍ പ്രതിഷേധിച്ച് ഡിസംബര്‍ 11 ന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച. കര്‍ഷക നേതാക്കള്‍ക്കെതിരെ എന്‍ഐഎ ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. കര്‍ഷക സമരകാലത്തെ കേസുകള്‍ പിന്‍വലിക്കുമെന്ന ഉറപ്പ് കേന്ദ്രസര്‍ക്കാര്‍ പാലിച്ചില്ലെന്നും നേതാക്കള്‍ ആരോപിച്ചു. ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് യുദ് വീര്‍ സിംഗിനെ ഡല്‍ഹി വിമാനത്താവളത്തില്‍ കസ്റ്റഡിയിലെടുത്തിരുന്നു.

ഉത്തര്‍പ്രദേശില്‍ റോഡുകള്‍ മിനുങ്ങുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദ്ദേശാനുസരണം ഈ വര്‍ഷം സംസ്ഥാനത്തെ 77,000 റോഡുകള്‍ കുഴിമുക്താക്കി. 83,000 ലധികം റോഡുകള്‍ കുഴിമുക്തമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതില്‍ ബഹുഭൂരിപക്ഷവും ലക്ഷ്യം നേടി.

ഐജിഎസ്ടിയില്‍ നിന്ന് കര്‍ണാടകയുടെ വിഹിതം 798 കോടി രൂപ കുറച്ചതില്‍ വിശദീകരണം തേടി മുഖ്യമന്ത്രി സിദ്ധരാമയ്യ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന് കത്തെഴുതി. വിഹിതം വെട്ടിക്കുറക്കുന്നത് സംസ്ഥാന ധനകാര്യത്തിന്റെ ട്രഷറി മാനേജ്മെന്റിനെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മഞ്ഞുവീഴ്ചമൂലം ജര്‍മ്മനിയിലെ മ്യൂണിക് വിമാനത്താവളം അടച്ചു. 320 വിമാന സര്‍വീസുകള്‍ റദ്ദാക്കി.

ഫിലിപ്പീന്‍സിലെ മിന്ദനാവോ ദ്വീപിനു സമീപം ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തി. ഫിലിപ്പീന്‍സിലും ജപ്പാനിലും സുനാമി മുന്നറിയിപ്പുണ്ട്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഹൈദരാബാദ് എഫ് സി യെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി മോഹന്‍ ബഗാന്‍. കളിച്ച അഞ്ച് മത്സരങ്ങളും വിജയിച്ച ബഗാന്‍ പോയന്റ് പട്ടികയില്‍ നിലവില്‍ മൂന്നാമതാണ്.

ഓസ്ട്രേലിയക്കെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ അഞ്ചാമത്തെ മത്സരം ഇന്ന് ബാംഗ്ളൂരില്‍ വൈകീട്ട് 7 മണിക്ക്. നാലാമത്തെ മത്സരത്തില്‍ വിജയിച്ച ഇന്ത്യ 3-1 ന് പരമ്പര സ്വന്തമാക്കിയിരുന്നു.

അണ്ടര്‍ 17 ഫുട്ബോള്‍ ലോകകിരീടം ജര്‍മനിക്ക്. ഫൈനലില്‍ ഫ്രാന്‍സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3 ന് കീഴടക്കിയാണ് ജര്‍മനി തങ്ങളുടെ ആദ്യ അണ്ടര്‍ 17 ലോകകിരീടം സ്വന്തമാക്കിയത്. നിശ്ചിത 90-മിനിറ്റില്‍ ഇരുടീമുകളും രണ്ട് ഗോള്‍വീതമടിച്ചതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടന്നത്.

രാജ്യത്ത് വിനിമയത്തില്‍ നിന്ന് പിന്‍വലിച്ച 2,000 രൂപ നോട്ടുകളില്‍ 97 ശതമാനവും തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. നവംബര്‍ 30 വരെയുള്ള കണക്കുകളാണ് റിസര്‍വ് ബാങ്ക് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇനി 3 ശതമാനം നോട്ടുകള്‍ മാത്രമാണ് പൊതുജനങ്ങളുടെ കയ്യില്‍ ഉള്ളത്. ഇവയുടെ മൂല്യം 9,760 കോടി രൂപയാണ്. അതേസമയം, പിന്‍വലിച്ച 2,000 രൂപ നോട്ടുകള്‍ക്ക് നിയമപരമായ മൂല്യം ഉണ്ടായിരിക്കുമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. ഈ വര്‍ഷം മെയ് മാസത്തിലാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 2,000 രൂപ നോട്ടുകള്‍ ഔദ്യോഗികമായി പിന്‍വലിച്ചത്. നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനം നടക്കുമ്പോള്‍ പ്രചാരത്തില്‍ ഉണ്ടായിരുന്ന 2,000 രൂപ നോട്ടുകളുടെ ആകെ മൂല്യം 3.56 ലക്ഷം കോടി രൂപയായിരുന്നു. ആദ്യ ഘട്ടത്തില്‍, 2023 സെപ്റ്റംബര്‍ 30 വരെയാണ് 2,000 രൂപ നോട്ടുകള്‍ നിക്ഷേപിക്കാനും, അല്ലെങ്കില്‍ മാറ്റാനും ബാങ്കുകള്‍ അവസരം നല്‍കിയത്. പിന്നീട്, അത് 2023 ഒക്ടോബര്‍ 7 വരെ നീട്ടുകയായിരുന്നു. 2016 നവംബറിലാണ് 2,000 മൂല്യമുള്ള നോട്ടുകള്‍ ആര്‍ബിഐ അവതരിപ്പിച്ചത്. അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന എല്ലാ 500, 1,000 രൂപ നോട്ടുകളും പിന്‍വലിച്ചതോടെ സമ്പദ്വ്യവസ്ഥയിലെ കറന്‍സി ആവശ്യകതകള്‍ നിറവേറ്റുന്നതിനായാണ് 2,000 രൂപയുടെ കറന്‍സി പുറത്തിറക്കിയത്. 2,000 രൂപ മൂല്യമുള്ള ബാങ്ക് നോട്ടുകളില്‍ 89 ശതമാനവും 2017 മാര്‍ച്ചിന് മുമ്പാണ് പുറത്തിറക്കിയത്.

രണ്‍ബിര്‍ കപൂറിന്റെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിംഗ് കളക്ഷനുമായി ‘അനിമല്‍’. വിക്കി കൗശലിന്റെ ‘സാം ബഹദുര്‍’ എന്ന ചിത്രത്തിനൊപ്പം ക്ലാഷ് റിലീസ് ആയി എത്തിയ അനിമല്‍ ഗംഭീര കളക്ഷന്‍ ആണ് ഇന്ത്യയില്‍ നിന്ന് മാത്രം നേടിയത്. പ്രാഥമിക കണക്കുകള്‍ പ്രകാരം ഇന്ത്യയൊട്ടാകെയുള്ള സ്‌ക്രീനുകളില്‍ നിന്നായി 61 കോടിയാണ് അനിമലിന്റെ ആദ്യദിന കളക്ഷന്‍. ഹിന്ദി പതിപ്പ് പ്രദര്‍ശിപ്പിച്ച സംസ്ഥാനങ്ങില്‍ നിന്ന് 50.50 കോടി കളക്ഷന്‍ നേടിയപ്പോള്‍ ചിത്രത്തിന്റെ തെലുങ്ക് പതിപ്പും 10 കോടി നേടി. ഇതോടെ രണ്‍ബിര്‍ കപൂറിന്റെ ഏറ്റവും വലിയ ഓപ്പണറായി അനിമല്‍ മാറി. ‘ബ്രഹ്‌മാസ്ത്ര ഒന്നാം ഭാഗം: ശിവ’ ആദ്യ ദിനം 36 കോടി നേടിയപ്പോള്‍ രണ്‍ബിറിന്റെ ‘സഞ്ജു’ 34.75 കോടി രൂപയാണ് നേടിയത്. എ സര്‍ട്ടിഫിക്കറ്റ് ആണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. രണ്‍ബിര്‍-രശ്മിക എന്നിവരുടെ ദൈര്‍ഘ്യമുള്ള ഇന്റിമേറ്റ് സീനിന്റെ സമയം കുറയ്ക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് അഞ്ച് പ്രധാന മാറ്റങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു. 3 മണിക്കൂര്‍ 21 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. വിജയ്, സോയ എന്നാണ് രണ്‍ബിറിന്റെയും രശ്മികയുടെയും കഥാപാത്രങ്ങളുടെ പേര്. ഇരുവരുടെയും ചുംബന രംഗങ്ങള്‍ നേരത്തെ ഹുവാ മെയ്ന്‍ എന്ന ഗാനം പുറത്തിറങ്ങിയപ്പോള്‍ ചര്‍ച്ചയായിരുന്നു. അര്‍ജുന്‍ റെഡ്ഡി’ എന്ന ചിത്രത്തിന് ശേഷം സന്ദീപ് റെഡ്ഡി വംഗയുടേതായി എത്തുന്ന ചിത്രമാണ് അനിമല്‍.

തീര്‍ത്തും വ്യത്യസ്തമായ ചിത്രം എന്ന നിലയില്‍ തീയറ്ററിലേക്ക് പ്രേക്ഷകരെ ആകര്‍ഷിക്കുകയാണ് മമ്മൂട്ടി നായകനായ കാതല്‍. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രം മമ്മൂട്ടി ജ്യോതിക എന്നിവരുടെ അഭിനയ മുഹൂര്‍ത്തങ്ങള്‍ക്കൊപ്പം കഥയുടെ കാതല്‍ കൊണ്ടും ഇപ്പോഴും കേരളത്തില്‍ 150 ഓളം സ്‌ക്രീനുകളില്‍ പ്രദര്‍ശനം തുടരുന്നുണ്ട്. ഇപ്പോള്‍ ചിത്രം റിലീസ് ചെയ്ത് എട്ടുദിവസം പിന്നിടുമ്പോള്‍ ചിത്രത്തിന്റെ കളക്ഷന്‍ വിവരങ്ങളാണ് പുറത്തുവരുന്നത്. മോളിവുഡ് ബോക്സോഫീസ് ട്വിറ്റര്‍ ഹാന്റിലില്‍ വന്ന കണക്കുകള്‍ പ്രകാരം ആഗോള തലത്തില്‍ ചിത്രം 10 കോടി കളക്ഷന്‍ കടന്നിരിക്കുകയാണ്. കേരളത്തില്‍ നിന്നും ചിത്രം 7.55 കോടിയാണ് നേടിയിരിക്കുന്നത്. കേരളം ഒഴികെ ആഭ്യന്തര ബോക്സോഫീസില്‍ നിന്നും കളക്ഷന്‍ 1.85 കോടിയാണ്. ഇതോടെ ഇന്ത്യയില്‍ നിന്നും മൊത്തം കളക്ഷന്‍ 9.4 കോടിയായി. യുകെയില്‍ നിന്നും ചിത്രം ഇതുവരെ നേടിയത് 50.55 ലക്ഷമാണ്. ബാക്കി യൂറോപ്പില്‍ 15 ലക്ഷവും നേടി. കാതലിന് ഗള്‍ഫ് രാജ്യങ്ങളില്‍ പ്രദര്‍ശന അനുമതി ഇല്ലായിരുന്നു. ഒപ്പം ചിത്രം കാനഡയില്‍ റിലീസ് ചെയ്തിട്ടുണ്ട്. എന്നാല്‍ കണക്കുകള്‍ ലഭ്യമല്ല. അതായത് എല്ലാം ചേര്‍ത്ത് എട്ട് ദിവസത്തില്‍ ചിത്രം 10.1 കോടി രൂപയാണ് ബോക്സോഫീസില്‍ നിന്നും നേടിയത്. അതായത് അഞ്ച് കോടിക്ക് താഴെയാണ് കാതലിന്റെ ബജറ്റ് അതിനാല്‍ തന്നെ ചിത്രം വന്‍ ഹിറ്റ് എന്ന ഗണത്തിലേക്കാണ് ഈ കണക്കുകളിലൂടെ തന്നെ തെളിയുന്നത്.

ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ നവംബര്‍ മാസത്തെ വില്‍പ്പന ഫലങ്ങള്‍ പ്രഖ്യാപിച്ചു. കമ്പനി ഈ മാസം മൊത്തം 87,096 യൂണിറ്റുകള്‍ വിറ്റു. ഇത് വര്‍ഷാവര്‍ഷം 9.7 ശതമാനം വളര്‍ച്ച നേടി. കമ്പനി ആഭ്യന്തര വിപണിയില്‍ 73,135 യൂണിറ്റുകള്‍ വിറ്റു, 2023 നവംബറില്‍ 13,961 യൂണിറ്റുകള്‍ അന്താരാഷ്ട്ര വിപണിയിലേക്ക് കയറ്റുമതി ചെയ്തു. ഒക്ടോബറില്‍ 1,00,507 യൂണിറ്റ് വില്‍പ്പന രേഖപ്പെടുത്തി. എക്കാലത്തെയും ഉയര്‍ന്ന ആഭ്യന്തര വില്‍പ്പനയായ 84,302 യൂണിറ്റുകള്‍ക്കും ആഗോളതലത്തില്‍ 16,205 യൂണിറ്റുകള്‍ കയറ്റുമതി ചെയ്യുന്നതിനും ഇത് സാക്ഷ്യം വഹിച്ചു. കമ്പനി നിലവില്‍ മോട്ടോര്‍സൈക്കിളുകളും സ്‌കൂട്ടറുകളും ഏതാനും വലിയ ബൈക്കുകളും ഇന്ത്യയില്‍ വില്‍ക്കുന്നുണ്ട്. സ്‌കൂട്ടര്‍ പോര്‍ട്ട്ഫോളിയോയില്‍ അവെനിസ് , ആക്സസ് 125, ബര്‍ഗ്മാന്‍ സ്ട്രീറ്റ്, ബര്‍ഗ്മാന്‍ സ്ട്രീറ്റ് ഇഎക്സ് എന്നിവ ഉള്‍പ്പെടുന്നു.

ഓര്‍മ്മ, ചരിത്രം, യാത്ര, കാവ്യപാരമ്പര്യം, വര്‍ത്തമാനകാലലോകം, കുടുംബബന്ധങ്ങള്‍, പ്രകൃതിപ്രതിഭാസങ്ങള്‍, രാഷ്ട്രീയ-സാമൂഹിക സംഭവങ്ങള്‍, പുരാണേതിഹാസകഥകള്‍ ഇങ്ങനെ നിരവധി വിഷയങ്ങളെ സ്പര്‍ശിക്കുന്ന കാവ്യലോകം. മാനവസംസ്‌കാരം നശ്വരമാണെന്നത് വായനക്കാരെ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്ന കവിതകള്‍. ‘ആള്‍മരം’. സി.വി ഉണ്ണി. മാതൃഭൂമി ബുക്സ്. വില 300 രൂപ.

ഉയര്‍ന്ന രീതിയിലെ കൊളസ്‌ട്രോള്‍ ഡയറ്റ് ലിവര്‍ ക്യാന്‍സറിലേയ്ക്കു കാരണമാകുന്നതായി പഠനങ്ങള്‍ പറയുന്നു. ലിവറിനെ ബാധിയ്ക്കുന്ന ഫാറ്റി ലിവറാണ് ഇത്തരം ക്യാന്‍സറിലേയ്ക്കു നയിക്കുന്ന ഒന്ന്. ക്യാന്‍സര്‍ കോശങ്ങളില്‍ സാധാരണ കോശങ്ങളിനേക്കാള്‍ കൂടുതല്‍ കൊളസ്‌ട്രോള്‍ അടങ്ങിയിട്ടുണ്ട്. ക്യാന്‍സറിന് കൊളസ്‌ട്രോള്‍ കാരണമാകുന്നുവെന്നു പറയുന്നതിന്റെ കാരണം ഒന്ന് ഇതു തന്നെയാണ്. അമിത മദ്യപാനം ഈ പ്രശ്‌നത്തിനുള്ള ഒരു കാരണമാണ്. എന്നാല്‍ മദ്യം മാത്രമല്ല, കൊഴുപ്പേറിയ ഭക്ഷണവും കാരണമാണ്. മദ്യം കൊണ്ടല്ലാതെ വരുന്ന ഫാറ്റി ലിവര്‍ ലിവര്‍ ക്യാന്‍സറിലേയ്ക്കു മറാനുള്ള സാധ്യത ഏറെയാണന്നു പഠനങ്ങള്‍ പറയുന്നു. നോണ്‍ആല്‍ക്കഹോളിക് സ്റ്റേറ്റോഹെപ്പറ്റൈറ്റിസാണ് കരള്‍ ക്യാന്‍സറിലേയ്ക്കു നയിക്കുന്നത്. ഇത്തരം ഫാറ്റി ലിവര്‍ പൂര്‍ണമായും ചികിത്സിച്ചു മാറ്റാന്‍ സാധിയ്ക്കില്ല. ഇതാണ് നിയന്ത്രിയ്ക്കാതെയിരുന്നാല്‍ സാവാധാനം കരള്‍ ക്യാന്‍സറിനു കാരണമാകുന്നത്. കൊളസ്‌ട്രോള്‍ അധികമുള്ള ഡയറ്റ് അഥവാ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ ലിവറില്‍ കൊഴുപ്പടിഞ്ഞു കൂടാന്‍ കാരണമാകും. ഇത് ലിവര്‍ പ്രവര്‍ത്തനങ്ങളെ ബാധിയ്ക്കും. കൊളസ്‌ട്രോളും കൊഴുപ്പും നീക്കാന്‍ ലിവറിന് സാധിയ്ക്കില്ല. ഇത് ശരീരത്തെ ബാധിയ്ക്കുന്നു. രക്തത്തിലെ കൊളസ്‌ട്രോള്‍ സാധാരണ ഗതിയില്‍ ഹൃദയത്തെ ബാധിയ്ക്കും. ഇത് രക്തധമനികളില്‍ അടിഞ്ഞു കൂടി രക്തപ്രവാഹം ശരിയായി നടക്കുന്നതു തടയും. ഇതു വഴി ഹൃദയാഘാത, സ്‌ട്രോക്ക് സാധ്യതകള്‍ കൂടുതലുമാണ്. കൊളസ്‌ട്രോള്‍ കൂടുതലുള്ള ഡയറ്റ് ക്യാന്‍സറിന്, പ്രത്യേകിച്ചും ലിവര്‍ ക്യാന്‍സറിന് കാരണമാകുന്നതായാണ് പഠനങ്ങള്‍ പറയുന്നത്. ലിവര്‍ ക്യാന്‍സറിനു മാത്രമല്ല, കോളന്‍ ക്യാന്‍സറിനും ഇതു കാരണമാകുന്നു. അതേ സമയം കൊളസ്‌ട്രോള്‍ ഉണ്ടെങ്കിലും ക്യാന്‍സര്‍ തടയാന്‍ ശേഷിയുളള ചില പ്രത്യേക ഭക്ഷണങ്ങളുണ്ട്. ചെമ്മീന്‍, മുട്ട, സീ ഫുഡുകള്‍, കൊഴുപ്പ് കുറഞ്ഞ പാല്‍ ഉല്‍പന്നങ്ങള്‍, തൊലിയും കൊഴുപ്പും നീക്കിയ മിതമായ അളവിലെ ചുവന്ന ഇറച്ചി എന്നിവയെല്ലാം ഇതില്‍ പെടുന്നു.

*ശുഭദിനം*

*കവിത കണ്ണന്‍*

ആ മരം വെട്ടുകാരന്‍ തന്റെ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. എന്നും കഷ്ടപ്പാട്. എത്ര അധ്വാനിച്ചിട്ടും നിത്യവൃത്തിക്കുളള വക കണ്ടെത്താനാകുന്നില്ല. ഒരു ദിവസം മരം വെട്ടി തിരിച്ചുവരുമ്പോള്‍ സങ്കടത്താല്‍ അയാള്‍ യമദേവനെ പ്രാര്‍ത്ഥിച്ചു. നിത്യവും എത്രപേരാണ് മരിക്കുന്നത്. എന്നെമാത്രം എന്താണ് മരണത്തിന് പോലും വേണ്ടാത്തത്. യമദൂതന്‍ വിളികേട്ട് പ്രത്യക്ഷപ്പെട്ട് ചോദിച്ചു: നിനക്കെന്താണ് വേണ്ടത്? യമദൂതനെകണ്ട് ഭയന്ന അയാള്‍ പറഞ്ഞു: ഞാന്‍ ക്ഷീണം മൂലം ഈ വിറകുകെട്ട് താഴെവെച്ചു. അതൊന്നു എടുക്കാനായി സഹായത്തിനായി വിളിച്ചതാണ്. പെട്ടെന്നുതന്നെ സ്വയം വിറകുകെട്ടെടുത്ത് തലയില്‍ വെച്ച് അയാള്‍ രംഗം കാലിയാക്കി. സ്വയം മരണം വരിച്ചവരോട് അവരുടെ ജീവന്‍ വേര്‍പെടുന്നതിന് തൊട്ട് മുമ്പ് എന്താണ് ആഗ്രഹമെന്ന് ചോദിച്ചാല്‍ ഇനിയും ജീവിക്കണമെന്നതുതന്നെയായിരിക്കും അവരുടെ മറുപടി. ഒരു ദുര്‍ബലനിമിഷത്തിലെടുത്ത തെറ്റായ തീരുമാനങ്ങളാണ് അവരുടെ ഈ അവസ്ഥയ്ക്ക് കാരണം. ജീവിതത്തില്‍ നിരാശയ്ക്ക് രണ്ട് കാരണങ്ങളാണ് ഉള്ളത്. ഒന്ന്. അവര്‍ സ്വന്തം അനുഗ്രങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല എന്നതുതന്നെ. രണ്ട്. തന്നേക്കാള്‍ ദുരിതങ്ങളിലൂടെ നടന്നിട്ടും പിടിച്ചുനില്‍ക്കുന്നവരെ അവര്‍ കണ്ടിട്ടില്ല. പ്രശ്‌നങ്ങളും പോരായ്മകളും എണ്ണിത്തുടങ്ങിയാല്‍ അവസാനമുണ്ടാകില്ല. ആശയറ്റുപോകുന്നിടത്താണ് തിരിച്ചുവരവ് അസാധ്യമാകുന്നത്. ജീവിതം ആസ്വദിക്കാന്‍ ഓരോ നിമിഷത്തിലും അതിന്റെ സന്തോഷം കണ്ടെത്തണം. ഒരു ജീവിതവും ഒരു പോലെയല്ലെന്നും എല്ലാജീവിതങ്ങള്‍ക്കും അതിന്റെതായ താളമുണ്ടെന്നും തിരിച്ചറിയണം. ഒരേ വീട്ടില്‍ താമസിക്കുന്നവര്‍ക്കും, ഒരേ ഓഫീസില്‍ ജോലി ചെയ്യുന്നവര്‍ക്കും എന്തിന് ഒരേ വഴിയിലൂടെ നടക്കുന്നവര്‍ക്കും ഒരേ ജീവിതമല്ലെന്ന തിരിച്ചറിവില്‍ അവനവനന്റെ ജീവിതം കൂടുതല്‍ ആനന്ദപ്രദമാക്കാന്‍ നമുക്ക് സാധിക്കട്ടെ – ശുഭദിനം.

*മിഷോങ് ചുഴലിക്കാറ്റുമൂലം റദ്ദാക്കിയ വിവിധ ട്രെയിന്‍ സര്‍വീസുകള്‍:*

നരസാപൂര്‍-കോട്ടയം (07119, ഞായര്‍), കോട്ടയം-നരസാപൂര്‍ (07120, തിങ്കള്‍).

സെക്കന്തരാബാദ്-കൊല്ലം (07129, ബുധന്‍), കൊല്ലം-സെക്കന്തരാബാദ് (07130, ഞായര്‍). ഗോരഖ്പൂര്‍-കൊച്ചുവേളി (12511, ചൊവ്വ), കൊച്ചുവേളി-ഗോരഖ്പൂര്‍ (12512, ബുധന്‍).

തിരുവനന്തപുരം-ന്യൂഡല്‍ഹി (12625, ഞായര്‍), തിരുവനന്തപുരം-ന്യൂഡല്‍ഹി (12625, തിങ്കള്‍). ന്യൂഡല്‍ഹി-തിരുവനന്തപുരം (12626, ചൊവ്വ), ന്യൂഡല്‍ഹി തിരുവനന്തപുരം (12626, ബുധന്‍). നാഗര്‍കോവില്‍-ഷാലിമാര്‍ (12659, ഞായര്‍), ഷാലിമാര്‍-നാഗര്‍കോവില്‍(12660, ബുധന്‍).

ധന്‍ബാദ്-ആലപ്പുഴ (13351, ഞായര്‍), ധന്‍ബാദ് -ആലപ്പുഴ (13351, തിങ്കള്‍).

ആലപ്പുഴ-ധന്‍ബാദ് (13352, ബുധന്‍), ആലപ്പുഴ–ധന്‍ബാദ് (13352, വ്യാഴം)

സെക്കന്തരാബാദ്-തിരുവനന്തപുരം (17230, ഞായര്‍), സെക്കന്തരാബാദ്-തിരുവനന്തപുരം (17230, തിങ്കള്‍).

സെക്കന്തരാബാദ് -തിരുവനന്തപുരം (17230, ചൊവ്വ), തിരുവനന്തപുരം-സെക്കന്തരാബാദ് (17229, ചൊവ്വ).

തിരുവനന്തപുരം-സെക്കന്തരാബാദ് (17229, ബുധന്‍), തിരുവനന്തപുരം-സെക്കന്തരാബാദ് ( 17229, വ്യാഴം).

ടാറ്റ- എറണാകുളം (18189, ഞായര്‍), എറണാകുളം-ടാറ്റ (18190, ചൊവ്വ).

കന്യാകുമാരി-ദിബ്രുഗഡ് (22503, ബുധന്‍), കന്യാകുമാരി-ദിബ്രുഗഡ് (22503, വ്യാഴം). എറണാകുളം-പട്ന (22643, തിങ്കള്‍), പട്ന-എറണാകുളം (22644, വ്യാഴം). കൊച്ചുവേളി-കോര്‍ബ (22648, തിങ്കള്‍), കോര്‍ബ-കൊച്ചുവേളി (22647, ബുധന്‍). പട്ന-എറണാകുളം (22670, ചൊവ്വ)

ബിലാസ്പൂര്‍-എറണാകുളം (22815, തിങ്കള്‍), എറണാകുളം-ബിലാസ്പൂര്‍ (22816, ബുധന്‍). ഹാതിയ- എറണാകുളം (22837, തിങ്കള്‍), എറണാകുളം-ഹാതിയ (22838, ബുധന്‍).

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *